എം.കെ.ഹരികുമാർ
9995312097
Email mkharikumar797@gmail.com
സ്വപ്നം ചിലങ്കയണിഞ്ഞ് പ്രഭയോടെ
ആറ് കഥാസമാഹാരങ്ങളും പന്ത്രണ്ട് നോവലുകളുമെഴുതിയ , അമേരിക്കയിലെ അമെരിക്കയിലെ വിഖ്യാതമായ പെൻപ്രൈസ് നേടിയ ഫെഡറിക് ബുഷ് തൻ്റെ 'എ ഡേഞ്ചറസ് പ്രൊഫഷൻ - എ ബുക്ക് എബൗട്ട് ദ് റൈറ്റിംഗ് ലൈഫ്' എന്ന ഗ്രന്ഥത്തിൽ സാഹിത്യരചനയുടെ നിഗൂഢവും പ്രലോഭിപ്പിക്കുന്നതുമായ ത്വര എന്താണെന്ന് അന്വേഷിക്കുന്നുണ്ട്. എഴുത്തുകാരനു എഴുതാനുള്ള ചിന്ത ഒരു പ്രത്യേക വിശപ്പാണെന്ന് ചൂണ്ടിക്കാട്ടുന്ന അദ്ദേഹം ശ്രദ്ധേയമായ ഒരു നിരീക്ഷണം നടത്തുന്നുണ്ട്.
അമെരിക്കൻ സാഹിത്യവിമർശകനായ ജോൺ ഗാർഡ്നർ വിശദീകരിച്ചതു പോലെ എഴുത്ത് തെളിഞ്ഞതും തുടർച്ചയുള്ളതുമായ ഒരു സ്വപ്ന നിർമ്മാണമാണെന്ന് ബുഷ് ഊന്നിപ്പറയുന്നു. എഴുതി തുടങ്ങുന്നതോടെ വായനക്കാരനെ പിടിച്ചെടുക്കാൻ കഴിയുന്ന തരത്തിൽ സ്വപ്നാത്മകത പശിമയോടെ അനുഭവപ്പെടണം. ഇത് എഴുത്തുകാരനെക്കാൾ വായനക്കാരനാണ് പ്രിയങ്കരമാകേണ്ടത്.
ഇതിനു സ്വപ്നജീവിതം ആവശ്യമാണ്. വളരെ കർക്കശക്കാരും രാഷ്ട്രീയലാഭം നോക്കിനടക്കുന്നവരും, യുക്തിചിന്തകന്മാരും ഈ സ്വപ്നം നിർമ്മിക്കില്ല. കാരണം, അവർക്ക് ജീവിതത്തിൽ സമാന്തരപാതകളില്ല .തന്നെക്കുറിച്ച് മാത്രമല്ല, തൻ്റെ ദേശത്തെക്കുറിച്ചും പൈതൃകത്തെക്കുറിച്ചും ചിന്തിക്കുന്നത് ഈ സ്വപ്ന നിർമാണത്തിൻ്റെ ഭാഗമാണ്. സ്വപ്ന ദർശികൾ മറ്റൊരു ചിമിഴിലൂടെയാണ് നോക്കുന്നത് .എഞ്ചുവടിപോലെ കൃത്യതയാർന്ന കണക്കുകൾ അടയാളപ്പെടുത്തുന്ന ജീവിതത്തെ മാന്ത്രികതയുടെയും അതിശയത്തിൻ്റെയും തലത്തിലെത്തിച്ച് അപൂർവത നല്കുന്നത് സ്വപ്നമാണ്. എല്ലാവർക്കും എല്ലാ സ്വപ്നവും കാണാനാകില്ല. സ്വപ്നം പ്രതിജനഭിന്നമാണല്ലോ. സ്വപ്നത്തിലൂടെ ഓർമ്മകൾക്ക് ജീവൻ വയ്ക്കുന്നു.ഇത് ഗൃഹാതുരത്വമല്ല; അതിനും അപ്പുറമാണ് .മരിച്ചതെല്ലാം ജീവൻ വയ്ക്കുകയാണ്. സാഹിത്യരചനയുടെ പരമപ്രധാനമായ ചലനം നടക്കുന്നത് ഈ ജീവൻവയ്പിക്കലിലാണ്. എല്ലാത്തിനെയും നവജീവിതത്തിലേക്ക് ആനയിക്കണം. സാഹിത്യത്തിൽ ജീവനില്ലാത്തതായി യാതൊന്നുമില്ല. അല്ലെങ്കിൽ ഒരു അചേതനവസ്തുപോലും സാഹിത്യത്തിലില്ല. എല്ലാം ജീവിതമാണ് ,ത്രസിച്ചുണരുന്ന ജീവിതം.എല്ലാത്തിലേക്കും സമസ്ത ജൈവരസതന്ത്രവും കടന്നുവരികയാണ്. സ്വപ്നാത്മകത ജീവിതത്തെ വികസിപ്പിക്കുന്നു. ഭൗമ യാഥാർത്ഥ്യത്തിനതീതമായ ഒരു മനുഷ്യാസ്തിത്വമാണത്.
പ്രാചീനസംഗീതം
ഇ. ഹരികുമാറിൻ്റെ കഥകളിൽ സ്വപ്നാത്മകതയുടെ സൗന്ദര്യം മിക്കപ്പോഴും കാണാം. അവിടെ ഓർമ്മകൾക്ക് വേറൊരു ശോഭയാണ് .ഓർക്കുന്തോറും ഭൂതകാലം രാകിമിനുക്കപ്പെടുന്നു. നഷ്ടപ്പെട്ടതെന്തോ തിരിച്ചുകിട്ടുന്നു. തിളക്കമുള്ള പലതും ഭൂതകാലത്തിൻ്റെ പുരയിടത്തിൽ കുഴിച്ചിട്ടിരിക്കന്നതായുള്ള വിവരം ലഭിച്ചതുകൊണ്ടാണ് ഹരികുമാർ എഴുതുന്നത്.
അദ്ദേഹത്തിൻ്റെ 'വടക്കുനിന്നൊരു സ്ത്രീ' എന്ന കഥയിൽ നാണുനായരോടു നാലുകെട്ട് എവിടെയാണെന്ന് തിരക്കാൻ വരുന്ന സ്ത്രീകളിൽ ഒരാളുടെ സംഭാഷണത്തിൽ ഹരികുമാർ തൻ്റെ സ്വപ്നജീവിതം ഒളിപ്പിച്ചിരിക്കുന്നു. ആ സ്ത്രീയുടെ ശബ്ദത്തിൽ അസാധാരണത്വമുണ്ടെന്ന് ആമുഖമായി പറഞ്ഞ കഥാകൃത്ത് ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: 'അതു കാലങ്ങളെ അതിജീവിച്ചുവന്ന സംഗീതത്തിൻ്റെ പ്രാചീനമായ സ്രോതസ്സുകളെ ഓർമ്മിപ്പിച്ചു' .എങ്ങനെയാണ് ഈ സംഗീതമുണ്ടായത് ? അവർ തുടർന്നു പറയുന്ന ഭാഗമാണ് കൂടുതൽ മിഴിവാർന്നത് .
' എനിക്കു നല്ല ഓർമ്മയുണ്ട്. പൂമുഖത്തിൻ്റെ നിലം കറുപ്പായിരുന്നു. ചുമരില് തളത്തിലേക്കുള്ള വാതിലിൻ്റെ ഇടതു വശത്തായി ഒരു കിളിവാതിലു. ചിത്രപ്പണീള്ള വാതില്. വാതിലിനു മുകളിൽ ഒരു കലമാനിൻ കൊമ്പ് തൂക്കീട്ടുണ്ട്. തളത്തിലെ നെലം ചൊമപ്പായിരുന്നു .നടുമുറ്റത്തിനു ചുറ്റും തിണ്ണയുമുണ്ടായിരുന്നു.തിണ്ണേമ്മല് തെക്കോറത്ത് ചന്ദനം അരയ്ക്കാൻ വട്ടത്തില് ഒരു ചാണ ഒറപ്പിച്ചിരുന്നു. അതിനടുത്ത് ഒരു ഓട്ടു കിണ്ടീല് എപ്പോഴും വെള്ളം വെച്ചിട്ടുണ്ടാവും. അതിനു മോളില് കഴുക്കോലിന്മേലിൽ തേക്കുകൊട്ടോട ആകൃതീല് ഭസ്മത്തിൻ്റെ പാത്രം തൂക്കിയിട്ടുണ്ട്. അതിനു എതിർവശത്തെ ചുമരിന്മേലാണ് ശ്രീഭഗവതിയുടെ കൂട്. അടുത്തുതന്നെ പൂജാമുറി ,എനിക്കെല്ലാം നല്ല ഓർമ്മയുണ്ട് '.
ഈ ഓർമ്മ ഗൃഹാതുരത്വമായി തരം താഴ്ത്തരുത് .ഗൃഹാതുരത്വം നിസ്സഹായകമായ ഒരു അവസ്ഥയുടെ ഭാഗമായുള്ള മനോനിലയാണ്. പഴയ കാലത്തേക്ക് പോയാൽ താൻ ചെയ്തതെല്ലാം ശരിയാണെന്ന് സമർത്ഥിക്കാമെന്ന വ്യർത്ഥചിന്തയാണത്.ഇവിടെ അതല്ല വിവക്ഷ. ജീവിതത്തിൻ്റെ മറഞ്ഞിരിക്കുന്ന നിഗൂഢതകൾ സൗന്ദര്യത്തിൻ്റെ തേരിലേറി വരുകയാണ് .
'ഖസാക്കിൻ്റെ ഇതിഹാസ 'ത്തിൽ രണ്ടു ജീവബിന്ദുക്കൾ നടക്കാനിറങ്ങിയ കഥ വിവരിച്ചിട്ടുള്ളത് അഭൗമമായ സ്വപ്നത്തിൻ്റെ ദൃഷ്ടാന്തമാണ്. ഒരു സസ്യം ഒരു പെൺകുട്ടിയോട് കുശലം ചോദിച്ചുകൊണ്ട് അഭിവ്യഞ്ജിപ്പിക്കുന്നത് ജന്മാന്തരസാഹോദര്യത്തിൻ്റെ മാന്ത്രിക ലാവണ്യമാണ്. സ്വപ്നത്തിൻ്റെ ഭാഷയാണിത്. നാം അന്യരല്ലെന്ന് യുക്തികൊണ്ട് സ്ഥാപിക്കാനാവില്ലല്ലോ.
ചിന്തയിലെ വിളക്കുകൾ
ടാഗോറിൻ്റെ 'ഞാൻ വീട്ടിലേക്ക് പോകുന്നു ' എന്ന കഥയിലെ ഫാതികനെ ഓർക്കുകയാണ്. ആ കുട്ടിയുടെ ഓർമ്മകൾ ജീവിതത്തിനു പുതിയ മാനം നല്കുന്നു. അമ്മായിയുടെ ഗൃഹത്തിൽ ശ്വാസം മുട്ടി ജീവിക്കുന്ന അവനെ സ്വന്തം വീടിനെക്കുറിച്ചുള്ള ഓർമ്മകൾ വലിഞ്ഞുമുറുക്കുന്നു. നഗരം അവനെ മടുപ്പിച്ചിരുന്നു. ഒരു ഭാഗം ഇതാണ്:
'പകൽ മുഴുവൻ അവൻ പട്ടം പറപ്പിച്ചു കളിക്കാറുള്ള ആ പറമ്പുകളും, ചാടിയോടിക്കളിച്ചുകൊണ്ട് അവൻ ആഹ്ലാദിച്ചു നടക്കാറുള്ള വിശേഷപ്പെട്ട പുഴവക്കുകളും , ഇഷ്ടമുള്ളപ്പോഴൊക്കെ ചാടി നീന്തിക്കളിക്കാറുള്ള അരുവികളും എല്ലാം അവൻ്റെ മനോമുകുരത്തിൽ പ്രതിബിംബിച്ചു പ്രകാശിച്ചു. അവൻ സങ്കല്പത്തിൽ ആ സുഖങ്ങളെ അനുഭവിക്കാൻ തുടങ്ങി. താൻ ഇഷ്ടപ്രകാരം പ്രഭുത്വം നടിച്ച് യഥേഷ്ടം ഭരിക്കാറുള്ള ബാലസംഘത്തെക്കുറിച്ചും പ്രത്യേകിച്ച് തൻ്റെ നേരെ സ്വതേ കുറെ നീരസമുള്ള തൻ്റെ അമ്മയായ ആ ഭയങ്കരമൂർത്തിയെക്കുറിച്ചും അവൻ ഏറെ നേരവും ആലോചിച്ചുകൊണ്ടിരുന്നു. മൃഗങ്ങളുടേതുപോലെ കേവലം കായികമായ ഒരു സ്നേഹശക്തി ,താൻ സ്നേഹിക്കുന്ന ആളുടെ സമീപത്തിൽ എത്തിച്ചേരുവാനുള്ള ഒരു ആസക്തി, സ്നേഹബന്ധങ്ങളുടെ അഭാവത്തിലുള്ള എന്തെന്നില്ലാത്ത ഒരു പരിഭ്രമം, സന്ധ്യാസമയത്ത് തളളയെ കാണാതെ കരയുന്ന പശുക്കുട്ടിയെപോലെ ,തൻ്റെ മാതാവിനെ ഓർത്ത് മനസ്സിൻ്റെ ഉള്ളിൽ നിശ്ശബ്ദമായി നടക്കുന്ന ഒരു വിലാപം ,ഹാ! പരിശുദ്ധമായ ആ സ്നേഹശക്തി, ജീവസാധാരണമായ ഒരു മനോവികാരം, സാധുവും ബലഹീനനും നിസ്സഹായനും വിരൂപനും ആയ ഫാതികനെ വല്ലാതെ ഇളക്കിമറിച്ചു ' .(പരിഭാഷ: പുത്തേഴത്ത് രാമൻമേനോൻ). ഭൂതകാലത്തിൻ്റെ അണഞ്ഞുപോയ വിളക്കുകൾ ഒന്നൊന്നായി തെളിയുകയാണ്.ഈ വിളക്കുകൾ കത്തുന്നത് വായനക്കാരുടെ ചിന്തക ളിലാണ് .അവർ അതിലൂടെ ,നശ്വരവും നിസ്സാരവുമായ അസ്തിത്വത്തിനു മുകളിൽ ഒരു ലാവണ്യലോകം പണിയുന്നു.
ജീവിതം ഒരു യക്ഷിക്കഥയാണെന്നു ഗ്രീക്കു എഴുത്തുകാരനായ കസൻദ്സാക്കിസ് 'സോർബ ദ് ഗീക്ക്'എന്ന കൃതിയിൽ സൂചിപ്പിക്കുന്നുണ്ട്. സന്തോഷം വേണമെങ്കിൽ ആഗ്രഹങ്ങൾ ഉപേക്ഷിച്ചു കുതിരയെപ്പോലെ പണിയെടുക്കണമത്രേ. കരയും കടലും അടുത്തുണ്ടായിരുന്നാൽ മതി. നക്ഷത്രങ്ങൾ ആകാശത്തിലുണ്ടോ എന്നു നോക്കണം ;ഇതെല്ലാം മനസ്സിലാക്കാൻ ഹൃദയവും. സന്തോഷിക്കുന്ന സമയത്തുതന്നെ അതിനെക്കുറിച്ച് ബോധ്യം വരണമെന്നില്ലെന്ന് അദ്ദേഹം പറയുന്നത് സ്വപ്നത്തെക്കുറിച്ചുള്ള ഒരു വെളിപ്പെടുത്തലാണ്. സന്തോഷം കടന്നുപോയി കഴിയുമ്പോഴാണ് നമുക്ക് വ്യക്തമാവുന്നത്.അപ്പോൾ മാത്രം അതൊരു കണ്ടെത്തലാണ്. ഭൂതകാലത്തിൻ്റെ കണ്ടെത്തൽ.
ഗദ്യത്തിൽ സംഗീതം
മാതാപിതാക്കളുടെ മരണശേഷം അവരെക്കുറിച്ച് കൂടുതൽ സ്നേഹത്തോടെ പറയുന്നവരെ കണ്ടിട്ടുണ്ട്.കാരണം , ജീവിച്ചിരിക്കുമ്പോൾ ബന്ധങ്ങളുടെ തീവ്രതയിൽ സ്നേഹം ഉൾവലിഞ്ഞുപോവുകയാണ് ചെയ്യുന്നത്. ഓർമ്മകളായി മനുഷ്യർ പുനരവതരിക്കുമ്പോൾ ഇരുട്ടിലാണ്ടുപോയ ഭൂതകാലം ചിലങ്കയണിഞ്ഞ് പ്രഭാപൂരിതമായി തിരിച്ചുവരുന്നു; അപ്പോൾ അതിനു പുതിയ അർത്ഥങ്ങളുണ്ടാകുന്നു.
സന്തോഷ് ഏച്ചിക്കാനത്തിൻ്റെ 'ഇസ്ലാ ദേ സാൻ വാലൻ്റൈൻ'എന്ന കഥ (മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ജൂലായ് 11 ) നിരാശപ്പെടുത്തി.സന്തോഷിനു ഇപ്പോഴും നോവലും കഥയും തമ്മിലുള്ള വ്യത്യാസമറിയില്ലെന്നു തോന്നുന്നു. എമിലി സോള എഴുതിയ നോവലുകൾ സന്തോഷിൻ്റെ പതിമൂന്നു പേജ് ദൈർഘ്യമുള്ള 'കഥ' യെക്കാൾ ചെറുതാണ്.ഒരു കഥയെഴുതാൻ ആവശ്യപ്പെട്ടാൽ നോവൽ കൊടുക്കുന്ന എഴുത്തുകാരാണ് നമുക്കുള്ളത്. ചെറുകഥ ഒരു ഭാവമുഹൂർത്തമാണ്. ഹെമിംഗ്‌വേ എഴുതിയ 'ദ് സ്നോസ് ഓഫ് കിളിമഞ്ജാരോ' വായിച്ചാൽ ഇത് മനസ്സിലാവും.എന്നാൽ ദീർഘിച്ച ,വ്യർത്ഥമായ ആഖ്യാനം കഥയെ കൊല്ലുകയാണ് ചെയ്യുന്നത്.
ഒരു കഥാകൃത്തിൻ്റെ വേഷമണിഞ്ഞുതന്നെയാണ് ഈ കഥയിൽ പ്രധാന കഥാപാത്രം പ്രവേശിക്കുന്നത്. അയാൾ ഒരു ഫ്ളാറ്റിലേക്കു വരുന്നതു തന്നെ കഥാകൃത്തിനു ഒട്ടും ഇണങ്ങാത്ത മനോനിലയോടെയാണ്. കഥാകൃത്താണെങ്കിൽ ഗാഢമായ നിരീക്ഷണങ്ങളുണ്ടാകുമായിരുന്നു. മനുഷ്യശരീരത്തെ തുളച്ചു കയറിപ്പോകുന്ന നോട്ടങ്ങൾ ഒന്നും തന്നെയില്ല. കഥാകൃത്ത് വാക്കുകൾ പന്തടിച്ചു കളയുന്നപോലെ പാഴാക്കുന്നു. വാക്കുകളുടെ ധ്യാനം എവിടെ? സന്തോഷ് ഒരു ദ്വീപിനെ ചുറ്റപ്പറ്റി കഥ പറയാൻ വേണ്ടി എത്രയോ അനാവശ്യ കാര്യങ്ങൾ എഴുതുന്നു ! ലൈംഗികപരാക്രമങ്ങൾ എഴുതി നിറയ്ക്കുന്നു! . ഇതുകൊണ്ടെന്താണ് വായനക്കാരനു പ്രയോജനം ? ഇതിനെ നീണ്ടകഥ എന്നോ ചെറുനോവൽ എന്നോ വിശേഷിപ്പിച്ചാൽ മതിയായിരുന്നു.എന്നാൽ നീണ്ടകഥ എന്ന പ്രയോഗം തന്നെ അസാന്മാർഗികമാണ്.അങ്ങനെയൊരു ജനുസില്ല. ചെറുകഥ എഴുതാൻ പറഞ്ഞാൽ പതിമൂന്ന് പേജിൽ വലിച്ചു നീട്ടുന്ന വായാടികളായ, ധൂർത്തന്മാരായ കഥാകൃത്തുക്കൾ ക്യൂവിലാണ്.
സാഹിത്യവിമർശനത്തിലും കവിതയുടെ തലമുണ്ട്. കാവ്യാനുഭവമില്ലാത്തയാൾ ,കവിതയുടേതായ അനുരണനങ്ങൾ പദസംയോജനങ്ങളിൽ അനുഭവിക്കാൻ കഴിവില്ലാത്തയാൾ സാഹിത്യവിമർശനമെഴുതുമ്പോൾ കരിങ്കൽ കഷണങ്ങളായി വാക്കുകൾ ചിതറിവീഴും. മുണ്ടശ്ശേരിയുടെ ഭാഷയിൽ കവിതയുടെ തിരയിളക്കം കാണാം; പി ഗോവിന്ദപ്പിള്ളയിൽ അതില്ല .നവവിമർശകർക്ക് സാഹിത്യാസ്വാദനശേഷി കുറയാൻ കാരണം വരണ്ട സിദ്ധാന്തങ്ങളെ അതേപടി എഴുതുന്നതുകൊണ്ടാണ്. വിമർശനത്തിൻ്റെ ഗദ്യത്തിൽ യുക്തി മാത്രം പോരാ, സംഗീതവും വേണം. ഉത്തരാധുനികത സാങ്കേതികമായി ഒരു പുതിയ കാര്യമാണ്, സാഹിത്യകലയിൽ. എന്നാൽ സഹൃദയത്വമില്ലെങ്കിൽ സാഹിത്യമില്ല. സാഹിത്യം ആസ്വദിക്കാൻ ഒരു വിമർശന് പ്രാഥമികമായ കഴിവുണ്ടാകണം. അതിൻ്റെ സൗന്ദര്യം ഒരു സാങ്കേതിക ശാസ്ത്രമല്ല ;ഹൃദയജ്ഞാനമാണ്. അതിൽ സംഗീതവുണ്ട്.ഇത് തിരിച്ചറിയാതെ ,മാധവിക്കുട്ടിയുടെ ക കഥകളെക്കുറിച്ചെഴുതിയാൽ ചൂടുപിടിച്ച മണലിൽ കൈയിട്ടുവാരിയതുപോലിരിക്കും, ജലാംശമുണ്ടാകില്ല.
നുറുങ്ങുകൾ
1)കേന്ദ്രസാഹിത്യഅക്കാദമി കിരീടം വച്ച് , വിലകൂടിയ കസേരയിൽ ഇരിക്കുകയാണ് .ചിലപ്പോഴൊക്കെ ഗർജനം പുറപ്പെടുവിക്കും. പക്ഷേ, ഈ നാട്ടിലെ എഴുത്തുകാരുമായി യാതൊരു ബന്ധവും ഈ സ്ഥാപനത്തിനില്ല .
2)ഏതാനും ആഴ്ചകൾക്കു മുമ്പ് ഒരു കഥാകൃത്ത് നിഷ്കളങ്കമായി ചോദിച്ചു, താങ്കളൊക്കെ നോവലെഴുതുന്നത് വാൻഗോഗിനെപോലെ ഇന്ത്യയ്ക്ക് പുറത്തുള്ളവരെക്കുറിച്ചല്ലേ എന്ന് ;കേരളക്കരയെക്കുറിച്ച് എഴുതുന്നതല്ലേ നല്ലതെന്ന്! അർത്ഥശൂന്യമായ ചോദ്യമാണിത്.സാഹിത്യത്തിൽ സ്വന്തം വാർഡിനെ വച്ച് എഴുതാനൊക്കില്ല . കാളിദാസൻ്റെ 'മേഘസന്ദേശം' അദ്ദേഹത്തിൻ്റെ ജന്മസ്ഥലത്തിൻ്റെ വിവരണമല്ല .ആകാശത്തിൽ വച്ചാണ് അത് ചിത്രീകരിച്ചിരിക്കുന്നത്. കുമാരനാശാൻ്റെ ഏറ്റവും പ്രശസ്തമായ 'കരുണ' കേരളക്കരയുടെ കഥയല്ല ;അത് ഒരു ബുദ്ധകഥയാണ് .'വീണപൂവ്' കേരളത്തിൻ്റെ പശ്ചാത്തലത്തിലുള്ള കവിതയല്ല. രാജാരവിവർമ്മ വരച്ച ചിത്രങ്ങൾ ബോംബെയിലെ ഒരു മോഡലിനെ ആധാരമാക്കിയാണ്. ആനന്ദിൻ്റെ 'ആൾക്കട്ടം' മുംബൈ നഗരം കേന്ദ്രീകരിച്ചാണ് എഴുതിയിട്ടുള്ളത്. ലോകമാണ് തറവാട്; മനുഷ്യൻ്റെയും ഇതര ജീവജാലങ്ങളുടെയും കഥകൾ തൊട്ടയൽപക്കത്തു മാത്രമല്ല ഉള്ളത്.വാൻഗോഗ് ഡച്ച് ചിത്രകാരനാണ്.അദ്ദേഹത്തിൻ്റെ ജീവിതം ആസ്പദമാക്കി ഇർവിംഗ് സ്റ്റോൺ 'ലസ്റ്റ് ഫോർ ലൈഫ്' എന്ന നോവലെഴുതി. ഇർവിംഗ് സ്റ്റോൺ ഡച്ചുകാരനല്ല, അമെരിക്കക്കാരനാണ്. സ്വന്തം ദേശത്തിൻ്റെ കഥകൾ മാത്രമേ എഴുതാവൂ എന്ന് പറയുന്നവർ സാമാന്യം തരക്കേടില്ലാത്ത വിഡ്ഢികളാണ്.
3)തോപ്പിൽ ഭാസിയുടെ ഭാര്യ മരിച്ചപ്പോൾ അതു ചില പത്രങ്ങൾ ചരമക്കോളത്തിൽ കൊടുത്തത് ശരിയായില്ലെന്ന് പറഞ്ഞ് പ്രതിഷേധിച്ച കഥാകൃത്ത് ഇരവിയുടെ നിലപാട് ആത്മാർത്ഥമാണ്. പക്ഷേ, ചരമക്കോളങ്ങൾ ആരുടെയും വിധി നിർണയിക്കുന്നില്ല.
4)യേശുദാസിൻ്റെ പാട്ടുകൾ 'മതേതര ഉടലുകൾക്കിടയിൽ വിശുദ്ധരായ മധ്യസ്ഥരാ'യെന്ന് താഹ മാടായി ( മലയാളം ,ജൂലായ് 12 ) കുറിക്കുന്നു. ഇപ്പോൾ താഹ കണ്ടുപിടിച്ചതാണ് ഈ മതേതരത്വം !.മലയാളികൾ ഇത് എത്രയോ പതിറ്റാണ്ടുകൾക്ക് മുൻപേ അനുഭവിച്ചു: അവർ പക്ഷേ ,പ്രേം നസീറിനെയും യേശുദാസിനെയും ചേർത്തത് മതേതരത്വമാണെന്ന് ഉദ്ഘോഷിച്ചുകൊണ്ടല്ല ;കലയുടെ ലഹരിയിലാണ്.കലയില്ലാത്തവർക്ക് മതേതരത്വം മതിയാവും. എന്തൊരു മലിനമായ പ്രയോഗമാണ് 'മതേതര ഉടലുകൾ' ! .
5)സാംബശിവനിലേക്കും കെ. എസ്. ജോർജിലേക്കുമുള്ള ദൂരം കുറച്ചു തന്നത് യൂട്യൂബാണ്;സംഗീതനാടക അക്കാദമിയോ മറ്റു സംഘടനകളോ അല്ല.
6)എട്ടു കോടി പുസ്തകങ്ങൾ സൗജന്യമായി കിട്ടുന്ന വെബ്സൈറ്റ് ഉള്ളപ്പോൾ ,ഇന്നത്തെ ലൈബ്രറികൾ ഇങ്ങനെയായാൽ മതിയോ ? പഴയ ,വളരെ പഴയ ,വീണ്ടും അച്ചടിക്കാത്ത പുസ്തകങ്ങൾക്കു വേണ്ടിയാണ് ലൈബ്രറികൾ ഇനി ഉണ്ടാവേണ്ടത്. പത്തൊൻപതാം നൂറ്റാണ്ടിലെ നോവലുകൾ എവിടെ കിട്ടും ?
7)ഒരു നോവലിലെ മുഖ്യകഥാപാത്രത്തെ അതിൻ്റെ ആദർശഗോപുരമായി കാണേണ്ട. അതിൻ്റെ അടിസ്ഥാനത്തിൽ നോവലിസ്റ്റിനെ വിലയിരുത്തുന്നതും തെറ്റാണ്. 'ഖസാക്കിൻ്റെ ഇതിഹാസത്തി'ലെ രവി ഒരു ആദർശമാർഗ്ഗമല്ല; വെറുമൊരു കഥനസാമഗ്രിയാണ്. 'കാല'ത്തിലെ സേതു വെറും കഥനസാമഗ്രിയാണ്.സേതുവിനെ എം.ടി. പ്രതിനിധീകരിക്കുന്നില്ല.
8) സാഹിത്യകാരൻ ,കവി എന്നൊക്കെ പറയുന്നപോലെയുള്ള പദവിയാണ് വായനക്കാരൻ എന്നതും. റീഡർ റെസ്പോൺസ് തിയറി ഉണ്ടായത് വായനക്കാരുടെ അസ്തിത്വത്തെ അടിസ്ഥാനമാക്കിയാണ്.
No comments:
Post a Comment