Thursday, July 29, 2021

അക്ഷരജാലകം/എം.കെ.ഹരികുമാർ / സൗന്ദര്യവും യാതനയും /metrovartha, 19/7/2021

 അക്ഷരജാലകംlink

എം.കെ.ഹരികുമാർ

9995312097

Email: mkharikumar797@gmail.com


സൗന്ദര്യവും യാതനയുംസന്ദിഗ്ദ്ധവും വിഭ്രാമകവുമായ ഒരു  കൊറോണക്കാലമാണ് കടന്നു പോകുന്നത് .ക്രൂരവും അധീശത്വപരവുമാണ് കൊറോണയുടെ ജീവിതം. അത് പുരാതനമായ ഒരു കടംകഥപോലെ മനുഷ്യശരീരത്തെ  കീഴ്പ്പെടുത്തുകയും തകർക്കുകയും ചെയ്യുന്നു. ഭൗതികവും ആത്മീയവുമായി മനുഷ്യർ ഒറ്റപ്പെട്ട ഈ കാലം അകൽച്ചയെ ,അന്യതയെ  നിയമപരമായി പുന:സ്ഥാപിച്ചു തന്നിരിക്കുന്നു. ആർക്കും അകലാൻ സ്വാതന്ത്ര്യമുണ്ട്;ആർക്കും നിശ്ശബ്ദത പാലക്കാൻ അവകാശമുണ്ട്. ക്ലബ് ഹൗസും ചാറ്റ് റൂമും മെസഞ്ചറും  ഉള്ളപ്പോൾ അടുപ്പം വേണ്ടേ വേണ്ട. നമ്മൾ ജീവിക്കുന്നതു തന്നെ ഇമോജികൾക്ക് വേണ്ടിയാണ്; അല്ല നമ്മൾ തന്നെ ഇമോജികളായിത്തീർന്നിരിക്കുന്നു.


എന്നാൽ മനുഷ്യൻ അപമാനവീകരിക്കപ്പെടുന്ന ഈ കാലത്ത് ,എല്ലാത്തിൽനിന്നും വിച്ഛേദിക്കപ്പെടുന്ന ഈ നിമിഷത്തിൽ അതിൽ അല്പം പോലും ജീവിക്കാതെ ഏതോ സ്വപ്നലോകത്ത് കഴിയുന്ന എഴുത്തുകാരുമുണ്ട്. അവർ അതാര്യതയുടെ ,അസ്പൃശ്യതയുടെ ഒരു മതിൽ സ്വയം നിർമ്മിച്ച് അതിനുള്ളിലിരുന്ന് സ്വപ്നങ്ങൾ മെനയുകയാണ്. എസ്. ഗോപാലകൃഷ്ണൻ എഴുതിയ 'മെയിൽ ബോക്സ് ക്ലിയർ ചെയ്യുമ്പോൾ ' (മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ജൂലായ് 17) എന്ന കവിത ഇതിനുദാഹരണമാണ് .കവി എഴുതുകയാണ്:


'മരം ഇലകളെ

കാലത്തിലേക്ക് പൊഴിക്കുന്നു, 

നഗ്നമാകാൻ.

ജന്തു കല്ലിലേക്കുരഞ്ഞു പടം

പൊഴിയുന്നു,

ഇഴയാൻ' .


ഈ രണ്ടു പ്രസ്താവനകളും തെറ്റാണ്. മരം ഇലകൾ പൊഴിക്കുന്നത്  നഗ്നമാകാനൊന്നുമല്ല. മരത്തിനു  നഗ്നതയുടെ സൗന്ദര്യം എപ്പോഴുമുണ്ട്. അതിനുവേണ്ടി ഇലകൾ പൊഴിക്കേണ്ടതില്ല. അതുപോലെ ഉരഗം  പടംപൊഴിക്കുന്നത് ഇഴയാനല്ല ,അവയുടെ ശാരീരികമായ ആവശ്യം എന്ന നിലയിലാണ്. എല്ലാവർക്കും അറിയാവുന്ന കാര്യങ്ങൾ ഗോപാലകൃഷ്ണൻ എഴുതുന്നതോടെ വക്രീകരിക്കപ്പെടുന്നു ,അപ്രിയമാകുന്നു. ഇതുപോലുള്ള അരസിക രചനകൾ എന്തിനാണ് ?കവിതയുടെ നേരിയ സൂചനപോലും കാണാനില്ല.ഒരു കവിക്കു വേണ്ടത് അങ്കഗണിതമല്ല, കവിമനസ്സാണ് .അത് ഈ കവിക്കില്ല.


മറ്റൊരിടത്ത് എഴുതുന്നു ,ശരീരം വസ്ത്രത്തെ ഉപേക്ഷിക്കുന്നു, വിയർത്തു മറക്കാൻ എന്ന് .ശരീരം വസ്ത്രം ഉപേക്ഷിക്കുന്നില്ല, വസ്ത്രം മാറുകയാണ് ചെയ്യുന്നത്. മനുഷ്യൻ തുണി മാറുന്നത് ഒരു സമസ്യയാണോ ? വിയർപ്പ് മറക്കാനാണ് മനുഷ്യൻ തുണി മാറുന്നതെന്ന് ഒരു കവി എഴുതേണ്ടതുണ്ടോ ?ഇതു കൊറോണ കാലമാണ്. ഇപ്പോൾ തുണി മാറുന്നത് അണുബാധയിൽ നിന്ന് രക്ഷപ്പെടാനാണ് .അതുപോലും ഈ കവിയുടെ ഓർമ്മയിലില്ല .മനസ്സിൽ കവിതയില്ലാതെ എഴുതാൻ ശ്രമിച്ചാൽ ഇതിലപ്പുറവും സംഭവിക്കും.


സൗന്ദര്യം ഭയാനകം


അമെരിക്കൻ ജാസ് മ്യുസിഷ്യൻ കോൾട്രെയിൻ ഇങ്ങനെ എഴുതുന്നു:

' പുതുതായി എന്തെങ്കിലും കണ്ടെത്തുന്നവർ ഒരു പുനരുജ്ജീവന മാണ് നോക്കുന്നത്.നിലവിലുള്ളതിനെ അവർ വികസിപ്പിക്കുകയും  പുനർനിർമ്മിക്കുകയും ചെയ്യുന്നു. പലപ്പോഴും അവർ നിരാകരിക്കപ്പെട്ടവരോ ,ബഹിഷ്കൃതരോ ആകാം. അവർ ആ  സമൂഹത്തിനു ആന്തരികമായ ഉപജീവനം നല്കുന്നു. മിക്കപ്പോഴും വലിയ യാതനകൾ ജീവിതത്തിൽ സഹിക്കേണ്ടിവരുന്നു. അവരെ സ്വീകരിച്ചാലും നിരാകരിച്ചാലും, അവരെ എപ്പോഴും നയിക്കുന്ന മഹത്തായ കാര്യം അനശ്വരമായ സർഗാത്മകത്വരയാണ്'.


വായനക്കാരനെ പ്രചോദിപ്പിക്കുന്ന ഒരു വാക്യം പോലും എഴുതാനറിയാത്തവരെല്ലാം ഇന്ന് എഴുത്തുകാരായി മാറുന്നു. കുറെ വാചകങ്ങൾ പെറുക്കി കൂട്ടിയാൽ എഴുത്തിൻ്റെ ഗുണം ലഭിക്കുമോ ?എഴുത്തിൽ ഒരു ലോകവീക്ഷണവും ആന്തരികമായ അവബോധമുണ്ട്. അഗാധമായ കാഴ്ചകൾ, വായന  അതിനാവശ്യമാണ്.  മനുഷ്യനിൽ ദൈവവും ചെകുത്താനുമുണ്ടെന്ന് കണ്ടെത്തിയതിൻ്റെ ഫലമാണ് ദസ്തയെവ്സ്കിയുടെ കൃതികൾ. അദ്ദേഹം സ്വയം അതിൻ്റെ  പരീക്ഷണശാലയായി. അദ്ദേഹത്തെ അലട്ടിയത് ദാർശനികപ്രശ്നങ്ങളായിരുന്നു ;ഭാര്യ  അന്നയോ ചൂതുകളിയോ  ആയിരുന്നില്ല. ദസ്തയെവ്സ്കിയുടെ 'കരമസോവ് സഹോദരന്മാരി'ൽ  മിത്യ എന്ന കഥാപാത്രം തൻ്റെ അറപ്പുളവാക്കുന്നതും നികൃഷ്ടവുമായ ജീവിതത്തെക്കുറിച്ച് ഏറ്റുപറയുന്ന സന്ദർഭമുണ്ട് .നീചമായ തൻ്റെ സ്വഭാവങ്ങളുടെ പിടിയിലായിരിക്കുമ്പോഴും താൻ ദൈവത്തിനു സ്തുതിഗീതം ആലപിക്കുമെന്ന് അയാൾ പറയുന്നു. അയാൾ തുടർന്നു അവതരിപ്പിക്കുന്ന ചിന്തകളുടെ വേറൊരു ഭാഷയിലുള്ള  സംഗ്രഹമാണ് ചുവടെ നല്കുന്നത്:

'ഞാനൊരു കീടമാണ്. എന്നെയും  ദൈവമാണ് സൃഷ്ടിച്ചിരിക്കുന്നത്. കീടങ്ങളിൽ ദൈവം ലൈംഗികവാസന കുത്തിനിറച്ചിരിക്കുകയാണ്. അത് ഇളക്കിമറിക്കുന്ന കാറ്റുപോലെയാണ്. സൗന്ദര്യമാണത്.ഇതുവരെയും സൗന്ദര്യത്തെ ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. ദൈവം വൈരുദ്ധ്യങ്ങളെ നമുക്ക് മുന്നിൽ വച്ചിരിക്കുകയാണ്. നമ്മളാകട്ടെ കടങ്കഥകൾക്ക് പിന്നാലെയാണ് .ജീവിതത്തിൻ്റെ നിഗൂഢതകൾ ഭയപ്പെടുത്തുന്നതാണ്. അതിൻ്റെ പിന്നാലെ പോവുകയാണ് നാം. എത്ര വലിയ ഉത്കൃഷ്ടനായ വ്യക്തിയാണെങ്കിലും അവനിൽ ഒരു സംഘട്ടനം നടക്കുന്നുണ്ട്. അവൻ മഹതിയായ കന്യാമറിയത്തിൻ്റെ ആദർശങ്ങളിൽ  വിശ്വസിക്കുന്നുണ്ടെങ്കിലും  സ്വവർഗാനുരാഗികളുടെ സോദോം ദേശത്തെയാണ് ഉള്ളിൽ കൊണ്ടുനടക്കുന്നത് .മനുഷ്യനു വലിയ മനസ്സുണ്ട്. പക്ഷേ ,എന്തിന്? അതുകൊണ്ട് പ്രയോജനമില്ല .അവൻ സങ്കുചിത മനസ്സുള്ളവനായിരിക്കുന്നതാണ് നല്ലത്. സൗന്ദര്യംകൊണ്ട് നാമെന്ത് ചെയ്യും? സ്വവർഗ്ഗാനുരാഗികളുടെ ദേശത്തേക്ക് നോക്കിയിരിക്കുന്ന മനുഷ്യർക്ക്  സൗന്ദര്യത്തെക്കുറിച്ച് ഒന്നുമറിയില്ല. അത് അജ്ഞാതവും ഭയങ്കരവുമാണ്' .


പ്രണയം മരീചിക


സൗന്ദര്യം അനുഭവിക്കാനാകുമെങ്കിലും അത് താങ്ങാനാവില്ല. അതിൽ നിറയെ യാതനയാണ്.നമ്മേക്കാൾ വലിയ പ്രതിഛായകളെ ഉൾക്കൊള്ളേണ്ടി വരുന്നതിൻ്റെ യാതനയാണിത്. അതുകൊണ്ടാണ് ചില കലാകാരന്മാർ അവരുടെ മാനസികഘടനയിൽ ആത്മഹത്യയോട്  അഭിനിവേശമുള്ളവരായി കാണപ്പെടുന്നത്.ചിലർ ഭ്രാന്ത് പിടിച്ചതു  പോലെ ജീവിക്കുന്നു .പ്രണയത്തെ  അഭയമായി കാണുന്നവരുണ്ട്. ജീവിതത്തിൻ്റെ സൗന്ദര്യമെന്ന നിലയിൽ പ്രണയത്തെ വീക്ഷിക്കുന്നവരുണ്ട്. വാസ്തവത്തിൽ , പ്രണയത്തിൽ സൗന്ദര്യമുണ്ടെങ്കിലും അതിന് സ്ഥിരതയോ നിലനില്പോ ഇല്ല. അത് ഒരു മരീചികയായി മഥിച്ചുകൊണ്ടിരിക്കും. സ്പാനീഷ്  ചിന്തകനായ ഒർട്ടേഗാ ഇ ഗാസറ്റ്  ഇങ്ങനെ എഴുതി: 'പ്രണയത്തിലായിരിക്കുന്ന ഒരാൾ കരുതുന്നുണ്ട് ,അവൻ്റെ ബോധജീവിതം വളരെ സമ്പന്നമാണെന്ന്. അവൻ്റെ  ലഘൂകരിക്കപ്പെട്ട ലോകം അയാർത്ഥമായി മഹത്വവത്ക്കരിക്കപ്പെടുകയാണ്. എന്നാൽ അത് വളരെ  കേന്ദ്രീകൃതമാണ് .അവൻ്റെ മുഴുവൻ ആത്മീയോർജ്ജവും ഒരേയൊരു ലക്ഷ്യത്തിലേക്ക് തിരിച്ചു വിട്ടിരിക്കുകയാണ്. ഇത് അവൻ്റെ അസ്തിത്വത്തിൻ്റെ അതിശയകരമായ തീവ്രതയെക്കുറിച്ച് തെറ്റായ സന്ദേശമാണ് നല്കുന്നത് ' .


അതുകൊണ്ട് പ്രണയത്തെക്കുറിച്ച് മാത്രം എഴുതിക്കൊണ്ടിരിക്കുന്നവർ ഈ കാലത്തെ ആഴത്തിൽ മനസ്സിലാക്കുന്നില്ലെന്നാണ് അർത്ഥമാക്കേണ്ടത്.ഇവിടെ പ്രണയം ഒരു വ്യക്തിയോടാണ്; മറ്റുള്ളവരുടെ പ്രേമത്തെ തള്ളിക്കളയുകയാണ് ചെയ്യുന്നത്‌.ഒരാളെ മാത്രമായി പ്രേമിക്കുന്നത് ഒരു ലഘൂകരണമല്ലേ? അവിടെ പുറംലോകജീവിതത്തിൻ്റെ  പരുക്കൻ ഭാവങ്ങൾക്ക് സ്ഥാനമില്ലത്രേ .കൃത്രിമമായതിനെ സുന്ദരമെന്ന് വിളിക്കേണ്ടിവരുന്ന പ്രണയിയുടെ വിധി പിന്നീടാണ്  അനാവൃതമാകുന്നത്.


സത്യത്തിനുവേണ്ടി സർവ്വവും സമർപ്പിക്കുന്നവരെ, അലൗകികമായ ഒന്നിനുവേണ്ടി ജീവിതത്തിലെ സകലതിനെയും ഉപേക്ഷിച്ചു കഴിയുന്നവരെ ദസ്തയെവ്സ്കി നോവലിൽ വിമർശിക്കുന്നുണ്ട് .സ്വയം ത്യജിക്കുന്നതാണ് എളുപ്പമെന്നാണ് അദ്ദേഹത്തിൻ്റെ പക്ഷം.കാരണം അതിനു മറ്റൊന്നിൻ്റെയും ക്ലേശം  ഏറ്റെടുക്കേണ്ടതില്ല.എന്നാൽ  ജീവിതത്തിൻ്റെ ആഴത്തിലുള്ള സ്വഭാവം  മനസ്സിലാക്കുന്നതിനു ,വിചിത്രമായ ചില അറിവുകൾ കിട്ടുന്നതിനു യാതനകൾ സഹായകമാകാം. ഡച്ച് ചിത്രകാരൻ വാൻഗോഗ് ഉദാഹരണമായി നമ്മുടെ മുന്നിലുണ്ട്. അത്തരം യാതനകൾ പിൽക്കാല ജീവിതത്തിലും ഉപകാരപ്പെട്ടേക്കും. ഒരാളുടെ യാതനകളിൽ നിന്നുത്ഭവിക്കുന്ന അറിവുകൾ ലോകത്തിലെ പലർക്കും വെളിച്ചമാവുക തന്നെ ചെയ്യും. കലാകാരനും ഇതല്ലേ പ്രതീക്ഷിക്കാനുള്ളത് ? സത്യത്തിനുവേണ്ടി എല്ലാം  ഉപേക്ഷിക്കുകയാണെങ്കിൽ, അവനിൽ  അനുഭവങ്ങളൊഴിച്ച് മറ്റെല്ലാം  ഉണ്ടായിരിക്കും;ഗഹനതയുണ്ടായിരിക്കില്ല . അവനു ജീവിതത്തെ ഗ്രഹിക്കാൻ  കഴിഞ്ഞിട്ടുണ്ടാവില്ല.


ബിന്ദു സജീവിൻ്റെ 'അന്യോന്യം'(മലയാളം, ജൂലായ് 12 ) പ്രണയത്തെയാണ് ഉദാഹരിക്കുന്നത്. പ്രണയത്തിലുടെ എല്ലാം ഗ്രഹിക്കാനാണ് കവിയുടെ ശ്രമം. താരതമ്യേന വരികൾക്ക് ഭംഗിയുണ്ട്.


'ചില പാട്ടുകളുടെ,

കാഴ്ചകളുടെ 

അരിക് മുറിഞ്ഞ് 

എന്നിലേക്ക് വീഴുമ്പോൾ 

ചിലപ്പോൾ നീയടുത്തുണ്ടാവില്ല .

ആ നിമിഷം 

ഉള്ളൊഴിച്ച് 

നിൻ്റെ ചിത്രങ്ങൾ മാത്രം

നിറച്ച് ഞാൻ ധ്യാനിക്കും

എപ്പോഴെങ്കിലും ഒരുമ്മ

വേണമെന്ന് 

അഗാധമായി തോന്നുമ്പോഴും '


ഇവിടെ ഉയർന്നുവരുന്ന പ്രശ്‌നം ,രണ്ടു വ്യക്തികൾ തമ്മിൽ പ്രേമിക്കുമ്പോൾ ചുറ്റിനുമുള്ള ലോകം എവിടെയെന്നാണ് .ആ  ലോകവുമായുള്ള ബന്ധം വിച്ഛേദിച്ച ശേഷം പ്രേമിക്കാനൊക്കുമോ?പ്രേമം അടഞ്ഞ ലോകമാണോ ?ബാഹ്യലോകത്തെ ഞരക്കങ്ങളും മുഴക്കങ്ങളും നിറഞ്ഞ ഒരു വഴിയിലൂടെയല്ലേ കമിതാക്കൾക്ക് സഞ്ചരിക്കാനാവൂ. ആ വഴികളെക്കു റിച്ച് ചിന്തിക്കാത്തതുകൊണ്ടാണ് പ്രണയികൾ ജീവനൊടുക്കുന്നതെന്നു തോന്നുന്നു. കാരണം അവരുടെ വഴികൾ അവരിൽ തന്നെ ഉദിച്ച് അസ്തമിക്കുകയാണല്ലോ .


കലയുടെ സ്പർശമില്ല 


വെള്ളിയോടൻ എഴുതിയ 'അന്നജം' (ചന്ദ്രിക ആഴ്ചപ്പതിപ്പ് ,ജൂലായ് 3 ) വൃഥാസ്ഥൂലവും ആവർത്തന വിരസവുമായ ഒരു വിവരണത്തിനപ്പുറത്ത് യാതൊരു ഉൾക്കാഴ്ചയും തരാത്ത കഥയാണ്‌. കോവിഡ് കാലത്ത് ദാരിദ്ര്യം ,ഒറ്റപ്പെടൽ ,അകൽച്ച ,അന്യ താബോധം ,സ്നേഹശൂന്യത ,ഓർമ്മകളുടെ നാശം തുടങ്ങി എന്തെല്ലാം പ്രശ്നങ്ങൾ നാം അഭിമുഖീകരിക്കുന്നു. ഇവിടെ കഥാകൃത്ത് ദാരിദ്യത്തെക്കുറിച്ച് ദീർഘമായ ഒരുപന്യാസം തന്നെ തട്ടിവിട്ടിരിക്കുകയാണ്. ഇതൊക്കെ   എല്ലാവർക്കും അറിയാവുന്ന കാര്യങ്ങളാണ്. മനുഷ്യൻ്റെ  അവസ്ഥയ്ക്കുള്ളിലേക്ക് തുളച്ചു കയറിച്ചെന്നു ഒരു നിരീക്ഷണം നടത്താൻ കഥാകൃത്തിനു കഴിയുന്നില്ല. വളരെ ഉപരിതലസ്പർശിയായ ,അതിഭാവുകത്വരചനയാണിത്.


എല്ലാവരും നേരിടുന്ന ഒരു യാഥാർത്ഥ്യമാണ് കൊറോണയും അതിൻ്റെ പ്രശ്നങ്ങളും.ഇത് പ്രമേയമാക്കി എന്തെങ്കിലും എഴുതണമെങ്കിൽ അസാധാരണമായ ആന്തരശക്തി ആവശ്യമാണ് .കാരണം ഒരു പൊതു അനുഭവമണ്ഡലത്തിൽ പരിചിതമല്ലാത്ത  പ്രശ്നത്തെ ആഴത്തിൽ സമീപിക്കേണ്ടതുണ്ട്.വെള്ളിയോടൻ്റെ  കഥ ഒരു റിപ്പോർട്ട് എന്നതിൽ കവിഞ്ഞ് മനസ്സിനെ സ്പർശിച്ചില്ല. ദാരിദ്ര്യത്തിൻ്റെ പ്രയാസം എന്താണെന്ന് അറിയാവുന്ന ഒരാൾ ഇതുപോലൊരു കഥയെഴുതില്ല .ഒരു  കലാകാരൻ്റെ  സ്പർശം ഈ കഥയിലില്ല .


സ്റ്റാലിൻ എഴുത്തുകാരെ വിളിച്ചത് മനുഷ്യമനസ്സിൻ്റെ എഞ്ചിനീയർമാരെന്നാണ്. കലാകാരൻ  മനുഷ്യമനസ്സിൽ ചില നിർമ്മിതികൾ നടത്തുന്നവനാണെന്ന് ഇത് അർത്ഥമാക്കുന്നു.ചെക്ക് - കനേഡിയൻ എഴുത്തുകാരൻ യോസഫ്  സ്കോവ്റെക്കി 'ദ് എൻജിനീയർ ഓഫ് ഹ്യൂമൻ സോൾസ്' എന്ന പേരിൽ തമാശകലർന്ന ഒരു അസ്തിത്വനോവൽ എഴുതിയത് സ്റ്റാലിനെ ഓർമ്മിച്ചുകൊണ്ടാണ്. കഥയിലെ വെറും റിയലിസം കാലഹരണപ്പെട്ടിരിക്കുകയാണ് ,അതിനു അഗാധതകളില്ലെങ്കിൽ . നിങ്ങൾക്ക് എന്ത് പുതുതായി പറയാനുണ്ട് എന്നാണ് ആലോചിക്കേണ്ടത്. ഒരു മാഗസിൻ ഫീച്ചറിനുള്ള വിഷയം കഥയായി  രൂപാന്തരപ്പെടുത്തിയാൽ വെള്ളിയോടൻ്റെ രചന പോലെ സ്ഥൂല വിവരണം മാത്രമായിരിക്കും ഫലം ,കലയുണ്ടാവില്ല. മാക്സിം ഗോർക്കിയുടെ കഥയിൽ എങ്ങനെയാണ് യഥാതഥമായ കാര്യങ്ങൾ പറഞ്ഞ് ആഴങ്ങൾ സൃഷ്ടിക്കുന്നതെന്ന് നോക്കണം ഗോർക്കിയുടെ ഒരു കഥയിൽ രണ്ടുപേർ തമ്മിലുള്ള ചർച്ച ജീവിക്കുക എന്ന സമസ്യയിലേക്ക് എത്തിച്ചേരുന്നുണ്ട്. ഇത് കഥാകാരൻ്റെ  അഭിപ്രായമായി കരുതാവുന്നതാണ്. മനുഷ്യൻ്റെ ഏറ്റവും ഹീനവും നിന്ദ്യവുമായ അഭിപ്രായങ്ങളുടെയും ഉപദ്രവസ്വഭാവങ്ങളുടെയും അടിയിൽ ഒരു പൊറുതി സാധ്യമാക്കുക എന്നതിനപ്പുറം ലക്ഷ്യമില്ലാതിരിക്കുന്നതിനെ ജീവിതം എന്നു വിളിക്കുന്നത് അധ:പതനമാണെന്ന് ഗോർക്കി എഴുതുന്നുണ്ട്. ഒരു സാഹിത്യ സംവാദത്തിൽ ഗോർക്കി പറഞ്ഞത് , പാവപ്പെട്ടവരെയും  തൊഴിലാളികളെയും അവരുടെ കലാപരമായ കഴിവുകൾ പരമാവധി ഉപയോഗിക്കാൻ പഠിപ്പിക്കണമെന്നാണ്. ഉന്നതമായ സർഗ്ഗശേഷി എന്താണെന്ന് തൊഴിലാളിവർഗ്ഗത്തെ പഠിപ്പിക്കണമെന്ന് പറഞ്ഞതിൻ്റെ  പൊരുൾ എന്താണ് ?കല ഉന്നതവും അഗാധവുമാണെന്ന ചിന്തയാണത്.

അത് രാഷ്ട്രീയത്തേക്കാൾ വളരെ മുകളിലാണ്. ഗോർക്കിയുടെ കഥകൾ വായിച്ചാൽ ,അദ്ദേഹം മനുഷ്യഹൃദയത്തെ എത്ര ഗഹനമായി , ചിന്താപരമായി സമീപിച്ചു എന്നു വ്യക്തമാവും, കലാകാരനെന്ന നിലയിൽ.നുറുങ്ങുകൾ 


1)ഫേസ്ബുക്കിലും ,കേരളത്തിലെ ചില എഴുത്തുകാർ ഗ്രൂപ്പുകളിക്കുകയാണ്‌ . വായിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും സ്വന്തം ഗ്രൂപ്പിൽപ്പെട്ടവരുടെ കൃതികൾ മാത്രം.നിവൃത്തിയുണ്ടായിരുന്നെങ്കിൽ സുക്കർബർഗിനെ സ്വാധീനിച്ച് ശത്രുത തോന്നുന്നവരുടെ ഫേസ്ബുക്ക് അക്കൗണ്ട് ഇവർ പൂട്ടിച്ചേനെ! .


2)കൊറോണക്കാലം വായനയെ സ്വന്തമാക്കുകയാണ് .വായനക്കാർക്ക്  ഒരു യജമാനനെയും അനുസരിക്കേണ്ടി വന്നില്ല .


3)വാട്സാപ്പ്, ഇൻസ്റ്റഗ്രാം തുടങ്ങിയ ഇടങ്ങളിലൂടെയാണ് മലയാളസാഹിത്യം ഈ കാലക്കളിൽ അതിജീവിച്ചത്, വളർന്നത് .


4)കഴിഞ്ഞുപോയ കാര്യങ്ങളെക്കുറിച്ച് ഓർക്കുമ്പോഴാണ് ശരിയായ വികാരം ലഭിക്കുന്നത് .പ്രണയിക്കുമ്പോഴുള്ള വികാരത്തേക്കാൾ ആയിരം മടങ്ങ് വികാരമാണ്  പ്രണയനഷ്ടാനന്തരമുണ്ടാകുന്നത്. വർത്തമാനകാലത്ത് യാതൊന്നിനെക്കുറിച്ചും സമ്പൂർണമായ വികാരം ലഭിക്കുകയില്ലെന്ന് നോവലിസ്റ്റ് വിർജീനിയ വുൾഫ് പറഞ്ഞത് എത്ര ശരിയാണ്! . ഈ നിമിഷം നമ്മുടെ മുന്നിൽ ഭാഗിക വൈകാരികലോകമേ തരുന്നുള്ളു. എന്നാൽ  ഭൂതകാലത്തെക്കുറിച്ച് ഓർക്കുമ്പോൾ ശരിയായ വികാര സാക്ഷാത്കാരം ലഭിക്കുന്നു.


5)അമ്മ മാതാവാണ് ,ദൈവമാണ് എന്നൊക്കെ എല്ലാവരും സമ്മതിക്കും. എന്നാൽ ചില കവികൾ ഇപ്പോഴും അതുതന്നെ പറഞ്ഞുകൊണ്ടിരിക്കുന്നു. ഇത് ക്ലീഷേ (ആവർത്തനത്തിലൂടെ അർത്ഥശൂന്യമായത്)യാണ്. മുലപ്പാലിനു മാധുര്യമുണ്ട് എന്ന് ഏതെങ്കിലും കവി എഴുതിക്കൊണ്ടുവന്നാൽ അയാളോട് സലാം പറഞ്ഞ് തിരിഞ്ഞുനടക്കേണ്ടി വരും .


6)അന്തർമുഖരും നാടോടികളും നിശ്ശബ്ദരും നിരാശരുമായ കവികളുടെയും സാഹിത്യകാരന്മാരുടെയും കാലത്ത് അവർക്ക് ബദലായി ശക്തിയുടെയും ധീരതയുടെയും നായകത്വത്തിൻ്റെയും  വീണ്ടെടുപ്പ് എന്ന നിലയിലാണ് നടൻ ജയനെ മലയാളികൾ ഉൾക്കൊണ്ടത്.7)സംസ്കൃതപണ്ഡിതനും സാഹിത്യ ചരിത്രകാരനും ദാർശനികനുമായിരുന്ന   കൃഷ്ണചൈതന്യ (കെ.കെ. നായർ ) യ്ക്ക് തുല്യനായ ഒരു മനീഷി എഴുത്തിൻ്റെ ലോകത്ത് അപൂർവമാണ്. എന്നാൽ കൃഷ്ണചൈതന്യയ്ക്ക്  ഗ്രൂപ്പില്ലായിരുന്നു. അതുകൊണ്ട് അദ്ദേഹത്തിൻ്റെ പേരിൽ അനുസ്മരണങ്ങളില്ല; ആ മഹത്തായ കൃതികൾ ആരും അച്ചടിക്കുകയുമില്ല .


8)അന്തരിച്ച പി.കെ. വാരിയരെപ്പോലെ വൈദ്യശാസ്ത്രത്തിലും കഥകളിയിലും സംഗീതത്തിലും സാഹിത്യത്തിലും ഒരുപോലെ താത്പര്യമുള്ള ഒരു മഹാനെ ഇനി എന്നു കാണും ?


9)കേരളത്തിലെ സ്കൂൾകുട്ടികളുടെ പാഠപുസ്തകങ്ങളിൽ പോലും സാഹിത്യകാരന്മാരുടെ ഗ്രൂപ്പടിസ്ഥാനത്തിലുള്ള സിലബസാണ്  നിർമ്മിക്കപ്പെട്ടിരിക്കുന്നത് .ഇന്നലെ എഴുതിത്തുടങ്ങിയവരുടെ കൃതികൾ പോലും സിലബസിൽ  ഉൾപ്പെട്ടിരിക്കുന്നു.വായന 


അടുക്കള ഇപ്പോൾ നമ്മുടെ വീടിൻ്റെ  ഒരു മൂലയിലൊതുങ്ങുന്ന മുറിയല്ല;അത് സിനിമാക്കാരുടെയും  ബുദ്ധിജീവികളുടെയും വിഷയമാണ്. അടുക്കളയിൽ ഒരു സ്ത്രീയും തളച്ചിടപ്പെടരുതെന്ന ആശയം പുരുഷന്മാരിൽ തന്നെ  ഉൽപതിഷ്ണുക്കളായ ഒരുപറ്റം പേർ  പിന്തുടരുന്നുണ്ട്; നല്ലതാണത്. പക്ഷേ, അടുക്കള പവിത്രമാണ്. അവിടെ തൊഴിൽ ചെയ്യുന്നവർക്കും  സന്തോഷമുണ്ടാകണം .അടുക്കളയുടെ ആകർഷണം അതിൻ്റെ മണത്തിലാണെന്ന് രാജൻ.സി.എച്ചിൻ്റെ 'അടുക്കളമണം' (ദേശാഭിമാനി വാരിക ,ജൂലായ് 21 ) എന്ന കവിതയിൽ വായിക്കാം.മണത്തെ തരംതിരിച്ചു കവി അവതരിപ്പിക്കുന്നുണ്ട് .


അടുക്കളയ്ക്കൊരു മണമുണ്ട് എന്നു  തുടങ്ങുന്ന കവിത ,അത് വിയർപ്പിൻ്റേതും കരിയുടേതും  അരിയുടേതുമല്ല എന്നു  പ്രഖ്യാപിക്കുന്നു. തുടർന്ന് അടുക്കളയുടെ യഥാർത്ഥ മണം ധൃതിപ്പെട്ടോടുന്ന  ധരിത്രിയുടേതാണെന്ന് അറിയിക്കുന്നു. കവിക്ക് അത് സമയത്തെ പിന്നിൽ നിർത്തുന്ന മണമാണ് .


'കരച്ചിലുള്ളിലാ-

യടയ്ക്കുന്ന മണം 

ചിറകിനുള്ളിലായ് 

മറക്കുന്ന മണം

പുടവത്തുമ്പിലായ്

കിനിയുന്ന മണം' 


കൊറോണയല്ല, അതിനേക്കാൾ വലിയ മഹാമാരി വന്നാലും മനുഷ്യമനസ്സിൽ  മാറ്റമുണ്ടാകില്ല. ബ്രസീലിയൻ നോവലിസ്റ്റ് പൗലോ കൊയ്ലോ പറഞ്ഞതുപോലെ, യേശുദേവനു പോലും സ്വാധീനിക്കാൻ കഴിയാത്ത മനുഷ്യരാണിവിടെയുള്ളത് .'കാലപ്രയാണം' എന്ന പേരിൽ സുജാതബാബു (കലാകൗമുദി ,ജൂലായ് 11 ) എഴുതിയ കവിതയിൽ രോഗവും പ്രളയവും നിറഞ്ഞാടിയ ഈ കാലത്തെങ്കിലും ഉള്ളിൽ ഉറഞ്ഞുപോയ ദയ  പുറത്തെടുക്കാൻ അഭ്യർത്ഥിക്കുന്നു:

'ലോകത്തിലാകെ 

നടുക്കമുണർത്തെ

സമയമായിതാ 

കണ്ണിൽ കാരുണ്യത്തിൻ്റെ 

ഉറവ പെരുക്കിടാനും 

കനിവ് തേടും 

ഹൃദയങ്ങൾക്ക് 

നാമൊരു സാന്ത്വന 

പെരുമഴയാകാനും സമയമായി' 


No comments:

Post a Comment