Friday, November 5, 2021

അക്ഷരജാലകം/ എം.കെ.ഹരികുമാർ/ആത്മകഥയുടെ അറ്റകുറ്റപ്പണികൾ/metrovartha octo 18, 2021

 

ആത്മകഥയുടെ അറ്റകുറ്റപ്പണികൾ link

 


 

ആത്മകഥാപരമായ സാഹിത്യം വളരെ അസഹനീയമാണെന്ന് പറയട്ടെ. ഇപ്പോൾ എഴുത്തുകാർ വിഷയങ്ങളില്ലാതെ വലയുകയാണ്. കാരണം ,ഓഫീസ് , വീട് എന്നിങ്ങനെയുള്ള അടച്ചിട്ട സങ്കേതങ്ങളിൽ കഴിയുന്നതുകൊണ്ട് ലോകവുമായി പലർക്കും ബന്ധമില്ല. അതുകൊണ്ട് എന്തെങ്കിലും എഴുതാൻ സ്വന്തം ജീവിതത്തിലെ സംഭവങ്ങളെ തന്നെ ആശ്രയിക്കണം.ഇക്കൂട്ടർക്ക് ടോൾസ്റ്റോയ് ' യുദ്ധവും സമാധാനവും' എഴുതിയത് ആലോചിക്കാനേ കഴിയില്ല .ടോൾസ്റ്റോയ് സ്വന്തം വീടിനു പുറത്തുള്ള വിഷയം എന്തിനെഴുതി എന്നാവും ഇവർ ചോദിക്കുക .

കഥയിൽ ഞാൻ എന്ന പദത്തെ താൻ വെറുക്കുന്നുവെന്നു പറഞ്ഞ ചൈനീസ് എഴുത്തുകാരി യിയുൻ ലി പ്രസക്തയാവുകയാണ്. 'ഇലക്ട്രിക് ലിറ്ററേച്ചറി'ൻ്റെ പുതിയ ലക്കത്തിൽ യുയുനുമായി ഒരു അഭിമുഖമുണ്ട്. അവർ ഇങ്ങനെ പറഞ്ഞു: 'യാതൊരു പ്രതികരണവുമില്ലാത്ത വസ്തുക്കളിൽ നിന്ന് ഏറ്റവും വലിയ പ്രതികരണമുണ്ടാക്കുകയാണ് എഴുത്തുകൊണ്ട് ഉദ്ദേശിക്കുന്നത്. ഞാനൊരിക്കലും ആത്മകഥാസാഹിത്യം എഴുതിയിട്ടില്ല .അങ്ങനെയുള്ള വാസനകളെ ഞാൻ ഒളിപ്പിക്കുകയാണ് ചെയ്യാറുള്ളത് ' .

ചെറുകഥയുടെ അപചയം

കെ.അരവിന്ദാക്ഷൻ എഴുതിയ 'ഒരു മുതലക്കഥ' (എഴുത്ത് ,ഒക്ടോബർ ) ഒരു അതിക്രമമായിപ്പോയി. എന്താണ് പറയാനുള്ളതെന്ന് കഥാകൃത്തിന് യാതൊരു നിശ്ചയവുമില്ല. കുറെ നേരം തൻ്റെ അച്ഛൻ്റെ വീരകഥകൾ പറയുന്നു. പിന്നീട് മുതലകളെ പിടിക്കുന്ന കഥയിലേക്ക് മാറി. ഒടുവിൽ മുതല തൻ്റെ തലച്ചോറിലേക്ക് കയറിപ്പോയ കാര്യമാണ് വിവരിക്കുന്നത്. അച്ഛനെ ആദരിച്ചുകൊണ്ട് സംസാരിക്കുന്ന കഥാനായകൻ ഒടുവിൽ അദ്ദേഹത്തോടുള്ള പകയും വിദ്വേഷവും പുറത്തെടുക്കുകയാണ്. പിതാവിനെ സംസ്കരിക്കന്ന സമയത്തു തന്നെ ഉള്ളിൽ ചീത്തവിളിക്കണം. 'മുതലയുടെ സ്പർശമേൽക്കാത്ത വിഡ്ഢിയായ ആ വൃദ്ധനെ ചിതയിലേക്കെടുക്കുക... അയാൾ കത്തിയൊടുങ്ങുന്നത് കാണാൻ എനിക്ക് എന്തെന്നില്ലാത്ത ആഹ്ലാദമുണ്ട്.പടുവിഡ്ഢിയായ ആ വൃദ്ധൻ്റെ ഓർമ്മപോലും നിന്നെ കളങ്കപ്പെടുത്തരുത് ' .

പിതാവിനെ ചീത്തവിളിക്കാൻ വേണ്ടിയാണോ ഈ കഥ എഴുതിയതെന്ന് തോന്നിപ്പോയി. ഇതും ഒരാത്മകഥാസാഹിത്യമാണ്. മൺമറഞ്ഞ ആർ.എം.മനയ്ക്കലാത്ത് തുടങ്ങിയ പൊതുപ്രവർത്തകർ ഈ കഥയിൽ കടന്നു വരുന്നുണ്ട്. ഇതുപോലുള്ള കഥകൾ 'ഞാൻ' എന്ന ഭാവത്തിൻ്റെ ബീഭത്സമായ മുഖം കാണിച്ചുതരുകയാണ്. അരവിന്ദാക്ഷനു ചെറുകഥ എന്ന രൂപം വഴങ്ങുകയില്ല. അതിൻ്റെ തകരാർ ഈ രചനയിലുടനീളം കാണാം. ചെറുകഥ എന്തെന്ന് അറിയാത്തവരെല്ലാം ഇന്ന്  കഥയെഴുതുകയാണ്.

വിനു എബ്രഹാമിൻ്റെ 'രണ്ടു ഭൂമികൾ' (പ്രഭാതരശ്മി ,സെപ്റ്റംബർ ) എന്ന കഥ വളരെ ബാലിശമായി .വിനു രണ്ടു ഭൂമികളെ  സങ്കൽപ്പിക്കുന്നു. എന്തിന് ?നാം ജീവിക്കുന്ന ഭൂമി താരതമ്യേന മികച്ചതാണെന്ന് സങ്കല്പിക്കാൻ. ഇത് അസംബന്ധമല്ലേ? വേറൊരു ഭൂമി ഇല്ലാത്ത അവസ്ഥയിൽ ,അങ്ങനെയൊന്നുണ്ടെന്ന് സങ്കല്പിച്ചശേഷം ഈ ഭൂമിയെ ജീവിതയോഗ്യമാണെന്ന് പറയുന്നത് അർത്ഥശൂന്യമാണ്.ഇത് സ്ഥാപിക്കാൻ ദൈവത്തെ വേറൊരു ഭൂമിയിലയയ്‌ക്കുകയാണ് വിനു. വളരെ കഷ്ടമായിപ്പോയി. ദൈവത്തെ കഥാകൃത്ത് വിളിച്ചുവരുത്തി ആക്ഷേപിക്കുകയാണ്. ഈ ഭൂമിയിലെ ജീവിതത്തിൻ്റെ മഹത്വം നദിയുടെയും കടലിൻ്റെയും കാറ്റിൻ്റെയും മണ്ണിൻ്റെയും പ്രഭാവത്തിൽ നിന്നുകൊണ്ട് വിലയിരുത്തുന്നത് തന്നെ മൗഢ്യമാണ്. മനുഷ്യൻ്റെ സമസ്യകളെ സാമാന്യവത്ക്കരിക്കുന്നത് ശരിയല്ല. ഓരോ മനുഷ്യനും ഓരോ ദ്വീപാണ്. ഒരാളുടെ വികാരം മറ്റൊരാൾക്ക് അറിയില്ലല്ലോ.

മജീദ് സെയ്ദ് എഴുതിയ 'ലഹളപ്പൂ'(എഴുത്ത് ,ഒക്ടോബർ ) ഒരു പൂ പറിച്ചതിൻ്റെ കഥയാണ്. പൂ പറിച്ചത് ഒരു സാമൂഹികകലാപമാവുകയും അത് യു ട്യൂബിനു വേണ്ടി ചിത്രീകരിക്കുകയുമാണ്. എന്തിനാണ് ഈ കഥയെഴുതിയത് ?ഇതെഴുതാൻ കഥാകൃത്തിനെ പ്രലോഭിപ്പിച്ച യാതനയെന്താണ് ?
ഒരിടത്ത് ലൈബ്രറിയുടെ മഹത്വം വർണിക്കുന്നു. പിന്നീട് അതിനു തീയിടുന്നത് അറിയിക്കുന്നു. ഈ കാലത്ത് ചെറുകഥകൾ വായിക്കുന്നത് ജാഗ്രതയോടെ വേണം .അല്ലെങ്കിൽ ചിലപ്പോൾ സാമാന്യബുദ്ധി നഷ്ടപ്പെട്ടേക്കും.

ടി. ആറിനെ ആവശ്യമുണ്ട്

അന്തരിച്ച ടി. ആർ എഴുതിയ ചില കഥകൾ വീണ്ടും വായിച്ചു നോക്കി .പുതിയ ക്രമം, ജാസ്സക്കിനെ കൊല്ലരുത്, കാവൽ, സംവർത്തനൻ ,ഒരു പ്രേമകഥ തുടങ്ങിയ കഥകൾ .ടി.ആർ പരമ്പരാഗത കഥാകൃത്തല്ല .ഒരു അചുംബിതവിഷയം കൈയിൽ കിട്ടിയിട്ടുണ്ടെന്ന് വിളിച്ചുപറയുന്ന ആളല്ല .ഒരാൾ ഒരു 'കഥ' എഴുതുകയാണെന്ന് പറയുന്നതിൽ  തന്നെ ഒരു വൈരുദ്ധ്യമുണ്ട്. ഇന്ന് പുതിയ കഥയുണ്ടോ ? എല്ലാം പഴയ കഥകളുടെ ആവർത്തനമല്ലേ ?
ഇനി കഥകൾക്കിടയിലെ മൗനം പൂരിപ്പിച്ചാൽ മതി; അല്ലെങ്കിൽ കഥയെക്കുറിച്ചുള്ള നമ്മുടെ സംശയങ്ങളും ചിന്തകളും വേറിട്ട ആലോചനകളും അവതരിപ്പിച്ചാലും മതി;കഥയാവുന്നത് മനസിനകത്തു വച്ചാണ്.

ഒരു കഥയിലും വിശ്വാസമില്ലാത്തതുകൊണ്ട് ,കഥയെ തന്നെ കബളിപ്പിക്കാനാണ് ടി.ആർ ശ്രമിച്ചത്.പല രചനകളും  അവ്യക്തമാണ് .തനിക്ക് ഇത് പൂരിപ്പിക്കാൻ കഴിയാത്ത പദപ്രശ്നമാണെന്ന് ടി. ആർ നിശ്ശബ്ദമായി പറയുന്നപോലെ തോന്നും.'പുതിയക്രമ'ത്തിൽ ഒരു ദരിദ്രയുവാവിൻ്റെ വാടകവീട് ഒഴിഞ്ഞുകൊടുക്കണമെന്നാവശ്യപ്പെട്ടു മുതലാളി രണ്ട് സമീപനങ്ങൾ പുറത്തെടുക്കുന്നതാണ് തന്തു.മുതലാളിയുടെ ഭാര്യ രഹസ്യമായി അയാളെ അവളുടെ താമസസ്ഥലത്തേക്ക് വിളിക്കുന്നു. അതിനു പിന്നാലെ മുതലാളി ഒരാളെ വാടകക്കാരനെ പുറത്താക്കുന്ന ചുമതലയേല്പിച്ച് അയയ്ക്കുന്നു. ഇതെല്ലാം സംഭവിക്കാവുന്ന കാര്യങ്ങളാണ്; എവിടെയെങ്കിലും സംഭവിച്ചിട്ടുണ്ടാകാം. എന്നാൽ ആ സാധ്യതകൾ നിലനിൽക്കെ ,ഒരാൾ ഇതെല്ലാം സങ്കല്പിക്കുന്നതാണ് ടി.ആറിൻ്റെ കഥ.



ഒടുവിൽ സ്വപ്നത്തിനു സദൃശമാണ്  തൻ്റെ പതിതജീവിതമെന്ന് ആ വാടകക്കാരൻ ആശ്വസിക്കുന്നു. താൻ കരുതുന്നത് യാഥാർത്ഥ്യമായാലും അതിൽ പുതുമയില്ലത്രേ. കാരണം ,അത് ആവർത്തിച്ചുകൊണ്ടിരിക്കുകയാണല്ലോ.തൻ്റെ പ്രശ്നത്തെ, പുറത്തെ കാഴ്ചകളിലെല്ലാം അയാൾ ആരോപിക്കുന്നു. താൻ ജീവിക്കുന്നത്  സ്വപ്നങ്ങളിലാണ്; അതുകൊണ്ട് തൻ്റെ  യാഥാർത്ഥ്യവും സ്വപ്നംതന്നെയാണെന്ന് അയാൾ ചിന്തിക്കുന്നു.ജനാലയിലൂടെ നോക്കിയ അയാൾ വഴിയിൽ കാണുന്നത് കള്ളികളാണ്. ആ കള്ളികളിലെ കരുക്കൾ അയാൾ എണ്ണാൻ ശ്രമിക്കുകയാണ് .'വഴിയിൽ തെളിയുന്ന ഓരോ മുഖവും ഒരു കരുവായി ചുരുങ്ങുന്നു, നിഴലും വെളിച്ചവും നിവർത്തുന്ന കള്ളികളിലോരോന്നിൽ കുടുങ്ങുന്നു. കരുക്കൾ തകരുന്നു. കളം വിടുന്നു. കള്ളികൾ അനങ്ങുന്നില്ല. അവയുടെ താളം ഇടയുന്നില്ല .ക്രമം നിലയ്ക്കുന്നില്ല .ഓരോ നിമിഷവും ഓരോ പുതിയക്രമം തെളിയുന്നു' .

ഇങ്ങനെയാണ് ടി.ആർ.കഥ അവസാനിപ്പിക്കുന്നത് .കഥയെഴുതി കഥയ്ക്കപ്പുറം പോവുകയാണ്.ടി.ആർ.  അനുഭവങ്ങളെ ദാർശനികമായി നോക്കുന്നത് കഥാകാരന്മാർക്ക് പ്രിയപ്പെട്ടതായിരുന്നു .ടി.ആറിൻ്റെ കഥകൾ ഇപ്പോഴത്തെ തലമുറ വായിക്കുമോ എന്നറിയില്ല. ഇപ്പോൾ കഥാചർച്ചകളൊക്കെ ശുഷ്കമായല്ലോ .'ഒരു പ്രേമകഥ' എന്ന ചെറിയ രചനയിൽ വിരഹിയായ ഒരു കാമുകിയെ കാണിച്ചുതരുന്നു. അവളുടെ കാമുകൻ മരിച്ചുപോയി. അവളെ മറ്റൊരു കോണിലൂടെ കാണുകയാണ് .കഥാകൃത്ത്  കണ്ടെത്തുന്ന ചില കാര്യങ്ങൾ വേറൊരു ഭാഷയിൽ ഇങ്ങനെ സംഗ്രഹിക്കാം: 'അവളുടെ കാമുകൻ പുരുഷോത്തമൻ മൃതദേഹംപോലുമല്ല. അവളെ നോക്കിയപ്പോൾ കത്തിയ അവൻ്റെ അസ്ത്രതുല്യമായ കണ്ണുകൾ ഇപ്പോഴില്ല. അവളെ പൊതിയുന്ന വനം  ഇതെല്ലാമറിഞ്ഞ് നിശ്ചലമായിരിക്കുന്നു.പുരുഷോത്തമൻ  മരണാനന്തര സ്വാസ്ഥ്യത്തിലാണ്. അപ്പോഴും അവനെ അവൾ ഓർക്കുന്നു. എന്നാൽ പുരുഷോത്തമൻ നിതാന്തവിസ്മൃതിയിലാണ് .അവന്  താൻ ഒരു കാമുകനായിരുന്നുവെന്ന്  ഓർക്കാനാവുന്നില്ല'.

അലങ്കോലമാകുന്ന കല

ടി.ആറിനെപ്പോലെ സകലതിനെയും പോസ്റ്റ്മോർട്ടം നടത്തി ഫാൻറസിയും  മിത്തും യാഥാർത്ഥ്യവും മിശ്രണംചെയ്യുന്ന കഥാകൃത്തുക്കൾ ഇനിയുണ്ടാവുമോ എന്നറിയില്ല. ഒട്ടും അതിഭാവുകത്വമില്ലാത്ത ഈ കഥകളുടെ പാരായണക്ഷമതപോലും നാളെ പ്രശ്നമായേക്കാം. പക്ഷേ, ടി.ആറിനെ നമുക്ക് ആവശ്യമുണ്ട്. നമ്മൾ ശരിയാണെന്ന് ഉറച്ചു വിശ്വസിക്കുന്ന വസ്തുതകൾ അങ്ങനെയല്ലെന്നും നമ്മുടെ ഇസ്തിരിയിട്ട ചിന്തയുടെ ചേരുവകൾ എപ്പോൾ വേണമെങ്കിലും പരസ്പരവിരുദ്ധമാകാമെന്നും ചൂണ്ടിക്കാണിക്കാൻ ഒരാൾ വേണം. നമ്മെ അലങ്കോലപ്പെടുത്തി സത്യത്തെക്കുറിച്ച് ഭിന്നമായി ചിന്തിപ്പിക്കാൻ അതാവശ്യമാണ്, അയാൾ പരാജയപ്പെടുകയാണെങ്കിൽ പോലും. ടി.ആറിൻ്റെ പരാജയം ഭാഷയുടെ രഹസ്യമായ ഒരു വിജയം  തരുന്നുണ്ട് .

ആസ്വാദനക്ഷമത നഷ്ടപ്പെട്ടവരുടെ പുതിയ കൂട്ടങ്ങൾ ഇപ്പോൾ വാട്സപ്പ് ഗ്രൂപ്പുകൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുകയാണ്.ഇവർ സംവേദനക്ഷമതയുടെ അർത്ഥവും പ്രസക്തിയും നഷ്ടപ്പെടുത്തിക്കളയുന്ന കഥകൾ തിരഞ്ഞുപിടിച്ച് ചർചചെയ്തു മഹത്വമുള്ളതാക്കാൻ ശ്രമിക്കുകയാണ്. വി .ജെ. ജെയിംസിൻ്റെ  'പാതാളക്കരണ്ടി' എന്ന കഥയെ 'അക്ഷരജാലക 'ത്തിൽ ഞാൻ ശക്തമായി വിമർശിച്ചിരുന്നു .എന്നാൽ പിന്നീട് ഈ കഥയെ ഒരു മഹാരചനയാക്കാൻ വേണ്ടി ആസൂത്രിതമായ ശ്രമം നടക്കുന്നതാണ് കാണുന്നത്.
അങ്ങനെ ചെയ്യാൻ സ്വാതന്ത്ര്യമില്ലെന്ന്  പറയുന്നില്ല.

ഈ കഥയെക്കുറിച്ച് ജെയിംസ് പുറത്തുവിട്ട ഒരു ഓഡിയോ ക്ലിപ്പ് ഞാൻ കേൾക്കാനിടയായി.അതിൽ അദ്ദേഹം ആരോപിക്കുന്നത്  തൻ്റെ കഥയെ യുക്തി  ഉപയോഗിച്ച് ചിലർ വിമർശിച്ചതാണ് പ്രശ്നമായതെന്നാണ്. വിമർശനത്തിൽ നിന്ന് യുക്തി ഒഴിവാക്കാനാവില്ല. എന്നാൽ ആ യുക്തി മറ്റൊരു പാതയിലേക്ക് കയറി വികസിക്കുന്നത് സൗന്ദര്യാത്മകതയുടെ തലത്തിൽ കഥ എത്തുമ്പോൾ മാത്രമാണ്. ചെക്ക് - ജർമ്മൻ എഴുത്തുകാരൻ കാഫ്കയുടെ 'മെറ്റമോർഫോസിസ്' എന്ന കഥയിൽ ഒരാൾ പെട്ടെന്ന് ഒരു ദിവസം ഒരു  ഷഡ്പദമായി മാറുകയാണ്.അത് മനസിലാക്കാനും യുക്തി വേണം. കാരണം സ്വന്തം വീട്ടിൽ സസ്യാഹാരം കഴിക്കുന്നതിൻ്റെ പേരിൽ ഒറ്റപ്പെട്ടതിൻ്റെ കലാപരമായ ആവിഷ്കാരമാണത്. ഇത് കേവല കലയല്ല .ആന്തരികമായ ജീവിതത്തിൽ ഒരാൾ എന്തായിത്തീരുമെന്നതിൻ്റെ വിചിന്തനമാണ് ,ഭാവനയാണ്. അതേ സമയം അനുഭവവുമാണ്.

ജെയിംസ് പറയുന്ന മനസ്സിലെ കിണറും മറ്റും കഥ വായിക്കുന്നവർക്ക് ബോധ്യപ്പെടില്ല .കാരണം ,ജെയിംസിൻ്റെ കഥ കലാപരമായി വിജയിക്കുന്നില്ല. അതിൽ സൗന്ദര്യാനുഭവമില്ല. അതുകൊണ്ടാണ് അതിനെ വിമർശിക്കേണ്ടിവരുന്നത്. ലോകവുമായി ഒരു ബന്ധവുമില്ലാത്തപ്പോൾ ആന്തരികമായ നിശ്ചലതയിലേക്ക് നിപതിക്കാനുള്ള സാധ്യതയിൽ നിന്ന് ഒരു കഥാകൃത്തിനും ഒഴിഞ്ഞു നില്ക്കാനാവില്ല. അനുഭവദാരിദ്ര്യത്തിൻ്റെ ബലത്തിൽ കഥയെഴുതുന്നവർക്കെല്ലാം വഴിതിരിഞ്ഞു പോകൂ എന്ന ചുണ്ടുപലകയാണ് 'പാതാളക്കരണ്ടി'


നുറുങ്ങുകൾ

1)യു.കെ. കുമാരൻ പറയുന്നു, തൻ്റെ  'തക്ഷൻകുന്ന് സ്വരൂപം' എന്ന നോവലിലെ നൂറോളം കഥാപാത്രങ്ങളിൽ അമ്പത് പേർ യഥാർത്ഥത്തിൽ അവിടെ ജീവിച്ചിരുന്നവരാണെന്ന് .(പച്ചമലയാളം, സെപ്റ്റംബർ ,ഒക്ടോബർ). എന്നാൽ ഒരു കഥാപാത്രത്തെപോലും അദ്ദേഹത്തിനു നേരിട്ടു പരിചയവുമില്ല. എന്താണ് ഇത്തരം ജീവചരിത്രങ്ങളുടെ പ്രസക്തി? നോവൽ ഒരു ദേശത്തെ മനുഷ്യരെയെല്ലാം കഥാപാത്രങ്ങളാക്കി രചിക്കേണ്ട കലാരൂപമാണോ ? നോവൽ എന്ന സാഹിത്യരൂപംകൊണ്ടുദ്ദേശിക്കുന്നത് ,ഇതുവരെ ഉണ്ടാകാത്ത ഒരു രൂപമാണ്. നോവലിനു ലോകാവസാനം വരെ നിലനില്ക്കുന്ന ഒരു ലക്ഷണമോ ചട്ടക്കൂടോ ഇല്ല. അതുകൊണ്ടാണ് 'ലോലിത ' എഴുതിയ വ്ളാഡിമിർ നബോക്കോവ്  പറഞ്ഞത് ,എഴുതപ്പെടുന്ന ഓരോ നോവലും മുൻകാലങ്ങളിലെ നോവൽ എന്ന സങ്കല്‌പത്തിൽ നിന്ന് വേറിട്ടതാ കണമെന്ന് .വെറുതെ ഒരു കഥ കുത്തി നിറച്ചാൽ അത് നോവലാകുകയില്ല; വെറും കഥപറച്ചിലായിരിക്കും.

2)അമേരിക്കൻ കവി ഇ .ഇ കമിംഗ്സിൻ്റെ 'സെലക്ടഡ് പോയംസ് 'എന്ന കൃതിയിൽ ഒരു കവിതയ്ക്കും ശീർഷകമില്ല .അദ്ദേഹത്തിൻ്റെ പതിനൊന്ന് കവിതാസമാഹാരങ്ങളിൽ നിന്ന് കവി തന്നെ തിരഞ്ഞെടുത്ത കുറെ ഭാഗങ്ങൾ മാത്രമാണത്.
അതിൽ ഒരു ഭാഗത്ത് ഇങ്ങനെ വായിക്കാം:

'കല്ലുകൾ ഒരു പാട്ടു
പാടുന്നു നിശ്ശബ്ദമായി ,
നിശ്ശബ്ദതയേക്കാൾ
നിശ്ശബ്ദമായി '.

വാക്കുകൾക്ക് പകരാനാവാത്ത അർത്ഥമാണ് കവി തേടുന്നത്.

3)പുനത്തിൽ കുഞ്ഞബ്ദുള്ള  സ്വതന്ത്രനായി ജീവിച്ചു. ഒരിടത്തും പ്രതിബദ്ധനാവാതെയാണ് അദ്ദേഹം എഴുതിയത് .അതുകൊണ്ടുതന്നെ ആരും അദ്ദേഹത്തിന് അവാർഡ് കൊടുക്കാൻ ഗൾഫിലേക്ക് വിളിച്ചുകൊണ്ടുപോയില്ല. കൃത്യമായി കിട്ടുമെന്ന് ഉറപ്പുള്ള ഒരു അവാർഡിനു  വേണ്ടി അദ്ദേഹം പുസ്തകം  എഴുതിയില്ല. ഇത് ശ്രദ്ധേയമാണ്.

4)എ.ജെ. മുഹമ്മദ് ഷഫീറിൻ്റെ 'ഉറങ്ങുന്ന നദികളുടെ നഗരം' (മാതൃഭൂമി ആഴ്ചപ്പതിപ്പ് ,സെപ്റ്റംബർ 26) എന്ന രചന കവിതയുടെ ഉള്ള് തേടുകയാണ്. സറിയലിസ്റ്റിക് സ്പർശംകൊണ്ട് ഷഫീർ ഭാവനയെ ഉന്മത്തമാക്കുകയാണ്‌.

'ഉറക്കം ഒരു
നഗരമാണ്.
നഗരത്തിലെ
എൻ്റെ മുറിയിൽ
ഞാൻ ഉറങ്ങുന്നു.
ഈ നഗരം നിശ്ചലമാണ്. അതിനുള്ളിലെ എൻ്റെ വിലാസം അദൃശ്യമാണ് ' .

കവിത ഒരിക്കലും വാക്കുകളുടെ അർത്ഥമല്ല .അത് വാക്കുകൾക്കുള്ളിലെ ഋതുക്കളാണ് ,നഗരങ്ങളാണ്.

5)ആത്മകഥകളുടെ കാലമാണിത്. ആത്മകഥകൾ വ്യവസായമാണ്, നോവലോ സിനിമയോപോലെ. ആത്മകഥകൾ സിനിമയാകട്ടെ. ആരുടെയും ജീവിതം പരാജയമല്ല; കാരണം അവർക്കെല്ലാം സ്വന്തമായി ആത്മകഥകളുണ്ട്.
എൻ .പ്രഭാകരൻ്റെ ആത്മകഥ (ഞാൻ മാത്രമല്ലാത്ത ഞാൻ),എൻ.ശശിധരൻ്റെ  ആത്മകഥ (മഹാവ്യസനങ്ങളുടെ നദി ) എന്നീ പുസ്തകങ്ങൾ ഇപ്പോൾ പുറത്തിറങ്ങിയതേയുള്ളു .പക്ഷേ , ഞാൻ ഞാനെന്ന ഭാവം ഇത്രയധികം ആഘോഷിക്കപ്പെടേണ്ടതുണ്ടോ? നമ്മുടെ ചിന്തകളിലും എഴുത്തിലും ഈ  'ഞാൻ' അല്ലാതെ വേറൊന്നുമില്ലേ? ഈ  'ഞാൻ' അങ്ങേയറ്റം ഒഴിവാക്കപ്പെടേണ്ടതാണ്.

6)വൈദിക കാലഘട്ടത്തിലോ , പുരാതനകാലത്തോ ,സാഹിത്യരചന  പ്രശസ്തിക്കോ പണത്തിനോ വേണ്ടിയായിരുന്നില്ല. അവർ എഴുതാനുള്ളത് എഴുതി പിൻവാങ്ങുകയാണ് ചെയ്തത്. അത് ആവശ്യമുള്ളവരാണ് രചനകളുടെ പ്രചാരണം ഏറ്റെടുത്തത്. എന്തെഴുതിയാലും പുസ്തകമാക്കി പണവും പ്രശസ്തിയും നേടണമെന്നും അത് താൻ സൃഷ്ടിച്ചതാണെന്ന മട്ടിൽ അതിൻ്റെ പ്രതിഫലമായി ഭൗതികസുഖവും സമ്പത്തും വേണമെന്നും ശഠിക്കുന്നത് പില്ക്കാല യൂറോപ്യൻ മുതലാളിത്തലോകത്തിൻ്റെ  സൃഷ്ടിയാണ് .അതുകൊണ്ട് ഇന്ന് പ്രശസ്തിയും പ്രചാരവും നേടുന്ന എല്ലാ കൃതികളുടെയും പിന്നിൽ ഗൂഢാലോചന, ആസൂത്രണം, അന്യായം   തുടങ്ങിയ കുറ്റങ്ങൾ ചുമത്താവുന്നതാണ്. പുതുതായി യാതൊന്നും സൃഷ്ടിക്കാൻ അറിയാത്തവരും ഇന്ന് ഗ്രന്ഥകർത്താക്കളാണ്, അവാർഡ് ലഭിച്ചവരാണ്.

7)അമെരിക്കൻ സാഹിത്യചരിത്രകാരനും വിമർശകനുമായ ഹാരോൾഡ് ബ്ലൂം  വായനയെക്കുറിച്ച് ധാരാളം എഴുതിയിട്ടുണ്ട് .വായിക്കുന്നത് കലാകാരനാകാനാണെന്ന് അദ്ദേഹം ഒരു ഘട്ടത്തിൽ വാദിച്ചു. വലിയ സാഹിത്യകൃതികൾ വായിക്കുന്നതോടെ, നമുക്ക് നഷ്ടപ്പെട്ട കലാവ്യക്തിത്വം തിരിച്ചുകിട്ടുന്നു. നമ്മുടെ ഏകാന്തതയുടെ അറ്റകുറ്റപ്പണി നടത്തുന്നതിനാണ് പുസ്തകം  വായിക്കുന്നതെന്ന് ബ്ളൂം പറയുന്നു. നന്നായി വായിച്ചാൽ, നമ്മുടെ ഏകാന്തതയ്ക്ക് കൂടുതൽ അർത്ഥങ്ങൾ ലഭിക്കും.

8)ബാലസാഹിത്യചരിത്രം എഴുതിയിരിക്കുകയാണ് ഡോ. കെ. ശ്രീകുമാർ .വളരെ ഗവേഷണം ആവശ്യമുള്ള മേഖലയാണിത് . ഒരു അക്കാദമിക് ശേഖരം എന്ന നിലയിൽ ഇത് പ്രസക്തമാണ്. പക്ഷേ , എന്തിനാണ് ഈ ബാലസാഹിത്യം ?
ഇപ്പോഴത്തെ കുട്ടികൾ ഇത്  വായിക്കുമോ? കുട്ടികൾക്കായി പ്രത്യേക സാഹിത്യമെന്നുമില്ല .ഏറ്റവും ഉൽകൃഷ്ടമായ സാഹിത്യമാണ് കുട്ടികൾ വായിക്കേണ്ടത് .സാഹിത്യാഭിരുചിയുള്ള ഒരു കുട്ടി ഇന്നത്തെ ബാലസാഹിത്യകൃതികൾ വായിച്ചാൽ വഴിതെറ്റിപ്പോകുമെന്നാണ് ഞാൻ ഭയപ്പെടുന്നത്.തീരെ ചെറിയ കുട്ടികൾക്ക് വേണ്ടത് സാഹിത്യമല്ലല്ലോ. ഇന്നത്തെ കുട്ടികൾ ഓൺലൈനിലെ വിഭവങ്ങളാണ് പഠിക്കുന്നത്. അവരുടെ മനോഭാവം വിപ്ളവകരമായി മാറി .ഇതൊന്നുമറിയാതെ കുറേപേർ, കാക്ക ,പൂച്ച എന്നുപറഞ്ഞുകൊണ്ട് കഥകൾ എഴുതിതള്ളുകയാണ്; ഒരു പ്രയോജനവുമില്ലാത്ത പ്രവൃത്തി .

9)തപസ്യ കലാസാഹിത്യവേദിയുടെ അവാർഡ് അതിൻ്റെ ഭാരവാഹിയായ ആഷാമേനോന് കൊടുത്തത് ശരിയായില്ല. ഓരോ സംഘടനയും അതിൻ്റെ ഭാരവാഹികൾക്കും അതിൽപ്പെട്ടവർക്കും മാത്രമേ അവാർഡു കൊടുക്കൂ എന്നു പറയുന്നത് യാഥാസ്ഥിതികത്വമാണ് .ഇടതുപക്ഷ സംഘടനകളും ക്രൈസ്തവ അക്കാദമിയും സ്വന്തക്കാർക്ക് മാത്രമായി പ്രവർത്തിക്കുന്നതിനെ ഇതിനോടു ചേർത്തുവച്ചു കാണേണ്ടതാണ്‌.




No comments:

Post a Comment