അക്ഷരജാലകംlink
എം.കെ.ഹരികുമാർ
9995312097
Email:mkharikumar797@gmail.com
സൂര്യനെ കണ്ടെത്തൽ
റഷ്യൻ എഴുത്തുകാരൻ മാക്സിം ഗോർക്കിയുടെ 'ദ് ഡ്രീമർ 'എന്ന കഥയിലെ പ്രധാന കഥാപാത്രമായ, ഇരുപത്തിയഞ്ചു വയസ്സുള്ള ഫോമാ വാരക്സിൻ ജീവിതത്തെ വളരെ ലഘുവായി നിർവ്വചിക്കാൻ ശ്രമിക്കുന്നുണ്ട് .ഇത് യഥാർത്ഥത്തിൽ അവൻ്റെ അഭിപ്രായമല്ല ,മറ്റൊരാളുടെ ആശയം ഉദ്ധരിക്കുകയാണ്. അതിങ്ങനെയാണ്: ' ജീവിക്കുക എന്നു പറഞ്ഞാൽ അറിയുക എന്നാണ്. സ്വയമെന്താണെന്നും എന്തിനുവേണ്ടിയാണ് ജീവിച്ചതെന്നും മനസ്സിലാക്കാതിരുന്നാൽ അതൊരിക്കലും ജീവിതമാകുകയില്ല. മനുഷ്യൻ്റെ ഏറ്റവും അധ:പതിച്ച വാസനകളുടെയും ചീത്ത ചിന്തകളുടെയും ഇരയാകുക എന്ന പ്രക്രിയയിൽ നിന്ദ്യമായ താത്കാലിക വാസം മാത്രമായിരിക്കുമത്' . ഈ അറിവ് ഓരോ നിമിഷവും തകരുകയും വീണ്ടും രൂപീകരിക്കപ്പെടുകയും ചെയ്യുകയാണ്.കാരണം ,സ്ഥായിയായ ഒരറിവിൽ നമുക്ക് നിലനില്ക്കാനാവുന്നില്ല. സൂര്യനാണ് എല്ലാറ്റിൻ്റെയും പ്രഭവകേന്ദ്രമെന്ന് ഫോമാ വാദിക്കുന്നുണ്ട്. അലഞ്ഞു തിരിഞ്ഞുവന്ന ഒരു പട്ടിയോടുപോലും അവൻ തൻ്റെ ഉത്ക്കണ്ഠ പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നു. സൂര്യനെക്കുറിച്ച് എന്തെങ്കിലും ഉൾക്കാഴ്ചയുണ്ടോ എന്ന് അയാൾ നായയോടു ചോദിക്കുന്നുണ്ട്. വിചിത്രമാണിത്. തീർച്ചയായും അവൻ്റെ തലയ്ക്കു പിറകിൽ ചക്രവാളത്തിൽ ,വാൻഗോഗിൻ്റെ ചിത്രത്തിൽ കാണുന്നപോലെ വലിയ, വളരെ വലിയ ഒരു സൂര്യനുണ്ടായിരിക്കണം.
തീവ്രമായ മഞ്ഞ
വാൻഗോഗിൻ്റെ സൂര്യൻ ഈ പ്രശ്നങ്ങളുടെയെല്ലാം ആന്തരിക ദൃഷ്ടാന്തമാണ് .ഗോർക്കിയുടെ കഥാപാത്രം ജീവിതത്തിൻ്റെ അർത്ഥം തേടി സൂര്യനെ മനസ്സിൽ പ്രതിഷ്ഠിക്കുന്നു. വാൻഗോഗിൻ്റേത് ഒരു സാധാരണ സൂര്യദർശനമല്ല; സൂര്യനെ കണ്ടെത്തലാണ്. ഇതുവരെ ആരും കാണാത്ത ഒരു സൂര്യനാണ് ഇരട്ടിമഞ്ഞജ്വാലയായി നമ്മുടെ മുന്നിലേക്ക് വരുന്നത്.ഇവിടെ അസ്തമയത്തിലെ സൂര്യൻ ആകാശത്തെ മുഴുവൻ ഉൾക്കൊള്ളുകയാണ്. സൂര്യനല്ലാതെ വേറെ ആകാശമില്ല! .വിഷണ്ണമാനസ നായ വാൻഗോഗിൻ്റെ ആന്തരമായ ഇന്ദ്രിയമാണ് സൂര്യനു വേണ്ടി ആഗ്രഹിക്കുന്നത്.എപ്പോഴും ആത്മപീഢയനുഭവിച്ച വാൻഗോഗിനു തൻ്റെ ദീനങ്ങളിൽ നിന്നും അലങ്കോലങ്ങളിൽ നിന്നും പുറത്തുകടക്കാൻ ഒരു സൂര്യനെ ആവശ്യമായിരുന്നു .എല്ലാറ്റിനെയും ആലിംഗനം ചെയ്യുന്ന, വലിയ ഒരു സൂര്യൻ .
1888 ൽ പാരീസിലെ ആൾസിലാണ് വാൻഗോഗ് ഈ സൂര്യനെ വരച്ചത്.'ദ് സോവർ'(വിത്ത് വിതയ്ക്കുന്നവൻ)എന്ന് പേരിട്ടിരിക്കുന്നു. ഇതു പോലെ സൂര്യനെ കണ്ടെത്തുന്ന, അദ്ദേഹത്തിൻ്റെ മറ്റൊരു ചിത്രമാണ് 'സമ്മർ ഇവനിംഗ്, വീറ്റ്ഫീൽഡ് വിത്ത് സെറ്റിംഗ് സൺ ' .ഈ ഗോതമ്പു പാടത്തെ അസ്തമയത്തിൽ , സൂര്യൻ്റെ തീവ്രമഞ്ഞയിൽ വാൻഗോഗ് ജീവിതത്തെ വിശുദ്ധിയുടെ വീണ്ടെടുപ്പിലെത്തിക്കുന്നു.നിരാശയുടെ മേഘങ്ങൾ ഒന്നും തന്നെ ആ ആകാശത്തിൽ കറുപ്പ് പടർത്തുന്നില്ല. ജീവിതത്തിലേക്ക് വിതറുന്ന അനൈഹികമായ വെളിച്ചമാണത്. ഒറ്റയ്ക്കായി പോകുന്നവർക്കെല്ലാം അവരുടെ സൂര്യനുണ്ടാവും. ഇത്രയും ജ്വലനകാന്തിയോടെ, സൗന്ദര്യത്തിൻ്റെ ബൃഹത് ലോകത്തിൻ്റെ പ്രൗഢിയോടെ എല്ലാ ചോദ്യങ്ങളെയും നിഷ്പ്രഭമാക്കുന്ന ആത്മവിശ്വാസത്തോടെ ,എല്ലാ പരാജയങ്ങൾക്കിടയിലും അവസാനത്തെ ആക്കംപോലെ അത് നിലകൊള്ളുകയാണ്. മനുഷ്യർ അനാഥനായി വിലപിക്കേണ്ടവരല്ല എന്ന് ഈ ചിത്രങ്ങൾ ഓർമ്മിപ്പിക്കുന്നു. വിഷാദച്ചുഴിയിൽ നിന്ന് ഉയർത്തെഴുന്നേൽക്കാനുള്ള അവസരമാണിത്.
ഈ മഞ്ഞയും ഒരു കണ്ടെത്തലാണ്. സ്വാഭാവികനിറങ്ങളോ ,പ്രകൃതിയിലെ നിറങ്ങളോ തനിക്ക് സ്വീകാര്യമല്ലെന്ന് വാൻഗോഗ് നേരത്തെതന്നെ പറഞ്ഞിട്ടുള്ളതാണ്. അദ്ദേഹം തൻ്റെ ആത്മപരിതോവസ്ഥയ്ക്കനുസരിച്ച് നിറങ്ങൾ ഉണ്ടാക്കുകയാണ്. ഈ മഞ്ഞയിൽ ചുവപ്പിനും ഓറഞ്ചിനും ഇടമില്ല. എന്നാൽ അത് എല്ലാവരും പരിചയിച്ച മഞ്ഞയുമല്ല. മറ്റെന്താണ്? ഈ മഞ്ഞ അറിയാവുന്നിടത്തോളം ദിവ്യമാണ്. നിറങ്ങൾ തന്നെ അഭൗമമാവുകയാണ്.
വ്യഥ ഉദാത്തമാവുമ്പോൾ
വാൻഗോഗ് പതനങ്ങളിൽ നിന്നു ഉദിച്ചുയരുന്നത് ജ്വലിക്കുന്ന പ്രകൃതിയിലൂടെയാണ്. അത് സ്വാനുഭവങ്ങളിലൂടെയും പീഡിതമായ ഘട്ടങ്ങളിലൂടെയുമാണ് അദ്ദേഹം മനസ്സിലാക്കിയെടുത്തത്.വ്യഥകളിൽ നിന്നു ഉദാത്തവത്ക്കരിക്കപ്പെട്ട സൂര്യൻ പിറക്കുകയാണ്. സഹോദരൻ തിയോക്ക് എഴുതിയ കത്തിൽ ഇങ്ങനെ വായിക്കാം: 'യാഥാർത്ഥ്യത്തെക്കുറിച്ചുള്ള ഒരു ശരിയായ ബോധത്തിനായി ഞാൻ പരിശ്രമിക്കുകയാണ്. ഞാനെന്തിനു ഇവിടെ വന്നു? ഭീകരമായ ഒരവസ്ഥയാണ് എന്നെ പിടിച്ചുലയ്ക്കുന്നത് .ഇതെൻ്റെ ചിന്തകളെ തടയുകയാണ്' .
ഇതിൽ നിന്ന് എന്താണ് ഗ്രഹിക്കേണ്ടത്? ഈ തകർച്ചയിലും രോഗാവസ്ഥയിലും പുറത്തുകടക്കാൻ അദ്ദേഹത്തിന് ജീവിതത്തേക്കാൾ വലിയ പ്രതിച്ഛായകൾ ആവശ്യമായിരുന്നുവെന്നാണ്. പുതിയ സൂര്യനെ കണ്ടെത്തുന്നത് അങ്ങനെയാണ്.
ഓരോ ദിവസവും ഒരോ പുതിയ സൂര്യൻ ഉദിക്കുന്നു എന്ന വാക്യം പോലെ ചിന്തിപ്പിക്കുന്നത് വേറൊന്നില്ല. അമെരിക്കൻ സാഹസിക സഞ്ചാരിയായിരുന്ന ക്രിസ്റ്റഫർ മക്കാൻഡ്ലസ് പറഞ്ഞതാണിത്. ജീവിതത്തിലൊരിക്കലും സൂര്യാദയം കണ്ടിട്ടില്ലാത്തവരുണ്ട്. അവർക്കു വേണ്ടി എന്നും സൂര്യനുദിക്കുകയാണ്. ഇന്നലെകളിലെ സൂര്യന്മാർ അസ്തമിച്ചു; മറ്റൊരു സൂര്യൻ പിറ്റേദിവസത്തേക്കായി ജനിക്കുകയാണ് .സൂര്യൻ്റെ യാത്രകൾ പ്രതീകാത്മകമാണ് ; അതിനു അവസാനമില്ല.ഉദയവും അസ്തമയവുമാണല്ലോ അതിൻ്റെ കാതൽ. അസ്തമയം അവസാനമല്ല; എന്നാലത് വേദനിപ്പിക്കുന്നതാണ്. പകൽ അവസാനിക്കുന്നത് സകല ജീവികളെയും പ്രകൃതിജാലത്തെയും നിരാശയിലാഴ്ത്തുന്നു; ഇരുട്ടാണ് പിറക്കുന്നത്. എന്നാൽ ഇരുട്ട് അവസാനമല്ല. പ്രകാശം ഒരുകോടി കുതിരകളെപോലെ എവിടെ നിന്നോ കുതിച്ചെത്തുന്നു .ഇരുട്ട് സാവധാനം പിന്നോട്ടു വലിയുകയോ , പ്രകാശത്തിൽ അലിഞ്ഞില്ലാതാവുകയോ ചെയ്യുന്നു.
എത്ര മാന്ത്രികമായ ആവർത്തനങ്ങൾ !.
അളക്കാനാവാത്തത്
ജീവിതം മുഴുവൻ പ്രകൃതിയെ തേടി നടന്ന അമെരിക്കൻ വനസ്നേഹി ഹെൻറി ഡേവിഡ് തോറോ ഇങ്ങനെ എഴുതി :
'പുൽമേടുകളിൽ കൊത്തുന്ന കോഴികൾ മറഞ്ഞിരിക്കുന്ന ചതുപ്പിൽ കാലുകൾ സാവധാനം വലിച്ചുവച്ചു നടക്കാൻ , കുരുവികൾ കുതിച്ചു പറന്നുയരുന്നത് കാണാൻ ,ചിലയ്ക്കുന്ന, ഏകാകികളായ വനപക്ഷികൾ കോരപ്പുല്ലുകൾക്കിടയിൽ കൂടുകൂട്ടുന്നതിൻ്റെ മണം പിടിക്കാൻ , വയർ നിലത്തു മുട്ടിച്ചുകൊണ്ട് ഇഴയുന്ന നീർനായയെ കാണാൻ നമുക്ക് വനത്തിൻ്റെ ഔഷധം ആവശ്യമാണ് . അതേസമയം നാം ഇതെല്ലാം പരിവേക്ഷണം ചെയ്യാനും പഠിക്കാനും ഉത്സുകരാണ്. എന്നാൽ ആ കാഴ്ചകളെല്ലാം തുറന്നു കിട്ടാത്തതും നിഗൂഢവുമായിരിക്കാനാണ് നാം ആഗ്രഹിക്കുന്നത് .അതുപോലെ കരയും കടലും അനന്തമായി വന്യമായിരിക്കാനും ;അതെല്ലാം ഒരിക്കലും പരിശോധിക്കപ്പെടാത്തതും അളക്കപ്പെടാത്തതുമായിരിക്കാനാണ് നാം ആഗ്രഹിക്കുന്നത് ; കാരണം അത് അളക്കാനാവാത്തതാണ് ' .
ഒരാളിൽനിന്ന് പ്രകൃതി ക്രമേണ അപ്രത്യക്ഷമാകുന്നതായാണ് തോറോ നിരീക്ഷിക്കുന്നത്. മനസ്സിൻ്റെ ആ മേഖലകളിലേക്ക് ഉപഭോഗത്തിൻ്റെയും യന്ത്രസംസ്കാരത്തിൻ്റെയും അഭിനിവേശങ്ങൾ അലച്ചെത്തി കൈയടക്കുകയാണ് .
നാം സാവധാനം പരിമിതികളുടെ ഒരു കൂടാരമായിത്തീരുന്നു .കൊറോണയുടെ അടച്ചുപൂട്ടലിൽ നാമനുഭവിക്കുന്ന എകാന്തമായ അലട്ടലുകളിൽ ഈ പരിമിതികൾ നമുക്കു മുഖാമുഖം വരുകയാണ്. ജീർണിച്ചതും അല്ലാത്തതുമായ മരങ്ങൾ, ഇടിവെട്ടുന്ന മേഘങ്ങൾ, മൂന്നാഴ്ചയെങ്കിലും നീളുന്ന മഴ തുടങ്ങിയതെല്ലാം നേരിൽ കാണാൻ തയ്യാറാവണമെന്ന് തോറോ പറയുന്നത് ഈ സന്ദർഭത്തിൽ നമ്മെ ഓർമ്മകളിൽ അലിയാൻ പ്രേരിപ്പിക്കുകയാണ്.
അലൗകികമായ ഉന്മാദം
നമ്മൾ ഇനിയും പോകാത്ത ഇടങ്ങളിൽ സ്വതന്ത്രമായി ചുറ്റിത്തിരിയുന്നത് അലൗകികമായ ഒരുന്മാദം തരാതിരിക്കില്ല .ഇത് അറിവാണ്. ജീവിതംകൊണ്ട് എന്ത് ചെയ്യാമെന്ന അറിവ്. നമ്മുടെ അതിരുകൾ ഇല്ലാതാകുന്നത് നമുക്ക് തന്നെ നേരിൽ കാണാൻ കഴിയുമ്പോൾ, നിഷ്ഫലമെന്നു കരുതിയിരുന്ന ജീവിതത്തിൻ്റെ ചില്ലകൾ ചലിക്കാൻ തുടങ്ങും, വസന്തത്തിൻ്റെ സന്ദേശം ലഭിച്ചിട്ടെന്നപോലെ.സ്വയം തീർത്ത കാരാഗൃഹങ്ങളിൽ അമരുന്ന നവീന സാംസ്ക്കാരിക മനുഷ്യൻ്റെ വ്യഥകൾ വാസ്തവത്തിൽ ,പ്രകൃതിയുമായി ബന്ധമുള്ളതല്ല .അത് മിക്കവാറും സ്വയം സൃഷ്ടിച്ചെടുക്കുന്നതാണ്.
സി. പി. വത്സൻ എന്ന കവിയുടെ ചില വരികൾ ഈ അവസ്ഥയ്ക്ക് ആഴം നല്കുന്നുണ്ട്. അദ്ദേഹം എഴുപതുകളിൽ തീക്ഷ്ണമായി എഴുതിയിരുന്നു. 'സംക്രമണം' മാസികയിൽ അദ്ദേഹത്തിൻ്റെ ചില കവിതകൾ വായിച്ചതോർക്കുന്നു. ഇപ്പോഴത്തെ കവികൾ വത്സനെ അറിയാനിടയില്ല. കാരണം അദ്ദേഹം പതിറ്റാണ്ടുകളായി ഒന്നും എഴുതാറില്ല. ജീവിച്ചിരിക്കുന്നു എന്നതിനു യാതൊരു തെളിവും പൊതുസമൂഹത്തിനു നല്കാതിരിക്കാൻ വത്സൻ ശ്രദ്ധിച്ചിട്ടുണ്ട്. അദ്ദേഹം എനിക്ക് എന്നും പ്രിയമുള്ള കവിയാണ്. അസാധാരണമായ സംവേദനാത്മകത ആ കവിതകളിലുണ്ട്. വത്സൻ്റെ 'പരപ്പനങ്ങാടി കുറിപ്പു'കളിലെ ഒരു ഭാഗം ഇവിടെ ചേർക്കുകയാണ്:
ചന്ദ്രാ,
കാറ്റിൻ്റെ നിലവിളിക്ക്
കാതോർക്കൂ
കടലിൻ്റെ നിലവിളിക്ക്
കാതോർക്കു
അടഞ്ഞുതീരുന്ന വാതിലുകൾ
ഒന്നൊന്നായി എണ്ണിത്തിട്ടപ്പെടുത്തൂ
വിടരാത്ത പൂവുകൾക്ക് വേണ്ടി
ഒരു തവണയെങ്കിലും
നിലവിളിക്കൂ
ഒറ്റത്തവണ .
എത്രയേകാന്തം പകലുകൾ
ചില്ലകളിൽ സിരകളിൽ
വിളർത്ത ചുണ്ടുകളിൽ
വിരിഞ്ഞു വിരിഞ്ഞുതീരുന്ന ഏകതാനമായ പൂക്കളിൽ
എത്ര സങ്കീർണതയുടെ
തൂവലുകൾ '
ഈ വരികളിൽ കവി സ്വയം ഒരു ബിംബമായി ലയിച്ചു ചേർന്നിരിക്കുകയാണ്; കാലത്തിൽ സ്വയം നഷ്ടപ്പെടുന്ന അവസ്ഥ.
വാക്കുകൾ
1)യഥാർത്ഥ സ്നേഹം പ്രേതത്തെപോലെയാണ്; എല്ലാവരും അതിനെക്കുറിച്ച് സംസാരിക്കും; എന്നാൽ കണ്ടിട്ടുള്ളവർ വളരെക്കുറച്ച് മാത്രം.
ഫ്രാൻസ്വാ റോച്ച്ഫുക്കോ ,
ഫ്രഞ്ച് നോവലിസ്റ്റ്
2)ഒരു നാവികനു പരന്ന കടലിനെ അറിയാവുന്നതുപോലെ, ഒരു സ്ത്രീക്ക് അവൾ പ്രേമിക്കുന്ന പുരുഷൻ്റെ മുഖവും വശമാണ്.
ബൽസാക്ക് ,
ഫ്രഞ്ച് നോവലിസ്റ്റ്
3)നോവൽ ശരിക്കും ഒരു കവിതയാണ്. ഇതെഴുതണമെങ്കിൽ ,ഒരാൾക്ക് ആത്മാവിൽ പരമശാന്തതയും ആഴമുള്ള മനസ്സും ഉണ്ടായിരിക്കണം .
ദസ്തയെവ്സ്കി ,
റഷ്യൻ എഴുത്തുകാരൻ
4)നിങ്ങൾ എന്തിനുവേണ്ടിയാണോ അന്വേഷിക്കുന്നത്, അതെന്താണെന്ന് നിങ്ങൾക്ക് അറിയില്ലെങ്കിലും എങ്ങനെ നോക്കണമെന്ന് അറിഞ്ഞിരിക്കണം.
റോബർട്ടോ ബൊലാനോ ,
ചിലിയൻ എഴുത്തുകാരൻ
5)എഴുതുമ്പോൾ ഞാൻ ദുർബ്ബലരുടെ കൂടെ നിൽക്കാനാണ് ശ്രമിച്ചിട്ടുള്ളത്; ശക്തിയുള്ളവരുടെ പക്ഷം സാഹിത്യത്തിൻ്റെ പക്ഷമല്ല.
യെൽഫ്രീഡ് ജൽനക്ക്,
ഓസ്ട്രിയൻ നോവലിസ്റ്റ്
കാലമുദ്രകൾ
1)ഒ.എൻ.വി
ഒ.എൻ.വി സ്വന്തം കവിതകൾ ആലപിക്കുന്നത് സംഗീതമധുരമായാണ്. അദ്ദേഹത്തിൻ്റെ 'കുഞ്ഞേടത്തി' കേൾക്കണം .വീണ്ടും കേൾക്കാൻ പ്രേരിപ്പിക്കും. ഒരു കുട്ടിയുടെ മനസ്സ് കവി വീണ്ടെടുക്കുകയാണ്.ഏടത്തിമാർ ഒരു സംസ്കാരമായിരുന്നു.
2)സത്യൻ
പ്രമുഖ സിനിമാനടനായ സത്യൻ വിടപറഞ്ഞിട്ട് അമ്പതുവർഷമായിരിക്കുന്നു. വിശ്വസിക്കാൻ പ്രയാസമാണ്. 'എൻ്റെ വീണക്കമ്പിയെല്ലാം വിലയ്ക്കെടുത്തു അവർ എൻ്റെ കൈയിൽ പൂട്ടുവാനൊരു വിലങ്ങു തീർത്തു' എന്ന് സത്യൻ സ്ക്രീനിൽ പാടി അഭിനയിക്കുമ്പോൾ ,അത് ഇന്നലെകളിലെ അനുഭവമല്ല ,ഇന്നിൻ്റെയാണ്.
3)സുകുമാർ അഴീക്കോട്
മലയാള സാഹിത്യവിമർശനത്തിൽ അദ്വൈതചിന്തയ്ക്കും ഉപനിഷത്തിനും പ്രാമുഖ്യം നല്കിയ ഒരേയൊരു എഴുത്തുകാരനാണ് സുകുമാർ അഴീക്കോട് .അദ്ദേഹം സൗന്ദര്യചിന്തയ്ക്ക് ദാർശനികമായ ഭാരതത്വം നല്കി ദൃഢപ്പെടുത്തിക്കൊണ്ടിരുന്നു.എന്നാൽ ലൗകികനായ അഴീക്കോട് ഒരിക്കൽ ഇങ്ങനെ പറഞ്ഞു: മീനീല്ലാതെ എനിക്ക് ജീവിക്കാനാവില്ല.
4)പി. എ. മുഹമ്മദ് റിയാസ്
എല്ലാ പഞ്ചായത്തിലും വിനോദസഞ്ചാര സൗകര്യമൊരുക്കുമെന്ന് പറഞ്ഞ മന്ത്രി മുഹമ്മദ് റിയാസിനു ഒരു നിവേദനം സമർപ്പിക്കുകയാണ്. എല്ലാ പഞ്ചായത്തിലും അഞ്ചേക്കർ വനം പദ്ധതി നടപ്പാക്കണം. വേനൽക്കാലത്ത് തണുപ്പും ആശ്വാസവും ലഭിക്കുന്ന പ്രകൃതിയുടെ പൊതുഇടങ്ങൾ ആവശ്യമായിരിക്കുന്നു. ഒറ്റപ്പെട്ട ഇടങ്ങളിൽ ചിലർ വൃക്ഷത്തൈകൾ വെച്ചുപിടിപ്പിക്കുന്നത് ഒരു ചടങ്ങ് മാത്രമാവുകയാണെന്ന് നാം കണ്ടു കഴിഞ്ഞല്ലോ.
5)സജി ചെറിയാൻ
സന്ദിഗ്ദ്ധഘട്ടങ്ങളെ തരണം ചെയ്ത് മുൻപേ പരിചയസമ്പന്നനായ സാംസ്കാരികമന്ത്രി സജി ചെറിയാനു ഇനി സാംസ്കാരികരംഗത്തെ സ്ഥാപിത താല്പര്യങ്ങളെയും ഗ്രൂപ്പുകളെയും സമ്മർദ്ദവ്യക്തിത്വങ്ങളെയുമാണ് നേരിടേണ്ടി വരുക. എന്നാൽ പാർട്ടിക്ക് പുറത്തുള്ളവർക്ക് കൂടി സ്വീകാര്യതയും പങ്കാളിത്തവുമുള്ള ഇടപെടലാണ് കാലം അവശ്യപ്പെടുന്നത്.
വായന
വി.പ്രവീണയുടെ 'അഷ്ടമൂർത്തി'(മലയാളം, ജൂൺ 6 ) ,വി.കെ.കെ.രമേശിൻ്റെ 'കൂവം ' (മാതൃഭൂമി അഴ്ചപ്പതിപ്പ് ,ജൂൺ 6 ) എന്നീ കഥകൾ പ്രതീക്ഷിച്ചതുപോലെ രസിപ്പിച്ചില്ല. ഒരു ബൃഹത് ആഖ്യാനത്തിനായി ഇന്നാരും കഥ വായിക്കുന്നില്ല. അതിൻ്റെ ആവശ്യമില്ല. ചെറുകഥ ഒരു ഫ്ളാഷ് പോലെയാണ്. അതിൻ്റെ സൗന്ദര്യം പകൽ മുഴുവൻ നിറഞ്ഞു നിൽക്കുന്ന വെട്ടത്തിലല്ല ;മിന്നലിൻ്റെ പ്രകാശത്തിലാണ് അത് ലാവണ്യമാകുന്നത്. ചെറുകഥ എഴുതുന്ന ആൾ ഒരു കവിയായിരിക്കണം. പി.ടി.നരേന്ദ്രമേനോൻ ,മേലത്തു ചന്ദ്രശേഖരൻ ,അഗസ്റ്റിൻ ജോസഫ് തുടങ്ങിയവരെപോലെ സമ്പൂർണ കവിയാകണ്ട; കവിതയുടെ ഒരു തിരി ഉണ്ടായിരുന്നാൽ മതി. ജയനാരായണൻ, വിക്ടർ ലീനസ് എന്നിവർ കഥ എഴുതുമ്പോൾ ഈ കവിത വായനക്കാർക്ക് ബോധ്യപ്പെട്ടിട്ടുള്ളതാണ്. ജീവിതത്തെ സകല മനുഷ്യപരിമിതികൾക്കും മുകളിൽനിന്ന് നോക്കാനാവണം. കുറെ സംഭവങ്ങൾ നിരത്തുന്നതോ പൂർവ്വകാലകഥകളുടെ ഘടന അനുകരിക്കുന്നതോ ആവിഷ്കാരത്തിനു തടസ്സമാണ്. ഭാവാത്മകത കഥയിൽ അനിവാര്യമാണ്. പ്രവീണയുടെ 'അഷ്ടമൂർത്തി ' വല്ലാതെ യാന്ത്രികമായിപ്പോയി. ഒരു സ്ത്രീയുടെ മൃതശരീരത്തിലെ എട്ടുമറുകുകൾ ചേർത്തുവരച്ച് അഷ്ടഭുജമുണ്ടാക്കുന്നതാണ് കഥയിലെ ഗവേഷണ വിഷയം. ഇതൊക്കെ വിരസമാണെന്ന് അറിയിക്കട്ടെ.
വി .കെ .കെ .രമേശിനു നല്ല നർമ്മത്തോടെ കഥ പറയാൻ കഴിവുണ്ട്. കൂവം നദിയെ പ്രമേയമാക്കിയത് ശ്രദ്ധേയമാണ്. പക്ഷേ ,ഒരു കഥയിൽ നിന്ന് ലഭിക്കേണ്ട ലാവണ്യാനുഭവം കിട്ടിയില്ല. എവിടെയോ ജീവൻ നഷ്ടപ്പെടുന്ന പോലെ.
.
No comments:
Post a Comment