എം.കെ.ഹരികുമാർ
അമേരിക്കൻ
എഴുത്തുകാരൻ ഏണസ്റ്റ് ഹെമിങ്വേ(1899-1961)യുടെ 'ദ് ഓൾഡ് മാൻ ആൻഡ് ദ് സീ'
പ്രസിദ്ധീകരിച്ചിട്ട് എഴുപത് വർഷമായി.1952 ലാണ് 127 പേജുള്ള ഈ ചെറുനോവൽ
പുറത്തുവന്നത്. ഹെമിംഗ്വേയെ നോബൽ സമ്മാനത്തിലെത്തിച്ച കൃതിയാണിത്.1954ൽ
നോബൽ സമ്മാനം ലഭിച്ചു .വർഷങ്ങൾക്കു ശേഷം അദ്ദേഹം ഇങ്ങനെ പറഞ്ഞു: തനിക്ക്
എഴുതാൻ കഴിയുന്ന ഏറ്റവും മഹത്തായ കൃതിയാണ് ' ദ് ഓൾഡ് മാൻ ആൻഡ് ദ് സീ.
സന്തിയാഗോ എന്ന കിഴവനാണ് ഈ നോവലിലെ പ്രധാന കഥാപാത്രം. അയാൾ വലിയ മീനുകളെ
പിടിക്കുന്നതിൽ ഹരമുള്ളവനാണ്. ഒറ്റയ്ക്ക് കടലിലേക്ക് തുഴയെറിഞ്ഞു പോകാനും
സാഹസികമായി അവിടെ കഴിയാനും ഉത്സാഹിയാണ്.
പ്രായത്തെയും
ശരീരത്തെയും അവഗണിച്ച് അയാൾ എന്തുചെയ്യും. അയാൾ മീൻവേട്ടയ്ക്ക്
തിരഞ്ഞെടുക്കുന്ന സ്ഥലം ക്യൂബൻ തീരത്തുള്ള ഗൾഫ് സ്ട്രീമാണ്. ഇത്തവണ
മീൻപിടിക്കാൻ പോയ സന്തിയാഗോ കടലിൽ എൺപത്തിനാലു ദിവസം പിന്നിട്ടിട്ടും
മീനൊന്നും കിട്ടിയില്ല. എന്നാൽ തൊട്ടടുത്ത ദിവസം ഒരു വലിയ മാർലിൻ
മത്സ്യത്തെ കണ്ട് അയാൾ വേട്ടയാടി .ആ മത്സ്യത്തെ ചാട്ടുളി കൊണ്ട് ബന്ധിച്ച്
വള്ളത്തിനരികിൽ കെട്ടിയിട്ട് തിരിച്ചു കരയിലേക്ക് സഞ്ചരിക്കാൻ തുടങ്ങുകയാണ്
അയാൾ. ഇരുമ്പ് ഭണ്ഡ് കുത്തിക്കയറി മാംസം അടർന്നതിനെ തുടർന്ന് മർലിൻ
മത്സ്യത്തിൽ നിന്ന് ചോര വാർന്നു തുടങ്ങി. ഇത് സ്രാവുകളെ കൂട്ടത്തോടെ
അങ്ങോട്ട് ആഘോഷിച്ചു. സ്രാവുകൾ വലിയ മത്സ്യത്തിൻ്റെ മാംസം
തിന്നുകയാണ്.എന്നാൽ ഇത് സന്തിയാഗോയെ കുപിതനാക്കി. അയാൾ ക്ഷമ നശിച്ച്
സ്രാവുകൾക്ക് നേരെ അക്രമം തുടങ്ങി. കൈയിൽ കിട്ടിയത് വച്ച് അയാൾ ആക്രമിച്ചു.
ഹെമിങ്വേയുടെ വാക്കുകൾ :' അതായിരുന്നു
തലച്ചോറിൻ്റെ
സ്ഥാനമെന്നറിഞ്ഞു കിഴവൻ ആ ഭാഗത്ത് കുത്തി. അയാൾ മുഴുവൻ ശക്തിയുമെടുത്ത്
അതിനെ തൻ്റെ ചോര തുടിച്ച കൈകളാൽ ,കഠിനമായ ആ ചാട്ടുളി കൊണ്ട്
കുത്തിമുറിച്ചു .ഒരു പ്രതീക്ഷയുമില്ലാതെയാണ് കുത്തിയത്; എന്നാൽ അതിൽ
ദൃഢതയും തീരാപ്പകയുമുണ്ടായിരുന്നു'.
ചില നഗ്ന വസ്തുതകൾ
ഈ
നോവലിനെക്കൃറിച്ച് പതിറ്റാണ്ടുകളായി ചർച്ച നടക്കുകയാണ്. യാഥാർത്ഥ്യങ്ങളെ
മൂടിപ്പൊതിഞ്ഞു വയ്ക്കുകയോ കൂടുതൽ അലങ്കരിക്കുകയോ ചെയ്യുന്ന രീതിയല്ല
ഹെമിങ്വേ അവലംബിക്കുന്നത്. അദ്ദേഹം യാഥാർത്ഥ്യങ്ങളെ നഗ്നമാക്കി കാണിക്കും.
ശരിയായ വസ്തുതകളിൽ നിന്ന് ചോര വാർന്നൊലിക്കുകയാണെങ്കിൽ ഹെമിങ്വേ അതിൽ
ഉപ്പു തേക്കില്ല.
ആഖ്യാനത്തിൻ്റെ ക്രൂരതയിൽ രസിക്കാനാവും തയ്യാറാവുക.
വസ്തുതയെ
അതിൻ്റെ വസ്ത്രങ്ങൾ അഴിച്ചു പരിശോധിക്കുകയും അതിൽ നിന്നു കിരാതമായ
ഒരാനന്ദം അനുഭവിക്കുകയും ചെയ്യുന്നതിലാണ് ഹെമിങ്വേയുടെ ഹരം.
അദ്ദേഹം അത് പലപ്പോഴും പ്രകടമാക്കിയിട്ടുണ്ട്.
ദിവസങ്ങളോളം
കടലിൽ നട്ടംതിരിഞ്ഞ സന്തിയാഗോ എന്ന കിഴവന് തൻ്റെ മുന്നിൽ വന്നുപെട്ട ആ
വലിയ മത്സ്യം ഒരു ഇര തന്നെയായിരുന്നു. അയാൾ അതിനോട്, തൻ്റെയുള്ളിലെ
പ്രാകൃതനെ മറച്ചുപിടിക്കാതെ പറയുന്നത് ഇതാണ് :'മീനേ ,നീ ഏതായാലും ചാകാൻ
പോകുവാ, നീ എന്നെയും കൊല്ലുമോ ?' കൊല്ലുക എന്നതാണല്ലോ വേട്ടക്കാരുടെ
സന്തോഷം .വിശാലമായ കടലിൽപോലും രക്ഷപ്പെടാൻ ഒരു മാർഗ്ഗവുമില്ലെന്ന് മീനുകൾ
അറിയുന്നത് അപ്പോഴാണ്. കിഴവനായ അയാളിൽ ഇനിയും ക്രൂരത ബാക്കിയാണ്.
നിഷ്കളങ്കനും സുന്ദരനും സൗമ്യനും ജീവിതത്തെ പുതുമയോടെ ആസ്വദിക്കുന്നവനുമായ ആ
മത്സ്യത്തെ കിഴവൻ തൻ്റെ കൈവശമുണ്ടായിരുന്ന നീണ്ട ചാട്ടുളി വീശിയെറിഞ്ഞു
നെഞ്ചിൽ കുത്തി പരിക്കേൽപ്പിക്കുന്നു. കടലിൽ സ്വൈരമായി ജീവിക്കുന്ന അതിനെ
ചാട്ടുളി കൊണ്ട് വേദനിപ്പിച്ചു കൊല്ലുന്നതിൽ അയാൾ സന്തോഷവാനാണ്.
കുത്തേറ്റ
മത്സ്യത്തെ ഹെമിങ്വേ ഇങ്ങനെ വിവരിക്കുന്നു: 'മരണത്തെ വഹിച്ചുകൊണ്ട് ആ
മത്സ്യം സജീവതയോടെ വെള്ളത്തിനു മീതെ വന്നു; അതിൻ്റെ ബൃഹത്തായ വലിപ്പത്തിലും
എല്ലാ ശക്തിയിലും സൗന്ദര്യത്തിലും'.ഹെമിങ്വേ ആ മത്സ്യത്തിൻ്റെ തനതായ
ഭംഗിയും ചലനരീതിയും മനസ്സിലാക്കാതിരിക്കുന്നില്ല. എന്നാൽ കിഴവനെ
തുറന്നുകാട്ടാനാണ് അദ്ദേഹം ശ്രമിക്കുന്നത്. ഇത്തരം മനുഷ്യർ ഒറ്റപ്പെട്ട
കഥാപാത്രങ്ങളല്ല ;അവർ മാനവവംശത്തിൻ്റെ പ്രതീകമാണ്. എഴുപതു വർഷം മുമ്പ്
എഴുതിയ ഈ നോവൽ മനുഷ്യൻ്റെ പരിസ്ഥിതിയോടുള്ള ക്രൂരതയും കോപവും
സർവ്വനാശത്തെക്കുറിച്ചുള്ള അറിവും പുറത്തുകൊണ്ടുവരികയാണ്. ആ മത്സ്യത്തെ
ബ്രദർ എന്നു വിളിച്ചു കൊണ്ട് അയാൾ തല്ലുകയും പീഡിപ്പിച്ചു രസിക്കുകയും
ചെയ്യുന്നു.
നമ്മൾ പ്രകൃതിയെ പീഡിപ്പിച്ചു
രസിക്കുന്ന ജീവിയാണല്ലോ. നമ്മെക്കൊണ്ട് മറ്റൊരു ജീവിക്കും നിലനിൽക്കാൻ
സാധ്യമല്ലാതായി എന്നുള്ളതാണ് ഇന്നത്തെ പരിസ്ഥിതികമായ വലിയ അറിവ്. മനുഷ്യൻ
ആക്രമിക്കുന്നത് രണ്ടു കാരണങ്ങളുടെ പേരിലാണ്. ഒന്ന് ,തൻ്റെ
ജീവിതാവശ്യത്തിന് . രണ്ട് ,രസത്തിന്. ആരുടെ വേദനയിലും വിചിത്ര ബുദ്ധിയുള്ള
മനുഷ്യൻ കവിതയാണ് തേടുന്നത്; അവന് കരയാനും സ്വന്തം ക്രൂരത വേണം.
മറ്റുള്ളതിനെ വേദനിപ്പിക്കുന്നത് തൻ്റെ ആത്മീയ വികാസത്തിനാണത്രേ. കിഴവൻ
സന്തിയാഗോയുടെ മനസ് നോവലിസ്റ്റ് തുറന്നു കാണിക്കുന്നു:
'ഞാനവനെ
കാണാൻ ആഗ്രഹിക്കുന്നു, അയാൾ ചിന്തിച്ചു. അവനെ സ്പർശിച്ച് അറിയാനും. അവൻ
എൻ്റെ ഭാഗ്യമാണ്, അയാൾ ഓർത്തു'.കുടുക്കാൻ പോകുന്ന മത്സ്യത്തെക്കുറിച്ചാണ് ഈ
ആത്മഗതം .
ക്രൂരമായ മനുഷ്യമുഖം
വയസ്സായിട്ടും
,അയാൾ ഉപദ്രവിക്കുക എന്ന 'ധർമ്മം' അവസാനിപ്പിച്ചിട്ടില്ല . ഉപദ്രവം
അവസാനിപ്പിച്ചാൽ അയാൾ മനുഷ്യനാകുന്നതെങ്ങനെ? മനോഹരമായ കടലിൻ്റെ അടിത്തട്ട്
എത്രയോ സുന്ദരമാണ്. അവിടെ വർണങ്ങൾ ആരെയും കബളിപ്പിച്ചുകൊണ്ട്
ജീവിതത്തിൻ്റെ അലൗകികമായ ലയം സാധ്യമാക്കുകയാണ്. ആ കടലിൽ രമിക്കുന്ന
മത്സ്യം ഒരു കുറ്റവാളിയാണെന്ന് പ്രഖ്യാപിക്കുകയാണ് സന്തിയാഗോ എന്ന കിഴവൻ.
എന്നിട്ടും അയാൾ ആ മത്സ്യത്തെ ബ്രദർ എന്നു വിളിക്കുന്നു. ചത്ത മീനിൻ്റെ
കണ്ണുകളെ ഹെമിങ്വേ ഇങ്ങനെയാണ് വിശേഷിപ്പിക്കുന്നത്:' ആ കണ്ണുകൾ ഘോഷയാത്രയിൽ
നിലകൊള്ളുന്ന ദിവ്യനെ പോലെ തോന്നിച്ചു'.കാരണം ,അതിനു ആഗ്രഹങ്ങൾ
നിഷിദ്ധമാണല്ലോ .ദിവ്യന്മാർക്ക് ആഗ്രഹങ്ങളില്ല ,അവർ മറ്റുള്ളവരുടെ
ആഗ്രഹങ്ങൾക്ക് പിന്തുണ പ്രഖ്യാപിക്കേണ്ടവരാണ്. മനുഷ്യൻ്റെ അവസാനിക്കാത്ത
ആശകളെ തൃപ്തിപ്പെടുത്താനും അതിനുവേണ്ടി നിലകൊള്ളാനും യാതൊരു തെറ്റും
ചെയ്യാത്ത ഈ വലിയ മത്സ്യത്തിനു ബാധ്യതയുണ്ട്. അതാണ് മാനവികതയുടെ
വ്യാപ്തിയുള്ള അർത്ഥം. എന്തുകൊണ്ട് ഹെമിങ്വേ ഒരു കിഴവനെ കടലിലിറക്കി
?അതിൻ്റെ ഉത്തരം അത്ര സങ്കീർണമല്ല. മനുഷ്യൻ കിഴവനായാലും
ദ്രോഹിക്കാതിരിക്കില്ല . മനുഷ്യവംശത്തിനു ഈ കിഴവനെ പോലെ
വട്ടുപിടിച്ചിരിക്കുന്നു.
അയാളെ ക്യൂബയിലെ
മത്സ്യത്തൊഴിലാളികളുടെ പ്രതിനിധിയായി കാണേണ്ടതില്ല. മനുഷ്യരാശിയുടെ
അന്തരംഗത്തിൽ തളംകെട്ടി നിൽക്കുന്ന രക്തദാഹത്തിൻ്റെയും ഉപദ്രവവാസനകളുടെയും
മൂർത്തിമദ്ഭാവമാണോ സന്തിയാഗോ ?
നമ്മുടെ വർഗം , കിഴവനെ പോലെയാണ്
വിശ്രമിക്കുന്നില്ല . മനുഷ്യരാശി ഇപ്പോൾ വാർദ്ധക്യത്തിലാണോ ജീവിക്കുന്നത്?
അതിന് യൗവ്വനം നഷ്ടപ്പെട്ടോ ?വലിയ മത്സ്യത്തെ തിന്നുതീർക്കാനായി
പാഞ്ഞടുക്കുന്ന സ്രാവുകൾ കിഴവൻ്റെ മനോനില തകർക്കുന്നു. അയാൾ തൻ്റെ
കൈയിലുള്ള ചാട്ടുളിയും തടിക്കഷണങ്ങളും കൊണ്ട് അവയെ നേരിടുകയാണ് .
ഒരു
സ്രാവിൻ്റെ നെഞ്ചിൽ തറച്ച ചാട്ടുളി അയാൾക്ക് വീണ്ടെടുക്കാനായില്ല. നെഞ്ചിൽ
കുത്തിനിർത്തിയ നിലയിലുള്ള ചാട്ടുളിയുമായി കടലിലേക്ക് പ്രാണരക്ഷാർത്ഥം അത്
തുഴഞ്ഞു പോയി. അപ്പോൾ സന്തിയാഗോ ദുഃഖിക്കുന്നത് തൻ്റെ ഇരുമ്പ് ചാട്ടുളി
നഷ്ടപ്പെട്ടതിനെക്കുറിച്ചോർത്താ ണ്.
സ്രാവുകൾ
വലിയ മീനിൻ്റെ മാംസം തിന്നുന്നത് പൂർണമായി തടയാൻ കിഴവനായില്ല. അയാളുടെ
കൈയിലെ ആയുധങ്ങളുടെ എണ്ണം പരിമിതമായിരുന്നു .സമുദ്രത്തിൻ്റെ അകളങ്കിതമായ
അന്തർവഴികളിൽ ജീവിതാനന്ദത്തിൻ്റെ ലഹരി നുകരുന്ന നിഷ്കാമകർമ്മികളായ
മത്സ്യങ്ങളെ അയാൾ ശത്രുക്കളായി കാണുന്നു.
അയാൾ സ്രാവുകളോടു
തോൽക്കുന്നു. താൻ നേരത്തെ പിടിച്ച് വള്ളത്തോടു ചേർത്തു കെട്ടിയിട്ട ആ വലിയ
മത്സ്യത്തിൻ്റെ മാംസം ,തലയും വാലുമൊഴിച്ച്, മുഴുവനും ആ സ്രാവുകൾ
കടത്തിക്കൊണ്ടുപോയി.
വിജയപതാക നാട്ടാൻ പോയ കിഴവന് എല്ലാം
തിരിച്ചടിയായി. അയാൾ കടൽത്തീരത്ത് വന്നപ്പോൾ വള്ളത്തിൻ്റെ വശത്ത്
കെട്ടിയിട്ട ആ മത്സ്യമുണ്ടായിരുന്നു. പക്ഷേ ,അത് മാംസമില്ലാത്ത ഒരു
അസ്ഥികൂടം മാത്രമായിരുന്നു .ഇതാണോ മാനവൻ്റെ വാഴ്ത്തപ്പെട്ട ജൈത്രയാത്ര?
സത്യത്തെ കണ്ടെത്തണം
'നിങ്ങൾക്ക്
അറിയാവുന്ന കാര്യങ്ങളെല്ലാം നോക്കി ,അറിയാത്ത കാര്യങ്ങളെ ഓർത്ത് ,നിങ്ങൾ
ചിലത് കണ്ടുപിടിക്കുകയാണ്; അതൊരു പ്രതിനിധാനമല്ല .ഒരു വലിയ പുതിയ
കാര്യമാണ് .എന്തിനേക്കാളും സത്യവും ജീവനുള്ളതുമാണ്. നിങ്ങളാണ് അതിനെ
ജീവനുള്ളതാക്കുന്നത്'-ഹെമിങ്വേ പറഞ്ഞു. എന്തുകൊണ്ടാണ് കണ്ടുപിടിക്കണമെന്ന്
പറയുന്നത്? എല്ലാവർക്കും അറിയാവുന്ന കാര്യങ്ങൾ എഴുതിയാൽ, വായനക്കാർക്ക്
എന്താണ് അതിൽനിന്ന് കിട്ടുക? അറിഞ്ഞത് പങ്കിടുന്നത് പുതിയതാകുന്നില്ല
.പുതിയത് ഒന്ന് സൃഷ്‌ടിക്കേണ്ടതുണ്ട്. അതാണ് ഏറ്റവും സത്യമായിട്ടുള്ളത്.
ആഴത്തിലുള്ള ബോധത്തെ കണ്ടെത്തേണ്ടതുണ്ട്. പഴകിയതും ചിരപരിചിതവുമായ വിഷയങ്ങൾ
ആയിരം വട്ടം ആവർത്തിക്കുകയാണെങ്കിൽ വായനക്കാരന് പുതിയ ഒരു നേട്ടവുമില്ല.
അവൻ്റെ അഭിരുചികൾ നശിക്കുകയാണ് ചെയ്യുന്നത്. മനുഷ്യമനസ്സിന്
അപാരസിദ്ധികളുണ്ട്. അത് പരമാവധി ഉപയോഗപ്പെടുത്താനാണ് എഴുത്തുകാരൻ
ശ്രമിക്കേണ്ടത്. മനസ്സിൽ ഇരുട്ടിലെന്നപോലെ ആണ്ടുകിടക്കുന്ന ഭയങ്ങളും
സംഘർഷങ്ങളുമുണ്ട്. പക്ഷേ, അവയ്ക്കൊന്നിനും പേരുണ്ടാവില്ല .അതിനെ
എഴുത്തുകാരൻ ആന്തരികമായി ആരായണം. അഗാധതകളെ അനുഭവപ്പെടുത്തണം. അതിൽ
വൈകാരികജീവിതമുണ്ട്.
ഹെമിങ്‌വേയുടെ ഏറെ ചർച്ച
ചെയ്യപ്പെട്ട ഈ കൃതിയെക്കുറിച്ച് ഒരേതരം വായനയാണ് നമ്മുടെ നാട്ടിലുള്ളതെന്ന
വസ്തുത നിരാശപ്പെടുത്തുന്നതാണ്. സന്തിയാഗോ കടലിനെ തോൽപ്പിച്ചവനാണെന്നും
അയാൾ മാർലിൻ മത്സ്യത്തെ കൊന്നു കെട്ടി വലിച്ചുകൊണ്ടുവരുന്നത്
ജീവിതവിജയമാണെന്നും വ്യാഖ്യാനിക്കുന്നത് മണ്ടത്തരമാണെന്ന് പറയട്ടെ. ഇത്
ഏതൊരാൾക്കും എത്തിച്ചേരാവുന്ന ആഴംകുറഞ്ഞ നിഗമനമാണ് .ചിന്താപരമായ
പരിമിതിയാണ് ഇതിലുള്ളത്. സന്തിയാഗോ ഒരു വിജയത്തിൻ്റെ പ്രതീകമല്ല ;മറിച്ച്
അയാൾ ദുഷ്ടവികാരങ്ങളുടെ നഗ്നതയിൽ സ്വയം തുറന്നുകാണിക്കുകയാണ്.
ആ മനുഷ്യൻ പരാജയത്തെ എവിടെയും സ്ഥാപിക്കുന്നവനാണ് .
മനുഷ്യൻ
പിടിച്ചടക്കി എന്ന് അഭിമാനിക്കുന്നതിലെല്ലാം ഇതുപോലുള്ള തിരിച്ചടികളും
മിഥ്യകളും ഒളിച്ചിരിക്കുന്നില്ലേ ?പ്രകൃതി നമ്മെ സംരക്ഷിക്കാമെന്ന് ഉറപ്പു
നൽകിയിട്ടില്ലല്ലോ ?ചാട്ടുളി പ്രയോഗങ്ങളെ കടലിനു എങ്ങനെ നീതികരിക്കാനാകും.
പ്രപഞ്ചത്തിലെ
ബൃഹത്തായ കാലത്തിൽ നിന്ന് നൊടിനേരത്തേക്ക് രൂപീകരിക്കപ്പെടുന്ന ജീവനെ
യാതൊരു ലക്ഷ്യവുമില്ലാതെ വേട്ടയാടി രസിക്കുന്നത് എന്തിൻ്റെ പേരിൽ
സാധൂകരിക്കും? മാർലിൻ മത്സ്യത്തെ ജീവനോടെ പിടിക്കുക എന്ന ലക്ഷ്യം അയാൾക്ക്
ഉണ്ടായിരുന്നിരിക്കാം.
എന്നാൽ മൂന്നു ദിവസം ആ മത്സ്യം കിഴവനെ
കടലിൽ വട്ടം ചുറ്റിച്ചത് അയാളെ പരിഭ്രാന്തനും ദുഷ്ടനുമാക്കുന്നു. അയാൾ
തന്നിലെ തുരുമ്പു പിടിച്ച സ്നേഹത്തിൻ്റെ തത്ത്വശാസ്ത്രവും പരാജയത്തിൻ്റെ
കറുത്ത മഷി പടർന്ന വാദങ്ങളും പുറത്തെടുക്കുകയാണ്. നിലനിൽപ്പിനായി
നാശത്തിൻ്റെ വക്താവാകുക മാത്രമല്ല ,അതിനായി തത്വശാസ്ത്രം നിർമ്മിക്കുകയും
ചെയ്യുന്നു. ഇത് പെട്ടെന്ന് നോക്കിയാൽ കാണുന്നതല്ല. മത്സ്യത്തെ
വേട്ടയാടുന്ന കിഴവൻ്റെ ദൃശ്യം ആർക്കും മനസ്സിലാകും. മത്സ്യത്തിൻ്റെ
അസ്ഥികൂടവുമായി വരുന്ന കിഴവൻ്റെ ചിത്രം നമ്മെ കൂടുതൽ ചിന്തിക്കാൻ
പ്രേരിപ്പിക്കും .ഇതര ജീവിതങ്ങളോടു അരുതാത്തത് ചെയ്ത ഒരു കിഴവനുണ്ടായ
തിരിച്ചടിയാണത്.
'മനുഷ്യൻ പരാജയപ്പെടാൻ വേണ്ടി
ജനിച്ചവനല്ല ;അവനെ നശിപ്പിക്കാം , പക്ഷേ ,പരാജയപ്പെടുത്താനാവില്ല' എന്ന
വാദം കിഴവൻ്റേതായി ഉയർത്തുന്നവർ കണ്ടേക്കാം ;പക്ഷേ , അത് വായിക്കേണ്ടത്
മനുഷ്യപക്ഷത്തു നിന്നാണ് .പരാജയപ്പെടാൻ വിസമ്മതിക്കുന്നതു കൊണ്ട്
ക്രൂരതയ്ക്ക് ഒരിക്കലും അവധി ലഭിക്കുന്നില്ല എന്നാണ് മനസിലാക്കേണ്ടത്.
ചിലപ്പോഴൊക്കെ നമ്മൾ പരാജയപ്പെടണം ,പ്രകൃതിക്ക് വേണ്ടി .
No comments:
Post a Comment