Sunday, August 8, 2021

വായനക്കാരൻ ദൈവമാണ്/വായനക്കാരൻ ദൈവമാണ്/metrovartha 2-8-2021

 

വായനക്കാരൻ ദൈവമാണ്

അർജൻ്റൈൻ എഴുത്തുകാരൻ ബോർഹസ് തൻ്റെ പരീക്ഷണസ്വഭാവമുള്ള കഥകൾക്ക് പരമാവധി ഏഴ് വായനക്കാരെയാണ് പ്രതീക്ഷിച്ചത്. കാരണം, അദ്ദേഹം പറഞ്ഞത് പരമ്പരാഗത ശൈലിയിലുള്ള കഥകളല്ലായിരുന്നു .കഥയ്ക്കുള്ളിൽ  നോവലിൻ്റെ വിമർശനം കൊണ്ടുവരിക, കഥതന്നെ ചർച്ച ചെയ്യുക ,സാങ്കൽപ്പിക എഴുത്തുകാരുടെ കഥകൾ അവലോകനം ചെയ്യുക തുടങ്ങിയ വിചിത്രമായ, ചിലപ്പോൾ പേടിസ്വപ്നം പോലെ സംഭമിപ്പിക്കുന്ന രചനകളാണ് അദ്ദേഹം ആവിഷ്കരിച്ചത്. സാഹിത്യം എന്ന ക്ലാസിക് സങ്കല്പത്തെ ,മനുഷ്യൻ്റെ ജൈവമായ യാഥാർത്ഥ്യത്തെ വിഘടിപ്പിക്കുകയോ അവിശ്വസിക്കുകയോ ചെയ്യുന്ന തരത്തിൽ പൊളിച്ചെഴുതുകയാണ് ചെയ്തത്.

അതുകൊണ്ട് സ്വാഭാവികമായും  വായനക്കാർ കുറയും. നിലവിലുള്ള വ്യവസ്ഥയെയും കീഴ്വഴക്കങ്ങളെയും ആശ്രയിച്ച് സൃഷ്ടിച്ച വായ്ത്തല നഷ്ടപ്പെട്ട ഭാഷാപ്രയോഗങ്ങളെയും  പല്ലുപോയ ചിന്തകളെയും വീണ്ടും  വീണ്ടും ഉപയോഗിക്കുന്നതിൽ അമിതതാല്പര്യമുള്ളവർ നവമായ ഒരാലോചനയെയും ജീവിക്കാൻ സമ്മതിക്കില്ല.

അവർ എപ്പോഴും പിന്നോട്ടു വലിച്ചുകൊണ്ടിരിക്കും. അതുകൊണ്ട് ലാറ്റിനമേരിക്കൻ നോവലിസ്റ്റ് ഹ്വാൻ റുൾഫോയുടെ 'പെഡ്രോ പരാമോ' വായിക്കുന്ന ഒരാൾ ദൈവമാണ്. എന്തുകൊണ്ട് ? അയാൾ പുതിയ ലോകത്തിൻ്റെ മുന്നിൽ വിനീതനാവുക മാത്രമല്ല, മാനവസംസ്കാരത്തിൻ്റെ  മുഴുവൻ ജിജ്ഞാസയും തന്നിലൂടെ ഒരു പുസ്തകത്തിലേക്ക് സന്നിവേശിപ്പിക്കുകയുമാണ്. അയാൾ തൻ്റെ മേൽ പഴയ അസ്വാദകലോകവും സർഗചിന്തകളും കയറ്റിവച്ചിരിക്കുന്ന ഭാരത്തിൽനിന്ന് സ്വതന്ത്രനാവുകയാണ്. സ്വാതന്ത്ര്യം നേടാൻ അയാൾ പൊരുതുന്നു; അയാൾ സൗഹൃദത്തിൻ്റെ സ്വതന്ത്രവും ഓർമ്മകളും വികാരങ്ങളുമുള്ള  രഥ്യകളിലൂടെ ഒറ്റയ്ക്ക് നടക്കുകയാണ്. ബോർഹസിനു ഏഴ് പേർ മതിയായിരുന്നു. അത് തീരെ ചെറിയ സംഖ്യയാകാം; എന്നാൽ നല്ല ഒരാളെയെങ്കിലും ലഭിക്കുന്നത് വലിയ കാര്യമാണ്. എൻ്റെ 'ജലഛായ' എന്ന നോവൽ വായിച്ച് ആദ്യമായി എഴുതിയത്  ഡോ.അജയ്ശേഖറാണ്. അദ്ദേഹത്തിന് അത് വായിച്ചാസിദിക്കാൻ ഒരു പ്രയാസവുമുണ്ടായിരുന്നില്ല. അദ്ദേഹം  എഴുതിയത് ഞാൻ നോവലിൻ്റ ആമുഖമായി ചേർക്കുകയും ചെയ്തു.ഈ നോവലിനെ  യാഥാസ്ഥിതിക വായനക്കാർ എതിർക്കുമെന്ന് പ്രവചിക്കാനും അജയ്ശേഖർ മറന്നില്ല. എന്നാൽ അദ്ദേഹം ഒരു കാര്യം സൂചിപ്പിച്ചു; ധീരമായി ഒരു കൃതി എഴുതിയാൽ പിന്നെ ലോകത്ത് ഒരു ശക്തിക്കും അതിനെ ഇല്ലാതാക്കാൻ കഴിയില്ല. എന്തെന്നാൽ കൃതി എഴുതപ്പെട്ടു പോയല്ലോ. 

അനുഗ്രഹിക്കുന്നു

ഇതുപോലെയാണ് ഓരോ വായനക്കാരനും കടന്നുവരുന്നത്.ആ വായനക്കാരൻ നമ്മുടെ ആത്മവിശ്വാസമാണ്. അവൻ  ഉള്ളതുകൊണ്ടാണ് നമ്മൾ ജീവിക്കുന്നതെന്ന് തോന്നും. അവൻ നമ്മുടെ മേൽ അനുഗ്രഹം ചൊരിയുന്നു ,സ്നേഹിക്കുന്നു ,നമ്മെ ഓർക്കുന്നു .നമ്മുടെ വാക്കുകൾക്കായി കാത്തിരിക്കുന്നു, നമ്മെ പ്രോത്സാഹിപ്പിക്കുന്നു , എഴുതാൻ നിർബന്ധിക്കുന്നു .അവൻ ദൈവമല്ലാതെ പിന്നെയാരാണ്? അവൻ ഉണ്ടെങ്കിലേ നമ്മളുള്ളൂ.

എഴുതുമ്പോൾ നല്ല വായനക്കാരൻ മനസ്സിലൂടെ കടന്നുപോകുന്നത് മഴവില്ലുപോലെയാണ്.'

തിയോഡോർ റൂസ്വെൽറ്റ് പറഞ്ഞു , വായിക്കുന്നത് നമ്മുടെതന്നെ അനുഭവങ്ങളെ അഗാധമാക്കാനാണെന്ന്. അനുഭവങ്ങൾക്ക് വലിയ പശ്ചാത്തലവും ലഭിക്കുന്നു. ഈ ഗുണം ഒരു ജന്മവാസനയാണ്‌. അത് ശരീരത്തിലുള്ളവർ പ്രതിബന്ധങ്ങൾ തട്ടിമാറ്റി സാഹിത്യം വായിക്കാനായി മുന്നോട്ടുപോകുന്നു.ചീത്ത പുസ്തകങ്ങളെ ദൂരേക്ക് എറിയാൻ നല്ല വായനക്കാരൻ മടിക്കില്ല. ജർമ്മൻ ചിന്തകനായ ഷോപ്പനോർ പറഞ്ഞതുപോലെ ചീത്ത പുസ്തകങ്ങൾ നമ്മുടെ മനസ്സിൻ്റെ  എല്ലാ ഗുണങ്ങളും നശിപ്പിക്കുമല്ലോ.

'ഏണസ്റ്റ് ഹെമിങ്‌വേ ഓൺ റൈറ്റിംഗ്' എന്ന പുസ്തകം എഡിറ്റുചെയ്തിരിക്കുന്നത് ലാറി ഡബ്ളിയു ഫിലിപ്സാണ്. ഹെമിംഗ്വേ പലപ്പോഴായി വായനയെക്കുറിച്ച് പറഞ്ഞ കാര്യങ്ങൾ ഇതിൽ സമാഹരിച്ചിരിക്കുന്നു. ഒരു സംവാദത്തിൽ അദ്ദേഹം വ്യക്തമാക്കിയത് ഇതാണ്: 'നേരത്തെ ആരെങ്കിലും എഴുതിയ വിഷയങ്ങൾ നിങ്ങൾ വീണ്ടും അവതരിപ്പിക്കുകയാണെങ്കിൽ അതുകൊണ്ട് പ്രയോജനമില്ല,നിങ്ങൾക്ക് അതിനെ  മറികടക്കാൻ കഴിയുന്നില്ലെങ്കിൽ.

എന്താണ് എഴുതുന്നത് ,നല്ല വായനക്കാരനെ നാം പ്രതീക്ഷിക്കുമ്പോഴും ? . 'എഴുതപ്പെടാത്ത കാര്യങ്ങൾ എഴുതുകയാണ് ഇന്നത്തെ എഴുത്തുകാരൻ ചെയ്യേണ്ടത്. അല്ലെങ്കിൽ നേരത്തെ എഴുതപ്പെട്ടതിൻ്റെ മേൽ ആഘാതമേൽപ്പിക്കുക ' .
എന്താണ് ഈ ആഘാതമേൽപ്പിക്കൽ ? നമുക്കു മുന്നേ എഴുതപ്പെട്ടതിനെ മറികടക്കുക.

ഇതു വായിക്കണം

ചില പുസ്തകങ്ങൾ വായിക്കണമെന്ന് ഹെമിംഗ്വേ വിദ്യാർത്ഥികളോടു പറയുന്നുണ്ട്. അക്കൂട്ടത്തിൽപ്പെട്ട ചില പുസ്തകങ്ങളുടെ പേരു പറയാം: ബൂഡൻബ്രൂക്‌സ് (തോമസ് മൻ) ,വാർ ആൻഡ് പീസ് (ടോൾസ്റ്റോയ്) ,കരമസോവ് ബ്രദേഴ്സ് (ദസ്തയെവ്സ്കി ) ,ഓട്ടോഗ്രഫീസ് (യേറ്റ്സ്) ,ഹെൻറി ജയിംസിൻ്റ കഥകൾ ,മാദം ബോവറി (ഫ്ളോബേർ) ,തുർജനീവിൻ്റെ മുഴുവൻ കൃതികൾ ,പോർട്രെയ്റ്റ് ഓഫ് ദ് ആർട്ടിസ്റ്റ് (ജയിംസ് ജോയ്സ് ). 'ഈ കൃതികൾ വായിച്ചിട്ടില്ലെങ്കിൽ നിങ്ങൾ എഴുതരുത്. കാരണം ,ഈ കൃതികൾ വായിച്ചാലേ എന്താണ് മറികടക്കാനുള്ളത് എന്നു മനസ്സിലാവുകയുള്ള .ഇതെല്ലാം ഒരുതവണ വായിച്ചാൽ പോരെ, പലതവണ വായിക്കണം - ഹെമിംഗ്വേ പറഞ്ഞു.

'മൺമറഞ്ഞുപോയ എഴുത്തുകാരോട് മത്സരിക്കണം, അതേ വഴിയുള്ളൂ - അദ്ദേഹം ഓർമ്മിപ്പിച്ച. എന്തുകൊണ്ട്  ജീവിച്ചിരിക്കുന്ന എഴുത്തുകാരോട് മത്സരിക്കേണ്ട എന്നു ചോദിച്ചാൽ അതിനും ഉത്തരമുണ്ട് .അദ്ദേഹത്തിൻ്റെ വാക്കുകൾ: 'ജീവിച്ചിരിക്കുന്ന ഭൂരിപക്ഷം എഴുത്തുകാരും നിലനിൽക്കുന്നില്ല. ഇന്ന് ആഘോഷിക്കപ്പെടുന്ന പലരും ആസ്വാദകർ എന്ന നിലയിൽ പ്രത്യക്ഷപ്പെടുന്ന സ്തുതിപാഠകർ  സൃഷ്ടിച്ചതാണ്. അവർക്ക് കാലത്തിൻ്റെ ഒരു ബുദ്ധികേന്ദ്രമാവേണ്ട  ആവശ്യമുണ്ടായിരുന്നു. അങ്ങനെ  കണ്ടെത്തിയ പലരും ,സ്തുതിപാഠകർ  ഇല്ലാതാവുന്നതോടെ വിസ്മരിക്കപ്പെടും'. 

ഈ സാഹചര്യം അമെരിക്കയിലോ യൂറോപ്പിലോ മാത്രമല്ല ,നമ്മുടെ നാട്ടിലുമുണ്ട്. ചില പ്രസാധകരും ,പിന്താങ്ങിഎഴുത്തുകാരും ചേർന്ന് ഏതാനും പേരെ അനർഹമായി ഉയർത്തുന്നു.ഇക്കൂട്ടർ വിമർശിക്കപ്പെട്ടാൽ അവാർഡ് കൊടുത്ത് മുഖം മിനുക്കിയെടുക്കും . സ്തുതിപാഠകസംഘങ്ങൾ അത്ര ശക്തമാണ്. അവരെ ആർക്കും പരാജയപ്പെടുത്താനാവില്ല. അവാർഡുകൾ മൊത്തമായി പിടിച്ചു വച്ചിരിക്കുന്നു .കേരളത്തിലെ ഏതെങ്കിലും അവാർഡ് സാഹിത്യകൃതിയുടെ ഗുണത്തിൻ്റെ  പേരിൽ കൊടുക്കുന്നുണ്ടോ? ഇക്കാരണത്താൽ പ്രധാനപ്പെട്ട പല എഴുത്തുകാരും പുസ്തകം പ്രസിദ്ധീകരിക്കുന്നതിൽ നിന്നു പിൻ വാങ്ങിയിരിക്കയാണ്‌. ഓരോ അവാർഡ് വാങ്ങി തലയിൽ വച്ച് ചിലർ ഭാരം കൂട്ടി  ,മൂക്കാതെ പഴുക്കാനാണ് ശ്രമിക്കുന്നത്. മൂക്കാതെ പഴുക്കുന്നവർക്കുള്ളതാണ് അത്മക്കഥ എന്ന പരവതാനി. ആത്മകഥ എഴുതുന്നതോടെ ഒരാൾ പെട്ടെന്ന് ഷഷ്ടിപൂർത്തിയിലോ സപ്തതിയിലോ എത്തുകയായി .

'ഒരു മൂല്യാധിഷ്ഠിത എഴുത്തുകാരനു എതിരിടാൻ, അയാൾ വലിയവർ എന്നു കരുതുന്ന  മൺമറഞ്ഞ എഴുത്തുകാരേയുള്ളു' -ഹെമിംഗ്വേ  പറയുന്നു. അവരാണ് യഥാർത്ഥ വെല്ലുവിളി ഉയർത്തുന്നത്.
ആരോഗ്യകരമായ ഒരു സംവാദം അവിടെയുണ്ട് .മരിച്ചവരുടെ നിഴലിൽ നിന്നും സംഭാഷണങ്ങളിൽ നിന്നും   പുറത്തുകടക്കാനാണ് യഥാർത്ഥ എഴുത്തുകാരൻ ആഗ്രഹിക്കുന്നത് . അയാൾക്ക് ഒരു സംഘം ചേരൽ അസാധ്യമാണ്. സംഘം ചേരുന്നത് ചിന്തയെ ലഘൂകരിക്കും.

അതുകൊണ്ടാണ് യുവവായനക്കാരെ ആവശ്യമായിവരുന്നത്.  'യുവവായനക്കാർ ഇല്ലാതായാൽ പിന്നീട് മുതിർന്ന വായനക്കാരും ഇല്ലാതാവും' - പ്രമുഖ കവി മാർഗരറ്റ് അറ്റ്വുഡ് മുന്നറിയിപ്പു നല്കുന്നു.

അന്വേഷണം 

ഇടക്കുളങ്ങര ഗോപൻ രചിച്ച 'അടയാളം' (എഴുത്ത് ,ജൂലായ് ) കവിതയെ തന്നെ അപനിർമ്മിക്കുന്ന നവീനാനുഭവം തരുന്നു. തൻ്റെ കവിത വായിക്കുന്നവർ ആരായാലും ഇതു മാത്രമേ തനിക്കു വിതയ്ക്കാനുള്ളു  എന്നു കവി എഴുതുന്നു.
'ഏറ്റവും നല്ല 
ഭാഷാവൃത്തത്തിൽ  
നിന്നെയെഴുതും .
ആരും കൊതിക്കുന്ന ഉപമകളാൽ നിന്നെ അലങ്കരിക്കും
...........
പ്രജ്ഞയുടെ തീൻമേശ,
ഇതിനെ കവിതയെന്നോ ,
കിനാവെന്നോ ,
മരുന്നില്ലാത്ത മുഴുഭ്രാന്തെന്നോ ,
അനുഭാവം പ്രകടിപ്പിക്കാനായി പ്രദർശിപ്പിച്ചിരിക്കുന്നു.
വിരുന്നുകാരനോ ,
വിദ്വേഷിയോ,വിശുദ്ധനോ,
വിറകുവെട്ടുകാരനോ,
ആരാകിലും, 
ഇതാണെൻ്റെ വിത ,
ഉഴുതിട്ടവർ ചെയ്ത പാപം'.

ആർക്കും വായിക്കാം ,കവിത .എന്നാൽ യഥാർത്ഥ വായനക്കാരനെ കവിത  രഹസ്യമായി തേടുന്നു.കവി അതറിയാൻ ശ്രമിക്കുകയാണ്. ആ അന്വേഷണം തുടരുകയാണെന്ന സൂചന തരുന്നു.

പി. മധുവിൻ്റെ 'ഒടുവിലെ കൂട്' (മലയാളം ,ജൂലൈ ) ആഴത്തിലുള്ള ഓർമ്മകൾ നല്കി.ഒരു നഗ്നശരീരത്തെക്കുറിച്ചാണ് കവി എഴുതുന്നത്. പരമ്പരാഗത  കവിതയിലെപോലെ അവയവ വർണ്ണനയൊന്നുമില്ല. അത് ആണിൻ്റെയോ പെണ്ണിൻ്റെയോ ഉടലായിരുന്നില്ല.

'സൂക്ഷിച്ചു നോക്കിയാൽ 
അതിൻ്റെ നിറം 
കാടിൻ്റെയും കടലിൻ്റെയും 
കാറൊഴിഞ്ഞ വാനിൻ്റെയും 
നിറമറ്റ കറുപ്പെന്ന് 
കണ്ണുള്ളവർക്ക് കാണാമായിരുന്നു;
നിറമില്ലായ്മയുടെ 
കരിനീലം എന്നു പറയാം.
അത് കട്ടിയായ 
പ്രണയമായിരുന്നു
ആനന്ദത്തിൻ്റെ 
നിലയ്ക്കാത്ത ഒഴുക്കായിരുന്നു' .

ഒരു സ്വപ്നത്തിൽ കവി ഏതോ മനുഷ്യരൂപം കാണുകയാണ്. അതിനു വസ്ത്രമോ ജാതിയോ മതമോ ഇല്ലായിരുന്നു; എന്നാൽ പ്രണയമുണ്ടായിരുന്നു; അത് നിറവിൻ്റെ  വെട്ടമായിരുന്നു. സപ്നത്തിൽ നമുക്ക് ഇങ്ങനെ വിവസ്ത്രമാകാൻ കഴിയും; ഏറ്റവും നല്ലതും ശുദ്ധവും സൗമ്യവും സത്യവുമായ ഒരു ഉണർവിന് വേണ്ടി.

അതിശയിപ്പിക്കുന്നത്

റഷ്യൻ വേദശാസ്ത്രചിന്തകനായ നിക്കോളേ അലക്സാഡ്രോവിച്ച് ബെർദ്യേവ് മനുഷ്യനു കണ്ടെത്താൻ ഇനിയും സാഹിത്യം ബാക്കിയാണെന്ന് സൂചിപ്പിച്ചിട്ടുണ്ട്. 

'വ്യക്തിഗതമായ അനുഭവങ്ങളായ വിധി ,ദുരിതങ്ങൾ, വീടു വിട്ടുപോയതിനെക്കുറിച്ചുള്ള  ദുഃഖപൂർണ്ണമായ ഓർമ്മകൾ ,പ്രേമം, സൃഷ്ടി, സ്വാതന്ത്ര്യം ,മരണം തുടങ്ങിയവയിലൂടെയാണ് നമ്മുടെ  ആത്മാവിൻ്റെ യഥാർത്ഥമായ ആഴങ്ങൾ സങ്കൽപ്പിക്കാനാവുന്നത് ' .

എന്താണ് ഇതിനർത്ഥം? നമ്മൾ ദു:ഖിക്കുമ്പോൾ ,സൃഷ്ടിക്കുമ്പോൾ നമ്മുടെ മനസ്സിൻ്റെ അറിയപ്പെടാത്ത അഗാധതയാണ് വെളിവാകുന്നത്.   അതുവരെ അജ്ഞാതമായിരുന്ന ഒന്ന് .പുതിയൊരു ഉള്ളടക്കവും ശൈലിയും പെരുമാറ്റത്തിലും ചിന്തയിലുമുണ്ടാകുന്നു. അതിൻ്റെയർത്ഥം സമസ്ത മാനവചരിത്രത്തിനേക്കാൾ ബൃഹത്തായ ,അജ്ഞാതമായ ഒരു ഉള്ളടക്കം അതിശയകരമായി നമ്മുടെ മനസ്സിൽ അടക്കം ചെയ്തിരിക്കുന്നു എന്നാണ്.

നുറുങ്ങുകൾ

1)പൊന്നാനിക്കാരിയായ ടി.കെ.പത്മിനി (1940 -1969) ഇന്ത്യയിലെതന്നെ എണ്ണംപറഞ്ഞ ചിത്രകാരിയാണല്ലോ. എന്നാൽ പത്മിനിയുടെ ചിത്രങ്ങൾ മലയാളികൾ വേണ്ടപോലെ ഗൗനിക്കാതിരിക്കുകയായിരുന്നു, സമീപകാലം വരെ. ഇവിടുത്തെ  ചിത്രകലാനിരക്ഷരത ഞെട്ടിപ്പിക്കുന്നതാണ് .'ടി.കെ.പത്മിനി' എന്ന പേരിൽ പ്രമുഖ ചിത്രകാരൻ നേമം പുഷ്പരാജ് എഴുതിയ പുസ്തകം (ലളിതകലാഅക്കാദമി ) ശ്രദ്ധയാകർഷിക്കുകയാണ്.

2)മലയാളത്തിലെ പ്രധാനവാരികകളുടെയെല്ലാം   പത്രാധിപർ ഒരാളാണോ എന്ന് ശങ്കിക്കുകയാണ്. കാരണം, എല്ലാ വാരികകളുടെയും പിന്നിലെ മനസ്സ്  ഒരുപോലെ പ്രവർത്തിക്കുന്നു.

3)തകഴിയുടെ കാലത്ത് ഉടലിനാണ് പ്രാധ്യാന്യമെന്നും എം.ടിയുടെ കാലത്ത് തലയ്ക്കാണ് പ്രാധാന്യമെന്നും തട്ടിവിട്ടിരിക്കുകയാണ് ഡോ. ഷൂബ കെ.എസ്.( ആഗോളീകരണാനന്തരകാല കഥാഖ്യാനങ്ങളുടെ വേതാളഘടന ,പച്ചമലയാളം ,ജൂലൈ ) ആധുനികകാലത്ത് കഥാഖ്യാനത്തിൽ വേതാളഘടനയാണത്രേ ഉള്ളത്; എന്നു പറഞ്ഞാൽ വിക്രമാദിത്യകാലത്തിൻ്റെ സവിശേഷതകൾ ഇപ്പോൾ തിരിഞ്ഞു പ്രവർത്തിക്കുകയാണെന്ന്! ഇതുപോലുള്ള അസംബന്ധങ്ങൾ എഴുതിവിടുന്നവർ കേരളത്തിലെ കോളജുകളിൽ ധാരാളമുണ്ട്; ഉത്തരാധുനികരാണത്രേ. ഇവർ പഠിപ്പിക്കുന്ന കുട്ടികൾക്ക് ഏതായാലും സഹൃദയത്വം നഷ്ടപ്പെട്ടിരിക്കും.

4)കിഷോർകുമാർ 'ആരാധന 'എന്ന ചിത്രത്തിനുവേണ്ടി പാടിയ കോറ കാഗസ് താ യേ മന് മേരാ  എന്ന ഗാനം ലോകത്തിലെ മഹാസംഗീതജ്ഞനായ കുന്നക്കുടി വൈദ്യനാഥൻ വയലിനിൽ മീട്ടിയത്  അവിസ്മരണീയമായി തോന്നി. ശരീരത്തിലെ ഓരോ അണുവിനെയും സല്യൂട്ട് ചെയ്യുന്ന സംഗീതം.

5)എം.ടി.രവീന്ദ്രൻ എഴുതിയ 'പുഴയ്ക്ക് ഒരു പൂവും നീരും' എന്ന പുസ്തകത്തിൽ എം.ടി ആദ്യം എഴുതിയ നോവൽ 'നാലുകെട്ട്' അല്ല എന്ന് സ്ഥിരീകരിക്കുന്നു.പാലക്കാട്ടുനിന്ന് പ്രസിദ്ധീകരിച്ചിരുന്ന 'മലയാളി' എന്ന മാസികയിൽ ബീബി എന്ന പേരിലാണ് നോവൽ സീരിയലായി വന്നത് .പിന്നീട് ഇത് 'പാതിരാവും പകൽവെളിച്ചവും ' എന്ന പേരിൽ പുസ്തകമായി. 

6)മറ്റുള്ളവര്‍ക്ക്‌ വേണ്ടിയാണ്‌ ശരീരം.
മനസ്സും അവനവന്‌ വേണ്ടിയല്ല. മനസ്സ്‌ ഒരു സിഗരറ്റ്‌ പയ്ക്കറ്റ്‌ പോലെ ഉപയോഗിച്ച്‌ വലിച്ചെറിയാനുള്ളതാണ്‌.

7)ഇല്ലാത്ത ആകാശത്തില്‍ നക്ഷത്രങ്ങളെ തിരയുന്നത്‌ ഒരു രസമാണ്‌. അതിനെ കവിതയെന്നു വിളിക്കാം.

വായന

കെ.പി.രാമനുണ്ണിയുടെ 'സർവൈലൻസ്' (മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ജൂലായ് 18 ) വളരെ പ്രസക്തമായ കഥയാണ്. .ഈ കാലത്തിൻ്റെ നേർക്കുള്ള രൂക്ഷമായ പരിഹാസവും ആക്രമണവും എന്ന നിലയിൽ ഇത് നല്ല വായനാനുഭവമായി.  പെണ്ണുങ്ങളെ ഉപയോഗിച്ച് ആണുങ്ങളെ ചതിക്കുഴിയിലകപ്പെടുത്തുന്നതും അത് മാധ്യമങ്ങൾക്ക് അസാന്മാർഗിക ഭക്ഷണമാകുന്നതുമെല്ലാം ഇവിടെ കാണാം. ഒരു പ്രൊഫസർ അതിനെല്ലാം ഇരയാകുകയാണ്. ശൂന്യതയിൽനിന്ന് ഭൂതകാലത്തിൻ്റെ ഇമേജുകൾ സൃഷ്ടിക്കുന്നവർ ഉണ്ടത്രേ. ഫോൺ നശിച്ചാലും അതിലെ ചിത്രങ്ങളും

സംഭാഷണങ്ങളും നശിക്കാതിരിക്കാൻ ജാഗ്രതപാലിക്കുന്ന കൃത്രിമബുദ്ധി സെർവറുകളും സോഷ്യൽമീഡിയ തലച്ചോറുകളും രഹസ്യങ്ങൾ വില്പനയ്ക്ക് വയ്ക്കുകയാണിപ്പോൾ. മനുഷ്യൻ ശരിക്കും ഇലക്ട്രോണിക് ഉപകരണങ്ങൾ സൃഷ്ടിച്ച യാഥാർത്ഥ്യം എന്ന കളിപ്പാവയ്ക്കൊപ്പം  കളിക്കുകയാണ്. കഥയുടെ ഒടുവിൽ പ്രൊഫസർ ഒരു പിഞ്ചുബാലികയെ ബലാത്സംഗം ചെയ്യുന്ന ദൃശ്യം ഭാവനയിലുള്ളതാണ്. ഭാവന  ചെയ്താലും അത് പിടിച്ചെടുക്കാൻ ശേഷിയുള്ള സോഫ്റ്റ് വെയറുകളും കാമറകളും റെഡി! അല്ലെങ്കിൽ ഇതു സൃഷ്ടിക്കുമെന്ന് പറയുന്ന പുതിയ കാലത്തിനു മുന്നിൽ ആത്മാവിൽ വിവസ്ത്രനാകുകയാണ് ആ മനുഷ്യൻ. ഈ പ്രശ്നം വളരെ ശക്തമായി അവതരിപ്പിക്കാൻ രാമനുണ്ണിക്ക് കഴിഞ്ഞിരിക്കുന്നു.

ഒരു മനോഹരചിത്രംപോലെ , ആനന്ദിപ്പിക്കുന്നതാണ് ക്രിസ്പിൻ ജോസഫിൻ്റെ 'ഖനനം ചെയ്യപ്പെടാത്ത ആനന്ദങ്ങൾ' ( മലയാളം ,ജൂലായ് 19 ) എന്ന കവിത .ചിലപ്പോഴൊക്കെ കവികൾ ഇങ്ങനെ യാഥാർത്ഥ്യത്തെ കബളിപ്പിക്കണം. വിശ്വാസയോഗ്യമല്ലാത്ത പകലുകളെ ഉപേക്ഷിച്ച് 'രാത്രിയെറിഞ്ഞ വിത്തുകൾ മുളപൊട്ടിയ ശബ്ദത്തിലേക്ക് 'ചെന്നെത്തണം.  എന്തിനാണ് കപടയുക്തികളുടെ വഞ്ചിക്കുന്ന മുഖങ്ങൾ ?അതിൽനിന്നു  രക്ഷനേടാൻ ഈ കവി ബഹിരാകാശ പ്ളാസ്മപോലെ ഒരിടനാഴി  സൃഷ്ടിക്കുന്നു :

'പേരില്ലാത്ത അതിർത്തി ഗ്രാമത്തിലേക്ക് 
ഞാൻ നിന്നെ ക്ഷണിക്കുന്നു
അടിയൊഴുക്കിൻ്റെ 
സൂചനകളോടെ 
ശാന്തമായിരിക്കുന്ന 
പുഴക്കടവിലാണ് നമ്മളിപ്പോൾ '

 

No comments:

Post a Comment