Monday, July 12, 2021

അക്ഷരജാലകം/എം.കെ.ഹരികുമാർ /ശൈലി പ്രകൃതിയിലില്ല/metrovartha 12/7/2021

 അക്ഷരജാലകംLink

എം.കെ.ഹരികുമാർ

9995312097

Email: mkharikumar797@gmail.com


ശൈലി പ്രകൃതിയിലില്ല


പ്രകൃതിയെ അതേപടി പകർത്തി വച്ചാൽ ഫോട്ടോഗ്രാഫിപോലുമാകില്ല; പിന്നെങ്ങനെ കലയാകും?പ്രകൃതിയിൽ കാണുന്നതിൽ നിന്ന് വ്യത്യസ്തമായി തൻ്റേതായ എന്തെങ്കിലും കൂട്ടിച്ചേർക്കുമ്പോഴാണ് കലാകാരനോ കലാകാരിയോ ഉണ്ടാകുന്നത്‌. ഒരു സ്രഷ്ടാവ് എന്ന  നിലയിലേക്ക് എത്രപേർക്ക് ഉയരാനാവുന്നുണ്ട്?. പലരും പലതും ആവർത്തിക്കുകയാണ് ചെയ്യുന്നത്. കാലാന്തരത്തിൽ വായനക്കാർ എന്ന നാം ആവർത്തിക്കപ്പെട്ടതോ,  അനുകരിക്കപ്പെട്ടതോ ,മൂന്നാമതോ  നാലാമതോ കൈമറിഞ്ഞതോ ആയ  വിഭവങ്ങളുടെ ഉപഭോക്താക്കളായി മാറുകയാണ്.


അനിത തമ്പിയുടെ 'ഗൗരി ' (മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ജൂലൈ 10) വായിച്ചു വിരസവും വിഫലവുമായ ഒരനുഭവത്തിൻ്റെ തനിയാവർത്തനത്തിൻ്റെ ചുഴികളിൽ അകപ്പെടുകയാണ് ചെയ്തത്. എന്താണ് ഈ കവിതയെഴുതാനുള്ള പ്രകോപനം? . മുൻമന്ത്രി കെ.ആർ. ഗൗരിയമ്മയെയാണ് കവിതയിൽ  വിഷയമാക്കിയിട്ടുള്ളത്. എന്നാൽ  ഗൗരിയമ്മയെക്കുറിച്ച് ഒരു 'സ്റ്റാറ്റസ്കോ' കവിത നിർമ്മിച്ചെടുത്തിരിക്കുകയാണ് അനിതാതമ്പി. ഇതുപോലെയുള്ള ഗതാനുഗതമായ കവനങ്ങൾ ഇപ്പോൾ സാധാരണമാണ്. ഗൗരിയമ്മക്കുറിച്ച് കവിതയെഴുതേണ്ട ആവശ്യമെന്താണിപ്പോൾ ?  കമ്യൂണിസ്റ്റ് ആശയങ്ങളോടുള്ള പ്രിയമാണെങ്കിൽ അവർ മരിക്കുന്നതുവരെ എന്തിനു കാത്തിരുന്നു ? ഗൗരിയമ്മയാകട്ടെ ഒട്ടും റൊമാൻറിക് അല്ലാത്ത പ്രകൃതമാണ്; അതൊരു കുറവല്ല എങ്കിലും. ഒരു വലിയ രാഷ്ട്രീയനേതാവ്, നിസ്വാർത്ഥമായ പൊതുപ്രവർത്തക എന്നീ നിലകളിൽ അവർ കേന്ദ്രീകരിച്ചിരുന്നത് പഞ്ചേന്ദ്രിയങ്ങളുടെ പച്ചയായ  യാഥാർത്ഥ്യങ്ങളിലും പുരോഗതിയെക്കുറിച്ചുള്ള ഭൗതിക ചിന്തകളിലുമായിരുന്നു. അതിൽ ഭാവനയ്ക്കിടമില്ല. ഇതൊക്കെ അനിതാതമ്പിയെപോലുള്ളവർക്ക് എങ്ങനെ ഉൾക്കൊള്ളാനാവും?.ഗൗരിയമ്മയുടെ  പ്രണയത്തിൽ നിശ്ചയമായും രാഷ്ട്രീയപ്രശ്നങ്ങൾ അന്തർഭവിച്ചിരുന്നു. അതിൽ സാമൂഹികഘടനയുടെ അന്ത:സംഘർഷങ്ങളുണ്ടായിരുന്നു.


അനിതാതമ്പി എഴുതുന്നതു നോക്കൂ:

'എന്തിന് പോരാടി നീ തരണീ ?

എന്തു നീ നേടി മായാത്തതായി?' 


ഈ ചോദ്യത്തിൽ നിന്നു തന്നെ  വ്യക്തമാകുന്നുണ്ട് അനിതയ്ക്ക് ഭാവന ചെയ്യാനുള്ള ഒരു വസ്തുവല്ല  ഗൗരിയമ്മയെന്ന്. ഗൗരിയമ്മയുടെ യൗവ്വനകാലത്തെ സാമൂഹികമായ ആളോഹരി ഒറ്റപ്പെടലും നിന്ദിതമായ അവസ്ഥയും അനിതാതമ്പിക്ക് സംവേദനക്ഷമമായ വസ്തുതകളല്ലെന്ന് വ്യക്തമാക്കുന്നതാണ് മുകളിൽ ഉദ്ധരിച്ച വരികൾ. വളരെ കാലഹരണപ്പെട്ടതും ഉൾക്കാഴ്ചയില്ലാത്തതും  അപ്രസക്തവും അസത്യവുമായ ഒരു കവനമാണിതെന്ന് വായിച്ചു തുടങ്ങിയപ്പോൾ തന്നെ വ്യക്തമായിരുന്നു. കാലത്തിനനുസരിച്ചുള്ള ആലോചനകളും ചിന്തകളുമില്ലെങ്കിൽ ഇതുപോലുള്ള കവിതകൾ നിരന്തരം ഉൽപാദിപ്പിക്കപ്പെടുക തന്നെ ചെയ്യും.


പ്രക്ഷുബ്ധമായ പ്രബുദ്ധതസ്പാനീഷ് ചിന്തകനും ദാർശനികനുമായ ഒർട്ടേഗാ ഈ ഗാസറ്റ് ' ദ് ഡീഹ്യൂമനൈസേഷൻ ഇൻ ആർട്ട് 'എന്ന പുസ്തകത്തിൽ ഇങ്ങനെ എഴുതി: ' ജീവിതം ക്ഷുദ്രവസ്തുവാണ്, അതിൻ്റെ അതിർത്തികൾ മറികടക്കാനുള്ള തീവ്രമായ ത്വര നമ്മുടെയുള്ളിൽ ഇല്ലെങ്കിൽ ' . ഇതല്ലേ കവികൾ ശ്രദ്ധിക്കേണ്ടത്.


നിലവിലുള്ള വാക്കുകളുടെ അർത്ഥത്തെയും ചിന്തകളുടെ മുൻഗണനാക്രമത്തെയും  ആവിഷ്കാരമാതൃകകളെയും അതേപടി നിലനിർത്താൻ വേണ്ടി ഒരാൾ എഴുതണമെന്നില്ല .അതുകൊണ്ടു ചരിത്രത്തിനു പ്രയോജനമില്ല . എന്തെങ്കിലും നവീകരിക്കാനുണ്ടാകണം. മറ്റൊരു രീതിയിൽ നോക്കാനുള്ള സിദ്ധി വേണം. ഒരു കൂട്ടിച്ചേർക്കൽ അനിവാര്യമാണ്. ഒരു പ്രക്ഷുബ്ധമായ പ്രബുദ്ധതയാണ് ഉണ്ടാകേണ്ടത്; അത് ജ്ഞാനോദയമാണ്.


ഗാസറ്റ് എഴുതുന്നു: 'നമ്മൾ സ്ഥിരം ചക്രവാളത്തിനകത്തു ഒതുങ്ങിക്കൂടാൻ ശ്രമിക്കുന്നത് എല്ലാ ഊർജ്ജത്തെയും നശിപ്പിക്കുന്നു. ജീവിതത്തിൻ്റെ  ചക്രവാളം ജീവശാസ്ത്രപരമായ ഒരു രേഖയാണ്; നമ്മുടെ ശരീരത്തിലെ ജീവനുള്ള ഒരു ഭാഗം. ജീവിതനിറവിൽ നിൽക്കുമ്പോൾ അത് വികസിക്കുന്നു. ആ ചക്രവാളം ചുരുങ്ങുന്നത്  തിരിച്ചറിയാനാവും, ആഗ്രഹങ്ങൾ നശിച്ചു ജരാനരകളിലേക്ക് നീങ്ങുമ്പോൾ ' .


കലയിൽ സ്വഭാവത്തേക്കാൾ ശൈലിക്കാണ് പ്രാധാന്യം. ഫ്രഞ്ച് സംവിധായകനായ കീസ്ലോവ്സ്കിയുടെ 'ദ് ഡബിൾ ലൈഫ് ഓഫ് വെറോണിക്ക ' എന്ന സിനിമ ശൈലിയാണ് കാണിച്ചു തരുന്നത്. യഥാതഥസിനിമയല്ലത്;വെറോണിക്ക  എന്ന പേരിൽ രണ്ടു യുവതികളുണ്ട് ,രണ്ടു സ്ഥലത്ത് .അവർ തമ്മിൽ വൈകാരികമായ ബന്ധമുണ്ടാവുകയാണ്. യുക്തിപരമായ ഉത്തരമില്ല. നാം നമ്മളായിരിക്കുന്നു എന്ന് പറയുന്നതിൽ എന്ത് അർത്ഥമാണുള്ളത്? നമ്മളിൽ പലരുണ്ട്.


കലയിൽ ശൈലീവത്ക്കരണമുണ്ടാകുന്നത് ,യാ ഥാർത്ഥ്യത്തെ തകർക്കുമ്പോഴാണ് .ശൈലി അപമാനവീകരണമാണ്. റിയലിസ്റ്റാവുമ്പോൾ ശൈലി ഇല്ലാതാകുന്നു. ശൈലി പ്രകൃതിയിലില്ലാത്തതാണ്.


ഗാസറ്റ് പറയുന്നപോലെ, പ്രത്യേകിച്ച് യാതൊരു അവബോധമോ ,ചിന്തയോ ഇല്ലാതെ ,ബുദ്ധിശൂന്യതയോടെ  എന്തെങ്കിലും വരയ്ക്കാനോ എഴുതാനോ യാതൊരു പ്രയാസവുമില്ല. പരസ്പരബന്ധമില്ലാത്ത വാക്കുകൾ ചേർത്തു വച്ചാൽ മതി ;അല്ലെങ്കിൽ പൊരുത്തമില്ലാത്ത വരികൾ  ഉണ്ടാക്കിയാൽ മതി .എന്നാൽ പ്രകൃതിയുടെ പകർപ്പല്ലാത്ത  എന്തെങ്കിലും സൃഷ്ടിക്കണമെങ്കിൽ , സ്വന്തമായ ഒരു ത്വര ഉണ്ടാകണം. അതാണ് പ്രക്ഷുബ്ധമായ പ്രതിഭ അഥവാ ക്ഷോഭിക്കുന്ന ജ്ഞാനം.


മെലോഡ്രാമ


യാഥാർത്ഥ്യം കലാകാരൻ്റെ  യാത്രയെ തടസ്സപ്പെടുത്താൻ വഴിയിൽ പതുങ്ങിയിരിക്കുകയാണ്.ഇതിൽ നിന്നു   രക്ഷപ്പെടാൻ നല്ല സാമർത്ഥ്യം വേണം. സംഗീതംപോലും മെലോഡ്രാമ അല്ലെങ്കിൽ അതിഭാവുകത്വമാണെന്ന് ഗാസറ്റ് ചൂണ്ടിക്കാണിക്കുന്നത് ഈ പ്രക്ഷുബ്ധമായ പ്രബുദ്ധതയ്ക്ക് ഉദാഹരണമാണ്.മഹാനായ ജർമ്മൻ തത്ത്വജ്ഞാനി ഫ്രഡറിക് നിഷെ നിരീക്ഷിച്ചു ,സംഗീതം വികാരത്തിൻ്റെ സ്വയം ആഘോഷമാണെന്ന്.ബിഥോവൻ മുതൽ വാഗ്നർ വരെയുള്ള മഹാന്മാരുടെ സംഗീതം അതിവൈകാരികതയാണെന്ന് ഗാസറ്റ്   നിരീക്ഷിക്കുന്നത് അതിലെ വൈകാരികതലത്തെ അടിസ്ഥാനമാക്കിയാണ്.


ചില കവിതകളിൽ അതിവൈകാരികതയോ വർദ്ധിച്ച അന്ത:ക്ഷോഭമോ അതിൻ്റെ തന്നെ ഭക്ഷണമാവുകയാണ്. വികാരം മാത്രമേ കാണൂ .കവിത ഒരു  വിച്ഛേദമാണ് ,പാഴ്ശ്രുതിയായി അധ:പതിക്കുന്ന അതിവൈകാരികതയിൽ നിന്ന്. കവിതയുടെ അഭൗമമായ ഗുണം മല്ലാർമെയെപ്പോലെ നല്കാനാവണം.


മല്ലാർമെയുടെ വരികൾ കുറിക്കട്ടെ:

'എല്ലാം ഒരു വാക്കിൽ

സംഗ്രഹിച്ചിരിക്കുന്നു - വീഴ്ച.

അതുകൊണ്ട് വർഷത്തിൽ എൻ്റെ 

പ്രിയപ്പെട്ട കാലം ഹേമന്തത്തിനു 

മുമ്പുള്ള വേനൽക്കാലത്തിൻ്റെ

പതനയാത്രയാണ്, 

പകലിൽ 

വിടവാങ്ങാൻ മടിക്കുന്ന

സൂര്യനെ കണ്ട് നടക്കുന്നതാണ് -

മഞ്ഞ വെങ്കലരശ്മികൾ

നരച്ച ഭിത്തികളിലും 

ചുവന്ന

ചെമ്പിൻ്റെ രശ്മികൾ 

തറയോടുകളിലും വിതറി....'


ഒരു കവിയല്ലാതെ എനിക്ക് മറ്റൊന്നുമാ കേണ്ടെന്ന ആഗ്രഹം പത്തൊമ്പതാം നൂറ്റാണ്ടിൽ പ്രഖ്യാപിച്ച ആദ്യ കവിയാണ് മല്ലാർമെ .ഈ അഭൗമ ഗുണം മറ്റെല്ലാറ്റിൽ നിന്നും അദ്ദേഹത്തെ ഉയർത്തി നിർത്തി.


ദ് പോയറ്റ് ബിഗിൻസ് വെയർ ദ് മാൻ എൻഡ്സ് - ഗാസറ്റിൻ്റെ വാക്കുകളാണ്. മനുഷ്യവ്യക്തി  അവസാനിക്കുന്നിടത്താണ് ഒരു കവി ഉദയം ചെയ്യുന്നത്. മനുഷ്യന് അവൻ്റെ  ജീവിതം ജീവിക്കാനുള്ള ഇടം മതി; കവിക്ക് ജീവിതത്തിലില്ലാത്തത് കണ്ടുപിടിക്കേണ്ടി വരും. കവി ലോകത്തെ വിപുലീകരിക്കുകയാണ് ചെയ്യേണ്ടത്.


കവിത ഒരയാഥാർത്ഥ ലോകമാണെങ്കിലും ,അതിൽ സ്വാതന്ത്ര്യമുണ്ട്. മാത്രമല്ല ,അത് തത്ത്വചിന്താപരവുമാണ്. അമെരിക്കൻ ഫിലോസഫി പ്രൊഫസറായ മൊണ്ടാഗ്  ബ്രൗൺ എഴുതിയ  'റീസൺ ,റെവലേഷൻ ആൻഡ് മെറ്റാഫിസിക്സ് - ദ് ട്രാൻസെൻ്റഡൽ അനാളജീസ്' എന്ന പുസ്തകത്തിൽ മറ്റു മാനവശാസ്ത്രമേഖലകളിൽ നിന്ന് തത്ത്വചിന്തയെ വ്യത്യസ്തമാകുന്നത് അതിലടങ്ങിയ നിരാസ്പദമായ സ്വാതന്ത്ര്യമാണെന്ന് വിശദീകരിക്കുന്നുണ്ട്. ഒരു മനശാസ്ത്രജ്ഞന് വ്യക്തികളുടെ മനസ്സിനെക്കുറിച്ചുള്ള വ്യവസ്ഥാപിതമായ തത്ത്വങ്ങളെ ആശ്രയിക്കുന്ന ചിന്തകളേ സാധ്യമാകൂ; ഒരു ജീവശാസ്ത്രജ്ഞൻ്റെ ലോകം അയാൾക്കു അജ്ഞാതമാണ്. ജീവശാസ്ത്രജ്ഞനു സാമൂഹ്യശാസ്ത്രപരമായ വിഭവങ്ങൾ അസുഖകരമാണ്. എന്നാൽ തത്ത്വചിന്ത എല്ലാറ്റിനെയും ചൂഴുന്നു. ദാർശനികത എന്തിനെയും വ്യാഖ്യാനിക്കുമെന്നാണ് ബ്രൗൺ പറയുന്നത് .അത് ഒന്നിലേക്കും ചുരുങ്ങില്ല, മറ്റു മാനവശാസ്ത്ര വിഷയങ്ങളെപ്പോലെ. 


ഡൗൺലോഡ് ചെയ്യാനാവില്ല


തത്ത്വചിന്തയിൽ അതിൻ്റെ തന്നെ വൈരുദ്ധ്യത്തെയും അസംബന്ധത്തെയും മുഖാമുഖം കാണുന്ന സന്ദർഭങ്ങളുണ്ട്.ഇത് സ്വാതന്ത്ര്യമാണ്.ദാർശനികത അംഗീകൃത പഠനശാഖകൾക്ക് പുറത്താണ് അലയുന്നത് .ഏത്  ചിന്താവ്യവസ്ഥയ്ക്കും പുറത്ത് തരിശുനിലങ്ങളുണ്ട്. അവിടെയാണ് ദാർശനികത സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നത്. കവിതയും  സാഹിത്യവും ഈ തരിശുനിലങ്ങളിൽ നിന്ന് ഊർജം തേടുകയാണ്. അവിടെ സ്വാതന്ത്ര്യം ആരംഭിക്കുകയല്ല , അവസാനിക്കാത്ത പാത കണ്ടെത്തുകയാണ്.


ഒരു കവി തൻ്റെ അഭൗമവും വിഭ്രാമക വുമായ ലോകം സൃഷ്ടിക്കുന്നത് സ്വതന്ത്രമായാണ് ; കണ്ടുപിടുത്തമാണത്. അയാൾക്കുള്ള ഉത്തരങ്ങൾ എവിടെ നിന്നും ഡൗൺലോഡ് ചെയ്യാനാവില്ല.വിചാരം


എസ് .കെ. പൊറ്റക്കാടിനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവയ്ക്കുന്ന പുസ്തകമാണ് 'എസ്.കെ. പൊറ്റക്കാട് - ഓർമ്മ ,പഠനം, സംഭാഷണം'. സി. പി.ശ്രീധരൻ ,എം ടി ,ഒ.എൻ.വി ,ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി ,എസ്.രാജശേഖരൻ ,ഇ .വാസു, ചെറിയാൻ കുനിയന്തോടത്ത്  തുടങ്ങിയവരുടെ ഓർമ്മകൾ വായിക്കാം. അതോടൊപ്പം ചില  എഴുത്തുകാരുടെ പഠനങ്ങക്കുറിപ്പുകളും ചേർത്തിട്ടുണ്ട്. കാലപ്പഴക്കം ചെല്ലുന്നതോടെ കൃതികൾക്ക് പ്രസക്തിയില്ലെന്ന് വാദിക്കുന്ന പുത്തൻകൂറ്റുകാർ ഇതൊക്കെ കാണണം. എസ്.കെ.ഉണ്ടെങ്കിലേ ഇന്നത്തെ എഴുത്തുകാരുള്ളു. ഇതൊരു തുടർച്ചയാണ്. എസ്.കെയെ വിസ്മൃതിയിലേക്ക് തള്ളിയിട്ട ശേഷം ജീവിക്കാമെന്നത് വ്യാമോഹം മാത്രമാണ്. 


സി.പി.ശ്രീധരൻ എഴുതുന്നത് പുതിയ അറിവു പകരുന്നു: 'വീട്ടിലായാലും മറുനാട്ടിലായാലും എസ്. കെ.  മുറതെറ്റാതെയനുഷ്ഠിക്കുന്ന രണ്ടു കാര്യങ്ങളുണ്ട്. രാവിലെ അഞ്ചു മണിയോടെടുത്തോ വെളുക്കുന്നതിനു മുൻപോ ഓരോ ദിവസവും ഓരോ പുതിയ വഴിയിൽക്കൂടി മൂന്നുനാലു  മൈലെങ്കിലും ചുരുങ്ങിയതു നടക്കും. കുന്നും കുളവും ,കല്ലും തൂണും, ആലയും തറയും, കാവും കാടും കണ്ട പുതുമകളെല്ലാം നേത്രാഭിചാരംകൊണ്ടകത്തു കടത്തും . തിരിച്ചുവന്നശേഷം -അല്ലെങ്കിൽ രാത്രി, കണ്ടതും കേട്ടതുമെല്ലാം തൻ്റെ  ഡയറിയിലും നോട്ടുപുസ്തകത്തിലും  വിശദമായി തന്നെ കുറിച്ച് വയ്ക്കും. നാല്പത്തിയെട്ടുവർഷം തുടർന്നുവന്ന ഈ ശീലത്തിൻ്റെ ഫലമായി എത്രയോ ലോറികളിലൊതുങ്ങുന്നത്ര കുറിപ്പ്പുസ്തകങ്ങൾ കെട്ടിക്കിടപ്പുണ്ട് " .


 തന്നെ ചെറുപ്പത്തിൽ ഏറ്റവും സ്വാധീനിച്ച എഴുത്തുകാരൻ എസ് .കെ. പൊറ്റക്കാട്ടണെന്ന് എം.ടി അനുസ്മരിക്കുന്നു. തനിക്ക് എഴുതണമെന്ന് തോന്നാൻ കാരണം എസ്.കെയുടെ കൃതികളാണ്. 'മനസ്സിൽ അവ്യക്തസുന്ദരസങ്കല്പങ്ങളുടെ ആയിരം പീലിക്കാവടികൾ നിവർത്തി നിറഞ്ഞുനിന്ന പേരാണ് എസ്. കെ. പൊറ്റക്കാടെന്ന്' എം.ടി കുറിക്കുന്നു.


നുറുങ്ങുകൾ


1)പിൽക്കാല എഴുത്തുകാരുടെ  അസ്തിത്വപ്രശ്നവും അതിജീവന സമസ്യയുമായി തൻ്റെ പേരിൽ അവാർഡ് സ്ഥാപിതമാവുമെന്ന് എഴുത്തച്ഛനു അറിയില്ലായിരുന്നു.  അതറിയാമായിരുന്നെങ്കിൽ, അദ്ദേഹം വ്യവസ്ഥകൾ എഴുതിവച്ച് അവാർഡുകളുടെ കാര്യത്തിൽ കർശന നിലപാടെടുക്കമായിരുന്നു.


2)ഏത് മുന്നണി അധികാരത്തിൽ വന്നാലും ,എല്ലാവർക്കും പ്രിയപ്പെട്ടതായി തുടരാൻ ചില എഴുത്തുകാർക്ക് പ്രത്യേക സിദ്ധി തന്നെയുണ്ട്. അവർ ഒരേസമയം ഭഗവത്ഗീതയും കമ്മ്യൂണിസവും ഇടതും വലതും വള്ളത്തോളും നാലപ്പാടനുമായെല്ലാം അവതരിക്കും.


3)പുതിയ സർക്കാരിലെ സാംസ്കാരിക മന്ത്രി ആരായിരിക്കുമെന്ന് മനസ്സിൽ പ്രവചിച്ചുകൊണ്ട് ഇലക്ഷൻ പ്രചരണത്തിന് പോയവരുണ്ട്. എന്നാൽ അവരുടെ കണക്കുകൂട്ടലുകൾ ആകെ മാറിപ്പോയിരിക്കയാണ്.


4)ഒരു ആത്മകഥയിൽ മാത്രമല്ല ,ഒരു പദവിയിലും ഒതുങ്ങാത്തവനാണ് നല്ല എഴുത്തുകാരൻ .കേരള സാഹിത്യ അക്കാദമിയുടെ അവാർഡ് വേണ്ടെന്ന് പറഞ്ഞപ്പോൾ എം. പി.നാരായണപിള്ള അതാണ് സൂചിപ്പിച്ചത്.


5) പണം  കൊടുക്കാതെ പുസ്തകം പ്രസിദ്ധീകരിക്കാൻ കഴിയാത്ത സാഹചര്യമാണിന്നുള്ളത്. പുസ്തകം  പുറത്തിറക്കാൻ ഭാഷാഇൻസ്റ്റിട്യൂട്ടിനെ സമീപിക്കാൻ നിവൃത്തിയില്ല .ആ വഴി പോയാൽ കൊച്ചുകുട്ടികൾ പോലും പേടിച്ചു നിലവിളിക്കും.


6)എഴുതാൻ രാഷ്ട്രീയപാർട്ടികളും മറ്റു സംഘടനകളും വിഷയം നിർദ്ദേശിച്ചു തരും. അതിനനുസരിച്ച് എഴുതിയാൽ മതി .ഷഷ്ഠിപൂർത്തിയും സപ്തതിയും അശീതിയുമെല്ലാം നന്നായി ആഘോഷിക്കപ്പെടാൻ  ഇതാണ് ഉത്തമം .


വായന 


വിശ്രുത ബംഗാളിനോവലുകൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ എം.എൻ .സത്യാർത്ഥിയെ  മലയാളികൾക്ക് വേണ്ട. അവർക്ക് കഷ്ടിച്ച ഒരു കഥ മാത്രം എഴുതിയവരെ മതി. പി.വി.കെ. പനയാൽ (ഗ്രന്ഥാലോകം ,ജൂൺ ) ഇങ്ങനെ എഴുതുന്നു:

'മറവിയുടെ ഇരുണ്ട ഗർത്തത്തിൽ എത്രവേഗമാണ് നാം എം.എൻ.സത്യാർത്ഥി എന്ന പേര് അടച്ചുപൂട്ടി മുദ്രവെച്ചുകളഞ്ഞത്!. പ്ലാസി യുദ്ധത്തിൻ്റെ കഥപറയുന്ന, ആയിരത്തിൽപരം പേജിൽ പരന്നുകിടക്കുന്ന ,ബിമൽമിത്രയുടെ 'ബീഗം മേരി വിശ്വാസ്' എന്ന  നോവൽ വായിക്കുമ്പോൾ അത് മലയാളത്തിലെഴുതിയ നോവലാണെന്നേ നമുക്ക് തോന്നൂ'.


പുരോഗമന കലാസാഹിത്യസംഘം അതിൻ്റെ പിതാവായ കെടാമംഗലം പപ്പുക്കുട്ടിയെ പടിയടച്ച് പിണ്ഡംവച്ചതുപോലെയാണിത്. ഉപയോഗിച്ചു വലിച്ചെറിയുന്ന സാഹിത്യ സംസ്കാരം നല്ലതല്ല. നമുക്ക് നഷ്ടപ്പെടുന്നത് എന്താണെന്ന് പിന്നീടേ മനസ്സിലാകൂ. ഓസ്കാർ വൈൽഡ് ജീവിച്ചിരുന്നപ്പോൾ കള്ളക്കേസെടുക്കാനും അപമാനിക്കാനുമായിരുന്നു പലർക്കും താൽപര്യം. അദ്ദേഹം മരിച്ച ശേഷമാണ് തങ്ങൾ എത്രമാത്രം നികൃഷ്ടമായാണ്  വൈൽഡിനെ കൈകാര്യംചെയ്തെന്ന് സമൂഹം മനസ്സിലാക്കിയത്. പിന്നീട് ആ ശവകുടീരത്തിലേക്ക് ആരാധകർ പ്രവഹിച്ചുകൊണ്ടിരുന്നു. ആ  ശവക്കല്ലറ ആരാധകർ ഉമ്മവച്ചതിൻ്റെ ലിപ്സ്റ്റിക് പാടുകൊണ്ട് നിറയുകയാണുണ്ടായത്. ആരാധകരെ ഒഴിവാക്കാൻ അധികാരികൾ ആ കല്ലറ വേലികെട്ടി അടക്കുകയായിരുന്നു.ഫോർമുല മാറണം


നമ്മുടെ സാഹിത്യ, സാംസ്കാരിക ആഴ്ചപ്പതിപ്പുകളുടെ ഉള്ളടക്കവും  ഫോർമുലയും മാറ്റാൻ സമയമായി. ഒരു നോവൽ ,ഒരു കഥ ,രണ്ടു കവിത, ആത്മകഥ, ഫീച്ചർ, ലേഖനം എന്നിങ്ങനെയുള്ള ബുക്കിഷ് ഘടന ഇന്നത്തെ വായനക്കാരൻ്റെ മനസിനെ അപ്ഡേറ്റ് ചെയ്യുന്നില്ല . മനുഷ്യരുടെ ജീവിതവും ചിന്തകളുമായി ഇതിനു ബന്ധമില്ല. ഇന്ന് ആഴ്ചപ്പതിപ്പുകളിൽ  വരുന്ന കവിതയോ കഥയോ ആളുകൾ കാണണമെങ്കിൽ ഫേസ്ബുക്കിലിടേണ്ട അവസ്ഥയാണുള്ളത്.എഴുത്തുകാർക്ക് ഇരട്ടിപ്പണിയാണ്. മനുഷ്യരുടെ സമകാലികജീവിതത്തെ കീറിമുറിച്ച് പരിശോധിക്കുന്ന റിപ്പോർട്ടുകളും ലേഖനങ്ങളും വാരികകളിൽ ഉണ്ടാവണം. ഒരു പഴയ സ്കൂൾ മാഷിൻ്റെ ,അല്ലെങ്കിൽ കോളജ് മാഷിൻ്റെ ചുറ്റുവട്ടത്തിൽ നിന്ന് ,പരിപ്രേക്ഷ്യത്തിൽ നിന്ന് സാഹിത്യത്തെ മാറ്റേണ്ടതുണ്ട്.


ഇരുപത്തിയൊന്നാം നൂറ്റാണ്ടിലാണ് ജീവിക്കുന്നതെന്ന് തിരിച്ചറിയാൻ കഴിയാത്ത വിധം വാരികകൾ പതിറ്റാണ്ടുകൾ പിറകിലേക്കു സഞ്ചരിക്കുകയാണിപ്പോൾ. ഇന്ന് എഴുത്തുകാരെ അലട്ടുന്നത് സമൂഹമാധ്യമങ്ങളാണ്‌. അപ്രതീക്ഷിതമായി ഒരു കെണിയിലേക്ക് വീണതിൻ്റെ സമ്മർദ്ദം പലരിലുമുണ്ട്. അതിൽ നിന്ന് രക്ഷപ്പെടാൻ ആഴ്ചകളോളം സോഷ്യൽ മീഡിയ അക്കൗണ്ടു പൂട്ടി വയ്ക്കുന്നവരുമുണ്ട്. 


പുസ്തകങ്ങൾ ഇന്ന് വാരികകളിൽ ഒരു വാർത്ത പോലും അല്ലാതായ സംഭവം ഇതിനോടു ചേർത്തുവച്ചു കാണണം.സാമൂഹിക അകലം പാലിക്കുന്നതിനു പകരം അടുപ്പം ഉണ്ടാക്കുകയാണ് എഡിറ്റർമാർ ചെയ്യേണ്ടത്.


സംസ്കാര കേരളം


എഴുപതുകളിലെ ഫോർമുല കാലഹരണപ്പെട്ടു .ജീവിച്ച ജീവിതങ്ങൾ വിസ്മരിക്കപ്പെടുകയാണ്. പകരം ബുക്കിഷ് മാതൃകയിലുള്ള വാർപ്പ് സങ്കല്പങ്ങൾ അണിനിരക്കുന്നു. സാംസ്കാരിക വാർപ്പുമാതൃകകളെ അതേപടി പുനഃസൃഷ്ടിക്കുന്നത് അപകടകരമാണ്.

കേരളസർക്കാരിൻ്റെ 'സാംസ്കാരിക കേരളം' മാസികയുടെ ജുലായ് ലക്കം ഞെട്ടിച്ചു. ആകെ നൂറ് പേജാണുള്ളത്.അതിൽ അറുപത്തിയേഴ് മുതലുള്ള മുഴുവൻ പേജുകളും നോവലിസ്റ്റ് സി.വി.ബാലകൃഷ്ണനു നീക്കിവച്ചിരിക്കയാണ്.എന്താണ് കാരണം ?എന്തെങ്കിലും പ്രത്യേക ദർശനമോ കലാതന്ത്രമോ ബാലകൃഷ്ണൻ ആവിഷ്കരിച്ചോ ?അദ്ദേഹത്തിൻ്റെ ഫോട്ടോകൾ പോലെ തീരെ ആഴമില്ലാത്ത ,ചിന്താരഹിതമാണ് മിക്കവാറും കൃതികളും. 'സംസ്കാര കേരള'വും വ്യക്തിപൂജയിൽ അഭിരമിക്കുന്ന പ്രസിദ്ധീകരണങ്ങളും തമ്മിലുള്ള വ്യത്യാസമെന്താണ് ?ഔചിത്യം വേണ്ടേ ?ഇതിൻ്റെ എഡിറ്റർ പ്രഭാകരൻ പഴശ്ശിക്ക് വസ്തുതകൾ വേർതിരിച്ചറിയാനുള്ള ശേഷി ഇല്ലാത്തതിനാൽ അദ്ദേഹം പലരുടെയും സമ്മർദ്ദത്തിനു അടിമപ്പെടുന്ന കാഴ്ചയാണ് നാം കാണുന്നത്‌. ഇതൊരു സർക്കാർ പ്രസിദ്ധീകരണമാണെന്ന കാര്യം പഴശ്ശി മറന്നു പോയി. ഈ നാട്ടിലെ ധാരാളം കഴിവുള്ള എഴുത്തുകാർക്ക് പ്രയോജനപ്പെടേണ്ട ഒരു ജേർണൽ ചിലരുടെ പബ്ളിസിറ്റിക്ക് വേണ്ടി മാത്രമായി  നിന്നുകൊടുക്കുന്നത് അവിവേകമാണ്.ഇത് 'സംസ്കാര കേരള'മല്ല ,സംസ്കാരമില്ലാത്ത കേരളമാണ്‌.


No comments:

Post a Comment