link
സാഹിത്യകലയിലും
ചിത്രകലയിലും
പ്രഥമസ്ഥാനം സൗന്ദര്യത്തിനാണ്. അസാധാരണമായി സൗന്ദര്യം കണ്ടെത്താൻ
കഴിയാത്തവർ എഴുതുന്നതുകൊണ്ട് പ്രയോജനമില്ല. രാഷ്ട്രീയം ,മുദ്രാവാക്യം,
ദർശനം, ആശയപ്രചാരണം തുടങ്ങിയവയ്ക്കെല്ലാം രണ്ടാം സ്ഥാനമേയുള്ളൂ.
ദാരിദ്യത്തെക്കുറിച്ച് ചിത്രം വരയ്ക്കുന്നയാൾക്ക് സൗന്ദര്യബോധമില്ലെങ്കിൽ
ചിത്രം പരാജയപ്പെടും. ദാരിദ്ര്യത്തിൻ്റെ ഭയാനകത ചിത്രീകരിച്ചാൽ പ്രേക്ഷകൻ
ഭയന്ന് പിന്മാറിയെന്നിരിക്കും. ദരിദ്രയായ ഒരു യുവതിയെ കാൻവാസിൽ കണ്ടാൽ
ദാരിദ്ര്യത്തെ മറികടന്ന് അവളോട് താദാത്മ്യം പ്രാപിക്കാൻ പ്രേക്ഷകനു
പ്രേരണയുണ്ടാവണം. അതാണ് കലയുടെ രഹസ്യം .എന്നാൽ നമ്മുടെ ചില എഴുത്തുകാർക്ക് ഈ
സത്യം ഇപ്പോഴും മനസ്സിലാകുന്നില്ല .അവർ തങ്ങളുടെ കഥകൾ പരാജയപ്പെടുന്ന
മുറയ്ക്ക് വിമർശകർക്കെതിരെ ആക്രോശിക്കുകയാണ് .തൻ്റെ കഥയിൽ നിങ്ങൾ വിമർശകർ
ദർശനമോ ആശയമോ ഒന്നും നോക്കരുതെന്ന് ഒരു കഥാകൃത്ത് പറഞ്ഞ പശ്ചാത്തലത്തിലാണ്
ഇതെഴുതുന്നത്. എന്തിനാണ് കഥയെഴുത്തുകാർ വിമർശകരുടെ നിലപാടുകൾ
ശ്രദ്ധിക്കുന്നത് ?. വിമർശകരുടെ ലോകം വേറൊന്നാണ്. വിമർശനകൃതികൾ
വായിക്കുന്നതും അതിനെ നിലനിർത്തുന്നതും കഥാകൃത്തുക്കളോ കവികളോ അല്ല;
അവരേക്കാൾ വായനയുടെ മൂല്യമറിയുന്ന വേറൊരു കൂട്ടം വായനക്കാരാണ് .
സമീപകാലത്ത്
ഒരു കഥാകൃത്ത് പറഞ്ഞു ,മലയാളവിമർശനം പ്രതിസന്ധിയിലാണെന്ന്. ഇതിൻ്റെ
അടിയിലുള്ള വികാരം അദ്ദേഹത്തിൻ്റെ കഥകളെ വിമർശകർ വേണ്ടപോലെ
പിന്താങ്ങുന്നില്ല എന്നാണ്. എന്നാൽ സത്യമെന്താണ്? മലയാളസാഹിത്യവിമർശനം
മുൻപൊരിക്കലും ഉണ്ടായിട്ടില്ലാത്ത വിധം വളർച്ച പ്രാപിച്ച ഘട്ടമാണിത്.
ഏതാനും പതിറ്റാണ്ടുകൾക്കു മുൻപു വരെ മലയാളവിമർശകർ പാശ്ചാത്യവും
പൗരസ്ത്യവുമായ സൗന്ദര്യശാസ്ത്രതത്ത്വങ്ങൾ കടമെടുക്കുകയാണ് ചെയ്തിരുന്നത്.
ഒരു കൂട്ടർ ഭാരതീയദർശനം വെച്ച് പരിശോധിച്ചു; മറ്റൊരു കൂട്ടർ
പാശ്ചാത്യമാർക്സിസ്റ്റ് സിദ്ധാന്തങ്ങളും നവവിമർശനസങ്കേതങ്ങളും
തത്ത്വങ്ങളും മുഴക്കോലായി സ്വീകരിച്ച് എഴുതിക്കൊണ്ടിരുന്നു. എന്നാൽ
അതിൽനിന്നു വിമർശനം മുന്നോട്ടു പോയി .ഇപ്പോൾ മലയാളവിമർശനം
ഉത്തര-ഉത്തരാധുനിക സൈദ്ധാന്തിക ലോകത്താണുള്ളത്. 2012 ലാണ് ഞാൻ
'ഉത്തര-ഉത്തരാധുനികത' എന്ന പുസ്തകമെഴുതിയത്. വ്യക്തിപരമായി പറയുകയല്ല
,മലയാളവിമർശനത്തിലെ ചില പുതുചലനങ്ങളെ ഓർമ്മിപ്പിക്കുകയാണ്. ഈ പുസ്തകത്തിൽ
നവാദ്വൈതം എന്ന എൻ്റെ തത്ത്വചിന്തയ്ക്കു പുറമേ റയോൾ ഇഷെൽമാൻ (പെർഫോമാറ്റി
സം) ,അലൻ കിർബി (ഡിജിമോഡേണിസം) ,റോബർട്ട് സാമുവൽസ് (ഹൈപ്പർ
മോഡേണിസം),നിക്കോളാ ബോറിയ (റിലേഷണൽ എക്സ്തെറ്റിക്സ് ) തുടങ്ങിയവരുമായുള്ള
എൻ്റെ അഭിമുഖങ്ങളും ഉൾപ്പെടുത്തിയിരുന്നു. നമ്മുടെ സമൂഹം ഇന്നു ഉത്തര-
ഉത്തരാധുനികത ലോകത്താണ്. ഉത്തര- ഉത്തരാധുനിക പ്രവണതകളെപ്പറ്റി ഇനിയും
നമ്മുടെ യൂണിവേഴ്സിറ്റികളിൽ പഠിപ്പിച്ചു തുടങ്ങിയിട്ടില്ല എന്നോർക്കണം.
ഡേറ്റ , അൽഗോരിതം, വേഗം ,ഇൻറർനെറ്റ്, ഗൂഗിൾ ,ടെലിവിഷൻ ,മൊബൈൽ തുടങ്ങിയവയാണ്
ഈ പ്രവണതയുടെ ഘടകങ്ങൾ .സ്വാതന്ത്ര്യം അനുഭവിക്കുന്ന നാം അതിൻ്റെ തന്നെ
ശൂന്യതയിൽ എത്തിച്ചേർന്നിരിക്കുന്നു. ശരീരമില്ലാതെ ജീവിക്കാമെന്നു
തെളിയിക്കുന്ന സമൂഹമാധ്യമങ്ങൾ നിർമ്മിക്കപ്പെട്ടിരിക്കുന്നു. കരച്ചിൽ വരാതെ
കരയാം; ചിരി വരാതെ ചിരിക്കാം.മലയാളവിമർശനത്തിൻ്റെ വഴിയിൽ ഇപ്പോൾ അനേകം
യുവ എഴുത്തുകാരുണ്ട്. പുസ്തക പ്രസാധകരും മുഖ്യധാരാ പ്രസിദ്ധീകരണങ്ങളും
ഇനിയും വേണ്ടപോലെ അറിഞ്ഞിട്ടില്ലാത്ത സത്യമാണിത്. ഉത്തര-
ഉത്തരാധുനികതയ്ക്കു ശേഷം അതിൻ്റെ തുടർച്ചയായി മറവിയുടെ നിർമ്മാണം,
സാഹിത്യത്തിൻ്റെ നവാദ്വൈതം ,എൻ്റെ മാനിഫെസ്റ്റോ ,എം.കെ. ഹരികുമാറിൻ്റെ
സിദ്ധാന്തങ്ങൾ തുടങ്ങിയ പുസ്തകങ്ങളും ഞാനെഴുതി. മലയാള വിമർശനം സ്വന്തം
നിലയിൽ സൈദ്ധാന്തികമാവുകയാണ്.
ആനന്ദിൻ്റെ വായന
ആനന്ദിൻ്റെ
'ആൾക്കൂട്ടം',ഗോവർധൻ്റെ യാത്രകൾ തുടങ്ങിയ കൃതികൾ പ്രത്യേകമായ
ഉൾക്കാഴ്ചയോടെ എഴുതപ്പെട്ടതാണെന്ന് അംഗീകരിക്കുന്നു. എന്നാൽ അദ്ദേഹം
കേരളത്തിൻ്റെ സമീപഭൂതകാലത്തെപോലും ഉൾക്കൊണ്ടിട്ടില്ല. അദ്ദേഹത്തിൻ്റെ
മനസ്സിനു ആപൽക്കരമായ ഒരു പ്രതിരോധശേഷിയുണ്ട്. തൻ്റെ സമൂഹത്തിൽനിന്ന്
അകന്നു കഴിയുക എന്ന പ്രതിരോധശേഷിയാണത്. 'ആൾക്കൂട്ട'ത്തിലെ സമൂഹം എന്നു
പറയുന്നത് മുംബൈയിലെ നിവാസികളാണ്. പക്ഷേ, ആനന്ദിന് കേരളത്തെക്കുറിച്ച്
ഒന്നും എഴുതാനില്ല. ഇവിടുത്തെ ജാതീയമായ, സാമൂഹ്യമായ ,ആന്തരികമായ അന്ത:
ക്ഷോഭങ്ങള ആനന്ദ് വായിക്കുകയോ ഉൾക്കൊള്ളുകയോ ചെയ്തിട്ടില്ല. ചരിത്രത്തിൻ്റെ
ഒരു കേരളീയ വായന ആനന്ദിനില്ല. കേരളീയ യാഥാർത്ഥ്യങ്ങളെ പരിഗണിക്കുകയോ
വായിക്കുകയോ ചെയ്യാതെ അമൂർത്തമായ ഒരു സാമൂഹികത സൃഷ്ടിച്ച് അതിനെ
തത്ത്വചിന്താപരമാക്കുകയാണ് ആനന്ദ് ചെയ്തത്. കേരളീയജീവിതത്തിൻ്റെ
ഓർമ്മകളെപോലും തുടച്ചുനീക്കുന്ന ആനന്ദ് ഈസ്റ്റിന്ത്യാകമ്പനിയുടെ നിർമ്മിത
മനസ്സാണ് പ്രാവർത്തികമാക്കുന്നത്.
ഒരു
മലയാളിയാണ് എന്നതിൻ്റെ യാതൊരു അടയാളവും ആനന്ദിൻ്റെ കൃതികളിലില്ല. ഇതു
വലിയൊരു ദുരന്തമാണ്. കേരളത്തിലെ ജനങ്ങൾ കഴിഞ്ഞ നൂറ്റാണ്ടിൽ നടത്തിയ
സമരങ്ങളോട് ആനന്ദിനു ഒരു ബന്ധവുമില്ല .ഇത് ആധുനികതയുടെ ലക്ഷണമല്ല .
പി.എഫ്.
മാത്യൂസ് ഒരു ലേഖനത്തിൽ (കാഴ്ച ,കഥ ,കനം, എഴുത്ത്, ജനുവരി )സുന്ദര
രാമസ്വാമിയുടെ 'ജെ.ജെ. ചില കുറിപ്പുകൾ'(ആറ്റൂർ രവിവർമ്മയുടെ പരിഭാഷ)എന്ന
നോവലിനെ മാതൃകയായി അവതരിപ്പിക്കുന്നുണ്ട്. മാത്യൂസിൻ്റെ മുമ്പിൽ മറ്റു
നവനോവലുകൾ കടന്നു വരാത്തത് നവസാഹിത്യത്തെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ
പരിചയക്കുറവു വ്യക്തമാക്കുന്നുണ്ട്. ജെ. ജെ .ചില കുറിപ്പുകൾ ഒരു ശരാശരി
കൃതിയാണ് .തമിഴ് എഴുത്തുകാരനായ ചാരുനിവേദിത ഇത്തരം കൃതികളെ തൈരുവട സാഹിത്യം
എന്നു വിളിച്ചത് ഓർക്കുകയാണ്. ആറ്റൂർ രവിവർമ്മയിലും ആധുനികതയില്ല
.പാരമ്പര്യത്തിലേക്ക് ഉൾവലിയാൻ തക്കം പാർത്തിരുന്ന കവിയാണദ്ദേഹം.
ഏതെങ്കിലുമൊരു സന്ദർഭത്തിൽ ആറ്റൂർ തൻ്റെ പാരമ്പര്യത്തെ നിഷേധിച്ച്
അതിജീവനത്തിനായി പോരാടുന്ന ഒരുവനെ നേർക്കുനേർ കണ്ടിട്ടുണ്ടോ ?
അദ്ദേഹത്തിനു
ഒരു കേരളീയ വായനയില്ല. ആറ്റൂർ ആധുനികനായത് ചില ചേഷ്ടകളിലാണ്
,ഉള്ളടക്കത്തിലല്ല. മാത്യൂസ് തൻ്റെ കഥകൾക്കെതിരായ വിമർശനത്തിന് മറുപടി
പറയുന്ന പോലെയാണ് ഈ ലേഖനം വായിച്ചപ്പോൾ തോന്നിയത്. അദ്ദേഹത്തിന്
ഇപ്പോഴും മനസ്സിലായിട്ടില്ല ,തൻ്റെ കഥകളിൽ എന്താണ് സംഭവിക്കുന്നതെന്ന്.
അദ്ദേഹത്തിൻ്റെ വീക്ഷണം സ്വയം അറിയാതെ ചെന്നു ചാടുന്നത് ഏത്
അപകടത്തിലേക്കാണെന്ന് ഈ വാചകം വായിക്കുമ്പോൾ ബോധ്യമാവുന്നുണ്ട്: 'ഒരു
കാഴ്ചയെ , ഒരു ചിത്രത്തെ അല്ലെങ്കിൽ ഒരു ഫലിതരംഗത്തെ അതിനപ്പുറമുള്ള
ആശയങ്ങളുമായി ബന്ധിപ്പിക്കുമ്പോഴാണ് ആസ്വാദകനു സംതൃപ്തി കിട്ടുന്നത്.
നമുക്കു കനമാണു വേണ്ടത് .ആശയങ്ങളുടെ, ദർശനങ്ങളുടെ കനം. പെയിൻ്റിംഗിലും
കവിതയിലും കഥയുടെ ഭാരം ചേർക്കാനും നമുക്കിഷ്ടമാണ്. നോവലുകളോ ചെറുകഥകളോ
ആണെങ്കിൽ പറയുകയും വേണ്ട' .
ഇത് മാത്യൂസ്
പറയുന്നത് തൻ്റെ നിലപാടായിട്ടല്ല; ഈ കാലഘട്ടത്തിലെ വിമർശകവീക്ഷണം
ഇത്തരത്തിലാണെന്ന് സ്ഥാപിക്കാനാണ് ശ്രമം. എന്നാൽ ഇത് മാത്യൂസിൻ്റെ
തെറ്റിദ്ധാരണയാണ്. ഒരു കഥ വായിക്കുന്നത് ദർശനത്തിനു വേണ്ടിയാണെന്ന് ആരു
പറഞ്ഞു?അതേസമയം ,ആശയരഹിതനാവാൻ മത്സരിക്കുന്നതെന്തിനാണ്? .ദർശനങ്ങൾ
വഴിമുടക്കികളാകുന്നത് ചിന്തിക്കാൻ ശേഷിയില്ലാത്തവർക്കാണ് .ഡാവിഞ്ചിയുടെ
'മൊണാലിസ' കാണുമ്പോൾ ആശയങ്ങളാണോ ഉണ്ടാകുന്നത് ? ഒരിക്കലുമല്ല; അതിൻ്റെ
സൗന്ദര്യാത്മകതയാണ്. പിക്കാസോയുടെ 'ഗ്വർണിക്ക' യുദ്ധത്തെ പ്രമേയമാക്കുമ്പോൾ
അതു യുദ്ധമല്ല, സൗന്ദര്യമാണ് പ്രേക്ഷകർക്കു നല്കുന്നത്. ഈ സൗന്ദര്യം
നല്കാൻ കലാകാരനു കഴിവുണ്ടാകണം. കഴിവില്ലാത്തവർ ഇതുപോലെ ആശയങ്ങളാണ്
ശത്രുവെന്നു വിലപിച്ചുകൊണ്ടിരിക്കും.
ജീവിതാനുഭവം ദർശനം
ചെക്ക്
നോവലിസ്റ്റ് മിലൻ കുന്ദേരയുടെ ഒരു വാക്യമുണ്ട് ,അസ്തിത്വത്തിൻ്റെ ഇതുവരെ
അറിയപ്പെടാത്ത ഒരു കണമെങ്കിലും അനാവരണം ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ
എഴുതരുതെന്ന്. ഇങ്ങനെ എന്തെങ്കിലും ഇന്നത്തെ കഥകളിൽ സംഭവിക്കുന്നുണ്ടോ?
വെറുതെ കുറെ വിവരണങ്ങൾ എഴുതാൻ ആർക്കാണ് കഴിയാത്തത് ? അതിലെന്താണ്
സർഗാത്മകമായ സിദ്ധിയുള്ളത്?. എന്തെഴുതിയാലും, അതിൽ വായനക്കാരനിലേക്ക്
സംക്രമിക്കാൻ സൗന്ദര്യാത്മകത ഉണ്ടായിരിക്കണം. കുറെ സംഭവങ്ങൾ
വിവരിച്ചതുകൊണ്ടു മാത്രം അതുണ്ടാവില്ല .ആധുനികതയൊന്നും വേണ്ട; ജീവിതത്തോട്
സത്യസന്ധനായി നില്ക്കാനും എഴുതാനും സാധിക്കണം.
ഓരോ വാചകത്തിലും
എഴുതുന്നയാൾ ജീവിച്ചതായി തോന്നണം. കഥയെ കൃത്രിമമായി സമീപിക്കുന്നത് കണ്ടാൽ
നല്ല വായനക്കാർക്ക് തിരിച്ചറിയാനാവും. മാത്യൂസ് തൻ്റെ ലേഖനത്തിൽ കുറെ
എഴുത്തുകാരുടെ അഭിപ്രായങ്ങൾ നിരത്തുന്നുണ്ട്. പക്ഷേ, അപ്പോഴും അവർ
എന്തുകൊണ്ടാണ് മികച്ച കൃതികൾ എഴുതിയതെന്ന് അദ്ദേഹത്തിന്നു
വ്യക്തമാകുന്നില്ല .
'ഏതെങ്കിലും ഒരു ദർശനം
സ്ഥാപിച്ചെടുക്കാനായി ഒരാൾ നോവൽ രചിക്കേണ്ട കാര്യമൊന്നുമില്ല' എന്നു
മാത്യൂസ് എഴുതുന്നു. ദർശനം ആവിഷ്കരിക്കാൻ ആരും നോവലെഴുതില്ല .അദ്വൈതം
അവതരിപ്പിച്ചത് നോവലിലൂടെയല്ലല്ലോ. എന്നാൽ ജീവിതാനുഭവം ദർശനമാകാറുണ്ട്.
സാർത്രിൻ്റെ 'നോസിയ 'എന്ന നോവൽ ഉദാഹരണം. ഒരു ഓക്കാനം പോലും
ജീവിതത്തെക്കുറിച്ചു ആഴമുള്ള ചിന്ത ജനിപ്പിക്കുന്നു. ഏകാന്തത ജ്ഞാനമായി
പരിണമിക്കുന്നു.
ജീവിതത്തെക്കുറിച്ച് ഒരു
വിചാരവുമില്ലാതെ, കല്ലുപോലെയുള്ള മനസ്സുമായി എഴുതുന്നത് ആർക്കാണു
രസിക്കുക? മാത്യൂസിൻ്റെ ഏതാനും കഥകൾ ഞാൻ അടുത്തിടെ വായിച്ചു.
എല്ലാത്തിനെയും വിമർശിക്കേണ്ടി വന്നു. ദർശനമില്ലാത്തതുകൊണ്ടോ
കനമില്ലാത്തതുകൊണ്ടോ അല്ല; എന്നിലെ സൗന്ദര്യബോധത്തെ ആകർഷിക്കുന്ന
ആഖ്യാനമായിരുന്നില്ല അത്. കഥകൾ ആകെ കൃത്രിമമായി തോന്നി. സംഭവങ്ങൾ
ഏച്ചുകെട്ടി ,കഥ നീട്ടി ,കഥാപാത്രങ്ങളെ അസ്വാഭാവികമാക്കുന്നു. നല്ലൊരു
വായനക്കാരന് ഇത് വേഗത്തിൽ മനസ്സിലാകും .ഒരാളുടെ മൂന്നു കഥകൾ വായിച്ചു
നിരാശപ്പെട്ടാൽ , ഞാൻ സാധാരണ ചെയ്യാറുള്ളത് ആ കഥാകൃത്തിൻ്റെ രചനകൾ അടുത്ത
മൂന്നുവർഷത്തേക്ക് വായിക്കാതെ വിടുകയാണ്. ഇത് വെറുപ്പു കൊണ്ടല്ല; ഒരു
കഥാകൃത്തിനു സ്വയം ആവിഷ്കരിക്കാനുള്ള സമയം കൊടുക്കണമല്ലോ .ധാരാളം വായിച്ചു
സുശിക്ഷിതനായ ഒരാൾ കഥയിലോ ,നോവലിലോ ദർശനമല്ല നോക്കുക; കലയാണ്. ദർശനം
അനുഭവങ്ങളിലൂടെ ഉരുത്തിരിയുന്നതാണ്; അത് സൗന്ദര്യാത്മകമാണ്.
കലാനുഭവമില്ലാത്തതുകൊണ്ടാണ് ധാരാളം കഥകൾ എഴുതിയിട്ടും ചിലർക്ക് ഒരു മികച്ച
സൃഷ്ടി എങ്ങനെ പൂർത്തിയാക്കണമെന്ന് അറിയാത്തത്.
അടുത്ത
കാലത്ത് ,ഒരു കഥാകൃത്ത് താനെഴുതിയ കഥ വിമർശിക്കപ്പെട്ടപ്പോൾ തൻ്റെ രചനയിലെ
പാതാളകരണ്ടി മസ്തിഷ്കത്തിലെ പാതാളകരണ്ടിയാണെന്ന് വിശദീകരിച്ചതോർക്കുന്നു.
ഇന്നത്തെ കഥാകൃത്തുക്കൾ ഓരോ കഥയ്ക്കും അടിക്കുറിപ്പ് ചേർക്കുന്നതായിരിക്കും
നല്ലത്. എന്താണ് ഉദ്ദേശിച്ചതെന്ന് വായനക്കാർക്ക് വിശദമാക്കികൊടുക്കാമല്ലോ.
കുറച്ചു നാൾ മുമ്പ് ഒരു കഥാകൃത്ത് തൻ്റെ കഥയെക്കുറിച്ച് എന്നോട് പറഞ്ഞത്
ഇങ്ങനെയാണ്: 'ഒടുവിൽ വരുന്ന ആ കഥാപാത്രമുണ്ടല്ലോ ,അയാൾ മരണമാണ് !'. ഇത്
വായനക്കാരൻ സ്വാഭാവികമായി തിരിച്ചറിയേണ്ടതാണ്. കഥാകാരൻ
പറഞ്ഞുകൊടുക്കേണ്ടിവരുന്നത് വൻ പരാജയമാണ്.
'ഒക്കിനാവയിലെ
പതിവ്രതകൾ ' , 'ബിഹാർ 'തുടങ്ങിയ കഥകൾ എഴുതിയ യു. പി. ജയരാജിനു ശേഷം തൻ്റെ
മാധ്യമത്തോട് ഏറ്റവുമധികം ആത്മാർത്ഥത കാണിച്ച ,സർഗ്ഗപ്രതിഭ തെളിയിച്ച
മറ്റൊരു കഥാകൃത്തിനെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്ന സത്യം
അറിയിക്കട്ടെ.
നുറുങ്ങുകൾ
1)ഫ്രഞ്ച്
എഴുത്തുകാരായ ബെൽസാക്ക് ,സ്റ്റെന്താൾ തുടങ്ങിയവരുടെ 'ക്ലാസിക്കൽ റിയലിസം'
സമൂഹത്തെയാകെ പ്രതിനിധാനം ചെയ്യാൻ ഒരു വ്യക്തിയുടെ
ജീവിതയാഥാർത്ഥ്യബോധത്തിനു കഴിയുമെന്ന അർത്ഥത്തിലാണ് നിലനിൽക്കുന്നത്. ഇത്
മാർക്സിസ്റ്റ് വിമർശകനായ ജോർജ്ജ് ലൂക്കാസ് ചൂണ്ടിക്കാണിക്കുന്നുണ്ട്.
എന്നാൽ സാഹിത്യരചനയുടെ വിധ്വംസകമായ ഒരു കാഴ്ചപ്പാടാണിത് .കാരണം
സമൂഹത്തിൻ്റെ യാഥാർത്ഥ്യം ഒരു വ്യക്തിയുടേതാകണമെന്നില്ല.
സാമാന്യവത്ക്കരിക്കാവുന്നതിനപ്പുറം അത് വ്യത്യസ്തമാണ്. ഓരോ വ്യക്തിയും
വേറിടുമ്പോഴാണ് സാഹിത്യമുണ്ടാകുന്നത്.
2)ഒരു ഓഥർ
അല്ലെങ്കിൽ രചയിതാവിനു നിഷ്കളങ്കനായിരിക്കാനാകുമോ? ഒരു നോവലിൽ അയാൾ
പുലർത്തുന്ന സമീപനം നന്മയുടെയോ തിന്മയുടെയോ പക്ഷത്ത് നിൽക്കുന്നതാണോ ? ഓഥറെ
അറിയാതെ മുന്നോട്ടുപോകാനാവില്ല. ഫ്രഞ്ച് സാഹിത്യചിന്തകനായ റൊളാങ് ബാർത്ത്
പറഞ്ഞതുപോലെ ,നമുക്ക് ഓഥറെ ആവശ്യമുണ്ട്. രചയിതാവിനെ ഒരു കഥാപാത്രമായി
വിശകലനം ചെയ്തുകൊണ്ടാണ് ഞാൻ 'ആത്മായനങ്ങളുടെ ഖസാക്ക് 'എഴുതിയത്. അതിൽ ഒ.വി.
വിജയൻ ഒരു കഥാപാത്രമാണ്.
3)ഒരു സിനിമാനടിയുടെ
പരാജയങ്ങളുടെ പൊടിപടലങ്ങളിലൂടെ സഞ്ചരിച്ചുകൊണ്ട് സിതാര .എസ് എഴുതിയ റാണി
(എഴുത്ത് ,ജനുവരി) ഉൾക്കാഴ്ച്ചയും സത്യസന്ധതയും നിറഞ്ഞ കഥയാണ്.
അരികുകളിലേക്ക് തള്ളിമാറ്റപ്പെടുന്നവരെ വീണ്ടും പുറത്തേക്ക് തെറിപ്പിക്കാൻ
നിയമ വ്യവസ്ഥ കച്ചമുറുക്കി നില്ക്കുന്നതിനെതിരെയുള്ള ഒരാക്രോശമാണ് ഈ കഥ.
ഈട്ടിത്തടിയിൽ നിർമ്മിച്ച നിയമങ്ങളിലൂടെ പിഴുതെറിയപ്പെടുന്ന സ്ത്രീയുടെ
ജീവിതം അവരോടൊപ്പം ഒത്തുചേർന്നു തന്നെ എഴുതണം. എങ്കിലേ ജീവിതത്തിൻ്റെ ചോര
കാണൂ. സെക്സ്, ചില നേരങ്ങളിൽ, എത്ര വൃത്തികെട്ടതും
ഓക്കാനമുണ്ടാക്കുന്നതുമാണെന്നു ഇതു വായിച്ചപ്പോൾ തോന്നി. പ്രണയത്തിൻ്റെ
മറുപുറമാണിത്. കഥാന്ത്യം ഹൃദ്യമാണ്. നിസ്സഹായരായ മനുഷ്യരെ ആകാശം അതിൻ്റെ
നക്ഷത്രങ്ങളോടെ ആശ്വസിപ്പിക്കുന്നു.
4)മാത്യു
കുരിയൻ എഴുതിയ 'കൂവളമരച്ചുവട്ടിൽ പത്മാസനത്തിലിരിക്കുന്ന ഒരു മണ്ണിരയുടെ
ഭൈരവവായന '(പ്രസാധകൻ, ജനുവരി)പോയ വർഷത്തെ ഏറ്റവും ശ്രദ്ധേയമായ കഥയാണെന്ന്
പറയട്ടെ. കൃത്രിമശ്വാസം കൊടുത്ത്, വലിച്ചു നീട്ടി എഴുതുന്ന കഥകൾ വായിച്ചു
മടുത്തു. ഇക്കാലത്ത് ഇതുപോലെയുള്ള അന്വേഷണങ്ങൾ ഉണ്ടാവണം .പീലിഫോസ് എന്ന
വ്യക്തിയുടെ ആത്മാവിനെ ചുറ്റിവരിഞ്ഞ സന്ദിഗ്ദ്ധതകളെപ്പറ്റിയാണ്
പ്രതിപാദിക്കുന്നത്. ഒരിടത്ത് ഇങ്ങനെ വായിക്കാം: ഉടൻ കഴുത്തിൽ
ചുറ്റിക്കിടന്ന സർപ്പം പത്തിവിടർത്തി ജ്ഞാനം ചീറ്റി. എലിസബത്ത് എന്ന സ്ത്രീ
പരമശിവനാണ് ,അവളുടെ ഭർത്താവ് പരമശിവനാണ് ,മക്കളും സുഹൃത്തുക്കളും
പരമശിവനാണ്. എല്ലാ മനുഷ്യരും മനുഷ്യരല്ല ,പരമശിവനാണ് . ശുദ്ധബോധമാകുന്ന
ശിശുവാകുന്നു .ദോഷമായി ചിന്തിക്കുന്നത് പരമശിവനെപ്പറ്റിയാണ്. ദോഷമായി
പ്രവർത്തിച്ചാൽ പ്രകൃതിക്കെതിരാണ്, പ്രപഞ്ചത്തിനെതിരാണ് .പ്രകൃതിക്കെതിരായി
ചിന്തിച്ചുതുടങ്ങുമ്പോൾ തന്നെ നരകയാതന അനുഭവിക്കേണ്ടിവരുന്നു'.നമ്മുടെ
രാഷ്ട്രീയ,സാമൂഹ്യബോധത്തിൻ്റെ അടിത്തട്ടിലേക്ക് വെളിച്ചം വിതറാൻ ഈ
വാക്കുകൾക്കു കഴിയുന്നുണ്ട്.
5)പ്രമുഖ ഹിന്ദികവി
അശോക് വാജ്പേയിയുടെ കവിതകൾ മുരളി. ആർ പരിഭാഷപ്പെടുത്തിയിരിക്കുന്നു
.'കാലത്തിൻ്റെ കവിത' എന്ന ശീർഷകത്തിൽ ഈ പുസ്തകം പ്രസിദ്ധപ്പെടുത്തിയത് കേരള
ബുക്ക് ട്രസ്റ്റാണ് (കോഴിക്കോട് ).വാക്കുകളെ ദാർശനികമായി കണ്ടെത്താൻ
ശ്രമിക്കുന്ന കവിതകളാണ് വാജ്പേയുടേത്. 'വാക്കുകൾ ഞങ്ങളെ
ഉറ്റുനോക്കുന്നു','എവിടെനിന്നു പെറുക്കിയെടുക്കണം ഞാനെൻ്റെ വാക്കുകളെ
'തുടങ്ങിയ കവിതകളിൽ വാക്കു തന്നെയാണ് വിഷയം. 'പ്രേമിക്കാനൊരിടം' എന്ന
കവിതയിൽ ഇങ്ങനെ വായിക്കാം:
'പ്രേമിക്കാനൊരിടം
അവനുണ്ടാക്കി .
അവൻ നക്ഷത്രങ്ങളെ
അടിച്ചുവാരി ,
സൂര്യനെയും ചന്ദ്രനെയും
തള്ളിനീക്കി,
കാട്ടുവള്ളികൾ
മുറിച്ചുനീക്കി,
ഭൂമിയിലെ പൊടിപടലങ്ങളെ
അടിച്ചുനീക്കി,
വാനത്തിൻ്റെ ചുളിവെല്ലാം
നിവർത്തി ,
പ്രേമിക്കാനൊരിടം
അവനുണ്ടാക്കി' .
6)കവിത ഒരു വിധിയാണ്. അതിന് കവി ഒരു തടസ്സമാകരുത്. കവിത ഒരു ചാവേറണ് .കവിത അതിൻ്റെ ചരിവിനൊപ്പിച്ച് ഏതു വഴിക്കും ഒഴുകും
7)ഭാവുകത്വം
മരിച്ചു .കവിതയോ കഥയോ സമൂഹത്തിൻ്റെയാകെ വൈകാരികക്ഷമതയുടെ അളവുകോലാകുന്ന
കാലം കഴിഞ്ഞു. ടി.എസ്. എലിയറ്റിൻ്റെ 'വേസ്റ്റ്ലാൻഡ്'പോലെ കാലഘട്ടത്തിൻ്റെ
സംവേദനതലം മുഴുവൻ ആവിഷ്കരിക്കുന്ന ഒരു കവിത ഇനിയുണ്ടാവില്ല. കാരണം, അത്തരം
വൈകാരിക കേന്ദ്രീകരണം സമൂഹത്തിലിപ്പോൾ സാധ്യമല്ല. സാംസ്കാരികമായ
ആവശ്യങ്ങൾക്കൊത്ത് ഭാവുകത്വം വികേന്ദ്രീകരിക്കപ്പെടുകയാണ്.
8)ഒരു
നിമിഷത്തിൽ ദശലക്ഷക്കണക്കിന് ഫോട്ടോകളാണ് ഇൻസ്റ്റഗ്രാമിൽ വരുന്നത്.
ഒരെണ്ണം പോലും സൂക്ഷിച്ചുവയ്ക്കാനോ ഓർമിക്കാനോ കഴിയാതെ നിസ്സഹായരായി
നിൽക്കുകയാണ് നമ്മൾ. സൂക്ഷിച്ചുവച്ചാൽ അതിനേക്കാൾ മനോഹരമായത്
ലക്ഷക്കണക്കിനു വരുകയാണ്. അപ്പോൾ ഡിലീറ്റ് ചെയ്യുക എന്ന ഒരു ഓർമ്മ മാത്രമേ
നമുക്കുള്ളൂ. അതേ പാടുള്ളു. അതെ,നമ്മൾ ഓർമ്മയെ അല്ല ,മറവിയെയാണ്
നിർമ്മിക്കുന്നത്.
9)പ്രേമിക്കുന്നതിൻ്റെ
വേഗത്തിൽ പ്രേമം അവസാനിപ്പിക്കുന്നതാണ് ഈ കാലത്തിൻ്റെ പ്രത്യേകത. രണ്ടിനും
ഒരേ പ്രാധാന്യമാണ്. എന്തെന്നാൽ , മനുഷ്യൻ വേഗമാണ് .വേഗമാണ് അവനെ
സാംസ്കാരിക ബുദ്ധിജീവിയാക്കുന്നത്. എത്രയും വേഗത്തിൽ സ്വന്തമാക്കിയാൽ പോരാ,
അതിനേക്കാൾ വേഗത്തിൽ ഉപേക്ഷിക്കാനും അവൻ വിധിക്കപ്പെട്ടിരിക്കുന്നു.
വേഗതയില്ലാത്തവൻ പരാജയപ്പെട്ടവനാണെന്ന ചിന്തയ്ക്കാണ് ഇന്നു മൂല്യം .
അല്ലെങ്കിൽ അവൻ വിപണിയിൽ പിന്തള്ളപ്പെടും. ഇന്ന് മനുഷ്യവ്യക്തിയില്ല;
വിപണിവ്യക്തിയേയുള്ളു. വിപണിക്കനുസരിച്ച് മനുഷ്യൻ രൂപാന്തരപ്പെടുകയാണ്.
സംസ്കാരം വിലകൊടുത്തു വാങ്ങാൻ ശേഷിയുള്ളവനാണ് ഇന്നത്തെ സാംസ്കാരിക ബുദ്ധിജീവി.
No comments:
Post a Comment