രാഷ്ട്രീയാധികാരം
മനുഷ്യമനസുകളെ ഛിന്നഭിന്നമാക്കുകയും പിന്നീട് മനസ്സുകളെ ഇഷ്ടത്തിനൊത്ത്
പുതിയ രൂപത്തിൽ മാറ്റിയെടുക്കുകയും ചെയ്യുന്നുവെന്ന് '1984 ' എന്ന
നോവലെഴുതിയ ജോർജ് ഓർവെൽ നിരീക്ഷിക്കുന്നുണ്ട്. രാഷ്ട്രീയത്തിനെതിരെയുള്ള
ഉഗ്രമായ വിമർശനമാണിത്. എന്നാൽ ഇതല്ല സാഹിത്യത്തിൻ്റെ രാഷ്ട്രീയം .അത്
അനുതാപവും സ്നേഹവും ഓർമ്മയുമാണ്. സാഹിത്യത്തിന് ഒരു സവിശേഷരാഷ്ട്രീയമുണ്ട്.
അത് കക്ഷിരാഷ്ട്രീയമോ , മുദ്രാവാക്യമോ ,ചില സംഭവങ്ങളുടെ വിവരണമോ
,സമരചരിത്രമോ , സമരങ്ങളുടെ ഭൂതകാലത്തെക്കുറിച്ചുള്ള കൃതികളോ ,
എഴുത്തുകാരുടെ രാഷ്ട്രീയമോ ഒന്നുമല്ല. സാഹിത്യത്തിൻ്റെ മാത്രം
രാഷ്ട്രീയമാണത്. രാഷ്ട്രീയസിദ്ധാന്തങ്ങൾക്കോ അതിൻ്റെ വ്യവഹാരങ്ങൾക്കോ
പ്രവർത്തനങ്ങൾക്കോ വീക്ഷണങ്ങൾക്കോ ജീവിതത്തിലെ എല്ലാത്തിനെയും നോക്കികാണാൻ
കഴിയില്ല. അതിനു പരിമിതികളുണ്ട് .അത് ഒരു പ്രത്യേക പ്രദേശത്ത്
നിലനിൽക്കുന്ന സാഹചര്യത്തെ, പ്രത്യക്ഷമായ ഡേറ്റയുടെയും ശാസ്ത്രീയതയുടെയും
നിയമത്തിൻ്റെയും അടിസ്ഥാനത്തിൽ വേർതിരിച്ചെടുക്കുകയാണ് ചെയ്യുന്നത്.
ഒരു
രാജ്യത്തെ രാഷ്ട്രീയസമരം അല്ലെങ്കിൽ അവകാശത്തിനു വേണ്ടിയുള്ള പോരാട്ടം
തുടങ്ങിയവ ഒരു പ്രത്യേക പ്രദേശത്തിൻ്റെയോ, സാഹചര്യത്തിൻ്റെയോ വർത്തമാനകാല
പ്രാധാന്യത്തെ ആശ്രയിച്ചാണ് രൂപം കൊള്ളുന്നത്. അത് മനുഷ്യജീവിതത്തിൻ്റെയോ
പ്രകൃതിയുടെയോ ആകെ ചോദ്യങ്ങൾക്കുള്ള ഉത്തരമല്ല. പക്ഷിപ്പനി വരുമ്പോൾ
പക്ഷികളെയെല്ലാം കൊന്നൊടുക്കേണ്ടിവരുന്നത് ആരോഗ്യവകുപ്പിൻ്റെ മാത്രം
പ്രശ്നമല്ല; ഒരു രാഷ്ട്രീയവിഷയമാണത്. കാരണം ,ആ പ്രത്യേകഘട്ടത്തിൽ
രാഷ്ട്രീയമെന്നത് ഭൂരിപക്ഷത്തിൻ്റെ അതിജീവനമാണ്. അപ്പോൾ പക്ഷികളുടെ
അവകാശങ്ങൾക്ക് വേണ്ടി പോരാടാൻ രാഷ്ട്രീയത്തിന് കഴിയില്ല. ആ മേഖലയിലേക്ക്
രാഷ്ട്രീയം പോകില്ല; അതിൻ്റെ ആവശ്യമില്ലല്ലോ .ഇത്തരം ഘട്ടങ്ങളിൽ
രാഷ്ട്രീയത്തിനു താത്ത്വികമായ പ്രചോദനമോ ശാസ്ത്രീയമായ ദൂരക്കാഴ്ചയോ
ഉണ്ടാകണമെന്നില്ല.
സർഗാത്മകമായ ഉയിർപ്പ്
തൊഴിലില്ലായ്മയും
ദാരിദ്ര്യവും തുടച്ചുമാറ്റാനായി വൻതോതിലുള്ള ഉല്പാദനത്തിലേക്ക് രാജ്യങ്ങൾ
കടക്കുമ്പോൾ പ്ളാസ്റ്റിക്കും അതിൻ്റെ ഉൽപ്പന്നങ്ങളും സാർവത്രികമാകുന്നു.
അപ്പോൾ ജീവിതത്തിൻ്റെ വേഗത്തെ മുൻനിർത്തിയും സമയനഷ്ടത്തെ ഒഴിവാക്കിയുമുള്ള
പ്രായോഗിക സമീപനമാണ് രാഷ്ട്രീയം കൈക്കൊള്ളുന്നത് .അമിതമായ ഉത്പാദനത്തിൻ്റെ
ഫലമായി പ്ലാസ്റ്റിക് മാലിന്യം കുന്നുകൂടിയപ്പോൾ അതിനെ എവിടെയെങ്കിലും
കൂട്ടിയിടാനേ കഴിഞ്ഞുള്ളു. കടലിൽപോലും പ്ലാസ്റ്റിക് മലകൾ രൂപപ്പെട്ടതു
ഓർക്കുമല്ലോ .പ്രകൃതിവിഭവങ്ങളും ഇതര ജീവജാലങ്ങളും പ്ലാസ്റ്റിക്
മാലിന്യത്തിൻ്റെ പേരിൽ നശിക്കുന്നതിനെ അഭിമുഖീകരിച്ചു പരിഹരിക്കാൻ
രാഷ്ട്രീയത്തിനും അതിൻ്റെ പ്രായോഗികതയ്ക്കും സാധിച്ചില്ല. ഇത്തരം സംഭവങ്ങൾ
രാഷ്ട്രീയമനസ്സുകളെ നിർവീര്യമാക്കുക തന്നെ ചെയ്യും. എന്നാൽ സാഹിത്യത്തിൻ്റെ
രാഷ്ട്രീയം സമഗ്രമായ ഒരു മനസ്സിൻ്റെ സർഗാത്മകമായ ഉയർത്തെഴുന്നേൽപ്പാണ്.
പാർട്ടിയുടെയോ പൊതുജനാവബോധത്തിൻ്റെയോ മുൻപോട്ടുള്ള പ്രയാണത്തിൻ്റെ
അടിസ്ഥാനത്തിൽ തോപ്പിൽ ഭാസി എഴുതിയ 'അശ്വമേധം' എന്ന നാടകം സാഹിത്യത്തിലെ
രാഷ്ട്രീയത്തിൻ്റെ പ്രാഥമികമായ ഒരു തലം മാത്രമാണ്. ഒരു
രാഷ്ട്രീയമനസ്സിൻ്റെ രൂപീകരണമാണ് തോപ്പിൽ ഭാസി നിർവഹിച്ചത്.
ഫ്രഞ്ചു
തത്ത്വചിന്തകനും ഗ്രന്ഥകരനുമായ ഹെൻട്രി ബർഗ്സൺ ശാസ്ത്രത്തിൻ്റെ
കാലബോധത്തെ നിരാകരിച്ചുകൊണ്ട് അന്തർദർശനത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച്
പറഞ്ഞത് ഇവിടെ ഓർക്കാം. ക്ലോക്കിൻ്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന
ശാസ്ത്രവും ആന്തരികമായ കാലത്തെക്കുറിച്ചുള്ള അവബോധത്തിലൂന്നിയ അന്തർദർശനവും
രണ്ടുതരം യാഥാർഥ്യങ്ങളാണെന്ന് അദ്ദേഹം വാദിച്ചു. ശാസ്ത്രതത്ത്വങ്ങൾ
വിശദീകരിക്കപ്പെടുന്നത് ഒരു കാരണത്തിൻ്റെ അടിസ്ഥാനത്തിലാണ്. എല്ലാത്തിനും
ഒരു കാരണമുണ്ട് എന്നു ചിന്തിക്കുന്നിടത്ത് ശാസ്ത്രമുണ്ട് .എന്നാൽ
മനുഷ്യൻ്റെ അന്തർദർശനം മനസ്സിൻ്റെ ഒരു നിമിഷത്തിൻ്റെ സ്നാപ്പിൽ നിന്നാണ്
ഉണ്ടാകുന്നത്. അത് പ്രായോഗിക ശാസ്ത്രത്തിൻ്റെയോ രാഷ്ട്രീയത്തിൻ്റെയോ
അടിസ്ഥാനത്തിലുള്ളതല്ല .
രാഷ്ട്രീയസംഭവങ്ങൾക്കു
കൃത്യമായ കാരണങ്ങളുണ്ട്. അതിന് ഉത്തരങ്ങളുമുണ്ട്. അതുകൊണ്ടുതന്നെ
രാഷ്ട്രീയം പൂർണമായും യുക്തികൊണ്ട് നിർമിക്കുന്നതാണ്.അതിൽ മനുഷ്യന്
അധികാരവ്യവഹാരവും യുക്തിയുടെ പൂർത്തീകരണവുമാണുള്ളത്. തകഴിയുടെ
'വെള്ളപ്പൊക്കത്തിൽ ' എന്ന കഥയിൽ ഒരു നായയുടെ ജീവിതവും അതിജീവനവുമാണ്
അവതരിപ്പിക്കുന്നത് .നായയ്ക്കും വിലപ്പെട്ട ഒരു ജീവിതമുണ്ട്; പാരമ്പര്യ
രണ്ട് ,വ്യക്തിത്വമുണ്ട്. ഈ കഥ മനുഷ്യനെയും കടന്നു രാഷ്ട്രീയമുണ്ടെന്നാണ്
പ്രഖ്യാപിക്കുന്നത്. നിരാശയും വേദനയും ഒരു സമൂഹത്തിൻ്റേതാകണമെന്നില്ല. കൂടു
നഷ്ടപ്പെടുന്ന ഓരോ കിളിയുടെയും ജീവിതം രാഷ്ടീയത്തെ അന്തർവഹിക്കുന്നു.
പുതിയ ലോകവീക്ഷണം
ഒരു
നായ എങ്കിലും എൻ്റെ രാജ്യത്ത് ഭക്ഷണമില്ലാതെ വലയുന്നുണ്ടെങ്കിൽ, അതിനെ
പോറ്റുന്നതാണ് എൻ്റെ അപ്പോഴത്തെ മതമെന്നു സ്വാമി വിവേകാനന്ദൻ പറഞ്ഞത് വളരെ
ഉപരിപ്ളവമായ രാഷ്ട്രീയത്തെ തള്ളിമാറ്റിക്കൊണ്ട് പുതിയൊരു ലോകവീക്ഷണമാണ്
പരിചയപ്പെടുത്തുന്നത്. വിശപ്പും ദുരിതവും മനുഷ്യൻ അനുഭവിക്കുമ്പോൾ
മാത്രമല്ല രാഷ്ട്രീയം; അത് സകല പ്രാണികൾക്കും ബാധകമാണ്. ഒരു പീഢയെറുമ്പിനും
വരുത്തരുതെന്ന് ശ്രീനാരായണഗുരു പറഞ്ഞത് മനുഷ്യൻ്റെ രാഷ്ട്രീയം
പൂർണമാകുന്നത് പ്രാണികളുടെ സങ്കടം കൂടി ഉൾക്കൊള്ളുമ്പോഴാണെന്ന്
ബോധ്യപ്പെടുത്തുന്നു. ഗുരുവിൻ്റെ വിശാലമായ രാഷ്ട്രീയബോധമാണിത്. ഇതിൽ
പ്രകൃതിയോടുള്ള സമീപനത്തിലെ സാംസ്കാരികമൂല്യം എന്താണെന്നു
വ്യക്തമാവുന്നുണ്ട്.
മനുഷ്യൻ മാത്രമല്ല അവൻ്റെ
ചുറ്റുപാടും പ്രകൃതിയും എല്ലാം ചേരുന്നതാണ് സാഹിത്യത്തിൻ്റെ രാഷ്ട്രീയം.
എഴുത്തുകാരൻ ഏതെങ്കിലും ഒരു പാർട്ടിയിൽ ചേർന്ന് പ്രവർത്തിച്ച് ,ചിലതിനോടു
യഥാകാലം പ്രതികരിച്ച്, തൻ്റെ ക്ളിനിക്കൽ സാഹിത്യകാരവ്യക്തിത്വത്തെ
പരിപോഷിപ്പിച്ചു ,വർത്തമാനകാലത്ത് സാംസ്കാരികവ്യക്തിത്വം നേടി
വിലസുന്നതല്ല സാഹിത്യത്തിൻ്റെ രാഷ്ട്രീയം. എഴുത്തുകാരനു തൻ്റെ ഭാവനയും
വിഭവങ്ങളും നഷ്ടപ്പെടുത്തിയ ശേഷമേ രാഷ്ട്രീയവ്യക്തിത്വം നേടാനാകൂ .
എഴുത്തുകാരൻ്റെ രാഷ്ട്രീയം മിക്കപ്പോഴും പ്രതിലോമസ്വഭാവമാണുണ്ടാക്കുന്നത്.
അയാൾക്കു യഥാസമയം മിണ്ടാനാവില്ല. സുരക്ഷിതമായ ഒരു ഉരിയാടലിനു ഊഴം കാത്തു
നില്ക്കുകയേ രക്ഷയുള്ളു .
അയാൾ തൻ്റെ അസാധാരണമായ
മെയ്‌വഴക്കത്തോടെ ,ചില കാര്യങ്ങളിൽ ഉച്ചത്തിൽ അഭിപ്രായം പറഞ്ഞും ചില
അവസരങ്ങളിൽ നിശബ്ദതയിലേക്ക് തലതാഴ്ത്തിയും ഇരിക്കുന്നത് രാഷ്ട്രീയമല്ല,
വ്യക്തിപരമായ അവസരവാദമായേ കാണാനാവൂ .
ഒരു
പാർട്ടിയുടെയോ മതത്തിൻ്റെയോ വക്താവായി , പ്രതിനിധിയായി ,പ്രതിബിംബമായി
എഴുത്തുകാരൻ സ്വയം നിയോഗിക്കുന്നത് സംവാദങ്ങളുടെ സത്യസന്ധതയെ
കൊലചെയ്യുന്നതിനു തുല്യമാണ്. അങ്ങനെ സംഭവിക്കുന്നതോടെ സത്യത്തിനു വേണ്ടി
ശബ്ദിക്കാനുള്ള ധാർമ്മികത നഷ്ടമാവുകയാണ് ചെയ്യുന്നത്. താൻ പക്ഷം പിടിച്ചു
എഴുതിയതിനും പ്രസംഗിച്ചതിനുമുള്ള പാരിതോഷികങ്ങൾ മുടക്കമില്ലാതെ
കൈപ്പറ്റിക്കൊണ്ടിരിക്കുകയാണെങ്കിൽ, അത് കുറേക്കൂടി ആപൽക്കരമായിത്തീരും.
സ്വന്തം ചരിത്രപരത
സാഹിത്യത്തിൻ്റെ
രാഷ്ട്രീയം സാഹിത്യത്തിൽ തന്നെയാണ് പ്രകടമാകുന്നതെന്നു ഫ്രഞ്ചു
തത്ത്വചിന്തകനായ ഷാക് റാൻസിയേ പറഞ്ഞത് അതുകൊണ്ടാണ്. സാഹിത്യകാരൻ മറ്റു
വ്യവഹാരങ്ങളിൽ നിന്നും രാഷ്ട്രീയവ്യവസ്ഥിതിയിൽ നിന്നും മാറിനിന്ന്
സ്വന്തമായി ഒരു ചരിത്രപരത സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. എം. സുകുമാരൻ്റെ
'കുഞ്ഞപ്പുവിൻ്റെ ദുസ്വപ്നങ്ങൾ ,യു. പി.ജയരാജിൻ്റെ 'ബിഹാർ'
,വി.പി.ശിവകുമാറിൻ്റെ 'ഭാരതമാതാവ്' എന്നീ കഥകളിൽ സാമ്പ്രദായിക രാഷ്ട്രീയ
വീക്ഷണത്തിനും കക്ഷിരാഷ്ട്രീയ ചിന്തകൾക്കും ബദലായി മറ്റൊരു ചരിത്രപരത
സൃഷ്ടിക്കപ്പെടുകയാണ്.
സ്വന്തം ചരിത്രത്തിലേക്ക് നിരുപാധികമായി സഞ്ചിരിച്ചുകൊണ്ട് കല ആവിഷ്കരിക്കുകയാണ് .
ഇടപ്പള്ളിയുടെ
ആത്മഹത്യക്കുപോലും അതിൻ്റേതായ രാഷ്ട്രീയമുണ്ട് .അതുകൊണ്ടു ഒരു സാഹിത്യകാരൻ
തൻ്റെ കലയിൽ സൃഷ്ടിക്കുന്ന രാഷ്ട്രീയം തിരഞ്ഞെടുപ്പിൽ മത്സരിക്കാനോ
അധികാരം പിടിക്കാനോ അല്ല; യഥാർത്ഥ്യത്തെ കൂടുതൽ വ്യക്തമായി ഉൾക്കൊള്ളാനാണ്.
അമെരിക്കൻ
ഫിസിസിസ്റ്റും ഹാർവാർഡ് യുണിവേഴ്സിറ്റി പ്രൊഫസറും എഴുത്തുകാരനുമായ അലൻ
ലൈറ്റ്മാൻ തൻ്റെ കാലത്തെ നിരീക്ഷിക്കുന്നു :'കേവല യാഥാർഥ്യങ്ങളെ
മാറ്റിമറിച്ചുകൊണ്ട് മാത്രമേ യാഥാർത്ഥ്യത്തെ കൂടുതൽ അറിയാനാവൂ'.വ്യവസ്ഥാപിത
രാഷ്ട്രീയവും ശാസ്ത്രവും ഒരുമിച്ചാണ് പലപ്പോഴും നീങ്ങുന്നത്.
ശാസ്ത്രത്തിന് എപ്പോഴും എന്തിനെയും ലഘൂകരിക്കാനുള്ള മനോഭാവമാണുള്ളതെന്ന്
ലൈറ്റ്മാൻ ചൂണ്ടിക്കാട്ടുന്നു. അതായത് ,ഏതൊന്നിനെയും അത്
പൂർവ്വനിശ്ചിതമാക്കുന്നു.
എന്തിനും ഒരു കാരണവും ഉത്തരവും
ഉണ്ടായിരിക്കണമെന്ന് ശാസ്ത്രം നിഷ്കർഷിക്കുന്നു. അവിടെ എല്ലാം ഒരു
ചോദ്യത്തിൽനിന്നാണ് ആരംഭിക്കുന്നത്. ഉത്തരം കണ്ടെത്തുന്നതോടെ അതവസാനിച്ചു.
എന്നാൽ
ഒരു സാഹിത്യകാരൻ്റെ മുൻപിൽ മിക്കപ്പോഴും ഉത്തരങ്ങളില്ല ,
ചോദ്യങ്ങളേയുള്ളൂ. ഫ്രാൻസ് കാഫ്കയുടെ നോവലുകളിലെ നായകന്മാർ ഉത്തരങ്ങൾ തേടി
അലയുന്നു .ഒരിക്കലും കിട്ടുന്നില്ല. 'ദ് കാസിൽ ' എന്ന നോവലിലെ കഥാപാത്രമായ
കെ ഒരു വലിയ ദുർഗ്ഗത്തിലേക്ക് പ്രവേശനം തേടി ഗ്രാമത്തിലെത്തിയിരിക്കുകയാണ്.
അയാൾക്ക് ഒരിക്കലും ദുർഗത്തിലെത്തി അതിലെ പ്രധാനിയെ കാണാനാകുന്നില്ല.പല
വഴികളിലൂടെയും അയാൾ ശ്രമം തുടരുന്നു. പല വ്യക്തികളെയും പരിചയപ്പെടുന്നു.
നുണയും ചതിയുമൊക്കെ അയാൾ പയറ്റുന്നു. എന്നാൽ ആ കഥാപാത്രത്തിനു
ദുർഗത്തിലെത്താനാവുന്നില്ല. യുക്തിയും ഉത്തരവുമില്ലാത്ത ഒരു
വിചിത്രലോകമാണത്. കഥാപാത്രങ്ങൾ പെരുമാറുന്നത് യുക്തിയോടെയാണ്. എന്നാൽ ആ
യുക്തി കഥയിൽ വിജയിക്കുന്നില്ല. യുക്തിക്കുള്ളിൽ തന്നെ അയുക്തിയുടെ
,സ്വപ്‌നത്തിൻ്റെ ഒരു ഘടനയുണ്ടാവുന്നു.
എഴുത്തുകാരനു
ചോദ്യങ്ങളുണ്ടാവുക തന്നെ വേണം. അതാണ് അയാളുടെ രാഷ്ട്രീയം. ഉത്തരങ്ങൾ
നല്കാൻ അയാൾ അശക്തനായിരിക്കും. കാരണം ,അയാൾ സന്ദേഹിയാണ് ,മിസ്റ്റിക്കാണ്.
അയാൾ തൻ്റെ വൈകാരികമായ ലോല സ്പർശിനികൾകൊണ്ടാണ് ലോകത്തെ അറിയാൻ
ശ്രമിക്കുന്നത്.
അതോടൊപ്പം ആന്തരികജ്ഞാനവും ഉപയോഗിക്കുന്നു.
മറവിക്കെതിരെ യുദ്ധം
രാഷ്ട്രീയത്തിനു
ഭൂതകാലം വേണ്ട, പ്രായോഗികതയുടെ വർത്തമാനം മതി. അതേസമയം സാഹിത്യത്തിനു
ഭൂതകാലവും വേണം. ഭൂതകാലം നിലച്ചുപോയോ എന്ന് തിരഞ്ഞുകൊണ്ടാണ് ഒരാൾ എഴുതാൻ
തുടങ്ങുന്നത്. മറവിക്കെതിരെ അയാൾ നിരന്തരം യുദ്ധം ചെയ്യുകയാണ്. തനിക്കു
പിന്നിലുള്ള കാലം എഴുത്തുകാരനെ അലട്ടുന്നുണ്ട് ;അയാളുടെ ഓർമ്മകൾ നിറയെ
അതാണല്ലോ .തൻ്റെ ദൈനംദിന ജീവിതത്തിലെ പരാജയങ്ങളെയും ഏകാന്തതയെയും
അസുഖകരമായ സംഭവങ്ങളെയും അപമാനങ്ങളെയും മറികടക്കാനാണ് താൻ എഴുത്തിൻ്റെ
സ്വകാര്യലോകം സൃഷ്ടിച്ചതെന്ന് ജോർജ് ഓർവെൽ പറഞ്ഞിട്ടുണ്ട്.
പരാജയങ്ങളിൽനിന്നു തിരിച്ചുവരാനാണ് അദ്ദേഹം എഴുതിയത്. വിശാലമായ അർത്ഥത്തിൽ
സാഹിത്യത്തിലെ രാഷ്ട്രീയം അതാണ്.
എഴുത്തുകാരൻ്റെ
രാഷ്ട്രീയമുണ്ടാകുന്നത് അവനവനേക്കാൾ വലിയ പ്രഭാവങ്ങളെ അറിയുമ്പോഴാണ്
.തന്നിൽ തന്നെ കെട്ടിക്കിടക്കുന്നവർക്ക് അതു വ്യക്തമാവണമെന്നില്ല. ഇവിടെ
പലരും വിചാരിക്കുന്നത് ,അവരുടെ വ്യക്തിജീവിതത്തിലെ ഇത്തിരിപ്പോന്ന
കാര്യങ്ങൾക്ക് സാഹിത്യത്തിൻ്റെ ഭൂഖണ്ഡത്തിൽ വലിയ പ്രാധാന്യമുണ്ടെന്നാണ്
.ഇതെല്ലാം അവശേഷിക്കുന്ന ഫ്യൂഡൽ മനോഭാവത്തിൻ്റെ പൊങ്ങച്ചവിതാനങ്ങളിൽ
കവിഞ്ഞ് മറ്റൊന്നുമില്ല. എഴുത്തുകാരൻ തന്നിലെ നിസ്സാരതകളെ
മഹത്വവത്ക്കരിക്കുന്നത് ഏറ്റവും വലിയ വഞ്ചനയും അരാഷ്ട്രീയതയുമാണെന്ന്
അറിഞ്ഞുകൊണ്ടാണ് അമെരിക്കൻ നാടകകൃത്ത് എഡ്വേർഡ് ആൽബി ഇങ്ങനെ പറഞ്ഞത് :'ഒരു
നാടകകൃത്ത് തന്നെക്കുറിച്ച് എഴുതുന്നത് വിഡ്ഢിത്തമാണെന്ന് ഞാൻ കരുതുന്നു
.മനുഷ്യർക്ക് അവരെക്കുറിച്ച് ഒന്നും തന്നെ അറിയില്ല. അവർ സ്വന്തം
ജീവിതത്തെക്കുറിച്ച് എഴുതരുത് '.
ഇതാണ് ശരിയായ
വസ്തുത .എന്നാൽ സാഹിത്യകാരന്മാർ പൊതുവേ ഇത്തരം ഗൗരവമേറിയ ചിന്തകളെ
അവഗണിക്കുകയും 'ഞാൻ' എന്ന സങ്കൽപത്തെ വലുതാക്കി കാണുകയും ചെയ്യുന്നു.
ബുദ്ധിപരമായ ആഘോഷങ്ങൾ ഇല്ലാതാകുന്നതിൻ്റെ ലക്ഷണമാണിത്. ആത്മീയതയ്ക്കും
രാഷ്ട്രീയമുണ്ട്. ആത്മീയതയിൽ മറ്റുള്ളവരെ കൂടി കോർത്തെടുക്കുമ്പോഴാണ് അത്
സംഭവിക്കുന്നത്. മഹത്തായ സാഹിത്യം ആത്മീയമാണ്. സാമൂഹികമായ സമന്വയമാണ്
ആത്മാവിലെ സന്യാസത്തിലുള്ളത്, വ്യക്തിപരമായ മോക്ഷമല്ല.ഒരാൾക്ക് മാത്രമായി
എവിടെയാണ് അന്തിമമോചനം?
No comments:
Post a Comment