Saturday, October 9, 2021

അക്ഷരജാലകം /എം.കെ.ഹരികുമാർ/കാൻഡിൻസ്കിയുടെ സമീപനം/metrovartha , sep27, 2021കാൻഡിൻസ്കിയുടെ സമീപനം link

റഷ്യൻ ചിത്രകാരനും കലാചിന്തകനുമായ വാസലി കാൻഡിൻസ്കി (1866-1944) കലാരചനയിൽ സംഗീതവും നിറവും ചേർന്നുള്ള പുതിയൊരു രസതന്ത്രമാണ് അവതരിപ്പിച്ചത്.നിറങ്ങൾ സംഗീതം തന്നെയാണ് ;അത് ആലേഖനം ചെയ്യുന്നത് ചിത്രകാരൻ്റെ അന്ത:ക്കരണത്തിലെ സംഗീതമാണ്. 'ഓൺ ദ് സ്പിരിച്വൽ ഇൻ ആർട്ട് ' എന്ന പുസ്തകത്തിലാണ് തൻ്റെ കലാ സിദ്ധാന്തപരമായ ചിന്തകൾ അദ്ദേഹം സംഗ്രഹിച്ചത്.ആത്മീയതയില്ലാതെ ആധുനികലോകത്ത് കലാസൃഷ്ടി സാധ്യമല്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ഈ ആത്മീയത പൊതുവേ പരിചിതമായ ഭക്തിമാർഗമോ ആരാധനയോ ഒന്നുമില്ല. അവനവൻ്റെ ലോകത്തിലേക്കുള്ള സഞ്ചാരവും സംഗീതാത്മകതയും പ്രാപഞ്ചികമായ പരിതാപവും പുനർചിന്തകളും അതീതമായ ആത്മീയാകുലതകളുമെല്ലാമാണ്. നിറങ്ങൾ അതീതമായ ആത്മ സന്ദേശമാകുകയാണ്.ഈ ആലോചനകൾ സാഹിത്യകലയിലും പ്രസക്തമാണ്.

ഭൗതികജീവിതത്തിൻ്റെയും ഭൗതികവാദത്തിൻ്റെയും മഹാപ്രവാഹത്തിൽ ഒഴുകിപ്പോകുന്ന നമുക്ക് ആഭ്യന്തരമായ ഒരാലോചന അനിവാര്യമാകുന്ന ഘട്ടങ്ങളില്ലേ ? സ്വയം ആരാണെന്ന് എപ്പോഴെങ്കിലും ചോദിക്കാതിരിക്കുമോ ? ചൈനയിലെ  താവോ മതക്കാരും ബുദ്ധമതക്കാരും  സ്വയം അന്വേഷിക്കാൻ വേണ്ടി മൗനത്തിലേക്ക് പിൻവാങ്ങിയത് ഇതിൻ്റെ പ്രതിഫലനമല്ലേ ?

ആരാണ് നമ്മൾ

നമുക്കിപ്പോഴും നാം ആരാണെന്ന് മനസിലായിട്ടില്ല .മാനവരാശിക്കു തന്നെ മനസിലായിട്ടില്ല. റോബർട്ട് ,മാനുവൽ ,സോം എന്നെല്ലാം ഓരോരുത്തരെ വിളിക്കുന്നു. യഥാർത്ഥത്തിൽ ആരാണ് അവർ ?ഒരു പേരുള്ളതുകൊണ്ടു നാം രക്ഷപ്പെട്ടു.പേരില്ലായിരുന്നെങ്കിൽ നമ്മെ തിരിച്ചറിയാൻ പ്രയാസമാകുമായിരുന്നു. പേരുകൾ അസ്തിത്വപരമായി ലഘൂകരിക്കുന്നു; കുറേക്കൂടി അനായാസമാക്കുന്നു. ഒരു പേരിൽ സംബോധന ചെയ്യപ്പെടുന്ന സുഹൃത്ത് ആരാണ്?

എന്തുകൊണ്ടാണ് അയാൾക്ക്  ആ പേര് ലഭിച്ചത് ? പേരുകൾക്കപ്പുറം നമ്മൾ ആരാണ് ? അല്ലായിരുന്നെങ്കിൽ അവരെ നാം എങ്ങനെ മനസ്സിലാക്കും? പരിചയപ്പെട്ടവരും സുഹൃത്തുക്കളുമായിട്ടുള്ളവർ യഥാർത്ഥത്തിൽ ആരാണ് ?എന്തൊക്കെയാണ് അവരുടെ ആഭ്യന്തര ജീവിതം ?ഈ പ്രശ്നത്തോടു സത്യസന്ധത പുലർത്താൻ ഒരു കലാകാരനു കഴിയേണ്ടതാണ്. കലാകാരന്മാരും എഴുത്തുകാരും ചിലപ്പോഴെങ്കിലും അതിൽനിന്ന് ഒഴിഞ്ഞുമാറാൻ
ശ്രമിക്കാറുണ്ട്. അതുകൊണ്ടാണ് കാൻഡിൻസ്കി പറഞ്ഞത്, കലാകാരൻ്റെ ജീവിതം അനായാസതയും സുഖവും നിറഞ്ഞതല്ലെന്ന് .അവൻ്റെ ആവിഷ്കാരമാണ് അവൻ്റെ കുരിശ് .

അവനു അന്തർജീവിതത്തിലെ സമ്മർദ്ദത്തിൻ്റെയും വെളിപാടിൻ്റെയും  ഫലമായി ഒരു രൂപം ഉണ്ടാക്കേണ്ടതുണ്ട്; കടലാസിലോ ,കാൻവാസിലോ. രൂപം മാത്രം പോരാ, ഉള്ളടക്കവും വേണം. പഴകിയ ഉള്ളടക്കങ്ങൾ അനുകരിച്ചതുകൊണ്ട് സൃഷ്ടിയാകില്ല.
സൃഷ്ടി നടത്തുന്നത് ഒരു ജീവി  നിലയിലുള്ള സാക്ഷ്യമാണ്. അതിനുവേണ്ടിയാണ് പഴയതിനെ ആവർത്തിക്കാതെ പുതിയത് തേടുന്നത്.പിക്കാസോയുടെ 'ഗ്വർണിക്ക ' പുതിയ രൂപം മാത്രമല്ല, ഉള്ളടക്കവുമാണ്.പിക്കാസോക്ക് അത് ആവശ്യമായിരുന്നു .

കാൻഡിൻസ്കി പറഞ്ഞു: ഓരോ പ്രവൃത്തിയും ചിന്തയും വികാരവും കലാകാരൻ്റെ അസ്പൃശ്യമായ , മൂർത്തമായ ലോകത്തെ സൃഷ്ടിക്കുന്നു. അതിൽ നിന്നാണ് അവൻ്റെ കല പുറത്തേക്ക് വരുന്നത്. അദ്ദേഹത്തിൻ്റെ 'ബ്ളൂ റൈഡർ ' എന്ന ചിത്രം ഇതിനു തെളിവാണ്.

ഈ ഉപകരണങ്ങളിലൂടെ അവൻ തേടേണ്ടത് സ്വാതന്ത്ര്യമല്ല, ഏകാന്തവും ആഭ്യന്തരവുമായ ആത്മാവിനെയാണെന്ന് കാൻഡിൻസ്കി വാദിക്കുന്നു. എന്തുകൊണ്ടാണ് ഈ ആത്മാവിനു പ്രാധാന്യം ലഭിക്കുന്നത്? അത്  ഭൗതികലോകത്തോടൊപ്പം നഷ്ടപ്പെടുത്താനുള്ളതല്ല, നശ്വരതയ്ക്കെതിരെയുള്ള  പോരാട്ടത്തിൽ അവനു നിലനിൽക്കേണ്ടതുണ്ട്. പുറമേനിന്നു കാണുന്നതിനെ അതേപടി അവതരിപ്പിക്കുന്നതിൽ കലാകാരൻ്റെ അന്തർജീവിതമോ , ഏകാന്തവികാരങ്ങളെ ഇല്ല. അത് പൊതുവായ ,സാമാന്യമായ കാഴ്ചകളാണ് തേടുന്നത്. ഒരാൾക്കൂട്ടം കാണുന്നതല്ല കലാകാരൻ കാണേണ്ടത്.

ഉപയോഗിക്കാത്ത സ്വാതന്ത്ര്യം

'കലാകാരൻ്റെ സ്വാതന്ത്ര്യം വെറുതെ ജീവിക്കുന്നതിലല്ല, കലയിലാണ് . കലയിൽ സ്വാതന്ത്ര്യംകൊണ്ട് എന്ത് ചെയ്യും?' കലയിലെ സ്വാതന്ത്ര്യം ഇന്ന് ഉപയോഗിക്കപ്പെടാതെ അവശേഷിക്കുകയാണ്. നമ്മുടെ സാഹിത്യകൃതികളിൽ തൊണ്ണൂറ്റിയൊൻപത് ശതമാനവും സ്റ്റാറ്റസ്കോ ,നിലവിലുള്ളത് ,അതേപടി നിലനിർത്താനാണ് ശ്രമിക്കുന്നത്. രൂപങ്ങളിൽ പരീക്ഷണമുണ്ടെങ്കിലും ഉള്ളടക്കമില്ല .ചിന്താപരമായ ഉന്നതി കാണാനില്ല. അഗാധവും ഉൾക്കാഴ്ചയുള്ളതുമായ അനുരണനങ്ങൾ ഉണ്ടാകുന്നില്ല.

കാൻഡിൻസ്കി എഴുതുന്നു: ' ഒരു കലാകാരന് സാധാരണക്കാരനിൽ നിന്ന് വ്യത്യസ്തമായി മൂന്നു കാര്യങ്ങൾ ചെയ്യാനുണ്ട്. ഒന്ന് ,സ്വന്തം കഴിവുകൾ സമൂഹത്തിലേക്ക് തിരിച്ചു കൊടുക്കേണ്ടതുണ്ട്. രണ്ട് ,അവൻ്റെ  കർമ്മങ്ങൾ, ചിന്തകൾ, വികാരങ്ങൾ എല്ലാം ചേർന്ന് ഒരു ആത്മീയ അന്തരീക്ഷം സൃഷ്ടിക്കണം , അവയുടെ സ്വഭാവമനുസരിച്ച്. മൂന്ന്, അവൻ്റെ ഉപകരണങ്ങളായ ആ പ്രവൃത്തികളും ചിന്തകളും വികാരങ്ങളുമാണ് ആത്മീയാന്തരീക്ഷത്തെ സ്വാധീനിക്കുന്നത് '.

ഒരു ആത്മീയാന്തരീക്ഷം സൃഷ്ടിക്കുകയും അതിൻ്റെ ഫലമായി പരമാവധി ആവിഷ്കാരം ഉണ്ടാകുകയും വേണം .സാഹിത്യ കലയിലും ഇതുതന്നെയാണ് വേണ്ടത്. ഈ ആത്മീയ അന്തരീക്ഷം മതപരമല്ല. അത് വ്യക്തിഗതമാണ്, ആന്തരികതയിൽ .അവനവൻ്റെ വെളിപാടുകളും പീഢകളും തപസ്സുകളും വീണ്ടുവിചാരങ്ങളുമാണത്. ഒരാൾ സ്വയം ആരായുന്നതിലൂടെ ഉരുത്തിരിക്കുന്ന പുതിയൊരു ലോകമുണ്ട്. ലോകത്തെ മാധ്യമങ്ങളും സർക്കാരും നിരീക്ഷിക്കുന്നതിനു ബദലായി കുറേക്കൂടി മൂല്യമുള്ളതും കാമ്പുള്ളതുമായ ജൈവലോകം നിർമ്മിക്കപ്പെടണം.

പരിചിതയഥാർത്ഥ്യത്തിനുള്ളിലേക്ക് കടന്നുചെന്ന് ഇതുവരെ കാണാത്ത അസ്തിത്വസമസ്യകൾ പുറത്തെടുക്കണം.നിറങ്ങൾ പ്രകൃതിയിലുള്ളതാണെങ്കിലും കലാകാരനു അത് മതിയാകാതെ വരും. തൻ്റെ മനസ്സിൻ്റെ അവസ്ഥയ്ക്കൊത്ത നിറങ്ങൾ അവൻ കണ്ടുപിടിക്കേണ്ടതുണ്ട്.

'എന്താണ് വിനിമയം ചെയ്യാനുള്ള തെന്ന് കണ്ടെത്താൻ കലാകാരൻ പുറത്തേക്കു നോക്കി അലയേണ്ട. അവൻ്റെ മനസ്സിന് അതിൻ്റേതായ ഒരു രീതിയുണ്ട് .സൃഷ്ടിയുടെ വേളയിൽ പോലും കലാകാരന് അത് മനസ്സിലാകണമെന്നില്ല' - കാൻഡിസ്കി എഴുതി. കലാകാരൻ നിശ്ചയിച്ചുറപ്പിച്ചതല്ല എഴുതേണ്ടത്. അറിയാനുള്ളതാണ് വിഷയം. നേരത്തെ പഠിച്ചതല്ല വിവരിക്കേണ്ടത്. ഇവിടെ സാറാ ജോസഫ് ,ടി.ഡി.രാമകൃഷ്ണൻ തുടങ്ങിയവർ നോവലെഴുതിയപ്പോൾ നേരത്തെ തന്നെ കണ്ടുപിടിച്ചു കാര്യങ്ങളാണ് വിവരിച്ചത്;ബുധനിയായാലും റെയിൽവെയുടെ ചുവന്ന ലൈറ്റായാലും. ഇത് കലാസൃഷ്ടിയുടെ ഉന്നതമായ ആശയത്തിനു എതിരാണ്.

അതുകൊണ്ട് അതിൽ വായനക്കാരന് പുതിയതൊന്നും തേടേണ്ടി വരുന്നില്ല. എല്ലാം അറിയുന്നവനാണ് എഴുത്തുകാരൻ എന്ന സങ്കല്പം തകർന്നു .ഇന്നത്തെ എഴുത്തുകാരൻ തനിക്ക് അറിയാത്ത കാര്യങ്ങളാണ് തേടുന്നത് .നിഗൂഢതയ്ക്ക് നേരെ തിരിച്ചുപിടിച്ച ഒരു കണ്ണാടിയാണ് അയാൾ.കടലിൽ വീണ സൂചി തപ്പുന്നതുപോലെയാണ് അയാൾ വാക്കുകൾ നിരത്തുന്നത്. എന്നാൽ  ഓരോ വാക്കും തൻ്റെ ചിന്തയുടെ ട്രാക്കിൽ കൃത്യമായി വിന്യസിച്ചിരിക്കണം.അവ്യക്തതയിലേക്ക് പ്രവേശിക്കുന്നതിന് വാക്കുകളുടെ കൃത്യത അത്യാവശ്യമാണ്.കവിതയിൽ  സംഭവിച്ചിരിക്കുന്നത് വാക്കുകളുടെ തിരഞ്ഞെടുപ്പിൽ വന്ന മൗഢ്യമാണ്.
പാളത്തിൽ ചക്രങ്ങൾ കൃത്യമായി ഉറച്ചാൽ മാത്രമേ തീവണ്ടി ഓടുകയുള്ളു. കവിതയ്ക്കും ഇത് ബാധകമാണ്.

ഒരേ ഓർമ്മകൾ

അനുഭവങ്ങൾ ഉപരിപ്ളവമായി എഴുതുന്നതിൽ എന്ത് വിപ്ളവമാണുള്ളത് ?മറ്റൊരാൾക്ക് എളുപ്പത്തിൽ വിവരിക്കാവുന്ന കാര്യങ്ങൾ മഹാസംഭവം എന്ന മട്ടിൽ എഴുതരുത്. ഓർമ്മയെഴുത്തുകാർ കുട്ടിക്കാലത്ത് മഴ നനഞ്ഞ് സ്കൂളിൽ പോയതും കടല കൊറിച്ചതും പുഴയിൽ മുങ്ങിയതുമൊക്കെ എഴുതുകയാണ്.. ഇത് എല്ലാവരും എഴുതേണ്ടതുണ്ടോ ?

ഓർമ്മകളെ കണ്ടെത്താനായി ഭൂതകാലത്തിലേക്ക് അന്വേഷണം നടത്തണം. ഓർമ്മകൾ യഥാർത്ഥത്തിൽ അവിടെയില്ല.  അത് ഓർക്കുമ്പോൾ മാത്രമേ നിലനിൽക്കുന്നുള്ളു. അത് കഴിയുന്നതോടെ വീണ്ടും വിസ്മൃതമാകും.ഒരിക്കലുമില്ലാത്തത്  സൃഷ്ടിക്കുകയാണ് വേണ്ടത്. നിരീക്ഷണവും ബുദ്ധിയും അതിനാവശ്യമാണ്. പല കോണുകളിലൂടെ നോക്കിയാൽ പുതിയ കാര്യങ്ങൾ കാണാൻ കഴിഞ്ഞേക്കും. ഓർമ്മകൾ പലതായി പിരിയുന്നത് കാണാം.യഥാർത്ഥത്തിൽ  ഓർമ്മകൾക്ക് ആധാരമായ ചില വസ്തുതകളേയുള്ളു, ഓർമ്മകളില്ല . അത് നമ്മൾ സൃഷ്ടിക്കേണ്ടതാണ്.

ഒരു കാലഘട്ടത്തിലെ എഴുത്തുകാരെല്ലാം കുട്ടിക്കാലത്തേക്ക്  പോയി, മഴനനഞ്ഞത് എഴുതുന്നത് വ്യർത്ഥമാണ്.കാൻഡിൻസ്കി പറഞ്ഞു ,'ഒരു കലാകാരൻ തൻ്റെ കാലത്തെയും സാഹചര്യങ്ങയും മനസ്സിലാക്കണം. അതേ സമയം കഴിഞ്ഞ കാലങ്ങളിലെ ഭാഷാശൈലിയെയും വീക്ഷണത്തെയും കടമെടുക്കുന്നവർ ' ചത്ത 'സാഹിത്യമാണ് ഉണ്ടാക്കുന്നത് ' .

ഒരാൾ തൻ്റെ ആത്മകഥയോ സാഹിത്യ മോ എഴുതുമ്പോൾ കാലത്തിലേക്ക് ആഴ്ന്ന് പതിക്കണം. കാലത്തിൻ്റെ  അപര്യാപ്തകൾ അറിയണം.പതിതനെ അഭിസംബോധന ചെയ്യണം.താൻ എന്നും ജയിച്ചവരുടെ ഒപ്പമാണെന്ന് വീമ്പു പറയുകയല്ല ചെയ്യേണ്ടത് .കരടി വേട്ടക്കിറങ്ങുന്നതും പുലിയെ കറിവച്ച് കഴിക്കുന്നതും എഴുതുന്നതിൽ ,ഈ സാഹചര്യത്തിൽ ,അപാകതയില്ലേ ?കലാകാരൻ കാലദേശാതീതമായ മൂല്യത്തിനാണ് പൊരുതേണ്ടത്. കലയുടെ മൂല്യം സൃഷ്ടിക്കപ്പുറത്തേക്കാണ് നീങ്ങേണ്ടത്.കലാകാരനു സ്വയം സത്യസന്ധനാവേണ്ടതുണ്ട് .അവനു  ആദ്യകാലത്തു ലഭിച്ച പിന്തുണ പിന്നീട് കിട്ടുന്നില്ലെങ്കിൽ ,അതിനർത്ഥം അവൻ സത്യസന്ധനാകുന്നു എന്നാണ്. സത്യസന്ധത വെല്ലുവിളിക്കപ്പെടും. അവൻ ഉപേക്ഷിക്കപ്പെട്ട സത്യങ്ങളെ തേടി ചെല്ലുന്നതോടെ  ഒറ്റപ്പെടുകയാണ്. കലാകാരന് വയസ്സാകുന്നത് സത്യത്തെയാണ്  പ്രതികൂലമായി ബാധിക്കുന്നത് ;സത്യം പറയാൻ പറ്റാതാകും.

എന്നാൽ ഇപ്പോഴും അവനവനോട് കള്ളം പറഞ്ഞുകൊണ്ടിരിക്കുന്നവർക്ക് ഇത്തരം ആത്മീയപ്രശ്നങ്ങളൊന്നുമില്ല. സ്വയം ഒരു കുരിശാകേണ്ട സാഹചര്യം അവർക്കല്ലല്ലോ .അവർ എഴുതേണ്ടത് എഴുതാൻ വേണ്ടി സഹിക്കുന്നില്ല .പകരം വില്ക്കാനള്ളത്  എഴുതുകയാണ് ചെയ്യുന്നത്.കാലത്തിൽ അമർന്നുപോയ വേദനകളെ എല്ലാം സമ്പ്രദായങ്ങളും ഉപേക്ഷിച്ചു സമീപിക്കേണ്ടതാണ്.പൊതുവൃത്താന്തത്തിൽ വരാത്ത പലതുമുണ്ട്.  കഥ പരത്തിപ്പറയുന്ന സംരംഭങ്ങളിൽ മനുഷ്യനെ ആകർഷിക്കുന്ന ഉള്ളടക്കമില്ലാതായിരിക്കുന്നു. .അതിൽ മൂല്യങ്ങൾക്കു വേണ്ടിയുള്ള സംഘർഷമില്ല. നിരീക്ഷണ ങ്ങളുണ്ട് ,പക്ഷേ ലക്ഷ്യമില്ല.

കാൻഡിൻസ്കി പറയുന്നതുപോലെ പുരാതന ഗ്രീക്കുകാരെപ്പോലെ നമുക്ക് ജീവിക്കാനാകില്ല. അന്നത്തെ കലാതത്ത്വങ്ങൾ വീണ്ടെടുക്കുന്നതിലല്ല സാമർത്ഥ്യം. പലരും പഴയ രൂപത്തിൽ തന്നെ പ്രമേയങ്ങൾ കുത്തിനിറച്ചു കൊണ്ടിരിക്കുകയാണ് .നോവലിൽ കലയൊഴിച്ച് ബാക്കിയെല്ലാമുണ്ട്. ഒരു വിഷയം മുൻകൂട്ടി തീരുമാനിക്കുകയും അത് നോവലാക്കുകയും ചെയ്യുന്നത് കലയിൽ ഏറ്റവും അധാർമ്മികമായ പ്രവൃത്തിയാണ് .സൃഷ്ടിപ്രക്രിയയിൽ മുൻകൂട്ടി നിശ്ചയിച്ചതിനൊന്നും പ്രസക്തിയില്ല. പലതും രചനയുടെ വേളയിൽ ആവിർഭവിക്കുകയാണ് ചെയ്യുന്നത്.

റഷ്യൻ എഴുത്തുകാരനായ തുർജനേവ്  അബദ്ധ ധാരണകളെ കടപുഴക്കികൊണ്ട് പറഞ്ഞത് ഇപ്രകാരമാണ് :'ഒടുവിൽ നാം  മനസ്സിലാക്കും ,പ്രകൃതിയെ ഒരിക്കലും ഒഴിവാക്കാനാവില്ല; അതിനു തിടുക്കമില്ല, ഒരിക്കലും. പ്രകൃതിക്ക് എന്താണോ ഉള്ളത് ,അതു തിരിച്ചെടുത്തിരിക്കും. അബോധമായി, മാറ്റമില്ലാതെ, അതിൻ്റെ നിയമങ്ങളെ അനുസരിക്കുക. അതിനു കല  എന്താണെന്ന് അറിയില്ല; അതിന് സ്വാതന്ത്ര്യമോ നന്മയോ എന്താണെന്നറിയില്ല' .

അതുകൊണ്ട് മനുഷ്യൻ അവൻ്റെ അന്ത:ക്കരണത്തിനായി കല സൃഷ്ടിക്കേണ്ടിവരുന്നു. അത് ആത്മീയമാകാൻ വിധിക്കപ്പെട്ടിരിക്കുന്നു.


നുറുങ്ങുകൾ

1)എഴുപതുകളുടെ ഒടുവിലാണ് ,പ്രൊഫ. കെ .എം. തരകൻ കുറവിലങ്ങാട് ദേവമാതാ കോളജിൽ ഒരു സാഹിത്യശിബിരത്തിൽ  ക്ളാസെടുക്കാൻ വരുന്നത്.തുടക്കത്തിൽ തന്നെ അദ്ദേഹം ഇങ്ങനെ സൂചിപ്പിച്ചു :നോവലിൻ്റെ കാര്യത്തിൽ ഞാനൊരു എക്സ്പെർട്ടാണെന്നാണ് പലരുടെയും വിചാരം .അത് ശരിയുമാണ്.

തുടർന്ന് ഉത്തരാധുനികതയെക്കുറിച്ച് പരാമർശിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു: ' ഇന്നത്തെ സാഹിത്യരചനകളെ പൊതുവായി ഒരു  അളവുകോലുപയോഗിച്ച് നവീനം എന്നു വിളിക്കാനാവില്ല. ഓരോ നവീനരചനയും ഓരോ രീതിയിൽ ഭിന്നമാണ്. അവയെ താരതമ്യം ചെയ്യാനാവില്ല'.

2)പ്രമുഖ പത്രപ്രവർത്തകനായിരുന്ന പി.ശ്രീധരൻ തൃശ്ശൂരിലെ ഒരു സാഹിത്യസമ്മേളനത്തിൽ ഇങ്ങനെ പറഞ്ഞു: 'മഹാവിമർശകനായ ജോസഫ് മുണ്ടശ്ശേരിക്ക് നോവലിസ്റ്റാ കണമെന്നായിരുന്നു ആഗ്രഹം. അതിൻ്റെ ഒരാവശ്യവുമില്ല, എങ്കിലും'.

3)റഫീഖ് അഹമ്മദിൻ്റെ  'കടൽക്കാഴ്ചകൾ' ( മാതൃഭൂമി ഓണപ്പതിപ്പ് ) എന്ന കവിതയിൽ കടലിൻ്റെ ശിഥിലമായ ചില ചിത്രങ്ങൾ നൽകുന്നുണ്ട് .വിസ്മയങ്ങൾ ഓരോന്നായി കവി നിരത്തുന്നു. പക്ഷേ, കടലിനെക്കുറിച്ച് ഉന്നതമായ ,മൗലികമായ ഒന്നുമില്ല .അമെരിക്കൻ പരിസ്ഥിതി പ്രേമിയും എഴുത്തുകാരിയുമായ റേച്ചൽ കഴ്സൻ്റെ ചിന്തകൾ പരിചയിച്ചിട്ടുള്ളവർക്ക് ഈ കവിത ഒരു സാധാരണ റൊമാൻറിക് ചതുരവടിവ് മാത്രമാണ്. റഫീക്ക് എഴുതുന്നത് നോക്കൂ:

'ലോകനേതാക്കന്മാർക്ക്
മറ്റൊന്ന്
ഹെമിംഗ്വേക്കും
സാൻ്റിയാഗോയ്ക്കും
തകഴിക്കും നീ
വ്യത്യസ്തയായ്
രാവിൽ നീ വേറൊന്നായി
വെയിലിൽ നിലാവത്ത്
വെവ്വേറെ വിലാസമായ് '
ഈ കവിതയുടെ ഭാഷ കാലഹരണപ്പെട്ടതാണ്.

കടലിൻ്റെ വ്യത്യസ്തഭാവങ്ങൾ എന്താണെന്ന് വിവരിക്കാൻ കവിക്ക് കഴിയുന്നില്ല. കവിത എന്തിനെപ്പറ്റിയായാലും ,അതിൽ  തത്ത്വചിന്തയുടെ ചിറകുകൾ വേണം. ആനയ്ക്ക് ചിറകുണ്ടെങ്കിൽ ആനയും പറക്കും.

4)'മാൻസ് വാർ എഗെൻസ്റ്റ് നേച്ചർ ' എന്ന പുസ്തകമെഴുതിയ പരിസ്ഥിതി ചിന്തകയായ റേച്ചൽ കഴ്സൺ പ്രകൃതിയെ മനുഷ്യൻ കീഴടക്കരുതെന്നാണ് ഉദ്ബോധിപ്പിക്കുന്നത്. ജീവൻ്റെ ഏറ്റവും  ഏറ്റവും വലിയ തെറ്റാണ് പ്രകൃതിക്കെതിരെയുള്ള യുദ്ധം. പ്രകൃതിയെ കീഴടക്കാനാണ് ഓരോ നാഗരികതയും, നിർഭാഗ്യകരമെന്ന് പറയട്ടെ, ആഹ്വാനം ചെയ്യുന്നത്. രാഷ്ട്രങ്ങൾ പ്രകൃതിക്കുമേലാണ് വികസനം നടപ്പാക്കുന്നത്. വികസനത്തിൻ്റെ തിക്തഫലങ്ങൾ അനുഭവിക്കുമെന്ന് ഉറപ്പുള്ളപ്പോൾ തന്നെ ,പ്രകൃതിയെ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നു. റേച്ചൽ കഴ്സൺ കടലിനെക്കുറിച്ചാണ് കൂടുതലും എഴുതിയത്.

അണ്ടർ ദ് സീ വിൻഡ് ,ഫിഷസ് ഓഫ് ദ് മിഡിൽവെസ്റ്റ്, ഫിഷ് ആൻഡ് ഷെൽഫിഷ് ഓഫ് ദ് മിഡിൽ അറ്റ്ലാൻ്റിക് കോസ്റ്റ് ,ദ് സീ എറൗണ്ട് അസ് ,ദ് എഡ്ജ് ഓഫ് ദ് സീ തുടങ്ങിയ പുസ്തകങ്ങൾ കഴ്സണെ ഒരു മഹാവിസ്മയമാക്കുന്നു.

5)ആളുകൾക്ക് പരസ്പരം മനസ്സിലാക്കാൻ സംഭാഷണങ്ങൾ മതിയാവില്ലെന്ന് വ്യക്തമാക്കുന്ന കവിതയാണ് ,ശങ്കരൻ കോറോം എഴുതിയ 'ദൂരം'(പ്രഭാതരശ്മി, സെപ്റ്റംബർ ).

'അടുത്തടുത്തിരുന്നൊരു -
പാടുവർത്തമാനം സഹ-
യാത്രികവർ ചൊല്ലീടവേ ,
ആരാണ് ,യേതാണ് ,
ഉള്ളിലെന്താണ്
ശങ്കയൊഴിയുന്നതേയില്ല,
യകതാരിലിരുവർക്കു
മൊരുപോലെ'.

ഒരുപാടു വർത്തമാനം പറഞ്ഞ ശേഷവും ഒന്നും മനസ്സിലാകാത്ത വിധം മനസ്സ് ശൂന്യമാകുന്നു. സമൂഹമാധ്യമങ്ങളിലെ ചാറ്റിംഗും പ്രണയവും ഇത് തെളിയിച്ചുകൊണ്ടിരിക്കുന്നു.

6)പ്രണയത്തിൻ്റെ അത്ഭുത അസ്തിത്വപ്രശ്നങ്ങളെക്കുറിച്ച് ഫ്രഞ്ച് ചിന്തകനും എഴുത്തുകാരനുമായ ഷാങ് പോൾ സാർത്ര് ശ്രദ്ധേയമായ ചില നിരീക്ഷണങ്ങൾ നടത്തുന്നുണ്ട്. പ്രണയം ദുർഘടമാണെന്ന സന്ദേശമാണത്.
അദ്ദേഹം എഴുതി: ' ഒരാളെ സ്നേഹിക്കുന്നത് ഒരു വലിയ ജോലി തന്നെ. നിങ്ങൾക്ക് അതിനുള്ള ഊർജ്ജം വേണം ,ഔദാര്യം വേണം ,അന്ധത വേണം. ഒരു അഗാധതയ്ക്ക് കുറുകെ ചാടേണ്ട ഒരു നിമിഷം തുടക്കത്തിൽ തന്നെ നേരിടേണ്ടിവരും. അതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ, നിങ്ങൾ അതിനു തയ്യാറാവുകയില്ല' .

7)ഷേക്സ്പിയറുടെ ഗീതകങ്ങൾ സച്ചിദാനന്ദൻ പരിഭാഷപ്പെടുത്തിയത് (മാതൃഭൂമി) വായിച്ചു. പക്ഷേ ,അതിനായി അദ്ദേഹം തിരഞ്ഞെടുത്ത മലയാളഭാഷ വളരെ പഴയതാണ്. ഷേക്സ്പിയറെക്കുറിച്ച് ലേഖനമെഴുതുന്നവരും പഴയ മലയാള പദ്യശൈലി ഉപയോഗിക്കണമോ? ഷേക്സ്പിയർ നൂറ്റാണ്ടുകൾക്കു മുമ്പ് ജീവിച്ചിരുന്ന വ്യക്തിയായതുകൊണ്ട് ,അദ്ദേഹത്തിൻ്റെ കവിതകൾ ശക്തിയില്ലാത്ത പദ്യശൈലിയിൽ അവതരിപ്പിക്കുന്നത് ഇന്ന് അനുചിതമാണ്. ഇന്നത്തെ മലയാളഭാഷയിൽ അത് അവതരിപ്പിച്ചിരുന്നെങ്കിൽ ആശയങ്ങൾക്ക് മൂർച്ച കിട്ടുമായിരുന്നു.

8)സ്നേഹസ്വാദൂറുന്ന പവിത്രശബ്ദങ്ങളുടെ മഹാപ്രപഞ്ചം ,രാത്രിയിൽ ചെവിയോർത്താൽ ഒഴുകിവരും.


 

No comments:

Post a Comment