Wednesday, July 6, 2022

സൗന്ദര്യം കത്തിയുടെ മൂർഛപോലെ /അക്ഷരജാലകം



എംകെ.ഹരികുമാർ 






ഒരു സാഹിത്യകാരൻ താൻ സ്കൂളിൽ പഠിച്ചത് മറക്കുകയാണ് വേണ്ടത്. കാരണം ,സ്കൂൾ സിലബസിലെ  വാഗ്ദാനങ്ങളും കണ്ടെത്തലുകളും എത്തിപ്പിടിത്തങ്ങളും ഇപ്പോൾ കാലഹരണപ്പെട്ടിരിക്കുന്നു .
പഴയ ഒരു ലോകം അസ്തമിച്ച് പുതിയതൊന്ന് ഉദയം ചെയ്തിരിക്കുന്നു. മനുഷ്യൻ്റെ വീക്ഷണഗതിയിൽ സമൂലമായ പരിവർത്തനം വന്നിരിക്കയാണ്. ഇതിനെ സൈദ്ധാന്തികർ 'പാരഡൈം ഷിഫ്റ്റ്' എന്ന് വിളിക്കാറുണ്ട്. അടിസ്ഥാനപരമായ യുക്തിയും വീക്ഷണവും തകിടം മറിയുന്നതിനെയാണ് ഇങ്ങനെ വിശേഷിപ്പിക്കുന്നത്. അമ്പതു വർഷം മുമ്പ് മാർക്സിസ്റ്റു എഴുത്തുകാരും ബുദ്ധിജീവികളും തൊഴിലാളിവർഗ സാഹിത്യത്തെപ്പറ്റിയാണ് സംസാരിച്ചുകൊണ്ടിരുന്നത്. ബൂർഷ്വയുടെ സാഹിത്യത്തെ പ്രതിരോധിക്കാൻ വേണ്ടി അടിസ്ഥാന വർഗ്ഗത്തെ ഉയർത്തിക്കൊണ്ടുവരണമെന്നും  അവരുടെ ജീവിതയാഥാർത്ഥ്യമാണ്  കൂടുതൽ അനാവരണം ചെയ്യേണ്ടതെന്നും വാദിക്കുകയാണ് അവർ ചെയ്തത്.

ഇന്ന് തൊഴിലാളി വർഗത്തിനു മാത്രമായി ഒരു സാഹിത്യവും  എവിടെയുമില്ല .മാർക്സിസ്റ്റ് എഴുത്തുകാർ തന്നെ ആഗോളതലത്തിൽ പുതിയ സൈദ്ധാന്തികശാഖകളുമായി അണിചേർന്നുകൊണ്ട് മാറിയ വീക്ഷണമാണ് ഇപ്പോൾ പിന്തുടരുന്നത്. 
ഇന്നത്തെ പ്രമുഖ ഇറ്റാലിയൻ  ചിന്തകനും എഴുത്തുകാരനുമായ ജിയോർജിയോ അഗമ്പൻ താൻ നേരിടുന്ന പുതിയ സാഹചര്യത്തെപ്പറ്റി ഇങ്ങനെ പറഞ്ഞു: 'പൊതുമണ്ഡലത്തിലെ അധികാരത്തിന് നീതിബോധം നഷ്ടപ്പെട്ടിരിക്കുകയാണ് . പരസ്പരമുള്ള സംശയം ഉടലെടുത്തിരിക്കുന്നു, അധികാരി വർഗത്തിനും സാധാരണ പൗരനുമിടയിൽ. വർദ്ധിച്ചു വരുന്ന ഈ അവിശ്വാസം പല വ്യവസ്ഥകളെയും കടപുഴക്കിയിരിക്കുന്നു. ജനാധിപത്യമുള്ള ഇടങ്ങളിലെല്ലാം  അതിൻ്റെ നിലനിൽപ്പ് പരുങ്ങലിലാണ്. 
അധികാരത്തിൻ്റെ കണ്ണിൽ ഏതൊരു പൗരനും ഭീകരനാണ് '.ക്രിമിനലുകളെ നിയന്ത്രിക്കാൻ ഉപയോഗിച്ചിരുന്ന ബയോമെട്രിക് സംവിധാനങ്ങൾ താമസിയാതെ പൗരൻ്റ ഐഡൻ്റിറ്റി കാർഡിലും കടന്നുകയറുമെന്നു അഗമ്പൻ 2014ൽ പ്രവചിച്ചതാണ്. അത് ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുന്നു. വിമാനത്താവളങ്ങളിൽ കണ്ണിൻ്റെ  സ്കാൻ ചിത്രമാണ് എടുത്തു സൂക്ഷിക്കുന്നത് .ആധാർകാർഡിലും അതാണുള്ളത്. നമ്മുടെ ഐഡൻ്റിറ്റി ഇപ്പോൾ ജൈവശരീരത്തിലെ കോശങ്ങളാണ്. 

ജൈവരാഷ്ട്രീയം

പ്രത്യയശാസ്ത്രപരമായ മുൻവിധികൾ അറുപതുകളിലെ പ്രസ്ഥാനങ്ങളെ ഒത്തുതീർപ്പുകളിലേക്ക് നയിക്കുകയാണ് ചെയ്തതെന്ന് അഗമ്പൻ ചിന്തിക്കുന്നുണ്ട് .എന്നാൽ ആ സാഹചര്യം ഇപ്പോൾ മാറി. ഇപ്പോൾ പ്രത്യയശാസ്ത്രപരമായ ശാഠ്യങ്ങൾ ഇല്ലാതായി. ആ രാഷ്ട്രീയത്തിനു പകരം ബയോ പൊളിറ്റിക്സ് അഥവാ ജൈവ രാഷ്ട്രീയം കടന്നു വന്നിരിക്കുന്നു. 
മനുഷ്യന് നിലനില്പിനു ആധാരമായ ഭൂമിയുടെ ,പരിസ്ഥിതിയുടെ ,ജീവൻ്റെ  രാഷ്ട്രീയത്തെ പരിഗണിക്കാതെ ഒന്നും  ചർച്ച ചെയ്യാനാവാത്ത അവസ്ഥയാണി പ്പോഴുള്ളത് .ഒരു ഉല്പന്നം -അത് ഉണ്ടാക്കുന്നത് പ്ളാസ്റ്റിക് കൊണ്ടോ ,നാനോ കണങ്ങൾ കൊണ്ടോ ആവട്ടെ -അത് എത്രത്തോളം ഭാവിരാഷ്ട്രീയത്തെ , പരിസ്ഥിതിക രാഷ്ട്രീയത്തെ  ബാധിക്കുമെന്ന് നോക്കാതെ മുന്നോട്ടുപോകാനാവില്ല. തൊഴിലാളികളുടെയോ ,മുതലാളികളുടെയോ താൽപര്യങ്ങൾ നോക്കി ഒരുല്പാദനവും ഇന്ന് സാധ്യമല്ല. തൊഴിലാളികൾ എന്ന വർഗ്ഗത്തിന് പകരം സാങ്കേതിക വിദഗ്ദ്ധരാണ് ഇപ്പോഴുള്ളത് .

സാഹിത്യകലയിലെ റിയലിസം തന്നെ തന്നെ മാറി .സ്ഥലകാലങ്ങളെക്കുറിച്ച് അരനൂറ്റാണ്ടിനു മുൻപുണ്ടായിരുന്ന കാഴ്ചപ്പാടുകൾക്ക് ഇപ്പോൾ പ്രസക്തിയില്ല. ഒരു മീറ്റർ ,ഒരു സെൻറ് ,ഒരു ഏക്കർ എന്നു പറയുന്നതിനു പകരം ഇപ്പോൾ എം.ബി, ജി.ബി,പിക്സൽ തുടങ്ങിയ പദങ്ങൾ കൊണ്ട് വിവരിക്കുന്ന പ്രതീതി സ്ഥലങ്ങൾ ഉണ്ടാവുകയാണ്. വെബ്സൈറ്റിലെ ഇടങ്ങൾ സ്ഥലത്തിൻ്റെ ഭൗതികജീവിതത്തിനു ബദലായിട്ടുള്ളതാണ്. നമുക്ക് നോക്കാൻ തോന്നുമ്പോൾ ആവശ്യാനുസരണം കൺമുന്നിലേക്ക് വരുന്ന രീതിയിലാണ് ഈ സ്ഥലം സൂക്ഷിച്ചിട്ടുള്ളത്. സമയവും ഇതുപോലെ തന്നെ പുതുതായി രൂപകല്പന ചെയ്യപ്പെട്ടു. ഒരു മിനിട്ട് ,ഒരു മണിക്കൂർ തുടങ്ങിയ സങ്കല്പങ്ങളുടെ വ്യാപ്തി ഇപ്പോൾ മറ്റൊന്നാണ്.
ഒരു മിനുട്ടുകൊണ്ട് ഒരു കാര്യം മാത്രമാണ് നമുക്ക് നാല്പതു വർഷം മുമ്പ് ചെയ്യാമായിരുന്നത്. ഒരു ജോലി ചെയ്യാൻ നിയോഗിക്കപ്പെട്ട സമയത്ത് ,അയാൾ ആ ജോലിയാണ് ചെയ്യുക. അയാളുടെ സമയബോധം ആ ജോലിയുടെ പൂർത്തീകരണവുമായി ബന്ധപ്പെട്ടതാണ്. ഒരു സിനിമ കാണുന്ന ഒരുവന് അന്ന് സിനിമ കാണുകയല്ലാതെ മറ്റൊന്നും ചെയ്യാനാകുമായിരുന്നില്ല .എന്നാൽ അതിനുപകരം ഇപ്പോൾ സിനിമ എവിടെവച്ചും ,ഏത് സമയത്തും കാണാമെന്നായി. അത് നമ്മുടെ സമയത്തിനനുസരിച്ച് കാണാം.  മറ്റുള്ളവരുടെ സമയം അതിന് ബാധകമല്ല. മൊബൈലിൽ സിനിമയുള്ളതുകൊണ്ട് നമ്മുടെ സമയത്തിനാണ് പ്രാധാന്യം. സിനിമ കാണുന്ന അവസരത്തിൽ അത് മാത്രമല്ല ചെയ്യാനാവുന്നത്; ഭക്ഷണം കഴിക്കാം ,പ്രിയപ്പെട്ടവരുമായി  സംസാരിക്കാം, ജോലി ചെയ്യാം .സിനിമ നിർത്തി വച്ച് ഗൂഗിൾ നോക്കാം. ഒരു സമയത്തിനുള്ളിൽ തന്നെ ഒരു വ്യക്തിക്ക് അനേകം സമയബോധങ്ങൾ ലഭിക്കുകയാണ്. 

ഒരു ഏടാകൂടം

ജോലിസ്ഥലം ,ജോലി സമയം ,എന്നിങ്ങനെയുള്ള ക്ളിപ്തമായ യാഥാർത്ഥ്യങ്ങൾ കടപുഴകി വീണു. പകരം അതെല്ലാം പ്രതീതിയായി മാറി. എല്ലാം അതിശയവും സാങ്കേതികവും കാല്പനികവുമായ ഈ കാലഘട്ടത്തിൽ പഴയ സിലബസിലെ പാഠങ്ങൾ നമുക്ക് ഉപകരിക്കപ്പെടുന്നില്ല. എന്തെങ്കിലും എഴുതണമെങ്കിൽ വല്ലതും പുതിയതായി അന്വേഷിക്കണം. ഉറൂബ് ,തകഴി തുടങ്ങിയവർ അനുഭവിച്ച ഏകശിലാരൂപമായ അനുഭവങ്ങൾ ഇന്നില്ല .ഇന്ന് തൊഴിലാളിയുടെയോ മുതലാളിയുടെയോ ദ്വന്ദങ്ങൾക്കപ്പുറത്ത്  പുതിയ നീതിയുടെ പ്രശ്നങ്ങൾ രംഗപ്രവേശം ചെയ്തിരിക്കുന്നത്. ട്രാൻസ്ജൻഡറുകൾ, അവയവം മാറ്റിവയ്ക്കുന്നവർ തുടങ്ങിയ പുതിയ വർഗം ഉണ്ടായിരിക്കുന്നു .

ഒരു നിമിഷത്തിനു ,ഒരനുഭവത്തിനു വിവിധ മാനങ്ങൾ കൈവന്നിരിക്കുന്നു. മനുഷൻ അവനെത്തന്നെ ഒരു ഏടാകൂടമാക്കിക്കൊണ്ടാണ് നിലനിൽക്കുന്നത്. ഒരു ചുവടു പിഴച്ചാൽ എല്ലാം തകർന്നു വീഴും . ജീവിതസുരക്ഷിതത്വവും സമ്പന്നതയും യുദ്ധം ചെയ്ത് നേടേണ്ടതാണെന്ന തലത്തിലേക്ക് മനുഷ്യൻ്റെ സമയ ബോധം ചുരുങ്ങിയിരിക്കയാണ്. അതിവേഗം ജീവിക്കേണ്ടി വരുകയാണ്. അതിൻ്റെ സംഘർഷങ്ങൾ മിക്കവരെയും മനോരോഗ തുല്യമായ ശൈഥില്യത്തിലേക്കും അരാജകത്വത്തിലേക്കും തള്ളി വിടുകയാണ്. സ്നേഹം പെട്ടെന്ന് വെറുപ്പായി മാറുന്നു .വ്യക്തികൾ വികാരങ്ങളുടെ ഇരകളാകുന്നു .
അസ്ഥിരപ്പെട്ടേക്കാവുന്ന ഒരു വായ്ത്തലയിലൂടെ ഭയവും വെപ്രാളവും കുടുംബബന്ധങ്ങളെ എപ്പോഴും സങ്കീർണമാക്കുന്നു. പവിത്രതകൾ നിസ്സഹായമാവുകയാണ്. വെറുതെ പ്രണയിച്ചാൽ മതി ,സത്യസന്ധനാകേണ്ടതില്ലെന്ന  ധാരണയിൽ മനുഷ്യൻ വേഗത്തെ ഒരു സൗന്ദര്യമാക്കി വികസിപ്പിച്ചിരിക്കുന്നു . സൗന്ദര്യം ഒരു കത്തിയുടെ മൂർച്ചപോലെയാണ്. വേഗത്തിന് വേണ്ടി ആരെയും വഞ്ചിക്കാമെന്ന് വരുകയാണ്. പ്രണയിക്കുന്നതിനേക്കാൾ വേഗത്തിൽ ഉപേക്ഷിക്കുന്നത് അനിവാര്യതയാവുകയാണ്. കാരണം, വേഗത്തിൽ അലിഞ്ഞു ചേർന്നില്ലെങ്കിൽ പിന്നെ ജീവിതമില്ല. വേഗമാർന്ന ജീവിതമാണ് മൂല്യം. അതിൻ്റെ ഒഴുക്കിന് നാം എല്ലാം മറക്കുകയാണ്. പ്രണയവും സ്നേഹവും നഷ്ടപ്പെടുമ്പോൾ ഭാര്യയെയോ കാമുകിയെയോ വെട്ടികൊല്ലുന്നതും ഈ ജീവിതത്തിൻ്റ സമ്മർദ്ദത്തിൻ്റെ ഫലമായാണ്.കൈനീട്ടിയാൽ തൊടാവുന്നതിനു  അപ്പുറത്ത് സ്വർഗ്ഗം ക്ഷണിക്കാൻ വന്നിരിക്കുന്നു എന്ന ചിന്ത മിക്കവരെയും വേട്ടയാടുന്നുണ്ട് .

എഴുത്തുകാരൻ്റെ പ്രതിബദ്ധതയും സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ചിന്തയും ഇപ്പോൾ വെല്ലുവിളി നേരിടുകയാണ്. എഴുത്തുകാരൻ മാത്രം ഒരു സത്യഗോപുരമായി എന്നും നിലനില്ക്കണമെന്ന് പറയുന്നതു തന്നെ ഒരു കാല്പനിക ആശയമല്ലേ ?അയാളും തകരുകയാണ് .എഴുത്തുകാരൻ്റെ സ്വാതന്ത്യം ഒരു മിഥ്യാസങ്കല്പമായിക്കഴിഞ്ഞു. കഴിഞ്ഞ നൂറ്റാണ്ടിൽ ആധുനികരും സറിയലിസ്റ്റുകളും ഉയർത്തിക്കൊണ്ടു വന്ന വ്യക്തിഗതമായ സ്വാതന്ത്ര്യം ഇപ്പോൾ അലസിപ്പോയിരിക്കുകയാണ്. ക്ളാസിക് സങ്കല്പങ്ങളും മനുഷ്യകേന്ദ്രിതമായ സാംസ്കാരിക ബോധവും ചോദ്യം ചെയ്യപ്പെട്ടതോടെ വ്യക്തികൾ ഇല്ലാതാവുകയാണ്. പ്രക്ഷോഭം ഇന്നു എഴുത്തുകാരുടേതല്ല, കർഷകരുടേതാണ് ,പ്രകൃതി സ്നേഹികളുടേതാണ്. തൊഴിലാളികൾക്കു പോലും ഇപ്പോൾ പ്രക്ഷോഭമില്ല.അവർ മാസങ്ങൾക്ക് മുന്നേ അറിയിച്ച ശേഷമാണ് ഒരു ദിവസം സമരം ചെയ്യുന്നത്. ലഹളകൾക്ക് ഇടമില്ലാത്ത വിധം രാഷ്ട്രങ്ങൾ എല്ലാറ്റിനെയും ജനാധിപത്യപരവും നിയമപരവുമാക്കി. സ്വാതന്ത്യം സൂപ്പർ മാർക്കറ്റിലുണ്ട്. മൊബൈൽ ഫോണിലുണ്ട്. സ്വാതന്ത്യം കൊണ്ട് വേറെന്ത് ചെയ്യും ?

സ്വാതന്ത്ര്യം ആഗ്രഹിക്കുന്നില്ല 

വിമർശനങ്ങൾ എല്ലായിടത്തും പിൻ വാങ്ങിക്കഴിഞ്ഞു .ആശയപരമായ വിയോജിപ്പുകൾ പോലും അപ്രസക്തമാവുകയാണ് .സാഹിത്യകൃതിയുടെ പ്രമേയമോ ചിന്താപരമായ വാദങ്ങളോ ആരും തന്നെ ശ്രദ്ധിക്കുന്നില്ല .ഒരു ഉല്പന്നമായാണ് കൃതിയുടെ നിലനില്പ്. അതിനു പുരസ്കാരമോ പണമോ കിട്ടുകയാണെങ്കിൽ ആ ഉല്‌പന്നം വിജയിച്ചു. ഇന്ന് വിട്രിഫൈൽഡ് ടൈൽസ് പോലെയാണ് സാഹിത്യകൃതിയും .ടൈൽസ് നല്ലപോലെ വിൽക്കപ്പെടുകയാണെങ്കിൽ അതിനു സ്വീകാര്യതയുണ്ട്. ടൈൽസിൻ്റെ ഉള്ളടക്കം എന്നുപറയുന്നത് ചിന്തിക്കേണ്ടതില്ല. മറിച്ച് അതിൽ ചെയ്തുവച്ചിരിക്കുന്ന ഡിസൈൻ പ്രധാനമാണ് .ഡിസൈനാണ് അതിൻ്റെ ഉള്ളടക്കം. ദസ്തയെവ്സ്കിയുടെ 'കരമസോവ് സഹോദരന്മാർ' എന്ന നോവലിൽ ഐവാനും അല്യോഷയും തമ്മിലുള്ള ചർച്ച 'മഹാനായ മതദ്രോഹവിചാരകൻ 'എന്ന അധ്യായത്തിൽ കാണാം. ഐവാൻ ഗദ്യത്തിൽ എഴുതിയ ഒരു കവിതയാണത്. ആ കവിത വായിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുകയാണ്. വിക്തർ യൂഗോവിൻ്റെ കാലത്ത് എഴുതപ്പെടുന്ന ഒരു കവിതയായി സങ്കല്പിച്ചുകൊണ്ടാണ് ഐവാൻ അതവതരിപ്പിക്കുന്നത്. ആ കാലത്ത് ദേവന്മാർ രംഗത്തു വരുന്ന 
നാടകങ്ങളും രചനകളും സാർവത്രികമായിരുന്നു. ഐവാൻ്റെ കൃതിയിൽ യേശുക്രിസ്തു ജനങ്ങളുടെയിടയിലേക്ക് വരുകയാണ്. മരിച്ച് ശവപ്പെട്ടിയിൽ കിടക്കുന്ന ഒരു കുട്ടിയെ ,ആളുകളുടെ അപേക്ഷ പരിഗണിച്ച് യേശു ഉയിർപ്പിക്കുന്നു. 
ഇത് കണ്ടു നിന്ന മതദ്രോഹവിചാരകൻ യേശുവിനെ ഒരു കാരാഗൃഹത്തിൽ കൊണ്ടുപോയി വിചാരണ ചെയ്യുന്നതാണ് പ്രമേയം .മതദ്രോഹവിചാരകൻ ക്രിസ്തുവിൻ്റെ മേൽ ചാർത്തുന്ന കുറ്റങ്ങൾ ഇവയാണ്: യേശു മനുഷ്യർക്ക് സ്വർഗ്ഗത്തിലെ അപ്പമാണ് വാഗ്ദാനം ചെയ്തത്. സ്വാതന്ത്ര്യം കൊടുക്കാമെന്ന് പറഞ്ഞെങ്കിലും അപ്പം കൊണ്ടു മാത്രമല്ല ജീവിക്കുന്നതെന്ന് പറഞ്ഞ് അവരെ പിന്തിരിപ്പിച്ചു. പിന്നീട് ജനങ്ങൾ ഒറ്റപ്പെടുകയായിരുന്നെന്ന് മതദ്രോഹവിചാരകൻ അറിയിക്കുന്നു. അവരെ യേശുവിൻ്റെ പേരിൽ തങ്ങൾ അടിമകളായി ഏറ്റെടുക്കുകയായിരുന്നു. അവർക്ക് പോകാൻ വേറെ ഇടമില്ലായിരുന്നു. അവർ ഇനി യേശുവിനെ സ്വീകരിക്കുകയില്ലത്രേ .

എഴുത്തുകാരന് ഇന്ന് ഇങ്ങനെ എഴുതാനുള്ള  സ്വാതന്ത്യം പോലുമില്ല ;അതിൻ്റെ ആവശ്യമില്ല. സാമൂഹ്യജീവിതത്തിൽ സ്വാതന്ത്ര്യം അമൂർത്തമായ ഒരു അനുഭവമാണ്. ഒരാൾ ശരിക്കും സ്വതന്ത്രനാവുന്നത് അയാൾക്ക് ജീവിതത്തിലെ ഭൗതികമായ പ്രശ്നങ്ങൾ പൂർത്തീകരിക്കാൻ കഴിയുന്ന സാഹചര്യം വരുമ്പോഴല്ല ;അയാളുടെ അന്തഃകരണത്തിൽ യാതൊന്നിനാലും  തടസ്സപ്പെടാത്ത വിധം സ്വയം ഉണർന്നു വരുമ്പോഴാണ്. മന:ശാസ്ത്രജ്ഞനായ സിഗ്മണ്ട് ഫ്രോയ്ഡ് പറയുന്നത് ഭൂരിപക്ഷവും സ്വാതന്ത്ര്യം ആഗ്രഹിക്കുന്നില്ലെന്നാണ്. എന്താണ് കാരണം ?സ്വാതന്ത്യം എന്നാൽ ഉത്തരവാദിത്തമാണ്. ഭയം കാരണം ഉത്തരവാദിത്തമേറ്റെടുക്കില്ല. സൈബർ ഇടങ്ങളിൽ ഇപ്പോൾ കാണുന്നത് ഈ പ്രച്ഛന്ന സ്വാതന്ത്ര്യമാണ്. മറഞ്ഞിരുന്ന് ,സ്വന്തം വിവരങ്ങൾ ഒളിപ്പിച്ചുകൊണ്ട് പ്രതികരിക്കുന്നത് സ്വാതന്ത്യമാണോ ? അടിമത്തത്തെ സ്നേഹിക്കുന്നവരെ സ്വതന്ത്രരെന്ന് വിളിക്കാമോ ? മഹാനായ പ്രവാചകൻ വരുമെന്നു കരുതി മിണ്ടാതിരിക്കുന്നവൻ സ്വതന്ത്രനാണോ ?

No comments:

Post a Comment