Wednesday, July 6, 2022

സ്വപ്നം പോലെ ഡാൻസ് പ്ലേഗ്/ അക്ഷരജാലകം



എം.കെ.ഹരികുമാർ






ബാഹ്യവും ആഭ്യന്തരവുമായ സംഘർഷങ്ങളുടെ പാരമ്യത്തിൽ മനുഷ്യരാശി എല്ലാ വിലക്കുകളും ഭേദിച്ച് പുതിയ ഭാഷ കണ്ടെത്തുന്നതുപോലെ അസാധാരണമായ ചില വികാരങ്ങളിലുമെത്തിച്ചേരുന്നു. ചിലപ്പോൾ അത് ഒന്നിലധികം പേരെ സ്വാധീനിക്കുന്നു. അല്ലെങ്കിൽ വിവിധയിടങ്ങളിലായി ഒരു കൂട്ടമാളുകളിൽ പ്രകടമാവുന്നു. മനുഷ്യനു അതിജീവിക്കാനാവാത്ത സന്ദർഭങ്ങളിൽ ചില പെരുമാറ്റ രൂപങ്ങൾ പ്രത്യക്ഷപ്പെടുകയാണ് .ചിലർ വെറുതെ ചിരിച്ചുകൊണ്ടിരിക്കുന്നു .ദൂരേക്ക് കണ്ണുനട്ടിരിക്കുന്നവരുണ്ട്. ഓർമ്മകളിലേക്ക് പിൻവലിയുന്നവരുണ്ട്. സ്വയം ബോധ്യപ്പെടുത്താനാവാത്ത വിചിത്രയുക്തികളുടെ ചുരുളുകളിലേക്ക് അഭയം തേടുന്നവരെയും കാണാം .

കാക്കനാടൻ്റെ 'മഴയുടെ മകൻ' എന്ന കഥയിൽ മനുഷ്യരാശിയുടെ അതിജീവനത്തിൻ്റെ വളവുകളും തിരിവുകളും ദൈന്യക്കാഴ്ചകളും അനുഭവിപ്പിക്കുന്നുണ്ട്. അദ്ദേഹം കഥയെഴുതുമ്പോൾ തീക്ഷ്ണമായ ഒരു പകർന്നാട്ടമാണ് സംഭവിക്കുന്നത്. മലയാളകഥയുടെ ശക്തിയാണ് കാക്കനാടൻ, ഇന്നും .വിഷാദരോഗം ഇന്ന് മാനവരാശിയുടെ സർവത്രികമായ ഒരു സ്വഭാവഗുണമായി മാറിയിട്ടുണ്ട്. അതിസമ്പന്നർ പോലും വിഷാദരോഗത്തിന് അടിമപ്പെടുകയാണ്. ജീവിതത്തിൽ എന്ത് നേടിയെന്നത് ഒരു ഘടകമല്ലാതായി ,വിഷാദത്തിൻ്റെ കാര്യത്തിൽ. കാക്കനാടൻ കഥയെഴുതുമ്പോൾ ശസ്ത്രക്രിയയിലെ സൂക്ഷ്മതയാണ് ഉണ്ടാവുന്നത്. ആഴ്ന്നിറങ്ങിപ്പോകുന്ന കത്തിപ്പാടുകളെ ഓർമ്മിപ്പിക്കുകയാണ്. വാക്കുകളിൽ സൂക്ഷ്മത പാലിക്കാതിരിക്കാൻ അദ്ദേഹത്തിനാവില്ല. വാക്കുകളെ പിളർന്ന് അതിൻ്റെ ആദിമ ഗർഭഗൃഹങ്ങളിലേക്ക് നീങ്ങുകയാണ്. സത്യത്തിൻ്റെ നീർ തേടി ഭ്രാന്തമായി അലയുന്ന ജ്ഞാനിയാണദ്ദേഹം. 

പെട്ടെന്നു നിരാശനാവുകയും തളരുകയും ചെയ്യുന്ന മനുഷ്യൻ്റെ  നഗ്നമായ മനസ്സിലൂടെ കാക്കനാടൻ സഞ്ചരിക്കുന്നു .കഥയ്ക്കുള്ളിൽ മറ്റൊരു കഥ പറയുകയാണ് .ചെറുകഥയുടെ സമസ്തസൗന്ദര്യവും ഇവിടെ ഇതൾ വിരിയുകയാണ്. "മഴയെന്ന അമ്മയുടെ മടിയിൽ കിടന്ന് അരവിന്ദാക്ഷൻ കൈകാലുകളിട്ടടിച്ചു കരഞ്ഞു. അയാൾ കുഞ്ഞാവുകയായിരുന്നു. അമ്മ അയാൾക്ക് മുല കൊടുത്തു. മുലപ്പാലെന്ന് നിനച്ച് അയാൾ മഴവെള്ളം നൊട്ടിനുണഞ്ഞു. മുലചുരന്ന സുഖത്തിൽ മഴ ഞരങ്ങുകയും മോങ്ങുകയും ചെയ്തു". 

മനുഷ്യശബ്ദം എത്ര സുന്ദരം

അയാൾ സ്വപ്നങ്ങളില്ലാത്ത ഉറക്കത്തിൽ വീഴുകയാണ്. കുറേക്കാലം കഴിഞ്ഞാണ് ഉണർന്നത്. അപ്പോൾ കാണുന്നത് വരണ്ട ഭൂമിയാണ്. "നോക്കെത്താവുന്നിടത്തൊന്നും  മനുഷ്യരെ കണ്ടില്ല. മനുഷ്യരെന്നല്ല , തനിക്ക് പരിചിതമായ പക്ഷിമൃഗാദികളെയൊന്നും അവിടെയെങ്ങും കണ്ടില്ല ".ഈ ശൂന്യത ,കോവിഡ് കാലത്ത്  ചിലരെങ്കിലും അനുഭവിച്ചതാണ്. മാനവരാശി പൂർണ്ണമായി തുടച്ചുനീക്കപ്പെട്ട ശേഷം നാം മാത്രം ശേഷിക്കുകയാണെങ്കിലോ? ഭയവും നിരാശയുമാണ് ശേഷിക്കുക .എന്നാൽ ആ വികാരങ്ങൾ എന്തായി പരിണമിക്കും. ? അത് കാക്കനാടൻ പതിറ്റാണ്ടുകൾക്ക്  മുമ്പാണെങ്കിലും ,ഇങ്ങനെ വിശദീകരിച്ചു: 'അന്തരംഗത്തിൻ്റെ , ഏറ്റവും അഗാധമായ തട്ടിലെവിടെയോ മാത്രം ചെന്നു തറയ്ക്കുന്ന ക്രൂരമായ ഒരു ഫലിതമായി തോന്നി അയാൾക്ക്  എല്ലാം. അരവിന്ദാക്ഷൻ വീണ്ടും ഒന്നു ചിരിക്കാൻ ശ്രമിച്ചു. കഴിഞ്ഞില്ല .ചിരിയും മരിച്ചു പോയോ ?'

കാരണം എന്താണ്? ചിരിക്കണമെങ്കിൽ മറ്റുള്ളവർ ഉണ്ടായിരിക്കണം .നമ്മുടെ ചിരിയുടെ യഥാർത്ഥ ഉപജ്ഞാതാക്കൾ മറ്റുള്ളവരാണ് .അവരില്ലെങ്കിൽ നമ്മുടെ ചുണ്ടുകൾ മരവിക്കാനേ സാധ്യതയുള്ളു. എന്നാൽ ആ നിരാശയിൽ അരവിന്ദാക്ഷൻ  മനുഷ്യശബ്ദം കേൾക്കുന്നു . കാളവണ്ടിയുമായി വെള്ളത്തിന് പോകുന്ന ഒരാളുടെ പാട്ടായിരുന്നു അത് .'എത്ര മന്വന്തരങ്ങൾക്ക് ശേഷമാണ് മനുഷ്യശബ്ദം  കേൾക്കുന്നതെന്നയാൾ ഓർത്തു. മനുഷ്യശബ്ദം മധുരമാണെന്ന് അയാൾ അറിഞ്ഞു". ഈ അവസ്ഥയിലായിരിക്കും നമ്മൾ ശരിക്കും മനുഷ്യശബ്ദത്തിലെ ദൈവികത തിരിച്ചറിയുക. ധാരാളം ശബ്ദങ്ങൾ ഉള്ളപ്പോൾ നമുക്കത് വലിയ കാര്യമായിരിക്കുകയില്ല. മാനവരാശി ഇല്ലാതായി എന്നുറപ്പിച്ച ശേഷം, യാദൃശ്ചികമായി കേൾക്കുന്ന മനുഷ്യശബ്ദം എത്ര സുന്ദരമായിരിക്കും! .എന്തെല്ലാം അർത്ഥങ്ങൾ അതിലുണ്ടായിരിക്കും!. പിന്നീട് അരവിന്ദാക്ഷൻ ആ  വണ്ടിക്കാരനൊപ്പം പോയി അവരുടെ ഗ്രാമത്തിൽ മഴ വരാൻ വേണ്ടി തപസ്സിരിക്കുകയാണ്. കാരണം അയാൾ മഴയുടെ മകനാണല്ലോ. ഈ കഥയിൽ അരവിന്ദാക്ഷൻ്റെ  സ്വപ്നവും മനുഷ്യത്വവും ഒരു ചരടായി നമ്മളിലേക്ക് നീളുന്നു. ലോകം ആന്തരികമായി ,ധാർമ്മികമായി ക്ഷയിക്കുമ്പോൾ ഉണ്ടാകുന്ന ശൂന്യതയ്ക്ക് അഭിമുഖമായി വരുന്ന ഒരു പാവം നിസ്സഹായനായ മനുഷ്യൻ്റെ  ജീവിതമാണത്. അയാളിലൂടെ പുറത്തു വരുന്ന വാക്കുകൾ അത് വ്യക്തമാക്കുന്നു :
'വണ്ടിക്കാരൻ അടുത്തേക്ക് വന്നു. ക്ഷീണിതവും താഴ്ന്നതുമായ സ്വരത്തിൽ അയാൾ ചോദിച്ചു. ആരാ ?എവിടുന്നാ? അരവിന്ദാക്ഷൻ ചുണ്ടുകൾ അനക്കി .പക്ഷേ ,ശബ്ദമൊന്നും പുറത്തേക്ക് വന്നില്ല .വാക്കുകൾ അപ്പോഴും തൊണ്ടയ്ക്കിടയിൽ എവിടെയോ ചത്തുകിടക്കുകയായിരുന്നു. ഒടുവിൽ ചത്ത വാക്കുകൾ ശവക്കുഴിയിൽ നിന്നെന്ന മാതിരി ഒരടക്കം പോലെ പുറത്തേക്ക് വന്നു...
ഒരു വഴിപോക്കൻ '

വീണ്ടും അലയുന്നവർ

വഴിപോക്കരായ ആളുകൾ ഇപ്പോൾ പെരുകുകയാണ് .മനുഷ്യവർഗ്ഗം, പ്രാചീനകാലത്തെ അനുഭവിച്ചുകൊണ്ട് വീണ്ടും നാടോടികളായിരിക്കുന്നു. ഒരിടത്തും ഉറച്ചിരിക്കാൻ അനുവാദമില്ലാത്തവിധം വംശീയ സംഘർഷങ്ങൾ ,കാട്ടുതീ , അതിർത്തി തർക്കങ്ങൾ ,യുദ്ധങ്ങൾ, പകർച്ചവ്യാധികൾ, തൊഴിൽ പ്രശ്നങ്ങൾ , കാലാവസ്ഥാവ്യതിയാനം ,പാരിസ്ഥിതിക നാശം തുടങ്ങിയവ നമ്മെ വീണ്ടും അലഞ്ഞു തിരിയുന്ന വർഗമാക്കി മാറ്റിയിരിക്കുന്നു. മാനവവർഗം ഗതികെട്ട് അവൻ്റെ പെരുമാറ്റരീതി മാറ്റുകയാണ്. സ്വയമൊരു വക്രീകരണമാവുകയാണ്. ഒരു വസ്തുതയെ നേരായി വീക്ഷിക്കുന്നതിന് പകരം വക്രീകരിക്കുകയേ മാർഗമുള്ളു. 

ഇതിനോടു ചേർത്തുവച്ചു കാണേണ്ട ഒരു ചിത്തഭ്രമത്തിൻ്റെ കാര്യമാണ് ഇനി പറയുന്നത്. 1518 ജൂലൈ മുതൽ സെപ്റ്റംബർ വരെ ഫ്രാൻസിലെ സ്ട്രാസ്ബർഗിൽ മതിഭ്രമം ബാധിച്ചപോലെ ചിലർ നൃത്തം ചെയ്യുകയുണ്ടായി .'ഡാൻസ് പ്ലേഗ്' എന്നാണ് ഇത് അറിയപ്പെടുന്നത്. നൂറുകണക്കിനാളുകൾ ,ഒരു പ്രത്യേക മാനസികഭ്രംശത്തിൻ്റെ ഫലമായി മറ്റൊരു കാരണമില്ലാതെ നൃത്തം ചെയ്യുകയാണ്!. ഫ്രോ ത്രോഫിയ എന്ന സ്ത്രീയാണത്രെ ആദ്യം നൃത്തം ചെയ്തത്. അവൾ പലപ്പോഴായി പരസ്യമായി തെരുവിൽ നൃത്തം ചെയ്തു ,ഒരാഴ്ചയോളം. അവൾ തൻ്റെ ശാരീരികമായ അവശതകൾ  ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. 

ഫ്രോ തുടങ്ങിവച്ച ആ നൃത്തത്തിൽ പലരും പങ്കു ചേർന്നു. അതിൽ തെരുവിലെ കാണികളും വേശ്യകളും, കലാകാരന്മാരും അണിചേർന്നു .എന്തുകൊണ്ടാണ് തങ്ങൾ നൃത്തം ചെയ്യുന്നതെന്ന്  അവർക്കറിയില്ലായിരുന്നു. ഈ നൃത്തത്തെക്കുറിച്ച് പലരും എഴുതിയിട്ടുണ്ട്. കവിതകളും എഴുതപ്പെട്ടു. ഇംഗ്ളീഷ് വൈദ്യശാസ്ത്ര ചരിത്രകാരൻ ജോൺ വാലർ എഴുതിയ 'എ ടൈം ടു ഡാൻസ് ,എ ടൈം ടു ഡൈ' എന്ന പുസ്തകം ഈ നൃത്തത്തെ ഒരു ഗവേഷകമനോഭാവത്തോടെ സമീപിക്കുകയാണ്. നൃത്തം ചെയ്ത് മനുഷ്യർ മരിക്കാനിടയാക്കിയ ആ പ്ലേഗ് എന്തിൻ്റെ സൂചനയായിരുന്നു. മധ്യകാലഘട്ടത്തിലെ ഭയത്തിൻ്റെയും അപഭ്രംശങ്ങളുടെയും മന:ശാസ്ത്ര പരമായ പ്രതികരണങ്ങളായിരുന്നു. മനുഷ്യൻ അവനിൽ സംഭവിക്കുന്നത് എന്താണെന്ന് മനസ്സിലാക്കുന്നതിന് മുമ്പ് തന്നെ വിചിത്രമായ ഒരു തലത്തിലേക്ക് പ്രവേശിക്കുകയാണ്. സ്വപ്നസദൃശമായ ഒരിന്ദ്രിയം അവനിൽ കൂട്ടിച്ചേർക്കപ്പെടുന്നു.

ജോൺ വാലർ തൻ്റെ പുസ്തകത്തിൽ പറയുന്നത് എത്ര പേർ നൃത്തം ചെയ്തു മരിച്ചു എന്നതിന് കണക്കില്ലെന്നാണ്. അദേഹം ഇതിനായി വിവിധ ചരിത്രകാരന്മാരുടെയും ഡോക്ടർമാരുടെയും മന:ശാസ്ത്രജ്ഞന്മാരുടെയും കുറിപ്പുകൾ പരിശോധിച്ചിരുന്നു. ഒരു രേഖയിൽ സൂചിപ്പിക്കുന്നത്, ദിവസം പതിനഞ്ച് പേർ മരിച്ചു എന്നാണ്. വേനലിൻ്റെ ആധിക്യം ,ഭക്ഷണക്കുറവ് തുടങ്ങിയ കാരണങ്ങൾ നൃത്തം  ചെയ്തവരെ മരണത്തിലേക്ക് നയിക്കുകയായിരുന്നു. 
ആയിരക്കണക്കിനാളുകളുടെ മാനസിക ഘടനയിൽ ഡാൻസ് പ്ളേഗ് വിള്ളലുണ്ടാക്കി. പലരും സ്വന്തം ബോധത്തിൻ്റെ അപസ്മാരപെരുമാറ്റങ്ങൾക്ക് സ്വയം വിട്ടുകൊടുത്തു ചിന്തയിൽ നിന്നൊഴിഞ്ഞു. ഭയം ഒരു സാർവത്രിക വികാരമായി .മധ്യകാലഘട്ടത്തിലെ അനിശ്ചിതാവസ്ഥയും അന്ധവിശ്വാസങ്ങളും ഇതിനു ശക്തിപകർന്നു.

ദൈവവും പിശാചും

ദൈനംദിനജീവിതം ദുസ്സഹമായ കാലമായിരുന്നു. കർഷകർ പ്രക്ഷോഭത്തിലായിരുന്നു. ഭീകരമായ അനിശ്ചിതാവസ്ഥ മിക്കവരെയും താളം തെറ്റിച്ചു. ഇങ്ങനെ മനുഷ്യർ വിഭ്രാമകമായ വിസ്മൃതിയിൽ അഭയം തേടുന്നത് അബോധമായി സംഭവിക്കുന്ന ഒരു മാനസികതന്ത്രമായിരിക്കാം. എന്തിനു ഇത്രയും പേർ തങ്ങൾക്ക് തോന്നിയ ഇടങ്ങളിൽ ,ഇഷ്ടംപോലെ നൃത്തം ചെയ്തു?. ഭക്ഷ്യക്ഷാമം ,വസൂരി ,മറ്റു രോഗങ്ങൾ, ഭയം ,വേദന, ശൂന്യത തുടങ്ങിയവ മനുഷ്യരെ അവരുടെ യുക്തിയിൽ നിന്നു  ഇറക്കിവിടുകയായിരുന്നു.

ജോൺ വാലർ പറയുന്നുണ്ട് ,പ്രമുഖ ഡച്ച് കലാകാരനായ ഹിരോണിമസ് ബോഷ് (1450-1516) രചിച്ച 'ദ് ഗാർഡൻ ഓഫ് എർത്ത്ലി ഡിലൈറ്റ്സ്' എന്ന ചിത്രത്തിലെ പേടിസ്വപ്നസമാനമായ അന്തരീക്ഷം  ഡാൻസ് പ്ളേഗിനുള്ള വിശദീകരണമാണെന്ന്. ഈ ചിത്രം മധ്യകാലജീവിതത്തിൻ്റെ വിചിത്രവിചാരങ്ങളും ആധിജ്വരങ്ങളും അനാവരണം ചെയ്യുകയാണ്.ജീവിതം അത്രമേൽ ഭ്രാന്തവും നിരാലംബവുമായിരുന്നു. ജർമ്മൻ ചിത്രകാരനായ ആൽബർട്ട് ദൂഹ(1471-1528)വരച്ച 'ക്രൈസ്റ്റ് ആസ് ദ് മാൻ ഓഫ് സോറോസ്' എന്ന ചിത്രം  ഡാൻസ് പ്ളേഗിനു ഇരയായ  മനുഷ്യരുടെയുള്ളിലെ വിഷാദം ഓർമ്മിപ്പിക്കുമെന്നാണ് ജോൺ വാലർ വാദിക്കുന്നത്. വിഷാദത്തെ ജ്വരമായി പരിഭാഷപ്പെടുത്തുകയാണ് ആ ചിത്രം. മധ്യകാലഘട്ടത്തിലെ മതസ്ഥാപനങ്ങൾ മേൽനോട്ടം വഹിച്ച അതീതമായ സങ്കല്പങ്ങൾ മനുഷ്യരെ മഥിക്കുന്ന ആത്മീയസംഘട്ടനങ്ങളിലേക്ക് കൊണ്ടുപോയി എന്നാണ് അദ്ദേഹം സൂചന നല്കുന്നത്. അന്തരീക്ഷത്തിൽ നിറഞ്ഞു നിന്ന ദൈവവും പിശാചും തമ്മിലുള്ള യുദ്ധവും മരണാനന്തര ജീവിതത്തെപ്പറ്റിയുള്ള പേടിപ്പിക്കുന്ന ചിന്തകളും വർത്തമാനകാലത്തെ സമീപിക്കാൻ പലർക്കും തടസ്സമായിത്തീർന്നു. വർഷങ്ങൾക്ക് ശേഷം പീറ്റർ ബ്രൂഗൽ വരച്ച ' 'പെസൻ്റ് വെഡ്ഡിംഗ്' എന്ന ചിത്രം സമാനമായ വിധത്തിൽ കർഷകരുടെ വിലക്കപ്പെട്ട നൃത്തമാണ് ആവിഷ്കരിക്കുന്നത്.

മനുഷ്യൻ്റെ അബോധത്തിൽ അടിഞ്ഞിട്ടുള്ള അനിയന്ത്രിതമായ സിദ്ധികൾ ,ചിലയവസരങ്ങളിൽ അവനെ സ്വയം വിമോചിപ്പിക്കാൻ ശേഷിയുള്ളതാണ്. അനുകൂലസാഹചര്യം വരുമ്പോൾ അവൻ എല്ലാ ഭൗതികദുരിതങ്ങളെയും മറന്ന് മറ്റൊരു താളത്തിനൊത്തു നൃത്തം ചവിട്ടുന്നു. വാലർ ഉന്നയിക്കുന്ന വേറൊരു പ്രശ്നം, നമ്മുടെ സാമൂഹിക, ബൗദ്ധികസാഹചര്യങ്ങളെക്കുറിച്ചാണ്. ഇതെല്ലാം പലകാലങ്ങളിലൂടെ  മാറുന്നുണ്ട്. പുതിയ വെല്ലുവിളികൾ ഉണ്ടാവുകയും അതിനെ മറികടക്കാൻ പുതിയ വ്യവസ്ഥകൾ രൂപപ്പെടുകയും ചെയ്യുന്നു. എന്നാൽ എല്ലാത്തിനോടും  ഒത്തുപോകാൻ അല്ലെങ്കിൽ പിടിച്ചുനിൽക്കാൻ കഴിയാത്ത ഒരു ന്യൂനപക്ഷം അവശേഷിക്കുന്നുണ്ടാവും .സ്വാർത്ഥപ്രേരിതമായ പലായനത്തിനിടയിൽ ഏതൊരു സാമൂഹികവ്യവസ്ഥയും ഇത്തരം ദുർബ്ബലരെ അവഗണിച്ചുകൊണ്ടാണ് മുന്നോട്ടുപോകുന്നത് .യുദ്ധമോ വറുതിയോ ഉണ്ടാകുമ്പോൾ ഈ അശരണർ പുറന്തള്ളപ്പെടുന്നു. ബൗദ്ധിക ,സാമൂഹ്യസാഹചര്യങ്ങക്കൊത്ത് മനസ്സിൻ്റെ ഘടന മാറുന്നില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു. വർദ്ധിച്ചു വരുന്ന ബാഹ്യസമ്മർദ്ദങ്ങളും മനുഷ്യൻ്റെ ചുരുങ്ങിയ മാനസികഘടനയും രണ്ടു വഴിക്ക് സഞ്ചരിക്കുന്നത് നിരാശാജനകമായ വഴിമാറലുകൾക്ക്  ഇടവരുത്തുകയാണ് .

No comments:

Post a Comment