അക്ഷരജാലകം link
എം.കെ.ഹരികുമാർ
9995312097
Email :mkharikumar797@gmail.com
കാലം ഘടികാരമല്ല
ഒരാളോടു പ്രേമമുണ്ടെന്ന് അറിയിക്കാൻ മൈക്ക് ഉപയോഗിക്കുമോ ? അങ്ങനെ ചെയ്താൽ അത് അതിഭാവുകത്വമായി. കവിതപോലും അതിഭാവുകത്വമായി അവതരിപ്പിക്കപ്പെടുന്ന കാലമാണല്ലോ ഇത്. ഏറ്റവും മൃദുലവും വന്യവുമായ ഒരു വികാരം പുരപ്പുറത്തു കയറി നിന്നു പറയുന്നതിലുള്ള അനൗചിത്യവും അതിവൈകാരികതയുമാണ് അതിഭാവുകത്വത്തിലുള്ളത്. സങ്കടത്തിൻ്റെ സൂചനയെ സൗന്ദര്യവത്ക്കരിക്കുന്നതിന് പകരം ഉച്ചത്തിലുള്ള കരച്ചിലായി പോവുകയാണെങ്കിൽ അവിടെ കവിതയില്ല ;വികാരം മാത്രമേയുള്ളൂ. ആധുനികതയുടെ കാലഘട്ടത്തിലെ മിക്ക കവിതകളും അതിവൈകാരികതയുടെ ആഘോഷമായിരുന്നു. വർത്തമാനകാലത്തിൻ്റെ കെടുതികളിലും ദുരവസ്ഥകളിലും ജീവിച്ച ചില കവികൾ എഴുതിയ വരികൾ ഒരു നൂറ്റാണ്ടിൻ്റെയാകെ നിരാശയെ ക്ഷണിച്ചു വരുത്താൻ ശ്രമിച്ചു.
കവിത വായിച്ചാൽ അതെഴുതിയ വ്യക്തി ഇന്നുതന്നെ ആത്മഹത്യ ചെയ്യുമെന്ന് വായനക്കാരനു തോന്നുന്ന മട്ടിൽ ഉദ്വേഗജനകമായി അവതരിപ്പിക്കുന്നതിലായിരുന്നു പലർക്കും താത്പര്യം. എന്നിട്ട് കവികൾ അതെല്ലാം ഉപേക്ഷിച്ചു സിവിൾ സമൂഹത്തിൻ്റെ സോപ്പിട്ട ജീവിതം സ്വന്തമാക്കുകയും ചെയ്തു. കവിതയിലെ അതിവൈകാരികാഘോഷങ്ങൾ അനാഥപ്രേതങ്ങളായി അലയുന്നു.
കാലം ആത്മാവിൽ
കാലത്തെയും ചിലർ അതിവൈകാരികതയോടെ അവതരിപ്പിച്ചു. ഓർമ്മകൾ സത്യമാണത്രേ.മലയാള സാഹിത്യത്തിൻ്റെ യാഥാസ്ഥിതിക മുഖമാണിത്. ഓർമ്മകളിൽ രതിവാസനയോടെ ആണ്ടുമുങ്ങുകയാണ്. ഓർക്കുന്തോറും ഓർമ്മിക്കപ്പെടുന്നതും പുതുതാകുന്നതും കണ്ടുപിടിക്കപ്പെടുന്നതുമാണ് ഓർമ്മകൾ. കാലം നമ്മുടെ ഉള്ളിലാണ്. ശീതകാലത്ത് തൻ്റെയുള്ളിൽ വേനൽ എരിയുകയായിരുന്നെന്ന് ഫ്രഞ്ച് നോവലിസ്റ്റ് ആൽബേർ കമ്യൂ പറഞ്ഞതിൻ്റെ പൊരുളിതാണ് .
പ്രായം ഒരാൾക്ക് എങ്ങനെയാണ് ബോധ്യമാകുന്നത് ? ജനിച്ച തീയതി തൊട്ടു കണക്കാക്കിയാൽ ഒരു സമയത്തിൻ്റെ അളവ് കിട്ടുമായിരിക്കും. പക്ഷേ, വ്യക്തിയുടെ ഉള്ളിലെ പ്രായം മറ്റൊന്നാണ്. ഒരാൾക്കു മനസ്സിൽ തോന്നുന്നതാണ് പ്രായത്തിൻ്റെ ഭാരം. ഇരുപതു വയസ്സിൽ അറുപതിൻ്റെ ഭാരം മനസ്സിൽ തോന്നിയാൽ അയാൾ വയസ്സനാണ്. അനുഭവങ്ങളാണ് ഒരാളെ പ്രായമുള്ളവനാക്കുന്നത്.
സാഹിത്യത്തിലും കവിതയിലും കാലം ആത്മാവിൽ നിന്നാണ് ആവിഷ്കരിക്കപ്പെടുന്നത്.'ഖസാക്കിൻ്റെ ഇതിഹാസ 'ത്തിൽ ഇങ്ങനെ വായിക്കാം:
'പിന്നെ ,സ്വച്ഛമായ കാറ്റും മഴയും .സ്നേഹവും പാപവും തേഞ്ഞു തേഞ്ഞില്ലാതാവുന്ന വർഷങ്ങൾ .അനന്തമായ കാലത്തിൻ്റെ അനാസക്തി'.
ഇങ്ങനെ എഴുതുന്നതുകൊണ്ടാണ് സാഹിത്യത്തിനു കണ്ണുകൾ ലഭിക്കുന്നത്. കാണുക എന്ന ആന്തരിക പ്രക്രിയയുണ്ട്. അതാണിവിടെ സാക്ഷാത്ക്കരിക്കപ്പെടുന്നത് .കാലം അനാസക്തമാണ്. പിന്നെങ്ങനെയാണ് നമ്മുടെ അതിവൈകാരികതയിൽ അതിൻ്റെ പ്രഭാവം ഉണ്ടാകുന്നത് ? .വിജയൻ കാലത്തെ ആത്മാവിൽ അനുഭവിക്കുകയാണ്.
ശാസ്ത്ര-സാങ്കേതിക വിഷയങ്ങളെക്കുറിച്ച് ആഴത്തിൽ ചിന്തിക്കുന്ന ബ്രിട്ടീഷുകാരനായ ജോ സാദേഹ് 'നെയേമ' മാഗസിനിൽ എഴുതിയ ലേഖനം 'ദ് ടിറന്നി ഓഫ് ടൈം' (മെയ് ,2021) ആധുനിക കാലത്ത് മനുഷ്യൻ സമയത്തെ യാന്ത്രികമായി സമീപിക്കുന്നതിൻ്റെ അർത്ഥസൂചനകൾ നിരത്തുകയാണ്. ഘടികാരങ്ങൾ അഥവാ ക്ളോക്കുകൾ നമുക്കു മേൽ സൃഷ്ടിക്കുന്ന അസ്തിത്വപ്രശ്നങ്ങളെയും നമ്മുടെ ജീവിതവീക്ഷണത്തെ തകിടം മറിക്കുന്ന ചിന്തകളെയും ലേഖനം അപഗ്രഥിക്കുന്നു.
സമയം സൃഷ്ടിക്കപ്പെടുന്നു
ജെറിമി റിഫ്കിൻ എഴുതിയ 'ടൈം വാർസ്' (1987) എന്ന കൃതിയിൽ മനുഷ്യൻ സമയത്തിൽ ബന്ധിതനായ
മൃഗമാണെന്ന് നിരീക്ഷിക്കുന്നത് ജോ ഉദ്ധരിക്കുന്നുണ്ട്. അദ്ദേഹം ഇങ്ങനെ എഴുതുന്നു: ' നമ്മുടെ കാഴ്ചാനുഭവങ്ങളും അവനവനെക്കുറിച്ചും ലോകത്തെക്കുറിച്ചുമുള്ള അനുമാനങ്ങളും സാധൂകരിക്കുന്നത് നമ്മുടെ ഭാവനയ്ക്കും ചിന്തയ്ക്കും ഉപയോഗത്തിനുമൊപ്പമാണ്.
നമ്മുടെ ലോകാവബോധവും തിരിച്ചറിവും നിലനിൽക്കുന്നത് സമയത്തിൻ്റെ ഉപയോഗത്തിനും ക്രമീകരണത്തിനും അനുസരിച്ചാണത്രേ. നമ്മൾ എന്താണെന്നും എന്തിനു വേണ്ടിയാണെന്നും തീരുമാനിക്കുന്നത് ഈ ക്ലോക്കാണ്.ജോയുടെ വാക്കുകൾ ഇതാണ്: 'ക്ലോക്ക് സമയത്തെ അളക്കുകയല്ല, സൃഷ്ടിക്കുകയാണ് ചെയ്യുന്നത്' .
അടച്ചുപൂട്ടലിൻ്റെയും വാക്സിൻ കുത്തിവയ്പിൻ്റെയും മൗനത്തിൻ്റെയും ഈ കോവിഡ് കാലം സമയബോധത്തെ ചുരുട്ടിക്കൂട്ടുകയും ഭീതിദമാക്കുകയും ചെയ്യുന്നു.വീട്ടിൽ പൂട്ടിക്കിടക്കുന്ന കാലത്ത് ദിവസങ്ങൾ മണിക്കൂർപോലെയും മണിക്കൂർ മിനിറ്റുപോലെയുമാണ് പലർക്കും അനുഭവപ്പെട്ടത്.'ക്ലോക്കിലെ സമയവും നമ്മുടെ മനസ്സിലെ സമയവും രണ്ടുവഴിക്കാ'യെന്ന് ജോ അപഗ്രഥിക്കുന്നു.
ക്ലോക്ക് ഒരു ശരിയല്ല; അതിനു ഒരു പോലെ മാത്രമേ ചലിക്കാനാവൂ. അത് സമയത്തിനു മേലുള്ള മറ്റൊരു അളവായിത്തീരുകയാണ്.
അവസാനിക്കാത്ത ഒരു സമയപ്രവാഹത്തിൽ നാം നമ്മുടെ സ്വകാര്യസമയമാണ് അനുഭവിക്കുന്നത്. അതിനെ വക്രീകരിക്കുകയും നിർവ്യക്തീകരിക്കുകയുമാണ് ക്ലോക്ക് ചെയ്യുന്നത്.വൈറസുകൾ വ്യാപിക്കുന്നത് ,മണ്ണും വെള്ളവും മലിനമാകുന്നത്, ഭൂമിയിലെ പുരാതന ജീവിവർഗ്ഗങ്ങൾ നാമാവശേഷമായത് തുടങ്ങിയതെല്ലാം സംഭവിക്കുന്നത് ക്ളോക്കിൻ്റെ പരിധിക്ക് പുറത്താണ് ;നമ്മുടെ ധാരണയ്ക്ക് പുറത്താണ് .കാരണം ,നമ്മുടെ സമയബോധം മനുഷ്യൻ്റെ മേഖലയിൽ ഒതുങ്ങുകയാണ്.
സാമൂഹ്യനിർമ്മിതികളായ വർഗ്ഗം, ലിംഗം ,ലൈംഗികത എല്ലാം ചോദ്യം ചെയ്യപ്പെടുകയാണ് .ക്ലോക്ക് സമയത്തെ പ്രതിനിധീകരിക്കുന്ന ഒരു വസ്തുവായി മാറി. അത് ലോകത്തിനു പുറത്താണ് ആ സമയം പാലിക്കുന്നത്.
ക്ളോക്കിലെ സമയവുമായുള്ള നമ്മുടെ കൂടിച്ചേരൽ ഏകാന്തമായ, നീണ്ടുപോകുന്ന ഒരു തുരങ്കം പോലെയാണ്. അവിടെ നമ്മുടെ ശരീരമില്ല, മനസ്സില്ല ;പുറംലോകവുമില്ല. ഘടികാരം നമ്മെ ബോധ്യപ്പെടുത്തുന്നത് യഥാർത്ഥ സമയമാണോ? അത് ക്രമപ്പെടുത്തിയ സമയമാണ്. ഈ ക്രമപ്പെടുത്തിയ സമയത്തിൻ്റെ പരിധിക്ക് പുറത്താണ് സർഗാത്മക വ്യവഹാരം നടക്കുന്നത്.
സമയം എന്ന ചരക്ക്
ക്ലോക്കിലെ സമയം ഒരിക്കലും സത്യമായ ,പരമമായ സമയത്തിൻ്റെ സുതാര്യമായ പ്രതിഫലനമല്ല, ശാസ്ത്രകാരൻമാർ പറയുന്നതുപോലെ. ജോ എഴുതുന്നു: ' ശരിയായ സമയം തരുന്ന ഒരു ക്ലോക്ക് ഭൂമിയിലില്ല' . കാരണം, ഭൂമിയുടെ ഭ്രമണംപോലും കൃത്യമായ ഇരുപത്തിനാലു മണിക്കൂർ (ഒരു ദിവസം)എന്ന കണക്കിലല്ല; ഏറ്റക്കുറച്ചിലുകളുണ്ട്.
ഘടികാരസമയം യഥാർത്ഥ സമയമല്ല .അതു സമയത്തിൻ്റെ ഒരു ക്രമീകരണമാണ്. കേവല സമയമാണത് ;പ്രകൃതിയിലെ ക്രമക്കേടുകളെയെല്ലാം മാറ്റി സമയത്തെ ഋജുവായി പരിഭാഷപ്പെടുത്തുകയാണത്.
ജോ എഴുതുന്നു: സമയം ഇന്നൊരു മനശാസ്ത്രപ്രശ്നമാണ്. അതിൻ്റെ ഫലമായി സമയത്തെ ഒരു ചരക്കായി വീക്ഷിക്കുന്നു. അതുകൊണ്ട് സമയം ചെലവഴിക്കാവുന്നതും പാഴാക്കിക്കളയാവുന്നതുമായിരിക്കുന്നു. സമയം നമ്മൾ വീണ്ടെടുക്കുകയോ, പാഴാക്കുകയോ ശേഖരിച്ച് വയ്ക്കുകയോ ചെയ്യാവുന്നതാണെന്ന ധാരണയാണ് ഇന്നുള്ളത്.യാഥാർത്ഥ്യം തന്നെ സന്ദിഗ്ദ്ധവും വ്യാജവുമാകുന്ന ഈ ഘട്ടത്തിൽ ഭൂത, ഭാവി, വർത്തമാനം എന്ന തരംതിരിവ് പലപ്പോഴും അപ്രസക്തമാകുന്നു. മഹാചിത്രകാരനായ പിക്കാസ്സോ പറഞ്ഞു ,മനുഷ്യമനസ്സിൽ അനുഭവിക്കുന്നതെന്തും യാഥാർത്ഥ്യമാണെന്ന് .അപ്പോൾ കാലവും അനുഭവമാണ്; ഘടികാരമല്ലത്.
കഥയും കാലവും
പുതിയ കഥാകൃത്തുക്കളിൽ തൊണ്ണൂറു ശതമാനം പേർക്കും പൂർവകാലത്തെ മലയാളസാഹിത്യചിന്താവിഷയങ്ങളെപ്പറ്റി അറിയില്ല. സാഹിത്യകാരന്മാരുടെ വർത്തമാനങ്ങളെക്കുറിച്ച് കേട്ടുകേൾവി പോലുമില്ല. തങ്ങളുടെ കഥാബാഹ്യമായ ജീവിതം ,എഴുതി തുടങ്ങി മൂന്നോ ,നാലോ വർഷങ്ങൾ കഴിയുമ്പോൾ തന്നെ ആത്മകഥയായി പുറന്തള്ളുകയാണ് പലരും. കല്ലുവെച്ച നുണകൾ എഴുതി ആത്മകഥ ഉണ്ടാക്കുന്ന പ്രവണത തന്നെ ശരിയല്ല. ആത്മകഥ എഴുതാം ,ഒരു പ്രത്യേക വസ്തുവിനോടോ ,സ്ഥലത്തോടോ , പുസ്തകത്തോടോ, കാലത്തോടോ ഉണ്ടായിരുന്ന ആത്മബന്ധം അല്ലെങ്കിൽ ചിന്തകളിലെ തരംഗങ്ങൾ , പരസ്പരാശ്രിതമായ സ്മൃതിപടലങ്ങൾ തുടങ്ങിയതൊക്കെ എഴുതാവുന്നതാണ്. അതൊരിക്കലും സ്വന്തം ജീവിതത്തിൻ്റെ പുറംപോക്കിൽ അടിയുന്ന എക്കലായിരിക്കില്ല .നാം പാരസ്പര്യത്തിനായി ശ്രമിച്ചതിൻ്റെ ആത്മമുദ്രകൾ അതിൽ ഉയിർകൊള്ളുകയാണ് വേണ്ടത്. ആത്മകഥ എന്നു പറഞ്ഞ് ഇപ്പോൾ പുറത്തുവരുന്ന എഴുത്തുകളിൽ മിക്കതും പ്രഭാതഭക്ഷണം കഴിച്ചതിൻ്റെയും കല്യാണം കൂടിയതിൻ്റെയും കുടുംബപരമായ കൂട്ടംചേരലിൻ്റെയും വായ്ത്താരിയായി തരം താഴുകയാണ്. അവനവനെ എന്തിന് അമിതമായി മഹത്വവത്ക്കരിക്കുന്നു? . കാരണം, ഒരാൾ ചെയ്യുന്നതെല്ലാം ശരിയാണെന്ന് പറയാനാവുമോ? തെറ്റുകളാണ് നാം മിക്കപ്പോഴും ചെയ്യുന്നത്. പ്രായശ്ചിത്തമാണ് വേണ്ടത്. എന്നാൽ ഏതെങ്കിലും ആത്മകഥാകാരൻ സ്വന്തം തെറ്റുകൾ ആത്മാർത്ഥമായി എഴുതുമോ ?
വൈക്കം മുഹമ്മദ് ബഷീർ കഥ എഴുതിയപ്പോൾ വിമർശകനും സുഹൃത്തുമായ എം.പി.പോൾ കഥാപാത്രമായി വന്നു. എം.ഗോവിന്ദൻ കഥ എഴുതിയപ്പോൾ ബഷീർ കഥാപാത്രമായി വന്നു. എന്തുകൊണ്ട് ?
'സ്നേഹാത്മകമാം പാശമതിൽ
കെട്ടിയിഴപ്പൂ,' എന്ന് കുമാരനാശാൻ പാടിയതിൽ ഇതിൻ്റെ സാരമുണ്ട്. സ്നേഹം സുഖമുള്ള ഒരു ബന്ധനമാണ്. കർമ്മബന്ധത്തിൻ്റെ മധുരമുള്ള ദുഃഖമാണത്. മലയാളത്തിലെ എഴുത്തുകാരെ ഓർമ്മിപ്പിച്ചുകൊണ്ട് എഴുതപ്പെട്ട രണ്ടു കഥകൾ വായിച്ചതുകൊണ്ടാണ് ഇതെഴുതുന്നത്.
യക്ഷിക്ക് ബദൽ
തകഴിയുടെ അടുത്തേക്ക് 'ചെമ്മീനി'ലെ കഥാപാത്രങ്ങളായ പളനിയും കറുത്തമ്മയും വരുന്നത് സണ്ണി തായങ്കരി ,കറുത്തമ്മയും പളനിയും ശങ്കരമംഗലത്ത് ' ( എഴുത്ത് ,ജൂൺ) എന്ന കഥയിലൂടെ ആവിഷ്കരിക്കുന്നു. കറുത്തമ്മയുടെ പ്രവൃത്തിദോഷംകൊണ്ടാണ് ഭർത്താവ് പളനി കടലിൽ മുങ്ങിമരിച്ചത് എന്ന മിത്തിനെ എതിർക്കാനാണ് കഥാകാരൻ ഗവേഷകരെയും കഥാപാത്രങ്ങളെയുമെല്ലാം കൂട്ടി തകഴിയുടെ വീട്ടിലേക്ക് കയറിച്ചെല്ലുന്നത്. തകഴിച്ചേട്ടൻ്റെ മനസ്സ് മാറ്റാനായില്ലെങ്കിലും കഥാകൃത്തിനു ആശ്വസിക്കാം, ഒരു ഓടിളക്കി അകത്തു കയറാനായല്ലോ.
പത്മരാജൻ്റെ 'ഞാൻ ഗന്ധർവ്വൻ' സിനിമ കണ്ടു സ്വപ്നങ്ങളിൽ ആവേശിച്ച ഒരു പെൺകുട്ടിയെ അവതരിപ്പിക്കുകയാണ് വി.ആർ.സുധീഷ് 'ഗന്ധർവൻ ' (മാതൃഭൂമി ആഴ്ചപ്പതിപ്പ് 18) എന്ന കഥയിൽ. വളരെ സൗമ്യമായി, സരളമായി കഥ പറയുന്നു. കഥയിലാകെ വീണു കിടക്കുന്ന സ്വപ്നത്തിൻ്റെ പാലപ്പൂക്കൾ ഹൃദ്യമാണ്.പത്മരാജനെ ഓർക്കാൻ ഒരവസരവുമായി. ഗന്ധർവ്വൻ സാഹിത്യകൃതികളിലും സിനിമകളിലും ഒരു മിത്തായി തുടരുമെന്ന് പ്രതീക്ഷിക്കാവുന്നതാണ്. ഒരിടത്ത് യക്ഷിക്കഥകൾ കയർക്കുകയാണ്. യക്ഷിക്കു വെള്ളസാരി ഒരു നിർബന്ധമായിരുന്നു. മറ്റു നിറങ്ങളിൽ വിശ്വാസമില്ലത്രേ. മലയാളിക്ക് യക്ഷിക്കഥ എത്ര കേട്ടാലും മതിവരില്ല. യക്ഷിക്കഥയ്ക്ക് ഒരു ബദൽ പുരുഷകഥ അനിവാര്യമായിരുന്നു. അതാണ് പത്മരാജൻ സാധിച്ചുകൊടുത്തത്. എന്നാൽ അദ്ദേഹം ഗന്ധർവ്വന് ഒരു ഐഡൻ്റിറ്റി സമ്മാനിച്ചു: നെറ്റിക്ക് മുകളിൽ ശിരസ്സിൻ്റെ കുറുകെ രണ്ടു കാതുകളെയും ബന്ധിപ്പിച്ചു കൊണ്ടുള്ള ഒരു സ്വർണ്ണത്തള .അതേസമയം സുധീഷിൻ്റെ കഥയിലെ പെൺകുട്ടി ഗന്ധർവ്വനെ തിരിച്ചറിയുന്നത് ഒരു രുദ്രാക്ഷ മാലയിലൂടെയാണ് .ഇനി വരാൻ പോകുന്ന ഗന്ധർവ്വന്മാരും ഈ മാല ഉപേക്ഷിക്കാനിടയില്ല.
കാലമുദ്രകൾ
1)ദേവരാജൻ
പാട്ടിൽ സംഗീതം ആരാധനയോടെ കലർത്തിയതുകൊണ്ടാണ് ദേവരാജൻ്റെ പാട്ടുകൾ ഇപ്പോഴും പ്രിയങ്കരമാവുന്നത്. സംഗീതപാണ്ഡിത്യമല്ല ,മനുഷ്യമനസ്സുമായുള്ള ബന്ധമാണ് അദ്ദേഹം ആവിഷ്കരിച്ചത്.സംഗീതം ഈ വിധം കലരാത്ത പാട്ടുകൾ ആരുടെയും മനസ്സിൽ ഇടം പിടിക്കുന്നില്ല.
2)എം മുകുന്ദൻ
കേരള സാഹിത്യഅക്കാദമിയുടെ അധ്യക്ഷസ്ഥാനത്തേക്ക് എം.മുകുന്ദൻ ആകർഷിക്കപ്പെട്ടത് അദ്ദേഹത്തിൻ്റെ അതുവരെയുള്ള സാഹിത്യസമീപനങ്ങളോടും ചിന്തകളോടുമുള്ള വഞ്ചനയായിരുന്നു. അതിൻ്റെ ഫലമായി എം.മുകന്ദൻ്റെ പഴയ വായനക്കാർ അകന്നു പോയി.
3)കമുകറ പുരുഷോത്തമൻ
കമുകറയുടെ 'ആത്മവിദ്യാലയമേ' എന്ന പാട്ട് വേറൊരാൾ പാടിയാൽ അത് തകർന്നുപോകും. ശൈലിയാണ് ,വ്യക്തിപരമായ ശബ്ദചേഷ്ടയാണ് ഗാനം എന്ന് അദ്ദേഹം തെളിയിക്കുകയായിരുന്നു.
4)അടൂർ ഗോപാലകൃഷ്ണൻ
അടൂരിൻ്റ 'സ്വയംവരം' ഇപ്പോഴും ഒരലട്ടലായി തുടരുന്നുണ്ട്. ആത്മാർത്ഥമായി പ്രേമിക്കുന്ന രണ്ടുപേർ വിവാഹിതരാകുന്നത് ഈ സമൂഹം ഇപ്പോഴും അംഗീകരിക്കുന്നില്ല. 'സ്വയംവരം' അത് പതിറ്റാണ്ടുകൾക്ക് മുൻപേ നിർവ്വചിച്ചു.
5)എം .പി. നാരായണപിള്ള
എം.പി.നാരായണപിള്ളയുടെ കഥകൾ ബുള്ളറ്റുപോലെ അനുവാചകരുടെ മനസ്സുകളിലേക്ക് തുളച്ചുകയറാൻ ശേഷിയുള്ളതാണ് .എന്നാൽ അദ്ദേഹത്തിൻ്റെ കഥ ഷാജി എൻ.കരുൺ ടെലിഫിലിമാക്കിയപ്പോൾ പരാജയപ്പെട്ടു.
വാക്കുകൾ
1)വിശ്വാസങ്ങൾ, ജാതികൾ ,പല തരത്തിലുള്ള ബുദ്ധിപരവും വൈകാരികവുമായ കൂടിച്ചേരലുകൾ തുടങ്ങിയവ ഭൂതകാലത്തിൻ്റെ ഭാഗമാണ്.
ഹെർബർട്ട് റീഡ്,
ഇംഗ്ളീഷ് കലാവിമർശകൻ
2)ചിലപ്പോൾ നിങ്ങൾ കാലഘട്ടങ്ങളുമായെല്ലാം പൊരുത്തപ്പെട്ടായിരിക്കും നീങ്ങുക ;ചിലപ്പോൾ നിങ്ങൾ കാലത്തിനു വളരെ മുന്നിലായിരിക്കും.അല്ലെങ്കിൽ വളരെ വൈകിപ്പോയിരിക്കും.
ബർണാഡോ ബെർട്ടോലുച്ചി ,
ഇറ്റാലിയൻ സംവിധായകൻ
3)ബോളിവുഡ് ഒരിടത്തും അല്ലാത്ത അവസ്ഥപോലെയാണ് ;അത് ആരോടും ഒന്നിനെക്കുറിച്ചും സംസാരിക്കുന്നില്ല.
മൈക്കലാഞ്ചലോ അൻ്റോണിയോണി ,
ഇറ്റാലിയൻ സംവിധായകൻ
4)കടൽ അതിൻ്റെ കമിതാക്കളെ മുക്കിക്കൊല്ലുകയാണ് ചെയ്യുന്നത്.
ക്രിസ്റ്റഫർ ഇഷർവുഡ് ,
ബ്രിട്ടീഷ് നോവലിസ്റ്റ്
5)ഒരു ആധുനിക കലാകാരൻ കാലവും സ്ഥലവുമുപയോഗിച്ചാണ് ചിത്രങ്ങൾ രചിക്കുന്നത്; അയാൾ എന്തെങ്കിലും വിവരിക്കുകയല്ല ,തൻ്റെ വികാരങ്ങൾ പ്രകടിപ്പിക്കുകയാണ് ചെയ്യുന്നത്.
ജാക്സൺ പുള്ളോക്ക് ,
അമെരിക്കൻ ചിത്രകാരൻ
No comments:
Post a Comment