Monday, September 7, 2020

അക്ഷരജാലകം/വിധ്വംസകമായ ചില സമീപനങ്ങൾ /metrovartha june1

 എം.കെ.ഹരികുമാർ

9995312097
Email :mkharikumar797@gmail.com



നമ്മുടെ കലാശാലകളിൽ ഉത്തരാധുനികതയും അതിൻ്റെ ചർച്ചകളും പഠിപ്പിക്കുന്നുണ്ട്. ശാസ്ത്രത്തിൻ്റെയും വ്യവസായത്തിൻ്റെയും കലയുടെയും  അവബോധാത്മകമായ ഉയിർത്തെഴുന്നേല്പായിരുന്നല്ലോ ആധുനികത .അതിനെ നിരാകരിച്ചു കൊണ്ടാണ് രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഉത്തരാധുനികത ഉദയം ചെയ്തത്.അതാണ് ഇപ്പോൾ കലാശാലകളിൽ തകൃതിയായി കൊണ്ടാടുന്നത്. എന്നാൽ ഈ ഉത്തരാധുനികത മരിച്ചുവെന്നും അതിനുശേഷം പുതിയൊരു യുഗം തന്നെ ഉണ്ടായി എന്നും ഇക്കൂട്ടർ അറിയുന്നില്ല.മലയാളം  സർവ്വകലാശാലയൊക്കെ കഴിഞ്ഞ നൂറ്റാണ്ടിലാണിപ്പോഴും .

സാഹിത്യമെന്നാൽ സംസ്കാരപഠനമാണെന്ന ഉറച്ച ധാരണയിൽ പല അദ്ധ്യാപകരും ഇപ്പോൾ ഗവേഷണലേഖനങ്ങളിൽ ഏർപ്പെടുകയാണ്.ഇവരുടെ വിശ്വാസം, സംസ്കാരം രാഷ്ടീയത്തിൻ്റെ ഭാഗമാണെന്നാണ്. എന്നാൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ സംസ്കാരം  ഉപഭോഗവസ്തുവാണ് ,പ്രകൃതി വിഭവമാണ്.ഒരു ഉദാഹരണം പറയാം. കോവിഡിനെ ചെറുക്കാൻ നാം ഉപയോഗിക്കുന്ന മാസ്ക് ഇന്ന് ഒരു സംസ്കാരമാണ്. അവിടെ ദേശമോ ,വർഗമോ ,മതമോ ,പദവിയോ പ്രസക്തമല്ല.

ഇതൊന്നും മനസിലാക്കാതെ ഈ കലാശാലാ ഉത്തരാധുനികർ സംസ്കാരപഠനം എന്ന ഒറ്റമൂലിയിൽ വട്ടം കറങ്ങുകയാണ്.സാഹിത്യാനുഭൂതി സ്വാംശീകരിക്കാനറിയാത്തവരൊക്കെ സാഹിത്യത്തെക്കുറിച്ച് എഴുതുകയാണ്. ഇത്തരക്കാർ 'കരുണ'യെക്കുറിച്ച് എഴുതുകയാണെന്നങ്കിൽ ബുദ്ധകാലത്തെ സംസ്കാരത്തെക്കുറിച്ചുള്ള ദീർഘ ലേഖനം തന്നെ പ്രതീക്ഷിക്കാം. സാഹിത്യത്തെ അനുഭൂതിയായി ഉൾക്കൊളളാൻ അവർ  അശക്തരാണെന്ന് ഓരോ വരിയും വിളിച്ചുപറയുന്നുണ്ടാകും.

ഉത്തരാധുനികതയിൽ ഒരു അന്തിമ ഉല്പന്നമില്ലെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.കാരണം അത് അന്തിമ വിധിയല്ല; വീക്ഷണങ്ങളിൽ നിന്ന് വീക്ഷണങ്ങളിലേക്ക് സഞ്ചരിക്കുകയാണ്. ഓരോ കാണലും വിലയിരുത്തലുമാണ് സംഭവിക്കുന്നത്.ശാസ്ത്രമോ ,യുക്തിയോ അല്ല ,സാധ്യതയും നിർമ്മിതിയും മാത്രമാണുള്ളത്. ഒരു വിജ്ഞാനശാഖയെയും അവർ വിശ്വസിക്കുന്നില്ല.  "ഒറിജിനലായിട്ട് ഒന്നുമില്ല .ഭാവനയ്ക്ക് വേണ്ടി എവിടെ നിന്നും എന്തും മോഷ്ടിക്കാം .പഴയതോ പുതിയതോ ആയ സിനിമകളോ ,പുസ്തകങ്ങളോ  എന്തു വേണമെങ്കിലുമാകാം .ആധികാരികതയ്ക്ക് പ്രസക്തിയില്ല - പ്രമുഖ അമെരിക്കൻ ഉത്തരാധുനിക സംവിധായകനും നടനുമായ ജയിംസ് റോബർട് ജർമുഷ് പറഞ്ഞതാണിത്.ഇതിൽ ചില നല്ല വശങ്ങളുണ്ട്.അചുംബിത ആശയങ്ങൾ ,ഒരു സൃഷ്ടി നടത്താൻ വേണമെന്നില്ല .ഉപയോഗിച്ച് നശിപ്പിക്കപ്പെട്ടതോ ,ഉപയോഗശൂന്യമായി വലിച്ചെറിഞ്ഞതോ മറ്റൊരാൾക്ക് വേറൊരു രീതിയിൽ ഉപയോഗപ്പെടുത്താവുന്നതാണ്. പക്ഷേ, വൃഥാനിർമ്മിതിയാകരുത്. ഒരു ചിന്തയുണ്ടാകണം. അനുഭൂതി വേണം. തീർത്തും അരസികന്മാരായിട്ടുള്ളവർ കവിത എഴുതാൻ തുനിയുന്നത് ഉത്തരാധുനികതയെ തെറ്റായി മനസ്സിലാക്കിയതുകൊണ്ടാണ്. സാഹിത്യരചനയിൽ അസ്തിത്വത്തിൻ്റെ ഒരു കണമെങ്കിലും അനാവരണം ചെയ്യുന്നില്ലെങ്കിൽ അത് വായിക്കാൻ ആരെയെങ്കിലും കിട്ടുമോ എന്ന് ഈ കലാശാലാ ഗവേഷകർ ആലോചിച്ചിട്ടുണ്ടോ ?

സംസ്കാരം ഉപഭോഗവസ്തു

എന്നാൽ ഇന്ന് കോളജുകളിലെ അദ്ധ്യാപകർ ഉൾക്കൊണ്ടിരിക്കുന്ന ഉത്തരാധുനികത ഇതല്ല. അവർ സംസ്കാരചരിത്രത്തെക്കുറിച്ചാണ് വാചാലരാവുന്നത്. ഏത് വിഷയം കിട്ടിയാലും ഉടനെ പിടിവള്ളി പോലെ സംസ്കാരവും ചരിത്രവും ചർച്ച ചെയ്യുകയാണ്. ഇതാണ് ഇന്നത്തെ ജീർണത .

ഒരു ഫാഷൻ പോലെ ഇപ്പോൾ ചില മലയാള അദ്ധ്യാപകർ  കേരള ചരിത്രത്തിലേക്ക് ചാടിവീണിരിക്കുകയാണ്. പാശ്ചാത്യ അധിനിവേശത്തിനെതിരെ പോരാടിയാണ് കേരളത്തിൽ നവോത്ഥാനമുണ്ടായതെന്ന തെറ്റായ  ചിന്താഗതിയാണ് ഇവിടെ അടിച്ചേല്പിക്കുന്നത്. പശുവിറച്ചി തിന്ന് സോമരസം കുടിച്ചിരിക്കുമ്പോഴാണ് പുരാതന  മഹർഷിമാർ വേദമന്ത്രങ്ങളെഴുതിയതെന്ന് പറയുന്നിടത്താണ് കേരളീയ രാഷ്ട്രീയ കർത്തൃത്വം നിർമ്മിക്കപ്പെട്ടതെന്ന് ഡോ.മിനി എസ് തൻ്റെ 'ഭക്ഷണം വസ്ത്രം ആചാരം - നവോത്ഥാന ആത്മകഥകളിലെ കേരള ചരിത്രം ' എന്ന പുസ്തകത്തിൻ്റെ പ്രമോഷൻ്റെ ഭാഗമായുണ്ടാക്കിയ ഓഡിയോയിൽ പറയുന്നത് കേട്ടു. ഇതുപോലൊരു അസംബന്ധം എങ്ങനെ പറയാൻ കഴിയുന്നു! .  ഉത്തരാധുനികതയുടെ പഠന രീതികൾ ഉപയോഗിച്ച് നടത്തുന്ന ഈ അടവ് ഇത്തരക്കാരെ സുരക്ഷിതമായൊരിടത്ത് പ്രതിഷ്ഠിക്കുന്നു.ഇവർക്ക് ബഹുസ്വരതയുമില്ല ,ഉത്തരാധുനികതയുമില്ല.

വേദമന്ത്രങ്ങളെ ആക്ഷേപിക്കുന്നതിലൂടെ ,ഇന്നത്തെ സവിശേഷ രാഷ്ടീയ സാഹചര്യത്തിൽ ഹിന്ദു വിരുദ്ധതയുടെ വക്താക്കളാകാം. അങ്ങനെ വിധംസകമായ ഒരു കപട മതേതരത്വം സ്വന്തമാക്കാം. അതിലൂടെ ഒരാൾക്ക് വൈസ് ചാൻസലർ പദവി ലഭിക്കാവുന്നതാണ്. ഏതാനും മാസങ്ങൾക്ക്മുൻപ് ഒരു അദ്ധ്യാപക എഴുത്തുകാരൻ ശ്രീനാരായണ ഗുരുവിനു ഹിന്ദുവുവായി ഒരു ബന്ധവുമില്ലെന്ന് തട്ടിവിട്ടത് ഇതിൻ്റെ ഭാഗമായി കാണണം.സംസ്ഥാനത്തെ ഉത്തരാധുനിക ആശയദരിദ്രർ ചെന്നുപെട്ടിരിക്കുന്ന ദുരന്തമേഖലയാണിത്. ശിവശതകം ,ഭദ്രകാ ള്യഷ്ടകം ,സുബ്രഹ്മണ്യകർത്തനം തുടങ്ങിയ പ്രാർത്ഥനാ ഗീതങ്ങളെഴുതുകയും ധാരാളം ഹിന്ദു ദേവതമാരെ ക്ഷേത്രങ്ങളുണ്ടാക്കി പ്രതിഷ്ഠിക്കുകയും ചെയ്ത ഗുരുവിനെ ഹിന്ദുവല്ലാതാക്കുന്നത് വ്യക്തമായ രാഷ്ട്രീയ ,വ്യക്തിഗത ലക്ഷ്യങ്ങളോടെയാണ്.ഗുരു ഒരു വിശാല ലോകവീക്ഷണമാണ് പരിചയപ്പെടുത്തിയത്. അവിടെ മതദ്വേഷമില്ല. ഏകമതശാസനയുമില്ല. മതം ഇല്ലാതാകണമെന്നല്ല, മനുഷ്യൻ നന്നാവണമെന്നാണ് ആഹ്വാനം. ഡോ. മിനിയെപ്പോലുള്ള ചില ഉത്തരാധുനിക അദ്ധ്യാപകർ കേരളത്തിലെ രാഷ്ട്രീയ കാലാവസ്ഥയിൽ നിന്ന് മീൻ പിടിക്കാനാണ് വേദമന്ത്രങ്ങളെ ആക്ഷേപിച്ചതിനെ രാഷ്ടീയ കർത്തൃത്വമാക്കി ഉയർത്തിക്കൊണ്ടു വരുന്നത്. നിങ്ങൾ ആക്ഷേപിക്കുന്ന ഈ വേദസാഹിത്യത്തെ പാശ്ചാത്യ രായ എമേഴ്സൺ ,തോറോ, ടി.എസ്.എലിയറ്റ് ,മാക്സ് മുളളർ ,ഹെർമ്മൻ ഹെസ്സെ തുടങ്ങിയ എഴുത്തുകാർ പ്രശംസിച്ചിട്ടുള്ളതാണ്.
കേരളത്തിൽ ഹൈന്ദവ തത്ത്വചിന്തയെ അനാവശ്യമായി എതിർക്കുന്ന അദ്ധ്യാപകർക്ക് വേണ്ടത് ഒരു പുരോഗമന്ന പ്രതിഛായയാണ്; അതിലൂടെ വ്യക്തമായ കരിയർ മോഹങ്ങളും .ശ്രീനാരായണഗുരു വേദസഹിത്യത്തിൻ്റെ തുടർച്ചയായാണ് ദർശനമാല ,ആത് മോപദേശശതകം തുടങ്ങിയ കൃതികൾ രചിച്ചത് എന്ന് ഓർക്കുന്നത് നന്നായിരിക്കും.

അമിതമായ ദളിത് ,പിന്നോക്ക പക്ഷം കാണിക്കുകയും അതേസമയം ഹൈന്ദവദർശനങ്ങളെ കളിയാക്കുകയും ചെയ്യുന്നവർക്ക് ഗൂഢ ഉദ്ദേശ്യമുണ്ട്.ഗുരുവിൻ്റെ സമീപനം അതായിരുന്നില്ല. ഗുരു ചിന്തകളെ സമന്വയിപ്പിക്കുകയാണ് ചെയ്തത്. അരുവിപ്പുറത്ത് പോലും അഹിന്ദുവായ ദൈവത്തെ തേടുന്നതിനു പകരം ശിവനെയാണല്ലോ പ്രതിഷ്ഠിച്ചത്.

എന്നാൽ ഈ നൂറ്റാണ്ട് ഉത്തരാധുനികതയെ തള്ളിക്കളയുകയാണ് ചെയ്തത്. ഇത് ഡിജിറ്റൽ യാഥാർത്ഥ്യങ്ങളെയാണ് തേടുന്നത്.

വാക്കുകൾ .

1) പുരുഷന്മാരുടെ ലോകത്തെ ഏറ്റവും വലിയ സമ്മാനം അതിസുന്ദരിയായ ഒരു സ്ത്രീയെ വിശ്വസ്തതയോടെ  കൈകളിൽ ലഭിക്കുകയും അവളുടെ ഹൃദയത്തിൽ വിശ്വസ്തതയോടെ വസിക്കുകയും ചെയ്യുന്നതാണ്.
നോർമൻ മെയ്ലർ ,
അമെരിക്കൻ  നോവലിസ്റ്റ്.

2) നിങ്ങൾ താഴേക്ക് നോക്കിയിരുന്നാൽ ,ഒരിക്കലും മഴവില്ല്  കാണാനൊക്കില്ല .
ചാർളി ചാപ്ളിൻ ,
ഇംഗ്ളീഷ് ചലച്ചിത്രകാരൻ.

3) ജർമ്മനിയിൽ മാത്രമേ നാസി കാലം സംഭവിക്കുകയുള്ളു; എന്തും അനുസരിക്കാൻ പഠിപ്പിക്കുന്ന ജർമ്മൻ നിയമവ്യവസ്ഥയായിരുന്നു കാരണം.
ഹൈൻറിച്ച് ബേൾ ,
ജർമ്മൻ സാഹിത്യകാരൻ .

4) ഞാനൊരു വസ്തുവിനെയും പെയിൻ്റ് ചെയ്യാറില്ല; വസ്തുക്കൾ തമ്മിലുള്ള വ്യത്യാസമാണ് ഞാൻ വരയ്ക്കുന്നത്.
ഹെൻറി മാറ്റിസ്,
ഫ്രഞ്ച് ചിത്രകാരൻ .

5) പെണ്ണും കഥയും നിലനില്ക്കും,ഞാൻ മനസിലാക്കിയിടത്തോളം ,പരിഹരിക്കാനാവാത്ത പ്രശ്നങ്ങളായിത്തന്നെ.
വിർജീനിയ വുൾഫ് ,
ഇംഗ്ളീഷ് എഴുത്തുകാരി .

കാലമുദ്രകൾ

1 ) ജി.ശങ്കരപ്പിള്ള

ജി.ശങ്കരപ്പിള്ള യുവജനങ്ങൾക്കിടയിൽ പരീക്ഷിച്ച് വിജയിപ്പിച്ച നവനാടകപ്രസ്ഥാനം ഇപ്പോൾ നാമാവശേഷമായിരിക്കുന്നു.

2) ജയനാരായണൻ

സ്വപ്നദർശിയും മിസ്റ്റിക്കുമായ ഒരു ഭാവനയെ കഥയിൽ സമുന്നതമായി സന്നിവേശിപ്പിച്ച ജയനാരായണൻ്റെ കഥകൾ ഇനി പുസ്തകരൂപത്തിൽ കിട്ടുമെന്ന് തോന്നുന്നില്ല.

3)ആർ.നരേന്ദ്രപ്രസാദ്

കടമ്മനിട്ട രാമകൃഷ്ണൻ്റെ കവിതകൾക്ക് ആർ.നരേന്ദ്രപ്രസാദ് എഴുതിയ അവതാരിക ഉജ്വലമായ ഒരു  സാഹിത്യവിമർശന മുഹൂർത്തമായിരുന്നു.

4) എം.ഗോവിന്ദൻ

ബഷീറിൻ്റെ പുന്നാരമൂഷികൻ എന്ന പേരിൽ എം .ഗോവിന്ദൻ പതിറ്റാണ്ടുകൾക്ക് മുൻപ് എഴുതിയ കഥയിൽ ബഷീറും അദ്ദേഹത്തിൻ്റെ വീടുമാണ് പ്രിയപ്പെട്ടവിഷയങ്ങൾ .

5) എം.കൃഷ്ണൻ നായർ

സാഹിത്യവിഗ്രഹങ്ങളെ രൂക്ഷമായി വിമർശിച്ച എം.കൃഷ്ണൻ നായർ വിട പറഞ്ഞ് വർഷങ്ങൾ കഴിഞ്ഞപ്പോൾ ,അദ്ദേഹത്തിനു വായനക്കാരും ആരാധകരും ഏറുകയാണ്. അദ്ദേഹം എഴുതിയ കോളം ,സമീപകാലത്ത് സമ്പൂർണമായി ഡിജിറ്റൽ രൂപത്തിലാക്കിയത് കുറെ ചെറുപ്പക്കാരായിരുന്നു.

ദർശനം

1)മരണം.

ചിലർ ജീവിച്ചിരിക്കുമ്പോൾ മരിച്ചവരെ ഓർമ്മിപ്പിക്കുന്നു ;വേറെ ചിലർ മരിച്ചശേഷം ജീവിക്കുന്നു .

2)ലോകം.

ഒരെഴുത്തുകാരൻ്റെ മരണാനന്തര ജീവിതം വളരെ ഗഹനവും വിലപിടിപ്പുള്ളതുമാണ്. അവിടേക്ക് അധികാരകേന്ദ്രങ്ങൾക്ക് അതിക്രമിച്ചുകടക്കാനാവില്ല.

3) ആദർശം.

ചില എഴുത്തുകാർ ആദർശം പ്രസംഗിക്കുന്നത് കേട്ടാൽ പിന്നെ നളനോ ,ഹരിശ്ചന്ദ്രനോ പിടിച്ചു നില്ക്കാനാവില്ല .

4) കവി.

ഒരു കവിക്ക് നിലാവിനെ പ്രേമിച്ചു കൊണ്ടുനടക്കാൻ  കഴിയുമായിരിക്കും, മനുഷ്യ വ്യക്തിയെ അകറ്റിനിർത്തുന്നതിൽ വിജയിക്കുമെങ്കിലും .

5) പുസ്തകം .

എല്ലാ പുസ്തകങ്ങളും പെട്ടെന്ന് വായിക്കാനുള്ളതല്ല.ചിലത് വർഷങ്ങൾകൊണ്ട് വായിച്ചാൽ  മതി. മറ്റു ചില പുസ്തകങ്ങൾ ഓരോ വാക്യം വായിച്ച ശേഷം മടക്കിവയ്ക്കണം.

ആനുകാലികം

ഖദീജാ മുംതാസ് ,എം .എൻ .കാരശ്ശേരി തുടങ്ങിയവരെ പത്മാപുരസ്കാരത്തിനു സംസ്ഥാന സർക്കാർ ശുപാർശ ചെയ്തതായി 'സാഹിത്യവിമർശം' (ഏപ്രിൽ - ജൂൺ) മാസികയിൽ എഴുതിയിരിക്കുന്നു .പത്മാപുരസ്കാരത്തിനു നിർദേശിക്കാൻ പ്രത്യേക നിബന്ധനകളില്ലാത്തതാവാം കാരണം. എന്ത് തന്നെ സംഭവിച്ചാലും ഞെട്ടുകയില്ലെന്ന് ഉറപ്പു തരുന്നു.

ഉത്തരാധുനിക അദ്ധ്യാപകർക്ക് ദലിത്പ്രേമം വർദ്ധിച്ച കാലമാണിത്. എം.ആർ.രേണുകുമാർ ' വീണ്ടെടുക്കപ്പെടുന്ന പുലയത്തറ' (ഭാഷാപോഷിണി ) എന്ന പേരിൽ എഴുതിയ ലേഖനം പോൾ ചിറക്കരോടിൻ്റെ 'പുലയത്തറ 'നോവലിനെക്കുറിച്ചാണ്.രേണുകമാർ പറയുന്നത് തമസ്കരണത്തിലൂടെയും നിസ്സാരവത്ക്കരണത്തിലുടെയും വർഗീകരണത്തിലൂടെയും ദലിത് സാഹിത്യത്തെ മുഖ്യധാരയ്ക്ക് പുറത്തേക്ക് തള്ളുന്നത് സവർണ ഭാവുകത്വത്തിൻ്റെ സ്വഭാവമാണെന്നാണ്. അസംബന്ധ മെന്നേ ഈ പ്രസ്താവനയെ വിളിക്കാനാകൂ. ദലിത് സാഹിത്യത്തിനു മുഖ്യധാരയിൽ ഇടം കൊടുക്കാൻ, ഇതിനോടു ആത്മാർത്ഥതയുണ്ടെന്ന് അവകാശപ്പെടുന്ന കോളജ് അദ്ധ്യാപകർക്ക് ഒരു മാഗസിൻ തുടങ്ങാമല്ലോ. അതിനുള്ള സാമ്പത്തികശേഷി അവർക്കുണ്ടല്ലോ.എന്തിനാണ് സ്വകാര്യ പത്രമാനേജുമെൻറുകളെ ആശ്രയിക്കുന്നത് ?

കുമാരനാശാൻ ,ഇന്നത്തെ കലാശാലാസങ്കല്പത്തിൽ ,ഒരു സവർണനല്ലാതിരുന്നിട്ടും മലയാളത്തിലെ കവിത്രയത്തിൽ ഒരാളായി ഉയർന്നു നില്ക്കുന്നതെങ്ങനെയാണ് ? ലേഖനത്തിൽ പറയുന്ന സവർണ ഭാവുകത്വം ഉണ്ടെന്നത് തെറ്റ്. ഉള്ളൂരിൻ്റെ 'പിംഗള' സവർണ ഭാവുകത്വമാണെന്ന് പറയാനാവില്ലല്ലോ. എഴുത്തച്ഛൻ്റെ 'ഹരിനാമകീർത്തനം സവർണ ഭാവുകത്വമാണോ ?ആശാൻ്റെ കരുണ ,ചിന്താവിഷ്ടയായ സീത തുടങ്ങിയ കാവ്യങ്ങൾ സവർണമാണോ ? ഒരു കൃതി ചരിത്രത്തിൽ ഉയർന്നു വരേണ്ടത് അത് സൃഷ്ടിച്ചയാളുടെ ജാതിയുടെ അടിസ്ഥാനത്തിലാകരുത്; സൗന്ദര്യത്തിൻ്റെ തലത്തിലായിരിക്കണം. ഇന്നത്തെ ചില കലാശാലാ അദ്ധ്യാപകർ ജാതിയുടെ സാഹിത്യമാണ് ഉന്നം വയ്ക്കുന്നതെങ്കിൽ അതിൽപ്പരം അധ:പതനം വേറെയില്ല .ആധുനികതയുടെ സംസ്കാരം ലഭിക്കാത്തതാണ് ഈ പാഴ്ചിന്തകൾക്ക് കാരണം. ജാതി പരമായ പ്രാതിനിധ്യം നോക്കേണ്ടത് നരവംശശാസ്ത്രജ്ഞരോ ,സാമൂഹിക സംഘടനകളോ ആണ്.

'നഗ്നനാൽവർ ' എന്ന കഥ ( സുനിൽ ഗോപാലകൃഷ്ണൻ ,മലയാളം വാരിക ,മെയ് 18)യിൽ 'വെളുപ്പാൻ രാവിലെ ' എന്നൊരു പ്രയോഗം കണ്ടു ! ഈ പ്രയോഗം പോലെ അർത്ഥശൂന്യമായ കുറെ സന്ദർഭങ്ങൾ ,ഏച്ചുകെട്ടലുകൾ കഥയിൽ ഉടനീളം കണ്ടു. കഥാകൃത്ത് ഒരു കഥയിൽ ആദ്യം ജീവിക്കണം .അതിൻ്റെ ആന്തരികമായ സുവിശേഷമാണ് എഴുതേണ്ടത്. എങ്കിലേ ഒരു ഭാഷാനൈപുണ്യം രൂപപ്പെടൂ .

ഒരാൾ തനിക്ക് അറിയാവുന്നതല്ല എഴുതേണ്ടത്. അറിയാവുന്നത് എഴുതുന്നതിൽ അന്വേഷണബുദ്ധി ഇല്ലല്ലോ. എല്ലാവർക്കും അറിവുള്ള കാര്യങ്ങൾ എഴുതാൻ ശ്രമിക്കുന്നത് വിഡ്ഢിത്തരമാണ്‌. അറിയാൻ ആഗ്രഹിക്കുന്ന വിഷയങ്ങൾ ,അസ്തിത്വത്തെ ചൂഴ്ന്നു നില്ക്കുന്ന രഹസ്യങ്ങൾ കണ്ടെത്താനുള്ള പരിശ്രമം എന്ന നിലയിലാണ് ഞാൻ നോവൽത്രയം (ജലഛായ ,ശ്രീനാരായണായ ,വാൻഗോഗിനു ) എഴുതിയത്. ഈ കൃതികൾ മറഞ്ഞിരിക്കുന്ന മനുഷ്യാസ്തിത്വത്തെ തേടുകയാണ്.

ആർ. ശ്രീലതാവർമ്മ 'നദി' എന്ന കവിതയിൽ ( മലയാളം ,മെയ് 18) ഇങ്ങനെ എഴുതുന്നു:

"നദീതീരത്തെ വീടിനെപ്പറ്റി
പണ്ടു ഞാൻ
എന്തോ എഴുതിയിട്ടുണ്ട് .
ഇപ്പോഴത് ഓർമ്മവരുന്നില്ല."

വായനക്കാർക്ക് സന്തോഷമായി. കവി മറന്നത് വായനക്കാർ കണ്ടു പിടിക്കണം.ഈ കവിത പ്രസിദ്ധീകരിച്ച പത്രാധിപർക്കും അത് ഓർക്കാനായില്ല. താൻ എഴുതിയത് മറന്നു എന്ന് എഴുതിയാലും കവിതയാണ്!

ചാനൽ ചർച്ച

വായനയിൽ നിന്നും സാഹിത്യത്തിൽ  നിന്നും അകന്നവരാണ് പൊതുവേ ടെലിവിഷൻ വാർത്താവതാരകരായി എത്തുന്നത്. അവർ ഉപരിപ്ളവബുദ്ധികളാകുന്നതിൽ അഭിമാനിക്കുന്നതായി കാണുന്നു. എത് പ്രശ്നത്തെയും രാഷ്ട്രീയമാക്കുന്നതും അത് അംഗീകൃത പാർട്ടിക്കാർ ചർച്ച ചെയ്ത് തീരുമാനിച്ചാൽ മതിയെന്ന് ചിന്തിക്കുന്നതുമാണ്  ചാനൽവാർത്തയുടെ തത്ത്വം .അവിടെ ചർച്ചയ്ക്ക് വരുന്നവർ ഒരു മൈതാന പ്രസംഗത്തിൻ്റെ പ്ലാറ്റ്ഫോമായി ഇതിനെ തെറ്റിദ്ധരിക്കുന്നു. എനിക്ക് കൂടുതൽ സമയം വേണമെന്ന് ആദ്യമേ തന്നെ പറയുന്നത് ഇതിനു തെളിവാണ്. അവതാരകനാവട്ടെ ചർച്ച നിയന്ത്രിക്കുന്നതിൽ ഞാൻ പണ്ടേ പരാജയമാണെന്ന ഒരു പ്രതിഛായ സൃഷ്ടിക്കുന്നതിൽ പ്രതിജ്ഞാബദ്ധനായിരിക്കും. ഒരാൾ സംസാരിക്കുമ്പോൾ വേറൊരാൾ കേറി ഇടപെട്ട് അത് ആർക്കും ഉപകാരമില്ലാതാക്കുമ്പോൾ അവതാരകനുള്ള സന്തോഷം വേറെ യാർക്കും കാണില്ല.സി.എൻ.എൻ ,ഫോക്സ് ന്യൂസ് ,ബി.ബി.സി ചാനലുകളുടെ സമഗ്രത ,വേഗത, സമയനിഷ്ഠ ,ലക്ഷ്യം ഇതൊന്നും നമ്മുടെ ചാനലുകളിൽ ഉണ്ടാകാറില്ല .

ഇന്ദുമേനോൻ്റെ വല്ലാത്ത മൂഡിലുള്ള ഒരു ഫോട്ടോ കവറിൽചിത്രമായി കൊടുത്ത് മാതൃഭൂമി ആഴ്ചപ്പതിപ്പ് (മെയ് 24) വൈക്കം മുഹമ്മദ് ബഷീറിനെയും ഞെട്ടിച്ചു.ഈ രീതി തുടരണം ! .ആ കവറിനു മുകളിൽ എം.ടിയുടെ ഒരു സ്റ്റാമ്പ് സൈസ് ഫോട്ടോ വന്നത് കേവലം യാദൃച്ഛികമാണ്. കേരളീയ നവോത്ഥാനം സൃഷ്ടിച്ചത് പുരാതന ക്രൈസ്തവരാണെന്ന് സ്ഥാപിക്കുന്ന വിനിൽ പോളിൻ്റെ  രണ്ടാമത്തെ ലേഖനവും ഇതിൽ തന്നെ വായിച്ചു. ചരിത്രത്തെ തലകീഴായി മറിച്ചിട്ട്, ലേഖകൻ  ബൈസെപ്സ് മസിൽ കഷണങ്ങൾ കാണിച്ചു കൊണ്ടുള്ള വിവിധ പോസുകൾ ലേഖനത്തിൽ കണ്ടു.

ഇതു വായിച്ചപ്പോൾ ,ഇതേ ലക്കത്തിൽ കെ. ഷെരീഫ് എഴുതിയ കവിതകളിലെ 'ആമകളെ ഇഷ്ടമാണ് ' എന്ന ഭാഗം ഉദ്ധരിക്കണമെന്ന് തോന്നി:
" ആമകളെ
ഇഷ്ടപ്പെടാൻ
എനിക്കു
വേറെ ന്യായങ്ങളൊന്നുമില്ല;
അവ ആമകളാണെന്നതു മാത്രം " .

ഷെരീഫ് ഇതൊക്കെ നേരത്തേ മനസ്സിലാക്കിയതെങ്ങനെ ?

ലോക്ക്ഡൗൺ ഡിജിറ്റൽ

ലോക്ക്ഡൗണിൽ കണ്ടത് എണ്ണമറ്റ എഴുത്തുകാരും കവികളും ഡിജിറ്റലാകുന്നതാണ് .ഇ ബുക്ക് ,പി.ഡി.എഫ് ,ഫേസ്ബുക്ക് ലൈവ് ,ഫേസ്ബുക്ക് പോസ്റ്റ് ,വാട്സ്ആപ്പ് ഗ്രൂപ്പ് എന്നിവിടങ്ങളിലേക്ക് എഴുത്തുകാർ കൂട്ടമായി എത്തി .ഇതിൻ്റെ ഫലമായി, ചില പ്രത്യേക മൂലകളിൽ സ്ഥാപിതമായി നിന്ന സ്വജനതാത്പര്യവ്യഗ്രത ബാധിച്ചവരുടെ മേൽക്കോയ്മ ഇടിച്ചു നിരത്തപ്പെടുന്നതാണ് നാം കണ്ടത്.

അനുഭവം.

1983 ലാണ് അമെരിക്കൻ സാഹിത്യകാരൻ ലിയോൺ ഉറിസ് എഴുതിയ 'ട്രിനിറ്റി ' എന്ന നോവലിനെക്കുറിച്ചുള്ള ഒരു ലേഖനവുമായി ഞാൻ ഭാഷാപോഷിണി എഡിറ്ററായിരുന്ന കെ.എം. തരകനെ ഓഫീസിൽ ചെന്ന്  കാണുന്നത്. അന്ന് ഞാൻ മൂവാറ്റുപുഴ നിർമ്മലാ കോളജിൽ പഠിക്കുകയായിരുന്നു. ലേഖനത്തിൻ്റെ തലക്കെട്ട് (ലിയോൺ ഉറിസിൻ്റെ സ്വപ്നകവചങ്ങൾ ) കണ്ടയുടനെ അദ്ദേഹം ആഹ്ളാദം പ്രകടിപ്പിച്ചു. ലേഖനത്തിലുടെ അലസമായി ഒന്ന് കണ്ണോടിച്ച ശേഷം അദ്ദേഹം പ്രഖ്യാപിച്ചു: ഇത് ഞാൻ അടുത്ത ലക്കത്തിൽ തന്നെ കൊടുക്കും.പറഞ്ഞ പോലെ തന്നെ പിറ്റേ ലക്കം ഭാഷാപോഷിണിയിൽ ഏഴ് പേജിലായി ആ ലേഖനം അച്ചടിച്ചു വന്നു. തരകൻ സാറിനു വേറെ സ്ഥാപിത താല്പര്യങ്ങളൊന്നുമുണ്ടായിരുന്നില്ലല്ലോ.



No comments:

Post a Comment