നൂറ്
രാഷ്ട്രീയ സമരങ്ങൾകൊണ്ട് നേടാനാകാത്ത കാര്യങ്ങളാണ് ഇൻറർനെറ്റും
സാമൂഹികമാധ്യമങ്ങളും സാധ്യമാക്കിയിരിക്കുന്നത്. അതിർത്തികൾ
മാഞ്ഞുപോയിരിക്കുന്നു. സംസ്കാരങ്ങൾ തമ്മിലുള്ള അന്തരം പൊതുവിടങ്ങളിൽ
കാണാനില്ല. എല്ലാവരും എല്ലാ കാര്യങ്ങളിലും ഒഴുകുന്നു. കാലത്തിൻ്റെയും
സ്ഥലത്തിൻ്റെയും ചങ്ങലപ്പൂട്ടുകൾക്കകത്തിരുന്ന് ശ്വാസംമുട്ടി പ്രേമിച്ച
കമിതാക്കൾ ഓർമ്മ മാത്രമാണ്; ഇപ്പോഴില്ല .കമിതാക്കൾ ഇന്ന് വേഗതയേറിയ
രഥത്തിലാണ് യാത്ര ചെയ്യുന്നത്.മൂക്കാനും പഴുക്കാനും നേരമില്ല. പ്രണയം
മൊട്ടിടുമ്പോൾ തന്നെ പഴുക്കകയാണ്. കാലം എല്ലാ ചിന്തകളെയും ഇതേപോലെ
പഴുപ്പിക്കുകയാണ്. വളർച്ച വെറും ആശയമാണിന്ന്. പിറക്കുമ്പോൾ തന്നെ വളർന്നു
വലുതാവുകയാണ്.
ഒരു പാട്ടു പാടിയാൽ മതി ,ഭാഗ്യമുണ്ടെങ്കിൽ വൈറൽ വന്നു
രക്ഷപ്പെടുത്തും. മദ്രാസിൽ പോയി പത്തുവർഷം താമസിച്ച് ,സംഗീത സംവിധായകരെ
നിത്യേന വീടുകളിൽ പോയി തൊഴുത് ഒടുവിൽ കോറസ് പാടാൻ അവസരം കിട്ടുന്ന സാഹചര്യം
ഇപ്പോഴില്ല.
പാടാൻ കഴിവുണ്ടെങ്കിൽ സമൂഹമാധ്യമത്തിലും പാടാം .കവികൾ ഇന്ന് സ്വന്തം കവിത യുട്യൂബിൽ വായിക്കുന്നു.
വീഡിയോ
കവിതകൾ സർവ്വസാധാരണമായി. മാസങ്ങളോളം പത്രാധിപന്മാർ പിടിച്ചുവച്ച
കവിതകൾക്ക് ശാപമോക്ഷം എന്ന പോലെ പ്രസിദ്ധീകരണം ലഭിക്കുന്ന കാലം
കഴിഞ്ഞിരിക്കുന്നു. വാട്സപ്പ് ഗ്രൂപ്പുകളിലും ഫേസ്ബുക്കിലും കവിത
പ്രവഹിക്കുകയാണ്.ചൊല്ലി അവതരിപ്പിക്കുന്നവരുമുണ്ട്. ആഴ്ചപ്പതിപ്പുകളുടെയും
വാരാന്തപ്പതിപ്പുകളുടെയും കാലം അവസാനിക്കുകയാണെന്ന് തോന്നുന്നു. പക്ഷേ
,വാർത്തകൾ ഉള്ളിടത്തോളം പത്രങ്ങൾക്ക് നിലനില്പുണ്ട്.
പുതിയ മാധ്യമങ്ങൾ
പുതിയകാലത്തെ
പുതിയ മാധ്യമമാണ് നിർവ്വചിക്കുന്നത്. പുതിയ മാധ്യമങ്ങളിലാണ് ഇപ്പോൾ
എഴുത്തുകാർക്ക് കൂടുതൽ അവസരമുള്ളത്. ദിവസേന കഥകളും കവിതകളും എഴുതി തങ്ങളുടെ
രചനാപരമായ ദൗത്യം കണ്ടെത്തുന്ന ധാരാളം പേരുണ്ട്. ഞങ്ങളുടെ വാട്സപ്പ്
ഗ്രൂപ്പിൽ (എം.കെ.ഹരികുമാർ ടൈംസ് ) ദിനംപ്രതി കവിതകളെഴുതുന്ന ഇരുപത്തഞ്ച്
പേരെങ്കിലുമുണ്ട്. മുരളി കൊളപ്പുള്ളിൽ ,ശിവൻ തലപ്പുലത്ത് ,എ.വി.ദേവൻ ,ഗീത
മുന്നൂർക്കോട് ,രാജൻ തെക്കുംഭാഗം ,ശശിധരൻ നമ്പ്യാർ ,മേഘനാദൻ അഴിയൂർ ,കല്ലൂർ
ഈശ്വരൻ പോറ്റി ,ജോസൂട്ടി ,ടി.പി.രാജേഷ് ,ആർ ,വിനയകുമാർ ,റഹിം പേരേപറമ്പിൽ
,ബിനു രാജൻ ,മിനി കാത്തിരമറ്റം തുടങ്ങിയവർ സജീവമാണ്.
ഫേസ്ബുക്കിൽ
എഴുതുന്ന ലോകപ്രശസ്തരായ എഴുത്തുകാരുണ്ട്. അവർ മിക്കപ്പോഴും പുതിയ
ആശയങ്ങളും ചിന്തകളും പങ്കു വെക്കുന്നു. റഷ്യൻ ചിത്രകാരനായ റൊമാൻ ബോഗൂരംഗോ
സമകാല ചിത്രകലയിലെ പ്രതിഭകളെ പരിചയപ്പെടുത്തുന്ന ഒരു പേജ് തുറന്നത്
വളരെപ്പേരെ ആകർഷിക്കുകയാണ്.അന്തർദേശീയ കലാപ്രകടനങ്ങൾ ഇന്ന്
ഫേസ്ബുക്കിലാണുള്ളത് .ഗാലറികളെയും ചെറിയ ബുക്ക്ലെറ്റുകളെയും
ആശ്രയിച്ചുകൊണ്ടുള്ള ചിത്രകാരൻ്റെ ജീവിതം മാറിമറിഞ്ഞിരിക്കുന്നു.
ബിനാലെപോലും ഓൺലൈനായി നടത്താവുന്ന സാഹചര്യമാണുള്ളത്.
മഹാനായ
വാൻഗോഗിൻ്റെ ചിത്രങ്ങൾ ഡിജിറ്റൽ സംവിധാനത്തിലൂടെ കുറ്റൻ എൽ ഇ ഡി ദിത്തികളിൽ
മാറിമാറി പ്രതിഫലിപ്പിച്ചുകൊണ്ട് ,പ്രതീതി നിറഞ്ഞ ഒരു അത്ഭുത പ്രദർശനം
കാണാൻ ഇടയായത് വാട്സപ്പ് ഗ്രൂപ്പിലാണ്.ഇതൊക്കെ
നവമാധ്യമങ്ങളില്ലായിരുന്നെങ്കിൽ ആലോചിക്കാനേ കഴിയില്ലായിരുന്നു. ഏതാനും
ദിവസങ്ങൾക്കു മുൻപ് ബ്രസീലിയൻ നോവലിസ്റ്റ് പാവ്ലോ കൊയ്ലോ ഫേസ്ബുക്കിൽ
ഇങ്ങനെ എഴുതി :'നമ്മൾ പ്രേമിക്കുമ്പോൾ ,നമ്മൾ നിലവിൽ എന്താണോ അതിനേക്കാൾ
മികച്ച നിലയിൽ എത്താനാണ് കഷ്ടപ്പെടുന്നത് '.കാരണം, ആത്മീയമായി മാത്രമേ
പ്രേമിക്കാനാവൂ. പ്രേമിക്കുന്നത് പ്രേമം എന്താണെന്ന് അറിയാനുമായിരിക്കണം.
നാം എത്ര നിന്ദ്യനും പ്രാകൃതനുമാണെന്ന് ഒടുവിൽ തിരിച്ചറിയേണ്ടി വരുന്നത്
ദുരന്തമല്ലേ ?
'ഒരു ഇരയാകണോ ,നിധി തേടുന്ന സാഹസികനാകണോ എന്നത്
എൻ്റെ തിരഞ്ഞെടുപ്പാണ് ;എന്നാൽ അത് എൻ്റെ ജീവിതത്തെ ഞാൻ എങ്ങനെ
നോക്കിക്കാണുന്നു എന്ന പ്രശ്നത്തെ ആശ്രയിച്ചാണിരിക്കുന്നത്' - കൊയ് ലോ
എഴുതി. എം. ജെ.റോബിൻസൺ എന്ന ഫേസ്ബുക്കർ എഴുതിയത് ഇങ്ങനെയാണ്: ' ഞാൻ
എനിക്ക് വേണ്ടി ജീവിക്കാൻ തുടങ്ങിയത് വ്യത്യസ്തമായ അനുഭവമായിരുന്നു;
എനിക്ക് ചുറ്റിനുമുള്ളതെല്ലാം കൂടുതൽ ഭംഗിയുള്ളതായി കാണപ്പെട്ടു'.ഒരു
നവീനമാധ്യമത്തിൽ നവലോകം സൃഷ്ടിക്കപ്പെടുകയാണ്. അവനവനുവേണ്ടി ജീവിക്കുക
എന്നു പറഞ്ഞാൽ സ്വാർത്ഥതയല്ല;അത് ചുറ്റിനുമുള്ളതിനെ മനോഹരമാക്കുന്നതിനുള്ള
ഒരാന്തരിക ,ബുദ്ധിസ്റ്റ് മാർഗമാണ്.
ഹരാരിയുടെ പോസ്റ്റുകൾ
പ്രമുഖ നരവംശശാസ്ത്രജ്ഞനായ നോവാ ഹരാരിയുടെ ഫേസ്ബുക്ക് പോസ്റ്റുകൾ നവീനകാലത്തെ മാനവ പ്രതിസന്ധികളാണ് ചർച്ചചെയ്യുന്നത്.
അദ്ദേഹം
ദിവസങ്ങളുടെ ഇടവേളയിൽ തൻ്റെ അഭിമുഖങ്ങളുടെയും ചർച്ചകളുടെയും വീഡിയോ
പോസ്റ്റ് ചെയ്യുന്നുണ്ട്. കഴിഞ്ഞദിവസം അദ്ദേഹം നല്കിയ ഒരു പോസ്റ്റ്
കൃത്രിമബുദ്ധിയുടെയും അൽഗോരിതത്തിൻ്റെയും കാലത്ത് മനുഷ്യബുദ്ധി നിഷ്കാസനം
ചെയ്യപ്പെടുമെന്ന മുന്നറിയിപ്പാണ് പകരുന്നത്. നോബൽ സമ്മാനം ലഭിച്ചിട്ടുള്ള
ദാനിയേൽ കാഹ്നേമാനുമായി അദ്ദേഹം നടത്തിയ ചർച്ചയിലാണ് ഇക്കാര്യം
ചൂണ്ടിക്കാണിക്കുന്നത്.
ഒരു രാജ്യത്തിൻ്റെ സാമ്പത്തികസ്ഥിതി തകരാൻ
പോകുന്നുവെന്ന് മുന്നറിയിപ്പു നൽകുന്നത് ആർട്ടിഫിഷ്യൽ ഇൻടെലിജെൻസ്
ആയിരിക്കുമത്രേ. ഇക്കാര്യത്തിൽ മനുഷ്യൻ നിസ്സഹായനാണ്. അവനത് മനസ്സിലാക്കാൻ
കഴിയില്ലെന്നാണ് ഹരാരി ചൂണ്ടിക്കാട്ടുന്നത്. മനുഷ്യബുദ്ധിക്ക്
മനസ്സിലാകാത്ത കാര്യങ്ങൾ കൃത്രിമബുദ്ധി ഉപയോഗിച്ച് പ്രവർത്തിക്കുന്ന
ഉപകരണങ്ങൾ കണ്ടെത്തുന്നു. ആ ഉപകരണങ്ങൾക്ക് പലതും പ്രവചിക്കാൻ
കഴിയുന്നു.എന്നാൽ മനുഷ്യനു അത് ഗ്രഹിക്കാനുമാകുന്നില്ല. ഇത്
മനുഷ്യചരിത്രത്തിലെ തന്നെ അതിനിർണായകമായ ഒരു ഘട്ടമായിരിക്കുമെന്നാണ്
ദാനിയേൽ കാഹ്നേമാൻ പറയുന്നത്.
ഞാൻ സമീപകാലത്തെഴുതിയ രണ്ട്
അസാമ്പ്രദായിക ലേഖനങ്ങൾ (പുലിയുടെ അസ്തിത്വപ്രശ്നങ്ങൾ,
മയിൽപീലിക്കണ്ണുകളിലൂടെ നോക്കുമ്പോൾ ) എൻ്റെ ബ്ലോഗിലാണ്
പ്രസിദ്ധീകരിച്ചത്. വായനക്കാരുടെ നല്ല പ്രതികരണങ്ങൾ ലഭിച്ചു.
തൊട്ടുപിന്നാലെ ഈ ലേഖനങ്ങൾ സമൂഹമാധ്യമങ്ങളിലും പ്രസിദ്ധീകരിച്ചു. ഒരു
പരീക്ഷണമായിരുന്നു അത്. വേഗത്തിൽ പ്രസിദ്ധീകരിക്കുന്നതും
വ്യവസ്ഥാപിതമല്ലാത്ത വിധം വായനക്കാർ ഇടപെടുന്നതും കൗതുകകരമാണ്. അതിൻ്റെ
ത്രിൽ വേറൊന്നാണ്.
ഫേസ്ബുക്ക് ,വാട്സപ്പ് തുടങ്ങിയ മാധ്യമങ്ങൾ
എഴുത്തുകാരെ ലൈവ് ആക്കുകയാണ്. മനഷ്യ ജീവിതത്തിൻ്റെ കണ്ണാടി എന്ന നിലയിൽ ഈ
മാധ്യമങ്ങൾ മാറുകയാണ്.തികച്ചും ഉത്തര- ഉത്തരാധുനികമായ പരിസരമാണിത്.
കൺമുന്നിലുള്ള വായനക്കാരുടെ പെട്ടെന്നുള്ള പ്രതികരണം ഉൾക്കൊള്ളാനുള്ള
താല്പര്യം ഇപ്പോൾ എഴുത്തുകാരെ പ്രലോഭിപ്പിക്കുകയാണ്. ഒരു കമ്പ്യൂട്ടർ
ഗെയിമിൽ തീരുമാനമെടുക്കുന്നത് സോഫ്റ്റ് വെയറോ സർക്കാരോ ഒന്നുമല്ല,
കളിക്കാരനാണ്.ബൈക്ക് റേസാണ് ഗെയിമെങ്കിൽ ,ബൈക്കുകൊണ്ട് എന്ത് ചെയ്യണമെന്ന്
കളിക്കാരൻ തീരുമാനിക്കുന്നു. അതുപോലെയാണ് ഇന്നത്തെ പ്രേക്ഷകൻ അഥവാ കലാകാരൻ
അല്ലെങ്കിൽ എഴുത്തുകാരൻ .
സ്മാരകങ്ങൾ ഓൺലൈനിൽ
പ്രസിദ്ധ
സാഹിത്യകാരനായ സൽമാൻ റുഷ്ദിയുടെ ഫേസ്ബുക്ക് പേജിൽ തൻ്റെ ലേഖനസമാഹാരത്തിൻ്റെ
കവർ പ്രദർശിപ്പിച്ചിരിക്കുന്നു .2003-202O വരെയുള്ള ലേഖനങ്ങൾ
ഉൾക്കൊള്ളുന്ന പുസ്തകത്തിൻ്റെ പേര് 'ലാംഗ്വേജസ് ഓഫ് ട്രൂത്ത്' എന്നാണ്.
റുഷ്ദിക്ക്
സ്വന്തം പുസ്തകത്തിൻ്റെ ചിത്രങ്ങൾ പ്രദർശിപ്പിക്കാനുള്ള സ്വാതന്ത്യമുണ്ട്.
ഇതാണ് നവമാധ്യമത്തിൻ്റെ സ്വഭാവം. കൂലിക്ക് ആളെ വച്ച് പടങ്ങൾ പോസ്റ്റ്
ചെയ്യിക്കുന്നവരും ഫോർവേഡുകൾ അയപ്പിക്കുന്നവരും ഈ മാധ്യമം എന്താണെന്ന്
മനസ്സിലാക്കാത്തവരാണ്.
എഴുത്തുകാരുടെ സ്മാരകങ്ങൾ ഇന്ന്
ഫേസ്ബുക്കിലാണുള്ളത്. ആരുടെയും ഗ്രാൻറ് വേണ്ട. സ്മാരകങ്ങൾ എന്ന നിലയിൽ
കെട്ടിടങ്ങൾ പണിതു ഉദ്യോഗസ്ഥഭരണം നടപ്പാക്കുന്നത് ഇന്നത്തെ കാലത്തിനു
യോജിക്കുകയില്ല.ഡച്ച് ചിത്രകാരൻ വാൻഗോഗിൻ്റെ അടുത്ത കൂട്ടുകാരനായിരുന്ന പോൾ
ഗോഗിൻ്റെ ചിത്രങ്ങളെപ്പറ്റി പ്രതിപാദിക്കുന്നതിനു , ചടങ്ങുകൾ
സംഘടിപ്പിക്കുന്നതിനു ഫേസ്ബുക്കിൽ ഒരു പേജുണ്ട് .അതുപോലെ വാൻഗോഗ് മ്യൂസിയം
(ആംസ്റ്റർഡാം) എന്ന പേരിലുള്ള പേജ് വാൻഗോഗിൻ്റെ ഏറ്റവും കൂടുതൽ ചിത്രങ്ങൾ
ശേഖരിച്ചിട്ടുള്ള മ്യൂസിയത്തിൻ്റെ വാർത്തകളാണ് നല്കുന്നത്. ഇതിനേക്കാൾ നല്ല
സ്മാരകം എവിടെ കിട്ടും ? അവിടെ വാൻഗോഗിൻ്റെ ചിത്രങ്ങൾ തുടരെ പോസ്റ്റ്
ചെയ്തുകൊണ്ടിരിക്കുന്നു.
സമൂഹമാധ്യമം മനുഷ്യൻ സൃഷ്ടിച്ച സ്വതന്ത്ര
ലോകമാണ്. അതിനു ആദിയോ അന്തമോ ഇല്ല അത് തിരയാ നുള്ള ഇടമാണ്. ഓരോരുത്തരും
അവരവരുടെ പുസ്തകമാണ് അവിടെ സൃഷ്ടിക്കുന്നത്. പരമ്പരാഗതമായ പുസ്തകമല്ലത്.
ഒരാൾ സ്വയമൊരു പുസ്തകമാവുകയാണ്. മറ്റുള്ളവർ നമ്മെ വായിക്കുന്നു, ദീർഘമായി
ഒന്നും എഴുതാതെ തന്നെ.
മഹാനായ ഫ്രഞ്ച് എഴുത്തുകാരൻ ഷാങ് പോൾ
സാർത്രിൻ്റെ പേരിലുള്ള ഫേസ്ബുക്ക് പേജ് അദ്ദേഹത്തിൻ്റെ ആരാധകരാണ്
നടത്തുന്നത് .സാർത്രി ൻ്റെ അപൂർവചിത്രങ്ങൾ, പുസ്തകങ്ങൾ ,ചിന്തകൾ തുടങ്ങിയവ
ഇവിടെ കാണാം. ഇതിനപ്പുറം എന്ത് സ്മരണയാണ് ഒരു എഴുത്തുകാരന് കൊടുക്കാനാകുക ?
ഏറ്റവും വേഗത്തിലും ചെലവുചുരുക്കിയും കാര്യക്ഷമമായും നടത്താനാകുന്നതാണ്
ഓൺലൈൻ സ്മൃതികേന്ദ്രങ്ങൾ .ആശയപരമായ ചർച്ചകളും ഇവിടെ സംഘടിപ്പിക്കുന്നുണ്ട്.
വെസ്റ്റ്
ബംഗാളിലെ ഒരു ഫേസ്ബുക്കറുടെ പേജിൻ്റെ പേര് 'ലിറ്ററേച്ചർ ഈസ് മൈ ഉട്ടോപ്പിയ
' എന്നാണ്. ഈ വാക്യം ഹെലൻകെല്ലറുടേതാണ്. ജീവിതം ഒരു കോസ്റ്റ്യൂം
പാർട്ടിയായിരിക്കെ ,ഞാൻ അവിടെ എൻ്റെ യഥാർത്ഥ മുഖവുമായി വന്നതിൻ്റെ
പേരിലുള്ള ചമ്മലാണെനിക്ക് എന്ന് ചെക്ക് - ജർമ്മൻ എഴുത്തുകാരൻ ഫ്രാ കാഫ്ക
പറഞ്ഞത് ഒരു പേജിൽ ഉദ്ധരിച്ചുചേർത്തിരിക്കുന്നു .കാഫ് കയുടെ മറ്റൊരു
ശ്രദ്ധേയവാക്യവും കാണാം. അത് 'ജോസഫൈൻ ദ് സിംഗർ ' എന്ന കഥയിൽ നിന്നുള്ളതാണ്:
'ലോകം ഓരോ ദിവസവും ചെറുതായി വരുകയാണ്; അവിടെ മൂലയിലൊരു കെണി
ഒരുക്കിയിട്ടുണ്ട്. അതിലേക്കാണ് ഞാൻ ചെന്നു ചാടേണ്ടത് '.
അറിവ് സ്വാതന്ത്യം പ്രഖ്യാപിച്ചു.
സാഹിത്യ,
സാംസ്കാരിക മേഖലകളിലെ കുത്തകകളെല്ലാം അവസാനിക്കുന്നതിൻ്റെ വിളംബരമാണ്
ഉത്തര - ഉത്തരാധുനികത. സംസ്കാരം ,കല, സാഹിത്യം തുടങ്ങിയവയെല്ലാം
കുത്തകകളുടെയുടെ കൈകളിൽനിന്ന് അകലുകയാണിപ്പോൾ. കൊറോണ ഒരു ദുരന്തമാണെങ്കിലും
അതിൻ്റെ ഒരു പ്രധാന ഫലം ഈ കുത്തകകളുടെ എന്നെന്നേക്കുമായുള്ള
അവസാനമാണ്.അറിവ് ആരുടെയും ചെരിപ്പനടിയിലല്ല; അത് സ്വയം സ്വാതന്ത്ര്യം
പ്രഖ്യാപിക്കുകയാണ്. സംസ്കാരവും അങ്ങനെതന്നെ .സാംസ്കാരിക
ഭാവുകത്വയജമാനന്മാരോ, കലാലോകത്തിലെ സമ്പന്നരായ കുറേപ്പേരുടെ
അധികാരകേന്ദ്രമോ ഇനിയില്ല. ഗാലറി കിട്ടാതെ മരിച്ച വാൻഗോഗ് ഒരു
ചരിത്രവസ്തുതയാണ്. ഇനി അത് ആവർത്തിക്കുകയില്ല. എല്ലാവർക്കും ഫേസ്ബുക്ക്
ചുമരുകളുണ്ട് ,മുറികളുണ്ട്.
ലോകത്തിൽ ജീവിച്ചിരിക്കുന്നവരും
മരിച്ചവരുമായ ഭൂരിപക്ഷം കലാകാരന്മാർക്കും എഴുത്തുകാർക്കും ഇപ്പോൾ
ഫേസ്ബുക്ക് പേജുണ്ട്. ലോകചരിത്രത്തിലെ ഏറ്റവും ഉത്സാഹഭരിതമായ കാലമാണിത്,
കൊറോണയുടെ ദുരിതവും കാലാവസ്ഥാവ്യതിയാനവും ഒഴിച്ചാൽ.
വിക്ടർ ഹ്യൂഗോയുടെ
പേജ് കണ്ട ഉടനെ ഞാൻ ഫോളോ ചെയ്തു. ഹ്യൂഗോയുടെ 'നോത്രദാമിലെ കൂനൻ'(1831) എന്ന
നോവൽ പ്രസിദ്ധമാണല്ലോ. ഈ നോവലിലെ ഒരു പ്രധാന കഥാപാത്രം നോത്രദാം എന്ന
ഭദ്രാസനപള്ളി തന്നെയാണ്. നോവൽ പുറത്തുവന്നതിനു ശേഷം ആ പള്ളിയും കൂടുതൽ
ശ്രദ്ധിക്കപ്പെട്ടു. പിന്നീട് ആ പള്ളി സംരക്ഷിക്കാൻ വേണ്ടി പൊതുസമൂഹം തന്നെ
മുന്നോട്ടു വന്നു. പ്രമുഖ വാസ്തുശില്പി വയോലെ ലി ഡുക്ക് നേതൃത്വം നല്കിയ
നവീകരണപ്രവർത്തനങ്ങൾ 1844 മുതൽ 1864 വരെ നീണ്ടു. പഴയ പള്ളിയുടെ തനിമ
നിലനിർത്തുന്നതിനു ചില പുതിയ എടുപ്പുകൾ കൂടി അദ്ദേഹം നിർമ്മിച്ചു.
ഹ്യൂഗോയുടെ നോവലിൽനിന്നു പ്രചോദനം ഉൾക്കൊണ്ടാണ് അതെല്ലാം ചെയ്തത്. ഇന്ന് ആ
പള്ളി ഒരു മ്യൂസിയമാണ്. 'ഹ്യൂഗോ മുതൽ വയോലെ ലി ഡുക്ക് വരെ ' എന്ന
പ്രദർശനം കഴിഞ്ഞ വർഷം സംഘടിപ്പിച്ചതിനെക്കുറിച്ച് ഫേസ്ബുക്കിൽ
എഴുതിയിട്ടുണ്ട്.
നുറുങ്ങുകൾ
1) പാവ്ലോ പിക്കാസോ ,മാഷൽ
ദുഷാമ്പ് തുടങ്ങിയ കലാകാരന്മാരിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടാണ് മലയാളത്തിൽ
എഴുപതുകളിലെ സാഹിത്യവും കലയും രൂപപ്പെട്ടത്. അതിൻ്റെ ചരിത്രപരമായ അനിവാര്യത
നിഷേധിക്കാനാവില്ല .എങ്കിലും എഴുപതുകളിലെ കവിതയെ വല്ലാതെ അതിഭാവുകത്വം
ബാധിച്ചിരുന്നു. ഉള്ളിൽ സങ്കടം തോന്നുന്നത് അവിഷ്ക്കരിക്കാൻ
പൊട്ടിക്കരയുകയാണ് പലരും ചെയ്തത്. അതിവൈകാരികതയും കരച്ചിലും ഒഴിവാക്കിയാൽ
ബാക്കി എന്ത് ശേഷിക്കുമെന്നാണ് നോക്കേണ്ടത്.
2)മലയാളകഥയിലും
പഞ്ചമഹാനാദമുണ്ട്. തകഴി ,ദേവ് തുടങ്ങിയവരുടെ തലമുറയ്ക്ക് ശേഷം വന്ന
പ്രമുഖരായ അഞ്ച് കഥാകൃത്തുക്കൾ വായനക്കാരെ സ്വാധീനിച്ചു. ആ അഞ്ചുപേർ
ഇവരാണ്: മാധവിക്കുട്ടി ,എം.ടി ,ടി. പത്മനാഭൻ ,സി.വി.ശ്രീരാമൻ ,എൻ.മോഹനൻ.
3)എഴുത്തുകാരൻ്റെ
വെല്ലുവിളി ഭാഷയിലെ പ്രവണതകൾ പെട്ടെന്ന് മാഞ്ഞുപോകുന്നു എന്നുള്ളതാണ്. ഭാഷ
ഒരു ഫാഷനായിരിക്കുന്നു. ബഷീറിൻ്റെ ഭാഷ പലരും അനുകരിച്ചു ;അതൊരു ഫാഷനായി
മാറുകയായിരുന്നു. ഇപ്പാൾ ആ ഭാഷയില്ല. സക്കറിയ, മുകുന്ദൻ തുടങ്ങിയവർ
ആദ്യകാലത്ത് ഉപയോഗിച്ച ഭാഷയും ഒരു ഫാഷനായി പരിണമിച്ചു. എന്നാൽ ഇപ്പോൾ അതും
അപ്രത്യക്ഷമായി. പുതിയൊരു ഭാഷ കണ്ടെത്തുകയാണ് വെല്ലുവിളി .
4)ഒരിക്കൽ
താൻ പഠിപ്പിച്ച കടലിൻ്റെ മകൻ ആറ്റക്കോയയെ തിരയുകയാണ് ദേശമംഗലം രാമകൃഷ്ണൻ
'ആറ്റക്കോയ ' (മാതൃഭൂമി ആഴ്ചപ്പതിപ്പ്, ഒക്ടോ.3) എന്ന കവിതയിൽ .ആറ്റക്കോയ
രുചിയാണ്, സ്നേഹമാണ് ,ഓർമ്മയാണ്, തുമ്പിയാണ്, പൂവാംകുറുന്നിലയാണ്. ദേശമംഗലം
മനുഷ്യനെ അനുഭവിക്കുകയാണ്, അവൻ്റെ ജീവൻ്റെ തുടിപ്പുകളെ .ഇത് അപൂർവ്വ
അനുഭവമാണ്. മനുഷ്യൻ്റെ സ്പർശം ,ഓർമ്മ തുടങ്ങിയവ എത്ര ശുദ്ധമാണ്! .
'കൊണ്ടുവന്നൂ ഒരിക്കൽ
തേങ്ങാമീനടച്ചുരുൾ
എന്തൊരു രുചി
അന്യമായൊരു മണം
ഓക്കാനിച്ചു മധുരിച്ചന്നു
തിന്നൊരാ പലഹാരത്തിൻ
ഓർമ്മയിൽ
ചിരിച്ചു നിൽപ്പുണ്ടവൻ' .
5)
'മനസ്സിൻ്റെ തീർത്ഥയാത്ര' എന്ന നല്ല സിനിമ സംവിധാനംചെയ്ത എ.വി. തമ്പാൻ
സമീപകാലത്ത് കലാകൗമുദിയിൽ എഴുതിയ 'ഇതാ ഞങ്ങളുടെ കെ. ജി. ജോർജ്' ,
'അയ്യപ്പനല്ല എങ്കിൽ നിങ്ങൾ കോശിയാണ് ' എന്നീ ലേഖനങ്ങൾ നമ്മുടെ
ചലച്ചിത്രവിമർശനം മരിച്ചിട്ടില്ല എന്ന് വ്യക്തമാക്കുന്നതാണ്. 'തിരക്കഥാ
മുഹൂർത്തങ്ങളുടെ ഒരു മ്യൂസിയമാണ് 'യവനിക' എന്ന് തമ്പാൻ എഴുതുന്നു.
മറ്റൊരിടത്ത്
സൂക്ഷ്മമായി കഥാപാത്രനിരീക്ഷണം നടത്തിക്കൊണ്ട് തമ്പാൻ ഇങ്ങനെ
കുറിക്കുന്നു: 'പ്രതിയോഗിയാണ് നമ്മളുടെ ശക്തി ദൗർബല്യങ്ങളെക്കുറിച്ചു
ബോധവാന്മാരാക്കുന്നത്. പ്രതിയോഗി വില്ലനല്ല; ജീവിതത്തിലെ ഒരു സുപ്രധാന
കഥാപാത്രമാണ്. അയ്യപ്പൻ, കോശിയുടെ പ്രതിയോഗിയാണ് , മറിച്ചും .പരസ്പരം
കണ്ടുമുട്ടി വാൾ കോർത്തപ്പോഴാണ് രണ്ടുപേരുടെയും വ്യക്തിത്വങ്ങൾ പൂർണ്ണമായും
പുറത്തു വരുന്നത്. ഒരാൾ മറ്റേയാളിൻ്റെ വില്ലനോ ,ശത്രുവോ അല്ല. ഒരാളിൽ
പൂരിപ്പിക്കാൻ വിടുന്ന ഭാഗം പൂരിപ്പിക്കുന്നയാളാണ്, അയാളുടെ
പ്രതിയോഗി.പ്രതിയോഗിയില്ലാത്ത ഒരു മനുഷ്യൻ്റെ ജീവിതം അപൂർണമായിരിക്കും' .
6)രാജൻ സി. എച്ചിൻ്റെ പുതിയ കവിതാസമാഹാരമാണ് 'പൂവുകൾക്ക് ചായം പൂശുന്നവൻ '(ലോഗോസ് ) .
7)കവി
പഴവിള രമേശനെക്കുറിച്ച് രാധാലക്ഷ്മി പത്മരാജൻ എഴുതിയ ഓർമ്മക്കുറിപ്പ് (
അഗ്നിയായി ആളിക്കത്തി കാടുപൂകിയ കവി, കലാപൂർണ, സെപ്റ്റംബർ )
അപൂർവസുന്ദരമാണ്. ആത്മാർത്ഥതയാണ് ഈ ലേഖനത്തിൻ്റെ സവിശേഷ ഗുണം.
പഴവിളയെക്കുറിച്ച്
ഇത്രമാത്രം അലിവോടെ ,സ്നേഹത്തോടെ ആരും എഴുതിയിട്ടില്ല. 'ഹൃദയം നിറഞ്ഞ
സ്നേഹവും ആരെയും സൽക്കരിക്കാനുള്ള മനസ്സും എന്തിനും കൂടെ നിൽക്കാൻ
ഉത്സാഹമുള്ള സൗമ്യയും സുശീലയുമായ ഭാര്യയും സർവ്വോപരി കൈനിറയെ സമ്പത്തുമുള്ള
രമേശൻ്റെ ജീവിതം ഒരുത്സവംപോലെ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നതിനിടയിലായിരുന്നു
ഡയബറ്റീസ് പിടിപ്പെട്ട് വലതുകാൽ മുറിച്ചുകളയേണ്ടി വന്നത്.പക്ഷെ
,അതിനൊന്നും രമേശനെ തളർത്താനായില്ല .പതിനേഴ് വർഷക്കാലം കിടന്നുകൊണ്ട്
തന്നെ തൻ്റെ കാവ്യജീവിതം അദ്ദേഹം ആഘോഷമാക്കി' - രാധാലക്ഷ്മി എഴുതുന്നു,
അകൃത്രിമമായ സ്നേഹവും ആദരവും പ്രകടിപ്പിച്ചുകൊണ്ട്.
8)ഡോ. വേണു
തോന്നയ്ക്കൽ എഴുതിയ 'പ്രണയം'(കലാകൗമുദി, 2124 )തീക്ഷ്ണവും ശക്തവുമായ
കവിതയാണ്. ഇതിനു അനുഭവത്തിൻ്റെ ബലമുണ്ട്. രോഗി ഒരു ഘട്ടം കഴിയുമ്പോൾ
രോഗത്തെ സ്നേഹിക്കുന്നതാണ് വിഷയം.
9)ഒരു നല്ല ഗദ്യശൈലിയുണ്ടാക്കാൻ
വേണ്ടി പത്തു വർഷത്തിലേറെക്കാലം പ്രയത്നിക്കേണ്ടി വന്നുവെന്ന് ജോർജ് ഓർവെൽ
എഴുതിയിട്ടുണ്ട്.ഒരു ശൈലിയിൽ ഒരെഴുത്തുകാരൻ ജീവിക്കുന്നു.
10)മഹാനാടകകാരനും
വിമർശകനുമായ ബർനാഡ് ഷാ ഇങ്ങനെ പറഞ്ഞു, നിങ്ങൾ വൃത്തിയോടും ശുദ്ധിയോടും
ജീവിച്ചാൽ നിങ്ങളാകുന്ന ജാലകത്തിലൂടെ ഈ ലോകത്തെ ശരിയായി നിരീക്ഷിക്കാൻ
കഴിയും.
11)സാഹിത്യരചനയിലും വായനയിലും ഏറ്റവും വിലപിടിപ്പുള്ള വസ്തു
ആധുനിക മനസ്സാണ്. ഇതാകട്ടെ ഒരാൾ നിസ്തന്ദ്രമായി പരിശ്രമിച്ചാലേ സാധ്യമാകൂ.
ക്രിസ്തു മനുഷ്യരുടെ മജ്ജയിലാണ് കുരിശിലേറ്റപ്പെട്ടതെന്ന് നികോസ്
കസൻദ്സാക്കിസ് 'ക്രൈസ്റ്റ് റീക്രൂസിഫൈഡ്' എന്ന കൃതിയിൽ എഴുതുന്നത് ഈ
നവീനമനസുള്ളതുകൊണ്ടാണ്. ആ ഭാഷയിൽ തന്നെ അത് വ്യക്തമാണ്.
ഒരു
വസ്തുവിനെ എങ്ങനെ നോക്കണമെന്ന് ചിന്തിക്കന്നതു തന്നെ ആധുനികമാണ്. കാരണം
,അവിടെ ആ വസ്തുവിനെ ധാരാളം പേർ, അതിനു മുമ്പ് ,നോക്കിയതെല്ലാം
മായ്ച്ചുകളയുന്ന വലിയൊരു പ്രക്രിയയുണ്ട്.
12)മലയാളസാഹിത്യത്തിൽ
ആകാശത്തിൽനിന്ന് ഉൽക്ക എന്നപോലെ വന്നുവീഴുന്ന കേന്ദ്ര സാഹിത്യഅക്കാദമി
അവാർഡ് മാധ്യമങ്ങളെ മാത്രമാണ് സ്വാധീനിക്കുന്നത്.മലയാളത്തിലെ തൊണ്ണൂറ്
ശതമാനം എഴുത്തുകാരും ഈ അവാർഡിനെക്കുറിച്ച് അറിയുന്നുപോലുമില്ല .
No comments:
Post a Comment