Wednesday, July 6, 2022

വാൻഗോഗിൻ്റെ കാക്കകൾ /അക്ഷരജാലകം



എം.കെ.ഹരികുമാർ




മനുഷ്യർക്ക് സൗന്ദര്യാനുഭവം ഇപ്പോൾ നിർമ്മിച്ചു നല്കുന്നത് ഡിജിറ്റൽ പ്ളാറ്റ്ഫോമുകളാണ്. എല്ലാവർക്കും ഒരു സ്റ്റാൻഡേർഡ് കലാകാരനും കലാകാരിയുമാകാൻ ഇൻസ്റ്റഗ്രാമും ഫേസ്ബുക്കുമെല്ലാം പ്രത്യേക പേജുകൾ ഉണ്ടാക്കിവച്ചിരിക്കുകയാണ്.  ഒരു അക്കൗണ്ട് തുറന്നാൽ മതി, കലാകാരനാകാം. ഏത് മങ്ങിയ ഫോട്ടോയും ഇൻസ്റ്റഗ്രാമിൽ പ്രത്യേക മൂല്യം ഉത്പാദിപ്പിച്ചു മിന്നിക്കും. ഫോട്ടോഗ്രാഫിനു ഫോക്കസോ കളറോ വേണമെന്നില്ല.അതെല്ലാം ഇൻസ്റ്റഗ്രാമിൻ്റെ നിർമ്മിത ബുദ്ധി നോക്കിക്കൊള്ളും .നമുക്ക് ബുദ്ധിയില്ലെങ്കിൽ ആ മെഷീൻ അത് സഹിക്കും, പൊറുക്കും .ബുദ്ധി വേണമെന്നു തന്നെയില്ല;നമുക്ക് വേണ്ടി ബുദ്ധി പ്രവർത്തിപ്പിക്കാൻ കൃത്രിമ ബുദ്ധികേന്ദ്രങ്ങൾ സദാസജ്ജമാണ്, അത് നമക്ക് വേണ്ടി ചിന്തിക്കുകയാണ് .ഒരു പോസ്റ്റ് ഇട്ടതിൻ്റെ ക്ഷീണവും അമ്പരപ്പും മാറ്റാൻ വീണ്ടും വീണ്ടും പോസ്റ്റ് ഇട്ടുകൊണ്ടിരുന്നാൽ മതി. ഒരു രോഗം ശമിക്കുന്നത് അതേ രോഗം കൊണ്ടു തന്നെയാണെന്ന സിദ്ധാന്തമാണിത്. കാരണം ,രോഗം തന്നെയാണ് മരുന്ന്. രോഗം ഇല്ലാതാവുന്നില്ല. അപ്പോൾ അത് സാധാരണ അവസ്ഥമാത്രമാണെന്ന് തിരിച്ചറിയാൻ ശരീരം തയ്യാറാവുകയാണ് ,മനസ്സും .രോഗം ഒരു സുഖമാവുന്നത് അതിൽ നിന്ന് രക്ഷപ്പെട്ട് എങ്ങും പോവാനില്ലത്തതു കൊണ്ടാണ്. 

അമെരിക്കയിലെ പ്രസിദ്ധമായ മാർജിനാലിയ ബ്ളോഗിൻ്റെ സ്ഥാപക മരിയ പൊപോവ ഏതാനും മാസങ്ങൾക്ക് മുൻപ് എഴുതിയ പുസ്തകമാണ് 'ഫിഗറിംഗ് '.മനുഷ്യവംശത്തിനു നഷ്ടപ്പെട്ട ആന്തരികമൂല്യങ്ങൾ വീണ്ടെടുത്തു തരുന്ന ഈ കൃതി വിചാര ജീവിതത്തിനു ആഴം നല്കുകയാണ്. 
പുസ്തകത്തിൻ്റെ ആമുഖത്തിൽ അവർ സൂചിപ്പിക്കുന്നത് ഇങ്ങനെ യാണ്. നമ്മുടെ ജീവിതം നാം ചെലവഴിക്കുന്നത് എവിടെയാണ്, നമ്മൾ അവസാനിപ്പിക്കുന്നത് എവിടെയാണ് ,ബാക്കി ലോകം എവിടെ തുടങ്ങുന്നു എന്നീ കാര്യങ്ങൾ വേർതിരിക്കാനാണ് നാം ജീവിക്കുന്നത് .

ജീവിതത്തിൻ്റെ ഒരു നിശ്ചലദൃശ്യത്തെ നാം പിടിച്ചെടുക്കുന്നത് അസ്തിത്വത്തിൻ്റെ ഏകകാലങ്ങളിൽ നിന്നാണ് .ഒരേ സമയത്ത് എല്ലാമായിരുന്നുകൊണ്ടാണ് നാം സ്വന്തം രൂപപരത സൃഷ്ടിക്കുന്നത് .ഒരേ സമയം നാം പലയിടത്താണ്. ഇന്നത്തെ ഉത്തര- ഉത്തരാധുനിക, മനുഷ്യാനന്തര ,കൃത്രിമ ബുദ്ധി, പ്രതീതിലോകത്ത് നമുക്ക് സ്ഥലകാലങ്ങളുടെ തടവറയിൽ കഴിയേണ്ടതില്ല .ഒരേ സമയം നമുക്ക് അനേകം അസ്തിത്വങ്ങളുണ്ട്.  വിദേശത്തുള്ള ഒരു സുഹൃത്തിനോട് ചാറ്റ് ചെയ്തു കൊണ്ട് ,ഭാവനയിൽ മുഴുകിക്കൊണ്ട് നമുക്ക് തൊട്ടടുത്തുള്ള ഒരാളോട് വഴക്കടിക്കാം. ഒരാളെ വെറുത്തുകൊണ്ട് വിദൂരത്തുള്ള മറ്റൊരുവളോട് കുശലം പറയുന്നവൻ ,ആധുനിക വിർച്ച്വൽ ലോകത്തിൻ്റെ മാന്ത്രികജീവിതത്തെ അനുഭവിക്കുകയാണ്. ബസ്സിൽ യാത്ര ചെയ്തുകൊണ്ട് അടുത്തുള്ളവനോട് സംസാരിക്കുന്നതിനിടയിൽ തന്നെ നമുക്ക് പല വാട്സപ്പ് ഗ്രൂപ്പുകളിലൂടെ  രണ്ടായിരം പേർക്കെങ്കിലും വിലപ്പെട്ട സന്ദേശങ്ങൾ കൈമാറാം, ജോലി ചെയ്യാം. നമ്മുടെ സുഹൃത്തുക്കൾ നമ്മെ വേറെ ലെവലിൽ അനുഭവിച്ചു കൊള്ളും .എല്ലായിടത്തും പല രൂപങ്ങളായി നാം ജീവിക്കുകയാണ്. ശരീരം ഇല്ലാതെ തന്നെ അസ്തിത്വം നിലനില്ക്കുകയാണ്‌. 

ശതകോടി സംവേദനങ്ങൾ

'ചരിത്രം എന്നു പറയുന്നത് സംഭവിച്ച കുറെ കാര്യങ്ങളല്ല; യാദൃച്ഛികതയുടെയും വിധി തീർപ്പിൻ്റെയും  കപ്പൽച്ചേതങ്ങളിൽനിന്ന് അതിജീവിച്ചു വരുന്നതാണ് ' -പൊപോവ എഴുതുന്നു. നമുക്ക് പഠിക്കാനുള്ള കുറെ പാഠങ്ങളല്ല ജീവിതം; അല്ലെങ്കിൽ ലോകം .നമ്മൾ കാണാത്ത ശതകോടി സംവേദനങ്ങൾ ഒരു നിമിഷത്തിൽ  സംഭവിക്കുന്നുണ്ട്. അതിൽ  ഒന്നോരണ്ടോ, ചില അറിവുകൾ യാദൃശ്ചികമായി തന്നേക്കാം .ചരിത്രം പുസ്തകത്തിലാക്കി വയ്ക്കുന്നത് ഒരു ഭാഗിക വീക്ഷണം മാത്രമാണ് .

എന്താണ് യാദൃശ്ചികതയുടെയും വിധി തീർപ്പിൻ്റെയും കപ്പൽച്ചേതങ്ങളിൽ നിന്ന് അതിജീവിച്ചു വരുന്നത്? ചില വിധിതീർപ്പുകൾ കാലഹരണപ്പെടും. മൂല്യചിന്തകൾ അസ്ഥാനത്തായിരിക്കും. പുതിയ ആലോചനകളിലൂടെ , നഷ്ടപ്പെട്ട ലോകങ്ങൾ വീണ്ടെടുക്കാം.
അതും ചരിത്രമാണ്.

'ചില സത്യങ്ങൾ, സൗന്ദര്യം പോലെ,  പ്രകാശിതമാകുന്നത് നമ്മുടെ  രൂപവത്ക്കരണത്തിലൂടെയാണ്, അർത്ഥനിർമ്മിതിലൂടെയാണ് ' - അവർ എഴുതുന്നു. എന്താണ് മരിയാ പൊപോവയുടെ ഫിഗറിങ്? അത് അർത്ഥനിർമ്മിതിയാണ്,  ആത്മരൂപീകരണമാണ്. മനുഷ്യൻ ഒരാശയമാണ്; അത് ഒരു നിമിഷത്തിൽ സംഭവിക്കുന്നതല്ല .നാം നിർമ്മിച്ചെടുത്താലേ എന്തും നിലനിൽക്കുന്നുള്ളു .നമ്മൾ തന്നെ ഒരു ആശയമാകുന്നത് ബോധത്തിൽ അങ്ങനെ ചിന്തിക്കുന്നതുകൊണ്ടാണ്. ജീവിതം എന്നു പറയുന്നത് ജീവചരിത്രത്തിൻ്റെ കള്ളികളിലല്ല പരിശോധിക്കേണ്ടത്.

'ജീവിതങ്ങൾ മറ്റു ജീവിതങ്ങളുമായി ഇഴചേർത്ത് നെയ്തെടുക്കപ്പെടുന്നു'. ഒരാൾ നമ്മെ സ്നേഹിക്കുമ്പോൾ  അസ്വസ്ഥത തോന്നുന്നുണ്ടെങ്കിൽ അതിൻ്റെയർത്ഥം നമ്മുടെ ബോധത്തിൽ അങ്ങനെയൊരു ചിന്ത കടന്നുവരാത്തതുകൊണ്ടാണ്. സ്നേഹിക്കുന്നുണ്ടെന്നു  ചിന്തിക്കുന്നതു വരെ നമ്മെ ആരുടെയും സ്നേഹം സ്പർശിക്കുകയില്ല .എല്ലാ ജീവിതങ്ങളിലും മനോഹാരിതയുണ്ട്. ആയിരം അടി താഴ്ചയിലേക്കു ചെരിഞ്ഞ് മുഖാമുഖം നിൽക്കുന്ന ഒരു ശോഷിച്ച മരക്കൊമ്പിൽ ഒരു കുരങ്ങൻ തൻ്റെ കുഞ്ഞിനെയുംകൊണ്ട് കയറിയിരിക്കുന്നത് സാഹസമല്ലെങ്കിൽ   മറ്റെന്താണ്?അപായക്കളി എല്ലാ മൃഗങ്ങൾക്കും പ്രിയങ്കരമാണ്. 'മനോഹരമായ ജീവിതങ്ങൾ ഒന്നല്ല, അനന്തമാണ് '-പൊപോവ എഴുതുന്നു.

എപ്പോഴെങ്കിലും വീണു പോയേക്കാവുന്ന ഒരഗാധതയെ നോക്കി നിസ്സാരതയോടെ ചിരിക്കുന്ന കുരങ്ങൻ സൗന്ദര്യത്തിൻ്റെ  ഏകാന്തമായ പാതയിലാണ്.സൗന്ദര്യത്തിൻ്റെ അധികവും അദൃശ്യമായ ബന്ധങ്ങളിൽ നിന്നാണ് ഉരുത്തിരിയുന്നത് .അഗാധതകളിൽ  എന്താണെന്ന് അറിയുന്നതിനും  അറിയാതിരിക്കുന്നതിനും ഇടയിലാണ് സാഹസികബുദ്ധിയുടെ നിഷ്കളങ്കത പ്രവർത്തിക്കുന്നത്. സൗന്ദര്യത്തെ അദൃശ്യതയിൽ നിന്ന്  സ്വരൂപിക്കേണ്ടിയിരിക്കുന്നു. സാധാരണ നേത്രങ്ങൾക്ക് മുന്നിൽ സാധാരണ ദൃശ്യങ്ങളായി ഒരു സൗന്ദര്യവും ജനാധിപത്യവത്ക്കരിക്കപ്പെടുന്നില്ല.എന്നും കാണുന്ന യുവതിയോട് വർഷങ്ങളോളം പ്രേമം തോന്നണമെന്നില്ല. എന്നാൽ വളരെ ദുരൂഹമായ ഒരു ദശാസന്ധിയിൽ വിശദീകരിക്കാനാവാത്ത വിധം ചില ഇഷ്ടങ്ങൾ ഉടലെടുക്കുന്നു.ഇത് സൗന്ദര്യമാണ്. അത് ഭാഷയ്ക്ക് അതീതമാണ്. എല്ലാം സവിശേഷമായ മനോസ്പർശങ്ങൾക്കായി  രൂപപ്പെടുന്നതാണ് .അദൃശ്യതയിലാണ്അത് നിലനിൽക്കുന്നത്.

ഗോതമ്പു പാടം 

ഇന്ന് നന്മ എന്നു പറഞ്ഞു കൊട്ടിഘോഷിക്കപ്പെടുന്നതുപോലും അഴിമതിയുടെ പ്രദർശനശാല യാവുകയാണ്. അതിൻ്റെ പിന്നിൽ നന്മയുടെ അർത്ഥം വ്യതിചലിക്കപ്പെട്ടിട്ടുണ്ടാകും .സ്വന്തം അദൃശ്യശൂന്യതകളെ ,സ്വാർത്ഥതകളെ, ആർത്തികളെ ,നാണംകെട്ട പൊങ്ങച്ചങ്ങളെ മഹത്വവത്ക്കരിക്കപ്പെടുന്നിടത്താണ്   ഒരു സമൂഹം മൊത്തമായി അഴിമതിയിൽപ്പെടുന്നത്.

വാൻഗോഗ് ഗോതമ്പ് പാടങ്ങളിൽ കണ്ടത് (വീറ്റ് ഫീൽഡ് വിത്ത് ക്രോസ്),സഹസ്രാബ്ദങ്ങളിലെ ഒരേയൊരു കാഴ്ചയാണ് .ഗോതമ്പു പാടത്തിൽ അദൃശ്യമായിരുന്നതാണത്. ഒരു യഥാർത്ഥ ഗോതമ്പുപാടവും ആ സൗന്ദര്യത്തെ ഉദാഹരിക്കുകയില്ല. കാക്കകളെ നാം ധാരാളം കണ്ടിട്ടുണ്ടെങ്കിലും വാൻഗോഗിൻ്റെ കാക്കകൾ അദൃശ്യതയിൽ നിന്നാണ് വരുന്നത്. ആ കാക്കകൾ കലാകാരൻ്റെ ആത്മഘടകങ്ങളാണ്. മറ്റൊരു രീതിയിൽ പറഞ്ഞാൽ ആത്മ രൂപീകരണമാണ്. അത് അസുലഭമായ സൗന്ദര്യത്തിൻ്റെ മുഖാമുഖമാണ്.  ഏതൊരു വസ്തുവിലും സൗന്ദര്യം കണ്ടെത്തുന്നവനാണ് ജീവിക്കുന്നത്. ഒരു കലാകാരൻ സൗന്ദര്യമാണ് തേടുന്നത്, എപ്പോഴും. അതാണ് അയാളിൽ ആകാംക്ഷ ജനിപ്പിക്കുന്നത്.

മനുഷ്യൻ്റെ പരിധിക്കുള്ളിലുള്ളതിനെയെല്ലാം അനാവരണം ചെയ്യുന്നതിനുള്ള ആകാംക്ഷയാണത് .
'സൗന്ദര്യം ഒരു ഭാഷയായിരിക്കാം. അത് ഉപയോഗിച്ചു രൂപീകരിക്കേണ്ടത് സത്യത്തെയാണ്, ആത്മാവിനെയാണ് ' -പൊപോവയുടെ വാക്കുകൾ .വാൻഗോഗിൻ്റെ കാക്കകളെ അദ്ദേഹം ഏതോ നിമിഷത്തിൽ ആവാഹിച്ചതാണ്. പ്രകൃതി അതിൻ്റെ ആവരണം മാറുന്നത് ഇങ്ങനെയാണ്. നൂറ്റാണ്ടുകളോളം ഒരേ കിടപ്പിൽ കിടന്ന മലകളെ ,ഭൂപ്രകൃതിയെ ചിത്രകാരന്മാർ മറ്റൊരു കാഴ്ചയിലേക്ക്, സൗന്ദര്യത്തിലേക്ക് വീണ്ടെടുക്കുന്നത് ഈ സാഹചര്യത്തിലാണ് മനസ്സിലാക്കേണ്ടത് .അമെരിക്കൻ പെയിൻ്റർ തോമസ് മൊറാൻ വരച്ച 'ദ് ഗോൾഡൻ അവർ 'എന്ന ചിത്രം മനുഷ്യരാശിക്ക് നോക്കാനായി  ദിവ്യശക്തിയുള്ള കണ്ണുകൾ കൂടി സംഭാവന ചെയ്യുകയാണ് .ആ കണ്ണുകളിലൂടെ നോക്കണം. 
യെല്ലോസ്റ്റോൺ നാഷണൽ പാർക്ക് ഇന്നറിയപ്പെടുന്നത് അത് മോറാൻ ക്യാൻവാസിൽ ആവാഹിച്ചതുകൊണ്ടാണ്. സൗത്ത് ഫ്രാൻസിലെ 'മോണ്ട സെൻറ് വിക്ടോയിർ എന്ന കുന്ന് ഫ്രഞ്ച് പെയിൻ്റർ പോൾ സെസാൻ വരച്ചപ്പോൾ അത് സൗന്ദര്യത്തിൻ്റെ വിസ്ഫോടനമായി ,വിഭ്രമമായി. 

തപസ്സ് 

കാഫ്കയുടെ മനോഹരമായ ഒരു കഥയാണ് 'ജോസഫൈൻ ദ് സിംഗർ',ഓർ ദ് മൗസ്ഫോക്ക്' .   പാട്ടു പാടാൻ കഴിവുള്ള ഒരു എലി മറ്റുള്ളവർക്കിടയിൽ എങ്ങനെ ഒറ്റപ്പെടുന്നുവെന്നാണ് അതിൽ ചിത്രീകരിക്കുന്നത്. 'ഞങ്ങൾ സംഗീതം ഇഷ്ടപ്പെടുന്ന ഒരു വർഗമല്ല ,ഞങ്ങളുടെ ജീവിതം വളരെ കഠിനമാണ്. സ്വച്ഛമായ ശാന്തിയാണ് ഞങ്ങളുടെ സംഗീതം . ഈ ദൈനംദിന സംഗീതത്തിൻ്റെ മുകളിൽ വിദൂരമായ ഒരു തലത്തിലേക്ക് ഉയരാൻ ഞങ്ങൾക്ക് കഴിയില്ല' എന്ന് ഈ കഥയിൽ ഒരെലി പറയുന്നുണ്ട്.
ഇത് മനുഷ്യരാശിക്കും ബാധകമല്ലേ, മറ്റൊരു പരിപ്രേക്ഷ്യത്തിൽ ? നമ്മൾ ഹിംസിക്കുകയും നശിപ്പിക്കുകയും ചെയ്യുമ്പോൾ ,ഏതെങ്കിലുമൊരു ജീവിയുടെ വിഭിന്നവും സമാന്തരവും അതുല്യവുമായ ജീവിതസന്ദേശം കേൾക്കാൻ കഴിയുന്നുണ്ടോ ?
തലയിലേക്ക് ഒന്നും കയറില്ലാത്ത,  ദിശതെറ്റിപ്പോയ ജീവിയാണ് മനുഷ്യനെന്ന് ഭൂമിയിലെ മറ്റെല്ലാ ജീവികൾക്കും ഒരേസ്വരത്തിൽ തലകുലുക്കി സമ്മതിക്കാതിരിക്കാനാവില്ല .കേവലമായ ആനന്ദം നേടാൻ മലമുകളിൽ പോയി തപസ്സ് ചെയ്യേണ്ടിവരുന്നു, മനുഷ്യന് .എന്നാൽ തപസ്സ് ,അതു  മനസ്സിലാക്കാൻ മനുഷ്യർക്ക് പ്രയാസമാണ്. ദൈവം, വേണമെങ്കിൽ അസുരനും വരും കൊടുക്കും തപസ്സ് ഉണ്ടെങ്കിൽ. ദൈവം നിസ്സഹായമാണ് ,തപസ്സിൻ്റെ മുന്നിൽ .കാരണം, ആരുടെ ഭാഗത്തുനിന്നാണ്  ഉണ്ടാകുന്നതെങ്കിലും തപസ്സ് ദൈവത്തിൻ്റെ ഊർജ്ജമായതിനാൽ, അതിനെ ദൈവത്തിനു നിരാകരിക്കാനാവില്ല. അതിൻ്റെയർത്ഥം, എത്ര പതിതനാണ് മനുഷ്യനെങ്കിലും, അവനിൽ സൗന്ദര്യത്തെ നേടാനുള്ള മനസ്സുണ്ടെങ്കിൽ ,അവനു  സ്വാഭാവികമായിത്തന്നെ തപ:ശക്തിയു ണ്ടാവുന്നു എന്നാണ്. അവൻ ദൈവത്തിൻ്റെ അനുഗ്രഹം നേടാൻ യോഗ്യനായിത്തീരുകയാണ്. 

അമെരിക്കയിലെ വഴിമാറി നടന്ന നോവലിസ്റ്റ് റിച്ചാർഡ് ബാക്കിൻ്റെ 'ജോനഥൻ ലിവിംഗ്സ്റ്റൺ സീഗുൾ'  എന്ന ചെറുനോവലിൽ ഇങ്ങനെ പറയുന്നുണ്ട്: 'കൂടുതൽ പക്ഷികളും സാധാരണ പറക്കലിൽ കഴിഞ്ഞു ഒന്നും പഠിക്കാനാഗ്രഹിക്കുന്നില്ല - തീരങ്ങളിൽ നിന്ന് എങ്ങനെ ആഹാരം തേടുകയും തിരിച്ചു കൂട്ടിലേക്ക് പറക്കുകയും ചെയ്യുക എന്നതിനപ്പുറം'. അവയെ സൗന്ദര്യം ,യാദൃശ്ചികമായെന്നപോലെ  പ്രലോഭിപ്പിക്കുന്നില്ല. അവയ്ക്ക് അത്  അടഞ്ഞ അധ്യായമാണ് .ഒരു നിമിഷം, ഒട്ടും വിചാരിക്കാതെയാണ് സൗന്ദര്യത്തിൻ്റെ രുചിയുടെ വായ്ത്തലയിൽ അതിൽ ഒരെണ്ണം  അമരുന്നത്.

നുറുങ്ങുകൾ

1)ഭാവനയ്ക്കോ ചിന്തയ്ക്കോ ഇടമില്ലാത്ത പഴകിയ കവിതയാണ് കല്പറ്റ നാരായണൻ്റേത്. അദ്ദേഹത്തിൻ്റെ 'ശൂർപ്പണഖ'(മാതൃഭൂമി ആഴ്ചപ്പതിപ്പ്, ഏപ്രിൽ 30) അതിൻ്റെ ഒടുവിലത്തെ ഉദാഹരണമാണ്. രാമരാവണയുദ്ധം നടന്നത് ശൂർപ്പണഖയ്ക്ക് വേണ്ടിയായിരുന്നു തുടങ്ങിയ ശൂന്യമായ പ്രസ്താവനകളാണ് ഇതിൽ നിറയെ. കവിതയുടെ സമീപത്തേക്കൊന്നും ഈ ശൂർപ്പണഖയ്ക്ക് വരാനൊക്കുന്നില്ല. 

2)സ്വന്തം ജന്മദേശത്തെക്കുറിച്ച് ടർക്കിഷ് എഴുത്തുകാരൻ ഒർഹാൻ പാമുക്ക് ഇങ്ങനെ ചിന്തിക്കുന്നു: ' എനിക്ക് ഈ നഗരം (ഇസ്താംബൂൾ) നാശങ്ങളുടെയും സാമ്രാജ്യത്വ കാലത്തെ വ്യാകുലതകളുടെയും ഓർമ്മകളാണ്. ഈ  വ്യാകുലതകളുമായി യുദ്ധം ചെയ്തുകൊണ്ടാണ് ഞാൻ എൻ്റെ  ജീവിതം ചെലവഴിച്ചത്. അല്ലെങ്കിൽ എല്ലാ ഇസ്താംബൂൾകാരെയും പോലെ, അത് എൻ്റേതായി തീർത്തുകൊണ്ട് ' .

3)ആനന്ദൻപിള്ളയുടെ 'സാഹിത്യവിമർശം' മാസികയിൽ വരുന്ന ഖണ്ഡന വിമർശനലേഖനങ്ങൾ പുതിയൊരു പന്ഥാവാണ് .എല്ലാം വിമർശിക്കപ്പെടണം. സാഹിത്യവിമർശകൻ എം. ആർ .ചന്ദ്രശേഖരൻ എം.ടി പൈങ്കിളിയാണെന്ന് (മെയ് ,ജൂൺ എഴുതിയിരിക്കുന്നു! ഇതൊക്കെ അല്പത്തമാണെന്ന് പറയട്ടെ. ചന്ദ്രശേഖരനെ സാഹിത്യബാഹ്യമായ വികാരങ്ങൾ പിടികൂടിയിരിക്കുന്നു. 

4)മലയാള കഥ ഇന്ന് ഏറ്റവുമധികം ആഘോഷിക്കപ്പെടുന്നുണ്ട്. എന്നാൽ പത്ത് വർഷം ആയുസ്സുള്ള ഒരു കഥ പോലും ഇപ്പോൾ പ്രസിദ്ധീകരിക്കപ്പെടുന്നില്ല. 

5)ഒരു സാഹിത്യമത്സരത്തിൽ പോലും നല്ലൊരു കഥയോ കവിതയോ തിരഞ്ഞെടുക്കപ്പെടാത്തതിൻ്റെ മനശ്ശാസ്ത്രം എന്താണ് ? അടുത്ത ഒരു ദശാബ്ദത്തേക്ക് മികവുള്ള ഒരു കഥാകൃത്തോ ,കവിയോ തങ്ങൾക്ക് എതിരാളിയായി വരരുതെന്ന് വിധികർത്താക്കൾ തീരുമാനിക്കുന്നു. ശരാശരിക്കും താഴെയുള്ള പ്രതിഭകൾക്ക് സമ്മാനങ്ങൾ കൊടുക്കുന്നത് മറ്റു ചിലരെ വെട്ടിനിരത്താനാണ്.  

No comments:

Post a Comment