Monday, September 20, 2021

അക്ഷരജാലകം /എം.കെ.ഹരികുമാർ/വ്യഥകളുടെ വായ്ത്തലകൾ/metrovartha sept.20, 2021





 

 

 

 

 

ജീവിതം എത്ര യാന്ത്രിക ഭൗതികവാദമായാലും, അനുദിന സംഭവങ്ങൾ എത്രമാത്രം വേഗമേറിയ തും കാലദേശാതീതവുമായാലും സാഹിതീയമായ ഉത്കണ്ഠകൾ അവസാനിക്കുകയില്ല. മനസിൻ്റെ അടിത്തട്ടിൽ നിന്നുയരുന്ന ഒരു ത്വരയാണ് സാഹിത്യരചനയിലേക്ക് ഒരാളെ നയിക്കുന്നത്. എത്രത്തോളം സൂക്ഷ്മവും അഗാധവുമായി ഒരു വസ്തുവിനെ സമീപിക്കുന്നുവോ അത്രത്തോളം സാഹിത്യത്തിനും ആഴമുണ്ടാകും.

ഈ അഗാധതയാണ് ഓരോ രചയിതാവിനെയും വെല്ലുവിളിക്കുന്നത്. വായനയും മനനവും അതിനു സഹായിക്കുന്ന വസ്തുതകളാണ്.ഒരാളുടെ വികാരങ്ങൾക്കനുസരിച്ച് ജീവിതം അയാൾക്ക് മുന്നിൽ തുറന്നു വരികയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ജീവിതം ഏകതാനമോ, നിശ്ചിതാർത്ഥത്തിലുള്ളതോ , ആദ്യവസാനചിന്തിതമോ, കാര്യകാരണബദ്ധമോ അല്ല എന്നാണ് മനസ്സിലാക്കേണ്ടത്. ഓരോരുത്തരുടെയും ഭാവനയാണത്; കേവല യാഥാർത്ഥ്യമല്ല. മുറിവേറ്റ  രണ്ടുപേർക്ക് രണ്ടുതരത്തിലാണ് അത്  സംഭവിക്കുന്നത്. ജീവിതത്തിലെ  മുറിവുകൾക്ക് ആത്മീയവശമുണ്ട്. അതിനോടുള്ള സമീപനവും സർഗ്ഗാത്മകമായ തീരുമാനവുമാണ്  അതിനെ ആത്മീയമാക്കുന്നത്. അതിൻ്റെ ഫലമായി ഓർമ്മകൾ വ്യത്യാസപ്പെട്ടിരിക്കും. നഷ്ടപ്പെടുന്നതിൻ്റെ ആഘാതം എല്ലാവർക്കും ഒരുപോലെയല്ല. എല്ലാം  ഓരോരുത്തരുടെ കഴിവിനനുസരിച്ചാണ്  രൂപപ്പെടുന്നത്.

ലോകം അതിവേഗം നാഗരികമാകുമ്പോഴും മനുഷ്യൻ്റെ  നിത്യമായ ആഭ്യന്തരപ്രശ്നങ്ങൾക്ക് ശമനമില്ല. മരണത്തെക്കുറിച്ച് ചിന്തിക്കാതിരിക്കാനാവില്ല. വാക്കുകൾക്ക് മൂർച്ചയുണ്ടാകുന്നതും  ചിന്തകൾക്ക് വേഗമുണ്ടാകുന്നതും  പ്രവർത്തനങ്ങൾക്ക് അർത്ഥ വ്യതിയാനങ്ങളുണ്ടാകുന്നതും  മരണത്തെക്കുറിച്ചു ഭയമുള്ളതുകൊണ്ടാണ് .ഓരോ വ്യഥയും ഓരോ വായ്ത്തലയാണ്. അതീതലോകത്തെ തുറക്കാൻ അത് സഹായകമാണ്. ഓരോ നിമിഷത്തെയും അത് ജാഗ്രത്താക്കുന്നു.

പ്രബുദ്ധതയുടെ ശബ്ദം

അതുകൊണ്ടാണ് മഹാനായ ലോകകവി ഡബ്ലിയു .ബി .യേറ്റ്സ് തൻ്റെ നിഗൂഢാർത്ഥപരമായ ത്വരകളെക്കുറിച്ച് സംസാരിച്ചത്‌.തൻ്റെ  എല്ലാ കർമ്മങ്ങളുടെയും ചിന്തകളുടെയും കവിതകളുടെയും കേന്ദ്രം അഗോചരമായ ജീവിതമാണെന്ന് അദ്ദേഹം എഴുതുന്നു. എന്തുകൊണ്ടാണ് അശോചരമാകുന്നത്? നഗ്നനേത്രങ്ങൾകൊണ്ടും യുക്തികൊണ്ടും കണ്ടെത്താനാവാത്ത ജീവിതവും താൻ ജീവിക്കുന്നു എന്ന തിരിച്ചറിവാണത്. 'എൻ്റെ ശബ്ദം ഒരു
അതീതമായ പ്രബുദ്ധതയുടേതാണെന്ന് ഞാൻ വിശ്വസിക്കുന്നു .അത് ബുദ്ധിജീവിതത്തിന് എതിരെയുള്ള ആത്മാവിൻ്റെ കലാപമാണ്' . അദ്ദേഹം എഴുതി. ഓരോ വസ്തുവിനെയും ആത്മീയമാക്കുന്നത് ഈ കലാപത്തിലൂടെയാണ്. തൻ്റെ ആകുലതകളെ ഇരട്ടിപ്പിക്കുകയോ വഴി തിരിച്ചുവിടുകയോ ചെയ്യുന്ന ഘടകങ്ങൾ വസ്തുക്കളിലുണ്ടെന്ന അറിവാണ് ഈ പാതയിലേക്ക് മനുഷ്യനെ അടുപ്പിക്കുന്നത്.

മനുഷ്യൻ ആഭ്യന്തരമായി നശിക്കുന്ന ഒരു കാലമാണിത് .എത്രയോ വിശുദ്ധഗ്രന്ഥങ്ങൾ എഴുതപ്പെട്ടിട്ടും , ദൈവചിന്തകൾ വീടുകളിലെല്ലാം നിലയുറപ്പിച്ചിട്ടും മനുഷ്യൻ ചീത്തയായിക്കൊണ്ടിരിക്കുന്നു. ക്രൂരതയുടെ ഒരു വലിയ ചരിത്രംതന്നെ രൂപപ്പെടുകയാണ്. പ്രകൃതി ആ  ക്രൂരത മൂലം വീർപ്പുമുട്ടുന്നു.വലിയ ആവാസവ്യവസ്ഥകളും  സവിശേഷതകളുമുള്ള അനേകം കോടി പ്രാണികളുടെ ജീവിതം അടഞ്ഞുപോകുന്ന സാഹചര്യമാണുള്ളത് .

മനുഷ്യനെ അന്യവത്ക്കരിക്കുകയും നശിപ്പിക്കുകയും ചെയ്യുന്ന നാഗരിക വികസനവും സാങ്കേതിക വിസ്ഫോടനവും ജർമ്മൻ നോവലിസ്റ്റ് ഹെർമ്മൻ ഹെസ്സെയെ മാനസികാഘാതത്തിലേക്ക് തള്ളിവിടുന്നതിനു കാരണമായിരുന്നു. അദ്ദേഹം ആഭ്യന്തര ജീവിതത്തിൻ്റെ സ്വാസ്ഥ്യത്തിലേക്ക് മടങ്ങാൻ എന്താണ് വഴി എന്ന് ആലോചിച്ചുകൊണ്ടിരുന്നു. 'ഞാൻ എങ്ങനെയാണ് ശരിയായി  ജീവിക്കേണ്ടത് ' എന്ന ചോദ്യം അദ്ദേഹത്തെ സാഹിത്യത്തിലേക്കു തിരിച്ചുവിട്ടു.രണ്ടുതവണയാണ് ഹെസ്സെ പ്രമുഖ മനശാസ്ത്രജ്ഞൻ ആർ.ഡി. ലെയിംഗിൻ്റെ അടുത്ത്  കൗൺസിലിംഗിന് പോയത്. ആദ്യകാലത്തെ മാനസികസംഘർഷങ്ങൾ ഭയങ്കരമായിരുന്നു .

ആ അനുഭവങ്ങളാണ് 'ഡെമിയാൻ: ദ് സ്റ്റോറി ഓഫ് എമിൽ സിൻക്ളെയേഴ്സ് യൂത്ത് ' എന്ന നോവലിൽ അദ്ദേഹം വിവരിച്ചിട്ടുള്ളത്‌.ലെയിംഗ് വളരെ വ്യക്തമായി ഒരു ഉപദേശം നൽകി: 'ജീവിതത്തിലെ പ്രശ്നങ്ങൾ വൃത്തിയായി പരിഹരിക്കാൻ കഴിയണമെന്നില്ല. ഓരോന്നിനും വൈരുദ്ധ്യമുണ്ട്. വൈരുദ്ധ്യങ്ങൾക്കിടയിലെ  സംഘർഷമാണ് ജീവിതം'. എന്നാൽ ഈ ജ്ഞാനം സാഹിത്യകലയിൽ ഇപ്പോഴില്ല.

അനുഭവങ്ങളുടെ ഉള്ള്

സാഹിത്യമേഖലയിൽ സംഭവിക്കുന്നത് അനുഭവങ്ങളുടെ ഉള്ള് പൊള്ളയാവുന്നതിൻ്റെ പ്രശ്നങ്ങളാണ്. അതിനെ എങ്ങനെ സമീപിക്കണമെന്ന് അറിയാത്തതുമൂലമുള്ള വന്ധ്യതയുണ്ട്. ചിന്തകൾക്ക് രസം നഷ്ടപ്പെട്ടിരിക്കുന്നു. ഭാഷ വരണ്ടു പോയിരിക്കുന്നു. എല്ലാ ഇന്ദ്രിയങ്ങളുമുള്ള ഭാഷ എവിടെയാണുള്ളത്? ചിന്തകളുടെ രസന പ്രവർത്തിക്കുന്നില്ല.  ഉപരിതലസ്പർശിയായ വിവരങ്ങൾക്കു വേണ്ടി പുറമേനിന്നു നോക്കുന്ന മട്ടിലുള്ള ഒരു മിനിമം ഭാഷയാണ് ഇപ്പോൾ കഥകളിലുള്ളത്. മനുഷ്യൻ ജീവിതത്തിൻ്റെ വ്യാമോഹിക്കുന്ന അവസ്ഥകളിലേക്ക് വച്ചകാൽ പിൻവലിച്ചതിൻ്റെ ലക്ഷണമാണിത്.  ജീവിതവിജയത്തിൻ്റെ പ്രായോഗിക പാഠങ്ങൾ അങ്ങനെയെല്ലാമാണ് ഇപ്പോൾ സംഭവിക്കുന്നത്.
യേറ്റ്സിൻ്റെ 'ഡെത്ത് ' എന്ന കവിതയിലെ വരികൾ ഇങ്ങനെയാണ് :
'മരിക്കുന്ന ഒരു മൃഗത്തെ
ഭയമോ പ്രതീക്ഷയോ
അലട്ടുന്നില്ല
മനുഷ്യനാകട്ടെ
സ്വന്തം അന്ത്യത്തിനായി
കാത്തുനില്ക്കുകയാണ്,
ഭയവും പ്രതീക്ഷയുമായി.
അവൻ പലതവണ
മരിച്ചിട്ടുണ്ടാകും
അവൻ വീണ്ടും
എഴുന്നേറ്റു വരും'

ഈ കവിതയിൽ യേറ്റ്സ് സ്ഥാപിക്കുന്നത് മനുഷ്യൻ മരണത്തെ സൃഷ്ടിക്കുകയാണ് ചെയ്യുന്നതെന്നാണ്. ഇതാണ് കവിയുടെ ദർശനം.
നമ്മുടെ ഭാഷയിൽ ,
മനുഷ്യരെ സ്പർശിച്ചുപോകുന്ന കാലം ഏതു വിധത്തിലുള്ളതാണെന്ന് അന്വേഷിക്കപ്പെടുന്നേയില്ല. അലസചിന്തകൾകൊണ്ട് ഇടങ്ങൾ നിറയുകയാണ് .കോളേജ് അധ്യാപകരുടെ സാഹിത്യവിമർശനം പേടിസ്വപ്നമായി കഴിഞ്ഞു. സാമാന്യമായ സഹൃദയമില്ലാത്തവർ സാഹിത്യമേഖലയിൽ ക്ഷുദ്രമായ അവലോകനങ്ങളും അക്കാദമിക് പുസ്തകങ്ങളിൽ നിന്നുള്ള ഉദ്ധരണികളും കുത്തി നിറയ്ക്കുകയാണ് .സാഹിത്യകല മനുഷ്യമനസ്സിൻ്റെ ഒരാവശ്യമാണെന്ന് ഇവർ എന്നു തിരിച്ചറിയും? .അത് ബുദ്ധിയുടെ മാത്രമല്ല, ഹൃദയത്തിൻ്റെയും മേഖലയാണ്. ഒരുവനു മറ്റൊരാളോടുള്ള സ്നേഹം, ചരാചരങ്ങളോടുള്ള സ്നേഹം, പ്രേമം, ഓർമ്മകളിലൂടെ നേടുന്ന പരഹൃദയ ജ്ഞാനം എന്നിവയൊക്കെ സമകാലീന സാഹിത്യത്തിനു അന്യമായിരിക്കുന്നു.

ഉദ്യോഗസ്ഥമനോഭാവവും കലാശാല ക്ലാസുകളും തത്ത്വദീക്ഷയില്ലാതെ മലയാളഭാവനയെ വല്ലാതെ ഞെരുക്കുകയാണിന്ന്.ചിലർ മഹാഭാരതപഠനങ്ങൾ തുടരെ എഴുതുകയാണ്. മഹാഭാരതപഠനക്കാരുടെ ഒരു ക്ലബ്ബ് തന്നെ രൂപപ്പെട്ടിരിക്കുന്നു. സഹൃദയത്വത്തിൻ്റെ ഒരു കണം പോലുമില്ലാത്തവർ ശ്രീകൃഷ്ണനെ വിചാരണചെയ്യുകയാണ്, ഐ.വി.ശശിയുടെ സിനിമയിലെ ഒരു കഥാപാത്രം എന്ന പോലെ .ചിന്തയുടെ ആ പഴയ ലോകം ഇല്ലാതായിരിക്കുന്നു.
ബർട്രാൻഡ് റസ്സൽ ജീവിച്ചിരുന്നെങ്കിൽ ഈ ദുരവസ്ഥ കണ്ട് ദു:ഖിക്കുമായിരുന്നു. യുക്തികൊണ്ടു
യാഥാർത്ഥ്യങ്ങളെ ഇഴകീറി പരിശോധിക്കുന്ന അനുഭവമില്ല; സൗന്ദര്യബോധമില്ലാത്തവർ മാർച്ച് ചെയ്തുപോകുന്നു. ഹൃദയവികാരങ്ങളിലേക്ക് ആഴ്ന്നു പോകുന്ന മനുഷ്യാനുഭവങ്ങൾ ഇല്ലാതായി.

എന്തിനാണ് എഴുതുന്നതെന്ന്  ഓരോരുത്തരും സ്വയം ചോദിക്കേണ്ട കാലമാണിത് .ചില പ്രസാധകർ ചെയ്യുന്നത് വലിയ അപരാധമാണ്. ക്രിസ്തുവിൻ്റെ കാലത്ത് യഹൂദ പ്രമാണികൾ ചെയ്തതിനു സമാനമാണിത് .മികച്ച കൃതികൾ പ്രസിദ്ധീകരിച്ചശേഷം അത് ഗോഡൗണിൽ തള്ളുന്നു. എന്നാൽ തങ്ങൾക്കിഷ്ടമുള്ള ചിലരുടെ പുസ്തകങ്ങൾ വിറ്റഴിച്ച് വീണ്ടും കൂടുതൽ പതിപ്പ് അടിച്ചു കൊടുക്കുന്നു. മാന്യമായി പുസ്തകം പ്രസിദ്ധീകരിക്കാനോ വില്ക്കാനോ കഴിയാത്ത പലരും പിന്തിരിഞ്ഞു കഴിഞ്ഞു.

ആത്മബന്ധമില്ല

എഴുത്തുകാരുമായി സ്നേഹബന്ധം സൂക്ഷിക്കുന്ന സാഹിത്യപത്രപ്രവർത്തകർ എത്രയോ വിരളമായി. രചനകൾ വായിച്ചു കത്തെഴുതുന്ന പത്രാധിപന്മാർ ഉണ്ടോ ? ഫോൺ സംഭാഷണവും ഇല്ല .എല്ലാം യാന്ത്രികമാണ്. പക്ഷപാതമോ വെറുപ്പോ ഇല്ലാതെ ,സഹജമായ സാഹിത്യതാത്പര്യങ്ങളുടെ ബലത്തിൽ മാത്രം രചനകൾ പരിശോധിക്കുന്നവരെ എവിടെ കാണാനുണ്ട് ?

കാമ്പിശ്ശേരി കരുണാകരൻ ,സി.പി.ശ്രീധരൻ ,പി.ശ്രീധരൻ ,എം.കെ.മാധവൻനായർ ,തുടങ്ങിയവരെ ആദരവോടെ ഓർക്കുകയാണ്. കഥാസാഹിത്യത്തിൽ വലിയ മൂല്യത്തകർച്ചയാണ് സംഭവിച്ചിരിക്കുന്നത്. മനുഷ്യസ്വഭാവത്തെ ആഴത്തിൽ പരിശോധിക്കാനോ പുതിയൊരു ക്രാഫ്റ്റ് കണ്ടെത്താനോ ശ്രമമില്ല .എല്ലാം അറിയാവന്ന എഴുത്തുകാരെ ഇവിടെ ആവശ്യമില്ല. എല്ലാം അറിയാവുന്നവർ എന്തിനെഴുതണം? . എഴുത്ത് ഒരു അന്വേഷണമാണ്. കണ്ടെത്തിയതിൻ്റെ വിവരണമല്ല. കണ്ടെത്തിയതിൻ്റെ വിവരണമാകുമ്പോൾ അത് വാർത്തയാണ്.വി.പി.ശിവകുമാറിൻ്റെ 'പാര'എന്ന കഥ ഓർക്കുകയാണ്. മരിക്കാറായി കിടക്കുന്ന ഒരു വൃദ്ധൻ്റെ മനസ്സിലെ ചില ചിന്തകളാണ് വിഷയം. അയാൾ ക്ഷേത്രത്തിൽ തേര് വലിക്കുമ്പോൾ അടവയ്ക്കാനുള്ള പാര കൊണ്ടുനടന്നയാളായിരുന്നു. ഒരു വിചിന്തനമാണ് കഥ.

'കുടുംബത്തോടു ചേർത്തു സ്വയം ആണിയടിച്ച് ഈ കരുത്തനായ മനുഷ്യൻ തൻ്റെ  ജീവിതം തകർത്തു. എപ്പോഴും ശക്തനായ ഒരു പുരുഷൻ്റെ ഉടൽ ഇരുന്നു വളമായി ഒരു കുടുംബം മൂടുന്നു .കാണാമറയത്ത് ഒരു കവണയുമായി കാലം പതുങ്ങി നില്ക്കുന്നു .ഒരില ഞെട്ടിൽ നിന്നു വേർപെടുന്നു. ഇപ്പോൾ ഓർമ്മയിൽ ഒരു പാര മാത്രം.നഗ്നമായ ആത്മാവിൻ്റെ വിശുദ്ധി വെട്ടിത്തിളങ്ങുന്ന അതിൻ്റെ മുന മാത്രം. ധർമ്മാധർമ്മങ്ങളുടെ വരമ്പിൽ ആഞ്ഞുകൊത്തുന്ന രണ്ട് കൈകളും തിരിച്ചറിവില്ലാതെ ക്രൗര്യവും  സ്നേഹവും കരുത്തും ചതിയും കൂട്ടിക്കുഴച്ചു ജീവിച്ചു. തെറ്റിയപ്പോഴൊക്കെ അമൂർത്തമായ ഒരു മൂല്യത്തിനുള്ളിൽ പതിയിരുന്നു. ഒന്നും കിട്ടിയില്ല. കിട്ടിയത് സ്വയം ഉയർത്തിപ്പിടിച്ച പാര മാത്രം' .

ഇതുപോലെ നിശിതമായി എഴുതുന്ന വരെ ഇപ്പോൾ കാണാനില്ല. പലരും  പൊരുത്തപ്പെടലിൻ്റെ കഥകളാണ് എഴുതുന്നത്. ജീവിതത്തിൻ്റെ  പ്രായോഗികതയിലും സ്വന്തം അതിജീവനത്തിലും ഉപരിപഠനം നടത്തുന്നവർക്ക് മറ്റെന്താണു ശ്രദ്ധിക്കാനുള്ളത്?.

മൂൺ പാലസ് ,ദ് മ്യൂസിക് ഓഫ്  ചാൻസ് തുടങ്ങിയ നോവലുകളെഴുതിയ അമെരിക്കൻ സാഹിത്യകാരൻ പോൾ ഓസ്റ്റർ  പറയുന്നത് ഇതാണ് :' നിങ്ങൾ ഒരു  സാഹിത്യരചനയിൽ പൂർണ്ണമായും മുഴുകിയിരിക്കുകയാണെങ്കിൽ, ഭാഷയുടെ താളത്തിലേക്ക് ഇഴുകിചേരുന്നതോടെ , അതൊരുതരം സംഗീതമാണ്, നിങ്ങൾ സ്വയമറിയാതെ തന്നെ ആശയങ്ങൾ വിനിമയം ചെയ്യപ്പെട്ടിരിക്കും .നിങ്ങളുടെ ഉപബോധമനസ്സിലേക്കാണ് അത്  പ്രവേശിക്കുന്നത് .കഥയുടെ മിക്കവാറും ഭാഗങ്ങൾ സൃഷ്ടിക്കുന്നത്  ഈ  താളമാണ് ' .


നുറുങ്ങുകൾ

1)വിഖ്യാത ഡച്ച് ചിത്രകാരൻ വിൻസൻ്റ്  വാൻഗോഗിനെ( 1853 -1890) പ്രചോദിപ്പിച്ചത്- ജപ്പാനിൽ നിന്നു കൊണ്ടുവന്ന നൂറുകണക്കിന് 'യുകിയോ ഇ ' പ്രിൻ്റുകളാണ്. അദ്ദേഹം ജപ്പാനിൽ പോയിട്ടില്ല .ജപ്പാനിൽ പത്തൊൻപതാം നൂറ്റാണ്ടിൽ തുണിയിൽ ചിത്രങ്ങൾ ആലേഖനം ചെയ്യാൻ ഉപയോഗിച്ചിരുന്നത് ഈ പ്രിൻ്റുകളാണ്.

അതിലെ കട്ടികൂടിയ നിറങ്ങളും തെളിമയുമാണ് വാൻഗോഗിനെ ആകർഷിച്ചത്. ഈ ചിത്രങ്ങളിലെ  പൊതുപ്രമേയം പ്രകൃതിയിലെ വിവിധ ദൃശ്യങ്ങളായിരുന്നു. ജാപ്പനീസ്  കലാകാരനായ ഹിരോഷിഗ് വരച്ച ഷിൻ - ഒഹാഷി പാലത്തിൽ മഴപെയ്യുന്ന ഒരു ചിത്രമുണ്ട്. അതിനെ അനുകരിച്ച് ,കുറേക്കൂടി വർണ്ണാഭമായി വാൻഗോഗ് അതേ ചിത്രം പുനരാവിഷ്കരിച്ചിട്ടുണ്ട്‌.

2)പഞ്ചഭൂതങ്ങളും മലിനമായിരിക്കുകയാണ്. ഇനിയൊരു യുദ്ധം വേണ്ടത് പഞ്ചഭൂതങ്ങളെ ശുദ്ധീകരിക്കുന്നതിലായിരിക്കണം. ഓരോ മനുഷ്യനും ആ പോരാട്ടത്തിലെ  സൈനികനാവണം.ദിവാകരൻ വിഷ്ണുമംഗലത്തിൻ്റെ 'ആവാസം'(മെട്രോവാർത്ത വാർഷികപ്പതിപ്പ് ) എന്ന കവിതയിൽ എല്ലാ പൂക്കളും വിരിഞ്ഞ് , നദികൾ ശുദ്ധമായി തെളിയുന്ന കാലത്തെ  സ്വപ്നം കാണുന്നുണ്ട് .

'മർത്ത്യരെല്ലാമൊരേ ഭൂമിപെറ്റ
മക്കളെന്നുള്ള പാഠം
നിവർത്തി
കാളകൂടമുറഞ്ഞൊരീ മണ്ണും
വായുവും ജലപാളിയും വിണ്ണും
ആകെ ശുദ്ധമായി മാറ്റുന്ന
കർമ്മധീരതയാലെ
ഭൂവണുരൂ'

3)ലോകം കുഴഞ്ഞുമറിഞ്ഞു പോയതിൻ്റെ പേരിൽ ദൈവത്തോട് കലഹിക്കുന്ന ഒരു കഥാപാത്രത്തെ പി. ജെ.ജെ ആൻറണി 'കൊന്തയും പല വിചാരങ്ങളും ' (ദീപിക വാർഷികപ്പതിപ്പ്)എന്ന കഥയിൽ അവതരിപ്പിക്കുന്നുണ്ട്. പരിവർത്തത്തിനുവേണ്ടി ദാഹിച്ച്, ഒടുവിൽ മാനസികവിഭ്രാന്തിയിലക്ക് നീങ്ങുന്ന ആ വയോധികൻ്റെ മനസ്സിൽനിന്ന് തീ തുപ്പുന്ന വാക്കുകളാണ് വന്നത്. 'ഒരിക്കലും ഉണർച്ചയിലെത്താത്ത മന്ദബുദ്ധിയായ പ്രയോജനശൂന്യനായ ഒരുറക്കക്കാരനാണ് നീയെന്ന് അപ്പാപ്പൻ ദൈവത്തെ നിന്ദിച്ചു'.
ലോകജീവിതത്തിനു ഒരു നീതിയുമില്ലെന്ന് ,യുക്തിയുമില്ലെന്ന് പറയുകയാണ് കഥാക്യത്ത്.

2)ദൈവം മനുഷ്യചിന്തയിൽ നിന്ന് അപ്രത്യക്ഷമായതിൻ്റെ പ്രതികരണം എന്ന നിലയിൽ 'ദൈവം മരിച്ചു' എന്ന് ജർമ്മൻ ചിന്തകനായ നിഷേ പറഞ്ഞിട്ടുണ്ട്. ആ വാക്കുകൾ ഇങ്ങനെയാണ്: ' ദൈവം മരിച്ചു. ദൈവം മരിച്ചതായി കാണപ്പെടുന്നു. നമ്മളാണ് അവനെ കൊന്നത് .നമുക്കെങ്ങനെ സ്വസ്ഥത കിട്ടും, കൊലപാതകികളിൽ കൊലപാതകികളായ നമുക്ക്?'.

നിഷേ ഉദ്ദേശിച്ചത് ദൈവം ഇല്ലാതായി എന്നല്ല; മനുഷ്യൻ്റെ സ്വാർത്ഥമായ ആഗ്രഹങ്ങളുടെ പേരിൽ അവൻ കെട്ടിപ്പൊക്കിയ സ്ഥാപനങ്ങൾ ദൈവത്തെ തൃണവൽഗണിച്ചു ക്രൂരമായി തീർന്നു എന്നാണ്.

3)സുധാകരൻ ചന്തവിളയുടെ 'പിൻവിളി '(ആശ്രയമാതൃനാട്, ആഗസ്റ്റ് )എന്ന കവിതയിൽ
'മറക്കുന്തോറും ഓർക്കുന്ന ഓർക്കുന്തോറും മറക്കുന്ന
ഈ മറവിക്കും ഓർമ്മക്കും
മരുന്നെന്താണെന്ന്
മുറ്റത്തേക്ക് ഓടിയടുക്കുന്ന
ഓന്തിനോടും അരണയോടും
വെറുതെ ചോദിച്ചു '.

വീട്ടുവിചാരങ്ങളിൽ നീറിപ്പുകഞ്ഞു തന്നിലേക്കുതന്നെ ആഴ്ന്നിറങ്ങി ചുരുണ്ടുകൂടുന്ന ,ഓർമ്മയെ ഭക്ഷിക്കുന്ന ഒരാളുടെ മനോഗതമാണിത്. മനുഷ്യാവസ്ഥയുടെ  സർപ്പിളാകൃതിയിലുള്ള ഇറക്കങ്ങൾ ഇവിടെ കാണാം.

4)വി.ജെ. ജയിംസ് ,ടി.ഡി.രാമകൃഷ്ണൻ ,ഇ.സന്തോഷ്കുമാർ  തുടങ്ങിയവരെ സമീപകാലത്ത് പലരും പ്രതീക്ഷയോടെ കണ്ടിരുന്നു.

എന്നാൽ ഇവർ അടുത്തിടെ എഴുതിയ കഥകൾ  വളരെ അപക്വവും അപ്രസക്തവുമായിരുന്നു. ജയിംസ് 'പാതാളകരണ്ടി' എന്ന കഥ എഴുതുതായിരുന്നു. ഇങ്ങനെയുള്ള അസംഗത രചനകൾക്ക് ഇന്നു സ്ഥാനമില്ല. രാമകൃഷ്ണന് ചിന്തകളില്ല ,തത്ത്വചിന്തയുമില്ല .സന്തോഷ്കുമാറിനു ഇനിയും ചെറുകഥ കലാരൂപമാണെന്ന് ബോധ്യമായിട്ടില്ല .

5)ചുമർചിത്രകാരനും  എഴുത്തുകാരനുമായ ജി. അഴീക്കോടിനെക്കുറിച്ച് ശരത്ചന്ദ്രലാൽ  എഴുതിയ പുസ്തകം ശ്രദ്ധേയമാണ്.' 'ജി .അഴീക്കോട് ചിത്രകലയിലെ കുടുംബകൂട്ടായ്മ 'എന്നാണ്  പുസ്തകത്തിൻ്റെ പേര്. അരനൂറ്റാണ്ടായി ഈ രംഗത്ത് പ്രവർത്തിക്കുകയാണ് അദ്ദേഹം .ജി.അഴീക്കോടിൻ്റെ ഭാര്യ ശ്യാമളകുമാരിയും മകൻ ബിജുവും ഈ രംഗത്ത് തന്നെ തുടരുന്നു എന്ന  സവിശേഷിതയുമുണ്ട്.ജി.അഴീക്കോടിൻ്റെ പുസ്തകത്തെപ്പറ്റിയുള്ള കുറിപ്പ് 'പ്രഭാവം' (സെപ്റ്റംബർ ) മാസികയിലുണ്ട്.

6)ശ്യാമശൈലത്തിൽ
കുരുങ്ങിയ
മഴനിലാവിൻ
മുടിയഴിഞ്ഞെൻ
ഗ്രാമസൗഭാഗ്യങ്ങളെപെൺ
സുഗന്ധം പുൽകി ...

ഏഴാച്ചേരിയുടെ കവിതയിലെ വരികളാണിത്. സിനിമാപ്പാട്ടിലെ വരികൾ അനുകരിച്ച് തട്ടിക്കൂട്ടിയതാണ്. എല്ലാം അവർത്തന വിരസമായ പ്രയോഗങ്ങൾ .യാതൊരു അർത്ഥവുമില്ലാത്ത പദസംയോജനങ്ങൾ.

7)സിനിമാഗാനങ്ങളെ സാഹിത്യമായി ഗണിക്കേണ്ടതില്ല. കാരണം അതിനു ആഴമില്ല .അത് സിനിമയ്ക്ക് വേണ്ടി ,സന്ദർഭം പറഞ്ഞുകൊടുത്ത് എഴുതിക്കുന്നതാണ്. അതിൽ ശബ്ദ ഭംഗി ,എഡിറ്റിംഗ് ,ബിംബങ്ങൾ എന്നീ കാര്യങ്ങൾ ഉചിതമായി ചേർന്നാൽ ധാരാളമായി.എന്നാൽ സിനിമാഗാനത്തിലെ ഭാഷ കണ്ട് അതുപോലെ കവിതയെഴുതിയാൽ ഫലമുണ്ടാവില്ല. കവിത സ്വന്തം മനസ്സിൻ്റെ ,വ്യക്തിഗതമായ സൃഷ്ടിയാണ്. ഗാനം അങ്ങനെയല്ല .

8) കാട് കറുത്ത കാട്
മനുഷ്യനാദ്യം പിറന്ന വീട്,
കൊടുങ്കാറ്റിൽ ചിറകുവീശി
തളർന്ന പൊന്മാനിരുന്ന
കൂട് '
എന്ന പാട്ട് ഓർക്കുമല്ലോ . നീലപ്പൊന്മാൻ എന്ന ചിത്രത്തിനുവേണ്ടി വയലാർ എഴുതിയതാണ്. എന്നാൽ വരികൾ വായിച്ചാൽ കിട്ടാത്ത ഒരു ഭാവഗഹനതയാണ് സംഗീതമിട്ട സലിൽ ചൗധരി നൽകിയിരിക്കുന്നത്. ഒരു അത്ഭുതഗാനമാണിത്. അതീതത്തെയും ഐന്ദ്രിയതയെയും കൂട്ടിയിണക്കി അപാരതയെ ജപിച്ചു വരുത്തുന്ന മാന്ത്രികതയാണിവിടെയുള്ളത്.
ഭൂമിയുടെ അപ്പുറത്തു നിന്നു വരുന്ന ശബ്ദംപോലെ നിഗൂഢഭംഗിയോടെയാണ് യേശുദാസ് ആലപിക്കുന്നത്. സംഗീതസംവിധായകൻ്റെ മനസ്സിൽ നിന്നാണ് ഈ പാട്ടുണ്ടായത് ,വരികളിൽ നിന്നല്ല.


 

No comments:

Post a Comment