Tuesday, June 1, 2021

അക്ഷരജാലകം/എം.കെ.ഹരികുമാർ /പൂച്ചകൾക്കു സമാധാനം /metrovartha may 31

 അക്ഷരരാലകം ലിങ്ക്

അക്ഷരജാലകം

എം.കെ.ഹരികുമാർ

9995312097

Email: mkharikumar797@gmail.com



പൂച്ചകൾക്കു സമാധാനം



ഏതാണ്ട് പത്തു വർഷത്തോളം, ജർമൻ ചിന്തകനായ ഫെഡറിക് നിഷേ ഏകാന്തവാസം നയിച്ചു .രോഗങ്ങളാൽ  വലഞ്ഞപ്പോൾ പോലും അദ്ദേഹം മറ്റാരെയും കാണാൻ തയ്യാറായില്ല ;സ്വയം ചികിത്സിച്ചു. ആരെങ്കിലുമായി സംസാരിക്കാനും ഇടപഴകാനും പറ്റാത്ത വിധം നിഷേ ഏകാന്തതയെ ഒരു ദുർഗമായി പരിവർത്തനപ്പെടുത്തിക്കൊണ്ടിരുന്നു. 'മനുഷ്യനുമായുള്ള ഇടപെടലുകളിലെല്ലാം മുറിവ് മാത്രമാണെനിക്ക് കിട്ടുന്നത്' - അദ്ദേഹം ഒരിക്കൽ പ്രതികരിച്ചു. നിഷേയെക്കുറിച്ച് മഹാസാഹിത്യകാരനായ സ്‌റ്റെഫാൻ സ്വീഗ് എഴുതിയ 'നിഷേ' എന്ന കൃതി പരിഭാഷപ്പെടുത്തിയ വിൻസ്റ്റോൺ പറയുന്നത് ഒരു സ്വതന്ത്രമനസ്സ് ഒരിക്കലും അസ്തിത്വത്തിൻ്റെ  കുഴപ്പിക്കുന്ന പ്രശ്നങ്ങളിൽ നിന്ന് അപകർഷതയോടെ പിന്മാറുകയില്ലെന്നാണ്. ജീവിതമെന്താണ് ,അനുഭവത്തിൻ്റെ  ആത്യന്തികമായ അവസ്ഥ എന്താണ് എന്ന് അറിയാതെ പിന്മാറാത്ത ചിലരുണ്ട് .അവർ ജ്ഞാനം എന്ന ലക്ഷ്യത്തിലേക്ക് അപകടകരമായി  സഞ്ചരിക്കുന്നു. അവർ അതിനായി സ്വയമൊരു പരീക്ഷണവസ്തു വാകുന്നു. നിങ്ങൾ ജ്ഞാനത്തിനായി യുദ്ധം ചെയ്യുകയാണെങ്കിൽ  മനുഷ്യാവസ്ഥയുടെ അഗാധതകളുടെ ഭീകരമുഖങ്ങളെ നേരിടേണ്ടിവരും. ആ അഗാധതകൾ നിങ്ങളിലേക്ക് പ്രവഹിച്ചുകൊണ്ടിരിക്കും.


"എല്ലാ സുരക്ഷയും ഒഴിവാക്കിക്കൊണ്ട് അപകടകരമായ വിധം അഗാധഗർത്തത്തിനു മുകളിലൂടെ ഒരു ചരടിലെന്ന പോലെ നടക്കുന്ന പ്രകൃതമായിരുന്നു നിഷേയുടേത്' വിൽസ്റ്റോൺ കുറിക്കുന്നു. ഏതു  നിമിഷത്തിലും  വീണു പോയേക്കാവുന്ന സാഹചര്യത്തെ മുഖാമുഖം കണ്ടുകൊണ്ടാണ് നിഷേ സ്വയമൊരു പരീക്ഷണവസ്തുവായത്.


സ്റ്റെഫാൻ സ്വീഗ് എഴുതി: ' ഏറ്റവും അഗാധമായ ,ദുരന്താഭിമുഖ്യമുള്ള ജന്മവാസനയാൽ നിഷേ തൻ്റെ  സാമ്പ്രദായികമല്ലാത്ത ജീവിതം നിർമ്മിച്ചു'. മനുഷ്യന് ജീവിക്കാനാകുന്ന അപകടാവസ്ഥയുടെ  ഉയർന്നതലം അനുഭവിക്കാൻ നിഷേ എല്ലാ ദൈവങ്ങളെയും ഉപേക്ഷിച്ചതായി സ്വീഗ്  വിലയിരുത്തുന്നുണ്ട്.



ഉത്ക്കണ്ഠയില്ലാത്തവർ


എന്നാൽ നിഷേ നേരിട്ട ഇരുണ്ടമാർഗ്ഗം, ദുർഗമമായ മനുഷ്യാവസ്ഥയുമായുള്ള അഭിമുഖം തുടങ്ങിയവ മനുഷ്യൻ്റെ  തത്ത്വചിന്തയുടെ സൃഷ്ടിയാണെന്ന് വാദിക്കുകയാണ് ഇംഗ്ളീഷ് ചിന്തകനും ഗ്രന്ഥകാരനുമായ ജോൺ ഗ്രേ . അദ്ദേഹത്തിൻ്റെ നിരീക്ഷണങ്ങളും മനനങ്ങളും കണ്ടെത്തലുകളും വേറൊരു പാതയിലാണ് മുന്നേറുന്നത്. 'ഫെലിൻ ഫിലോസഫി: കാറ്റ്സ് ആൻഡ് ദ് മീനിംഗ് ഓഫ് ലൈഫ്' എന്ന ഗ്രന്ഥത്തിൽ പൂച്ചയെ കണ്ടുപഠിക്കണമെന്ന് നിർദ്ദേശിക്കുന്നുണ്ട്. പൂച്ചകൾക്ക് ഉത്കണ്ഠയോ ആത്മബോധമോ ഇല്ല. അവയ്ക്ക് സ്നേഹത്തിൻ്റെ കെട്ടുപാടുകളില്ല . അനശ്വരതയെ ക്കുറിച്ചോ ,സാന്മാർഗികതയെക്കുറിച്ചോ വേവലാതിയില്ല . അതുകൊണ്ട് പൂച്ചക്കു സമാധാനമുണ്ട്. മനുഷ്യനു എങ്ങനെ ഈ  ഏകാന്തതയെ അതിജീവിക്കാം? ആധുനിക തത്ത്വചിന്തകന്മാരേക്കാൾ  പൂച്ചകളാണത്രേ നമുക്ക് അഭികാമ്യം. കാരണം അവയ്ക്ക് നമ്മെ പലവിധത്തിൽ പഠിപ്പിക്കാൻ കഴിയും. ജീവിത നിരാശയിൽപ്പെട്ട് തകർന്ന കാലത്ത് ഇംഗ്ലീഷ് എഴുത്തുകാരൻ സാമുവൽ ജോൺസൺ പൂച്ചയിൽ നിന്നാണ് പ്രചോദനം  നേടിയതെന്ന് ജോൺ ഗ്രേ ഓർമ്മിപ്പിക്കുന്നു. സംതൃപ്തമായ ഏകാന്തതയാണ് പൂച്ചയുടേത്; നമ്മെപ്പോലെ അവയ്ക്ക് സംഘർഷമില്ല, ഭ്രാന്തില്ല . മനുഷ്യന് വേഗത്തിൽ മനുഷ്യത്വം നഷ്ടമാകുന്നു. എന്നാൽ പൂച്ചകൾ ഒരിക്കലും പൂച്ചയാകാതിരിക്കുന്നില്ല.


ജോൺ ഗ്രേ എഴുതുന്നു: ' നാം സൃഷ്ടിച്ച ഉത്കണ്ഠകളിൽ നിന്ന് വഴിതിരിച്ചു വിടുന്നതിനാണ് നാം തത്ത്വചിന്ത കണ്ടുപിടിച്ചത് '. മനുഷ്യർക്ക് സ്വന്തം ചിന്തകളിൽ തന്നെ നിലനിൽക്കാനാകില്ല. ഒരു വഴിപിരിയിൽ അത്യാവശ്യമാണ്. മനുഷ്യൻ പൊതുവേ ഉത്കണ്ഠാകുലനാണല്ലോ. അവന് വ്യഗ്രതയാണ് മുഖ്യം. ഇതാണ് നമ്മെ പൂച്ചകളിൽ നിന്നു വ്യത്യസ്തരാക്കുന്നതെന്നാണ് ജോൺ ഗ്രേ ചിന്തിക്കുന്നത്.പൂച്ചകൾ  വിശക്കുന്നില്ലെങ്കിൽ ,ഇണചേരുന്നില്ലെങ്കിൽ ,മറ്റു പേടിക്കേണ്ടതായ യാതൊന്നുമില്ലെങ്കിൽ ഒരു ശാന്തതയുടെയുള്ളിലേക്ക് വലിയും, സംതൃപ്തിയോടെ. സ്വയം നിർവൃതി നേടും.ഇത് മനുഷ്യനു  അസാധ്യമാണ്' .


മനുഷ്യൻ വേദനയുടെ നെരിപ്പോടിനകത്തിരുന്നാണ്  സമാധാനത്തെപ്പറ്റി ചിന്തിക്കുന്നത്. അവനു സമാധാനം വേണമെങ്കിൽ കലഹവും വേണം. കലഹമില്ലാതാകാൻ അവനാഗ്രഹിക്കുന്നില്ല. ആഗ്രഹിച്ചാലും സംഭവിക്കില്ല. കാരണം, അവനിൽ  പൊരുത്തപ്പെടാവുന്ന ഘടകങ്ങൾ എപ്പോഴും ഏറ്റുമുട്ടലിലായിരിക്കും.



പൂച്ചയ്ക്ക് അതിൻ്റെ ജീവിതം


 ജോൺ ഗ്രേ പറയുന്നു: 'സമാധാനം എന്ന ആശയത്തിന് വേണ്ടി പൂച്ചകൾ തത്ത്വചിന്തയുണ്ടാക്കുന്നില്ല; അവർ അങ്ങനെ ചെയ്യുകയാണെങ്കിൽ അത് വിനോദത്തിനു വേണ്ടി മാത്രമായിരിക്കും. മനുഷ്യനു  അപ്രാപ്യമായ ഒരു ഇലാസ്തികതയാണ്  പൂച്ചയുടേത് .പൂച്ച ഒരന്യ ജീവിയെപോലെയാണ് ,അവ നമ്മളോടു ഇണങ്ങുന്നെങ്കിൽ പോലും. പൂച്ചകൾ അവയുടെ ജീവിതമാണ് ജീവിക്കുന്നത് .അതുകൊണ്ട് അവയ്ക്ക് മനുഷ്യൻ്റെ പ്രീതിക്കോ  അംഗീകാരത്തിനോ വേണ്ടി നിൽക്കേണ്ടി വരുന്നില്ല' .


പൂച്ചയ്ക്ക് നമ്മെ സന്തോഷിപ്പിക്കേണ്ടതില്ല. എന്നാൽ അവയ്ക്കുള്ളിൽ അടിഞ്ഞുകൂടിയിട്ടുള്ള സ്വാഭാവികമായ ലാഘവത്വം അസ്തിത്വഭാരമില്ലാതാക്കുന്നു.നോർവ്വീജിയൻ ചിത്രകാരനായ എഡ്വേർഡ്  മഞ്ച്‌ (1863- 1944) വരച്ച 'ദ് സ്ക്രീം' (1893) മനുഷ്യൻ്റെ അശാന്തിയുടെ മൂർത്തിമദ്ഭാവമാണ് ആലേഖനം ചെയ്യുന്നത്. സ്വന്തം അവസ്ഥയെക്കുറിച്ചോർത്ത്, പതനങ്ങൾക്ക് മുമ്പിൽ നിലതെറ്റി വീഴുന്ന മനുഷ്യാവസ്ഥയെയാണ്  ആ ചിത്രം ഓർമ്മിപ്പിക്കുന്നത്. മനുഷ്യൻ്റെ നിതാന്തമായ അശാന്തി ഈ ചിത്രം സന്നിവേശിപ്പിക്കുന്നു.


മനുഷ്യൻ തനിച്ചിരിക്കുന്നതിനെ തത്ത്വചിന്താപരമാക്കുന്നു. എന്നിട്ട് അതിനെ മഹത്വവൽക്കരിക്കുന്നു. അതിലൂടെ ദുരിതമുള്ളവനാണെന്ന് പ്രഖ്യാപിക്കുന്നു .അപ്പോഴും തനിച്ചാകുന്നതിൽ നിന്ന് പിന്മാറുന്നില്ല. ജോൺ ഗ്രേ പറയുന്നത് ശ്രദ്ധിക്കാം:

'മനുഷ്യൻ പ്രവർത്തിക്കുന്നത്, പ്രവർത്തിക്കാതിരിക്കുന്നതിൽ നിന്നു  രക്ഷനേടാനാണ് .വിരസതയാണ് വലിയ ഭീഷണി .മനുഷ്യൻ്റെ സന്തോഷം പെട്ടെന്ന് അവസാനിക്കും; ലൈംഗികതയോ, മദ്യമോ ,സ്വർണമോ ,ഭക്ഷണമോ എന്തായാലും കുറെ കഴിയുമ്പോൾ ബോറടിക്കും. അതോടെ നേരത്തെ സന്തോഷം ലഭിക്കാനിടയാക്കിയത് എന്താണോ അതിനു  അവനെതിരാവും. എന്നാൽ പൂച്ചകൾ ബോറടിക്കുന്നില്ല' .


സ്വാഭാവിക നന്മകൾ


എന്തുകൊണ്ടാണ് മനുഷ്യർ നശ്വരതയെക്കുറിച്ച് ചിന്തിച്ച്  ആധിപിടിക്കുന്നത് ?അതവൻ്റെ  തത്ത്വചിന്തയുടെ പ്രശ്നമാണോ?  അവനവനെക്കുറിച്ച് അമിതമായി ചിന്തിക്കുന്നതുകൊണ്ടാണ് നശ്വരത ഒരു സമസ്യയായി മാറുന്നത്. അങ്ങനെ മരണത്തെക്കുറിച്ച് ഉത്ക്കണ്ഠയുണ്ടാകുന്നു. എന്നാൽ പൂച്ചകൾ മരണത്തെ അഭിമുഖീകരിക്കുമ്പോൾ അവ അതിന് പൂർണമായി സജ്ജരാവുന്നു. അവ  മരണത്തെക്കുറിച്ചോർത്ത് രോഗിയാവുന്നില്ല.


ഗ്രേ പറയുന്നു: ' പൂച്ചകൾക്ക് മരണത്തെക്കുറിച്ച് ഒരാശയമില്ല . നിങ്ങൾ ജീവിക്കേണ്ടത് ജീവിതത്തിൻ്റെ  വൈകാരികത ഉൾക്കൊള്ളുന്നതിനു വേണ്ടിയായിരിക്കണം;ജീവിതത്തെക്കുറിച്ച് നിങ്ങൾ സൃഷ്ടിക്കുന്ന കഥകൾക്കു വേണ്ടിയാകരുത് '. അമിതമായി ബൗദ്ധികമാകുന്നതോടെ മനുഷ്യർക്ക് അവരുടെ സ്വാഭാവിക നന്മകളും സിദ്ധികളും നഷ്ടമാകുകയാണോ ?ചിന്തിച്ചു നരകത്തെ സൃഷ്ടിക്കുകയാണോ ?


മികച്ച ജീവിതം അമിതമായി ബുദ്ധി ഉപയോഗിച്ചുകൊണ്ടുള്ളതാണെന്ന പാശ്ചാത്യചിന്തയെ പൂച്ചകൾ നിരാകരിക്കുന്നതായാണ് താൻ മനസ്സിലാക്കുന്നതെന്ന് ഗ്രേ അഭിപ്രായപ്പെടുന്നു.ഉത്ക്കണ്ഠയാണ് തത്ത്വശാസ്ത്രത്തിൻ്റെ ഉറവിടം .പൂച്ചകൾക്കു ഉത്ക്കണ്ഠകളുടെ ശാപമില്ല . മനുഷ്യർക്ക് ഈ ലോകം, തന്നെ ഭീഷണിപ്പെടുത്തുന്ന ഒരിടമാണ്. എന്നാൽ പൂച്ചകൾക്ക് അമൂർത്ത ചിന്തകളില്ലാത്തതുകൊണ്ട് അവർ സ്വതന്ത്രരാണ്. ജോൺ ഗ്രേ സമർത്ഥിക്കുന്നത് ഇതാണ്: തത്ത്വശാസ്ത്രങ്ങൾ പരാജയപ്പെട്ടിരിക്കുന്നു. ജീവിതം യുക്തികൊണ്ട് ക്രമീകരിക്കാമെന്ന്  ചിന്തകന്മാർ സങ്കല്പിക്കുന്നു. ഒന്നുകിൽ നഷ്ടമില്ലാത്ത ഒരു മാർഗ്ഗം മനസ്സുകൊണ്ട് നിർമ്മിക്കാം; അല്ലെങ്കിൽ അതിനുവേണ്ടി വികാരങ്ങളെ നിയന്ത്രിക്കണം. നമ്മുടെ ജീവിതത്തെ രൂപപ്പെടുത്തുന്നത് യാദൃശ്ചികതയും ശരീരത്തിലെ വികാരങ്ങളുമാണ് .അതേസമയം  ജീവിതവും തത്ത്വചിന്തയും ഈ പ്രശ്നത്തിൽ നിന്നു നമ്മെ വഴിതിരിച്ചുവിടുകയാണ് ചെയ്യുന്നത്‌ ' .


വാക്കുകൾ 



1)മികച്ച പ്രണയം സൃഷ്ടിക്കുന്നതിന് പകരം എല്ലാം തികഞ്ഞ പങ്കാളിയെ തേടി സമയം പാഴാക്കുകയാണ് നാം.

ടോം റോബിൻസ്,

അമെരിക്കൻ നോവലിസ്റ്റ്


2)അമ്മയുടെ കൈകൾ ആർദ്രതകൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്; കുഞ്ഞുങ്ങൾക്ക് ആ കൈകളിൽ ഭദ്രമായി ഉറങ്ങാനാവും.

വിക്ടർ യൂഗോ,

ഫ്രഞ്ച് എഴുത്തുകാരൻ



3)ജീവിതത്തിലൊരിക്കലെങ്കിലും പരാജയപ്പെടുകയോ ഇടറുകയോ ചെയ്യാത്ത ആളുകളെ എനിക്കിഷ്ടമല്ല. അവരുടെ വിജയത്തിനു ജീവനില്ല; അതിനു വലിയ വിലയുമില്ല .ജീവിതം അതിൻ്റെ സൗന്ദര്യം അവർക്കു മുന്നിൽ  തുറന്നിട്ടില്ല എന്നാണ് ഇതിനർത്ഥം.

ബോറിസ് പാസ്റ്റർനാക്ക്,

റഷ്യൻ സാഹിത്യകാരൻ



4)പ്രശസ്തി നല്ലതാണ് ;പക്ഷേ ചീത്തക്കാര്യം എന്താണെന്ന് വെച്ചാൽ അത് ഇരുപത്തിനാലുമണിക്കൂറും കൂടെയുണ്ടാവും.

ഗാർസിയ മാർക്കേസ് ,

കൊളംബിയൻ എഴുത്തുകാരൻ


5)നമുക്ക് ഒരിക്കലും മതിവരാത്ത ഒരേയൊരു കാര്യം പ്രണയമാണ് ;നാം ഒരിക്കലും മതിയാവോളം നല്കാത്ത ഒരേയൊരു കാര്യവും പ്രണയമാണ്.

ഹെൻറി മില്ലർ,

അമെരിക്കൻ എഴുത്തുകാരൻ



കാലമുദ്രകൾ 


1)ആനന്ദ് 


'ഖസാക്കിൻ്റെ ഇതിഹാസ 'ത്തിനു ശേഷമുള്ള മികച്ച നോവൽ ഏതെന്ന ചോദ്യം പലപ്പോഴും ഉയർന്നു കേൾക്കാറുണ്ട്. ആനന്ദിൻ്റെ 'ഗോവർധൻ്റെ യാത്രകൾ ' അതിനുള്ള ഉത്തരമാണ്. ഭാരതേന്ദു ഹരിശ്ചന്ദ്രയുടെ പ്രഹസനത്തിലെ ഒരു കഥാപാത്രത്തെ ഉപയോഗിച്ചാണ് ആനന്ദ് ഈ പുതിയ ക്രാഫ്റ്റ് സൃഷ്ടിച്ചത്.


2)സച്ചിദാനന്ദൻ


എഴുപത്തഞ്ച് വയസ്സ് തികയുന്ന സച്ചിദാനന്ദനു ആശംസകൾ. അയ്യപ്പപ്പണിക്കരെ പോലെ ,കവിതയ്ക്ക് ഗദ്യം മതി എന്ന് പ്രഖ്യാപിച്ച കവികളിലൊരാളാണ് സച്ചിദാനന്ദൻ. ഈ ഗദ്യം പക്ഷേ , സാമ്പ്രദായികമല്ല; വാർത്താവിനിമയത്തിനും കുശലാന്വേഷണങ്ങൾക്കുമുള്ള ഗദ്യമല്ല; മറ്റൊരു രാഗമാണത് .


3)എൻ .വി .കൃഷ്ണവാരിയർ


സ്നേഹമുള്ള മനുഷ്യനും അനുകമ്പയുള്ള പത്രാധിപരുമായിരുന്നു എൻ. വി. കൃഷ്ണവാരിയർ .കവിത വാരികയിൽ ചേർക്കാൻ വിസമ്മതിച്ചുകൊണ്ട് എൻ.വി. തനിക്കെഴുതിയ കത്ത് പോലും ഹൃദ്യമായിരുന്നുവെന്ന് ഒരു സുഹൃത്ത് പറഞ്ഞത് ഓർക്കുകയാണ്.


4)പിണറായി വിജയൻ 


ജനാധിപത്യത്തിൻ്റെ എല്ലാം മർമ്മവും കണ്ടറിഞ്ഞ ഒരു നേതാവിനെയാണ് കഴിഞ്ഞ അഞ്ചുവർഷം പൂർത്തിയാക്കിയ മുഖ്യമന്ത്രി പിണറായി വിജയനിൽ നാം കണ്ടത് .അദ്ദേഹം വരണ്ട വാദങ്ങൾ നിരത്തിയില്ല ;പകരം ജനക്ഷേമത്തിൻ്റെ പുതിയ വാതിലുകൾ തുറന്നു. ആധുനിക സമൂഹത്തിൻ്റെ  ആവശ്യങ്ങൾക്കൊത്ത് രാഷ്ട്രീയത്തെ വിപുലീകരിച്ചു.


5)ഡോ.വി.എസ്.ശർമ്മ


ഡോ.വി.എസ്.ശർമ്മ സംയുക്തമായ ഒരു ഭാരതദർശനത്തെ ഉൾക്കൊള്ളുന്ന ചിന്തകനാണ് .'ആദ്യം വേണ്ടത് വിരാട് പൂജയാണ് - ചുറ്റുമുള്ളവരെ പൂജിക്കൽ ' എന്ന സ്വാമി വിവേകാനന്ദൻ്റെ വാക്യം ഒരു ലേഖനത്തിൽ ശർമ്മ ഉദ്ധരിച്ചത് അദ്ദേഹത്തിൻ്റെ ആധുനിക വീക്ഷണം വ്യക്തമാക്കുന്നതാണ്.


6)ജോസഫ് മുണ്ടശ്ശേരി


സി.ജെ. തോമസിനു കേരളീയ നവോത്ഥാനത്തെ ഉൾക്കൊള്ളാൻ കഴിഞ്ഞില്ലെങ്കിലും ,ജോസഫ് മുണ്ടശ്ശേരി അതിൻ്റെ ആന്തരികശക്തി എന്താണെന്ന് സമൂഹത്തോട് വിളിച്ചു പറഞ്ഞു. നവോത്ഥാനത്തിൻ്റെ സന്ദേശം കവിതയിലാണ് മുണ്ടശേരി അന്വേഷിച്ചത്. അദ്ദേഹം മലയാളകവിതയെ പുനർവായനയ്ക്ക് വിധേയമാക്കി, പുന:ക്രമീകരിച്ചു.



വായന


സണ്ണി തായങ്കരിയുടെ 'കറുത്ത സുവിശേഷം ' എന്ന പുതിയ കഥാസമാഹാരം (പേപ്പർ പബ്ലിക്ക) വായിച്ചു.അനീതിയോടു പ്രതിഷേധിക്കുന്ന കഥകളാണിത്. പ്രതിഷേധിക്കുന്നവരുടെ രചനകൾ ഒരുകാലത്ത് ആർത്തിയോടെ ആളുകൾ വായിച്ചിരുന്നു. എന്നാൽ ഇപ്പോൾ എഴുത്തുകാർ ഒന്നിലും പ്രതിഷേധിക്കാത്തവരായി. പ്രതിഷേധത്തിന് പകരം ബഹുമതികളും പൂച്ചെണ്ടുകളുമാണ് അവർ തേടുന്നത്. സ്വന്തം പ്രതിച്ഛായയിൽ അമിതമായി അഭിരമിക്കുന്ന ഒരെഴുത്തുകാരനു  സത്യസന്ധമായി എഴുതാനാവില്ല. അസത്യമായിരിക്കും അങ്ങനെയുള്ളവർ  ആഘോഷിക്കുക. സണ്ണിയുടെ 'വെറും ശരീരം' , 'വിശുദ്ധൻ ' , 'ചില ശരണാലയ വിഹ്വലതകൾ ' എന്നീ കഥകൾക്ക്  പ്രതിഷേധം എന്ന ഗുണമുണ്ട്.ഇത് കൂടുതൽ കലാപരമായി മുന്നാട്ടു പോകുമെന്ന് വിശ്വസിക്കാം.



ഒരു കഥാകൃത്തിനു വേണ്ട പ്രധാന ഗുണങ്ങളിലൊന്ന് സ്വഭാവദൃഢതയാണ്. വ്യക്തിപരമായ സ്വഭാവദൃഢതയല്ലിത്. ഒരു കഥ എഴുതുമ്പോൾ ഈ ഗുണം വേണം. എന്താണോ പറയാൻ ശ്രമിക്കുന്നത്, അതിൽ ആണ്ടിറങ്ങിച്ചെന്ന് ,അതുമായി  ഇഴുകിച്ചേരണം. ഈ ഗുണം പലർക്കുമില്ല.എം.ഡി രത്നമ്മ എത്രയോ കാലമായി എഴുതുന്നു. അവരുടെ 'മരണാനന്തരം ചെയ്യേണ്ടത് ' പ്രഭാതരശ്മി, ഏപ്രിൽ ) എന്ന കഥയിൽ ഒരു  കുടുംബത്തിലെ കുറെ സംഭവങ്ങൾ വിവരിക്കുന്നു. ആ വീട്ടിൽ ആദ്യം അച്ഛൻ മരിച്ചു, പിന്നെ അമ്മയും .അമ്മ മരിക്കുന്നതിനുമുമ്പ് എഴുതിവച്ച കത്തിൽ പറഞ്ഞതുപോലെ മരണാനന്തര കാര്യങ്ങൾ ചെയ്യുന്നു.ഇതെങ്ങനെ ഒരു കഥയാകും? ഇതൊക്കെ എല്ലാവർക്കും അറിയാവുന്ന കാര്യങ്ങളാണ്.ഒരു കഥാകൃത്തെന്ന നിലയിൽ ഒന്നും കണ്ടെത്തുന്നില്ല .വായിക്കുന്നവരുടെ മനസ്സിൽ കലാനുഭൂതി പോകട്ടെ, ഒരു വികാരവും ജനിപ്പിക്കാൻ ഈ കഥ പ്രാപ്തമല്ല.ഇത്തരം സംഭവങ്ങൾ സ്ഥൂലമായി വിവരിക്കുന്നത് നിഷ്പ്രയോജനമാണ്.


വി. കെ. കെ. രമേശിൻ്റെ  'തല മാറട്ടെ, ( പ്രസാധകൻ ,മെയ് ), എം. ബി. മിനിയുടെ 'കൊക്കര കൊക്കരണി' ( പച്ചമലയാളം, മെയ് ) എന്നീ കഥകളിൽ കഥാകൃത്തിൻ്റെ സ്വഭാവദാർഢ്യമില്ല. രമേശ് കഥ പറയുന്നതിലുപരി , കഥയ്ക്ക് ആവശ്യമില്ലാത്ത വിവരണങ്ങളിലാണ് ആകൃഷ്ടനാകുന്നത്. ഇത് വായനയുടെ ഏകാഗ്രത നശിപ്പിക്കുന്നു. മിനിയുടെ കഥയിൽ വായനക്കാരനെ വായന എന്ന പ്രക്രിയയിലേക്ക് വലിച്ചടുപ്പിക്കാനുള്ള വിവരണ സവിശേഷതയില്ല .പവിത്രമായ ഒരു കർമ്മം ചെയ്യുന്നപോലെയാണ് കഥ തുടങ്ങേണ്ടത്. കാരണം വായനക്കാരൻ്റെ മനസ്സ് കഥാകൃത്തിനു ലഭിക്കേണ്ടതുണ്ട്.


വി .പി .ശിവകുമാറിൻ്റെ 'പ്രതിഷ്ഠ ' , സാറാ ജോസഫിൻ്റെ 'സ്കൂട്ടർ ' എന്നീ കഥകളിൽ കാണുന്ന സ്വഭാവദാർഢ്യം ഇന്നത്തെ കഥകൾക്ക് അന്യമായിരിക്കുന്നു. പദധ്യാനം പോലെ പ്രമേയധ്യാനവും പ്രധാനമാണെന്ന് ഓർക്കണം.


കവിത


മോഹൻകുമാർ .പി എഴുതിയ  'മറുകരയുടെ ആത്മഗതങ്ങൾ ' ( മലയാളം ,ഏപ്രിൽ 23) എന്ന കവിതയിൽ ഇങ്ങനെ വായിക്കാം:


ഷോപ്പിംഗിനിടയിൽ

ശ്രീകാര്യത്തു വച്ച്

കൊറോണ വന്നു

മരിച്ചവളെ പരിചയപ്പെടുന്നു"


അപരലോകം ചിലപ്പോഴൊക്കെ ജീവിച്ചിരിക്കുന്നവരെ സ്പർശിക്കുന്നു എന്ന് ഈ വരികൾ സാക്ഷ്യപ്പെടുത്തുന്നു.



മൊയ്തു മായിച്ചാൻകുന്നിൻ്റെ ഹൈക്കു കവിതകൾ (മലയാളം) ചിന്തിപ്പിക്കാനുതകുന്നതൊന്നും തന്നില്ല.


'എന്തിനാണിങ്ങനെ 

നാണം കുണുങ്ങുന്നു

ഈ നൂറ്റാണ്ടിലും ' (തൊട്ടാവാടി)

എന്ന ഹൈക്കു ആവർത്തനവിരസമായി  തോന്നി.


'മൈലാഞ്ചി ചെടി മാത്രം അവളോടൊപ്പം 

കുഴിമാടത്തിൽ കിടന്നു ,


എന്ന ഹൈക്കുവാകട്ടെ അസമർത്ഥമായി എഴുതപ്പെട്ടതാണ്. ഈ വരികളിൽ സൗന്ദര്യമില്ല .


'പട്ടം പറത്തുന്ന കുട്ടി ആകാശം തൊടാനാവാതെ നൂലറ്റം വരെ ' എന്ന വരിയിൽ കൃത്യമായ അവതരണം സാധ്യമായില്ല .


No comments:

Post a Comment