എം.കെ.ഹരികുമാർ link
'മേഘത്തിൻ്റെ
തുടർച്ചയായി മഴ എന്ന പോലെ ഒരു തുടർച്ചയാണ് ഞാനും' - വിയറ്റ്നാമിലെ
നിയോഗബുദ്ധിസ്റ്റ് (എൻഗേജ്ഡ് ബുദ്ധിസം)കേന്ദ്രമായ പ്ളം വില്ലേജ്
മൊണാസ്ട്രിയുടെ ഔദ്യോഗിക വെബ്സൈറ്റ് തുടങ്ങുന്നത് ,കഴിഞ്ഞ ദിവസം അന്തരിച്ച
ബുദ്ധിസ്റ്റ് ധ്യാനഗുരുവായ തീച്ച് നാത് ഹാൻ (1926-2022)പറഞ്ഞ ഈ
വാക്കുകളോടെയാണ്.
മനുഷ്യനും പ്രകൃതിയും രമ്യതയിൽ
കഴിയണമെന്നും അതിനായി ബുദ്ധതത്ത്വപ്രകാരം വലിയൊരു ഉത്തരവാദിത്വം
നമുക്കുണ്ടെന്നും ഉപദേശിച്ച ലോകഗുരുക്കന്മാരിൽ ഒരാളാണ് ഹാൻ. ആ നിലയ്ക്ക്
ഹാനിൻ്റെ വിയോഗം നമ്മുടെ സക്രിയജീവിതത്തിനും പ്രത്യാശയ്ക്കും ഏൽപ്പിക്കുന്ന
ആഘാതം വലുതാണ്. ലോകത്ത് അക്രമങ്ങളും യുദ്ധങ്ങളും അഭയാർത്ഥികളും
കുതന്ത്രങ്ങളും അവസാനിക്കുകയില്ലായിരിക്കാം. ബുദ്ധിയുള്ളവർ തന്നെ ഏറ്റവും
ഹീനവും വൃത്തികെട്ടതും പ്രതിലോമപരവും പ്രകൃതിവിരുദ്ധവുമായ വെറുപ്പ്
പ്രചരിപ്പിക്കാൻ മുൻപിൽ നിന്നേക്കാം. എന്നാൽ അത്തരക്കാർക്ക് ഏതെങ്കിലുമൊരു
അവസരത്തിൽ വിചിന്തനം ചെയ്യാൻ, സ്വന്തം കർമ്മപഥത്തിലെ ബീഭത്സമായ സങ്കുചിത
മനോഭാവങ്ങളെക്കുറിച്ചും വിദ്വേഷസംവാദത്തെക്കുറിച്ചും വീണ്ടുവിചാരം നടത്താൻ
ഹാൻ അല്ലെങ്കിൽ അതുപോലെയുള്ള ഗുരുക്കന്മാരുടെ തണൽകേന്ദ്രങ്ങൾ ആവശ്യമാണ്
.മനുഷ്യൻ ഏറ്റവും അപകടകാരിയായ വിദ്വേഷവൈറസാണെന്ന ചിന്തയിൽനിന്നാണ് അവനെ
നന്നാക്കാൻ മഹാഗുരുക്കന്മാർ വരുന്നത്.
മുപ്പതുവർഷക്കാലമാണ്
തീച്ച് നാത് ഹാൻ എന്ന മഹാപ്രതിഭയെ സ്വന്തം രാജ്യമായ വിയറ്റ്നാമിലെ ഭരണകൂടം
അകറ്റി നിർത്തിയത് .2005ലാണ് സർക്കാർ ഹാനിനെ സ്വന്തം രാജ്യത്ത്
കാലുകുത്താൻ അനുവദിച്ചത്.എന്നാൽ 2018 ലാണ് ഹാൻ അവിടെ വീണ്ടും താമസിച്ചു
തുടങ്ങിയത്. എങ്ങനെയാണ് ഈ ഔദ്യോഗിക വിദ്വേഷത്തെ ന്യായീകരിക്കാനാവുക ?
വിയറ്റ്നാം യുദ്ധകാലത്ത് ഹാനും തൻ്റെ സന്യാസി സംഘവും ധ്യാനത്തിൽ മുഴുകി
കഴിയുകയല്ല ചെയ്തത്. അവർ സദ്സന്ദേശങ്ങൾക്കൊപ്പം മുറിവേറ്റവരെ സഹായിക്കാൻ
ഇറങ്ങിത്തിരിച്ചു .അങ്ങനെയാണ് നിയോഗബുദ്ധിസം എന്ന പുതിയ
ധ്യാനജീവിതസരണിക്ക് അദ്ദേഹം ജീവൻ കൊടുക്കുന്നത്.
ലോകത്തിനു ഗുണമുണ്ടാവണം
'ലോട്ടസ്
ഇൻ എ സീ ഓഫ് ഫയർ' എന്ന പുസ്തകത്തിലാണ് എൻഗേജ്ഡ് ബുദ്ധിസം എന്ന് അദ്ദേഹം
ആദ്യം പ്രയോഗിക്കുന്നത്. ചിലർ പ്രചരിപ്പിക്കാറുണ്ട് ,ഒരാൾ എന്താണോ അങ്ങനെ
തുടരുന്നതാണ് നല്ലതെന്ന്. ഇത് പരാജയസമ്മതമാണ്. കൊലപാതകവാസനയുള്ളവർ,
അമിതമായ അഹന്തയുള്ളവർ, എല്ലാറ്റിനെയും വെറുക്കുന്നവർ സ്വയം മാറണം. മനുഷ്യൻ
ആന്തരികമായി എപ്പോഴും പരിവർത്തനത്തിനു തയ്യാറെടുക്കണം. സ്വന്തം
ചിന്താശൂന്യതയെ സ്വയം നീക്കം ചെയ്യണം. നമ്മുടെ ജാഗ്രതയാണ് നമ്മെയും
ലോകത്തെയും രക്ഷിക്കുന്നത് .നമ്മൾ വിഭ്രാമകമായ അഹന്തയിലും
ചിന്താശൂന്യതയിലും പകയിലും മുങ്ങിയിരിക്കുകയാണെങ്കിൽ ,നമ്മളിൽ നിന്ന്
ലോകോപകാരപ്രദമായ ഒരാശയകണം പോലും ഉണ്ടാവുകയില്ല. ആശയങ്ങൾ പ്രചരിപ്പിച്ചാൽ
പോരാ ,അതുമായി നമ്മുടെ ജീവിതത്തിന് ബന്ധമുണ്ടാവണം. അതുകൊണ്ട് നാം
എങ്ങനെയാണോ സ്വയം വിചാരിക്കുന്നത്, അതിൽനിന്ന് ലോകത്തിനു ക്ഷേമമുണ്ടാകുന്ന
തരത്തിൽ മുന്നോട്ടുപോകണം. ഇതാണ് തീച്ച് നാത് ഹാനിൻ്റെ എൻഗേജ്ഡ്
ബുദ്ധിസത്തിൻ്റെ പ്രാഥമികമായ പടി.
ബുദ്ധമതത്തിൻ്റെ
ഭാഗമായിത്തന്നെ വിയറ്റ്നാമിൽ വികസിച്ച സെൻബുദ്ധിസ്റ്റ് ശാഖയാണ്
തീൻബുദ്ധിസം .ബുദ്ധിസ്റ്റ് സൂത്രങ്ങൾ ചൊല്ലുന്നതിനൊപ്പം ധ്യാനവും
പരിശീലിപ്പിക്കുന്നവരാണ് ഈ വിഭാഗക്കാർ .ഇതിൻ്റെ തുടർച്ചയായാണ് വിവിധ മതങ്ങൾ
തമ്മിലുള്ള സംവാദവും സഹകരണവും രമ്യതയും ഉടലെടുത്തത്. നിയോഗബുദ്ധിസ്റ്റ്
സംഘത്തിലെ പതിനാല് ആദർശങ്ങളിൽ ഒരെണ്ണം ഇതാണ് :'ദശലക്ഷക്കണക്കിനാളുകൾ
പട്ടിണികിടക്കുമ്പോൾ സമ്പത്ത് കുന്നുപോലെ കൂട്ടിവയ്ക്കരുത്.പ്രശസ്തി ,ലാഭം
,സ്വത്ത് ,ഐന്ദ്രിയസുഖങ്ങൾ എന്നിവ ലക്ഷ്യമാക്കരുത് .ലളിതമായി ജീവിച്ച് ,
സമയവും ഊർജ്ജവും മറ്റ് ഭൗതിക വിഭവങ്ങളും ആവശ്യക്കാരുമായി പങ്കുവെക്കുക'.
പതിനാറാം വയസ്സിൽ ആശ്രമത്തിൽ ചേർന്ന ഹാൻ ബുദ്ധിസ്റ്റ് അക്കാദമിയിൽ നിന്ന്
ബിരുദം നേടിയ ശേഷം മഹായാനബുദ്ധമത സമ്പ്രദായത്തിൽ പരിശീലനം തുടർന്നു. 1940 ൽ
സന്യാസിയായി .പിന്നീട് താൻ ആദ്യമായി പ്രവേശിച്ച തു ഹ്യു ക്ഷേത്രത്തിലെ
ധർമ്മാചാര്യനായി നിയോഗിക്കപ്പെട്ടു.വിവിധ ബുദ്ധമത ധാരകളിൽനിന്നും ലോകത്തിലെ
ഏറ്റവും പഴക്കമുള്ള ബുദ്ധിസ്റ്റ് പഠനമാർഗ്ഗമായ തേരവാദ
സമ്പ്രദായത്തിൽനിന്നും പാശ്ചാത്യതത്ത്വചിന്തയിൽനിന്നും പാഠങ്ങൾ
ഉൾക്കൊണ്ടശേഷമാണ് തൻ്റെ സവിശേഷമായ ധ്യാനമാർഗ്ഗം അദ്ദേഹം വികസിപ്പിച്ചത് .
1956
നു ശേഷം ഹാനിൻ്റെ പ്രവർത്തനങ്ങൾ വിപുലമായി. ബുദ്ധിസ്റ്റ് യൂണിവേഴ്സിറ്റി,
സന്ന ദ്ധ സേവകരായ യുവജനങ്ങൾക്ക് വേണ്ടിയുള്ള സ്കൂൾ, വിയറ്റ്നാമീസ്
ബുദ്ധിസം എന്ന ആനുകാലികം തുടങ്ങിയവ സ്ഥാപിക്കുന്നതിൽ ഹാൻ പ്രധാന
പങ്കുവഹിച്ചു. 1965 ൽ വിദ്യാർത്ഥികളുടെ ആവശ്യവും കൂടി പരിഗണിച്ചാണ് ഹാൻ
സമാധാനത്തിനായി പ്രവർത്തന രൂപരേഖ തയാറാക്കിയത് .1967 ൽ മാർട്ടിൻ ലൂതർ കിംഗ്
(ജൂനിയർ) വിയറ്റ്നാം യുദ്ധത്തെ വിമർശിച്ചുകൊണ്ടു പ്രസ്താവന നടത്തിയതും
ഹാനിനെ നോബൽ സമാധാന സമ്മാനത്തിന് നിർദ്ദേശിച്ചതും വിവാദമായി. വിയറ്റ്നാം
യുദ്ധം അവസാനിപ്പിക്കണമെന്നാണ് ഹാൻ ആഗ്രഹിച്ചത്. എന്നാൽ അത് വിയറ്റ്നാം
ഭരണകൂടം തെറ്റിദ്ധരിച്ച് അദ്ദേഹത്തെ നാടുകടത്തുകയായിരുന്നു.
ധ്യാനം എന്ന പ്രക്രിയ
ഹാൻ
പല സന്ദർഭങ്ങളിലും അമേരിക്ക സന്ദർശിച്ചിട്ടുണ്ട്. 1961 ൽ പ്രിൻസെറ്റൺ
യൂണിവേഴ്സിറ്റിയിൽ താരതമ്യ മതം പഠിപ്പിച്ചു. കൊളമ്പിയ യൂണിവേഴ്സിറ്റിയിൽ
ബുദ്ധമതത്തെക്കുറിച്ചു ക്ളാസെടുത്തു .1966 ലാണ് മാർട്ടിൻ ലൂതറെ
കാണുന്നത്.ഇതിൻ്റെ ഫലമായാണല്ലോ വിയറ്റ്നാം സർക്കാരുകൾ ഹാനിനെ
സ്വദേശത്തേക്ക് വരുന്നത് വിലക്കിയത്.
പിന്നീട് നാല്പത്
വർഷത്തോളം ലോകത്തിൻ്റെ പല ഭാഗങ്ങിലാണ് പ്രവർത്തിച്ചത്. 1969 ൽ പാരീസിൽ
നടന്ന സമാധാന സംഭാഷണങ്ങളിൽ ഹാൻ നയിച്ച ബുദ്ധിസ്റ്റ് സംഘവും പങ്കെടുത്തു.
1970 ൽ പാരീസിൽ അദ്ദേഹം തൻ്റെ സമാധാന സന്ദേശപ്രചാരണത്തിനു സ്വന്തമായി ഒരു
കേന്ദ്രം സ്ഥാപിച്ചു.
അതിൻ്റെ ഭാഗമായാണ് സോർബോൺ യൂണിവേഴ്സിറ്റിയിൽ ലക്ചററും ഗവേഷകനുമായി ചേർന്നത്.
ഹാനിൻ്റെ
ശാന്തിസംഭാഷണങ്ങൾക്ക് കൂടുതൽ വ്യാപ്തിയും അടിത്തറയും ഉണ്ടായത് തെക്ക്
പടിഞ്ഞാറൻ ഫ്രാൻസിൽ 'പ്ളം വില്ലേജ് ' എന്ന ബുദ്ധമത കേന്ദ്രം
സ്ഥാപിച്ചതോടെയാണ് .ഇന്ന് ലോകത്തിലെ തന്നെ പ്രധാനപ്പെട്ട ഒരു ബുദ്ധമത
കേന്ദ്രമാണ് പ്ളം വില്ലേജ്; ഇരുനൂറ് അന്തേവാസികളുണ്ട്. പതിനായിരം
പേരെങ്കിലും, ഓരോവർഷവും അവിടെ സന്ദർശിക്കുന്നു.
ധ്യാനത്തെക്കുറിച്ച്
വ്യത്യസ്തവും കൂടുതൽ പ്രയോജനകരവുമായ പാഠങ്ങളാണ് പ്ളം വില്ലേജ്
പരിചയപ്പെടുത്തിയത് .'സമൂഹത്തിൽ നിന്ന് രക്ഷപ്പെടാനല്ല ധ്യാനം;
നമ്മളിലേക്ക് തന്നെ തിരിച്ചുവരാനും എന്താണ് നമ്മളിൽ
സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നു മനസ്സിലാക്കാനുമാണ്. ഒരു കാഴ്ചയുണ്ടെങ്കിൽ
,പ്രവർത്തനവുമുണ്ടാകണം'- ഹാൻ എഴുതി. മൈൻഡ്ഫുൾനസ് എന്ന ആത്മീയ മാർഗമാണ്
അദ്ദേഹം ഉപദേശിച്ചത്. മൈൻഡ്ഫുൾനസ് എന്നാൽ ശ്രദ്ധായോഗമാണ്. വിഷാദം ,ഭയം
,ദേഷ്യം ,പശ്ചാത്താപം എന്നിവയിൽനിന്ന് മോചനം നേടിയാലേ
ശ്രദ്ധായോഗത്തിലെത്താനാകൂ. ഇത്തരം വികാരങ്ങൾ മനസ്സിലുള്ളപ്പോൾ നമ്മൾ
'മറവി'യിലാണെന്ന് ഹാൻ പറയുന്നു. നിങ്ങൾ ജീവിക്കുന്നു ;എന്നാൽ
ജീവിക്കുന്നു എന്ന അറിവില്ല .
നിങ്ങൾ ഭൂതകാലത്തിലോ ഭാവികാലത്തിലോ
ബന്ധിതമാണ്. നിങ്ങൾ ഈ നിമിഷത്തിൽ ഹാജരല്ല; അല്ലെങ്കിൽ ജീവിതത്തെ ആഴത്തിൽ
ജീവിക്കുന്നില്ല. ഇതാണ് 'മറവി'യുടെ ജീവിതം .
ഈ
'മറവി'യുടെ മറുവശമാണ് ശ്രദ്ധായോഗം. ഈ അവസ്ഥയിലെത്താൻ കഠിനമായി
പണിയെടുക്കേണ്ട. ശ്വസിക്കാൻ അധ്വാനം വേണ്ടല്ലോ, അതുപോലെ. ഹാൻ ചോദിക്കുന്നു
:'നിങ്ങൾ സുഹൃത്തുക്കളുമായി ചേർന്ന് മനോഹരമായ ഒരു സൂര്യാസ്തമയം
കാണുന്നു .അതിൻ്റെ സൗന്ദര്യം നുകരാൻ ബോധപൂർവ്വമായ അദ്ധ്വാനം വേണോ ?
ആവശ്യമില്ല; അത് ആസ്വദിച്ചാൽ മതി'.
നാം തന്നെ മാറണം
ജീവിതത്തിലെ
എല്ലാ നിമിഷങ്ങളും ഇങ്ങനെയാക്കാം. അപ്പോൾ നാം ശ്രദ്ധായോഗത്തിൻ്റെ ശക്തി
തിരിച്ചറിയും .ശ്രദ്ധായോഗമുണ്ടെങ്കിൽ സന്തോഷം തനിയേ വരും. അതിനായി
പത്തുവർഷക്കാലം കാത്തിരിക്കേണ്ട - ഹാൻ പറയുന്നു .ശ്രദ്ധായോഗത്തിലൂടെ
മനസ്സിൻ്റെ സന്തോഷവും കേന്ദ്രീകരണവുമുണ്ടാകുന്നു. എതു വസ്തുവും
ധ്യാനത്തിനായി തിരഞ്ഞെടുക്കാം; ഒരു ചരൽക്കല്ലിനെ ധ്യാനിക്കാം.എങ്കിൽ
നിങ്ങൾക്കതിൻ്റെ വ്യത്യസ്തവും സുഖകരവുമായ അനുഭവം കിട്ടും .
ഒരു
കോടി അനുയായികളെങ്കിലും ഹാനിനുണ്ടായിരുന്നു. കാലിഫോർണിയ, ന്യൂയോർക്ക്,
വിയറ്റ്നാം ,പാരീസ് ,ഹോംകോംഗ്, തായ്ലൻഡ്, മിസിസിപ്പി, ഓസ്ട്രേലിയ തുടങ്ങിയ
സ്ഥലങ്ങളിൽ ആശ്രമങ്ങൾ സ്ഥാപിച്ച ഹാൻ ജർമനിയിൽ ആരംഭിച്ചത് അപ്ളൈഡ്
ബുദ്ധിസത്തിൻ്റെ ഒരു ഇൻസ്റ്റിറ്റ്യൂട്ടാണ്.
2014ലെ
പക്ഷാഘാതത്തിൻ്റെ ഫലമായി ശാരീരികക്ഷമത ഭാഗികമായി നഷ്ടപ്പെട്ടിരുന്ന ഹാൻ
തൻ്റെ നിരന്തരമായ സാന്നിധ്യത്തിലൂടെ ലോകത്തെ സ്വധർമ്മത്തിൻ്റെ പാഠങ്ങൾ
ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു.
അദ്ദേഹത്തിൻ്റെ
ടീച്ചിങ്സ് ഓൺ ലൗ ,അറ്റ് ഹോം ഇൻ ദ് വേൾഡ്, മൈ മാസ്റ്റേഴ്സ് റോഡ് ,
ഫ്രാഗ്രൻറ് പാം ലീവ്സ് ,ബീയിംഗ് പീസ് ( ഈ പുസ്തകത്തെക്കുറിച്ച് മെട്രോ
വാർത്തയുടെ കഴിഞ്ഞ വർഷത്തെ ഓണപ്പതിപ്പിൽ 'ബുദ്ധിസ്റ്റ് നീലാകാശങ്ങൾ' എന്ന
പേരിൽ ഞാൻ ലേഖനമെഴുതിയിരുന്നു) ,ദ് ഹേർട്ട് ഓഫ് ദ് ബുദ്ധാസ് ടീച്ചിംഗ് :
ട്രാൻസ്ഫോമിംഗ് സഫറിംഗ് ഇൻ ടു പീസ് ,ജോയ് ,ലിബറേഷൻ ,ഓൾഡ് പാത് വൈറ്റ്
ക്ളൗഡ്സ് തുടങ്ങിയ പുസ്തകങ്ങൾ പല ഭാഷകളിൽ പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ട്.
ജീവിതത്തെ
നാം എന്തിനു പരിവർത്തിപ്പിക്കണം ?നാം ചിന്തയുടെ ഘടന എങ്ങനെയാണോ
നിലനിർത്തുന്നത് അതുപോലെ തുടർന്നാൽ പോരെ? ഇങ്ങനെ തുടരാനാണെങ്കിൽ
,നമുക്കെന്തിനു പ്രത്യേക കഴിവുകൾ ദൈവം തന്നു ? .ഈ ജീവിതം നമ്മൾ
തിരഞ്ഞെടുത്തതല്ലല്ലോ. ജനനത്തിൻ്റെ കാര്യത്തിൽ നമ്മുടെ ഒരിഷ്ടവും
ഉണ്ടായിട്ടില്ല.നമ്മുടെ സ്വന്തം തിരഞ്ഞെടുപ്പല്ല ,എങ്ങനെ ,എവിടെ
ജനിക്കണമെന്നത് .അതുകൊണ്ട് നാം എങ്ങനെയാണോ ജീവിക്കുന്നത്, ഏതു തരം
ചിന്തകളാണോ പിന്തുടരുന്നത് എന്നീ കാര്യങ്ങളിൽ നമുക്കൊരു
തിരഞ്ഞെടുപ്പാകാം. കാരണം, ജീവിതത്തിലെ സ്വന്തം കർമ്മങ്ങൾ തിരഞ്ഞെടുക്കാൻ
നമുക്ക് സ്വാതന്ത്ര്യമുണ്ട് .വിശ്വാസം ,ദൈവം, സദാചാരം, ചിന്തകൾ തുടങ്ങിയവ
നമ്മുടെ തിരഞ്ഞെടുപ്പാവുകയാണെങ്കിൽ പരിവർത്തനം സാധ്യമാണോ ? ഒരാൾ
ആന്തരികമായി ഏതുതരം ചിന്തകളാൽ നിബിഡമാണോ ,അത് തന്നെയാണ് താൻ, അതു
മാത്രമാണ് താൻ എന്നു പറയുന്നത് പരാജയബോധത്തിൻ്റെ ഭാഗമാണ്. നമുക്കു നമ്മെ
മാറ്റാൻ കഴിയില്ലെന്ന ബോധത്തിൻ്റെ ന്യായീകരണം. അവിടെയാണ് തീച്ച് നാത് ഹാൻ
പറയുന്നത് ,തകർന്നു പെറുക്കി കൂട്ടാവുന്ന അവസ്ഥയിലായ നമ്മുടെ
യന്ത്ര(ജീവിതത്തെ) ത്തെ നന്നാക്കി സുന്ദരമാക്കാമെന്ന് ! .അദ്ദേഹം
എഴുതുന്നു: 'ഇന്ന് രാവിലെ ഉണർന്നു ഞാൻ പുഞ്ചിരിച്ചു. ഇരുപത്തിനാലു
പൊള്ളുന്ന മണിക്കൂറുകളാണ് എൻ്റെ മുന്നിലുള്ളത്. ഓരോ നിമിഷത്തിലും പൂർണമായി
ജീവിക്കാനും എല്ലാ ജീവിതസാന്നിദ്ധ്യങ്ങളെയും അനുകമ്പയോടെ നോക്കാനുമായി ഞാൻ
പ്രതിജ്ഞയെടുക്കുന്നു'.ഒരു പുഞ്ചിരിക്കു എത്ര നന്മകളുണ്ടെന്ന് ഹാൻ
പഠിപ്പിക്കുന്നു .വെറുതെ ചിരിക്കുന്നതോ ,കൂട്ടത്തിലായിരിക്കുമ്പോൾ
ചിരിക്കുന്നതോ അല്ല ഈ പുഞ്ചിരി. ഇത് ആത്മബോധത്തിൽ നിന്നാണ് വരുന്നത്. ഇത്
ശ്രദ്ധായോഗമാണ് .നമ്മൾ നമ്മെക്കൊണ്ട് പൂർണമായി ഉണർന്നിരിക്കുന്ന അവസ്ഥ .
ലോകമനസ്സിനെ
ചികിത്സിച്ച ദയാനിധിയായ മഹായോഗിയായിരുന്നു തീച്ച് നാത് ഹാൻ .അദ്ദേഹം
ജീവിച്ചിരുന്നത് നമ്മുടെ അസ്തിത്വത്തിൻ്റെ മൂല്യം വർദ്ധിപ്പിച്ചു.
മനസ്സുകളുടെ അറ്റകുറ്റപ്പണി നടത്തി ഉന്മേഷത്തിലേക്കും പ്രശാന്തിയിലേക്കും
മനുഷ്യരെ പറഞ്ഞയച്ച മഹാശയനായിരുന്നു ഹാൻ. 'വാക്കിങ് ഇൻ ദി ഫുട് സ്റ്റെപ്സ്
ഓഫ് ബുദ്ധ' എന്ന കൃതിയിൽ ഹാൻ എഴുതി: 'ആളുകൾ കുടുങ്ങിക്കിടക്കുന്നത്
രോഗത്തിലോ അനീതിനിറഞ്ഞ സാമൂഹിക സാഹചര്യങ്ങളിലോ മാത്രമല്ല; അവർ സ്വന്തം
മനസ്സിൽ സൃഷ്ടിച്ചെടുത്തിരിക്കുന്ന സങ്കടങ്ങളിലും തീവ്രതൃഷ്ണകളിലുമാണ്'.
നുറുങ്ങുകൾ
1)ഫ്രഞ്ച്
എഴുത്തുകാരായ ബെൽസാക്ക് ,സ്റ്റെന്താൾ തുടങ്ങിയവരുടെ 'ക്ലാസിക്കൽ റിയലിസം'
സമൂഹത്തെയാകെ പ്രതിനിധാനം ചെയ്യാൻ ഒരു വ്യക്തിയുടെ
ജീവിതയാഥാർത്ഥ്യബോധത്തിനു കഴിയുമെന്ന അർത്ഥത്തിലാണ് നിലനിൽക്കുന്നത്. ഇത്
മാർക്സിസ്റ്റ് വിമർശകനായ ജോർജ്ജ് ലൂക്കാസ് ചൂണ്ടിക്കാണിക്കുന്നുണ്ട്.
എന്നാൽ സാഹിത്യരചനയുടെ വിധ്വംസകമായ ഒരു കാഴ്ചപ്പാടാണിത് .കാരണം
സമൂഹത്തിൻ്റെ യാഥാർത്ഥ്യം ഒരു വ്യക്തിയുടേതാകണമെന്നില്ല.
സാമാന്യവത്ക്കരിക്കാവുന്നതിനപ്പുറം അത് വ്യത്യസ്തമാണ്. ഓരോ വ്യക്തിയും
വേറിടുമ്പോഴാണ് സാഹിത്യമുണ്ടാകുന്നത്.
2)ഒരു ഓഥർ അല്ലെങ്കിൽ
രചയിതാവിനു നിഷ്കളങ്കനായിരിക്കാനാകുമോ? ഒരു നോവലിൽ അയാൾ പുലർത്തുന്ന
സമീപനം നന്മയുടെയോ തിന്മയുടെയോ പക്ഷത്ത് നിൽക്കുന്നതാണോ ? ഓഥറെ അറിയാതെ
മുന്നോട്ടുപോകാനാവില്ല. ഫ്രഞ്ച് സാഹിത്യചിന്തകനായ റൊളാങ് ബാർത്ത്
പറഞ്ഞതുപോലെ ,നമുക്ക് ഓഥറെ ആവശ്യമുണ്ട്. രചയിതാവിനെ ഒരു കഥാപാത്രമായി
വിശകലനം ചെയ്തുകൊണ്ടാണ് ഞാൻ 'ആത്മായനങ്ങളുടെ ഖസാക്ക് 'എഴുതിയത്. അതിൽ ഒ.വി.
വിജയൻ ഒരു കഥാപാത്രമാണ്.
3)ഒരു സിനിമാനടിയുടെ
പരാജയങ്ങളുടെ പൊടിപടലങ്ങളിലൂടെ സഞ്ചരിച്ചുകൊണ്ട് സിതാര .എസ് എഴുതിയ റാണി
(എഴുത്ത് ,ജനുവരി) ഉൾക്കാഴ്ച്ചയും സത്യസന്ധതയും നിറഞ്ഞ കഥയാണ്.
അരികുകളിലേക്ക് തള്ളിമാറ്റപ്പെടുന്നവരെ വീണ്ടും പുറത്തേക്ക് തെറിപ്പിക്കാൻ
നിയമ വ്യവസ്ഥ കച്ചമുറുക്കി നില്ക്കുന്നതിനെതിരെയുള്ള ഒരാക്രോശമാണ് ഈ കഥ.
ഈട്ടിത്തടിയിൽ നിർമ്മിച്ച നിയമങ്ങളിലൂടെ പിഴുതെറിയപ്പെടുന്ന സ്ത്രീയുടെ
ജീവിതം അവരോടൊപ്പം ഒത്തുചേർന്നു തന്നെ എഴുതണം. എങ്കിലേ ജീവിതത്തിൻ്റെ ചോര
കാണൂ. സെക്സ്, ചില നേരങ്ങളിൽ, എത്ര വൃത്തികെട്ടതും
ഓക്കാനമുണ്ടാക്കുന്നതുമാണെന്നു ഇതു വായിച്ചപ്പോൾ തോന്നി. പ്രണയത്തിൻ്റെ
മറുപുറമാണിത്. കഥാന്ത്യം ഹൃദ്യമാണ്. നിസ്സഹായരായ മനുഷ്യരെ ആകാശം അതിൻ്റെ
നക്ഷത്രങ്ങളോടെ ആശ്വസിപ്പിക്കുന്നു.
4)മാത്യു കുരിയൻ എഴുതിയ
'കൂവളമരച്ചുവട്ടിൽ
പത്മാസനത്തിലിരിക്കുന്ന ഒരു മണ്ണിരയുടെ ഭൈരവവായന '(പ്രസാധകൻ, ജനുവരി)പോയ
വർഷത്തെ ഏറ്റവും ശ്രദ്ധേയമായ കഥയാണെന്ന് പറയട്ടെ. കൃത്രിമശ്വാസം കൊടുത്ത്,
വലിച്ചു നീട്ടി എഴുതുന്ന കഥകൾ വായിച്ചു മടുത്തു. ഇക്കാലത്ത് ഇതുപോലെയുള്ള
അന്വേഷണങ്ങൾ ഉണ്ടാവണം .പീലിഫോസ് എന്ന വ്യക്തിയുടെ ആത്മാവിനെ ചുറ്റിവരിഞ്ഞ
സന്ദിഗ്ദ്ധതകളെപ്പറ്റിയാണ് പ്രതിപാദിക്കുന്നത്. ഒരിടത്ത് ഇങ്ങനെ
വായിക്കാം:
ഉടൻ കഴുത്തിൽ ചുറ്റിക്കിടന്ന സർപ്പം പത്തിവിടർത്തി ജ്ഞാനം ചീറ്റി.
എലിസബത്ത് എന്ന സ്ത്രീ പരമശിവനാണ് ,അവളുടെ ഭർത്താവ് പരമശിവനാണ് ,മക്കളും
സുഹൃത്തുക്കളും പരമശിവനാണ്. എല്ലാ മനുഷ്യരും മനുഷ്യരല്ല ,പരമശിവനാണ് .
ശുദ്ധബോധമാകുന്ന ശിശുവാകുന്നു .ദോഷമായി ചിന്തിക്കുന്നത്
പരമശിവനെപ്പറ്റിയാണ്. ദോഷമായി പ്രവർത്തിച്ചാൽ പ്രകൃതിക്കെതിരാണ്,
പ്രപഞ്ചത്തിനെതിരാണ് .പ്രകൃതിക്കെതിരായി ചിന്തിച്ചുതുടങ്ങുമ്പോൾ തന്നെ
നരകയാതന അനുഭവിക്കേണ്ടിവരുന്നു'.നമ്മുടെ രാഷ്ട്രീയ,സാമൂഹ്യബോധത്തിൻ്റെ
അടിത്തട്ടിലേക്ക് വെളിച്ചം വിതറാൻ ഈ വാക്കുകൾക്കു കഴിയുന്നുണ്ട്.
5)പ്രമുഖ
ഹിന്ദികവി അശോക് വാജ്പേയിയുടെ കവിതകൾ മുരളി. ആർ
പരിഭാഷപ്പെടുത്തിയിരിക്കുന്നു .'കാലത്തിൻ്റെ കവിത' എന്ന ശീർഷകത്തിൽ ഈ
പുസ്തകം പ്രസിദ്ധപ്പെടുത്തിയത് കേരള ബുക്ക് ട്രസ്റ്റാണ് (കോഴിക്കോട്
).വാക്കുകളെ ദാർശനികമായി കണ്ടെത്താൻ ശ്രമിക്കുന്ന കവിതകളാണ് വാജ്പേയുടേത്.
'വാക്കുകൾ ഞങ്ങളെ ഉറ്റുനോക്കുന്നു','എവിടെനിന്നു പെറുക്കിയെടുക്കണം
ഞാനെൻ്റെ വാക്കുകളെ 'തുടങ്ങിയ കവിതകളിൽ വാക്കു തന്നെയാണ് വിഷയം.
'പ്രേമിക്കാനൊരിടം' എന്ന കവിതയിൽ ഇങ്ങനെ വായിക്കാം:
'പ്രേമിക്കാനൊരിടം
അവനുണ്ടാക്കി .
അവൻ നക്ഷത്രങ്ങളെ
അടിച്ചുവാരി ,
സൂര്യനെയും ചന്ദ്രനെയും
തള്ളിനീക്കി,
കാട്ടുവള്ളികൾ
മുറിച്ചുനീക്കി,
ഭൂമിയിലെ പൊടിപടലങ്ങളെ
അടിച്ചുനീക്കി,
വാനത്തിൻ്റെ ചുളിവെല്ലാം
നിവർത്തി ,
പ്രേമിക്കാനൊരിടം
അവനുണ്ടാക്കി' .
6)കവിത ഒരു വിധിയാണ്. അതിന് കവി ഒരു തടസ്സമാകരുത്. കവിത ഒരു ചാവേറണ് .കവിത അതിൻ്റെ ചരിവിനൊപ്പിച്ച് ഏതു വഴിക്കും ഒഴുകും
7)ഭാവുകത്വം
മരിച്ചു .കവിതയോ കഥയോ സമൂഹത്തിൻ്റെയാകെ വൈകാരികക്ഷമതയുടെ അളവുകോലാകുന്ന
കാലം കഴിഞ്ഞു. ടി.എസ്. എലിയറ്റിൻ്റെ 'വേസ്റ്റ്ലാൻഡ്'പോലെ കാലഘട്ടത്തിൻ്റെ
സംവേദനതലം മുഴുവൻ ആവിഷ്കരിക്കുന്ന ഒരു കവിത ഇനിയുണ്ടാവില്ല. കാരണം, അത്തരം
വൈകാരിക കേന്ദ്രീകരണം സമൂഹത്തിലിപ്പോൾ സാധ്യമല്ല. സാംസ്കാരികമായ
ആവശ്യങ്ങൾക്കൊത്ത് ഭാവുകത്വം വികേന്ദ്രീകരിക്കപ്പെടുകയാണ്.
8)ഒരു
നിമിഷത്തിൽ ദശലക്ഷക്കണക്കിന് ഫോട്ടോകളാണ് ഇൻസ്റ്റഗ്രാമിൽ വരുന്നത്.
ഒരെണ്ണം പോലും സൂക്ഷിച്ചുവയ്ക്കാനോ ഓർമിക്കാനോ കഴിയാതെ നിസ്സഹായരായി
നിൽക്കുകയാണ് നമ്മൾ. സൂക്ഷിച്ചുവച്ചാൽ അതിനേക്കാൾ മനോഹരമായത്
ലക്ഷക്കണക്കിനു വരുകയാണ്. അപ്പോൾ ഡിലീറ്റ് ചെയ്യുക എന്ന ഒരു ഓർമ്മ മാത്രമേ
നമുക്കുള്ളൂ. അതേ പാടുള്ളു. അതെ,നമ്മൾ ഓർമ്മയെ അല്ല ,മറവിയെയാണ്
നിർമ്മിക്കുന്നത്.
9)പ്രേമിക്കുന്നതിൻ്റെ
വേഗത്തിൽ പ്രേമം അവസാനിപ്പിക്കുന്നതാണ് ഈ കാലത്തിൻ്റെ പ്രത്യേകത. രണ്ടിനും
ഒരേ പ്രാധാന്യമാണ്. എന്തെന്നാൽ , മനുഷ്യൻ വേഗമാണ് .വേഗമാണ് അവനെ
സാംസ്കാരിക ബുദ്ധിജീവിയാക്കുന്നത്. എത്രയും വേഗത്തിൽ സ്വന്തമാക്കിയാൽ പോരാ,
അതിനേക്കാൾ വേഗത്തിൽ ഉപേക്ഷിക്കാനും അവൻ വിധിക്കപ്പെട്ടിരിക്കുന്നു.
വേഗതയില്ലാത്തവൻ പരാജയപ്പെട്ടവനാണെന്ന ചിന്തയ്ക്കാണ് ഇന്നു മൂല്യം .
അല്ലെങ്കിൽ അവൻ വിപണിയിൽ പിന്തള്ളപ്പെടും. ഇന്ന് മനുഷ്യവ്യക്തിയില്ല;
വിപണിവ്യക്തിയേയുള്ളു. വിപണിക്കനുസരിച്ച് മനുഷ്യൻ രൂപാന്തരപ്പെടുകയാണ്.
സംസ്കാരം വിലകൊടുത്തു വാങ്ങാൻ ശേഷിയുള്ളവനാണ് ഇന്നത്തെ സാംസ്കാരിക ബുദ്ധിജീവി.
No comments:
Post a Comment