Friday, February 19, 2021

അക്ഷരജാലകം/എം.കെ.ഹരികുമാർ / സന്തോഷത്തിൻ്റെ ദർശനികത/metrovartha Feb 15,2021

 അക്ഷരജാലകംlink

എം.കെ.ഹരികുമാർ

9995312097


സന്തോഷത്തിൻ്റെ ദാർശനികത


'നിങ്ങളുടെ ജീവിതം എങ്ങനെ ജീവിക്കണമെന്ന് പറഞ്ഞു തരാൻ  എനിക്കാവില്ല .എന്നാൽ നിങ്ങളുടെ ജീവിതം എങ്ങനെ ജീവിക്കണമെന്ന് കണ്ടെത്തുന്നതിൽ എനിക്ക് സഹായിക്കാനാകും' - ശൂന്യതയിൽ നിന്നും നിരാശയിൽ നിന്നും കഷ്ടപ്പാടിൽ നിന്നും വളർന്ന് ധാരാളമാളുകൾ കാത്തിരിക്കുന്ന യുവ പ്രചോദനപ്രഭാഷകനും ഗ്രന്ഥകാരനുമായി വളർന്ന ഇയോദീഗീ ആവോഷികയുടെ (അമെരിക്ക) വാക്കുകളാണിത്.


ജീവിക്കാൻ ഒരു വഴിയല്ല ഉള്ളത്;ആയിരക്കണക്കിനു വഴികളുണ്ട്. എന്നാൽ സുരക്ഷിതമായ ഒരു ഇടനാഴി  ലഭിച്ചാൽ ,അതിൻ്റെ കൃത്യമായ സമയക്രമങ്ങളിൽ ചിട്ടയൊപ്പിച്ചു ഒരേപോലെ ജീവിക്കുന്നവരാണ് അധികവും. അതിൻെറ പരിമിതികളെ തുറന്നു കാട്ടി  സന്തോഷത്തെക്കുറിച്ചുള്ള ഇടുങ്ങിയ  കാഴ്ചപ്പാടുകൾ നീക്കം ചെയ്യാനാണ് അദ്ദേഹം ശ്രമിക്കുന്നത്.


ആവോഷിക രണ്ടു പുസ്തകങ്ങൾ എഴുതിയിട്ടുണ്ട് :1) ദ് ഡെസ്റ്റിനി ഫോർമുല - ഫൈൻഡ് യുവർ പർപസ് 2) യു 2.0 :സ്റ്റോപ്പ് ഫീലിംഗ് സ്റ്റക്ക് ,റീ ഇൻവെൻ്റ് യുവേഴ്സൽഫ് .വിജയം എന്നാൽ പണമാണെന്ന സങ്കല്പത്തിലല്ല ആവോഷികയുടെ വർത്തമാനങ്ങൾ നീളുന്നത് .ചുറ്റുമുള്ള എല്ലാവരെയും സന്തോഷിപ്പിക്കണമെന്ന പരമ്പരാഗതമായ ചിന്താധാരയെ തിരുത്തിക്കൊണ്ടാണ് അദ്ദേഹം മുന്നോട്ടുപോകുന്നത്. മുൻകൂട്ടി നിശ്ചയിക്കപ്പെട്ട വീക്ഷണത്തോടെ ലോകത്തെ നോക്കരുത് .എപ്പോഴും യഥാതഥമായിരിക്കേണ്ട. പുറത്തെ  എല്ലാ ശബ്ദങ്ങളും കേൾക്കേണ്ട. നിങ്ങളുടെ ഒരു പരാജയത്തിലോ  വീഴ്ചയിലോ ലോകം അവസാനിച്ചു എന്ന് കരുതേണ്ടതില്ല. ഒരു ദരിദ്രനായതുകൊണ്ട് അയാൾ സമ്പൂർണമായി അസന്തുഷ്ടനാണെന്നോ  നിരാശനാണെന്നോ അർത്ഥമില്ല. ഭൗതികമായ സമൃദ്ധിയില്ലെങ്കിലും  സന്തോഷത്തോടെ ജീവിക്കുന്നവരുണ്ട്. മനുഷ്യൻ്റെ നോട്ടത്തിൻ്റെ  പ്രത്യേകതയാണിത് .


ആറ് മാർഗങ്ങൾ


ആവോഷിക ആറ് മാർഗങ്ങൾ ചൂണ്ടിക്കാണിക്കുന്നു ,സന്തോഷം കൈവിട്ടു പോകാതിരിക്കാൻ.

1)മറ്റുള്ളവർ പറയുന്നത് കേട്ട് നിങ്ങളുടെ സന്തോഷം നശിപ്പിക്കരുത്. അവരുടെ അഭിപ്രായത്തെ മാനിക്കരുതെന്നല്ല ; സന്തോഷത്തിനുവേണ്ടി മാതാപിതാക്കളെ തള്ളാനും പാടില്ല . നിങ്ങളുടെ ജീവിതത്തിൽ ഏറ്റവും നല്ലത് എന്താണെന്ന് സ്വയം തിരിച്ചറിയേണ്ടതുണ്ട് .അതിനനുസരിച്ച് സന്തോഷത്തെ പുനർനിർവ്വചിക്കണം.


2)ലോകം മുഴുവൻ സ്വന്തം തലയിലാണെന്ന നിലപാടിൽ നിന്ന് പിന്മാറുക. കുറെ മണിക്കൂറുകൾ നിങ്ങളിൽ തന്നെ ശ്രദ്ധകേന്ദ്രീകരിക്കുക. ലോകത്ത് നടക്കുന്ന കാര്യങ്ങൾ അറിഞ്ഞു കൊണ്ടിരിക്കെ തന്നെ അതിൻ്റെ ഭാരം നിങ്ങളുടെ ചുമലിൽ ആണെന്ന് തെറ്റിദ്ധരിക്കരുത്. 


3)ഭയപ്പെടാതിരിക്കുക .മരണത്തെക്കുറിച്ച് ഓർത്ത് ഭയപ്പെട്ടാൽ ഒന്നും ചെയ്യാൻ പറ്റില്ല .ഏത് ദുരിതത്തിൽ വീണാലും ഭയപ്പെടരുത്.


4)നന്ദിയോടെയിരിക്കുക. സ്വപ്നങ്ങളുടെ പിന്നാലെ പോകാൻ എല്ലാവരും ഇഷ്ടപ്പെടുന്നു. എന്നാൽ പ്രധാനമായി തോന്നുന്ന എല്ലാറ്റിലും വൈരുദ്ധ്യമുണ്ട് .ആഗ്രഹിക്കുന്ന പക്ഷം അതിനു സാധ്യതയുണ്ടെങ്കിലും അതെല്ലാം നമ്മളിൽ നിന്ന് വളരെ  അകലെയാണ് .കാരണം നമ്മൾ ഇന്നിലാണ് ,ഈ നിമിഷത്തിലാണ് ജീവിക്കുന്നത്.ഈ നിമിഷത്തിലാണ് നമുക്ക് നിലനില്പും പൂർണതയുമുള്ളത്. ഈ നിമിഷത്തോട് നന്ദിയുള്ളവരായിരിക്കുക. ഓരോ ദിവസവും ചുരുങ്ങിയത് മൂന്നു കാര്യങ്ങളിലെങ്കിലും നന്ദി പ്രകാശിപ്പിക്കണം. നന്ദി നമ്മെ സാന്തോഷത്തിലേക്ക് നയിക്കും .


5)ശരീരത്തെയും മനസിനെയും കാത്തുരക്ഷിക്കുക. സ്വന്തം  ശരീരത്തിലേക്ക് എന്താണ് കൊടുക്കുന്നത് ,മനസ്സിൽ  ഏൽപ്പിക്കുന്നത് ഏത് തരത്തിലുള്ള ഭാരമാണ് എന്നിവയെല്ലാം ഒരാളുടെ സന്തോഷത്തെ ബാധിക്കും. അവനവനോട് അല്പം ദയ കാണിക്കണം.


6)സ്വന്തം പ്രവൃത്തിയിൽ ഉത്തരവാദിത്വമുള്ളവരാകുക. അപ്പോൾ മറ്റാരെയും പഴിക്കേണ്ടി വരില്ല .


സന്തോഷത്തിൻ്റെ പ്രകൃതി


ആവോഷികയുടെ നിർദ്ദേശങ്ങൾക്ക് അനുബന്ധമായി മറ്റു ചില കാര്യങ്ങൾ കൂടി അവതരിപ്പിക്കാൻ ഞാനാഗ്രഹിക്കുകയാണ്. സന്തോഷത്തിൽ ഒരു ദാർശനികതയുണ്ട്. ഒരാൾ താൻ സന്തോഷവാനാണോയെന്ന് എപ്പോഴും ചോദിക്കേണ്ടതുണ്ടോ? അത് വളരെ കൃത്രിമമായിരിക്കും. മനസ്സിൽ പ്രതീക്ഷയോടെ കണ്ടിരുന്ന ചില കാര്യങ്ങൾ സംഭവിക്കുമ്പോൾ സന്തോഷം തോന്നുമല്ലോ. അത് യഥാർത്ഥമാണോ? കുറേ സമയം  കഴിയുമ്പോൾ മനസ്സ് വീണ്ടും പഴയ താളത്തിലേക്ക് തന്നെ വരും. സന്തോഷമുണ്ടെന്ന് സ്വയം സ്ഥാപിക്കേണ്ടി വരുന്നു. പ്രകൃതിയിൽ ഒരു വണ്ടിനും ചീവീടിനും ശലഭത്തിനും സന്തോഷമുണ്ട്. എന്നാൽ ആ സന്തോഷം അവയുടെ പറക്കലിൽ നിമജ്ജനം ചെയ്തിരിക്കുകയാണ്. അതിൻ്റെ  പ്രകൃതിയിൽ അത് നിഗൂഢമാണ് . ചീവീടിൻ്റെ ശബ്ദം അതിൻ്റെ സന്തോഷത്തിൻ്റെ ഭാഷയാണ്.അതാകട്ടെ  ശരീരത്തിനുള്ളിൽ സമന്വയിച്ചിരിക്കുകയാണ് .ജീവിച്ചിരിക്കുന്ന അവസ്ഥയിൽ സ്വാഭാവികമായി ഉണ്ടാവാത്ത സന്തോഷത്തെ അത് എത്തിപ്പിടിക്കുകയല്ല. മനുഷ്യൻ്റെ കാര്യത്തിൽ ഈ എത്തിപ്പിടിക്കൽ ആവശ്യമാണ്.സന്തോഷത്തിൻ്റെ നിമിഷം കഴിഞ്ഞാൽ മനുഷ്യന് അത് നഷ്ടപ്പെടുകയാണ്. സന്തോഷം കിട്ടുകയാണെങ്കിൽ അത് നമ്മളിൽ നേരത്തേ തന്നെ ഉണ്ടായിരുന്നുവെന്ന് തിരിച്ചറിയുന്നിടത്താണ് യഥാർത്ഥ സന്തോഷമുള്ളത്.ജീവിതത്തിലില്ലാത്ത  സന്തോഷത്തെ അന്യമായി കണ്ട് അതാർജിക്കാൻ ശ്രമിക്കുന്നത് താത്കാലിക ശാന്തി മാത്രമാണ്.


കഥാചർച്ച വിരസം ,വിഫലം


മലയാളകഥയെക്കുറിച്ച് വി .കെ. ശ്രീരാമൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഒരു ചർച്ച (ഭാഷാപോഷിണി, ഫെബ്രുവരി ) വായിച്ചതു വെറുതെയായി. തുറന്നുപറഞ്ഞാൽ ,ഈ ചർച്ചകൊണ്ട് ഒരു പ്രയോജനവുമുണ്ടായില്ല. നിരാശയാണ് ഉണ്ടാക്കിയത്. മലയാളകഥയെക്കുറിച്ച് വി.കെ.ശ്രീരാമൻ ,പി. പി. രാമചന്ദ്രൻ ,പി.എൻ.ഗോപീകൃഷ്ണൻ , കെ.ഗോവിന്ദൻ ,ഇ.പി.രാജഗോപാലൻ ,റഫീക്ക് അഹമ്മദ് തുടങ്ങിയവർക്ക് ഒന്നും പറയാനില്ല. ഈ ചർച്ച വായനക്കാരെ പ്രചോദിപ്പിക്കില്ല . ചർച്ച നടത്തിയവർ പ്രവാസജീവിതത്തെക്കുറിച്ചും അനുഭവം എഴുതുന്നതിനെക്കുറിച്ചുമാണ്  ദീർഘമായി സംസാരിക്കുന്നത്. ചെറുകഥയിലെ കലയെക്കുറിച്ചുള്ള അജ്ഞത ഭയാനകമായിരുന്നു. ഗൾഫിൽ തൊഴിലാളികളെ വാടകയ്ക്ക് കൊടുക്കുന്ന ദല്ലാൾമാരെപ്പറ്റി ആരും എഴുതുന്നില്ല എന്നാണ് ശ്രീരാമൻ  പരാതിപ്പെടുന്നത്.ഗോപീകൃഷ്ണൻ ഈ ചർച്ചയെ  പ്രവാസികളുടെ പ്രശ്നങ്ങൾ അവതരിപ്പിക്കാനുള്ള അവസരമാക്കുന്നു, എന്തോ അജണ്ടയുള്ളതുപോലെ. ഗൾഫിലെ  അനുഭവങ്ങൾ പ്ലാനിങ്ങോടെ  എഴുതാൻ ശ്രമിക്കുന്നതാണ്  മലയാളകഥയിലെ വർത്തമാനം എന്ന മട്ടിലാണ് അദ്ദേഹത്തിൻ്റെ വാദങ്ങൾ. ഇതൊക്കെ അർത്ഥശൂന്യമാണെന്ന് പറയട്ടെ. അനുഭവമെഴുതുന്നതിനെ സാഹിത്യം എന്ന മട്ടിൽ ഈ ചർച്ചയിൽ  അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത് കാണാം. കലയുടെയും സൗന്ദര്യത്തിൻ്റെയും ആവിഷ്കാര മേഖലയാണ് കഥ എന്ന ചിന്തയെ തകർക്കാനും കഥയുടെ മഹത്തായ സംസ്കാരത്തെ ഉന്മൂലനം ചെയ്യാനുമുള്ള പദ്ധതിയായി ഈ ചർച്ച മാറിയത് യാദൃച്ഛികമായി കാണാനാവില്ല.മലയാളകഥയിലെ പ്രധാന പ്രശ്നം ഗൾഫാണെന്ന് പറയുന്നതിലെ വൈരുദ്ധ്യം നല്ലൊരു വായനക്കാരനെ ഞെട്ടിക്കുക തന്നെ  ചെയ്യും. 


സംവേദനമില്ലാത്തവർ


കഥ എന്ന സാഹിത്യരൂപത്തെപ്പറ്റി ഒരു ശബ്ദവും ഉയർന്നു കണ്ടില്ല.മലയാളത്തിലെ പരീക്ഷണ സ്വഭാവമുള്ള, സൗന്ദര്യാത്മകതലത്തിൽ ചർച്ച ചെയ്യാവുന്ന ,വേറിട്ട ഒരു ടോൺ സ്വീകരിക്കുന്ന കഥകളെല്ലാം മറന്നതാണോ ഇവർ ?അല്ലെങ്കിൽ ഇവർക്ക് അതിനെക്കുറിച്ച് അറിയില്ലായിരിക്കും .


ഈ ചർച്ചയിൽ പങ്കെടുത്തവരുടെ സംവേദനശീലം കാലഹരണപ്പെട്ടതും തുരുമ്പിച്ചതുമാണ്.മലയാളകഥയെ ക്കുറിച്ചുള്ള ചർച്ച എങ്ങനെയാണ്  ഈവിധം ബഹിർമുഖമാകുന്നത് ? എന്ത് വിഷയം ചെറുകഥയിൽ അവതരിപ്പിക്കുന്നു എന്നത്  രണ്ടാമത്തെ കാര്യമാണ്. എങ്ങനെ എഴുതുന്നു ,ഏത് ശൈലി ,ക്രാഫ്റ്റ്, ഭാഷ സ്വീകരിക്കുന്നു എന്നതാണ് പ്രധാനം.വി.പി.ശിവകുമാറിൻ്റെ 'പന്ത്രണ്ടാം മണിക്കൂർ' യു.പി.ജയരാജിൻ്റെ ' 'നിരാശാഭരിതനായ സുഹൃത്തിനൊരു കത്ത് ' തുടങ്ങിയ കഥകൾ കേട്ടിട്ടുപോലുമില്ലാത്തവർ എന്തിനു കഥാചർച്ചയിൽ പങ്കെടുക്കുന്നു?.


സംസ്കൃത വാക്കുകളോട് താല്പര്യമില്ലെന്നും മീശ എന്നതിനു പകരം ശ്മശു എന്നോ അപ്പനു പകരം പിതാവെന്നോ മുലയ്ക്ക് സ്തനം എന്നോ പറയില്ലെന്ന് കഥാകൃത്ത് എസ്. ഹരീഷ് (പച്ചമലയാളം ,ഫെബ്രുവരി ) പ്രഖ്യാപിക്കുന്നു. എങ്കിൽ ഹരീഷ് എന്ന പേര് ഉടനെ മാറ്റണം. ഹരീഷ് എന്നാൽ ഹരി എന്ന ഈശൻ എന്നാണർത്ഥം. രണ്ടും സംസ്കൃതപദങ്ങൾ .അതു പോലെ ,കഥാകൃത്ത് ,നോവൽ ,നോവലിസ്റ്റ് എന്നൊന്നും പറയരുത്. അതൊക്കെ വേറെ ഭാഷയിലെ വാക്കുകളാണല്ലോ.പിതാവിനെയും സ്തനങ്ങളെയും എന്തിനാണ് പ്രതിരോധിക്കുന്നത് ?വാസ്തവത്തിൽ ,ഇതൊന്നുമല്ല ഒരെഴുത്തുകാരൻ്റെ വലിയ പ്രശ്നങ്ങൾ.


വാക്കുകൾ 


1)ലോകത്തിൻ്റെ സങ്കടങ്ങളിൽ സന്തോഷത്തോടെ ഇടപെടുക. നമുക്ക് ലോകത്തിലെ സങ്കടങ്ങളെ ചികിത്സിച്ചു ഭേദമാക്കാനാവില്ല, എന്നാൽ അതിൽ എങ്ങനെ ജീവിക്കണമെന്ന് തിരഞ്ഞെടുക്കാൻ കഴിയും.

ജോസഫ് കാമ്പെൽ,

(അമെരിക്കൻ  വിമർശകൻ)


2)സന്തോഷം ശരീരത്തിന് നല്ലതാണ്; എന്നാൽ ദുഃഖമാണ് മനസ്സിലെ ശക്തികൾ വികസിപ്പിക്കുന്നത്.

മാർസൽ പ്രൂസ്ത്,

(ഫ്രഞ്ച് എഴുത്തുകാരൻ )


3)ലോകത്തിലുള്ളതെല്ലാം ഒരു യെസ് പറഞ്ഞുകൊണ്ടാണ് തുടങ്ങുന്നത് .ഒരു തന്മാത്ര മറ്റൊന്നിനോട് യെസ് പറഞ്ഞതുകൊണ്ടാണ് പിറവിയുണ്ടായത്. 

ക്ലാരിസ് ലിസ്പെക്ടർ ,

(ബ്രസീലിയൻ എഴുത്തുകാരി )


4)ചരിത്രം നമ്മെ പഠിപ്പിക്കുന്നത്  ഇതാണ് :രാജ്യങ്ങളോ, ഭരണകൂടങ്ങളോ ചരിത്രത്തിൽ നിന്ന് യാതൊന്നും പഠിക്കുന്നില്ല.

ഹെഗൽ ,

(ജർമ്മൻ ചിന്തകൻ)


5)മനുഷ്യാസ്തിത്വത്തിൻ്റെ സമസ്യ നിലനിൽക്കുന്നത് വെറുതെ ജീവിച്ചിരിക്കുന്നതിലല്ല; ജീവിക്കാനായി എന്തെങ്കിലും ഒരു കാരണം കണ്ടെത്തുന്നതിലാണ്.

ദസ്തയെവ്സ്കി ,

(റഷ്യൻ എഴുത്തുകാരൻ )



കാലമുദ്രകൾ


1)വത്സൻ കൂർമ്മ കൊല്ലേരി


സമകാലീന ചിത്ര ,ശില്പകലയിലെ ആഴമുള്ള കാഴ്ചകൾ ഒഴുകുന്ന വത്സൻ കൂർമ്മ കൊല്ലേരി പാരീസിൽ നിന്നാണ് കലാപഠനം പൂർത്തിയാക്കിയത്. ഏത് നവമാധ്യമങ്ങൾ വന്നാലും മനുഷ്യൻ എന്ന അവസ്ഥയുടെ ജീവിക്കുന്ന അനുഭവം നഷ്ടമായാൽ എല്ലാം വ്യർത്ഥമാണെന്ന് അദ്ദേഹം പറയുന്നു.


2)ബോസ് കൃഷ്ണമാചാരി


കേരളം വിട്ട് ഒരു കലാപ്രവർത്തനമണ്ഡലം സൃഷ്ടിച്ച ചിത്രകാരൻ ബോസ് കൃഷ്ണമാചാരി കേരളത്തിൽ ബിനാലെ എന്ന ആശയം യാഥാർത്ഥ്യമാക്കി. അതിനൊപ്പം ചിത്ര, ശില്പ ,പ്രതിഷ്ഠാപനകലയിൽ സ്പന്ദിക്കുന്ന കലാകാരജീവിതമുണ്ടെന്ന്, ആഗോള പരിപ്രേക്ഷ്യമുണ്ടെന്ന്  സാധാരണക്കാരെ ബോധ്യപ്പെടുത്തുന്നതിൽ വലിയ  പങ്കുവഹിച്ചു .


3)സിവിക് ചന്ദ്രൻ


ബാലൻ പൂതേരി എന്ന എഴുത്തുകാരന്  പത്മശ്രീ ലഭിച്ചപ്പോൾ പ്രകോപിതരായവരോട് സിവിക് ചന്ദ്രൻ പറഞ്ഞ വാക്കുകൾ ശ്രദ്ധേയമായിരുന്നു.വനങ്ങൾ സിംഹങ്ങൾക്കും കടുവകൾക്കും  മാത്രമുള്ളതല്ല, മണ്ണിരകൾക്കും  ചെറുപ്രാണികൾക്കും കൂടി അവകാശപ്പെട്ടതാണ് എന്ന ചിന്തയാണ് അദ്ദേഹം നല്കിയത്.സാഹിത്യം ഒരു വനമാണ് ,ഓരോ എഴുത്തുകാരനും അവിടെ ഇടമുണ്ടെന്ന് കവി പാബ്ളോ നെരൂദ പറഞ്ഞത് ഓർത്തുപോയി.


4)ജോഷി 


കൊമേഴ്സ്യൽ സിനിമയുടെ വിജയത്തിൻ്റെ എല്ലാ ഹോർമുലകളും മനസ്സിലാക്കിയ ജോഷി 'പത്രം' എന്ന സിനിമയിലൂടെ മറ്റൊരു ചുവട് പരീക്ഷിച്ചു. എന്നാൽ 'പൊറിഞ്ചു മറിയം ജോസ് ' എന്ന ചിത്രത്തിലൂടെ ജോഷി മിതത്വത്തിൻ്റെയും മര്യാദയുടെയും ഇതുവരെ കാണാത്ത ഒരു സമീപനമാണ് സ്വീകരിച്ചത്; ജനപ്രിയമാക്കാൻ അധികഭാഷണമൊന്നും ഇല്ലാതെ തന്നെ ജനപ്രിയമാക്കുന്ന വിദ്യ .


5)ജി .ശങ്കരക്കുറുപ്പ് 


സുഗതകുമാരിയുടെ 'സ്വപ്നഭൂമി' എന്ന കവിതാസമാഹാരത്തിൻ്റെ  അവതാരികയിൽ (1965)  ജി. ശങ്കരക്കുറുപ്പ് എങ്ങനെ എഴുതി : 'ഇതിലെ കുലീനയായ ഭാവനയുടെ വ്യംഗ്യമര്യാദാമധുരമായ ഭാഷ താർക്കിക യുക്തിവാദികൾക്കും കേവല സിദ്ധാന്തികൾക്കും  സുഗ്രഹമായിക്കൊള്ളണമെന്നില്ല' .


സിനിമയും രാഷ്ട്രീയവും 


യുക്തിയേക്കാൾ സത്യത്തോട്  ബന്ധപ്പെട്ടതാവണം സിനിമയെന്നും  അതിൽ ശബ്ദത്തേക്കാൾ നിശ്ശബ്ദതയാണ് അഭികാമ്യമെന്നും കരുതിയ അന്തോനിയോനിക്ക് (ഇറ്റാലിയൻ നവറിയലിസ്റ്റ് സംവിധായകൻ) മാനസിക പ്രക്രിയയായിരുന്നു ആക്ഷ്നേക്കാൾ  ആകർഷകം" - ജോസ് തെറ്റയിലിൻ്റെ 'സിനിമയും രാഷ്ട്രീയവും' എന്ന പുസ്തകത്തിലെ വരികളാണിത്. ലോകസിനിമയെ ഒരു ഗവേഷകൻ്റയും പഠിതാവിൻ്റെയും മനസ്സോടെ പിന്തുടർന്നു ചെല്ലുന്ന ഈ ഗ്രന്ഥം ചലച്ചിത്രത്തെ ഗൗരവമായി കാണുന്നവർക്ക് ചരിത്രപരമായ വിജ്ഞാനം പകരുന്നുണ്ട്. രാഷ്ട്രീയസിനിമ, സോവിയറ്റ് സിനിമ, ഡോക്യുമെൻററി ,നിയോറിയലിസ്റ്റ്, അമേരിക്കൻ സിനിമ ,ഹോളിവുഡ് സിനിമ ,മൂന്നാംലോക സിനിമ എന്നിങ്ങനെ തരം തിരിച്ച് ഗ്രന്ഥകാരൻ  പരിശോധിക്കുന്നു. സിനിമ ജീവിതമാണെന്ന് ,പ്രാണവായുവാണെന്ന് കരുതുന്ന സംവിധായകരുടെ രചനകളിലൂടെ നടത്തുന്ന സഞ്ചാരമാണിത്. നല്ല സിനിമയ്ക്ക് വേണ്ടി ഒരു ആനുകാലികം പോലുമില്ലാത്ത ഭാഷയാണ് നമ്മുടേതെന്ന് ഓർക്കുമ്പോൾ ജോസ് തെറ്റയിലിൻ്റെ ഈ സംരംഭം പ്രസക്തമാണ്.


കേരളത്തിലെ ഫിലിം സൊസൈറ്റി  പ്രസ്ഥാനത്തിൻ്റെ  അവിഭാജ്യഘടകമായി പ്രവർത്തിച്ചിട്ടുള്ള, മുൻ മന്ത്രി കൂടിയായ ഗ്രന്ഥകാരൻ ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യയുടെ ദേശീയ കൗൺസിൽ അംഗമായിരുന്നു. ദേശീയ ചലച്ചിത്രാസ്വാദന കോഴ്സിൽ പങ്കെടുത്ത തെറ്റയിൽ നവസിനിമയുടെ വക്താവാണ്.


No comments:

Post a Comment