എം.കെ .ഹരികുമാർ
'ഏപ്രിലാണ് ഏറ്റവും
ക്രൂരമായ മാസം
ചത്ത മണ്ണിൽനിന്ന്
ലൈലാക്കുകൾ വിരിയുന്നു
ഓർമ്മയും കൊതിയും
കെട്ടിപ്പുണർന്ന്, ജീവസ്സറ്റ വേരുകളെ
വസന്തമഴകൊണ്ട്
ഉണർത്തി'...
മഹാനായ
അമെരിക്കൻ,ബ്രിട്ടീഷ് കവി ടി.എസ്.എലിയറ്റ് എഴുതിയ 'ദ് വേസ്റ്റ്
ലാൻഡ്'(പാഴ് മണ്ണ്) തുടങ്ങുന്നതിങ്ങനെയാണ്. ലൈലാക്ക് പുഷ്പങ്ങൾ,
പരമ്പരാഗതമായി, ഭൂമിയിലെ വസന്താരംഭത്തെയാണ് സൂചിപ്പിക്കുന്നത്. അതിൻ്റെ
പ്രതീകമാണത്. എന്നാൽ എലിയറ്റ് അതിനെ വിഷാദം, ക്രൂരത, മരണം എന്നിവയോടു
ബന്ധിപ്പിച്ചിരിക്കുന്നു. ലൈലാക്കിനു പോലും വിഷാദം പിടിപെട്ടിരിക്കുന്നു
.എലിയറ്റിൻ്റെ 'പാഴ് മണ്ണ്' പ്രസിദ്ധീകരിച്ചിട്ട് നൂറു വർഷമാകുകയാണ്.
ലോകസാഹിത്യത്തിലെ മഹത്തായ ഒരു ഘട്ടമാണിത്. കഴിഞ്ഞ നൂറു വർഷങ്ങൾക്കുള്ളിൽ
ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ട ഒരു കവിതയുടെ ആത്മീയജീവിതം .433 വരികളുള്ള ഈ
രചന, കവിത എന്ന മാധ്യമത്തെ പുതുക്കിപ്പണിതു. വായനയ്ക്ക് പുതിയ ഉപകരണങ്ങൾ
സംഭാവന ചെയ്തു. ചർച്ചകൾക്കും വിമർശനങ്ങൾക്കുമായി ഒരു പുതിയ വാതിൽ തുറന്നു
കൊടുത്തു. കവിതയുടെ മാധ്യമപരമായ പുനരാലോചനയും സത്താപരമായ പരീക്ഷണവുമാണ് ഇത്
സാധ്യമാക്കിയത്.
1922 ഒക്ടോബർ മാസത്തിൽ
എലിയറ്റിൻ്റെ പത്രാധിപത്യത്തിൽ യു.കെയിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന
'ക്രൈറ്റീരിയ' എന്ന മാഗസിനിലാണ് ഈ കവിത ആദ്യം അച്ചടിച്ചുവന്നത്. പിന്നീട്
അമേരിക്കയിൽ 'ഡയൽ' എന്ന മാഗസിനിലും .താൻ വായിച്ച മഹത്തായ സാഹിത്യവും
തത്ത്വചിന്തയും ദർശനവുമെല്ലാം എലിയറ്റ് കവിതയിലെ വികാരങ്ങളുടെ സൂക്ഷ്മ
സംവേദനങ്ങൾക്കായി ഉപയോഗിച്ചിട്ടുണ്ട്. ആത്മീയതയിലും തത്ത്വചിന്തയിലും മനനം
ചെയ്തുകൊണ്ടാണ് എലിയറ്റ് കവിതയുടെ സൂക്ഷ്മാർത്ഥങ്ങൾ തേടുന്നത് .കവിത
മറ്റൊരു ജീവിതമാണ്. അത് നിശ്ചലമായതിലും മൃതമായതിലും ജീവിതത്തെ തേടുകയാണ്
.ഈ ലോകത്തെ ഉപേക്ഷിക്കാൻ വയ്യാത്തവനാണ് കവി .കാരണം, അവൻ ലോകത്തിൻ്റെ
തിന്മയിലും ദു:ഖത്തിലും സൗന്ദര്യം തേടുകയാണ്. പ്രതീക്ഷയില്ല എന്നു
പറയുമ്പോഴും അവൻ ജീവിതം അതിൻ്റെ ആന്തരികതയിൽ സുന്ദരമായതെന്തോ
സാധ്യമാക്കുന്നതായി ചിന്തിക്കുന്നു.
മന്ത്രോച്ചാരണം
ഉപനിഷത്തും
ജർമൻ തത്ത്വചിന്തയും പഠിച്ച എലിയറ്റ് കവിതയെ ഒരു ഏകാന്തപ്രാർത്ഥനയും
സ്വഗതാഖ്യാനവും മന്ത്രോച്ചാരണവുമാക്കി പുന:സൃഷ്ടിക്കുന്നു. എലിയറ്റിൻ്റെ
കവിത സൂക്ഷിച്ചു വായിച്ചാൽ ഒരു കാര്യം വ്യക്തമാണ്: അദ്ദേഹം കാണുന്ന ഈ ലോകം
ശോകമൂകമാണ്. ഒന്നാം ലോകമഹായുദ്ധത്തിൻ്റെ ക്രൂരതയും മനുഷ്യനിസ്സഹായതയും
അദ്ദേഹത്തെ ആസന്നമായ ഒരു വിപത്തിനെക്കുറിച്ച് നിരന്തരം
ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു. അദ്ദേഹത്തിൻ്റെ മനോനില പോലും തകരാറിലായി.
മനുഷ്യജീവിതം ഒരിക്കലും നേരെയാകില്ല എന്ന് യുദ്ധം
ബോധ്യപ്പെടുത്തിക്കൊടുത്തു. എവിടെയും വിറങ്ങലിക്കുന്ന ചിന്തകൾ
മാത്രം.പ്രതീക്ഷകൾ എങ്ങനെ പാതാളത്തിൽ നിന്ന് കരകയറിവരും?
കവിതയിലെ ഈ വാക്കുകൾ അത് വ്യക്തമാക്കും:
'നിങ്ങൾക്ക് പറയാനോ
ഊഹിക്കാനോ കഴിയില്ല.
തകർന്ന ബിംബങ്ങളുടെ
ഒരു കൂമ്പാരമാണത്.
സൂര്യൻ അവിടെ
ആഘാതമേല്പിക്കുന്നു ,
ഉണങ്ങിയ മരം അഭയം നല്കില്ല.
ചീവീടുകൾ സ്വൈരം തരില്ല .
വരണ്ട കല്ലിൽ ഒരു തുള്ളി
വെള്ളം പോലുമില്ല .
ഈ ചുവന്ന പാറയ്ക്കടിയിൽ
നിങ്ങൾ മാത്രമേയുള്ളൂ
(ചുവന്ന പാറയുടെ താഴെയുള്ള
ഈ നിഴലിലേക്ക് വരുക)
പ്രഭാതനടത്തയിൽ
നിങ്ങളുടെ നിഴൽ പിന്നിലേക്കു പോകുന്നു ,
വൈകുന്നേരമാകട്ടെ അത് നിങ്ങളെ കണ്ടുമുട്ടാനായി മുന്നിൽ വരുന്നു.
കൈക്കുമ്പിളിലെ പൊടിയിൽ
ഞാൻ നിങ്ങൾക്ക് ഭയം കാണിച്ചു തരും'.
എന്താണ്
ഈ ഭയം? കവിതയെ ദൈവവശാസ്ത്രചിന്തയുടെ അടിത്തട്ടിലേക്ക് കൊണ്ടുപോയ
എലിയറ്റിനു പ്രചോദനം ബൈബിളിലെ പഴയ നിയമത്തിലെ സഭാപ്രസംഗകൻ്റെ
വാക്കുകളാണെന്ന് മനസിലാക്കുന്നു. സഭാപ്രസംഗകൻ പറയുന്നു:'എല്ലാം മിഥ്യയാണ്
.എല്ലാം ഒരിടത്തേക്ക് പോകുന്നു .എല്ലാം പൊടിയിൽനിന്നുണ്ടായി, എല്ലാം
പൊടിയിലേക്ക് മടങ്ങുന്നു'. മറ്റൊരിടത്തു സഭാപ്രസംഗകൻ കുറിക്കുന്നത്
ഇങ്ങനെയാണ്:'സൂര്യനു കീഴെ നടക്കുന്ന എല്ലാ പ്രവൃത്തികളും ഞാൻ വീക്ഷിച്ചു
;എല്ലാം മിഥ്യയും പാഴ് വേലയുമത്രേ .വളഞ്ഞത് നേരെയാക്കാൻ ആർക്കും
കഴിയുകയില്ല. ഇല്ലാത്തത് എണ്ണുക അസാധ്യം'. ഈ വാക്കുകളിൽ ലോക ജീവിതത്തിൻ്റെ
വിലാപവും ഫലശൂന്യതനയും ഒരു തത്ത്വചിന്തകൻ്റെ കാഴ്ചപ്പാടിലെന്നപോലെ
പുറത്തുവരികയാണ്. ലോകത്തെ നുണകൾ കൊണ്ട് മൂടി വായനക്കാരനോട് കള്ളം പറയുന്നവർ
കണ്ടേക്കാം. പക്ഷേ എലിയറ്റ് അങ്ങനെയല്ല .അദ്ദേഹം ജ്ഞാനിയാണ്.
ജ്ഞാനത്തിൻ്റെ ഫലമെന്താണ് ?വിഷാദമാണ് .വിഷാദത്തെ അപനിർമ്മിക്കുകയാണ് കവി.
വാക്കുകൾ ,അവസ്ഥകൾ
തന്നിൽ
വന്നുചേർന്നിരിക്കുന്ന ഭാരം മാനവവംശത്തിൻ്റെ മുഴുവൻ മിഥ്യയാണെന്ന് അദ്ദേഹം
നടുക്കത്തോടെ മനസ്സിലാക്കുന്നു. അതിനായി ബിംബങ്ങൾ ഉയിർകൊള്ളുകയാണ്.
മാനസികാവസ്ഥയ്ക്കനുസരിച്ചാണ് കവിതയിലെ വാക്കുകളുടെ നിറം മാറുന്നത്.
വാക്കുകൾ അർത്ഥം മാത്രമല്ല വഹിക്കുന്നത്, അവസ്ഥയുമാണ് .എലിയറ്റ് ഒരു
അഭിമുഖത്തിൽ പറഞ്ഞു: ' ഇന്നത്തെ മനുഷ്യരെ അവരുടെ തനി രൂപത്തിൽ കാണിച്ചു
കൊടുക്കാനാണ് ഞാൻ ശ്രമിക്കുന്നത് .പാഴ്ച്ചെടികൾ മാത്രം വളരുന്ന
തരിശുഭൂമിയിലാകരുത് നമ്മുടെ താമസം. റോസാപ്പൂക്കൾ കാണാനില്ല
;കള്ളിമുൾച്ചെടികൾ മാത്രമാണുള്ളത്. അതുകൊണ്ട് നിങ്ങൾക്ക് പറയാം ,എൻ്റെ കവിത
സമകാല യാഥാർഥ്യത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന്'.
ബ്രിട്ടനിൽ
എലിയറ്റിനെ തുടക്ക കാലത്ത് ആരും ശ്രദ്ധിച്ചില്ല.'ദ് വെയ്സ്റ്റ് ലാൻഡ്'
സ്വന്തം പ്രസിദ്ധീകരണത്തിൽ അച്ചടിക്കേണ്ടി വന്നത് അതുകൊണ്ടാണ്. ഒരു ബാങ്കിൽ
ജോലി ചെയ്തുകൊണ്ടാണ് എലിയറ്റ് തൻ്റെ രചനാപരമായ സുവർണകാലം പിന്നിട്ടത്. ഈ
കവിത ഒന്നാംലോകമഹായുദ്ധത്തിൻ്റെ പശ്ചാത്തലത്തിലാണ് പിറന്നതെങ്കിലും അത്
എവിടെയും എല്ലാ കാലത്തും പ്രസക്തമാണ്. കാരണം, എവിടെയും മനുഷ്യൻ്റെ മനസ്സും
മന:ശാസ്ത്രവും ചോദ്യം ചെയ്യപ്പെടുകയാണ്.
അവനെ ആർക്കും
പ്രവചിക്കാനാവില്ല. അവൻ്റെ ആഗ്രഹങ്ങൾ ആർക്കും മൂടിവെക്കാനാവില്ല
.ആഗ്രഹങ്ങളിൽ ജ്വലിക്കുന്ന അവൻ അതിനായി സകലതും തകർക്കുന്നു. അവൻ്റെ
യുക്തികൾ അവനെതന്നെ പിന്തുടരുകയാണ്, ഭ്രാന്തുപിടിച്ച ഒരു നായയെ പോലെ.അവനു
മാറ്റിക്കളിക്കാൻ യുക്തികൾ മാത്രമേയുള്ളൂ .നഷ്ടപ്പെടലുകൾക്ക് മുകളിൽ
പ്രതീക്ഷയുടെ കൊട്ടാരം പണിയുന്നത് സ്വപ്നദർശികളാണ്.എലിയറ്റ് സ്വപ്ന
ദർശിയാണെങ്കിലും, സഭാപ്രസംഗകനെപോലെ സത്യം പറയാൻ വെമ്പുകയാണ്.
'മനുഷ്യമക്കളുടെയും
മൃഗങ്ങളുടെയും ഗതി ഒന്നുതന്നെ' എന്ന് സഭാപ്രസംഗകൻ പറയുന്നതിൻ്റെ യുക്തി
വിശദീകരിക്കുന്നത് ഇങ്ങനെയാണ്: ഒന്നു ചാകുന്നത് പോലെ മറ്റേതും ചാകുന്നു'.
എലിയറ്റിൻ്റെ കവിതയിലെ വരികൾ:
'ഞാൻ ചിന്തിക്കുന്നു ,
നമ്മൾ എലികളുടെ
ഊടുവഴിയിലാണ്.
അവിടെയാണ് മരിച്ചവർക്ക്
അവരുടെ എല്ലുകൾ നഷ്ടപ്പെട്ടത്'.
മരിച്ചതിൻ്റെ
മഹാത്മ്യം പറയേണ്ടതില്ല. മരിച്ചവരുടെ എല്ലുകൾപോലും എവിടെയുമില്ല?.
എലികളുടെ രഹസ്യമായ യാത്രാപഥങ്ങളിൽ അകപ്പെട്ട മാനവരാശിക്ക് ഇനിയെന്ത് വഴി ?
'ദ് വേസ്റ്റ് ലാൻഡ് 'ഇന്നത്തെ യുക്രെയ്ൻ യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ
വായിച്ചാൽ കൂടുതൽ ആഴത്തിൽ അനുഭവിക്കാനാകും .അവിടെ എന്താണ് സംഭവിക്കുന്നത്?
പിതാവ് കൊല്ലപ്പെടുന്നു, അമ്മയെ ഏതോ രാജ്യത്തെ അഭയാർത്ഥി ക്യാമ്പിലേക്ക്
കയറ്റി അയയ്ക്കുന്നു. മക്കളെ ശത്രുരാജ്യത്തെ സൈന്യം ബലമായി പിടിച്ചു
കൊണ്ടുപോകുന്നു. ഇനി അവർക്ക് ഒരു പുന:സമാഗമം ഉണ്ടാകുമോ? ഉണ്ടായാൽ തന്നെ അത്
എത്രമാത്രം തപ്തവും വിരഹാർദ്രവും കടുത്ത ഓർമ്മകളാൽ
മൂടപ്പെട്ടതുമായിരിക്കും. യാതൊരു സന്തോഷത്തിനും സുഖപ്പെടുത്താനാവാത്തവിധം
മനസ്സ് മുറിവുകളാൽ വിടർന്നു പോയിട്ടുണ്ടാകും. അവിടെയാണ് ഒരു യഥാർത്ഥ കവി
തൻ്റെ പ്രാകൃതമായ ഈണങ്ങൾ വിട്ട് ആത്മാവിനെ നഷ്ടമാക്കി കാണിക്കുന്നത് .
പുല്ലുകൾ പാടുന്നു
'എന്താണ് അന്തരീക്ഷത്തിൽ
ഉയർന്നു വരുന്ന ആ ശബ്ദം ? അമ്മമാർ കരഞ്ഞു
പിറുപിറുക്കുന്നു '.
യുദ്ധം
ദുർഗന്ധമുള്ള ചായത്താൽ തെരുവിൽ വരച്ച ചിത്രങ്ങൾ കബന്ധങ്ങളുടെയും
രക്തത്തിൻ്റേതു മാണ്. കുഴിമാടങ്ങൾക്ക് ഒരു ക്രമവുവുമില്ല. അത് ആരോ
വെപ്രാളത്തിൽ ചെയ്തതാണ് .അവിടെ അമ്മമാരുടെ വിലാപങ്ങൾ
അന്തരീക്ഷത്തിലാണുള്ളത്. ആ കുഴിമാടത്തിനരികിലേക്ക് അവർക്ക്
വരാനൊക്കില്ല.അവർ മനസ്സിൽ നിന്ന് തീ തുപ്പുകയാണ്. ആ തീ വിരഹത്തിൻ്റേതാണ്.
നാഡീരോഗം മൂർച്ഛിച്ച് മനോവിഭ്രാന്തിയിൽ വീണു പോയ ഒരു കാലമുണ്ട് എലിയറ്റിന്.
അതിൽ നിന്ന് മോചനം നേടി വന്ന ശേഷമാണ് 'ദ് വേസ്റ്റ് ലാൻഡ് 'എഴുതിയത്.
'പർവ്വതങ്ങൾക്കിടയിലെ
ജീർണ്ണമായ ഈ ദ്വാരത്തിൽ
മങ്ങിയ നിലാവെളിച്ചത്തിൽ,
ഇടിഞ്ഞുപൊളിഞ്ഞ
ശവക്കല്ലറകൾക്ക് മുകളിൽ
പുല്ലുകൾ പാടുന്നു ,
കപ്പേളകളെക്കുറിച്ച്.
കാറ്റ് തളംകെട്ടിനിൽക്കുന്ന
ശൂന്യമായ കപ്പേളകൾ'
എലിയറ്റിൻ്റെ
ഈ വരികൾ മനുഷ്യരാശി ചെന്നുപെട്ടിരിക്കുന്ന പ്രതിസന്ധിയുടെ ആഴം
വ്യക്തമാക്കുന്നത്;നിരാശ്രയത് വത്തിൻ്റെയും ശൂന്യതയുടെയും കത്തിമുനകൾ.
ചരിത്രപരവും
സാംസ്കാരികവുമായ പ്രതിബന്ധങ്ങൾ ഇനിയൊരു അതിജീവനത്തിന് സാധ്യതയില്ലാത്തവിധം
ജീവിതം സങ്കീർണമാക്കിയിരിക്കുന്നു. മൂല്യപരമായ അവ്യവസ്ഥ എത്ര
വേദനിപ്പിക്കുന്നതാണ്!. യാതൊന്നിനും വ്യവസ്ഥയില്ലാതായിരിക്കുന്നു .ഭൂതകാലം
നമ്മളിൽ നിന്ന് വേർപെട്ടു പോവുകയാണ് .യാതനയും പ്രായശ്ചിത്തവും
ത്യാഗവുമായിരുന്നു പഴയകാലത്ത് നിന്നു നമ്മെ ഇവിടെ എത്തിച്ചതെങ്കിൽ ,ഇനി
എന്താണ് സഹായത്തിനായി എത്തിച്ചേരാനുള്ളത്? നിർവ്വികാരതയും നിഷ്ക്രിയത്വവും
മരണത്തിലെ ജീവിതവുമാണ് 'ദ് വേയ്സ്റ്റ് ലാൻഡ്' എന്ന് ഇംഗ്ലീഷ് വിമർശകനായ
സ്റ്റീഫൻ സ്പെൻസർ പറഞ്ഞത് അഗാധമായ വെളിപ്പെടുത്തലാണ്. നിരാലംബതയിൽ നിന്ന്
,മൃത്യുവിൽ നിന്ന് വീണ്ടും ജനിക്കാനാണ് നമ്മുടെ മുഴുവൻ ശ്രമവും ആവശ്യമായി
വരുന്നത് .
കവിത ഒരാളുടെ വ്യക്തിത്വത്തിൽ
നിന്നുള്ള മോചനമാണെന്ന് എലിയറ്റ് പറയുന്നുണ്ട്. അതിനർത്ഥം ബാഹ്യമായ
വ്യക്തിത്വത്തെ ഉപേക്ഷിച്ച് ആന്തരികവും അഗാധവുമായ വികാരങ്ങളിലേക്ക്
പോകണമെന്നാണ്. ഉയർന്ന ഉദ്യോഗസ്ഥനോ ,പ്രശസ്ത നോ ആയിട്ടുള്ള വ്യക്തി
എഴുതുമ്പോൾ അതെല്ലാം ഉപേക്ഷിക്കേണ്ടേതുണ്ട്; തൻ്റെ വ്യക്തിത്വവും പദവിയും
സാമൂഹികമായ സ്ഥാനവും കവിതയ്ക്കാവശ്യമില്ലെന്ന് അറിയണം.
ആന്തരികാവസ്ഥയെ
അറിയാൻ കവി സ്വയം പാകപ്പെടണം. അവിടെയാണ് കവിതയുള്ളത്. 'പാഴ് മണ്ണ്
ആത്മാവിൻ്റെ കപട വസ്ത്രം അഴിച്ചു വച്ച് വായിക്കേണ്ട കവിതയാണ്.
No comments:
Post a Comment