എം.കെ.ഹരികുമാർ
നമ്മെ
ശല്യപ്പെടുത്തുന്നതോ , അലോസരപ്പെടുത്തുന്നതോ , അലട്ടുന്നതോ എന്തെങ്കിലും
ഒരു സാഹിത്യരചനയിലുണ്ടാവണം. അപ്പോഴാണ് അനുവാചകൻ്റെയുള്ളിൽ കനം വെച്ച്
കിടന്ന ഇരുണ്ട അറകളിലേക്ക് അല്പമെങ്കിലും വെളിച്ചം പ്രവേശിക്കുന്നത് .ഉരസൽ
തീയുണ്ടാക്കിയേക്കാം. അത് നമ്മെ കുറേക്കൂടി ശുദ്ധമാക്കാവുന്നതാണ്.
അതുകൊണ്ടാണ് ഡച്ച് സംവിധായകനായ ജോർജ് സ്ളൂസർ (1932-2014) താൻ നിങ്ങളെ
നന്നായി ശല്യപ്പെടുത്തുന്നുണ്ടല്ലോ എന്ന് ഒരു സദസിൽ ചോദിച്ചത്.
നെതർലൻഡ്സ്
ഫിലിം ഫെസ്റ്റിവലിൽ സിനിമാപ്രവർത്തകർക്കും പ്രേക്ഷകർക്കും വേണ്ടി
സംഘടിപ്പിച്ച യോഗത്തിൽ സ്ളൂസർ നടത്തിയ പ്രഭാഷണം നമ്മൾ സ്കൂളിൽ പഠിച്ചതും
യഥാർത്ഥത്തിൽ ഇപ്പോൾ അനുഭവിക്കുന്നതും തമ്മിലുള്ള
വ്യത്യാസത്തെക്കുറിച്ചായിരുന്നു.
ഈ വ്യത്യാസത്തെ നേരിടാൻ
കഴിഞ്ഞില്ലെങ്കിൽ വന്ധ്യതയായിരിക്കും ഫലം. ഇതിനായി എങ്ങനെ
ചിന്തിക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്. ശാസ്ത്ര ,സാങ്കേതികരംഗത്തെ
അവിശ്വസനീയമായ മാറ്റങ്ങൾക്കൊപ്പം നീങ്ങാൻ നാം ശ്രമിക്കണം
.അതിൻ്റെയടിസ്ഥാനത്തിൽ സംസ്കാരത്തെക്കുറിച്ചും
സാംസ്കാരികമൂല്യങ്ങളെക്കുറിച്ചും പുനർചിന്തനം ചെയ്യണം -അദ്ദേഹം പറഞ്ഞു.
പുരാതനകാലത്തെ
പവിത്രമായ മൂല്യങ്ങൾ നമ്മെ സുരക്ഷിതരാക്കിയിരുന്നു. ചിന്തിക്കാതെ
ജീവിക്കാമായിരുന്നു.നമുക്കു വേണ്ടി ചിന്തിക്കാൻ പുരാതന
പാഠങ്ങളുണ്ടായിരുന്നു.എല്ലാ ചിന്താക്കുഴപ്പങ്ങളെയും പരിഹരിക്കുന്ന
മാനവദർശനങ്ങളുണ്ടായിരുന്നു. മനുഷ്യനെ പൂർണമായ നന്മയിൽ കാണാനാണ് പഴയ പാഠങ്ങൾ
ശ്രമിച്ചത്. എന്നാൽ വളരെ അലങ്കോലപ്പെട്ട, ചിതറിയ ,സ്വസ്ഥത നശിച്ച
,ആത്മഹത്യയെക്കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കുന്ന, വേരുകളില്ലാത്ത ഒരു
പ്രേക്ഷക സമൂഹത്തിൻ്റെ മുന്നിലേക്ക് ഇരുപതാം നൂറ്റാണ്ടിലെ
സൗന്ദര്യശാസ്ത്രമനുസരിച്ചുള്ള സിനിമയെടുത്തു കൊണ്ടുപോകേണ്ടതുണ്ടോ എന്നു
സ്വയം പരിശോധിക്കണം. കാലഹരണപ്പെട്ട പഴയ താളുകളിൽ നിന്ന് പുറത്തുവന്നു
സ്വന്തം ചിന്തയുടെ ആവശ്യത്തിനുവേണ്ടി സൃഷ്ടികളിൽ ഏർപ്പെടേണ്ട കാലമാണിത്.
ക്രിസ്തു
ചൂണ്ടിക്കാണിച്ച പരിശുദ്ധാത്മാവാണ് ഇൻറർനെറ്റെന്നു പ്രഖ്യാപിച്ച
സ്വതന്ത്രചിന്തകൻ അലക്സാണ്ടർ ബാർദിനെ ഓർക്കുകയാണ്. ഫാക്ടറിയിലെ
തൊഴിലാളികളല്ല ഇനി വിപ്ളവം ഉണ്ടാക്കാൻ പോകുന്നത്. അത് ഓൺലൈൻ
ഉപഭോക്താക്കളായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞത് പ്രസക്തമാവുകയാണ്. ഓൺലൈനിൽ
കോടിക്കണക്കിനാളുകൾ ഒരുമിച്ചിരിക്കുന്നു; അവർ ഭൂമിയിലുമല്ല,
സ്വർഗത്തിലുമല്ല. അവർ ശരീരികളല്ല ; എന്നാൽ അവർക്ക് ശരീരമുണ്ട്.
അവർക്ക്
സ്ഥലമോ കാലമോ ഇല്ല ; അവർ പക്ഷേ ,വൈകാരികമായി ജീവിക്കുന്നു. അവർ ശൂന്യതയെ
അഭിമുഖീകരിക്കുകയും അതിനെ മറികടക്കാനായി പൊരുതുകയും ചെയ്യുന്നു.
ശൂന്യതയും തമോഗർത്തവും
സ്ളൂസർ
പറയുന്നു :'ഇത് മനുഷ്യൻ്റെ ശൂന്യതപോലെയല്ല; ഈ ശൂന്യതയിലെ തമോഗർത്തത്തെ
നമുക്ക് ഒഴിവാക്കേണ്ടതുണ്ട്'.എങ്ങനെയാണ് ഒഴിവാക്കുക? പതിറ്റാണ്ടുകൾക്കു
മുൻപ് ജനനം, മരണം, അനശ്വരത തുടങ്ങിയവയെ സംബന്ധിച്ച് പഠിച്ച പാഠങ്ങൾ
ഇന്നത്തെ ലോകത്തെ നേരിടാൻ പര്യാപ്തമല്ല. അതിന് ചിന്തയുടെ പുതിയ ഉപകരണങ്ങൾ
ആവശ്യമാണ്. കവിതയിൽ ഇനി വേണ്ടത് പ്രാചീനമായ താളമോ ,പദഘടനയോ അല്ല
.ഉപയോഗിച്ച് പതം വന്ന പദസംയോജനങ്ങൾ മറ്റാരുടെയോ ചിന്തയാണ് പേറുന്നത്. അത്
പുതുതായി ഒന്നും തന്നെ കണ്ടെത്തുന്നില്ല.സാങ്കേതികത അതിവേഗം കുതിച്ചു
മുന്നേറുന്ന ഘട്ടത്തിൽ മനുഷ്യമനസ്സ് യന്ത്രമാതുകൊണ്ട് പ്രയോജനമില്ല .
കവിത
സാങ്കേതികസൂത്രമായാൽ ഹൃദയത്തിൻ്റെ പ്രകാശം കെട്ടുപോകും. ആധുനിക ലോകം
ഇപ്പോൾ ഒരു പ്രതിസന്ധിയിലാണ്. കൃത്രിമബുദ്ധിയുടെ (ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്)
യന്ത്രങ്ങൾ നിയന്ത്രിക്കുന്ന ലോകമാണിത്. ഇമെയിൽ എടുക്കാനോ വെബ്സൈറ്റ്
നിർമ്മിക്കാനോ ശ്രമിക്കുമ്പോൾ ഒരു ഉപയോക്താവിന് മനുഷ്യവ്യക്തിയുമായി
ഇടപെടേണ്ടിവരുന്നില്ല. മിക്കവാറും ഇടപാടുകളും
നിർവ്യക്തീകരിക്കപ്പെട്ടിരിക്കയാണ്. ഒരിടത്തും വ്യക്തിയെ വേണ്ട . ഓൺലൈൻ
ഫോറങ്ങൾ പൂരിപ്പിക്കുന്നതിനും ഡിജിറ്റൽ എൻട്രിക്കും കൃത്രിമബുദ്ധി മതി.
കണ്ണില്ലാത്ത യന്ത്രങ്ങൾ നമുക്ക് നിർദ്ദേശം തരുന്നു.
നമ്മൾ അതനുസരിക്കുന്നു. ഇതിൽ ഒരു ശൂന്യതയുണ്ട്.
ഒരു മനുഷ്യൻ്റെ സാന്നിദ്ധ്യം എവിടെയുമില്ല .
ഒരാളോടു
പ്രതികരിക്കാൻ ആരും തയ്യാറാവുന്നില്ല. സുഹൃത്തുക്കൾക്കുപോലും ഭാഷയില്ല.
എല്ലാവരും അവരവരുടെ ഇമോജികളായി രൂപാന്തരപ്പെട്ടിരിക്കുകയാണ്. കെ എന്ന
വ്യക്തി അയാളുടെ മനസ്സോ ,മുഖമോ ,വ്യക്തിത്വമോ അല്ല; കെ എന്നാൽ കെയുടെ ഇമോജി
യാണ്. ഈ നിർവ്യക്തീകരണം ഒരു പുതിയ ശൂന്യതയാണ്. മനുഷ്യൻ മറ്റൊരുവൻ്റെ ഹൃദയം
എന്ന പോക്കറ്റിലേക്ക് നിക്ഷേപിക്കുന്ന ശൂന്യതയാണിത്.
സയാമീസ് ഇരട്ടകൾ
പോർച്ചുഗീസ്
കവി ഫെർണാണ്ടോ പെസ്സോവ (1888-1935) ചിന്താനിബിഡമായ ആത്മകഥാക്കുറിപ്പുകൾ
അടങ്ങിയ 'ദ് ബുക്ക് ഓഫ് ഡിസ്ക്വയറ്റ് 'എന്ന പുസ്തകത്തിൽ ഇങ്ങനെ എഴുതി:
'എൻ്റെ മനസ്സ് അതിനോടു തന്നെ ക്ഷമയില്ലാത്ത അവസ്ഥയിലാണ്, എപ്പോഴും
ഉപദ്രവിക്കുന്ന കുട്ടിയെപ്പോലെ. അതെപ്പോഴും വ്യഗ്രതയിലാണ്. ഏതിനോടും
എനിക്ക് താല്പര്യമുണ്ട്. എന്നാൽ ഒന്നിലും എനിക്ക് തുടരാനാവുന്നില്ല. ഞാൻ
എല്ലാറ്റിലേക്കും ആകൃഷ്ടനാവുന്നു . എപ്പോഴും സ്വപ്നം കാണുകയാണ്. എന്നിൽ
രണ്ടുപേരുണ്ട് .പക്ഷേ , അവർ നിശ്ചിതമായ അകലം പാലിക്കുന്നു -പരസ്പരം
ബന്ധിക്കപ്പെടാത്ത സയാമീസ് ഇരട്ടകൾ ' .
എത്രയോ വർഷങ്ങൾക്കുമുമ്പാണ് പെസ്സോവ ഇങ്ങനെ എഴുതിയത്! .
ഇൻറർനെറ്റ്
ഇല്ലാതിരുന്നിട്ടും അതിനു തുല്യമായ മാനസികാവസ്ഥയിൽ അദ്ദേഹം എങ്ങനെ
എത്തിച്ചേർന്നു? ഇന്നത്തെ അനൈഹിക മനുഷ്യനെ, അല്ലെങ്കിൽ ഓൺലൈനിലെ മനുഷ്യനെ
പെസ്സോവയുടെ സയാമീസ് ഇരട്ടകൾ എന്ന ആശയം കൊണ്ടു സമീപിക്കാവുന്നതാണ്.
ഒരാൾക്ക് വ്യക്തിപരവും കുടുംബപരവുമായ ജീവിതം എന്ന പോലെ ഒരു
അനൈഹികജീവിതവുമുണ്ട് .അത് ഇൻറർനെറ്റിലാണ്. ഇത് രണ്ടും തമ്മിലുള്ള
സംഘർഷമുണ്ട് എപ്പോഴും. നിരന്തരമായി ഓൺലൈനിൽ ആയിരിക്കുക എന്ന പ്രലോഭനത്തിൽ
കഴിയുന്നത് വൈകാരികസുഖത്തിന് സമാനമാണ്;ചിലർക്കത് ലൈംഗികസുഖത്തിന്
സമാനമാണ്. അതിൽനിന്ന് ഒരു മണിക്കൂറോ ,ഒരു ദിവസമോ മാറിനിൽക്കേണ്ടി വരുന്നത്,
ആത്മഹത്യാപരമാകുകയാണെന്ന്
തുറന്നു സമ്മതിക്കുന്ന എത്രയോ
പേരുണ്ട്. മറ്റു അലട്ടലുകളോ ഉത്തരവാദിത്വമോ ചിലപ്പോൾ മാനസികമായ
അസന്തുലിതാവസ്ഥയ്ക്ക് കാരണമാകാവുന്നതാണ്.
അയാളെ അത് ഭ്രാന്തനാക്കുകയോ സ്നേഹരഹിതനാക്കുകയോ ചെയ്യാം.
ജീവിതത്തേക്കാൾ വലിയ പ്രതിഛായയാണ് ഒരാളുടെ ഓൺലൈൻ സാന്നിധ്യം.
അതിനുവേണ്ടി
സകലജീവിതവും, അയാൾ സമർപ്പിക്കുകയാണ്.പെസ്സോവ സൂചിപ്പിക്കുന്നതുപോലെ
എപ്പോഴുമുള്ള വ്യഗ്രതത ,ഒന്നിനോടും പ്രത്യേക അടുപ്പം ഇല്ലാതിരിക്കുക എന്നീ
പ്രശ്നങ്ങൾ ഒന്നിച്ചു വരുകയാണ്. ഇന്നു എന്തെങ്കിലും എഴുതണമെന്ന് ഒരാൾ
ചിന്തിക്കുന്നുണ്ടെങ്കിൽ ഈ മനഷ്യനിർമ്മിത ശൂന്യതയെ അനുഭവിച്ചിരിക്കണം.
അതിൻ്റെ ഊഷരതയ്ക്ക് ബദലായിട്ടുള്ള ജൈവ സ്പർശങ്ങൾ രചനയിൽ കൊണ്ടുവരണം.
ചെറുകഥ
എഴുതുന്നത് എന്തിനാണ് ?ഒരനുഭവത്തെ ചെറുകഥയായി എഴുതാനുള്ള ത്വരയാണത്. ചെറിയ
കഥയായി ഒരു കാര്യം ഭാവനചെയ്യുന്നതിൻ്റെ ബഹിർസ്ഫുരണമാണത്. ചെറിയകഥയായി
യാതൊന്നും ഭാവന ചെയ്യാത്ത ഇ .സന്തോഷ്കുമാർ ചെറുകഥയെ ഷർട്ടിൻ്റെ കോളറിന്
കുത്തിപിടിച്ചിട്ടെന്നപോലെ വലിച്ചിഴച്ച് നീട്ടുന്നത് (മരണക്കുറി ,മാതൃഭൂമി
ആഴ്ചപ്പതിപ്പ് ,ജനുവരി 23) കണ്ടു. ചെറുകഥ എഴുതാൻ പ്രയാസമാണെങ്കിൽ ചെറുനോവൽ
പരീക്ഷിക്കാവുന്നതാണ്.
സാമാന്യബോധം ബാധ്യതയോ?
രേഖ
കെ. എഴുതിയ 'ഒതുക്കിലെ വല്യമ്മ (ഗ്രന്ഥാലോകം ,ജനുവരി) ഇന്നത്തെ കഥയുടെ
നിലവാരം ആർജിച്ചില്ല .ഏതോ മുൻവിധിക്ക് കീഴടങ്ങി യാഥാർത്ഥ്യത്തെ
ഉപരിപ്ളവമായി കാണുകയാണ്. ഒരു വല്യമ്മയുടെ സ്വഭാവത്തിൻ്റെ അപഗ്രഥനവും ചില
കുടുംബപുരാണങ്ങളുമാണ് അവതരിപ്പിക്കുന്നത്.
പക്ഷേ ,അത്യന്തികമായി
ഈ കഥ ഒരു കലാനുഭവമാകുന്നില്ല. വളരെ പിന്നിൽ പോയ ഒരു കഥാഖ്യാനരീതിയാണിത്.
ഇതു അൻപതുകളിലെ ജീവിതചിത്രീകരണമാണ്. ഇപ്പോൾ ഇതിനു എന്താണ് പ്രാധാന്യം ?
ആഴംകുറഞ്ഞ യഥാതഥ രീതിയാണിത്. നിരീക്ഷണങ്ങളാ കടന്നുകാണലോ ഇല്ല .ഇത്തരം
കാര്യങ്ങൾ ഓർമ്മകളായി എഴുതിയാൽ മതി .ഒരു കഥയായി ആഖ്യാനം ചെയ്യുന്നതിൻ്റെ
കലാപരത ഇതിലില്ല.
മനോജ് വെങ്ങോല എഴുതിയ 'ഊത്
'(എഴുത്ത്, ജനുവരി )കാതലായ ചില ജീവിതപ്രശ്നങ്ങളെ കലാപരമായ തൃഷ്ണയോടെ
പകരുകയാണ്. കഥാകൃത്തിനെ സമ്മർദ്ദത്തിലാക്കേണ്ടത് ആവിഷ്കാരത്തിലെ കലാപരമായ
പ്രശ്നങ്ങളായിരിക്കണം. മനോജിൻ്റെ കഥയിൽ ഒരു കഥാകൃത്ത് എന്ന നിലയിലുള്ള
വ്യസനം സജീവമായി നിൽക്കുകയാണ്. പ്രകൃതിസ്നേഹിയായ പ്രൊഫസർ തര്യൻ്റെ
ജീവിതത്തിലേക്ക് ആഴ്ന്നിറങ്ങി ചെല്ലുന്ന ഒരു യുവാവിൻ്റെ കണ്ടെത്തലുകൾ
വിസ്മയകരമാണ്. ഏത് സംഭവമാണോ ആലേഖനം ചെയ്യുന്നത് ,അതിലൂടെ എഴുത്തുകാരൻ്റെ
മനസ്സാണ് സൂചിതമാവേണ്ടത്. സഹോദരൻ ബംഗാളിൽ നിന്ന് കൊണ്ടുവന്ന ഒരു ബാലൻ നട്ട
ഊതുമരങ്ങൾ സംരക്ഷിക്കുകയായിരുന്നു ഈ പ്രൊഫസർ. തൻ്റെ ജീവിതസ്വപ്നങ്ങൾ
യാഥാർത്ഥ്യമാക്കാൻ കാതലുള്ള ഊതുമരങ്ങൾ വിറ്റാൽ മതിയാകുമെന്ന് വിശ്വസിച്ച ആ
നിർധനബാലൻ പക്ഷേ , പുരയിടത്തിലെ കുളത്തിൽ വീണു മരിക്കുകയാണ്. എന്നിട്ടും
അത് വിശ്വസിക്കാൻ കൂട്ടാക്കാതെ ആ ബാലനെ കാത്തിരിക്കുന്ന സ്നേഹസ്മരണയുടെ
സാക്ഷ്യമായി പ്രൊഫസർ മാറുന്നു. മരണത്തെ ആഴത്തിൽ അനുഭവിപ്പിക്കുകയാണ്
കഥാകൃത്ത്.
"അന്ന് രാത്രി ഏറെ വൈകിയിട്ടും,
ജനലിലൂടെ ദൂരെ കാടുകൾക്ക് നേരെ നോക്കി ഞാനിരുന്നു. ഏതോ രാപ്പക്ഷികളുടെ
കൂവലുകൾ മരങ്ങൾക്ക് മേലെ മുഴങ്ങിക്കേട്ടു. നിൽക്കാൻ ഇടമില്ലാത്തവൻ്റെ
നീണ്ടു നീണ്ടു പോകുന്ന വിലാപം പോലെയായിരുന്നു അത്. ആനന്ദങ്ങളും
അതിശയങ്ങളും പരിഭവങ്ങളും മാത്രം ഓഹരിയായി വീതിച്ചെടുക്കുന്നവർക്ക് അത്
കേൾക്കാനാകുമോ എന്ന് ഞാൻ ന്യായമായും സംശയിച്ചു .ലളിതമായ ജീവിതത്തെ ഗഹനമായി
വ്യാഖ്യാനിക്കുന്നതിലെ വ്യർത്ഥത പ്രൊഫസർ എന്നെ പഠിപ്പിച്ചതായി ഞാൻ
തിരിച്ചറിഞ്ഞു'.
ഇങ്ങനെയുള്ള വാക്കുകളിൽ സമകാല
ജീവിതത്തിൻ്റെ ആകുലതകൾ നിറഞ്ഞ മനസ്സ് കാണാം. ജീവിതത്തോടു നമ്മെ അടുപ്പിച്ചു
നിർത്തുന്ന വൈകാരികബന്ധം ആ കാടുകളിലേക്ക് പടരുകയാണ്. ഇതാ ഒരു മനുഷ്യൻ
ജീവിച്ചിരിക്കുന്നു എന്നു വായനക്കാരൻ പറഞ്ഞുപോകുന്ന നിമിഷം. ഈ ശൂന്യതയെ
നേരിടുന്നതിൽ നമ്മൾ പരാജയപ്പെടുകയാണെങ്കിൽ വൈകാരികജീവിതത്തിൻ്റെയും
ശാസ്ത്രീയതയുടെയും ഇടയിലുള്ള സംഘർഷം വലുതായി അത് മനുഷ്യ വ്യക്തിയെ
നശിപ്പിക്കുമെന്നാണ് സ്ളൂസർ പറയുന്നത്.
വലിയ
സ്ഥാപനങ്ങളാണ് ഇന്ന് നമുക്ക് വിനോദങ്ങൾ തരുന്നതെന്ന് സ്ളൂസർ പറയുന്നത്
ശ്രദ്ധിക്കണം. ശാസ്ത്രീയസംഗീതമോ കോമഡിയോ നമുക്ക് നല്ലൊരു പാക്കേജിൽ
തരുന്നത് അന്താരാഷ്ട്ര സ്ഥാപനങ്ങളും ധനകാര്യ ഏജൻസികളുമാണ്. കോടിക്കണക്കിന്
രൂപയുടെ മുതൽ മുടക്കുള്ള ഒരു സിനിമ ഉണ്ടാകുന്നതും അതിൽ വിനോദം ഏറ്റവും
ശാസ്ത്രസാങ്കേതിക നവീനതയോടെ ഉൾപ്പെടുത്തുന്നതും ലോകം മുഴുവൻ വ്യാപിച്ച
പ്രദർശന ,വിതരണ ശൃംഖലയുടെ ഭാഗമായാണ്.അതിൽ ഒരു പ്രേക്ഷകൻ്റെ വിനോദം വളരെ
അന്യവത്ക്കരിക്കപ്പെട്ടതും ഏകാന്തവുമാണ്. ആ പ്രേക്ഷകൻ്റെ മനോനില അയാളുടെ
സ്വകാര്യലോകമാണ്.
തർക്കിക്കുമ്പോഴാണ് വാർത്ത
ഇൻറർനെറ്റിലും
ടിവി ചാനലുകളിലും വരുന്ന വിപണിയുടെ കലാവസ്തുക്കളും, ചർച്ചകളും സാമൂഹ്യമായ
പദവി എന്ന നിലയിലുള്ള സംസ്കാരത്തെ നിർവ്വചിക്കുകയാണ്. സാമാന്യബോധവും
യുക്തിയും തകിടം മറിയുകയാണ്. സാമാന്യബോധം ഒരു
ബാധ്യതയായിക്കഴിഞ്ഞിരിക്കുന്നു.പരസ്യങ്ങൾ പൊതുബോധത്തെ നിയന്ത്രിക്കുകയാണ്
സാമാന്യബോധത്തെപോലും തകിടംമറിക്കുന്ന ചർച്ചകളാണ് വലിയ വിസ്ഫോടനം എന്ന പേരിൽ
അവതരിപ്പിക്കപ്പെടുന്നത്. ഒരു വാർത്താവതാരകന് താൻ ക്ഷണിച്ചുകൊണ്ട് വരുന്ന
അതിഥികളുമായി തർക്കിച്ച് സ്ഥാപിച്ചെടുക്കേണ്ട ഒന്നായി വാർത്ത മാറുകയാണ്.
ഇല്ലാത്ത വാർത്തയെക്കുറിച്ചുള്ള പക്ഷപാതപരവും അക്രമാസക്തവുമായ
ചർച്ചകളിലൂടെയാണ് ഒരു സാമൂഹ്യ, രാഷ്ട്രീയധാർമ്മികത എന്ന വ്യാജവസ്തു
നിർമ്മിക്കപ്പെടുന്നത്. ഒരു ചാനൽ ചർച്ചയിൽ ആരെയും നന്നായി ആക്രമിക്കുകയും
തെറി പറയുകയും ചെയ്യുമ്പോഴാണ് അത് വിജയമാകുന്നത്. തെറി
പറയിപ്പിക്കുന്നിടത്താണ് ആധുനിക എച്ച് ഡി സാങ്കേതികത ലക്ഷ്യം കാണുന്നത്.
ഇത് അംഗീകരിക്കപ്പെട്ടു കഴിഞ്ഞു. തെറി ഒരു നൂതന സാങ്കേതികവിദ്യയാണ്! .ഒരു
മസ്തിഷ്കജ്വരത്തിലൂടെ ശരിതെറ്റുകളെ നമുക്കാവശ്യമായ രീതിയിൽ ,കൃത്രിമമായ
ക്ഷോഭപാരവശ്യത്തോടെ നിയന്ത്രിക്കുകയും മറ്റാരെക്കാൾ നന്നായി തർക്കിച്ചു
തോല്പിക്കുകയും ചെയ്യുമ്പോഴാണ് ഒരവതാരകൻ തൻ്റെ നിഷ്പക്ഷത എന്ന
വ്യാജബിംബത്തെ സ്വയം പൊളിച്ചടുക്കി കാണികളെ സ്തംഭിപ്പിക്കുന്നത് .കാണികളുടെ
പ്രതീക്ഷകളെ തട്ടിമാറ്റി വിചിത്ര വാദവും യുക്തിയും നിരത്തുമ്പോഴാണ്
ഒരവതാരകൻ ശരിക്കും അവതാരമാകുന്നത്.
സ്ളൂസർ
പറഞ്ഞത് പ്രേക്ഷകർക്ക് അവരുടെ യുക്തിക്കനുസരിച്ചുള്ള കാഴ്ച
നഷ്ടപ്പെടുകയാണ് ചെയ്യുന്നതെന്നാണ്. സെക്സാണോ വയലൻസാണോ ജീവിതത്തിൽ
പ്രധാനമെന്ന് വ്യവഛേദിക്കാനാവാതെ സിനിമ കണ്ടിറങ്ങുന്നവനെ ഉദ്ദേശിച്ചാണ്
അദ്ദേഹം ഇങ്ങനെ പറഞ്ഞതെങ്കിലും ഇന്നത്തെ വാർത്താചാനലുകളിലെ രാത്രിചർച്ച
എന്ന തീയേറ്റർ ഷോ കഴിഞ്ഞ് ഇറങ്ങുന്നവർക്കും ഈ അമ്പരപ്പും പിരിമുക്കവും
ഞെട്ടലും ഉണ്ടാകാതിരിക്കില്ല .
അനുതാപം
ബിജു
ദാനിയേലിൻ്റെ ഡാനിഷ് ഗാംബിറ്റ് (മലയാളം ഇന്ത്യൻ എക്സ്പ്രസ്സ് ,ജനുവരി
12)എന്ന കഥയിൽ ശൂന്യതയെ മെരുക്കുന്ന മനസ്സ് കാണാം. ഡാനിഷ് ഗാംബിറ്റ് ചെസ്
കളിയിലെ ഒരു അടവാണ് .കാലാളുകളെ എതിർകക്ഷികൾക്ക് വെട്ടാൻ കൊടുത്ത്
ആക്രമണത്തിന് തയ്യാറെടുക്കുന്ന രീതിയാണത്.
രണ്ടു സുഹൃത്തുക്കൾ
തമ്മിൽ , വർഷങ്ങൾക്കു ശേഷം കണ്ടുമുട്ടുകയാണ്. സൂരജ് എന്ന യുവാവിൻ്റെ
വീട്ടിലാണ് സംഭവങ്ങൾ നടക്കുന്നത്. അയാളുടെ അമ്മ ആത്മഹത്യ ചെയ്ത വീടാണത്.
അവിടെ
അയാൾ തനിച്ചാണ്. തൻ്റെ ഏകാന്തതയിൽ പൂർണമായി വെന്തുരുകാനും അതിൻ്റെ ചൂടിൽ
മദ്യപിച്ചു ബോധത്തെ മറയ്ക്കാനുമാണ് അയാൾ സുഹൃത്തിനെ ഫോൺ ചെയ്തു
വരുത്തുന്നത്. സുഹൃത്ത് വന്നയുടനെ രണ്ടു പേരുംചേർന്നു മദ്യപാനം തുടങ്ങി;
ഒപ്പം ചെസ് കളിയും .
മനസ്സിലെ വികാരങ്ങളെ ചെസ്
കളിയുടെ ഭാഷ ഉപയോഗിച്ചു വിവരിക്കുന്നതാണ് കഥയിലെ വികാരങ്ങളുടെ
പതഞ്ഞുയരലിനു സഹായിക്കുന്ന ഘടകം. സുഹൃത്തിൻ്റെ റാണിയെ വെട്ടി ,രാജാവിനെ
ബന്ധനസ്ഥനാക്കി, കാലാളുകളെ നിശ്ചലമാക്കി കളി സമനിലയിലാക്കുകയാണ് അതിഥി
ചെയ്തത്. തോൽപ്പിക്കാമായിരുന്നിട്ടും എന്തുകൊണ്ട് അതിഥി അത് ചെയ്തില്ല?;
സുഹൃത്തിൻ്റെ വീടാണത്. അവൻ്റെ അമ്മ തൂങ്ങിമരിച്ച വേദനയിൽ അവൻ എരിയുകയാണ്.
അത് മറക്കാനാണ് അവൻ
കുടിക്കുന്നത്. ഇതെല്ലാം
മനസ്സിലാക്കിക്കൊണ്ടാണ് അതിഥി ചെക്ക് കൊടുത്ത് കളിയിൽ അയാളെ
പരാജയപ്പെടുത്താതിരുന്നത്. ഈ കഥയിൽ ഒരു അന്തരിന്ദ്രിയമുണ്ട്. അത്
ഓർമ്മകളുടെയും അനുതാപത്തിൻ്റെയും സംഗമബിന്ദുവാണ്. മനുഷ്യനായിരിക്കാൻ
ഇതുപോലുള്ള കാരണങ്ങൾ വേണം.
No comments:
Post a Comment