Sunday, September 5, 2021

അക്ഷരജാലകം /എം.കെ.ഹരികുമാർ/അപാരതയുടെ സംഗീതം/metrovartha 6/9/2021

 അക്ഷരജാലകംlink
എം.കെ.ഹരികുമാർ
9995312097
Email : mkharikumar797@gmail.com

അപാരതയുടെ സംഗീതം


സാഹിത്യകലയിൽ സംഗീതത്തിനു വലിയ പ്രാധാന്യമുണ്ട്. നല്ല ഗദ്യമുണ്ടാകുന്നത് ആന്തരികജീവിതത്തിലെ പ്രക്ഷുബ്ധമായ സംഗീതത്തിൽനിന്നാണ്. ഉള്ളിൽ സംഗീതമുള്ളവർ എഴുതുന്നതു  തിരിച്ചറിയാൻ കഴിയും.

എന്തും സാഹിത്യമാണെന്ന് പറയാം. കല്ലിലും മണ്ണിലും സാഹിത്യമുണ്ട്. സാഹിത്യമല്ലാതെ മറ്റൊന്നും തന്നെയില്ല.  യാതൊന്നിലേക്ക് നോക്കുകയേ വേണ്ടൂ. സാഹിത്യം തെളിഞ്ഞു വരും.കല്ലിൻ്റെ പ്രത്യക്ഷതയിൽ മനുഷ്യൻ്റെ ആത്മഘടകങ്ങൾ പുറത്തേക്ക് വരുന്നു. കല്ലിനെക്കുറിച്ച് ഭാവന ചെയ്യുമ്പോൾ അതിനും ജീവനുണ്ട്, ഓർമ്മകളുണ്ട്. ഒരു സമീപനവും വ്യാഖ്യാനവും അനുഭവവും ചേരുമ്പോൾ എന്തും സാധ്യമാകും. ഒരാളുടെ നോട്ടവും വികാരവുമാണ് വസ്തുവിനെ ജീവനുള്ളതാക്കുന്നത്.
ആ ജീവൻ്റെ സ്വരങ്ങൾ  സാഹിത്യമാണ്.

സാഹിത്യമെഴുതണമെങ്കിൽ സംഗീതം വേണം. പദ്യത്തിൽ സംഗീതം സൃഷ്ടിക്കാൻ താരതമ്യേന എളുപ്പമാണ്. കാരണം, പദത്തിലെ സംഗീതം മുൻകൂട്ടി നിശ്ചയിക്കപ്പെട്ടതാണ്. വൃത്തബദ്ധമായ കവിതയിലാണെങ്കിൽ സംഗീതത്തെ  സൃഷ്ടിക്കുന്നത് വൃത്തമാണ്. അവിടെ കവിക്ക് ഒന്നും ചെയ്യാനില്ല. എന്നാൽ ഗദ്യത്തിലെ സംഗീതം ഒരാളുടെ ആകെത്തുകയാണ്. ഒരാളുടെ ഒറ്റയാൻ യുദ്ധമാണത് .അയാളുടെ ചിന്തയും ശൈലിയും കലയും എല്ലാം ചേർന്നാണ് ആ സംഗീതമുണ്ടാകുന്നത്.

ഇംഗ്ളീഷ് നോവലിസ്റ്റും വയലിനാസ്റ്റുമായ ക്ളെമൻസി ബർട്ടൺ ഹിൽ പറഞ്ഞു: 'നമ്മൾ സംഗീതമുണ്ടാക്കുന്ന ഒരു വർഗ്ഗമാണ്. എന്നും അങ്ങനെ ആയിരുന്നു. ഇനി അങ്ങനെ ആയിരിക്കുകയും ചെയ്യും. പര്യവേക്ഷണം നടത്താനും ആത്മാവിനെ പ്രകടിപ്പിക്കാനും മാനവമെന്നു വിളിക്കുന്നതിനെയെല്ലാം അഭിമുഖീകരിക്കാനുമുള്ള സംഗീതത്തിൻ്റെ സിദ്ധി നമ്മുടെ സമൂഹത്തിൻ്റെ ഏറ്റവും വലിയ സൗഭാഗ്യങ്ങളിലൊന്നാണ് ' .

മറ്റൊരു താളം

രാത്രികളിൽ പാട്ടുപാടിയും തീ കാഞ്ഞും കഥകൾ പറഞ്ഞും പരസ്പരം മനസ്സിലാക്കി മുന്നോട്ടു പോയ തലമുറകളെക്കുറിച്ച് അവർ ഓർമ്മിപ്പിക്കുന്നുണ്ട് .വാക്കുകൾ പ്രപഞ്ചവുമായി ഒരെഴുത്തുകാരനെ ബന്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് വാക്കുകൾ തിരഞ്ഞെടുക്കുന്നതിലെ സൂക്ഷ്മതയിലാണ് ആത്മാവിൻ്റെ ആത്യന്തികമായ ആവിർഭവിക്കൽ സംഭവിക്കുന്നത്.വാക്കുകൾ തെരഞ്ഞെടുക്കാനാറിയാത്ത കവികൾക്ക് സംഗീതമില്ല.

വീരാൻകുട്ടിയുടെ 'മൺവാസന' (മാതൃഭൂമി ഓണപ്പതിപ്പ് ) എന്ന കവിതയിലെ വരികൾ നോക്കൂ:
'ഇന്നലെ ബിരിയാണിയിൽ
ചേർക്കാൻ
മല്ലിയിലയെടുത്തപ്പോൾ
മക്കളാണ് കണ്ടുപിടിച്ചത് -
വേരറ്റത്ത്
അപ്പിപോലെ ഇരുണ്ട
നിറത്തിൽ
ഒരു കട്ട അഴുക്ക് '

ഇതോ ഓണപ്പതിപ്പിലെ കവിത!വീരാൻകുട്ടിക്ക് വാക്കുകളുമായി ഒരു ബന്ധവുമില്ല; സംഗീതം വളരെ വിദൂരമായ ഒരു അയൽപക്കത്തുകൂടി പോലും പോകുന്നില്ല .

എന്നാൽ പ്രമുഖ അമെരിക്കൻ കവി വാൾട്ട്  വിറ്റ്മാൻ ' ലിവ്സ് ഓഫ് ഗ്രാസ് ' എന്ന കവിതയിൽ എഴുതുന്നതു വായിക്കൂ:

'എല്ലാ വസ്തുക്കളിലും
എല്ലാ സത്യങ്ങളും
കാത്തുനിൽക്കുന്നു.
അവ പുറത്തു വരാൻ വേണ്ടി
തിടുക്കം കൂട്ടുകയോ
പ്രതിരോധിക്കുകയോ
ചെയ്യുന്നില്ല.
ഒരു പ്രസവചികിത്സകൻ്റെ
സ്വസ്തികായന്തം
അവയ്ക്കാവശ്യമില്ല .
.......
യുക്തിയും പ്രബോധനവും
ഒരിക്കലും ബോധ്യപ്പെടില്ല .
രാത്രിയുടെ വിഷാദം
എൻ്റെ ആത്മാവിൻ്റെ
അഗാധതകളിലേക്ക്
തുളച്ചിറങ്ങുന്നു '.

ഇതാണ് സംഗീതം. പ്രപഞ്ചത്തിൻ്റെ  ഏതോ പ്രഭവങ്ങളുമായാണ് കവി ബന്ധം പുലർത്തുന്നത് .അത് അപാരതയുടെ ചുംബനമാണ്;ആശ്ലേഷത്തിൻ്റെ  ഒരിടവേളയാണ്‌. വാക്കുകൾ അവയുടെ ഭൗതികരൂപമായ ശബ്ദത്തെ വിട്ട് മറ്റൊരു താളം തേടുകയാണ്. അതിലൂടെ മനുഷ്യാത്മാവ് സഞ്ചരിക്കുകയാണ്.

പഠിച്ച സംഗീതമല്ല

സംഗീതജ്ഞനായ ബോബ് ഡിലൻ എഴുതി: 'സംഗീതം പരമമായ വെളിപാടാണ്, അത് പരമസത്യമാണ്. അത് പ്രപഞ്ചത്തിലെ മാലാഖമാർക്ക് പോലും പ്രിയങ്കരമാണ്'.
സംഗീതത്തിൻ്റെ നിമിഷങ്ങളിൽ ഒരാൾ അനുഭവിക്കുന്ന വികാരങ്ങൾ യഥാർത്ഥമാണോ? എന്നാൽ സംഗീതമില്ലാത്തപ്പോൾ അതില്ലല്ലോ . വാക്കുകളിൽ പക്ഷേ ,സംഗീതം അന്തർലീനമാണ്. ഖനികളിലെ സ്വർണ്ണം പോലെ അതു ഉപേക്ഷിക്കപ്പെട്ടു കിടക്കുകയാണ് .

എഴുതുമ്പോൾ പ്രമേയത്തിൻ്റെ ധമനി പോലെയാണ് സംഗീതം സാഹിത്യകലയിൽ പ്രവർത്തിക്കുന്നത്. അത് പഠിച്ച സംഗീതമല്ല. എഴുത്തുകാരെല്ലാം സംഗീതക്ലാസുകളിൽ പോകണമെന്നല്ല ഇതിനർത്ഥം. സംഗീതം പഠിച്ചതുകൊണ്ട് ഗദ്യമുണ്ടാക്കാനാവില്ല.പ്രമുഖ തർക്കിഷ് നോവലിസ്റ്റ് ഒർഹാൻ പാമുഖിൻ്റെ  അനുഭവവിവരണഗ്രന്ധമായ 'ഇസ്താംബൂൾ' ജീവിതം എന്നപോലെ സംഗീതവുമാണ്. അനുഭവങ്ങളെ ചിട്ടപ്പെടുത്തുന്നതിൽ  അതിഭൗതികമായ ഒരു ലയമുണ്ട് .അത് വാക്കുകളെ മറ്റൊരു വാദ്യോപകരണവുമായി ബന്ധിപ്പിക്കുന്നു. വാക്കുകൾക്ക് ചിറകുണ്ടാവുകയാണ് ,അല്ലെങ്കിൽ  വാക്കുകളുടെ പൊരുൾ കുറേക്കൂടി വികസിക്കുകയാണ് .


ടി. വി. കൊച്ചുബാവയുടെ 'അതോ കോത്താഴം 'എന്ന ചെറുനോവലിൽ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്: 'അവൻ സ്വയമറിയാതെ അവളുടെ മുഖം കൈകളിൽ കോരിയെടുത്ത് ഒട്ടിട വിവശനും ക്ഷുബ്ധനുമായി ഭവിച്ചു .തെളിവെയലിൻ്റെ  ആത്മീയതയിലേക്ക് പ്രാർത്ഥനയിലെന്നപോലെ അവൻ നിശ്ശബ്ദം തേങ്ങി. എന്തിനേ കരേണത്? .അവൾ അവൻ്റ മുഖം തഴുകി. അവളുടെ വിരലുകൾക്ക് പനിനീരിൻ്റെ രുചി. അവൾ  ഉയർന്നുവന്ന് അവൻ്റെ കവിളിൽ പ്രണയത്തോടെ ചുംബിച്ചു.അതിനു  നനവും തീക്ഷ്ണതയും .നിലാവു  മങ്ങി വന്നു. പാതിരാക്കോഴികൾ  മുരണ്ടു' .

കൊച്ചുബാവ ഒരു കമിതാവിൻ്റെ  ആത്മാവിനെ സംഗീതാത്മകമായി അവതരിപ്പിക്കുകയാണ് .സ്നേഹവും മനസ്സും ഓർമ്മകളും വികാരങ്ങളും കൂടിച്ചേർന്നുണ്ടാകുന്ന ഓർക്കസ്ട്രയാണ് കൊച്ചുബാവ  സൃഷ്ടിക്കുന്നത് .അതിൽ ആരോഹണമുണ്ട് ,അവരോഹണമുണ്ട്.ഭാഷ ,ഇവിടെ അസ്തിത്വത്തിൻ്റെ മുകളിലുള്ള ആകാശചാരുതകൾ തേടുകയാണ്. കൊച്ചുവാക്യങ്ങൾ പശ്ചാത്തലസംഗീതമാണെങ്കിൽ കരച്ചിൽ പ്രാപഞ്ചികമായ ദുഃഖഭാവനയുടെ മഹാസംഗീതമാണ്.

അറിഞ്ഞതിനപ്പുറം

സംഗീതജ്ഞന്മാർക്ക് അത്ര പരിചിതമല്ലാത്ത ,ദുരൂഹമായ ഒരു സംഗീതമാണ് ഗദ്യത്തിലുള്ളത്. ഒരു ജീവിയെ കൊല്ലുമ്പോൾ അത് പ്രകടിപ്പിക്കുന്ന ശബ്ദത്തിൽപോലും സംഗീതമുണ്ട് ;പ്രകൃതി അതും കരുതിയിരിക്കുകയാണ്.അത്  സ്കൂളുകളിലെ സംഗീതമല്ല; പ്രകൃതിയിലെ അനിർവചനീയമായ, പ്രകാശിപ്പിക്കപ്പെടാത്ത സംഗീതമാണത്; അറിയുന്നതിനും അപ്പുറമാണത്.

ഒരു മൃഗത്തെ കൊല്ലാനായി ഉയർന്നു ,താഴ്ന്നു പതിക്കുന്ന മഴുവിൽ ഏതോ സംഗീതം തൊട്ടുരുമ്മി  നിൽക്കുന്നുണ്ട്. ഒരു വലിയ വൃക്ഷത്തെ  വാളുകൊണ്ട് അറുത്തു വീഴ്ത്തുമ്പോൾ പുറപ്പെടുന്ന വന്യമായ ശബ്ദത്തിൽ പ്രാപഞ്ചികവും ദുർഗ്രഹവുമായ  സംഗീതം ഉൾച്ചേർന്നിട്ടുണ്ട്. എന്താണ് ഇതിൻ്റെയൊക്കെ അർത്ഥം?
രാഗബദ്ധമായ, മനുഷ്യസംഗീതത്താൽ വ്യാഖ്യാനിക്കാനാവാത്തതുകൊണ്ട് അതിനെ ദുരൂഹതയുടെ സംഗീതം എന്ന് വിളിക്കാനാണ് താല്പര്യം .അത് ആരാഞ്ഞുകൊണ്ടിരിക്കണം. മനുഷ്യധിഷണയുടെ ലഹരിയുടെയും ലയത്തിൻ്റെയും സീമകൾക്കപ്പുറത്തും ആ സംഗീതം പ്രസരിക്കുന്നു.

അജ്ഞേയമായ ദൈവത്തിൻ്റെ ,വികാരാതീതമായ സംഗീതമാണത്. വാക്കുകൾക്ക്  പിന്മാറേണ്ടി വരുന്ന സംഗീതം. സാഹിത്യകലയിൽ ഇതുപോലെ, വാക്കുകൾ പിന്മാറുന്ന ലയമുണ്ട്. വാക്കുകളുടെ അർത്ഥം ഉപേക്ഷിച്ച് സംഗീതം അദൃശ്യമായ ചിറകുകളിൽ പറക്കുന്നു.

യു.പി. ജയരാജിൻ്റെ 'മഞ്ഞ്' എന്ന കഥയിലെ ഈ വാക്യങ്ങൾ അന്യവും ബധിരവും വിദൂരവുമായ സംഗീതത്തെ തേടുകയാണ്:
' അങ്ങനെയിരിക്കെ ദൂരെ പച്ചപ്പും നീലച്ചുവരുന്ന വയലേലകളും കുന്നുകളും പയ്യെപ്പയ്യെ ധവളമായിത്തീർന്നു. ഒരു ശ്മശാനഭീകരതപോലെ, ഒരു മരണാനന്തരശൂന്യതപോലെ  മഞ്ഞിൻ്റെ ഈ ധവളിമ നോക്കിനിൽക്കെ കൂടുതൽ വ്യാപിക്കാനും തുടങ്ങി. നിങ്ങളുടെ മനസ്സിലെ സമസ്ത ചൈതന്യങ്ങളെയും മരവിപ്പിക്കുന്ന ,ജീവൻ്റെ ഓരോ അണുവും നശിപ്പിക്കുന്ന രീതിയിൽ വെള്ളഭീകരത സൃഷ്ടിക്കുന്ന ഈ ശൈത്യത്തെയും മഞ്ഞിനെയും  എങ്ങനെയാണ് വിവരിക്കുക?'

ഈ ഖണ്ഡികയിൽ അജ്ഞാതമായ എന്തോ ഒന്നിനെ തിരയുന്നപോലെ തോന്നും. ശ്മശാനഭീകരത ,മരണാനന്തര ശൂന്യത ,മരവിപ്പിക്കുന്ന ,നശിപ്പിക്കുന്ന, വെള്ളഭീകരത തുടങ്ങിയ പദങ്ങൾ നമുക്കെല്ലാം പരിചിതമായ മഞ്ഞിനെ കൂടുതൽ ദുർഗ്രഹമാക്കുന്നു. ഇതാണ് സർഗാത്മകകലയുടെ ഔന്നത്യം .നമുക്ക് പരിചയമുള്ള ഒന്നിനെ അജ്ഞാതരഹസ്യങ്ങളുടെ പേടകമാക്കി മാറ്റുന്നിടത്താണ്  കലയുടെ തന്ത്രം വിജയിക്കുന്നത് .

കലയുടെ അപരലോകം

മനുഷ്യസംഗീതത്തിലേക്ക് ചില  അജ്ഞാതമായ ശീലുകൾ ഈ  വരികൾ കൂട്ടിച്ചേർക്കുകയാണ്. അതിഭീകരമായ ഒരു യാഥാർഥ്യത്തെ ധ്വനിപ്പിച്ചുകൊണ്ട് വിദൂരതയിലേക്ക് നീങ്ങുകയാണത്. മഞ്ഞിനെ വെള്ളഭീകരത എന്ന് വിളിക്കുന്നിടത്താണ് കലയുടെ മാജിക്. അപരലോകത്തെ കലാപരമായി ജപിച്ചുവരുത്തുന്ന വാക്യമാണിത്.

കവികൾ കൂട്ടംചേർന്ന് കവിത എഴുതിയതിൻ്റെ അപകടം എസ്. ജോസഫിന് മനസ്സിലായെന്നു തോന്നുന്നു. എല്ലാവരുടെയും കവിതകൾ ഒരേപോലെ നിരന്നപ്പോൾ അനുവാചകർക്ക് ചെടിപ്പുണ്ടായി.ഇപ്പോഴെങ്കിലും ഇതു  തിരിച്ചറിഞ്ഞല്ലോ. അതുകൊണ്ട് അദ്ദേഹം 'ഒറ്റയ്ക്ക് പോകൂ'(പ്രസാധകൻ) എന്ന കവിതയിൽ ഓരോ കവിയോടും പ്രാണരക്ഷാർത്ഥം ഓടി രക്ഷപ്പെടാൻ ആഹ്വാനം ചെയ്യുന്നു.
'നമുക്ക് കവിത
എഴുതാൻ
വേറെ വേറെ
പോകാം.
തിരിച്ചെത്താത്തവണം
പുറപ്പെട്ടോളൂ'.

പക്ഷേ ,ഈ പ്രസ്താവത്തിൽ ഗഹനതയൊന്നുമില്ല .ഒറ്റയ്ക്കു പോയാൽ കവിത കിട്ടുമെന്ന്  ഉറപ്പിക്കാനാവില്ലല്ലോ.അനുഭവം തനിയെ കവിതയാകില്ല .അതിൽ കലാകാരൻ പ്രവർത്തിക്കണം. തീയുണ്ടെങ്കിലേ പാചകം ചെയ്യാനൊക്കൂ .ജോസഫിൻ്റെ ഭാഷയിൽ സംഗീതമില്ലാത്തതിന് കാരണം, അദ്ദേഹത്തിൻ്റെ സംവേദന ശീലം തന്നിൽതന്നെ ബന്ധിതമായതുകൊണ്ടാണ് .

ഒ.വി.വിജയൻ്റെ 'തലമുറകളി'ൽ ചാമിയാരപ്പൻ ഒരു ഞാഞ്ഞൂലിൻ്റെ  ചലനങ്ങൾ നിരീക്ഷിക്കുന്ന ഭാഗം ശ്രദ്ധേയമാണ്: 'ചാമിയാരപ്പൻ തൻ്റെ  യുക്തി മറന്ന് ആ കിടത്തിൽ മുമുക്ഷുവിൻ്റെ ശാന്തി അറിഞ്ഞു .ഹ്രസ്വമായ ആയുഷ്ക്കാലം ,അതിൽ ചെയ്തുതീർക്കേണ്ട കർമ്മത്തിൻ്റെ  തെളിമ ,നികൃഷ്ടമെങ്കിലും, ഏകാഗ്രതയുള്ള സാധന'.

പ്രപഞ്ചരഹസ്യങ്ങളുടെ നേർക്ക് വിനീതനായി ,ദാസനായി ,അറിവില്ലാത്തവനായി എഴുത്തുകാരൻ നില്ക്കുകയാണ്.ഒരു ചെവിയോർക്കലാണിത്. അജ്ഞാത ത്വത്തെ പിന്തുടരുന്ന സംഗീതം ഇതിൽ അനുഭവിക്കാം.വെട്ടേറ്റു വീഴുമ്പോൾ ആട്ടിൻകുട്ടി പുറപ്പെടുവിക്കുന്ന പൊരുളറിയാത്ത ശബ്ദത്തിലെ സംഗീതംപോലെ വിമുഖവും വിചിത്രവുമാണ് വിജയൻ്റെ ഭാഷയിലെ സംഗീതം. ചരാചരങ്ങളെ ഒരു ചരടിൽ കോർക്കാനാണ് അദ്ദേഹം ഭാഷ ഉപയോഗിക്കുന്നത്. മാനവചരിത്രത്തിനു ബദലായി ശ്രവിക്കുന്ന ആ ചെറിയ നിശ്ശബ്ദസംഗീതം , ഭാഷയിൽ ഇങ്ങനെ പ്രത്യക്ഷമാകുകയാണ്.

നുറുങ്ങുകൾ

1)അരുന്ധതി റോയിയുമായുള്ള അഭിമുഖം (മാതൃഭൂമി ഓണപ്പതിപ്പ് )വായിച്ച് നിരാശപ്പെട്ടു എന്നറിയിക്കട്ടെ. അരുന്ധതി റോയി രണ്ട് നോവലുകൾ എഴുതി പ്രശസ്തയായിട്ടുണ്ടാകാം.വലിയ സമ്മാനം കിട്ടിയിട്ടുണ്ടല്ലോ .
പല ഭാഷകളിലേക്കും അവരുടെ കൃതികൾ  പരിഭാഷപ്പെടുത്തിയിട്ടുണ്ട്. പക്ഷേ, അരുന്ധതി റോയിയിൽ നിന്നു  കേൾക്കുന്നത് സാഹിത്യകാരിയുടെ വാക്കുകളല്ല. അവർക്കു സാഹിത്യകാരന്മാരുടെ കുലത്തിൻ്റെ യാതൊരു ഉത്ക്കണ്ഠകളുമില്ല. അവർ മികച്ച കൃതികൾ വായിച്ചതായി തോന്നുന്നില്ല. കാരണം അവരുടെ സംഭാഷണങ്ങളിൽ ആ സംസ്കാരം കാണാനില്ല. അവർക്ക് ദാർശനികമായ ചിന്തകളൊന്നും തന്നെയില്ല .മികച്ച കൃതികൾ വായിച്ച ഒരാൾ, ഒരാശയ ലോകമുള്ള ഒരാൾ  ഇങ്ങനെയല്ല സംസാരിക്കുക.

മലയാളം കൃതികളെക്കുറിച്ച് കേട്ടുകേൾവിപോലും ഉള്ളതായി  തോന്നുന്നില്ല. ഇംഗ്ലീഷ് സാഹിത്യകൃതികളുടെ പേരുകൾ പറയുന്നതല്ലാതെ അതിൻ്റെ  സംസ്കാരം വാക്കുകളിലില്ല.അവർ ആകെ പറയുന്നത് ലോക്ഡൗൺ കാലത്തിറങ്ങിയ ഒരു സിനിമയെക്കുറിച്ചാണ്. ഇതുപോലുള്ള എഴുത്തുകാരികൾ വല്ലാതെ ബോറടിപ്പിക്കുകയാണ്.

2)മേതിൽ രാധാകൃഷ്ണൻ്റെ ചെറുകഥകൾ വീണ്ടും വായിച്ചപ്പോൾ ഒരു കാര്യം മനസ്സിലായി; അത് ഒരു മലയാളി എഴുതിയതായി തോന്നുകയേയില്ല. മലയാളവുമായി ,അതിൻ്റെ ബോധധമിനികളുമായി ഒരു ബന്ധവും കാണാനില്ല .നമ്മുടെ കാലവുമായി സൗന്ദര്യാത്മക ബന്ധം സ്ഥാപിക്കാനാവാതെ ഒഴിഞ്ഞോടിയ എഴുത്തുകാരനാണദ്ദേഹം.'സൂര്യവംശം' എന്ന നോവലിനെക്കുറിച്ച് പലപ്പോഴും പറയേണ്ടി വന്നിട്ടുണ്ട്.അതു കാലികമായ പരിഗണന മാത്രമാണ്. ആനന്ദിൻ്റെ 'ഗോവർധൻ്റെ യാത്രകൾ ' , ഒ.വി.വിജയൻ്റ 'മധുരംഗായതി ' തുടങ്ങിയ നോവലുകൾക്കു ശേഷം പരിശോധിക്കുമ്പോൾ 'സൂര്യവംശം' അത്രയൊന്നും ആകർഷിക്കുന്നില്ല.

3)മഹാനായ ഇംഗ്ലീഷ് ചിന്തകനും  വിമർശകനുമായ ആൽഫ്രഡ് നോർത്ത് വൈറ്റ്ഹെഡ് പറഞ്ഞു, നമ്മുടെ അനുഭവങ്ങളെ വേറൊരു രീതിയിൽ, ചിമിഴിൽ പുനക്രമീകരിക്കുന്നതാണ് കലയെന്ന്.  അനുഭവം ഒറ്റയ്ക്ക് കലയാകില്ല. അതിൽ കലാകാരൻ്റെ  ഒരു ഘടനാബോധം പ്രവർത്തിക്കണം.ഈ ഘടനയുമായി മൈത്രിയിലെത്താൻ കഴിയുകയാണെങ്കിൽ, ഒരു സാഹിത്യകൃതിയുടെ വായനക്കാരനാവാൻ കഴിയും.
വായനക്കാരനാകുക എന്നു പറഞ്ഞാൽ സ്വന്തം നിലയിൽ ചിന്തിക്കുകയും അന്വേഷിക്കുകയും ചെയ്യുക എന്ന അർത്ഥമാണ് ഇവിടെ പ്രസക്തമായിട്ടുള്ളത് .

4)പാർട്ടി അനുഭാവികളായ സാഹിത്യകാരന്മാരുടെ രചനകൾക്കു  ഒരു പൊയ്ക്കാല് എപ്പോഴും വേണം. അവരുടെ വാക്കുകൾക്ക് എഴുന്നേറ്റു നില്ക്കാനുള്ള കരുത്തില്ല .

5)'ജലീലയുടെ ആടുകൾ' (കലാ പൂർണ ,ഓണപ്പതിപ്പ് ) എന്ന കവിത എഴുതിയ മ്യൂസ് മേരിക്ക്  കവിതയുടെ മനസ്സില്ല. ആടു വളർത്തുന്ന പെൺകുട്ടിയെ കല്യാണം കഴിച്ചുവിടുന്നതുകൊണ്ടു ആടിനെ നോക്കാൻ ആളില്ലത്രേ. ആടുകളല്ലേ , അവർ എങ്ങനെയെങ്കിലും വളരും .പക്ഷേ, ഇതിൽ കവി തേടുന്ന കവിത കാണാനില്ല.

6)കല്പറ്റ നാരായണൻ്റെ 'ഭയം' (മാതൃഭൂമി ഓണപ്പതിപ്പ്) എന്ന കവിത വളരെ ദുർബ്ബലവും ശുഷ്കവുമായി .യഥാർത്ഥ പ്രചോദനമില്ലാതെയാണ് കല്പറ്റ  എഴുതാനിരിക്കുന്നതെന്ന് ഇതു വായിച്ചാൽ മനസ്സിലാവും.

അജ്ഞാതമായ ഭയത്തെയാണ് ഇവിടെ തേടുന്നത്. എന്നാൽ അത്തരമൊരു അനുഭവം കല്പറ്റയ്ക്കില്ല. അതുകൊണ്ടു അദ്ദേഹം ഇങ്ങനെ കൃത്രിമമായി ഭയം സൃഷ്ടിക്കാൻ ശ്രമിക്കുന്നു:
'പെട്ടിയിലെ അടിയിലെ
കള്ളയറയിൽനിന്ന്
പുലകുളി ദിവസം
വൈകിട്ട്
വർണക്കടലാസിൽ പൊതിഞ്ഞ
ആ ഭയം
ഞങ്ങൾ കണ്ടെടുത്തു ' .
പെട്ടിയിലെ അടിയിലെ എന്ന പ്രയോഗം തന്നെ തെറ്റാണ്. മനുഷ്യനെ വിടാതെ പിന്തുടരുന്ന ,അജ്ഞാത ഭയം ഇതല്ല .

7)മനുഷ്യനു ഒരു സ്വത്വവുമില്ല .ഇതു   പറഞ്ഞാൽ മലയാളത്തിലെ ഉത്തരാധുനിക വിമർശകർക്കു മനസ്സിലാകില്ല.ഒരാൾ ജീവിതകാലമത്രയും ഒരേയൊരു തനിമയിൽ ജീവിക്കുമെന്നു പറയുന്നതു വിഡ്ഢിത്തമാണ് .റഷ്യൻ ചിന്തകനായ ജോർജ്ജ് ഗുർജിഫ് പറഞ്ഞത്, ഒരാൾ എപ്പോഴും ഒരേ വ്യക്തിയായിരിക്കുന്നില്ല എന്നാണ്. എപ്പോഴും മാറുകയാണ്. അര മണിക്കൂർ സമയംപോലും ഒരേ വ്യക്തിയായിരിക്കാൻ നമുക്കാവില്ലത്രേ .

8)ഒരു സാഹിത്യവിമർശകൻ ഒരിക്കലും  നോവലിസ്റ്റിൻ്റെയോ ,കവിയുടെയോ ദല്ലാൾ ആകരുത് ;പ്രസാധകൻ്റെ പ്രചാരകനുമാവരുത്. വിമർശകൻ അക്കാദമിക് ഗതാനുഗതികത്വത്തെയും ജീർണ്ണമൂല്യങ്ങളെ അലങ്കരിച്ചുകൊണ്ടുവരുന്ന കൃതികളെയും എപ്പോഴും പരിക്കേല്ലിച്ചുവിടണം. സ്റ്റാറ്റസ്കോ നിലനിർത്താൻ പ്രതിജ്ഞാബദ്ധരായ എല്ലാ അക്കാദമികളെയും നിരന്തരം ശല്യംചെയ്തുകൊണ്ടിരിക്കണം. വിമർശകൻ്റെ ലോകം യഥാർത്ഥ വിശ്വസാഹിത്യം തന്നെയാണ്. വിവിധ മേഖലകളായി തരം തിരിച്ചു വച്ചിരിക്കുന്ന സാഹിത്യത്തെ വേറൊരു രീതിയിൽ ക്രമീകരിക്കുന്നതിലൂടെ വ്യത്യസ്തവും വിചിത്രവുമായ ഒരു പാഠമാണ് അയാൾ സൃഷ്ടിക്കുന്നത്.

9 ) വായിക്കുമ്പോൾ നഷ്ടപ്പെട്ട ലോകങ്ങൾ ഒന്നൊന്നായി തെളിഞ്ഞു വരും. വായന ഒരു തിരിച്ചുപിടിത്തമാണ്, അനുഭവിക്കേണ്ടതും അനുഭവിക്കാത്തതുമായ പൊരുളുകളുടെ. 

No comments:

Post a Comment