Tuesday, January 11, 2022

ആത്മായനങ്ങളുടെ ഖസാക്ക് / എം കെ ഹരികുമാർ/ഭാഗം 9

  


ഇരുണ്ടപ്രവാസം

മനുഷ്യരോടും വസ്തുക്കളോടും സ്ഥലങ്ങളോടും ഇടപഴകുമ്പോൾ, അവ വാക്കുകൾക്കപ്പുറത്തൊരു വ്യഥ പകർന്നു തരുന്നുവെന്ന് ബെർദ്‌യെവ്‌ന്റെ Nikolai  Berdyaev: Dream and Reality , 1950ഒരു പഠനത്തിൽ പറയുന്നുണ്ട്. മൃത്യുപോലെ ഭീകരവും അനിയന്ത്രിതവുമായ കാലസ്ഥലങ്ങളുടെ വ്യസനശൃംഖലകൾ മനുഷ്യന്റെ സരളതയെല്ലാം ഉൾക്കൊണ്ടാണ് കിടക്കുന്നത്. ഭീതി അവനെ പ്രേരിപ്പിക്കുകയാണ് ചെയ്യുന്നത്. അത് പ്രവർത്തനത്തിലേക്കുള്ള ചില ജൈവബന്ധങ്ങൾ തുറന്നിടുന്നു. ലോകത്തിലായിരിക്കുമ്പോൾ അവന് ഗൃഹത്തിന്റെ തടാകസ്വച്ഛതകളിലേക്കു മടങ്ങാനാവില്ലെന്ന് ഹൈഡഗറും ഓർമ്മിപ്പിക്കുന്നുണ്ട്.

 ജൈവരോഹണങ്ങളുടെ തോടുടയുമ്പോൾ, പുതിയൊരു കോശത്തിലകപ്പെടുമ്പോൾ നരന് വസ്തുസ്പർശനത്തിന്റെ ബോധമുണ്ടാകുന്നു. സ്വച്ഛവും വിലോലവുമായ എല്ലാ അടിയൊഴുക്കുകൾക്കും മുകളിൽ പ്രാർത്ഥനകൾ വന്നു നിരക്കുന്നതിങ്ങനെയാണ്. വസ്തുസ്പർശങ്ങളുടെ ബോധമുദിക്കുന്നതിന്റെ ദൃഷ്ടാന്തം പ്രവർത്തനത്തിന്റെ വേഗങ്ങളിലും വൈകാരികസന്ധികളിലും വിരിഞ്ഞുനിൽക്കുന്നു. ഇച്ഛയുടെ വിളിയും ശാന്തമായ പോക്കും ബാഹ്യപ്രത്യക്ഷങ്ങളായി മാറുകയാണ്. കാലത്തെയും സ്ഥലത്തെയും ആത്മയാനങ്ങളുടെ ഇരുണ്ട പ്രവാസത്തിലൂടെ നയിക്കുകയും വചനങ്ങളുടെ സിരകളിൽനിന്ന് വിട്ടുനിൽക്കുന്ന മൗനങ്ങളിലൂടെ ഭീതിയിലേക്കും ശാന്തതയിലേക്കും വളർത്തുകയും ചെയ്തുകൊണ്ട് വിജയൻ പ്രവർത്തനത്തിന്റെ ബാഹ്യമായ ഇന്ദ്രിയങ്ങളിലേക്ക് കടന്നുചെല്ലുന്നു. 

 ഖരാവസ്ഥകളുടെ തളിരുകളിലേക്ക്

മനസ്സിന്റെ ഇരുണ്ട പ്രവാസത്തിന്റെയും അഭായന്വേഷണങ്ങളുടെയും ജൈവസംയുക്തങ്ങളെ പുറത്തെടുക്കുകയാണ്. പരിചിതരൂപങ്ങളുടെ അസാധാരണമായ ചെപ്പുകളിൽ ചോദനകളുടെ പുഷ്പം വിരിയുന്നുണ്ട്. മോഹങ്ങളുടെ കവചങ്ങളിൽ നിന്ന് ഇറങ്ങിവന്ന് മനുഷ്യൻ ഖസാക്കിന്റെ രഹസ്യസ്ഥലങ്ങളിലൂടെ നടന്നു. ദൃശ്യങ്ങളുടെ പ്രപഞ്ചാതിർത്തിയിലെവിടെയോ ഉള്ള സ്വകാര്യതകളുടെ ദിവ്യമൂശ (Divine Mould) ഓരോരുത്തരെയും പ്രലോഭിപ്പിക്കുന്നതു നാമറിയുന്നു. പുഷ്പങ്ങളിലേക്ക് ചിത്രശലഭങ്ങളെന്നപോലെ മനുഷ്യർ ഭൗതിക ഖരാവസ്ഥകളുടെ തളിരുകളിലേക്ക് ആസക്തരാവുകയാണ്. പദാർത്ഥത്തിൽനിന്ന് കാലത്തിന്റെ വിത്ത് സംഭരിക്കുമ്പോൾ ഹൃദയത്തിന്റെ പരാഗണം ജീവിതകാമനയായിത്തന്നെ തുടരുന്നുണ്ട്. ജീവിതത്തിന്റെ ദൈനംദിന സ്പർശങ്ങളിലൂടെ അപാരമായ ഇച്ഛാപ്രവർത്തനങ്ങളെ വിജയൻ തൊട്ടറിയുകയാണ്.

മൈമുനയുടെ ഇച്ഛാശക്തിയും ആബിദയുടെ ഇച്ചാഭംഗവും ഇടകലർത്തി ആവിഷ്‌കരിക്കുന്നു. മൈമുനയും ആബിദയും രണ്ടു വ്യത്യസ്ത കഥാപാത്രങ്ങളുടെ ദ്വീപുകളിലാണെന്ന് തോന്നുമെങ്കിലും ദിവ്യരൂപങ്ങളുടെ വിധി ഏറ്റുവാങ്ങുന്നതിൽ അവർ തുല്യരാണ്. മൗനം നിറഞ്ഞ സഞ്ചാരങ്ങളും വാക്കുകൾ ഉതിർക്കാത്ത പ്രാർത്ഥനകളും അവരുടേതാണ്. പ്രപഞ്ചത്തിന്റെ ജൈവഘടനകളിലെ ആതുരമായ ഘട്ടത്തിന്റെ പ്രതിഷ്ഠയായിട്ടാണ് കഥാപാത്രത്തെ വിജയൻ കാണുന്നത്. ദീനതയും ഉത്കൃഷ്ടതയും ഒരേ അരങ്ങിൽവെച്ച് പരിശോധിക്കുമ്പോഴും പരസ്പരം മറയ്ക്കാനും അഭയം തേടാനുമുള്ള ഭൗതികമുറകളായി കഥാപാത്രങ്ങൾ പ്രത്യക്ഷപ്പെടുന്നു. സത്യത്തിൽ കഥാപാത്രങ്ങളുടെ വിന്യാസം ശുദ്ധീകരണത്തിന്റെ മേകലകളെയാണ് സൂചിപ്പിക്കുന്നത്. 

ലോകത്തിന്റെ ജൈവബിന്ദുവായി നിലനിൽക്കവെ, തന്നിൽ മറ്റൊരു ജീവിതം തനതായ ശരീരവും മനസ്സുമായി പ്രവർത്തനങ്ങളിലേർപ്പെടുന്നത് കണ്ടറിഞ് ജേക്കബ് ബോയ്മി (Jacob Boehme : The Signature of All Things )ഓർമ്മയിൽ വരുന്നു. ബോയ്മിയുടെ അന്തർഘടനയിൽ വിഷം വലിച്ചെടുത്ത് പുഷ്പിച്ച ഒരു ചെടിയുണ്ടായിരുന്നു. കാലത്തിന്റെ ഒഴുക്കിൽ ആ ചെടി മാഞ്ഞുപോകവെ, മനസ്സ് വെള്ളക്കുതിരയുടെ സമതലങ്ങൾ തിരിച്ചറിയുന്നു. ഉള്ളിലെ അരുതായ്കകളെ ലോകത്തിന്റെ ഖരാവസ്ഥയിൽ ഉരച്ചുരച്ച് ഇല്ലാതാക്കുകയാണിവിടെ. അതിൽ പിന്മാറ്റമില്ല. വിജയനും അധോരാഗത്തിന്റെ ഉത്തേജനങ്ങളിൽ മുഴുകി അതിന്റെ കറകളെല്ലാം കഴുകിയെടുക്കാൻ ശ്രമിച്ചു. കഥാപാത്രങ്ങളുടെ സൃഷ്ടിയിലും ഉരസലുകളിലും അത്തരമൊരു വിമലീകരണം അടങ്ങിയിരിപ്പുണ്ട്. 

 

വിശ്വാസപരമായി തദ്ദേശവാസികൾ വ്യത്യസ്തരാണ്. എഴുത്തുകാരന്റെ ഗ്രാമത്തിലും അവർ അങ്ങനെതന്നെ കഴിയുന്നു. എന്നാൽ ഓരോ ജൈവചലനവും മറ്റൊരു വസ്തുവിന്റെ ഭൗതികശേഖരത്തിൽനിന്നും ഭക്ഷണം സമ്പാദിക്കുന്ന ആത്മീയപ്രക്രിയകളിലേക്കു ഗ്രാമത്തിന്റെ സഞ്ചാരത്തെ പരിവർത്തിപ്പിക്കുമ്പോഴാണ് ഉദാത്തമായ മനസ്സിന്റെയും കലയുടെയും സാന്നിദ്ധ്യമുണ്ടാകുന്നത്. മനുഷ്യരിലൂടെ മനുഷ്യരെ അറിയുക. അങ്ങനെ സ്വന്തം മനസ്സിൽ വീണ രഥചക്രങ്ങളെ ഉയർത്തിയെടുക്കുക. വിജയൻ സാക്ഷാത്കരിക്കാൻ ശ്രമിക്കുന്നത് ഇത്തരം ഉൾനോവുകളാണ്.

 ഖസാക്കിന്റെ മനസ്സിലും ശരീരത്തിലും

ഖസാക്കിലെ ബോധത്തിന്റെ ധമനികളായി പാറകളുണ്ട്; ഷെയ്ഖിന്റെ അസ്ഥികൾ വിശ്രമംകൊള്ളുന്ന പാറകൾ. അരയാലിലകളും കരിമ്പനകളും കാറ്റും നീലത്താമരകളും ഓരോ ശ്വാസനങ്ങളുടെ ജൈവസ്മൃതികളാണ്. രവിയെയും മൊല്ലാക്കയെയുംപോലെ പാറക്കെട്ടുകളും കൃഷ്ണകാന്തികളും തങ്ങളുടേതായ ദിവ്യശരീരത്തിൽ വസിച്ചു. വെള്ളിമേഖങ്ങളും മലകളും ഓരോരോ ഉൾപ്രേരണകളുടെ അന്തർധാരകളായിവന്ന് ഖസാക്കിന്റെ മനസ്സിലും ശരീരത്തിലും കൂട്ടിരിക്കുന്നു. വസ്തുവിനും ധാരണക്കും അവയവങ്ങളും പരിണാമവും ഉണ്ടെന്ന് വിജയൻ വിശ്വസിക്കുന്നു. മനസ്സിന്റെ ലോകത്ത് ആരാണ് വ്യസനിക്കുകയും ജീവിക്കുകയും ചെയ്യാത്തത്! പരിചയങ്ങളുടെ മുനമ്പിൽ കണ്ടുമുട്ടുന്ന ഓരോന്നും സ്മൃതിയുടെ മുറ്റത്ത് ഏതോ ശിശുവിനെ ഉപേക്ഷിച്ചുപോകുന്നു. ഖസാക്കിനെ ഗ്രാമത്തിന്റെ അണിവ് നല്കി ഒരുക്കുമ്പോഴും അധോലോകത്തിന്റെ പൂന്തോട്ടവും ശരീരത്തിന്റെ ഖനിയും എന്ന അനുഭവത്തിലാണ് വിജയൻ പകർത്തിയിരിക്കുന്നത്. നോക്കിയാലും നോക്കിയാലും കാണാത്ത ഖസാക്കിന്റെ അന്തരംഗത്തിന്റെ ഇന്ദ്രിയങ്ങളിൽ മനുഷ്യരും സൗഹൃദങ്ങളും ഓർമ്മകളും കുസൃതികളിലൂടെ പകരംവീട്ടിയും സ്‌നേഹിച്ചും കഴിഞ്ഞു. വിടരുകയും കൊഴിയുകയും ചെയ്യുന്ന പ്രേരണകളെപ്പോലെ മനുഷ്യരും ഖസാക്കിലൂടെ മിന്നിമറഞ്ഞ് നടന്നു. 

വഴിയോരത്തു ചെല്ലുമ്പോൾ, ആറ്റുതീരത്തു ചെല്ലുമ്പോൾ 'ആരോടോ അവർ സംസാരിച്ചുപോകുന്നു. ഏകാന്തമായ അപസ്വരങ്ങളുടെ വർദ്ധിച്ച ഭാരവുമായി ഈ സന്ധ്യയിൽ നിൽക്കുകയാണ്. ആബിദ ആരശുമരങ്ങൾക്കിടയിലൂടെ നടന്നപ്പോൾ തുമ്പിയാകുന്നതും ഷെയ്ഖിന്റെ കുതിരപ്പുറത്ത് സവാരിചെയ്യുന്നതായി സ്വപ്‌നം കാണുന്നതും അവളുടെ വെറും ഓർമ്മത്തെറ്റുകളല്ല. ഖസാക്കിന്റെ ബോധത്തിന്റെ ഉൾപ്രേരണയുടെ ജൈവബിന്ദു കാലസ്ഥലങ്ങളിലൂടെ യാനംചെയ്യുന്നതാണിത്. പ്രാണികളും ജന്തുക്കളും മനുഷ്യരും വസ്തുക്കളും അധിവസിക്കുന്ന മനസ്സിന്റെ യാഥാർത്ഥ്യം അന്വേഷിക്കുമ്പോൾ വിജയൻ പ്രകൃതിയുടെ അന്തരംഗത്തിൽ കുടിയേറിപ്പാർക്കുകയാണുണ്ടായത് എന്നു കാണാം. ഇരുട്ടിന്റെ അറകളിലേക്ക് പതിച്ചെങ്കിലും, ജഡത്തിലേക്കു ബോധം എന്നപോലെ ദൈവം എന്നിലേക്ക് നടന്നുവന്നുവെന്ന് അനുസ്മരിക്കുന്ന കഥാപാത്രം അരവിന്ദഖോഷിന്റെ (Aurobindo : The Hero and the Nymph by Kalidasa )നാടകത്തിലുണ്ട്. വസ്തുക്കളുടെയും പുരാണങ്ങളുടെയുമിടയിൽ നോവലിസ്റ്റ് മനസ്സിന്റെ ഭൂമിശാസ്ത്രം അറിയാൻ ശ്രമിക്കുകയാണ്. ആ അന്വേഷണത്തിൽ ഖസാക്ക് അലൗകികമായ സ്പർശനമായിട്ടനുഭവപ്പെടുന്നു. 

 ആദ്ധ്യാത്മികചിന്തകളുടെ മഥനങ്ങൾ

ഖസാക്കിൽ അന്തിമമായി എല്ലാം എത്തിച്ചേരുന്നത് നാം കാണുന്നു. കൃത്രിമമായി നിർമ്മിക്കപ്പെട്ട ബാഹ്യലോകമോ യാഥാർത്ഥ്യത്തിന്റെ ആയുസ്സ് നഷ്ടപ്പെട്ട കിനാവോ ഈ എഴുത്തുകാരനെ പ്രലോഭിപ്പിച്ചില്ല. എന്നാൽ അഴകുനിറഞ്ഞ ആദ്ധ്യാത്മികചിന്തകളുടെ മഥനങ്ങൾ കലയിലേക്ക് പരിഭാഷപ്പെടുത്താൻ ശ്രമിച്ചു. മനുഷ്യൻ അധിവസിക്കുന്ന ലോകത്തിൽ മനുഷ്യനെ പ്രവർത്തനോന്മുഖനാക്കുന്ന ഉൾപ്രേരണകളുടെ സ്വകാര്യവും സ്വതന്ത്രവുമായ കർമ്മപഥങ്ങൾ വിജയന്റെ ആലോചനകളുടെ സർഗശാലയിൽ പുനരാവിഷ്‌കരിക്കപ്പെടുകയാണ് ചെയ്തത്. പ്രജ്ഞയുടെ രഹസ്യസ്ഥലങ്ങളിലേക്കുള്ള യാത്ര അവിരാമമാണെന്നോർക്കുക. 

കാലത്തിന്റെ ധനുസ്സിൽ നനുത്ത വിയർപ്പുതുള്ളികളായി നിലനില്ക്കുമ്പോഴും ഓരോ ജീവകണവും പ്രപഞ്ചത്തിലെ ഉൾധാരകളുടെ സാന്നിദ്ധ്യം പ്രസരിപ്പിക്കുന്നു. സ്വന്തം അനുഭവങ്ങളുടെ വ്യസനപൂർണ്ണമായ ഭൂതകാലത്തെ വീണ്ടെടുക്കാനുള്ള ഉദ്യമത്തിലാണ് വിജയൻ ഖസാക്കിന്റെ ഹൃദയത്തിലെത്തിച്ചേർന്നത്. ഒരു നിമിഷത്തിന്റെ പരിസരത്തിൽ ദുഃഖത്തിന്റെ എത്ര ധാതുക്കളുണ്ട്? അതിൽ ഗതകാലത്തിന്റെ എത്ര വർണ്ണങ്ങളുണ്ട്? മൃണ്മയമായവരുടെ എത്ര മുഖങ്ങൾ ഉഹിച്ചെടുക്കാനാവും? നിമിഷത്തിന്റെ ഹൃദയത്തിലേക്ക് ആധിയുമായി പര്യവേഷണത്തിനാണ് വിജയൻ ശ്രമിച്ചത്. അതുകൊണ്ട് എല്ലാ വസ്തുക്കളും അവയുടെ രൂപഭദ്രതയിൽ അകവും പുറവും കാണിച്ചുകൊണ്ട് അവതരിക്കുന്നു. എന്നാൽ നിമിഷങ്ങളുടെ ഘനം അതേ രീതിയിൽ നോവലിസ്റ്റ് പ്രതിഷ്ഠിച്ചുവയ്ക്കുന്നില്ല. അതിന് ജൈവധാരയുടെ അഴകും തൂവലും നൽകി, കാലം പ്രപഞ്ചമാണെന്ന ദിവ്യക്കാഴ്ചയിലേക്കാണ് നയിക്കുന്നത്. 

സ്മൃതി ദുരന്തങ്ങളിലും ഓർമ്മത്തെറ്റുകളുടെ ഹിമരാത്രികളിലും കഴിയേണ്ടിവന്നപ്പോൾ സ്വന്തം ലോകത്തെക്കുറിച്ചുള്ള വിചാരങ്ങൾ എഴുത്തുകാരന് പുതുക്കേണ്ടിവന്നു. അങ്ങനെ അതിഭൗതികത ജന്മങ്ങളുടെ കർമ്മപരിസരങ്ങളിൽ നിലയുറപ്പിച്ചിരിക്കുന്നത് കണ്ടറിഞ്ഞു. ശൈഥില്യങ്ങളിലൂടെ മനസ്സ് തിരോഭവിക്കുന്നു; അവസാനം ദിവ്യരൂപങ്ങളുടെ സ്വച്ഛതയിൽ വിശ്രമിക്കുന്നു. - ബട്‌ലറിന്റെ ( Dom Cuthbert Butler : Western Mysticism , 1922)വാക്കുകൾ ഓർമ്മയിൽ കുരുക്കുന്നു. പ്രജ്ഞയുടെ അനുസ്യൂതമായ ശൈഥില്യം 'ഖസാക്കിന്റെ ഇതിഹാസ'ത്തിൽ ആവിഷ്‌കരിക്കുന്നുണ്ട്. എന്നാൽ അതിൽ മനസ്സിൽ കൊഴിയുന്ന ഇലകളേക്കാൾ പ്രത്യക്ഷമായിരിക്കുന്നത്, ആന്തരികയാത്രയിലൂടെ, കർമ്മപഥങ്ങളിലൂടെ മൗനത്തിലേക്കും പ്രപഞ്ചത്തിന്റെ ഹൃദയത്തിലേക്കും കുതിക്കുന്ന ദുഃഖമാണ്.

ചുക്രുരാവുത്തരുടെയും മൈമുനയുടെയും ആബിദയുടെയും ദുഃഖാവസരങ്ങളിലേക്കും വ്യസനഭൂമിയിലേക്കും ശ്രദ്ധകൊടുക്കുമ്പോൾ പ്രാണയാനങ്ങളുടെ ഏകാഗ്രമായ, ദുഃഖം നിറഞ്ഞ, രഹസ്യവേളകളെ നാം കണ്ടുമുട്ടുന്നു. പ്രാണയാനങ്ങൾ അജ്ഞാതമായ ശ്വസനങ്ങളിലൂടെ, ലോകത്തിന്റെ ഇടുക്കുകളിലൂടെ മിന്നിമിന്നിപ്പോകുകയാണ്. അവയുടെ യാത്രകളിലത്രയും ഉൾഭീതിയും ജലകണങ്ങളും ഭൗതികസ്പർശങ്ങളും കത്തിനിൽക്കുന്നു. ലോകത്തിന്റെ കറുത്ത ചതുരങ്ങളിൽ രാത്രിയുടെ ചിത്രമെഴുതി കാലം കഴിക്കുന്ന പ്രാണയാത്രകളെ ഓർമ്മയിൽ വീണ്ടെടുക്കുക. ദൈവം മനുഷ്യന്റെ പ്രാഥമിക ചിന്തകളിൽപ്പോലും നൂൽപാകിയിരിക്കുന്നത് ഓർക്കുക. ലോകം കറുത്ത ചതുരമായി ചുരുങ്ങിപ്പോകുന്ന വേളകൾ അനുഭവിക്കാനാകുന്നു. എന്നാൽ അതിന്റെ സ്വകാര്യതയിൽ, ഭീതിയുടെ തോടു പൊട്ടിച്ച് നിലനില്പിനപ്പുറം കാതുകൊടുക്കുന്ന സാകല്യാവസ്ഥയെയാണ് വിജയൻ പകർത്താൻ ശ്രമിക്കുന്നത്. അതിനായി പദാർത്ഥങ്ങൾക്കുള്ളിലെ കൊട്ടാരത്തിലും കുമാരന്റെ രഥത്തിലും വിജയൻ മിഴിനടുന്നു. വളരെനേരം കൊട്ടാരത്തിലെ ആഘോഷങ്ങൾ കാണുന്നു.

 ഖസാക്ക് ഒരു ഗ്രാമംപോലുമല്ല

 കുമാരന്റെ യുദ്ധസന്നാഹം വീക്ഷിക്കുന്നു. യുദ്ധത്തിൽ പരാജയപ്പെട്ട കുമാരന്റെ പടയുടെ പിന്മാറ്റം ശ്രദ്ധയിൽപ്പെടുന്നതു പൊടുന്നനെയാണ്. ഒടുവിൽ കൊട്ടാരത്തിന്റെ ദുഃഖത്തിലെത്തിച്ചേരുന്നതോടെ ദൈവത്തിന്റെ സാന്നിദ്ധ്യം പൂർണ്ണമാകുന്നു. ഇങ്ങനെ എല്ലാ പരിചിതരൂപങ്ങളുടെയും അന്തരംഗഘോഷങ്ങളെ ആത്മാവിനനുഗുണമായ സമവാക്യങ്ങളിലൂടെ പുനരാവിഷ്‌കരിക്കുകയും ചെയ്തുകൊണ്ട്, ഏകഹൃദയത്തിന്റെ കാലസ്ഥലരാശിയിലേക്കുള്ള മാറ്റത്തിലാണ് നോവലിസ്റ്റ് ഖസാക്കിനെ കണ്ടത്. ഖസാക്ക് വിജയന്റെ ആലോചനകളിൽ ഒരു ഗ്രാമംപോലുമല്ല. എന്നാൽ ബാഹ്യതൃഷ്ണകളുടെ വെളിമ്പുറങ്ങളിൽ ഖസാക്കിന്റെ ഗ്രാമ്യത ഉണ്ട്. അതിന് പുറംലോകത്തിന്റേതായ സ്മൃതിചിത്രം നല്കിയിരിക്കുന്നതു കാണാം. മനുഷ്യരിലും പ്രകൃതിവസ്തുക്കളിലും ഒരുപോലെ ദിവ്യാനുഭവത്തിന്റെ തീർത്ഥയാത്ര സാധ്യമാകുന്നതായി സീതാനാഥ് തത്ത്വഭൂഷൺ ( Sitanath Tattwabhushan: The vedanta and its Relation with Modern Thought) അറിയിക്കുന്നുണ്ട്. സ്വഭാവവും തൃഷ്ണയും വസ്തുവും ശരീരവും ഖസാക്കിൽ അനേകം പ്രാർത്ഥനകളോടെ കൂടണയുകയാണ്. പ്രപഞ്ചത്തിന്റെ വ്യസനങ്ങളെ കണ്ടെത്താനും അതിഗമനം ചെയ്യാനുമായി വിജയൻ തെരഞ്ഞെടുത്ത ദ്വീപാണ് ഖസാക്ക് എന്നറിയുമ്പോൾ മാത്രമാണ് വിചാരങ്ങളുടെ വിരുന്നിൽ നാം എത്തിപ്പെടുക.

 ദുരൂഹമായ ശ്വസനങ്ങളിലൂടെയും കാഴ്ചകളിലൂടെയും ഖസാക്കിന്റെ പ്രാണയാനങ്ങൾ കടന്നുപോകുന്നു. ഖസാക്കിന്റെ ആത്മായനങ്ങൾ മനുഷ്യരുടെയും വസ്തുക്കളുടെയും മൗനഭാഷകളും സംവാദങ്ങളും ഉതിർത്തിട്ട പ്രവർത്തനങ്ങളാണ്. ഖസാക്കിന്റെ ഉൾപ്രേരണകൾ രാത്രിയിലൂടെ പ്രവാസം നടത്തുന്നു. അവർ ദൈവത്തിന്റെ കരുണയിൽ കഴിയുന്നവരാണ്. ആബിദയുടെ താഴവരകളിൽ ദൈവം ശിശുവിനെപ്പോലെ കടന്നുചെല്ലുന്നു. ദുഃഖം ആബിദയിലൂടെ വിടരുമ്പോൾ വിനയവും കാരുണ്യവും ഓർമ്മയും ദൈവവും എല്ലാം അവളിൽ നിറയുന്നു. അജ്ഞേയമായ സുഖദുഃഖങ്ങളുടെ തുടർച്ചകളിൽപ്പെട്ട് ഏതോ പ്രേരണയുടെ നിമിഷം  വിമ്മുന്നു. ആബിദയുടെ ജീവിതരീതിതന്നെ ദുഃഖമായിത്തീരുകയാണ്. അല്ലെങ്കിൽ ജീവിതത്തിന്റെ ആചാരം ശാശ്വതീകരിക്കപ്പെട്ട വ്യസനമായിത്തീരുകയാണ്. അറിയപ്പെടാത്ത ഇടവഴികളിലൂടെയുള്ള മനസ്സിന്റെ പ്രവാസം, സ്വപ്‌നങ്ങളുടെ നിലാവിൽ വിശ്രമത്തിന്റെ സ്പർശം, നിയന്ത്രമറ്റ തൃഷ്ണകളുടെ കാല്പാടുകൾ, നിയന്ത്രണങ്ങൾക്കപ്പുറത്തുനിന്നുള്ള മോചനങ്ങൾ... ഖസാക്കിലെ ജന്മങ്ങളുടെ അനുസ്യൂതമായ പ്രവാസം ഇരുളിന്റെ ചിറകുകളിൽ വിശ്രമിക്കുന്നു.


HOME

No comments:

Post a Comment