Tuesday, March 22, 2022

വിഷാദത്തിൻ്റെ അപാരത/അക്ഷരജാലകം/metrovartha

 



എം.കെ.ഹരികുമാർ  link



ഐറിഷ് നോവലിസ്റ്റ് ജയിംസ് ജോയ്സിൻ്റെ 'ഉളിസസ്' എന്ന  നോവലിൻ്റെ നൂറുവർഷം ആഘോഷിക്കുകയാണല്ലോ. പലരും  വായിച്ചു മടുത്ത് ഉപേക്ഷിച്ച കൃതിയാണിത്. നമ്മുടെ ക്ളറിക്കൽ ,ഉപഭോഗ വായനാസങ്കല്പങ്ങൾക്ക് വഴങ്ങുന്ന കൃതിയല്ല അത്. ഇവിടെ നോവലിൻ്റെ  ഘടന ജോയ്സ് തീരുമാനിക്കുന്നതാണ്.
പരമ്പരാഗത വായനക്കാരെ വശീകരിക്കാൻ വേണ്ടിയല്ല അദ്ദേഹം അതെഴുതിയത്. ജോയ്സിൻ്റെ  ഭാഷയിൽ പറഞ്ഞാൽ ഏറ്റവും അപകടകരമായാണ് അദ്ദേഹം അത് രചിച്ചത് .ചതുപ്പുനിലങ്ങളിലൂടെ ഇഴഞ്ഞു നടക്കുകയല്ല അദ്ദേഹം ചെയ്യുന്നത്; ആഴമുള്ള താഴ്വരകളിലേക്ക് ഇറങ്ങിച്ചെല്ലുകയാണ്.  ഇവിടെ രചന ലോകത്തിൻ്റെ  ഒരാന്തരഘടനയിലേക്കുള്ള യാത്രയാണ്. കൃത്യമായി ഒരിടത്ത് എത്തിച്ചേരാൻ കഴിയാത്തതുകൊണ്ടാണ് വിചിത്രമായ ഈ യാത്ര അനിവാര്യമായി വരുന്നത്. 'ഉളിസസ്‌'വായിക്കാൻ ബുദ്ധിമുട്ടുകയാണെങ്കിൽ ജീവിതം ജീവിക്കാനും കൊള്ളില്ല' എന്നാണ് ജോയ്സ് ഒരിക്കൽ പറഞ്ഞത്.

മത്സ്യങ്ങളും തീറ്റയും 

ജോയ്സ് സമകാല വായനക്കാരുടെ ഇഷ്ടം നേടാൻ വേണ്ടി എഴുതിയിട്ടില്ല. അദ്ദേഹത്തിനു അതിനേക്കാൾ വലിയ ആവശ്യങ്ങളുണ്ടായിരുന്നു. അദ്ദേഹം വായനക്കാർക്ക് ഓരോ സമസ്യയെ  പരിചയപ്പെടുത്തുകയാണ് ചെയ്തത്. വലിയൊരു ജലാശയത്തിൽ അലസമായി നീന്തിത്തുടിക്കുന്ന ചെറു മത്സ്യങ്ങളാണ് വായനക്കാർ. ആ മത്സ്യങ്ങൾ ജലത്തിനുള്ളിലായിരിക്കുന്നതാണ് ഇഷ്ടപ്പെടുന്നത്. അപ്പോൾ ജലാശയത്തിലേക്ക് ഒരു ഭക്ഷണപ്പൊതി ഇട്ടുകൊടുത്താൽ മത്സ്യങ്ങൾ അത് കൊത്തിത്തിന്നാൻ വെപ്രാളപ്പെടും.
എന്നാൽ എല്ലാവർക്കും അതിൻ്റെ  ഒരോഹരി കിട്ടണമെന്നില്ല. അപ്പോഴും അതൊന്നുമറിയാതെ ദൂരെ ചില മത്സ്യങ്ങൾ നീന്തുന്നുണ്ടാവും. 
ഇടയ്ക്ക് എറിഞ്ഞുവീഴുന്ന ഭക്ഷണം എല്ലാം മത്സ്യങ്ങളും ഒരുമിച്ചു കൊത്തണമെന്നില്ല.
ചില ഇനത്തിൽപ്പെട്ട മത്സ്യങ്ങൾക്ക്  അത് ഇഷ്ടമാകില്ല. തൻ്റെ ഭക്ഷണം എല്ലാ മത്സ്യങ്ങൾക്കും ഇഷ്ടമാകില്ലെന്ന് ഉറപ്പുള്ളവരുണ്ട്; ഉറപ്പില്ലാത്തവരുമുണ്ട്. എന്നാൽ തൻ്റെ ഭക്ഷണം മത്സ്യങ്ങൾ സ്വീകരിക്കാനിടയില്ലെന്നു  കരുതുന്നവരുണ്ട്. അവർ പക്ഷേ, ഭക്ഷണം എറിഞ്ഞുകൊണ്ടിരിക്കും. ആ കൂട്ടത്തിൽപ്പെട്ട ഒരാളാണ് ജോയ്സ് .അദേഹത്തിൻ്റെ കൃതികൾ  പ്രസാധകന്മാർ തുടരെ മടക്കി അയയ്ക്കുകയാണ് ചെയ്തത്. അന്നത്തെ വായനക്കാർക്ക് വളരെ മുകളിലായിരുന്നു ജോയ്സ് എന്ന് തെളിയിക്കുന്ന സംഭവമാണിത്. ഇപ്പോൾ അദ്ദേഹത്തിനു സാഹിത്യലോകം നല്കിയിരിക്കുന്ന സ്ഥാനം ഇത് വ്യക്തമാക്കുന്നുണ്ട്. 

വർഷങ്ങൾക്കുമുമ്പ് ലൂയി മെനാന്ദ് എഴുതിയ 'സൈലൻസ്, എക്‌സൈൽ 'എന്ന ലേഖനത്തിൽ ജോയ്സിൻ്റെ 'ഡബ്ളിനേഴ്സ്' എന്ന കഥാസമാഹാരം എട്ടു പ്രസാധകന്മാർ തള്ളിക്കളഞ്ഞ കാര്യം അറിയിക്കുന്നുണ്ട്. 'എ പോർട്രെയ്റ്റ് ഓഫ് ദ് ആർട്ടിസ്റ്റ് ആസ് എ യംഗ്മാൻ' എന്ന നോവൽ പതിമൂന്നു പ്രസാധകരാണ് നിരാകരിച്ചത്. 'ഉളിസസ്' പന്ത്രണ്ടു വർഷം അമേരിക്കയിലും പതിനാലു വർഷം ബ്രിട്ടനിലും നിരോധിക്കപ്പെട്ടു.

ദുരന്തവും ഫലിതവും

ജീവിതത്തെ ദുരന്തബോധമായാണ് ജോയ്സ് ഉൾക്കൊണ്ടത്; എന്നാൽ  അതിൽ നിറയെ ഫലിതമായിരുന്നു. വിഷാദാത്മകതയും മിഥ്യയും  കൂടിച്ചേരുന്ന അനുഭവമാണിത്.ദുരന്തം ജീവിതത്തിൻ്റെ ഓരോ നിമിഷത്തിലുമുണ്ട്. ഗോളിയെ കബളിപ്പിച്ചു വലയ്ക്കുള്ളിലേക്ക് കടക്കുന്ന പന്താണ് ദുരന്തബോധം . എത്ര സൂക്ഷ്മമായി ജാഗ്രത പാലിച്ചാലും പന്ത് ഒളിച്ചു കടക്കും. ദുരന്തത്തിനാകട്ടെ പരിഹാരമില്ലാത്തതുകൊണ്ട് അത് ആവർത്തിക്കുകയാണല്ലോ ലോകത്ത് .അതാണ് അതിനെ ഫലിതമായി കാണുന്നതിൻ്റെ യുക്തി.ഒരാൾ നടക്കുന്നതും സംസാരിക്കുന്ന രീതിയും മാറ്റിമറിക്കാനാവില്ല; അതുപോലെയാണ് തൻ്റെ എഴുത്തുമെന്നു ജോയ്സ് തന്നെ പറഞ്ഞിട്ടുണ്ട്. 

'ഉളിസിസി'ൽ കലാസൃഷ്ടിയെക്കുറിച്ചുള്ള ഏറ്റവും വലിയ ചോദ്യം എന്താണെന്ന് വിശദീകരിക്കുന്നുണ്ട്. എത്രമാത്രം അഗാധമായ ജീവിതത്തിൽ നിന്നാണ് കല ഉണ്ടാകുന്നത് ?ഇതാണ് ആ ചോദ്യം. ഓരോ കലാസൃഷ്ടിയും അതാതിൻ്റെ നിലവാരത്തിൽ ,ലക്ഷ്യത്തിൽ ഈ അഗാധതയെ നിർവ്വചിക്കുന്നു.  ജോയ്സ് തൻ്റെ  അറിവിൽപ്പെട്ടിടത്തോളമുള്ള അഗാധതകളെ അറിയാൻ ശ്രമിച്ചു. അത് കാലത്തിനു അപരിചിതമായിരുന്നു. അതിനോടാണ് എഴുത്തുകാരൻ കൂറുപുലർത്തേണ്ടത്. കാലികമായ അഭിനിവേശങ്ങളോടല്ല .

മലയാളകഥയിൽ കാലികമായ അഭിനിവേശങ്ങളാണ് കൂടുതലും പ്രത്യക്ഷപ്പെടുന്നത്. തൻ്റെ മാധ്യമത്തെ കലാകാരൻ സ്നേഹിക്കുന്നുണ്ടെന്ന് വായനക്കാരനു തോന്നണം. അവൻ വഞ്ചിക്കപ്പെടുന്നതിനെ ന്യായീകരിക്കില്ല. എന്തിനാണ് ഒരു നല്ല വായനക്കാരൻ വായിക്കുന്നത് ? സമയം പോകാനല്ല. ഒരു വിനോദത്തിനുമല്ല. വായിക്കാതിരിക്കാൻ കഴിയാത്തതുകൊണ്ടാണ് വായിക്കുന്നത്. മികച്ച ഒരു വായനക്കാരനു ഒരു പ്രത്യേകതരം മാനസികാവസ്ഥയുണ്ട്. അതാണ് അയാളെ നിലനിർത്തുന്നത് .എന്തെങ്കിലും വായിക്കാൻ കൊള്ളാവുന്നത് കിട്ടണം; കിട്ടിക്കൊണ്ടിരിക്കണം. അല്ലെങ്കിൽ നാഡീപരമായ പിരിമുറുക്കവും അസ്വസ്ഥതയുമുണ്ടാകും. അപ്പോഴും ചീത്തകൃതികൾ തന്നെയാണ് മുന്നിലേക്ക് വരുന്നതെങ്കിൽ, അയാൾ പ്രക്ഷുബ്ധനാകും.

ആലോചനയുടെ ആവശ്യകത

കഴിഞ്ഞ ഏതാനും ആഴ്ചകൾക്കുള്ളിൽ വായിച്ച  ഏതാനും കഥകളെക്കുറിച്ചാണ്  ഇപ്പോൾ ഓർക്കുന്നത് .ഉളിസിസിൻ്റെ നൂറാം വർഷത്തിലും ജോയ്സിൻ്റെ  രചനാസങ്കേതങ്ങളുടെ ചർച്ചയ്ക്കിടയിലും മലയാളകഥയുടെ പാരായണം സംഭവിക്കുക തന്നെ ചെയ്യും .മാത്യു കുരിയൻ എന്ന കഥാകൃത്തിൻ്റെ ഒരു കഥ ആദ്യമായാണ് വായിച്ചത്. 'കൂവളമരച്ചുവട്ടിൽ പത്മാസനത്തിലിരിക്കുന്ന ഒരു മണ്ണിരയുടെ ഭൈരവവായന '(പ്രസാധകൻ ,ജനുവരി) എന്ന  വിചിത്രമായ തലക്കെട്ട് തന്നെ  ഞെട്ടലുണ്ടാക്കി .എന്തെങ്കിലുമൊരു തലക്കെട്ട് നല്കി  രക്ഷപ്പെടുന്നവർക്കിടയിൽ ആലോചനയുടെ ആവശ്യകത ബോധ്യപ്പെട്ട ഒരു കഥാകൃത്ത് വരുന്നത്  വായനക്കാരനു ആശ്വാസമാണ്. 

മാത്യു കുരിയൻ്റെ ഈ കഥ വിസ്മയിപ്പിച്ചു എന്നറിയിക്കട്ടെ. പാപത്തിൻ്റെയും ഭയത്തിൻ്റെയും അഗ്നിയിൽ എരിയുന്ന ഒരു മനസ്സാണ് ഈ കഥയിലുള്ളത്. കഥാപാത്രം പറയുന്നു, തന്നെ ബാധിച്ചിരിക്കുന്നത് ഭയം എന്ന രോഗമാണെന്ന്. അയാൾ ഗൈനക്കോളജിസ്റ്റാണ്; അന്താരാഷ്ട്ര പ്രശസ്തനാണ് ;സമ്പന്നനാണ് . വിവിധ നഗരങ്ങളിൽ ഫ്ലാറ്റുകൾ  സ്വന്തമായുണ്ട്. വേറെയും വീടുകളുണ്ട്. കൃഷിഭൂമി ധാരാളമുണ്ട്. 
മക്കളുടെ പേരിൽ ബാങ്കുകളിൽ വലിയ ഡെപ്പോസിറ്റുണ്ട്. എന്നിട്ടും 
മനസ്സിനെ ഭയം വിട്ടു മാറുന്നില്ല.

അയാൾ ആത്മഗതം ചെയ്യുന്നു:
'മനസ്സിലുളളിലെ ഭയം ആരോടും പറഞ്ഞറിയിക്കാൻ സാധിക്കുന്നില്ല. ആദ്യകാഴ്ചയിൽ തന്നെ എന്നെ കണ്ടപ്പോൾ യോഗീശ്വരന് മനസ്സിലായി ഞാൻ ഭീരുവാണെന്ന്. ഞാൻ ഭയമാകുന്ന ജയിലറക്കുള്ളിലാണെന്ന്. മനുഷ്യൻ്റെ മനസ്സ് മുഴുവനും ഓർമ്മകളാണ് , ഓരോ തരത്തിലുള്ള അനുഭവവും ഓർമ്മകളുമായി മനുഷ്യർ ജീവിക്കുന്നു. ചിലർ ഓർമ്മകൾ പൂന്തോട്ടമാക്കി ജിവിക്കുന്നു. അവിടെ പൂക്കൾ വിരിയുന്നു ,ശലഭങ്ങൾ വരുന്നു .സുഗന്ധം പരത്തുന്നു.  പോകുന്ന വഴിയിലും വഴിയിൽ കാണുന്നവരിലും പരിമളം പരത്തുന്നു.  അവരിൽ സ്വസ്ഥതയുടെ സൂര്യനുണ്ട്, ആശ്വാസത്തിൻ്റെ ദാഹജലമുണ്ട്, സമാധാനത്തിൻ്റെ പ്രാണവായുവുണ്ട്. അവർ പൂന്തോട്ടമായി സഞ്ചരിക്കുന്നു'.

പാപനിബിഡമായ മനസ്സ് 

ഇതുപോലൊരു വിവരണകല പുതുമയുള്ളതായി തോന്നി. എന്താണ് ഡോക്ടർ പീലിഫോസിൻ്റെ ഭയത്തിന് കാരണം ? മരുന്നു കമ്പനികൾക്ക് വേണ്ടി വിട്ടുവീഴ്ച ചെയ്ത് രോഗികളെ വഞ്ചിച്ച ഡോക്ടറാണയാൾ .താൻ  വഞ്ചിച്ചവരും ദ്രോഹിച്ചവരുമെല്ലാം അയാളെ ഇപ്പോൾ വേട്ടയാടുകയാണ്.  അയാൾ ഗർഭത്തിൽ വച്ച് അസംഖ്യം ജീവനുകളെ കൊന്ന ഡോക്ടറാണ്. ഇതെല്ലാം ഓർമ്മകളായി അയാളെ  കാർന്നുതിന്നുകയാണ്.
'എണ്ണാനാവാത്ത വിധം ഞാൻ കൊന്ന ജീവനുകൾ .അവരെല്ലാം എൻ്റെ  രക്തത്തിൽ തന്നെയാണ്, തലയ്ക്കുള്ളിലാണിരിക്കുന്നത്. അവയെല്ലാം ഓർമ്മകളായി രൂപാന്തരപ്പെട്ടതാണ്. ചെയ്തതെല്ലാം എനിക്കുതന്നെ ദോഷമായി മാറി, പ്രകൃതിക്ക് എതിരായി പ്രവർത്തിച്ചു. എനിക്ക് ശ്വാസം മുട്ടിത്തുടങ്ങുന്നു. തലപൊക്കാനാവുന്നില്ല, പരമശിവൻ തല വെള്ളത്തിൽ മുക്കിപ്പാടിച്ചിരിക്കുകയാണ്' - അയാൾ ചിന്തിക്കുന്നത് ഇങ്ങനെയാണ്. 

എന്തുകൊണ്ടാണ് ഈ കഥ ശ്രദ്ധ നേടുന്നത് ? നമ്മുടെ കാലത്തിലെ പാപനിബിഡമായ ഒരു മനസ്സ് എങ്ങനെയാണുണ്ടാവുന്നതെന്ന് കഥാകൃത്ത് അന്വേഷിക്കുന്നു ;അത് കണ്ടെത്തുന്നു എന്നു പറയാം. അങ്ങനെയുള്ള അനേകം പാപമനസ്സുകൾ ചേർന്നതാണല്ലോ സമകാലികതയുടെ 'മനോഹര'മായ പൂമുഖം .അതിനെ കീറിമുറിച്ച് പരിശോധിക്കുകയും വിചാരണ ചെയ്യുകയുമാണ് കഥാകൃത്ത്. ഇത് താരതമ്യേന അപൂർവമായ രചനയാണ്.

ഓർമ്മകളിൽ കാറ്റ്

കിടപ്പറ ഷൂട്ടിംഗുകൾക്ക് പോകുമായിരുന്ന കമല എന്ന നടിയുടെ പിൽക്കാല ജീവിതവും അനാഥത്വവുമാണ് സിതാര .എസ്  'റാണി' (എഴുത്ത് ,ജനുവരി) എന്ന കഥയിൽ എഴുതിയിരിക്കുന്നത്. ഒരു എക്സ്ട്രാ നടിക്ക് ഓർക്കാൻ  ധാരാളമുണ്ട്. ഓരോന്നിനും തീപിടിച്ച വിലയുണ്ട് .'ദേഹത്തേക്ക് കൃത്രിമമായ ആവേശത്തോടെ വന്നു വീണുകൊണ്ടിരുന്ന സഹനടൻ്റെ  പുരുഷത്വം നീണ്ട ഷൂട്ടുകൾക്കിടയിലെപ്പോഴോ  നിസ്സഹായമായി തന്നിലേക്ക് തന്നെ തല പൂഴ്ത്തിയത് ' അവൾ ഓർത്തെടുക്കുന്നത് അതുകൊണ്ടാണ്. വ്യഭിചാരക്കുറ്റത്തിന് ഈ നടിയെയും സഹായികളായ പെൺകുട്ടികളെയും പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു കൊണ്ടു വന്നിരിക്കുകയാണ്. അവരെ ചോദ്യം ചെയ്യുകയാണ്. തങ്ങൾ വ്യഭിചാരമല്ല ,ഷോർട്ട് ഫിലിം നിർമ്മാണമാണ് നടത്തുന്നതെന്ന് വിശദീകരിച്ചപ്പോൾ പോലീസ് ഇൻസ്പെക്ടർ അവളുടെ ന്യായത്തെ പരിഹസിക്കുകയാണ്. കമലയുടെ മനസ്സ് നീറിപ്പുകഞ്ഞു ഇങ്ങനെ മന്ത്രിച്ചു: ' ന്യായം? ലോകത്തേറ്റവും വലിയ അന്യായമാണോ വാക്ക്? . കൽപ്പാന്തകാലത്തോളം നിരന്തരമായി ചോരയും ചലവും ഊറിയൊഴുകിക്കൊണ്ടിരിക്കുന്ന, ഒരിക്കലുമുണങ്ങാത്ത ഒരു മുറിവ്. ഇരുപത്തിയേഴല്ല നാല്പത്തിയേഴ്  വർഷങ്ങളായി എൻ്റെ അസ്തിത്വമാണ് സാർ ന്യായമെന്ന ഈ അന്യായം. ആ എന്നോട് ന്യായത്തിൻ്റെ പേരിൽ നിങ്ങൾ ക്ഷുഭിതനാകരുത്'.

ഈ കഥ അവസാനിക്കുന്നിടത്ത്  കലയുടെ മാന്ത്രികതയാണ് കണ്ടത്. നിരാലംബരായ ആ സ്ത്രീകൾ രാത്രിയിൽ അവരുടെ താമസസ്ഥലം ലക്ഷ്യമാക്കി നടക്കുകയാണ്. പോലീസുകാർ അവരെ വിട്ടയച്ചല്ലോ .ക്ഷീണിച്ച്  അവർ നടക്കുമ്പോൾ ഉണ്ടായ മിന്നൽപ്പിണറിലാണ് കഥ അവസാനിപ്പിക്കുന്നത്. ഒരു കഥാകൃത്ത് കലാകാരൻ/കലാകാരിയാകുന്നത് ഇവിടെയാണ്: 

'ആയുസ്സിൻ്റെ അറ്റത്തെത്തിയ ക്ഷീണിച്ചെല്ലിച്ച ഒരു സ്ത്രീ തൻ്റെ  പെൺകുഞ്ഞുങ്ങളെ ചുറ്റിപ്പിടിച്ചു നടന്നുപോകുന്നത് മേഘങ്ങളിലൊളിച്ച മിന്നൽപ്പിണരുകൾ സ്നേഹത്തോടെ നോക്കി നിന്നു. കാറ്റിലൂടെ കുതിച്ച് അവരിലൊരാൾ അവളുടെ കാൽക്കീഴിലേക്ക് ആരാധനയോടെ മുട്ടുകുത്തി .റാണീ ,ഞാൻ നിങ്ങളുടെ ചെങ്കോൽ .നക്ഷത്രങ്ങൾ നിറഞ്ഞ എൻ്റെ ആകാശം നിങ്ങളുടെ കിരീടവും, സ്വീകരിച്ചാലും .തൻ്റെ കിരീടവും ചെങ്കോലും അദൃശ്യമായെടുത്തണിഞ്ഞ് ,നിഗൂഢമായൊരു പുഞ്ചിരിയോടെ ,റാണി എവിടെയെന്നറിയാത്ത  സിംഹാസനങ്ങളിലേക്ക് നടന്നുപോയി '.
ഈ സമാപനയാത്രയിൽ മിന്നൽപ്പിണരുകൾക്കും ഒരു റോൾ  ഉണ്ടായത് മനോഹരവും അതിശയകരവുമാണ്. ഏറ്റവും ദു:ഖഭരിതമായ യാഥാർത്ഥ്യത്തെ അതിശയകരമായ വിധം സാഹിത്യപരമാക്കുന്നു. അഗാധമായ നിസ്സഹായതയെ മധുരം നിറഞ്ഞ  ഉന്മാദഗാനമാക്കുന്നു. ഭൂമിയിൽ ആരുമില്ലാത്തവർക്കുവേണ്ടി മിന്നൽപ്പിണരുകൾ വരുകയാണ്. ആകാശത്തിൻ്റെ സാന്ത്വനമാണത്. അവ വ്രണിതഹൃദയരുടെ മുന്നിൽ പ്രകാശപ്പൊലിമയോടെ മുട്ടുകുത്തി ആശ്വസിപ്പിക്കുന്നു. പ്രകൃതിയുടെ അന്യാദൃശ്യമായ ആ അലിവ്, സാഹോദര്യം ഇവിടെ തെളിയുകയാണ്. കഥാപാത്രം ഒരിടത്തു വച്ച് കഥയിൽ നിന്ന് ഇറങ്ങുകയാണ്. അതിനു  ഇതിനേക്കാൾ നല്ല ഒരു അന്ത്യമില്ല.

പരാജയത്തിൻ്റെ സുഖം 

ബിജു ദാനിയേലിൻ്റെ ഡാനിഷ് ഗാംബിറ്റ് (മലയാളം ഇന്ത്യൻ എക്സ്പ്രസ്സ് ,ജനുവരി 12)എന്ന കഥയാണ് മറ്റൊരു രചന. ഡാനിഷ് ഗാംബിറ്റ് ചെസ് കളിയിലെ ഒരു അടവാണ് .കാലാളുകളെ  എതിർകക്ഷികൾക്ക് വെട്ടാൻ കൊടുത്ത് ആക്രമണത്തിന് തയ്യാറെടുക്കുന്ന രീതിയാണത്. 
രണ്ടു സുഹൃത്തുക്കൾ തമ്മിൽ , വർഷങ്ങൾക്കു ശേഷം കണ്ടുമുട്ടുകയാണ്. സൂരജ് എന്ന  യുവാവിൻ്റെ വീട്ടിലാണ് സംഭവങ്ങൾ  നടക്കുന്നത്. അയാളുടെ അമ്മ ആത്മഹത്യ ചെയ്ത വീടാണത്. 
അവിടെ അയാൾ തനിച്ചാണ്. തൻ്റെ ഏകാന്തതയിൽ പൂർണമായി വെന്തുരുകാനും അതിൻ്റെ ചൂടിൽ  മദ്യപിച്ചു ബോധത്തെ മറയ്ക്കാനുമാണ്  അയാൾ സുഹൃത്തിനെ ഫോൺ ചെയ്തു വരുത്തുന്നത്. സുഹൃത്ത് വന്നയുടനെ രണ്ടു പേരും ചേർന്നു മദ്യപാനം തുടങ്ങി; ഒപ്പം ചെസ് കളിയും . 

മനസ്സിലെ വികാരങ്ങളെ ചെസ് കളിയുടെ ഭാഷ ഉപയോഗിച്ചു  വിവരിക്കുന്നതാണ് കഥയിലെ വികാരങ്ങളുടെ പതഞ്ഞുയരലിനു സഹായിക്കുന്ന ഘടകം. സുഹൃത്തിൻ്റെ  റാണിയെ വെട്ടി ,രാജാവിനെ ബന്ധനസ്ഥനാക്കി, കാലാളുകളെ നിശ്ചലമാക്കി കളി സമനിലയിലാക്കുകയാണ് അതിഥി  ചെയ്തത്. 'പൊരുതലുകളിൽ നിന്നു എല്ലാ അർത്ഥവും നഷ്ടപ്പെട്ട് ബാക്കിയായ കരുക്കൾ താന്താങ്ങളുടെ കള്ളികളിൽ മൂകരായിരുന്നു'- അതിഥി പറയുന്നു. 

തോൽപ്പിക്കാമായിരുന്നിട്ടും  എന്തുകൊണ്ട് അതിഥി അത് ചെയ്തില്ല?; സുഹൃത്തിൻ്റെ വീടാണത്. അവൻ്റെ അമ്മ തൂങ്ങിമരിച്ച വേദനയിൽ അവൻ എരിയുകയാണ്.  അത് മറക്കാനാണ് അവൻ കുടിക്കുന്നത്. ഇതെല്ലാം മനസ്സിലാക്കിക്കൊണ്ടാണ് അതിഥി ചെക്ക് കൊടുത്ത് കളിയിൽ അയാളെ പരാജയപ്പെടുത്താതിരുന്നത്.  രണ്ടുപേരുടെ മാനസികഘടനകളാണ്  ഇവിടെ ഏറ്റുമുട്ടിയത്. എല്ലാ യുദ്ധങ്ങളിലുമെന്നപോലെ പരാജയബോധവും ഭയവും സംഘർഷവുമാണ് ഇവിടെയുള്ളത്. എന്നാൽ മനുഷ്യത്വം ബാക്കിയാവുന്നു. 
എതിരാളിയില്ലാതായ ഘട്ടത്തിൽ അതിഥി തൻ്റേതായ മനോനില ശരിയാക്കാനെന്നോണം ഇങ്ങനെ നീങ്ങി: 'പടകൾ ചിതറിയ പാളയത്തിൽ നിരായുധനായി തലകുനിച്ചു നിന്ന രാജാവിനെ ഉന്നം പിടിച്ച് ഞാൻ കാലാളിനെ നീക്കി'

ഈ കഥയിൽ ഒരു അന്തരിന്ദ്രിയമുണ്ട്. അത് ഓർമ്മകളുടെയും അനുതാപത്തിൻ്റെയും സംഗമബിന്ദുവാണ്. മനുഷ്യനായിരിക്കാൻ ഇതുപോലുള്ള കാരണങ്ങൾ വേണം.

No comments:

Post a Comment