Wednesday, July 6, 2022

ഓർമ്മയുടെ ഇന്ദ്രിയങ്ങൾ / അക്ഷരജാലകം

 എം.കെ.ഹരികുമാർ 

സാഹിത്യമേഖലയിൽ ഓർമ്മകൾക്ക് സ്വർണ്ണത്തിൻ്റെ വിലയെന്ന പറയുന്നത് തെറ്റാണ്; സ്വർണത്തേക്കാൾ വിലയാണ്. സ്വർണ്ണത്തോട് ഭ്രമമുള്ള കവികളും എഴുത്തുകാരും എന്തിനെയും സ്വർണമാക്കാൻ നോക്കുമെങ്കിലും സാഹിത്യമെഴുതുന്നവനു ഓർമ്മകളില്ലെങ്കിൽ വാക്കുകൾ വെള്ളപ്പൊക്കത്തിൽ എന്നപോലെ ഒഴുകിപ്പോകും; വായനക്കാരനെ ഗൗനിക്കുക പോലുമില്ല. 

അമെരിക്കൻ എഴുത്തുകാരിയും കവിയുമായ ആനി ഡില്ലാർഡ് എഴുതിയ 'ദ് റൈറ്റിംഗ് ലൈഫ് ' എന്ന കൃതി എഴുത്തിൽ സജീവമാകാൻ ആഗ്രഹിക്കുന്നവരെ ഉദ്ദേശിച്ചുള്ളതാണ്. 
വായനക്കാരൻ്റെ മനസ്സിലാണ് ഒരു കൃതി രചിക്കപ്പെടുന്നത് ; എഴുത്തുകാരൻ്റെ മേശപ്പുറത്തല്ല. വായിക്കുമ്പോൾ ഒരാൾ സ്വന്തം ഓർമ്മകളെ കണ്ടെത്താൻ ശ്രമിക്കുകയാണ്; അല്ലെങ്കിൽ ഓർമ്മകളെ നായാടുകയാണ്. കാരണം ,ഓർമ്മകളാണ് അയാളെ ചാർജ് ചെയ്യുന്നത്. എഴുത്തിനെക്കുറിച്ച് ആനി ഡില്ലാർഡ് പറയുന്ന ആശയം ഇങ്ങനെ സംഗ്രഹിക്കാം: 'എഴുതാനുള്ള  വിഷയത്തിൽ പൂർണമായി മനസ്സ് അർപ്പിക്കുക. മനസ്സിൽ വന്നുകൊണ്ടിരിക്കുന്ന ആശയങ്ങൾ വരാനിരിക്കുന്ന മറ്റൊരു പുസ്തകത്തിനു വേണ്ടിയോ  രചനയ്ക്കു വേണ്ടിയോ മാറ്റിവെക്കാതിരിക്കുക.മുഴുവനും ഇപ്പോൾ എഴുതുന്നതിൽ ചെലവഴിക്കുക. കഴിവിൻ്റെ പരമാവധി ഉപയോഗിക്കുക. നാളത്തേക്ക് വേണ്ടി മാറ്റിവയ്ക്കുന്നത് നാശോന്മുഖമാണ്. സ്വതന്ത്രമായും സമൃദ്ധമായും നല്കാൻ കഴിയാത്തതെല്ലാം നഷ്ടപ്പെടാനുള്ളതാണ് '.

ഇപ്പോൾ നമുക്കിടയിൽ നഷ്ടപ്പെട്ട ഒരാശയമാണിത്. എഴുതാനുള്ള ശേഷി തന്നെ തിരിച്ചറിയപ്പെടാത്ത ഈ സന്ദർഭത്തിൽ സ്വന്തം തൊഴിലും പദവിയും സമ്പത്തും വർധിപ്പിക്കാനാണ് ഭൂരിപക്ഷം പേരും എഴുതാനിരിക്കുന്നത്. കോവിലനെ പോലെ 'തട്ടകം' എഴുതുന്ന ശീലം ഇന്ന് അപ്രത്യക്ഷമായിരിക്കുന്നു .എം.സുകുമാരനെ പോലെ 'കുഞ്ഞാപ്പുവിൻ്റെ ദു:സ്വപ്നങ്ങൾ 'എഴുതുന്നവരെ ഇപ്പോൾ കിട്ടുകയില്ല .ഇന്ന് എം. മുകുന്ദനെ പോലെ അവനവനെ തന്നെ നിങ്ങൾ എന്നു വിളിച്ച് ,യാതൊരു ചിന്താപരമായ ചലനവുമുണ്ടാക്കാതെ എൻ ജി ഒ സാഹിത്യം സൃഷ്ടിച്ച് സ്വന്തം നിഷ്ക്രിയത്വത്തിനു പൂജ ചെയ്യുന്നവരെയാണ് കാണാൻ കഴിയുന്നത്.

ഒരു വിഷയത്തെ ആഴത്തിൽ നോക്കുന്നതിനു പകരം താൻ ഇതെഴുതിയാൽ തൻ്റെ സ്ഥാനം ചില സംഘടനകളിൽ എത്രമാത്രം വിലമതിക്കപ്പെടുമെന്നാണ് പലരും ചിന്തിക്കുന്നത്. കലാശാലാ ഗവേഷകർ കൂട്ടത്തോടെ സാമാന്യവത്ക്കരിക്കപ്പെട്ടിരിക്കുന്നു. സ്വതന്ത്രമായ അന്വേഷണമോ ചിന്തയോ ആ മേഖലയിലില്ല. ഇന്നത്തെ ഗവേഷണം പണത്തിനു വേണ്ടിയാണ്. 
മുമ്പ് പലരും പോയ വഴികളിലൂടെ വെറുതെ സഞ്ചരിക്കുകയാണ് ഗവേഷകർ. 

നിഗൂഢമായ വിരക്തികൾ

ഒരിക്കൽ എറണാകുളത്ത് വച്ച് കണ്ടപ്പോൾ ,'ഹൗസ് ഓഫ് ബ്ളൂ മാംഗോസ് 'എന്ന നോവൽ എഴുതിയ ഡേവിഡ് ഡേവിഡാർ എന്നോട് പറഞ്ഞത് ഇതാണ്: 'ഒരു നോവൽ എഴുതാൻ നിങ്ങൾക്ക് കഴിയുന്നുണ്ടെങ്കിൽ അത് ഒരു വലിയ ചാൻസായി എടുക്കുക. പിന്നീടൊരു  അവസരം വരുമെന്ന് കരുതി ഇപ്പോഴത്തെ പരിശ്രമത്തിൻ്റെ ശക്തി കളയരുത്. കിട്ടിയ ചാൻസ് പരമാവധി ഉപയോഗിക്കുക. അത് നിങ്ങളുടെ കഴിവിൻ്റെ പാരമ്യമായിരിക്കണം.'. പലരും ഉപേക്ഷയോടെയാണ് സ്വന്തം കൃതിയെ സമീപിക്കുന്നത്. തൻ്റെ സിദ്ധിയുടെ പരമാവധി മൂല്യം പുറത്തു വരാൻ വേണ്ടി തീവ്രമായി ശ്രമിക്കുന്നില്ല. മഹാനായ അമെരിക്കൻ ,ബ്രിട്ടീഷ് കവി ടി.എസ്.എലിയറ്റ് ,അന്നത്തെ യുവ എഴുത്തുകാരി ആലീസ് ക്വിൻ അയച്ച കത്തിന് മറുപടിയായി ഇങ്ങനെ എഴുതി: 'നിങ്ങൾ ഒന്നാമതായി ,നിങ്ങൾക്ക് വേണ്ടിയല്ലാതെ മറ്റാർക്കും വേണ്ടി എഴുതരുത്. നിങ്ങൾ എത്ര യൂണിവേഴ്സിറ്റികളിൽ പഠിച്ചുവെന്നതോ, എന്ത് പഠിച്ചുവെന്നതോ ഇവിടെ പ്രശ്നമല്ല. എൻ്റെ ഏറ്റവും പ്രിയപ്പെട്ട പ്രബന്ധം ദാന്തെ (ഡിവൈൻ കോമഡിയുടെ രചയിതാവ് )യെക്കുറിച്ചുള്ളതാണ് (ദ് സേക്രഡ് വുഡ് എന്ന സമാഹാരം) . ദാന്തെയെക്കുറിച്ച് ഞാൻ വല്ലാതെ പഠിച്ചു എന്നതുകൊണ്ടല്ല അത്  പ്രിയപ്പെട്ടതാകുന്നത്; ഞാൻ അതിൽ എഴുതിയ കാര്യങ്ങളോട് എനിക്ക് വലിയ പ്രിയമുണ്ടായിരുന്നതുകൊണ്ടാണ്. 'ദ് വെയ്സ്റ്റ് ലാൻഡ് 'എൻ്റെ ഏറ്റവും പ്രശസ്തമായ കവിതയാണ് .അത് ഏറ്റവും പ്രധാനപ്പെട്ടതാണെന്ന് തെളിയിക്കപ്പെട്ടേക്കാം. പക്ഷേ ,അതെൻ്റെ പ്രിയപ്പെട്ട രചനയല്ല'.

ഒരാൾ തൻ്റെ വിഷയത്തെ സ്നേഹിക്കുമ്പോഴാണ് അതിനെക്കുറിച്ചുള്ള ഏറ്റവും വിഭിന്നമായ ഒരാശയം രൂപപ്പെടുന്നത്. സാഹിത്യരചന മനുഷ്യൻ്റെ വളരെ നിഗൂഢമായ ഐന്ദ്രിയാനുഭവങ്ങളെയാണ്  നേരിടുന്നതെന്ന് ആനി ഡില്ലാർഡ് പറയുന്നുണ്ട്. ഒരാൾ അതിലൂടെ നേടുന്ന അരാജകസ്വഭാവമുള്ള സന്തോഷമോ, ചിതറിച്ചു കളയുന്ന ആനന്ദമോ ,അല്ലെങ്കിൽ കാർന്നു തിന്നുന്ന ആത്മീയവിരക്തിയോ എന്തായാലും മറ്റൊരാൾക്ക് മനസ്സിലാകണമെന്നില്ല. അത് എഴുത്തുകാരൻ്റെ സ്വന്തം നരകമാണ്. അവിടേക്ക് വായനക്കാരൻ എത്തുന്നത് അവൻ്റെ ഓർമ്മകളിലൂടെയാണ്. കവി സ്വയം അറിയാനാണ്, അല്ലെങ്കിൽ സങ്കൽപ്പിക്കാനാണ് ശ്രമിക്കുന്നത്. അത് മറ്റുള്ളവരുടെ കണ്ണിൽ യഥാർത്ഥമാണോയെന്നുപോലും അപ്പോൾ അറിയില്ല.നിഗൂഢവിരക്തികൾ കവിയെ വലയ്ക്കുന്നു.

'നീയറിയുന്നുവോ ചോലമരങ്ങളിൽ
സായാഹ്നമോരോന്നിരുണ്ടു തൂങ്ങുന്നതും 
നീണ്ടമൗനത്തിലേക്കെൻ്റെ രാപ്പക്ഷികൾ 
നീലച്ചിറകു കുഴഞ്ഞു വീഴുന്നതും'

എന്ന് എ.അയ്യപ്പൻ എഴുതുന്നത് ശ്രദ്ധിക്കുക .ഇത് കവിയുടെ ഉറച്ച ബോധ്യമല്ല ;അറിയാത്ത പൊരുളിനെക്കുറിച്ചുള്ള വൈകാരികമായ അനുഭവമാണ്. 

മനുഷ്യരുടെ മൂല്യം 

സാഹിത്യകലയിലെ വിഷയം എല്ലാ ജനങ്ങളും ഇഷ്ടപ്പെടണമെന്നില്ല .അഭിരുചിയാണ് അവിടെ പ്രധാനം .ജനാധിപത്യപരമായി വോട്ടിനിട്ടു വിജയിപ്പിച്ച വിഷയമല്ല ഒരു നല്ല എഴുത്തുകാരൻ എഴുതാൻ തിരഞ്ഞെടുക്കുന്നത് ;അയാൾക്ക് മാത്രം വിലമതിക്കുന്നതായിരിക്കുമത്. സ്വയം സാക്ഷ്യപ്പെടുത്തുകയും പങ്കുപറ്റുകയാണ് എഴുത്തുകാരൻ ചെയ്യുന്നത്. അങ്ങനെ അയാൾ സ്വന്തം അസ്തിത്വത്തെപ്പറ്റിയുള്ള അണു സമാനമായ അറിവെങ്കിലും മനസ്സിലാക്കാൻ പറ്റുമോ എന്ന് നോക്കൂന്നു. നോക്കുന്ന വേളയിൽ തന്നെ രൂപമാറ്റം സംഭവിക്കുന്ന ആശയങ്ങൾ നിരനിരയായി വന്നു കൊണ്ടിരിക്കുകയാണല്ലോ .

സാഹിത്യം ,ചുരുക്കിപ്പറഞ്ഞാൽ, ഓർമ്മയുടെ കലയാണ് .ഓർമ്മകളെ വളരെ സ്ഥൂലമായി, ഏകപക്ഷീയമായി എഴുതിവയ്ക്കുന്ന കാര്യമല്ല പറയുന്നത്. സാഹിത്യത്തിൻ്റെ ജീവൻ ഓർമ്മ തന്നെയാണ്. സ്വന്തം ഓർമ്മകൾ ഒരു പ്രത്യേക ഭൂപ്രദേശമാണ്. അതിൽ ജനിച്ച നാട് മാത്രമല്ല ഉള്ളത്. ജീവിച്ചതത്രയും കടന്നുവരികയാണ്. ഓർക്കുന്തോറും നമ്മുടെ ജീവിതം വലുതാവുന്നു. ജീവിക്കുന്ന മനുഷ്യൻ്റെ ഓർമ്മകൾക്ക് വിലമതിക്കാനാവാത്ത മൂല്യമുണ്ട്. ഓർമ്മ ഖനനം ചെയ്യുകയാണ്, മനുഷ്യൻ്റെ  ഉപേക്ഷിക്കപ്പെട്ട ആന്തരിക നിലങ്ങളിൽ. ഓർമ്മ ഒരു വിജയഗാഥയല്ല, ന്യായീകരണമല്ല; പരാജയവുമാണ്. പരാജയത്തിൻ്റെ നിയമങ്ങൾ, അനിവാര്യതകൾ, ചിന്തകൾ എല്ലാം ഓർമ്മകളാണ്. വിജയിക്കാതിരിക്കുമ്പോഴും മനുഷ്യൻ ജീവിക്കുന്നു .തടവറയിൽ കിടക്കുന്ന വ്യക്തിയും ഓർക്കുന്നു .ഒരു ഘട്ടം കഴിയുമ്പോൾ ഓർമ്മയെ കണ്ടെത്തേണ്ടതുണ്ട്, വീണ്ടും വീണ്ടും .അത് ഒരേ താളത്തിലും അളവിലുമായിരിക്കില്ല എപ്പോഴും . നമ്മുടെ ഭാവനയ്ക്കൊത്ത് അത് വികസിക്കുകയും വിദൂരസ്ഥലികളിലേക്ക് ആകർഷിക്കപ്പെടുകയുമാണ്.

ഓർമ്മ ഒരിക്കലും ഓർമ്മയായിരിക്കുന്നില്ല .അതു രൂപാന്തരപ്പെടുകയാണ്. ഓരോ തവണ ഓർക്കുമ്പോഴും ഓർക്കപ്പെട്ട വസ്തുവിനു രൂപാന്തരം സംഭവിക്കുന്നു; ഓരോ ചിമിഴ് രൂപപ്പെടുകയാണ്. ഓർമ്മകളിലൂടെ മനുഷ്യൻ തത്ത്വചിന്തയിലും സാഹിത്യത്തിലുമെത്തുകയാണ്. ഒരു ഓർമ്മയിലൂടെ മനുഷ്യൻ അവൻ്റെ ജീവിതത്തിൻ്റെ വിധി നിശ്ചയിക്കുന്നു; അല്ലെങ്കിൽ നിശ്ചയിക്കപ്പെടുന്നു. ആത്മനിന്ദയോ ആത്മഹർഷമോ രൂപപ്പെടുന്നു. ഭൂതകാലത്തിലെ ഒരു വ്യക്തി നമ്മുടെ മനസ്സിൽ ഓർമ്മകളുടെ സഹസ്രദലങ്ങളാണ് സൃഷ്ടിക്കുന്നത് .അത് നമുക്കൊപ്പം സമാന്തരമായി മറ്റൊരു മാനസികവ്യൂഹം ചമയ്ക്കുന്നു.

ഉപയോഗശൂന്യമായത് 

ഒരാൾ തന്നെ പലകാലങ്ങളിൽ പലതാണ് നമ്മുടെ മനസ്സിൽ; ഓർമ്മകളും അതിനനുസരിച്ച് വ്യത്യാസപ്പെടുന്നു. നിസ്സാര സംഭവങ്ങളെ അധികരിച്ച് ഓർമ്മകളെഴുതുന്നവരെ ഉന്നത രചയിതാക്കളായി കാണാനാവില്ല. അവർ പെട്ടെന്ന് ഓർത്തെടുക്കാനാവുന്ന കാര്യങ്ങൾ എഴുതി വയ്ക്കുക മാത്രമാണ് ചെയ്യുന്നത് .അവർ ഹോട്ടലുകളിലും കാൻ്റീനുകളിലും പോയി ഭക്ഷണം കഴിച്ചതും സുഹൃത്തുക്കളുടെ വീടുകളിൽ പോയതും വിവാഹങ്ങളിൽ പങ്കെടുത്തുമൊക്കെ സവിസ്തരം പ്രതിപാദിക്കും. ചിലപ്പോൾ അവർക്ക് ഇത്രയേയുള്ളൂ 'ആത്മ'കഥകൾ . അവരുടെ ആത്മാവിൻ്റെ കഥ അഥവാ ആത്മകഥ നിസ്സാരവും തുച്ഛവുമാണ്.
അവരുടെ ഓർമ്മകൾക്ക് രൂപാന്തരം  സംഭവിക്കുന്നില്ല. അവർ ഒരു വസ്തുവിനെ ജീവിതകാലമത്രയും ഒരേ രീതിയിലാണ് നോക്കിക്കാണുന്നത്.
അവർ അമ്പതും അറുപതും വർഷങ്ങൾ സൂര്യോദയത്തെക്കുറിച്ചും ഓണത്തെക്കുറിച്ചും ഫാസിസത്തെക്കുറിച്ചും ഒരേ മട്ടിൽ എഴുതിക്കൊണ്ടിരിക്കും. വസ്തുതയ്ക്കുള്ളിലേക്കു തുളച്ചുകയറാൻ അവർക്കാവില്ല. അതിനുള്ള ഇന്ദ്രിയങ്ങൾ അവർക്കില്ല .അവർക്ക് ഓർമ്മ ഉപരിതലത്തിൽ നിന്നു നോക്കുമ്പോൾ കാണുന്ന വസ്തുക്കൾ മാത്രമാണ്. അവരുടെ മനസ്സിനെ അത് സ്വാധീനിക്കുന്നില്ല .വൈകാരികതയുടെ പുറന്തോടിലാണ് അത് പ്രവർത്തിക്കുന്നത്. ഓർമ്മകൾക്കുമുണ്ട് ഇന്ദ്രിയങ്ങൾ .ആ ഇന്ദ്രിയങ്ങളിലൂടെ ഓർമ്മകൾ ലോകത്തെക്കുറിച്ചുള്ള നമ്മുടെ പരമ്പരാഗത ധാരണകളെ പുതുക്കിപ്പണിയുന്നു. 

ഒരു പഴയ സംഭവത്തെക്കുറിച്ച് എഴുതിക്കഴിഞ്ഞാൽ അതോടെ അവരുടെ ഓർമ്മ അവസാനിച്ചു; പിന്നീടത് കരിക്കട്ട പോലെ ഉപയോഗശൂന്യമായിത്തീരും. ഓർക്കുന്തോറും മനുഷ്യൻ കൂടുതൽ മൂല്യമുള്ളവനായിത്തീരും. ഓർമ്മകളുടെ മൂല്യത്തിനനുസരിച്ച് നമ്മളും മൂല്യമുള്ളവരായി മാറുന്നു. ഭൂതകാലത്തിനു മനുഷ്യാസ്തിത്വത്തിൻ്റെ ഛായ ലഭിക്കുന്നു. നമ്മുടെ യഥാർത്ഥ മൂല്യം ഈ ഓർമ്മകളുടെ പരിസ്ഥിതിക , ആത്മീയ വൈകാരികലോകമാണ്.

'ഭൂതകാലത്തിലെ നിമിഷങ്ങൾ സ്ഥിരമായിരിക്കുന്നില്ല .അത് നമ്മുടെ ഓർമ്മയിൽ നിന്ന് ഭാവിയിലേക്ക് സഞ്ചരിക്കുകയാണ്. ഭൂതകാലമായിത്തീർന്ന ഒരു ഭാവിയിലേക്ക് അത് നമ്മെ വഹിച്ചുകൊണ്ട് ഒരു തീവണ്ടിയിലെന്ന പോലെ കടന്നുപോകുന്നു എന്ന്  'റിമംബ്രൻസ് ഓഫ് തിംഗ്സ് പാസ്റ്റ് ' എന്ന നോവലിൽ ഫ്രഞ്ച് എഴുത്തുകാരൻ മാർസൽ പ്രൂസ്ത് പറഞ്ഞത് ശ്രദ്ധേയമാണ്. മനുഷ്യൻ ഭൂതകാലത്തെ തനിക്കാവശ്യമായ രീതിയിൽ മോചിപ്പിച്ച് ഭാവിയുണ്ടാക്കുന്നു എന്നാണ് വിവക്ഷ.  എഴുതുമ്പോൾ ,അമെരിക്കൻ നോവലിസ്റ്റ് ഹെൻറി മില്ലർ പറഞ്ഞതുപോലെ ,എഴുതാനുള്ള പുസ്തകത്തെക്കുറിച്ചല്ല ഓർക്കേണ്ടത്,
എഴുതിക്കൊണ്ടിരിക്കുന്ന പുസ്തകത്തെക്കുറിച്ചാണ്. കാരണം, രചന എഴുതുമ്പോൾ സ്വാഭാവികമായുണ്ടാകുന്നതാണ്. അത് മുൻകൂട്ടി ആസൂത്രണം ചെയ്യാനാകില്ല. വേദാന്തവും ബ്രഹ്മസൂത്രവും പഠിച്ചില്ലെങ്കിലും ,രചനാപരമായ വിശപ്പും ആത്മാനന്തരമായ ത്വരയുമുള്ള ഒരാൾ എഴുതുമ്പോൾ അയാളുടെ മനസ്സിൻ്റെ ജാലകങ്ങൾ തട്ടിത്തകർത്ത് ഈ ചിന്തകൾ തനിയേ വന്നു നിറയും .അത് ഓർമ്മകളുടെ പരിണാമ(മെറ്റാബോളിസം)ത്തിലൂടെയാണ് സാധ്യമാക്കുന്നത്. അറിയാത്തത് ഓർമ്മകളുടെ ഇന്ദ്രിയങ്ങൾ പിടിച്ചെടുക്കുന്നു. എൻ്റെ 'ശ്രീനാരായണായ 'എന്ന നോവലിൻ്റെ അനുഭവത്തിലാണ് ഇതു പറയുന്നത്.

പ്രാചീനമായ ആഗ്രഹങ്ങൾ 

നമ്മുടെ ഓർമ്മകളും ആശയങ്ങളും ദൃഷ്ടിപഥത്തിൽ നിന്ന് അപ്രത്യക്ഷമാകുന്നതുവരെ സമുദ്രയാത്ര നടത്തുകയാണെന്ന്  മാർ സൽ പ്രൂസ്ത് പറഞ്ഞത് ഓർക്കണം. പഠിച്ചതല്ല എഴുതുന്നത് ;പഠിച്ചതെല്ലാം ഓർമ്മകളായി ചുറ്റുവട്ടത്ത് തന്നെ ഉണ്ടായിരിക്കും. സാമുദായിക ,രാഷ്ട്രീയ മുദ്രാവാക്യങ്ങളും ക്ലാസുമുറികളും നമ്മുടെ ബെഡ്റൂമിൽ പോലുമുണ്ട്. എന്നാൽ എഴുതുമ്പോൾ ,പഠിക്കാത്തതിൻ്റെ ലോകം തനിയെ വരുകയാണ്. വീണ്ടും പറയുകയാണ് ,പഠിച്ചു പാസ്സായ ഒരു വിഷയത്തെക്കുറിച്ചല്ല ക്രിയേറ്റീവായ ഒരാൾ എഴുതുന്നത്; അറിയപ്പെടാത്തതാണ് പ്രലോഭിപ്പിക്കുന്നത്. അതുപോലെ, അകന്നുപോയ ഓർമ്മകൾക്ക് നമ്മളിലേക്ക് തിരിച്ചുവരാനുള്ള രഹസ്യ പാതകളറിയാം. അവ നമ്മളോട് അനുവാദം ചോദിക്കാതെ നമ്മുടെ ബോധത്തിൻ്റെ പ്രവർത്തനങ്ങളിൽ ഇടപെടുന്നു. പുരാതനമായ ആഗ്രഹങ്ങൾ നമ്മളിലൂടെ തലനീട്ടുകയാണ്. പ്രാചീനമായ ആഗ്രഹങ്ങളാണ് ബീജത്തിൽ സംഭൃതമായിട്ടുള്ളത്. അത് സൃഷ്ടിപ്രക്രിയയിൽ അജ്ഞാത മെന്നപോലെ ഇടപെടുന്നു. സാങ്കൽപ്പികമായ ഒരു ഭാവിയെ അത് ക്രിയാത്മകമാക്കുന്നു.  എഴുത്തുകാരനും സ്വയമൊരു  ബീജമാണ്; പ്രത്യുൽപ്പാദനപരമാകുക എന്ന വിധി അതിൽ തന്നെ നിശ്ചയിക്കപ്പെട്ടതാണെങ്കിൽ പ്രസക്തമാണ്. മങ്ങിപ്പോയ ഓർമ്മകൾ തിരിച്ചുവരുന്നത് മറ്റൊരു ലക്ഷ്യത്തോടെയാണ്. 
നമ്മുടെ ബന്ധങ്ങൾ മനസ്സിലാണല്ലോ നിലനിൽക്കുന്നത്. ഓർമ്മകൾ വികസിക്കുന്നതോടെ അതെല്ലാം  അഴിഞ്ഞു ദുർബ്ബലമാകുന്നു. അപ്പോൾ നമ്മൾ മറ്റു പലരുടേയും ഡ്യൂപ്പായി മാറാൻ തുടങ്ങും .സൗഹൃദവും പ്രേമവും വിനയവും ബഹുമാനവുമെല്ലാം നാം മറ്റുള്ളവരുടെ ഡ്യൂപ്പായി ചെയ്യുന്നതാണ് .

നമ്മൾ ഒറ്റയ്ക്കാണെന്നുള്ള കാര്യം ഓർക്കണം. ഇന്ന് എഴുത്തുകാർക്ക് തനിച്ചാകാനുള്ള സാഹചര്യമില്ലാതായി. കാരണം, ലോകം അത്രമേൽ നെഗറ്റീവാണ്. രണ്ടു പേർ തമ്മിലുള്ള വ്യവഹാരത്തിനു പോലും ഇന്ന് ഏകാന്തതയില്ല .അവർ ഒഴിവാക്കപ്പെടുകയും വാർത്താ ചാനലുകളുടെയും മറ്റു സ്വകാര്യ  മാധ്യമങ്ങളുടെയും ബിസിനസായി അത് പരിവർത്തനപ്പെടുകയും ചെയ്യുന്നു.  മാധ്യമങ്ങൾ വാർത്തയല്ല ,അതിൻ്റെ ആൻറിതീസിസ് ,വിപരീതഫലമാണ് തിരയുന്നത്. അവിടെയാണ് ബിസിനസുള്ളത്. സമകാലീന മാധ്യമങ്ങൾക്ക് വസ്തുതകൾ മാറ്റി മറിക്കാനുള്ളതാണ്. വാർത്തയ്ക്ക് അപ്പുറത്തുള്ള വിരോധാഭാസങ്ങൾ, യുക്തിഭംഗികൾ ,ഭാഷയുടെ ദുർവിനിയോഗം ,ദുർവ്യാഖ്യാനങ്ങൾ എല്ലാം വാർത്തയുടെ കച്ചവടമാകുകയാണ്. ഇത് ഒരു കച്ചവസ്തു മാത്രമല്ല ,വിപരീത വിനോദവുമാണ്.

No comments:

Post a Comment