Tuesday, November 17, 2020

അക്ഷരജാലകം/എം.കെ.ഹരികുമാർ / ജീവിച്ചതിൻ്റെ എരി/metrovartha 16-11-2020


ഒരു കഥാകൃത്ത് അന്വേഷിക്കുന്നത് വാക്കുകളാണ്. കാരണം വാക്കുകൾ നേരത്തെ തന്നെ ഉപയോഗിച്ചു തീർന്നതാണ്.അത്  പാഠശാലകളും സ്ഥാപനങ്ങളും സാഹിത്യവ്യവസായികളും നേരത്തെ   നശിപ്പിച്ചതാണ്. അർത്ഥങ്ങളെല്ലാം അവർ അടിച്ചേല്പിച്ചു. പലരും അവരുടെ സ്വകാര്യശേഖരത്തിലേക്ക് വാക്കുകളെ അപഹരിച്ചു കഴിഞ്ഞു.അതിൽ പുരാതന  ഓർമ്മകൾ അവ്യക്തമാണ്.   ചിലപ്പോൾ വാക്കുകൾ ദ്രവിച്ച് ദുർഗന്ധം ഉണ്ടായേക്കാം. ജഡ സമാനമായ  വാക്കുകൾ ഒന്നും ഓർക്കുകയില്ലല്ലോ. ഉപയോഗിച്ച് ചൈതന്യം നഷ്ടപ്പെട്ട വാക്കുകളിൽ  വളരെ ഗാഢമായ  വൈകാരിക സത്യങ്ങൾ എങ്ങനെ വിനിമയം ചെയ്യും. ?

അതുകൊണ്ട് ഭാഷ ഇല്ലാതാവുമ്പോൾ മൗനത്തെ ആവിഷ്കരിക്കുകയാണ്  നല്ലത്. ഭാഷാപരമായ ശൂന്യത സൃഷ്ടിക്കുന്ന മൗനം ഒരു കഥാകൃത്തിന്  ഒളിക്കാൻ പറ്റിയ ഇടമാണ്. ഭാഷ കൈവിട്ടു പോയതുകൊണ്ടാണ്  ലാറ്റിനമേരിക്കൻ സാഹിത്യകാരനായ ഹ്വാൻ റുൾഫോ ഒരു നോവൽ  കൊണ്ട് (പെഡ്രോ പരാമോ) എഴുത്ത് അവസാനിപ്പിച്ചത് .
ഭാഷയെ വീണ്ടും വീണ്ടും ഉടച്ചു വാർക്കാൻ കഴിയുന്നവർക്കേ  വ്യത്യസ്തമായി എന്തെങ്കിലും എഴുതാനൊക്കൂ.കഥാകൃത്ത് താൻ പറയാൻ പോകുന്ന വിഷയത്തിൻ്റെ ഉടലും മനസ്സുമാണ്. അയാൾ തൻ്റെ  ശരീരത്തെയും മനസ്സിനെയുമാണ് ഉപയോഗിക്കുന്നത്. മറ്റൊരു ഭാഷയിലേക്ക്  അയാൾക്ക് ചേക്കേറേണ്ടതുണ്ട്.പുതിയ ബോധവും ധർമ്മവുമാണ് അയാൾ അന്വേഷിക്കുന്നത്. തൻ്റെ ചുറ്റിനുമുള്ള ലോകത്തെ അവിശ്വസിച്ചുകൊണ്ടാണ് ഒരാൾ കഥ സൃഷ്ടിക്കുന്നത്.കാരണം കഥയിൽ ബാഹ്യലോകം  വിശ്വസിക്കുന്നില്ല .വിശ്വസിക്കുന്നതായി അഭിനയിക്കുകയാണ്.  കഥ മറ്റുള്ളവർ ജീവിച്ചതല്ല; അത് കഥാകൃത്ത് ഒറ്റയ്ക്ക് ജീവിച്ചതിൻ്റെ എരിയാണ്.കഥ അതെഴുതുന്നയാളിൻ്റെ  മാത്രം യാഥാർഥ്യമാണ്.ഈ  യാഥാർഥ്യമാകട്ടെ വളരെ അസ്ഥിരവും സന്ദിഗ്ദ്ധവുമാണ് .അതിനെ  എഴുതി ബോധ്യപ്പെടുത്താനാണ് ഒരാൾ പുതിയ ഭാഷ തേടുന്നത് .

ഒരു കഥയുടെ അന്ത്യത്തിൽ എന്താണ് അർത്ഥമാക്കുന്നതെന്നോ ,കഥ എന്തിനു വേണ്ടിയാണ് നിലകൊള്ളുന്നതെന്നോ തുടങ്ങിയ  കാര്യങ്ങൾ അപ്രസക്തമാണെന്ന് 'ലിങ്കൺ ഇൻ ദ് ബാർദോ ' എന്ന  നോവൽ എഴുതിയ ജോർജ് സോണ്ടേഴ്സ് (അമേരിക്ക)  പറഞ്ഞത് (ദ് ന്യൂയോർക്കർ ,നവംബർ 2 ,)  ശ്രദ്ധേയമാണ്. കഥയുടെ പാരായണ വേളയിൽ വായനക്കാരൻ അനുഭവിക്കുന്നത്  എന്താണോ അതാണ് പ്രധാനം. സോണ്ടേഴ്സിൻ്റെ  'ഗൗൾ ' (പിശാച് ) എന്ന കഥ ദ് ന്യൂയോർക്കിൽ  രണ്ടാഴ്ച മുമ്പാണ് പ്രസിദ്ധീകരിച്ചത്.  ആധുനികമനുഷ്യനെ ആവേശിച്ചിരിക്കുന്ന നരകമാണ് ഈ കഥയിൽ പ്രതിപാദിക്കുന്നത് .

ശരീരമാണ് ആത്മീയത

സിതാര എസ്  എഴുതിയ 'വാക്കുകളുടെ ആകാശം' (മാതൃഭൂമി ആഴ്ചപ്പതിപ്പ് ,നവംബർ 8 )സമീപകാലത്ത് വായിച്ച ശക്തമായ രചനയാണ്.ഒരു പക്ഷേ ,പലർക്കും പരിചിതമായ അന്തരീക്ഷമാകാം കഥയിൽ വിവരിക്കുന്നത്. സ്തനാർബുദം പിടിപെട്ട്  ആശുപത്രിയും വീടുമായി കഴിയുന്ന ഒരു സാധു സ്ത്രീയുടെ ജീവിതം ക്ലോസപ്പിൽ കാണിക്കുകയാണ് കഥാകാരി .എന്നാൽ വിഷയം പരിമിതമാണെങ്കിലും കഥ അസാധാരണമാകുന്നത് അതിൻ്റെ  തീക്ഷണമായ ആവിഷ്കാരഭംഗി കൊണ്ടാണ്. ഇതുവരെ മലയാള  കഥയിൽനിന്ന് കേൾക്കാത്ത ആത്മ രോദനങ്ങളും ഉൾഭ്രാന്തമായ മനോഗതങ്ങളും ഈ കഥയിലുണ്ട്. ശോഭി എന്ന കഥാപാത്രത്തെ ആഴത്തിൽ ഉൾക്കൊണ്ട് കഥാകാരി ആ സ്ത്രീയിലേക്ക് പരകായപ്രവേശം നടത്തിയിരിക്കുകയാണ്.കഥ പറയുന്നതിൻ്റെ തീവ്രതയാണ് അനുവാചകനെ അലട്ടുന്നത്.പുതിയൊരു ഭാഷ, ഇതിനായി കഥാകാരി  കണ്ടെത്തിയിരിക്കുന്നു. തൻ്റെ ഒരു മുല ഛേദിക്കേണ്ടി വരുന്നതിൻ്റെ  അനിവാര്യതയ്ക്ക്  മുന്നിൽനിന്നു കൊണ്ട് ആ സ്ത്രീ ഇങ്ങനെ ആത്മഗതം ചെയ്യുന്നു: " മുറിച്ചെറിയപ്പെടുന്ന എൻ്റെ  മുലകളിൽ നിന്ന് ഒരു തീജ്വാലയും  ഉയരാൻ പോകുന്നില്ല. ഒരു ദൈവവും അവയിലേക്ക് മിന്നൽപ്പിണറായി നിറയില്ല .അവയാൽ ഒരു സാമ്രാജ്യവും ഭസ്മമാക്കപ്പെടില്ല. കൊഴിഞ്ഞുവീഴുന്ന പാവം പല്ലിവാലുകൾ പോലെ ,അവ നിലത്ത് , നിങ്ങളുടെ കാൽക്കൽ അപകർഷതയോടെ  കിടന്നു പിടയ്ക്കും. ചോരയിൽ കുതിർന്ന പഴംതുണിക്കഷ്ണങ്ങളായി, തല കുനിച്ചു കുനിച്ചു , ഭൂമിയിലേക്ക് ചൂളിക്കൂടും " .

കീമോ ചെയ്യാൻ  കൊണ്ടുപോകുന്ന ഇടനാഴികളിൽ വെച്ച് അറ്റൻഡർ തന്നെ അപമാനിച്ചത് അവർ ഇങ്ങനെ ഓർക്കുന്നു: '' കാലുകൾക്കിടയിലൂടെ, വയറിൽ ,കഴുത്തിൽ ,അയാളുടെ ആർത്തി നിറഞ്ഞ കൈകൾ.ഓ , ഇത്രയും പൊള്ളുന്ന പനി ഉണ്ടായിരുന്നുവോ  എനിക്ക്? തലച്ചോറു പോലും കത്തുന്നു. കൈയും കാലും മരണംസ്പർശിച്ചെന്നതു പോലെ വിറയ്ക്കുന്നു. മാറിലാണിപ്പോൾ അയാളുടെ കൈകളും മുഖവും. ബോധം വീണ്ടും മറിഞ്ഞു മറിഞ്ഞു പോകുന്നു .ഞണ്ടുകൾ ,ശോഷിച്ചുണങ്ങിയ  മുലഞെട്ടുകളിലൂടെ അയാളുടെ വായ്ക്കകത്തേക്ക്  കയറിപ്പോകുന്നുണ്ടാവുമോ ഇപ്പോൾ? എല്ലും  കൊട്ടുമായ ഈ നെഞ്ചിൽ കൂടുകൂട്ടിയ മരണത്തിൻ്റെ പൊത്തുകളുടെ വിയർത്ത ഗന്ധം അയാൾക്ക് മനസ്സിലാവുന്നില്ലേ?"

രാഷ്ട്രീയരംഗത്തെയോ മാധ്യമലോകത്തെയോ ഭാഷാരീതികൾക്കൊന്നും വഴങ്ങാത്തതാണ് തൻ്റെ  ജൈവാനുഭവം എന്നു വ്യക്തമാക്കുന്നതാണ് കഥാകാരിയുടെ ഈ  ഭാഷണം .ഒരു സ്ത്രീ അവരുടെ ദുർബ്ബലമായ ശരീരത്തിൽ ജീവിക്കുന്നതിൻ്റെ രഹസ്യമാണ് കഥയിൽ അനാവൃതമാകുന്നത്. ശരീരമാണ് ആത്മീയത .വേറൊരിടത്ത്‌ തീവ്രമായ അസ്തിത്വവ്യഥ കഥാകാരി  ഇങ്ങനെ അവതരിപ്പിക്കുന്നു :"ഈ നിശ്ശബ്ദതകൊണ്ട് ജയിച്ചെന്നുകരുതണ്ട, ശോഭിയുടെ കൺകോണുകൾ പകയിൽ തുടിച്ചു, ഞാനന്ന്പറഞ്ഞില്ലേ എൻ്റെ  ശരീരമാണിനിയെൻ്റെ വാക്ക് .എൻ്റെ  ജീവൻ്റെ  ശബ്ദം. നോക്കൂ, തുന്നിക്കെട്ടുകൾ  നിറഞ്ഞ ഒഴിഞ്ഞ  മുലത്തടത്തിൽ തുടിച്ചുമുളയ്ക്കുന്ന പെൺപച്ചപ്പ് ....

എഴുതുമ്പോൾ നമ്മൾ മറ്റൊരാളായി മാറുകയാണ്. രചനാപരമായ ആഭിചാരം ഇവിടെ ഉയർകൊള്ളുകയാണ്. നമ്മുടേതായാലും അന്യരുടേതായാലും അനുഭവങ്ങൾ അവിടെ വേറൊരു കാലത്തെ വഹിക്കുകയാണ്. യാഥാർത്ഥ്യങ്ങളെന്ന് നാം വിളിക്കുന്ന കാര്യങ്ങളുടെ മിഥ്യ പിളർന്നാണ് നേരിൻ്റെ നീരൊഴുകുന്നത്. സമകാല റഷ്യയിലെ പ്രമുഖ എഴുത്തുകാരൻ മിഖായേൽ ഷിഷ്കിൻ  ഈ പ്രശ്നത്തെ കാണുന്നുണ്ട്. ഭാഷയ്ക്ക് വെളിയിൽ സംഭവിക്കുന്നതാണ്  നമ്മുടെ ജീവിതമെന്ന് അദ്ദേഹം പറയുന്നു. അത് വാക്കുകൾക്ക് അപ്പുറത്താണ്. പലതും  യഥാർത്ഥ മല്ല ;അതുകൊണ്ട് സ്വന്തം ശൂന്യതയ്ക്കകത്ത് അവനവനെ തന്നെ ഒരു ആശ്രയമായി ചേർത്തു പിടിക്കേണ്ടതുണ്ട്. ഇവിടെ പരാമർശിച്ച കഥയിൽ ഇതു കാണാം.

ലൈംഗികജ്വരം

ഫ്രാൻസിസ്  നൊറോണയുടെ 'കളങ്കഥ' ( ഭാഷാപോഷിണി, നവംബർ ) ഏതിലും സെക്സ് മാത്രം തേടുന്ന ഒരു ഡ്രൈവറുടെ ചാഞ്ചാട്ടങ്ങളാണ് വിവരിക്കുന്നത്.  സിഫ്റ്റ് കാറിൻ്റെ  ചുവന്ന നിറത്തിൽ പോലും അയാൾ മാദകത്വം  ദർശിക്കുന്നു. ഒരു കമ്പനി ഉദ്യോഗസ്ഥയുടെ ഡ്രൈവറായി ജോലി ചെയ്യുമ്പോഴും ചിന്തിക്കുന്നത് അവളുടെ ശരീരത്തെ അനുഭവിക്കുന്നതിനെക്കുറിച്ചു  മാത്രമാണ്. സന്ദർഭം ഒത്തുവന്നപ്പോൾ അയാൾ അവളുമായി ചെസ്സ് കളിക്കുന്നു .ചെസ്സുകളിയും സെക്സ് തന്നെ. ദൈർഘ്യമേറിയ ചെസ്സുകളി.  കഥാകൃത്തിന് കാറോടിക്കാനും ചെസ്സു കളിക്കാനും നന്നായറിയാം. എന്നാൽ കഥാകൃത്ത് വായനക്കാരനോട് ചെസ്സു കളിക്കാൻ ആവശ്യപ്പെടുകയാണ്! തൻ്റെ സ്ത്രീദാഹിയായ ഡ്രൈവർ ആ സുന്ദരിയായ  ഉദ്യോഗസ്ഥയുമായി ലൈംഗികബന്ധത്തിലേർപ്പെട്ടോ എന്ന് വായനക്കാരൻ പറയണമത്രേ ! വായനക്കാരനു  ഇതിനല്ലേ നേരം ! ഇതൊക്കെ പഴയ മട്ടിലുള്ള വിവരണവും കുട്ടിക്കളിയുമാണെന്ന് കഥാകൃത്ത് മനസ്സിലാക്കുക.ഇൻ്റർനെറ്റിൽ സൗജന്യമായി സെക്സ് ആസ്വദിക്കാൻ കിട്ടുമ്പോൾ ഒരു കഥയിലെ ഒളിഞ്ഞുനോട്ടരതി വായനക്കാരന് അത്യന്താപേക്ഷിതമാവുമോ ? ലൈംഗികതയ്ക്ക് വിലക്കുണ്ടായിരുന്ന പത്തൊൻപതാം നൂറ്റാണ്ടിൽ ഇത് വിജയിച്ചിട്ടുണ്ട്.  വായനക്കാരനെ  പുതിയ ലോകങ്ങളിലേക്ക് നയിച്ച് , അസ്ഥിത്വത്തിൻ്റെ കാണാത്ത ഒരു തുണ്ട് കാണിച്ചുകൊടുക്കുകയാണ് അഭികാമ്യം.

സ്നേഹത്തിൻ്റെ വിശുദ്ധി

മുണ്ടൂർ സേതുമാധവൻ്റെ  'ദിവാകരൻമാഷ് ' (ജന്മഭൂമി ഓണപ്പതിപ്പ്) മനസ്സിൽ ഇനിയും മാറാല കയറി നശിക്കാത്ത  സ്നേഹത്തിൻ്റെയും നന്മയുടെയും പച്ചപ്പ് കാണിച്ചുതരികയാണ് . ദിവാകരൻമാഷ് ഗ്രാമത്തിലെ ഒരു വിഷവൈദ്യനും അവിവാഹിതനും ജ്ഞാനവൃദ്ധനുമായിരുന്നു. അദ്ദേഹം മരിച്ചതറിഞ്ഞ് അത്താഴം കഴിക്കാതെ ഓടിച്ചെല്ലുന്ന ആളാണ് കഥ പറയുന്നത്. അദ്ദേഹം ദിവാകരൻമാഷി ലൂടെ മനുഷ്യരിലെ സഹജസ്നേഹത്തിൻ്റെ ഓടക്കുഴൽ ഗാനാലാപനം വായനക്കാർക്ക് കേൾപ്പിച്ചു കൊടുക്കുന്നു. പ്രകൃതിയും ജീവജാലങ്ങളും നമ്മോട് പറയുന്ന ഊഷ്മളമായ ആ വിശുദ്ധസാഹോദര്യത്തിൻ്റെ പൊരുളിലേക്ക് ഈ കഥ  കൂട്ടിക്കൊണ്ടുപോയി. സേതുമാധവൻ തൻ്റേതായ ഒരു രാഗാനുഭവം ഇതിൽ  സന്നിവേശിപ്പിച്ചിട്ടുണ്ട്. അത് കഥയ്ക്ക് ആഴം വർധിപ്പിക്കുകയാണ്. മനസ്സിലെ മൗനത്തിൻ്റെ പുഴയിലൂടെ ചിതയിലേക്ക്,ഒരു സംശയം പോലെ സന്ധ്യയുടെ വിതുമ്പൽ ,സന്ദേഹത്തിൻ്റെ വെൺപുക  എന്നിങ്ങനെയുള്ള പ്രയോഗങ്ങൾ കഥയുടെ സൗന്ദര്യമാണ്  സംവേദനം ചെയ്യുന്നത്.

വാക്കുകൾ

1)പ്രേമിക്കപ്പെടുന്നതിൽ  മാത്രമല്ല എനിക്ക് താല്പര്യം; അത് എനിക്ക് മറ്റൊരാളിൽ നിന്നു പറഞ്ഞു കേൾക്കുകയും വേണം.
ജോർജ് എലിയട്ട് ,
(ഇംഗ്ലീഷ് നോവലിസ്റ്റ് )

2)മൗലികതയ്ക്ക്  ഒരു സ്ഥാനവുമില്ല; ഒരിടത്തും അത് നിലനിൽക്കുന്നില്ല. നിങ്ങളുടെ ആത്മാവിനിണങ്ങിയത് മോഷ്ടിക്കുക; അതുപയോഗിച്ച് എന്ത് ചെയ്തു എന്നതാണ് പ്രധാനം.
ജിം ജാർമുഷ് ,
(അമെരിക്കൻ ചലച്ചിത്ര സംവിധായകൻ )

3)ഇന്ന് ഓരോരുത്തരും അവരവരുടെ നിലയിൽ വ്യത്യസ്തമായ ജീവിതമാണ് നയിക്കുന്നത്.യാഥാർത്ഥ്യം പ്രതിജന ഭിന്നമാണെങ്കിൽ അതിനെ ഏകവചനമായി കാണാമോ ?
ഫിലിപ്പ് കെ ഡിക്ക് ,
(അമേരിക്കൻ നോവലിസ്റ്റ് )

4)ഞാൻ ധാരാളം തത്വചിന്തകരെക്കുറിച്ചും പൂച്ചകളെക്കുറിച്ചും പഠിച്ചിട്ടുണ്ട്. പൂച്ചകളുടെ ജ്ഞാനം അനന്തമായി ഉത്കൃഷ്ടമാണ് .

ഹിപ്പോലിറ്റ് ടെയ്ൻ,
(ഫ്രഞ്ച് സാഹിത്യവിമർശകൻ)

5)മികച്ച സാഹിത്യം ആദർശശാലികളുടെയും ഉത്സാഹികളുടെയും ഒപ്പമല്ല നിലനിൽക്കുന്നത്. എന്നാൽ അത് മാനസികപ്രശ്നമുള്ളവരുടെയും  സന്യാസിമാരുടെയും മതനിന്ദകരുടെയും സ്വപ്നദർശികളുടെയും പ്രക്ഷോഭകാരികളുടെയും  സംശയാലുക്കളുടെയും കൂടെയാണുള്ളത്.

യെവ്ജനി സംയാചിൻ ,
(റഷ്യൻ സാഹിത്യകാരൻ )

കാലമുദ്രകൾ

1)ജോൺ എബ്രഹാം

ഒരു  സിനിമയെടുക്കാൻ ജോൺ എബ്രഹാമിനു  വലിയ പ്രയാസമുണ്ടായിരുന്നില്ല. എന്നാൽ താൻ മനസ്സിൽ കൊണ്ടുനടന്ന സിനിമ നിർമ്മിക്കാൻ യോജിച്ച പ്രേക്ഷകസംഘത്തെ കണ്ടുപിടിക്കേണ്ടത് അദ്ദേഹത്തിൻ്റെ ആവശ്യമായിരുന്നു.

2)ഡി.വിനയചന്ദ്രൻ

കവിത വെറുമൊരു സ്വപ്നമോ  ഭാവനയോ  എന്ന നിലയിൽ  ലഘൂകരിക്കാൻ വിനയചന്ദ്രനു  കഴിയുമായിരുന്നില്ല. അദ്ദേഹം കവിതയെ അസ്തിത്വത്തിൻ്റെ  പ്രാചീനവും അഗാധവുമായ സമസ്യയായി അനുഭവിച്ചു.

3) കോട്ടയം പുഷ്പനാഥ്

നൂറിനു മുകളിൽ അപസർപ്പക നോവലുകളെഴുതിയ കോട്ടയം പുഷ്പനാഥിനു മരണാനന്തരം ആ വായനക്കാരുടെ യാതൊരു പരിഗണനയും ലഭിക്കുന്നില്ല. വായനക്കാരും അപസർപ്പക കഥകളിലെ കഥാപാത്രങ്ങളെപ്പോലെ ദുർഗ്രഹമാകുകയാണ്.

4)പി എ ബക്കർ

ഒറ്റപ്പെടൽ ,അരികു ജീവിതം, ലൈംഗിക വിവേചനം തുടങ്ങിയ വലിയ പ്രശ്നങ്ങൾ ചർച്ചചെയ്ത ബക്കറിൻ്റെ   സിനിമകൾ എപ്പോഴും നൊമ്പരപ്പെടുത്തും. എന്നാൽ ആ സിനിമകൾക്ക് ഇനി ഒരു പുനർ പ്രദർശനം?

5) കേശവദേവ്

കഴിഞ്ഞ നൂറ്റാണ്ടിലെ ഉല്പതിഷ്ണുക്കളായ  സാഹിത്യകാരന്മാരിൽ പ്രമുഖസ്ഥാനമാണ് കേശവദേവിനുള്ളത്. സ്വതന്ത്രമനുഷ്യനായിരുന്ന അദ്ദേഹം ബൗദ്ധികമായ അടിമത്തത്തിനെതിരെ ഒരു കലാപം തന്നെ അഴിച്ചുവിട്ടു. സ്വന്തം പ്രതിച്ഛായയോ  ,ഭാവിയോ  അദ്ദേഹത്തെ അലട്ടിയില്ല.

അമ്പതു വർഷങ്ങൾ

'മലയാളത്തിലെ അസ്തിത്വചിന്തയ്ക്ക്   50 വയസ്സ് ' എന്ന തലക്കെട്ടിൽ ഡോ. ആർ.ബി. ശ്രീകല  എഴുതിയ ലേഖനം (എഴുത്ത്, നവംബർ ) പ്രാധാന്യമുള്ളതാണ്.  1970 ഫെബ്രുവരി ഒന്നാം തീയതിയിലെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച, എസ്.വി. വേണുഗോപൻനായരുടെ 'ഗർഭശ്രീമാൻ' എന്ന കഥ മലയാളത്തിൽ നവകഥയുടെ ഉദ്ഘാടനമായിരുന്നു  എന്നാണ് ലേഖിക അഭിപ്രായപ്പെടുന്നത്.ഈ കഥയും  അതേ വർഷം തന്നെ പ്രത്യക്ഷപ്പെട്ട മറ്റു  കഥകളും  (കാക്കനാടൻ്റെ ശ്രീചക്രം ', കെ.പി.നിർമ്മൽകുമാറിൻ്റെ 'ചില ചൈത്രസന്ധ്യകൾ ', എം.പി.നാരായണപിള്ളയുടെ 'പരീക്ഷ' ) നവസാഹിത്യത്തിൻ്റെ  സൗന്ദര്യചിന്തകൾക്ക് ആഴത്തിൽ വേരോടാൻ സഹായകമായി. ധാരാളം ചർച്ചചെയ്യപ്പെട്ട ആ കഥാപ്രസ്ഥാനത്തിൻ്റെ തുടർ ചലനങ്ങൾ ഉണ്ടായില്ല. സൗന്ദര്യബോധത്തിൻ്റെ അഭാവമാണ് കാരണം.

ഒരു കവിതാസമാഹാരം

രാജൻ കൈലാസിൻ്റെ ' മാവു പൂക്കാത്ത കാലം' (ഡിസി ബുക്സ് ) 2020 ലെ മികച്ച കൃതികളിലൊന്നാണ്. ഈ കവിയുടെ സാമാന്യം ബൃഹത്തായ ഒരു സമാഹാരമാണിത് .സൂക്ഷ്മസoവേദനനത്തിലൂടെ തത്വശാസ്ത്രപരമായ വിമോചനത്തിലേക്ക്  ഈ  കവിതകൾ നമ്മെ നയിക്കുന്നു. 'ഒറ്റയിലത്തണൽ' എന്ന കവിതയിലെ വരികൾ ഇങ്ങനെ:

"ഒരു പെൺപിറാവിൻ്റെ
ഒറ്റമൂളൽ ,
ഒരു വയൽപ്പൂവിൻ്റെ 
ഒറ്റ നൃത്തം,
ഒരു നിലാത്തുണ്ടു പോൽ
ഒറ്റ മുത്തം,
ഒറ്റച്ചിരിത്തൂവൽ
ഒറ്റത്തലോടൽ
ഒടുവിലൊരു തീരാത്ത
പരിരംഭണം" .

        

Saturday, November 14, 2020

Padanupadam, m k harikumar,kesari Weekly November 13,3020




 

അക്ഷരജാലകം/എം.കെ.ഹരികുമാർ / വിമർശകൻ്റെ അസ്തിത്വം /metrovartha, 10 - 11-2020

കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ  സാഹിത്യ വിമർശനത്തെക്കുറിച്ച് എഴുതുന്നത് അധ്യാപകർക്കെന്നല്ല ആർക്കും തന്നെ  അലങ്കാരമല്ല . അധ്യാപകൻ എന്നത് ഒരു സ്ഥാനമോ പദവിയോ അല്ല. കാരണം അധ്യാപകൻ മാറേണ്ടവനാണ്, പുതിയ അറിവു ഉദയം ചെയ്യുമ്പോൾ. എന്നാൽ പിക്കാസോയുടെ 'ഗ്വർണിക്ക ' എന്ന ചിത്രം ഒരിക്കലും മാറ്റിവരയ്ക്കേണ്ടതില്ല. കാരണം അത് ഭാവിയെ ആകെ സസ്പെൻഡ് ചെയ്തിരിക്കയാണ്. ഭാവി അതിലേക്കാണ് വരുന്നത്. എന്നാൽ സ്വന്തമായി സൃഷ്ടിച്ച അറിവല്ലല്ലോ അധ്യാപകൻ പറഞ്ഞുകൊടുക്കുന്നത് .പലയിടത്തു നിന്നും സമാഹരിച്ചതാണത് .അതുകൊണ്ട് അതിനു ഉദ്ഗ്രഥനാത്മകത കുറവായിരിക്കും. ഒരു കേന്ദ്രബിന്ദുവോ ചിന്താപരമായ ലക്ഷ്യമോ  ഉണ്ടായിരിക്കുകയില്ല. ഇവർക്ക് വ്യാസനും അംബേദ്ക്കറും ഗാന്ധിജിയും എല്ലാം ഒന്നായിരിക്കും. അയ്യപ്പപ്പണിക്കരെക്കുറിച്ചും മുട്ടത്തു വർക്കിയെക്കുറിച്ചും ലേഖനങ്ങളെഴുതി ഒരു പുസ്തകത്തിൽ തന്നെ ചേർത്ത് പ്രസിദ്ധീകരിക്കും;ഇവർ തമ്മിലുള്ള അകലം ഇക്കൂട്ടർക്ക് പ്രശ്നമല്ലല്ലോ.ആശയങ്ങളുടെ ശ്രേണിയും വിവിധ തട്ടുകളും വേർതിരിച്ച് പിന്തുടരേണ്ട സാഹചര്യം ഈ അദ്ധ്യാപകർക്കില്ല. ഇവരുടെ അനുമാനങ്ങൾക്ക്  സാഹിത്യവിമർശനവുമായി ബന്ധമില്ല. വിമർശനത്തിൻ്റെ അടിസ്ഥാനം തന്നെ സവിശേഷമായ ,വേറിട്ട വൈകാരിക സംവേദനമാണ്, വീക്ഷണ വിച്ഛേദമാണ്.


ആശയദാരിദ്യം


 അധ്യാപകർക്ക് വിമർശനം അസാധ്യമാണ്.കാരണം അവർ കുട്ടികളെ പഠിപ്പിക്കുകയല്ലാതെ എന്തിനെയെങ്കിലും വിമർശിക്കാൻ അനുവാദമില്ല .അതുകൊണ്ടുതന്നെ വിമർശനത്തെ സൈദ്ധാന്തികമായി സമീപിക്കാൻ അവർക്കാവില്ല. അവർക്ക് അതിൻ്റെ ആവശ്യവുമില്ല .അതുകൊണ്ടാണ് എം.കൃഷ്ണൻനായർക്കോ, കെ.പി.ശങ്കരനോ ,എം.എം.ബഷീറിനോ,ബി.രാജീവനോ സ്വന്തം സൈദ്ധാന്തിക വിമർശനം അസാധ്യമായത്. അവർ അവലംബിച്ച സങ്കേതങ്ങളെല്ലാം വളരെ പണ്ട് മറ്റുള്ളവർ ഉപയോഗിച്ചതാണ്. ആസ്വാദനമെഴുതുന്നവർ വിമർശകരല്ല .


അദ്ധ്യാപകൻ എന്നത് ഒരു സാഹിത്യ അസ്തിത്വമല്ല. കാരണം പലതരം പാഠങ്ങൾ പഠിപ്പിക്കുന്നത് മൗലികമായ ,കേന്ദ്രീകൃതമായ സർഗാത്മകതയുടെ ഭാഗമായ പ്രവൃത്തിയല്ല .സിലബസാണ് ,അവിടെ ഭാവുകത്വമായി തെറ്റിദ്ധരിക്കപ്പെടുന്നത്.   രണ്ടു വൻ ദുരന്തങ്ങളായിത്തീർന്ന  ലേഖനങ്ങൾ കഴിഞ്ഞ ദിവസം വായിച്ചതുകൊണ്ടാണ് ഇതെഴുതേണ്ടി വന്നത്. ഈ ലേഖനങ്ങൾ  സാഹിത്യത്തിൻ്റെ പരമോന്നതമായ മനസ്സിനെ എങ്ങനെയാണ്  തകർക്കുന്നതെന്ന് കാണിച്ചു തരുന്നു. സിലബസ് കാണാതെ പഠിച്ചാൽ പാഠമായി എന്നു കരുതുന്ന വിവേകശൂന്യത ഇവിടെ നൃത്തം ചെയ്യുകയാണ്. എങ്ങനെയാണ് ശരിയായി വായിക്കാതെ ,അശയലോകങ്ങളുമായി ഒരു ബന്ധവുമില്ലാതെ, വിമർശനകലയിലെ പതിറ്റാണ്ടുകളായുള്ള ബൗദ്ധിക പ്രവർത്തനങ്ങളെപ്പറ്റി ഒന്നും പഠിക്കാതെ ഒരു ലേഖനം എഴുതുന്നതെന്ന് ഇവർ കാണിച്ചുതരുകയാണ്. .അജയപുരം സ്വദേശിയായ ജ്യോതിഷ്കുമാർ എന്നൊരാൾ എഴുതിയ 'വിമർശനത്തിലെ ചീത്തസത്യങ്ങൾ' (ഭാഷാപോഷിണി ,നവംബർ ) എന്ന ചീത്തലേഖനം നമ്മുടെ  വിചാരജീവിതത്തെ  തന്നെ തകർക്കുകയാണ്‌. വിമർശനം എന്ന  ശാഖ തന്നെ ഇല്ലാതായെന്ന് ഇദ്ദേഹം  കണ്ടുപിടിച്ചിരിക്കുന്നു !.ചില പ്രസാധകരും  ആഴ്ചപ്പതിപ്പുകളും പ്രദർശനവസ്തുക്കളാക്കി  മാറ്റിയ ഏതാനും പേരുടെ കുറിപ്പുകൾ മാത്രം അടിസ്ഥാനമാക്കി ഇങ്ങനെയൊരു നിലപാടിൽ എത്താൻ ആർക്കെങ്കിലും കഴിയുമോ?.  " ഈ  പ്രതിസന്ധിക്കിടയിലും നിരൂപണസാഹിത്യം മരണമടയാത്തത് കേരളത്തിൽ കുറെ സ്കൂളുകളും കോളേജുകളും സർവ്വകലാശാലകളും നിലനിൽക്കുന്നതുകൊണ്ടാണ് " എന്ന് ഇദ്ദേഹം തട്ടിവിട്ടിരിക്കുന്നു! ഇത് കേട്ടാൽ തോന്നും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആഴ്ചതോറും വിമർശനത്തിനു വേണ്ടി ഒത്തു പിടിക്കുകയാണെന്ന്‌ !.  ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങൾ വിമർശകരെ പ്രവേശിപ്പിക്കുകയോ നൂതന വിഷയങ്ങളിൽ ചർച്ച നടത്തുകയോ ചെയ്യുന്നില്ല. മേലുദ്ധരിച്ചതു പോലുള്ള ബുദ്ധിശൂന്യമായ ധാരാളം പ്രസ്താവനകൾ ലേഖനത്തിലുണ്ട് .  ജ്യോതിഷ്കുമാർ എന്ന വ്യക്തിക്ക് ഗൗരവമായ വായനയോ ചിന്തയോ ഉള്ളതായി തോന്നുന്നില്ല;ഭാഷയുമില്ല. ഈ ലേഖനം എങ്ങനെ അച്ചടിക്കപ്പെട്ടു ?


 ഇത് വായിക്കുന്നത് അങ്ങേയറ്റം  നിരാശയും ഭയവുമാണുണ്ടാക്കുന്നത്. അജ്ഞതയുടെ അഹന്ത നിറഞ്ഞ ലേഖനമാണിത്.  കഴിഞ്ഞ കാൽ നൂറ്റാണ്ടിനിടയിൽ വിമർശനചിന്തകൾ എങ്ങനെയാണ് സഞ്ചരിച്ചിരുന്നത് , സൈദ്ധാന്തികമായി നടത്തിയിട്ടുള്ള മുന്നേറ്റങ്ങൾ എന്തെല്ലാമാണ് തുടങ്ങിയ കാര്യങ്ങളൊന്നും ലേഖകനു അറിയില്ല. അതൊക്കെ വായിച്ചു മനസിലാക്കാനുള്ള കഴിവുമുണ്ടെന്ന് തോന്നുന്നില്ല . ഫ്രഞ്ച് സൈദ്ധാന്തിക വിമർശകനായ റൊളാങ് ബാർത്ത് പറഞ്ഞു, എഴുത്തുകാരൻ മരിക്കുമ്പോഴാണ് വായനക്കാരൻ ജനിക്കുന്നതെന്ന്. ഇതിൻ്റെ അർത്ഥമെന്താണെന്ന്  ജ്യോതിഷ്കുമാറിനു പിടികിട്ടുമോ?


വീണ്ടും ജനിക്കാൻ 


സാഹിത്യവിമർശകൻ്റെ രചനകൾ കവിക്കോ കഥാകൃത്തിനോ വേണ്ടിയല്ല;അത് വളരെ സ്വതന്ത്രമായ ആത്മീയ ,ആന്തരികാന്വേഷണമാണ്. കഥാകൃത്തുക്കൾക്കും നോവലിസ്റ്റുകൾക്കും വേണ്ടി പ്രചാരവേല നടത്തുന്നവരുണ്ടാകാം. അവരെ ആ നിലയിൽ കണ്ടാൽ മതി. ഒരാൾ സ്വന്തം സിദ്ധാന്തം കണ്ടെത്തുന്നത് സൗന്ദര്യശാസ്ത്രപരമായ ആലോചനയുടെ ഭാഗമാണ് ;ചിന്താപരമായ നിശ്ചലതയുടെ അടയാളമല്ല. വിമർശകൻ്റെ  ആത്മീയമായ അസ്തിത്വമാണ് അയാളുടെ വിമർശനം .ആത്മഹത്യ ചെയ്യാതിരിക്കാനാണ് അയാൾ എഴുതുന്നത്.  വിമർശകൻ തൻ്റെ ലേഖനത്തിലൂടെ വീണ്ടും ജനിക്കുകയാണ് ;ഏതെങ്കിലും കഥാകൃത്തിൻ്റെ ജീവിതം കടം വാങ്ങി അതിൽ ഇടം നേടുകയല്ല .ഇത്തരം ആശയങ്ങളുമായി വിദൂര ബന്ധം പോലുമില്ലാത്തവർ വിമർശനത്തെക്കുറിച്ച് പ്രശസ്തമായ മാഗസിനുകളിൽ എഴുതുന്നതാണ് ഇന്നത്തെ ശാപം.


മറ്റൊരു ദുരന്തം


'മലയാള നോവലിൻ്റെ ദിശാ പരിണാമങ്ങളും മാറുന്ന ഭാവുകത്വവും' (ഗ്രന്ഥാലോകം, ഒക്ടോബർ ) എന്ന പേരിൽ സജിൽ ശ്രീധർ എഴുതിയ ലേഖനം ,കാക്കനാടൻ്റെ ഭാഷയിൽ പറഞ്ഞാൽ ,അജ്ഞതയുടെ താഴ്വരയാണ്.ലേഖകൻ അബദ്ധങ്ങൾ ഒന്നിനു പിറകെ ഒന്നായി അവതരിപ്പിക്കുകയാണ്. ആട് എന്തറിഞ്ഞു അങ്ങാടി വാണിഭം എന്ന ചൊല്ലു പോലെ ഗതികെട്ട ലേഖനമാണിത്. ഇതെങ്ങനെ ഗ്രന്ഥാലോകത്തിൽ പ്രത്യക്ഷപ്പെട്ടു. ? ലേഖനത്തിൽ പരാമർശിക്കുന്ന ചില പുതുനോവലിസ്റ്റുകളുടെ ഫോട്ടോകൾ സംശയം ജനിപ്പിക്കുന്നു .


നോവൽ എന്ന സാഹിത്യശാഖയെപ്പറ്റി ലേഖകനു   ഒരു വിവരവുമില്ല എന്ന്  വ്യക്തമാക്കുന്ന കുറെ പ്രസ്താവങ്ങൾ ഇതിലുണ്ട്. 'സുന്ദരികളും സുന്ദരന്മാരും' ബൃഹദാഖ്യായികയാണെന്ന്  പ്രഖ്യാപിക്കുന്നു! എന്താണ് ഇതിനർത്ഥം ?എം.ടിയുടെ 'മഞ്ഞും ' വിലാസിനിയുടെ 'അവകാശികളും' രണ്ടു തരം ആഖ്യായികകളാണോ ? ഫ്രാൻസ് കാഫ്ക ആകെ  മൂന്നു  നോവലുകളാണ് (ദ് കാസിൽ ,ദ് ട്രയൽ ,അമെരിക്ക) എഴുതിയത്. എന്നാൽ ലേഖകൻ കാഫ്കയുടെ 'മെറ്റാമോർഫോസിസ് ' നോവലാണെന്ന് എഴുതുന്നു; നോവല്ല നോവലല്ല. അതിനെ കഥയായാണ് ലോകം  പരിഗണിക്കുന്നത്. കാഫ്കയുടെ കാര്യം പറയുന്നിടത്ത് മലയാറ്റൂരിനെ ആരെങ്കിലും പരാമർശിക്കുമോ ? ഒരിടത്ത്‌ ലേഖകൻ എഴുതുന്നു: " ധ്വനി സാന്ദ്രത ,മിതത്വം എന്നിവ നോവലിൻ്റെ  വലിയ ഗുണങ്ങളിലൊന്നാണ് " . രണ്ട് ഗുണങ്ങളെ ഒന്നായി  കാണാമോ ?അസംബന്ധമാണ് ഈ നിരീക്ഷണം. കാരണം ,കവിതയിലാണ് ധ്വനിയും മിതത്വവും വേണ്ടത്. നോവലിൽ  ദീർഘിച്ച ആഖ്യാനമാണുള്ളതെന്നു പോലും ഇദ്ദേഹത്തിനു അറിയില്ല .


ഷെല്ലിയുടെ കവിതയിൽ ധ്വനിയുണ്ട്‌.എന്നാൽ ദസ്തയെവ്സ്കിയുടെ നോവലുകൾ വിശദമായ ചർച്ചകളിലാണ് നിലനില്ക്കുന്നത്. മഹത്തായ നോവലുകളിൽ ഭൂരിപക്ഷവും ദൈർഘ്യമേറിയതാണ്.ഫ്രഞ്ച് നോവലിസ്റ്റ് മാർസൽ പ്രൂസ്തിൻ്റെ ' ഇൻ സെർച്ച് ഓഫ് ലോസ്റ്റ് ടൈം'(1913) ഏഴ് വാല്യങ്ങളിലായി 4215 പേജാണ്. നോർവീജിയൻ എഴുത്തുകാരനായ കാൾ ഒവ് നോസ്ഗോർ തൻ്റെ ആത്മകഥ നോവൽ രൂപത്തിൽ (മൈ സ്ട്രഗിൾ,2011 ) എഴുതിയത് ആറ് വാല്യങ്ങളിലാണ്‌.


ഇവിടെ പരാമർശിച്ച രണ്ടു ലേഖനങ്ങളും സൗന്ദര്യബോധം ,വായന ,ചിന്ത എന്നിവയോട് ആയിത്തം കല്പിച്ച സമകാലിക സാംസ്കാരിക അവസ്ഥയുടെ രണ്ട് ദുരന്ത പ്രതിനാധാനങ്ങളാണ്.


ബോധപൂർവ്വം


"അക്ഷരജാലക ' ത്തെക്കുറിച്ച്  ബോധപൂർവ്വം തെറ്റിദ്ധാരണ സൃഷ്ടിക്കാൻ കഴിഞ്ഞയാഴ്ച ഒരു ശ്രമം നടന്നു. എം.കൃഷ്ണൻ നായർ അന്തരിച്ച ശേഷമാണ് ഞാൻ 'അക്ഷരജാലകം' എന്ന കോളം എഴുതാൻ തുടങ്ങിയതെന്നാണ് ഒരാൾ  എഴുതിവച്ചത്.തെറ്റാണിത്. 1998 ഫെബ്രുവരി  മുതൽ കേരളകൗമുദിയിലാണ് ഞാൻ പംക്തി തുടങ്ങിയത് .മെട്രോവാർത്തയിലെ ഈ പംക്തിയുടെ ജനപ്രീതി  കണ്ട് തെറ്റിദ്ധരിപ്പിക്കാനാണ് നോക്കുന്നത്. ഇത് ഇരുപത്തി മൂന്നാം വർഷത്തിലേക്ക് കടക്കുകയാണ്. സത്യം അറിയാമെങ്കിലും ചിലർ കളവു പ്രചരിപ്പിക്കുന്നു.  പക്ഷേ ,ഇത്  വായനക്കാരുടെ മുന്നിൽ വിലപ്പോകുമോ?



വാക്കുകൾ 


1)ഒഴിവാക്കാനാവാത്ത പിശാചിൻ്റെ  ശല്യമുണ്ടെങ്കിൽ മാത്രമേ എഴുതാനിരിക്കാവൂ .എഴുത്ത് ഭയാനകമാണ്.

ജോർജ് ഓർവെൽ ,

(ഇംഗ്ലീഷ് നോവലിസ്റ്റ് )


2 ) എങ്ങനെയെങ്കിലും കല്യാണം കഴിക്കാൻ നോക്ക്.നല്ല ഭാര്യയെ കിട്ടിയാൽ സന്തോഷമുണ്ടാകും; ചീത്ത ഭാര്യയെയാണ് കിട്ടുന്നതെങ്കിൽ തത്ത്വജ്ഞാനിയാകാം.


സോക്രട്ടീസ് ,

(ഗ്രീക്ക് ചിന്തകൻ)


3) പ്രണയം ഇല്ലാത്തതുകൊണ്ടല്ല, സൗഹൃദം ഇല്ലാത്തതുകൊണ്ടാണ് വിവാഹജീവിതം പരാജയപ്പെടുന്നത്.

ഫ്രഡറിക് നിഷേ,

(ജർമ്മൻ ചിന്തകൻ )



4)നമ്മൾ ഏറ്റവും ഊർജസ്വലമായിരിക്കുന്നത്  പ്രേമിക്കുമ്പോഴാണ് .

ജോൺ അപ്ഡൈക്ക് ,

(അമേരിക്കൻ നോവലിസ്റ്റ് )


5)ഒരിക്കലും പ്രേമിക്കാതിരിക്കുന്നതിനേക്കാൾ നല്ലതാണ്  ഒരിക്കലെങ്കിലും പ്രേമിച്ച ശേഷം പിരിയുന്നത്.


ആൽഫ്രഡ് ലോർഡ് ടെന്നിസൺ ,

(ബ്രിട്ടീഷ് കവി) .


കാലമുദ്രകൾ


1) സുരാസു 


സ്വന്തം പബ്ലിക് റിലേഷൻ ഓഫീസറാവുകയോ പാർട്ടികൾക്ക് വേണ്ടി ദീർഘവീക്ഷണത്തോടെ അഭിപ്രായ പ്രചരണം നടത്തുകയോ ചെയ്യാതിരുന്നതുകൊണ്ട് നാടകകൃത്ത് സുരാസുവിനു അനുസ്മരണങ്ങളില്ല.


2)കെടാമംഗലം പപ്പുക്കുട്ടി


നിങ്ങൾ ഒരു തരക്കേടില്ലാത്ത പുരോഗമന കവിയോ  പുരോഗമന സാഹിത്യകാരനോ ആയിക്കോളൂ. പക്ഷേ,  പപ്പുക്കുട്ടി എന്ന ആദ്യ പുരോഗമന കവി ഇവിടെ വിയർത്തൊലിച്ച് നിൽക്കുകയാണ്.


3)യു .പി .ജയരാജ് 


സാംസ്കാരിക സംഘങ്ങളിലോ, ക്ലിക്കുകളിലോ  ജീവിച്ച്  സമർത്ഥമായ ചില വ്യക്തിഗത പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിൽ വിശ്വാസമില്ലാതിരുന്നതുകൊണ്ട് യു. പി ജയരാജിനു നല്ല കഥകൾ എഴുതുന്നതിൽ കവിഞ്ഞു വേറെ ഇടപെടലുകളൊന്നും ഇല്ലായിരുന്നു. 


4)വൈക്കം ചന്ദ്രശേഖരൻനായർ 


ഒരു യഥാർത്ഥ സാഹിത്യകാരൻ്റെ പരിവ്രാജകത്വവും  സംഗീതമധുരമായ പ്രസംഗവും വൈക്കം ചന്ദ്രശേഖരൻനായരിൽ ഭദ്രമായിരുന്നു. വൈക്കം ധാരാളം ചെറുപ്പക്കാരെ പ്രലോഭിപ്പിച്ചു .


5) ഫാ.ആബേൽ


ആബേലച്ചൻ എഴുതി കെ.കെ.ആൻറണി സംഗീതം നൽകി യേശുദാസ് ആലപിച്ച ഈശ്വരനെ തേടി ഞാൻ ,നിത്യനായ ദൈവത്തിൻ , പരിശുദ്ധാത്മാവേ, ദൈവമേ നിൻ ഗേഹമെത്ര മോഹനം തുടങ്ങിയ പാട്ടുകളിൽ ഒരു ലളിത(ഭക്തി)ഗാനത്തിൻ്റെ  സൗന്ദര്യം ആകെ ലയിച്ചു ചേർന്നിരിക്കുന്നു.


ആകാശത്തിനു ചുവട്ടിൽ 


മനുഷ്യൻ്റെ  ഉള്ളിൽ ഏകാന്തതയുടെ ഭക്ഷണം മാത്രം കഴിച്ച് വളരുന്ന ഒരു ഏകാകിയുണ്ട്. ആ ആന്തരവ്യക്തിയെ 'മിഠായിതെരുവ് ' എന്ന കഥയിൽ (മലയാളം,, ഒക്ടോബർ 19 )  ആവിഷ്കരിച്ച മുഹമ്മദ് റാഫി എൻ .വി തന്നെ കർമ്മവീഥി ചെറുകഥാരചനയുടേതാണെന്ന് തെളിയിച്ചിരിക്കുന്നു. കഥയിൽ ആദ്യവസാനം ഒരു നവാനുഭവത്തിൻ്റെ നിഷ്കളങ്കലാവണ്യം വായനക്കാരനു പകർന്നു കിട്ടുന്നുണ്ട്. ഒരു കോളേജിലെ പ്യൂൺ ആയ മുഹമ്മദ് സിദ്ദീഖ്  എന്ന യുവാവ് വിരസത മാറ്റാൻ ഒരു ലോട്ടറിവില്പനക്കാരിയുമായി ചങ്ങാത്തം കൂടുന്നതാണ് വിഷയം. യാതൊരു ഉപാധികളോ , ലക്ഷ്യങ്ങളോ ഇല്ലാതെ മനുഷ്യർക്ക് അടുക്കാനും കുറച്ചുസമയം സ്നേഹത്തോടെ വർത്തമാനം പറയാനും കഴിയേണ്ടതാണ്.അത് ആത്മാർത്ഥമായി  വീണ്ടെടുത്തതാണ് ഈ കഥയുടെ വിജയം. ഓരോ വ്യക്തിക്കും സ്വന്തമായി ഒരാകാശം ഉണ്ടെന്നും ആ കൂരയിൽ എപ്പോഴും അഭയം തേടാൻ കഴിയുമെന്നും ഈ കഥയുടെ  പാരായണ വേളയിൽ ഞാൻ ചിന്തിച്ചു .


ചോദ്യവും ഉത്തരവും 


 ഹീബ്രൂ നോവലിസ്റ്റ് ഏഷ്കോൾ  നെവോ  എഴുതിയ 'ദ് ലാസ്റ്റ് ഇൻറർവ്യൂ' എന്ന നോവൽ ഒരു അഭിമുഖത്തിൻ്റെ രൂപത്തിലാണുള്ളത്. ഈ വർഷമാണ് ഇതിൻ്റെ ഇംഗ്ലീഷ് പരിഭാഷ പുറത്തുവന്നത്. ഒരെഴുത്തുകാരനോട് ഓൺലൈൻ ജേർണലിസ്റ്റ്  നടത്തുന്ന ദീർഘമായ സംഭാഷണമാണ് നോവൽ.


Monday, November 2, 2020

അക്ഷരജാലകം/ക്യൂ ആർ കോഡും സൃഷ്ടി പ്രക്രിയയും / എം.കെ.ഹരികുമാർ / metrovartha Nov 2, 2020

സാഹിത്യരചനകൾ ക്യു ആർ കോഡ് വഴി അനുവാചകരിൽ എത്തുന്നതും  ആമസോൺ കിൻഡിൽ വഴി മൊബൈലിൽ വായിക്കുന്നതും ഇപ്പോൾ സാർവത്രികമാണ്. ലോകത്തിൻ്റെ  വേഗത വർദ്ധിക്കുമ്പോൾ ഇങ്ങനെയേ നമുക്ക്  നിലനിൽക്കാനാവൂ.  വേഗത കുറയാതിരിക്കാനാണ് മനുഷ്യൻ ഇന്ന് ഹിംസയിലേക്ക് പോലും തിരിയുന്നത്. മനുഷ്യൻ നേരത്തെ രോഗിയാവുകയും പലകാരണങ്ങളാൽ ഭാഗികമായി അന്ധത ബാധിക്കുകയും ചെയ്യുമ്പോൾ ശബ്ദങ്ങളെ ആശ്രയിക്കാതെ പറ്റില്ലല്ലോ. അത് ഒരു സാധ്യതയായി കാണേണ്ടതാണ്. എന്നാൽ നിർമ്മിത ബുദ്ധിയുടെ (ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ) സാഹിത്യരചനകൾ ഉണ്ടാകുന്നതോടെ എഴുത്തുകാരുടെ കുലം ഇല്ലാതാവുമെന്ന് നരവംശ ശാസ്ത്രജ്ഞനും ചിന്തകനുമായ നോവാ ഹരാരിയെ ഉദ്ധരിച്ചുകൊണ്ട് ഡോ.പി.സോമൻ( ,നവബൃഹദാഖ്യാനങ്ങളും കൊറോണ  കാലവും, ഗ്രന്ഥാലോകം  , സെപ്റ്റംബർ ) എഴുതുന്നുണ്ട്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൻ്റെ ഉത്തര- ഉത്തരാധുനിക കാലത്തേക്ക് സോമനേപോലുള്ള പ്രത്യയശാസ്ത്രവാദികൾ വന്നു ചേരുന്നത് ആശ്വാസമാണ്.


 സംസ്കാരപഠനവും വൈരുദ്ധ്യാത്മക ദർശനവും, ഡേറ്റയുടെയും കമ്പ്യൂട്ടർ പ്രോഗ്രാമുകളുടെയും പശ്ചാത്തലത്തിൽ എങ്ങനെ പിന്തള്ളപ്പെടുന്നു  എന്ന് മനസ്സിലാക്കേണ്ട സമയമാണിത് .അതിനു ഹരാരി നിമിത്തമായതിൽ സന്തോഷിക്കാം. എന്നാൽ ഡോ.സോമൻ  അഭിപ്രായപ്പെടുന്നതുപോലെ നിർമ്മിതബുദ്ധിയുടെ സാഹിത്യമോ സംഗീതമോ വന്നാലും മനുഷ്യനിലെ സൃഷ്ടിവാസന ഇല്ലാതാക്കാനാവില്ല. ഇപ്പോൾ കമ്പ്യൂട്ടർ അൽഗോരിതം ഉപയോഗിച്ച് സംഗീതസംവിധാനം ചെയ്യുന്നവരുണ്ട് .ജനങ്ങളുടെ അഭിരുചി അവരുടെ ഗൂഗിൾ തിരച്ചിൽ അടിസ്ഥാനമാക്കി  ഡേറ്റ ശേഖരിച്ച് മനസ്സിലാക്കിയശേഷം, അവർക്ക് ഇഷ്ടപ്പെടുന്ന ജനകീയസംഗീതം നിർമ്മിതബുദ്ധിയിലൂടെ ഉണ്ടാക്കുവാൻ കഴിഞ്ഞേക്കും. നൃത്തം ചെയ്യാത്തവനെ കൊണ്ട് നൃത്തം ചെയ്യിക്കാം.പാടാത്ത ആളുടെ ശബ്ദം ഉപയോഗിച്ച് പാട്ട് ഉണ്ടാക്കാം. പക്ഷേ, പാടാനുള്ള മനുഷ്യൻ്റെ ആന്തരിക നിർബന്ധത്തിനു  ഇതെങ്ങനെ പകരമാവും ? ഒരാൾ  വിചാരിക്കുന്ന മാത്രയിൽ  ഇഷ്ടമുള്ള പാട്ടുകൾ നൽകാൻ നിർമ്മിത ബുദ്ധിക്ക്  കഴിയുമായിരിക്കും.  അതെല്ലാം വിപണിയുടെ ഭാഗമായി നിൽക്കുന്നതാണ്. ഒരു ഗായകൻ പ്രേക്ഷകർക്ക് മുന്നിലിരുന്ന് പാടുന്നത്, റേഡിയോ കണ്ടുപിടിച്ചതോടെ  ഇല്ലാതായോ ? ശ്രീലങ്കയിലെ റേഡിയോ സ്റ്റേഷനിൽ നിന്ന് പാട്ടുകേട്ടാലും  കൊച്ചിക്കാർക്ക് ഉറങ്ങാൻ തടസ്സമില്ല . എന്നിട്ടും കൊച്ചിയിൽ ഗായകൻ ഇല്ലാതായില്ല. നവോത്ഥാന ബുദ്ധിക്കും, ബോധോദയ ജ്ഞാനത്തിനും,   ശാസ്ത്രത്തിനും, യുക്തിക്കും, നിർമ്മിത ബുദ്ധിക്കും ഡാവിഞ്ചിയുടെ 'അവസാനത്തെ അത്താഴം' (1498)എന്ന ചിത്രമോ ഡാൻ ബ്രൗണിൻ്റെ  'ഡാവിഞ്ചി കോഡ്' (2003)  എന്ന നോവലോ  സൃഷ്ടിക്കാനാവില്ല. കാരണം അത് മനുഷ്യൻ്റെ സർഗാത്മക സൃഷ്ടിയാണ്. സൃഷ്ടി ചെയ്യാനുള്ള വാസന മനുഷ്യന് ഒഴിവാക്കാനാവില്ല .പലപ്പോഴും അവൻ അത് കണ്ടെത്തുകയാണ്. അതിനു വേണ്ടി ജീവിക്കുന്നതു പോലെ പ്രധാനമാണ് മരിക്കുന്നത്‌. കലയിലെ സൗന്ദര്യം താങ്ങാനാവാതെ ആത്മഹത്യ ചെയ്തവരുണ്ട്. അത് ശിവൻ്റെ വില്ലുപോലെയാണ് ;ഉയർത്താൻ പ്രയാസമാണ്.സ്ത്രീ സൗന്ദര്യം ,പ്രകൃതി സൗന്ദര്യം എന്നിവയിലെല്ലാം അലൗകികമായ ചിലതുണ്ട്‌. വ്യാഖ്യാനത്തിന് വഴങ്ങാത്തതാണത്. ഒരു വ്യക്തിക്ക് ചിലപ്പോൾ അത് ഉൾക്കൊള്ളാനാവില്ല .നിസ്സഹായമായ ഈ അവസ്ഥ നിരാശയുണ്ടാക്കുന്നതാണ്.ഇത് മരണത്തെ സ്നേഹിക്കാൻ  കലാകാരനെ പ്രേരിപ്പിക്കും. കലയിൽ അനന്തമായ ലാവണ്യം ഒളിച്ചിരിക്കുകയാണ്. ആ നിലയിൽ നോക്കിയാൽ കലയിൽ മരണമുണ്ട്.ലൗകികജീവിതത്തിന് അപരിചിതമായ അഭൗമ ലാവണ്യത്തിൻ്റെ ഉന്മാദാവസ്ഥയാണ് അതിലുള്ളത്. അത് മുഴുവനായി ഏറ്റെടുക്കാൻ അതിൻ്റെ സൃഷ്ടാവിനു പോലും സാധ്യമല്ല .സ്രഷ്ടാവിനു ബുദ്ധി കൊണ്ട് എണ്ണിത്തിട്ടപ്പെടുത്താന്നുന്ന ഒരു കണക്കല്ല അത്.അതിൽ അജ്ഞാത ത്വമാണുള്ളത്.


അപാര സൗന്ദര്യത്തിനു വേണ്ടി


ലോസ് ഏഞ്ചൽസ് റിവ്യൂ ഓഫ് ബുക്സിൻ്റെ സൈറ്റിൽ ,റഷ്യയിലേക്ക് ആദ്യം നോബൽ സമ്മാനം കൊണ്ടുവന്ന ഇവൻ ബുനിൻ്റെ നൂറ്റിയമ്പതാം ജന്മവാർഷികത്തോടനുബന്ധിച്ച് മാർട്ടിൻ ഡി ഷ്റായർ എഴുതിയ ലേഖനത്തിൽ ( എ സെഞ്ച്വറി ആൻഡ് എ ഹാഫ് ഓഫ് ഇവാൻ ബുനിൻ) സൃഷ്ടിയുടെ ഒഴിവാക്കാനാവാത്ത സമസ്യയെപ്പറ്റി  പറയുന്നുണ്ട്. ബുനിൻ എഴുതിയ ' ദ് ജൻറിൽമാൻ ഫ്രം  സാൻഫ്രാൻസിസ്കോ '  ലോകത്തിലെ തന്നെ ഏറ്റവും മികച്ച കഥകളിലൊന്നാണ്. റഷ്യയിലെ അവസാനത്തെ സാഹിത്യ കുലാധിപതി എന്ന് ബുനിനെ ലേഖകൻ   വിശേഷിപ്പിക്കുന്നുണ്ട്. സമൂഹത്തിലെ വിലക്കുകളെ തള്ളിക്കളഞ്ഞുകൊണ്ട് പ്രേമിക്കാൻ വേണ്ടി മനുഷ്യൻ യാതന അനുഭവിക്കുന്നത് ബുനിൻ്റെ പ്രധാന പ്രമേയങ്ങളിലൊന്നായിരുന്നു. എന്നാൽ അത്തരം പ്രമേയങ്ങളിലും ബുദ്ധമതത്തിലെയും   ദാവോയിസത്തിലെയും  രൂപകങ്ങൾ ഉപയോഗിച്ചുകൊണ്ട് കഥാകൃത്ത് പുതിയ ദാർശനിക സ്വരസവിശേഷത സൃഷ്ടിക്കുന്നതായി ചൂണ്ടിക്കാണിക്കുന്നു .ഇത് കലയുടെ അനിവാര്യതയാണ് .ദാവോയിസം  എന്നാൽ ചൈനയിലെ പുരാതനമായ താവോ തത്ത്വചിന്തയാണ് .എല്ലാ വസ്തുക്കളിലെയും  അന്തര്യാമിയായ പ്രാപഞ്ചികഭാവത്തോട് താദാത്മ്യം പ്രാപിച്ച് മനുഷ്യൻ അഖണ്ഡമായ ശാന്തിയും സൗഖ്യവും നേടണമെന്നാണ്  വിവക്ഷ . മനുഷ്യൻ അവനു അപ്രാപ്യമായ സൗന്ദര്യത്തിനുവേണ്ടി  ജീവിക്കുന്ന സന്ദർഭങ്ങളുണ്ട്. ലോകത്ത്  ഏത് ഭരണകൂടം വന്നാലും കാഫ്കയുടെ കഥാപാത്രങ്ങളുടെ ഉത്കണ്ഠകൾ  അവസാനിക്കില്ല  എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. എന്തുകൊണ്ടെന്നാൽ അത് മനുഷ്യാവസ്ഥയിൽ നിന്ന് ഉയർകൊള്ളുന്ന വിഷമസന്ധികളാണ്.


ബുനിൻ  ഒരു കഥ എഴുതുമ്പോൾ ബുദ്ധിസ്റ്റ് ധ്വനികളും ദാവോയ്സ്റ്റ്  അനുരണനങ്ങളും എങ്ങനെയാണ്  ഉണ്ടാകുന്നത് ? . മനുഷ്യൻ ഒരു  പൂർവ്വനിശ്ചിതമായ  പാതയല്ല . ജീവിക്കുമ്പോൾ  മാത്രം ഉണ്ടാകുന്നതാണ്. അതുകൊണ്ട് അവന്  ഏതെങ്കിലും ഒരു പദ്ധതിക്ക് അനുസരണമായി ജീവിക്കാനാകില്ല. അവൻ പുറമേ ശാന്തനായി കാണപ്പെടുന്നുണ്ടെങ്കിലും ആഭ്യന്തര പ്രശ്നങ്ങളിൽ നിന്ന് ഒഴിയാനാവില്ല ; മനോരോഗങ്ങൾ , ആത്മഹത്യാ ത്വരകൾ ,ഭയങ്ങൾ തുടങ്ങിയവ വേട്ടയാടും.


എഴുത്ത് തെറാപ്പിയാണ് 


ഫ്രഞ്ച് - റുവാണ്ടൻ എഴുത്തുകാരി സ്കോളാസ്റ്റിക് മുകസോംഗയുടെ ഒരു അഭിമുഖം കഴിഞ്ഞദിവസം 'വൈറ്റ് റിവ്യൂ' മാഗസിനിൽ വായിച്ചു .അവർ ഫ്രഞ്ച് ഭാഷയിലാണ് എഴുതുന്നത്. ഓർമ്മകളെ ആധാരമാക്കി എട്ട് കൃതികൾ അവർ രചിച്ചു. അവർ തൻ്റെ സർഗ്ഗാത്മക പ്രവർത്തനത്തെപ്പറ്റി ഇങ്ങനെ സംസാരിച്ചു: " എൻ്റെ ഓർമ്മകൾ നഷ്ടപ്പെടുമോ എന്ന ആധിയിലാണ്  ഞാൻ ജീവിക്കുന്നത് .അത് നഷ്ടപ്പെടുന്നതിനു മുൻപ് , അതുപയോഗിച്ച് വേഗത്തിൽ പലതും എഴുതാനുണ്ട്". ജീവിതത്തിൻ്റെ മുൻഗണനകളും അർത്ഥങ്ങളും ഓരോരുത്തരുടെയും അനുഭവമാണ്. അത് സാമാന്യമല്ല.   പുറംലോകവുമായി ചില എഴുത്തുകാർ അധികം ബന്ധപ്പെടാത്തതിൻ്റെ ഒരു കാരണം ഇതാകാം. മുകസോംഗക്ക് എഴുത്ത് ഒരു രക്ഷപ്പെടലാണ്. അവർ പറയുന്നു: "നോവൽ എന്നെ സ്വതന്ത്രയാക്കി.  ഒരു തെറാപ്പിയാണത്. അതുകൊണ്ട് എഴുതി കഴിയുമ്പോൾ വലിയ സന്തോഷമാണ് " .


അവരുടെ കുടുംബം സ്വന്തം നാടു വിട്ട് പലായനം ചെയ്തിട്ടുണ്ട്. അറുപതുകളിൽ ആ കുടുംബം അഭയാർഥി ക്യാമ്പിൽ ആയിരുന്നു.  94 ൽ അവരുടെ കുടുംബത്തിൽപ്പെട്ട അമ്പതോളം പേരെ വംശവെറിയിൽ അക്രമികൾ കൊല ചെയ്തു. നാട്ടിൽ പഠിക്കാനും ജോലി ചെയ്യാനും അവസരമില്ലാതെ  ബറൂണ്ടിയിലേക്ക് കടക്കുകയായിരുന്നു. അവിടെ താമസിച്ചുകൊണ്ടാണ്  സാവധാനം ജീവിച്ചുതുടങ്ങിയത് .കൊക്രോച്ചസ് ,ദ് ബെയർഫുട് വുമൺ ,ഔർ ലേഡീസ്  ഓഫ് ദ് നൈൽ  തുടങ്ങിയ കൃതികൾ അവരെ പ്രശസ്തയാക്കി. 


നാനോ ഭീഷണി


 ജീവിതത്തെ ആഴമുള്ള ദാർശനിക പ്രശ്നമായി അനുഭവിക്കുന്നത് ചില എഴുത്തുകാരുടെ വിധിയാണ്.നിർമ്മിത ബുദ്ധിക്ക് അത് ലഘൂകരിക്കാനാവില്ല. ഭാവിയിൽ റോബോട്ടുകളും നിർമ്മിത ബുദ്ധിയും നാനോ ടെക്നോളജിയും പ്രകൃതിയെ എങ്ങനെ അപകടപ്പെടുത്തുമെന്ന് പറയാനും എഴുത്തുകാരൻ വേണം.കാരണം റോബോട്ട് ആരെയും ഒന്നും പഠിപ്പിക്കാൻ പോകുന്നില്ല. നാനോ കണങ്ങൾ പരിസ്ഥിതിയെ വിഷമയമാക്കുമെന്ന് വാദിക്കുന്നവരുണ്ട്. പ്ളാസ്റ്റിക് തുടങ്ങി വച്ചതിനേക്കാൾ വലിയ വിപത്താണ് നാനോയിലൂടെ വരാൻ പോകുന്നത്.


വാക്കുകൾ


1) സെക്സും പ്രണയവും തമ്മിലുള്ള വ്യത്യാസം ഇത്രയേ ഉള്ളൂ: സെക്സ് പിരിമുറുക്കം കുറച്ചു തരും ;എന്നാൽ പ്രണയം അത് ഉണ്ടാക്കിത്തരും! .

വൂഡി അല്ലൻ ,

(അമെരിക്കൻ ചലച്ചിത്ര സംവിധായകൻ) .


2) ജീവനുള്ള ഏതൊരു വസ്തുവിലും പ്രണയിക്കാനുള്ള ആഗ്രഹമുണ്ട്.

ഡി .എച്ച്. ലോറൻസ്, 

(ഇംഗ്ലീഷ് നോവലിസ്റ്റ് )


3) ഈ പ്രപഞ്ചത്തിൽ  യാദൃശ്ചികം എന്ന് പറയാവുന്ന ഒന്നും തന്നെയില്ല, ഈ പ്രപഞ്ചം ഒഴികെ. പ്രപഞ്ചം ശുദ്ധമായ യാദൃച്ഛികതയായിരുന്നു, ശുദ്ധമായ ദൈവികതയായിരുന്നു. ജോയ്സ് കരോൾ ഓട്സ് , (അമെരിക്കൻ എഴുത്തുകാരി ) 


4)ഞാൻ എൻ്റെ  സിനിമകൾ കാണാറില്ല;  വട്ടു പിടിച്ചു കരഞ്ഞു പോകും. ദുരിതമായിരിക്കുമത്; ഭയാനകവും.

ഇൻഗ്മർ ബെർഗ്മാൻ ,

(സ്വീഡിഷ് സംവിധായകൻ )


 5)ഇന്നത്തെ  ധാർമ്മികമായ പതനത്തിൽ നിന്ന്  നവജീവൻ നേടാൻ ഒരു പെണ്ണുമായുള്ള നല്ല ബന്ധം  വളരെ ഉപകരിക്കും.

നിക്കോളൈ ഗോഗോൾ,

റഷ്യൻ എഴുത്തുകാരൻ



കാലമുദ്രകൾ 


1)പി ഭാസ്കരൻ


ഗാനവും കവിതയും രണ്ടാണെന്ന് നല്ല നിശ്ചയമുള്ളതുകൊണ്ടാണ് പി. ഭാസ്കരൻ 'ഒറ്റക്കമ്പിയുള്ള തംബുരു ' എന്ന ദീർഘകാവ്യം എഴുതിയത്.


2)ശങ്കരാടി


നാടകനടനായിരുന്ന ശങ്കരാടി മലയാള സിനിമയിൽ വന്നത് എത്ര ഗുണകരമായി എന്ന് പറയാൻ വാക്കുകളില്ല .താങ്കൾ ചെയ്ത ഒരു   വേഷം  മറ്റൊരു നടൻ  ചെയ്യുന്നതായി സങ്കൽപ്പിക്കാൻ കഴിയില്ല എന്ന് പറഞ്ഞപ്പോൾ ശങ്കരാടി ഇങ്ങനെ പ്രതികരിച്ചു: "അമ്മേ ,അമ്മേ! "


3)ജോസഫ് മുണ്ടശ്ശേരി


എഴുത്തച്ഛനു ശേഷം മലയാളകവിതയില്ല എന്ന് സി. ജെ. തോമസ് പറഞ്ഞത് നിലനിൽക്കില്ല. ഇതിന് മറുപടിയായി ജോസഫ് മുണ്ടശ്ശേരി ഇരുപതാം നൂറ്റാണ്ടിലെ പ്രധാന കവികളായി കുമാരനാശാൻ, വള്ളത്തോൾ, ചങ്ങമ്പുഴ എന്നിവരെ ഉയർത്തിക്കാട്ടിയിരുന്നു.


4)കുഞ്ഞുണ്ണി 


രണ്ടോ നാലോ വരിയിൽ ഒരു കവിത എഴുതുകയായിരുന്നില്ല കുഞ്ഞുണ്ണി മാഷിൻ്റെ ലക്ഷ്യം.അദ്ദേഹം കവിത എന്ന മാധ്യമത്തെ ഉപയോഗിച്ച് കാവ്യസൂക്ത ( പോയറ്റിക് അഫോറിസം )മാണ് ആവിഷ്കരിച്ചത്.


5)തകഴി 


കടലാസിൻ്റെയും പൈസയുടെയും  'വില ' നന്നായി അറിയാമായിരുന്ന തകഴി പെൻസിൽ കൊണ്ടാണ് ദൈർഘ്യമേറിയ 'കയർ ' ഉൾപ്പെടെയുള്ള കൃതികൾ എഴുതിയത്. തെറ്റു വന്നാൽ റബ്ബർ ഉപയോഗിച്ച് മായ്ച്ചു വീണ്ടും എഴുതാമല്ലോ.



സ്കൂളിനു പുറത്ത് 


ഒരാളുടെ കലാപരവും സർഗപരവുമായ അഭിരുചിയെ സ്കൂളുകളും കോളജുകളും വളരെ വ്യവസ്ഥാപിതമായി വെട്ടിച്ചുരുക്കുകയോ നിഷേധിക്കുകയോ നശിപ്പിക്കുകയോ ചെയ്യുകയാണ്. സ്കൂളുകളും  കോളജുകളുമാണ് ശരി എന്ന വാദത്തോട് യോജിക്കാനാവില്ല .ഒരാൾ സ്വതന്ത്രമായി എഴുതുന്നതും ,വരയ്ക്കുന്നതും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അംഗീകരിക്കുന്നില്ലല്ലോ. റോമൻ ചിന്തകനായ ഇവാൻ ഇല്ലിച്ച് (1926-2002) പറഞ്ഞതും ഇതുമായി ചേർത്ത് വച്ച് നോക്കാവുന്നതാണ്: "ഈ സമൂഹം ഇങ്ങനെ തന്നെയാണ്  വേണ്ടതെന്ന് നിങ്ങളെ വിശ്വസിപ്പിക്കുന്ന

ഒരു പരസ്യക്കമ്പനിയാണ് സ്കൂൾ " .ഈ വീക്ഷണം സത്യത്തിലേക്ക് തുളച്ചുകയറുകയാണ്.


'കല വിദ്യാഭ്യാസത്തിൻ്റെ അടിസ്ഥാനം ' എന്ന പേരിൽ റോയ് എം. തോട്ടം (പ്രഭാവം ,സെപ്റ്റംബർ ) എഴുതിയ ലേഖനത്തിൽ ഇങ്ങനെ വായിക്കാം: "നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായവും സാമൂഹിക വ്യവസ്ഥയും ,ക്രിയാത്മകതയെയും സ്വഭാവത്തെയും ഇല്ലാതാക്കുന്ന തരത്തിലുള്ള സമീപനവും സന്ദർഭവുമാണ് വളർന്നു വരുന്ന കുട്ടികളുടെ മേൽ പ്രയോഗിക്കുക " .


ഇതിൽ വാസ്തവമുണ്ട്.ഒരു സ്വതന്ത്രബുദ്ധിക്ക് പകരം ആശ്രിത

ബുദ്ധിയാണ് ഇതിലൂടെ വികസിക്കുന്നത്. ഇന്നത്തെ സാഹചര്യങ്ങൾ ഇതിൻ്റെ സൃഷ്ടിയാണ്. നാല്പത് ലക്ഷം രൂപ മുടക്കി ഒരാൾ കെട്ടിടം പണിയുന്നു; എന്നാൽ ചിത്രങ്ങളോടും ശില്പങ്ങളോടും ശത്രുതാമനോഭാവം പുലർത്തുകയും ചെയ്യുന്നു. ഇത് വൈരുദ്ധ്യമല്ലേ? മഹാ ചിത്രകാരന്മാരായ ക്ലോദ് മൊനെ ,ഹെൻറി മാറ്റിസ് എന്നീ പേരുകൾ കേൾക്കാതെ കുട്ടികൾ സ്കൂൾ വിട്ടു പോകുന്നതും പിന്നീട് കലാശൂന്യതയോടെ ലക്ഷങ്ങളുടെ വീടുകൾ കെട്ടുന്നതും നിരാശയാണ് ജനിപ്പിക്കുന്നത്.കലയെ ജീവിതത്തിൽ നിന്ന് പുറന്തള്ളാനുള്ള ഒരു ത്വര ആന്തരികമായ നിക്ഷേപമായി വ്യക്തികളിൽ  അടിഞ്ഞുകൂടുന്നു.ഇതിൻ്റെ ദുരന്ത പരിണാമമായി കാണേണ്ടതാണ് സംഗീതനാടകഅക്കാദമിയിൽ ഉണ്ടായ  ആർ.എൽ.വി രാമകൃഷ്ണൻ സംഭവം പോലും .