Sunday, September 4, 2022

വേഗത്തിൻ്റെ പരീക്ഷണശാലയിൽ /അക്ഷരജാലകം / എം.കെ.ഹരികുമാർ

 

വേഗത്തിൻ്റെ പരീക്ഷണശാലയിൽ 

വേഗത്തിൻ്റെ അടിസ്ഥാനത്തിലാണ് ഇന്നു ജീവിതത്തിൻ്റെ വിജയം നിർണയിക്കുന്നത്. അമ്പതുവർഷം മുമ്പ് വേഗം ഒരു ആവശ്യഘടകമല്ലായിരുന്നു. ഒരു ദിവസത്തിൽ എന്ത് സംഭവിച്ചാലും പുലർച്ചെ വരുന്ന പത്രത്തിലൂടെ അറിയുന്നതായിരുന്നു ശീലം.
അതായിരുന്നു മനുഷ്യൻ്റെ കാലബോധം . ഇപ്പോൾ ആ ശീലത്തിന് മാറ്റമില്ല. എന്നാൽ വേഗത ആ ശീലത്തിൽ  വിള്ളലേൽപ്പിച്ചിരിക്കുന്നു .ലോകത്ത് തൽസമയം എന്തു സംഭവിക്കുന്നുവെന്ന് അറിയിക്കാൻ ലക്ഷക്കണക്കിനു വാർത്താമാധ്യമങ്ങൾ (അച്ചടി മാധ്യമങ്ങൾ ഉൾപ്പെടെ) മുന്നോട്ടുവന്നിരിക്കുന്നു. ഇരുപത്തിനാലു മണിക്കൂറിൽ ഒരിക്കൽ മാത്രം അപ്ഡേറ്റായാൽ മതിയെന്ന കാഴ്ചപ്പാട് മാറി. ഇപ്പോൾ ഓരോ നിമിഷവും അപ്ഡേറ്റാകണം .ഇതാണ് ജീവിതത്തിന്റെ വേഗത. മനസ്സിനെയും ഇത് സ്വാധീനിച്ചിരിക്കുകയാണ്. വേഗതയില്ലെങ്കിൽ മൂല്യമില്ല എന്നാണത്രേ അർത്ഥം .യാത്രയ്ക്ക് വേഗത വേണം .പ്രേമത്തിന് വേഗത വേണം. വാഹനത്തിന് വേഗത വേണം. സന്ദേശങ്ങൾ കൈമാറാൻ ഒരു നിമിഷത്തിൽ കൂടുതൽ സമയം പാടില്ല. ടൈപ്പ് ചെയ്യാൻ വേഗത വേണം. സിനിമയ്ക്ക് വേഗതയില്ലെങ്കിൽ  ആരും കാണില്ല. പാട്ടിനും വേഗത വേണം. ഫാഷനുകൾ അതിവേഗം മാറാനുള്ളതാണ്. ശീലങ്ങൾ പെട്ടെന്ന് മാറുകയാണ്. എന്തിനെയും ഉപേക്ഷിക്കുന്നതിനു മൂല്യമേറുകയാണ് ; അതിനു വേഗത കൈ വന്നിരിക്കുന്നു .പ്രേമിക്കുന്നതിനേക്കാൾ വേഗത്തിൽ പ്രേമം ഉപേക്ഷിക്കുന്നതിനാണിപ്പോൾ വേഗത. അതുകൊണ്ടാണ് പ്രേമിക്കുന്നതുപോലെ തന്നെ പ്രേമത്തിൽ നിന്ന് ഒഴിവാകുന്നതും പ്രധാനമായിരിക്കുന്നത്.

വേഗത കൂടിയതോടെ മഹാമൂല്യമായ കാത്തിരിപ്പ് അപ്രത്യക്ഷമായി. ആധുനികകാലത്ത് വേഗത്തെക്കുറിച്ച് ചിന്തിക്കുകയും എഴുതുകയും ചെയ്യുന്ന ഫ്രഞ്ച് തത്ത്വജ്ഞാനി പോൾ  വിറിലിയോ പുതിയ കാലത്തിലേക്ക്  വിരൽചൂണ്ടുകയാണ്.അദ്ദേഹത്തിൻ്റെ സ്പീഡ് ആൻഡ് പൊളിറ്റിക്സ് ,ദ് ആർട്ട് ഓഫ് ദ് മോട്ടോർ ,ദ് എയ്സ്തെറ്റിക്സ് ഓഫ് ഡിസപ്പിയറൻസ് തുടങ്ങിയ കൃതികൾ  പുതിയ കാലത്തെ വ്യാഖ്യാനിക്കുകയാണ്. സ്പീഡിൻ്റെ ശാസ്ത്രം എന്ന് അർത്ഥം വരുന്ന ഡ്രോമോളജി എന്ന വാക്കു അദ്ദേഹം വികസിപ്പിച്ചതാണ്. 

അടുത്തകാലത്താണ് പോൾ വിറിലിയോയുമായി ആർക്കിടെക്ചർ പ്രൊഫസർ മറിയാനി ബ്രോഷ്  നടത്തിയ സംഭാഷണങ്ങളുടെ പുസ്തകമായ 'ദ് വിൻ്റേഴ്‌സ് ജേർണി' വീണ്ടും വായിച്ചത്. ഏതാനും വർഷങ്ങൾക്കു മുമ്പാണ് ആദ്യം വായിച്ചത്. ഒരിക്കൽ കൂടി  വായിച്ചപ്പോൾ പുതിയ സാഹചര്യത്തിനനുസരിച്ച് അർത്ഥങ്ങൾ വിപുലമാവുകയാണ്. 190 പേജുള്ള  ഈ ഗ്രന്ഥത്തെ നാലു ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഇതിൽ നാലാമത്തെ സംഭാഷണത്തിൽ അദ്ദേഹം യാഥാർത്ഥ്യത്തിൻ്റെ ത്വരിതപ്പെടുത്തൽ (ആക്സിലറേഷൻ ഓഫ് റിയാലിറ്റി) എന്ന ആശയം അവതരിപ്പിക്കുന്നു.ഇത് വേഗത്തിൻ്റെ തന്നെ വിശദീകരണമാണ് .അദേഹം പറയുന്നു: 'പ്രതീതിയാഥാർത്ഥ്യം അഥവാ സൈബർ ഇടം എന്നു പറയുമ്പോൾ നമ്മൾ അർത്ഥമാക്കുന്നത് യാഥാർത്ഥ്യത്തിൻ്റെ   ത്വരിതപ്പെടുത്തലാണ്. ആഗോളവൽക്കരണം ,ദേശീയവൽക്കരണം തുടങ്ങിയ ചിന്തകളും അങ്ങനെതന്നെ .ഈയർത്ഥത്തിൽ ഓർമ്മകളാണ് ത്വരിതപ്പെടുന്നത്'.

മനസ്സിൽ നിന്നു പുറന്തള്ളുന്നത്

എന്തുകൊണ്ടാണ് യാഥാർത്ഥ്യം ത്വരിതത്തപ്പെടുന്നത്? കണ്ണടച്ച് തുറക്കുന്നതിനിടയിൽ മനുഷ്യബന്ധങ്ങളും ഇണക്കങ്ങളും വേർപെടലുകളും സംഭവിക്കുകയാണ്. ഭൗതികസുഖത്തിനു വേണ്ടി ബന്ധങ്ങൾ ത്യജിക്കപ്പെടുന്നു, ഉണ്ടാക്കപ്പെടുന്നു. അരികിൽ സ്വർഗ്ഗമുണ്ടെന്ന ധാരണയിൽ എല്ലാവരും ഓടുകയാണ്. എന്നാൽ ഊർജ്ജമാകട്ടെ പാഴായി പോവുകയാണ്. വർദ്ധിച്ച വീര്യത്തോടെ  പ്രേമിക്കുകയും സംസാരിക്കുകയും ചെയ്ത ശേഷം പൊടുന്നനെ ഊർജം ഇല്ലാതാവുന്നതോടെ ആ ബന്ധം തകരുകയാണ്. സ്വയം തുടച്ചു നീക്കിയാണ് ഇന്ന് ആളുകൾ വേഗത്തെ തേടിപ്പിടിക്കുന്നത്. മനസ്സിലുള്ളത് അപ്പോൾ തന്നെ മായ്ച്ചു കളയുന്നു;എങ്കിലേ പുതിയത്  സ്വീകരിക്കാനാവുകയുള്ളൂ. മനുഷ്യന്റെ ഓർമ്മയ്ക്ക് പരിമിതിയുണ്ട്. അറുപതുകളിലോ എഴുപതുകളിലോ  ഓർമ്മകൾക്ക് ചന്തം കൂടുതലായിരുന്നു. പഴയ കൂട്ടുകാർ, ക്ലാസ് റൂമുകൾ ,ഇടവഴികൾ, ഭക്ഷണ ശീലങ്ങൾ ,സ്നേഹങ്ങൾ, വീട്ടുകാര്യങ്ങൾ തുടങ്ങിയവയെല്ലാം  ഒരാളുടെ മനസ്സിൻ്റെ വ്യക്തിപരമായ ശേഖരമായിരുന്നു. ഇപ്പോൾ അങ്ങനെയുള്ളതെല്ലാം വിപണിയുടെ ഭാഗമായിരിക്കുന്നു. അതെല്ലാം പ്രദർശിപ്പിക്കാനും മറ്റുള്ളവരെ ബോധ്യപ്പെടുത്താനുമുള്ളതാണ്. അതിനെല്ലാം ഇന്നു ഷോപ്പുകളുണ്ട്. 

പച്ചമലയാളത്തിൽ പറയട്ടെ ,ചോരയൊലിപ്പിച്ചു കിടക്കുന്നവനെ ഒന്നു നോക്കാതെ കടന്നുപോകുന്നവരൊക്കെ ഇന്നു പഴയ സ്കൂൾ ക്ലാസുകളിലെ ബാച്ചുകൾ തപ്പിപ്പിടിച്ച് ഒത്തുചേരൽ സംഘടിപ്പിക്കുകയാണ്. പഴയ കാലത്തെ ആഘോഷമാക്കി ,സെൽഫികളിൽ നിക്ഷേപിക്കുകയാണ്. സതീർത്ഥ്യസ്നേഹം, എല്ലാവരും തുല്യ നിലയിലുള്ളവരാണെങ്കിൽ , ആഘോഷിക്കപ്പെടാനുള്ളതായി മാറിയിരിക്കുന്നു. സ്നേഹബന്ധം ആഘോഷിക്കപ്പെടുന്നിടത്ത് അതിൻ്റെ ബാഹ്യചേഷ്ടകൾ മാത്രമേ കാണൂ.  മനസ്സിൽ നിന്നും മായ്ച്ചു കളഞ്ഞതാണ് ഇപ്പോൾ ഔപചാരികമായി തേടിച്ചെല്ലുന്നത്. ഒഴിഞ്ഞയിടങ്ങളാണ് മനസ്സിൽ നിറയുന്നത് .കാരണം, മനസ്സിലേക്ക് വരുന്നതെല്ലാം അതുപോലെ പുറന്തള്ളപ്പെടുകയാണ് .ലക്ഷക്കണക്കിനു സന്ദേശങ്ങൾ പ്രവഹിക്കുകയാണ് ,ലോകത്തിൻ്റെ  ഓരോ നിമിഷത്തിലും നാനാ ദിക്കുകളിൽ നിന്ന്. ഇത്രയധികം വാർത്തകൾ, ചിത്രങ്ങൾ താങ്ങാൻ നമുക്കാവുമോ ? മറ്റുള്ളവരുടെ കാര്യങ്ങൾ നമുക്ക് ടൺ കണക്കിനു രേഖകളായി കൊണ്ടുനടക്കേണ്ടതിൻ്റെ ആവശ്യമെന്താണ് ?വേഗത കൂടിയ ജീവിതത്തിൽ എത്രയും വേഗം എന്തു മനസ്സിലാക്കുന്നു എന്നതാണ് മൂല്യം .അതിനായി ആളുകൾ എല്ലാ വാതിലുകളിലും മുട്ടുകയാണ്. 

ലോകത്തിലെ എല്ലാ കാര്യങ്ങളും നമ്മൾ അറിയേണ്ടതുണ്ടോ? അല്ലെങ്കിൽ നിയമസഭയ്ക്കകത്ത് ക്ഷണിക്കപ്പെടാതെ ഒരാൾ കയറിയതും മറ്റും കേരളത്തിലെ ജനങ്ങളെ മുഴുവൻ വിളിച്ചിരുത്തി ദിവസങ്ങളോളം ചർച്ച ചെയ്യുന്നതിൻ്റെ സംഗത്യമെന്നാണ് ? എന്തിനാണ് ഇതെല്ലാം നമ്മൾ അറിയുന്നത് ?നമ്മുടെ ബാധ്യതയാണോ ഇത് ? മനുഷ്യജീവൻ്റെ ആന്തരികമായ സൗഖ്യത്തിനും സമാധാനത്തിനും സ്വാസ്ഥ്യത്തിനും പുരോഗതിക്കും സ്വഭാവസംസ്കരണത്തിനും ഉതകാത്ത ലക്ഷക്കണക്കിന് പാഴ് വാർത്തകൾ ചർച്ച ചെയ്യുന്നതിന്റെ ലക്ഷ്യമെന്താണ്?

നുണ പറഞ്ഞാൽ പണം 

എല്ലാം വേഗത്തിന്റെ അളവുകോലാകുന്നതോടൊപ്പം അതിലെല്ലാം ധനവും പണവും പ്രധാനമാവുകയാണ്. ഒരു സിനിമാ നായകനടനോ ,നടിയോ മരിച്ചു എന്നു കളവായി യുട്യൂബിൽ റിപ്പോർട്ട് ചെയ്താൽ ഒരാൾക്ക് മാന്യമായി ജീവിച്ചുപോകാനുള്ള കാശ് കിട്ടുന്ന അവസ്ഥയാണിപ്പോഴുള്ളത്. യൂട്യൂബിൽ പ്രേക്ഷകരുടെ എണ്ണം കൂട്ടാൻ ആരെയും കൊല്ലാമെന്നതാണ് ഇപ്പോഴത്തെ സദാചാരം .
കൊന്നാലേ പണം വരൂ എന്നാണ് ഇത് ചൂണ്ടിക്കാട്ടുന്നത്. പണത്തിന്നു വേണ്ടിയാണോ നമ്മൾ ജീവിക്കേണ്ടത്! .കൊല്ലാനറിയാത്തവൻ,കളവു പറയാനറിയാത്തവൻ ,ആക്രോശിക്കാനറിയാത്തവൻ, വാദിയെ പ്രതിയാക്കാൻ നിശ്ചയമില്ലാത്തവൻ യൂട്യൂബിൽ പോയിട്ട് കാര്യമില്ല . വേഗത്തിൻ്റെ കാലത്ത് ആരും ആരെയും പരിഗണിക്കുന്നില്ല .ഒന്നിച്ചു കഴിഞ്ഞവർ ,ചായ കുടിച്ചവർ ,ഉണ്ടു റങ്ങിയവർ യൂട്യൂബ് തുടങ്ങിയാൽ പിന്നെ സ്നേഹം പ്രതീക്ഷിക്കേണ്ട; കൊന്നിരിക്കും .

ഇന്നു സാഹിത്യവിമർശനം പോലും ഗോസിപ്പ് എന്ന നിലയിലാണ് പല എഴുത്തുകാരും വീക്ഷിക്കുന്നത്. കാരണം എന്താണ് ? അതിവേഗമുള്ള ക്രൂരമായ പ്രയാണത്തെ തടസ്സപ്പെടുത്തുന്ന കുതന്ത്രമായാണ് വിദ്യാസമ്പന്നർ പോലും വിമർശനത്തെ കാണുന്നത്‌. ഒട്ടും ജനാധിപത്യം അനുവദിക്കുന്നില്ല. ഇത് തകർച്ചയാണ്. ഈ നാട്ടിലെ പഴഞ്ചരക്ക് എന്നു 
പറയാവുന്ന സാഹിത്യകൃതികളെല്ലാം വാഴ്ത്തിപ്പാടുകയല്ല സാഹിത്യവിമർശകൻ്റെ ജോലി; അയാൾ ആരുടെയും ഇടനില ക്കാരനുമല്ല.വാഴ്ത്തിപ്പാടാൻ പി.ആർ.ഒ മാർ റെഡിയാണല്ലോ .വിമർശകൻ്റെ ചിന്ത അയാളുടെ ജീവിതതത്ത്വചിന്തയുടെ ഭാഗമാണ്. അയാൾ ജീവിക്കുന്നതിനു തെളിവാണ് ,സാഹിത്യത്തെക്കുറിച്ചുള്ള ഈ മനനം. 

വിമർശകൻ കലയിൽ ജീവിക്കാനാഗ്രഹിക്കുന്നു. കല എന്നു പറയുന്നത് കലാരൂപങ്ങൾക്കായി സംവരണം ചെയ്തിട്ടുള്ളതല്ല. അതാരുടെയും വരുതിയിലുമല്ല. ലോകത്തിലെ മഹാനായ ഒരു കലാകാരന്റെയും എഴുത്തുകാരൻ്റെയും  അധീനതയിലല്ല കലയുള്ളത്. ഇതിനു വിപരീതമായി ആർക്കെങ്കിലും ധാരണയുണ്ടെങ്കിൽ അത് തെറ്റാണ്.ലോക ചിത്രകാരന്മാരായ വാൻഗോഗിൻ്റെയോ പിക്കാസോയുടെയോ പോലും അധീനതയിലല്ല കല . ഷേക്സ്പിയറുടെയോ ഇബ്സൻ്റെയോ ആജ്ഞാനുവർത്തിയായല്ല കല നിലക്കുന്നത്‌. കല കലാരൂപങ്ങൾക്ക് വെളിയിലാണുള്ളത്. കല ത്രസിപ്പിക്കുകയും ദഹിപ്പിക്കുകയും ചെയ്യുന്ന സൗന്ദര്യത്തെ തേടുകയാണ്. ഒരാൾ ചിരിക്കുന്നതുപോലും കലയാണ്. കാരണം, അതിൽ ദൈവത്തിൻ്റെ ഒരു സംവേദനം ഉൾച്ചേർന്നിരിക്കുകയാണ് .സ്നേഹം,ദയ തുടങ്ങിയ വികാരങ്ങളിലെല്ലാം ദൈവസംവേദനമാണുള്ളത്. അതിനാൽ അതെല്ലാവർക്കും വ്യക്തമായി മനസ്സിലാകുകയും അതിനോട് ആഭിമുഖ്യം തോന്നുകയും ചെയ്യും. ആളുകൾ സ്നേഹത്തെ നിരസിക്കുന്നുണ്ടെങ്കിൽ അതിന് കാരണം ഭയമാണ്. സ്നേഹത്തെ അഭൗമമായി കണ്ടെത്തുകയാണ് കല ചെയ്യുന്നത്. അത് എല്ലായിപ്പോഴും അന്യമായതിനോടു താദാത്മ്യം പ്രാപിക്കാൻ വെമ്പുന്നു. 

കല കലാകാരൻ്റെ പോക്കറ്റിലല്ല

അതുകൊണ്ടാണ് കല ഒരു കവിയുടെയും പോക്കറ്റിലല്ല എന്നു പറയുന്നത് .വന്യവും മനുഷ്യനിരപേക്ഷവും അതീതവും നിഷ്കളങ്കവുമായ കലാത്മകത വിമർശകൻ്റെ ചിന്തയിലും രചനയിലും പ്രത്യക്ഷപ്പെടുന്നത് സ്വാഭാവികമാണ്. ഒരു സാഹിത്യകൃതിയെ വിമർശിക്കുന്നത് വിമർശകൻ്റെ  അസ്തിത്വപ്രശ്നമാണ്. അയാൾ  അജ്ഞാതമായതിനോട് യുദ്ധം ചെയ്യുന്ന രീതിയാണത്.

വിമർശനത്തെ ഗോസിപ്പായി കാണാൻ കാരണം എഴുത്തുകാരെ ആവേശിച്ചിരിക്കുന്ന വേഗമാണ്. പെട്ടെന്ന് എല്ലാ പുരസ്കാരങ്ങളും നേടുകയാണല്ലോ മിക്കവരുടെയും ലക്ഷ്യം. അതിനായി ചതുരംഗം കളിക്കുകയല്ല ,ആക്രമണം നടത്തുകയാണ് .അതിൽ മാത്രമാണ് ശ്രദ്ധിക്കുന്നത്.സംസാരിക്കുന്നതും സംവദിക്കുന്നതും  സൗഹാർദ്ദത്തിലാവുന്നതും ചിരിക്കുന്നതുമെല്ലാം ഇതിനു വേണ്ടിയാണ്. രാഷ്ട്രീയം ഇതിനു ഏറ്റവും നല്ല മാർഗമാണ്.അത് ഒരു തീവ്രവേഗമാണ്. സ്വന്തം ലക്ഷ്യത്തിനുവേണ്ടി എത്ര വേഗത്തിലും സഞ്ചരിക്കാൻ ഇന്നു  കഥാകൃത്തുക്കൾക്ക് പ്രയാസമില്ല. അവർ അതിനായി മറ്റെല്ലാം മറക്കുന്നു. ഇവിടെയാണ് പോൾ വിറിലിയോയുടെ ഓർമ്മയെക്കുറിച്ചുള്ള ചിന്തകൾ പ്രസക്തമാകുന്നത്.

ജർമ്മൻ ചിന്തകനായ നിഷെയെപ്പോലെ 'ദൈവം മരിച്ചു' എന്നു പറയാൻ തയ്യാറല്ലെന്നു വാദിച്ച  അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: 
'ഇന്നത്തെ മതവിശ്വാസികൾ ഏകദൈവത്തിന് പകരം ഒരു യന്ത്രദൈവത്തിലേക്ക് ഉയർത്തപ്പെട്ടിരിക്കുന്നു. ഇന്നത്തെ  നിരീശ്വരവാദികൾ സൈബർ യന്ത്രദൈവത്തിൻ്റെ ആരാധകർ മാത്രമാണ് '.
അതിന്റെ ഫലമായി എന്ത് സംഭവിക്കുന്നു ? .അദ്ദേഹം പറയുന്നു:
'ഞാൻ ഇവിടെ പറയുന്നത് മനുഷ്യൻ്റെ ഓർമ്മയെക്കുറിച്ചാണ്, യന്ത്രത്തിന്റെ ഓർമ്മയെക്കുറിച്ചല്ല. ഞാൻ പറയാൻ ആഗ്രഹിക്കുന്നു, ഈ ഓർമ്മയാണ് വർത്തമാനകാലത്തെ ഓർമ്മ'.ഓർമ്മ യാന്ത്രികമായ പുതിയ സാഹചര്യമാണിത്. അതിവേഗത്തിൻ്റെ ഒഴുക്കിൽപ്പെട്ട് നമ്മൾ ഓർമ്മയില്ലാത്തവരായി മാറുന്നു. സൈബർ, ഇലക്ട്രോണിക് മേഖലകളിൽ നിന്നു നമ്മളിലേക്കു  ഓർമ്മകൾ ഇരച്ചെത്തുകയാണ്.

പഴയതിനെയെല്ലാം നശിപ്പിച്ച ശേഷം ആ ഓർമ്മകൾ പെട്ടെന്നു തന്നെ പിൻവാങ്ങുന്നു. തൊട്ടു പിറകെ മറ്റൊരുകൂട്ടം ഓർമ്മകൾ എത്തുന്നു. അതും മറ്റുള്ളതെല്ലാം മായ്ച്ചു കളഞ്ഞ ശേഷം പിന്മാറുന്നു .
ഇതാണ് നമ്മുടെ മനസ്സിലെ ശൂന്യവത്ക്കരണം. വ്യക്തിയെന്ന നിലയിൽ നമ്മുടേതു മാത്രമായ ഓർമ്മയെ തിരയേണ്ടതുണ്ട്. പക്ഷേ, അതിന് ഈ യന്ത്രയുഗത്തിൽ സമയമുണ്ടാകുമോ? സാഹിത്യം ഇവിടെയാണ് ഉയരേണ്ടത്.  വ്യക്തികളെ അവരുടെ സൈബർ, സിഡി ,പെൻഡ്രൈവ് ,ടെലിവിഷൻ, മൊബൈൽ ,ഡിജിറ്റൽ ഓർമ്മകളിൽ നിന്നു വിമോചിപ്പിച്ച് സ്വന്തം ഓർമ്മയെ കണ്ടെത്തുന്നതിനായി വിടണം.

ചെക്കപ്പ് എന്ന പരീക്ഷണശാല 

പതിറ്റാണ്ടുകൾക്കു മുൻപ് ഗതാഗത വിപ്ലവമാണ് സംഭവിച്ചതെങ്കിൽ ഇപ്പോൾ ട്രാൻസ്മിഷൻ (സംപ്രേഷണം)വിപ്ലവമാണ് സംഭവിക്കുന്നതെന്ന് വിറിലിയോ അറിയിക്കുന്നു .ഇതാകട്ടെ വേഗത്തിൽ അധിഷ്ഠിതമാണ്. വേഗമില്ലെങ്കിൽ ജീവിതമില്ല. രോഗവും ചികിത്സയും വേഗത്തിലാണ്. രോഗിയാകുന്നതിനു മുൻപ് തന്നെ ചികിത്സ തുടങ്ങുന്നത് അതിൻ്റെ ദൃഷ്ടാന്തമാണ് .മെഡിക്കൽ ചെക്കപ്പ് ഒരു നൂതന സാങ്കേതിക ഇടമായി പരിണമിച്ചിരിക്കുന്നു. രോഗമുണ്ടോ എന്നു പരിശോധിക്കാനും രോഗം വരാതിരിക്കുന്നതിൽ നിന്നു മാനസികമായി മുൻകരുതലെടുക്കാനും  ചെക്കപ്പ് ആവശ്യമായി വന്നിരിക്കുന്നു. ചെക്കപ്പ് ഒരു പരീക്ഷണശാലയാണ്.അത് പരോക്ഷ ചികിത്സയാണ്. അത് രോഗത്തെ തടയുന്നതിലെ വേഗമാണ് നിശ്ചയിക്കുന്നത്. 

പ്രകാശത്തിൻ്റെയും ഇലക്ടോമാഗ്നറ്റിക് തരംഗങ്ങളുടെയും വേഗതയിലാണ് നമ്മുടെ ജീവിതത്തിൻ്റെ വേഗത ഇപ്പോൾ നിർണയിക്കപ്പടുന്നത്. എല്ലാ ക്രയവിക്രയങ്ങളും സന്ദേശങ്ങളും താത്പര്യങ്ങളും മനുഷ്യനെ ഒരു വേഗജീവിയാക്കുന്നതിലാണ് മത്സരിക്കുന്നത്. ഒരാഴ്ചകൊണ്ട് പൂർത്തീകരിച്ചിരുന്ന ടെസ്റ്റുകൾ, ജോലികൾ, സേവനങ്ങൾ ഒരു ദിവസം കൊണ്ടോ ,ഒരു നിമിഷം കൊണ്ടോ  പരിഹരിക്കാനാണ് രാഷ്ട്രങ്ങൾ മത്സരിക്കുന്നത്. 2ജി ,3ജി ,4ജി ,5ജി തുടങ്ങിയ വാർത്തവിനിമയ വിപ്ലവങ്ങൾ നെറ്റ്‌വർക്ക് ശേഷിയും സ്പീഡുമാണ് ലോകത്തെ യാഥാർത്ഥത്തിൽ മാറ്റുന്നതെന്ന് പ്രഖ്യാപിക്കുകയാണ്. 4ജിയിൽ നിന്നു 5ജിയിലേക്കുള്ള മാറ്റം ലോകത്തിന്റെ വേഗത വർദ്ധിപ്പിച്ചു എന്നാണ് ചുണ്ടിക്കാട്ടുന്നത്. നമുക്ക് കൂടുതൽ സന്ദേശങ്ങളും വിവരങ്ങളും കൂടുതൽ പേരിലേക്ക് ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ എത്തിക്കാമെന്നാണ് അത് അർത്ഥമാക്കുന്നത്. സമയം തന്നെ വേണ്ടാത്തവിധം വേഗത്തിൻ്റെ  ആശയം രൂപാന്തരപ്പെടുകയാണ്. 

ഇരുനൂറ്റമ്പതു പേർക്ക് ഒരു സന്ദേശം ഒരുമിച്ച് അയയ്ക്കാൻ കഴിയുന്നതോടെ  സമയമാണ് ഇല്ലാതാകുന്നത്. സമയത്തിനകത്ത് അനേകം ലോകങ്ങൾ പ്രതീതിയായി ഉൾക്കൊണ്ടിരിക്കുന്നു. റിയൽ ടൈം  എന്ന അനുഭവത്തിനകത്ത് സമയത്തെ തന്നെ സസ്പെൻഡ് ചെയ്തുകൊണ്ടാണ് വേഗത്തിൻ്റെ വിപ്ലവം സാക്ഷാത്ക്കരിക്കുന്നത്. ഇൻ്റർനെറ്റിലും യുദ്ധത്തിലും സമയത്തിന്റെ വേഗതയ്ക്കാണ് പ്രാധാന്യം .ഇൻ്റർനെറ്റ് ദൈവമാണെന്നു  പറയുന്നത് സമയത്തിന്റെ അവിശ്വസനീയമായ, അതിശയകരമായ വേഗത്തെ ആവിഷ്കരിക്കുന്നതുകൊണ്ടാണ്.

സമയം മാജിക്കൽ റിയലിസമാണ്. വേഗമാണ് അതിൻ്റെ റിയാലിറ്റിയെ നിലനിർത്തുന്നത്. സമയത്തെയും സ്ഥലത്തെയും സസ്പെൻഡ് ചെയ്യാൻ ദൈവത്തിനു മാത്രമേ സാധിക്കുകയുള്ളു. കുരുക്ഷേത്രയുദ്ധത്തിൽ അർജുനന്  ശ്രീകൃഷ്ണൻ ഗീതോപദേശം നല്കുന്നത് സമയത്തെ സസ്പെൻഡ്  ചെയ്തുകൊണ്ടാണല്ലോ. അതായത് ആ സന്ദേശം കൈമാറുന്നത് ചുറ്റുമുള്ളവർ അറിയുന്നില്ല. ഇൻറർനെറ്റിലും ഇതുപോലെ സമയം സസ്പെൻസ് ചെയ്യപ്പെട്ടിരിക്കുന്നു .ഒരു സെക്കൻഡിനുള്ളിൽ നമ്മൾ മാത്രമറിയുന്ന സമയമാണ് അവിടെയുള്ളത് .ഒരു നിമിഷത്തിനുള്ളിൽ എന്തൊക്കെ സംഭവിച്ചു എന്നു ആർക്കും മനസിലാക്കാനാവാത്ത വിധം , വിശ്വസിക്കാനാവാത്ത വിധം അതിശയകരമായി പലതും രൂപപ്പെടുന്നു. 

  • ,

  • or

  • No comments:

    Post a Comment