Monday, December 7, 2020

അക്ഷരജാലകം/എം.കെ.ഹരികുമാർ / കമ്യുവിൻ്റെ കലാകാരൻ /metrovartha, 7-12-2020



ദ് സ്ട്രേഞ്ചർ ,ദ് പ്ലേഗ് ,എ ഹാപ്പി ഡെത്ത് തുടങ്ങിയ നോവലുകളിലൂടെയും കഥകളിലൂടെയും ദാർശനിക ലേഖനങ്ങളിലൂടെയും ചിന്തയുടെ വേലിയേറ്റങ്ങളുണ്ടാക്കിയ ഫ്രഞ്ച് എഴുത്തുകാരൻ ആൽബേർ കമ്യൂ (1913-1960) വിൻ്റെ ചിന്തകൾ, ആശയരഹിതമായിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് നമ്മെ വീണ്ടും വീണ്ടും നവീകരിക്കും. കമ്യൂവിൻ്റെ കലാകാരസങ്കല്പം ഇപ്പോഴും പ്രസക്തമാവുകയാണ്. എഴുത്തുകാർ വ്യക്തിഗതമൂല്യങ്ങളുടെ തടവുകാരാവുകയും അലങ്കാരവസ്തുക്കളാവുകയും സ്വന്തം പുരസ്കാരങ്ങളിലേക്കുമാത്രം ഊളിയിടുകയും ചെയ്യുന്ന ഈ കാലത്ത് പ്രത്യേകിച്ചും.


ലോകചിന്തയുടെ കിരീടമായി ശോഭിച്ച കമ്യൂ ഒരു ദാർശനിക സമീപനമാണ് സ്വീകരിച്ചത്. ഒരു നിമിഷം പോലും ചിന്തിക്കാതെ ജീവിക്കാനാവില്ലെന്ന് തുറന്നുപറഞ്ഞ അദ്ദേഹം ഭാവനയെയും ചിന്തയെയും പുനരവതരിപ്പിച്ചു. ജീവിതത്തിലെ ഓരോ വസ്തുവിനെയും മാനുഷികമാക്കുകയും  നൈമിഷികമായ ദർശനത്തിലൂടെ പുനരുജ്ജീവിക്കുകയും ചെയ്തു.യാതനയും സൗന്ദര്യവുമാണ് എഴുത്തുകാരനെ നിലനിർത്തുന്നത്. സഹനത്തിനും  സൗന്ദര്യത്തിനുമാണ് അവൻ മനസ്സു കൊടുക്കുന്നത്. മറ്റൊന്നും അവൻ്റെ കൈയിലില്ല. അതുകൊണ്ട് അവൻ യാതന അനുഭവിക്കുന്നവരുടെ  നിശ്ശബ്ദമാക്കപ്പെട്ട മനസ്സുകളിൽ നിന്ന് സംസാരശക്തിയായി പുനർജനിച്ചു കൊണ്ടിരിക്കണം. അശാന്തവും അശരണവുമായ ജീവിതങ്ങളെക്കുറിച്ചുള്ള നിലയ്ക്കാത്ത അസ്വസ്ഥതകളാണ് കലാകാരൻ്റെ  മാനുഷികതയുടെ ഉരകല്ല് .അവൻ അങ്ങനെയുള്ള ഒരു മനുഷ്യനായിരിക്കണം. അതുകൊണ്ടാണ് കലാകാരൻ്റെ പ്രകൃതം നമുക്ക് ത്യജിക്കേണ്ടിവരുമെന്നും അത് നിരാലംബരായ മനുഷ്യരുടെ ശബ്ദമാകുന്നതിൻ്റെ ഫലമാണെന്നും കമ്യൂ പറഞ്ഞത്. 


പ്രതികരിക്കാത്തവർ


ലോകത്ത് എന്തു നടന്നാലും തങ്ങൾ പുരാതനമായ ഛന്ദസ്സുകളിലും അലങ്കാരങ്ങളിലും പുസ്തകങ്ങളിലും  സുരക്ഷിതരാണെന്ന് കരുതുന്ന കുറെ പേരുണ്ട്. അവർ ഒന്നിനോടും  പ്രതികരിക്കുകയില്ല. അവരെ വിമർശിച്ചാലും അവർ മിണ്ടുകയില്ല.  ഫ്യൂഡൽ  മൂല്യങ്ങൾ ഇപ്പോഴും ചില എഴുത്തുകാരെ ഭരിക്കുന്നു എന്നതിനു തെളിവാണ് ഈ മൗനം പാലിക്കൽ .ഫ്യൂഡൽ കാലത്ത് അറിവും ധനവും ഉള്ളവർക്ക് മറ്റുള്ളവരുടെ വിമർശനങ്ങളെ നേരിടേണ്ടി വന്നിട്ടില്ല. വിമർശനങ്ങൾ ഉണ്ടായാൽ തന്നെ അവർ അവഗണിക്കുകയേയുള്ളു. കാരണം ആ വിമർശനങ്ങൾ അവരുടെ അധികാര ശ്രേണിയെ ഒരു തരത്തിലും ബാധിക്കുകയില്ലെന്ന് അവർക്ക് ഉറപ്പുണ്ടായിരുന്നു. അതിൽ നിന്നാണ് ഈ കട്ടപിടിച്ച മൗനം പിറവിയെടുക്കുന്നത്.സംവാദം ജനാധിപത്യത്തിൻ്റെയും സ്വാതന്ത്ര്യത്തിൻ്റെയും ലക്ഷണമാണ്. എന്നാൽ എല്ലാത്തിൽ നിന്നും  പിൻവലിഞ്ഞവരുടെ  ഉറക്കത്തോട് തനിക്ക് അസൂയ  തോന്നേണ്ട കാര്യമില്ലെന്ന് കമ്യൂ പരിഹസിക്കുന്നുണ്ട്.


എഴുത്തുകാരൻ യാതനകളോട് ആഭിമുഖ്യമുള്ളവനാകുമ്പോൾ അതവൻ്റെ  ഭാഷയെ ശക്തമാക്കുമെന്നാണ് കമ്യൂ പറയുന്നത്. " ഭാഷയിൽ നമുക്ക് കലാകാരനാവാൻ കഴിയണം. അല്ലെങ്കിൽ നമ്മളെന്ത് കലാകാരനാണ് ?"  കമ്യൂ ചോദിക്കുന്നു. ഇപ്പോൾ ഭാഷയിൽ നിന്ന് കല ഏറെക്കുറെ അപ്രത്യക്ഷമായിട്ടുണ്ട്. അതിനു കാരണം സഹനങ്ങളോടുള്ള വിരുദ്ധ സമീപനമാണ് .


മാനവവംശത്തിൻ്റെ മൂല്യങ്ങളിൽ നിന്ന്  ഓടി രക്ഷപ്പെട്ടു സൃഷ്ടിയുടെ മൂല്യങ്ങളിൽ ഒളിച്ചിരിക്കാനാവില്ല എന്ന് കമ്യൂ പറയുന്നത് ശ്രദ്ധേയമാണ്.കാരണം സൃഷ്ടിപ്രക്രിയയിൽ മാനവമൂല്യത്തിനാണ് പ്രസക്തി.അതേസമയം സൃഷ്ടിയുടെ മൂല്യങ്ങളെ ഉപേക്ഷിച്ചിട്ട് മാനവികമൂല്യങ്ങളിൽ മാത്രം അഭയം പ്രാപിക്കാനുമാവില്ല എന്നും അദ്ദേഹം വാദിക്കുന്നു.ഇതുരണ്ടും സന്തുലിതമായി നിൽക്കുമ്പോഴാണ്, ടോൾസ്റ്റോയി, മോളിയേർ, മെൽവിൽ  എന്നിവരെപ്പോലെ, മികച്ച കലാനുഭവം സൃഷ്ടിക്കാനാകുന്നത് .ഈ സംഘർഷം ഏറ്റെടുക്കുന്നതും  യാതനയാണ് .എന്നാൽ ഇതിനു  തയ്യാറല്ലാത്തവർ ദന്തഗോപുരങ്ങളിലോ സമൂഹത്തിൻ്റെ  ഭദ്രാസനസഭകളിലോ  അഭയം കണ്ടെത്തി രക്ഷപ്പെടുകയാണ് പതിവ്. ചാരുകസേര ബുദ്ധിജീവികളെയാണ് ഇക്കൂട്ടർ സൃഷ്ടിക്കുന്നത് .ഇവർ സ്വയം ഒരു പ്രലോഭനമല്ല .അതേസമയം ഒരു കലാകാരന് അവൻ്റെ  ഏകാന്തതയിൽ ഏറ്റവും വലിയ പ്രലോഭനം അവൻ തന്നെയാണെന്ന് കമ്യൂ  വിശദീകരിക്കുന്നു. സങ്കടങ്ങളോടും  സന്തോഷങ്ങളോടും നിരന്തരം സംവദിച്ചുകൊണ്ട് കല അതിൻ്റെ  ശത്രുക്കൾക്കെതിരെ സ്വയം  ന്യായീകരിക്കുന്നതിവിടെയാണ്.


സൗന്ദര്യാനുഭവം


"സമത്വവും സ്വാതന്ത്ര്യവും വാഗ്ദാനം ചെയ്യുന്ന നവോത്ഥാനം സൃഷ്ടിക്കുകയല്ല കലയുടെ ലക്ഷ്യം.  എന്നാൽ ആ കലയില്ലെങ്കിൽ നവോത്ഥാനം ശൂന്യമായിരിക്കുമെന്ന് കമ്യൂ വ്യക്തമായി പറയുന്നു .സമൂഹത്തിനു വേണ്ടത് കലയും സംസ്കാരവും  സ്വാതന്ത്ര്യവുമാണ്. കലയുടെ അഭാവത്തിൽ സമൂഹം ഒരു വനമായി അവശേഷിക്കും"- കമ്യൂ എഴുതുന്നു.


മലയാളത്തിൽ ഇപ്പോൾ ദന്തഗോപുരവാസവും ദുഷിച്ച ആത്മാനുരാഗവും സാംസ്കാരിക പൊങ്ങച്ചവുമാണ് ആധിപത്യം ചെലുത്തുന്നത്.സാഹിത്യനിരൂപണത്തിൽ സാമൂഹ്യവിശകലനത്തിൻ്റെ സാധ്യതകൾ ( ജനശക്തി ,നവംബർ 15) എന്ന പേരിൽ എൻ. പ്രഭാകരൻ എഴുതിയ ലേഖനം, യാഥാസ്ഥിതികവും ഉപരിപ്ലവവും മുൻവിധി നിറഞ്ഞതുമായ സാഹിത്യവീക്ഷണത്തിൻ്റെ ജീർണതയത്രയും തുറന്നുകാണിക്കുന്നുണ്ട്. 'ഖസാക്കിൻ്റെ ഇതിഹാസ 'ത്തിലെ ഭാഷയും സൗന്ദര്യ വഴികളും  മലയാളി ആസ്വദിച്ചത് അവൻ്റെ  മനസ്സിൽ പ്രാക്തനവിശ്വാസങ്ങൾ നിലനിന്നതുകൊണ്ടാണെന്ന് പ്രഭാകരൻ പറയുന്നത് ഇതിനു തെളിവാണ്.സാഹിത്യകലയുടെ സൗന്ദര്യത്തെ സമീപിക്കാനുള്ള ഒരു മാർഗവും പ്രഭാകരൻ്റെ പക്കലില്ലെന്ന് ഇത് വ്യക്തമാക്കുകയാണ്. സാഹിത്യം പ്രത്യയശാസ്ത്രമല്ല ,സൗന്ദര്യാനുഭവമാണ്. ഖസാക്കിലെ  പ്രധാന കഥാപാത്രമായ രവി സ്നേഹിക്കുന്ന പെണ്ണ് ഉയർന്ന മധ്യവർഗ്ഗസ്റ്റാറ്റസ് പുലർത്തുന്നവളായതുകൊണ്ടാണ്  വായനക്കാർ സ്വീകരിച്ചതെന്ന്   തട്ടിമൂളിക്കുന്നത് എത്ര ബുദ്ധിശൂന്യമാണ്! . പ്രാഥമികമായി നോവൽ കലാശില്പമാണെന്ന ധാരണയുണ്ടായിരുന്നെങ്കിൽ ഇണ്ടനെ പറയില്ലായിരുന്നു.


പ്രഭാകരനു ഇപ്പോഴും സർഗാത്മകതയുടെ  അടിയൊഴുക്കുകൾ വ്യക്തമായി മനസ്സിലായിട്ടില്ല .മനോഹരമായ വാക്യങ്ങൾ ഉണ്ടാകുന്നതെങ്ങനെയാണ് ?  അതിനടിയിൽ വിവിധസൗന്ദര്യ ധാരകളുടെയും  മിത്തുകളുടെയും സമ്മിശ്രമായ അനുഭവം  എങ്ങനെയാണുണ്ടാകുന്നത് ?ഈ 'മധ്യവർഗസ്റ്റാറ്റസും' കൊണ്ടു ആധുനിക മനസ്സിനെ എങ്ങനെയാണ് ഗ്രഹിക്കുക ? ഇവിടെയും പ്രഭാകരൻ്റെ വഴിതെറ്റിയ വായന അവസാനിക്കന്നില്ല. രവി കമ്യൂണിസ്റ്റുകാരെ കളിയാക്കിയതുകൊണ്ടാണത്രേ നോവലിനു സ്വീകാര്യത ലഭിച്ചത് ?


ഇത്രയും ആശയചർച്ചകൾ നടന്നുകഴിഞ്ഞ കാലഘട്ടത്തിലും ചിലർ  ഇതുപോലുള്ള പിന്തിരിപ്പൻ വാദങ്ങൾ ഉന്നയിക്കുകയാണ്! ആലോചനയില്ലാത്തതുമൂലം  വന്ധ്യത ബാധിച്ച ഭാഷയാണ് പ്രഭാകരൻ്റേത്. മനസ്സിൻ്റെ ഊഷരതയാണ് അത് പകരുന്നത്‌. 


വാക്കുകൾ 


1)ജീവിതം നമുക്ക് നിരാകരിച്ചതെന്താണോ അത് രണ്ടാമത് അനുഭവിക്കാൻ അവസരം ഉണ്ടാക്കിത്തരുകയാണ് കഥാസാഹിത്യം.

പോൾ തെരൂ,

(അമെരിക്കൻ സാഹിത്യകാരൻ )


2)മൃഗങ്ങളോടുള്ള ഒരാളുടെ സമീപനം നോക്കിയാൽ നമുക്ക് അയാളുടെ മനസ്സ് അറിയാം.

ഇമ്മാനുവൽ കാൻ്റ്,

(ജർമ്മൻ തത്ത്വചിന്തകൻ)


3)നമ്മുടെ സംസ്കാരത്തിലെ ഏറ്റവും വലിയ നുണങ്ങളിലൊന്നാണ് ലിംഗവ്യത്യാസം .

ബെർനാർഡിൻ എവാറിസ്റ്റോ ,

(ബ്രിട്ടീഷ് എഴുത്തുകാരി )


4)കണ്ണുകളടച്ച്, അനങ്ങാതെ, മനസ്സ് എന്താണ് ചെയ്യുന്നതെന്ന് നിരീക്ഷിക്കുക .മനസ്സ് ചെയ്യുന്നതെന്താണോ ,അതുമായി മനസ്സിന് ഒരു ബന്ധവുമില്ല.

ജോർജ് സോണ്ടേഴ്സ് ,

(അമെരിക്കൻ എഴുത്തുകാരൻ )


5)സന്തോഷം നിങ്ങളുടെ കൈപ്പിടിയിലായിരിക്കുമ്പോൾ അത് ചെറുതായി തോന്നും. എന്നാൽ പിടിവിടുന്നതോടെ അത് എത്രമാത്രം വിലപ്പെട്ടതും ബൃഹത്തുമാണെന്ന് പെട്ടെന്ന് മനസ്സിലാകും .

മാക്സിം ഗോർക്കി ,

(റഷ്യൻ സാഹിത്യകാരൻ )


കാലമുദ്രകൾ 


1)കെ. പി. ഉദയഭാനു 


വള്ളത്തോളിൻ്റെ 'വന്ദിപ്പിൻ മാതാവിനെ, വന്ദിപ്പിൻ വരേണ്യയെ , വന്ദിപ്പിൻ വരദയെ ' എന്നു തുടങ്ങുന്ന കവിത കെ. പി .ഉദയഭാനു സംഗീതം നൽകി, യേശുദാസ് ആലപിച്ചപ്പോൾ അത്  മലയാളം എന്ന ബോധത്തിൻ്റെ  

പീയൂഷധാരയായി.


2)കെ. പി .നിർമ്മൽകുമാർ


ഒരു കഥയെ  കെ.പി.നിർമ്മൽകുമാർ ചിലപ്പോൾ പ്രബന്ധത്തിൻ്റെയോ , പ്രഭാഷണത്തിൻ്റെയോ രൂപത്തിൽ ആവിഷ്കരിക്കും. ഇത് കഥ പറച്ചിലിൻ്റെ ഗതാനുഗതികത്വം ഒഴിവാക്കാൻ സഹായിക്കാറുണ്ട്.


3)എം.പി.പോൾ 


കാരൂർ തുടങ്ങിയവരോടൊപ്പം എം. പി. പോൾ തുടങ്ങിയ സാഹിത്യപ്രവർത്തക സഹകരണസംഘം എഴുത്തുകാരെ പൊതുവിൽ രക്ഷിക്കാനുള്ള സംരംഭമായിരുന്നു. കുറച്ചുപേർ മാത്രം രക്ഷപ്പെട്ടാൽ മതി എന്ന ചിന്ത എം.പി. പോളിനെ ഭരിക്കാതിരുന്നത് ഒരു വലിയ സംസ്കാരത്തിൻ്റെ  ഓർമ്മകളായി ഇപ്പോൾ  അവശേഷിക്കുകയാണ്.


4)കെ. പി. എ. സി. സുലോചന 


ഗായിക കെ. പി. എ. സി .സുലോചനയുടെ ശബ്ദം മലയാളിയെ, എവിടെയായിരുന്നാലും , ഗൃഹാതുരത്വത്തോടെ ഒന്നിപ്പിക്കുകയാണ് ചെയ്യുന്നത്. ഒരു കാലഘട്ടത്തിൻ്റെ ആത്മഘടകങ്ങൾ അതിലുണ്ട്.


5)പവനൻ


അവാർഡോ, ബഹുമതിയോ തനിക്കുമാത്രം കിട്ടിയാൽ മതിയെന്ന് ചിന്തിക്കാത്ത മഹാന്മാരുടെ ശ്രേണിയിൽ, ഇതാ തലയുയർത്തിപ്പിടിച്ചു നിൽക്കുകയാണ് പവനൻ എന്ന എഴുത്തുകാരൻ.



ജനിതക കോഡ്


 മോഹൻ സുന്ദരരാജൻ എഴുതിയ 'കോഡ് ഓഫ് ലൈഫ് -റെവല്യൂഷൻസ് ഇൻ  സൊസൈറ്റി 'എന്ന പുസ്തകത്തിൽ ജനിതക കോഡ് വായിക്കാൻ മാത്രമല്ല, അത് ഇഷ്ടപ്പെട്ട രീതിയിൽ പുനസംരചന നടത്താനും മനുഷ്യനു  കഴിയും എന്ന് വിവരിച്ചിരിക്കുന്നു. പുതിയ കണ്ടുപിടുത്തം എന്ന നിലയിലാണ് ഇത് പറയുന്നത്. നഷ്ടപ്പെട്ട അവയവങ്ങൾ ശരീരത്തിലെ സ്റ്റെം സെല്ലുകൾ കൊണ്ട് വീണ്ടും വളർത്തിയെടുക്കാം എന്ന് കണ്ടുപിടിച്ചിരിക്കുന്നു. ഇതു യാഥാർത്ഥ്യമാവുകയാണെങ്കിൽ വാർദ്ധക്യം ,ഓർമ്മക്കുറവ്, അപകടങ്ങൾ തുടങ്ങിയവ മാനവരാശിക്ക് ഒരു  ഭീഷണി അല്ലാതാകും.പുരാണങ്ങളിൽ നമ്മൾ കണ്ടത് യാഥാർത്ഥ്യമാകുമോ ?


ക്യാമറയിൽ നിന്ന് അകലെ


എൻ. ജി .ഉണ്ണികൃഷ്ണൻ അധികം എഴുതാറില്ല . ഒരു കവിയശ:പ്രാർത്ഥിയല്ലാത്തതുകൊണ്ട് അദ്ദേഹത്തെ ആരും വിഗ്രഹമാക്കിയില്ല. ഇപ്പോൾ ഉണ്ണികൃഷ്ണൻ്റെ 'സ്വകാര്യം' (മാധ്യമം ആഴ്ചപ്പതിപ്പ് ,നവംബർ 30 ) വായിച്ചതേയുള്ളു. കിടപ്പറയിലേക്കു വരെ ക്യാമറകൾ നടന്നുകയറിയ, മനോഗതങ്ങൾ വരെ ഗൂഗിൾ  ചികഞ്ഞെടുക്കുന്ന നവസംസ്കാരത്തിൽ അസ്വസ്ഥനാകുന്ന കവിയെ ഇതിൽ കാണാം:

"ഓമനേ നിന്നെ രഹസ്യമായി 

ഉമ്മ വയ്ക്കുന്നതാണ്

എനിക്കിഷ്ടം

മെഴുക്കിട്ട് 

മപ്പടിച്ചലർച്ചകൾ മുഴക്കും 

അഭ്യാസിയാകേണ്ടെനിക്ക്.

നിന്നെ ഉമ്മവയ്ക്കുമ്പോഴെങ്കിലും

വേണമെങ്കിൽ 

ജനലരികിലെ വൃക്ഷത്തിൽ 

ചേക്കേറിയ കിളികളത് 

കണ്ടുകൊള്ളട്ടെ" .


മുഹമ്മദ് ബഷീർ എഴുതിയ 'ആദായ വില്ലനയിലെ ശവക്കച്ചകൾ' ( കലാകൗമുദി ,നവംബർ 15) എന്ന കവിതയിൽ മോർച്ചറിക്കു മുന്നിലെ തുണിക്കച്ചവടമാണ് വിഷയം. എല്ലാം വിഷാദമാണെന്ന പരമാർത്ഥം ഇവിടെ കടന്നുവരുന്നു.


ബക്കർ മേത്തലയുടെ  'വിശറി' (മാധ്യമം ആഴ്ചപ്പതിപ്പ് ,നവംബർ 23) നഗര സംസ്കാരത്തിൻ്റെ ഭീതി പകർന്നു. വിശറിക്ക് കാറ്റു വേണ്ടാതായി;വീശുന്നവനും.


Link, Aksharajalakam



 


No comments:

Post a Comment