എം.കെ.ഹരികുമാർ
9995312097
Email mkharikumar797@gmail.com
രാമു കാര്യാട്ടിൻ്റെ 'ചെമ്മീൻ' സിനിമ ഇന്നും പുതുമ നശിക്കാതെ നില്ക്കുന്നു.എസ്.എൽ.പുരത്തിൻ്റെ
തിരക്കഥയിൽ ഒരുക്കിയ ആ ചിത്രത്തിലെ പരീക്കുട്ടിയും കറുത്തമ്മയും
ചെമ്പൻകുഞ്ഞും രാമു കാര്യാട്ടിൻ്റെ ഭാവനയിൽ പുനർജനിച്ചതാണ്; അദ്ദേഹം
വ്യാഖ്യാനിച്ചതിൻ്റെ ഫലമാണത്. കാര്യാട്ട് നോവൽ വായിച്ച് ഉൾക്കൊണ്ട
കഥാപാത്രങ്ങളെ അദ്ദേഹം കണ്ടുപിടിക്കുകയായിരുന്നു. ആരായിരിക്കണം കറുത്തമ്മ
അല്ലെങ്കിൽ ചെമ്പൻകുഞ്ഞ് എന്നത് കാര്യാട്ടിൻ്റെ ഭാവനയാണ് .കാര്യാട്ടിൻ്റെ
വായനയാണ് ,അത് സൃഷ്ടിച്ചത്.
എന്നാൽ സിനിമയിൽ കണ്ട കറുത്തമ്മയും
പളനിയുമൊന്നും തകഴിയുടേതല്ല;അങ്ങനെ വിചാരിക്കുന്നതിൽ ന്യായമില്ല .കാരണം
തകഴി മനസ്സിൽ കണ്ടത് വേറൊരു നിറക്കൂട്ടാണ്; അതിൽ മനുഷ്യത്വപരമായ ചില
വീക്ഷണങ്ങളുണ്ട്. അതിൽ യാഥാർത്ഥ്യത്തിൻ്റെ ഉപ്പുരസം കൂടുതലായിരിക്കും.
കാര്യാട്ട് ആ കഥാപാത്രങ്ങളെ സ്വപ്നാത്മകമാക്കുകയാണ് ചെയ്തത്.സുന്ദരിയായ
ഷീലയും സുന്ദരനായ മധുവും കടന്നുവരുന്ന തങ്ങനെയാണ്.
നോവൽ വായിക്കുന്ന
ഒരാൾ കാര്യാട്ടിൻ്റെ കറുത്തമ്മയെയല്ല കാണുന്നത് .(അങ്ങനെ കാണുന്നുണ്ടെങ്കിൽ
അത് സിനിമയുടെ സ്വാധീനംകൊണ്ടാണ്). വായനക്കാരൻ കഥാപാത്രങ്ങളെ സ്വന്തമായി
സങ്കല്പിക്കുകയാണ് പതിവ്. അവൻ സ്വന്തം പ്രണയമോഹത്തിലൂടെയും
ശരീരസങ്കല്പത്തിലൂടെയുമാണ് നോക്കുന്നത്. അവൻ്റെ സ്വകാര്യസങ്കല്പമാണത്. ഇത്
വലിയൊരു സ്വാതന്ത്ര്യമാണ്.വായിക്കുമ്പോൾ സത്യനോ ഷീലയോ ഇല്ല; കറുത്തമ്മയും
പളനിയുമേയുള്ളു. അവരാകട്ടെ വേറെ മനുഷ്യരുമായിരിക്കും. വായനകൊണ്ടുള്ള വലിയ
പ്രയോജനമാണിത്.മാനുഷികതയെ മരണത്തിൽ നിന്നു രക്ഷിച്ചു നിർത്താൻ ഇത്
സഹായിക്കും.
അപ്പോൾ ഒരു ചോദ്യം പ്രസക്തമാവുന്നു. കറുത്തമ്മയെന്ന ഒരു
വ്യക്തി അഥവാ കഥാപാത്രം നിലനില്ക്കുന്നുണ്ടോ.? പലരുടെ ഭാവനയിൽ പലതായി
നില്ക്കുകയാണ് കറുത്തമ്മ .
നമ്മൾ മനസ്സിൽ കൊണ്ടുനടക്കുന്ന കറുത്തമ്മ
യാഥാർത്‌ഥത്തിൽ ആരുടേതാണ്| ?തകഴിയുടെതാണോ |? തകഴി മനസ്സിൽ കണ്ടത് ശീലയെ
അല്ലല്ലോ. കറുത്ത സ്ത്രീ ആയിരിക്കണം അത്. കാരണം കടൽത്തീരത്ത് മീൻ
പിടിക്കുന്ന ഒരു കുടുംബത്തിലെ അംഗമല്ലേ അവൾ| ?എന്നാൽ കാര്യാട്ടിന്റെ
കറുത്തമ്മ പ്രേക്ഷകരെ സന്തോഷിപ്പിക്കും. കാരണം അത് ഷീലയാണ്. അത്
സംവിധായകന്റെ ആലോചനയിൽ പിറന്നതാണ്.
അതായത് , ഇപ്പോൾ തന്നെ രണ്ടു
കറുത്തമ്മമാർ നമ്മുടെ മുൻപിൽ വന്നുകഴിഞ്ഞു.നോവൽ വായിച്ച ഓരോരുത്തരും കണ്ടത്
വെവ്വേറെ കറുത്തമ്മമാരെ ആയിരിക്കും. ഒരു വായനയിലും അത്
ഉണ്ടായിക്കൊണ്ടിരിക്കും.ഒരാൾ വായിക്കുന്നത് അയാൾക്ക് പ്രേമിക്കാൻ
കൊള്ളാവുന്ന നായികയെ തേടിക്കൊണ്ടാണ്. വീണ്ടും ചോദിക്കുകയാണ് ,
യാഥാർത്‌ഥത്തിൽ കറുത്തമ്മ ഒരു കഥാപാത്രം ഉണ്ടോ?ഒരു കറുത്തമ്മയുണ്ട് , പക്ഷെ
അത് എന്നെപ്പോലെയോ ,നിങ്ങളെപ്പോലെയോ ഒരാളല്ല. പലർ വായിച്ചും കണ്ടും
നിർമ്മിച്ചെടുത്തതാണ്. അത് പകുതി യാഥാർത്ഥ്യവും പകുതി മിഥ്യയുമാണ്. കലയിൽ
ഇങ്ങനെയൊരു മിഥ്യ എപ്പോഴുമുണ്ട്.?ഇനി ഒരു സത്യം കൂടി പറയാം. നമുക്കാർക്കും
യഥാർത്ഥ കറുത്തമ്മയെ ആവശ്യമില്ല.
വാക്കുകൾ.
1) നമ്മളിൽ കൂടുതൽ പേരും സ്വപ്നങ്ങൾകൊണ്ടല്ല ജീവിക്കുന്നത് ,ഭയം കൊണ്ടാണ്.
ലെസ് ബ്രൗൺ ,
അമെരിക്കൻ പ്രഭാഷകൻ .
2) നിങ്ങൾ സ്വന്തം സ്വപ്നങ്ങൾ നിർമ്മിക്കുക ;അല്ലെങ്കിൽ ആരെങ്കിലും അവരുടെ സ്വപ്നങ്ങൾ നിർമ്മിക്കാൻ നിങ്ങളെ കൈവശപ്പെടുത്തും.
ഫറാ ഗ്രേ,
അമെരിക്കൻ കോളമിസ്റ്റ് .
3) എല്ലാത്തിലും സൗന്ദര്യമുണ്ട്; പക്ഷേ, എല്ലാവർക്കും അത് കാണാനൊക്കില്ല.
കൺഫ്യൂഷ്യസ് ,
ചൈനീസ് ചിന്തകൻ ,
4) എനിക്കു കലയിലല്ല, കലാകാരനിലാണ് വിശ്വാസമുള്ളത്.
മാർസൽ ദുഷാം,
ഫ്രഞ്ച് - അമെരിക്കൻ കലാകാരൻ.
5) നമ്മൾ കളി നിർത്തരുത് ,കാരണം നമുക്ക് വയസ്സാവുകയാണ്. നമുക്ക് വയസ്സാവുകയാണ് ,കാരണം നമ്മൾ കളി നിർത്തിയിരിക്കുന്നു.
ബർനാഡ് ഷാ ,
ഐറിഷ് നാടകകൃത്ത് .
കാലമുദ്രകൾ
1) പാലാ നാരായണൻ നായർ.
ഒരു വിശുദ്ധനായ കവി എന്ന സങ്കല്പമുണ്ടെങ്കിൽ അത് പാലായിലുണ്ട്.പാലാ മലയാള സാഹിത്യത്തെ ക്ഷോഭമോ പകയോ ഇല്ലാതെ കീഴടക്കി.
2) പട്ടത്തുവിള കരുണാകരൻ.
ധിക്കാരിയും
സന്ദേഹിയുമായ കഥാകൃത്തായിരുന്ന പട്ടത്തുവിള കരുണാകരൻ മലയാള കഥയെ
സ്വതന്ത്രമായ ചില തീരുമാനങ്ങളിലൂടെ ഇളക്കി പ്രതിഷ്ഠിച്ചു.
3) പ്രേം നസീർ.
സത്യനു
നല്ല വേഷങ്ങൾ കിട്ടുന്നതെന്തുകൊണ്ടാണെന്ന് നസീർ അദ്ദേഹത്തോട് ചോദിച്ചു.
സത്യൻ ഇങ്ങനെ പ്രതികരിച്ചു: എനിക്കു പ്രായക്കൂടുതലുണ്ട്. എൻ്റെ മുഖം വളരെ
പരുക്കനും ദുഷ്കരവുമാണ്. അതുകൊണ്ടാണ് നല്ല വേഷങ്ങൾ കിട്ടുന്നത്. നിങ്ങൾ
ചെറുപ്പമാണ്. കുറെ കഴിയുമ്പോൾ നല്ല വേഷങ്ങൾ തേടി വരും.
4) വി.പി.ശിവകുമാർ .
'മൂന്നു
കഥാപാത്രങ്ങൾ' എന്ന കഥയിലൂടെ വി.പി.ശിവകുമാർ മറ്റു കഥാകൃത്തുക്കളുടെ
രചനകളിലെ കഥാപാത്രങ്ങളെ ഉപയോഗിച്ച് പുതിയൊരു ടെക്നിക്ക് പരിചയപ്പെടുത്തി.
5) പി.കുഞ്ഞിരാമൻ നായർ.
മഹാകവി പി ക്ക് പ്രണയം ഒഴിവാക്കാനാവില്ലായിരുന്നു. അദ്ദേഹം എവിടെയായാലും പ്രണയമുണ്ടാകും, പ്രണയബന്ധങ്ങളുണ്ടാകും.
അന്ധചിത്രകാരൻ
ഷാജി
തലോറയുടെ പത്രാധിപത്യത്തിൽ പുറത്തിറങ്ങിയ 'ഇതൾ 'ഡിജിറ്റൽ മാസിക (ജൂൺ)
രൂപകല്പനയിൽ മികച്ചതായി .ഇനി ഡിജിറ്റൽ മാഗസിനുകളുടെ പ്രളയമാണ് വരാൻ
പോകുന്നത്. ഒരു പുസ്തകം മറിക്കുന്ന അതേ അനുഭവമാണ് ഇത് നല്കുന്നത്.
പി.കെ.ഗോപിയുടെ 'വാഴ്ത്തപ്പെട്ടവരുടെ പ്രവചനങ്ങൾ ' എന്ന കവിതയുണ്ട്.
'കരഞ്ഞു ശീലിച്ചതിനാൽ കണ്ണീരു കുടിച്ച കരളിനു കരുത്തു കൈവന്നിരിക്കുന്നു
'എന്ന ഉള്ളുര ശക്തമായി. കെ.പി.സുധീരയുടെ 'കേവല മനുഷ്യനും ഭീകരവൈറസും' എന്ന
ലേഖനം വർത്തമാനകാലത്ത് പ്രസക്തമാണ്. കൊറോണ വൈറസിൻ്റെ വ്യാപനമാണ് വിഷയം.
ജാതി ,മതം എല്ലാം വിട്ട് മനുഷ്യൻ ഇപ്പോൾ മിനിമം ആവശ്യമായ ജീവിച്ചിരിക്കുക
എന്ന ലക്ഷ്യത്തിലേക്ക് ചുരുങ്ങിയത് അഹങ്കാരത്തിൻ്റെ കന്മതിലുകൾ തകരാൻ
ഇടയാക്കിയെന്ന് ലേഖിക നിരീക്ഷിക്കുന്നു.
തുർക്കി ഇസ്താംബൂളിൽ ഒരു
പാവപെട്ട കുടുംബത്തിൽ 1953 ൽ ജനിച്ച ഇസ്രഫ് അർമഗൻ എന്ന അന്ധനായ ചിത്രകാരൻ
ഇപ്പോൾ ലോകത്തിനു തന്നെ കൗതുകമായിരിക്കുന്നു.ജന്മനാ അന്ധനായ ഇസ്രഫ് ഈ
ലോകത്തെ കണ്ടിട്ടില്ലെങ്കിലും അദ്ദേഹം വരയ്ക്കുന്ന ചിത്രങ്ങളിൽ ആ അന്ധതയുടെ
ഒരംശംപോലുമില്ല. ആ ചിത്രങ്ങളിൽ ഭൂമിയുടെ നിറങ്ങൾ ദീപ്തമാണ്.
ഉൾക്കാഴ്ചയിലൂടെ വർണങ്ങൾ ലാവണ്യാനുഭവം തേടുന്നു.
അദ്ദേഹത്തെക്കുറിച്ച്
അമെരിക്കൻ സാമൂഹിക പ്രവർത്തകയായ റേച്ചൽ ബർക്ക് 'പെയിൻ്റിംഗ് ഇൻ ദ് ഡാർക്ക്
' എന്ന പേരിൽ ഒരു പുസ്തകം എഴുതിയിരിക്കുന്നു.ഖാലിദ് റമദാൻ ,സ്റൈറൻ
ഹോക്സ്ബ്രോ എന്നിവർ ചേർന്ന് ഇസ്രഫിനെക്കുറിച്ചെടുത്ത ഡോക്കുമെൻററിയുടെ പേര്
'ഐ ഇൻ ഹാൻഡ് ' എന്നാണ്. ഇസ്രഫിനെക്കുറിച്ച് പ്രശാന്ത് ചിറക്കര എഴുതിയ
ലേഖനം 'കാഴ്ചയുടെ അപരലോകം' (ജനയുഗം വാരാന്തം, ജൂൺ 7 ) ഈ
അസാധാരണത്വത്തെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്. സ്കൂൾ
വിദ്യാഭ്യാസമില്ലാത്ത ഇസ്രഫ് ചിത്രങ്ങൾ വരച്ചാണ് ജീവിക്കുന്നത്. ഇടയ്ക്ക്
പിതാവ് മരിച്ചതോടെ അദ്ദേഹത്തിനു തിരിച്ചടികൾ നേരിട്ടു. ചിത്രകലാരംഗത്ത്
ഖ്യാതി നേടിയപ്പോൾ ചിലർ അപവാദങ്ങളുമായി വന്നു.അദ്ദേഹത്തിനു
കാഴ്ചശക്തിയുള്ളതുകൊണ്ടാണ് ഇത്ര മനോഹരമായി വരയ്ക്കുന്നതെന്ന് അവർ
ആരോപിച്ചു.ഇതിൻ്റെ ഫലമായി വ്യാപാരം നിലച്ചു. ഭക്ഷണത്തിനു പോലും
വകയില്ലാതായി.ഭാര്യ ഇറങ്ങിപ്പോയി. അന്ധന്മാർക്ക് വേണ്ടി നടത്തിയ ഒരു
പ്രദർശനത്തിൽ പങ്കെടുക്കാനായത് വഴിത്തിരിവായി. അവിടെ വച്ച് പരിചയപ്പെട്ട
ഒരു അമേരിക്കൻ കലോപാസകൻ ഇസ്ര ഫിൻ്റെ സത്യസന്ധത തെളിയിക്കുന്നതിൽ
നിമിത്തമായി.ഈ വിവരമറിഞ്ഞ ചില ഗവേഷകരും ഡോക്ടർമാരും അദ്ദേഹത്തെ അമേരിക്കയിൽ
വരുത്തി കണ്ണു പരിശോധിച്ചു തീർപ്പു കല്പിച്ചു: ഇസ്രഫിനു ജന്മനാ കാഴ്ചയില്ല
.
വായനാദിനം.
ജൂൺ 19 വായനാദിനത്തിൽ എൻ.കെ.ഷീല എഴുതിയ
'എകാന്തതയിൽ നിന്നുള്ള സഞ്ചാരം ' (മെട്രൊവാർത്ത) എന്ന ലേഖനത്തിൽ ഓർമ്മയുടെ
സൃഷ്ടിപരമായ ആവിഷ്കാരമാണ് എഴുത്ത് എന്ന് വാദിച്ചത് ശ്രദ്ധേയമായി.
എം.പി.വീരേന്ദ്രകുമാറിൻ്റെ കല്പറ്റയിലുള്ള വീട്ടിൽ പോയി ഇന്ദുമേനോൻ
അദ്ദേഹത്തിൻ്റെ ലൈബ്രറിയെക്കുറിച്ച് ഗൃഹാതുരതയോടെ എഴുതിയത് (മാതൃഭൂമി)
പുതിയ വിവരങ്ങൾ തന്നു.
മാതൃഭൂമി ആഴ്ചപ്പതിപ്പിൽ മഹാഭാരത കഥാസംഗ്രഹ
വിവരണത്തിനു ആർട്ടിസ്റ്റ് മദനൻ വരയ്ക്കുന്ന ചിത്രങ്ങൾ കാഴ്ചയുടെ
രോമാഞ്ചമായി മാറുകയാണ്.പുതിയ ഒരു സങ്കേതമാണ് മദനൻ
വികസിപ്പിച്ചിരിക്കുന്നത്. രേഖാചിത്രത്തെ കറുപ്പിലും ഇളംനീലയിലും
ജ്ഞാനസ്നാനം ചെയ്യിച്ച് വൈദികമായ കൃഷ്ണത്വം സ്വരൂപിച്ചിരിക്കുന്നു.
പകർച്ചവ്യാധി
,മഹാമാരി തുടങ്ങിയവ ചിത്രകലയെ ഭ്രാന്ത് പിടിപ്പിക്കുകയും വലിയ
ഭാവനകളിലേക്ക് പറഞ്ഞു വിടുകയും ചെയ്തതായി അജിത് എസ്.ആർ ( പ്രഭാതരശ്മി ,മെയ്
) എഴുതുന്നു. സ്വീഡിഷ് ചിത്രകാരനായ ആൽബർട്ടസ് പിക്ടർ വരച്ച 'ഡെത്ത്
പ്ളേയിംഗ് ചെസ്സ് (മരണം ചതുരംഗം കളിക്കുന്നു) എന്ന ചുവർചിത്രം
മഹാചലച്ചിത്രകാരനായ ബർഗ്മാന് പ്രചോദനമായി .അദ്ദേഹത്തിൻ്റെ സെവൻത് സീൽ
(ഏഴാംമുദ്ര) എന്ന സിനിമ ഉണ്ടായത് ആ ചിത്രത്തിൽ നിന്നാണ്.
തിരക്കഥ സാഹിത്യരൂപമല്ല.
ഭാഷാപോഷിണി സാഹിത്യം ഉപേക്ഷിച്ചെന്നു തോന്നുന്നു .മിക്കവാറും സിനിമാ
പതിപ്പുകളാണ് ഇറക്കുന്നത്. ഇത്തവണ തിരക്കഥകളെക്കുറിച്ച് സജിൽ ശ്രീധർ എഴുതിയ
ഇരുപത്തിയേഴ് പേജുള്ള പഠനവും (ജൂൺ ) പ്രസിദ്ധീകരിച്ചിരിക്കുന്നു! അതിശയം
തോന്നി. തിരക്കഥകളെപ്പറ്റി ആരെങ്കിലും പഠനം എഴുതുമോ ? തിരക്കഥ ഒരു
സാഹിത്യരൂപമല്ല. അത് ഒരു പ്ലാൻ ആണ്.ഒരു സിനിമ എങ്ങനെ ചെയ്യാം എന്ന
വഴികാട്ടി മാത്രം .അതിൽ സിനിമയില്ല .അതിൽ നിന്ന് സംവിധായകൻ തൻ്റെ
മിടുക്കനുസരിച്ച് ഒരു സിനിമ ഭാവന ചെയ്യുകയാണ്. ഒരേ തിരക്കഥയിൽ രണ്ട് പേർ
സിനിമയെടുത്താൽ രണ്ടു തരം സിനിമയുണ്ടാകും .പത്മരാജൻ്റെ തിരക്കഥയിൽ ഭരതൻ
സംവിധാനം ചെയ്ത രതിനിർവ്വേദവും ടി.കെ.രാജീവ്കുമാർ ചെയ്ത രതിനിർവ്വേദവും
രണ്ട് വ്യത്യസ്ത ചലച്ചിത്ര സമീപനങ്ങളായി നില്ക്കുകയാണ്.ഭരതൻ്റെ കലാപരമായ
സൂക്ഷ്മത രാജീവ് കുമാറിനില്ലാത്തതുകൊണ്ട് ചിത്രം താഴോട്ടു പോയി. ഈ
വ്യത്യസ്തത അറിയാമായിരുന്നെങ്കിൽ സജിൽ ഈ ലേഖനം എഴുതില്ലായിരുന്നു. തിരക്കഥ
വേറെ ,സിനിമ വേറെ .തിരക്കഥയെക്കുറിച്ചൊരു ലേഖനമെഴുതുമ്പോൾ മലയാളം
പുസ്തകങ്ങളിൽ നിന്ന് ഉദ്ധരിക്കുന്നതു തന്നെ തെറ്റാണ്.ഈ ലേഖനം ഗൗരവത്തോടെ
വായിക്കേണ്ടതല്ല എന്നാണ് ഇത് വ്യക്തമാക്കുന്നത്.
കേരള
സാഹിത്യഅക്കാദമി യു.ജി.സി അധ്യാപകർക്ക് വേണ്ടി പ്രസിദ്ധീകരിക്കുന്ന
മാസികയാണ് 'സാഹിത്യലോകം'.എല്ലാം ഗവേഷണ പ്രബന്ധങ്ങളായിരിക്കും . കേരളത്തിലെ
സാഹിത്യത്തെയും എഴുത്തുകാരെയും ഒഴിവാക്കാൻ വേണ്ടിയാണ് കലാശാല അധ്യാപകർ
ഗവേഷണം ചെയ്യുന്ന വിഷയങ്ങൾ തിരഞ്ഞുപിടിച്ച് മാസികയെ
ഉത്തരാധുനികമാക്കുന്നത്. ഇത്തവണ ആത്മകഥയെക്കുറിച്ചാണ് കവർ സ്റ്റോറി
.എന്തുകൊണ്ട് അത്മഹത്യ ആയിക്കൂടാ ?
എൽ.ഗിരീഷ്കുമാർ എഴുതിയ ഭഗവത്ഗീത നിത്യജീവിതത്തിൽ എന്ന ലേഖനം (ഗുരുപ്രഭ ,ചേറ്റൂർ) ശ്രദ്ധേയമാണ്. അദ്ദേഹം എഴുതുന്നു:
''പ്രവൃത്തിയിൽ
കാണാത്തതൊന്നും അറിവല്ല .സ്കൂളിൽ പഠിപ്പിച്ച അറിവു പോലെയല്ല ഇത്. സ്കൂളിൽ
പഠിപ്പിച്ച അറിവിനെ ഇൻഫർമേഷൻ എന്ന പേരിലേ വിളിക്കാൻ പറ്റുകയുള്ളു.
അത്അറിവാണെന്ന് പറയാൻ പറ്റില്ല. മഹർഷീശ്വരന്മാർ പറഞ്ഞ ജ്ഞാനം
തിരിച്ചറിവാണ്. തിരിച്ചറിവ് പ്രവൃത്തിയിൽ പ്രതിഫലിക്കും. വലിയ ഡിഗ്രികൾ
ഉണ്ടാകാം. അറിവല്ല അത്. അറിവ് ജീവിതത്തിൽ പ്രതിഫലിക്കും '' .
ഭഗവത്ഗീത ധൃതരാഷ്ട്രർ കേൾക്കുന്നപോലെ കേട്ടതുകൊണ്ട് പ്രയോജനമില്ലെന്ന് ലേഖകൻ പറയുന്നു. അർജുനൻ കേൾക്കുന്ന പോലെ കേൾക്കണം.
Monday, September 7, 2020
അക്ഷരജാലകം/തകഴിയും കാര്യാട്ടും കറുത്തമ്മയും/metrovartha ,june 22
അക്ഷരജാലകം/ബഷീറിനെ തേടി വാൻഗോഗ്/metrovartha june 29
എം.കെ.ഹരികുമാർ
9995312097
Email:mkharikumar797@gmail.com
ബഷീറിനെ തേടി വാൻഗോഗ്
സ്നേഹദൂതനും
നിർമ്മലനും നിരാസക്തനുമായിരുന്ന കഥാകൃത്ത് വൈക്കം മുഹമ്മദ്ബഷീറിനെ
(1908-1994) തേടി ദരിദ്രനും ജ്ഞാനിയും ത്യാഗിയും വലിയ വായനക്കാരനുമായിരുന്ന
ഡച്ച് ചിത്രകാരൻ വിൻസൻ്റ് വാൻഗോഗ് (1853-1890) എത്തുകയാണ്. സൂക്ഷ്മദൃക്കായ
പുനത്തിൽ കുഞ്ഞബ്ദുള്ള(1940-2017) എഴുതിയ 'വിൻസൻ്റ് വാൻഗോഗ് 'എന്ന
കഥയിലാണ് ഈ അപൂർവ്വ സമാഗമമുള്ളത്.ഈ കഥയുടെ പുനർവായന ,ഈ കൊറോണക്കാലത്ത്
,പുതിയ അർത്ഥവാതായനങ്ങൾ നല്കാതിരുന്നില്ല .കോരിച്ചൊരിയുന്ന മഴയത്താണ്, വഴി
തേടിപ്പിടിച്ച് വാൻഗോഗിൻ്റെ വരവ്.അദ്ദേഹത്തിൻ്റെ ഇടതു ചെവി
ഛേദിക്കപ്പെട്ട നിലയിലാണ്. ബഷീറിനോട് ,ബേപ്പൂരിലെ വീടിൻ്റെ വരാന്തയിൽ
നിന്ന് തൻ്റെ ജീവിതത്തെക്കുറിച്ച് അദ്ദേഹം പറയുന്നുണ്ട്. അതിൽ
വ്യർത്ഥതാബോധവും നിരാശയുമാണ് നിറയുന്നത്. എന്നാൽ വാൻഗോഗ് എത്ര
ശ്രമിച്ചിട്ടും ബഷീറിൻ്റെ ശ്രദ്ധയാകർഷിക്കാൻ കഴിയുന്നില്ല .ബഷീർ തൻ്റെ
മുറിയിൽ പല രീതിയിൽ വ്യഗ്രതയിലാണ്. തൊട്ടടുത്താണെങ്കിലും അവർക്കിടയിൽ
അകൽച്ചയുടെ ഒരദൃശ്യ ക്ഷീരപഥം ഉണ്ടായിരിക്കുന്നു.
കൊറോണക്കാലത്ത് ഈ
കഥ ചില നേരനുഭവങ്ങൾ തന്നു. അകലം പാലിക്കുകയാണല്ലോ നമ്മൾ.ദൂരെ നിന്ന് പിതാവ്
വീട്ടിലേക്ക് വരേണ്ടതില്ലെന്ന് മകൻ വിളിച്ചു പറയുന്നു. ഒരു
വീട്ടിലാണെങ്കിലും രണ്ട് കിട്ടിലിൽ കിടക്കുന്ന അയൽച്ചയുടെ ദമ്പതികൾ
;അകലുന്ന കമിതാക്കൾ.നേരത്തേ തന്നെ മനസിൽ മാസ്ക് വച്ചവർക്ക് കൊറോണ ഒരു
മറയായി. അകലുക നാം ദൂരേക്ക് എന്ന് ഓരോ കണ്ടുമുട്ടലും ദുരൂഹമായി പറയുന്നു.
കണ്ടാൽ തന്നെ ഒന്നും പറഞ്ഞിട്ട് കാര്യമില്ല. കൊറോണയുടെ പ്രജ എന്ന നിലയിൽ
നാം അകൽച്ചയുടെ സൗന്ദര്യശാസ്ത്രമാണ് അന്വേഷിക്കുന്നത്.വാൻഗോഗ് ഈ
അകൽച്ചയെക്കുറിച്ച് പറയാനായിരിക്കാം വന്നത്; എന്നാൽ ബഷീർ സ്വയം
ക്വാറൻ്റൈനിൽ പ്രവേശിച്ചതുപോലെയാണ്.ബഷീർ മൗനത്തിലേക്ക്
ഉൾവലിഞ്ഞിരിക്കയാണ്.ഒരു ആശയ വിനിമയവും സാധ്യമാകുന്നില്ല. രണ്ട്
അന്യഗ്രഹജീവികളെപ്പോലെ അവർ അകന്നു തന്നെ നിലകൊള്ളുന്നു.രണ്ടു കാലങ്ങളിൽ,
രണ്ടിടങ്ങളിൽ ജീവിച്ച അവരെ ഒന്നിപ്പിക്കുന്ന കഥാകൃത്ത്
മനുഷ്യാത്മാവിനോടുള്ള തൻ്റെ നിസ്സീമമായ സ്നേഹവും ആദരവും
രേഖപ്പെടുത്തുകയാണ്. ഏത് കാലത്തുള്ളവരും ,ഏത് കാലത്തെ കലാസൃഷ്ടികളും
സംവേദനത്തിൻ്റെ തലത്തിൽ സ്നേഹപൂർണമായ ആഭിമുഖ്യമാണ്
പ്രകടിപ്പിക്കുന്നതെന്നും അത് മാത്രമാണ് സത്യമെന്നും ഈ കഥ വിളിച്ചു
പറയുന്നു. തൻ്റെ 'ഉരുളക്കിഴങ്ങ് തിന്നുന്നവർ ' എന്ന ചിത്രത്തിലെ റാന്തൽ
വിളക്കിനു സമാനമായ വിളക്ക് ബഷീറിൻ്റെ വീട്ടിൽ കണ്ട് വാൻഗോഗ്
ചിന്താധീനനാവുന്നത് ഇതിനു തെളിവാണ്.
ബഷീർ ഒരു അകൃത്രിമ
ബുദ്ധിജീവിയാണ്.അദ്ദേഹത്തിൻ്റെ കറയറ്റ സ്നേഹത്തിന് ഉദാഹരണമാണ്
മാന്ത്രികപ്പൂച്ച ,ബാല്യകാലസഖി തുടങ്ങിയ കൃതികൾ .അദ്ദേഹം മനുഷ്യനെ മാത്രം
സ്റ്റേഹിച്ച പിന്തിരിപ്പനല്ല; ഈ ലോകത്തിലെ സകല ജീവികൾക്കും
രാഷ്ട്രീയമുണ്ടെന്ന് വളരെ നേരത്തേ മനസ്സിലാക്കിയ ഒരു ഇന്ത്യൻ
എഴുത്തുകാരനാണ്. എല്ലാവരും വേണം ,അപ്പോഴേ സാഹിത്യമുണ്ടാവൂ.
വലിയ
വിദ്യാഭ്യാസവും ഉയർന്ന ജോലിയുമുണ്ടായാൽ നല്ല സാഹിത്യമുണ്ടാകണമെന്നില്ല
.അതിസാമർത്ഥ്യവും ഉപജാപവും ചിലരുടെ കാര്യത്തിൽ താത്കാലികമായി
വിജയിക്കുമായിരിക്കും. എന്നാൽ അവരുടെ ഉള്ളു പൊള്ളയായ ,വരണ്ട
,സ്നേഹവിരുദ്ധമായ, കൃത്രിമമായ സാഹിത്യരചനകളെ നല്ല വായനക്കാർ ഓരോ കാലത്തും
ചവറ്റുകുട്ടയിലേക്ക് എറിഞ്ഞുകൊണ്ടിരിക്കും.
ഈ കാലത്ത് അവാർഡുകളാൽ
തേച്ചുമിനുക്കപ്പെടുന്ന ,താലോലിക്കപ്പെടുന്ന ഒരു കൃതിയും നിലനില്ക്കില്ല;
എന്തെന്നാൽ അതിലൊന്നിലും നിരുപാധികമായ സ്നേഹമോ ആത്മാർത്ഥതയോ ഇല്ല .എന്നാൽ
അപ്പോഴും ബഷീറിൻ്റെ ' മാന്ത്രികപ്പൂച്ച' നിലനില്ക്കും.
വാൻഗോഗിൻ്റെ
ജീവിതവും മരണാനന്തര ജീവിതവും അതല്ലേ വ്യക്തമാക്കപ്പെടുന്നത് ? ലോകത്തിലെ
പത്ത് ചിത്രകാരന്മാരെയെടുത്താൽ അതിൽ വാൻഗോഗ് നിശ്ചയമായുമുണ്ട്. വാൻഗോഗ്
,യഥാർത്ഥത്തിൽ പ്രകൃതിയിലുള്ളതല്ല വരച്ചത് ;അതിനേക്കാൾ മികച്ചതാണ്.
യഥാർത്ഥ നിറങ്ങൾ ,അതെത്ര നഗ്നവും ദീപ്തവുമായിരുന്നാലും ,വാൻഗോഗിനു
വേണ്ടായിരുന്നു. വാൻഗോഗ് തൻ്റെ നിറങ്ങൾ സൃഷ്ടിക്കുകയാണ്
ചെയ്തത്.വാൻഗോഗിൻ്റെ പ്രകൃതി മനഷ്യവിധിയിൽ ആധികൊള്ളുകയാണ്.'ദ് സ്റ്റാറി
നൈറ്റി'ലെ നക്ഷത്രങ്ങൾ ആകാശത്ത് വീർപ്പുമുട്ടി കഴിയുകയാണ് ;അവ പാവപ്പെട്ട
ഖനിത്തൊഴിലാളികൾക്കും ഉരുളക്കിഴങ്ങ് തിന്നുന്നവർക്കും ഓക്സിജൻ
കൊടുക്കാനെന്ന പോലെ വെപ്രാളത്തിലാണ്. അവയിൽ അനുതാപത്തിൻ്റെ ,കൂടെച്ചേരുന്ന
മമതയുടെ കോശങ്ങൾ അടങ്ങിയിരിക്കുന്നു.
വാൻഗോഗ് സ്നേഹത്തിൻ്റെ
കലാപ്രവാചകനായിരുന്നു. സ്നേഹിക്കുന്നത് കലാപ്രവർത്തനമാണെന്ന് ഈ
കലാകാരനല്ലാതെ ആരും പറയുകയില്ല. അദ്ദേഹം ജീവിതത്തിൻ്റെ അയഥാർത്ഥമായ
അനുഭവങ്ങളിലൂടെ നടന്ന് സ്വപ്നാത്മകമായ യാഥാർത്ഥ്യങ്ങൾ കൊണ്ട് നിർമ്മിച്ച
നക്ഷത്രങ്ങൾ നിറഞ്ഞ ഒരു പാത സൃഷ്ടിച്ചു.അതുകൊണ്ടാണ് തൻ്റെ കാലഘട്ടത്തിലെ
എല്ലാ ഉപരിപ്ളവ കുബുദ്ധികളും വിസ്മൃതരായിട്ടും വാൻഗോഗ് സമൂഹമനുഷ്യരുടെ
ഓർമ്മകളിൽ കൂടുതൽ തെളിഞ്ഞു വരുന്നത്.വാൻഗോഗിൻ്റേത് മരണാനന്തര ജീവിതമാണ് ;
യഥാർത്ഥ ജീവിതത്തേക്കാൾ സാരഗ്രാഹിയാണത്.
സ്നേഹം മരിക്കില്ല
എത്ര
മാസ്ക് അവതരിച്ചാലും സ്നേഹം ,അനുതാപം എന്നിവ മരിക്കില്ല .അതിൻ്റെ ഏറ്റവും
നല്ല ഉദാഹരണമാണ് കണ്ണൂർ തളിപ്പറമ്പിലെ യുവതി വർഷയ്ക്ക് പതിന്നാല്
മണിക്കൂർകൊണ്ട് അമ്പത് ലക്ഷം രൂപ അക്കൗണ്ടിലൂടെ ലഭിച്ചത്. അവൾ രോഗിയായ
തൻ്റെ അമ്മയ്ക്ക് കരൾ പകുത്ത് നല്കാൻ പണമില്ലാതെ ആശുപത്രി വരാന്തയിൽ നിന്ന്
കരഞ്ഞപേക്ഷിക്കുന്ന വീഡിയോ ചില സാമൂഹിക പ്രവർത്തകർ
സമുഹമാധ്യമത്തിലിട്ടതിൻ്റെ ഫലമാണിത്. സഹായിക്കാൻ മനസുള്ളവർ ഇപ്പോഴും
സ്വതന്ത്രരാണ്. അവരെ ആരും വിലക്കാതിരുന്നാൽ മതി. മനുഷ്യസ്നേഹം ഒരു
ഘട്ടത്തിൽ സ്വയം അനാവൃതമാകുകയോ ,അല്ലെങ്കിൽ മറ്റുള്ളവർ ഖനനം
ചെയ്തെടുക്കുകയോ വേണം.
കാലമുദ്രകൾ
1)ഒ.എൻ.വി .
പത്മനാഭസ്വാമി
ക്ഷേത്രത്തിലെ നിലവറയിൽ സൂക്ഷിച്ചിട്ടുള്ള സ്വത്തിൻ്റെ മൂല്യം നമുക്ക്
എണ്ണിയാൽ നിശ്ചയിക്കാനാവും; എന്നാൽ ഒരിക്കലും വില നിശ്ചയിക്കാനാവാത്ത
സമ്പത്താണ് സംഗീതസംവിധായകൻ ദേവരാജൻ നമുക്ക് നല്കിയിട്ടുള്ളതെന്ന് ഒ.എൻ.വി.
ഒരു പ്രഭാഷണത്തിൽ പറഞ്ഞു.
2) പെരുമ്പടവം ശ്രീധരൻ.
മഹാനായ കാക്കനാടൻ്റെ രചനകൾ പഴകും തോറും വീര്യം കൂടുന്ന വീഞ്ഞുപോലെയാണെന്ന് പെരുമ്പടവം പറഞ്ഞത് ശ്രദ്ധേയമായി തോന്നി.
3)ജോർജ് ഓണക്കൂർ.
ഓണക്കൂറിൻ്റെ 'ഉൾക്കടൽ' എന്ന നോവൽ കെ.ജി.ജോർജ് സിനിമയാക്കുകയുണ്ടായല്ലോ.സ്വാഭാവികവും വിശുദ്ധവുമായ പ്രണയമാണ് ആ സിനിമയിൽ കണ്ടത്.
4) നീല പത്മനാഭൻ.
നീല
പത്മനാഭനെ മലയാള സാഹിത്യ സ്ഥാപനങ്ങൾ വേണ്ട പോലെ ശ്രദ്ധിച്ചിട്ടില്ല
.അദ്ദേഹം ഒരിക്കൽ ഇങ്ങനെ എഴുതി: കഴിഞ്ഞ അറുപതു കൊല്ലക്കാലമായി തമിഴ് ,മലയാള
സാഹിത്യരംഗത്ത് ഞാൻ ഉണ്ട്. തമിഴകത്ത് മലയാളിയായിട്ടും മലയാളത്തിൽ
തമിഴനായിട്ടും ഒരു ത്രിശങ്കു സ്വർഗത്തിലാണ് ഇപ്പോഴും.
5) എം.ഗോവിന്ദൻ.
കുമാരനാശാൻ്റെ
ജന്മശതാബ്ദി പ്രമാണിച്ച് 1974ൽ എം.ഗോവിന്ദൻ തൻ്റെ 'സമീക്ഷ' മാസികയുടെ
ചുമതലയിൽ പ്രസിദ്ധീകരിച്ച 'പോയട്രി ആൻഡ് റെനയസൻസ് :കുമാരനാശാൻ ബേർത്
സെൻ്റിനറി വോള്യം' എന്ന ബൃഹത് ഗ്രന്ഥം ആശാനെ ലോക കവിതയിലേക്ക്
ഉയർത്തിക്കാണിച്ചു.
6)ജി.എൻ.പണിക്കർ.
തികഞ്ഞ യുക്തിബോധത്തോടെ
വാദിച്ചു ജയിക്കാൻ ജി.എൻ .പണിക്കർക്ക് അറിയാം.എന്നാൽ 'ഖസാക്കിൻ്റെ ഇതിഹാസം'
ഒരു മറാത്തി നോവലിൻ്റെ അനുകരണമാണെന്ന പണിക്കരുടെ വാദം അദ്ദേഹത്തെ
പലയിടത്തും അപ്രിയനാക്കി.
വാക്കുകൾ
1) ഒരു കഥ വായിച്ച്
കുറച്ചു കാലം കഴിയുമ്പോൾ ആ കഥ പഴയ പോലെയായിരിക്കില്ല; അല്ലെങ്കിൽ ആ കഥ
വായിച്ചവർ പഴയ മട്ടിലുള്ള വായനക്കാർ ആയിരിക്കില്ല .
ജോർജ് എലിയട്ട് ,
ഇംഗ്ളീഷ് എഴുത്തുകാരി .
2) മുതിർന്നവർക്ക് വേണ്ടി എഴുതുന്ന പോലെ തന്നെയാകണം കുട്ടികൾക്കു വേണ്ടിയും എഴുതേണ്ടത്; നല്ലതു മാത്രം.
മാക്സിം ഗോർക്കി,
റഷ്യൻ നോവലിസ്റ്റ്.
3)
ഇന്നത്തെ യാഥാർത്ഥ്യം എന്തുമാകട്ടെ ,സ്പർശിക്കുന്നതും വിശ്വസിക്കുന്നതും
,അതെല്ലാം ഇന്നലെകളിലെപ്പോലെ തന്നെ ഭാവിയിലും ഒരു
മിഥ്യയായിരിക്കുകയേയുള്ളു.
ലൂയി പിരാന്തല്ലോ,
ഇറ്റാലിയൻ നാടകകൃത്ത്.
4)
മനുഷ്യൻ ഇന്ന് ഏറെ യാതനയിലും വ്യഗ്രതയിലും അതൃപ്തിയിലും കഴിയുകയാണ്.കാരണം
,അവൻ്റെ പകുതി സ്വഭാവം - ആത്മീയത - നല്ല ഭക്ഷണത്തിനായി കേഴുകയാണ്;മറുപാതി -
ഭൗതികത - ചീത്ത ഭക്ഷണം കൊണ്ടാണ് കഴിയുന്നത്.
പോൾ ബ്രണ്ടൻ ,
ബ്രിട്ടീഷ് ആത്മീയ ചിന്തകൻ.
5) ഓരോരുത്തർക്കും മറ്റാരെങ്കിലും ആയാൽ മതി. ആരും സ്വന്തം നിലയിൽ വളരാൻ ആഗ്രഹിക്കുന്നില്ല .
ഗൊയ്ഥെ,
ജർമ്മൻ എഴുത്തുകാരൻ
ജ്യോതിരാജിൻ്റെ കഥ
മലയാള
കഥയിൽ നല്ലൊരു സീനിയോറിറ്റിയുണ്ട് വി.ബി. ജ്യോതി രാജിന് .അദ്ദേഹം
എൺപതുകളിൽ തന്നെ സജീവമായിരുന്നു. ഇടയ്ക്ക് ഒരു നീണ്ട മൗനം. വീണ്ടും അദ്ദേഹം
എഴുതുകയാണ്.അദ്ദേഹത്തിൻ്റെ ' 'നിതാന്ത നിശ്ശബ്ദതയാണ് ' (പ്രഭാതരശ്മി
.മെയ്, ജൂൺ) എന്ന കഥ കൊറോണക്കാലത്ത് വായിച്ച മികച്ച രചനയാണ്. താൻ നേടിയ
ജീവിതജ്ഞാനം മുഴുവൻ ഇതിൽ സന്നിവേശിപ്പിച്ചിരിക്കുന്നു. വൈറസിൻ്റെയും
വെറുപ്പിൻ്റെയും വലയ്ക്കുള്ളിലിരുന്ന് മനുഷ്യൻ പറയുന്നതെല്ലാം കള്ളമാണെന്ന്
ഈ കഥയിലെ ഓരോ വാക്യവും വിളംബരം ചെയ്യുന്നു. ഈ കഥയിൽ സത്യസന്ധതയല്ലാതെ
മറ്റൊന്നുമില്ല; നിശിതവും നിതാന്തവുമായ സത്യസന്ധത .
ലോകം
അവസാനിക്കുകയാണെന്ന ചിന്തയ്ക്ക് പ്രസക്തിയുണ്ട്. മനുഷ്യമനസ്സ് പാളം തെറ്റി
അപകടകരമായി നിങ്ങുകയാണ്.പവിത്രമായതെല്ലാം വീണുടയുന്നു.എങ്കിലും ഈ കഥയിലെ
നിഖിൽ ഒരു സ്ത്രീയെ (സുജാത ) ഉള്ളിൽ പ്രേമിക്കുന്നു, കാമിക്കുന്നു.
ഏറെക്കുറെ നശിച്ച ഈ ലോകത്ത് അവരുടെ സംഭാഷണം മനുഷ്യസ്നേഹം എന്ന അമൃതാണ്.
പ്രണയിക്കുന്നതിലൂടെ സുഖമുള്ള ഒരു ആത്മഹത്യയിലേക്കാണ് അവർ നീങ്ങുന്നതെന്ന്
പറയാം .കുറെ കഴിയുമ്പോൾ ആത്മഹത്യ ചെയ്തവരെയൊക്കെ നമുക്ക് ആദരിക്കേണ്ടി
വരും.
കൊറോണക്കാലത്തെ നാശാവശിഷ്ടങ്ങളിൽ നിന്ന് ആ കഥാപാത്രം ഒരു വലിയ
സത്യം തിരിച്ചറിയുന്നുണ്ട് :" നോക്കൂ ,എൻ്റെ മുഖത്തേക്ക് നോക്കൂ ,ഒരു കടൽ
പോലെ ദു:ഖം അലയടിക്കുന്നത് നിനക്ക് കാണാം ".
മനുഷ്യമനസ്സിലെ
അടക്കാനാവാത്ത പ്രേമത്വര എല്ലാ ദുരന്തങ്ങളിലും പ്രതീക്ഷ നല്കുന്നതാണ് .ഒരു
കാളരാത്രി അടുത്തു വന്നു നില്ക്കുമ്പോൾ ,സകല കാപാലികരും വേട്ട തുടങ്ങുമ്പോൾ
,ഈ കഥാപാത്രം അർത്ഥശൂന്യതകൾക്കിടയിലൂടെ സഞ്ചരിക്കുകയാണ്, ജീവൻ്റെ ആദിമമായ
നന്മകളുമായി .
രാഷ്ട്രീയത്തിൻ്റെ പക്ഷം
സുനിൽ പി.
ഇളയിടത്തിൻ്റെ 'നീതിയുടെ പാർപ്പിടങ്ങൾ' എന്ന പുസ്തകത്തെക്കുറിച്ച് മാതൃഭൂമി
ആഴ്ചപ്പതിപ്പിൽ (ജൂൺ 2) ഒരു കുറിപ്പ് കണ്ടു. വർഗീയതയ്ക്ക് എതിരായി
നിശിതവിമർശനം ഉയർത്തി ,തീവ്രമായി രാഷ്ടീയം പറയുന്ന ,നാരായണ ഗുരുവിനെയും
അംബേദ്കറെയും ഗാന്ധിജിയെയും മാർക്സിനെയും ഒരേസമയം അഭിസംബോധന ചെയ്യുന്ന
തുടങ്ങിയ വിശേഷങ്ങൾ ആഴ്ചപ്പതിപ്പ് ഇളയിടത്തിനു നല്കുകയാണ്. വാസ്തവത്തിൽ
അസംബന്ധമല്ലേ ഈ വിശേഷണങ്ങൾ ? ഇളയിടത്തിനു ഇനിയും സ്വതന്ത്രമായ ഒരു
രാഷ്ട്രീയചിന്ത ഉണ്ടായിട്ടില്ല എന്നതാണ് വാസ്തവം. മേൽപ്പറഞ്ഞ
ചരിത്രപുരുഷന്മാരെ ഒരേ സമയം അഭിസംബോധന ചെയ്യുന്നതിൽ വീക്ഷണപരമായ
തകരാറുണ്ട്.കാരണം പ്രകൃതിയെ കീഴടക്കാനാണ് മാർക്സ് പറഞ്ഞത്. പല
രാജ്യങ്ങളുടെയും വികസന നയത്തിലെ മുൻഗണന തെറ്റിപ്പോകാൻ ഇത്
ഇടയാക്കി.മാർക്സിൽ പ്രകൃതിയില്ല .അതുകൊണ്ടാണ് ലോകരാഷ്ട്രീയത്തിൽ പരിസ്ഥിതി
ചിന്ത സജീവമാകാൻ ഇരുപത്തിയൊന്നാം നൂറ്റാണ്ട് വരെ കാത്തിരിക്കേണ്ടി
വന്നത്.അംബേദ്ക്കർ ദളിതുവിഭാഗങ്ങൾക്ക് വേണ്ടി പോരാടി .ലക്ഷക്കണക്കിനു
ദളിതുകളെ ബുദ്ധമതത്തിൽ ചേർത്തു.നാരായണഗുരു അദ്വൈതിയാണ്. സാമൂഹ്യ
പരിഷ്കർത്താവും ദാർശനികനുമാണ്. ഗാന്ധിജി ഗ്രാമ സ്വരാജിനും സത്യാഗ്രഹത്തിനും
വേണ്ടി നിലകൊണ്ടു.ഇവരെയെല്ലാം ഒരേസമയം അഭിസംബോധന ചെയ്യുന്നതിൽ അബദ്ധവും
വ്യാജമായ ബോധ്യവുമാണുള്ളത്. വേറിട്ടതിനെ വേറിടലായി കാണണം. ആനന്ദിനെയും
ഉണ്ണികൃഷ്ണൻ പുതൂരിനെയും ഒരുമിച്ചു കെട്ടുന്നതു പോലെ അബദ്ധമാണിത്.
ഇളയിടത്തിനു കൃത്യമായ രാഷ്ട്രീയ ബോധമില്ല. ഒട്ടും മൗലികതയില്ല .
മഞ്ചു
വെള്ളായണിയുടെ ഭൂമധ്യരേഖ (പ്രഭാതരശ്മി) എന്ന കവിതയിലെ സ്വപ്നാത്മകമായ
ഭാഷയിൽ , 'മഴയിൽ പുരാതനവിയർപ്പ് ' എന്ന പ്രയോഗം പുതിയ അനുഭവമായി.
അക്ഷരജാലകം/യാൻ മാർട്ടൽ , കൊറോണ, നോവൽ/metrovartha, july 13
എം .കെ .ഹരികുമാർ
9995312097
Email: mkharikumar797@gmail.com
യാൻ മാർട്ടൽ , കൊറോണ,
നോവൽ
പ്രമുഖ കനേഡിയൻ നോവലിസ്റ്റ് യാൻ മാർട്ടൽ കൊൽക്കൊത്ത സാഹിത്യ സംഗമത്തിനു വേണ്ടി കഴിഞ്ഞ മാസം ഫേസ്ബുക്ക് പേജിൽ വന്ന് പറഞ്ഞ ചില കാര്യങ്ങൾ കൊറോണക്കാലത്തെ സാഹിത്യചിന്തകൾക്ക് കൂടുതൽ വ്യാപ്തി നല്കുന്നു .
ലോക്ഡൗൺ മനുഷ്യർക്ക് അവരുടെ ബന്ധങ്ങളെക്കുറിച്ച് ഓർക്കാൻ ഒരവസരം നല്കിയെന്ന് യാൻ മാർട്ടൽ ചിന്തിക്കുന്നു.സാധാരണ രോഗങ്ങളുടെ ചികിത്സയ്ക്ക് ആശുപത്രികളിൽ പോകുന്നവർക്ക് കൂട്ടിരുപ്പുകാരുണ്ടാകാറുണ്ട്.
ആരോഗ്യത്തെക്കുറിച്ചുള്ള വീണ്ടുവിചാരം ആരംഭിക്കേണ്ട സമയമാണിത്. പ്രകൃതിയിലെ എല്ലാ ജീവികളെയും തിന്നുക എന്ന സമീപനത്തിൽ നിന്ന് മനുഷ്യൻ പിന്മാറണമെന്ന് അദ്ദേഹം പറയുന്നുണ്ട്.ഇത് കുറേക്കൂടി അർത്ഥവ്യാപ്തിയിൽ കാണേണ്ട വിഷയമാണ്.
നോട്ടം മാറണം
മനുഷ്യൻ ഒരു ജീവിയെ നോക്കുന്ന രീതി തന്നെ മാറണം.അപകടം പിടിച്ച ആ നോട്ടം തിന്നാൻ വേണ്ടിയാണ്.ഒരു ജീവിയുടെയും സൗന്ദര്യമോ അസ്തിത്വമോ അംഗീകരിക്കാൻ പറ്റാത്ത വിധം രുചിയോടുള്ള മനുഷ്യൻ്റെ ആസക്തി ഭയാനകമായി മാറിയിരിക്കുന്നു. ഏത് ജീവിയെയും മനഷ്യൻ ഇറച്ചിയായി മാത്രം കാണുന്നു. ആരു പറഞ്ഞു ജീവികളുടെ അന്യാദൃശമായ സൗന്ദര്യവും സവിശേഷതകളും സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് മനുഷ്യന് അവയെ തിന്നാൻ വേണ്ടിയാണെന്ന്?.ഒരു പുതിയ ഭക്ഷണ ശീലം കണ്ടെത്തേണ്ടിയിരിക്കുന്നു.
യാൻ മാർട്ടൽ ഇപ്പോൾ ട്രോജൻ യുദ്ധത്തെ ആസ്പദമാക്കി ഒരു നോവൽ എഴുതുകയാണ്.2002 ൽ മാൻ ബുക്കർ പ്രൈസ് ലഭിച്ചത് മാർട്ടലിൻ്റെ 'ലൈഫ് ഓഫ് പി ' എന്ന നോവലിനായിരുന്നു.പത്തു ലക്ഷത്തിലധികം കോപ്പി വിറ്റഴിഞ്ഞ ഈ നോവൽ പക്ഷേ ,ചുരുങ്ങിയത് അഞ്ച് പ്രസാധകരെങ്കിലും തള്ളിക്കളഞ്ഞതാണ്. അന്താരാഷ്ട്ര തലത്തിൽ തന്നെ പ്രസാധകരെ നയിക്കാൻ നല്ല എഡിറ്റർമാർ ഇല്ല എന്നാണ് ഇത് കാണിക്കുന്നത്. 2012 ൽ തൈവാൻ സംവിധായകൻ ആംഗ് ലി ഇത് സിനിമയാക്കിയപ്പോഴും വൻ വിജയമായി.
പി എന്ന കഥാപാത്രം കപ്പൽച്ചേതത്തെ തുടർന്ന് ഒരു ബോട്ടിൽ കടലിൽ ചുറ്റിത്തിരിഞ്ഞത് ഒറ്റയ്ക്കല്ല; കൂടെ ഒരു ഇന്ത്യൻ കടുവയുമുണ്ടായിരുന്നു.അവർക്കി
മറവി ബാധിക്കും
എത്ര വലിയ ദുരന്തമുണ്ടായാലും മനുഷ്യൻ അതെല്ലാം വേഗം മറക്കുമെന്ന്, ഒന്നാം ലോകയുദ്ധകാലത്ത് ഇരുപത്തഞ്ച് ദശലക്ഷം പേർ കൊല്ലപ്പെട്ടതും എന്നാൽ പിന്നീട് എല്ലാം മറന്ന് മനുഷ്യർ ബാറിൽ ഡാൻസ് ചെയ്യുന്നതും ചൂണ്ടിക്കാട്ടി യാൻ മാർട്ടൽ സമർത്ഥിക്കുന്നു. മനസ്സിനു എല്ലാം മറക്കാനുള്ള സിദ്ധിയുണ്ട്. അസ്തിത്വത്തിൻ്റെ രഹസ്യം എന്നു പറയുന്നത് സ്വപ്നം കാണാനുള്ള കഴിവാണ്. പുരാണങ്ങൾ കഥകളായി നില്ക്കുകയാണെങ്കിലും ആളുകൾ അത് യഥാതഥമായി വിശ്വസിക്കുന്നു. ഗ്രീക്കുകാർക്ക് ഹോമറിൻ്റെ ഇതിഹാസങ്ങൾ വെറും കഥകളല്ല, ബൈബിൾ പോലെയാണെന്ന് മാർട്ടൽ പറയുന്നു. ആളുകൾ സ്വപ്നം കാണുന്നതിലൂടെ യാഥാർത്ഥ്യത്തെ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്.
മാർട്ടലിൻ്റെ പ്രിയപ്പെട്ട വിഷയം വിശ്വാസവും മതവും മനുഷ്യനിൽ എന്ത് മാറ്റമാണ് ഉണ്ടാക്കുന്നത് എന്നതാണ്. ട്രോജൻ യുദ്ധത്തെക്കുറിച്ചുള്ള പുതിയ നോവലിലും അതുണ്ടാകുമത്രേ. 'ദ് ഹൈ മൗണ്ടൻസ് ഓഫ് പോർച്ചുഗൽ' (2016) എന്ന നോവലിൽ യാൻ മാർട്ടൽ മരണത്തെയാണ് പശ്ചാത്തലമാക്കുന്നത്. മറ്റുള്ളവരുടെ മരണത്തെക്കുറിച്ചോർത്ത് തീവ്രമായി ദുഃഖിക്കുന്ന അനുഭവം. ഈ നോവലിലെ മലകൾ മനസ്സിലെ മലകളാണെന്ന് നോവലിസ്റ്റ് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.
കൊറോണയെ അധികരിച്ച് ഒരു നോവൽ അദ്ദേഹം ആലോചിച്ചിട്ടില്ല .അദ്ദേഹം ഇങ്ങനെ പറഞ്ഞു: ''അത് വ്യർത്ഥമായിരിക്കും. ഒരു കൊറോണ നോവലുമായി ഗ്രാമത്തിലേക്ക് ചെന്നാൽ അതിന് വായനക്കാരെ കിട്ടില്ല.കാരണം അവർ കൊറോണയെ നേരിട്ട് അനുഭവിച്ചവരാണ്.അവർക്കറിയാത്തതാ
കൊറോണ കഴിയുന്നതോടെ മനുഷ്യരെ മറവി ബാധിക്കും; കൊറോണയിൽ നിന്ന് രക്ഷപ്പെടാനുള്ള സിദ്ധിയാണത്.
വാക്കുകൾ
1)സന്തോഷം നമ്മുടെ ശരീരത്തിനു നല്ലതാണ്; എന്നാൽ ദു:ഖമാണ് മനസ്സിൻ്റെ സിദ്ധികളെ വികസിപ്പിക്കുന്നത് .
മാർസൽ പ്രൂസ്ത്,
ഫ്രഞ്ച് എഴുത്തുകാരൻ.
2) ഒരിക്കലും നടക്കാത്ത സംഭവങ്ങളെക്കുറിച്ചുള്ള നുണകളുടെ ശേഖരമാണ് ചരിത്രം ;അത് പറയുന്നതാകട്ടെ ,അവിടെ ഇല്ലാതിരുന്ന ആൾക്കാരും .
ജോർജ് സന്തായന ,
സ്പാനിഷ് ,അമെരിക്കൻ ചിന്തകൻ .
3) നമ്മൾ സ്നേഹിക്കപ്പെടുന്നു എന്ന ബോധ്യമാണ് പരമമായ സന്തോഷം .
ടോൾസ്റ്റോയ് ,
റഷ്യൻ സാഹിത്യകാരൻ .
4) സന്തോഷം പൂർണമായി കിട്ടണമെങ്കിൽ അത് പകുത്തു നല്കാൻ ആരെങ്കിലും ഉണ്ടാകണം.
മാർക് ട്വെയ്ൻ,
അമെരിക്കൻ എഴുത്തുകാരൻ .
5) ഞാൻ എൻ്റെ ഭാര്യയുടെ അമ്മയോടൊപ്പമാണ് യുദ്ധകാലത്ത് താമസിച്ചത് ;യുദ്ധം എന്തെന്ന് എനിക്ക് ശരിക്കും മനസ്സിലായി. എന്തെന്നാൽ ഞാൻ ഭാര്യയുടെ അമ്മയുമായി വഴക്കടിക്കുകയായിരുന്നു.
വാസ്ലാവ് നിഷിൻസ്കി ,
പോളിഷ് ഡാൻസർ .
കാലമുദ്രകൾ
1)അയ്യപ്പപ്പണിക്കർ.
സുകുമാർ അഴീക്കോട് തിരുവനനന്തപുരത്ത് ചെല്ലുമ്പോൾ ചിലപ്പോഴൊക്കെ അയ്യപ്പപ്പണിക്കരുടെ വീട്ടിൽ താമസിക്കുമായിരുന്നു.ഇത്തരം സൗഹൃദങ്ങൾ ഇന്നില്ല.
2)വൈക്കം മുഹമ്മദ് ബഷീർ.
കൊച്ചിയിലെ ബഷീഴ്സ് ബുക്ക് സ്റ്റാൾ ചങ്ങമ്പുഴ ,എം.പി.പോൾ ,മുണ്ടശ്ശേരി തുടങ്ങിയ വ്യത്യസ്തരെ കൂട്ടിയിണക്കിയ ഒരു ബൗദ്ധികകേന്ദ്രമായിരുന്നു.
3)അടൂർ ഗോപാലകൃഷ്ണൻ .
അടൂർ ഗോപാലകൃഷ്ണൻ്റെ 'അനന്തരം ' എന്ന സിനിമ സാഹിത്യകാരന്മാരെ പൊതുവേ വല്ലാതെ ആകർഷിച്ചു.കാരണം അതിൻ്റെ ക്രാഫ്റ്റ് ഒരു ചെറുകഥയിലെ ഫാൻ്റസി പോലെ ക്രമം തെറ്റിയുള്ളതായിരുന്നു.
4) പല്ലാവൂർ അപ്പുമാരാർ.
ഒരു കലാശാലയ്ക്കോ ,ഗവേഷണ ഗൈഡുകൾക്കോ പല്ലാവൂർ അപ്പുമാരാരെ സൃഷ്ടിക്കാനാവില്ല. തായമ്പകയിൽ ഒരു ജീനിയസ് പതിറ്റാണ്ടുകൾ പ്രവർത്തിക്കുമ്പോഴാണ് ആ അത്ഭുതം സംഭവിക്കുന്നത്. സാമ്പത്തിക ശാസ്ത്രത്തിൽ അമർത്യസെന്നിനേക്കാൾ വലിയ പ്രഭാവമാണ് തായമ്പകയിൽ അപ്പുമാരാർ .
5) കോവിലൻ.
'തട്ടകം' എഴുതിയ കോവിലിനു കോഴിക്കോട് സർവകലാശാല ആദര ഡോക്ടറേറ്റ് പ്രഖ്യാപിച്ചെങ്കിലും രോഗബാധ മൂലം അത് വാങ്ങാനാവാതെ അന്തരിക്കുകയായിരുന്നു അദ്ദേഹം.അത് ഇനിയും നല്കാതിരിക്കുന്നത് പ്രതിഷേധാർഹമാണെന്നുള്ള എം.എ.റഹ്മാൻ്റെ വാട്സ് ആപ്പ് പോസ്റ്റ് കണ്ടു.
രോഗിയെ എങ്ങനെ നോക്കണം ?
നമ്മുടെ കാലഘട്ടത്തിലെ സൂക്ഷ്മ ഗ്രാഹിയായിരുന്ന സ്വാമി നിർമ്മലാനന്ദഗിരിയുടെ ഒരു പ്രഭാഷണം ( അറിയപ്പെടാത്ത വൈദിക ആയുർവ്വേദം ,ഗുരുപ്രഭ ,ഏപ്രിൽ ജൂൺ) വായിച്ചു. എന്നോ മറഞ്ഞു പോയ കുറെ അറിവുകൾ സ്വാമി കാരുണ്യത്തോടെ തന്ന തോന്നലുണ്ടായി.ആ പ്രഭാഷണത്തിൽ നിന്ന്: " എൻ്റെ അച്ഛൻ രോഗിയായി കിടക്കുമ്പോൾ ,ഞാൻ പോയി കാണുന്നത് രോഗിയെ മാത്രമല്ല ,എൻ്റെ അച്ഛനെ കൂടിയാണ്. വൈദ്യനും രോഗിയുമായുള്ള ബന്ധത്തിൽ വൈദ്യൻ കാണേണ്ടത് എന്തിനെയാണെന്ന ധാരണ വൈദ്യർക്കുണ്ട്.വൈദ്യൻ കാണേണ്ടത് രോഗത്തെയല്ല . ലക്ഷോപലക്ഷം വരുന്ന കോശങ്ങളോടുകൂടിയ ഒരു വ്യക്തിയുടെ ,വളരെ കുറഞ്ഞ കോശങ്ങൾ രോഗബാധിതമാകുമ്പോൾ ആ കോശങ്ങളെപ്പറ്റി മാത്രം ചിന്തിക്കുന്ന ഒരു വൈദ്യനു രോഗിയെ രക്ഷിക്കാനാവില്ലെന്നാണ് വൈദ്യശാസ്ത്രത്തിൻ്റെ പൊരുളായി വൈദികർ എണ്ണുന്നത്. "
രോഗിയെ കണ്ട് മടങ്ങുന്നവൻ്റെ മനസ്സിൽ ആ കിടപ്പ് സ്വപ്നമായി ഉരുത്തിരിഞ്ഞ് പ്രവർത്തിക്കുമത്രേ. ചിന്ത രോഗത്തിലേക്ക് നയിക്കുകയാണ്.എന്നാൽ വൈദ്യൻ രോഗിയെ ആകെയാണ് കാണേണ്ടത്.
ഗാന്ധി'ജി' എന്ന് എഴുതില്ല!
രാജേന്ദ്രൻ എടത്തുംകരയുടെ ഞാനും ബുദ്ധനും, കിളിമഞ്ജാരോ ബുക്ക് സ്റ്റാൾ എന്നീ നോവലുകളെപ്പറ്റി ലക്ഷ്മി പി എഴുതിയ ലേഖനം 'ബുദ്ധൻ ,ആൺമ ,പ്രണയം: മൗനത്തിനും വാക്കിനുമിടയിൽ ' (സാഹിത്യചക്രവാളം, ജൂലൈ ) ബുദ്ധനെക്കുറിച്ചള്ള ചിന്തകളാൽ മുഖരിതമാവുന്നു.
എടത്തുംകര ബുദ്ധിയും ആസ്വാദനശേഷിയുമുള്ള എഴുത്തുകാരനാണ്. ലേഖനത്തിൽ ഒരിടത്ത് 'ഗാന്ധിയുടെ രാഷ്ട്രീയ സമരായുധമായ അഹിംസ ബുദ്ധൻ്റെതാണ്.' എന്ന് എഴുതിയിരിക്കുന്നു. നവ അദ്ധ്യാപക എഴുത്തുകാർ ഗാന്ധിജിയെ ഗാന്ധിയെന്നേ വിളിക്കൂ. അവരുടെ കാഴ്ചപ്പാടിൽ ഗാന്ധിജിയിൽ ആദരിക്കത്തക്കതായ ഒന്നുമില്ല .കോളജ് അധ്യാപകർക്ക് വേണ്ടി കേരള സാഹിത്യഅക്കാദമി അണിയിച്ചൊരുക്കുന്ന 'സാഹിത്യ ചക്രവാള'ത്തിലെ പ്രവർത്തകരും ഗാന്ധി എന്ന വാക്കിനു മുന്നിൽ ആ മഹത്തായ ' ജി' എഴുതിച്ചേർക്കില്ല! ആ 'ജി'യിലുള്ളത് ഇന്ത്യൻ സ്വാതന്ത്ര്യസമരത്തോട് ജനങ്ങൾ പ്രകടിപ്പിച്ച ആദരവാണുള്ളത്. അത് മനസ്സിലാക്കാൻ കഴിവ് വേണം.
ബുദ്ധനിൽ അഹിംസയുണ്ടെങ്കിലും ഗാന്ധിജി ദക്ഷിണാഫ്രിക്കയിലെ സ്വാതന്ത്ര്യസമര കാലത്ത് സ്വീകരിച്ച അഹിംസ എന്ന ആശയം ടോൾസ്റ്റോയിയുടേതാണ്. ടോൾസ്റ്റോയിയുമായി അദ്ദേഹം നടത്തിയ കത്തിടപാടുകൾ ഈ വിഷയത്തിലൂന്നിയുള്ളതാണ്.
നശിക്കാത്ത കാവ്യചേതന.
ആതിര ആർ എഴുതിയ 'കാട്ടുകവിത ' (മാത്യഭൂമി ആഴ്ചപ്പതിപ്പ് ,ജൂൺ 28) നശിക്കാത്ത കാവ്യചേതനയെ കാണിച്ചു തന്നു.
"തൊട്ടുതലോടിയില്ലെങ്കിലും
കാട്ടുപൂവു വിടരുമെന്നതു പോലെ
വൃത്തത്താലലങ്കരിച്ചില്ലെങ്കിലും
കാട്ടുകവിത താളം പിടിക്കും."
എൻ.ബി.സുരേഷിൻ്റെ 'കിനാസൈക്കിൾ' (ഭാഷാപോഷിണി ,മെയ് ) എന്ന കവിത ഒരു സൈക്കിളോട്ടക്കാരൻ്റെ സമസ്യകൾ ചിത്രീകരിക്കുന്നു. സ്വന്തം പാത തേടിയ യാത്രക്കാരൻ വിഷണ്ണനാവുന്നു:
"ഓരോ സൈക്കിളിനും
ഓരോ വഴിയില്ലേ
അതിലെൻ്റെ സൈക്കിളിൻ
വഴിയേതാ...
മുന്നോട്ടും പിന്നോട്ടുമൊഴുകുന്ന
പാതയിൽ
കാലത്തെയും വിളിച്ച് എനിക്ക്
പിന്നോട്ടുപായണം'' .
പ്രസാധനം മാറുന്നു
കൊറോണയുടെ കാലത്തെ അടച്ചിരുപ്പ് പ്രസാധനത്തിലും പുതിയ പരിശീലനമാവുകയാണ്. ലെനിൻ എഴുത്തുകാരനോട് നിങ്ങൾ ബൂർഷ്വാ പ്രസാധകനിൽ നിന്ന് സ്വതന്ത്രനാണോ എന്ന് ചോദിച്ചതോർക്കുകയാണ്. സാധാരണ എഴുത്തുകാർക്ക് ഇത് പ്രശ്നമാണ് എന്നും. പ്രസാധകരെ ചുറ്റിപ്പറ്റി നടക്കുന്ന ഒരു കൂട്ടം എഴുത്തുകാർ സാംസ്കാരിക പ്രഭുക്കളായി സ്വയം ചമയുകയും മറ്റുള്ളവരെ തടസ്സപ്പെടുത്തുകയും ചെയ്യും. തങ്ങളും തങ്ങളുടെ കൂട്ടാളികളും മതി സാംസ്കാരിക രംഗത്ത് എന്ന ഹിംസാത്മകമായ സമീപനം സ്വീകരിക്കുന്ന ഇവർ എത്ര വേണമെങ്കിലും കഥയോ കവിതയോ എഴുതി മറ്റ് എഴുത്തുകാർ കടന്നു വരുന്നതിനെ ചെറുത്തുകൊണ്ടിരിക്കും.
ഇതിനു പരിഹാരമായി ദൈവം കൊണ്ടുവന്ന ഓൺലൈൻ പ്ളാറ്റ്ഫോമുകളും ഡിജിറ്റൽ ലൈബ്രറികളും സജീവമാകുയാണ്.
ഏതൊരാൾക്കും തൻ്റെ പുസ്തകങ്ങളുടെ പി.ഡി.എഫ് ഫോർമാറ്റുകൾ യഥേഷ്ടം ഓൺലൈനിൽ പ്രദർശിപ്പിക്കാനും വില്ക്കാനും ഇതിലൂടെ സാധിക്കും. ആമസോൺ ഇപ്പോൾ തന്നെ ഇത് ചെയ്യുന്നുണ്ട്.ഇത് കൂടുതൽ വ്യാപകമാകണം. വ്യക്തികൾക്ക് സ്വന്തമായി ചെയ്യാവുന്നതാണിത്.
ഡിജിറ്റൽ ലൈബ്രറി ഡിജിറ്റൽ ഉല്പന്നങ്ങൾ (ഫോട്ടോകൾ ,പി.ഡി.എഫുകൾ ,ഇ ബുക്കുകൾ ,ഇ മാഗസിനുകൾ തുടങ്ങിയവ) തരം തിരിച്ച് എന്നേക്കും സൂക്ഷിക്കാനും ആവശ്യക്കാർക്ക് ഇൻ്റർനെറ്റിൽ ഉപയോഗിക്കാനും സഹായിക്കുന്നു. നമ്മുടെ നാട്ടിൽ ഇപ്പോഴും ഒരു ഡിജിറ്റൽ ലൈബ്രറിയില്ല.
അക്ഷരജാലകം/ഇൻസ്റ്റഗ്രാമിൻ്റെ പത്തുവർഷങ്ങൾ.july 20
എം.കെ.ഹരികുമാർ
9995312097
Email : mkharikumar797@gmail.com
ഇൻസ്റ്റഗ്രാമിൻ്റെ പത്തുവർഷങ്ങൾ.
ലോകത്തിലെ
ഏറ്റവും തിരക്കുള്ള ഇൻ്റർനെറ്റ് സമൂഹമാധ്യമ സൈറ്റായ ഇൻസ്റ്റഗ്രാമിൻ്റെ
പത്തു വർഷങ്ങൾ സാംസ്കാരിക ജീവിതത്തെ ജനാധിപത്യപരമായി വികസിപ്പിക്കുന്നതിലും
പരിവർത്തിപ്പിക്കുന്നതിലും മുഖ്യപങ്കു വഹിച്ചു.
ഇരുപത്തിയൊന്നാം
നൂറ്റാണ്ടിലെ ഡിജിറ്റൽ മോഡേണിസമാണിത്. ഇത് കഴിഞ്ഞ നൂറ്റാണ്ടിലെ
ആധുനികതയെയും ഉത്തരാധുനികതയെയും അട്ടിമറിച്ച് കല ,സൗന്ദര്യം ,പ്രേക്ഷകർ
,അനുഭവം ,അസ്തിത്വം തുടങ്ങിയ വിഷയങ്ങളിൽ ചിന്താപരമായി സമൂല പരിവർത്തനം
വരുത്തി.
2010 ഒക്ടോബറിൽ അമേരിക്കൻ യുവാക്കളായ കെവിൻ സിസ്ട്രോം, മൈക്ക് ക്രീഗർ എന്നിവർ ചേർന്നാണ് ഇൻസ്റ്റഗ്രാം ആരംഭിച്ചത്.
ആധുനികതയുടെ
കാലഘട്ടം പഴയതിനെയെല്ലാം തള്ളി നവോത്ഥാനത്തെയും ശാസ്ത്രയുക്തിയെയും
മുറുകെപ്പിടിച്ചു. മാമൂലുകളെ അത് വെല്ലുവിളിച്ചു. എന്നാൽ 1940 നു ശേഷം വന്ന
ഉത്തരാധുനികത ബൃഹത് വിചാരസംഹിത
(മെറ്റാ നരേറ്റീവ്സ് )കളെ ( ചരിത്രം
,മനശ്ശാസ്ത്രം ,ദേശീയത ,ശാസ്ത്രം )യെല്ലാം നിരാകരിച്ചു. മനുഷ്യൻ്റെ സെക്സ്
,വാസന ,വികാരം തുടങ്ങിയവയെല്ലാം പ്രതിജന ഭിന്നമാണെന്നും അതെല്ലാം
സമൂഹത്തിൻ്റെ നിർമ്മിതിയാണെന്നും അവർ വാദിച്ചു.അതുകൊണ്ട് അതെല്ലാം അവർ
എഴുതി നിർമ്മിച്ചെടുത്തു.
എന്നാൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടോടു കൂടി ഉത്തരാധുനികതയുടെ സ്വത്വ നിർമ്മിതിയും സംസ്കാരപഠനവും
പഴഞ്ചരക്കുകളായി മാറുകയാണ്.പുതിയ വിചാര കാലാവസ്ഥയും അനുഭവങ്ങളും ഉദയം
ചെയ്തിരിക്കുന്നു. സമ്പൂർണമായ ഒരു വീക്ഷണ വ്യതിയാനം സംഭവിച്ചിരിക്കുകയാണ്.
ഡിജിറ്റൽ
,ടെലിവിഷൻ ലൈവ് ഇൻറർനെറ്റ് ,സമൂഹമാധ്യമ ശൃംഖലകളിലൂടെയും വ്യക്തി
നിർമ്മിതികളിലൂടെയും പുതിയൊരു ലോകം നമ്മുടെ മുമ്പിൽ അനാവരണം
ചെയ്യുകയാണ്.ഇവിടെ പഴയതോ പുതിയതോ ഇല്ല; വെറും ലൈവ് മാത്രം. കഴിഞ്ഞ
നൂറ്റാണ്ടിലെ സാമ്രാജ്യത്വാനന്തര പഠനങ്ങളും ചിന്തകളും ഫേസ്ബുക്ക്
,ഇൻസ്റ്റഗ്രാം സമൂഹനിർമ്മിതികളിലൂടെ റദ്ദാക്കപ്പെട്ടിരിക്കയാണ്. ഇതാണ്
ഉത്തര- ഉത്തരാധുനികതയുടെ പരിസരം .
ഇൻസ്റ്റഗ്രാമിൽ
ഫെമിനിസമോ,പ്രത്യേക നാടുവാഴി സംഘമോ ,സാംസ്കാരിക ദുഷ്പ്രഭുക്കളോ ഇല്ല. അതിനു
അവിടെ പ്രസക്തിയില്ല .ഇത് കാണികളുടെ കളിയാണ് ;പരമ്പരാഗത കളിക്കാരോ
,കളിസ്ഥലമോ ഇല്ല .ചിത്രകാരന്മാർക്ക് മാത്രമായി ഉണ്ടായിരുന്ന മ്യൂസിയങ്ങൾ
ഇവിടെയില്ല .മ്യൂസിയത്തിൽ വെറുതെ കാണികളായി ചുറ്റിത്തിരിഞ്ഞിരുന്ന പ്രേക്ഷക
സമൂഹം സ്രഷ്ടാക്കളായി മാറിയിരിക്കുന്നു.ഇത് വിമോചനത്തിൻ്റെ ധൂസരമായ നവ
ആകാശമാണ്.
300 ദശലക്ഷം ഫോട്ടോകൾ
ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട്
ഉണ്ടെങ്കിൽ ഒരാൾക്ക് യഥേഷ്ടം ഫോട്ടോകൾ കൈമാറാം. മുപ്പത് സെക്കൻഡുള്ള
വീഡിയോകൾ പോസ്റ്റ് ചെയ്യാം.ഒരു ദിവസം മുന്നൂറ് ദശലക്ഷം ഫോട്ടോകൾ ഇവിടെ
പ്രത്യക്ഷപ്പെടുകയാണ്. 510000 കമൻറുകളാണ് വരുന്നത്.മുപ്പത്തഞ്ച് ഭാഷകളിൽ
ലഭിക്കുന്ന ഇൻസ്റ്റഗ്രാമിനു ഇപ്പോൾ ആയിരം ദശലക്ഷത്തിനു മുകളിൽ
വരിക്കാരുണ്ട്.
സൗന്ദര്യസങ്കല്പത്തെ മാറ്റിയത് ഈ
ആപ്പാണ്.സെലിബ്രിറ്റികളുടെയോ കാമറാമാൻന്മാരുടെയോ കാഴ്ചകൾക്ക് മൂല്യം
നഷ്ടപ്പെട്ടിരിക്കുന്നു. ഇവിടെ ആരും ജയിക്കുന്നുമില്ല ,തോല്ക്കുന്നുമില്ല.
ഏതൊരാളും
ഫോട്ടോജനിക്കാവുകയാണ് ,സെൽഫികളിലൂടെ.ഡിജിറ്റൽ കാമറകൾ നമ്മെ
പുന:സൃഷ്ടിച്ചിരിക്കുന്നു. അത് നമ്മടെ അസ്തിത്വത്തെ പുന:സംവിധാനം ചെയ്ത്
അവതരിപ്പിക്കുകയാണ്. കലാചരിത്ര മോ ,കലാകാരന്മാരുടെ സ്കൂളുകളോ അലട്ടാത്ത
ശാഖയാണ് സെൽഫി. അത് വ്യക്തിയുടെ ലൈവ് അസ്തിത്വമാണ്.
ഭക്ഷണവും
യാത്രയും പരിസ്ഥിതിയും മൃഗങ്ങളും, ഫോട്ടോകളായി രംഗപ്രവേശം ചെയ്യുകയാണ്.
ഇതെല്ലാം ഇൻസ്റ്റഗ്രാമിൻ്റെ ഫോട്ടോ ഷെയറിംഗ് പ്ളാറ്റ്ഫോമിൽ കലാവസ്തുക്കളായി
രൂപാന്തരപ്പെടുന്നു. ഒരു ഗ്ലാസ് കോഫി ഇൻസ്റ്റഗ്രാമിൽ സുന്ദരമായ ഒരു
പെയിൻ്റിംഗായി മാറുന്നു. ഫോട്ടോയും പെയിൻ്റിംഗുമായുള്ള വ്യത്യാസം
ഇല്ലാതാക്കിയത് ഈ നവ മൊബൈൽ കാമറയാണ്.അതിലൂടെ നമ്മളും നമ്മളുടെ ലോകവും
കൂടുതൽ സുന്ദരമാകുന്നു.
സംസ്കാരത്തിൻ്റെ ഉല്പാദകർ.
ഇൻസ്റ്റഗ്രാമിൽ
പോസ്റ്റ് ഇംപ്രഷണിസ്റ്റ് കലാകാരന്മാരായ റെന്വേ, മാറ്റിസ് തുടങ്ങിയവരുടെ
ചിത്രങ്ങൾ പോലെ ലോകം അവതരിക്കുകയാണ്. യഥാർത്ഥ ലോകത്തേക്കാൾ
സുന്ദരമാണിത്.റെന്വേ വരച്ചപ്പോൾ ലോകം കൂടുതൽ മനോഹരമായി. അതിനു സമാനമായ
രീതിയിൽ, ഡിജിറ്റൽ അനുഭവം ഉരുത്തിരിയുകയാണ്.ഇൻസ്റ്റഗ്രാം ഫോട്ടോകൾ ഒരാളെ
സാംസ്കാരിക ജീവിയാക്കുന്നു. കാരണം ഒരു ഫോട്ടോ എടുത്ത് പോസ്റ്റ്
ചെയ്യുന്നതോടെ അയാൾ സംസ്കാരത്തിൻ്റെ ഉല്പാദകനായി മാറുന്നു. സംസ്കാരം ഇന്ന്
കലാകാരന്മാരുടെയോ ,എഴുത്തുകാരുടെയോ ,പൈതൃക കലാരൂപങ്ങളുടെയോ ,പുരാതന
നഗരികളുടെയോ കുത്തകയല്ല .സംസ്കാരം ഒരു അഭിജാത ജീവിതരീതിയല്ല; അത് ഉപഭോഗമാണ്
,വേഗതയാണ് ,സാങ്കേതികതയാണ് ,അനുഭവമാണ്, ഭക്ഷണമാണ് .
ലക്ഷക്കണക്കിന്
ഇൻസ്റ്റഗ്രാം ഫോട്ടോകൾ എല്ലാം സുന്ദരമാണെങ്കിലും സൂക്ഷിച്ചു വയ്ക്കാൻ
ഇടമില്ല .ഒരാൾക്ക് ഒരു ഫോട്ടോയിൽ ഇരുപത് സെക്കൻഡിൽ കൂടുതൽ സമയം
നോക്കാനാവില്ല. അപ്പോഴേക്കും മറ്റു ഫോട്ടോകൾ വരുകയാണല്ലോ .
വാക്കുകൾ.
1)
എല്ലാ ക്ളാസിക്കുകളും ചവറുകളും വായിക്കുക. എല്ലാം നിങ്ങൾക്ക് മനസ്സിലാവും
.എന്നിട്ട് എഴുതുക .നന്നായില്ലെങ്കിൽ ജനാലയിലൂടെ വലിച്ചെറിയുക.
വില്യം ഫോക്നർ ,
അമെരിക്കൻ എഴുത്തുകാരൻ .
2) എഴുതാനുള്ള ആറ് സുവർണ നിയമങ്ങൾ മുന്നോട്ടു വയ്ക്കുന്നു: വായിക്കുക ,വായിക്കുക ,വായിക്കുക ,എഴുതുക,എഴുതുക,എഴുതുക.
ഏണസ്റ്റ് ഗെയ്ൻസ് ,
അമെരിക്കൻ എഴുത്തുകാരൻ .
3) നിങ്ങൾക്ക് എല്ലാ പൂക്കളും പറിച്ചെറിയാൻ കഴിഞ്ഞേക്കും; പക്ഷേ ,വസന്തത്തിൻ്റെ വരവ് തടയാനാകില്ല .
പാബ്ളോ നെരൂദ ,
ചിലിയൻ കവി .
4) എന്താണ് ചരിത്രം ? ഭാവിയിൽ മുഴങ്ങുന്ന ഭൂതകാലത്തിൻ്റെ മുഴക്കമാണത്; ഭാവിയുടെ പ്രതിബിംബം ഭൂതകാലത്തിൽ പതിക്കുകയാണ് .
വിക്ടർ യൂഗോ,
ഫ്രഞ്ച് എഴുത്തുകാരൻ .
5) ജീവിക്കുക എന്നുള്ളത് വളരെ അപൂർവ്വമായ സംഗതിയാണ്; ഭൂരിപക്ഷം പേരും വെറുതെ നിലനില്ക്കുക മാത്രമാണ് ചെയ്യുന്നത്.
ഓസ്ക്കാർ വൈൽഡ് ,
ഐറിഷ് നാടകകൃത്ത്.
കാലമുദ്രകൾ.
1 ) വയലാ വാസുദേവൻ പിള്ള.
ഒരു
കാലത്ത് ഹൈസ്കൂൾ കുട്ടികൾ പോലും വയലാ വാസുദേവൻ പിള്ളയുടെ ഒരു നാടകം
കളിക്കണമെന്ന് ആഗ്രഹിച്ചിരുന്നു.എന്നാൽ പിന്നീട് അതെല്ലാം നഷ്ടമായി.
അഭിരുചികൾക്ക് നാശം സംഭവിച്ചുകൊണ്ടിരിക്കുന്നു.
2) പി.എൻ.മേനോൻ.
ഒരു
കാലഘട്ടത്തിലെ ചലച്ചിത്രാവബോധത്തെ യഥാതഥവും മാനവികവുമാക്കുന്നതിൽ
എ.വിൻസൻ്റ് ,കെ എസ് .സേതുമാധവൻ എന്നിവരുടെ കാലത്തു തന്നെ പി.എൻ .മേനോൻ
അർത്ഥവത്തായ ഇടപെടലുകൾ നടത്തി.
3) എം.എൻ.വിജയൻ.
അധ്യാപനം ഒരു യാഥാസ്ഥിതിക പ്രവൃത്തിയാണെന്ന് പറഞ്ഞ എം. എൻ .വിജയൻ പക്ഷേ ,കലാലയങ്ങളിൽ വിദ്യാർത്ഥി രാഷ്ട്രീയം വേണമെന്ന് വാദിച്ചു.
4) അക്കിത്തം.
നിരാശയുടെ
ഭാവുകത്വപരമായ പ്രതിസന്ധികളിൽപ്പെട്ടപ്പോഴാണ് അക്കിത്തം 'ഇടിഞ്ഞു പൊളിഞ്ഞ
ലോകം' എഴുതിയത്. എന്നാൽ അക്കിത്തം പെട്ടെന്ന് അതീതമായ മറ്റൊരു
തലത്തിലേക്ക് ഉയർന്നു.
5) എം.സുകുമാരൻ.
ആക്രി പെറുക്കുന്ന
കുഞ്ഞാപ്പുവിനെ കേന്ദ്ര കഥാപാത്രമാക്കി 'കുഞ്ഞാപ്പുവിൻ്റെ ദു:സ്വപ്നങ്ങൾ '
എന്ന കഥയെഴുതിയ സുകുമാരൻ അതിൽ രാഷ്ട്രീയം നഷ്ടപ്പെട്ട ഇന്ത്യൻ യുവത്വത്തെ
അതിൻ്റെ ആന്തരികതയിൽ വരച്ചുകാണിച്ചു.
ഇൻറർനെറ്റും എഴുത്തുകാരും
സമൂഹ
മാധ്യമങ്ങളിൽ ,സാഹിത്യത്തെ ഗൗരവത്തിൽ കാണുന്ന എഴുത്തുകാർ എങ്ങനെ
ഇടപെടണമെന്നത് അനുഭവപാഠങ്ങൾ കൊണ്ട് പറയാനാകും. രാഷ്ട്രീയ നേതാക്കൾക്ക്
അവിടെ താരതമ്യേന നല്ല ഇടമാണ്. കാരണം അവർക്ക് അനുയായികളുണ്ട്. സൈബർ ഗുണ്ട
എന്നൊക്കെ പേരിടുന്നതിൻ്റെ പശ്ചാത്തലമിതാണ്. എന്നാൽ അഭിരുചിക്ക് വല്ലാത്ത
നാശം സംഭവിച്ച ഈ കാലത്ത് ഒരാൾ തൻ്റെ ഗാഢമായ അനുഭവങ്ങളെ
വ്യാഖ്യാനിക്കുന്നതിനു ഫേസ് ബുക്കിലോ വാട്‌സ്ആപ്പിലോ വോട്ടെടുപ്പ്
നടത്തുന്നത് അർത്ഥശൂന്യമാണ്.നിർഭാഗ്യവശാൽ ചില സാഹിത്യകാരന്മാരും അവരെ
പിന്തുണയ്ക്കുന്നവരും സൈബർ ഗുണ്ട എന്ന പേര് സ്വന്തമാക്കാൻ
ശ്രമിക്കുകയാണ്.
ഇരുപത്തഞ്ച് പ്രസാധകർ തള്ളിക്കളഞ്ഞ ജോനഥൻ
ലിവിംഗ്സ്റ്റൺ സീഗൾ ( റിച്ചാർഡ് ബാക്) എന്ന നോവൽ പിന്നീട് ഒരു വൻ വിജയമായത്
നാം കണ്ടതാണ്. എന്നാൽ ഇത് ഫേസ്ബുക്കിലിട്ടാൽ യാതൊരു അഭിരുചിയുമില്ലാത്തവർ
അഹങ്കാരത്തോടെ വന്ന് വിധി കല്പിക്കും. അതിലെങ്ങനെയാണ് എഴുത്തുകാരൻ
ഇടപെടുന്നത്. ?സാഹിത്യത്തിൽ മുഷ്ടി ബലത്തിനോ സംഘശക്തിക്കോ അല്ല സ്ഥാനം
;അഭിരുചിക്കാണ്.ഒരാളുടെ ബൗദ്ധികവും ദാർശനികവുമായ കഴിവുകളുടെ ആകെത്തുകയാണ്
അയാളുടെ അഭിരുചി .എന്തും ആസ്വദിക്കാൻ പറ്റുന്ന തരത്തിലേക്ക് എല്ലാവർക്കും
എത്തിച്ചേരാനാവില്ല.
ഒരാൾ സ്വന്തം അഭിരുചിയുടെ ബലത്തിലാണ് യു.പി. ജയരാജ്
,വി .പി .ശിവകുമാർ തുടങ്ങിയ കഥാകൃത്തുക്കളെ വായിക്കുന്നത്. സാധാരണഗതിയിൽ
ഇവരിൽ എത്തിച്ചേരാൻ വ്യത്യസ്തമായ അഭിരുചി വേണം. അതിനു അധിക്ഷേപിച്ചിട്ട്
കാര്യമില്ല .
സമൂഹമാധ്യമങ്ങളിൽ ,കാര്യഗൗരവമുള്ള ഒരെഴുത്തുകാരനും അഭിരുചി യില്ലാത്തവരുമായി തർക്കത്തിന് പോകരുത്; സമയം നഷ്ടപ്പെടും .
പുനർവായന
ബഷീറിൻ്റെ
'വിശ്വവിഖ്യാതമായ മൂക്കി'നെ ലൈംഗികതയുടെ ചിഹ്നമായി കണ്ടുകൊണ്ട് ഡോ.
രാകേഷ് ചെറുകോട് എഴുതിയത് ( സത്യാനന്തര കാലത്തെ വിശ്വവിഖ്യാതമായ മൂക്ക്,
മാതൃഭൂമി ആഴ്ചപ്പതിപ്പ് , ജൂലായ് 12) വായിച്ചു.കലാശാലാ അദ്ധ്യാപകർക്ക്
ഗവേഷണത്തിനായി തിരഞ്ഞെടുക്കുന്ന വിഷയങ്ങൾ ഇതുപോലെ ലേഖനമായി എഴുതുമ്പോൾ
കിട്ടുന്ന സുഖം ചെറുതല്ല .
ഇതേ ലക്കത്തിൽ ചിത്രകാരൻ എ.എസ്സിനെക്കുറിച്ച് ജെ.ആർ.പ്രസാദ് എഴുതിയ ലേഖനം പുതിയ അറിവുകൾ നല്കി.
കവിതയുടെ പുനർജനി
ശിവദാസ്
പുറമേരിയുടെ 'ഭൂപടത്തിൽ ഇല്ലാത്തത് ' ( മലയാളം വാരിക ,ജൂലൈ 2 ) എന്ന കവിത
അമർത്തപ്പെട്ട സ്വപ്നങ്ങളെ സർഗാത്മകമായി അവിഷ്കരിക്കുന്നു .വൈകാരിക
ശക്തിയുള്ള ഈ കവിത ആരെയും പ്രബുദ്ധതയിലേക്ക് നയിക്കും.ഈ വരികളിൽ അത് കാണാം:
"ഉറക്കത്തിൻ്റെ
ഊടുവഴിയിലൂടെ നടന്നു നടന്നു
ചിലപ്പോൾ നീ എത്തിച്ചേരുക
മരിച്ചതു പോലെ മറന്നു പോയ
നിൻ്റെ പഴയ
വീട്ടുമുറ്റത്തായിരിക്കും.
നിനക്കേറെയിഷ്ടപ്പെട്ട
പാർവ്വതിപ്പൂക്കളും
ചെമ്പരത്തിയും
പതിവിലുമേറെ ഭംഗിയോടെ
വിരിഞ്ഞു നില്ക്കും."
പി.എൻ.ഗോപീകൃഷ്ണൻ
എഴുതിയ 'ഉപനിഷത്തും ബാക്ടീരിയയും ' എന്ന കവിത (മാതൃഭൂമി ആഴ്ചപ്പതിപ്പ്
,ജൂലായ് 12 ) വ്യത്യസ്തമായി. സ്വയം നിരീക്ഷിക്കുന്ന കവി താനൊരു നിരാസ്പദമായ
ശൂന്യതയാണെന്ന് തിരിച്ചറിയുകയാണ്.
ശിവം
ശിവൻ്റെ
കഴുത്തിലണിഞ്ഞ വാസുകി സർപ്പത്തിൻ്റെയും ശരീരത്തിലണിഞ്ഞ വിഷസർപ്പങ്ങളുടെയും
അർത്ഥം രാജഗോപാൽ മുക്കാട്ടുകര (ഗുരുപ്രഭ ,ജലായ്) ഇങ്ങനെ വിശദീകരിക്കുന്നു:
സർപ്പങ്ങൾ നമ്മുടെ വികാരവിചാരങ്ങളെ പ്രതിനിധീകരിക്കുന്നു. ആ
വികാരവിചാരങ്ങളെ നിയന്ത്രിച്ച് ബന്ധിച്ച് നമുക്ക് അലങ്കാര
ആഭരണങ്ങളാക്കാമെന്ന് ഇത് കാണിച്ചു തരുന്നു.
അക്ഷരജാലകം/സിസേക്ക് ,വാക്സിൻ ,ജനാധിപത്യം/metrovartha ,july 27
എം.കെ.ഹരികുമാർ
9995312097
Email : mkharikumar797@gmail.com
സിസേക്ക് ,വാക്സിൻ ,ജനാധിപത്യം
"കൊറോണ
ഒരു ജനാധിപത്യമാണ്. കാരണം അതിനു ഡോക്ടറെന്നോ സിനിമാനടനെന്നോ രാഷ്ട്രീയ
നേതാവെന്നോ തൊഴിലാളിയെന്നോ മതനേതാവെന്നോ വ്യത്യാസമില്ല .അതുകൊണ്ടെന്താ ? ആ
ജനാധിപത്യബോധം നമ്മളും കാണിക്കണം" -സ്ലൊവേനിയൻ കമ്മ്യൂണിസ്റ്റ് ചിന്തകനും
മനശ്ശാസ്ത്രജനും സൈദ്ധാന്തികനുമായ സ്ലവോജ് സിസേക്ക് എഴുതിയ 'പാൻഡെമിക്
:കോവിഡ് 19- ഷേക്ക് ദ് വേൾഡ്' എന്ന കൃതിയിലാണ് ഇങ്ങനെ പറയുന്നത്.കൊറോണയുടെ
വ്യാപനം തുടങ്ങിയ ശേഷം അദ്ദേഹം എഴുതിയ ഈ പുസ്തകം പ്രസിദ്ധീകരിച്ചത് ന്യൂ
യോർക്കിലെ ഓ ആർ ബുക്സാണ്.
പുസ്തകത്തിനു നല്ല സ്വീകാര്യത
ലഭിച്ചു.ആഗോള രാഷ്ട്രീയത്തിൽ ജനങ്ങൾ പിന്തള്ളപ്പെടുന്നു എന്ന വാദമാണ്
അദ്ദേഹം മുഖ്യമായും ഇതിൽ അവതരിപ്പിക്കുന്നത്. ജീവിച്ചിരിക്കുന്ന
സൈദ്ധാന്തകരിൽ വളരെ അറിയപ്പെടുന്നയാളാണ് സിസേക്ക്; അദ്ദേഹത്തിനു കൂടുതലും
സ്വീകാര്യത ലഭിച്ചിട്ടുള്ളത് മാർക്സിസ്റ്റ് ഫോറങ്ങളിലാണ്. ലിവിംഗ് ഇൻ ദ്
എൻഡ് ടൈംസ് ,ദ് സബ്ളൈം ഓബ്ജക്റ്റ് ഓഫ് ഐഡിയോളജി തുടങ്ങി വേറെയും പുസ്തകങ്ങൾ
അദ്ദേഹത്തിൻ്റേതായുണ്ട്.
കൊറോണയുടെ ജനാധിപത്യം നമ്മൾ പാലിക്കേണ്ടത്
എല്ലാ വ്യത്യാസങ്ങളും മറന്ന് ആഗോള ഐക്യദാർഢ്യം
പാലിക്കുന്നതിലൂടെയായിരിക്കണം. നമ്മുടെ ചെറിയ വ്യത്യാസങ്ങൾ മറക്കണം. തമ്മിൽ
കാണാതെയും തൊടാതെയും ആഗോള ഐക്യം ആവാം. സ്വയം ഏകാന്തവാസത്തിനു പോകുമ്പോഴും
നമ്മൾ അകലെയല്ല എന്ന് തിരിച്ചറിയണം - സിസേക്ക് വിശദീകരിക്കുന്നു. എന്നാൽ
സമകാലിക രാഷ്ട്രീയത്തിൽ ജനങ്ങൾ പിന്തള്ളപ്പെടുന്നതിനു ചില ഉദാഹരണങ്ങൾ
അദ്ദേഹം നിരത്തുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനം കൊറോണക്കാലത്ത് യാതൊരു
മര്യാദയും പാലിക്കാതെ യുദ്ധ അഭയാർത്ഥികളെ തുർക്കി യൂറോപ്പിലേക്ക്
തള്ളിവിട്ടതാണ്. സി റിയയിൽ തുർക്കിയും അസദ് ഭരണകൂടവും (റഷ്യയുടെ
പിന്തുണയോടെ ) തമ്മിൽ ഏറ്റുമുട്ടിയതിൻ്റെ ഫലമായാണ് അഭയാർത്ഥികൾ ഉണ്ടായത്.
എന്നാൽ തങ്ങൾക്ക് ഉത്തരവാദിത്തമുണ്ടായിട്ടും തുർക്കി ഒഴിഞ്ഞു മാറുകയും
അതിൻ്റെ ഭാരം യൂറോപ്യൻ രാജ്യങ്ങളുടെ തലയിൽ വയ്ക്കാൻ ശ്രമിക്കുകയുമാണ്
ചെയ്യുന്നത്. ഇത് ജനങ്ങളെ ഉൾക്കൊള്ളാത്ത പുതിയ രാഷ്ട്രീയമാണ്. ചൈനയിൽ
സംഭവിച്ച കൊറോണ വ്യാപനം ജനങ്ങളെ വിശ്വസിക്കാത്തതിൻ്റെ ഫലമാണെന്ന് ഹോങ്കോങ്
പത്രപ്രവർത്തകനായ വെർനാ യു പറഞ്ഞത് സിസേക്ക് ഉദ്ധരിക്കുന്നുണ്ട്. '' ചൈനയിൽ
അഭിപ്രായ സ്വാതന്ത്ര്യമില്ലാതിരുന്നത് വൈറസ് വേഗം പടരാനിടയാക്കി. ചൈനീസ്
സർക്കാർ ജനങ്ങളെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യും. എന്നാൽ
വിശ്വസിക്കില്ല ." വെർനാ യു ചൂണ്ടിക്കാട്ടുന്നു. അവിടെ എതിർശബ്ദം
പുറപ്പെടുവിക്കുന്നത് ആരായാലും അവർ പെട്ടെന്ന് ഏതാനും ആഴ്ചക്കാലത്തേക്ക്
അപ്രത്യക്ഷരാവും. പിന്നീട് അവർ പ്രത്യക്ഷപ്പെടുമ്പോൾ അവരുടെ മേൽ ധാരാളം
കുറ്റങ്ങൾ ചുമത്തിക്കഴിഞ്ഞിട്ടുണ്ടാവും .അധികാരത്തിനു മാത്രമാണ് അവിടെ
വിലയുള്ളത്.കൊറോണ കഴിഞ്ഞാൽ എല്ലാ ശനി ,ഞായർ ദിവസങ്ങളും ജോലിക്ക് ഹാജരാകാൻ
തയ്യാറായിക്കൊള്ളാൻ ചൈനീസ് സർക്കാർ അറിയിച്ചു കഴിഞ്ഞു.
കൊറോണക്കാലത്തിനു
ശേഷം ജനങ്ങളിലും ശാസ്ത്രത്തിലും വിശ്വസിക്കുന്ന ഒരു പുതിയ കമ്മ്യൂണിസം
ഉണ്ടാകുമെന്നാണ് സിസേക്കിൻ്റെ പ്രതീക്ഷ. ഒരാഗോള ആരോഗ്യ നിരീക്ഷണ ശ്രംഖല
വേണമെന്നും ലോകാരോഗ്യ സംഘടനയ്ക്ക് എക്സിക്യൂട്ടീവ് അധികാരങ്ങൾ
ആവശ്യമാണെന്നും അദ്ദേഹം പറയുന്നു.
വാക്സിൻ മെഡിക്കൽ ഭാവുകത്വം
കൊറോണയ്ക്ക്
വാക്സിൻ കണ്ടു പിടിക്കാൻ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഊർജിതമായ ശ്രമങ്ങൾ
നടക്കുകയാണ്.ബ്രിട്ടനിൽ വാക്സിൻ്റെ പരീക്ഷണം തുടങ്ങി. ഇപ്പോൾ തന്നെ
രാജ്യങ്ങൾ അതിനു ഓർഡർ നല്കി ക്യൂ നില്ക്കുകയാണ് .ഇത് ഒരു പുതിയ
ജനാധിപത്യവും ആഗോള ആരോഗ്യ സാഹോദര്യവും ശാസ്ത്ര സംവേദനത്തിൻ്റെ
നവാധുനികതയുമാണ്.ഒരു ജൈവ ജനാധിപത്യ റിപ്പബ്ളിക്കായി കൊറോണ വാക്സിൻ
രൂപാന്തരപ്പെടും. ഒരു മരുന്നിൻ്റെ ആഗോള യാത്ര പുതിയ മെഡിക്കൽ ഭാവുകത്വമായി
വികസിക്കും. അതായത് ,മനുഷ്യർ അവരുടെ ദൈവത്തെ വിട്ട് ഒരു
ശാസ്ത്രയുക്തിയിലേക്ക് കൂട്ടത്തോടെ വരുകയും സംവേദനപരമായി എല്ലാവരും
തുല്യരാവുകയും ചെയ്യും .
കൊറോണ വൈറസ് ഒരു വിഭിന്നവും വിഭ്രാമകവുമായ
അസ്തിത്വമാണ്. അത് നമ്മേപ്പോലെ ഏകാംഗ അസ്തിത്വമല്ല .അത് എകമല്ല;
ബഹുശതമാണ്. അതിൻ്റെ അസ്തിത്വം അനന്ത സാധ്യതകളുടേതാണ്.ഒരു വൈറസ് എന്ന
തനിമയിൽ നിലനില്ക്കെത്തന്നെ അത് പലയിടത്തും പലതായി ജീവിക്കുകയാണ്. എ എന്ന
വ്യക്തിയെപ്പോലെ അത് ഒരു ശരീരമായി ജീവിച്ച് മരിക്കുകയല്ല; മറിച്ച് ഒരേ സമയം
അനേകം സാങ്കല്പിക ശരീരങ്ങളായി തുല്യ അളവിൽ വിഭജിച്ചോ, വിഭിന്ന
അസ്തിത്വങ്ങളായി പെരുകി ജനിച്ചോ ജീവിക്കുകയാണ്. വൈറസിൻ്റെ ജീവിതം ബഹുമുഖവും
സർവ്വവ്യാപിയും മനുഷ്യരെ തന്നെ ഉപയോഗിച്ച് പെരുകി
വ്യാപിക്കുന്നതുമായതുകൊണ്ട് അതിനെതിരെ മാനവരാശി പ്രയോഗിക്കുന്ന സർവ്വസംഹാരി
എന്ന നിലയിൽ വാക്സിൻ ഒരു ജൈവ ജനാധിപത്യമാവുകയാണ്.
ജനാധിപത്യത്തിൽ
വിശ്വസിക്കാത്ത ,ജനങ്ങളിൽ വിശ്വസിക്കാത്ത രാഷ്ട്രങ്ങളും നേതാക്കളും വാക്സിൻ
ഉപയോഗിക്കാൻ കാത്തു നില്ക്കുകയാണ്.അതിൻ്റെ സമ്പാദനവും ഉപയോഗവും ചില
രാജ്യങ്ങളിലെങ്കിലും ജനാധിപത്യപരമായിരിക്കില്ല എന്നും അനുമാനിക്കാം.
വാക്കുകൾ
1)തൊഴിലാളികളുടെ ജീവിതത്തെക്കുറിച്ച് എഴുതാൻ അവസരം കിട്ടുന്നത് ഏറ്റവും മഹത്തായ ബഹുമതിയായി കാണുന്നവരിൽ ഒരാളാണ് ഞാൻ .
മിഖായേൽ ഷൊളഖോവ് ,
റഷ്യൻ നോവലിസ്റ്റ് ,
2)ആളുകളിൽ ചീത്തവശം കാണാൻ ശ്രമിക്കുന്നവർ തീർച്ചയായും അത് കാണും.
എബ്രഹാം ലിങ്കൺ ,
മുൻ അമെരിക്കൻ പ്രസിഡൻറ് .
3)നിഷ്കളങ്കമായ കണ്ണുകൾ കൊണ്ട് നോക്കിയാൽ എല്ലാം ദൈവികമാണ്.
ഫെഡറിക്കോ ഫെല്ലിനി,
ഇറ്റാലിയൻ സംവിധായകൻ
4) കല നമ്മുടെ മനസ്സിലെ പരമരഹസ്യങ്ങൾ അനാവരണം ചെയ്യുന്നതുകൊണ്ടാണ് അതിലേക്ക് ആകർഷിക്കപ്പെടുന്നത്.
ഷാൻ ലുക് ഗൊദാർദ് .
ഫ്രഞ്ച് ,സ്വിസ് സംവിധായകൻ
5) ദൈവവുമായുള്ള ഇടപാടിൽ എനിക്ക് സമാധാനമുണ്ട്. എന്നാൽ മനുഷ്യനുമായി ഞാൻ എപ്പോഴും സംഘട്ടനത്തിലാണ്.
ചാർളി ചാപ്ളിൻ,
ഇംഗ്ളീഷ് ചലച്ചിത്രകാരൻ .
കാലമുദ്രകൾ
1) എം.മുകുന്ദൻ.
എം.മുകുന്ദൻ്റെ 'കേശവൻ്റെ വിലാപങ്ങൾ' എന്ന നോവൽ പരോക്ഷമായി ഇ.എം.എസ്സിനെ വിമർശിച്ച് എഴുതിയതാണ്.
2) പൊൻകുന്നം വർക്കി.
'അന്തോണീ നീയും അച്ചനായോടാ ' എന്ന പേരിലുള്ള രൂക്ഷമായ രചന നിർവ്വഹിക്കാൻ ഒരേയൊരു പൊൻകുന്നം വർക്കി മാത്രമേ ഉണ്ടായിട്ടുള്ളു.
3)എം.പി.മന്മഥൻ.
പ്രഭാഷണത്തിൻ്റെ സർവ്വമർമ്മവും അറിഞ്ഞ എം.പി.മൻന്മഥൻ ഫലിതത്തിലും മുൻപന്തിയിൽ തന്നെയായിരുന്നു.
4)എ.രാമചന്ദ്രൻ.
പ്രമുഖ
ഇന്ത്യൻ ചിത്രകാരനും മലയാളിയുമായ എ.രാമചന്ദ്രൻ ഒരു അഭിമുഖത്തിൽ പറഞ്ഞു:
അജന്ത യിലെയും എല്ലോറയിലും ഗുഹാ ചിത്രങ്ങൾ കാണാൻ കൂട്ടാക്കാത്ത
ചിത്രകാരന്മാർ പാശ്ചാത്യ കലാകാരന്മാരെയും ക്യൂറേറ്റർമാരെയും തേടി
നടക്കുന്നത് തെറ്റായ കാഴ്ചപ്പാടിൻ്റെ ഫലമാണ്.
5)എ.അയ്യപ്പൻ.
ഒരു
പ്രത്യയശാസ്ത്രത്തിനു മുന്നിലും തലകുനിക്കാത്ത അയ്യപ്പൻ്റെ കവിത ഓരോ ദിവസം
കഴിയുന്തോറും അതിൻ്റെ വജ്രകാന്തി കൂടുതൽ ശക്തിയോടെ പ്രസരിപ്പിക്കുകയാണ്.
പെണ്ണ് എഴുതുന്നു.
ഒരു
പെണ്ണ് എഴുതുന്നതിനു ഈ കാലത്ത് പ്രത്യേകമായ സ്ഥാനമുണ്ട്. പക്ഷേ
,സാഹിത്യോത്സവങ്ങളിൽ പെണ്ണിൻ്റെ എഴുത്തിനെ പ്രതിനിധീകരിച്ചുവരുന്നവരുടെ
കാര്യമല്ല പറയുന്നത്. അവിടെ സാംസ്കാരിക പ്രഭുത്വത്തിൻ്റെ കൈമാറ്റവും
ആഘോഷവുമാണ് നടക്കുന്നത്.ഇതിനു നേരെ വിപരീതമാണ് പെണ്ണ് അവളുടെ ചുട്ടുപഴുത്ത
ജീവിതത്തെക്കുറിച്ച് എഴുതി കവിതയെയും കഥയെയും അമ്ളപൂരിതമാക്കുന്നത്.
കെ.വി.സുമിത്ര
എഴുതിയ "ചത്ത മീനിൻ്റെ കണ്ണുള്ളവളെ ,നക്ഷത്രക്കണ്ണുള്ളവൾ എന്ന്
വിളിക്കുന്നവരോട്... " എന്ന കവിത (ഗ്രന്ഥാലോകം ,ജൂൺ) സമീപകാലത്തു വന്ന
ശ്രദ്ധേയമായ രചനയാണ്.ഈ കവിതയിലെ പെണ്ണ് അവളുടെ ചുട്ടുപഴുത്ത ഓർമ്മകളെയും
തീപ്പിടിച്ച മനസ്സിനെയും കാണിച്ചു തരുന്നു. എങ്ങനെയാണ് ജീവിതം അതിൻ്റെ
അനുഭവത്തിൽ എത്രമാത്രം തിക്തവും നിന്ദ്യവുമായിരിക്കുന്നതെന്ന് കവിത
വിശദീകരിക്കുന്നു. സത്യസന്ധമാണിത്.
" ഇടയ്ക്കിടെ ചോരയിറ്റുന്ന
കാലിടുക്കുകളിലും
അകം നാരുകളിലും
ചുട്ടുകരിഞ്ഞു
തീപ്പൊള്ളലേറ്റവൾ
നിലവിളിക്കുമ്പോൾ
വീടു മാത്രം
അവളുടെയൊപ്പം
വിളി കേൾക്കുന്നു.
ഓരോ മൂലയിലും
അവൾ നട്ടുനനച്ച
സ്നേഹത്തൈകൾ
വളർന്ന് പന്തലിച്ചു
ഒരു പൂങ്കാവനമായി
അവളെ ചുറ്റി തലോടുന്നു."
കവിതയിൽ ഒരിടത്ത് വർഷങ്ങൾക്ക് മുൻപേ മരിച്ചവളാണ് താനെന്ന് സൂചിപ്പിക്കുന്നു. എന്നിട്ട് ഇങ്ങനെ കുറിക്കുന്നു:
"മരണം പോലും
പ്രണയത്തോടെ
നോക്കി നിന്നവൾ
മരണത്തിൽ നിന്നിറങ്ങി
മരണപ്പെട്ടു ജീവിക്കുന്നവൾ... "
അതേസമയം
അനിതാ തമ്പി എഴുതിയ ' മുരിങ്ങ വാഴ കറിവേപ്പ്' (മാത്യഭൂമി ആഴ്ചപ്പതിപ്പ്
,ജൂലൈ 19 ) എന്താണെന്ന് വ്യക്തമാവുന്നില്ല. ഈ കവിതയിൽ കവിയെ കാണാനില്ല.
യാതൊരു അലട്ടലുമില്ലാതെ ഈ കോവിഡ് കാലത്ത് എങ്ങനെ ഈ വിധം 'ബൂർഷ്വാ 'കവിത
എഴുതാൻ കഴിയുന്നു ?'ബൂർഷ്വാ എന്ന് പ്രയോഗിച്ചത് ആലങ്കാരികമായാണ്. ഒരു
പെണ്ണിൻ്റെ ,സാധാരണക്കാരുടെ ജീവിതത്തോട് യാതൊരു വൈകാരിക ബന്ധവുമില്ലാത്ത
എന്ന ർത്ഥത്തിലാണ്.ഇതിനിടയിൽ മുരിങ്ങത്തോരൻ ഉണ്ടാക്കുന്നതിൻ്റെ
പാചകക്കുറിപ്പ് കവിത എന്ന പോലെ ചേർത്തിരിക്കുന്നു! കർക്കിടകത്തിൽ മുരിങ്ങ
കറിക്ക് ഉപയോഗിക്കാറില്ല എന്ന അറിവും കവിക്ക് ഇല്ലാതെ പോയി. ഈ
കാലഘട്ടത്തിലെ പല രചനകളെപ്പോലെ ഇതും വികാരശൂന്യമാണ്. ചുറ്റുവട്ടവുമായി
വൈകാരിക ബന്ധമില്ലാത്ത കവികളും കഥാകൃത്തുക്കളുമാണ് ഇപ്പോൾ ആനുകാലികങ്ങളിൽ
നിറയുന്നത്.
200 നോവലുകൾ.
മലയാളത്തിലെ ഇരുനൂറ് നോവലുകൾ
തിരഞ്ഞെടുക്കുകയാണ് കോട്ടയത്തെ ഒരു പ്രസാധക സംഘം. അവർ അതിനായി മൂവായിരം
പേജുള്ള ഒരു റീഡേഴ്സ് ഡൈജസ്റ്റ് പുറത്തിറക്കുകയാണ്.ഇതിൻ്റെ പരസ്യം വന്നു
കഴിഞ്ഞു. പരസ്യത്തിൽ തങ്ങളാണ് ആ ഇരുനൂറിൽ പ്രധാനപ്പെട്ടവർ എന്ന മട്ടിൽ
ഇപ്പോൾ നോവലുകൾ പുഷ്പം പോലെ എഴുതിവിടുന്ന കുറെ ചെറുപ്പക്കാരുടെ ഫോട്ടോകൾ
കൊടുത്തിട്ടുണ്ട്. ഇതിൽ നിന്ന് മനസ്സിലാവുന്നത് ഈ അഭിനവ എഴുത്തുകാരുടെ
ക്ളിക്ക് ആണ് ഈ ആശയത്തിന് പിറകിൽ പ്രവർത്തിച്ചത് എന്നാണ് .ഇത് അപകടകരമാണ്.
പരസ്പരം സ്പോൺസർ ചെയ്യുന്ന എഴുത്തുകാരുടെ ഗൂഢമായ തന്ത്രങ്ങളിൽ നിന്ന് മലയാള
നോവലിനെ രക്ഷിക്കേണ്ടതുണ്ട്. മറ്റൊരു പ്രധാന കാര്യം ,ഇതുപോലുള്ള റീഡേഴ്സ്
ഡൈജസ്റ്റ് ഇറക്കുമ്പോൾ അതിൽ ജീവിച്ചിരിക്കുന്നവരെ ഉൾപ്പെടുത്താനേ പാടില്ല.
കാലത്തിൻ്റെ പരീക്ഷണത്തെ അതിജീവിച്ച കൃതികളാണ് ലിസ്റ്റ് ചെയ്യേണ്ടത്.
അതോടൊപ്പം കാലം വേണ്ട പോലെ ശ്രദ്ധിക്കാതെ തട്ടിക്കളഞ്ഞ നല്ല കൃതികളും.
കെ.സുരേന്ദ്രൻ ,എം.മുകുന്ദൻ ,മേതിൽ രാധാകൃഷ്ണൻ തുടങ്ങിയവരുടെ ഫോട്ടോകൾ
കണ്ടില്ല .ഇവരുടെ സ്ഥാനത്ത് പുതിയ ചില കുട്ടികളെയാണ്
പ്രതിഷ്ഠിച്ചിരിക്കുന്നത്.
ഞാൻ നൂറ് മലയാളനോവൽ തിരഞ്ഞെടുക്കാൻ തീരുമാനിച്ചു.അതിൽ പക്ഷേ, ഒരു ക്ളിക്കും പ്രവർത്തിക്കുകയില്ല.
ബഷീർ മഗ് ,ബാഗ്, ടീ ഷർട്ട്
വൈക്കം
മുഹമ്മദ്ബഷീറിനെ അനുസ്മരിച്ച് മകൾ ഷാഹിന എഴുതിയ ലേഖനം (പ്രഭാതരശ്മി
,ജൂൺ)ഓർമ്മകളുടെ ശുദ്ധമായ ഒഴുക്കായി അനുഭവപ്പെട്ടു.ബഷീറിൻ്റെ മകളായതുകൊണ്ട്
താൻ ജീവിതത്തിൽ വളരെ ബഹുമാനിക്കപ്പെട്ടു എന്ന് അവർ തുറന്നു പറയുന്നു. ബഷീർ
ജന്മശതാബ്ദിയോടനുബന്ധിച്ച് ചെന്നൈയിൽ സംഘടിപ്പിച്ച ഒരു സമ്മേളനത്തിൽ
പങ്കെടുത്ത കാര്യം അവർ ഓർക്കുകയാണ്. അന്ന് ബഷീർ കൃതികളെ കോർത്തിണക്കി ഒരു
ഇംഗ്ളീഷ് നാടകം അവിടെ അരങ്ങേറി.ബഷീറിൻ്റെ ചിത്രവും കഥാപാത്രങ്ങളും ആലേഖനം
ചെയ്ത ബാഗ് ,മഗ് ,ടീഷർട്ട് എന്നിവ അവിടെ പ്രദർശിപ്പിച്ചിരുന്നു. ഷാഹിന ഇതു
പറഞ്ഞത് വിനയായി.നമ്മുടെ കുട്ടി നോവലിസ്റ്റുകൾ ഇനി ഉടനെ മഗ് ,ബാഗ് ,ടീ
ഷർട്ട് നിർമ്മാണത്തിലേക്ക് തിരിയും!.
അഭിമുഖം ,യാത്ര .
കവി
പി.കെ. ഗോപിയുമായി കൂടൽ ഷാജി നടത്തിയ അഭിമുഖത്തിൽ (കലാകൗമുദി, ജൂലായ് 19 )
ഇങ്ങനെ വായിക്കാം: 'ഏഴുത്തിലെ സത്യസന്ധത തെളിയിക്കാൻ കാലത്തിൻ്റെ കണ്ണുകൾ
വേണം'.വളരെ ശരിയായ നിരീക്ഷണമാണ്. പക്ഷേ ,കാലത്തിൻ്റെ കണ്ണുകെട്ടാൻ പ്രസാധന
വ്യവസായികളും അവാർഡ് മുതലാളിമാരും വൃഥാ ശ്രമിക്കുകയാണ്.
'ഇതൾ '
ഡിജിറ്റൽ മാഗസിനിലെ ( ജൂലായ് ) സുബ്രഹ്മണ്യൻ കുറ്റിക്കോലിൻ്റെ 'വീടിനു
കുഴപ്പമില്ലായിരുന്നു' എന്ന കവിത ജീവസ്സുറ്റതാണ്.സുകുമാരൻ പെരിയച്ചൂരിൻ്റെ
'വ്യാസബഷീർ ' എന്ന ലേഖനത്തിൽ വൈക്കം മുഹമ്മദ്ബഷീർ ബീഡി കത്തിച്ച ശേഷം
തീപ്പെട്ടിക്കൊള്ളികൊണ്ട് നിലവിളക്ക് കൊളുത്തി സമ്മേളനം ഉദ്ഘാടനം ചെയ്ത
കാര്യം എഴുതിയിരിക്കുന്നു. രമ്യ എസ് ആനന്ദ് എഴുതിയ ചേന്ദമംഗലത്തിൻ്റെ
സാംസ്കാരിക പെരുമയെക്കു
അക്ഷരജാലകം/പഥേർ പാഞ്ചാലിക്ക് 65,aug 3
എം.കെ.ഹരികുമാർ
9995312097
Email: mkharikumar797@gmail.com
പഥേർ പാഞ്ചാലിക്ക് 65
1955
ലാണ് ബംഗാളി സംവിധായകനായ സത്യജിത് റായി (1921- 1992)യുടെ പഥേർ പാഞ്ചാലി (
ചെറിയ പാതകളുടെ നാടോടി ഗാനം) പുറത്തിറങ്ങിയത്.ഈ ചിത്രം ഇന്ത്യൻ
ചലച്ചിത്രജീവിതത്തിലെ ദീപസ്തംഭമാണ്.ഇത് റായിയുടെ ചലച്ചിത്ര പ്രവേശനത്തിൻ്റെ
അറുപത്തഞ്ചാം വർഷമാണ് .
പഥേർ പാഞ്ചാലിയുടെ പിറവിക്ക് ശേഷം ഇന്നേ
വരെ റായിക്ക് തൻ്റെ കേന്ദ്രീകൃത സ്ഥാനം നഷ്ടപ്പെട്ടിട്ടില്ല .സിനിമയെ
ജീവനായി സ്നേഹിച്ച പില്ക്കാല സംവിധായകരെല്ലാം മനസ്സിൽ റായിയെ
സങ്കല്പിച്ചാണ് മുന്നോട്ടു പോയത്. അദ്ദേഹം സെല്ലുലോയിഡിലെ ഇന്ത്യൻ
ചക്രവർത്തിയായി തുടരുകയാണ്. ഒരാൾക്കും അദ്ദേഹത്തിൻ്റെ മൃദുലവും
ഭാവസ്പർശിയും അന്തരിന്ദ്രിയാത്മകവുമായ ശൈലിയെ മറികടക്കാനായിട്ടില്ല.
ചിത്രത്തിൻ്റെ
നിർമ്മാണം മൂന്നു വർഷം നീണ്ടു പോയി. പണമില്ലാത്തതായിരുന്നു പ്രശ്നം.കടം
വാങ്ങിയും പലവിധത്തിലുള്ള അപമാനം സഹിച്ചുമാണ് ഇന്ത്യയിൽ ഈ ചലച്ചിത്ര
ഇതിഹാസം പിറന്നത്. ബംഗാൾ മുഖ്യമന്ത്രി ഈ ചിത്രത്തിനു പണം മുടക്കാമെന്ന്
പറഞ്ഞതാണ്. എന്നാൽ ചിത്രത്തിൻ്റെ ഒടുവിൽ സംഭവിക്കുന്ന മരണവും
കുടുംബത്തിൻ്റെ നാടുവിടലും ഒഴിവാക്കി കഥ ശുഭസൂചകമാക്കണമെന്ന് അദ്ദേഹം
നിർദ്ദേശിച്ചത് റായ് അംഗീകരിച്ചില്ല.അതിനേക്കാൾ വലിയ വിയോജിപ്പു വന്നത്
'പഥേർ പാഞ്ചാലി ' എന്ന നോവൽ എഴുതിയ ബിഭൂതിഭൂഷൺ ബന്ത്യോപാദ്ധ്യായയിൽ
നിന്നാണ്. ആ കഥ അങ്ങനെയാണ് അവസാനിക്കേണ്ടതെന്ന നിലപാടിൽ ബിഭൂതിഭൂഷൺ ഉറച്ചു
നിന്നു.പരമാവധി ചെലവുചുരുക്കിയാണ് ഷൂട്ടിംഗ് നടത്തിയത്.പലരും
തുടക്കക്കാരായിരുന്നു. പണ്ഡിറ്റ് രവിശങ്കർ സിത്താറിൽ പശ്ചാത്തല സംഗീതം
ഒരുക്കിയതാണ് എടുത്ത് പറയാവുന്നത്.
ഒരു സംവിധായകൻ സിനിമയുടെ
കാര്യത്തിൽ ദൈവമാണ്. ഒരാൾ നടക്കുന്നത് ,ചിരിക്കുന്നത് ,വേഷം ധരിക്കുന്നത്
,ഭക്ഷണം കഴിക്കുന്നത് ,നോക്കുന്നത് ,പ്രകൃതിയിലെ ചലനങ്ങൾ ,വഴിത്താരകൾ
,മരങ്ങൾ ,കാലാവസ്ഥാവ്യതിയാനം തുടങ്ങിയവ എങ്ങനെയായിരിക്കണമെന്ന്
തീരുമാനിക്കുന്നതു പോലെ തന്നെ അയാൾ ഇരുട്ടിനെയും വെളിച്ചത്തെയും
ഓമനിച്ചുകൊണ്ടു നടക്കുകയും ചെയ്യും.
ഛായാഗ്രഹണം എന്ന മാജിക്ക്
ഏറ്റവും
വലിയ അത്ഭുതമാണ് ഒരിക്കലും മൂവി കാമറ കൈകൊണ്ട് തൊട്ടിട്ടില്ലാത്ത ഒരു
സ്റ്റിൽ ഫോട്ടോഗ്രാഫറായ സുബ്രതാ മിത്രയെക്കൊണ്ട് ഛായാഗ്രഹണം ചെയ്യിച്ചത്.
റായിയുടെ വളരെ വൈകാരികവും വ്യക്തിപരവുമായ ഒരു നോട്ടമാണ് കാമറയിലൂടെ നാം
കാണുന്നത് .മഴയത്തും വെയിലത്തും മാറി മാറി ഷൂട്ട് ചെയ്യാൻ പല
സിനിമാട്ടോഗ്രാഫർമാരും തയ്യാറാകാതിരുന്നപ്പോഴാണ് റായ് പുതുമുഖത്തെ
പരീക്ഷിച്ചത്. അദ്ദേഹം അത് ഒരു വെല്ലുവിളിയായി കണ്ടിരിക്കണം. സുബ്രത മിത്ര ,
റായിയുടെ കൈയിൽ ഒരു ഛായാഗ്രഹണ മാജിക്കായി മാറി. അദ്ദേഹം സ്റ്റുഡിയോ
വെളിച്ചത്തെ ഉപയോഗിക്കാൻ തയ്യാറല്ലായിരുന്നു. അദ്ദേഹത്തിനു വേണ്ടത് ഒറിജിനൽ
പകൽ വെട്ടവും പ്രകൃതിയിലെ സ്വാഭാവിക നിറഭേദങ്ങളുമായിരുന്നു. സുബ്രത
റിഫ്ളക്ടറുകൾ ഉപയോഗിച്ച് ബൗൺസ് ലൈറ്റിംഗ് സാധ്യമാക്കി.തൻ്റെ
കാമറാമാനെക്കുറിച്ച് റായ് ഒരിടത്ത് ഇങ്ങനെ എഴുതി: സുബ്രത കാമറ സ്വയം
പഠിച്ചും പരിശീലിച്ചും തനതായ വെളിച്ചത്തെ എങ്ങനെ ഉപയോഗിക്കാമെന്ന്
കണ്ടെത്തി.അത് ഫോട്ടോഗ്രാഫിക് ശൈലിയിലുള്ളതും സത്യസന്ധവും
പ്രകടനാത്മകമാകാത്തതും ആധുനികവുമാണ്. യഥാതഥമായി ഒരു കഥ പറയുകയാണെങ്കിൽ ,ഈ
രീതിയാണ് ഏറ്റവും നല്ലതെന്ന കാര്യത്തിൽ എനിക്കൊരു സംശയവുമില്ല" .
എന്നാൽ
നമ്മൾ ചിത്രത്തിൽ കണ്ടത് യഥാർത്ഥ പ്രകൃതിയുടെ അറിയപ്പെടാത്ത സൗന്ദര്യമാണ്.
സ്നിഗ്ദ്ധവും ജീവത്തായതും സുതാര്യവും ഗാന്ധർവ്വവുമായ ഒരു പ്രകൃതിയാണ്
'പഥേർ പാഞ്ചാലി ' യിലുള്ളത്.
ഈ ചിത്രം ലോകത്ത് തന്നെ പുതിയ
പ്രേക്ഷകരെ സൃഷ്ടിച്ചു. ലോക ചലച്ചിത്രകലയുടെ വ്യാകരണത്തെ സ്വന്തം കാഴ്ച്ചകൾ
കൊണ്ട് റായ് പുനർനിർവ്വചിച്ചു.കാൻ മേളയിലെ അംഗീകാരവും ന്യൂയോർക്കിലെ ആദ്യ
പ്രദർശനവും ഇന്ത്യയിലെ പ്രേക്ഷകരെ കൂടുതൽ ഉത്സുകരാക്കിയെന്നത് നേരാണ്.
യാഥാർത്ഥ്യം തന്നെ സംഗീതം .
'പഥേർ
പാഞ്ചാലി ' അപു എന്ന ബാലൻ്റെയും അവൻ്റെ ദരിദ്രകുടുംബത്തിൻ്റെയും കഥയാണ്
പറയുന്നത്. അവൻ്റെ അച്ഛനും അമ്മയും സഹോദരിയും മുത്തശ്ശിയും അടങ്ങന്നതാണ്
കുടുംബം. അച്ഛൻ ഒരു പുജാരിയാണെങ്കിലും അയാളിൽ ഒരെഴുത്തുകാരനുണ്ട്. എന്നാൽ
ജീവിതം കരപറ്റിക്കാനാവാതെ അലയുന്ന അയാൾക്ക് എല്ലാ ആഗ്രഹങ്ങളും സ്വപ്നമാക്കി
വയ്ക്കേണ്ടി വരുന്നു. അയാൾ നഗരത്തിലേക്ക് പോയ നാളുകളിൽ മകൾ വീട്ടിൽ
പനിപിടിച്ച് മരിക്കുന്നു. കുറേ ദിവസങ്ങൾ കഴിഞ്ഞ് വീട്ടിൽ
തിരിച്ചെത്തുമ്പോഴാണ് മകളുടെ മരണം അറിയുന്നത്. ഒടുവിൽ അവർ വീടുവിട്ടു
മറ്റൊരിടത്തേക്ക് പോകുകയാണ്.
1925 ലാണ് ഈ നോവൽ എഴുതിയത്.അന്നത്തെ
ബംഗാളി ഗ്രാമജീവിതത്തിൻ്റെ ജീവിത യാഥാർത്ഥ്യങ്ങളാണ് നോവലിൽ
ആവിഷ്കരിച്ചതെങ്കിലും റായ് അതിനെ വസ്തുതാവിവരണം എന്ന നിലയിലല്ല
ചിത്രീകരിച്ചത്.തൻ്റെ സൗന്ദര്യബോധത്തെയാണ് റായ് ആഴത്തിൽ സമീപിച്ചത്.ഒരു
പുതിയ റിയലിസമാണിത്.അറുപത്തഞ്ച് വർഷങ്ങൾക്ക് ശേഷവും പഥേർ പാഞ്ചാലി
കൊതിപ്പിക്കുന്നു. ഇനിയും പലതും കണ്ടെത്താനുള്ളതുപോലെ. റായ് ജീവിതത്തെ
കാണുന്നതോടൊപ്പം അത് ഖനനം ചെയ്യുകയുമാണ്. ജീവിതചിത്രങ്ങൾ ഇവിടെ
കവിതയാകുന്നു. ഇവിടെ ഓരോ ഷോട്ടും കവിതയ്ക്കപ്പുറം സംഗീതാത്മകമാകുകയാണ്.
കുളത്തിൽ പ്രാണികൾ തത്തിക്കളിക്കുന്നത് ,മുത്തശ്ശി നടന്നു വരുന്നത് ,അവർ
ഒരു പറമ്പിൽ മരിച്ചു കിടക്കുന്നത് ,കുട്ടികൾ മഴ നനയുന്നത് എത്ര
മനോഹരമാണെന്ന് വിവരിക്കാനാവില്ല .മഴയ്ക്ക് മുമ്പുള്ള ചില സീനുകൾ, സംഗീതം
പോലെ ദൃശ്യങ്ങൾ വരുന്നത് അനുഭവിപ്പിക്കും. പൊയ്കയിൽ ഇലകൾ കാറ്റിലിളകുന്നത്
,അപു ഓടുന്നത് ,പാടത്ത് ചെറു ചെടികൾ മഴയിലും കാറ്റിലും ആടുന്നത്
ചലച്ചിത്രഭാഷയെ സംഗീതാത്മക യാഥാർത്ഥ്യം എന്ന തലത്തിലേക്കുയർത്തുന്നു.
ബ്രിട്ടീഷ്
ചലച്ചിത്ര വിമർശകനായ ഡെറക് മാൽകം സിനിമയുടെ നൂറാം വർഷത്തിൽ ലോക സിനിമയിൽ
നിന്ന് മികച്ച നൂറ് സിനിമകൾ തിരഞ്ഞെടുത്തു. ആ ലിസ്റ്റിൽ ഇന്ത്യയിൽ നിന്ന്
ഒരേയൊരു സിനിമയാണ് ഇടം പിടിച്ചത്.അത് 'പഥേർ പാഞ്ചാലി 'യായിരുന്നു.
വാക്കുകൾ
1)യഥാർത്ഥ
സമത്വം എന്ന് പറഞ്ഞാൽ എല്ലാവരെയും ഒരേ പോലെ പരിഗണിക്കുക എന്നല്ല
അർത്ഥം;ഓരോരുത്തരുടെയും വ്യത്യസ്ത ആവശ്യങ്ങളെ ഒരേ പോലെ അഭിമുഖീകരിക്കുക
എന്നാണ് .
ടെറി ഈഗിൾടൺ ,
ബ്രിട്ടീഷ് സാഹിത്യവിമർശകൻ.
2) ഒന്നും എന്നേക്കും നിലനില്ക്കില്ല .അവസാനം മാഞ്ഞു പോകാത്തതായി ഒരു ഓർമ്മയോ വസ്തുവോ അവശേഷിക്കില്ല ;അതെത്ര തീവ്രമായിരുന്നാലും .
ഹ്വാൻ റുൾഫോ ,
മെക്സിക്കൻ എഴുത്തുകാരൻ .
3) ആധുനിക ചിത്രകാരൻ സ്ഥലകാലങ്ങളുമായാണ് ഇടപെടുന്നത് ;വരയ്ക്കുക എന്നതിലുപരി അയാൾ വികാരങ്ങളാണ് ആവിഷ്കരിക്കുന്നത്.
ജാക്സൺ പൊള്ളോക്ക് ,
അമെരിക്കൻ ചിത്രകാരൻ
4)വസ്തുക്കൾക്ക്
ചുറ്റും നിശ്ശബ്ദതകൾ സൃഷ്ടിച്ചുകൊണ്ട് വാക്കുകൾ അടിഞ്ഞുകൂടി തടയപ്പെട്ട
യാഥാർത്ഥ്യത്തെ ശുദ്ധീകരിച്ചെടുക്കുകയാണ് കവിതയുടെ ജോലി.
സ്റ്റീഫൻ മല്ലാർമെ .
ഫ്രഞ്ച് കവി.
5) ഒരു കവിതയിൽ എന്താണ് പറയുന്നതെന്ന് നോക്കേണ്ടതില്ല; കവിത എന്താണെന്ന് നോക്കിയാൽ മതി.
ഐ.എ. റിച്ചാർഡ്സ് ,
ഇംഗ്ളീഷ് സാഹിത്യവിമർശകൻ
കാലമുദ്രകൾ
1)ഡി. ശ്രീമാൻ നമ്പൂതിരി
വേദസാഹിത്യത്തിൻ്റെ
പരിഭാഷയും മറ്റുമായി ശ്രീമാൻ നമ്പൂതിരി കുറെ കൃതികൾ രചിച്ച് വീട്ടിൽ
സൂക്ഷിച്ചിരുന്നു. ഇപ്പോൾ ശ്രീമാൻ നമ്പൂതിരിയുടെ പേരിൽ അവാർഡുണ്ട്.പക്ഷേ
,അദ്ദേഹത്തിൻ്റെ പുസ്തകങ്ങൾ എങ്ങുമില്ല.
2)എൻ.എൻ. കക്കാട്.
ജീവിത
സായന്തനത്തിൽ വിഷാദത്തോടെ അലസമായി ഭാവിയിലേക്ക് നോക്കുന്ന 'സഫലമീ യാത്ര'
എന്ന കവിതയുടെ പ്രമേയം ഒരു സാർവ്വലൗകിക മനശ്ശാസ്ത്രമാണ്.
3)എസ്.കെ .പൊറ്റെക്കാട്.
എസ്.കെ.പൊറ്റെക്കാട്
ലോകത്ത് പോകാവുന്ന രാജ്യങ്ങളിലൊക്കെ പോവുകയും അതിനെക്കുറിച്ചൊക്കെ
എഴുതുകയും ചെയ്തു. പില്ക്കാല എഴുത്തുകാരെ ഏറ്റവും സ്വാധീനിച്ചത്
എസ്.കെയാണ്.പിറന്നു വീഴുന്ന ഓരോ സാഹിത്യകാരനും ഇപ്പോൾ യാത്ര പോവുകയും
അതേക്കുറിച്ച് എഴുതുകയും ചെയ്യുകയാണ്!
4) പോഞ്ഞിക്കര റാഫി.
പോഞ്ഞിക്കര
റാഫിയും സെബീനാറാഫിയും ചേർന്നെഴുതിയ 'കലിയുഗം' എന്ന ബൃഹത് താത്ത്വിക
ഗ്രന്ഥം മലയാള പ്രസാധകർ തമസ്കരിച്ചു. ഒരു കോപ്പി എങ്ങുമില്ല.
5) ഉണ്ണികൃഷ്ണൻ തിരുവാഴിയോട്.
ലയനം
,നീലാകാശത്തിലെ ചുവന്ന ഞൊറികൾ ,ഹിപ്പി ,ഒരു ധ്വനി ആയിരം പ്രതിധ്വനി
തുടങ്ങിയ മനോഹര നോവലുകൾ എഴുതിയ ഉണ്ണികൃഷ്ണൻ തിരുവാഴിയോട് അറുപതുകൾക്ക് ശേഷം
വന്ന എണ്ണം പറഞ്ഞ എഴുത്തുകാരിലൊരാളാണ്.
ലൂയിസ് പീറ്ററിന് സ്നേഹപൂർവ്വം.
അന്തരിച്ച
ലൂയിസ് പീറ്ററിനെക്കുറിച്ച് പലരും കുറിപ്പുകളെഴുതിയതു കണ്ടു. റോസി തമ്പി
ഫേസ്ബുക്കിലാണ് എഴുതിയത്.അതിൽ ലൂയിസിനു ശരിക്കും ഭ്രാന്തായിരുന്നെന്നും അത്
അഭിനയമായിരുന്നില്ലെന്നും കുറിച്ചിരിക്കുന്നു. തൻ്റെ കവിതയുടെ
വായനക്കാരനായാണ് റോസി ലൂയിസിനെ അവതരിപ്പിക്കുന്നത്. ലൂയിസിൻ്റെ ഒരു
കവിതയുടെ പേരോ ,രണ്ടു വരികളോ ചേർത്തിട്ടില്ല.റോസിക്ക് ഒരു
അനുശോചനക്കുറിപ്പ് എഴുതാനും അറിയില്ല .മരണമടഞ്ഞ ഒരാളെക്കുറിച്ച് എഴുതുമ്പോൾ
നമ്മളെ വലുതാക്കി കാണിക്കുകയല്ല വേണ്ടത്. റോസിയുടെ കുറിപ്പിലെ ആദ്യ വാചകം
ഞെട്ടിക്കും: 'എനിക്കയാൾ ആരുമല്ലായിരുന്നു'. മറ്റൊരിടത്ത് എഴുതുന്നു, ഒരു
കിലോ പഞ്ചസാര ഒരു ദിവസം തികയില്ലായിരുന്നു എന്ന് .വീട്ടിൽ വന്നവർക്ക് ചായ
കൊടുത്ത കാര്യമാണ് പറയുന്നത്!
എം.വി.ഷാജി ചുഴലി വാട്സപ്പിൽ എഴുതിയ
കുറിപ്പിൽ ഇങ്ങനെ വായിക്കാം: അയ്യപ്പൻ്റെ പല കവിതകളും ആവർത്തനങ്ങളാണ്.
ലൂയിസ് പീറ്ററെ ഞാൻ വായിച്ചിട്ടില്ല. കള്ളുകുടി ആദർശവത്ക്കരിക്കേണ്ട
കാര്യമില്ല .ലൂയിസ് പീറ്റർ പ്രതിഭയായിരുന്നിരിക്കാം .ഇത്തരക്കാരെ
ആദർശവത്ക്കരിച്ച് നശിപ്പിക്കരുത്." അന്തരിച്ച കവിയെ താൻ
അപമാനിച്ചിട്ടില്ലെന്നും അദ്ദേഹത്തെക്കുറിച്ച് എഴുതുന്ന ചിലരെയാണ്
ഉദ്ദേശിച്ചതെന്നും ഷാജി തന്നെ പിന്നീട് വിശദീകരിക്കുന്നു. പക്ഷേ ,മുകളിൽ
കൊടുത്ത വാക്യങ്ങൾ അത് ശരിവയ്ക്കുമോ എന്നറിയില്ല.
കവിയുടെ സമ്പത്തോ
,സദാചാരമോ നോക്കി കവിത വായിക്കാനാവില്ല .കൊലപാതകി (നോർമൻ മേലർ)യും
മോഷ്ടാ(ഷെനെ )വും ആയ എഴുത്തുകാരെ ലോകം ആദരിച്ചിട്ടുള്ള അനുഭവമാണ്
നമുക്കുള്ളത്.കുടുംബമോ പദവിയോ ഇല്ലാത്ത ഒരു കവിയെ പരാമർശിക്കുമ്പോൾ നമ്മുടെ
മൂല്യങ്ങൾ ഒരളവുകോലായി സ്വീകരിക്കരുതെന്ന് അഭ്യർത്ഥിക്കുന്നു.
ഫായിസിൻ്റെ വീട്ടുമലയാളം
കിഴിശ്ശേരി
കുഴിഞ്ഞൊളം അക്കരമ്മൽ അബ്ദുൾ മുനീറിൻ്റെ മകനായ അബ്ദുൾ ഫായിസ് എന്ന നാലാം
ക്ളാസ്സുകാരൻ വീട്ടിൽ കടലാസു പൂവുണ്ടാക്കുമ്പോൾ തനിയെ പറഞ്ഞ വാക്കുകൾ
ഇപ്പോൾ മലബാർ മിൽമ അവരുടെ പരസ്യ വാചകമാക്കിയിരിക്കുന്നു. ''ചെലോൽത്
റെഡ്യാവും, ചെലോത്ത് റെഡ്യാവൂല .ഇൻ്റേത് റെഡ്യായിട്ടില്ല. ന്നാലും
ഞമ്മക്കൊരു കൊയപ്പൂല്യ" .
ഇതാണ് ഫായിസ് പറഞ്ഞത്. അവൻ തന്നെ ഇത് മൊബൈലിൽ
റെക്കോർഡ് ചെയ്യുന്നുണ്ടായിരുന്നു. സഹോദരിമാർ കണ്ടതിനെ തുടർന്ന് അവർ
പിതാവിനു അയച്ചുകൊടുത്തു. അദ്ദേഹം അത് ബന്ധുക്കൾക്ക് അയച്ചതോടെ സോഷ്യൽ
മീഡിയയിൽ എത്തി വൈറലായി.
ഫായീസ് ഒരു പുതിയ മലയാളം തന്നു.
നന്ദിയുണ്ട്. ഭാഷ വികസിക്കുന്നത് അത് ചതുരവടിവുകളെ അതിലംഘിക്കുമ്പോഴാണ്.
നമുക്ക് ഒരു മലയാളമല്ല ഉള്ളത്; ധാരാളം മലയാളങ്ങളുണ്ട്. അത് ചിലപ്പോൾ
വളരുന്നത് ഫായീസുമാരിലൂടെയുമാണ്.
കഥ
പി.എഫ്. മാത്യൂസ്
എഴുതിയ 'വനജ ' (മാത്യഭൂമി ആഴ്ചപ്പതിപ്പ് ,ജൂലായ് 26) ഒരു അലസ രചനയാണ്.
ജീവിത സന്ദർഭങ്ങൾ കൃത്രിമമായി തോന്നി. കഥാകൃത്ത് വിവരിക്കുന്ന കാര്യങ്ങൾ
അനുവാചകനെ സ്പർശിക്കുന്നില്ല .
ഇന്നത്തെ സങ്കീർണമായ ലോകസാഹചര്യങ്ങൾ മലയാള എഴുത്തുകാരെ ബാധിക്കാത്തത് ഏതോ രോഗലക്ഷണമാണ്.
കവികളെയും
ഒന്നും സ്പർശിക്കുന്നില്ല .ഭൂരിപക്ഷം പേരും വികാരരഹിതമായ ഒരു
സുഖചികിത്സയിലാണ്.കല്പറ്റ നാരായണൻ്റെ ഒരു കവിതയുടെ വിഷയം വഴിയിൽ കിടന്ന
ചത്ത ചേരയാണ്. കോവിഡ് ,ഐസൊലേഷൻ വാർഡ് ,പ്രോട്ടോക്കോൾ മരണം തുടങ്ങിയ
കാര്യങ്ങൾ മനസിലേക്ക് കയറില്ല.അതിനു പ്രത്യേക ഇന്ദ്രിയം വേണ്ടി വരും.
അക്ഷരജാലകം/കൊറോണയും വീടിൻ്റെ നാനാർത്ഥങ്ങളും/metrovartha ,aug 10
എം.കെ.ഹരികുമാർ
9995312097
Email: mkharikumar797@gmail.com
കൊറോണയും വീടിൻ്റെ നാനാർത്ഥങ്ങളും
"
നമ്മൾ തടവുകാരാണ്. കൊറോണ നമ്മെ തടവിലാക്കിയിരിക്കുന്നു,
തത്ക്കാലത്തേക്കെങ്കിലും .എന്നാൽ നമ്മൾ പോരാളികളാണ് .മറ്റുള്ളവരുമായി
ആശയവിനിമയം നടത്തേണ്ട, ജാഗ്രത പുലർത്തേണ്ട ,ലോകത്ത് എന്ത് നടക്കുന്നു എന്ന്
പരിശോധിക്കേണ്ട ഉത്തരവാദിത്തം ഐസലോഷനിലാണെങ്കിലും നമ്മൾ എറ്റെടുക്കുന്നു.
ഇതാണ് പുതിയ സമ്മർദ്ദം " _ പ്രമുഖ ഉത്തര-ഉത്തരാധുനിക ചിന്തകനും
പെർഫോമാറ്റിസം എന്ന കലാ സിദ്ധാന്തത്തിൻ്റെ ഉപജ്ഞാതാവുമായ ജർമ്മൻ വിമർശകൻ
റിയോൾ ഇഷെൽമാൻ പറയുന്നു.അദ്ദേഹം ഇപ്പോൾ ജർമ്മനിയിലെ ലുഡ്വിഗ്
യൂണിവേഴ്സിറ്റിയിൽ ഭാഷാശാസ്ത്ര വിഭാഗം പ്രൊഫസറാണ്.
കൊറോണ ചില ആത്മീയ
ചോദ്യങ്ങൾ നമ്മുടെ മുന്നിൽ ഉന്നയിക്കുന്നതായി ഇഷെൽമാൻ അറിയിക്കുന്നു.
മനുഷ്യൻ്റെ നശ്വരതയെക്കുറിച്ചാണ് അത് ചിന്തിപ്പിക്കുന്നത്
.ജീവിതത്തെക്കുറിച്ചുള്ള കാല്പനികമായ ഭ്രമങ്ങൾ കൊഴിഞ്ഞു പോകാൻ
ഇതിടയാക്കിയിട്ടുണ്ട്. മനുഷ്യനെ പിടിച്ചു നിർത്താൻ ഇന്നോളമുള്ള അവൻ്റെ
അറിവ് പോരാതെ വരുന്നു. ഇതാണ് പുതിയ പ്രതിസന്ധി.
മാനവസമുദായത്തെ
ഒന്നായി കാണാൻ കൊറോണയുടെ വരവ് ഇടയാക്കി. ലോകത്ത് എവിടെയുമുള്ള മനുഷ്യർ ഒരേ
പ്രശ്നം നേരിടുന്നു. അവരാകട്ടെ നിസ്സഹായരായി നില്ക്കുകയാണ്. ഇതാണ്
എല്ലാവരുടെയും അസ്തിത്വ പ്രശ്നം. വേഗമായിരുന്നു നമ്മുടെ വലിയ മൂലധനം.
എന്നാൽ ഇപ്പോൾ വേഗത്തിൻ്റെ പത്തി താഴ്ന്നിരിക്കുന്നു. ഇത് ജീവിതത്തിൻ്റെ
ആത്യന്തികമായ ഫലത്തെക്കുറിച്ച് ചിന്തിക്കാൻ മനുഷ്യനെ പ്രേരിപ്പിക്കുകയാണ്.
ഇപ്പോൾ സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും നാം അകന്നു
കഴിയുന്നു.ഇതിൻ്റെയെല്ലാം പരിണതി പിന്നീട് കൂടുതൽ നല്ല രീതിയിൽ വന്നേക്കാം.
ജീവിതവീക്ഷണത്തിലുണ്ടാകുന്ന
മാറ്റം ശ്രദ്ധേയമാവുകയാണ്. ഭൂതകാലത്തിൻ്റെ വലിയൊരു ഭാരം ഇറങ്ങിയെന്ന്
പറയാം.ഉപയോഗശൂന്യമായ അഹംബോധത്തിൻ്റെ മാറാലകൾ ഗതകാലത്തിൻ്റെ അഗാധ
താഴ്വരകളിലേക്ക് വലിച്ചെറിയേണ്ട സമയമാണിത്. രോഗഭീതിയിലാണെങ്കിലും മനുഷ്യനെ
സ്വാതന്ത്ര്യം വിളിക്കുകയാണ്. അവൻ മാറാനായി കാത്ത് നിന്നവനാണ്.ഒരു ബസ്
വന്നില്ലെന്ന് മാത്രം. ഇപ്പോൾ അവൻ പ്രകൃതിയെ അറിയുന്നു. സുഹൃത്തുക്കൾ
എന്താണെന്ന് അന്വേഷിക്കുന്നു. മൗനത്തിലേക്ക് വലിയുന്നു.
വീട്ടിലിരിക്കുന്നത് അപമാനമല്ല ,പരാജയമല്ല എന്ന് തിരിച്ചറിയുന്ന
നിമിഷമാണിത്. കളിസ്ഥലങ്ങൾ നഷ്ടപ്പെടുമ്പോൾ മടങ്ങിച്ചെല്ലാൻ വീട്
മാത്രമാണുള്ളതെന്ന് ഉൾക്കൊള്ളുന്നു. വീടിനു നാനാർത്ഥങ്ങളുണ്ട്. പുറംലോകം
നമ്മെ സ്നേഹിക്കാതാകുമ്പോൾ നാം ഉറച്ച കാൽവയ്പുകളോടെ വീട്ടിലേക്ക്
തിരിക്കണം. വീടിനു ജീവനുണ്ട്.അത് നമ്മെ മൗനമായി സ്നേഹിക്കാൻ തുടങ്ങും.
പുറംലോകമല്ല സംസ്കാരത്തിൻ്റെ ഭുവിഭാഗം എന്ന ബോധം ലഭിക്കാൻ പ്രയാസമാണ്.
അതിപ്പോൾ ലഭിച്ചിരിക്കുന്നു. ആരോഗ്യപരിപാലനം ,പരിസ്ഥിതി ബോധം എന്നീ
വിഷയങ്ങളിലേക്കാണ് നാം വിമോചിപ്പിക്കപ്പെടേണ്ടത്. ഒരു പൊതുനന്മയെ
വ്യാഖ്യാനിക്കേണ്ടത് ഇങ്ങനെയാണ് . ഞാൻ ഇമെയിലിൽ നടത്തിയ ഇൻ്റർവ്യുവിലാണ്
ഇഷെൽമാൻ ഇങ്ങനെ വ്യക്തമാക്കിയത്.2012 ൽ ഇഷെൽമാനുമായി നടത്തിയ ഇ മെയിൽ
ഇൻ്റർവ്യൂ പെർഫോമാറ്റിസം ,ഉത്തര- ഉത്തരാധുനികത എന്നീ വിഷയങ്ങളെ
ആസ്പദമാക്കിയായിരുന്നു. 'ഉത്തര- ഉത്തരാധുനികത' (2012) എന്ന പേരിൽ
പ്രസിദ്ധീകരിച്ച എൻ്റെ പുസ്തകത്തിൽ അത് ചേർത്തിട്ടുണ്ട്.
2001ലാണ്
ഇഷെൽമാൻ പെർഫോമാറ്റിസം എന്ന് ആദ്യമായി പ്രയോഗിച്ചത്.ഒരു നവീന സാഹിത്യ
,കലാചിന്തയുടെ സൈദ്ധാന്തികവും തത്ത്വചിന്താപരവുമായ ആവിഷ്കാരമാണിത്. ഒരു
കൃതിയുടെ ,വാസ്തു നിർമ്മിതിയുടെ ,സിനിമയുടെ ,കലയുടെ അടഞ്ഞ
ലോകത്തിനുള്ളിലാണ് സൗന്ദര്യാത്മകമായ അതീതത്വമുള്ളത്. അനുവാചകൻ അതിൻ്റെ
ഉള്ളടക്കത്തെ യുക്തിക്ക് അതീതമായി വിശ്വസിക്കുന്നു. ഈ വിശ്വാസത്തിനു കാരണം
കലാപരമായ ആവിഷ്കാരം തന്നെയാണ്. മറ്റൊരു പ്രത്യയശാസ്ത്രമോ ആകുലതയോ അനുവാചകനെ
ആ സമയത്ത് അല ട്ടുന്നില്ല. കലയുടെ സ്വയം പ്രഖ്യാപിത ലോകത്തിൻ്റെ
സവിശേഷതയാണിത്.
പെർഫോമാറ്റിസം
ഇതിന് ഒരു നല്ല ഉദാഹരണമായി
അദ്ദേഹം ചൂണ്ടിക്കാട്ടുന്നത് കനേഡിയൻ എഴുത്തുകാരനായ യാൻ മാർട്ടലിൻ്റെ 'ലൈഫ്
ഓഫ് പി' എന്ന നോവലാണ്. ഈ കൃതിയിൽ പി എന്ന യുവാവാണ് കഥ പറയുന്നത്. അവൻ
മനിലയിൽ നിന്ന് വടക്കേ അമേരിക്കയിലേക്കുള്ള യാത്രയിൽ
കപ്പൽച്ചേതമുണ്ടായതിനെ തുടർന്ന് ഒരു ലൈഫ് ബോട്ടിൽ രക്ഷപ്പെടുകയാണ്. ഒടുവിൽ
അതിൽ അവശേഷിച്ചത് പി യും റിച്ചാർഡ് പാർക്കർ എന്ന കടുവയുമാണ്. ഇവർ
മാസങ്ങളോളം കടലിൽ ചുറ്റിത്തിരിഞ്ഞ ശേഷമാണ് കരപറ്റുന്നത്. അവരുടെ ബന്ധം
ഗാഢമായിരുന്നു.എന്നാൽ കരയിൽ ഇറങ്ങിയ കടുവ സാവധാനം നടന്നു; ഒന്നു തിരിഞ്ഞു
നോക്കാതെ അത് കാട്ടിലേക്ക് കയറിപ്പോയി.
പി രക്ഷപ്പെട്ടതറിഞ്ഞ്
ആശുപത്രിയിൽ എത്തിയ ഉദ്യോഗസ്ഥരോട് അവൻ വേറൊരു കഥയാണ് പറയുന്നത്.അതിൽ
കപ്പൽച്ചേതത്തെ തുടർന്ന് ലൈഫ് ബോട്ടിൽ രക്ഷപ്പെട്ടത് പിയും കപ്പലിലെ
പാചകക്കാരനും ഒരു നാവികനും അയാളുടെ അമ്മയുമാണ്. യാത്ര അവസാനിച്ചപ്പോൾ മറ്റ്
മൂവരും കൊല്ലപ്പെട്ടിരുന്നു. പാചകക്കാരൻ മറ്റ് രണ്ടു പേരെ വിശപ്പ്
സഹിക്കാതെ കൊന്നു. പാചകക്കാരനെ പി കൊന്നു.
എന്നാൽ ഈ രണ്ടു കഥകളിൽ
ഏത് വിശ്വസിച്ചാലും തനിക്കൊരു പ്രശ്നവുമില്ലെന്ന് പി അവരെ അറിയിക്കുന്നു.
അവർ കണക്കാക്കിയത് കടുവ ആയി പ്രത്യക്ഷപ്പെട്ടത് പി തന്നെ
ആയിരിക്കുമെന്നാണ്.
പി പറയുന്നത് നുണയാണെങ്കിലും ആ നോവൽ വായിക്കുന്ന
ഒരാൾ അതിലെ ബോട്ട് യാത്രയും ,കടുവയും മനുഷ്യനും തമ്മിലുള്ള ബന്ധവും
വിശ്വസിക്കും.കാരണം നോവലിലുള്ളത് വിശ്വസനീയമാണ്. അത് സൗന്ദര്യത്തെയാണ്
നമ്മിലേക്ക് സംക്രമിപ്പിക്കുന്നത്. ഇതാണ് പെർഫോമാറ്റിസം. കലയ്ക്ക് വേണ്ടത് ഈ
ഗുണമാണ്. യുക്തി കലയുടെ ഭാരമല്ല. യാഥാർത്ഥ്യം തന്നെ ഇരട്ട മുഖമുള്ളതാണെന്ന
അസ്തിത്വപരമായ സമസ്യയാണ് യാൻ മാർട്ടൽ ഇതിൽ പരിശോധിക്കുന്നത്.
വാക്കുകൾ.
1)
നിങ്ങളുടെ കഥയിൽ ഒരു പുതിയ കഥാപാത്രം വരുമ്പോൾ അയാളുടെ പ്രകൃതവും
വസ്ത്രങ്ങളും കുറച്ചു വിശദമായിത്തന്നെ പറയണം.അല്ലെങ്കിൽ വായനക്കാരൻ അവൻ്റെ
സ്വന്തം നിഗമനങ്ങളിലെത്തും. അത് നിങ്ങൾ പിന്നീട് പറയുന്നതുമായി
ഇണങ്ങിയെന്ന് വരില്ല .
സത്യജിത്ത് റായ് ,
ബംഗാളി സംവിധായകർ ,എഴുത്തുകാരൻ.
2)സിനിമയുടെ
സൗന്ദര്യശാസ്ത്രം ഞാൻ പഠിച്ചത് റുഡോൾഫ് ആർനീം എഴുതിയ 'ഫിലിം ആസ് ആർട്ട് '
,വ്ളാഡിമിർ നിൽസൻ എഴുതിയ 'സിനിമ ആസ് എ ഗ്രാഫിക് ആർട്ട് ' എന്നീ
പുസ്തകങ്ങളിൽ നിന്നാണ്.
മൃണാൾ സെൻ ,
ബംഗാളി സംവിധായകൻ.
3)അഭിപ്രായ സ്വാതന്ത്ര്യമുള്ളപ്പോൾ ,ഞാൻ കണ്ടിട്ടുള്ളത് ഭൂരിപക്ഷം പേർക്കും ഒന്നും തന്നെ പറയാനില്ലെന്നാണ്.
യെവ്ജെനി യെവ്തുഷെൻകോ ,
റഷ്യൻ കവി.
4) ഓരോ സുഹൃത്തും നമ്മളിലെ ഒരു ലോകത്തെയാണ് പ്രതിനിധീകരിക്കുന്നത്.ആ സുഹൃത്ത് വരുന്നതുകൊണ്ടു മാത്രമാണ് ആ ലോകം ഉണ്ടാകുന്നത്.
അനൈസ് നിൻ .
ഫ്രഞ്ച് ,അമെരിക്കൻ എഴുത്തുകാരി.
5)
അവസാനം ,നമുക്ക് പ്രായമാകുന്നതോടെ ,നാം നമ്മെ സ്നേഹിക്കുന്നവരെയെല്ലാം
കൊല്ലുകയാണ് ചെയ്യുന്നത്; മാനസികമായി ക്ലേശിപ്പിച്ചുകൊണ്ടും അവരിൽ നമ്മൾ
സൃഷ്ടിച്ച കുഴപ്പിക്കുന്ന സ്നേഹപാശം കൊണ്ടും.
വാൾട്ടർ ബെഞ്ചമിൻ,
ജർമ്മൻ സാഹിത്യചിന്തകൻ .
കാലമുദ്രകൾ
1 ) മങ്കട രവിവർമ്മ .
സ്വയംവരം
,എലിപ്പത്തായം, അനന്തരം തുടങ്ങിയ സിനിമകൾക്ക് ഛായാഗ്രഹണ കലയുടെ സൗന്ദര്യം
നല്കിയ മങ്കട രവിവർമ്മയെക്കുറിച്ച് മലയാളത്തിൽ ആരും എഴുതുകയോ പഠിക്കുകയോ
ചെയ്യുന്നില്ല.
2) എം.പി.നാരായണപിള്ള.
കേരള സാഹിത്യഅക്കാദമി
എം.പി.നാരായണപിള്ളയുടെ നോവലിന് അവാർഡ് കൊടുത്തപ്പോൾ തനിക്കത് വേണ്ടെന്ന്
അദ്ദേഹം കണിശമായി പറഞ്ഞു. ഇതുപോലെ അക്കാദമികളെ കളിയാക്കാൻ കെല്പുള്ള
യഥാർത്ഥ പ്രതിഭകൾ ഇന്നില്ല.
3) പി.വത്സല.
പി.വത്സല ഒരിക്കലും ഒരു പുരോഗമന സാഹിത്യകാരിയായിരുന്നില്ല. അത്തരമൊരു ബ്രാൻഡിംഗിൻ്റെ പരിമിതി അവർക്ക് നന്നായി അറിയാമായിരുന്നു.
4) കെ.പി.അപ്പൻ.
പ്രമുഖ
വിമർശകനായ കെ.പി.അപ്പൻ്റെ ശിഷ്യന്മാരായി പലരും അവതരിച്ചെങ്കിലും
അവർക്കാർക്കും അപ്പനെ മനസിലാക്കാനുള്ള ശേഷിയില്ലായിരുന്നു.പലരും ബാഹ്യ
പ്രലോഭനങ്ങളുടെ പേരിലാണ് അദ്ദേഹത്തിൻ്റെ പിന്നാലെ കൂടിയത്.
5) കെ.പി.നിർമ്മൽകുമാർ.
കെ.പി.നിർമ്മൽകുമാർ
സ്വന്തം പാതയിലാണ് കഥയെഴുതിയത്. 'കൃഷ്ണഗന്ധകജ്വാലകൾ ' ഉദാഹരണം.
സി.വി.ബാലകൃഷ്ണനിൽ നിന്ന് അദ്ദേഹത്തിലേക്ക് ഒരുപാട് അകലമുണ്ട്. ബാലകൃഷ്ണൻ
നിലവിലുള്ള അഭിരുചികളുമായി നന്നായി അനുരഞ്ജനപ്പെട്ട് ,ഒന്നിനോടും
വിയോജിക്കാതെ ,അനുസരണയുള്ള കുട്ടിയായി ഒരു സോദ്ദേശ്യ കഥാപാത്രമായി
മാറിയിരിക്കുന്നു.
മഴയിൽ പ്രണയവും ആനന്ദവും
മുൻമന്ത്രിയും
കലാസ്വാദകനുമായ ജോസ് തെറ്റയിൽ ഒരു വാട്സപ്പ് പോസ്റ്റിൽ മഴയുടെ അഭൗമമായ
അനുഭവങ്ങളെക്കുറിച്ച് എഴുതിയത് അറിവിൻ്റെ മഴയായി. അദ്ദേഹം പറയുന്നത് ,മഴ
ചിലപ്പോൾ ഒരു സംഗീതത്തെ ഉല്പാദിപ്പിക്കുന്നു എന്നാണ്. അത് ഹൃദയതാളമാണത്രേ.
സംഗീതം ധ്യാനത്തിൽ നിന്ന് ഉത്ഭവിച്ചതാകയാൽ മഴയ്ക്കും ധ്യാനാത്മകതയ്ക്കും
തമ്മിൽ ബന്ധമുണ്ട്.
അദ്ദേഹം ഇങ്ങനെ എഴുതുന്നു: "മഴയെ ഇഷ്ടപ്പെടുന്നതും
സ്നേഹിക്കുന്നതും ഒരു അനുഭൂതിയാണ്.ഒരു മാനസികാവസ്ഥ .ഈ പ്രണയം
ആന്തരികമായതിനാൽ ദിവ്യമാണ്. അത് സമ്മാനിക്കുന്ന സന്തോഷവും സമാധാനവും
സംതൃപ്തി പ്രദാനം ചെയ്യുന്നു.ഇത് നമ്മുടെ അന്തരാളത്തിലുണർത്തുന്ന ആർദ്രതയിൽ
അഭിരമിക്കുന്നവനെ ഇംഗ്ളീഷിൽ പറയുന്ന വാക്ക് ഞാനടുത്തിടെ പഠിച്ചു:
പ്ളൂവിയോഫിലി(Pluviophile). ഇത് പരിശുദ്ധമായ മനസ്സമാധാനം തരുമെന്ന്
പ്രകൃതി ദേവി "
ജോസ് തെറ്റയിൽ ഒരു റൊമാൻ്റിക് ആയിരിക്കുമെന്ന് ഞാൻ
ഒട്ടും പ്രതീക്ഷിച്ചില്ല. തീർച്ചയായും അദ്ദേഹത്തിനു കൂട്ടായി
പ്ളൂവിയോഫിലികൾ ഇവിടെ ഉണ്ട് .മഴയിൽ ,രാത്രിമഴയിൽ പരേതാത്മാക്കൾ വന്ന്
നമുക്കറിയാത്ത ഭാഷയിൽ എന്തൊക്കെയോ പറയുന്നതായി തോന്നിയിട്ടുണ്ട്. ഇത്ര
തീക്ഷ്ണമായും ഗാഢമായും പറയാൻ അവർക്കേ കഴിയൂ.
ബ്രഹ്മാണ്ഡ ലൈബ്രറി
ഭൂമിയിലെ
ബ്രഹ്മാണ്ട ലൈബ്രറി അമെരിക്കയിൽ ഫ്ളോറിഡയിൽ ഹിൽസിബോറോ
കൗണ്ടിയിലാണുള്ളതെന്ന് സുരേഷ് ആലുവ ഫേസ്ബുക്കിൽ എഴുതിയ ലേഖനത്തിൽ
വായിക്കാം. ഇരുപത്തിയൊൻപത് ശാഖകളും സഞ്ചരിക്കുന്ന ലൈബ്രറിയും ചേർന്നാണ്
പ്രവർത്തിക്കുന്നത്.പബ്ളിക് ലൈബ്രറി ബോർഡുണ്ട് അവിടെ .എല്ലാ ലൈബ്രറികളെയും
കമ്പ്യൂട്ടർ ,ഇൻ്റർനെറ്റ് ശ്രംഖലകൾ വഴി ബന്ധിപ്പിച്ചിരിക്കുന്നു. എന്തും
തിരയാം ,എന്തും വായിക്കാം. ഇംഗ്ളീഷ് അക്ഷരമാലാക്രമത്തിൽ വിവിധ
വിഷയങ്ങളെക്കുറിച്ചുള്ള സൈറ്റുകൾ നോക്കാം. പുസ്തകം ഏത് ശാഖയിൽ
നിന്നുമെടുക്കാം, ഏത് ശാഖയിലും തിരിച്ചേല്പിക്കാം. 19000 ഫോട്ടോകൾ
ശേഖരിച്ചിരിക്കുന്നു. ഓഡിയോ അഭിമുഖങ്ങൾ ,ശവസംസ്കാര രേഖകൾ ,237 ഇനങ്ങളിലായി
ലൈബ്രറി ചരിത്ര ശേഖരം ,5280 ലക്ഷം ആനുകാലിക ,പൗരാണിക ലേഖനങ്ങൾ ....ഇങ്ങനെ
പോകുന്നു അനന്തമായ വിജ്ഞാനശേഖരം.
നിസ്സാരമായ ഒരു വിഷയം
"നമ്മൾ
ആഗ്രഹിക്കുന്നത് പോലെ പ്രശ്നങ്ങളോ വേദനകളോ അസമത്വങ്ങളോ ഇല്ലാത്ത ഒരു നല്ല
ലോകം ഉണ്ടാവുകയാണെങ്കിൽ ആ ലോകത്ത് സാഹിത്യം വിഷയദാരിദ്ര്യം കൊണ്ട് മരിച്ചു
പോകാൻ ഇടയുണ്ട് ."_ നോവലിസ്റ്റ് വി.ജെ. ജയിംസ് ഒരഭിമുഖത്തിൽ (മാതൃഭൂമി
ആഴ്ചപ്പതിപ്പ് ,ജലായ് 12 ) പറഞ്ഞതാണിത്. എന്താണ് ഇത് അർത്ഥമാക്കുന്നത്
?ഇത്തരം അസംഭവ്യമായ കാര്യങ്ങളെക്കുറിച്ച് ആലോചിക്കേണ്ടതുണ്ടോ ? ഒരു
പ്രശ്നവുമില്ലാത്തവർ എന്തിനെഴുതണം ? പ്രശ്നങ്ങൾ ഇല്ലാത്തവർ ഇന്നുമുണ്ടല്ലോ
കവികളും കഥാകൃത്തുക്കളുമായിട്ട് .അവർ എത്ര കോവിഡ് വന്നാലും
മുരിങ്ങപ്പൂവിനെക്കുറിച്ചും വഴിയിൽ ചേര ചത്തതിനെക്കുറിച്ചും
എഴുതിക്കൊണ്ടിരിക്കും .എന്നാൽ ഒരു കാര്യം മനസിലാക്കണം.മനുഷ്യൻ്റെ ഉള്ളിലാണ്
പ്രകമ്പനങ്ങൾ ഉണ്ടാവേണ്ടത്.അങ്ങോട്ടൊരു പാലം ഇടാൻ സാധിക്കണം.
യുദ്ധമുണ്ടായിട്ടാണോ എഴുത്തച്ഛൻ 'ഹരിനാമകീർത്തനം' എഴുതിയത് ?ഉറൂബ്
'സുന്ദരികളും സുന്ദരന്മാരും' എഴുതിയത് ?
എന്തിനാണ് വി.ജെ. ജയിംസ്
ഇതേ ലക്കത്തിൽ 'വെടിവെപ്പ് മത്സരം' എന്ന ആ കഥ എഴുതിയത് ?
കള്ളുകുടിച്ചിരിക്കുന്നതിനിടയിൽ ഗദ്യകവിക്കും പദ്യകവിക്കും ഒരു വിളി വന്നു.
ആരാണ് കേമൻ എന്ന് തീരുമാനിക്കാൻ വെടിവെപ്പ് മത്സരം നടത്തുകയാണ്. വെറും
ഉണ്ടയില്ലാ വെടി ! നല്ലപോലെ എഴുതാൻ കഴിഞ്ഞേക്കുമായിരുന്ന ജയിംസ് ,ഒരു നല്ല
വ്യക്തിയാണെന്ന കാര്യം മറന്ന് ,ഇതെഴുതരുതായിരുന്നു. ഇത്ര നിസ്സാരമായ ഒരു
വിഷയം നീട്ടിവലിച്ച് ഒരു പ്രധാന വാരികയിലെഴുതാൻ എന്ത്
പ്രകോപനമാണുണ്ടായിരുന്നത്.? സങ്കീർണമായ അവസ്ഥയിലുടെ മനുഷ്യർ കടന്നു
പോകുന്ന ഈ കാലത്ത് ഇതുപോലെ യാതൊരു പ്രസക്തിയുമില്ലാത്ത ,യാതൊരു
കലാമൂല്യവുമില്ലാത്ത ഒരു കഥയുമായി ജയിംസ് വരരുതായിരുന്നു.