Thursday, January 28, 2021

അക്ഷരജാലകം/എം.കെ.ഹരികുമാർ ,കെ.പി.കുമാരൻ്റെ കുമാരനാശാൻ /metrovartha 25/1/2021

 അക്ഷരജാലകംlink

എം.കെ.ഹരികുമാർ

9995312097കെ.പി.കുമാരൻ്റെ കുമാരനാശാൻ ചലച്ചിത്രം എന്ന മാധ്യമത്തെ തൻ്റെ കലാപരവും ദാർശനികവുമായ സമസ്യകളുടെ ആവിഷ്കാരത്തിനു വേണ്ടി വിനിയോഗിച്ച കെ. പി. കുമാരൻ വർത്തമാനകാലത്തിൻ്റെ ആവശ്യം എന്ന നിലയിലാണ് കുമാരനാശാനെക്കുറിച്ച് ഒരു ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 'ഗ്രാമവൃക്ഷത്തിലെ കുയിൽ 'എന്നാണ്  ചിത്രത്തിൻ്റെ പേര്. ഇത്രയും നല്ലൊരു പേര് കിട്ടാനില്ല .പുതുമുഖങ്ങളാണ് അഭിനയിക്കുന്നത്.


ഏറ്റവും കുറച്ചു കാലംകൊണ്ട് ഏറ്റവും കൂടുതൽ സംഭാവന ചെയ്ത കവിയാണ് കുമാരനാശാൻ. കാലത്തിൻ്റെ ആത്മാവും ചേതനയുടെ പരിഷ്കർത്താവും നിഗൂഢ സൗന്ദര്യത്തെ സംവേദനക്ഷമമാക്കിയ അപൂർവ്വ പ്രതിഭയുമായ കുമാരനാശാൻ ഇനിയും കണ്ടെത്തപ്പെടാതെ അവശേഷിക്കുകയാണ്. ആ വഴിക്കുള്ള  മൂല്യാന്വേഷണപരമായ സമീപനമാണ് കെ.പി.കുമാരൻ്റ സിനിമ. ആശാനെ അതുല്യമായി ആഖ്യാനം ചെയ്യാൻ മലയാള സിനിമയിൽ ഒരു ശ്രമവും ഉണ്ടായിട്ടില്ല എന്ന വസ്തുത കൂടി ഓർക്കണം. ആശാൻ വ്യക്തി എന്ന നിലയിൽ ഒരു ബഹുസ്വരലോകമാണ്. താൻ ഒരേസമയം പല കേന്ദ്രങ്ങളുള്ള ഒരു ലോകമാണെന്ന തിരിച്ചറിവിലൂടെ മുന്നേറിയ ആശാൻ മലയാള കാവ്യലോകത്തെ ഏറ്റവും വലിയ ഉല്പതിഷ്ണുവായി നക്ഷത്രത്തെപ്പോലെ തിളങ്ങുകയാണ്. അനാചാരങ്ങളെ എതിർത്ത അദ്ദേഹം ചിന്തയിലും കലയിലും പരിവർത്തനത്തിന് ആഴി കൂട്ടി. കുമാരനാശാനെ ചരിത്രസന്ദർഭങ്ങളിലൂടെയും കവിതകളിലൂടെയും തിരയുകയാണ് കെ.പി.കുമാരൻ.


 "ഭാവഗാനാത്മകതയും തത്വചിന്താപരമായ അന്വേഷണവുമാണ് എൻ്റെ ഈ സിനിമയുടെ പ്രത്യേകതകൾ. കവിതയിലൂടെ ചിലപ്പോഴൊക്കെ കഥ പറയുന്നു. എൻ്റെ മുന്നിൽ ആശാൻ ഒരത്ഭുതമായി നില്ക്കുകയാണ്. ഒരേസമയം വ്യത്യസ്തമായ പാതകളിൽ സഞ്ചരിച്ച മഹാപ്രതിഭയാണ്. അദ്ദേഹത്തിൻ്റെ കവിതകളെപ്പറ്റി ധാരാളം പഠനങ്ങൾ ഉണ്ടായിട്ടുണ്ട്. എങ്കിലും ഇനിയും ആശാനെ മലയാളികൾ വേണ്ട പോലെ  മനസ്സിലാക്കിയിട്ടില്ല. ആശാൻ്റെ വ്യക്തിത്വം അസാധാരണമാണ്. സംഘടനാപ്രവർത്തനം, കാവ്യജീവിതം , പത്രപ്രവർത്തനം (വിവേകോദയം ), പ്രജാസഭയിലും പ്രതിനിധി സഭയിലുമുള്ള ഇടപെടൽ , വ്യവസായം, പരിഭാഷ തുടങ്ങി ആശാൻ്റെ ജീവിതം വൈവിധ്യത്തിൻ്റെ സർഗാത്മക സമന്വയമാണ്;വിസ്മയകരമാണത്. പ്രവർത്തിച്ച മേഖലകളിലെല്ലാം ആശാൻ വിപ്ലവകരമായ മാറ്റങ്ങൾ ഉണ്ടാക്കി. ലോകനന്മയ്ക്കും സമത്വത്തിനും വേണ്ടി സമ്പൂർണമായി സമർപ്പിക്കപ്പെട്ട ആശാൻ ഒരേ സമയം  ആദ്ധ്യാത്മികതയിലും രാഷ്ട്രീയത്തിലും ആശയശാസ്ത്രങ്ങളിലും സൗന്ദര്യശാസ്ത്രത്തിലും ഒരു പരിവ്രാജകനെപ്പോലെ  ജീവിച്ചു കടന്നു പോകുകയായിരുന്നു " - കെ.പി.കുമാരൻ പറഞ്ഞു.


ആത്മലോചനങ്ങളുടെ കവി 


ആശാൻ്റെ പ്രേമസങ്കല്പം സവിശേഷമാണ്. വളരെ വിശുദ്ധവും ആത്മീയവുമാണത്. 'ലീല'യിലും  'നളിനി 'യിലും അത് കാണാം. ആ  കഥാപാത്രങ്ങളുടെ പ്രേമദാഹം ലൈംഗികതയിലൂടെ പരിഹരിക്കപ്പെടുന്നതല്ല .അതിനപ്പുറമുള്ള ആത്മലോചനങ്ങൾ തേടാനുണ്ട്. സാഹിത്യത്തിനപ്പുറത്തേക്കാണ് ആശാൻ്റെ രചനകൾ നീങ്ങുന്നത്. ജീവിതത്തിൻ്റെ അറിയപ്പെടാത്ത മേഖലകളെ ആ പ്രേമം  സ്വാംശീകരിക്കുന്നു. പ്രേമമില്ലെങ്കിൽ മൃത്യുവായാലും കുഴപ്പമില്ല എന്ന ഒരു തീരുമാനം ആശാൻ കൃതികളിൽ  മുഴങ്ങുന്നുണ്ട് .ശരീരംകൊണ്ട് വയ്യാതെ ഒരിടത്ത് അടിയുന്ന സന്ദർഭം മനുഷ്യർക്ക് വരാറുണ്ടല്ലോ. അപ്പോഴും ആശാൻ്റെ പ്രേമം  അവസാനിക്കുകയില്ല. കാരണം അത് ലൈംഗികകാമനകളില്ലാതെയും നിലനില്ക്കുകയാണ്.ജീവിച്ചാലും ,ചിലപ്പോൾ ലഭിക്കാത്തതാണത്. മനുഷ്യന് അപ്രാപ്യമായ സൗന്ദര്യമായി അത് വഴിമാറുന്നു .


"ഇതൊരു ജീവചരിത്ര സിനിമയല്ല. ഇതിൽ എൻ്റെ അനുഭവത്തിൻ്റെ  വെളിച്ചത്തിലുള്ള അന്വേഷണങ്ങളും ബോധ്യങ്ങളുമാണുള്ളത്. ജീവിതവും  കലയും മാധ്യമബോധവും ഇതിൽ കൂടിക്കുഴയുകയാണ് .രണ്ടു മണിക്കൂർ ദൈർഘ്യമുള്ള ഈ സിനിമ എൻ്റെ  മനസ്സിനെ മഥിച്ച സാമൂഹ്യപ്രശ്നങ്ങളുടെ നേർക്കുള്ള യാത്രയാണ്. നമ്മൾ എവിടെ നില്ക്കുന്നുവെന്ന് പഠിക്കേണ്ടതുണ്ട്. പുതിയ കാലം അതാവശ്യപ്പെടുന്നു. പത്തൊൻപതാം നൂറ്റാണ്ടിൻ്റെ അന്ത്യത്തിലും ഇരുപതാം നൂറ്റാണ്ടിൻ്റെ  ആദ്യപകുതിയിലുമുണ്ടായ മാറ്റത്തിൻ്റെ സത്ത ,അല്ലെങ്കിൽ ഊർജ്ജം ഇന്ന് നമ്മളിൽ നിന്ന് ഏറെക്കുറെ  ചോർന്നുപോയിരിക്കുന്നു. മലയാളിക്ക് ചരിത്രബോധം തന്നെ നഷ്ടപ്പെടുന്നുവോ എന്ന സന്ദേഹമുണ്ട്. നമ്മൾ പതിറ്റാണ്ടുകളിലൂടെ നേടിയ  ലോകാവബോധം കാണാനില്ല. കലാസൃഷ്ടികൾ ഉണ്ടാകുന്നുണ്ട്. പക്ഷേ ,ആഴത്തിലുള്ള സാമൂഹ്യജീവിതബോധമില്ല; സഹിഷ്ണുതയില്ല . മറ്റുള്ളവരെക്കുറിച്ചുള്ള ആകുലതകൾ ഇല്ലാത്തവരായി നമ്മൾ മാറിക്കൊണ്ടിരിക്കുകയാണ്. ഒരു തിരിച്ചുപോക്ക് ഞാനാഗ്രഹിക്കുന്നു. ആശാനിലേക്കാണ് എനിക്ക് പോകാനുള്ളത്. അതാണ് എൻ്റെ സിനിമ " .കെ .പി .കുമാരൻ അറിയിക്കുന്നു. 


 "മരണം ഭയസീമ ,യെന്നയേ ,

കരുതും ജീവികളങ്ങനാരതം

വിരഹാർത്തയിവൾക്കഹോ! ഭയ-

ങ്കരമായ് തീർന്നു ധരിക്ക ജീവിതം" 

എന്ന് 'ലീല'യിൽ  എഴുതുന്നതിലെ ആഴക്കാഴ്ച ഓർക്കുക. എല്ലാ ജീവികളും മരണത്തെ ഭയക്കുന്നു. എന്നാൽ താൻ വിരഹത്തെയാണ് ഭയക്കുന്നത്. പിന്നീട് ജീവിതത്തിൻ്റെ  സ്ഥായിയായ ഭാവം വിരഹമാണെന്ന് പറയാൻ 'വിധുരവലാകകൾ ' എന്ന് പ്രയോഗിക്കുന്നുണ്ട്. വിരഹവേദനയാൽ പുളയുന്ന വെള്ളിൽപ്പറവകളെന്നാണ് ഇതിനർത്ഥം. പ്രകൃതിയിലാകെ വ്യാപിക്കുന്ന വിരഹദു:ഖത്തെ കവി കണ്ടെത്തുകയാണ്. ജൈവബന്ധം ,സ്നേഹം ഉള്ളവർക്കാണ് വിരഹ വേദനയുണ്ടാകുന്നത്‌. ഒരു വിഷയത്തെ മുൻകുട്ടി കണ്ട് അത് കവിതയിലാക്കുകയായിരുന്നില്ല ആശാൻ്റെ രീതി.ആ കവിത  ഉള്ളിൽനിന്ന് ഒരനിവാര്യത പോലെ പുറത്തേക്കു കുതിച്ചെത്തുകയായിരുന്നു.പല സംസ്കാരങ്ങളുടെ സുഗന്ധം കലർന്ന് ഒഴുകുന്ന ലാവണ്യനദിയാണത്. കുമാരനാശാനിലെ ദാർശനിക പ്രഭാവമാണ് മുണ്ടശ്ശേരിയെ ആകർഷിച്ചത് .അദ്ദേഹമാണല്ലോ ആശാൻ കവിതയെ പുനർമൂല്യനിർണയം നടത്തിയത്‌. പി. കെ ബാലകൃഷ്ണൻ ,കുട്ടികൃഷ്ണ മാരാർ ,സുകുമാർ അഴീക്കോട് തുടങ്ങിയവർ ആശാൻകവിതയിലെ സരയൂ നദി കണ്ടവരാണ്. അഴീക്കോടിൻ്റെ പതിറ്റാണ്ടുകളിലൂടെയുള്ള പ്രഭാഷണങ്ങളിൽ മിക്കപ്പോഴും ആശാൻ കടന്നുവരുമായിരുന്നു.


ആധുനികത ഇതാണ് 


ശ്രീനാരായണഗുരുവിനെ ആശാൻ  പരിചയപ്പെടുന്നത് 1889 ലാണ്‌;അരുവിപ്പുറം പ്രതിഷ്ഠയ്ക്ക് (1888) ശേഷം. പിന്നീട് ഗുരുവിൻ്റെ  പാതയിലെ വെളിച്ചം ഉൾക്കൊണ്ട് ആത്മീയമൂല്യങ്ങളെ സൗന്ദര്യാത്മകമായി പരാവർത്തനം ചെയ്തു .1895 ൽ ബാംഗ്ലൂരിൽ  പോയി നിയമം പഠിച്ചു. പിന്നീട് മദ്രാസിലും അതിനുശേഷം കൊൽക്കത്തയിലും പഠിച്ചു.കൊൽക്കൊത്തയിൽ കഴിഞ്ഞ കാലത്താണ് സംസ്കൃതവും ഇംഗ്ലീഷും ആഴത്തിൽ മനസ്സിലാക്കിയത്.


1900 ൽ തിരിച്ചുവന്ന ആശാൻ  ദാർശനികമായ ഉൾക്കനത്തോടെയാണ് ജീവിതത്തെ നേരിട്ടത്. 1907 ൽ നിസ്സാരമായ, വീണുകിടക്കുന്ന ഒരു പൂവിനെ കാവ്യവിഷയമാക്കാമെന്ന് 'വീണപൂവി 'ലൂടെ 'തെളിയിച്ചു; ഇത് ഒരു മഹാവിപ്ളവമായിരുന്നു. ഇതാണ് ആധുനികത .ഇതിന് എത്രയോ വർഷം കഴിഞ്ഞാണ് ടി.എസ് .എലിയറ്റ് 'ദ് വെയ്സ്റ്റ് ലാൻഡ്' ( തരിശുഭൂമി) എന്ന കാവ്യമെഴുതിയത് .'വീണപൂവി 'ലുള്ളത് വസ്തുവിൻ്റെ അനന്യത അതിൽ തന്നെ സമ്പൂർണമാണെന്ന വീക്ഷണമാണ് .


അഞ്ച് വാല്യങ്ങളിൽ ബുദ്ധചരിതം എഴുതി. ബാലരാമായണം മൂന്ന് വാല്യമാണ്. 1907 മുതൽ 1924  വരെയുള്ള കാലഘട്ടത്തിലാണ് പ്രശസ്തമായ കവിതകളെല്ലാം പിറന്നത്. നളിനി, ലീല ,പ്രരോദനം, ചിന്താവിഷ്ടയായ സീത, ദുരവസ്ഥ, ചണ്ഡാലഭിക്ഷുകി, കരുണ എന്നീ കാവ്യങ്ങൾ അപാരമായ ,ഉന്നതമായ കാവ്യഭാഷണങ്ങളായി നില്ക്കുകയാണ്.


കെ.പി.കുമാരൻ്റെ സിനിമകളെല്ലാം, അതിസാഹസികമായി ,  സംവിധായകൻ ക്യാമറയുമായി മനുഷ്യാവസ്ഥയുടെ ഒറ്റച്ചരടിനുമേലെ ബാലൻസ് ചെയ്ത് നടക്കുന്ന പോലെ തോന്നിപ്പിക്കും. അതിഥി (പി.ജെ.ആൻ്റണി ,ഷീല ,ബാലൻ കെ. നായർ , കൊട്ടാരക്കര)രുഗ്മിണി ( നെടുമുടി വേണു ,അഞ്ജു ), ആകാശഗോപുരം (മോഹൻലാൽ ,ഭരത് ഗോപി ,നിത്യാമേനോൻ) എന്നീ  ചിത്രങ്ങൾ കാണുന്നവർക്ക് അത് ബോധ്യപ്പെടും.


ഒന്നിൻ്റെയും നിഴലല്ല


 "വിവാഹിതനായ ആശാൻ്റെ ജീവിതമാണ് ഞാനിതിൽ ഫോക്കസ് ചെയ്യുന്നത്.ആ വിവാഹം തന്നെ ഒരു വലിയ ചർച്ചയായിരുന്നുവല്ലോ. വധുവിന് പതിനെട്ടും ആശാനു നാല്പതു മായിരുന്നല്ലോ പ്രായം. ഇത് പലരെയും ചൊടിപ്പിച്ചു. ആശാന് സ്വതന്ത്രവും  മൗലികവുമായ വ്യക്തിത്വമുണ്ട്. ആശാൻ ഒന്നിൻ്റെയും നിഴലല്ല;അതിശയകരമായ ഒരു പരിവർത്തന ശക്തിയാണ് ;സമാനതകളുമില്ല. ആശാനിൽ അസാമാന്യമായ സർഗ്ഗശേഷിയാണുള്ളത്; സഹനശേഷിയുമുണ്ട്. ആ കവിതകൾ പുതിയ ഉണർവ്വായിരുന്നു. ചന്തുമേനോൻ്റെ  'ഇന്ദുലേഖ' എത്രയോ വലിയ മാറ്റമാണ് കൊണ്ടുവന്നത്. മാറ്റത്തിനു മാറ്റമില്ല. അതുകൊണ്ടാണ് ' മാറ്റുവിൻ ചട്ടങ്ങളെ ' എന്ന് അദ്ദേഹം പ്രവചനാത്മകമായി എഴുതിയത്. ജാതിയെ എതിർത്ത ആശാൻ ആത്മ സംശോധനത്തിനായി ബൗദ്ധമൂല്യങ്ങളെയാണ് ആശ്രയിച്ചത്.ചണ്ഡാലഭിക്ഷുകിയും കരുണയും ഇതിനു തെളിവാണ്. എന്നാൽ മതപരിവർത്തനത്തിൽ, അദ്ദേഹം വിശ്വസിച്ചില്ല " - കെ.പി.കുമാരൻ അഭിപ്രായപ്പെടുന്നു.

'ഗ്രാമവൃക്ഷത്തിലെ കുയിൽ'കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ 'മലയാള സിനിമ ഇന്ന് ' എന്ന വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നുണ്ട്.


വാക്കുകൾ


1)ചെന്നായ്ക്കളുടെ സ്വാതന്ത്ര്യം എന്നു പറയുന്നത് ആട്ടിൻകുട്ടികളുടെ മരണമാണ് .

ഇസയ്യ ബർലിൻ ,

(ബ്രിട്ടീഷ് ചിന്തകൻ)


2)എപ്പോഴും ഒരു കവിയായിരിക്കുക , ഗദ്യമെഴുതുമ്പോൾ പോലും.

ചാൾസ് ബോദ്ലേർ,

(ഫ്രഞ്ച് കവി)


3)നിങ്ങൾ ജീവിച്ചിരിക്കുന്നു എന്ന് ഉറപ്പാക്കാൻ വേണ്ടി നിങ്ങൾക്ക്  സംസാരിക്കേണ്ടി വരും.

ഷാങ്ങ് പോൾ സാർത്ര്,

(ഫ്രഞ്ച് എഴുത്തുകാരൻ )


4)സ്വന്തം ചിന്തകളും വികാരങ്ങളും നിയന്ത്രിച്ചു നിർത്തുന്നതെത്ര ബുദ്ധിമുട്ടേറിയ പണിയാണെന്ന് ആളുകൾ മനസ്സിലാക്കുന്നത് പ്രതിസന്ധികളുടെ കാലത്ത് മാത്രമാണ്. ആൻറൺ ചെക്കോവ്

(റഷ്യൻ കഥാകൃത്ത്)


5)ദയ ഒരു ഭാഷയാണ്; അത് ബധിരന്  കേൾക്കാനും അന്ധനു കാണാനും കഴിയും.

മാർക്ക് ട്വെയിൻ ,

അമെരിക്കൻ എഴുത്തുകാരൻ


കാലമുദ്രകൾ


1)എം. ടി .വാസുദേവൻനായർ 


എം.ടി.ഒരു കഥ എഴുതിയിട്ട് എത്രയോ കാലമായി! . മലയാളത്തിലെ കഥ വായനക്കാർ എം. ടിയുടെ ഒരു കഥയ്ക്കായി കാത്തിരിക്കുകയാണ്‌.


2)മുനി നാരായണപ്രസാദ് 


ശ്രീനാരായണഗുരുവിൻ്റെ സമ്പൂർണ കൃതികളുടെ വ്യാഖ്യാനം (സാരാംശവും അവതാരികയും) മുനി നാരായണ പ്രസാദ് എഴുതിയിട്ടുണ്ട്.നാഷണൽ ബുക്ക് ട്രസ്റ്റ് ഓഫ് ഇന്ത്യയാണ് പ്രസാധകർ .ഗുരുവിൻ്റെ കൃതികളുടെ ഇംഗ്ലീഷ് പരിഭാഷയും (വ്യാഖ്യാനത്തോടൊപ്പം) മുനി നിർവ്വഹി യു. ഇതുവരെ കണ്ടതിൽ ഏറ്റവും മനോഹരമായ ഇംഗ്ലീഷ് പരിഭാഷയും അവതരണവും മുനി നാരായണപ്രസാദിൻ്റേതാണ്.


2)ഡോ.സെബാസ്റ്റ്യൻ പോൾ


കേരളടൈംസിലും കൈരളി ടിവിയിലും സെബാസ്റ്റ്യൻ പോൾ ചെയ്തുവന്ന  മാധ്യമാവലോകനം ശ്രദ്ധേയമായിരുന്നു.അത് തുടരേണ്ടതായിരുന്നു. ആധികാരികമായി പറയുന്നത് അദ്ദേഹത്തിൻ്റെ പ്രത്യേകതയാണ്.


4)കെ.സഹദേവൻ


ടെലിവിഷൻ ചാനലിൽ കെ.സഹദേവൻ പാശ്ചാത്യ ക്ലാസിക് സിനിമകൾ അവതരിപ്പിച്ചുകൊണ്ട്  '24 ഫ്രെയിംസ്' എന്ന പേരിൽ ഒരു പ്രോഗ്രാം ചെയ്തിരുന്നു .സിനിമകളെ വിമർശനാത്മകമായി സമീപിക്കുന്ന അദ്ദേഹം അതിലെ പ്രസക്തഭാഗങ്ങൾ കാണിക്കുകയും ചെയ്തു.മലയാള ടെലിവിഷൻ ചാനലുകളിലെ ഏറ്റവും നല്ല ഷോ അതായിരുന്നു.


5)സൂക്ഷ്മാനന്ദ സ്വാമി


സൂക്ഷ്മാനന്ദ സ്വാമി അധികം എഴുതാറില്ല.അദ്ദേഹം എഴുതിയ 'മൈൻഡ് ദ് ഗ്യാപ് ' എന്ന ഇംഗ്ലീഷ് പുസ്തകം വായിച്ചിട്ടുണ്ട്. ദൽഹിയിലെ സർക്കിൾ ഗ്രൂപ്പാണ് പ്രസിദ്ധീകരിച്ചത്. ശൂന്യമായ ഇടങ്ങളെ മനസ്സുകൊണ്ട് പൂരിപ്പിക്കുന്നതാണ് മനുഷ്യൻ്റെ  ആത്മീയത എന്ന് സ്വാമി അതിൽ  സരളമായി പ്രതിപാദിക്കുന്നുണ്ട്.


6)പ്രേം നസീർ 


പരുക്കൻ യാഥാർത്ഥ്യത്തെ അഭിമുഖീകരിച്ച ഒരു കാലത്തിനു നസീർ എന്ന സ്വപ്നശിഖരം ആവശ്യമായിരുന്നു. ദാരിദ്ര്യദു:ഖം പോലെ പ്രണയനൈരാശ്യവും ജീവന്മരണപ്രശ്നമായ ഒരു തലമുറയുടെ നെഞ്ചിനകത്ത് നസീറിൻ്റെ ഇരിപ്പിടം അപ്രാപ്യസ്വപ്നം പോലെ ഭദ്രമായിരുന്നു.മലയാളത്തിനെതിരെ 


ജയമോഹൻ എന്ന തമിഴ് എഴുത്തുകാരൻ വലിയൊരു കണ്ടുപിടുത്തം (മാതൃഭൂമി ആഴ്ചപ്പതിപ്പ് ' ജനുവരി 10) നടത്തിയിട്ടുണ്ട് .വായനക്കാർ ശ്രദ്ധിച്ചാലും :

"മലയാളത്തിനു തനിച്ചു നിലനില്ക്കുക ബുദ്ധിമുട്ടേറിയതാണ് " . 


അദ്ദേഹം പറയുന്നു ,സംസ്കൃതവാക്കുകൾ മലയാളിക്ക് അന്യമാണെന്ന്! .ഇത്രയും അർത്ഥശൂന്യമായ വാക്കുകൾ സമീപകാലത്ത് കേട്ടിട്ടില്ല. ഒരു ഭാഷയ്ക്കും തനിയെ നില്ക്കാനാവില്ലെന്ന് മനസ്സിലാക്കുക.ജയമോഹൻ എന്ന പേരു തന്നെ സംസ്കൃതമാണ്. പല ഭാഷകളിലെ വാക്കുകൾ കൂടിച്ചേർന്നാണല്ലോ ലാറ്റിനമേരിക്കൻ ഭാഷകൾ നിലനില്ക്കുന്നത്. ലാറ്റിനമേരിക്കയിലെ ഇരുപത് രാജ്യങ്ങളിലെ ഭാഷ സമ്മിശ്രമാണ്. സ്പാനീഷാണ് മുഖ്യം.എന്നാൽ ഫ്രഞ്ച് ,പോർച്ചുഗീസ് ,മായൻ, അജ്മാറ തുടങ്ങിയ ഭാഷകളും ഉപയോഗിക്കുന്നു. മലയാളി ഒരു ദിവസം ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് സംസ്കൃതമാണ്; പ്രണയം ,ആശയം, ചിന്ത, തൽസമയം, പത്രം ,വാർത്ത, പ്രകൃതി  തുടങ്ങിയവ.അതേസമയം ഇംഗ്ളീഷും വേണം. ജയമോഹൻ ഏതോ പുരാതന ലോകത്ത് കഴിയുന്ന പോലെ തോന്നുന്നു. No comments:

Post a Comment