Monday, September 7, 2020

അക്ഷരജാലകം/സിനിമ ,സേതുമാധവൻ, മനുഷ്യൻ/metrovartha,july 6

 എം.കെ.ഹരികുമാർ
9995312097
Email: mkharikumar797@gmail.com



ചലച്ചിത്ര സംവിധായകൻ കെ.എസ്.സേതുമാധവൻ സിനിമയിലൂടെ ഒരു നവമാനവനെ അന്വേഷിച്ചു. ആ അന്വേഷണം നമ്മുടെ സിനിമാതീയേറ്ററുകളിലൂടെ ഉരുത്തിരിഞ്ഞ പരിവർത്തന ത്വരയായിരുന്നു. അദ്ദേഹം ഒരു തൊഴിലായി സിനിമയെ സമീപിക്കുകയായിരുന്നില്ല; മറിച്ച് തൻ്റെ സവിശേഷമായ ആത്മീയ നവാഭിരുചികളെ ഒരു സമൂഹത്തിനു പരിചയപ്പെടുത്തുകയും അവരുടെ ലോകവീക്ഷണത്തെ മാറ്റിത്തീർക്കുകയും ചെയ്തു.കവിതയിൽ കുമാരനാശാനും നാടകത്തിൽ തോപ്പിൽ ഭാസിയും നോവലിൽ തകഴിയും  ചെയ്തതിനു സമാനമായി,  തീയേറ്റർ ജീവിതത്തിൽ മനുഷ്യത്വത്തിൻ്റെ മഹാദർശനം  അവതരിച്ചത് സേതുമാധവനാണ്. ഏതാണ്ട് രണ്ടര പതിറ്റാണ്ടുകാലം തൻ്റെ ആത്മീയവും ജ്ഞാനകേന്ദ്രീകൃതവുമായ സമസ്യകൾക്ക് ഉത്തരം തേടി അദ്ദേഹം പ്രവർത്തിച്ചു.കല ,ഛായാഗ്രഹണം ,ഗാനങ്ങൾ ,സംഗീതം ,അഭിനയം തുടങ്ങി വിവിധ മേഖലകളെ  തൻ്റേതായ ജീവിതദർശനത്തിനു വേണ്ടി അദ്ദേഹം ആവാഹിച്ചെടുത്തു.

സേതുമാധവൻ അറുപതുകൾ മുതൽ നമ്മോടൊപ്പമുണ്ട്. ഇപ്പോൾ ചെന്നൈയിൽ ആത്മീയതയിൽ മുഴുകിക്കഴിയുകയാണ്. സിനിമാ ജീവിതം വേറൊരു കാണ്ഡമായി അദ്ദേഹത്തിൻ്റെ ഭൂതകാലത്തെ അടയാളപ്പെടുത്തുകയാണ്.അതായത് ,ആ കാലം സംഭവിക്കാൻ താൻ ഒരു നിമിത്തമായി എന്ന ചിന്തയാണ് അദ്ദേഹത്തിനുള്ളത്."ഞാൻ വെറും ഒരു ഉപകരണം മാത്രം " - സേതുമാധവൻ പറയുന്നു. ഒരു പ്രധാന കാര്യം വെളിപ്പെടുത്തിയത് ഇങ്ങനെയാണ്: "ഒരിക്കലും ഇത്ര രൂപാ പ്രതിഫലം വേണമെന്ന് ഞാൻ ഒരു പ്രൊഡ്യൂസറോടും നിഷ്കർഷിച്ചിട്ടില്ല. എനിക്കുള്ള പ്രതിഫലം പ്രേക്ഷകരിൽ നിന്ന് കിട്ടാറുണ്ട്."
പ്രതിഫലത്തുകയുടെ അടിസ്ഥാനത്തിൽ ഒരാളുടെ പ്രാമുഖ്യം വിലയിരുത്തപ്പെടാറുള്ള ഒരിടത്താണ് താൻ ശമ്പളത്തിൻ്റെ കാര്യത്തിൽ ഒരു ഡിമാൻഡും വയ്ക്കാറില്ലെന്ന് അദ്ദേഹം പറഞ്ഞത് .അതിൻ്റെ കാരണം വ്യക്തമാണ്. സിനിമയുടെ മൂല്യത്തിലാണ് സേതുമാധവൻ നിക്ഷേപം നടത്തിയത്.മറ്റെല്ലാം അപ്രസക്തമാണ്.

അദ്ദേഹം ഒരു മതത്തെ സ്വയം ആർജിക്കുകയാണ് ചെയ്തത്.അത് മനുഷ്യത്വം എന്ന മതമാണ്. ഈ മനുഷ്യത്വം നാം കേട്ടു പഴകിയ  സഹജീവിസ്റ്റേഹമോ  സഹവർത്തിത്വമോ അല്ല;അത് ഒരു നവപ്പിറവിയാണ്‌. പരിഷ്കൃത ലോകത്ത് മനുഷ്യൻ കൈവരിക്കേണ്ട ഉന്നതമായ സദാചാരവും ലോകാവബോവുമാണത്. ഇത് അനുഭവിക്കാനും അനുഭവിപ്പിക്കാനു മാണ് അദ്ദേഹം സിനിമയെ സമീപിച്ചത്‌.

വളരെ ചെറുപ്പത്തിൽ തന്നെ സ്വകീയമായ ആത്മത്വരകളിൽ നങ്കൂരമിട്ട അദ്ദേഹത്തിൻ്റെ ജീവിതം രമണമഹർഷിയിൽ നിന്നാണ് പ്രചോദനം നേടിയത്.കുട്ടിയായിരുന്നപ്പോൾ മാതാപിതാക്കളോടൊത്ത് രമണാശ്രമത്തിൽ പോയത് ഏറ്റവും മധുരമുള്ള ഓർമ്മയായി ഇപ്പോഴും പരിപാലിക്കുന്നു. മഹർഷിയിൽ നിന്ന് ബഹിർഗമിച്ച ഊർജ തരംഗങ്ങൾ ലോകത്തിനു വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ചിന്ത മനസിൽ മുളപ്പിച്ചു. മറ്റു പ്രലോഭനങ്ങളെല്ലാം പടിക്ക് പുറത്ത് .അങ്ങനെയാണ്  പരിവർത്തനത്തിനു ഉതകുന്ന തരത്തിൽ സിനിമ എന്ന മാധ്യമത്തെ എങ്ങനെ ഉപയോഗപ്പെടുത്തണമെന്ന് ആലോചിച്ചത്.
ചുക്ക്, ചുവന്ന സന്ധ്യകൾ ,പണി തീരാത്ത വീട് ,ഓടയിൽ നിന്ന് ,കടൽപ്പാലം ,അച്ഛനും ബാപ്പയും ,അരനാഴികനേരം ,പുനർജന്മം തുടങ്ങിയ ചിത്രങ്ങൾ  സാമൂഹിക ജീവിതത്തിൻ്റെ ശരിതെറ്റുകളെ പരിശോധിക്കാനുള്ള ആഴമേറിയ ശ്രമങ്ങളായിരുന്നു.എന്നാൽ ബുദ്ധിജീവികളെ മാത്രമായി തൻ്റെ പ്രേക്ഷകസമൂഹത്തെ പരിമിതപ്പെടുത്താതെ സിനിമയെ ഒരു ഇന്ത്യൻ പതിപ്പായി വികസിപ്പിക്കുകയാണ് അദ്ദേഹം ചെയ്തത്.അങ്ങനെ
സാമൂഹിക ജീവിതത്തിൻ്റെ പരീക്ഷണശാല എന്ന നിലയിൽ സിനിമാതീയേറ്ററുകൾ മാറി. ഇത് സേതുമാധവൻ എന്ന സംവിധായകൻ്റെ തീയേറ്റർ ജീവിതം കൂടിയായിരുന്നു.
സാമൂഹിക മനുഷ്യനെ തിരയുന്ന പ്രമേയങ്ങളാണ് തിരഞ്ഞെടുക്കപ്പെട്ടത്.വ്യക്തി ഒരാപത്ക്കരമായ സാഹസികതയാണ്.ഒരടി പിഴച്ചാൽ എല്ലാം തകരും.

ലോകം തിന്മകൊണ്ട് മത്സരിച്ച് പരാജയപ്പെടുന്നിടത്ത് സേതുമാധവൻ പ്രവാചകനെപ്പോലെ അച്ഛനും ബാപ്പയും ,കടൽപ്പാലം ,ചുക്ക്, ഓടയിൽ നിന്ന്  തുടങ്ങിയ സിനിമകളെടുത്തു. ഒരാദർശ മാനവനിലേക്കുള്ള യാത്ര നമ്മുടെയുളളിൽ നിന്നു തന്നെ ഉയി ർത്തു വരേണ്ടതുണ്ട്. ചെറിയ വസ്തുക്കൾ ,വില കുറഞ്ഞ വസ്തുക്കൾ നേടുമ്പോഴുള്ള സന്തോഷം വില കൂടിയ വസ്തുക്കൾ സ്വന്തമാക്കുമ്പോൾ കിട്ടില്ല. കാരണം വില കൂടിയ വസ്തുക്കൾ വാങ്ങുമ്പോൾ നാം മറ്റുള്ളവരോട് മത്സരിക്കുകയാണ്. മത്സരം ജയിച്ചാലും കിട്ടുന്നത് സന്തോഷമായി രിക്കില്ല.മാത്രമല്ല ,അതിനേക്കാൾ വലുത് കിട്ടാത്തതിലുള്ള നിരാശ ബാധിക്കുകയും ചെയ്യും. 'ഓടയിൽ നിന്നി'ലെ പപ്പുവിൻ്റെ സന്തോഷം ചെറിയ കാര്യങ്ങളിൽ നിന്നാണ് ഉണ്ടാകുന്നത്.
'കടൽപ്പാലം' എന്ന സിനിമയിൽ പ്രേം നസീർ അഭിനയിച്ച് ,എസ്.പി.ബാലസുബ്രഹ്മണ്യം പാടിയ ഒരു അസാധാരണ ഗാനമുണ്ട്. അത് എഴുതിയത് വയലാർ രാമവർമ്മയാണ് ;സംഗീതം ദേവരാജനും .ആ ഗാനത്തിൻ്റെ വരികൾ ഇവിടെ എഴുതുകയാണ്:
"ഈ കടലും മറുകടലും
ഭൂമിയും വാനവും കടന്ന്
ഈരേഴ് പതിനാലു ലോകങ്ങൾ
കാണാൻ ഇവിടുന്നു
പോണവരേ

ഇവിടെ മനുഷ്യർ ജീവിച്ചിരുന്നതായി
ഇതിഹാസങ്ങൾ നുണ പറഞ്ഞു
ഈശ്വരനെ കണ്ടു
ഇബിലീസിനെ കണ്ടു
ഇതുവരെ മനുഷ്യനെ കണ്ടില്ല
കണ്ടില്ല കണ്ടില്ല
മനുഷ്യനെ കണ്ടില്ല .

ഇവിടെ സമത്വം പൂവിട്ടിരുന്നതായി
വെറുതെ മതങ്ങൾ
നുണ പറഞ്ഞു
ഹിന്ദുവിനെ കണ്ടു
മുസൽമാനെ കണ്ടു
ഇതുവരെ മനുഷ്യനെ കണ്ടില്ല
കണ്ടില്ല കണ്ടില്ല
മനുഷ്യനെ കണ്ടില്ല.

ഈ 'മനുഷ്യനെ 'യാണ് സേതുമാധവൻ സിനിമയിലൂടെ നേടിയത്.ഈ ഗാനം അദ്ദേഹത്തിൻ്റെ സിനിമയിൽ എങ്ങനെ വന്നു ? സേതുമാധവൻ്റെ ദർശനം ഇതായതുകൊണ്ട്.ഇവിടെ മനുഷ്യത്വം ഒരു ശാസ്ത്രയുക്തിയും അതീത യുക്തിയുമാണ്. ഇത് സംവിധായകൻ്റെ നവരാഷ്ട്രീയവും നവധാർമ്മികതയുമായിരുന്നു. ഒരു മാറ്റത്തിനായുള്ള ധീരമായ ദാഹമാണ് ഇതിനു പിന്നിലുള്ളത്.സേതുമാധവൻ തൻ്റെ ജ്ഞാനോപകരണങ്ങൾ കൊണ്ട് കണ്ടുപിടിച്ച ഈ 'മനുഷ്യൻ' അന്നത്തെ പ്രേക്ഷകരുടെ സ്വകാര്യ സ്വപ്നമായി അസ്തിത്വം നേടുകയായിരുന്നു.
മനുഷ്യനെ വിഭാഗീയതകൾക്കപ്പുറത്ത്  ദർശിക്കുന്ന ,ഒരു പുതിയ ലോകത്തെ ഭാവന ചെയ്യാൻ പ്രേരിപ്പിക്കുന്ന സേതുമാധവൻ്റെ സിനിമകളെക്കുറിച്ച്‌ ഇവിടെ പഠനങ്ങളുണ്ടായില്ല എന്നുള്ളത് നമ്മുടെ സാംസ്കാരിക നിരക്ഷരതയാണ് തുറന്നു കാണിക്കുന്നത്.

കള്ള വാഗ്ദാനങ്ങളും പൊയ് വിശ്വാസങ്ങളും നിറഞ്ഞാടിയ ലോകത്ത് ഒരാൾക്ക് ഒരു മനുഷ്യനെ സ്നേഹിക്കുന്നതിലൂടെയേ  കുറേക്കൂടി നല്ല മനുഷ്യനാകാനാവൂ.നശ്വരതയും നൈമിഷികതയും വ്യർത്ഥതയും അറിഞ്ഞ ഒരാൾ തൻ്റെ കലാപ്രക്രിയയിൽ സത്യത്തിനു വേണ്ടി അലയുക തന്നെ ചെയ്യും. 'വെൺചന്ദ്രലേഖയൊരപ്സരസ്ത്രീ' എന്ന ഗാനത്തിൻ്റെ ചിത്രീകരണത്തിൽപ്പോലും ഈ നവശുദ്ധമാനവികത കാണാം. ചിന്ത കൊണ്ട് പ്രബുദ്ധത നേടിയാലേ സേതുമാധവനെപ്പോലെ സിനിമയെടുക്കാനാകൂ; അതോടൊപ്പം ധാർമികതയിലൂടെ സ്വയം പരിഷ്കരിക്കുകയും വേണം.
മനുഷ്യരക്തമാണ് സമത്വത്തെ കാണിച്ചു തരുന്നത്. ഒരു ഘട്ടത്തിൽ മനുഷ്യൻ്റെ രക്തം പോലും തൻ്റെ സാഹോദര്യത്തിനായി ഇറങ്ങിത്തിരിക്കും ,'ഓടയിൽ നിന്നി'ലെ പപ്പുവിനെപ്പോലെ.

വാക്കുകൾ.

1) എൻ്റെ മുഴുവൻ ആത്മാവും ഒരു കരച്ചിലാണ്; ആ കരച്ചിലിനെക്കുറിച്ചുള്ള വിവരണം തയ്യാറാക്കലാണ് എൻ്റെ പണി.
നിക്കോസ് കസൻദ്സാക്കിസ്,
ഗ്രീക്ക് എഴുത്തുകാരൻ .

2) നമുക്ക് നഷ്ടപ്പെട്ട നമ്മുടെ പകുതി ജീവിതത്തെ തേടിയെടുക്കലാണ് പ്രേമം .
മിലാൻ കുന്ദേര ,
ചെക്ക് ,ഫ്രഞ്ച് എഴുത്തുകാരൻ .

3)ഒരു പെണ്ണിൻ്റെ ഏറ്റവും നല്ല പ്രണയലേഖനങ്ങൾ എഴുതപ്പെടുന്നത് അവൾ വഞ്ചിക്കുന്ന പുരുഷനു വേണ്ടിയായിരിക്കും.
ലോറൻസ് ഡ്യൂറൽ ,
ബ്രിട്ടീഷ് എഴുത്തുകാരൻ .

4)നമ്മൾ ആരെയും പ്രേമിക്കുന്നില്ല. നമ്മൾ പ്രേമിക്കുന്നത് ,മറ്റാരെക്കുറിച്ചെങ്കിലും നമ്മുടെ മനസ്സിലുള്ള ആശയത്തെയാണ്.ഇത് നമ്മുടെ സ്വന്തം ചിന്തയാണ് - നമ്മുടെ മാത്രം - അതിനെയാണ് നാം പ്രേമിക്കുന്നത്.
ഫെർനാണ്ടോ പെസ്സോവ,
പോർച്ചുഗീസ് കവി.

5)റഷ്യയിൽ കവിതയോട് വളരെ ആദരവാണുള്ളത്;കവിതയുടെ പേരിൽ ആളുകളെ കൊല്ലുന്നു.  കവിത കൊലപാതകത്തിനുള്ള കാരണമായിത്തീരുന്നത് ,ലോകത്ത്‌  മറ്റെവിടെയെങ്കിലും കാണാനാവുമോ ?
ഒസിപ്പ് മാൻഡൽസ്റ്റം,
റഷ്യൻ കവി.

കാലമുദ്രകൾ

1)വൈലോപ്പിളളി.
1970,71,72 വർഷങ്ങളിൽ കേന്ദ്ര സാഹിത്യഅക്കാദമിയുടെ വോട്ടെടുപ്പിൽ 'ഖസാക്കിൻ്റെ ഇതിഹാസം' മുൻപിൽ വന്നിട്ടും അവാർഡ് കൊടുക്കാത്തതിനെപ്പറ്റി വൈലോപ്പിള്ളി ഇങ്ങനെ പറഞ്ഞു :ഇത്തവണ വിജയനു കൊടുക്കാമായിരുന്നു ,ഇത് അയാളുടെ അവസാനത്തെ ഊഴമായിരുന്നല്ലോ .എനിക്ക് ഇനിയും ഊഴമുണ്ട് .

2)ഒ.വി.വിജയൻ.
'ഖസാക്കിൻ്റെ ഇതിഹാസ 'ത്തിൻ്റെ ഒടുവിൽ രവി പാമ്പിൻ്റെ നേർക്ക് കാൽ നീട്ടി മരണം വരിക്കുന്നതിനെക്കുറിച്ച് വിജയൻ എഴുതി: സർപ്പവിഷം എന്ന അഗ്നിയെ അനാദിയായ മഴ ശമിപ്പിക്കുന്നു. മഴ മരണമാണ് ,അതേസമയം ഔഷധിയും പുനർജനിയും .

3) ഡി.വിനയചന്ദ്രൻ.
ആനന്ദിന് സങ്കീർണത എന്ന ഗുണമുണ്ട്; എം.മുകുന്ദനിൽ അതില്ല എന്ന് വിനയചന്ദ്രൻ പറയുമായിരുന്നു.

4) എം.ടി.
എം.ടി യുടെ 'കിളിവാതിലിലൂടെ ' എന്ന പംക്തി വളരെ ആകർഷകമായിരുന്നു. അദ്ദേഹം അത് വീണ്ടും എഴുതണം.

5) കുട്ടികൃഷ്ണമാരാർ
സുകുമാർ അഴീക്കോടിൻ്റെ 'ശങ്കരക്കുറുപ്പ് വിമർശിക്കപ്പെടുന്നു ' എന്ന പുസ്തകത്തിനു ആ പേര് നിർദ്ദേശിച്ചത് കുട്ടികൃഷ്ണമാരാരായിരുന്നു. ഖണ്ഡന വിമർശനവും പ്രകടനാത്മകതയും ചേർന്ന് പുതിയൊരു വിമർശനസരണിയുടെ തുടക്കമായിരുന്നു അത്.

അങ്കമാലി മാങ്ങാക്കറി

രേഖ കെ എഴുതിയ 'അങ്കമാലിയിലെ മാങ്ങാക്കറിയും നിൻ്റെ അപ്പവും വീഞ്ഞും '(മാത്യഭൂമി ആഴ്ചപ്പതിപ്പ് ,ജൂൺ 21 ) വായനയുടെ രസം നഷ്ടപ്പെടാതെ കാത്തു. രേഖയുടെ നിരീക്ഷണങ്ങൾ ശ്രദ്ധേയവും സൂക്ഷ്മവുമാണ്.ഒരു കഥാകൃത്തിൻ്റെ ബുദ്ധിപരമായ ജാഗ്രത ഇവിടെ കണ്ടു. ഒരു ബാങ്ക് ഉ ദ്യോഗസ്ഥയ്ക്ക് തൻ്റെ യുവ സഹപ്രവർത്തകനോടു തോന്നുന്ന അനുതാപമാണ് വിഷയം .അത് വൈകാരികമായി അനുഭവവേദ്യമാക്കുന്നത് ഭക്ഷണത്തിൻ്റെ രുചിയിലൂടെയും ഗൃഹാതുര സ്മൃതികളിലൂടെയുമാണ്.

ഈ കഥയിൽ അങ്കമാലി മാങ്ങാക്കറിയുടെ രസക്കൂട്ടുണ്ട്. അത് ഇങ്ങനെയാണ്: "ഇഞ്ചീം പച്ചമുളകും സവാളയും ഉള്ളിയും കറിവേപ്പിലയും വിനാഗിരിയൊഴിച്ച് ഒന്നു തിരുമ്മണം. ഇത്തിരി വെളിച്ചെണ്ണ ,മല്ലി ,മുളക് ,മഞ്ഞൾ പൊടികള് ചേർത്ത് പിന്നെയും തിരുമ്മണം .തിരുമ്മിത്തിരുമ്മി അത് പകുതി പാകമാകുമ്പോ മാങ്ങയും തേങ്ങയുടെ രണ്ടാം പാലും ചേർത്ത് അടുപ്പിൽ വയ്ക്കണം. വെന്തു വരുമ്പോ ഒന്നാം പാലും ഒഴിച്ച് ഉള്ളിയും കറിവേപ്പിലയും വറവിട്ടാൽ കറിയായി " .

എന്നാൽ അഷ്ടമൂർത്തിയുടെ 'യേശുദാസും ജയചന്ദ്രനും ' (മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ജൂൺ 28) നിരാശപ്പെടുത്തി.മുമ്പു വായിച്ച ചില കഥകളുടെ ശൈലീപരമായ ആവർത്തനം കണ്ടു. ഇതു ചിലരുടെ ഓർമ്മയെഴുത്തു പോലെ ആഴം കുറഞ്ഞതായി അനുഭവപ്പെട്ടു.

സണ്ണി തായങ്കരിയുടെ 'ദൈവത്തിൻ്റെ ചാരൻ' (ഭാഷാപോഷിണി, ജൂൺ) മാനുഷികമായ സ്നേഹഭാവനകളെ ഉണർത്തി. ഒരു കടൽതീരത്ത് നടക്കുന്ന ഈ കഥ മനുഷ്യ പ്രയത്നത്തിൻ്റെ മഹത്വം വെളിപ്പെടുത്തുന്നു. ഹെമിംഗ്വേയുടെ 'കിഴവനും കടലും ' എന്ന നോവലിനെ ,ഒടുവിൽ കഥയുമായി ബന്ധിപ്പിച്ചത് ആഖ്യാനത്തിനു മൂർച്ച കൂട്ടി.

ഒരു ചിത്രം കാണുമ്പോൾ

ഇരുനൂറോളം അന്താരാഷ്ട്ര പ്രദർശനങ്ങൾ നടത്തിയ ഇന്ത്യൻ ചിത്രകാരനായ കെ.ദാമോദരനെ അനുസ്മരിക്കയാണ് പൊന്ന്യം  ചന്ദ്രൻ (മലയാളം ,ജൂൺ 29). നമ്മുടെ വാർത്താമാധ്യമങ്ങൾ ചിത്രകലയെക്കുറിച്ച് പുലർത്തുന്ന അജ്ഞത ഭയമുണ്ടാക്കുന്നതാണ്. ഞാൻ മഹാചിത്രകാരനായ വാൻഗോഗിനെ ആസ്പദിച്ച് ഒരു നോവലെഴുതി (വാൻഗോഗിന്) യപ്പോൾ ഉയർന്ന വിദ്യാഭ്യാസവും ഉദ്യോഗവുമുള്ള  ചിലർ എന്നോട് ആരാണ് വാൻഗോഗ് എന്ന് ചോദിച്ചതോർക്കുന്നു .വാൻഗോഗ് ,റെന്വേ, മാറ്റിസ് ,മൊനെ ,പിക്കാസോ തുടങ്ങിയവരെ അറിയാതെ ഒരാളും പത്താം ക്ളാസ് കടന്നു പോകരുത്. ഇത് സർക്കാർ ഉറപ്പാക്കണം.
നമുക്ക് ചിത്രകലാസംസ്കാരം ഇല്ല .ഒരു സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് കടന്നു ചെല്ലുമ്പോൾ അവിടെ എല്ലാവരും കാണത്തക്കവിധം ബ്രൂഗൽ ദ് എൽഡറിൻ്റെ 'നെതർലാൻഡിഷ് പ്രോവെർബ്സ് ' എന്ന ചിത്രം ആലേഖനം ചെയ്ത് വച്ചിരിക്കുകയാണെന്ന് സങ്കല്പിക്കുക. രോഗികൾ അത് നോക്കി നിന്നു പോകും ,ആശ്വാസത്തോടെ. ബൈ സ്റ്റാൻഡേഴ്സ് ആ ചിത്രം കാണാൻ പിന്നീട്  വീട്ടിൽ നിന്ന് തിരികെ

No comments:

Post a Comment