Saturday, October 9, 2021

അക്ഷരജാലകം /എം.കെ.ഹരികുമാർ/നിത്യയൗവ്വനകാന്തികളേ!/metrovartha ,octo. 4, 2021

 
നിത്യയൗവ്വനകാന്തികളേ!link


കഴിഞ്ഞ അമ്പതുവർഷത്തിനിടയിൽ  അമെരിക്കയിലെ ഏറ്റവും പ്രമുഖ കവിയെന്ന് വിളിക്കപ്പെട്ട ജോൺ ആഷ്ബറി (1927-2017)യുടെ മരണാനന്തരജീവിതത്തെപ്പറ്റി യുവ എഴുത്തുകാരനായ ഡേവിഡ് ഷുർമാൻ വാലസ് എഴുതിയ ലേഖനം ' ദ് ഡ്രിഫ്റ്റ്' ഓൺലൈനിൽ കഴിഞ്ഞദിവസമാണ് വായിച്ചത്‌.

'ഡെഡ് പോയറ്റ് ആൻക്സൈറ്റി ' എന്ന് പേരിട്ടിരിക്കുന്ന ഈ ലേഖനത്തിൽ ഒരു കവിയുടെ യശസ്സിനെപ്പറ്റിയുള്ള അവ്യക്തതയും മിഥ്യയുമാണ് ചർച്ച ചെയ്യുന്നത്. സ്വന്തം വിചാരമണ്ഡലത്തെ ശരിയായി അനാവരണം ചെയ്ത ഒരു കവി ചെറുപ്പത്തിൽ മരിക്കുന്നതാണ് സുരക്ഷിതമെന്നു ലേഖകൻ  അഭിപ്രായപ്പെടുന്നുണ്ട്.
കാരണം ,അയാൾക്ക് പിന്നീടുള്ള ജീവിതം ഒരു ബാധ്യതയാകാതിരിക്കും. അമെരിക്കയിലെ ഏറ്റവും പ്രമുഖനായ കവി എന്ന നിലയിലാണ് ആഷ്ബറി നിലനിന്നത്. അദ്ദേഹത്തെ കാലഘട്ടത്തിൻ്റെ മഹാകവി എന്ന് വിളിച്ചവരുണ്ട്.അദ്ദേഹം ഹാരോൾഡ് ബ്ളൂമിനെപ്പോലെ പ്രശസ്തനായ വിമർശകനുമായിരുന്നു .ആഷ്ബറി നേരത്തെ സൃഷ്ടിച്ചെടുത്ത ഏറ്റവും ഉയരത്തിലുള്ള സ്ഥാനം , മരണാനന്തരം നിലനിർത്താൻ കഴിയണമെന്നില്ലെന്നാണ് ലേഖകൻ അഭിപ്രായപ്പെടുന്നത്. ഒരു എഴുത്തുകാരൻ ജീവിച്ചിരിക്കെ വാഴ്ത്തപ്പെടുന്നത് ,പിന്നീടുള്ള  തലമുറകളെ ആകർഷിക്കണമെന്നില്ല. പുതിയ പ്രവണതകൾ വന്നു കൊണ്ടിരിക്കുകയാണല്ലോ .

മാറിയ വ്യക്തിത്വം

രണ്ടായിരാമാണ്ടിനു മുൻപ് വരെ ഒരെഴുത്തുകാരനു ഉണ്ടായിരുന്ന വ്യക്തിത്വം മറ്റൊന്നായിരുന്നു. എഴുത്തുകാരൻ സ്വന്തം നിലയ്ക്ക് അവാർഡിനുവേണ്ടി ശ്രമിക്കില്ലായിരുന്നു .എഴുതി പ്രശസ്തരായവർപോലും  പുസ്തകങ്ങളുടെ മുഖചിത്രമായി സ്വന്തം ഫോട്ടോ അച്ചടിക്കില്ലായിരുന്നു. ഇപ്പോൾ ചില പുതിയ എഴുത്തുകാർ പുസ്തകങ്ങളുടെ കവർ സ്വന്തം ഫോട്ടോകൊണ്ട് അലങ്കരിക്കുകയാണ്. വിലകൂടിയ വസ്ത്രമണിഞ്ഞ് പോസ് ചെയ്യുകയാണ്! .സ്വർണാഭരണങ്ങൾ പ്രദർശിപ്പിക്കാൻപോലും തയ്യാറാവുന്നു. സ്വന്തം ഫോട്ടോയിലെ സൗന്ദര്യം കണ്ട് വായനക്കാർ പുസ്തകം വാങ്ങട്ടെ എന്നാണ് ഇവരുടെ ചിന്ത. ഇവർക്ക് എഴുത്തിനെക്കുറിച്ച് എന്തെങ്കിലും ധാരണയുണ്ടോ ?എഴുത്തുകാരൻ എന്ന വ്യക്തിത്വം എന്താണെന്ന് ഇവർക്ക് അറിയില്ല .എഴുത്തുകാരൻ ശരീരം പ്രദർശിപ്പിച്ച് പ്രതിച്ഛായ നേടേണ്ടവനാണ് എന്ന പ്രതിലോമപരമായ അധമചിന്ത ഇവരെ സ്വാധീനിച്ചിരിക്കുന്നു. സമൂഹത്തെ ബാധിച്ച രോഗങ്ങൾ ചികിത്സിച്ച തകഴി ,കേശവദേവ് തുടങ്ങിയവർ കണ്ടെത്തിയ സാഹിത്യകാരസങ്കല്പത്തെക്കുറിച്ച്  ഇക്കൂട്ടർക്ക് കേട്ടുകേൾവി പോലുമില്ല.

മാധ്യമങ്ങൾക്ക് എഴുത്തുകാർ ഇത്രമാത്രം സ്വയം തുറന്നു കൊടുത്ത കാലമുണ്ടായിട്ടുണ്ടോ ? മാധവൻ അയ്യപ്പത്ത് ,എം.എൻ.പലൂര് തുടങ്ങിയവരെ വായനക്കാർ ഒരിക്കൽ പോലും കണ്ടിട്ടുണ്ടാവില്ല. സമൂഹമാധ്യമങ്ങളുടെ വരവോടെ എഴുത്തുകാരെക്കുറിച്ചുള്ള പ്രതിച്ഛായ തകർന്നു. മാധ്യമങ്ങളാണ് അത് തകർത്തത് .പുരപ്പുറത്ത് കോണകമിടാത്ത ആർക്കും രക്ഷയില്ലാതായി.

ഒരു കൃതി പ്രസിദ്ധീകരിച്ചശേഷം ആർക്കും പിടികൊടുക്കാതെ ഒറ്റയ്ക്ക് മാറിയിരുന്നാൽ പ്രസാധകർ തന്നെ അയാളുടെ കൃതികൾ ഗോഡൗണിലിട്ട് പൊടിപിടിപ്പിക്കും. എഴുത്തുകാരൻ ചടങ്ങുകളിലും ഫെസ്റ്റിവലുകളിലും പങ്കെടുക്കണമെന്നാണ് പ്രസാധകർ നിഷ്കർഷിക്കുന്നത്. പതിറ്റാണ്ടുകൾക്ക് മുമ്പായിരുന്നെങ്കിൽ എഴുത്തുകാരൻ തൻ്റെ പുസ്തകത്തിൻ്റെ പരസ്യം പോലും കൊടുക്കില്ലായിരുന്നു. ഇപ്പോൾ പ്രഭാഷണം നടത്തുന്ന എഴുത്തുകാർ സ്വന്തം പണം മുടക്കി ഏജൻസിയെക്കൊണ്ട് അതിൻ്റെ വീഡിയോ ക്ലിപ്പിംഗ് യു ട്യൂബിൽ ഇടുകയാണ്.

ഓൺലൈൻ വെബിനാറുകൾ, ഫേസ്ബുക്ക് പോസ്റ്റുകൾ, ക്ലബ് ഹൗസ് ചർച്ചകൾ എല്ലാം എഴുത്തുകാർ നേരിട്ടു നടത്തണം. മുൻപായിരുന്നെങ്കിൽ എഴുത്തുകാരൻ സ്വന്തം പുസ്തകത്തിൻ്റെ  പരസ്യംപോലും കൊടുക്കില്ലായിരുന്നു.  നവാഗതരായ എഴുത്തുകാർക്ക് സ്വയം ബ്രാൻഡാവുന്നതിൽ താല്പര്യം തോന്നുന്നത് സ്വാഭാവികമാണ്.എന്നാൽ മുതിർന്നവരും അതിനു  നിർബന്ധിക്കപ്പെടുന്നു. എത്രമാത്രം  ഒരാൾ സ്വയം ഒരു ബ്രാൻഡായി, പരസ്യമായി ,പൊതുജനസംഘടനകളുടെ പ്രിയങ്കരനായിത്തീരുന്നവോ അയാൾക്ക് വല്ലതും കിട്ടിയെന്നിരിക്കും.

ഉള്ളടക്കം നഷ്ടപ്പെട്ടു

ഏറ്റവും അപകടകരമായ വസ്തുത സാഹിത്യരചനകളിലെ ഉള്ളടക്കമോ, ചിന്തയോ ,ഭാഷയോ ,ശൈലിയോ ആരും ഗൗനിക്കുന്നില്ല എന്നുള്ളതാണ്. ഉള്ളടക്കം ചർച്ച ചെയ്യേണ്ട സാഹചര്യം തന്നെ ഇല്ലാതായി .ആരു പ്രസിദ്ധീകരിക്കുന്നു, ഫേസ്ബുക്കിൽ എത്ര പേർ ചേർന്നു കവർ പ്രകാശിപ്പിച്ചു ,ആരൊക്കെ ഓൺലൈൻ വീഡിയോയിലൂടെ പുസ്തകത്തെക്കുറിച്ച് പ്രശംസിച്ച് സംസാരിച്ചു തുടങ്ങിയ കാര്യങ്ങളാണ് നിർണായകമാകുന്നത്.

എഴുത്തുകാരുടെ എണ്ണം പെരുകുകയും ഓൺലൈൻ മാധ്യമങ്ങൾ വർദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ സാഹിത്യത്തിൻ്റെ  മൂല്യനിർണയം ഒരു പഴങ്കഥയാവുകയാണ്. ഇപ്പോൾ വിപണിയിലെത്തുന്ന പുസ്തകങ്ങളിൽ കൂടുതലും രാഷ്ട്രീയത്തിലെ ഗ്രൂപ്പുകൾ പോലെ പ്രവർത്തിക്കുന്നവരും അവരുടെ സുഹൃത്തുക്കളും എഴുതിയതാണ്.

ഇക്കൂട്ടർ ഇഷ്ടപ്പെടുന്നത് ചലച്ചിത്രനിരൂപണംപോലെ നല്ലത് മാത്രം പറഞ്ഞുകൊണ്ട് കൈവിട്ടു പ്രശംസിക്കുന്നതിനെയാണ്.  വിയോജിപ്പ് ,വിലയിരുത്തൽ, വിമർശനം തുടങ്ങിയ ഉന്നതമായ , ബുദ്ധിപരമായ ഇടപെടലുകൾ ഇപ്പോൾ  തീരെ ഇല്ലാതായി.ചില അക്കാദമിക് പണ്ഡിതന്മാർ എഴുതുന്ന സാഹിത്യലേഖനങ്ങളിൽ ഗവേഷണവും ചരിത്രവും മാത്രമാണുള്ളത്. സാഹിത്യാസ്വാദനത്തിൽ ഹൃദയത്തിനു സ്ഥലമില്ലാതായി. ജീവിച്ചിരിക്കെ ഒരാൾ വലിയ കൈയ്യടി നേടുന്നതിനു പിന്നിൽ മേൽപ്പറഞ്ഞ രീതിയിലുള്ള ബഹുമുഖമായ പ്രവർത്തനങ്ങളാണു ള്ളത് ;സാഹിത്യമൂല്യത്തിൻ്റെ ബലത്തിലല്ല .

എന്നാൽ എഴുത്തുകാരൻ  മരണമടയുന്നതോടെ ഈ കൂട്ടസ്തുതി  അനാഥമാവുകയാണ്.ആരവങ്ങൾ കെട്ടടങ്ങുന്നു. ഇത്തരത്തിലല്ലെങ്കിലും , വലിയ രീതിയിൽ ആഘോഷിക്കപ്പെട്ട പല എഴുത്തുകാരും മരണാനന്തരം അറിയപ്പെടാത്തവരായി മാറുകയാണ് ,അതിവേഗം .ജീവിച്ചിരിക്കെ പ്രശസ്തിയുടെ ഉച്ചിയിലെത്തിയ ജി.ശങ്കരക്കുറുപ്പും പാലാ നാരായണൻനായരും ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നില്ല. ജീ യുടെ കവിതകളിലെ സൂര്യകാന്തിപ്പൂവും  സാഗരവുമെല്ലാം ,ഇപ്പോൾ കവികൾ തന്നെ എഴുതിയെഴുതി അർത്ഥം നഷ്ടപ്പെടുത്തിയിരിക്കുകയാണ്.സൂര്യകാന്തിപ്പൂവിനു സൂര്യനോടു തോന്നുന്ന പ്രണയം ജീവാത്മാവും പരമാത്മാവും തമ്മിലുള്ള  ബന്ധമാണെന്ന് വ്യാഖ്യാനിച്ചാൽ ഇനി നിലനില്ക്കില്ല. അതൊക്കെ ആവർത്തനവിരസമാണ്.

സാഹിത്യകലയിലെ മാറുന്ന അഭിരുചിക്കനുസരിച്ച് വളരാനുള്ള മനസ്സാണ് നല്ല സാഹിത്യം സൃഷ്ടിക്കുന്നത്.പാലായുടെ കവിതകൾ വായിക്കാൻ സുഖമുണ്ടെങ്കിലും അതിപ്പോൾ ഒരു വെല്ലുവിളിയും ഉയർത്തുന്നില്ല. അതിൽ സമസ്യകളൊന്നുമില്ല. വിസ്മൃതരായ എഴുത്തുകാർ തിരിച്ചു വരുന്നതും സംഭവിക്കുന്നു, യു. പി. ജയരാജ്  തിരിച്ചുവന്നല്ലോ.

താനറിയാതെ തന്നെ തൻ്റെ  ചിന്തകളും ഉള്ളടക്കങ്ങളും കാലഹരണപ്പെട്ടുവോ എന്ന പ്രശ്നമാണ് എഴുത്തുകാരനു നേരിടാനുള്ളത്. അത് ഒരെഴുത്തുകാരൻ ജീവിച്ചിരിക്കെ അറിയണമെന്നില്ല. എം.മുകുന്ദൻ എഴുപതുകളിൽ അവതരിപ്പിച്ച കഞ്ചാവ്പ്രിയരായ കഥാപാത്രങ്ങളെ ഇനി ആർക്കും വേണ്ട. കാരണം ഇപ്പോഴത്തെ ഐ.ടി തലമുറയ്ക്ക് ഇത്തരം വിധ്വംസകചിന്തകളില്ല. ജീവിതത്തെക്കുറിച്ചുള്ള സമീപനം മാറി.

കീറ്റ്സ് എന്തുകൊണ്ട് ?

കവികളും എഴുത്തുകാരും ദീർഘകാലം ജീവിച്ചിരിക്കണമെന്ന് ആഗ്രഹിച്ചുകൊണ്ടാണ് ഈ സത്താപരമായ ലേഖനം എഴുതുന്നത്. ഇംഗ്ലീഷ് കവി ജോൺ കീറ്റ്സ് (1795 -1821) വെറും ഇരുപത്തഞ്ച് വയസ്സ് വരെയാണ് ജീവിച്ചത്. കീറ്റ്സ് സംവേദനം ചെയ്തത് യൗവനത്തിൻ്റെ ആഘോഷവും വെളിപാടുമാണ്; അത് വാർദ്ധക്യത്തിൻ്റെ വിജയമാകുകയില്ല, ഒരിക്കലും .എന്തായാലും , കീറ്റ്സ് നേരത്തെ വിടവാങ്ങി .ആ വിടവാങ്ങലാണ്  അദ്ദേഹത്തിൻ്റെ കവിതയ്ക്ക് നിത്യയൗവനം നല്കുന്നത്. കവിതയുടെ ആ യൗവ്വനം മറ്റൊരു കവിക്കുമില്ല.
'ഓൺ എ ഗ്രീസിയൻ ഏൺ' (1819) എന്ന കവിതയിൽ അദ്ദേഹം എഴുതി:

'കേട്ട ഗാനങ്ങൾ
മധുരമാണ് ,എന്നാൽ
കേൾക്കാത്തവ
അതിനേക്കാൾ മധുരമാണ്. അതുകൊണ്ട്  മൃദുവായി
പാടിക്കൊണ്ടിരിക്കുക ' .

നിത്യയൗവ്വനജീവികളോട് മൃദുവായി പാടണമെന്ന് പറഞ്ഞ കീറ്റ്സ് തൊട്ടടുത്തുള്ള മരങ്ങളും അവരെ സ്വാഗതം ചെയ്യുകയാണെന്ന് ഓർമ്മിപ്പിച്ചു. ആ പാട്ടുകൾ കേൾക്കുന്നതോടെ വൃക്ഷങ്ങൾ നഗ്നത ഉപേക്ഷിക്കുകയാണ്. അദ്ദേഹം സൂചിപ്പിച്ച 'കേൾക്കാത്ത ഗാനം ' എന്താണ് ? അത് കവിയുടെ മരണാനന്തരജീവിതമാണ് .അദ്ദേഹം എഴുതിയ കവിതകളേക്കാൾ സുന്ദരമാണത്. ഇപ്പോൾ നമുക്ക് മുന്നിൽ കീറ്റ്സിൻ്റെ മരണാനന്തര ജീവിതം യൗവ്വനത്തിൻ്റെ  നിത്യകാന്തിയായി വിലസുകയാണ്. പ്രേമത്തിൻ്റെയും വിസ്മയത്തിൻ്റെയും  മാധുര്യം കീറ്റ്സിനു പകരാനാകുന്നു, മരിച്ചശേഷവും.

മരണം അദ്ദേഹത്തിൻ്റെ യൗവ്വനം  തട്ടിയെടുക്കുകയല്ല ചെയ്തത്; നിലനിർത്തുകയാണ്.എന്നാൽ കീറ്റ്സ് തൊണ്ണൂറ്റിയഞ്ച് വയസുവരെ ജീവിച്ചിരുന്നെങ്കിൽ, സകലയൗവ്വനഭാവനകളും ജീർണിക്കുമായിരുന്നു. മാത്രമല്ല, ഭാവനയുടെ വാർദ്ധക്യത്തിൽ അവശനായി ,നിശ്ചേതനമായ വാക്കുകൾ ആവർത്തിച്ചെഴുതി താൻ  സൃഷ്ടിച്ച മഹായൗവ്വനകാന്തികളെ നിശ്ചലതയിലേക്ക് തള്ളുമായിരുന്നു.
കീറ്റ്സിൻ്റെ യുവത്വത്തിൻ്റെ  കണ്ടെത്തൽ ഇപ്പോൾ ലോകത്തിൽ നിലനിൽക്കുന്നത് അദ്ദേഹം ഇരുപത്തഞ്ച് വയസ്സിൽ  മരിച്ചതുകൊണ്ടാണ് .ദീർഘകാലം ജീവിച്ചിരുന്നെങ്കിൽ യുവത്വത്തിൻ്റെ  കണ്ടെത്തിൽ നഷ്ടപ്പെടുകയും അദ്ദേഹം മറ്റൊരു വിതാനത്തിലേക്ക് രൂപാന്തരപ്പെടുകയും ചെയ്യുമായിരുന്നു.

ചങ്ങമ്പുഴ മുപ്പത്തിയാറാം വയസ്സിലാണ് വിടപറഞ്ഞത് .എന്നിട്ടുപോലും അവസാനകാലം ചങ്ങമ്പുഴക്കവിതയിൽ യൗവ്വനത്തിൻ്റെ സത്യജ്വാലകൾ  നഷ്ടപ്പെട്ടു .വസന്തങ്ങളെയും ശൂന്യത കളെയും ഒരേസമയം ഉൾക്കൊള്ളേണ്ടിവന്ന കവിക്ക് താനൊരു നരകമാണെന്ന് പറയേണ്ടി വന്നു; പാടുന്ന പിശാചാകേണ്ടി വന്നു.

ചങ്ങമ്പുഴ തൊണ്ണൂറ് വയസ്സുവരെ ജീവിച്ചിരുന്നെങ്കിൽ, ഇന്നത്തെ ചില കലാശാലാകവികളെപോലെ, സ്വന്തം വാക്കുകളുടെ ജരാനരകൾ  മനസ്സിലാക്കാനാവാത്ത നട്ടംതിരിയുമായിരുന്നു. 'ഒരാത്മാവിനും  നിങ്ങളുടെ ശൂന്യതയെക്കുറിച്ച് പറയാൻ കഴിയില്ല' എന്ന കീറ്റ്സിൻ്റെ വാക്യം ഓർത്തുപോവുകയാണ് .അതിൻ്റെയർത്ഥം വൃദ്ധരായ കവികൾക്ക് മനസ്സിലാക്കാൻ ശ്രമിക്കാവുന്നതാണ്. മൃതമായ വാങ്മയങ്ങളും ഭാവനകളും കവിതയിൽ വീണ്ടും വീണ്ടും കുത്തി നിറയ്ക്കുന്നവരുടെ മനസ്സ് വരണ്ടതും ശൂന്യവുമാണ്. അത് ഒരൊഴിഞ്ഞ പാത്രംപോലെയാണ്. അതിനെക്കുറിച്ച് ഒരാത്മാവിനു ഒന്നും പറയാൻ കഴിയില്ല എന്നാണ് കീറ്റ്സിൻ്റെ വാക്കുകളുടെ പ്രവചനാത്മകമായ അർത്ഥം.

മഹാപ്രതിഭയായ ഇംഗ്ലീഷ് കവി ഷെല്ലി (1792 -1822)അന്തരിച്ചത് ഇരുത്തിയൊൻപതാം വയസ്സിലാണ്. എന്നാൽ ആ കാലത്ത് ഷെല്ലി കവിതയിലൂടെ തൻ്റെ  അടക്കാനാവാത്ത പ്രക്ഷുബ്ധതയെ പിടിച്ചുകെട്ടാനാണ് അലഞ്ഞത്. ഒരു കവിതയെഴുതിൻ്റെ പേരിൽ പഠനം ഉപേക്ഷിക്കേണ്ടി വന്നത് യുവാവായ ഷെല്ലിക്കാണ്; എൺപത്തിയേഴ് വയസുവരെ ജീവിച്ച എസ്രാപൗണ്ടിന് ഈ പ്രശ്നമില്ല.

നുറുങ്ങുകൾ

1)കേരള സാഹിത്യഅക്കാദമി അവാർഡ് നിർണയത്തിൽ പുറത്തുപറയാൻ കൊള്ളാത്ത കഥകളുണ്ടെന്ന് ഒരാൾ ഫേസ്ബുക്കിൽ എഴുതിയതിനു മറുപടി പറയാൻ പ്രസിഡൻ്റ് വൈശാഖൻ തന്നെ തയ്യാറായിരിക്കുന്നു. ഈ അഭിപ്രായം പലർക്കുമുണ്ടെന്ന് കണ്ടതിനാലാണ് പ്രസിഡണ്ട് വിശദീകരണവുമായി വന്നതെന്ന് വ്യക്തമാണ്. സാഹിത്യഅക്കാദമിയുടെ  അവാർഡുകൾക്ക് ഇപ്പോൾ വിശ്വാസ്യതയില്ല .പല ശാഖകളിലെയും  അവാർഡുകൾ കൊടുക്കുന്നത് മറ്റു പല പരിഗണനകളുടെയും  അടിസ്ഥാനത്തിൽ നവാഗതർക്കാണ്. ചില അവാർഡുകൾ കണ്ടാൽ ഇവർ പുസ്തകമെഴുതാൻ അക്കാദമി കാത്തിരിക്കുകയായിരുന്നുവെന്ന് തോന്നും.

സാഹിത്യപരമായ വീക്ഷണങ്ങളിൽ ഇന്ന് അക്കാദമിക്ക് ഒരു ലോകനിലവാരമില്ല. ചിന്താപരമായി താഴേക്ക് പതിച്ചിരിക്കുകയാണ് അക്കാദമി. അക്കാദമിയുടെ അവാർഡുകളിലെ തിരിമറി നടക്കുന്നത് ജഡ്ജിമാരെ നിയമിക്കുന്നതിലൂടെയാണെന്ന്  സാമാന്യബുദ്ധിക്ക് ആലോചിച്ചാൽ മനസ്സിലാവും .
ഓരോ ശാഖയിലെയും മൂന്ന് ജഡ്ജിമാരിൽ രണ്ടുപേർ ഒരേപോലെ ചിന്തിക്കുന്നതാണ് ഇതിലെ കളി.ഇക്കാര്യം  'സാഹിത്യചക്രവാള'ത്തിൽ അക്കാദമി തന്നെ പ്രസിദ്ധപ്പെടുത്തിയ മാർക്ക് ഷീറ്റ് കണ്ടാൽ ബോധ്യപ്പെടും. ഈ രണ്ടു ജഡ്ജിമാർ എപ്പോഴും അക്കാദമിയുടെ അജണ്ട നടപ്പാക്കാൻ പ്രതിജ്ഞാബദ്ധരായിരിക്കും. മൂന്നാമത്തെ ജഡ്ജി പുറത്തുനിന്നുള്ള  ആളായിരിക്കും. അയാൾക്ക് കളി മനസ്സിലാകുന്നത്, അവാർഡ് പ്രഖ്യാപനം വന്നശേഷം മാത്രമായിരിക്കും.

2)പരിസ്ഥിതിയെക്കുറിച്ചുള്ള കാഴ്ചപ്പാട് ഇല്ലാതെ ഇനി ഒരു മനുഷ്യവ്യവഹാരത്തിനും നിലനിൽപ്പില്ല. ഏത് സാമൂഹ്യ,വികസന തീരുമാനമെടുക്കുമ്പോഴും അത് പ്രകൃതിക്ക് എതിരാണോ എന്ന് ചിന്തിക്കുന്നതാണ് ഇന്നത്തെ ഏറ്റവും വലിയ ധാർമ്മികത.

പരിസ്ഥിതിയെ സംരക്ഷിക്കുന്നത്, നമ്മുടെ സ്വന്തം അതിജീവനത്തിന് മാത്രമല്ല ,സകല ജൈവലോകത്തിനും വേണ്ടിയാണ്. എന്നാൽ അതിനും അപ്പുറത്ത് ,കൊടുക്കൽ വാങ്ങൽ ബന്ധത്തിനപ്പുറത്ത് സാക്ഷാത്കാരത്തിൻ്റെയും മനസ്സിൻ്റെ അടിത്തട്ടിലുള്ള രമ്യതയുടെയും പ്രശ്നമായാണ് ജർമ്മൻ വാസ്തുശില്പിയും നഗരാസൂത്രകനുമായ ഫ്രിറ്റ്സ് ഷൂമാക്കർ ചിന്തിക്കുന്നത്. പാരിസ്ഥിതിക അവബോധം എന്നുപറയുന്നത് ആത്മീയതയാണ്. ഇത് മതപരമായ ആത്മീയതയല്ല. മനുഷ്യൻ ഒരു വർഗ്ഗമെന്ന നിലയിൽ സ്വയം ആരാണ് എന്ന് ചോദിക്കുന്നിടത്ത് പരിസ്ഥിതിയും ഉണ്ടാകും.നശീകരണവാസനയും നിരാശാബോധവും  സമഗ്രവെറുപ്പുമാണ് നമ്മെ പിടികൂടിയിട്ടുള്ളതെങ്കിൽ അവിടെ പരിസ്ഥിതിക്ക് പ്രവേശിക്കാൻ കഴിയില്ലെന്നാണ് ഇതിനർത്ഥം.

3)കഥാകൃത്ത് പ്രദീപ് പേരശ്ശന്നൂരിൻ്റെ  'പത്മനാഭം' (ചിന്ത) എന്ന ചെറിയ പുസ്തകം നിരീക്ഷണങ്ങളുടെയും സ്വാനുഭവങ്ങളുടെയും സമാഹാരമാണ്.
എന്നാൽ ആത്മകഥയല്ല. പുസ്തകങ്ങളോടും എഴുത്തുകാരോടും  ആരാധനയുള്ള ഒരു വായനക്കാരനാണ് ഗ്രന്ഥകാരനെന്ന്  ഈ കുറിപ്പുകളിലുടെ  കടന്നുപോകുന്ന ആർക്കും വ്യക്തമാകും.
ടി.പത്മനാഭൻ്റെ 'പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി' എന്ന കഥയുമായി തൻ്റെ ജീവിതത്തിലെ ചില സംഭവങ്ങൾക്ക് താദാത്മ്യമുണ്ടെന്ന്  പ്രദീപ് എഴുതുന്നു.ആത്മഹത്യ ചെയ്യാൻ പോയ ഒരാൾ യാദൃശ്ചികമായി ഒരു പെൺകുട്ടിയെ കാണുന്നു. അവളുടെ നൈസർഗികമായ പ്രഭയിൽ എല്ലാം മറന്ന് അയാൾ ജീവിതത്തിലേക്ക് തിരിച്ചുവരികയാണ് .ഈ കഥ വായിച്ചു ധാരാളം പേർ നൈരാശ്യത്തിൽ നിന്ന്  ജീവിതത്തിലേക്ക് തിരിച്ചെത്തിയിട്ടുണ്ടാകാമെന്നാണ് പ്രദീപിൻ്റെ അഭിപ്രായം.

4)ഒരു സാഹിത്യകൃതിക്ക് ലക്ഷക്കണക്കിനു വായനക്കാരെ ഞൊടിയിടയിൽ കിട്ടുന്നു എന്ന് പറയുന്നത് നല്ല സൂചനയല്ല. കാരണം, അവിടെ വായനക്കാരുടെ അഭിരുചിയെ നവീകരിക്കാൻ എഴുത്തുകാരൻ അശക്തനാണെന്നതിൻ്റെ തെളിവാണത്. ഒരു മികച്ച കൃതിക്ക് കുറച്ച് വായനക്കാർ മതി .
പ്രമുഖ ലാറ്റിനമേരിക്കൻ കഥാകൃത്ത്
ബോർഹസ്  ഏഴ് വായനക്കാരെ കിട്ടുമോ എന്നാണ് നോക്കിയത്.
എന്നാൽ ജയിംസ് ജോയ്സ് രചിച്ച
'യുളിസസ്' പോലൊരു കൃതിക്ക് ഒരു വായനക്കാരൻ തന്നെ വലിയൊരു നേട്ടമാണ്.

5)കാനായി കുഞ്ഞിരാമൻ്റെ 'ഇത് ആരാണ് '(എഴുത്ത് ,സെപ്റ്റംബർ ) എന്ന കവിതയിൽ എല്ലാ കാലത്തെയും മഹത്തായ ആ ചോദ്യം ചോദിക്കുകയാണ്; നമ്മൾ ശരിക്കും ആരെങ്കിലുമാണോ ?നമുക്ക് കണ്ടെത്താൻ ഇനിയും പരിമിതികൾ അവശേഷിക്കുന്നു. കവി ഇങ്ങനെ സമാധാനിക്കുന്നു :

'കണ്ണടച്ചാൽ കാണുന്ന
തെന്നെ മാത്രം
കണ്ണുതുറന്നാൽ നിന്നെ
കാണാനില്ല'

കണ്ണടച്ചാൽ നെഗറ്റീവ് ശക്തികളെല്ലാം ഇല്ലാതാകും. അപ്പോൾ നാം മാത്രമാകും. നാം തന്നെ ഈ പ്രപഞ്ചശ്രംഖലകളുടെ ഒരു ചെറു പതിപ്പല്ലേ ?

6)'ജീവചരിത്രമെഴുതുമ്പോൾ അപ്പാപ്പൻ ഇടപെട്ടേക്കാവുന്ന പേജുകൾ 'എന്ന പേരിൽ രാഹുൽ മണപ്പാട്ട് എഴുതിയ കവിതയിൽ (സ്ത്രീശബ്ദം, സെപ്റ്റംബർ ) അപ്പാപ്പൻ തൂങ്ങിച്ചത്തകാര്യം തുടരെ പറയുന്നുണ്ട്.പക്ഷേ ,എന്തിനാണ് അപ്പാപ്പൻ തൂങ്ങിച്ചത്തതെന്ന്  ചോദിക്കാൻ കവിക്ക് ശേഷിയില്ല .

7)സാംസ്കാരിക വിഷയങ്ങളെ സൂക്ഷ്മമായി സമീപിക്കാൻ കഴിവുള്ള വിനോദ് ഇളകൊള്ളൂരിൻ്റെ 'ഏദൻ' എന്ന നോവൽ (സൈന്ധവ ബുക്സ് ) നമ്മുടെ സുസ്ഥിരമെന്നു  കരുതുന്ന ജീവിതയാഥാർഥ്യസങ്കല്പങ്ങളെ ഇളക്കുകയും തകർക്കുകയും ചെയ്യുന്നു.

8)കൽപ്പറ്റ നാരായണൻ്റെ  'കവിതയുടെ ഉത്തരവാദിത്വങ്ങൾ'(മാതൃഭൂമി ,സെപ്റ്റംബർ 19) എന്ന ലേഖനത്തിൽ കവിതയുടെ  ഉപയോഗത്തെക്കുറിച്ചുള്ള കുറെ പരമ്പരാഗതചിന്തകൾ അവതരിപ്പിക്കുന്നുണ്ട്. പുതുതായി ഒന്നും കണ്ടില്ല .ഇതൊക്കെ ഇന്ന് ക്ലാസ് റൂം വിഷയങ്ങളാണ് .കവിതയുടെ രൂപം കവി കണ്ടെത്തുന്നതാണെന്ന്  വ്യക്തമായി പറയാൻ കൽപ്പറ്റയ്ക്ക്  ധൈര്യമില്ലാത്തതെന്തുകൊണ്ടാണ്?

9)പ്രമുഖ അർജൻ്റയിൻ എഴുത്തുകാരനായ മാർകോ ദേനേവി ഒരു സാഹിത്യകൃതിയും മൗലികമല്ലെന്ന് പറഞ്ഞതോർക്കുന്നു. അദ്ദേഹത്തിൻ്റെ  വാക്യം ഇതാണ് :'എല്ലാ പുസ്തകങ്ങളും മറ്റു പുസ്തകങ്ങളിൽ നിന്നു പിറക്കുന്നു'.No comments:

Post a Comment