Wednesday, February 24, 2021

അക്ഷരജാലകം/എം.കെ.ഹരികുമാർ / മഹാത്രിയയുടെ ജീവിതനിറവ് /metrovartha Feb, 22

 അക്ഷരജാലകം link

എം.കെ.ഹരികുമാർ

9995312097


മഹാത്രിയോയുടെ ജീവിതനിറവ്


'ജീവിതത്തിൽ നിന്ന് നിങ്ങൾക്ക് എല്ലാം നേടണമെങ്കിൽ, ജീവിതത്തിന് എല്ലാം നൽകേണ്ടതുണ്ട്' -പ്രമുഖ ഇന്ത്യൻ ആത്മീയപ്രബോധന പ്രഭാഷകനും ചിന്തകനും ഗ്രന്ഥകാരനുമായ മഹാത്രിയോ  പറഞ്ഞതാണിത്.


ലോകത്ത് ഭൂരിപക്ഷം രാജ്യങ്ങളിൽ മഹാത്രിയോയുടെ പ്രഭാഷണത്തിന്  ആവശ്യക്കാരുണ്ട്.മനശ്ശാസ്ത്രം ,തത്ത്വചിന്ത, ദൈവചിന്ത എന്നിവയിലൂടെ സഞ്ചരിച്ച് ഒരു പാത സ്വന്തമായി കണ്ടെത്തുകയാണ് മഹാത്രിയോ ചെയ്തത്. അവരെ അദ്ദേഹം നർമ്മവും ബുദ്ധിയും ഉപയോഗിച്ച് ജീവിതത്തിൽ എങ്ങനെ സ്വയംപര്യാപ്തതയും സന്തോഷവും നേടാമെന്ന് പഠിപ്പിക്കുന്നു.മാനേജ്മെൻ്റ് തലത്തിലും യൂണിവേഴ്സിറ്റി തലത്തിലും മഹാത്രിയോ പ്രഭാഷണങ്ങൾ നടത്താറുണ്ട്.തെറ്റിദ്ധാരണകൾ മാറ്റാനും തെളിഞ്ഞ ചിന്തകൾ  കൈവരിക്കാനുമാണ് അദ്ദേഹത്തിൻ്റെ വാക്കുകൾ സഹായിക്കുക .ഹോളിസ്റ്റിക് എബണ്ടൻസ് അഥവാ സമഗ്രമായ നിറവ് എന്ന ആശയമാണ് അദ്ദേഹം  അവതരിപ്പിച്ചത്. അതോടൊപ്പം 'ഇൻഫിനിത്തീസം' എന്ന  ചിന്താപദ്ധതിയും മുന്നോട്ടുവയ്ക്കുന്നു. മഹാത്രിയോവിനെ പിന്തുടരുന്നവർക്ക് ഇൻഫിനിതീസ്റ്റ് ആകാം.അനന്തമായ ദൈവികസാന്നിദ്ധ്യത്തിലേക്ക് ഉയരുകയാണ് ലക്ഷ്യം.


ദൈവം ഓരോന്നിലും


രണ്ടു ദശാബ്ദമായെങ്കിലും , തമിഴ്നാട്ടുകാരനായ ടി.ടി.രംഗരാജൻ എന്ന മഹാത്രിയോ ഇപ്പോൾ അറിവും ആനന്ദവും തേടുന്നവർക്ക് മുന്നിലുണ്ട്. അദ്ദേഹത്തിൻ്റെ ധാരാളം വീഡിയോകൾ ലഭ്യമാണ് .ഭൗതികജീവിതവും ആത്മീയജീവിതവും രണ്ടല്ല , ഒന്നാണെന്ന് ബോധ്യപ്പെടാൻ മഹാത്രിയോയുടെ പ്രഭാഷണങ്ങൾക്ക്  കഴിയുന്നുണ്ട്. ഒരു ക്ഷേത്രത്തിൽ ദർശനത്തിനു പോകുന്ന ഒരാൾ പടിക്കെട്ടുകൾക്കു താഴെയിരിക്കുന്ന യാചകൻ്റെ മുന്നിലല്ല ആദ്യം എത്തുക;കോവിലിനുള്ളിലെ മൂർത്തിയെയാണ് ലക്ഷ്യം വയ്ക്കുന്നത്. അവിടെയാണ് നിറവുള്ളത്.ഈ നിറവിനു വേണ്ടി എപ്പോഴും പരിശ്രമിക്കണം.എന്നാൽ സ്വന്തം  സന്തോഷം നഷ്ടപ്പെടാൻ പാടില്ല. വലിയ വിജയങ്ങൾ നേടാൻ കഴിയുന്നവരുണ്ട് .അവരുടെ വിജയത്തിൻ്റെ ഫലമായി ചുറ്റിനുമുള്ളവർക്കെല്ലാം പ്രയോജനവുമുണ്ട്.  അവരുണ്ടാക്കുന്ന വൻവിജയങ്ങൾ ആസ്വദിക്കാൻ ,അതിൽ സന്തോഷിക്കാൻ അവരവർക്കു കഴിയണം.


അനുഗ്രഹങ്ങൾ

ആഘോഷിക്കാനുള്ളത്


ഓരോ നിമിഷത്തിലും ദൈവത്തിൻ്റെ  നിറവിനായി യത്നിക്കണമെന്ന്  പറയുന്ന മഹാത്രിയോ മോസ്റ്റ് ആൻഡ് മോർ ,അൺപോസ്റ്റഡ് ലെറ്റേഴ്സ് , ക്ലാരിറ്റി ആൻഡ് പവർ എന്നീ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ആഘോഷിക്കാനുള്ളതാണ് ജീവിതത്തിലെ അനുഗ്രഹങ്ങൾ എന്ന  തത്ത്വം വിശദീകരിക്കാൻ മഹാത്രിയോ  ഒരു സംഭവം പറയുന്നു. ഒരു വലിയ പാർട്ടി നടക്കുകയാണ്. അവിടെ കൂടിയിരിക്കുന്നവർ ധനികരാണ്. അവിടേക്ക് വന്ന ഒരതിഥി  പറഞ്ഞു, ഒരു സന്തോഷവാർത്ത അറിയിക്കാനുണ്ടെന്ന്.എല്ലാവരും ആകാംഷയോടെ കാത്തിരിക്കുന്നു. അദ്ദേഹം പറഞ്ഞു ,എൻ്റെ  മെഴ്സിഡസ് ബെൻസ് കാർ അപകടത്തിൽ പൂർണമായി തകർന്നു. ഇതുകേട്ട് എല്ലാവരും നിശ്ശബ്ദരായി. എന്തു പറയണമെന്നറിയാതെ വിഷമിച്ചു. എന്നാൽ ആ അതിഥിക്ക് മാത്രം യാതൊരു പ്രയാസവുമില്ല . ലോകത്തിലെ വിലകൂടിയ കാർ തകർന്നതിൽ സന്തോഷമോ ?ആ ധനികൻ അവരുടെ ആകാംക്ഷ പൂരിപ്പിച്ചുകൊണ്ടു പറഞ്ഞു:  'അപകടത്തിൽപ്പെട്ട കാറിൻ്റെ ഡ്രൈവർ രക്ഷപ്പെട്ടു. ഞാനായിരുന്നു ഡ്രൈവർ .മെഴ്സിഡസ് ബെൻസ് അഞ്ചോ പത്തോ ഇനിയും എനിക്ക്  വാങ്ങാനാവും.എന്നാൽ എൻ്റെ ഒരു ചെറുവിരലെങ്കിലും നഷ്ടപ്പെട്ടിരുന്നെങ്കിലോ ?എനിക്കൊന്നും സംഭവിക്കാത്തത് കൊണ്ട് , ഈ നിമിഷം ആ സന്തോഷം ഞാൻ നിങ്ങളുമായി ചേർന്ന് ആഘോഷിക്കാൻ പോവുകയാണ്' .


മഹാത്രിയോ പറയുന്നു , ഈ മനോഭാവം ജീവിതത്തിലെ അനുഗ്രഹങ്ങളിൽ സന്തോഷിക്കുന്നവർക്ക് മാത്രമുള്ളതാണ് .ജീവിതത്തിൽ ദൈവം നമുക്ക് നൽകിയിട്ടുള്ള ധാരാളം സിദ്ധികളും അവസരങ്ങളും അനുഗ്രഹങ്ങളും അറിവുകളുമുണ്ട്. അതിലെല്ലാം നമുക്ക് സന്തോഷിക്കാൻ വകയുണ്ട്. എങ്കിൽ നമുക്ക് നിരാശപ്പെടേണ്ടതില്ല; മറ്റുള്ളവരെ പഴിക്കേണ്ടതില്ല .


മഹാത്രിയോയുടെ ചില വാക്യങ്ങൾ ചുവടെ:


1)ചെറിയ കാര്യങ്ങളിൽ സന്തോഷം കണ്ടെത്തുക.2) ഒരു കാര്യത്തിൽ  ഉറച്ചു വിശ്വസിക്കുക.3)നിങ്ങളുടെ വികാരങ്ങൾ നിങ്ങൾ സൃഷ്ടിച്ചതാണ്. മറ്റാരെയും പഴിക്കേണ്ട.4) നിങ്ങളുടെ പ്രശ്നം അറിവില്ല എന്നുള്ളതല്ല. നിഷ്ക്രിയത്വമാണ്.5) സ്നേഹം പുറത്തുകാണിക്കാൻ ഇല്ലെങ്കിൽ അത് സ്നേഹമല്ല; സ്നേഹം ഉള്ളിൽ അനുഭവിച്ചാൽ പോരാ .അത്  പ്രകടിപ്പിക്കണം .6)എനിക്ക് കാണാവുന്നിടം വരെയേ പോകാനൊക്കൂ. അവിടെ ചെന്നാൽ ഇനി പോകാനുള്ള ഇടം അവൻ കാണിച്ചുതരും.7) നിങ്ങളെക്കാൾ വലിയ ലക്ഷ്യം കണ്ടുപിടിക്കുക.8) നിങ്ങൾക്ക് വേണ്ട വിജയം നിങ്ങളിൽ നിന്നു തന്നെ ശക്തമായി ആവശ്യപ്പെടുക.9) സംഗീതം ഉപകരണത്തിൽ നിന്നല്ല വരുന്നത്;ഉപകരണത്തെ അവൻ മാധ്യമമാക്കുന്നുവെന്ന് മാത്രം.10)ബന്ധങ്ങളുടെ കെട്ടുറപ്പിനു , എന്തു കൊടുക്കാൻ കഴിയുമെന്ന് മാത്രം ചിന്തിക്കുക ;എന്ത് നേടാമെന്ന് ചിന്തിക്കാതിരിക്കുക.


ഏത് ബന്ധത്തെയും നിർവ്വചിക്കുന്നത് പൂർണമായ സത്യസന്ധതയും സ്വാതന്ത്ര്യവും പരസ്പരധാരണയുമാണെന്ന് മഹാത്രിയോ പറയുന്നു. എങ്കിലും നമുക്ക് ആ നിലയിലെത്താനാകുന്നില്ല. ബാഹ്യമായ വ്യത്യാസങ്ങൾ കുറച്ചുകൊണ്ടുവന്നാൽ നമ്മളെല്ലാം ആന്തരികമായി ഒരേതരം ആൾക്കാരാണെന്ന് മഹാത്രിയോ  പറയുന്നത് ഭാരതത്തിൻ്റെ മഹത്തായ തത്ത്വമാണ്. നമ്മൾ എന്തുകൊണ്ടാണ് ബാഹ്യമായി വ്യത്യസ്തരാകാൻ വേണ്ടി വാശി പിടിക്കുന്നത്?


വരണ്ട വഴികൾ


കെ.ആർ.ടോണിയുടെ 'ചെമ്മണ്ണിടവഴിയും ടാർറോഡും' (മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ഫെബ്രുവരി 20) എന്ന കവിത അനുഭവദാരിദ്ര്യംകൊണ്ട് സാമാന്യം ഭേദമായി തന്നെ പരാജയപ്പെട്ടു.


"തണ്ടിലിരുന്ന് പുകയൂതുന്ന വണ്ടിക്കാരനും കൂടി വന്നതോടെ കവിതയിൽ എനിക്ക് സ്ഥലമില്ലാതായി!

ഞാൻ മൺതിട്ടയിലേക്ക് പറ്റിനിന്നു. ചക്രപ്പാട് ചെമ്മണ്ണിൽ തെളിഞ്ഞു. തലയിൽ വിറകുകെട്ടുമായി

ഒരു കാവ്യബിംബവുമെത്തി " .


ടോണി വായനക്കാരനെക്കുറിച്ചോർക്കണം. ഞാൻ മനസ്സിലാക്കുന്നത് ടോണി ഒരു കോളേജ് അദ്ധ്യാപകനായി പ്രവർത്തിക്കുന്നു എന്നാണ്. എങ്കിൽ ഇതുപോലെയേ എഴുതാൻ പറ്റൂ. എന്താണോ എഴുതുന്നത്, അതിനോട് അല്പംപോലും അടുപ്പമില്ലെന്ന് ഉറപ്പു വരുത്തി ,പുറംലോകത്തെയാകെ പരിഹസിച്ച് ,സ്വന്തം സുരക്ഷിതത്വത്തിൽ ആർത്തുല്ലസിച്ച് വികാരരഹിതമായി തന്നെ എഴുതണം! . എന്നാൽ ഒരിടത്ത് ജീവിതം തിളച്ചുമറിയുന്നുണ്ടെന്ന് കാണാൻ പരിശ്രമിക്കണം.അത് കാണാൻ ത്രാണിയില്ലെങ്കിൽ സ്വയം അ വിശ്വസിക്കണം. ഒരു കവി എന്ന നിലയിൽ ,തന്നെ നിലനിർത്തിയിരിക്കുന്ന സകല സ്ഥാപനങ്ങളും വെറും മിഥ്യയുടെ എടുപ്പുകളാണെന്നും അവയെല്ലാം വ്യാജമേൽവിലാസമാണ്  ഉപയോഗിക്കുന്നതെന്നും  മനസ്സിലാക്കുന്നിടം വരെ ഈ വരണ്ട ചെമ്മണ്ണിടവഴി തുടരും.


മാനസിയുടെ പ്രമേയങ്ങൾ


മനസി എഴുപതുകളിൽ നല്ല കഥകൾ എഴുതിയിരുന്നു. അവരെ ഭാവിയിലെ മികച്ച കഥാകാരിയായി കണ്ട കുറെ വായനക്കാരുണ്ടായിരുന്നു. എൺപതുകളിൽ  വി.പി.ശിവകുമാറിൻ്റെയും നരേന്ദ്രപ്രസാദിൻ്റെയുമൊക്കെ ചർച്ചകളിൽ മാനസി എന്ന പേര് വരുമായിരുന്നു .ദീർഘകാലം മുംബൈയിൽ കഥാരഹിതയായി ജീവിച്ച മാനസി ഇപ്പോൾ 'വീട്'(ഭാഷാപോഷിണി ,ഫെബ്രുവരി ) എന്ന കഥയുമായി വന്നത് പ്രതീക്ഷ നല്കി. അവർ പറയുന്നത് ഒരു യുവതി ഭർത്താവിൻ്റെ വീട്ടിൽ പീഡിപ്പിക്കപ്പെടുന്നതും ,പിന്നീട് ഭർത്താവിൻ്റെ മരണത്തെ തുടർന്ന് സ്വന്തം വീട്ടിലെത്തി നിരാശയോടെ  തിരിച്ചുപോകുന്നതാണ്. വാസ്തവത്തിൽ, മാനസിയുടെ  ഇത്തരം പ്രമേയങ്ങൾ വായനക്കാർക്ക് പുതുമയുള്ളതല്ല. ഇതിനേക്കാൾ കൊടുംഭീകരമായ ഗാർഹിക പ്രശ്നങ്ങളെ നേരിൽക്കണ്ട്, കഴുത്തിന് വെട്ടുകിട്ടി പിടഞ്ഞു വീഴുന്ന ധാരാളം സ്ത്രീകളുള്ള നാടാണിത്. അപ്പോൾ  മാനസി ഇതുപോലൊരു സംഭവം വിവരിച്ചാൽ കഥയിൽ എന്താണ് നേടുന്നത് ?വായനക്കാരെ ഇതു വല്ലതും ഏശുമോ ?


അക്കാദമിയുടെ വീതംവയ്പ്പ്


കേരള സാഹിത്യഅക്കാദമി പതിവുപോലെ ഇത്തവണയും  രാഷ്ട്രീയം നോക്കി അവാർഡ് വീതംവച്ചു. പി.അപ്പുക്കുട്ടനും റോസ്മേരിക്കും കലാനാഥനും മറ്റും  സമഗ്രസംഭാവനയ്ക്ക് അവാർഡ് കൊടുക്കുന്നതിൻ്റെ യുക്തി എന്താണെന്ന് ആരും ചോദിക്കില്ല. കാരണം, ഈ അക്കാദമിയെ എല്ലാവർക്കുമറിയാം .അക്കാദമികളിൽ  രാഷ്ട്രീയത്തിൻ്റെ പേരിൽ സ്ഥാനം നേടുന്നവർ ഒരു സ്ഥാപനത്തെ  നശിപ്പിക്കുമെന്നതിൻ്റെ തുടർ അനുഭവങ്ങളാണ് ഇതൊക്കെ .ഒരവാർഡ്‌ രണ്ടും മൂന്നും  പേർക്ക് വീതം വച്ചത് കണ്ടു.ചുരുങ്ങിയത് അഞ്ചുപേർക്കെങ്കിലും ഒരവാർഡ് പകുത്തു നല്കണം. അപ്പോൾ ലിസ്റ്റിലുള്ളവർക്കെല്ലാം കൊടുക്കാമല്ലോ.


വാക്കുകൾ 


1)ഒരാൾ സ്വയമൊരു പുഴുവായിത്തീർന്നാൽ ,പിന്നെ ആളുകൾ ചവിട്ടിത്തേച്ചു എന്ന് പരാതി പറഞ്ഞിട്ടു കാര്യമില്ല .

ഇമ്മാനുവൽ കാൻ്റ്,

(ജർമ്മൻ ചിന്തകൻ) 


2) വാക്കുകൾ പ്രകൃതിയെ പോലെയാണ് .ആത്മാവിനെ പകുതി അനാവൃതമാക്കിയിരിക്കുന്നു, പകുതി മറച്ചുവച്ചിരിക്കുന്നു. 

ടെന്നിസൺ ,

(ബ്രിട്ടീഷ് കവി)


3)ജീവിതം ഒരു പൂവാണ്; സ്നേഹമാകട്ടെ ,അതിനുള്ളിലെ തേനാണ്.

വിക്ടർ ഹ്യൂഗോ ,

(ഫ്രഞ്ച് എഴുത്തുകാരൻ )


4)സെക്സ് ഇല്ലാത്തതിൻ്റെ പേരിൽ ആരും മരിക്കില്ല. എന്നാൽ പ്രണയം കിട്ടാതെ വന്നാൽ മരിക്കും.

മാർഗരറ്റ് അറ്റ്വുഡ് ,

(കനേഡിയൻ പെൺകവി)



5)ഹെമിംഗ്വെയെപ്പോലെ മറ്റൊരു എഴുത്തുകാരനെയും ഞാൻ സ്നേഹിച്ചിട്ടില്ല.

ഇറ്റാലോ കാൽവിനോ,

(ഇറ്റാലിയൻ എഴുത്തുകാരൻ )



കാലമുദ്രകൾ


1)തപോവനസ്വാമികൾ


തപോവനസ്വാമികളുടെ 'ഹിമഗിരിവിഹാരം' എന്ന പുസ്തകം തന്നെ വല്ലാതെ ആകർഷിച്ചുവെന്ന്  എൺപതുകളുടെ തുടക്കത്തിൽ നരേന്ദ്രപ്രസാദ് പറഞ്ഞതോർക്കുന്നു.


2)ജയനാരായണൻ


സൗന്ദര്യാത്മക, മിസ്റ്റിക് കഥകളിലൂടെ ചെറുകഥയെ ഏകാന്തമായ വൈകാരിക അനുഭവമാക്കിയ  ജയനാരായണൻ്റെ കഥകൾ പുന:പ്രസിദ്ധീകരിക്കണം.


3)വി .രാജകൃഷ്ണൻ

എഴുപതുകളുടെ ഒടുവിൽ വി. രാജകൃഷ്ണൻ എഴുതിയ 'രോഗത്തിൻ്റെ പൂക്കൾ ' എന്ന വിമർശനകൃതി, പുതിയ സാഹിത്യം രോഗത്തിൽ നിന്നും തിന്മയിൽ നിന്നുമാണ് വളർന്നു വരുന്നതെന്ന് വിവരിച്ചു.കോളേജ് കുട്ടികളെ പോലും ഈ കൃതി ആകർഷിച്ചു.


4)മാധവൻ അയ്യപ്പത്ത്


ബുദ്ധമതത്തിലെ ആധികാരിക ഗ്രന്ഥമായ 'ധർമ്മപദം ' മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ മാധവൻ അയ്യപ്പത്ത്  നിശ്ശബ്ദതയിലാണ് കൂടുതലും ജീവിച്ചത്.മലയാള കവിതയിലെ സാരവത്തായ പദകോശമാണ് അയ്യപ്പത്ത്.


5)ലക്ഷ്മി ഗോപാലസ്വാമി


മലയാളം പറയുന്നത് ഒരാളിൻ്റെ  സ്വന്തം ശീലമാണ് .അവനവൻ്റെ  ഉച്ചാരണസാധ്യതയ്ക്കും ശാബ്ദികവിന്യാസത്തിനും  അനുസരിച്ച് വർത്തമാനം പറയുന്നതാണ് വികാസം.മലയാളിയല്ലാത്ത ലക്ഷ്മി ഗോപാലസ്വാമിയാണ് നന്നായി മലയാളം പറയുന്ന വനിത.


Friday, February 19, 2021

അക്ഷരജാലകം/എം.കെ.ഹരികുമാർ / സന്തോഷത്തിൻ്റെ ദർശനികത/metrovartha Feb 15,2021

 അക്ഷരജാലകംlink

എം.കെ.ഹരികുമാർ

9995312097


സന്തോഷത്തിൻ്റെ ദാർശനികത


'നിങ്ങളുടെ ജീവിതം എങ്ങനെ ജീവിക്കണമെന്ന് പറഞ്ഞു തരാൻ  എനിക്കാവില്ല .എന്നാൽ നിങ്ങളുടെ ജീവിതം എങ്ങനെ ജീവിക്കണമെന്ന് കണ്ടെത്തുന്നതിൽ എനിക്ക് സഹായിക്കാനാകും' - ശൂന്യതയിൽ നിന്നും നിരാശയിൽ നിന്നും കഷ്ടപ്പാടിൽ നിന്നും വളർന്ന് ധാരാളമാളുകൾ കാത്തിരിക്കുന്ന യുവ പ്രചോദനപ്രഭാഷകനും ഗ്രന്ഥകാരനുമായി വളർന്ന ഇയോദീഗീ ആവോഷികയുടെ (അമെരിക്ക) വാക്കുകളാണിത്.


ജീവിക്കാൻ ഒരു വഴിയല്ല ഉള്ളത്;ആയിരക്കണക്കിനു വഴികളുണ്ട്. എന്നാൽ സുരക്ഷിതമായ ഒരു ഇടനാഴി  ലഭിച്ചാൽ ,അതിൻ്റെ കൃത്യമായ സമയക്രമങ്ങളിൽ ചിട്ടയൊപ്പിച്ചു ഒരേപോലെ ജീവിക്കുന്നവരാണ് അധികവും. അതിൻെറ പരിമിതികളെ തുറന്നു കാട്ടി  സന്തോഷത്തെക്കുറിച്ചുള്ള ഇടുങ്ങിയ  കാഴ്ചപ്പാടുകൾ നീക്കം ചെയ്യാനാണ് അദ്ദേഹം ശ്രമിക്കുന്നത്.


ആവോഷിക രണ്ടു പുസ്തകങ്ങൾ എഴുതിയിട്ടുണ്ട് :1) ദ് ഡെസ്റ്റിനി ഫോർമുല - ഫൈൻഡ് യുവർ പർപസ് 2) യു 2.0 :സ്റ്റോപ്പ് ഫീലിംഗ് സ്റ്റക്ക് ,റീ ഇൻവെൻ്റ് യുവേഴ്സൽഫ് .വിജയം എന്നാൽ പണമാണെന്ന സങ്കല്പത്തിലല്ല ആവോഷികയുടെ വർത്തമാനങ്ങൾ നീളുന്നത് .ചുറ്റുമുള്ള എല്ലാവരെയും സന്തോഷിപ്പിക്കണമെന്ന പരമ്പരാഗതമായ ചിന്താധാരയെ തിരുത്തിക്കൊണ്ടാണ് അദ്ദേഹം മുന്നോട്ടുപോകുന്നത്. മുൻകൂട്ടി നിശ്ചയിക്കപ്പെട്ട വീക്ഷണത്തോടെ ലോകത്തെ നോക്കരുത് .എപ്പോഴും യഥാതഥമായിരിക്കേണ്ട. പുറത്തെ  എല്ലാ ശബ്ദങ്ങളും കേൾക്കേണ്ട. നിങ്ങളുടെ ഒരു പരാജയത്തിലോ  വീഴ്ചയിലോ ലോകം അവസാനിച്ചു എന്ന് കരുതേണ്ടതില്ല. ഒരു ദരിദ്രനായതുകൊണ്ട് അയാൾ സമ്പൂർണമായി അസന്തുഷ്ടനാണെന്നോ  നിരാശനാണെന്നോ അർത്ഥമില്ല. ഭൗതികമായ സമൃദ്ധിയില്ലെങ്കിലും  സന്തോഷത്തോടെ ജീവിക്കുന്നവരുണ്ട്. മനുഷ്യൻ്റെ നോട്ടത്തിൻ്റെ  പ്രത്യേകതയാണിത് .


ആറ് മാർഗങ്ങൾ


ആവോഷിക ആറ് മാർഗങ്ങൾ ചൂണ്ടിക്കാണിക്കുന്നു ,സന്തോഷം കൈവിട്ടു പോകാതിരിക്കാൻ.

1)മറ്റുള്ളവർ പറയുന്നത് കേട്ട് നിങ്ങളുടെ സന്തോഷം നശിപ്പിക്കരുത്. അവരുടെ അഭിപ്രായത്തെ മാനിക്കരുതെന്നല്ല ; സന്തോഷത്തിനുവേണ്ടി മാതാപിതാക്കളെ തള്ളാനും പാടില്ല . നിങ്ങളുടെ ജീവിതത്തിൽ ഏറ്റവും നല്ലത് എന്താണെന്ന് സ്വയം തിരിച്ചറിയേണ്ടതുണ്ട് .അതിനനുസരിച്ച് സന്തോഷത്തെ പുനർനിർവ്വചിക്കണം.


2)ലോകം മുഴുവൻ സ്വന്തം തലയിലാണെന്ന നിലപാടിൽ നിന്ന് പിന്മാറുക. കുറെ മണിക്കൂറുകൾ നിങ്ങളിൽ തന്നെ ശ്രദ്ധകേന്ദ്രീകരിക്കുക. ലോകത്ത് നടക്കുന്ന കാര്യങ്ങൾ അറിഞ്ഞു കൊണ്ടിരിക്കെ തന്നെ അതിൻ്റെ ഭാരം നിങ്ങളുടെ ചുമലിൽ ആണെന്ന് തെറ്റിദ്ധരിക്കരുത്. 


3)ഭയപ്പെടാതിരിക്കുക .മരണത്തെക്കുറിച്ച് ഓർത്ത് ഭയപ്പെട്ടാൽ ഒന്നും ചെയ്യാൻ പറ്റില്ല .ഏത് ദുരിതത്തിൽ വീണാലും ഭയപ്പെടരുത്.


4)നന്ദിയോടെയിരിക്കുക. സ്വപ്നങ്ങളുടെ പിന്നാലെ പോകാൻ എല്ലാവരും ഇഷ്ടപ്പെടുന്നു. എന്നാൽ പ്രധാനമായി തോന്നുന്ന എല്ലാറ്റിലും വൈരുദ്ധ്യമുണ്ട് .ആഗ്രഹിക്കുന്ന പക്ഷം അതിനു സാധ്യതയുണ്ടെങ്കിലും അതെല്ലാം നമ്മളിൽ നിന്ന് വളരെ  അകലെയാണ് .കാരണം നമ്മൾ ഇന്നിലാണ് ,ഈ നിമിഷത്തിലാണ് ജീവിക്കുന്നത്.ഈ നിമിഷത്തിലാണ് നമുക്ക് നിലനില്പും പൂർണതയുമുള്ളത്. ഈ നിമിഷത്തോട് നന്ദിയുള്ളവരായിരിക്കുക. ഓരോ ദിവസവും ചുരുങ്ങിയത് മൂന്നു കാര്യങ്ങളിലെങ്കിലും നന്ദി പ്രകാശിപ്പിക്കണം. നന്ദി നമ്മെ സാന്തോഷത്തിലേക്ക് നയിക്കും .


5)ശരീരത്തെയും മനസിനെയും കാത്തുരക്ഷിക്കുക. സ്വന്തം  ശരീരത്തിലേക്ക് എന്താണ് കൊടുക്കുന്നത് ,മനസ്സിൽ  ഏൽപ്പിക്കുന്നത് ഏത് തരത്തിലുള്ള ഭാരമാണ് എന്നിവയെല്ലാം ഒരാളുടെ സന്തോഷത്തെ ബാധിക്കും. അവനവനോട് അല്പം ദയ കാണിക്കണം.


6)സ്വന്തം പ്രവൃത്തിയിൽ ഉത്തരവാദിത്വമുള്ളവരാകുക. അപ്പോൾ മറ്റാരെയും പഴിക്കേണ്ടി വരില്ല .


സന്തോഷത്തിൻ്റെ പ്രകൃതി


ആവോഷികയുടെ നിർദ്ദേശങ്ങൾക്ക് അനുബന്ധമായി മറ്റു ചില കാര്യങ്ങൾ കൂടി അവതരിപ്പിക്കാൻ ഞാനാഗ്രഹിക്കുകയാണ്. സന്തോഷത്തിൽ ഒരു ദാർശനികതയുണ്ട്. ഒരാൾ താൻ സന്തോഷവാനാണോയെന്ന് എപ്പോഴും ചോദിക്കേണ്ടതുണ്ടോ? അത് വളരെ കൃത്രിമമായിരിക്കും. മനസ്സിൽ പ്രതീക്ഷയോടെ കണ്ടിരുന്ന ചില കാര്യങ്ങൾ സംഭവിക്കുമ്പോൾ സന്തോഷം തോന്നുമല്ലോ. അത് യഥാർത്ഥമാണോ? കുറേ സമയം  കഴിയുമ്പോൾ മനസ്സ് വീണ്ടും പഴയ താളത്തിലേക്ക് തന്നെ വരും. സന്തോഷമുണ്ടെന്ന് സ്വയം സ്ഥാപിക്കേണ്ടി വരുന്നു. പ്രകൃതിയിൽ ഒരു വണ്ടിനും ചീവീടിനും ശലഭത്തിനും സന്തോഷമുണ്ട്. എന്നാൽ ആ സന്തോഷം അവയുടെ പറക്കലിൽ നിമജ്ജനം ചെയ്തിരിക്കുകയാണ്. അതിൻ്റെ  പ്രകൃതിയിൽ അത് നിഗൂഢമാണ് . ചീവീടിൻ്റെ ശബ്ദം അതിൻ്റെ സന്തോഷത്തിൻ്റെ ഭാഷയാണ്.അതാകട്ടെ  ശരീരത്തിനുള്ളിൽ സമന്വയിച്ചിരിക്കുകയാണ് .ജീവിച്ചിരിക്കുന്ന അവസ്ഥയിൽ സ്വാഭാവികമായി ഉണ്ടാവാത്ത സന്തോഷത്തെ അത് എത്തിപ്പിടിക്കുകയല്ല. മനുഷ്യൻ്റെ കാര്യത്തിൽ ഈ എത്തിപ്പിടിക്കൽ ആവശ്യമാണ്.സന്തോഷത്തിൻ്റെ നിമിഷം കഴിഞ്ഞാൽ മനുഷ്യന് അത് നഷ്ടപ്പെടുകയാണ്. സന്തോഷം കിട്ടുകയാണെങ്കിൽ അത് നമ്മളിൽ നേരത്തേ തന്നെ ഉണ്ടായിരുന്നുവെന്ന് തിരിച്ചറിയുന്നിടത്താണ് യഥാർത്ഥ സന്തോഷമുള്ളത്.ജീവിതത്തിലില്ലാത്ത  സന്തോഷത്തെ അന്യമായി കണ്ട് അതാർജിക്കാൻ ശ്രമിക്കുന്നത് താത്കാലിക ശാന്തി മാത്രമാണ്.


കഥാചർച്ച വിരസം ,വിഫലം


മലയാളകഥയെക്കുറിച്ച് വി .കെ. ശ്രീരാമൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഒരു ചർച്ച (ഭാഷാപോഷിണി, ഫെബ്രുവരി ) വായിച്ചതു വെറുതെയായി. തുറന്നുപറഞ്ഞാൽ ,ഈ ചർച്ചകൊണ്ട് ഒരു പ്രയോജനവുമുണ്ടായില്ല. നിരാശയാണ് ഉണ്ടാക്കിയത്. മലയാളകഥയെക്കുറിച്ച് വി.കെ.ശ്രീരാമൻ ,പി. പി. രാമചന്ദ്രൻ ,പി.എൻ.ഗോപീകൃഷ്ണൻ , കെ.ഗോവിന്ദൻ ,ഇ.പി.രാജഗോപാലൻ ,റഫീക്ക് അഹമ്മദ് തുടങ്ങിയവർക്ക് ഒന്നും പറയാനില്ല. ഈ ചർച്ച വായനക്കാരെ പ്രചോദിപ്പിക്കില്ല . ചർച്ച നടത്തിയവർ പ്രവാസജീവിതത്തെക്കുറിച്ചും അനുഭവം എഴുതുന്നതിനെക്കുറിച്ചുമാണ്  ദീർഘമായി സംസാരിക്കുന്നത്. ചെറുകഥയിലെ കലയെക്കുറിച്ചുള്ള അജ്ഞത ഭയാനകമായിരുന്നു. ഗൾഫിൽ തൊഴിലാളികളെ വാടകയ്ക്ക് കൊടുക്കുന്ന ദല്ലാൾമാരെപ്പറ്റി ആരും എഴുതുന്നില്ല എന്നാണ് ശ്രീരാമൻ  പരാതിപ്പെടുന്നത്.ഗോപീകൃഷ്ണൻ ഈ ചർച്ചയെ  പ്രവാസികളുടെ പ്രശ്നങ്ങൾ അവതരിപ്പിക്കാനുള്ള അവസരമാക്കുന്നു, എന്തോ അജണ്ടയുള്ളതുപോലെ. ഗൾഫിലെ  അനുഭവങ്ങൾ പ്ലാനിങ്ങോടെ  എഴുതാൻ ശ്രമിക്കുന്നതാണ്  മലയാളകഥയിലെ വർത്തമാനം എന്ന മട്ടിലാണ് അദ്ദേഹത്തിൻ്റെ വാദങ്ങൾ. ഇതൊക്കെ അർത്ഥശൂന്യമാണെന്ന് പറയട്ടെ. അനുഭവമെഴുതുന്നതിനെ സാഹിത്യം എന്ന മട്ടിൽ ഈ ചർച്ചയിൽ  അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത് കാണാം. കലയുടെയും സൗന്ദര്യത്തിൻ്റെയും ആവിഷ്കാര മേഖലയാണ് കഥ എന്ന ചിന്തയെ തകർക്കാനും കഥയുടെ മഹത്തായ സംസ്കാരത്തെ ഉന്മൂലനം ചെയ്യാനുമുള്ള പദ്ധതിയായി ഈ ചർച്ച മാറിയത് യാദൃച്ഛികമായി കാണാനാവില്ല.മലയാളകഥയിലെ പ്രധാന പ്രശ്നം ഗൾഫാണെന്ന് പറയുന്നതിലെ വൈരുദ്ധ്യം നല്ലൊരു വായനക്കാരനെ ഞെട്ടിക്കുക തന്നെ  ചെയ്യും. 


സംവേദനമില്ലാത്തവർ


കഥ എന്ന സാഹിത്യരൂപത്തെപ്പറ്റി ഒരു ശബ്ദവും ഉയർന്നു കണ്ടില്ല.മലയാളത്തിലെ പരീക്ഷണ സ്വഭാവമുള്ള, സൗന്ദര്യാത്മകതലത്തിൽ ചർച്ച ചെയ്യാവുന്ന ,വേറിട്ട ഒരു ടോൺ സ്വീകരിക്കുന്ന കഥകളെല്ലാം മറന്നതാണോ ഇവർ ?അല്ലെങ്കിൽ ഇവർക്ക് അതിനെക്കുറിച്ച് അറിയില്ലായിരിക്കും .


ഈ ചർച്ചയിൽ പങ്കെടുത്തവരുടെ സംവേദനശീലം കാലഹരണപ്പെട്ടതും തുരുമ്പിച്ചതുമാണ്.മലയാളകഥയെ ക്കുറിച്ചുള്ള ചർച്ച എങ്ങനെയാണ്  ഈവിധം ബഹിർമുഖമാകുന്നത് ? എന്ത് വിഷയം ചെറുകഥയിൽ അവതരിപ്പിക്കുന്നു എന്നത്  രണ്ടാമത്തെ കാര്യമാണ്. എങ്ങനെ എഴുതുന്നു ,ഏത് ശൈലി ,ക്രാഫ്റ്റ്, ഭാഷ സ്വീകരിക്കുന്നു എന്നതാണ് പ്രധാനം.വി.പി.ശിവകുമാറിൻ്റെ 'പന്ത്രണ്ടാം മണിക്കൂർ' യു.പി.ജയരാജിൻ്റെ ' 'നിരാശാഭരിതനായ സുഹൃത്തിനൊരു കത്ത് ' തുടങ്ങിയ കഥകൾ കേട്ടിട്ടുപോലുമില്ലാത്തവർ എന്തിനു കഥാചർച്ചയിൽ പങ്കെടുക്കുന്നു?.


സംസ്കൃത വാക്കുകളോട് താല്പര്യമില്ലെന്നും മീശ എന്നതിനു പകരം ശ്മശു എന്നോ അപ്പനു പകരം പിതാവെന്നോ മുലയ്ക്ക് സ്തനം എന്നോ പറയില്ലെന്ന് കഥാകൃത്ത് എസ്. ഹരീഷ് (പച്ചമലയാളം ,ഫെബ്രുവരി ) പ്രഖ്യാപിക്കുന്നു. എങ്കിൽ ഹരീഷ് എന്ന പേര് ഉടനെ മാറ്റണം. ഹരീഷ് എന്നാൽ ഹരി എന്ന ഈശൻ എന്നാണർത്ഥം. രണ്ടും സംസ്കൃതപദങ്ങൾ .അതു പോലെ ,കഥാകൃത്ത് ,നോവൽ ,നോവലിസ്റ്റ് എന്നൊന്നും പറയരുത്. അതൊക്കെ വേറെ ഭാഷയിലെ വാക്കുകളാണല്ലോ.പിതാവിനെയും സ്തനങ്ങളെയും എന്തിനാണ് പ്രതിരോധിക്കുന്നത് ?വാസ്തവത്തിൽ ,ഇതൊന്നുമല്ല ഒരെഴുത്തുകാരൻ്റെ വലിയ പ്രശ്നങ്ങൾ.


വാക്കുകൾ 


1)ലോകത്തിൻ്റെ സങ്കടങ്ങളിൽ സന്തോഷത്തോടെ ഇടപെടുക. നമുക്ക് ലോകത്തിലെ സങ്കടങ്ങളെ ചികിത്സിച്ചു ഭേദമാക്കാനാവില്ല, എന്നാൽ അതിൽ എങ്ങനെ ജീവിക്കണമെന്ന് തിരഞ്ഞെടുക്കാൻ കഴിയും.

ജോസഫ് കാമ്പെൽ,

(അമെരിക്കൻ  വിമർശകൻ)


2)സന്തോഷം ശരീരത്തിന് നല്ലതാണ്; എന്നാൽ ദുഃഖമാണ് മനസ്സിലെ ശക്തികൾ വികസിപ്പിക്കുന്നത്.

മാർസൽ പ്രൂസ്ത്,

(ഫ്രഞ്ച് എഴുത്തുകാരൻ )


3)ലോകത്തിലുള്ളതെല്ലാം ഒരു യെസ് പറഞ്ഞുകൊണ്ടാണ് തുടങ്ങുന്നത് .ഒരു തന്മാത്ര മറ്റൊന്നിനോട് യെസ് പറഞ്ഞതുകൊണ്ടാണ് പിറവിയുണ്ടായത്. 

ക്ലാരിസ് ലിസ്പെക്ടർ ,

(ബ്രസീലിയൻ എഴുത്തുകാരി )


4)ചരിത്രം നമ്മെ പഠിപ്പിക്കുന്നത്  ഇതാണ് :രാജ്യങ്ങളോ, ഭരണകൂടങ്ങളോ ചരിത്രത്തിൽ നിന്ന് യാതൊന്നും പഠിക്കുന്നില്ല.

ഹെഗൽ ,

(ജർമ്മൻ ചിന്തകൻ)


5)മനുഷ്യാസ്തിത്വത്തിൻ്റെ സമസ്യ നിലനിൽക്കുന്നത് വെറുതെ ജീവിച്ചിരിക്കുന്നതിലല്ല; ജീവിക്കാനായി എന്തെങ്കിലും ഒരു കാരണം കണ്ടെത്തുന്നതിലാണ്.

ദസ്തയെവ്സ്കി ,

(റഷ്യൻ എഴുത്തുകാരൻ )



കാലമുദ്രകൾ


1)വത്സൻ കൂർമ്മ കൊല്ലേരി


സമകാലീന ചിത്ര ,ശില്പകലയിലെ ആഴമുള്ള കാഴ്ചകൾ ഒഴുകുന്ന വത്സൻ കൂർമ്മ കൊല്ലേരി പാരീസിൽ നിന്നാണ് കലാപഠനം പൂർത്തിയാക്കിയത്. ഏത് നവമാധ്യമങ്ങൾ വന്നാലും മനുഷ്യൻ എന്ന അവസ്ഥയുടെ ജീവിക്കുന്ന അനുഭവം നഷ്ടമായാൽ എല്ലാം വ്യർത്ഥമാണെന്ന് അദ്ദേഹം പറയുന്നു.


2)ബോസ് കൃഷ്ണമാചാരി


കേരളം വിട്ട് ഒരു കലാപ്രവർത്തനമണ്ഡലം സൃഷ്ടിച്ച ചിത്രകാരൻ ബോസ് കൃഷ്ണമാചാരി കേരളത്തിൽ ബിനാലെ എന്ന ആശയം യാഥാർത്ഥ്യമാക്കി. അതിനൊപ്പം ചിത്ര, ശില്പ ,പ്രതിഷ്ഠാപനകലയിൽ സ്പന്ദിക്കുന്ന കലാകാരജീവിതമുണ്ടെന്ന്, ആഗോള പരിപ്രേക്ഷ്യമുണ്ടെന്ന്  സാധാരണക്കാരെ ബോധ്യപ്പെടുത്തുന്നതിൽ വലിയ  പങ്കുവഹിച്ചു .


3)സിവിക് ചന്ദ്രൻ


ബാലൻ പൂതേരി എന്ന എഴുത്തുകാരന്  പത്മശ്രീ ലഭിച്ചപ്പോൾ പ്രകോപിതരായവരോട് സിവിക് ചന്ദ്രൻ പറഞ്ഞ വാക്കുകൾ ശ്രദ്ധേയമായിരുന്നു.വനങ്ങൾ സിംഹങ്ങൾക്കും കടുവകൾക്കും  മാത്രമുള്ളതല്ല, മണ്ണിരകൾക്കും  ചെറുപ്രാണികൾക്കും കൂടി അവകാശപ്പെട്ടതാണ് എന്ന ചിന്തയാണ് അദ്ദേഹം നല്കിയത്.സാഹിത്യം ഒരു വനമാണ് ,ഓരോ എഴുത്തുകാരനും അവിടെ ഇടമുണ്ടെന്ന് കവി പാബ്ളോ നെരൂദ പറഞ്ഞത് ഓർത്തുപോയി.


4)ജോഷി 


കൊമേഴ്സ്യൽ സിനിമയുടെ വിജയത്തിൻ്റെ എല്ലാ ഹോർമുലകളും മനസ്സിലാക്കിയ ജോഷി 'പത്രം' എന്ന സിനിമയിലൂടെ മറ്റൊരു ചുവട് പരീക്ഷിച്ചു. എന്നാൽ 'പൊറിഞ്ചു മറിയം ജോസ് ' എന്ന ചിത്രത്തിലൂടെ ജോഷി മിതത്വത്തിൻ്റെയും മര്യാദയുടെയും ഇതുവരെ കാണാത്ത ഒരു സമീപനമാണ് സ്വീകരിച്ചത്; ജനപ്രിയമാക്കാൻ അധികഭാഷണമൊന്നും ഇല്ലാതെ തന്നെ ജനപ്രിയമാക്കുന്ന വിദ്യ .


5)ജി .ശങ്കരക്കുറുപ്പ് 


സുഗതകുമാരിയുടെ 'സ്വപ്നഭൂമി' എന്ന കവിതാസമാഹാരത്തിൻ്റെ  അവതാരികയിൽ (1965)  ജി. ശങ്കരക്കുറുപ്പ് എങ്ങനെ എഴുതി : 'ഇതിലെ കുലീനയായ ഭാവനയുടെ വ്യംഗ്യമര്യാദാമധുരമായ ഭാഷ താർക്കിക യുക്തിവാദികൾക്കും കേവല സിദ്ധാന്തികൾക്കും  സുഗ്രഹമായിക്കൊള്ളണമെന്നില്ല' .


സിനിമയും രാഷ്ട്രീയവും 


യുക്തിയേക്കാൾ സത്യത്തോട്  ബന്ധപ്പെട്ടതാവണം സിനിമയെന്നും  അതിൽ ശബ്ദത്തേക്കാൾ നിശ്ശബ്ദതയാണ് അഭികാമ്യമെന്നും കരുതിയ അന്തോനിയോനിക്ക് (ഇറ്റാലിയൻ നവറിയലിസ്റ്റ് സംവിധായകൻ) മാനസിക പ്രക്രിയയായിരുന്നു ആക്ഷ്നേക്കാൾ  ആകർഷകം" - ജോസ് തെറ്റയിലിൻ്റെ 'സിനിമയും രാഷ്ട്രീയവും' എന്ന പുസ്തകത്തിലെ വരികളാണിത്. ലോകസിനിമയെ ഒരു ഗവേഷകൻ്റയും പഠിതാവിൻ്റെയും മനസ്സോടെ പിന്തുടർന്നു ചെല്ലുന്ന ഈ ഗ്രന്ഥം ചലച്ചിത്രത്തെ ഗൗരവമായി കാണുന്നവർക്ക് ചരിത്രപരമായ വിജ്ഞാനം പകരുന്നുണ്ട്. രാഷ്ട്രീയസിനിമ, സോവിയറ്റ് സിനിമ, ഡോക്യുമെൻററി ,നിയോറിയലിസ്റ്റ്, അമേരിക്കൻ സിനിമ ,ഹോളിവുഡ് സിനിമ ,മൂന്നാംലോക സിനിമ എന്നിങ്ങനെ തരം തിരിച്ച് ഗ്രന്ഥകാരൻ  പരിശോധിക്കുന്നു. സിനിമ ജീവിതമാണെന്ന് ,പ്രാണവായുവാണെന്ന് കരുതുന്ന സംവിധായകരുടെ രചനകളിലൂടെ നടത്തുന്ന സഞ്ചാരമാണിത്. നല്ല സിനിമയ്ക്ക് വേണ്ടി ഒരു ആനുകാലികം പോലുമില്ലാത്ത ഭാഷയാണ് നമ്മുടേതെന്ന് ഓർക്കുമ്പോൾ ജോസ് തെറ്റയിലിൻ്റെ ഈ സംരംഭം പ്രസക്തമാണ്.


കേരളത്തിലെ ഫിലിം സൊസൈറ്റി  പ്രസ്ഥാനത്തിൻ്റെ  അവിഭാജ്യഘടകമായി പ്രവർത്തിച്ചിട്ടുള്ള, മുൻ മന്ത്രി കൂടിയായ ഗ്രന്ഥകാരൻ ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യയുടെ ദേശീയ കൗൺസിൽ അംഗമായിരുന്നു. ദേശീയ ചലച്ചിത്രാസ്വാദന കോഴ്സിൽ പങ്കെടുത്ത തെറ്റയിൽ നവസിനിമയുടെ വക്താവാണ്.


Tuesday, February 9, 2021

അക്ഷരജാലകം/എം.കെ.ഹരികുമാർ / അന്ത: ക്കരണത്തിലെ സ്വാതന്ത്ര്യം/metrovartha, 8/2/2021

 അക്ഷരജാലകം  link

എം.കെ.ഹരികുമാർ

9995312097



കവിതയെഴുതാൻ ഗണിതശാസ്ത്രമറിഞ്ഞാൽ പോരാ; കാവ്യാനുഭൂതി തന്നെ വേണം. കാവ്യാനുഭൂതി എന്ന് പറഞ്ഞാൽ ചിലപ്പോൾ വ്യക്തമാവുന്നമെന്നില്ല. കവിതയിൽ നിന്നുണ്ടാകുന്ന അനുഭൂതിയെന്നല്ല ഇവിടെ അർത്ഥമാക്കുന്നത്. കവിതയെഴുതാനുള്ള അനുഭൂതിയുമല്ല; കവിത എഴുതുന്നതിനു മുമ്പ് കവിതയായി മാറുന്നതിൻ്റെ  അനുഭൂതിയാണത്. അതാണ് ഏറ്റവും സ്നിഗ്ദ്ധവും ഭ്രാന്തവും അഗാധവുമായത്. അതിലാണ്  മനുഷ്യവ്യക്തിക്ക് അസാധാരണമായ ജീവിതമുള്ളത്. അസ്തിത്വത്തിൻ്റെ പുറം അടരുകൾ പൊട്ടിച്ച് അതിനുള്ളിലേക്ക് ആഴ്ന്നിറങ്ങി അപാരതയെ നേർക്കുനേർ കാണുന്നത്  അവിടെയാണ്. കവിതയുണ്ടാകുന്നത് അപ്പോഴാണ്.



എന്നാൽ വൃത്തവും വ്യാകരണവും ഈണവും പഠിച്ചതുകൊണ്ടും കവിതയെഴുതുന്നവരുണ്ട്. ഇവർ രണ്ടാം തരമാണ്. ഇക്കൂട്ടർക്ക് സ്വന്തമായി വഴിയില്ല .അന്യരുടെ വഴിയെ നടന്ന് സ്വന്തമാണെന്ന് തെറ്റിദ്ധരിപ്പിച്ചുകൊണ്ടിരിക്കും.  മുൻകാല കവിതകൾ വായിക്കാത്തവരാണ് അധികവും. അവരെ കബളിപ്പിക്കാൻ എളുപ്പമാണ്.


എൻ.എൻ. കക്കാടിൻ്റെ 'സഫലമീയാത്ര' എന്ന കവിത പ്രസിദ്ധമാണല്ലോ. പക്ഷേ, ഇത് മാത്യൂ ആർനോൾഡിൻ്റെ  'ഡോവർ ബീച്ച് '(1867) എന്ന കവിതയിൽ നിന്നും ഉണ്ടാക്കിയതാണ് .കക്കാട് തൻ്റെ കവിതയിൽ  പ്രിയസഖിയെ ജനാലയ്ക്കരികിലേക്ക് വിളിച്ച് വരുംവരായ്കകൾ അവലോകനം ചെയ്യുന്നു. അതുതന്നെയാണ് മാത്യു ആർനോൾഡും  എഴുതിയിരിക്കുന്നത്.

ഡോവർ ബീച്ചും സഫലമീ യാത്രയും ഒരേ സന്ദർഭമാണ് ,ഒരേ വീക്ഷണമാണ്. രണ്ട് പശ്ചാത്തലത്തിലാണെന്ന് മാത്രം.


'ജാലകത്തിനരികിലേക്ക്‌ വരൂ 

ഈ രാത്രിയുടെ കാറ്റ് 

എത്ര മധുരമാണ് !"എന്നാണ് ആർനോൾഡ് എഴുതുന്നത്. സഖിയോടാണ് ആർനോൾഡ് ഈ കാലത്തെക്കുറിച്ച് സംസാരിക്കുന്നത് .അതുതന്നെയാണ് കക്കാടും ചെയ്യുന്നത്. 


'പ്രിയപ്പെട്ടവളെ വരൂ 

നമുക്ക് ആത്മാർത്ഥമായി 

ഒന്നിക്കാം' എന്ന് ആർനോൾഡ് എഴുതുന്നു. ഇതിനു സമാനമാണ് കക്കാടിൻ്റെ ടോൺ .


സുഗതകുമാരി ദാർശനികമായല്ല ,വൈകാരികാനുഭൂതിയിൽ നിന്നുകൊണ്ടാണ് എഴുതിയത് .അവർ ശരിക്കും ശുദ്ധമായ അനുഭൂതിയുള്ള കവിയായിരുന്നു; ഒട്ടും കൃത്രിമത്വമില്ല. സുഗതകുമാരിയുടെ 'വെറുതേ 'എന്ന കവിത അതിൻ്റെ ഉത്തമദൃഷ്ടാന്തമാണ്:


'വെറുതേ തമ്മിൽ നോക്കി

യിരുന്നുപോയീ ,കണ്ണിൽ വെറുതേ

നിലാവ് വീണിളകിപ്പോയീ ,

ചുണ്ടിൽ 

വെറുതേ ചിരി വന്നതമർത്തിപ്പോയീ , ചെന്ന് വെറുതേ കടൽക്കാറ്റേറ്റിരുന്നു പോയീ, പിന്നെ 

വെറുതേ കരംകോർത്തു പിടിച്ചും

കൊണ്ടാക്കരിം

തിരകൾക്കിടയിലേക്കിറങ്ങിപ്പോയീ , വെറും

വെറുതെ ഒരു പ്രേമം! '


ഈ വികാരം കവിയിൽ തന്നെ ഉദിച്ച സ്തമിച്ചതാണ്; ഇതാണ് അനുഭൂതി. ഈ അനുഭൂതി ഇല്ലാത്തവരാണ് പുതിയ കാലത്തെ കവികളിൽ ഭൂരിപക്ഷവും. അവർ ഭാഷയെ ആസൂത്രണം ചെയ്ത് ഗണിതമാക്കുന്നു.  സംഗീതത്തിൽ പോലും കണക്കുണ്ട് .എന്നാൽ കവിതയിൽ കണക്കില്ല. അത്  വസ്തുവിൻ്റെ ഖരാവസ്ഥയെ ഭേദിക്കുന്നത് ചുറ്റികകൊണ്ടല്ല, ഗണിതം കൊണ്ടല്ല; ആത്മാനുരാഗത്താലാണ്.


എൻ.ജി.ഉണ്ണികൃഷ്ണൻ ( തുറപ്പ്), രാവുണ്ണി (കല്ലു ) ,പവിത്രൻ തീക്കുനി (മണ്ണിര)എന്നിവർ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ (ഫെബ്രുവരി 13) എഴുതിയ കവിതകൾ നാടകം, ആസൂത്രണം, ഗണിതം എന്നിവയാൽ നിർമ്മിക്കപ്പെട്ടതാണ്. അനുഭൂതി കൃത്രിമമാണ്. ഉണ്ണികൃഷ്ണൻ്റെ കവിത ഒരു പലചരക്ക് കടയെക്കുറിച്ചാണ്. കുറേ ചില ശിഥിലചിത്രങ്ങൾ മാത്രം. ദൃശ്യങ്ങളെ ഉദ്ഗ്രഥിക്കാൻ കവിക്ക് കഴിഞ്ഞില്ല. ഒറ്റയ്ക്ക് എടുത്താൽ ഓരോ വരിയും അനാഥമാണ്. ഉദ്ധരിക്കാനായി ഒരു വരിയുമില്ല.


 'ആടട്ടെ

സിനിമയിലെങ്കിലും 

ഒറ്റയിടിക്ക് ജനശത്രുവിൻ

നെഞ്ഞുതകർക്കും വീരൻ്റെ 

പലകക്കടലാസുരൂപത്തിൻ മുന്നിൽ

ഞങ്ങൾ  

ആനന്ദനൃത്തം' എന്ന് എഴുതി കവി രക്ഷപ്പെടുകയാണ്.


പാവപ്പെട്ട കല്ലു എന്ന സ്ത്രീയെക്കുറിച്ചാണ് രാവുണ്ണി എഴുതുന്നത് .കല്ലുവിനെ ചതിച്ച ഗെങ്ങുവിൻ്റെ കഥയാണ്. ഇതിൽ കവിത എന്ന് വിവക്ഷിക്കപ്പെടാവുന്ന ചിലതുണ്ട്.  പക്ഷേ, അനുഭൂതിയില്ല.


'മറ്റുദേശക്കാർ ഉറക്കമെണീറ്റു പാഞ്ഞെത്തി

കുറുക്കന്തുരുത്ത് കോൾപ്പടവിൻ്റെ 

ഒത്തനടുക്ക്  

എഞ്ചിൻതറയിൽ

ആലിംഗനബദ്ധരായി 

ദിഗംബരശരീരികളായി

ഗെങ്ങുവും കാർത്തുവും'


എന്നൊക്കെ എഴുതുന്നത്  ആഖ്യാനം മാത്രമാണ്;കവിതയുടെ ആത്മാവല്ല.


പവിത്രൻ തീക്കുനി  ഗണിതത്തിൽ കവിതയെ പൊതിയുന്നു.


'തിമിർത്തു പെയ്യുമ്പോൾ

മഴയ്ക്കറിയില്ല 

ചോർന്നൊലിക്കുന്നതിൻ്റെയും  നനഞ്ഞു വിറയ്ക്കുന്നതിൻ്റെയും നിസ്സഹായതകൾ '


ഓരോ പ്രകൃതി പ്രതിഭാസവും ഇങ്ങനെയല്ലേ ?ഇതിൽ എന്താണ് വായനക്കാരന് അറിയേണ്ടതായിട്ടുള്ളത് ?  മഴയ്ക്ക് എന്നല്ല ,പ്രകൃതിക്കു തന്നെ  മനുഷ്യൻ്റെ  ചിന്തയോടോ , സൗന്ദര്യബോധത്തോടോ ബന്ധമില്ല. പ്രകൃതിയിലെ സൗന്ദര്യം മനുഷ്യൻ  നിർമ്മിക്കുന്നതാണ് .അത് യഥാർത്ഥമല്ല .പ്രകൃതിയിലെ സൗന്ദര്യത്തിന് പ്രകൃതി ഉത്തരവാദിയല്ല. ഒരു പൂച്ചയുടെ സൗന്ദര്യത്തിൽ പൂച്ചയ്ക്കെന്ത് ചെയ്യാനൊക്കും ? 


രഞ്ജിത്ത് കല്യാണി എഴുതിയ 'കത്രിക' (ഗ്രന്ഥാലോകം, ജനുവരി ) യിൽ ഇങ്ങനെ വായിക്കാം:


'വിലകൂടിയ കുപ്പായങ്ങൾ 

വെട്ടി വെട്ടി 

കുട്ടിക്കുപ്പായമാക്കി 

അവരുടെ അച്ഛനുമമ്മയെയും

കുട്ടികളാക്കി " .


കത്രികകൊണ്ട് കവി ഗണിതമാലോചിക്കുകയാണ്. കത്രികയ്ക്ക് ചെയ്യാവുന്നതേ കവിക്കും  ചെയ്യാനാവുന്നുള്ളു.



സന്ധ്യ പത്മയുടെ 'തിര (അല)ച്ചിൽ(പ്പ്) (ഗ്രന്ഥാലോകം, ജനുവരി ) എന്ന കവിതയിലെ വരികൾ ഇങ്ങനെ:

'ഇപ്പോൾ

 എൻ്റെ കവിതമുറി കാണാനില്ല! വീടുമുഴുവൻ തിരഞ്ഞു .

അടുക്കളയിലോ 

കിടപ്പുമുറിയിലാ ഇല്ല'


ഇതിനെയാണ് അതിഭാവുകത്വമെന്നു പറയുന്നത് .എഴുതാനുള്ള മുറി ഒരാളുടെ സ്വാതന്ത്ര്യമാണ്. അതില്ലാതായി. എന്നാൽ കവി അതിനെ അതിവൈകാരികമായി സമീപിക്കുന്നു .വാടകയ്ക്കൊരു മുറിയെടുത്തു വടക്കൻ തെന്നൽ എന്ന് സിനിമാഗാനത്തിൽ പറയുന്നപോലെയുള്ള അതിഭാവുകത്വമാണിത്. സിനിമാഗാനങ്ങൾക്ക് അമിതമായ വൈകാരികതയും അതിശയത്തെയും വെല്ലുന്ന അതിശയോക്തിയെയും ഒഴിവാക്കാനാവില്ല .സിനിമ കാണുന്ന പ്രേക്ഷകരെ ചിന്തിപ്പിക്കാതിരിക്കുകയാണ് ഗാനങ്ങളുടെ ലക്ഷ്യം. ഒരു പെണ്ണ് പാടത്തും പറമ്പിലും പണിയെടുത്തു തളരുന്നവളാണെന്നോ ,അവളുടെ അനുരാഗം ജീവിതത്തിൽ നിന്നാണ് ശ്വാസമെടുക്കുന്നതെന്നോ ഗാനരചയിതാവിനു അറിയേണ്ട. അയാൾ അവളുടെ അനുരാഗത്തെ മല്ലീശ്വരൻ്റെ പൂവമ്പായി വീക്ഷിക്കുന്നു! 


വാക്കുകൾ 


1)ഒരു പെണ്ണ് ജനിക്കുകയല്ല, അവൾ ഒരു സ്ത്രീയായിത്തീരുകയാണ് ചെയ്യുന്നത്.


സിമോങ്  ദ് ബുവ്വേ,

ഫ്രഞ്ച് എഴുത്തുകാരി 


2)ആണുങ്ങൾ ഏറ്റവും വലിയ ചതി  നേരിടേണ്ടിവരുന്നത് അവരുടെ സ്വന്തം നിലപാടുകളിൽ നിന്നു തന്നെയാണ്.

ലിയനാഡോ ഡാവിഞ്ചി ,

ഇറ്റാലിയൻ ചിത്രകാരൻ


3) മനുഷ്യശരീരത്തിലെ ക്ഷേത്രത്തിലാണ് ദൈവം വസിക്കുന്നതെന്ന് അറിയുന്ന നിമിഷത്തിൽ ,ഒരു മനുഷ്യനെ ദൈവമായി കണ്ട് അവൻ്റെ മുന്നിൽ ആദരവോടെ നില്ക്കുന്ന നിമിഷത്തിൽ ഞാൻ എൻ്റെ എല്ലാ ബന്ധനത്തിൽ നിന്നും മുക്തനാകുകയാണ്‌.


സ്വാമി വിവേകാനന്ദൻ 


4)ലോകത്തിലെ ഏറ്റവും വലിയ പ്രതിഭകളായ ഹോമർ, ദാന്തെ, ഷേക്സ്പിയർ ടോൾസ്റ്റോയി എന്നിവരെ വായിക്കുന്നതുകൊണ്ട് നമ്മൾ മികച്ച വ്യക്തികളാകുകയില്ല.


ഹാരോൾഡ്  ബ്ളൂo,

അമേരിക്കൻ സാഹിത്യവിമർശകൻ


5)എല്ലാ ചീത്തക്കവിതകളും ആത്മാർത്ഥമായി എഴുതപ്പെട്ടതാണ്. ഓസ്കാർ വൈൽഡ്,

ഐറിഷ് നാടകകൃത്ത്.


കാലമുദ്രകൾ


1)കെ .എം.ധർമ്മൻ 


നൂറ് കണക്കിനു നാടകങ്ങൾ സംവിധാനം ചെയ്ത കെ.എം.ധർമ്മൻ  എങ്ങനെ ജീവിക്കുകയും  അതിജീവിക്കുകയും ചെയ്തുവെന്ന് ചോദിച്ചാൽ, കലാകാരൻ്റേത്  ഒരു ഇരുണ്ട ഇടനാഴിയാണ് ,അവിടെ പ്രകാശം കാണാൻ കഴിയുന്നത്  ആളുകൾക്ക് മാത്രമാണ് എന്നാണ് ഉത്തരം.


2)കെ. ജയകുമാർ


വയലാർ രാമവർമ്മ വെറുമൊരു  പുരോഗമന കവിയല്ലെന്നും പൗരോഹിത്യത്തെ നിഷേധിച്ചുകൊണ്ടു തന്നെ ഭാരതീയമായ സത്യാന്വേഷണത്തെയും ഉപനിഷത്തുകൾ നല്കുന്ന സനാതന മാനവികതയെയും ആശ്ലേഷിക്കുകയാണ് ചെയ്തതെന്നും  പ്രമുഖ കവി കെ. ജയകുമാർ ഒരു ലേഖനത്തിൽ എഴുതി.



3)പി .സോമൻ 


അന്തരിച്ച നീലമ്പേരൂർ മധുസൂദനൻ നായർ ഒരു പുരോഗമന കവിയായിരുന്നില്ല, പുരോഗമന സംഘത്തിൻ്റെ ഭാരവാഹിത്വം ഉണ്ടായിരുന്നെങ്കിലും പോലും. എന്നാൽ  ഡോ.പി.സോമൻ അദ്ദേഹത്തെ അനുസ്മരിച്ച് എഴുതിയ ലേഖനത്തിൽ പുരോഗമന സ്വഭാവം നീലമ്പേരൂരിൻ്റെ  മേൽ അടിച്ചേല്പിക്കുകയാണ്.


4)ദേശമംഗലം രാമകൃഷ്ണൻ

കവിതയുടെ ഹ്രസ്വഭാഷണത്തെയും മിതഭാഷണത്തെയും  നിരാകരിച്ചുകൊണ്ട് ദേശമംഗലം രാമകൃഷ്ണൻ എഴുതിയ 'അഷ്ടാവക്രൻ' എന്ന കാവ്യം  ശ്രദ്ധേയമായ ഒരു സംഭാവനയാകകയാണ്‌. എട്ട് ഒടിവുകളോടെ പിറന്ന അഷ്ടാവക്രൻ്റെ ദാർശനികമായ ഈണങ്ങളിലേക്ക് കവി ഉള്ളുലഞ്ഞ് സഞ്ചരിക്കുന്നു .



5)ജോമോൻ ടി ജോൺ


മലയാളത്തിൻ്റെ നവസിനിമയുടെ ഛായാഗ്രഹണത്തെ നിർവ്വചിച്ച പ്രധാനികളിൽ ഒരാളാണ് ജോമോൻ ടി. ജോൺ.  തണ്ണീർമത്തൻ ദിനങ്ങൾ, അയാളും ഞാനും തമ്മിൽ, തട്ടത്തിൻ മറയത്ത്, ജേക്കബിൻ്റെ സ്വർഗ്ഗരാജ്യം, ചാപ്പാ കുരിശ് തുടങ്ങിയ സിനിമകൾ പ്രേക്ഷകർ കണ്ടത് ജോമോൻ്റെ കണ്ണുകളിലൂടെയാണ്. വേഗത്തെ സൗന്ദര്യാനുഭവിക്കുന്നതാണ് പുതിയ ഛായാഗ്രഹണം.


6)ഡോ.ബി .ഇക്ബാൽ


തകഴിയുടെ 'തോട്ടിയുടെ മകൻ' എന്ന നോവലിന് ,മഹാമാരി ചിത്രീകരിച്ച നോവൽ എന്ന നിലയിൽ സവിശേഷ സ്ഥാനമാണുള്ളതെന്ന് ഡോ.ബി.ഇക്ബാൽ നിരീക്ഷിക്കുന്നു. തകഴിയെയും മറ്റും ഉൾക്കൊള്ളാനാവാത്ത വിധം വരണ്ട കാലാവസ്ഥയാണല്ലോ ഇപ്പോഴത്തെ സാംസ്കാരിക രംഗത്തുള്ളത്.


രവികുമാറിൻ്റെ പരിഭാഷകൾ


കാഫ്കയുടെ കഥകൾ പരിഭാഷപ്പെടുത്തിയതിലൂടെയാണ്  വി.രവികുമാർ ശ്രദ്ധ നേടിയത്. അദ്ദേഹത്തിന് സ്വന്തം പരിഭാഷകളുടെ ഒരു ബ്ളോഗുമുണ്ട് .രവികുമാറിനെപ്പറ്റി സെയ്ഫ് ചക്കുവള്ളി എഴുതിയ ലേഖനം (പ്രഭാതരശ്മി, ഡിസംബർ) വളരെ ഉചിതമായി എന്നറിയിക്കട്ടെ . " ഇതിനകം മുന്നൂറിലധികം വിശ്വസാഹിത്യകാരന്മാരുടെ ആയിരക്കണക്കിന് കൃതികൾ  മലയാളത്തിനു പരിചയപ്പെടുത്തിയ വർത്തനകലയിലെ രാജശില്പിയാണ്" രവികുമാർ എന്ന് ലേഖകൻ എഴുതുന്നു.ഇതിൽ അതിശയിക്കാനൊന്നുമില്ല. മൂവായിരത്തിന് മുകളിൽ രചനകൾ രവികുമാർ  മലയാളത്തിലേക്ക് കൊണ്ടുവന്നു. രവികുമാറിൻ്റെ  കൃതികളുടെ പ്രസാധകൻ അദ്ദേഹം തന്നെയാണ്. മാതൃകയാക്കേണ്ട കാര്യം.തൃശൂരിൽ ഐറിസ് എന്ന പേരിൽ അദ്ദേഹത്തിനു സ്വന്തമായി  പ്രസാധന ശാലയുണ്ട്. ബോർഹസിൻ്റെ സ്വപ്നവ്യാഘ്രങ്ങൾ ,കാഫ്കയുടെ എത്രയും പ്രിയപ്പെട്ട അച്ഛന് ,ബ്രഹ്തിൻ്റെ കവിതയുടെ  ദുരിതകാലം തുടങ്ങിയ കൃതികളാണ് സമീപകാലത്ത് ഇറങ്ങിയത്.


Thursday, February 4, 2021

അക്ഷരജാലകം/എം.കെ.ഹരികുമാർ /പെൺസൗന്ദര്യങ്ങൾ,metrovartha Feb 1, 2021

 അക്ഷരജാലകം

എം.കെ.ഹരികുമാർ ,

9995312097


പെൺസൗന്ദര്യങ്ങൾ ,സ്വപ്നങ്ങൾ


മലയാളകഥയിൽ വിശേഷിച്ച് ഒരു മാറ്റവും സംഭവിക്കുന്നില്ല. പഴയ വീഞ്ഞ് പഴയ കുപ്പിയിൽ തന്നെ വിറ്റുകൊണ്ടിരിക്കുകയാണ്.കഥയ്ക്ക്   നിഷ്കൃഷ്ടമായ അഭിരുചികളുള്ള  വായനക്കാരുണ്ടായിരുന്നു. അവരാണ് പട്ടത്തുവിള കരുണാകരൻ്റെ ' നട്ടെല്ലികളുടെ ജീവിതം', വി.പി.ശിവകുമാറിൻ്റെ 'മൂന്ന്  കഥാപാത്രങ്ങൾ' തോമസ് ജോസഫിൻ്റെ 'ചിത്രശലഭങ്ങളുടെ കപ്പൽ' ,യു.പി.ജയരാജിൻ്റെ 'ഓക്കിനാവയിലെ പതിവ്രതകൾ ',കെ.പി.നിർമ്മൽകുമാറിൻ്റെ 'കൃഷ്ണ ഗന്ധകജ്വാലകൾ ' തുടങ്ങിയ കഥകൾ വായിക്കുകയും മനസ്സിൽ, വാടാത്ത പൂവെന്ന പോലെ, കൊണ്ടുനടന്ന് സുഗന്ധം നുകരുകയും ചെയ്തത്. ഇപ്പോൾ അതെല്ലാം ഓർമ്മകൾ മാത്രമായി. കഥ എഴുതാനുള്ള യഥാർത്ഥവും മൗലികവും ദാർശനികവുമായ പ്രചോദനം ഒരിടത്തും കാണാനില്ല. എഴുതാൻ വേണ്ടി ബോധപൂർവം ഒരു വിഷയം കണ്ടുപിടിക്കുന്നവരാണധികവും.അവർ വിഷയത്തിനനുസരിച്ച് ചില നിരീക്ഷണങ്ങൾ അവതരിപ്പിക്കുന്നു. അത് കഥയായി പായ്ക്ക് ചെയ്തു പുറത്തിറക്കുന്നു. പക്ഷേ, അതിനു  മനുഷ്യാവസ്ഥയെക്കുറിച്ച് ഒന്നും തന്നെ പറയാനില്ല .നമ്മൾ വായിച്ചിട്ടുള്ളത് അതേപടി തന്നെ എഴുതി വയ്ക്കുകയാണ്. എഴുത്തുകാർ സ്വയം ജീവിക്കാത്ത കഥകളുടെ കുത്തൊഴുക്കാണിന്ന്.


ഒരേ ചാലിലൂടെ 



അടുത്തിടെ പ്രസിദ്ധീകരിച്ച നാല്  കഥകൾ വായിച്ചു. ഗ്രേസിയുടെ 'എള്ളെണ്ണയുടെ മണം' (എഴുത്ത്, ജനുവരി ) വി.ജെ. ജയിംസിൻ്റെ  'പാതാളക്കരണ്ടി' (മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ജനുവരി 30 ) ,വി.ബി. ജ്യോതിരാജിൻ്റെ 'ഏതോ ഒരാൾ ' ( മലയാളം ,ജനുവരി 25) ,വിനു എബ്രഹാമിൻ്റെ ' മറ്റൊരു കാലം ,മറ്റൊരു നഗരം (ഭാഷാപോഷിണി ,ജനുവരി ) എന്നീ കഥകൾ പരിശോധിക്കാം .കഥ പറച്ചിലിൽ കാതലായ നവീകരണമില്ല .പക്ഷികൾ കൂടുകൂട്ടുന്നത് നൂറ്റാണ്ടുകളായി ,ഓരോ വർഗ്ഗത്തിൻ്റെ സ്വഭാവമനുസരിച്ചാണ്. ഒരു പുതിയ വാസ്തുശില്പം അവയ്ക്ക്  പരീക്ഷിക്കാനാവുന്നില്ല. കാരണം അവയ്ക്ക് മനുഷ്യരെപ്പോലെ സർഗാത്മകസിദ്ധികളില്ല .നമ്മുടെ കഥയെഴുത്തുകാർ പക്ഷികളെയാണ് മാതൃകയാക്കുന്നത്. എന്നും എല്ലാക്കാലത്തും ഒരേ തരം ഘടന, ഒരേ മനോഭാവം ,ഒരേ സമീപനം , ഒരേ വാസ്തുശില്പം .


വി.ജെ‌. ജയിംസിൻ്റെ കഥയിൽ, കിണറ്റിൽ വർഷങ്ങൾക്ക് മുമ്പ് കളഞ്ഞു പോയ ഒരു പാതാളക്കരണ്ടി തപ്പിയെടുക്കാനുള്ള പുറപ്പാടാണുള്ളത്. വ്യക്തമായും ശുദ്ധമായും എഴുതാൻ  കഥാകാരനു കഴിയുന്നുണ്ട്. കിണറ്റിൽ രണ്ടുപേർ ഇറങ്ങി വൃത്തിയാക്കുന്നതും  കിണർ ഇടിയുന്നതുമെല്ലാം യഥാതഥമായി വിവരിക്കുന്നു. പാതാളക്കരണ്ടി തപ്പിയെടുത്തിട്ടും കഥ പിന്നെയും തുടരുകയാണ്.അതുവരെ രംഗപ്രവേശം ചെയ്യാതിരുന്ന തൊട്ടി  പെട്ടെന്ന് കഥാനായകൻ്റെ  ഓർമ്മയിലെത്തുന്നു. ഉടനെ പാതാളക്കരണ്ടി ഇറക്കി തപ്പുന്നു. അതിൽ ആരോ പിടിച്ചു വലിക്കുകയാണ്. എന്താണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്? എന്തിനാണ് ഈ പാതാളക്കരണ്ടിയെ രംഗത്തിറക്കിയത്? വെറുതെ കുറെ രൂപകങ്ങൾ കൊണ്ടുവരികയും അതെല്ലാം അർത്ഥശൂന്യമായി അവശേഷിക്കുകയും ചെയ്യുകയാണ്.


ഗ്രേസിക്ക് പതിറ്റാണ്ടുകളായി ഒരേ ഒരു കാര്യമാണ് പറയാനുള്ളത് .ഒരു പെണ്ണിൻ്റെ ശരീരം ,പ്രേമം ,സെക്സ് ,ഗർഭം . അവിഹിതമായ ബന്ധം... ഇതെല്ലാം 'എള്ളെണ്ണയുടെ മണം' എന്ന കഥയിലും ആവർത്തിക്കുന്നു. പറമ്പിൽ പണിയെടുക്കുന്ന ഒരാൾ സ്ഥലമുടമയുടെ ഭാര്യയിൽ മൂന്ന് കുട്ടികൾക്ക് ജന്മം നല്കുന്ന കാര്യമാണ് ഗ്രേസി കണ്ടുപിടിച്ചിരിക്കുന്നത്. ഇത്തരം കഥകൾ ഈ കാലത്ത് എന്തിന് എഴുതപ്പെടുന്നു? എന്ത് പ്രസക്തി എന്ന് മനസ്സിലാകുന്നില്ല. ഇത് വായിക്കുന്നവനു എന്താണ് പ്രയോജനം ?


യാതനകളുടെ ഭാഷ


വി.ബി. ജ്യോതിരാജിൻ്റെ 'ഏതോ ഒരാൾ ' ആത്മീയഭാരത്താൽ വലിഞ്ഞുമുറുകിയ ഒരാളുടെ അന്തരാത്മാവിൽ നിന്നുള്ള ഉന്മാദമായ ആക്രന്ദനമാണ്. ഈ കഥയിൽ തന്നെ പല കഥകളുണ്ട്. നമ്മുടെ ഏറ്റവും യുവാവായ അല്ലെങ്കിൽ യുവത്വമുള്ള കഥാകൃത്ത് ജ്യോതിരാജാണ്. അദ്ദേഹം വയോധികനാണെങ്കിലും കഥയെഴുതുമ്പോൾ തീരെ ചെറുപ്പമാവും .അദ്ദേഹം അഗാധമായ ചില ചോദ്യങ്ങൾ ഉന്നയിച്ചുകൊണ്ട് മനുഷ്യസ്തിത്വത്തെ കണ്ടെത്താൻ ശ്രമിക്കുകയാണ് .നാനാവിധത്തിൽ തകർന്ന ഒരുവൻ്റെ മനസ്സിനുള്ളിലെ ഇരുട്ടിൽ അവനെങ്ങനെയാണ് അതിജീവിക്കാനായി സ്വപ്നങ്ങളും മിഥ്യകളുമുണ്ടാക്കുന്നതെന്ന് എത്ര മനോഹരമായാണ് അദ്ദേഹം എഴുതുന്നത്. ചിന്താശേഷിയുള്ളവർ ഈ കഥ വായിക്കണം. കഥയിലെ 'ഞാൻ' എന്ന കഥാപാത്രം തൻ്റെ  പ്രായത്തെ മറന്ന് ,യാദൃശ്ചികമായി മൊബൈലിലൂടെ പരിചയപ്പെട്ട ഒരു സ്ത്രീയുമായി നടത്തുന്ന സംവാദങ്ങളും പ്രണയസല്ലാപങ്ങളുമാണ് കഥാകൃത്ത് എഴുതുന്നത്. അത് തീവ്രമായ ഒരു മനസ്സിൻ്റെ ആഗ്രഹത്തിൻ്റെ അനിവാര്യതയുടെ ഫലമാണ്. ജീവിച്ചില്ലെങ്കിൽ മരിച്ചുപോകുമെന്ന അവസ്ഥയിൽ, ഒരാൾ സ്വയം ഭ്രാന്താണെന്ന് അറിഞ്ഞുകൊണ്ട് തീക്ഷ്ണമായ ജീവിത സൗന്ദര്യത്തിനായി അലയുന്നത്  നാം കാണുന്നു. 


കഥയിലെ ഒരു ഭാഗം ഇങ്ങനെയാണ്: " ഉള്ളു നോവുന്ന എന്തെങ്കിലും സംഭവമുണ്ടായാൽ ഉടനെ ഞാനത് എൻ്റെ മനസ്സിൻ്റെ ഭൂപടത്തിൽ നിന്ന് മായ്ച്ചുകളയും. മനസ്സിൻ്റെ സ്വഭാവത്തെക്കുറിച്ച് പറയുക ആർക്കും എളുപ്പമല്ല. എൻ്റെയുള്ളിൽ മരിച്ചവരുടെ മുഖങ്ങൾ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടും.ഞങ്ങൾ അനുഭവിച്ച കൊടിയ വേദനകൾക്ക്  മുകളിലാണ് നിങ്ങൾ സ്വർഗകുടീരങ്ങൾ പടുത്തുയർത്തുന്നതെന്ന് അവരെന്നെ ഓർമ്മപ്പെടുത്തും. എനിക്ക് പേടിയാണ്; ഇന്നലെകളുടെ ഓർമ്മകളിലേക്ക് തിരിഞ്ഞുനോക്കാൻ '... അവസാനം ,എല്ലാ ആസക്തിയും എന്നെ വിട്ടൊഴിഞ്ഞു.ഹൃദയത്തിൻ്റെയും തലച്ചോറിൻ്റെയും കവിഞ്ഞൊഴുകൽ  അവസാനിച്ചു. ഞാനൊരു വാടിക്കൂമ്പിയ പുരുഷലിംഗം മാത്രമായി മാറുകയായിരുന്നു.പലരുടെയും ജീവിതാന്ത്യത്തിലെ രഹസ്യം എനിക്ക് മനസ്സിലായി .ഞാൻ മദിച്ചുനടന്ന ഭൂതകാലം ഒരു ശവക്കുഴിയിലെന്നപോലെ എൻ്റെ  ശരീരത്തിലാണ് കിടക്കുന്നത് " .


ജ്യോതിരാജ് ഇങ്ങനെ എഴുതാൻ കാരണം ,അദ്ദേഹം നേരിട്ട അനുഭവങ്ങളാണ്. ജീവിതത്തിലെ യാതനകളിൽ നിന്ന് ഒരു ഭാഷ സ്വയം ജന്മമെടുത്തു വരുകയാണ്. ഇതിൽ സത്യസന്ധതയാണുള്ളത്; സർഗാത്മകത തീവ്രസൗന്ദര്യാനുഭവത്തിനു അഭിമുഖം വരുമ്പോൾ അത് ഉന്മാദമാവുന്നു. ജീവിതത്തിൻ്റെ നിരർത്ഥകത ഏതുനിമിഷവും ആരിലും അധീശത്വം സ്ഥാപിക്കാവുതേയുള്ളൂ .ജീവിതം ഒരു ഓട്ടമാണ്; അതേസമയം ആ ഓട്ടത്തിൻ്റെ ഓരോ ഘട്ടത്തിലും പ്രതീതിയും ഓർമ്മകളുമാണുള്ളത്. ഓർമകൾ അകലുന്നതോടെ ജീവിതവും അകലുന്നു.


പെൺസൗന്ദര്യങ്ങൾ 


വിനു എബ്രഹാമിൻ്റെ കഥയിൽ കോളേജ് കാലത്തെ വിപ്രലംഭശൃംഗാര മാണ് വിഷയം.താൻ മനസ്സിൽ താലോലിച്ചിരുന്ന ഒരു പ്രണയപുഷ്പം ഇതാ ലോകത്തോട് വിട പറഞ്ഞിരിക്കുന്നു. ഇനി താൻ മറ്റൊരു നഗരം തേടുകയാണ് എന്നാണ് മുഖ്യകഥാപാത്രം പറയുന്നത്. ചില പ്രണയങ്ങൾ ഇങ്ങനെയാണ്. അത്  മത്സ്യങ്ങൾ ജലത്തിനടിയിൽ നിന്ന് ഉയർന്നുവന്ന് ശുദ്ധവായു തേടുന്നതിനെ  ഓർമ്മിപ്പിക്കും. വിശുദ്ധവും അലൗകികവുമായ എന്തോ ഒന്ന് ചിലരോടുള്ള പ്രണയങ്ങളിലുണ്ട്. ഏകപക്ഷീയമാകാം അത്‌. പ്രണയം ഏകപക്ഷീയമായാലും കുഴപ്പമില്ല. കാരണം അതൊരു സ്വകാര്യ വേദനയും സ്വപ്നവുമാണ്‌. വിനു കഥയിൽ രൂപപരമായ മാറ്റമൊന്നും  തേടുന്നില്ല .എല്ലാം പഴയ പാതകൾ തന്നെ. 


പക്ഷേ ,ഈ നിരീക്ഷണങ്ങൾ സുന്ദരമായിട്ടുണ്ട് :" ഇല്ല, ദേവാനന്ദ് ഒരു പെൺകുട്ടിയുടെ അസാധാരണ സൗന്ദര്യം അത്ര പാഴൊന്നുമല്ല. നീതിക്കുവേണ്ടിയുള്ള വലിയ കലാപം പോലെയോ ഒരു തലമുറയുടെ തന്നെ പ്രതീകമാകുന്ന മഹത്തായ കലാസൃഷ്ടി പോലെയോ തന്നെയാണ് ചില വലിയ പെൺ സൗന്ദര്യങ്ങളും .ആ ജീവിതങ്ങൾ ചിലപ്പോൾ പരാജയമായിരിക്കാം. എങ്കിലും അത് ഒരു കാലത്തെയും ഒരു പ്രദേശത്തെയും അടയാളപ്പെടുത്തിയെന്നു വരും " .


ഈ വാക്യങ്ങൾ കഥാകൃത്തിൻ്റെ  ഹൃദയത്തിൽ തങ്ങി നിന്ന സ്മാരക ശിലാലിഖിതങ്ങളാണ്. നഷ്ടപ്രണയങ്ങളുടെ സ്മാരകങ്ങളിൽ  ഇതുപോലെ ചിലത് വായിക്കാനാകണം. പെൺസൗന്ദര്യങ്ങൾ എങ്ങനെ പാഴാകും? പെൺസൗന്ദര്യങ്ങൾ പ്രതീക്ഷയാണ് ;സ്വപ്നമാണ് ,ഭാവനയാണ്. അസ്തിത്വത്തിൻ്റെ അറിയപ്പെടാത്ത ലോകത്തെക്കുറിച്ച് സൂചന തരുകയാണ്.അത് നക്ഷത്രരാവുകളിലെ അഭൗമരാഗം പോലെ മനസ്സിനെ സന്തോഷിപ്പിക്കുമെങ്കിൽ അതിൽ സത്യം ഒളിച്ചിരിക്കുന്നു, അനാവൃതമാകാൻ വേണ്ടി.



വാക്കുകൾ



1)ജീവിതത്തിൻ്റെ ദുരിതങ്ങളിൽ നിന്ന് ഓടി അഭയം തേടാൻ രണ്ടു വഴികളേയുള്ളു: സംഗീതവും പൂച്ചയും


ആൽബർട്ട് ഷ്വൈറ്റ്സർ,

(ഫ്രഞ്ച് ചിന്തകൻ)



2) ഉപാധികളില്ലാത്ത സ്നേഹം തരുന്ന അത്ഭുതജീവിയാണ് പട്ടി .


ജിൽഡാ റാഡ്നർ ,

(അമേരിക്കൻ നടി)


3)വാക്കുകളുടെ കാര്യത്തിൽ അമിതശ്രദ്ധാലുവാകാൻ കഴിയില്ല; വാക്കുകളും മനസ് മാറ്റിക്കളയും , നമ്മളെപ്പോലെ.


ഹോസെ സരമാഗോ ,

(പോർച്ചുഗീസ് എഴുത്തുകാരൻ )



4)മനുഷ്യൻ യാതനയനുഭവിക്കുന്നത് ദൈവം അവനുവേണ്ടി ഒരുക്കിയിരിക്കുന്ന തമാശകളിയെ  ഗൗരവത്തിലെടുക്കുന്നതുകൊണ്ട് മാത്രമാണ്.


അലൻ വിൽസൻ വാട്സ്,

(ബ്രിട്ടീഷ് എഴുത്തുകാരൻ )


5)പ്രണയമില്ലാത്ത സെക്സ് ശൂന്യവും അസംബന്ധവുമാണ്‌, സെക്സില്ലാത്ത പ്രണയം പോലെ.



ഹണ്ടർ എസ്. തോംപ്സൺ ,

(അമെരിക്കൻ ഗ്രന്ഥകാരൻ )


കാലമുദ്രകൾ


1)ജിയോ ബേബി 


ജിയോ ബേബിയുടെ 'ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ ' എന്ന സിനിമ നീസ്ട്രീമിൽ റിലീസ് ചെയ്തതോടെ അടുക്കളവർത്തമാനങ്ങൾ വലിയൊരു തരംഗമായി .കോവിഡും ആശുപത്രിയും എന്നപോലെ കോവിഡും അടുക്കളയും തമ്മിൽ  പ്രത്യേക ബന്ധമാണുള്ളത്. അടുക്കളയിൽ കയറി എന്തെങ്കിലും പാചകം ചെയ്യുന്ന പോലെ സുന്ദരവും സുഖകരവുമായ അനുഭവങ്ങൾ അധികമില്ല.


2)മേതിൽ രാധാകൃഷ്ണൻ


'എങ്ങനെ ഒരു പഴുതാരയെ കൊല്ലാം ' എന്ന കഥയും 'സൂര്യവംശം' എന്ന നോവലും എഴുതിയ മേതിൽ രാധാകൃഷ്ണൻ തൻ്റെ സർഗ്ഗ ജീവിതത്തിൻ്റെ ഉന്നതിയിൽ എത്തിയില്ല ; അദ്ദേഹം പിന്തിരിയുന്നതാണ് പലപ്പോഴും കണ്ടത്.


3) യു.പി. ജയരാജ്


അസാധാരണമായ ഭാഷാശക്തിയും വേറിട്ട നിരീക്ഷണബോധവും ധീരമായ ആഖ്യാനവിരുതുമാണ്   യു.പി.ജയരാജിനെ കഥയിൽ ഒരു നാഴികക്കല്ലാക്കുന്നത്. മഞ്ഞ് ,ബിഹാർ തുടങ്ങിയ കഥകൾ അത് വ്യക്തമാക്കുന്നു.


4) ചമ്പാടൻ വിജയൻ


ഒരു വലിയ ഗവേഷകനും ചിന്തകനുമായിരുന്ന ചമ്പാടൻ  വിജയനാണ് ശ്രീനാരായണഗുരുവിനെക്കുറിച്ചുള്ള ആയിരത്തഞ്ഞൂറോളം പുസ്തകങ്ങൾ ശേഖരിച്ചു വച്ചത്. പ്രഭാഷണം , വിജയന് ഒരു സ്വാഭാവിക ആവിഷ്കാരമായിരുന്നു.


5)വേണു 


ഛായാഗ്രാഹകനും സംവിധായകനുമായ വേണു അപൂർവമായ ഒരു സഞ്ചാരം നടത്തി. അരവിന്ദൻ്റെ 'കാഞ്ചനസീത' ചിത്രീകരിച്ച ദണ്ഡകാരണ്യവനങ്ങളും ഗോദാവരി നദിയും കണ്ട അദ്ദേഹം അതിനെക്കുറിച്ചെഴുതിയത് പുസ്തകമായിരിക്കുന്നു - നഗ്നരും  നരഭോജികളും



മലയാളിയുടെ ഭാഷ


ജയമോഹൻ എന്ന തമിഴ് എഴുത്തുകാരൻ വലിയൊരു കണ്ടുപിടുത്തം (മാതൃഭൂമി ആഴ്ചപ്പതിപ്പ് ' ജനുവരി 10) നടത്തിയിട്ടുണ്ട് .വായനക്കാർ ശ്രദ്ധിച്ചാലും :

"മലയാളത്തിനു തനിച്ചു നിലനില്ക്കുക ബുദ്ധിമുട്ടേറിയതാണ് " . 


അദ്ദേഹം പറയുന്നു ,സംസ്കൃതവാക്കുകൾ മലയാളിക്ക് അന്യമാണെന്ന്! .ഇത്രയും അർത്ഥശൂന്യമായ വാക്കുകൾ സമീപകാലത്ത് കേട്ടിട്ടില്ല. ഒരു ഭാഷയ്ക്കും തനിയെ നില്ക്കാനാവില്ലെന്ന് മനസ്സിലാക്കുക.ജയമോഹൻ എന്ന പേരു തന്നെ സംസ്കൃതമാണ്. പല ഭാഷകളിലെ വാക്കുകൾ കൂടിച്ചേർന്നാണല്ലോ ലാറ്റിനമേരിക്കൻ ഭാഷകൾ നിലനില്ക്കുന്നത്. ലാറ്റിനമേരിക്കയിലെ ഇരുപത് രാജ്യങ്ങളിലെ ഭാഷ സമ്മിശ്രമാണ്. സ്പാനീഷാണ് മുഖ്യം.എന്നാൽ ഫ്രഞ്ച് ,പോർച്ചുഗീസ് ,മായൻ, അജ്മാറ തുടങ്ങിയ ഭാഷകളും ഉപയോഗിക്കുന്നു. മലയാളി ഒരു ദിവസം ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് സംസ്കൃതമാണ്; പ്രണയം ,ആശയം, ചിന്ത, തൽസമയം, പത്രം ,വാർത്ത, പ്രകൃതി  തുടങ്ങിയവ.അതേസമയം ഇംഗ്ളീഷും വേണം. ജയമോഹൻ ഏതോ പുരാതന ലോകത്ത് കഴിയുന്ന പോലെ തോന്നുന്നു.