ദാദായിസം മുതൽ ഡാറ്റായിസം വരെ
ഇരുപതാം
നൂറ്റാണ്ടിൻ്റെ ആദ്യപാദത്തിൽ കലാരംഗത്തുണ്ടായ വിസ്ഫാടനാത്മകമായ
പ്രതിഷേധവും ചെറുത്തുനില്പുമാണ് ദാദായിസം . വ്യവസ്ഥാപിതമായ സമൂഹത്തിന്റെ
യുക്തിയും ശാസ്ത്രവും സദാചാരവും വിധ്വംസകമായ വിധം അലങ്കോലമായിത്തീർന്നതും
മുതലാളിത്ത ലോകത്തിൻ്റെ അഭിരുചികൾ വിനാശകരമായി അധ:പതിച്ചതുമാണ്
ദാദായിസ്റ്റുകൾ ചൂണ്ടിക്കാണിച്ചത്. അതിനു പകരം അവർ എതിർപ്പിൻ്റെയും
സ്വാതന്ത്ര്യത്തിൻ്റെയും പുതിയ കല സൃഷ്ടിച്ചു. കലയിലെ ആധുനികത അതിലൂടെ
നിർവ്വചിക്കപ്പെട്ടു. ഫ്രഞ്ച് കലാകാരൻ മർസൽ ദുഷാം സ്ഥാപിച്ച 'ഫൗണ്ടെൻ' എന്ന
യൂറിനൽ പ്രതിഷേധിക്കുന്നവരുടെയും കൂട്ടുപിരിയുന്നവരുടെയും
കലാപകാരികളുടെയും കലാപ്രവർത്തനങ്ങളുടെ പ്രതീകമാകുകയായിരുന്നു.സാമ്പ്രദായിക
കലയെ അത് വെല്ലുവിളിക്കുകയും ചെറുക്കുകയും ചെയ്തു. ഡാവിഞ്ചിയുടെ
പ്രസിദ്ധമായ 'മോണാലിസ'യിൽ പോലും ദുഷാം ഇടപെട്ടു .മീശയും
കുറ്റിത്താടിയുമുള്ള മോണാലിസയെ പോസ്റ്റുകാർഡിൽ അവതരിപ്പിച്ചുകൊണ്ട് തൻ്റെ
അസംബന്ധത്തെ ദുഷാം കൂടുതൽ പ്രകോപനപരമാക്കി.
ദുർഗ്രഹമായ
കലാവതരണത്തിന്റെ ന്യായീകരണം ഇതായിരുന്നു: അവർ വ്യവസ്ഥാപിത
കലാമൂല്യങ്ങളുടെയും അർത്ഥോല്പാദന രീതികളുടെയും പതിവു വഴക്കങ്ങളെ
നിരർത്ഥകമാക്കുകയും നിരസിക്കുകയും ചെയ്തുകൊണ്ട് അതിനെതിരായ ഒരു യുക്തി
കണ്ടെത്തുകയായിരുന്നു. യുക്തിയുടെയും പരിമിതിയുടെയും തടവറയിൽ നിന്ന്
സ്വാതന്ത്ര്യത്തിന്റെയും നിഷേധത്തിന്റെയും വ്യക്തിത്വത്തിന്റെയും
തലത്തിലേക്ക് കലാകാരൻ കൂടുമാറാൻ ആഗ്രഹിച്ചു.കലാകാരൻ ഒരു സാമൂഹിക
സ്ഥാപനമല്ല, എല്ലാ സ്ഥാപനങ്ങളെയും എതിർക്കന്ന ഏകാന്തശബ്ദമാണെന്ന് അവർ
വ്യാഖ്യാനിച്ചു. എന്നാൽ ദാദായിസത്തിന്റെ ആ കാലം നല്കിയ ആശയപരമായ ധ്രുവം
ഇപ്പോൾ ഒരു വശത്തേക്ക് മാറ്റപ്പെട്ടു. ന്യൂനപക്ഷത്തിൻ്റെ കലാവാസന എന്ന
നിലയിൽ അതിൻ്റെ ചലനങ്ങൾ ഇപ്പോഴുമുണ്ടാകാം. അതേസമയം ആ കലാപങ്ങൾ ,വിശാലമായ
കാലയളവിൽ കൂടുതൽ സാമാന്യവത്ക്കരിക്കപ്പെട്ടു. അന്നത്തെ കലാപങ്ങൾ ഇന്ന്
മനുഷ്യസമൂഹങ്ങളെ ,ഹൃദയങ്ങളെ ചലിപ്പിക്കാനാവാത്ത വിധം പുതിയ
സാമ്പ്രദായകത്വമായിരിക്കുന്നു.
ഇപ്പോൾ
ഉപഭോക്താക്കൾ, ദാതാക്കൾ, പ്രേക്ഷകർ ,കാണികൾ ,ഗാർഹിക പ്രേക്ഷകർ തുടങ്ങിയ
പേരുകളിൽ അറിയപ്പെടുന്ന ഒരു പുതിയ വർഗ്ഗം ഉദയം ചെയ്തിരിക്കുന്നു. അവരാണ്
എല്ലാം നിയന്ത്രിക്കുന്നത് .പ്രമുഖ നരവംശശാസ്ത്രജ്ഞനും തത്ത്വചിന്തകനുമായ
നോവാ ഹരാരി ഒരു പ്രഭാഷണത്തിൽ പറഞ്ഞത് റഷ്യൻ സർക്കാർ ഔദ്യോഗികമായി
നിർദ്ദേശിച്ചാൽ പോലും ഇന്നത്തെ വിപണിയിൽ ഒരു കാർ കമ്പനിക്ക്
മുന്നേറാനാവില്ലെന്നാണ് .കാരണം, ഉപയോക്താക്കൾക്ക് ഇഷ്ടപ്പെടണം.
സർക്കാരുകൾ
പറയുന്നതുകൊണ്ട് ഒരു സാധനവും വിറ്റുപോകില്ല. ഒരു ഭരണകൂടം കഴിക്കാൻ
നിർദ്ദേശിക്കുന്ന ബ്രെഡ് സൂപ്പർമാർക്കറ്റിൽ വൻ വിജയമാകില്ല. ഉപയോക്താക്കൾ
ഒരു സാധനം വാങ്ങുന്നതിന് ആശ്രയിക്കുന്നത് വേറെ മാനദണ്ഡങ്ങളാണ്. അവർ
പരസ്യങ്ങളിൽ വിശ്വസിക്കുന്നുണ്ടെങ്കിലും, എല്ലാ പരസ്യങ്ങളെയും
പിന്തുണയ്ക്കുന്നില്ല. അവരുടെ അഭിരുചി അതിവേഗം മാറുന്നതിനെ അവർക്കു പോലും
തടയാനാവില്ല. ഇന്ന് രാവിലെ വാങ്ങിയ ഒരു പാത്രമോ ,വസ്ത്രമോ
,വൈകുന്നേരമാകുമ്പോൾ അപ്രിയമായേക്കാം .ഫാഷൻ മാറുന്നതു മാത്രമല്ല കാരണം
,സമയത്തിൻ്റെ മൂല്യത്തിനനുസരിച്ച് കൂടുതൽ വിഭവങ്ങൾ ആസ്വദിക്കാനുള്ള
താത്പര്യമാണ് പ്രകടമാകുന്നത്. ബഹു ശതം ഉല്പന്നങ്ങൾ
വന്നുകൊണ്ടിരിക്കുകയാണ്.ഈ ഉല്പന്നങ്ങളുടെ മേലുള്ള പങ്കാളിത്തമാണ് പുതിയ
സാമൂഹികത .ഉല്പന്നവുമായുള്ള ബന്ധമാണ് ഒരുവന് അസ്തിത്വം നല്കുന്നത് എന്ന
വിചിത്ര സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. ഭക്ഷ്യവസ്തുക്കളുടെ കാര്യത്തിൽ
ഹോട്ടലുകളും റെസ്റ്റോറൻ്റുകളും മത്സരിക്കുകയാണ്, പുതിയ ഐറ്റം
വിപണിയിലെത്തിക്കാൻ .സ്ഥിരം വിഭവങ്ങൾ കൊണ്ട് ഒരു റെസ്റ്റോറൻ്റിനും ഇനി
നിലനില്പില്ല.
അഭിരുചിയും മാർക്കറ്റും
ഹാരാരി
പറയുന്നത് ,സൗന്ദര്യത്തെ ഉപയോക്താക്കൾ നിർവ്വചിക്കുന്ന കാലം വന്നു എന്നാണ്
.കലാകാരന്മാരും എഴുത്തുകാരും കവികളും നിർവ്വചിച്ച സൗന്ദര്യത്തെ
വിദഗ്ദ്ധരായ കാണികളാണ് സ്വീകരിച്ചിരുന്നത്. കാണുന്നവൻ്റെ കണ്ണിലാണ്
സൗന്ദര്യം .അതുകൊണ്ട് കാണികളുടെ കണ്ണിനെ ആകർഷിക്കുന്നതാണ് പുതിയ വിപണി
മൂല്യം .ഉൽപ്പന്നങ്ങൾ വാങ്ങുന്നവനാണ് ഇന്നത്തെ സാംസ്കാരിക ജീവി. വില
കൊടുത്തു വാങ്ങുന്നവന് വിപണിയിൽ പദവി ലഭിക്കുന്നു. പുതിയ ഉൽപ്പന്നങ്ങളുടെ
,വിനോദങ്ങളുടെ ഉടമസ്ഥാവകാശത്തിലൂടെ സാംസ്കാരിക രംഗത്ത് അവന് കൂടുതൽ
നായകപദവി ലഭിക്കുകയാണ്.
സമൂഹമാധ്യമങ്ങളുടെയും
ഗൂഗിൾ, യാഹൂ സെർച്ച് എൻജിനുകളുടെ കാലത്ത് അഭിരുചികൾ ഒരു മാർക്കറ്റ്
വിഭവമാകുന്നതാണ് നാം കാണുന്നത്. ഇതിനെ ഡാറ്റായിസം എന്നാണ് വിളിക്കുന്നത്.
എല്ലാറ്റിനെയും ഡാറ്റ നിയന്ത്രിക്കുകയാണ് .മനുഷ്യൻ ഒരു ഡാറ്റയാണ്. അവന്റെ
ഇഷ്ടങ്ങൾ മനസ്സിലാക്കുന്ന കൃത്രിമബുദ്ധികേന്ദ്രങ്ങൾ ഇൻറർനെറ്റിലുണ്ട്.
മനുഷ്യശരീരത്തിലേക്ക് കയറിവന്ന് അത് പലതും മനസ്സിലാക്കുന്നു.
വിവരവിപ്ളവത്തിനുള്ള ഒരു ഉപാധി മാത്രമാണ് മനുഷ്യൻ .ഇതുവരെ പുസ്തകം
വായിക്കുന്നത് ഒരു സ്വകാര്യ പ്രവർത്തനമായിരുന്നു. ഏത് പുസ്തകമാണ് നാം
വായിക്കുന്നതെന്ന് മറ്റുള്ളവർ അറിയാതെ നോക്കാമായിരുന്നു. ലൈബ്രറി
രജിസ്ട്രറിൽ വിവരങ്ങൾ ഉണ്ടാകാമെങ്കിലും അതൊരു പൊതുരേഖയല്ലായിരുന്നു
.എന്നാൽ ഇന്ന് പുസ്തകവായന പരസ്യമായ ഒരു രേഖയാണ് .നമ്മൾ പുസ്തകം
വായിക്കുന്നു എന്നത് ശരിയാണ് .എന്നാൽ അതിനേക്കാൾ വ്യത്യസ്തമായ വേറൊരു
വായനയും സംഭവിക്കുന്നുണ്ട്. പുസ്തകം നമ്മെ വായിക്കുകയാണ്. കിൻഡിൽ ,ആമസോൺ
,പി.ഡി.എഫ് തുടങ്ങിയ സംവിധാനങ്ങളിലൂടെ വായനക്കാരൻ പുസ്തകം ഡൗൺലോഡ് ചെയ്തു
വായിക്കുകയാണ്. അതിലൂടെ ഇന്ന് വായനക്കാരൻ്റെ അഭിരുചികൾ ആമസോണിനു ഡാറ്റയായി
ലഭിക്കുന്നു. കിൻഡിലിൽ പുസ്തകം വായിക്കുമ്പോൾ നമ്മുടെ മനോവികാരങ്ങളും
താല്പര്യങ്ങളും അത് നിരീക്ഷിച്ച് ഓർമ്മയായി ശേഖരിക്കുന്നു .നമ്മൾ എപ്പോൾ
ചിരിച്ചു ,കരഞ്ഞു, എത്ര പേജ് വായിച്ചു തുടങ്ങിയ കാര്യങ്ങൾ വരെ അത് ഓർമ്മയിൽ
സൂക്ഷിക്കുന്നു. ആമസോൺ ഉപയോക്താക്കൾ വായനയുടെ വേളയിൽ കൈമാറുന്നത്
വ്യക്തിഗതമായ ഇഷ്ടങ്ങളാണ് .അത് ആമസോണിന്റെ മെമ്മറിയിലേക്ക് പോവുകയാണ്
.നമ്മുടെ അനുവാദം അതിനു ആവശ്യമില്ല. ഏത് തരം പുസ്തകങ്ങളാണ് വായിക്കാൻ
ഇഷ്ടം, ഏതെല്ലാം പുസ്തകങ്ങൾ തിരഞ്ഞു, എത്രനേരം വായിച്ചു, ഏതു പേജിലാണ്
കൂടുതൽ സമയം ചെലവിട്ടത് തുടങ്ങിയ വിവരങ്ങളെല്ലാം അവർ ശേഖരിക്കുന്നു. ഈ
വിവരങ്ങളുടെ അടിസ്ഥാനത്തിൽ നമ്മുടെ താല്പര്യം പിടിച്ചെടുക്കാനായി അവർ
കൂടുതൽ പുസ്തകങ്ങൾ നിർദ്ദേശിക്കുന്നു. പുസ്തകം സെർച്ച് ചെയ്യുമ്പോഴും,
ഈമെയിൽ നോക്കുമ്പോഴും നമ്മുടെ താത്പര്യം അറിഞ്ഞ് അവർ വിഭവങ്ങൾ നിരത്തുകയാണ്
.
മനുഷ്യൻ വെറും ഡാറ്റ
ഒരു
വിപണിയിലേക്ക് നമ്മെ നയിക്കുക എന്ന ഉത്തരവാദിത്വം അവർ ഏറ്റെടുക്കുന്നു.
അവർ നമ്മുടെ മുന്നിലേക്ക് വിപണിയെ കൊണ്ടുവരികയാണ്. ആരെങ്കിലും ഒരു സൈറ്റ്
നോക്കിയാൽ ഗൂഗിൾ സെർച്ച് എഞ്ചിനുകൾ വെറുതെയിരിക്കുന്നില്ല. അവർ അതിൻ്റെ
ഡാറ്റ ശേഖരിക്കുന്നു; ഉപയോക്താവിൻ്റെ മനസ്സ് വായിക്കുന്നു. അങ്ങനെ
രഹസ്യാഭിലാഷങ്ങൾ സമാഹരിക്കുകയാണ്. പിന്നീട് അതുമായി ബന്ധമുള്ള വേറെ
സൈറ്റുകൾ പരിചയപ്പെടുത്തുന്നു .ഇമെയിലിലേക്ക് അത്തരം സൈറ്റുകൾ
എത്തിക്കുന്നു. ഈ സൈറ്റുകൾ സ്ഥിരമായി അയച്ചുതരാനുള്ള ക്രമീകരണം ചെയ്യുന്നു.
നമ്മുടെ നിഗൂഢമായ രുചികൾ തിരിച്ചറിഞ്ഞ് ഇടപെടുകയാണ് അവർ.
ഫേസ്ബുക്കിൽ
നമുക്ക് ഇഷ്ടമുള്ള ഏതെങ്കിലും പാശ്ചാത്യ സൈറ്റുകൾ ലൈക്ക് ചെയ്യുകയാണെങ്കിൽ
അതിനോട് സാമ്യമുള്ളതും അതേ വിഷയങ്ങളുമായി ബന്ധമുള്ളതുമായ ധാരാളം പേജുകൾ
അവർ നമ്മുടെ മുമ്പിലേക്ക് നിരത്തുന്നു.നമ്മുടെ മനസ്സും വികാരവും
വായിച്ചുകൊണ്ടുള്ള ഒരു പെരുമാറ്റമാണ് അവരിൽ നിന്നുണ്ടാകുന്നത്. ഇതാനായി
ഉപയോക്താവിൻ്റെ ഫോട്ടോ സ്കാൻ ചെയ്ത് ഫേയ്സ് പ്രിൻ്റായി സൂക്ഷിക്കുന്നു.
ഫോട്ടോ റികഗ്നിഷൻ സിസ്റ്റം എന്നാണ് ഇതിൻ്റെ പേര്. ഒരുവൻ നെറ്റ്
തുറക്കുന്നതോടെ ഫോട്ടോയുടെ ഫേസ്പ്രിൻ്റ് വച്ച് ഒത്തു നോക്കി അവൻ്റെ നെറ്റ്
ജീവിതചരിത്രം ചികഞ്ഞ് താത്പര്യങ്ങൾ കണ്ടുപിടിക്കുന്നു. ഈമെയിലിലേക്ക്
അത്തരം സൈറ്റുകൾ സ്ഥിരമായി അയച്ചു തരാനുള്ള ക്രമീകരണം ചെയ്യുന്നു. നമ്മുടെ
നിഗൂഢമായ രുചികൾ അനുസരിച്ച് നമ്മെ 'സഹായിക്കുക'യാണ് അവർ. ലോകത്തിൽ നല്ലൊരു
പങ്ക് ആളുകളുടെയും മുഖം ഇൻറർനെറ്റിൽ സൂക്ഷിക്കപ്പെട്ടിരിക്കുന്നു.
സമൂഹമാധ്യമത്തിൽ ഒരാൾ നിക്ഷേപിക്കുന്ന സ്വന്തം ഫോട്ടോകൾ ഡിറ്റയായി
സൂക്ഷിക്കപ്പെടുകയാണ്.
ഇത്
ഒരു വ്യക്തി എന്ന നിലയിൽ നമ്മെ ഇൻറർനെറ്റിൽ തിരയാനുള്ള സാഹചര്യമാണ്
ഒരുക്കുന്നത്. സ്വകാര്യത ഇല്ലാതാവുകയാണ്. വ്യക്തി ഒരു തുറന്ന വിഭവമായി
മാറുന്നു. അത് അവിടെ മായാതെ അവശേഷിക്കുകയാണ്. ആൾക്കൂട്ടത്തിലാണ്
നിൽക്കുന്നതെങ്കിലും നമ്മുടെ മുഖം ഇൻ്റർനെറ്റിൽ ചരിത്രരേഖയായി
കണ്ടെത്തപ്പെടുന്നു. ഇത് ഉപയോക്താക്കളുടെ കാലമാകയാൽ ,എല്ലാ വിവരങ്ങളും
ഡേറ്റയായി കൈമാറ്റം ചെയ്യേണ്ടി വരുന്നുണ്ട് .ഒരു സ്ഥാപനത്തിൽ ചെല്ലുന്നതോടെ
സന്ദർശകൻ്റെ മുഖം നഷ്ടപ്പെടുകയാണ്. കാരണം ,സിസിടിവി ക്യാമറയിൽ മുഖം
പതിയുകയാണ് .മൊബൈൽ ഫോൺ ഉപയോഗിച്ച് പരമാവധി ആനന്ദം നേടാം; ഇതിനു നാം
കൊടുക്കേണ്ട വില സ്വകാര്യത എന്ന മൂല്യമാണ്.
ഫോട്ടോകൾ,
സന്ദേശങ്ങൾ തുടങ്ങിയവ നമ്മെക്കുറിച്ചുള്ള വിവരങ്ങളുടെ ഡാറ്റയായി
മറ്റൊരിടത്തേക്ക് പോകുന്നു. ഓരോരുത്തരുടെയും ഇഷ്ടങ്ങൾ, അഭിനിവേശങ്ങൾ
അനുസരിച്ച് ഏത് വസ്തുവിൻ്റെ ഉപയോക്താവാക്കാമെന്ന് അൽഗോരിതം തീരുമാനിക്കും.
സെക്സ് സ്വന്തം ഇഷ്ടം
പുതിയ
ധ്രുവങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു. രാമപുരത്ത് വാര്യരുടെയോ,
വെണ്ണിക്കുളത്തിൻ്റെയോ നിരണം കവികളുടെയോ സൗന്ദര്യസങ്കല്പമല്ല ഇന്ന്
ഡാറ്റയിൽ ആധിപത്യം നേടുന്നത്; ബഹുസ്വരതയാണുള്ളത്. പലരും പലതാണ് എന്ന
തരത്തിൽ പല ധ്രുവങ്ങൾ ഉണ്ടാകുകയാണ്. ഒരു കാലത്ത് സെക്സിനെപ്പറ്റി പറയാൻ
പോലും അവകാശമില്ലായിരുന്നു.സെക്സ് അധികാരിവർഗത്തിൻ്റെ കൈയിലായിരുന്നു.
പിന്നീട് സമൂഹം അതിന്റെ ആധികാരികവക്താവായി. സെക്സ് ഒരു
സാമൂഹികഉല്പന്നമായിരുന്നു. ഇപ്പോൾ സെക്സ് എന്ന അനുഭവം
വികേന്ദ്രീകരിച്ചിരിക്കുകയാണ്. സ്വവർഗരതിയും ലിംഗമാറ്റ ശസ്ത്രക്രിയ
ചെയ്തവരുടെ രതിയും
ഉഭയലൈംഗികതയും ഇന്നു രാഷ്ട്രങ്ങൾ
പോലും അംഗീകരിച്ചു കഴിഞ്ഞു. ലൈംഗികത ഒരു സാമൂഹ്യനിർമ്മിതിയല്ല, ഇപ്പോൾ.
സമൂഹത്തിൻ്റെ ആജ്ഞയും ശാസനയുമനുസരിച്ച് മാത്രമാണ് ലൈംഗികത നിലനിർത്തേണ്ടത്
എന്ന സങ്കല്പം തകർന്നു. ഇപ്പോൾ വ്യക്തികളാണ് അത് തീരുമാനിക്കുന്നത്.
സ്വന്തം ഇഷ്ടമാണ് സെക്സ് .അതിൽ ലിംഗം, വർഗ്ഗം എന്നിങ്ങനെയുള്ള തരംതിരിവുകൾ
വ്യക്തിയുടെ തിരഞ്ഞെടുപ്പാണ്. പെണ്ണായി ജനിച്ച വ്യക്തിയിൽ
പുരുഷത്വമാണുള്ളതെങ്കിൽ അയാൾക്ക് സ്ത്രീയെ തന്നെ വിവാഹം കഴിക്കാം .അതേസമയം
വിവാഹം ആ വ്യക്തിയുടെ പുരുഷപ്രേമം അവസാനിപ്പിക്കുന്നുമില്ല.
ലൈംഗികമാറ്റ
ശാസ്ത്രക്രിയ , അവയവമാറ്റ ശാസ്ത്രക്രിയ തുടങ്ങിയ വൈദ്യശാസ്ത്ര
കണ്ടുപിടിത്തങ്ങൾ പുതിയൊരു പരിപ്രേക്ഷ്യമാണ് സൃഷ്ടിച്ചിരിക്കുന്നത്.
കാല്പനികത മാറുകയും അതികാല്പനികതയുടെ വ്യക്തിഗത ലോകങ്ങൾ ഉണ്ടാകുകയും
ചെയ്തിരിക്കുന്നു. യാഥാർത്ഥ്യത്തെ തന്നെ പുതിയ കവിതയാക്കിയ
കണ്ടുപിടിത്തമാണിത്. മനുഷ്യശരീരമാണ് മാജിക്കൽ റിയലിസം. അവിശ്വസനീയമായ അതിശയ
യാഥാർത്ഥ്യമാണ് ശരീരം. മനുഷ്യൻ സ്വന്തം ശരീരത്തിൽ തന്നെ വേറൊരാളാകുന്നു.
സ്വന്തം ശരീരത്തിലേക്ക് പരകായപ്രവേശം നടത്തുന്നു. സ്വയം എങ്ങനെ ഭാവന
ചെയ്യുന്നു ,വികാരം കൊള്ളുന്നു എന്നതിനനുസരിച്ച് ലിംഗപരമായ ജീവിതം
തിരഞ്ഞെടുക്കാം .ഈ പ്രക്രിയയിലൂടെ കഴിഞ്ഞ നൂറ്റാണ്ടിലെ സമസ്യയായിരുന്ന
ജാതി, മത, രാഷ്ട്രീയ സ്വത്വങ്ങൾ ഇല്ലാതാവുകയാണ് .
സ്വത്വം പ്രാകൃത ആശയം
സ്വത്വം
ഒരു പ്രാകൃത ആശയമാണിന്ന്. അതുകൊണ്ടാണ് ആ പ്രാചീനമായ സ്വത്വം
പുനരുജ്ജീവിപ്പിക്കുന്നതിനായി ഭീകരപ്രവർത്തനം ഉണ്ടാകുന്നത്. ഇന്ന്
വ്യക്തികൾ അവരെ കാലത്തിനനുസരിച്ച് മാറ്റി പണിയുകയാണ്. സംസ്കാരത്തെ
വ്യക്തിയും വൈദ്യശാസ്ത്രവും ചേർന്ന് നിർവ്വചിക്കുകയാണ്. ശസ്ത്രക്രിയയിലൂടെ
ഒരാൾക്ക് ഇഷ്ടപ്പെട്ട വ്യക്തിത്വം നേടാം ,ഉപേക്ഷിക്കാം. അയാൾക്ക്
അല്ലെങ്കിൽ അവൾക്ക് പാരമ്പര്യത്തിലൂടെ അടിച്ചേൽപ്പിക്കപ്പെട്ട ലിംഗസ്വത്വമോ
,ജാതിസ്വത്വമോ നിരാകരിക്കാവുന്നതാണ് .മനുഷ്യൻ ഒരു പ്രാപഞ്ചിക
ജീവിയാവുകയാണിവിടെ. ഏതു പുസ്തകം വായിക്കണമെന്ന് ശഠിക്കുന്ന അധികാരത്തെയോ,
യൂണിവേഴ്സിറ്റിയെയോ നിരാകരിക്കാൻ കഴിയുന്നിടത്താണ് എൽ.ജി.ബി.ടി
സമൂഹത്തിന്റെ അസ്തിത്വപ്രശ്നങ്ങൾ ഉത്ഭവിക്കുന്നത്.(എൽ.ജി.ബി.ടി
:സ്വവർഗരതിയിൽ താത്പര്യമുള്ളവളെ ലെസ്ബിയൻ എന്നും സ്വവർഗരതിയിൽ
താത്പര്യമുള്ളവനെ ഗേ എന്നും ആണിലും പെണ്ണിലും ലൈംഗിക താത്പര്യമുള്ളവരെ
ബൈസെക്ഷ്വൽ എന്നും ഭിന്നലൈഗികതയുള്ളവരെ ട്രാൻസ്ജെൻഡർ എന്നും
വിളിക്കുന്നു).വ്യക്തികൾ അവരുടെ ലൈംഗികപ്രശ്നങ്ങൾ തിരഞ്ഞെടുക്കുകയാണ് .ഒരു
പെണ്ണായിട്ടോ ആണായിട്ടോ ജീവിക്കണമെന്ന് തീരുമാനിക്കുന്നത് ഒരുവളുടെ
അല്ലെങ്കിൽ ഒരുവൻ്റെ വ്യക്തിപരമായ തിരഞ്ഞെടുപ്പാകുന്നതോടെ പരമ്പരാഗത
സ്വത്വങ്ങൾ അസ്തമിക്കുകയാണ്.
സാഹിത്യരചനയിലോ
,ചിത്രരചനയിലോ അനുഭവിക്കുന്ന അദമ്യമായ ഒരു വികാരമുണ്ടല്ലോ; പ്രമുഖ കവി
റെയ്നർ റിൽക്കെ പറയുന്നുണ്ട് ,നമ്മ എഴുതുന്നതിൽ നിന്ന് ആരെങ്കിലും
വിലക്കുകയാണെങ്കിൽ ആത്മഹത്യ ചെയ്യേണ്ടി വരുമോയെന്ന് സ്വയം
കുമ്പസാരിക്കണമെന്ന്. അത്രയും തീവ്രമായാണ് അദ്ദേഹം സാഹിത്യരചനയെ കാണുന്നത്.
എഴുതാനായില്ലെങ്കിൽ മരിക്കുക തന്നെ. അതുപോലൊരു വികാരമാണ് ഇപ്പോൾ
ലിംഗത്തിൻ്റെ തിരഞ്ഞെടുപ്പിലും ലൈംഗിക ജീവിതത്തിലും പ്രകടമാകുന്നത് .ഈ
സന്ദർഭത്തിൽ പുതിയ എഴുത്തുകാരനു എന്താണ് പറയാനുള്ളത്? ഡാറ്റയുടെയും
അൽഗോരിതത്തിൻ്റെയും ഇടയിൽപ്പെട്ട സ്വതന്ത്രനായ ,അല്ലെങ്കിൽ ഏത് നിമിഷവും
ഹാക്ക് ചെയ്യപ്പെടാവുന്ന സ്വാതന്ത്ര്യത്തിന്റെ അവസ്ഥയെ കൊണ്ടുനടക്കുന്ന ഒരു
മനുഷ്യനെ തുറന്നുകാണിക്കാനാണ് എഴുതേണ്ടത്.
മനുഷ്യാവസ്ഥയിലേക്ക്
കടന്നു ചെല്ലാൻ ഇപ്പോൾ പുതിയ വഴികൾ ലഭിച്ചിരിക്കുന്നു. പുതിയതായി
രൂപപ്പെട്ട ധ്രുവങ്ങൾ അതിനെതിരാണ്. ഫ്രഞ്ച് നോവലിസ്റ്റ് സാർത്ര് 'നോസിയ'
എന്ന നോവലിൽ എഴുതുന്നുണ്ട് , ജീവിതത്തിന് പ്രത്യേകിച്ച് അർത്ഥമൊന്നുമില്ല
;അർത്ഥമുണ്ടാക്കേണ്ടത് നിങ്ങളാണ് .മൂല്യമൊന്നുമില്ല. എന്നാൽ നിങ്ങൾ
തിരഞ്ഞെടുക്കുന്നതിൻ്റെ അർത്ഥമാണ് പ്രധാനമെന്ന്. എഴുത്തുകാരനു
ഡാറ്റായിസത്തിൻ്റെ കാലത്ത് പുതിയ വിഷയങ്ങളുണ്ടാവണം .ജീവിച്ചിരിക്കുന്നു
എന്ന അനുഭവത്തിന് ഇന്നൊരു ഡാറ്റാജീവിതം കൂടിയുണ്ട്. ഭാവിയിൽ എതിരാളുടെയും
കൃത്രിമ ഡിജിറ്റൽ ലൈഫ് സൃഷ്ടിക്കപ്പെട്ടേക്കാം. എന്നാൽ മരിച്ചവർക്ക് വലിയ
സുരക്ഷിതത്വമുണ്ട് .തോപ്പിൽ ഭാസിയുടെയോ, എസ്.എൽ പുരത്തിൻ്റെയോ വാട്സപ്പ്
ഹിസ്റ്ററി ഒരു കമ്പനിയുടെയും ആർക്കീവിൽ ഇല്ലല്ലോ .
No comments:
Post a Comment