എം.കെ.ഹരികുമാർ
9995312097
Email: mkharikumar797@gmail.com
കൊറോണയും വീടിൻ്റെ നാനാർത്ഥങ്ങളും
"
നമ്മൾ തടവുകാരാണ്. കൊറോണ നമ്മെ തടവിലാക്കിയിരിക്കുന്നു,
തത്ക്കാലത്തേക്കെങ്കിലും .എന്നാൽ നമ്മൾ പോരാളികളാണ് .മറ്റുള്ളവരുമായി
ആശയവിനിമയം നടത്തേണ്ട, ജാഗ്രത പുലർത്തേണ്ട ,ലോകത്ത് എന്ത് നടക്കുന്നു എന്ന്
പരിശോധിക്കേണ്ട ഉത്തരവാദിത്തം ഐസലോഷനിലാണെങ്കിലും നമ്മൾ എറ്റെടുക്കുന്നു.
ഇതാണ് പുതിയ സമ്മർദ്ദം " _ പ്രമുഖ ഉത്തര-ഉത്തരാധുനിക ചിന്തകനും
പെർഫോമാറ്റിസം എന്ന കലാ സിദ്ധാന്തത്തിൻ്റെ ഉപജ്ഞാതാവുമായ ജർമ്മൻ വിമർശകൻ
റിയോൾ ഇഷെൽമാൻ പറയുന്നു.അദ്ദേഹം ഇപ്പോൾ ജർമ്മനിയിലെ ലുഡ്വിഗ്
യൂണിവേഴ്സിറ്റിയിൽ ഭാഷാശാസ്ത്ര വിഭാഗം പ്രൊഫസറാണ്.
കൊറോണ ചില ആത്മീയ
ചോദ്യങ്ങൾ നമ്മുടെ മുന്നിൽ ഉന്നയിക്കുന്നതായി ഇഷെൽമാൻ അറിയിക്കുന്നു.
മനുഷ്യൻ്റെ നശ്വരതയെക്കുറിച്ചാണ് അത് ചിന്തിപ്പിക്കുന്നത്
.ജീവിതത്തെക്കുറിച്ചുള്ള കാല്പനികമായ ഭ്രമങ്ങൾ കൊഴിഞ്ഞു പോകാൻ
ഇതിടയാക്കിയിട്ടുണ്ട്. മനുഷ്യനെ പിടിച്ചു നിർത്താൻ ഇന്നോളമുള്ള അവൻ്റെ
അറിവ് പോരാതെ വരുന്നു. ഇതാണ് പുതിയ പ്രതിസന്ധി.
മാനവസമുദായത്തെ
ഒന്നായി കാണാൻ കൊറോണയുടെ വരവ് ഇടയാക്കി. ലോകത്ത് എവിടെയുമുള്ള മനുഷ്യർ ഒരേ
പ്രശ്നം നേരിടുന്നു. അവരാകട്ടെ നിസ്സഹായരായി നില്ക്കുകയാണ്. ഇതാണ്
എല്ലാവരുടെയും അസ്തിത്വ പ്രശ്നം. വേഗമായിരുന്നു നമ്മുടെ വലിയ മൂലധനം.
എന്നാൽ ഇപ്പോൾ വേഗത്തിൻ്റെ പത്തി താഴ്ന്നിരിക്കുന്നു. ഇത് ജീവിതത്തിൻ്റെ
ആത്യന്തികമായ ഫലത്തെക്കുറിച്ച് ചിന്തിക്കാൻ മനുഷ്യനെ പ്രേരിപ്പിക്കുകയാണ്.
ഇപ്പോൾ സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും നാം അകന്നു
കഴിയുന്നു.ഇതിൻ്റെയെല്ലാം പരിണതി പിന്നീട് കൂടുതൽ നല്ല രീതിയിൽ വന്നേക്കാം.
ജീവിതവീക്ഷണത്തിലുണ്ടാകുന്ന
മാറ്റം ശ്രദ്ധേയമാവുകയാണ്. ഭൂതകാലത്തിൻ്റെ വലിയൊരു ഭാരം ഇറങ്ങിയെന്ന്
പറയാം.ഉപയോഗശൂന്യമായ അഹംബോധത്തിൻ്റെ മാറാലകൾ ഗതകാലത്തിൻ്റെ അഗാധ
താഴ്വരകളിലേക്ക് വലിച്ചെറിയേണ്ട സമയമാണിത്. രോഗഭീതിയിലാണെങ്കിലും മനുഷ്യനെ
സ്വാതന്ത്ര്യം വിളിക്കുകയാണ്. അവൻ മാറാനായി കാത്ത് നിന്നവനാണ്.ഒരു ബസ്
വന്നില്ലെന്ന് മാത്രം. ഇപ്പോൾ അവൻ പ്രകൃതിയെ അറിയുന്നു. സുഹൃത്തുക്കൾ
എന്താണെന്ന് അന്വേഷിക്കുന്നു. മൗനത്തിലേക്ക് വലിയുന്നു.
വീട്ടിലിരിക്കുന്നത് അപമാനമല്ല ,പരാജയമല്ല എന്ന് തിരിച്ചറിയുന്ന
നിമിഷമാണിത്. കളിസ്ഥലങ്ങൾ നഷ്ടപ്പെടുമ്പോൾ മടങ്ങിച്ചെല്ലാൻ വീട്
മാത്രമാണുള്ളതെന്ന് ഉൾക്കൊള്ളുന്നു. വീടിനു നാനാർത്ഥങ്ങളുണ്ട്. പുറംലോകം
നമ്മെ സ്നേഹിക്കാതാകുമ്പോൾ നാം ഉറച്ച കാൽവയ്പുകളോടെ വീട്ടിലേക്ക്
തിരിക്കണം. വീടിനു ജീവനുണ്ട്.അത് നമ്മെ മൗനമായി സ്നേഹിക്കാൻ തുടങ്ങും.
പുറംലോകമല്ല സംസ്കാരത്തിൻ്റെ ഭുവിഭാഗം എന്ന ബോധം ലഭിക്കാൻ പ്രയാസമാണ്.
അതിപ്പോൾ ലഭിച്ചിരിക്കുന്നു. ആരോഗ്യപരിപാലനം ,പരിസ്ഥിതി ബോധം എന്നീ
വിഷയങ്ങളിലേക്കാണ് നാം വിമോചിപ്പിക്കപ്പെടേണ്ടത്. ഒരു പൊതുനന്മയെ
വ്യാഖ്യാനിക്കേണ്ടത് ഇങ്ങനെയാണ് . ഞാൻ ഇമെയിലിൽ നടത്തിയ ഇൻ്റർവ്യുവിലാണ്
ഇഷെൽമാൻ ഇങ്ങനെ വ്യക്തമാക്കിയത്.2012 ൽ ഇഷെൽമാനുമായി നടത്തിയ ഇ മെയിൽ
ഇൻ്റർവ്യൂ പെർഫോമാറ്റിസം ,ഉത്തര- ഉത്തരാധുനികത എന്നീ വിഷയങ്ങളെ
ആസ്പദമാക്കിയായിരുന്നു. 'ഉത്തര- ഉത്തരാധുനികത' (2012) എന്ന പേരിൽ
പ്രസിദ്ധീകരിച്ച എൻ്റെ പുസ്തകത്തിൽ അത് ചേർത്തിട്ടുണ്ട്.
2001ലാണ്
ഇഷെൽമാൻ പെർഫോമാറ്റിസം എന്ന് ആദ്യമായി പ്രയോഗിച്ചത്.ഒരു നവീന സാഹിത്യ
,കലാചിന്തയുടെ സൈദ്ധാന്തികവും തത്ത്വചിന്താപരവുമായ ആവിഷ്കാരമാണിത്. ഒരു
കൃതിയുടെ ,വാസ്തു നിർമ്മിതിയുടെ ,സിനിമയുടെ ,കലയുടെ അടഞ്ഞ
ലോകത്തിനുള്ളിലാണ് സൗന്ദര്യാത്മകമായ അതീതത്വമുള്ളത്. അനുവാചകൻ അതിൻ്റെ
ഉള്ളടക്കത്തെ യുക്തിക്ക് അതീതമായി വിശ്വസിക്കുന്നു. ഈ വിശ്വാസത്തിനു കാരണം
കലാപരമായ ആവിഷ്കാരം തന്നെയാണ്. മറ്റൊരു പ്രത്യയശാസ്ത്രമോ ആകുലതയോ അനുവാചകനെ
ആ സമയത്ത് അല ട്ടുന്നില്ല. കലയുടെ സ്വയം പ്രഖ്യാപിത ലോകത്തിൻ്റെ
സവിശേഷതയാണിത്.
പെർഫോമാറ്റിസം
ഇതിന് ഒരു നല്ല ഉദാഹരണമായി
അദ്ദേഹം ചൂണ്ടിക്കാട്ടുന്നത് കനേഡിയൻ എഴുത്തുകാരനായ യാൻ മാർട്ടലിൻ്റെ 'ലൈഫ്
ഓഫ് പി' എന്ന നോവലാണ്. ഈ കൃതിയിൽ പി എന്ന യുവാവാണ് കഥ പറയുന്നത്. അവൻ
മനിലയിൽ നിന്ന് വടക്കേ അമേരിക്കയിലേക്കുള്ള യാത്രയിൽ
കപ്പൽച്ചേതമുണ്ടായതിനെ തുടർന്ന് ഒരു ലൈഫ് ബോട്ടിൽ രക്ഷപ്പെടുകയാണ്. ഒടുവിൽ
അതിൽ അവശേഷിച്ചത് പി യും റിച്ചാർഡ് പാർക്കർ എന്ന കടുവയുമാണ്. ഇവർ
മാസങ്ങളോളം കടലിൽ ചുറ്റിത്തിരിഞ്ഞ ശേഷമാണ് കരപറ്റുന്നത്. അവരുടെ ബന്ധം
ഗാഢമായിരുന്നു.എന്നാൽ കരയിൽ ഇറങ്ങിയ കടുവ സാവധാനം നടന്നു; ഒന്നു തിരിഞ്ഞു
നോക്കാതെ അത് കാട്ടിലേക്ക് കയറിപ്പോയി.
പി രക്ഷപ്പെട്ടതറിഞ്ഞ്
ആശുപത്രിയിൽ എത്തിയ ഉദ്യോഗസ്ഥരോട് അവൻ വേറൊരു കഥയാണ് പറയുന്നത്.അതിൽ
കപ്പൽച്ചേതത്തെ തുടർന്ന് ലൈഫ് ബോട്ടിൽ രക്ഷപ്പെട്ടത് പിയും കപ്പലിലെ
പാചകക്കാരനും ഒരു നാവികനും അയാളുടെ അമ്മയുമാണ്. യാത്ര അവസാനിച്ചപ്പോൾ മറ്റ്
മൂവരും കൊല്ലപ്പെട്ടിരുന്നു. പാചകക്കാരൻ മറ്റ് രണ്ടു പേരെ വിശപ്പ്
സഹിക്കാതെ കൊന്നു. പാചകക്കാരനെ പി കൊന്നു.
എന്നാൽ ഈ രണ്ടു കഥകളിൽ
ഏത് വിശ്വസിച്ചാലും തനിക്കൊരു പ്രശ്നവുമില്ലെന്ന് പി അവരെ അറിയിക്കുന്നു.
അവർ കണക്കാക്കിയത് കടുവ ആയി പ്രത്യക്ഷപ്പെട്ടത് പി തന്നെ
ആയിരിക്കുമെന്നാണ്.
പി പറയുന്നത് നുണയാണെങ്കിലും ആ നോവൽ വായിക്കുന്ന
ഒരാൾ അതിലെ ബോട്ട് യാത്രയും ,കടുവയും മനുഷ്യനും തമ്മിലുള്ള ബന്ധവും
വിശ്വസിക്കും.കാരണം നോവലിലുള്ളത് വിശ്വസനീയമാണ്. അത് സൗന്ദര്യത്തെയാണ്
നമ്മിലേക്ക് സംക്രമിപ്പിക്കുന്നത്. ഇതാണ് പെർഫോമാറ്റിസം. കലയ്ക്ക് വേണ്ടത് ഈ
ഗുണമാണ്. യുക്തി കലയുടെ ഭാരമല്ല. യാഥാർത്ഥ്യം തന്നെ ഇരട്ട മുഖമുള്ളതാണെന്ന
അസ്തിത്വപരമായ സമസ്യയാണ് യാൻ മാർട്ടൽ ഇതിൽ പരിശോധിക്കുന്നത്.
വാക്കുകൾ.
1)
നിങ്ങളുടെ കഥയിൽ ഒരു പുതിയ കഥാപാത്രം വരുമ്പോൾ അയാളുടെ പ്രകൃതവും
വസ്ത്രങ്ങളും കുറച്ചു വിശദമായിത്തന്നെ പറയണം.അല്ലെങ്കിൽ വായനക്കാരൻ അവൻ്റെ
സ്വന്തം നിഗമനങ്ങളിലെത്തും. അത് നിങ്ങൾ പിന്നീട് പറയുന്നതുമായി
ഇണങ്ങിയെന്ന് വരില്ല .
സത്യജിത്ത് റായ് ,
ബംഗാളി സംവിധായകർ ,എഴുത്തുകാരൻ.
2)സിനിമയുടെ
സൗന്ദര്യശാസ്ത്രം ഞാൻ പഠിച്ചത് റുഡോൾഫ് ആർനീം എഴുതിയ 'ഫിലിം ആസ് ആർട്ട് '
,വ്ളാഡിമിർ നിൽസൻ എഴുതിയ 'സിനിമ ആസ് എ ഗ്രാഫിക് ആർട്ട് ' എന്നീ
പുസ്തകങ്ങളിൽ നിന്നാണ്.
മൃണാൾ സെൻ ,
ബംഗാളി സംവിധായകൻ.
3)അഭിപ്രായ സ്വാതന്ത്ര്യമുള്ളപ്പോൾ ,ഞാൻ കണ്ടിട്ടുള്ളത് ഭൂരിപക്ഷം പേർക്കും ഒന്നും തന്നെ പറയാനില്ലെന്നാണ്.
യെവ്ജെനി യെവ്തുഷെൻകോ ,
റഷ്യൻ കവി.
4) ഓരോ സുഹൃത്തും നമ്മളിലെ ഒരു ലോകത്തെയാണ് പ്രതിനിധീകരിക്കുന്നത്.ആ സുഹൃത്ത് വരുന്നതുകൊണ്ടു മാത്രമാണ് ആ ലോകം ഉണ്ടാകുന്നത്.
അനൈസ് നിൻ .
ഫ്രഞ്ച് ,അമെരിക്കൻ എഴുത്തുകാരി.
5)
അവസാനം ,നമുക്ക് പ്രായമാകുന്നതോടെ ,നാം നമ്മെ സ്നേഹിക്കുന്നവരെയെല്ലാം
കൊല്ലുകയാണ് ചെയ്യുന്നത്; മാനസികമായി ക്ലേശിപ്പിച്ചുകൊണ്ടും അവരിൽ നമ്മൾ
സൃഷ്ടിച്ച കുഴപ്പിക്കുന്ന സ്നേഹപാശം കൊണ്ടും.
വാൾട്ടർ ബെഞ്ചമിൻ,
ജർമ്മൻ സാഹിത്യചിന്തകൻ .
കാലമുദ്രകൾ
1 ) മങ്കട രവിവർമ്മ .
സ്വയംവരം
,എലിപ്പത്തായം, അനന്തരം തുടങ്ങിയ സിനിമകൾക്ക് ഛായാഗ്രഹണ കലയുടെ സൗന്ദര്യം
നല്കിയ മങ്കട രവിവർമ്മയെക്കുറിച്ച് മലയാളത്തിൽ ആരും എഴുതുകയോ പഠിക്കുകയോ
ചെയ്യുന്നില്ല.
2) എം.പി.നാരായണപിള്ള.
കേരള സാഹിത്യഅക്കാദമി
എം.പി.നാരായണപിള്ളയുടെ നോവലിന് അവാർഡ് കൊടുത്തപ്പോൾ തനിക്കത് വേണ്ടെന്ന്
അദ്ദേഹം കണിശമായി പറഞ്ഞു. ഇതുപോലെ അക്കാദമികളെ കളിയാക്കാൻ കെല്പുള്ള
യഥാർത്ഥ പ്രതിഭകൾ ഇന്നില്ല.
3) പി.വത്സല.
പി.വത്സല ഒരിക്കലും ഒരു പുരോഗമന സാഹിത്യകാരിയായിരുന്നില്ല. അത്തരമൊരു ബ്രാൻഡിംഗിൻ്റെ പരിമിതി അവർക്ക് നന്നായി അറിയാമായിരുന്നു.
4) കെ.പി.അപ്പൻ.
പ്രമുഖ
വിമർശകനായ കെ.പി.അപ്പൻ്റെ ശിഷ്യന്മാരായി പലരും അവതരിച്ചെങ്കിലും
അവർക്കാർക്കും അപ്പനെ മനസിലാക്കാനുള്ള ശേഷിയില്ലായിരുന്നു.പലരും ബാഹ്യ
പ്രലോഭനങ്ങളുടെ പേരിലാണ് അദ്ദേഹത്തിൻ്റെ പിന്നാലെ കൂടിയത്.
5) കെ.പി.നിർമ്മൽകുമാർ.
കെ.പി.നിർമ്മൽകുമാർ
സ്വന്തം പാതയിലാണ് കഥയെഴുതിയത്. 'കൃഷ്ണഗന്ധകജ്വാലകൾ ' ഉദാഹരണം.
സി.വി.ബാലകൃഷ്ണനിൽ നിന്ന് അദ്ദേഹത്തിലേക്ക് ഒരുപാട് അകലമുണ്ട്. ബാലകൃഷ്ണൻ
നിലവിലുള്ള അഭിരുചികളുമായി നന്നായി അനുരഞ്ജനപ്പെട്ട് ,ഒന്നിനോടും
വിയോജിക്കാതെ ,അനുസരണയുള്ള കുട്ടിയായി ഒരു സോദ്ദേശ്യ കഥാപാത്രമായി
മാറിയിരിക്കുന്നു.
മഴയിൽ പ്രണയവും ആനന്ദവും
മുൻമന്ത്രിയും
കലാസ്വാദകനുമായ ജോസ് തെറ്റയിൽ ഒരു വാട്സപ്പ് പോസ്റ്റിൽ മഴയുടെ അഭൗമമായ
അനുഭവങ്ങളെക്കുറിച്ച് എഴുതിയത് അറിവിൻ്റെ മഴയായി. അദ്ദേഹം പറയുന്നത് ,മഴ
ചിലപ്പോൾ ഒരു സംഗീതത്തെ ഉല്പാദിപ്പിക്കുന്നു എന്നാണ്. അത് ഹൃദയതാളമാണത്രേ.
സംഗീതം ധ്യാനത്തിൽ നിന്ന് ഉത്ഭവിച്ചതാകയാൽ മഴയ്ക്കും ധ്യാനാത്മകതയ്ക്കും
തമ്മിൽ ബന്ധമുണ്ട്.
അദ്ദേഹം ഇങ്ങനെ എഴുതുന്നു: "മഴയെ ഇഷ്ടപ്പെടുന്നതും
സ്നേഹിക്കുന്നതും ഒരു അനുഭൂതിയാണ്.ഒരു മാനസികാവസ്ഥ .ഈ പ്രണയം
ആന്തരികമായതിനാൽ ദിവ്യമാണ്. അത് സമ്മാനിക്കുന്ന സന്തോഷവും സമാധാനവും
സംതൃപ്തി പ്രദാനം ചെയ്യുന്നു.ഇത് നമ്മുടെ അന്തരാളത്തിലുണർത്തുന്ന ആർദ്രതയിൽ
അഭിരമിക്കുന്നവനെ ഇംഗ്ളീഷിൽ പറയുന്ന വാക്ക് ഞാനടുത്തിടെ പഠിച്ചു:
പ്ളൂവിയോഫിലി(Pluviophile). ഇത് പരിശുദ്ധമായ മനസ്സമാധാനം തരുമെന്ന്
പ്രകൃതി ദേവി "
ജോസ് തെറ്റയിൽ ഒരു റൊമാൻ്റിക് ആയിരിക്കുമെന്ന് ഞാൻ
ഒട്ടും പ്രതീക്ഷിച്ചില്ല. തീർച്ചയായും അദ്ദേഹത്തിനു കൂട്ടായി
പ്ളൂവിയോഫിലികൾ ഇവിടെ ഉണ്ട് .മഴയിൽ ,രാത്രിമഴയിൽ പരേതാത്മാക്കൾ വന്ന്
നമുക്കറിയാത്ത ഭാഷയിൽ എന്തൊക്കെയോ പറയുന്നതായി തോന്നിയിട്ടുണ്ട്. ഇത്ര
തീക്ഷ്ണമായും ഗാഢമായും പറയാൻ അവർക്കേ കഴിയൂ.
ബ്രഹ്മാണ്ഡ ലൈബ്രറി
ഭൂമിയിലെ
ബ്രഹ്മാണ്ട ലൈബ്രറി അമെരിക്കയിൽ ഫ്ളോറിഡയിൽ ഹിൽസിബോറോ
കൗണ്ടിയിലാണുള്ളതെന്ന് സുരേഷ് ആലുവ ഫേസ്ബുക്കിൽ എഴുതിയ ലേഖനത്തിൽ
വായിക്കാം. ഇരുപത്തിയൊൻപത് ശാഖകളും സഞ്ചരിക്കുന്ന ലൈബ്രറിയും ചേർന്നാണ്
പ്രവർത്തിക്കുന്നത്.പബ്ളിക് ലൈബ്രറി ബോർഡുണ്ട് അവിടെ .എല്ലാ ലൈബ്രറികളെയും
കമ്പ്യൂട്ടർ ,ഇൻ്റർനെറ്റ് ശ്രംഖലകൾ വഴി ബന്ധിപ്പിച്ചിരിക്കുന്നു. എന്തും
തിരയാം ,എന്തും വായിക്കാം. ഇംഗ്ളീഷ് അക്ഷരമാലാക്രമത്തിൽ വിവിധ
വിഷയങ്ങളെക്കുറിച്ചുള്ള സൈറ്റുകൾ നോക്കാം. പുസ്തകം ഏത് ശാഖയിൽ
നിന്നുമെടുക്കാം, ഏത് ശാഖയിലും തിരിച്ചേല്പിക്കാം. 19000 ഫോട്ടോകൾ
ശേഖരിച്ചിരിക്കുന്നു. ഓഡിയോ അഭിമുഖങ്ങൾ ,ശവസംസ്കാര രേഖകൾ ,237 ഇനങ്ങളിലായി
ലൈബ്രറി ചരിത്ര ശേഖരം ,5280 ലക്ഷം ആനുകാലിക ,പൗരാണിക ലേഖനങ്ങൾ ....ഇങ്ങനെ
പോകുന്നു അനന്തമായ വിജ്ഞാനശേഖരം.
നിസ്സാരമായ ഒരു വിഷയം
"നമ്മൾ
ആഗ്രഹിക്കുന്നത് പോലെ പ്രശ്നങ്ങളോ വേദനകളോ അസമത്വങ്ങളോ ഇല്ലാത്ത ഒരു നല്ല
ലോകം ഉണ്ടാവുകയാണെങ്കിൽ ആ ലോകത്ത് സാഹിത്യം വിഷയദാരിദ്ര്യം കൊണ്ട് മരിച്ചു
പോകാൻ ഇടയുണ്ട് ."_ നോവലിസ്റ്റ് വി.ജെ. ജയിംസ് ഒരഭിമുഖത്തിൽ (മാതൃഭൂമി
ആഴ്ചപ്പതിപ്പ് ,ജലായ് 12 ) പറഞ്ഞതാണിത്. എന്താണ് ഇത് അർത്ഥമാക്കുന്നത്
?ഇത്തരം അസംഭവ്യമായ കാര്യങ്ങളെക്കുറിച്ച് ആലോചിക്കേണ്ടതുണ്ടോ ? ഒരു
പ്രശ്നവുമില്ലാത്തവർ എന്തിനെഴുതണം ? പ്രശ്നങ്ങൾ ഇല്ലാത്തവർ ഇന്നുമുണ്ടല്ലോ
കവികളും കഥാകൃത്തുക്കളുമായിട്ട് .അവർ എത്ര കോവിഡ് വന്നാലും
മുരിങ്ങപ്പൂവിനെക്കുറിച്ചും വഴിയിൽ ചേര ചത്തതിനെക്കുറിച്ചും
എഴുതിക്കൊണ്ടിരിക്കും .എന്നാൽ ഒരു കാര്യം മനസിലാക്കണം.മനുഷ്യൻ്റെ ഉള്ളിലാണ്
പ്രകമ്പനങ്ങൾ ഉണ്ടാവേണ്ടത്.അങ്ങോട്ടൊരു പാലം ഇടാൻ സാധിക്കണം.
യുദ്ധമുണ്ടായിട്ടാണോ എഴുത്തച്ഛൻ 'ഹരിനാമകീർത്തനം' എഴുതിയത് ?ഉറൂബ്
'സുന്ദരികളും സുന്ദരന്മാരും' എഴുതിയത് ?
എന്തിനാണ് വി.ജെ. ജയിംസ്
ഇതേ ലക്കത്തിൽ 'വെടിവെപ്പ് മത്സരം' എന്ന ആ കഥ എഴുതിയത് ?
കള്ളുകുടിച്ചിരിക്കുന്നതിനിടയിൽ ഗദ്യകവിക്കും പദ്യകവിക്കും ഒരു വിളി വന്നു.
ആരാണ് കേമൻ എന്ന് തീരുമാനിക്കാൻ വെടിവെപ്പ് മത്സരം നടത്തുകയാണ്. വെറും
ഉണ്ടയില്ലാ വെടി ! നല്ലപോലെ എഴുതാൻ കഴിഞ്ഞേക്കുമായിരുന്ന ജയിംസ് ,ഒരു നല്ല
വ്യക്തിയാണെന്ന കാര്യം മറന്ന് ,ഇതെഴുതരുതായിരുന്നു. ഇത്ര നിസ്സാരമായ ഒരു
വിഷയം നീട്ടിവലിച്ച് ഒരു പ്രധാന വാരികയിലെഴുതാൻ എന്ത്
പ്രകോപനമാണുണ്ടായിരുന്നത്.? സങ്കീർണമായ അവസ്ഥയിലുടെ മനുഷ്യർ കടന്നു
പോകുന്ന ഈ കാലത്ത് ഇതുപോലെ യാതൊരു പ്രസക്തിയുമില്ലാത്ത ,യാതൊരു
കലാമൂല്യവുമില്ലാത്ത ഒരു കഥയുമായി ജയിംസ് വരരുതായിരുന്നു.
Monday, September 7, 2020
അക്ഷരജാലകം/കൊറോണയും വീടിൻ്റെ നാനാർത്ഥങ്ങളും/metrovartha ,aug 10
അക്ഷരജാലകം/വിസ്മൃതിയുടെ 204 വർഷങ്ങൾ കടന്ന് .../aug 17/metrovartha
എ.കെ.ഹരികുമാർ
9995312097
വിസ്മൃതിയുടെ 204 വർഷങ്ങൾ കടന്ന് ...
ഒരു കവിത അധികാരികൾ കണ്ടുകെട്ടി നശിപ്പിക്കുന്നു .ഇരുനൂറ്റി നാല് വർഷങ്ങൾക്ക് ശേഷം അത് തിരിച്ചു വരുന്നു.സത്യത്തിൻ്റെയും നീതിയുടെയും പ്രസക്തിക്ക് മരണമില്ല എന്നല്ലേ ഇത് സൂചിപ്പിക്കുന്നത്. ? കവിത അല്ലെങ്കിൽ നേരറിവിൻ്റെ വാക്കുകൾ പരാജയപ്പെടുന്നില്ല എന്നുകൂടി ഇത് അർത്ഥമാക്കുന്നു.
ഇംഗ്ലീഷ് കവി പെഴ്സി ബൈഷ് ഷെല്ലി (1792-1822)യുടെ 'പോയറ്റിക്കൽ എസ്സേ :ഓൺ ദി എക്സിസ്റ്റിംഗ് സ്റ്റേറ്റ് ഓഫ് തിംഗ്സ് ' (1811) എന്ന കവിതയുടെ കാര്യമാണ് പറയുന്നത്.ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ അണ്ടർ ഗ്രാജുവേറ്റിനു പഠിക്കുകയായിരുന്നു ഷെല്ലി. അനീതിയോട് രാജിയാ കാത്ത ഷെല്ലി തൻ്റെ പ്രതിഷേധത്തിൻ്റെ രൂപകമായി കവിതയെ തിരഞ്ഞെടുത്തു.ബ്രിട്ടീഷ് ഭരണകൂടത്തെ വിമർശിക്കുന്ന ഒരു കവിതയെഴുതി. ദാരിദ്ര്യത്തിനും അഴിമതിക്കും അധിക നികുതിക്കും ക്രൂരതയ്ക്കും കൊലപാതകത്തിനും നെപ്പോളിയൻ്റെ യുദ്ധത്തിനും മതവാഴ്ചയ്ക്കും എതിരെയാണ് ആ വിദ്യാർത്ഥി പ്രതികരിച്ചത്. സ്വാതന്ത്ര്യം ഇല്ലാതാവുന്നതാണ് ഏറ്റവും വലിയ മുറിവ് എന്ന് ഈ കവിതയിൽ ഷെല്ലി എഴുതുന്നുണ്ട്.
ഐറിഷ് പത്രമായ 'ദ് പ്രസ്സി'ൻ്റെ ഉടമയായ പീറ്റർ ഫിന്നർട്ടിയെ രണ്ടു വർഷത്തേക്ക് സർക്കാർ ജയിലിലടച്ചിരുന്നു. അദ്ദേഹത്തെ മോചിപ്പിക്കുന്നതിനു ധന സമാഹാരണം നടത്താനാണ് ഷെല്ലി 172 വരിയുള്ള ഈ കവിത എഴുതിയത് .ഇരുപത് പേജുള്ള ഒരു ലഘുലേഖ പോലെ അച്ചടിച്ച കവിത വില്ക്കാൻ പ്രസാധകരുമുണ്ടായിരുന്നു.എന്നാൽ അധികാരികൾ വെറുതെയിരിക്കില്ല എന്നറിയാവുന്നതുകൊണ്ട് ഷെല്ലി പുസ്തകത്തിൽ സ്വന്തം പേരു വച്ചില്ല .പകരം 'ജൻ്റിൽമാൻ ഓഫ് ദ് യൂണിവേഴ്സിറ്റി ഓഫ് ഓക്സ്ഫോർഡ് ' എന്നാണ് രേഖപ്പെടുത്തിയിരുന്നത്. മനുഷ്യാവകാശ പ്രവർത്തകനായ വില്യം ഒർ ജുഡീഷ്യൽ കസ്റ്റഡിയിൽ വധിക്കപ്പെട്ടതിനോടുള്ള പ്രതിഷേധ സൂചകമായി ഫിന്നർട്ടി തൻ്റെ പത്രത്തിൽ കൊടുത്ത വാർത്ത ജഡ്ജിയെ അപകീർത്തിപ്പെടുത്തി എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അദ്ദേഹത്തിനു രണ്ടു വർഷത്തെ തടവു വിധിച്ചത്.
ഷെല്ലിയെ പുറത്താക്കി
കവിത പ്രസിദ്ധപ്പെടുത്തിയതോടെ അധികാരികൾ രോഷം പൂണ്ട് മുഴുവൻ കോപ്പികളും കണ്ടെടുത്തു നശിപ്പിച്ചു. എന്നാൽ ഒരു കോപ്പി ഷെല്ലി തൻ്റെ ഒരു ബന്ധുവായ പിൽഫോർഡ് മെഡ്വിനു നല്കിയിരുന്നു. അയാൾ അത് ഇറ്റലിയിലേക്ക് കൊണ്ടുപോയി. അത് കുടുംബ പുസ്തക ശേഖരത്തിൽ പൊടിപിടിച്ചു കിടന്നു. 2006ൽ ഒരു സാഹിത്യകുതുകി തൻ്റെ താല്പര്യപ്രകാരം മറ്റെന്തോ തിരയുന്നതിനിടയിൽ ഈ കവിത കണ്ടെടുക്കുകയായിരുന്നു.എന്നാൽ അധികമാളുകളെ അറിയിക്കാതെ ഒരു ചെറിയ വൃത്തത്തിൽ അയാൾ സംഭവം ഒതുക്കി നിർത്തി. 2015ൽ ബോദ്ലിയാൻ ലൈബ്രറി ഈ പുസ്തകം വാങ്ങിയതോടെയാണ് ഷെല്ലിയുടെ ഈ രചന പൊതുവായ നയ്ക്ക് ലഭിക്കുന്നത്. ഓക്സ്ഫോർഡിൻ്റെ ഭാഗമായ ഈ ലൈബ്രറി ചരിത്രപരമായ ഒരു പ്രതികാരമാണ് ചെയ്തത്.കാരണം അവിടെ വച്ചാണല്ലോ ഇത് അധികാരികൾ കണ്ടെടുത്ത് നശിപ്പിച്ചത്.കവിതയെ നാടുകടത്തിയതിനു പിന്നാലെ ഷെല്ലിയെ കോളജിൽ നിന്ന് പുറത്താക്കുകയും ചെയ്തു.
സത്യത്തോടുള്ള പ്രേമമാണ് ഒരു കവിയെ ജ്വലിപ്പിക്കുന്നതെന്ന് ഷെല്ലി പറഞ്ഞത് അദ്ദേഹത്തിൻ്റെ കാര്യത്തിൽ സത്യത്തിൽ സത്യമായി തീരുകയാണ്.
എന്നും പ്രസക്തമായ കവിതയാണിത്. ഒരു കവി താൻ എഴുതുന്ന കവിതയിലൂടെ എത്രമാത്രം സത്യസന്ധനാണെന്ന് തെളിയിക്കുന്നതാണിത്. ലോകം തലതിരിഞ്ഞ് ക്രൂരവും ബധിരനുമാകുമ്പോൾ കവി തൻ്റെ ഉള്ളിലെ ധർമ്മക്ഷേത്രത്തിലേക്ക് മൂല്യാന്വേഷണത്തിൻ്റെ നീതിബോധം കൈവിടാതെ നടത്തിയ യാത്രയാണിത്.ഒരു പക്ഷേ ,ഷെല്ലിയായിരിക്കും ഏറ്റവും അനുസരണയില്ലാത്ത കലാകാരൻ. അദ്ദേഹം ഭരണകൂടങ്ങളുടെ അനീതിക്കെതിരെ പ്രതിഷേധിച്ചുകൊണ്ടിരുന്നു. അദ്ദേഹം ഒരു പുതിയ ലോകത്തിൻ്റെ ആശങ്കകൾ ദൂരീകരിക്കാൻ വന്നവനായിരുന്നു.അതുകൊണ്ടു തന്നെ ഭയപ്പെടാൻ സമയമില്ലായിരുന്നു. വ്യവസ്ഥാപിതത്വത്തിൻ്റെ അനീതിയെ നീതിയായി വാഴ്ത്തി ,അതിനോടിണങ്ങി ,അതിൻ്റെ താളത്തിൽ മുങ്ങി സ്വന്തം പ്രശസ്തിയും പദവിയും മാത്രം നോക്കുന്ന പല എഴുത്തുകാരെയും നാം കണ്ടിട്ടുണ്ട്. എന്നാൽ ഷെല്ലി സ്വന്തം ബോധ്യങ്ങളെയാണ് ആശ്രയിച്ചത്. ഷെല്ലി പിന്നീട് എല്ലാ വലിയ ചിന്തകന്മാരെയും സ്വാധീനിക്കുന്നതായി നാം കാണുന്നു .അക്രമരാഹിത്യം എന്ന ആശയം ടോൾസ്റ്റോയിയെ സ്വാധീനിച്ചു. അധികാരത്തിൽ നിന്ന് അകന്നു നില്ക്കണമെന്ന പാഠം മഹാ പരിസ്ഥിതിവാദിയായ തോറോ പഠിച്ചത് ഷെല്ലിയിൽ നിന്നാണ്.
കാവ്യകല ഇതു തന്നെ
അദ്ദേഹം ജീവിച്ചിരുന്നപ്പോൾ ഒരു കവിത പോലും നന്നായി വെളിച്ചം കണ്ടില്ല.പലതും ലഘുലേഖകളായി അച്ചടിച്ച് സുഹൃത്തുക്കൾക്ക് വിതരണം ചെയ്യുകയായിരുന്നു. കോളജിൽ പഠിക്കുമ്പോഴാണ് അദ്ദേഹം 'ദ് നെസെസ്സിറ്റി ഓഫ് എതീസം' ( നിരീശ്വരവാദത്തിൻ്റെ ആവശ്യകത ) എന്ന ലേഖനം എഴുതിയത്. ഇത് പരിമിതമായി വിതരണം ചെയ്യപ്പെട്ടു. ഓഡ് ടു ദ് വെസ്റ്റ് വിൻഡ് ,ദ് ക്ളൗഡ് ,പ്രൊമിത്യൂസ് അൺബൗണ്ട് തുടങ്ങിയ രചനകൾ ഈ കവിയുടെ മരണാനന്തരമാണ് പ്രശസ്തമായത്.ഇന്ന് ഷെല്ലിയുടെ നിരോധിക്കപ്പെട്ട കവിതയോട് ആർക്കും എതിർപ്പില്ല.അത് കാലത്തിൻ്റെ നീതിയുമായി ഇഴുകിച്ചേർന്നിരിക്കുന്നു. അദ്ദേഹം കാലഘട്ടത്തെ നിർമ്മിച്ച കവിയായി വാഴ്ത്തപ്പെടുന്നു ;കീറ്റ്സ് , ബൈറൺ തുടങ്ങിയവരോടൊപ്പം. ഇരുപത്തിയൊൻപത് വയസുവരെ മാത്രം ജീവിച്ച ഷെല്ലി ഇരുനൂറ് വർഷത്തെ ജീവിതമൂല്യങ്ങളുടെ ഉടമസ്ഥനായിരിക്കുന്നു.
'പോയറ്റിക്കൽ എസ്സേ ' എന്ന് വിവക്ഷിക്കപ്പെട്ട ഈ നിരോധിത കവിത മാനവരാശിയുടെ സകല നന്മകളെയും ചൂണ്ടിക്കാണിച്ചുതരുന്നതിനൊപ്പം കാവ്യകലയുടെ പക്ഷം സുവ്യക്തമായി ദൃഢീകരിക്കുകയും ചെയ്യുന്നു. പാവപ്പെട്ടവരോടും നിന്ദിതരോടും നീതി നിഷേധിക്കപ്പെട്ടവരോടുമുള്ള ആഭിമുഖ്യം ഇതിൽ തുടിച്ചു നില്ക്കുകയാണ്. ബ്രിട്ടീഷ് സാമ്രാജ്യത്വ മനോഭാവത്തെ അപലപിക്കുന്ന കവിത ഇന്ത്യയിൽ അവർ നടത്തിക്കൊണ്ടിരുന്ന അതിക്രമങ്ങളെയും എതിർക്കുന്നു.
നെപ്പോളിയന്മാരുടെ മുഖത്ത് നോക്കി കവി ഇങ്ങനെ പറയുന്നു: ''ശാപങ്ങൾ നിന്നെ കത്തിക്കട്ടെ. നിന്നിലൂടെ ,ആ വർഗം ലോകത്തെ രക്തക്കളമാക്കാൻ സമ്മർദ്ദം ചെലുത്തുന്നു ,നിർബന്ധിക്കുന്നു" .
മറ്റൊരിടത്ത് ഇങ്ങനെ വായിക്കാം: "കൊല്ലപ്പെട്ട ഒരു ദരിദ്രൻ്റെ ശവകുടീരത്തിൽ അടയാളമായി കാണുക വിസ്മൃതി മാത്രം ".
ഇരുനൂറ് വർഷങ്ങൾ കഴിഞ്ഞിട്ടും ഷെല്ലിയുടെ കവിത കൂടുതൽ സത്യമാവുകയാണ്.
പ്രസിദ്ധീകരിക്കാനോ പ്രസിദ്ധി നേടാനോ കഴിയാതിരുന്ന കവി ഈ ഇൻ്റർനെറ്റ് യുഗത്തിൽ കൂടുതൽ ശ്രദ്ധ നേടുകയാണ്. ഷെല്ലിയുടെ എല്ലാ രചനകളും സൈബർ ഇടങ്ങളിൽ സ്വതന്ത്രമായി വിഹരിക്കുന്നു. ആർക്കും വായിക്കാം. പഴയ ഇംഗ്ളീഷ് രാജാക്കന്മാർ കൊഴിഞ്ഞു പോയിരിക്കുന്നു. നിരോധന ഉത്തരവുകൾ എവിടെയുമില്ല. യഥാർത്ഥ വായനക്കാരെ അദ്ദേഹത്തിനു തിരിച്ചുകിട്ടിയിരിക്കുന്നു. അന്ന് എഴുതിയത് ഒരു വിദൂരഭാവിയിൽ കൂടുതൽ പ്രസക്തമാവുകയാണ്. ഷെല്ലി ശാരീരികമായി ഇല്ലാതായിട്ടുണ്ടാകാം .എന്നാൽ മരിച്ചിട്ടില്ല .കൂടുതൽ അർത്ഥ ഭംഗിയോടെ ,സാന്ദ്രതയോടെ ജീവിക്കുന്നത് ഇപ്പോഴാണ്. മഹാന്മാർ അദ്ദേഹത്തെ അനുകരിക്കുന്നു. ഇന്ന് മനുഷ്യനേക്കാൾ സ്വാതന്ത്യം ഈ കവിതകൾക്കുണ്ട്. ഇൻ്റർനെറ്റ് കാലത്ത് ഷെല്ലി ശാരീരികമായി ജീവിച്ചിരുന്നെങ്കിൽ എന്ന് ചിന്തിക്കാവുന്നതാണ്. എങ്കിൽ അദ്ദേഹത്തിൻ്റെ കവിത ഇരുട്ടറയിൽ അജ്ഞാതമായി കഴിയില്ലായിരുന്നു.എന്നാൽ ഡിജിറ്റൽ കാലത്ത് ഷെല്ലി ,അദൃശ്യനായി നിന്നുകൊണ്ടായാലും കവിതയുടെ ഇടം വിപുലമാക്കിയിരിക്കുന്നു. ഷെല്ലിക്ക് ഈ ഇടം വേണം.
മഹാനായ ഈ യുഗനിർമ്മാതാവ് ഒരിക്കലും കവിതയെ പ്രചരണോപാധിയായി കണ്ടിട്ടില്ല. അദ്ദേഹം സത്യത്തെയും സൗന്ദര്യത്തെയും വഹിക്കുകയായിരുന്നു. അതിനുവേണ്ടിയാണ് ജനിച്ചത്. ഒരു നേട്ടത്തിനോ പ്രശസ്തിക്കോ വേണ്ടി എഴുതിയില്ല .കാലമാണ് ഷെല്ലിയെ ഒപ്പുവച്ച് അംഗീകരിച്ചത്. ലോക ചരിത്രത്തിൽ ഇതിനു സമാനമായി മറ്റൊന്നില്ല .
ഈ കവിത ഇന്നും നമ്മെ ചോദ്യങ്ങൾ കൊണ്ട് കുഴയ്ക്കുകയാണ് .കാലം മാറിയതല്ലാതെ നമ്മൾ മാറിയോ ?ലബനണിൽ ,സിറിയയിൽ ,ഹോങ്കോങ്ങിൽ ,ടിബറ്റിൽ തുടങ്ങി എത്രയോ ഇടങ്ങളിൽ മനുഷ്യൻ സ്വാതന്ത്ര്യത്തെ വീട്ടിനുള്ളിലും ജയിലിലും തടവിലിട്ടിരിക്കുന്നു. ഇവിടങ്ങളിൽ ഷെല്ലിയുടെ ഈ ഓക്സ്ഫോർഡ് കവിത ആലപിക്കണം. വിസ്മൃതിിയുടെ 204 വർഷങ്ങൾ കടന്നു വന്ന ഈ കവിത മരിക്കാത്ത മനുഷ്യഭാവനയെ ഓർമ്മിപ്പിക്കുന്നു.
വാക്കുകൾ
1)സുഗമമായ ഒരു വഴി കണ്ടെന്ന് കരുതി അതിലെ പോകരുത് .ഒരു വഴിയില്ലാത്തയിടം നോക്കി പോകുക .എന്നിട്ട് ഒരു വഴിത്താര അവശേഷിപ്പിക്കുക.
റാൽഫ് വാൽഡോ എമേഴ്സൺ
(അമെരിക്കൻ ചിന്തകൻ)
2)തങ്ങളുടെ സ്വപ്നങ്ങളിലെ സൗന്ദര്യത്തിൽ വിശ്വസിക്കുന്നവർക്ക് മാത്രമേ ഭാവിയുള്ളു.
എലീനോർ റൂസ്വെൽറ്റ്
(അമെരിക്കൻ ആക്ടിവിസ്റ്റ് )
3)ജീവിതം തന്നെ അത്ഭുതകരമായ ഒരു യക്ഷിക്കഥയാണ് .
ഹാൻസ് ക്രിസ്റ്റ്യൻ ആൻഡേഴ്സൺ
(ദാനീഷ് എഴുത്തുകാരൻ )
4)രണ്ട് വ്യക്തികളുടെ കൂട്ടിമുട്ടൽ രണ്ട് രാസവസ്തുക്കളുടെ സമ്പർക്കം പോലെയാണ് .ഒരു രാസമാറ്റമുണ്ടാകുകയാണെങ്കിൽ രണ്ടു പേരും പരിവർത്തനപ്പെടും.
കാൾ യുംഗ്
(സ്വിസ് മനശ്ശാസ്ത്രജ്ഞൻ)
5)എല്ലാറ്റിനെയും അപ്രസക്തമാക്കാനുള്ള അതിശയകരമായ കഴിവ് നമുക്കുണ്ട്.
നിക്കോളൈ ഗോഗോൾ
(റഷ്യൻ എഴുത്തുകാരൻ )
കാലമുദ്രകൾ
1 )എസ്.കെ.വസന്തൻ
എസ്.കെ.വസന്തൻ സംസ്കൃത പണ്ഡിതനും വിമർശകനുമാണെങ്കിലും ഒരു ജീനിയസ് എന്ന് വിളിക്കാനാവില്ല. കാരണം അദ്ദേഹം ബെർട്രാൻഡ് റസ്സൽ ,റൊളാങ് ബാർത്ത് ,കോളിൻ വിൽസൺ തുടങ്ങിയവരെ വായിച്ചിട്ടില്ലല്ലോ.
2)എം.എൻ.ഗോവിന്ദൻ നായർ
നേതാവ് എന്ന നിലയിൽ എം.എൻ.ഗോവിന്ദൻ നായർ ഒരു നവരാഷ്ട്രീയ ഭാവുകത്വമായിരുന്നു. സുതാര്യവും അനാസക്തവുമായ വ്യക്തിജീവിതത്തിൻ്റെ ഭാവുകത്വം.
3)വിലാസിനി
നാല് ബൃഹത് വാല്യങ്ങളിലായി പരന്നു കിടക്കുന്ന നോവൽ 'അവകാശികൾ ' എഴുതിയ വിലാസിനി ഇരുപതാംനൂറ്റാണ്ടിലെ നമ്മുടെ അത്ഭുത നോവലിസ്റ്റാണ്. ഫ്രഞ്ച് നോവലിസ്റ്റ് മാർസൽ പ്രൂസ്ത് എഴുതിയ 'ഇൻ സെർച്ച് ഓഫ് എ ലോസ്റ്റ് ടൈം 'ഏഴു വാല്യങ്ങളായിരുന്നു.
4) വി.ടി.നന്ദകുമാർ
പാരതന്ത്ര്യം അനുഭവിച്ചുകൊണ്ടാണ് നന്ദകുമാർ എഴുതിയത്.ഒരു ഘട്ടം കഴിഞ്ഞപ്പോൾ നന്ദകുമാറിനു എല്ലാവരിൽ നിന്നും അകലേണ്ടി വന്നു.കേശവദേവിനെപ്പോലെ എല്ലാറ്റിനെയും ഒറ്റയ്ക്ക് നിന്നു നേരിടാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല .
5) കിളിമാനൂർ മധു
കിളിമാനൂർ മധു നല്ല കവിതകൾ എഴുതിയിട്ടുണ്ട്. എന്നാൽ മധു സ്വന്തം ഇരിപ്പിടം ഉറപ്പിക്കാൻ ഒന്നും ചെയ്തില്ല .എം.ടി യോടും മറ്റും നല്ല അടുപ്പമുണ്ടായിട്ടു പോലും. മധുവിൻ്റെ മരണത്തോട് നമ്മുടെ ആനുകാലികങ്ങൾ തീരെ സംവേദനക്ഷമതയില്ലാതെയാണ് പ്രതികരിച്ചത്.
വഴിയുടെ ദാർശനികത
വഴി ഒരു ദാർശനികപ്രശ്നമാണ്. ലക്ഷ്യം സാക്ഷാത്കരിക്കുന്നതിലൂടെ വഴി ഇല്ലാതാകുന്നു. വഴി ലക്ഷ്യമല്ല. അതുകൊണ്ട് ഓർമ്മകളിലെ പുരാതന വഴികൾ നാം മണ്ണിട്ട് മൂടരുത്. ഓർമ്മകൾ നിർമ്മിച്ചെടുക്കണം. വഴി എപ്പോഴും പിരിയുകയാണ്.ജനനത്തിൻ്റെയും മരണത്തിൻ്റെയും ഓരോ വഴി.കൂട്ടിമുട്ടാത്ത വഴി.മനസിലെ വഴികൾ ജലത്തിലെന്ന പോലെ
മാഞ്ഞു പോകുന്നു.
നിഷ ജിജോ എന്ന യുവകവിയുടെ 'വഴി '(എഴുത്ത് ,ജൂലൈ) യിൽ ഒരു വഴിവിചാരമുണ്ട്. പർവ്വതങ്ങളും മരുഭൂമികളും അവയുടെ വഴികൾ വായുവിലും വെള്ളത്തിലും ഉപേക്ഷിക്കാറുണ്ടെന്ന് കവി എഴുതുന്നു.കവിയുടെ കാഴ്ചയിൽ മണ്ണിലും മരച്ചില്ലകളിലും ഒരു പോലെ വഴികൾ തേടാവുന്നതാണ്. എന്നാൽ വീട്ടിനുള്ളിലെ വഴികളെക്കുറിച്ച് അത്ര ഉറപ്പില്ല .കവിതയിൽ ഇങ്ങനെ വായിക്കാം:
" വീട്ടിനുള്ളിൽ
നടന്നു നടന്നു
തെറ്റായ വഴികൾ
കണ്ടെടുക്കുക അതികഠിനം" .
അജ്ഞാത വഴികൾ എവിടെ നിന്നോ ഇനിയും വെളിപ്പെടാനുണ്ട്.
ഏഴാച്ചേരിയുടെ വർത്തമാനം
കവി ഏഴാച്ചേരി രാമചന്ദ്രനുമായി എസ്.ആർ.ലാൽ നടത്തിയ അഭിമുഖം ( ഗ്രന്ഥാലോകം ) വായിച്ചു.ലാൽ നന്നായി കവിതയെ സമീപിക്കുന്നുണ്ട്.ലാൽ ഒരെഴുത്തുകാരനുമാണല്ലോ.എന്നാൽ ഏഴാച്ചേരിയുടെ വർത്തമാനം നിരാശപ്പെടുത്തി. അദ്ദേഹം തനിക്ക് നേരെ വരുന്ന അമ്പുകളെല്ലാം ഒ. എൻ.വി, പി.ഭാസ്ക്കരൻ ,തിരുനല്ലൂർ തുടങ്ങിയവരിലേക്ക് തിരിച്ചുവിടുകയാണ്. ചിലപ്പോൾ അദ്ദേഹം മാർക്സിനും ഹോചിമിനും എറിഞ്ഞുകൊടുക്കുന്നു .രാഷ്ട്രീയ പക്ഷം വളരെ പ്രകടമായിട്ടുള്ള വ്യക്തിയാണല്ലോ ഏഴാച്ചേരി. എന്നാൽ അതിനു വിരുദ്ധമായി അദ്ദേഹം കവിതയിൽ പ്രാചീന താളവും ഈണവും കൊണ്ടു നടക്കുന്നു. മഹാനായ ലാറ്റിനമേരിക്കൻ കഥാകൃത്ത് ബോർഹസ് പറഞ്ഞു ,ഒരു താളത്തിൽ കവിതയെഴുതുന്നത് വളരെ എളുപ്പമാണെന്ന്. കാരണം താളം നേരത്തേയുള്ളതാണ്. അതിലേക്ക് വാക്കുകൾ നിക്ഷേപിച്ചാൽ മതി. എന്നാൽ ഗദ്യത്തിൽ എഴുതുമ്പോൾ സ്വന്തമായി ഒരു രാഗം ഉണ്ടാക്കേണ്ടി വരും.
ഏഴാച്ചേരിയുടെ സംഭാഷണങ്ങളിൽ ദാർശനികമോ ചിന്താപരമോ ആയ ആഴമില്ല. ഒരു കാതലുള്ള വിഷാദാത്മകത പോലും കാണാനില്ല .വളരെ സ്ഥൂലവും ഉപരി പ്ളവവുമാണ് ആ ലോകം. കവിയുടെ ഈണം കേൾക്കാനല്ല കവിത വായിക്കുന്നത്.ജോൺ കീറ്റ്സ് എങ്ങനെ സ്വന്തം കവിത വായിച്ചു എന്ന കാര്യം എൻ്റെ ഉത്ക്കണ്ഠയല്ല. ടി.എസ് .എലിയറ്റ് ചൊല്ലുന്നത് കേട്ടിട്ട് നമുക്ക് 'ദ് വെയ്സ്റ്റ് ലാൻഡ് 'വായിക്കാനൊക്കുമോ ? കവികൾ കവിത ചൊല്ലുന്നത് കവിതയുടെ മൂല്യത്തിൽ ഒരു ഘടകമല്ല. അതായത് താളം അപ്രസക്തമാണെന്നർത്ഥം . ''കരുണ " ഏത് താളത്തിലാണ് ആശാൻ ചൊല്ലിയതെന്നത് അതിൻ്റെ മൂല്യാന്വേഷണത്തിൽ പ്രധാന കാര്യമല്ല .
കവികൾ സ്വന്തം കവിത ചൊല്ലുന്നത് ഏതാണ്ട് ഒരേ താളത്തിലാണ്.
അക്ഷരജാലകം, യുട്യൂബുജീവിതവും വിപാസനയും/metrovartha , aug 31
എം.കെ.ഹരികുമാർ
9995312097
യുട്യൂബുജീവിതവും വിപാസനയും
ഐറിഷ്
നോവലിസ്റ്റ് ജയിംസ് ജോയ്സ് എഴുതിയ 'എ പോർട്രെയ്റ്റ് ഓഫ് ദ് ആർട്ടിസ്റ്റ്
ആസ് എ യംഗ് മാൻ '(1916) എന്ന നോവൽ ധാരാളം ചർച്ച ചെയ്യപ്പെട്ടതാണെങ്കിലും
ഇന്നും നവജീവിതത്തിൻ്റെ സാങ്കേതികാനുഭവങ്ങളിൽ അത് പുതിയ അർത്ഥം തേടുകയാണ്.
സ്റ്റീഫൻ
ദേദാലുസ് എന്ന ഒരു വിദ്യാർത്ഥി വീട്ടിലും സ്കൂളിലും യൂണിവേഴ്സിറ്റിയിലും
സ്വന്തം കാഴ്ചകളിലൂടെ എങ്ങനെ സ്വാഭാവികമായ അന്യവത്കരണത്തിലെത്തുന്നുവെന്ന്
നോവൽ വിശദീകരിക്കുന്നു. അവൻ്റെ അഞ്ച് വയസ് മുതൽ ഇരുപത് വയസ് വരെയുള്ള
കാലമാണ് അവതരിപ്പിക്കുന്നതെന്ന് ഏകദേശമായി പറയാം.മദ്യപാനിയായ പിതാവ്
,വീട്ടിലെ സാമ്പത്തികമായ അരക്ഷിതാവസ്ഥ തുടങ്ങിയ പ്രശ്നങ്ങൾ അവനെ
കുഴയ്ക്കുന്നുണ്ട്.അവൻ ഒരു ഘട്ടത്തിൽ പുരോഹിതനാകാൻ ശ്രമിക്കുന്നു. പിതാവ്
പിന്തിരിപ്പിച്ച് യൂണിവേഴ്സിറ്റിയിലേക്ക് അയയ്ക്കുകയാണ്.എന്നാൽ എഴുതാൻ
കഴിവുള്ള അവൻ അതിൽ നിന്നാണ് തനിക്ക് ഏറ്റവും സ്വസ്ഥത ലഭിക്കുന്നതെന്ന്
മനസ്സിലാക്കുന്നു. അത് ഒരു സവിശേഷമായ കാഴ്ചയാണ്. മതവിശ്വാസത്തെക്കുറിച്ച്
വളരെ വാചാലമായ പല വാഗ്ദാനങ്ങളും കേട്ടെങ്കിലും എല്ലാം അവനെ നിരാശനാക്കി.
സ്വയം ജീവിതത്തെ അന്വേഷിക്കണമെന്ന ചിന്തയാണത്. ഒരു എഴുത്തുകാരൻ എങ്ങനെയാണ്
പുറംലോകത്തെ അതിൻ്റെ യഥാർത്ഥമായ തലത്തിൽ അറിയുന്നതെന്ന് ആരായുകയാണ്
നോവലിസ്റ്റ്.അവൻ്റെ അകൽച്ചകളുടെ അർത്ഥമെന്താണ് ?
സൗന്ദര്യം എന്ന തീ
സൗന്ദര്യത്തിൻ്റെ
കനത്ത ആഘാതമാണ് എഴുത്തുകാരൻ തേടുന്നത്. കാരണം അവൻ ഒരു അർത്ഥമുള്ള
അന്വേഷകനാണ്; വ്യാജ പേനയുന്തുകാരനല്ലല്ലോ! സൗന്ദര്യത്തെ തന്നേക്കാൾ വലിയ
പ്രഭാവമായി അവൻ കാണുന്നു. അതിനായി ഒറ്റയ്ക്ക് ,സ്വന്തം അനുഭവങ്ങളുടെ ഭാരം
മുതുകിൽ ചുമന്ന് ഏത് ഇരുട്ടിലും അവൻ നടക്കുന്നു; മറുകരയിൽ പ്രകാശം എന്ന
സൗന്ദര്യം ഉണ്ടെന്ന് ഉറപ്പു വരുത്താൻ .
സൗന്ദര്യത്തിൻ്റെ ആഘാതത്തിനു
വിധേയമായാൽ പിന്നെ ഒന്നും പഴയപോലെയായിരിക്കില്ല. ഒരു നിതാന്ത സ്മൃതിക്ക്
അയാൾ വിധേയനാവുന്നു. പ്രാചീനമായ ഒരു ഗ്രാമവാസി ആദ്യമായി പുറത്തു വന്ന്
സൂര്യക്ഷേത്രം കാണുന്നതുപോലെയാണത്.
കലാകാരൻ ഓർമ്മകളിൽ നിന്ന് തൻ്റെ
ആത്മതാളത്തിനു അനുകൂലമായ ഒരു തരംഗം പ്രതീക്ഷിക്കുന്നു. തന്നിലേക്ക് തന്നെ
അവൻ പല വിധത്തിൽ ചെവിയോർക്കുന്നു. എന്നാൽ അയാൾക്ക് പോലും അത് അജ്ഞാതമാണ്.
അതിനായി അവൻ സ്വയം കുറ്റപ്പെടുത്തുന്നു.കലാകാരൻ എന്ന നിലയിൽ വിവിധ
സാംസ്കാരിക സ്ഥാപനങ്ങളുടെ ആശീർവാദം തലയിൽ വീണാൽ അത് തൻ്റെ സ്വതന്ത്ര
വീക്ഷണങ്ങളുടെ തകർച്ചയ്ക്ക് ആക്കം കൂട്ടുമെന്ന് അവന് നന്നായറിയാം.അതുകൊണ്ട്
മലിനപ്പെടാതിരിക്കാൻ അവൻ അകന്നു നില്ക്കേണ്ടതുണ്ട്.
അനുഭവം മിഥ്യയോ ?
എഴുത്തുകാരന്
വേണ്ടത് അനുഭവങ്ങളാണെന്ന് പറയാറുണ്ട്. എന്നാൽ അനുഭവങ്ങളെ അത്രയ്ക്ക്
വിശ്വസിക്കേണ്ട. അനുഭവങ്ങളുടെ യാഥാർത്ഥ്യവുമായി അനേകം തവണ
ഏറ്റുമുട്ടിയവനാണ് ജോയ്സിൻ്റെ കഥാപാത്രം. അയാൾ അനുഭവങ്ങളിലും
അന്യവത്ക്കരിക്കപ്പെടുകയോ നിരാശപ്പെടുകയോ ചെയ്യുന്നു. അനുഭവങ്ങളുടെ
സ്ഥൂലവിവരണങ്ങൾക്ക് ആത്മാവ് ഉണ്ടായിരിക്കില്ല.
എന്നാൽ അത്
ആരായാനുള്ള ഭാഷ എവിടെ ?കഴിഞ്ഞ ദിവസം മലയാളസമീക്ഷ ഓൺലൈൻ പുറത്തിറക്കിയ
'എം.കെ.ഹരികുമാർ ഓണപ്പതിപ്പ് 2020' ( ഗസ്റ്റ് എഡിറ്റേഴ്സ്: ഇരവി ,തുളസീധരൻ
ഭോപ്പാൽ )എന്ന പ്രത്യേക വെബ് സ്പെഷ്യൽ (ഈ ലേഖകൻ്റെ ഇരുപതിലേറെ പുതിയ
രചനകളും അതിനെക്കുറിച്ച് ചിലർ എഴുതിയ ലേഖനങ്ങളുമാണ് ഓണപ്പതിപ്പിൻ്റെ
ഉള്ളടക്കം ) പ്രകാശനം ചെയ്തു കൊണ്ട് 'നാം ദൽഹി വാട്സപ്പ് ഗ്രൂപ്പിൽ നടന്ന
ചടങ്ങിൽ (പ്രൊഫ.എസ്.ശിവദാസ് ,ഓംചേരി ,ലീലാ ഓംചേരി തുടങ്ങിയവർ പങ്കെടുത്തു)
കലാസ്വാദകനായ ജോർജ് നെടുമ്പാറ ഒരു ചോദ്യം ഉന്നയിക്കുകയുണ്ടായി. വളരെ
ലളിതമായി പറയാൻ ഒരു ഭാഷ ഉണ്ടെന്നിരിക്കെ ചില രചനകൾ ദുർഗ്രഹമാകുന്നത്
എന്തുകൊണ്ട് എന്നായിരുന്നു ചോദ്യം .ഞാൻ ഇങ്ങനെ പറഞ്ഞു :" ലളിതം
,ലളിതമല്ലാത്തത് എന്നിങ്ങനെയുള്ള വിഭജനങ്ങൾ മുൻവിധിയോടെയുള്ളതാണ്.കുടുതൽ
അഗാധവും അർത്ഥവ്യാപ്തിയുള്ളതുമായ ആഖ്യാനമാണ് ഉണ്ടാവേണ്ടത്.ലളിതമെന്ന്
വിവക്ഷിക്കപ്പെടുന്നതിൽ നമുക്ക് ആവശ്യമുള്ള സൗന്ദര്യാത്മകമായ ആഴം
ഉണ്ടാകണമെന്നില്ല. പ്രമുഖ ഫ്രഞ്ച് പോസ്റ്റ് ഇംപ്രഷണിസ്റ്റ് പെയിൻ്ററായ
ഹെൻറി മാറ്റിസ് പറഞ്ഞത് ഒരു പൂവ് വരയ്ക്കാനാണ് ഏറ്റവും പ്രയാസമെന്നാണ്.
കാരണം ,അദ്ദേഹം ഒരു പുവ് (ലളിതമായത്) വരച്ചുകഴിയുമ്പോഴേക്കും അത് മുമ്പ്
പലരും വരച്ച പൂവാണെന്ന് പെട്ടെന്ന് ബോധ്യപ്പെടും. അതുകൊണ്ട് വേറെ
വരയ്ക്കേണ്ടി വരും " .അതുകൊണ്ട് അനുയോജ്യമായ ഭാഷ അനിവാര്യതയാണ്.
ജോയ്സിൻ്റെ
നായകൻ അപ്രാപ്യമായതാണ് ആവിഷ്കരിക്കാൻ ശ്രമിക്കുന്നത്. സൗന്ദര്യമാണ് അവന്
വേണ്ടത്. അതില്ലെങ്കിൽ മറ്റെന്ത് ഉണ്ടായിട്ടും കാര്യമില്ല.സ്പാനീഷ്
യുദ്ധത്തെ ആസ്പദമാക്കി പിക്കാസ്സോ വരച്ച 'ഗ്വർണിക്ക 'ഒരു
ലോകാത്ഭുതമാകുന്നത് യുദ്ധഭീകരതയുടെ പേരിലല്ല;യുദ്ധഭീകരതയില്ലാത്തതിൻ്റെ
പേരിലാണ്. സൗന്ദര്യമാണ് അതിൽ ആവിഷ്കരിച്ചത്. മറ്റെല്ലാം അതിനു താഴെയാണ്
.യുദ്ധം കണ്ടതുകൊണ്ട് ഒരാൾക്ക് 'ഗ്വർണിക്ക ' വരയ്ക്കാനാവില്ല. ഈ വ്യത്യാസം
പ്രധാനമാണ്. അനുഭവമല്ല ,അതിനെക്കുറിച്ചുള്ള വികാരമോ ചിന്തയോ ആണ്
പ്രധാനമാകുന്നത്. അതിലൂടെയാണ് സൗന്ദര്യം ,ദൈവത്തെപ്പോലെ, പ്രവേശിക്കുന്നത്.
യുട്യൂബുജീവിതം
പത്ത്
സെക്കൻഡ് പോലും സ്വയം നിരീക്ഷിക്കാനാവാത്ത വിധം മനുഷ്യൻ
പ്രശ്നബാഹുല്യത്തിലാണ്. നമ്മുടെ മനസ് എങ്ങനെയാണ് സഞ്ചരിക്കുന്നതെന്ന്
നോക്കാൻ സമയമില്ല.ഒരാൾക്കൂട്ടത്തിന് നടുവിലാണ് നാം. അത് ചിലപ്പോൾ
സമൂഹമാധ്യമത്തിലാകാം; വാർത്താ മാധ്യമങ്ങൾക്ക് നടുവിലാകാം. ടെലിവിഷൻ്റെയും
ഇൻ്റർനെറ്റിൻ്റെയും ലോകത്തിൽ നിന്ന് വിട്ടുനില്ക്കുന്ന സമയം ഉറങ്ങുമ്പോൾ
മാത്രമായിരിക്കും. നമ്മൾ സ്വയമറിയാതെ ഒരു യൂട്യൂബ് വ്യക്തിത്വമായി
മാറുകയാണ്.ഇന്നലെ സംസാരിച്ചു പിരിഞ്ഞ വ്യക്തിയായിരിക്കാം; ഇന്ന്
കേൾക്കുന്നത് അയാൾ ഒരു യുട്യൂബ് ചാനൽ തുടങ്ങിയെന്നാണ്. ഓരോ വ്യക്തിയും
ഇരുപത്തിനാലു മണിക്കൂർ യുട്യൂബ് ചാനലാവുകയാണ്.ഒരു വീട്ടിൽ തന്നെ ഒന്നിലധികം
ചാനലുകൾ !. ഈ ഇരുപത്തിനാലു മണിക്കൂറും ഒരു യുട്യൂബ് വക്താവും
പ്രയോക്താവുമാകുന്ന കലാകാരന് ,എഴുത്തുകാരനു സൃഷ്ടിപരമായ ഉറവിടം
കണ്ടെത്താനാവശ്യമായ നൈസർഗ്ഗികമായ ഇടങ്ങൾ നഷ്ടപ്പെടാനാണ് സാധ്യത.
അവനവനുമായുള്ള മുഖാമുഖം സാധ്യമാകുന്നില്ലല്ലോ. അവൻ്റെ വീക്ഷണങ്ങൾ
പെട്ടെന്ന് പങ്കിലമാകാം. മത ,രാഷ്ട്രീയ പക്ഷപാതങ്ങൾ അവനെ
വ്യതിചലിപ്പിക്കും. പെരുമാൾ മുരുകനു സംഭവിച്ചത് ഓർക്കുക .സൈബർ ഇടങ്ങളിലെ
'പോലിസുകാരായ ' എഴുത്തുകാരെ യും ഓർക്കാം.
വിപാസന
ബുദ്ധൻ
കണ്ടുപിടിച്ച ധ്യാനമാർഗമാണ് വിപാസന. പിന്നീട് ഇത് വിസ്മൃതിയിലാണ്ടു. പത്താം
നൂറ്റാണ്ടിൽ വിപാസന പരിശീലിച്ചവരുണ്ടായിരുന്നു.എന്നാൽ കഴിഞ്ഞ
നൂറ്റാണ്ടിൽ അത് വീണ്ടും ഉയർന്നു വന്നു. ഇപ്പോൾ അന്താരാഷ്ട്ര വേദികളിൽ
വിപാസന പരിശീലിക്കണമെന്ന് ആഹ്വാനം ചെയ്യുന്നത് വലിയ നരവംശശാസ്ത്രജ്ഞന്മാരും
തത്ത്വചിന്തകരുമാണ്.
കലാകാരനിലും എഴുത്തുകാരനിലും വിപാസനയുടെ ഒരു
കണമെങ്കിലും ഉണ്ടാകണം.അതിഭയങ്കരമായ വൈകാരികക്ഷോഭം നേരിടേണ്ടി വരുന്ന
കലാകാരന്മാർക്ക് സൗന്ദര്യത്തിൻ്റെ തീജ്വാലയെ മയപ്പെടുത്താൻ ഇതാവശ്യമാണ്.
അല്ലെങ്കിൽ ആത്മഹത്യയിലേക്ക് പോകേണ്ടി വരും.
വിപാസന പാലി
ഭാഷയിലുള്ള ഒരു പദമാണ്. അത് അർത്ഥമാക്കുന്നത് യഥാർത്ഥമായ വിധം ഒരു
വസ്തുവിനെ നോക്കി കാണാനുള്ള കഴിവാണ്.മനസ്സിൽ നിന്ന് മുൻവിധിയോ ,പക്ഷപാതമോ
,അതുപോലുള്ള മറ്റ് മാലിന്യങ്ങളോ ഒഴിവാക്കി ഒരു വസ്തുവിനെ നോക്കിയാൽ
,അതിൻ്റെ യാഥാർത്ഥ്യത്തെക്കുറിച്ച് ഒരു ധാരണ ലഭിക്കും.ഇത് മനുഷ്യന്
നഷ്ടപ്പെട്ട കഴിവ് വീണ്ടെടുത്ത് കൊടുക്കുന്ന പ്രകിയയാണ്;ശുദ്ധീകരണം തന്നെ.
സ്വാതന്ത്ര്യം തന്നെയാണത്.അടുത്ത ഘട്ടം മനസ്സിൻ്റെ
ശാന്തതയാണ്.പണമോ,പ്രശസ്തിയോ,പദവിയോ നമ്മെ ഒരു തരത്തിലും ബാധിക്കാത്ത
വിധം മനസിനെ ശാന്തമാക്കാൻ കഴിയുമത്രേ. 'മോണാലിസ ' എന്ന ചിത്രം
വരയ്ക്കുമ്പോൾ ഡാവിഞ്ചി അനുഭവിച്ചത് വിപാസനയുടെ തലമാകാം. നേരായ കാഴ്ച
,മനസിൻ്റെ ശാന്തത എന്നിവയില്ലെങ്കിൽ ആ ചിരി വരയ്ക്കാനൊക്കുമോ ?ആ ചിത്രം
വിപാസനയാണ് നമ്മളിലേയ്ക്ക് സംക്രമിപ്പിക്കുന്നത്.
രാമൻ്റ വഴി
"പണിതു കൂട്ടുവിൻ
അയോദ്ധ്യയിലെന്നെ
ത്തളയ്ക്കാനുള്ള
തടവറ നീളെ
അവിടെയില്ല ഞാൻ "
എന്ന്
സച്ചിദാനന്ദൻ 'അയോദ്ധ്യ: ഒരാത്മഗതം (മാതൃഭൂമി ആഴ്ചപ്പതിപ്പ് ആഗസ്റ്റ് ,23)
എന്ന കവിതയിൽ പ്രഖ്യാപിക്കുകയാണ്. എന്തിനാണ് പ്ര കോപനം? വായനക്കാരെ
അകറ്റിക്കളയുന്ന കവിതയാണിത്.രാമൻ്റെ കാര്യത്തിലുള്ള ഈ പ്രഖ്യാപനം വെറുപ്പ്
ഉല്പാദിപ്പിക്കുകയേയുള്ളു.
വാക്കുകൾ
1)ഈ ലോകത്തിനു
എന്നെക്കുറിച്ച് എന്തെങ്കിലും ധാരണ ജനിപ്പിക്കുകയല്ല എൻ്റെ ലക്ഷ്യം. എന്നെ
സന്തോഷപ്പെടുത്തുന്ന തരത്തിൽ എനിക്ക് ജീവിച്ചാൽ മതി.
റിച്ചാർഡ് ബാക്
(അമെരിക്കൻ എഴുത്തുകാരൻ )
2) കല വികാരത്തെക്കുറിച്ചാണ് സംസാരിക്കുന്നത് ;വിശദീകരിക്കേണ്ടിവരുകയാണെങ്കിൽ അതോടെ കല ഇല്ലാതാവും.
പിയറി ഒഗസ്റ്റേ റെന്വോഹ്
(ഫ്രഞ്ച് പെയിൻ്റിർ )
3)ലോകത്തിലെ രാഷ്ട്രീയക്കാർക്കെല്ലാം ഒരേ ഒരു നിയമമേയുള്ളു.പ്രതിപക്ഷത്തായിരുന്നപ്പോൾ പറഞ്ഞത് അധികാരത്തിലെത്തിയാൽ പറയരുത് .
ജോൺ ഗാൽസ്വർത്തി
(ഇംഗ്ളീഷ് നോവലിസ്റ്റ് )
4) നമ്മുടെ മനസ്സിനു അഗാധമായി മുറിവേല്ക്കുകയാണെങ്കിൽ ,അതിനോട് ക്ഷമിക്കും വരെ അതിൽ നിന്ന് മോചനം ലഭിക്കുകയില്ല.
അലൻ പാറ്റൻ
(ദക്ഷിണാഫ്രികൻ എഴുത്തുകാരൻ )
5)
പ്രണയം ഒരിക്കലും സ്വാഭാവികമായി മരിക്കുന്നില്ല ;അതിൻ്റെ ഉറവിടത്തിലെ
പ്രശ്നം പരിഹരിക്കാൻ കഴിയാത്തതാണ് കാരണം.അന്ധത ,തെറ്റുകൾ ,ചതി എന്നിവ
മൂലമാണ് ആ മരണം സംഭവിക്കുന്നത്.
അനെയ്സ് നിൻ
ഫ്രഞ്ച് ,അമെരിക്കൻ എഴുത്തുകാരി.
കാലമുദ്രകൾ
1)എം.വി.ദേവൻ
ഒരു
പെയിൻ്റിംഗ് നല്ലതാണോ എന്ന് നോക്കാൻ താൻ ആദ്യം പരിശോധിക്കുന്നത് അതിൻ്റെ
വർണ്ണ വിന്യാസമാണെന്ന് എം.വി.ദേവൻ പറഞ്ഞു. അതിൻ്റെ ഭാഗമായി ,ചില ചിത്രങ്ങൾ
തല കീഴായിപ്പിടിച്ച് നോക്കാറുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.
2)എ.ടി.ഉമ്മർ
മാരിവില്ലു
പന്തലിട്ട ദൂര ചക്രവാളം ,തുഷാര ബിന്ദുക്കളേ നിങ്ങൾ എന്തിനു വെറുതെ
തുടങ്ങിയ പാട്ടുകൾക്ക് ഈണം നല്കിയ എ.ടി.ഉമ്മർ അത്ഭുതകരമായ നിഗൂഢ സംഗീത
ലാവണ്യമാണ് പുറത്തുവിട്ടത്.
3)എൻ.മോഹനൻ
കഥാകാരനെന്ന നിലയിലുള്ള ജീവിതത്തിൽ നിന്ന് എൻ.മോഹനൻ ഒരിക്കൽ അവധിയെടുത്തു. ഇരുപതു വർഷം വരെ ആ മൗനം തുടർന്നു.
4)ഒ.എൻ.വി
ഒരു
രചയിതാവെന്ന നിലയിൽ ആധുനിക കവി തനിക്ക് ഇണങ്ങുന്ന ശൈലിയിൽ ,പാരമ്പര്യത്തിൽ
നിന്ന് അകന്ന് നിന്ന് എഴുതുന്നത് വ്യക്തിപരമായ ആവശ്യമാണെന്നും അത്
ഒഴിവാക്കാനാവില്ലെന്നും ഒ.എൻ.വി പറഞ്ഞത് ശ്രദ്ധേയമാണ്.
5)കമുകറ പുരുഷോത്തമൻ
കമുകറയുടെ ശബ്ദം പ്രണയഗാനത്തിനു പറ്റിയതല്ലെങ്കിലും ഒരു മധ്യവയസ്കൻ്റെ ആത്മീയ വിരഹഭാവത്തിനു അത് കൂടുതൽ ആഴം നല്കുമെന്നുറപ്പാണ്.
ഏഴാച്ചേരിയുടെ വർത്തമാനം
കവി
ഏഴാച്ചേരി രാമചന്ദ്രനുമായി എസ്.ആർ.ലാൽ നടത്തിയ അഭിമുഖം ( ഗ്രന്ഥാലോകം )
വായിച്ചു.ലാൽ നന്നായി കവിതയെ സമീപിക്കുന്നുണ്ട്.ലാൽ
ഒരെഴുത്തുകാരനുമാണല്ലോ.എന്നാൽ ഏഴാച്ചേരിയുടെ വർത്തമാനം നിരാശപ്പെടുത്തി.
അദ്ദേഹം തനിക്ക് നേരെ വരുന്ന അമ്പുകളെല്ലാം ഒ. എൻ.വി, പി.ഭാസ്ക്കരൻ
,തിരുനല്ലൂർ തുടങ്ങിയവരിലേക്ക് തിരിച്ചുവിടുകയാണ്. ചിലപ്പോൾ അദ്ദേഹം
മാർക്സിനും ഹോചിമിനും എറിഞ്ഞുകൊടുക്കുന്നു .രാഷ്ട്രീയ പക്ഷം വളരെ
പ്രകടമായിട്ടുള്ള വ്യക്തിയാണല്ലോ ഏഴാച്ചേരി. എന്നാൽ അതിനു വിരുദ്ധമായി
അദ്ദേഹം കവിതയിൽ പ്രാചീന താളവും ഈണവും കൊണ്ടു നടക്കുന്നു. മഹാനായ
ലാറ്റിനമേരിക്കൻ കഥാകൃത്ത് ബോർഹസ് പറഞ്ഞു ,ഒരു താളത്തിൽ കവിതയെഴുതുന്നത്
വളരെ എളുപ്പമാണെന്ന്. കാരണം താളം നേരത്തേയുള്ളതാണ്. അതിലേക്ക് വാക്കുകൾ
നിക്ഷേപിച്ചാൽ മതി. എന്നാൽ ഗദ്യത്തിൽ എഴുതുമ്പോൾ സ്വന്തമായി ഒരു രാഗം
ഉണ്ടാക്കേണ്ടി വരും.
ഏഴാച്ചേരിയുടെ സംഭാഷണങ്ങളിൽ ദാർശനികമോ
ചിന്താപരമോ ആയ ആഴമില്ല. ഒരു കാതലുള്ള വിഷാദാത്മകത പോലും കാണാനില്ല .വളരെ
സ്ഥൂലവും ഉപരി പ്ളവവുമാണ് ആ ലോകം. കവിയുടെ ഈണം കേൾക്കാനല്ല കവിത
വായിക്കുന്നത്.ജോൺ കീറ്റ്സ് എങ്ങനെ സ്വന്തം കവിത വായിച്ചു എന്ന കാര്യം
എൻ്റെ ഉത്ക്കണ്ഠയല്ല. ടി.എസ് .എലിയറ്റ് ചൊല്ലുന്നത് കേട്ടിട്ട് നമുക്ക് 'ദ്
വെയ്സ്റ്റ് ലാൻഡ് 'വായിക്കാനൊക്കുമോ ? കവികൾ കവിത ചൊല്ലുന്നത് കവിതയുടെ
മൂല്യത്തിൽ ഒരു ഘടകമല്ല. അതായത് താളം അപ്രസക്തമാണെന്നർത്ഥം . ''കരുണ " ഏത്
താളത്തിലാണ് ആശാൻ ചൊല്ലിയതെന്നത് അതിൻ്റെ മൂല്യാന്വേഷണത്തിൽ പ്രധാന
കാര്യമല്ല .
കവികൾ സ്വന്തം കവിത ചൊല്ലുന്നത് ഏതാണ്ട് ഒരേ താളത്തിലാണ്.
അക്ഷരജാലകം, വ്യക്തിഗതമായ ആത്മീയത/metrovartha , sept 7, 2020
എം.കെ.ഹരികുമാർ
9995312097
വ്യക്തിഗതമായ ആത്മീയത
ആത്മീയതയ്ക്ക്
ഒരു വിഗ്രഹമോ,കോവിലോ,ദൈവമോ,മലയോ ,ആചാരമോ ആവശ്യമില്ല.മനസ്സാണ് അത്
ഒരുക്കുന്നത്. വിശ്വാസിക്കും അവിശ്വാസിക്കും ഒരുപോലെ നിക്ഷേപം നടത്താൻ
മനസ്സ് മാത്രമാണുള്ളത്. ആത്മീയത ഒരു സൗന്ദര്യശാസ്ത്രമാണ്. അത്
മതാനുഷ്ഠാനങ്ങളിൽ നിന്ന് വിഭിന്നമായി ഒരാളുടെ വ്യക്തിപരമായ
സൗന്ദര്യാന്വേഷണവും സത്യാന്വേഷണവുമാണ്.
ആത്മീയതയിൽ സൗന്ദര്യത്തിൻ്റെ
ദൈവമുണ്ട്. മനുഷ്യനിലെ ആത്മാവ് മതം അനുശാസിക്കുന്നതിൽ നിന്ന്
വിഭിന്നമാണിവിടെ. ഒരിക്കലും നശിക്കാത്ത ,ദൈവത്തിനവകാശപ്പെട്ട ആത്മാവല്ല
ഇവിടെ വിവക്ഷിക്കുന്നത്. മറിച്ച് ,മനഷ്യനിലെ വിശിഷ്ടമായ ഒരു സർഗാത്മക
ഗുണമാണത്. പാട്ടുകേൾക്കുന്നതിൽ പോലും ആത്മീയതയുണ്ട്. ആദ്ധ്യാത്മികതയല്ല
ആത്മീയത .മനസ് അതിൻ്റെ ആഴത്തിൽ തിരിച്ചറിയുന്ന നിമിഷമാണിത്. ഇത് മനനവും
വിചാരവുമാണ്. ഓർമ്മകളിൽപ്പോലും ആത്മീയതയുണ്ട്. സ്വയം തപിക്കുന്നതും സ്വയം
ഉരുകുന്നതും ഇതു തന്നെ.
'വേകിംഗ് അപ്' എന്ന പുസ്തകമെഴുതിയ സാം ഹാരീസ് ഒരാൾ സ്വന്തം നിലയിൽ സ്വതന്ത്രമായ ആത്മീയതയിലെത്തുന്നതിനെക്കുറിച്ച്
വിവരിക്കുന്നു. അദ്ദേഹം ഇങ്ങനെ പറഞ്ഞു: ''ഞാൻ ഒരിക്കൽ മനസികമായ
പ്രതിസന്ധിയിലൂടെ കടന്നു പോയി. എൻ്റെ ബോധത്തിൽ വലിയ പരിവർത്തനം ഉണ്ടായി.
ഞാൻ അതിനുശേഷം എന്നെക്കുറിച്ച് ഓർത്ത് ഉത്ക്കണ്ഠപ്പെട്ടിട്ടില്ല. സ്വയം
വിമർശിക്കുകയോ മത്സരിക്കുകയോ ഭൂത,ഭാവികാലങ്ങളെക്കുറിച്ച് ആശങ്കപ്പെടുകയോ
ചെയ്തിട്ടില്ല. അതോടെ എനിക്ക് സുഹൃത്തുക്കളെ പരിധിയില്ലാതെ സ്നേഹിക്കാൻ
കഴിഞ്ഞു. ഏത് അപരിചിതവ്യക്തിയോടും എനിക്ക് സ്നേഹം തോന്നി. സ്നേഹം
,മനസ്സിൻ്റെ അടിത്തട്ടിൽ ,വ്യക്തിപരമല്ല" .
ചൈനീസ് സാഹിത്യകാരനായ
ഗാവോ സിങ്ജിയാൻ എഴുതിയ 'സോൾ മൗണ്ടൻ' (ആത്മാവിൻ്റെ ശൈലം')ഒരു വ്യക്തിയുടെ
ആത്മീയമായ സ്വയം ബോധ്യത്തിനുള്ള ഏകാന്ത യാത്രയാണ്.തെക്ക് പടിഞ്ഞാറൻ ചൈനയിലെ
ഒരു ഗിരിയിലേക്ക് അതിലെ കഥാപാത്രം സഞ്ചരിക്കുന്നു. അയാൾ ശരിക്കും
എത്തിച്ചേരാനാഗ്രഹിക്കുന്ന ഇടം സ്വന്തം ആത്മഗേഹമാണ്; അയാൾ അവിടെ
എത്തുന്നില്ലെങ്കിലും.
ആത്മീയത വിധിയാണ്
" നിങ്ങൾ ഏറ്റവും
അസാധാരണമായ ആ കാര്യം നിരീക്ഷിച്ചിട്ടുണ്ടോ ?ആത്മബോധം ?" എന്ന് സിങ്ജിയാൻ
ചോദിക്കുന്നു. പീഡിപ്പിക്കപ്പെടുന്ന ഭൗതിക സാഹചര്യങ്ങളെ നേരിടാൻ ഒരു
വ്യക്തിക്ക് പ്രകൃതി നല്കിയ മാർഗമാണ് ആത്മീയത .ദീർഘകാലം തടവറയിൽ
കിടക്കുന്നവർ ,സ്വാഭാവികമായി അവിടേക്ക് എത്തിച്ചേരുകയാണ് പതിവ്.ജയിലിൽ
ആരാധനയോ ക്ഷേത്രമോ ഒന്നുമില്ലല്ലോ.എന്നാൽ ഒരാളുടെ ആന്തരിക ഘടനയിൽ ,അതിനു
സമാന്തരമായി മാറ്റൊരു ആത്മീയവ്യൂഹം ചമക്കപ്പെടുന്നു. മൗനത്തിനു സംഗീതവും
ദൈവികതയും ലഭിക്കുന്നതപ്പോഴാണ് .ദീർഘനേരം മിണ്ടാതിരിക്കുമ്പോൾ വ്യക്തിയെ
വലയം ചെയ്യുന്ന ഒരു ആത്മീയവലയമുണ്ട്.
'സോൾ മൗണ്ടൻ' ഇംഗ്ളിഷിലേക്ക്
പരിഭാഷപ്പെടുത്തിയ മാബേൽ ലി ഇങ്ങനെ എഴുതുന്നു: '' സമൂഹത്തിനു വേണ്ടി
,സംഘത്തിനു വേണ്ടി,പാരമ്പര്യത്തിനു വേണ്ടി,മാമൂലിനു വേണ്ടി ഒരു വ്യക്തിയെ
അധികാരമുപയോഗിച്ച് കീഴടക്കുന്നതിനോടുള്ള പ്രതികരണമാണ് 'സോൾ മൗണ്ടൻ'.ഇതിൽ
നിന്ന് ആത്മീയതയെക്കുറിച്ചുള്ള തിളക്കമുള്ള ഒരാശയം നമുക്ക്
കണ്ടെത്താവുന്നതാണ്.സമൂഹം അല്ലെങ്കിൽ അധികാരശക്തികൾ പറയുന്നിടത്താണ്
വ്യക്തിയുടെ ആത്മീയത എന്ന നിലപാട് സിങ്ജിയാൻ പുലർത്തുന്നില്ല. അദ്ദേഹം
വ്യക്തിയുടെ സ്വകാര്യമാണ് അവൻ്റെ ഏകാന്തതയെന്ന് ചിന്തിക്കുന്നു. ഒരാളുടെ
ആത്മീയമായ ദാഹം ,സൗന്ദര്യാത്മകമായ സമസ്യകൾ ,സത്യാന്വേഷണപരമായ ചിന്തകൾ
,കലാപരമായ ആകുലതകൾ ഒരു സമൂഹത്തിനു മുൻപിൽ അടിയറ വയ്ക്കേണ്ടതില്ല. സ്വയം
തിരയാനുള്ളത് അങ്ങനെ തന്നെ ഇരിക്കട്ടെ. ആത്മീയത വിധിയാണ്. ഖലിൽ ജിബ്രാൻ
,ഇക്ബാൽ ,ടാഗോർ തുടങ്ങിയവരുടെ ആത്മീയ വിഷയങ്ങൾ സമൂഹം നല്കിയതല്ല.
ആദ്ധ്യാത്മികതയ്ക്ക്
ഒരു ലക്ഷ്യമുണ്ട്. അത് വ്യവസ്ഥയുടെ ഭാഗമാണ്. അതിനു പാഠങ്ങളുണ്ട്. എന്നാൽ
ആത്മീയതയ്ക്ക് തിരിച്ചറിവുകളാണുള്ളത്. ഒരാൾ അവനവൻ്റെ വഴക്കത്തിനൊത്ത്
അനുഭവിക്കുകയോ കണ്ടെത്തുകയോ ചെയ്യുന്നതാണത്. സിങ്ജിയാൻ ഇങ്ങനെ എഴുതി: "ഈ
ലോകത്ത് നിങ്ങൾക്ക് വളരെ കുറച്ചു കാര്യങ്ങളേ നേടാനാവൂ. അതുകൊണ്ട്
അത്യാഗ്രഹിയാകേണ്ട ഒരു കാര്യവുമില്ല. അവസാനം ,നിങ്ങൾ നേടുന്നതെല്ലാം
ഓർമ്മകളാണ് ;മടിപിടിച്ച ,അസ്പൃശ്യമായ ,സ്വപ്നസമാനമായ ഓർമ്മകൾ .അതാകട്ടെ
നിശ്ചേതനവുമാണ്. "
ഈ വാക്കുകളിൽ ആത്മീയതയുണ്ട്.ഇത്
മനുഷ്യവംശത്തിൻ്റെ സാരത്തെക്കുറിച്ച് ഒരാൾ ചിന്തിക്കുന്നതാണ്.ഇത് അയാളുടെ
മാത്രം അനുഭവമാണ്.ഇതിനെ അസ്തിത്വപരമായ സൗന്ദര്യശാസ്ത്രവുമായി
ബന്ധിപ്പിക്കാവുന്നതാണ്.ഓരോ മനുഷ്യൻ്റെയും അസ്തിത്വം വേറിട്ടതാണ്. ലോകത്ത്
ഒന്നിനോടും അതിനു സാദൃശ്യമില്ല. ഒരാൾ തൻ്റെ ജീവിതത്തിൽ നേരിടുന്ന സമസ്യകൾ
അയാളുടേത് മാത്രമാണ്. ജീവിതത്തിൻ്റെ അർത്ഥമറിയാൻ നാം കുതിക്കുന്നു. എന്നാൽ
അതൊരിക്കലും വ്യക്തമാവുന്നില്ല. അതുകൊണ്ട് ഒരർത്ഥം ഉണ്ടാക്കാൻ നാം
വിധിക്കപ്പെടുകയാണ്. അതിനായുള്ള ഓരോ കാൽവയ്പും സ്വാതന്ത്ര്യമാണ്. ഇതാണ്
അസ്തിത്വ പരമായ സൗന്ദര്യശാസ്ത്രം. ഓരോ മനുഷ്യവ്യക്തിയുമാണ് ഇത്
നിശ്ചയിക്കുന്നത്. ഇത് ആത്മീയമായ അവസ്ഥയാണ്. ഒരാൾ തനിച്ച് തൻ്റെ
അസ്തിത്വപരമായ ലക്ഷ്യക്കൾക്ക് വേണ്ടി വ്യഥയനുഭവിക്കുന്നതിൽ ആത്മീയതയുണ്ട്.
വാക്കുകൾ
1)നോവൽ ഒരു കഥയാണെങ്കിലും ,അത് സംഗീതവുമാണ്.ഗദ്യത്തിൽ സംഗീതാത്മകത വന്നില്ലെങ്കിൽ ,എനിക്ക് നോവൽ എഴുതാനാവില്ല .
ഗബ്രിയേലാ കാബ്സോൺ കാമറ
(അർജൻ്റയിൻ എഴുത്തുകാരി )
2) ഞാൻ എഴുതുമ്പോൾ സംഗീത ശില്പശാലയിൽ ഇരിക്കുന്നതു പോലെയാണ് തോന്നാറുള്ളത്. വാക്കിൻ്റെ അടിസ്ഥാനപരമായ സംഗീതസ്വഭാവം അറിയേണ്ടതുണ്ട്.
അരിയാനാ ഹാർവിസ്
( അർജൻ്റയിൻ എഴുത്തുകാരി )
3) ഭ്രാന്തമായ അഭിപ്രായങ്ങൾ പറയാൻ മടിക്കരുത്; ഇപ്പോൾ സ്വീകരിക്കപ്പെട്ടുകഴിഞ്ഞ എല്ലാ അഭിപ്രായങ്ങളും ഒരിക്കൽ ഭ്രാന്തമായിരുന്നു.
ബർട്രാൻഡ് റസ്സൽ
(ബ്രിട്ടീഷ് ബുദ്ധിജീവി )
4)സ്കൂളുകൾ
ഉണ്ടാക്കപ്പെട്ടിരിക്കുന്നത് ജീവിതത്തിൽ എല്ലാ കാര്യങ്ങളിലും ഒരു
രഹസ്യമുണ്ടെന്നും അത് പഠിപ്പിക്കാൻ അദ്ധ്യാപകർക്ക് മാത്രമേ കഴിയൂ
എന്നുമുള്ള സങ്കല്പത്തിലാണ്.
ഇവാൻ ഇല്ലിച്ച്
(റോമൻ സാമൂഹ്യചിന്തകൻ)
5) ഒരേയൊരു നന്മയേയുള്ളു: ജ്ഞാനം .ഒരേയൊരു തിന്മയേയുള്ളു: അജ്ഞത .
സോക്രട്ടീസ്
(ഗ്രീക്ക് ചിന്തകൻ)
കാലമുദ്രകൾ
1)ടി.പത്മനാഭൻ
പരിസ്ഥിതി
,സ്നേഹം ,കവിത ,വയന എന്നിങ്ങനെയുള്ള നന്മകളിലൂടെയാണ് ടി.പത്മനാഭൻ്റെ കഥകൾ
സഞ്ചരിക്കുന്നത്.ഇതിൻ്റെ ഭാഗമായി അദ്ദേഹം വല്ലപ്പോഴും സുഗതകുമാരിയുടെ
കവിതയും കഥകളിൽ പരാമർശിക്കാറുണ്ട്.
2) സുഗതകുമാരി
ഒ.എൻ.വിയോടുള്ള
ആദരവ് സുഗതകുമാരി എന്നും പ്രകടിപ്പിച്ചിട്ടുണ്ട്. ഒ.എൻ.വി
ജീവിച്ചിരുന്നപ്പോൾ സുഗതകുമാരി അദ്ദേഹത്തെക്കുറിച്ചൊരു കവിതയെഴുതി. അത്
പ്രസിദ്ധപ്പെടുത്തുന്നതിനു മുമ്പ് ഒ.എൻ.വിയെ കാണിച്ച് അനുവാദം
വാങ്ങിക്കുകയും ചെയ്തിരുന്നു.
3) കേശവദേവ്
നാഴികക്കല്ലായ
'ഓടയിൽ നിന്ന് ' എന്ന നോവലെഴുതുമ്പോൾ കേശവദേവിന് പ്രസാധകരില്ലായിരുന്നു.
കൊല്ലത്തുള്ള ഒരു ബുക്ക് സ്റ്റാൾ ഉടമയെ കണ്ട് ,താൻ ഒരു നോവലെഴുതിക്കൊണ്ടു
വന്നാൽ വില്ക്കാമോ എന്ന് ചോദിച്ച് ഉറപ്പു വാങ്ങിയ ശേഷമാണ് അദ്ദേഹം എഴുതാൻ
ലോഡ്ജിൽ മുറിയെടുത്തത്.
4) സി.എൻ.കരുണാകരൻ
കേരളത്തിൽ
ചിത്രകാരന്മാർക്ക് ഇപ്പോഴും ഒരു വിപണിയില്ല .മാധ്യമങ്ങൾ ചിത്രകലയെ
തമസ്കരിക്കുകയാണ്. ഓണപ്പതിപ്പുകളിൽ രണ്ടു പേജ് പെയിൻ്റിംഗിനു വേണ്ടി നീക്കി
വയ്ക്കില്ല .എന്നാൽ സി.എൻ.കരുണാകരൻ സ്വന്തം നിലയിൽ ചിത്രകലയിൽ ഒരു
ജീവിതമാർഗം കണ്ടെത്തി.
5 )എം.എൻ.സത്യാർത്ഥി
ബംഗാളി നോവലുകൾ
പരിഭാഷപ്പെടുത്തിയ എം.എൻ .സത്യാർത്ഥിയുടെ പേര് എഴുപതുകളിൽ നമ്മുടെ
സാഹിത്യാന്തരീക്ഷത്തിൽ എപ്പോഴും മുഴങ്ങിക്കേട്ടു .വിപ്ലവകാരിയും
ബഹുഭാഷാപണ്ഡിതനും സുഭാഷ് ചന്ദ്രബോസിൻ്റെ സുഹൃത്തുമായിരുന്ന സത്യാർത്ഥിയെ
നമ്മൾ സൗകര്യപൂർവ്വം മറന്നു.
ബാബു ജോസഫിൻ്റെ ചിന്ത
നല്ലൊരു
ശാസ്ത്രചിന്തകനും എഴുത്തുകാരനുമായ ഡോ.ബാബു ജോസഫിൻ്റെ ഏത് ലേഖനവും നമ്മെ
ആശയപരമായി ഉത്സുകരാക്കും. അദ്ദേഹം ശാസ്ത്രവിഷയങ്ങളിൽ വളരെ അധുനികനാണ്.
ശാസ്ത്രചിന്തയുടെ ദാർശനികമായ പഥങ്ങളിൽ അലഞ്ഞ് സർഗാത്മകമായ
അവബോധത്തിലെത്തിച്ചേരാൻ അദ്ദേഹത്തിനു പ്രത്യേക കഴിവുണ്ട്. അതിൻ്റെ
ഒടുവിലത്തെ ഉദാഹരണമാണ് 'മതനിരപേക്ഷ ആത്മീയത മിഥ്യയല്ല (ദേശാഭിമാനി
വാരിക)എന്ന ലേഖനം.അദ്ദേഹം എഴുതുന്നു: "ആരാധനാലയങ്ങൾ തുറന്നില്ലെങ്കിലും
ആത്മീയതയ്ക്ക് ഒരു കോട്ടവും തട്ടില്ലെന്ന് നമ്മൾ പഠിച്ചു.
ആരാധനാലയങ്ങളിലൂടെയേ ഈശ്വരനെ സമീപിക്കാൻ കഴിയൂ എന്ന തെറ്റിദ്ധാരണയാണ്
തകർക്കേണ്ടത്.പ്രാർത്ഥനയേക്കാൾ ഫലപ്രദമായത് പ്രവൃത്തിയാണ് ".
നിരീശ്വരവാദിയായിരുന്ന സഹോദരൻ അയ്യപ്പൻ ദൈവം വേണ്ട എന്ന് പറഞ്ഞത്
ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ശ്രീനാരായണഗുരു അറിയിച്ചത് സഹോദരൻ്റെ
പ്രവൃത്തിയിൽ ദൈവമുണ്ടല്ലോ എന്നാണ്.ഇത് മനുഷ്യൻ്റെ മഹത്വത്തിൽ
പ്രകാശിതമാകുന്ന ദൈവമാണ്.ഇത് മതത്തിൻ്റെ ആകാശത്തെ വിപുലീകരിക്കുകയാണ്.
പ്രളയവും കവിതയും
അപ്രതീക്ഷിതമായ
പ്രളയത്തിൽ ജീവിതം കൈവിട്ടു പോകുന്നവരുടെ അവസ്ഥ ഇന്ന് മലയാളികൾക്ക്
നന്നായി മനസിലാവും.അവർ ഒരു പുതിയ ജീവിതം തേടുകയാണ്. അവിചാരിത
യാഥാർത്ഥ്യങ്ങൾ പുതിയൊരു മാനമാണ്. ഇതാണ് ജീവിതത്തിൻ്റെ പുതിയ കവിത
.സുരേഷ് നൂറനാട് എഴുതിയ 'പൊലീസുകാരൻ
കണ്ടെടുത്ത കവിത '(സെക്രട്ടേറിയറ്റ് സർവ്വീസസ് )യിലെ വരികൾ ഇങ്ങനെ:
'അമ്മയെ തിരക്കിയിറങ്ങിയ ഇവൻ
വെള്ളത്തിൽക്കിടന്നെഴുതിയ
ഇക്കവിതയും മഴ പിഴുതെടുക്കില്ല' .
സുരേഷ്കുമാർ.വി
എഴുതിയ 'അറുപതു തോറ്റവർഷങ്ങളുടെ അവസാന അര ഫർലോംഗ് ' (കലാകൗമുദി
ഓണപ്പതിപ്പ് )എന്ന കഥ പാരായണസുഖം തന്നു. ഭാഷാപരമായ സൂക്ഷ്മതയോടെപ്പം
ആഖ്യാനപരമായ മികവും ഈ കഥ പാലിച്ചു.
ഡോ. ടി.എം.മാത്യുവിൻ്റെ
'വിശ്വവിഖ്യാതമായ മൂക്കും യാഥാർത്ഥ്യങ്ങളും ' ( നവനീതം ഓണപ്പതിപ്പ് )
വൈക്കം മുഹമ്മദ് ബഷീറിൻ്റെ സാമൂഹ്യ അപനിർമ്മാണ കൗശലത്തെ ശ്രദ്ധാപൂർവ്വം
പരിശോധിക്കുന്നു.
അക്ഷരജാലകം/സിനിമ ,സേതുമാധവൻ, മനുഷ്യൻ/metrovartha,july 6
എം.കെ.ഹരികുമാർ
9995312097
Email: mkharikumar797@gmail.com
ചലച്ചിത്ര സംവിധായകൻ കെ.എസ്.സേതുമാധവൻ സിനിമയിലൂടെ ഒരു നവമാനവനെ അന്വേഷിച്ചു. ആ അന്വേഷണം നമ്മുടെ സിനിമാതീയേറ്ററുകളിലൂടെ ഉരുത്തിരിഞ്ഞ പരിവർത്തന ത്വരയായിരുന്നു. അദ്ദേഹം ഒരു തൊഴിലായി സിനിമയെ സമീപിക്കുകയായിരുന്നില്ല; മറിച്ച് തൻ്റെ സവിശേഷമായ ആത്മീയ നവാഭിരുചികളെ ഒരു സമൂഹത്തിനു പരിചയപ്പെടുത്തുകയും അവരുടെ ലോകവീക്ഷണത്തെ മാറ്റിത്തീർക്കുകയും ചെയ്തു.കവിതയിൽ കുമാരനാശാനും നാടകത്തിൽ തോപ്പിൽ ഭാസിയും നോവലിൽ തകഴിയും ചെയ്തതിനു സമാനമായി, തീയേറ്റർ ജീവിതത്തിൽ മനുഷ്യത്വത്തിൻ്റെ മഹാദർശനം അവതരിച്ചത് സേതുമാധവനാണ്. ഏതാണ്ട് രണ്ടര പതിറ്റാണ്ടുകാലം തൻ്റെ ആത്മീയവും ജ്ഞാനകേന്ദ്രീകൃതവുമായ സമസ്യകൾക്ക് ഉത്തരം തേടി അദ്ദേഹം പ്രവർത്തിച്ചു.കല ,ഛായാഗ്രഹണം ,ഗാനങ്ങൾ ,സംഗീതം ,അഭിനയം തുടങ്ങി വിവിധ മേഖലകളെ തൻ്റേതായ ജീവിതദർശനത്തിനു വേണ്ടി അദ്ദേഹം ആവാഹിച്ചെടുത്തു.
സേതുമാധവൻ അറുപതുകൾ മുതൽ നമ്മോടൊപ്പമുണ്ട്. ഇപ്പോൾ ചെന്നൈയിൽ ആത്മീയതയിൽ മുഴുകിക്കഴിയുകയാണ്. സിനിമാ ജീവിതം വേറൊരു കാണ്ഡമായി അദ്ദേഹത്തിൻ്റെ ഭൂതകാലത്തെ അടയാളപ്പെടുത്തുകയാണ്.അതായത് ,ആ കാലം സംഭവിക്കാൻ താൻ ഒരു നിമിത്തമായി എന്ന ചിന്തയാണ് അദ്ദേഹത്തിനുള്ളത്."ഞാൻ വെറും ഒരു ഉപകരണം മാത്രം " - സേതുമാധവൻ പറയുന്നു. ഒരു പ്രധാന കാര്യം വെളിപ്പെടുത്തിയത് ഇങ്ങനെയാണ്: "ഒരിക്കലും ഇത്ര രൂപാ പ്രതിഫലം വേണമെന്ന് ഞാൻ ഒരു പ്രൊഡ്യൂസറോടും നിഷ്കർഷിച്ചിട്ടില്ല. എനിക്കുള്ള പ്രതിഫലം പ്രേക്ഷകരിൽ നിന്ന് കിട്ടാറുണ്ട്."
പ്രതിഫലത്തുകയുടെ അടിസ്ഥാനത്തിൽ ഒരാളുടെ പ്രാമുഖ്യം വിലയിരുത്തപ്പെടാറുള്ള ഒരിടത്താണ് താൻ ശമ്പളത്തിൻ്റെ കാര്യത്തിൽ ഒരു ഡിമാൻഡും വയ്ക്കാറില്ലെന്ന് അദ്ദേഹം പറഞ്ഞത് .അതിൻ്റെ കാരണം വ്യക്തമാണ്. സിനിമയുടെ മൂല്യത്തിലാണ് സേതുമാധവൻ നിക്ഷേപം നടത്തിയത്.മറ്റെല്ലാം അപ്രസക്തമാണ്.
അദ്ദേഹം ഒരു മതത്തെ സ്വയം ആർജിക്കുകയാണ് ചെയ്തത്.അത് മനുഷ്യത്വം എന്ന മതമാണ്. ഈ മനുഷ്യത്വം നാം കേട്ടു പഴകിയ സഹജീവിസ്റ്റേഹമോ സഹവർത്തിത്വമോ അല്ല;അത് ഒരു നവപ്പിറവിയാണ്. പരിഷ്കൃത ലോകത്ത് മനുഷ്യൻ കൈവരിക്കേണ്ട ഉന്നതമായ സദാചാരവും ലോകാവബോവുമാണത്. ഇത് അനുഭവിക്കാനും അനുഭവിപ്പിക്കാനു മാണ് അദ്ദേഹം സിനിമയെ സമീപിച്ചത്.
വളരെ ചെറുപ്പത്തിൽ തന്നെ സ്വകീയമായ ആത്മത്വരകളിൽ നങ്കൂരമിട്ട അദ്ദേഹത്തിൻ്റെ ജീവിതം രമണമഹർഷിയിൽ നിന്നാണ് പ്രചോദനം നേടിയത്.കുട്ടിയായിരുന്നപ്പോൾ മാതാപിതാക്കളോടൊത്ത് രമണാശ്രമത്തിൽ പോയത് ഏറ്റവും മധുരമുള്ള ഓർമ്മയായി ഇപ്പോഴും പരിപാലിക്കുന്നു. മഹർഷിയിൽ നിന്ന് ബഹിർഗമിച്ച ഊർജ തരംഗങ്ങൾ ലോകത്തിനു വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ചിന്ത മനസിൽ മുളപ്പിച്ചു. മറ്റു പ്രലോഭനങ്ങളെല്ലാം പടിക്ക് പുറത്ത് .അങ്ങനെയാണ് പരിവർത്തനത്തിനു ഉതകുന്ന തരത്തിൽ സിനിമ എന്ന മാധ്യമത്തെ എങ്ങനെ ഉപയോഗപ്പെടുത്തണമെന്ന് ആലോചിച്ചത്.
ചുക്ക്, ചുവന്ന സന്ധ്യകൾ ,പണി തീരാത്ത വീട് ,ഓടയിൽ നിന്ന് ,കടൽപ്പാലം ,അച്ഛനും ബാപ്പയും ,അരനാഴികനേരം ,പുനർജന്മം തുടങ്ങിയ ചിത്രങ്ങൾ സാമൂഹിക ജീവിതത്തിൻ്റെ ശരിതെറ്റുകളെ പരിശോധിക്കാനുള്ള ആഴമേറിയ ശ്രമങ്ങളായിരുന്നു.എന്നാൽ ബുദ്ധിജീവികളെ മാത്രമായി തൻ്റെ പ്രേക്ഷകസമൂഹത്തെ പരിമിതപ്പെടുത്താതെ സിനിമയെ ഒരു ഇന്ത്യൻ പതിപ്പായി വികസിപ്പിക്കുകയാണ് അദ്ദേഹം ചെയ്തത്.അങ്ങനെ
സാമൂഹിക ജീവിതത്തിൻ്റെ പരീക്ഷണശാല എന്ന നിലയിൽ സിനിമാതീയേറ്ററുകൾ മാറി. ഇത് സേതുമാധവൻ എന്ന സംവിധായകൻ്റെ തീയേറ്റർ ജീവിതം കൂടിയായിരുന്നു.
സാമൂഹിക മനുഷ്യനെ തിരയുന്ന പ്രമേയങ്ങളാണ് തിരഞ്ഞെടുക്കപ്പെട്ടത്.വ്യക്തി ഒരാപത്ക്കരമായ സാഹസികതയാണ്.ഒരടി പിഴച്ചാൽ എല്ലാം തകരും.
ലോകം തിന്മകൊണ്ട് മത്സരിച്ച് പരാജയപ്പെടുന്നിടത്ത് സേതുമാധവൻ പ്രവാചകനെപ്പോലെ അച്ഛനും ബാപ്പയും ,കടൽപ്പാലം ,ചുക്ക്, ഓടയിൽ നിന്ന് തുടങ്ങിയ സിനിമകളെടുത്തു. ഒരാദർശ മാനവനിലേക്കുള്ള യാത്ര നമ്മുടെയുളളിൽ നിന്നു തന്നെ ഉയി ർത്തു വരേണ്ടതുണ്ട്. ചെറിയ വസ്തുക്കൾ ,വില കുറഞ്ഞ വസ്തുക്കൾ നേടുമ്പോഴുള്ള സന്തോഷം വില കൂടിയ വസ്തുക്കൾ സ്വന്തമാക്കുമ്പോൾ കിട്ടില്ല. കാരണം വില കൂടിയ വസ്തുക്കൾ വാങ്ങുമ്പോൾ നാം മറ്റുള്ളവരോട് മത്സരിക്കുകയാണ്. മത്സരം ജയിച്ചാലും കിട്ടുന്നത് സന്തോഷമായി രിക്കില്ല.മാത്രമല്ല ,അതിനേക്കാൾ വലുത് കിട്ടാത്തതിലുള്ള നിരാശ ബാധിക്കുകയും ചെയ്യും. 'ഓടയിൽ നിന്നി'ലെ പപ്പുവിൻ്റെ സന്തോഷം ചെറിയ കാര്യങ്ങളിൽ നിന്നാണ് ഉണ്ടാകുന്നത്.
'കടൽപ്പാലം' എന്ന സിനിമയിൽ പ്രേം നസീർ അഭിനയിച്ച് ,എസ്.പി.ബാലസുബ്രഹ്മണ്യം പാടിയ ഒരു അസാധാരണ ഗാനമുണ്ട്. അത് എഴുതിയത് വയലാർ രാമവർമ്മയാണ് ;സംഗീതം ദേവരാജനും .ആ ഗാനത്തിൻ്റെ വരികൾ ഇവിടെ എഴുതുകയാണ്:
"ഈ കടലും മറുകടലും
ഭൂമിയും വാനവും കടന്ന്
ഈരേഴ് പതിനാലു ലോകങ്ങൾ
കാണാൻ ഇവിടുന്നു
പോണവരേ
ഇവിടെ മനുഷ്യർ ജീവിച്ചിരുന്നതായി
ഇതിഹാസങ്ങൾ നുണ പറഞ്ഞു
ഈശ്വരനെ കണ്ടു
ഇബിലീസിനെ കണ്ടു
ഇതുവരെ മനുഷ്യനെ കണ്ടില്ല
കണ്ടില്ല കണ്ടില്ല
മനുഷ്യനെ കണ്ടില്ല .
ഇവിടെ സമത്വം പൂവിട്ടിരുന്നതായി
വെറുതെ മതങ്ങൾ
നുണ പറഞ്ഞു
ഹിന്ദുവിനെ കണ്ടു
മുസൽമാനെ കണ്ടു
ഇതുവരെ മനുഷ്യനെ കണ്ടില്ല
കണ്ടില്ല കണ്ടില്ല
മനുഷ്യനെ കണ്ടില്ല.
ഈ 'മനുഷ്യനെ 'യാണ് സേതുമാധവൻ സിനിമയിലൂടെ നേടിയത്.ഈ ഗാനം അദ്ദേഹത്തിൻ്റെ സിനിമയിൽ എങ്ങനെ വന്നു ? സേതുമാധവൻ്റെ ദർശനം ഇതായതുകൊണ്ട്.ഇവിടെ മനുഷ്യത്വം ഒരു ശാസ്ത്രയുക്തിയും അതീത യുക്തിയുമാണ്. ഇത് സംവിധായകൻ്റെ നവരാഷ്ട്രീയവും നവധാർമ്മികതയുമായിരുന്നു. ഒരു മാറ്റത്തിനായുള്ള ധീരമായ ദാഹമാണ് ഇതിനു പിന്നിലുള്ളത്.സേതുമാധവൻ തൻ്റെ ജ്ഞാനോപകരണങ്ങൾ കൊണ്ട് കണ്ടുപിടിച്ച ഈ 'മനുഷ്യൻ' അന്നത്തെ പ്രേക്ഷകരുടെ സ്വകാര്യ സ്വപ്നമായി അസ്തിത്വം നേടുകയായിരുന്നു.
മനുഷ്യനെ വിഭാഗീയതകൾക്കപ്പുറത്ത് ദർശിക്കുന്ന ,ഒരു പുതിയ ലോകത്തെ ഭാവന ചെയ്യാൻ പ്രേരിപ്പിക്കുന്ന സേതുമാധവൻ്റെ സിനിമകളെക്കുറിച്ച് ഇവിടെ പഠനങ്ങളുണ്ടായില്ല എന്നുള്ളത് നമ്മുടെ സാംസ്കാരിക നിരക്ഷരതയാണ് തുറന്നു കാണിക്കുന്നത്.
കള്ള വാഗ്ദാനങ്ങളും പൊയ് വിശ്വാസങ്ങളും നിറഞ്ഞാടിയ ലോകത്ത് ഒരാൾക്ക് ഒരു മനുഷ്യനെ സ്നേഹിക്കുന്നതിലൂടെയേ കുറേക്കൂടി നല്ല മനുഷ്യനാകാനാവൂ.നശ്വരതയും നൈമിഷികതയും വ്യർത്ഥതയും അറിഞ്ഞ ഒരാൾ തൻ്റെ കലാപ്രക്രിയയിൽ സത്യത്തിനു വേണ്ടി അലയുക തന്നെ ചെയ്യും. 'വെൺചന്ദ്രലേഖയൊരപ്സരസ്ത്രീ' എന്ന ഗാനത്തിൻ്റെ ചിത്രീകരണത്തിൽപ്പോലും ഈ നവശുദ്ധമാനവികത കാണാം. ചിന്ത കൊണ്ട് പ്രബുദ്ധത നേടിയാലേ സേതുമാധവനെപ്പോലെ സിനിമയെടുക്കാനാകൂ; അതോടൊപ്പം ധാർമികതയിലൂടെ സ്വയം പരിഷ്കരിക്കുകയും വേണം.
മനുഷ്യരക്തമാണ് സമത്വത്തെ കാണിച്ചു തരുന്നത്. ഒരു ഘട്ടത്തിൽ മനുഷ്യൻ്റെ രക്തം പോലും തൻ്റെ സാഹോദര്യത്തിനായി ഇറങ്ങിത്തിരിക്കും ,'ഓടയിൽ നിന്നി'ലെ പപ്പുവിനെപ്പോലെ.
വാക്കുകൾ.
1) എൻ്റെ മുഴുവൻ ആത്മാവും ഒരു കരച്ചിലാണ്; ആ കരച്ചിലിനെക്കുറിച്ചുള്ള വിവരണം തയ്യാറാക്കലാണ് എൻ്റെ പണി.
നിക്കോസ് കസൻദ്സാക്കിസ്,
ഗ്രീക്ക് എഴുത്തുകാരൻ .
2) നമുക്ക് നഷ്ടപ്പെട്ട നമ്മുടെ പകുതി ജീവിതത്തെ തേടിയെടുക്കലാണ് പ്രേമം .
മിലാൻ കുന്ദേര ,
ചെക്ക് ,ഫ്രഞ്ച് എഴുത്തുകാരൻ .
3)ഒരു പെണ്ണിൻ്റെ ഏറ്റവും നല്ല പ്രണയലേഖനങ്ങൾ എഴുതപ്പെടുന്നത് അവൾ വഞ്ചിക്കുന്ന പുരുഷനു വേണ്ടിയായിരിക്കും.
ലോറൻസ് ഡ്യൂറൽ ,
ബ്രിട്ടീഷ് എഴുത്തുകാരൻ .
4)നമ്മൾ ആരെയും പ്രേമിക്കുന്നില്ല. നമ്മൾ പ്രേമിക്കുന്നത് ,മറ്റാരെക്കുറിച്ചെങ്കിലും നമ്മുടെ മനസ്സിലുള്ള ആശയത്തെയാണ്.ഇത് നമ്മുടെ സ്വന്തം ചിന്തയാണ് - നമ്മുടെ മാത്രം - അതിനെയാണ് നാം പ്രേമിക്കുന്നത്.
ഫെർനാണ്ടോ പെസ്സോവ,
പോർച്ചുഗീസ് കവി.
5)റഷ്യയിൽ കവിതയോട് വളരെ ആദരവാണുള്ളത്;കവിതയുടെ പേരിൽ ആളുകളെ കൊല്ലുന്നു. കവിത കൊലപാതകത്തിനുള്ള കാരണമായിത്തീരുന്നത് ,ലോകത്ത് മറ്റെവിടെയെങ്കിലും കാണാനാവുമോ ?
ഒസിപ്പ് മാൻഡൽസ്റ്റം,
റഷ്യൻ കവി.
കാലമുദ്രകൾ
1)വൈലോപ്പിളളി.
1970,71,72 വർഷങ്ങളിൽ കേന്ദ്ര സാഹിത്യഅക്കാദമിയുടെ വോട്ടെടുപ്പിൽ 'ഖസാക്കിൻ്റെ ഇതിഹാസം' മുൻപിൽ വന്നിട്ടും അവാർഡ് കൊടുക്കാത്തതിനെപ്പറ്റി വൈലോപ്പിള്ളി ഇങ്ങനെ പറഞ്ഞു :ഇത്തവണ വിജയനു കൊടുക്കാമായിരുന്നു ,ഇത് അയാളുടെ അവസാനത്തെ ഊഴമായിരുന്നല്ലോ .എനിക്ക് ഇനിയും ഊഴമുണ്ട് .
2)ഒ.വി.വിജയൻ.
'ഖസാക്കിൻ്റെ ഇതിഹാസ 'ത്തിൻ്റെ ഒടുവിൽ രവി പാമ്പിൻ്റെ നേർക്ക് കാൽ നീട്ടി മരണം വരിക്കുന്നതിനെക്കുറിച്ച് വിജയൻ എഴുതി: സർപ്പവിഷം എന്ന അഗ്നിയെ അനാദിയായ മഴ ശമിപ്പിക്കുന്നു. മഴ മരണമാണ് ,അതേസമയം ഔഷധിയും പുനർജനിയും .
3) ഡി.വിനയചന്ദ്രൻ.
ആനന്ദിന് സങ്കീർണത എന്ന ഗുണമുണ്ട്; എം.മുകുന്ദനിൽ അതില്ല എന്ന് വിനയചന്ദ്രൻ പറയുമായിരുന്നു.
4) എം.ടി.
എം.ടി യുടെ 'കിളിവാതിലിലൂടെ ' എന്ന പംക്തി വളരെ ആകർഷകമായിരുന്നു. അദ്ദേഹം അത് വീണ്ടും എഴുതണം.
5) കുട്ടികൃഷ്ണമാരാർ
സുകുമാർ അഴീക്കോടിൻ്റെ 'ശങ്കരക്കുറുപ്പ് വിമർശിക്കപ്പെടുന്നു ' എന്ന പുസ്തകത്തിനു ആ പേര് നിർദ്ദേശിച്ചത് കുട്ടികൃഷ്ണമാരാരായിരുന്നു. ഖണ്ഡന വിമർശനവും പ്രകടനാത്മകതയും ചേർന്ന് പുതിയൊരു വിമർശനസരണിയുടെ തുടക്കമായിരുന്നു അത്.
അങ്കമാലി മാങ്ങാക്കറി
രേഖ കെ എഴുതിയ 'അങ്കമാലിയിലെ മാങ്ങാക്കറിയും നിൻ്റെ അപ്പവും വീഞ്ഞും '(മാത്യഭൂമി ആഴ്ചപ്പതിപ്പ് ,ജൂൺ 21 ) വായനയുടെ രസം നഷ്ടപ്പെടാതെ കാത്തു. രേഖയുടെ നിരീക്ഷണങ്ങൾ ശ്രദ്ധേയവും സൂക്ഷ്മവുമാണ്.ഒരു കഥാകൃത്തിൻ്റെ ബുദ്ധിപരമായ ജാഗ്രത ഇവിടെ കണ്ടു. ഒരു ബാങ്ക് ഉ ദ്യോഗസ്ഥയ്ക്ക് തൻ്റെ യുവ സഹപ്രവർത്തകനോടു തോന്നുന്ന അനുതാപമാണ് വിഷയം .അത് വൈകാരികമായി അനുഭവവേദ്യമാക്കുന്നത് ഭക്ഷണത്തിൻ്റെ രുചിയിലൂടെയും ഗൃഹാതുര സ്മൃതികളിലൂടെയുമാണ്.
ഈ കഥയിൽ അങ്കമാലി മാങ്ങാക്കറിയുടെ രസക്കൂട്ടുണ്ട്. അത് ഇങ്ങനെയാണ്: "ഇഞ്ചീം പച്ചമുളകും സവാളയും ഉള്ളിയും കറിവേപ്പിലയും വിനാഗിരിയൊഴിച്ച് ഒന്നു തിരുമ്മണം. ഇത്തിരി വെളിച്ചെണ്ണ ,മല്ലി ,മുളക് ,മഞ്ഞൾ പൊടികള് ചേർത്ത് പിന്നെയും തിരുമ്മണം .തിരുമ്മിത്തിരുമ്മി അത് പകുതി പാകമാകുമ്പോ മാങ്ങയും തേങ്ങയുടെ രണ്ടാം പാലും ചേർത്ത് അടുപ്പിൽ വയ്ക്കണം. വെന്തു വരുമ്പോ ഒന്നാം പാലും ഒഴിച്ച് ഉള്ളിയും കറിവേപ്പിലയും വറവിട്ടാൽ കറിയായി " .
എന്നാൽ അഷ്ടമൂർത്തിയുടെ 'യേശുദാസും ജയചന്ദ്രനും ' (മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ജൂൺ 28) നിരാശപ്പെടുത്തി.മുമ്പു വായിച്ച ചില കഥകളുടെ ശൈലീപരമായ ആവർത്തനം കണ്ടു. ഇതു ചിലരുടെ ഓർമ്മയെഴുത്തു പോലെ ആഴം കുറഞ്ഞതായി അനുഭവപ്പെട്ടു.
സണ്ണി തായങ്കരിയുടെ 'ദൈവത്തിൻ്റെ ചാരൻ' (ഭാഷാപോഷിണി, ജൂൺ) മാനുഷികമായ സ്നേഹഭാവനകളെ ഉണർത്തി. ഒരു കടൽതീരത്ത് നടക്കുന്ന ഈ കഥ മനുഷ്യ പ്രയത്നത്തിൻ്റെ മഹത്വം വെളിപ്പെടുത്തുന്നു. ഹെമിംഗ്വേയുടെ 'കിഴവനും കടലും ' എന്ന നോവലിനെ ,ഒടുവിൽ കഥയുമായി ബന്ധിപ്പിച്ചത് ആഖ്യാനത്തിനു മൂർച്ച കൂട്ടി.
ഒരു ചിത്രം കാണുമ്പോൾ
ഇരുനൂറോളം അന്താരാഷ്ട്ര പ്രദർശനങ്ങൾ നടത്തിയ ഇന്ത്യൻ ചിത്രകാരനായ കെ.ദാമോദരനെ അനുസ്മരിക്കയാണ് പൊന്ന്യം ചന്ദ്രൻ (മലയാളം ,ജൂൺ 29). നമ്മുടെ വാർത്താമാധ്യമങ്ങൾ ചിത്രകലയെക്കുറിച്ച് പുലർത്തുന്ന അജ്ഞത ഭയമുണ്ടാക്കുന്നതാണ്. ഞാൻ മഹാചിത്രകാരനായ വാൻഗോഗിനെ ആസ്പദിച്ച് ഒരു നോവലെഴുതി (വാൻഗോഗിന്) യപ്പോൾ ഉയർന്ന വിദ്യാഭ്യാസവും ഉദ്യോഗവുമുള്ള ചിലർ എന്നോട് ആരാണ് വാൻഗോഗ് എന്ന് ചോദിച്ചതോർക്കുന്നു .വാൻഗോഗ് ,റെന്വേ, മാറ്റിസ് ,മൊനെ ,പിക്കാസോ തുടങ്ങിയവരെ അറിയാതെ ഒരാളും പത്താം ക്ളാസ് കടന്നു പോകരുത്. ഇത് സർക്കാർ ഉറപ്പാക്കണം.
നമുക്ക് ചിത്രകലാസംസ്കാരം ഇല്ല .ഒരു സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് കടന്നു ചെല്ലുമ്പോൾ അവിടെ എല്ലാവരും കാണത്തക്കവിധം ബ്രൂഗൽ ദ് എൽഡറിൻ്റെ 'നെതർലാൻഡിഷ് പ്രോവെർബ്സ് ' എന്ന ചിത്രം ആലേഖനം ചെയ്ത് വച്ചിരിക്കുകയാണെന്ന് സങ്കല്പിക്കുക. രോഗികൾ അത് നോക്കി നിന്നു പോകും ,ആശ്വാസത്തോടെ. ബൈ സ്റ്റാൻഡേഴ്സ് ആ ചിത്രം കാണാൻ പിന്നീട് വീട്ടിൽ നിന്ന് തിരികെ
Sunday, September 6, 2020
അക്ഷരജാലകം /മാർകേസും ആ മൂവർസംഘവും/aug 24, metrovartha
Published in metrovartha ,July 2020
9995312097
മാർകേസും ആ മൂവർസംഘവും
വിഖ്യാത കൊളമ്പിയൻ നോവലിസ്റ്റ് ഗബ്രിയേൽ ഗാർസിയ മാർകേസിൻ്റെ (1927-2014) ഭാര്യ മെഴ്സിഡസ് ബാർച്ച പരോദ കഴിഞ്ഞ 15 ന് അന്തരിച്ച പശ്ചാത്തലത്തിൽ , അദ്ദേഹത്തിൻ്റെ മഹാവിജയത്തിൻ്റെ പിന്നിലെ ശക്തികളെ പരിശോധിക്കാം.
മാർകേസ് ലോകത്തിലെ സീരിയസ് നോവൽ വായനക്കാരുടെ ബന്ധുവാണ്. 1967 മുതൽ ലോകം എപ്പോഴും കേൾക്കാൻ ആഗ്രഹിക്കുന്ന ഒരു സാഹിത്യ നാമമാണത്. അത് കേവലം ഒരു വ്യക്തിയുടെ പേരല്ല .അത് ലാറ്റിനമേരിക്കയുടെ ചരിത്രത്തിൻ്റെ പൂട്ടാണ്. അത് ഒരു പ്രത്യേക റിയലിസത്തിൻ്റെ മാനസികാവസ്ഥയാണ്. അതിനെ മാജിക്കൽ റിയലിസം എന്നാണ് വിളിക്കുന്നത് .മാർകേസ് എന്നത് സ്പാനീഷ് സാഹിത്യത്തിൻ്റെ ആകെ പേരാണെന്ന് പറയുന്നതാണ് ശരി. അത് ലറ്റിനമേരിക്കയുടെ ചരിത്രത്തിലേക്കുള്ള ഒരു കുറുക്കുവഴിയാണ്.അദ്ദേഹത്തിൻ്റെ 'വൺ ഹൺഡ്രഡ് ഇയേഴ്‌സ് ഓഫ് സോളിറ്റ്യൂഡ് ' (ഏകാന്തതയുടെ ഒരു നൂറ് വർഷങ്ങൾ') എന്ന നോവലാണ് എല്ലാറ്റിനും കാരണം! ഇതിനെ മുൻനിറുത്തിയാണല്ലോ മാർകേസിനു നോബൽ പ്രൈസ് (1982)ലഭിച്ചത്.അത് സ്പാനീഷ് ഭാഷയിൽ പുറത്തിറങ്ങിയതു മുതൽ ഒരു കുതിപ്പായിരുന്നു. പകർച്ചവ്യാധിയുടെ വേഗത്തിൽ വിറ്റഴിഞ്ഞു.ഈ ഭാഷയിൽ ഇതിനേക്കാൾ വിറ്റഴിഞ്ഞ ഒരു പുസ്തകമേയുള്ളു. അത് ബൈബിളാണ്. അമ്പത് ദശലക്ഷം കോപ്പി വിറ്റഴിക്കപ്പെട്ട നോവൽ നാല്പത്തിയാറ് ഭാഷകളിൽ പുറത്തിറങ്ങി. ഇത് നോവലിൻ്റെ മഹാ ആഘോഷമാണ്; അല്ല നോവലിസ്റ്റിൻ്റെ ആഘോഷമാണ്.
മെഴ്സിഡസ് ബാർച്ച
എന്നാൽ മാർകേസിൻ്റെ വിജയം എങ്ങനെയാണ് ഉണ്ടായത് ? അതിൽ മൂന്ന് വ്യക്തികൾ നിർണായകമാണ്. ആദ്യത്തെയാൾ മാർകേസിൻ്റെ ഭാര്യ മെഴ്സിഡസ് ബാർച്ചയാണ്. അവരെ അദ്ദേഹം ചെറുപ്പത്തിലേ തന്നെ കണ്ടെത്തിയതാണ്. പതിമൂന്നാം വയസ്സിൽ തന്നെ വിവാഹാഭ്യർത്ഥന നടത്തി. വർഷങ്ങൾ കത്തിരുന്ന് വിവാഹിതരായി. എൺപത്തിയേഴാം വയസ്സിലാണ് മെക്സിക്കോയിൽ മെഴ്സിഡസ് വിടവാങ്ങിയത്. 1958ലായിരുന്നു വിവാഹം.ആ കാലത്ത് അവർ സാമ്പത്തിക ദുരിതത്തിലായിരുന്നു. 1961 ൽ മെക്സിക്കോയിൽ വന്ന് താമസം തുടങ്ങിയ ശേഷമാണ് ,നേരത്തേ തുടങ്ങിവച്ച 'ഏകാന്തതയുടെ ഒരു നൂറ് വർഷങ്ങളു'ടെ എഴുത്ത് പുനരാരംഭിച്ചത്. ജോലിയില്ലാത്ത കാലം മാർകേസിനെ വേട്ടയാടി. ഒരു സിഗരറ്റ് വാങ്ങാൻ പോലും പണമില്ലായിരുന്നു. വീട്ടു സാധനങ്ങൾ വിറ്റും പണയം വച്ചും കടം വാങ്ങിയുമാണ് കഴിഞ്ഞത്. എല്ലാം മെഴ്സിഡസ് ഒറ്റയ്ക്കാണ് നോക്കിയത്. നോവൽ പൂർത്തിയായ ശേഷം 490 പേജുള്ള കോപ്പി ബ്യൂനസ് അയേഴ്സിലെ (അർജൻ്റീന)ഒരു പ്രസാധകനു അയച്ചുകൊടുക്കണമായിരുന്നു.മാർകേ
കാർമെൻ ബാൽസെൽസ്
മാർകേസിൻ്റെ സാഹിത്യജീവിതത്തെ മാറ്റിമറിച്ച രണ്ടാമത്തെ വ്യക്തി ലോകം കണ്ട ഏറ്റവും വലിയ ലിറ്റററി ഏജൻറായ കാർമെൻ ബാൽസെൽസ് എന്ന വനിതയാണ്.അവരായിരുന്നു മാർകേസിൻ്റെ ഏജൻ്റ് . 1960 മുതൽ 1980 വരെ ലാറ്റിനമേരിക്കൻ സാഹിത്യത്തിൻ്റെ വസന്തകാലമായിരുന്നു. ലോകത്തിൻ്റെ ശ്രദ്ധ ആ കാലത്ത് ലാറ്റിനമേരിക്കയിലേക്ക് തിരിഞ്ഞു.ഇതിനു കാരണക്കാരി കാർമെനായിരുന്നു. അവർക്ക് മുന്നൂറോളം എഴുത്തുകാരുടെ ഇടുപാടുകൾ നടത്താനുണ്ടായിരുന്നു.
പാരീസിൽ കാർമെൻ നടത്തിയ 'കാർമെൻ ബാൽസെൽസ് ലിറ്റററി ഏജൻസി (1956) എഴുത്തുകാർക്ക് വേണ്ടി നിയമങ്ങൾ പൊളിച്ചെഴുതി. അവർ വിദേശ സ്ഥാപനങ്ങളുമായി പരിഭാഷയ്ക്കും പ്രസാധനത്തിനുമായി കരാറുകളുണ്ടാക്കി.അവരുടെ കരാറുകളിലൂടെയാണ് മാർകേസ് ഉൾപ്പെടെ ലാറ്റിനമേരിക്കൻ എഴുത്തുകാർ ധനികരായത്.കാർമെൻ എഴുത്തുകാർക്ക് പ്രയോജനകരമായാണ് കരാർ ഉണ്ടാക്കിയത്. പരിഭാഷയ്ക്ക് കുറഞ്ഞ കാലാവധിയാണ് നല്കുക. പകർപ്പവകാശം രചയിതാവിനു തന്നെ നല്കി.
പലർക്കും മുഴുവൻ സമയ എഴുത്തുകാരായി തുടരാൻ കാർമെൻ്റെ ഇടപെടലുകൾ സഹായിച്ചു.മാർകേസിനു കാർമെനുമായി അത്മബന്ധമായിരുന്നു. അദ്ദേഹം അവർക്ക് പുസ്തകങ്ങൾ സമർപ്പിച്ചിട്ടുണ്ട്. നാല്പത്തഞ്ച് ലോകഭാഷകളിൽ 'ഏകാന്തതയുടെ ഒരു നൂറ് വർഷങ്ങൾ 'എത്തിച്ച അത്ഭുത വനിതയാണ് കാർമെൻ .
ഗ്രിഗറി റബാസ
മാർകേസിൻ്റെ സർവ്വവ്യാപനത്തിനു കാരണമായ മൂന്നാമത്തെയാൾ പരിഭാഷകനായ ഗ്രിഗറി റബാസയാണ്. അദ്ദേഹം കോളമ്പിയ യൂണിവേഴ്സിറ്റിയിലെ പ്രൊഫസറായിരുന്നു.അദ്ദേഹവും ഒരു മഹാത്ഭുതമാണ്. അദേഹം സ്പാനീഷ് ഭാഷയിലെ നവതരംഗത്തിൽപ്പെട്ട മിക്ക കൃതികളും ഇംഗ്ളീഷിലെത്തിച്ചു. റബാസ പരിഭാഷപ്പെടുത്തിയതെല്ലാം നന്നായി സ്വീകരിക്കപ്പെട്ടു .ഒറിജിനലിനെ വെല്ലുന്ന പരിഭാഷയാണ് റബാസയുടേത്. അതുകൊണ്ടാണ് മാർകേസ് പറഞ്ഞത് തൻ്റെ സ്പാനീഷ് ഭാഷയിലുള്ള നോവലിനേക്കാൾ മികച്ചതാണ് റബാസയുടെ പരിഭാഷയെന്ന്.
നോവലിസ്റ്റ് വലേജോ കോർത്തസാർ പറഞ്ഞതനുസരിച്ചാണ് 'ഏകാന്തതയുടെ ഒരു നൂറ് വർഷങ്ങൾ' റബാസ ഏറ്റെടുത്തത്.എന്നാൽ മാർകേസ് ഇതിനായി വർഷങ്ങൾ തന്നെ കാത്തിരിക്കേണ്ടി വന്നു. റബാസ ഇല്ലായിരുന്നെങ്കിൽ ഒരു ലാറ്റിനമേരിക്കൻ സാഹിത്യവസന്തം ഉണ്ടാകില്ലായിരുന്നു.
മാർകേസ് വിടവാങ്ങിയതിനു പിന്നാലെ ആ മൂവർ സംഘവും ഇതാ കളിസ്ഥലം ഒഴിച്ചിട്ട് പിൻവാങ്ങിയിരിക്കുന്നു.ഇവർ ലോകത്തെ മാറ്റി.പുതിയൊരു സാഹിത്യസാരസ്വതം ഇവർ സംഭാവന ചെയ്തു. ഈഫൽ ടവർ പോലെ ഒരു പുതിയ അനുഭവം സാഹിത്യത്തിൽ സൃഷ്ടിക്കാൻ ,ലോകത്തെ മുഴുവൻ നൂറു വർഷങ്ങളുടെ ഏകാന്തത അനുഭവിപ്പിക്കാൻ അവർക്ക് കഴിഞ്ഞു. ശരിക്കും അതൊരു വിപ്ളവമായിരുന്നു. എഴുത്തുകാരുടെ അസ്തിത്വത്തെ തന്നെ പുനർ നിർവ്വചിച്ച കാലമാണ് കടന്നു പോയത്.
'ഏകാന്തതയുടെ ഒരു നൂറ് വർഷങ്ങൾ' സ്പാനീഷിലും ഇംഗ്ളീഷിലും വന്നതുകൊണ്ടാണ് തിരിച്ചറിയപ്പെട്ടത്. ആ നോവൽ ആദ്യം മലയാളത്തിലാണ് വന്നതെങ്കിൽ വായിക്കാൻ കൊള്ളാത്തത് എന്ന് വിലയിരുത്തപ്പെടുമായിരുന്നു.
നോവലിൽ വെളിപാടെന്ന പോലെ മാർകേസ് എഴുതിയ ഒരു വാക്യമുണ്ട്: " വസ്തുക്കൾക്ക് അവയുടേതായ ഒരു ജീവിതമുണ്ട്. അവയുടെ ആത്മാവിനെ ഒന്നുണർത്തുകയേ വേണ്ടൂ." ഈ താക്കോൽ ഉപയോഗിച്ചാണ് അദ്ദേഹം എഴുതിയത്. ഒരു സാങ്കല്പിക ഗ്രാമത്തിലെ തലമുറകളുടെ കഥയാണ് പറയുന്നത്.മുഷിപ്പുണ്ടാക്കാവുന്
വാക്കുകൾ
1)എനിക്ക് അസാധ്യമായ ചിത്രങ്ങളാണ് ഞാൻ വരച്ചിട്ടുള്ളത്; അതെങ്ങനെ സാധ്യമാക്കാമെന്ന് എനിക്ക് പഠിക്കേണ്ടതുണ്ടായിരുന്നു.
പാബ്ളോ പിക്കാസോ
(സ്പാനിഷ് ചിത്രകാരൻ )
2)ശരത്കാലത്ത് ഞാനൊരു സത്യം തിരിച്ചറിഞ്ഞു;എൻ്റെയുള്ളിൽ അപ്പോൾ അദൃശ്യമായ വേനലായിരുന്നു.
ആൽബേർ കമ്യൂ
(ഫ്രഞ്ച് നോവലിസ്റ്റ് )
3)ചില പുസ്തകങ്ങളിൽ വായനക്കാർ അവരുടെ അഭിപ്രായം പേജിൻ്റെ വശങ്ങളിലും അടിയിലും എഴുതാറുണ്ട്; ഇത് പുസ്തകത്തേക്കാൾ രസകരമാണ് . ഈ ലോകം അതുപോലൊരു പുസ്തകമാണ്.
ജോർജ് സന്തായന
(സ്പാനീഷ് ,അമെരിക്കൻ ചിന്തകൻ)
4) നമ്മുടേതുപോലെ ഗൗരവമേറിയതാണ് ഉറുമ്പുകളുടെ പ്രശ്നങ്ങളും.എന്നാൽ അവ ഒരു ശബ്ദവുമുണ്ടാക്കുന്നില്ല.
റസ്കിൻ ബോണ്ട്
(ഇന്ത്യൻ ,ബ്രിട്ടീഷ് എഴുത്തുകാരൻ )
5)മിതത്വം ,നന്മ, സത്യം എന്നിവ ഇല്ലാത്ത ഇടങ്ങളിൽ യാതൊരു മഹത്വവുമില്ല .
ലിയോ ടോൾസ്റ്റോയ്
റഷ്യൻ നോവലിസ്റ്റ്
കാലമുദ്രകൾ
1)മമ്മൂട്ടി
സിനിമയോടുള്ള തൻ്റെ അഭിനിവേശം സഫലമാക്കുന്നതിൽ എം ടിയുടെ രചനകൾക്ക് പങ്കുണ്ടെന്ന് മമ്മൂട്ടി പറയുന്നതിൽ സൗന്ദര്യമുണ്ട്.'നാലുകെട്ട്' വായിച്ചപ്പോൾ അതിലെ കഥാപാത്രമായി, സംഭാഷണങ്ങൾ ഉരുവിട്ടുകൊണ്ടാണ് അഭിനയം പരിശീലിച്ചതെന്ന് വിനയത്തോടെ അദ്ദേഹം വെളിപ്പെടുത്തുന്നു .
2) കെ.എം. തരകൻ
താൻ നോവലിൽ ഒരു സ്പെഷലിസ്റ്റ് ആണെന്ന് സാഹിത്യവിമർശകനായ കെ.എം.തരകൻ പറയുമായിരുന്നു.
3) റോസി തോമസ്
സി.ജെ.തോമസിൻ്റെ ഭാര്യ എന്നതിലുപരി വിമർശകനായ എം.പി.പോളിൻ്റെ മകൾ എന്ന നിലയിലാണ് റോസി തോമസ് എന്തും ഏത് സമയത്തും വെട്ടിത്തുറന്ന് പറഞ്ഞത്. എം.പി.പോളിൻ്റെ മുൻപിൽ സി.ജെ.ആരുമല്ല എന്ന് അവർ പറഞ്ഞിട്ടുണ്ട്.
4) ജോസഫ് മുണ്ടശ്ശേരി
മഹാവിമർശകനായിരുന്ന ജോസഫ് മുണ്ടശ്ശേരി ഒരു നോവൽ എഴുതിയിട്ടുണ്ട് - കൊഴിഞ്ഞ ഇലകൾ .അദ്ദേഹത്തിന് ഒരു നോവലിസ്റ്റായി അറിയപ്പെടണമെന്നായിരുന്നു ആഗ്രഹമെന്ന് പ്രമുഖ പത്രപ്രവർത്തകനായിരുന്ന പി.ശ്രീധരൻ പറഞ്ഞതോർക്കുന്നു.
5) വി.ടി.ഭട്ടതിരിപ്പാട്
ഒരു ഉല്പതിഷ്ണുവാകുന്നത് എങ്ങനെയാണെന്ന് പഠിക്കാൻ വി.ടി.ഭട്ടതിരിപ്പാട് ഒരു ഇൻസ്റ്റിട്യൂട്ടിലും പോയിട്ടില്ല. ഔപചാരിക വിദ്യാഭ്യാസമില്ലാതിരുന്ന അദ്ദേഹം ഒരു തീപ്പൊരിയായിരുന്നു.'അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് ' എന്ന നാടകമെഴുതിയ വി.ടി. മറ്റുള്ളവർക്ക് ഒരു പാഠ്യവിഷയമായിത്തീർന്നു.
വഴിയുടെ ദാർശനികത
വഴി ഒരു ദാർശനികപ്രശ്നമാണ്. ലക്ഷ്യം സാക്ഷാത്കരിക്കുന്നതിലൂടെ വഴി ഇല്ലാതാകുന്നു. വഴി ലക്ഷ്യമല്ല. അതുകൊണ്ട് ഓർമ്മകളിലെ പുരാതന വഴികൾ നാം മണ്ണിട്ട് മൂടരുത്. ഓർമ്മകൾ നിർമ്മിച്ചെടുക്കണം. വഴി എപ്പോഴും പിരിയുകയാണ്.ജനനത്തിൻ്റെയും മരണത്തിൻ്റെയും ഓരോ വഴി.കൂട്ടിമുട്ടാത്ത വഴി.മനസിലെ വഴികൾ ജലത്തിലെന്ന പോലെ
മാഞ്ഞു പോകുന്നു.
നിഷ ജിജോ എന്ന യുവകവിയുടെ 'വഴി '(എഴുത്ത് ,ജൂലൈ) യിൽ ഒരു വഴിവിചാരമുണ്ട്. പർവ്വതങ്ങളും മരുഭൂമികളും അവയുടെ വഴികൾ വായുവിലും വെള്ളത്തിലും ഉപേക്ഷിക്കാറുണ്ടെന്ന് കവി എഴുതുന്നു.കവിയുടെ കാഴ്ചയിൽ മണ്ണിലും മരച്ചില്ലകളിലും ഒരു പോലെ വഴികൾ തേടാവുന്നതാണ്. എന്നാൽ വീട്ടിനുള്ളിലെ വഴികളെക്കുറിച്ച് അത്ര ഉറപ്പില്ല .കവിതയിൽ ഇങ്ങനെ വായിക്കാം:
" വീട്ടിനുള്ളിൽ
നടന്നു നടന്നു
തെറ്റായ വഴികൾ
കണ്ടെടുക്കുക അതികഠിനം" .
അജ്ഞാത വഴികൾ എവിടെ നിന്നോ ഇനിയും വെളിപ്പെടാനുണ്ട്.
ഏഴാച്ചേരിയുടെ വർത്തമാനം
കവി ഏഴാച്ചേരി രാമചന്ദ്രനുമായി എസ്.ആർ.ലാൽ നടത്തിയ അഭിമുഖം ( ഗ്രന്ഥാലോകം ) വായിച്ചു.ലാൽ നന്നായി കവിതയെ സമീപിക്കുന്നുണ്ട്.ലാൽ ഒരെഴുത്തുകാരനുമാണല്ലോ.എന്നാൽ ഏഴാച്ചേരിയുടെ വർത്തമാനം നിരാശപ്പെടുത്തി. അദ്ദേഹം തനിക്ക് നേരെ വരുന്ന അമ്പുകളെല്ലാം ഒ. എൻ.വി, പി.ഭാസ്ക്കരൻ ,തിരുനല്ലൂർ തുടങ്ങിയവരിലേക്ക് തിരിച്ചുവിടുകയാണ്. ചിലപ്പോൾ അദ്ദേഹം മാർക്സിനും ഹോചിമിനും എറിഞ്ഞുകൊടുക്കുന്നു .രാഷ്ട്രീയ പക്ഷം വളരെ പ്രകടമായിട്ടുള്ള വ്യക്തിയാണല്ലോ ഏഴാച്ചേരി. എന്നാൽ അതിനു വിരുദ്ധമായി അദ്ദേഹം കവിതയിൽ പ്രാചീന താളവും ഈണവും കൊണ്ടു നടക്കുന്നു. മഹാനായ ലാറ്റിനമേരിക്കൻ കഥാകൃത്ത് ബോർഹസ് പറഞ്ഞു ,ഒരു താളത്തിൽ കവിതയെഴുതുന്നത് വളരെ എളുപ്പമാണെന്ന്. കാരണം താളം നേരത്തേയുള്ളതാണ്. അതിലേക്ക് വാക്കുകൾ നിക്ഷേപിച്ചാൽ മതി. എന്നാൽ ഗദ്യത്തിൽ എഴുതുമ്പോൾ സ്വന്തമായി ഒരു രാഗം ഉണ്ടാക്കേണ്ടി വരും.
ഏഴാച്ചേരിയുടെ സംഭാഷണങ്ങളിൽ ദാർശനികമോ ചിന്താപരമോ ആയ ആഴമില്ല. ഒരു കാതലുള്ള വിഷാദാത്മകത പോലും കാണാനില്ല .വളരെ സ്ഥൂലവും ഉപരി പ്ളവവുമാണ് ആ ലോകം. കവിയുടെ ഈണം കേൾക്കാനല്ല കവിത വായിക്കുന്നത്.ജോൺ കീറ്റ്സ് എങ്ങനെ സ്വന്തം കവിത വായിച്ചു എന്ന കാര്യം എൻ്റെ ഉത്ക്കണ്ഠയല്ല. ടി.എസ് .എലിയറ്റ് ചൊല്ലുന്നത് കേട്ടിട്ട് നമുക്ക് 'ദ് വെയ്സ്റ്റ് ലാൻഡ് 'വായിക്കാനൊക്കുമോ ? കവികൾ കവിത ചൊല്ലുന്നത് കവിതയുടെ മൂല്യത്തിൽ ഒരു ഘടകമല്ല. അതായത് താളം അപ്രസക്തമാണെന്നർത്ഥം . ''കരുണ " ഏത് താളത്തിലാണ് ആശാൻ ചൊല്ലിയതെന്നത് അതിൻ്റെ മൂല്യാന്വേഷണത്തിൽ പ്രധാന കാര്യമല്ല .
കവികൾ സ്വന്തം കവിത ചൊല്ലുന്നത് ഏതാണ്ട് ഒരേ താളത്തിലാണ്.
Friday, July 10, 2020
അദൃശ്യതകളെ ആരായുന്ന കൃതി /എം കെ ഹരികുമാർ
ഗായത്രി എഴുതിയ 'പരേതരുടെ തെരുക്കൂത്ത്' എന്ന നോവലിനെക്കുറിച്ച്
ദേശത്തിന്റെ ചരിത്രം എന്ന നിലയില്‍ ആഖ്യാനം ചെയ്യുന്ന ചിത്രകാരന്‍ കൂടിയായ ഗായത്രിയുടെ 'പരേതരുടെ തെരുക്കൂത്ത് 'എന്ന നോവല്‍ ചരിത്രത്തിന്റെ നിശ്ശബ്ദതയിലാണ്ടു പോയ ഏകാന്തതകളെ പ്രത്യാനയിക്കുകയാണ്.വ്യക്തി
വൈയക്തികമായ മിഥോളജി ഏതൊരു വ്യക്തിയിലും കണ്ടെത്താനാവുന്നതാണ്. പരിഷ്‌കൃതലോകത്തിന്റെ യുക്തിക്ക് വഴങ്ങാത്ത മിഥോളജി ഓരോ വ്യക്തിയിലുമുണ്ട്.ചിലപ്പോള്‍ മനുഷ്യര്‍ എല്ലാ യുക്തികളേയും ലഘൂകരിക്കുകയും വളിപാടുകളുടെ തോഴനാവുകയും ചെയ്യും. ഗായത്രിയുടെ നോവല്‍ കഥാപാത്രങ്ങള്‍ എന്ന നിലയില്‍ ,മണ്‍മറഞ്ഞുപോയ മനുഷ്യര്‍ കഥാപാത്രങ്ങളാവുന്നതിന്റെ മിഥോളജി അന്വേഷിക്കുകയാണ്. ഈ കൃതിയിലെ കോതയെന്ന കഥാപാത്രം ലക്ഷക്കണക്കിന് മിന്നാമിനുങ്ങുകളെ ആകാശത്ത് കണ്ടകാര്യം ഭര്‍ത്താവ് കോരനോട് പറയാന്‍ ഓടിക്കിതച്ചെത്തുന്നു. അപ്പോള്‍ കോരന് കടുത്ത പനിയാണ്. എന്നാല്‍ അവള്‍ പിന്നീട് പുറത്ത് പാടത്തേയ്ക്ക് നോക്കിയപ്പോള്‍ ആ മിന്നാമിന്നുങ്ങുകളില്‍ ഒന്നിനെപ്പോലും കണ്ടില്ല. നോവലിസ്റ്റ് അതിങ്ങനെ വിവരിക്കുന്നു:
''താന്‍ പാടത്തു നില്‍ക്കുമ്പോള്‍ മാനത്തു നിന്ന് പാറി വന്നിരുന്ന മിന്നാമിനുങ്ങുകള്‍ ഞൊടിയിടയില്‍ എവിടെ മറഞ്ഞു. ഒരു കിനാവിന്റെ അസ്ഥിരതയാര്‍ന്ന യാഥാര്‍ത്ഥ്യത്തെ, വിരല്‍ തൊട്ട് അനഭവിക്കാന്‍ ശ്രമിക്കുന്ന ഒരു കുട്ടിയുടെ നിഷ്‌കളങ്കത നിര്‍മിക്കുന്ന യുക്തിയില്‍, സ്വയം ആമഗ്നയായീ അവള്‍ കണ്ണടച്ചു തുറന്നു വീണ്ടും പുറത്തേയ്ക്ക് നോക്കി. ഏതാനും നിമിഷങ്ങള്‍ക്കു മുമ്പ് മാത്രം അവള്‍ അത്ഭുതത്തോടെ കണ്ടത് ഒരു മായക്കാഴ്ചയാണെന്ന് അവളെ ബോധ്യപ്പെടുത്തുന്ന ഇരുട്ടു മാത്രം പുറത്ത് നിശ്ചേതനമായി നില്‍ക്കുന്നത് അവള്‍ വേദനയോടെ കണ്ടു.''
ഇങ്ങനെയാണ് വൈയക്തിക മിഥോളജിയുണ്ടാകുന്നത്. ജീവിച്ചിരിക്കെത്തന്നെ നമ്മെ ഏതോ പുരാതനത്വം പിടികൂടുകയാണ്.അതിന്റെ വരവ് മനസ്സിലൂടെയാണ്. എന്നാല്‍ ഭാവനയില്‍ അത് ഒതുങ്ങുന്നില്ല. സ്വപ്‌നത്തെപ്പോലും ഉല്ലംഘിച്ചുകൊണ്ട് അത് യാഥാതഥ്യമാകുകയാണ്. തന്റെ യുക്തിയുടെ ഭണ്ഡാരം കുത്തിത്തുറന്ന് സകലതും മോഷ്ടിക്കുന്ന പുരാതന ബോധം മനുഷ്യനെ വേട്ടയാടുകയും ബോധവല്‍ക്കരിക്കുകയും ചെയ്യുന്നു. ഗായത്രിയുടെ നോവല്‍ ഒരു ഗ്രാമത്തിന്റെ ചരിത്രമെഴുതുന്ന വളരെ ഭൗതികമായ ഒരു പ്രക്രിയയാണ് നിര്‍വഹിക്കുന്നത്. അത് ഗ്രാമാന്തരീഷത്തില്‍ രണ്ട് യാഥാര്‍ഥ്യങ്ങളെ നിര്‍മ്മിക്കുന്നു. അല്ലെങ്കില്‍ രണ്ട് ബോധഘടനകള്‍ സൃഷ്ടിക്കുന്നു.ഒന്ന് പേരിട്ടു വിളിക്കുന്ന മനുഷ്യരാണ്. അവര്‍ ജീവിതത്തിന്റെ ദൈന്യതയില്‍ സ്വയം സമ്പൂര്‍ണരായിത്തന്നെ പിടിച്ചു നിന്നവരാണ്.അവരുടെ പരാജയങ്ങള്‍ പ്രകൃതിയുടെ പരിണാമമായി കണ്ടാല്‍ മതി.ആ മനുഷ്യര്‍ അല്ലെങ്കില്‍ കഥാപാത്രങ്ങള്‍ അനുഭവിക്കുന്ന വിസ്മയകരമായ, വിഭ്രാമകമായ, വേദനാജനകമായ ഏകാന്തതകള്‍ ആകസ്മികതകളുടേതാണ്. ചരിത്രം അടക്കം ചെയ്ത സംയുക്ത ജീവിതങ്ങള്‍ പെട്ടെന്ന് ജീവന്‍ വച്ച് തിരിച്ച് വരുന്ന പ്രതീതി.രണ്ടാമത്തെ ഘടന ഈ കഥാപാത്രങ്ങള്‍ മനസ്സില്‍ താലോലിക്കുന്ന മിത്തുകളുടേതാണ്. കുറവസമുദായം കുറത്തിപ്പെണ്ണിനെ മാരിയമ്മന് കുരുതി കൊടുക്കാന്‍ തീരുമാനിച്ചതും അവളെ അവര്‍ കഴുത്തുവെട്ടി കുലദൈവത്തിന് കുരുതി നല്‍കിയതും വിവരിക്കുന്നത് ഒരു കഥയായല്ല, സംഭവമായാണ്. ജീവച്ചിരിക്കുന്നവര്‍ ഓര്‍ക്കുന്ന ഇത്തരം കാര്യങ്ങള്‍ നോവലിന്റെ അടിത്തട്ടാണ്. അതാണ് നോവലിസ്റ്റ് ഭാവനകൊണ്ട് വീണ്ടെടുക്കുന്നത്. ഇതില്‍ പ്രകൃതിയും മനുഷ്യജീവിതവുമെല്ലാം ഇഴചേര്‍ത്ത് പാകിയിരിക്കുകയാണ്. ഒരു ആഖ്യാനത്തിനകത്ത് മറ്റൊരു മിഥോളജിക്കല്‍ ആഖ്യാനത്തിന്റെ പ്രാചീന സംഗീതം കേള്‍പ്പിച്ചു കൊണ്ടാണ് നോവല്‍ മുന്നോട്ടു നീങ്ങുന്നത്. എന്നാല്‍ ഇതൊക്കെ ആവിഷ്‌കരിക്കുമ്പോള്‍ നോവലിന്റെ ഭാഷ വരണ്ടു പോകാവുന്നതാണ്. അല്ലെങ്കില്‍ വായനക്കാരന് വിരസത തോന്നാവുന്നതാണ്. അതാണ് ഗായത്രി തന്റെ കലാസന്നിവേശംകൊണ്ട് മറികടക്കുന്നത്. അദ്ദേഹം ഒരു മിത്തിക്കല്‍ ഭാഷയുടെ സംഗീതം ഇതിനായി സൃഷ്ടിച്ചിരിക്കുന്നു.
പൂര്‍വ്വജീവിതത്തിലെ ആചാരങ്ങളും കലകളും സംഗീതാത്മകമായി അവതരിപ്പിക്കുകയാണ്. ഒരു ഭാഗം ഇങ്ങനെ :
''പുതുമഴയുടെ ആലഭാരമാണ്. വിടപറഞ്ഞുപോയ കാലത്ത് മണ്ണില്‍ മറന്നുവച്ചതെന്തോ തിരിച്ചെടുക്കാന്‍ വരുന്ന ആസക്തിയായിരുന്നു മഴയ്ക്ക്. മാനത്തെ മഴപ്പാട്ടുകാരന്‍ തന്റെ തംബുരുവിന്റെ തന്ത്രികള്‍ മുറക്കുമ്പോള്‍, അവ പാട്ടുകാരനെ പറ്റിച്ച് മണ്ണിലേയ്ക്ക് ഓടിയൊളിക്കുന്നതാണ് മഴയെന്ന് ,മഴയില്‍ സ്വയം സമര്‍പ്പിച്ച് കിടക്കാറുളള അയ്യരു കണക്കന്‍ കുട്ടികളോട് പറയും.''
ഈ ഭാഷ നോവലിന്റെ ഇരട്ട ആഖ്യാനത്തെ, കഥാപാത്രങ്ങളുടെ ഇരട്ട ബോധഘടനകളെ സ്വീകാര്യമാക്കുന്നു. പ്രാചീന കലയുടെ നാടോടടിത്തവും അനുഷ്ഠാനപരതയും ഭാഷയുടെ സംഗീതത്തില്‍ ലയിപ്പിക്കാന്‍ ഗായത്രിക്ക് കഴിഞ്ഞിരിക്കുന്നു.
പരേതരുടെ തെരുക്കൂത്ത് ഒരു കനമുളള നോവലാണ്.ഇത് രേഖീയമല്ല. നാനാവഴിക്ക് പടരുന്ന ബോധമാണ്. ഇതിന് തുടര്‍ച്ചയോ അന്ത്യമോ ഇല്ല. ഇത് ബൃഹ്ത്കര്‍മപരമ്പരകള്‍ക്ക് പകരം സൂക്ഷ്മതകളാണ് തേടുന്നത്. ജീവിതം യഥാര്‍ത്ഥമാണെങ്കില്‍ അതില്‍ നല്ലൊരു പങ്കും അനിര്‍വചനീയമാണെന്ന് വാദിക്കുന്ന കൃതിയാണിത്. ഇത് സൗന്ദര്യാത്മകമാണ്, വസ്തുസ്ഥിതി വിവരമല്ല. ആലോചനയുടെ ദൈവമാണ് നോവലിസ്റ്റനെ പ്രചോദിപ്പിക്കുന്നത് ചരിത്രത്തെ ഒരേ സമയം ഈ നോവല്‍ ചരിത്രപരമാക്കുകയും അടുത്തനിമിഷം നിനച്ചിരിക്കാതെ സാങ്കല്‍പ്പികമാക്കുകയും ചെയ്യുകയാണ്. ചില ലാറ്റിനമേരിക്കന്‍ നോവലുകളിൽ കാണുന്നതുപോലെ ഈ കൃതി കലയെ സാമൂഹികമായ അദൃശ്യതകളെ ആരായുന്ന ഉപയോഗപ്പെടുത്തിയിരിക്കുന്നു.