M K Harikumar /Transcripts

words, texts, images and messages

Tuesday, September 8, 2020

അക്ഷരജാലകം/ആൾക്കൂട്ടത്തിൽ തനിയെ/എം.കെ.ഹരികുമാർ/metrovartha ,april 20

 എം ടി .വാസുദേവൻ നായരുടെ  യാത്രാനുഭവ സ്മരണകൾക്ക് 'ആൾക്കൂട്ടത്തിൽ തനിയെ ' എന്നാണ് പേരിട്ടിരിക്കുന്നത്. ആൾക്കൂട്ടത്തിനു വ്യക്തിത്വം ഇല്ലല്ലോ. ചിന്തിക്കുന്നവൻ അവിടെ ഒറ്റപ്പെടും. ആൾക്കൂട്ടം ഒരു വലിയ ശരീരമാണ്. അത് ചിലപ്പോൾ ആക്രമിച്ചേക്കാം. പിന്നീട് എം.ടി എഴുതിയ ഒരു തിരക്കഥയും ഇതേ പേരിലായിരുന്നു. അത് ഐ.വി.ശശി സിനിമയാക്കി. ഈ കൊറോണക്കാലത്ത് ,ആരിൽ നിന്നെല്ലാമാണ് അകലം പാലിക്കേണ്ടതെന്ന് ആലോചിച്ച് വിഷണ്ണരാവുന്നവർക്ക് എം. ടി യുടെ ഈ ഗ്രന്ഥനാമം കൂടുതൽ ആലോചിക്കാൻ സഹായിക്കും. അവനവനിൽ നിന്ന് അകലം പാലിച്ചാലോ ?


കൊറോണ നമ്മെ ആൾക്കൂട്ടത്തിലും ഒറ്റപ്പെടുത്തി.സമീപത്തുള്ള കൂട്ടം വർജ്യമായിത്തീരുന്ന പോലെ .ഇത് അടുത്തുള്ളവനെ സംശയിക്കാൻ പ്രേരിപ്പിക്കുന്നു. ബന്ധമോ സ്വന്തമോ ഒന്നും പ്രശ്നമല്ല.വൈവാഹിക ജീവിതത്തിൽ ഇത് അകൽച്ചയ്ക്ക് ഇടയാക്കാവുന്നതാണ്‌. ആരിലും രോഗമുണ്ടെന്ന ചിന്ത അല്ലെങ്കിൽ അപരൻ ഒരു രോഗാണുവാണെന്ന തോന്നൽ എല്ലാ പ്രണയങ്ങളും നശിപ്പിക്കും. അകൽച്ച ഇപ്പോൾ ഒരു വേദവാക്യമാണ്. അത് അതിജീവനത്തിനു അത്യാവശ്യമാണ്. ഒരിക്കലും പുറത്തു പോയിട്ടില്ലാത്ത ദമ്പതികൾ പോലും ചിലപ്പോൾ പരസ്പരം സംശയിച്ചേക്കാം. കാരണം മരണഭയം ഏറ്റവും വലിയ രോഗമാണ് .രോഗങ്ങളെ സൃഷ്ടിക്കുന്ന രോഗമാണത്. കൊറോണക്കാലത്ത് മാനവരാശിക്ക്  അതിജീവനത്തിനു മാതൃകയാക്കാവുന്ന ഒരു മനഷ്യനുണ്ട്.

അമെരിക്കയുടെ ജയിൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം തടവിൽ കഴിഞ്ഞ ആൽബെർട്ട് വുഡ്ഫോക്സ് ആണത് .ഈ മനുഷ്യൻ ഒരു മഹാവിസ്മയമായി നമുക്കു മുമ്പിൽ ഉള്ളപ്പോൾ കൊറോണ ക്വാറൻ്റൈനെ എങ്ങനെ സമീപിക്കണം ?

നാല്പത് വർഷത്തിലേറെക്കാലമാണ് വുഡ്ഫോക്സ് ജയിലിൽ കഴിഞ്ഞത്.1972 ൽ ഒരു ജയിൽ ജീവനക്കാരൻ കൊല്ലപ്പെട്ട സംഭവത്തെ തുടർന്നാണ് ആക്റ്റിവിസ്റ്റായ വുഡ്ഫോക്സ് പിടിയിലാവുന്നത്.ലൂസിയാനയിലെ അംഗോള ജയിലിൽ നാലു പതിറ്റാണ്ടിലേറെക്കാലം അദ്ദേഹം ഒറ്റമുറി ജയിലിൽ കിടന്നു .ജീവനോടെ പുറത്തു വരുമെന്ന പ്രതീക്ഷയില്ലായിരുന്നു.

2016 ഫെബ്രുവരിയിലാണ് അധികൃതർ വുഡ്ഫോക്സിനെ ദയാഹർജിയിലൂടെ പുറത്തു വിട്ടത്.ചെയ്യാത്ത കുറ്റത്തിനാണ് ഈ പീഡനം അനുഭവിച്ചത്.ഒരു തെളിവും ഉണ്ടായിരുന്നില്ല .എന്നാൽ ജീവിതം നിരാശയുടെ ഇരുട്ടുകൊണ്ട് മൂടപ്പെടുമ്പോൾ എങ്ങനെ അതിൽ നിന്നു കരകയറും ? ദീർഘകാലത്തേക്ക് പൊരുതാൻ മനുഷ്യനാകുമോ ? ഒരു ശൂന്യതയെ നേരിടാൻ ഭയമാണോ ഉപകരിക്കുന്നത് ? അല്ലെങ്കിൽ സർവ്വതും എതിരായി വരുമ്പോൾ ആശ്രയിക്കാനെന്താണുള്ളത് ?ഇരുട്ടിൻ്റെ നീണ്ടുപോകുന്ന പാതകളിൽ പ്രകാശത്തെ സങ്കല്പിക്കാനാവുമോ ?

വുഡ്ഫോക്സ് മനുഷ്യൻ്റെ അജയ്യമായ ശക്തിയുടെ പ്രതീകമാണ്. ജീവിതം കണ്ണുനീരല്ല, ഉരുക്കുപോലെയുള്ള  ആത്മാവിൻ്റെ അസ്ഥിയാണെന്ന് ഈ വിചിത്ര മനുഷ്യൻ കാണിച്ചു തരുന്നു. ഇപ്പോൾ  എഴുപതു വയസ്സ് പിന്നിട്ട വുഡ്ഫോക്സ് ഒരു ആഫ്രിക്കൻ അമേരിക്കൻ വംശജനാണ്. അദേഹം കറുത്ത വർഗക്കാർക്ക് വേണ്ടി ശബ്ദമുയർത്തുന്ന ബ്ളാക്ക് പാന്തർ പാർട്ടി അംഗവുമായിരുന്നു.

അമെരിക്കയിൽ ഏറ്റവും സുരക്ഷയുള്ള ജയിലാണ് അംഗോളയിലേത്.പതിനെണ്ണായിരം ഏക്കർ വിസ്തീർണമുള്ള ആ പ്രദേശത്തിൻ്റെ മൂന്നു വശവും മിസ്സിസിപ്പി നദി ഒഴുകുന്നു.

ജയിൽ മോചിതനായ ശേഷം വുഡ് ഫോക്സ്  എഴുതിയ "സോളിറ്ററി  :അൺബ്രോക്കൻ ബൈ ഫോർ  ഡെക്കേഡ്സ് ഇൻ സോളിറ്ററി കൺഫൈൻമെൻ്റ് .മൈ സ്റ്റോറി ഓഫ് ട്രാൻസ്ഫർമേഷൻ ആൻഡ് ഹോപ്പ് " എന്ന കൃതി പ്രശസ്തമാകുകയാണ്.

പ്രതീക്ഷയുടെ തുരങ്കം.

ജയിലധികാരികളുടെ ദിവസേനയുള്ള തോന്നിയവാസങ്ങളും അക്രമങ്ങളും സഹിച്ചാണ് ജീവിച്ചത്. ഇത് അദ്ദേഹത്തിനു സ്വന്തം ശക്തി മനസ്സിലാക്കാൻ സഹായകമായി.ഇതാണ് ദീർഘകാല ദുരിതത്തെ തരണം ചെയ്യാനുള്ള കരുത്തിൻ്റെ രഹസ്യം.മനുഷ്യത്വരഹിതമായ ഏകാന്ത തടവ് പരിഷ്കൃത ജനാധിപത്യത്തിനു അലങ്കാരമാണോ എന്ന ചോദ്യം ഈ കൃതി ഉയർത്തുകയാണ്.ഒരു കൗമാരക്കാരനെ അമ്പതുവർഷത്തെ തടവുശിക്ഷയ്ക്ക് വിധിക്കുന്നതിലെ യുക്തി വ്യക്തമാവുന്നില്ല .

പ്രതികൂല സാഹചര്യങ്ങളിൽ ,അസ്വാതന്ത്ര്യത്തിൻ്റെ കെടുതികളിൽ ഒരാൾ തൻ്റെ ആന്തരിക ചൈതന്യത്തെ നഷ്ടപ്പെടുത്താതെ എങ്ങനെ അതിജീവിക്കും. ? മനുഷ്യനിൽ ശക്തി ഇനിയും അവശേഷിക്കുന്നു. മോചനമില്ലെന്നു തോന്നുന്ന ഒരു ഘട്ടത്തിൽ ,ദൂരെയെവിടെയെങ്കിലും പ്രതീക്ഷയുടെ ഒരു കണമുണ്ടെന്നുള്ള  ചിന്ത ചിലപ്പോൾ സഹായിച്ചേക്കാം. സ്വയം നഷ്ടപ്പെടുത്താതിരിക്കാൻ ശ്രമിച്ചാലും ,മർദ്ദനമേൽക്കുമ്പോൾ എല്ലാം കൈവിട്ടു പോകും. ജയിലിൽ തത്ത്വചിന്തകനാവുന്നതിനു പകരം കൂടുതൽ പഠിക്കാനാണ് വുഡ്ഫോക്സ് ശ്രദ്ധിച്ചത്.

കൂടുതൽ ആകുലപ്പെടുന്നത് ,അങ്ങനെ ചെയ്താൽ പ്രയോജനമുള്ളതുകൊണ്ടോ ,വേറൊന്നും ചെയ്യാൻ ഇല്ലാത്തതു കൊണ്ടോ ആണ്.ഇതു രണ്ടും തിരുത്താൻ അദ്ദേഹത്തിനു സാധിച്ചു.അദ്ദേഹം വായിക്കാനാണ് ഒഴിവുവേളകൾ നീക്കിവച്ചത്. വായിക്കുമ്പോൾ നമ്മൾ മറ്റൊരാളാകുന്നു. കൂടുതൽ എന്തോ ചെയ്യാനുണ്ടെന്ന തോന്നൽ അതോടെ ഉണ്ടാവുന്നു.

വലിയ മാനസിക പ്രശ്നങ്ങളിൽ നിന്ന് എങ്ങനെ ഒഴിഞ്ഞു നിൽക്കാമെന്ന പാഠം ജന്മവാസന പോലെ അഭ്യസിക്കേണ്ടതുണ്ട്. കറുത്ത വർഗ്ഗക്കാർക്കെതിരെ നടന്ന  അതിക്രമങ്ങളാണ് വുഡ്ഫോക്സിനെ ഒരു പ്രതികരണ ശേഷിയുള്ള മനുഷ്യനാക്കിയത്. എന്നാൽ ഒരിക്കലും വേദനകൾ വെറുപ്പിലേക്ക് നമ്മെ തള്ളിവിടരുത്. അത് മറ്റുള്ളവരോടുള്ള ദയയായി രൂപാന്തരപ്പെടണം - ഇതാണ് വുഡ് ഫോക്സ് മുറുകെപ്പിടിച്ച തത്ത്വം. പകയും ദേഷ്യവും നമ്മെത്തന്നെ നശിപ്പിച്ചേക്കാം. അദ്ദേഹം എഴുതുന്നു: 'ജയിലിൽ ചെറുത്തു നിന്നാൽ വൻ തിരിച്ചടിയുണ്ടാക്കും. ഒരു മനുഷ്യനാണ്  നമ്മൾ എന്ന് അവർ ഒരിക്കലും അംഗീകരിക്കുകയില്ല. അങ്ങനെയുള്ള ഐഡൻ്റിറ്റികൾ അവർ ആദ്യമേ നശിപ്പിക്കും. ജയിൽജീവികൾ ശരിയായ അടിമകളാണ്. എന്നാൽ മാനസികമായി കീഴടങ്ങരുത്. അത് തകരാത്ത ഒരു ബലം നൽകും. പുസ്തകങ്ങൾ  വായിക്കാൻ തയ്യാറായാൽ അത് ഒരു ചെറുത്തുനില്പായി രൂപാന്തരപ്പെടും. അതിലൂടെ നമുക്ക് മനുഷ്യ സ്വാതന്ത്ര്യത്തെക്കുറിച്ചും സഹജീവി സ്നേഹത്തെക്കുറിച്ചം ധാരണയുണ്ടാകും.'

ഒട്ടും പ്രതീക്ഷ തരാത്ത കാലത്തും ഒരു മനുഷ്യൻ ജീവിച്ചതിൻ്റെ സാക്ഷ്യമാണിത്. കൂടുതൽ മെച്ചപ്പെട്ട ലോകവീക്ഷണത്തിനും സാമൂഹ്യ ചുറ്റുപാടുകൾക്കും ഉതകുന്ന തരത്തിൽ ഒരാൾക്ക് വളരാനാകും .അത് ഒരു ജീവിത ശൈലിയായി തിരിച്ചറിയണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്യുന്നു.

ചിലപ്പോൾ മനുഷ്യർ അവർക്ക് വേണ്ടിയല്ല ജീവിക്കുന്നത്; അവർ കണ്ടിട്ടോ കേട്ടിട്ടോ ഇല്ലാത്ത ഏതോ ആളുകൾക്ക് വേണ്ടിയാണ്. പ്രതീക്ഷ ഒരു തുരങ്കമാണ്. അത് വളരെ ദൈർഘ്യമേറിയതാകാം.എന്നാൽ അതിലെ കടന്നു പോകുക തന്നെ വേണം. രോഗം ഒരു തടവറയാണ്. അവിടെ രോഗി ഏകാന്തനായി കഴിയുന്നു. അയാളുടെ മനസ്സാണ് ആ ഒറ്റമുറി. അവിടെ നിന്നു മോചനം കിട്ടുന്നതിനു വേണ്ടി ആ ഏകാന്തവാസത്തെ പരിവർത്തന വിധേയമാക്കേണ്ടതുണ്ട്.അതായത്, ഇരുണ്ട വികാരങ്ങളിൽ നിന്ന് അകറ്റി നിർത്തണം.
വസന്തം പുറത്തുണ്ട്; അത് അകലെയുമല്ല.


ആനുകാലികം

കുട്ടികൾ എഴുതുന്നതും മുതിർന്നവർ എഴുതുന്നതും വേലികെട്ടി തിരിക്കേണ്ടതുണ്ടോ. ? എന്നാൽ ഇപ്പോൾ അങ്ങനെ സംഭവിക്കുകയാണ്. 'ഭാഷാപോഷിണി'യിൽ യുവജനങ്ങൾക്കും തുടക്കക്കാർക്കും വേണ്ടി 'യുവസഭ'യുണ്ട്.  പ്രായമാണ് ഈ വിഭാഗത്തിനു വിന.അമ്പതു വയസ്സിൽ എഴുതിതുടങ്ങിയാൽ ഈ പ്രശ്നം ഉണ്ടാകില്ല. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ 'വാക്ക് വിത്ത് ' എന്ന കാറ്റഗറിയിലാണ് വിദ്യാർത്ഥികളുടെ സാഹിത്യരചനകൾ വന്നു വീഴുന്നത്.

എന്നാൽ സാഹിത്യരചനയുടെ ഗുണം നിർണയിക്കുന്നത് പ്രായമോ ,പഠിച്ച കലാലയമോ ഒന്നുമല്ല. പത്തൊൻപതാം വയസ്സിൽ ഫ്രഞ്ച് കവി റിംബോ എഴുത്ത് നിർത്തി. അദ്ദേഹം മുപ്പത്തിയേഴ് വയസ്സുവരെയേ ജീവിച്ചുള്ളു. അതായത് , റിoബോയ്ക്കു ,നമ്മുടെ കാഴ്ചപ്പാടിലുള്ള മുതിർന്നവരുടെ സഭയിൽ ഇടപെടാൻ അധികമൊന്നും  അവസരം ലഭിക്കാതെ പോയി.എന്നാൽ റിംബോയെ ഫ്രഞ്ച് സാഹിത്യലോകം കണക്കാക്കിയിട്ടുള്ളത്  എഴുപത്തിയൊൻപത് വയസുവരെ ജീവിച്ചിരുന്ന പ്രഗത്ഭനായ കവി പോൾ വാലേറിയുടെ ഒപ്പമാണ്. പ്രായത്തിൻ്റെ സ്കെയിൽ വച്ച് കവിതയെ അളക്കുന്നത് അർത്ഥശൂന്യമാണ്.കവിത വേറൊരു ഒഴുക്കാണ്‌.മുതിർന്ന കവികളെ നിശ്ശബ്ദരാക്കുന്ന വിധം ശക്തമായി എഴുതുന്ന കുട്ടികൾ ഉണ്ട്.പക്ഷേ അവർക്ക് സംവരണക്കൂട്ടിലേ അധികാരികൾ സ്ഥാനം നൽകുന്നുള്ളു. മലയാളികൾക്ക് പൊതുവിൽ  ആരുടെയും പ്രതിഭയെ മനസ്സിലാക്കാൻ കഴിവില്ല. വല്ലവരും നല്ലതാണെന്ന് വിളിച്ചു പറഞ്ഞാലേ അംഗീകരിക്കൂ.
സാഹിത്യത്തിൽ പ്രധാനം മനസ്സിൻ്റെ പ്രായമാണ്; ശരീരത്തിൻ്റെയല്ല .

സാലിം സാലി എന്ന ബി.എഡ് വിദ്യാർത്ഥിയുടെ കവിത 'യുദ്ധം'(മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ഫെബ്രുവരി 9 ) വാക്ക് വിത്ത് എന്ന വിഭാഗത്തിൽ ,ഏറ്റവും ഒടുവിലത്തെ പേജുകളിലാണ് വന്നത്.

'പ്രണയിക്കുമ്പോൾ
നിങ്ങൾ യുദ്ധം ചെയ്യുകയാണ്.
എന്നുവെച്ച്
പരിചിതമല്ലാത്ത ഒരു രാജ്യത്തേക്ക്
പൊടുന്നനെ കടന്നു ചെല്ലരുത്.
അവർ സ്വന്തം രാജ്യത്തേക്ക്
തിരിച്ചയക്കും.
അല്ലെങ്കിലും ആ രാജ്യത്തേക്ക്
കടന്നുചെല്ലാൻ
എന്ത് രേഖകളാണ്
നിങ്ങൾക്കുള്ളത്?.
ആ രാജ്യത്തെ
വഴികൾ
അവിടത്തെ ഋതുക്കൾ
കാറ്റ് ,
തിരകളെക്കുറിച്ച്
നിങ്ങൾക്കെന്തറിയാം. ?'

ഇത്രയും വ്യക്തതയോടെ ആലോചിക്കാൻ കഴിവുള്ള വ്യക്തിയിലാണ് കവിതയുടെ യുവത്വമുള്ളത്.

പ്രമുഖ ഇംഗ്ളീഷ് കവി ജോൺ കീറ്റ്സ് ഇരുപത്തിയഞ്ച് വയസ്സുവരെ മാത്രമാണ് ജീവിച്ചത് .എന്നാൽ അദ്ദേഹം പരിഗണിക്കപ്പെടുന്നത് ഷെല്ലി ,ബൈറൺ എന്നിവരോടൊപ്പമാണ്. ലോക കവിതയിലെ അനിഷേധ്യമായ ഒരു ഗുരുവാണ് കീറ്റ്സ്.അദേഹത്തെ നമ്മൾ 'വാക്ക് വിത്ത്‌' കാറ്റഗറിയിൽ ,യുവസഭയിൽ ഉൾപ്പെടുത്തി തരം തിരിച്ചു നിർത്തുകയാണെങ്കിൽ അതിനെ  വലിയ അബദ്ധമായി ചരിത്രം വിലയിരുത്തുകയില്ലേ ?

കഥ

ശിഹാബുദ്ദീൻ പൊയ്ത്തുംകടവിൻ്റെ 'കെ.പി.ഉമ്മർ ' (മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ഫെബ്രുവരി 12) ഒരു കഴമ്പില്ലാത്ത കഥയാണ്. ഇതുപോലുള്ള കൃത്രിമ രചനകൾ നല്ല വായനക്കാരുടെ സമയം അപഹരിക്കുകയാണ്. യാതൊരു പ്രചോദനവുമില്ലാതെ ദുഷ്ടലാക്കോടെ എഴുതിയ കഥയാണിതെന്ന് പറയട്ടെ. നല്ലൊരു നടനായ കെ.പി.ഉമ്മറിനോടുള്ള അസൂയ മൂത്ത് ,മരണാനന്തരം അദ്ദേഹത്തെ അപകീർത്തിപ്പെടുത്താൻ ഇറങ്ങിയിരിക്കയാണ് കഥാകൃത്ത്. സിനിമയിൽ നായകനടന്മാർക്ക് നേർക്ക് നേർ വന്ന് ഏറ്റുമുട്ടാൻ മടിയില്ലാതിരുന്ന ഉമ്മർ ഈ കഥ വായിച്ചിരുന്നെങ്കിൽ കഥാകൃത്തിനെ മാത്രമല്ല പത്രാധിപരെയും കൈകാര്യം ചെയ്യുമായിരുന്നു. അത്രയ്ക്ക് ആശയദരിദ്രവും ദയനീയവുമാണ് ഈ കഥ .

ഉമ്മർ എന്ത് തെറ്റു ചെയ്തു ?സിനിമയിലെ വില്ലൻ വേഷങ്ങൾ കണ്ട് അത് യഥാർത്ഥ സ്വഭാവമാണെന്ന് തെറ്റിദ്ധരിക്കുന്നവർ  കലാസ്വാദനത്തിൽ എത്ര പിന്നിലായിരിക്കും! ?ഈ കഥയിൽ ഒരു ഗോപാലകൃഷ്ണനുണ്ട്. നല്ല വിദ്യാഭ്യാസവും കലാബോധവുള്ള ഒരാൾ .പക്ഷേ ,കഥാകൃത്ത് അയാളെ ഒരു യുക്തിയുമില്ലാതെ ഭ്രാന്തനാക്കിയിരിക്കുന്നു. അയാൾക്ക് ഒരു കാര്യത്തിലേ ഭ്രാന്തുള്ളു .തനിക്ക് ഒരു ബന്ധവുമില്ലാത്ത  കെ.പി.ഉമ്മർ എന്ന നടൻ തൻ്റെ പിന്നാലെ വന്ന് ഉപദ്രവിക്കുകയാണെന്ന് അയാൾ എപ്പോഴും ചിന്തിച്ചുകൊണ്ടിരിക്കുന്നു. ഇങ്ങനെയൊരു അസുഖം കഥാകൃത്തിൻ്റെ കേസ് ഡയറിയിൽ മാത്രമേ കാണൂ.ഗോപാലകൃഷ്ണൻ ഉമ്മറനെ അകാരണമായി തെറി പറഞ്ഞു കൊണ്ടിരിക്കുകയാണ്.എന്തിന്? കഥാകൃത്ത് ഭ്രാന്തിനെപ്പോലും പരിഹസിക്കുകയാണ്. വല്ലവരുടെ യും ഭ്രാന്ത് ആസ്വദിക്കന്നത് മനുഷ്യത്വമില്ലാത്തവരുടെ പണിയാണ്‌. ഭ്രാന്താണെന്ന് അറിഞ്ഞിട്ടും അയാളോടു തർക്കിക്കാൻ ,കഥാന്ത്യത്തിൽ ,കഥാകൃത്തിൻ്റെ പ്രതിനിധിയായ പത്രപ്രവർത്തകൻ തയ്യാറാവുന്നത് ഇതിനു തെളിവാണ്. കഥാകൃത്ത് സൗജന്യമായി ഒരു തിയറി അവതരിപ്പിക്കുന്നുണ്ട്: കോഴിക്കോടൻ  ഉപ്പേരി കഴിച്ചാൽ പകയും ദ്വേഷവും മാറുമെന്ന്! എങ്കിൽ പാകിസ്ഥാനിലേക്ക് നല്ല തോതിൽ ഉപ്പേരി കയറ്റി വിടാമല്ലോ!

ഒരു ഹിന്ദുവായ ഗോപാലകൃഷ്ണൻ മുസ്ലീമായ ഉമ്മറിനെ കാരണമില്ലാതെ പുലഭ്യം പറയുന്നത് ഒരു മിത്താക്കിയെടുക്കാൻ ആഴ്ചപ്പതിപ്പും കൂട്ടുനിൽക്കുകയാണോയെന്ന് ആരെങ്കിലും ശങ്കിച്ചാൽ കുറ്റപ്പെടുത്താനാവില്ല. സാമൂഹ്യബോധമില്ലാത്ത കഥാകൃത്തുക്കളിൽ നിന്ന് ഇത് പ്രതീക്ഷിക്കണം. സാഹിത്യം നമ്മുടെ വക്രബുദ്ധി പ്രയോഗിക്കാനുള്ള ഇടമല്ല. അവിടെ നമ്മുടെ നിഷ്കളങ്കതയുടെ പാരമ്യം കൊണ്ടുവരണം. മനുഷ്യന് അജ്ഞാതമായ ആത്മീയമൈത്രി ആരായുകയാണ് വേണ്ടത്. ബഷീറിൻ്റെ കഥകളിൽ അതാണുള്ളത്.കുമാരനാശാൻ്റെ നളിനി ,ലീല തുടങ്ങിയ കാവ്യങ്ങൾ നോക്കൂ.മനുഷ്യത്വത്തിൻ്റെ  അതിരുകൾ വികസിക്കുന്നത് കാണാം.

സൗന്ദര്യബോധമാണ് ഉരകല്ല്. കൃത്രിമമായ സാഹസങ്ങളല്ല.കുറച്ച് നാളുകൾക്കു മുമ്പ് എൻ.എസ്.മാധവൻ 'പാലു പിരിയുന്ന  കാലം' എന്നൊരു കഥയും ഇതേ ആഴ്ചപ്പതിപ്പിൽ എഴുതി. പൊയ്ത്തുംകടവിൻ്റെ കഥയിലെ കുത്സിത ബുദ്ധി തന്നെയാണ് അതിലും കണ്ടത്. എഴുത്തുകാർക്ക് നിർമ്മലബുദ്ധി നഷ്ടപ്പെട്ടിരിക്കുന്നു. ഇത്തരം കഥകൾ വേറെ ആരുടെയെങ്കിലും ഡിസൈൻ ആണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു .മാധവനും ആ കഥയിൽ യുക്തി നഷ്ടപ്പെടുകയായിരുന്നു. കുപ്പിക്കകത്ത് ഭദ്രമായി പൊതിഞ്ഞു വച്ച മനുഷ്യമാംസത്തിൻ്റെ മണം ദൽഹി റെയിൽവേ സ്റ്റേഷനു സമീപത്തുള്ള  നായ്ക്കൾ പിടിച്ചെടുത്തുവത്രേ!  കഥാകാരനോടു ഇതേ പറയാനുള്ളു: നായ്ക്കൾ നന്ദിയുള്ളവരാണ്. അവരെ കുറച്ചു കാണരുത്.

കഥ പറയാൻ നല്ല പ്രകൃതിസ്നേഹവും സത്യസന്ധതയും വേണം. ഏതെങ്കിലും ഒരു ഗൂഢപദ്ധതി മനസ്സിലിട്ടുകൊണ്ട് കഥ എഴുതരുത്. എഴുതിയാൽ ഇങ്ങനെയിരിക്കും.

ഇരവി എഴുതിയ 'പൊട്ടൻചിറ (കലാകൗമുദി, ഏപ്രിൽ 5) അതിൻ്റെ അകൃത്രിമത്വത്തിലും ആത്മാർത്ഥതയിലുമാണ് ശ്രദ്ധ നേടുന്നത്. ഒരു കൊട്ടേഷൻ കൊലപാതകി സ്വാഭാവിക കുടുംബ ജീവിതത്തിൽ എങ്ങനെ തന്മയീഭവിച്ച് ,സോദ്ദേശ്യ കഥാപാത്രമാകുന്നുവെന്ന് ഇതിൽ വ്യക്തമാക്കുന്നു. ഒരാളെ വകവരുത്തിയ ശേഷവും പാടാനുള്ളതാണ് നസീർ പാടി അഭിനയിച്ച ദേവരാജൻ്റെ പാട്ട് എന്ന പുതിയ വേദം കഥാകൃത്ത് കൂട്ടി ചേർക്കുകയാണ്.

കവിത

പവിത്രൻ തീക്കുനി സറിയലിസവും പ്രണയവും ചേർത്തെഴുതിയ 'ഹരിക്ക് ' (മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ഫെബ്രുവരി 9 ) എന്ന കവിത ഒരു കാമുകൻ്റെ ഭ്രാന്ത് അനുഭവിപ്പിക്കുന്നു:
'ചോരകല്ലിച്ച തെരുവുകളിൽ
ഉന്മാദികൾ
ഉറഞ്ഞു തുള്ളുന്നുണ്ട്
തുമ്പികളിലേക്ക് പലായനം ചെയ്യുന്ന
ആത്മാവുകൾ
മഞ്ഞ വിരലുകൾ ചേർത്തു
പിടിക്കുന്നുണ്ട്.
അർബുദത്തിൻ്റെ
മൈൽക്കുറ്റികൾക്കരികെ
പ്രണയിനികൾ
ഇണചേരുന്നുണ്ട് ' .

ഇ .സന്ധ്യയുടെ 'ഇത്തിക്കണ്ണി ' (ഒരുമ) പ്രണയത്തെ ആദർശമായി കാണുന്ന ഒരുവളുടെ കാല്പനികത വെളിപ്പെടുത്തുന്നു .ആദർശങ്ങൾ നല്ലതാണെങ്കിലും അതിൽ കാല്പനികതയുടെ ഘടകം വളരെ ശക്തമാണ്. യഥാർത്ഥ വികാരത്തേക്കാൾ ,ആദർശം തന്നെ ഒരു ലക്ഷ്യമായി മാറും .ഗാന്ധിയൻ ആദർശമായാലും അത് ഒരാൾ എടുത്തണിഞ്ഞാൽ പിന്നെ മനുഷ്യനെ കാണാനാവില്ല ;ആദർശത്തെയാവും സ്റ്റേഹിക്കുക.സന്ധ്യയുടെ കവിതയിലെ വരികൾ ഈ ആദർശ ബോധത്തെ സാധൂകരിക്കുന്നു:
'നീ പോലുമറിയാതെ
നിന്നിൽ പറ്റിപ്പിടിച്ചു വളരുന്ന
ഒരിത്തിക്കണ്ണിയാകാനായിരുന്നു
എൻ്റെ വിധി.
നീ തരുന്ന രക്തവും മാംസവും വായുവും.
പുറത്തു നിന്ന് നിന്ദയും ശാപവും പഴിയും.
ക്രൂരമായി വെട്ടിവീഴ്ത്തി നിലത്തിട്ടാലും
അല്പനാൾകൂടി പഴയ ഓർമ്മയിൽ പിടിച്ചു നിൽക്കും.'

നാടകം

കരിവെള്ളൂർ മുരളി എഴുതിയ 'ആവിഷ്കാരത്തിൻ്റെ രാഷ്ട്രീയം മലയാളനാടകത്തിൽ ' എന്ന ലേഖനത്തിൽ (സാഹിത്യലോകം ) ഇന്നത്തെ നാടകങ്ങൾ കാലത്തെ പ്രതിഫലിപ്പിക്കുന്നില്ല എന്ന് എഴുതിയത് ശ്രദ്ധേയമായി. ഇന്നത്തെ മനുഷ്യൻ്റെ നിസ്സഹായമായ അവസ്ഥകളെ നേരിടാനാകാതെ തനത് നാടകവേദിയെന്നൊക്കെ പറഞ്ഞ് ഒളിച്ചോടുകയാണ് . പ്രാചീനകലകളെ ഒരു ഗോത്രാനുഭവത്തിൻ്റെ മിശ്രിതമാക്കുകയാണ് തനത്  നാടകവേദി ചെയ്തത്. അവിടെ സ്വതന്ത്രമായ സൗന്ദര്യാനുഭവം കാണാനുണ്ടായിരുന്നില്ല. ഈ നാടക പ്രവർത്തകർക്ക് കേരളീയതയുടെ പതിറ്റാണ്ടുകൾ തന്നെ നഷ്ടപ്പെട്ടു.

വാക്കുകൾ

1)എന്താണ് നരകം? എനിക്കു തോന്നുന്നത് സ്നേഹിക്കാൻ കഴിയാത്തതിൻ്റെ യാതനയാണത് എന്നാണ്.
ദസ്തയെവ്സ്കി ,
റഷ്യൻ സാഹിത്യകാരൻ .

2) 'കറുത്ത സാഹിത്യം' എന്നു പറയുന്നത് സാമൂഹ്യശാസ്ത്രം പോലെയാണ്; അത് സഹിഷ്ണുതയാണ്.ചിട്ടയായ ഒരു കലാരൂപമായി അതിനെ കാണേണ്ടതില്ല.
ടോണി മോറിസൺ ,
അമെരിക്കൻ പെൺ നോവലിസ്റ്റ്.

3)ഒരെഴുത്തുകാരൻ വിജയിച്ചു എന്നു പറയാവുന്ന നിമിഷങ്ങൾ ,അയാളുടെ ഉള്ളിലെ നീതിന്യായ സംവിധാനത്തെ കബളിപ്പിച്ച് പുറത്തു കടക്കുമ്പോഴാണ് സംഭവിക്കുന്നത്.
ടെഡ് ഹൂസ്,
ഇംഗ്ളീഷ് കവി.

4) നിശ്ശബ്ദമായി പ്രേമിക്കുന്നത് അസഹനീയമായ വേദനയുണ്ടാക്കുന്ന കാര്യമാണ്.
അന്ന അഖ്മത്തോവ,
റഷ്യൻ പെൺ കവി.

5) മറ്റൊരാളിൽ വിശ്വാസമില്ലാത്തവനെ, ഈ ലോകത്തിൽ മരിച്ചവനായി കണക്കാക്കാം.
ഗൊയ്ഥെ,
ജർമ്മൻ എഴുത്തുകാരൻ .

കാലമുദ്രകൾ

1)കലാമണ്ഡലം ഗോപി.
കഥകളി, ജീവിതത്തിൻ്റെ ഒരു വലുതാക്കി കാണിക്കലാണ്. ജീവിതത്തേക്കാൾ വലുത് എന്ന പ്രഖ്യാപനം .എന്നാൽ കഥകളി നടന്മാർ ,കലാമണ്ഡലം ഗോപിയെപ്പോലുള്ളവർ ,വ്യക്തി ജീവിതത്തിൽ പ്രതിഛായകളിൽ നിന്ന്കന്ന് സ്വയം ചെറുതാകാനാണ് ശ്രമിക്കുന്നത്.

2)എസ്.രമേശൻ നായർ.
രമേശൻ നായർ എന്ന കവിയെ ടി.വി യോ, താരനിശകളോ ,സ്റ്റുഡിയോ ഇൻ്റർവ്യുകളോ ,പ്രത്യേക സംഗീതനിശകളോ ,പബ്ളിസിറ്റിയോ ആകർഷിക്കുന്നില്ല. അദ്ദേഹം രോഗിയല്ല, വൈദ്യനല്ല;ഔഷധം തന്നെയാണ്.

3)ജോസഫ് മുണ്ടശ്ശേരി .
സാഹിത്യത്തിലും രാഷ്ട്രീയത്തിലും ഒരു ഉല്പതിഷ്ണുവായിരിക്കെത്തന്നെ, അങ്ങേയറ്റം 'നോർമലാ'യിരിക്കാനും മുണ്ടശ്ശേരി നന്നായി അദ്ധ്വാനിച്ചു.

4) കെ.പി.അപ്പൻ.
ആകെ രണ്ടോ ,മൂന്നോ കവിതകളെഴുതിയവരെപ്പോലും പാഠപുസ്തകത്താളുകളിലേക്ക് എഴുന്നള്ളിക്കുന്നു. എന്നാൽ വിമർശന രംഗത്ത്  നവാഭിരുചികളുടെ സൗന്ദര്യ മാനങ്ങളുള്ള ലേഖനങ്ങൾ എഴുതിയ കെ.പി.അപ്പനെ കുട്ടികൾ പഠിക്കേണ്ടതില്ലെന്ന് തീരുമാനിക്കുന്ന പ്രതിലോമ അദ്ധ്യാപക കമ്മിറ്റികൾ ഒരു ശാപമാണ്.

5)എ.അയ്യപ്പൻ.
ഒരു എസ്റ്റാബ്ളിഷ്മെൻ്റിനും തൻ്റെ കവിതയെയോ ജീവിതത്തെയോ സ്വാധീനിക്കാൻ കഴിയില്ല എന്ന് തെളിയിച്ച ഒരു കവിയേയുള്ളു ഇവിടെ ;അത് എ. അയ്യപ്പനാണ്.


ദർശനം
1) ഒരു നായയ്ക്ക് യജമാനനെ വേണം.അതാണ് അവൻ്റെ വംശമഹിമ .

2) പ്രണയം
യജമാനനാകാൻ കഴിയാത്തവർക്ക് പ്രണയത്തിൻ്റെ ഒരു ടെക്സ്റ്റ് മെസ്സേജ് പോലും ലഭിക്കില്ല.

3)സൂര്യൻ
ഓരോ ദിവസവും പുതിയ സൂര്യൻ ഉദിക്കുന്നു. ഇന്നലെകളിലെ സൂര്യന്മാർ എവിടെപ്പോയി ?എന്തെല്ലാമാണ് അപഹരിച്ചത് ?

4)ചന്ദ്രൻ
എല്ലാ വിഷാദങ്ങളും ചന്ദ്രൻ്റെ ഭാഗമാണ്; അല്പം തേൻ പുരട്ടി അതിനെ ഗാനാത്മകമാക്കുകയാണെങ്കിൽ അത് ചന്ദ്രികാചർച്ചിതമായ രാത്രിയുടെ ജീവനാണ്.

5)കവിത.
അപാരവും സ്വതന്ത്രവും നിർമ്മലവുമായ ഒന്നിനെ തേടിച്ചെല്ലാനുള്ള ജന്മവാസനയാണ് കവിതയുടെ താക്കോൽ.

നിറങ്ങൾ ഉണ്ടാകുന്നത്

സാധാരണ നിറങ്ങൾ ,പ്രകൃതിയിൽ കാണുന്ന നിറങ്ങൾ പെയിൻ്റുചെയ്യരുതെന്നാണ് പ്രമുഖ ഡച്ച് ചിത്രകാരനായ വിൻസെൻ്റ് വാൻഗോഗ് പറഞ്ഞത്. അത് മഹത്തായ ഒരു ആദർശവാക്യമായി നവീന ചിത്രകാരന്മാർക്ക് സൂക്ഷിക്കാവുന്നതാണ്. പ്രകൃതിയിൽ  കാണുന്നതുപോലെ വസ്തുക്കളെ വരയ്ക്കുന്നതിൽ  ഒരാളുടെ ആത്മാവിൻ്റെ ജീവിതമില്ല. സൃഷ്ടിക്കുകയും കാവ്യാത്മകമായി അവതരിപ്പിക്കുകയും ചെയ്യാനായി ഒരു യഥാർത്ഥ ചിത്രകാരൻ പ്രകൃതിയിലെ വർണങ്ങളെ ഉപേക്ഷിക്കുകയാണ് ചെയ്യുന്നത് .വാൻഗോഗ് ഇതുകൂടി പറഞ്ഞു: തൻ്റെ ചിത്രങ്ങൾ പ്രകൃതിയുടെ നിറത്തേക്കാൾ കുറച്ചു കൂടി താഴ്ന്ന നിലയിലാണ് വരച്ചിട്ടുള്ളതെന്ന് .

ഒരു വൈക്കോൽ കൂനയോ ,ഗോതമ്പുപാടമോ പ്രകൃതിയിൽ എങ്ങനെ കാണപ്പെടുന്നുവോ അതുപോലെയല്ല വരയ്ക്കേണ്ടതെന്നാണ് വാൻഗോഗ് സൂചിപ്പിക്കുന്നത്. ഒരു വ്യത്യാസമുണ്ട്. നിറങ്ങൾ ചിത്രകാരൻ തിരഞ്ഞെടുക്കുന്നതാണ്.അത് സാധാരണ നിറങ്ങളേയല്ല .എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത്? ചിത്രകാരൻ മറ്റൊന്ന് സൃഷ്ടിക്കുകയാണ്. അതയാളുടെ നോട്ടവും അനുഭവവുമാണ്. അതു പക്ഷേ, കാൻവാസിൽ വരുമ്പോൾ വൈകാരികമായ ഒരു തലം കൂടി വേണം. അത് വൈയക്തികമായ ഒരു അന്വേഷണവും ദർശനവുമാണ്. അതുകൊണ്ട് സൃഷ്ടിയുടെ അംശം കൂടിയേ തീരൂ .അത് അനുവാചകനെ ആകർഷിക്കേണ്ടതുണ്ട്, അതിൽ കാവ്യാത്മകമായ ലയം വേണം. അത് വെറും യാഥാർത്ഥ്യം എന്നതിലുപരി കലാത്മകമാകണം.അതിൽ ഒരു മോഹവലയം സൃഷ്ടിക്കപ്പെടണം.

ഒരു ചിത്രകാരൻ ഋതുക്കളെ പഠിക്കണം ,നിറവ്യതിയാനങ്ങളോടെയും കൃത്യതയോടെയും .വസന്തം എത്ര മൃദുവാണെന്ന് അറിയുമ്പോൾ മറ്റു ഋതുക്കളും മനസ്സിലാവും.വാൻഗോഗ് പറയുന്നു, ഗ്രീഷ്മം ഇളം പച്ചയും ചുവപ്പും മഞ്ഞയും ചേർന്നതാണെന്ന്. ശൈത്യം മഞ്ഞിൽ കറുപ്പു കലരുമ്പോഴാണത്രേ സംഭവിക്കുന്നത്. വേനലിനു സ്വർണവർണവും ഓറഞ്ചും ചുവപ്പും അനിവാര്യമാണ്.









Posted by m k harikumar at 10:42 PM No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest
Labels: aksharajalakam

അക്ഷരജാലകം/കൊറോണ വായനകൾ/എം.കെ.ഹരികുമാർ/metrovartha ,april 27

കൊറോണക്കാലത്ത് വായനയുടെ ഒരു ഇരുണ്ട തുരങ്കമാണുള്ളത്. തപ്തവും മൂകവും വിനാശകരവുമായ ഒരു കാലത്തിൻ്റെ ആത്മാവിനെ എങ്ങനെ മറികടക്കാമെന്നുള്ള ചിന്ത ശക്തിപ്പെടുകയാണ്. സ്വയം നഷ്ടപ്പെടാതിരിക്കാൻ പല വഴിക്കും അലയേണ്ടി വരുന്നു. ലോകത്ത് ശുഭാപ്തി ബോധമുണ്ടെങ്കിലേ എഴുത്തുകാർക്ക് അതിൻ്റെ ബദലായ അനിശ്ചിതത്വത്തിലേക്ക് നീങ്ങാനാവുകയുള്ളു. അതേ സമയം ലോകം നമ്മെ രക്ഷിക്കുമെന്നാണ് ഓരോ കൊറോണ കേരളീയനും വിശ്വസിക്കുന്നത്. ഭരണാധികാരികൾക്ക് മടുപ്പ് തോന്നാൻ ഇടവരുത്തരുത്. കേരളത്തിൻ്റെ പ്രതിരോധം ലോകത്തിനു മാതൃകയാവട്ടെ.

നമുക്ക് എത്ര വേണമെങ്കിലും അകലം പാലിക്കാം .നമ്മൾ ഓരോരുത്തർക്കും  ഉള്ളിൽ നമ്മോടു തന്നെ അകലം പാലിക്കാം. ഒരു കട്ടിലിൽ കിടന്നാലും അകലം വേണം. ഉലക്കമേൽ കിടക്കണ്ട;അത്രയ്ക്ക് ഒരുമ ഇപ്പോൾ ഇല്ലല്ലോ.

പകർച്ചവ്യാധിയും ആഗോള മോഷണവും സാമ്പത്തിക ദുരന്തങ്ങളും മരുന്നുക്ഷാമവും പ്രമേയമാക്കിയ 2020 നെ മുന്നിൽ നിറുത്തി ഐറിഷ് എഴുത്തുകാരനായ മാർക്ക് ഒ കോണർ എഴുതിയ 'നോട്സ് ഫ്രം ആൻ അപോകാലിപ്സ്- ഹൗ റിയാലിറ്റി സോ ഓഫൺ പ്രസൻ്റ്സ് ഇറ്റ്സെൽഫ് ആസ് ഓവർകുക്ക്ഡ് ഫിക്ഷൻ ' ചർച്ചയാവുകയാണ്. ഒ കോണർ നേരത്തേയെഴുതിയ 'ടു ബീ മെഷീൻ ' വളരെ പ്രസക്തവും ചിന്തോദ്ദീപകവുമായ  പുസ്തകമായിരുന്നു. ഈ രണ്ടു കൃതികളും സമകാലിക ജീവിതത്തെ പല തലങ്ങളിൽ പരിശോധിക്കുകയാണ്.

ലോകം എങ്ങനെ മരിക്കുന്നു ?

ലോകം മരിക്കുകയാണ് ,ഏതാണ്ട് അവസാനിച്ചു എന്നാണ് ഒ കോണറിൻ്റെ പുതിയ പുസ്തകത്തിൻ്റെ ഉള്ളടക്കം .വൈറസ് അതിവ്യാപനം  ,ലക്ഷക്കണക്കിനു മരണങ്ങൾ ,വ്യവസായ അടച്ചുപൂട്ടൽ ,പട്ടിണി, സാമ്പത്തിക തകർച്ച ,രാഷ്ട്രങ്ങളുടെ കടക്കെണി ,മാറാവ്യാധികൾ ,പരിസ്ഥിതി നാശം, പ്രകൃതി ദുരന്തങ്ങളുടെ ആവർത്തനം, വ്യാപകമായ വനം കത്തൽ ,അനാവശ്യവും നീണ്ടു നിൽക്കുന്നതുമായ യുദ്ധങ്ങൾ ,ഭക്ഷണത്തിലെ അനിയന്ത്രിതമായ വിഷം ,പ്ലാസ്റ്റിക്കിൻ്റെ ഭീഷണമായ കടന്നുകയറ്റം ,മലിനീകരണം ,ഭീകര പ്രവർത്തകരുടെ നിരന്തരമായ ആക്രമണങ്ങൾ ... ഇതിനിടയിൽ ഭാവി എന്താണെന്ന് ഒ കോണർ ചോദിക്കുന്നു. പ്രതീക്ഷ അർത്ഥമുള്ള ഒരു പദമാണോ?

കുട്ടികളെ വളർത്തുന്നവർ അവരോട് എന്താണ് പറയേണ്ടത് ?നാളത്തെ തലമുറ സ്വസ്ഥത എവിടെ നിന്നു കണ്ടെത്തും ? .ലോകം ഇങ്ങനെയെല്ലാമാണ് അവസാനിക്കുന്നതെന്ന് ഒ കോണർ സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ ചുറ്റിനും മനുഷ്യർ മരിക്കുമ്പോഴും വീടിനുള്ളിലിരുന്ന് നമ്മൾ ടി.വി.കാണുന്നു; ഗെയിം കളിക്കുന്നു, പൊട്ടിച്ചിരിക്കുന്നു.

പ്രമുഖ അർജൻ്റൈൻ എഴുത്തുകാരനായ ഹൂലിയോ കോർത്തസർ (1914- 1984) എഴുതിയ 'അഷോലോട്ൽ ' എന്ന കഥ ഒരു കൊറോണ വായനയായി ഞാൻ അനുഭവിച്ചു.1956 ൽ 'എൻഡ് ഓഫ് ദ് ഗെയിം' എന്ന സമാഹാരത്തിലാണ് ഈ കഥ വന്നത്. അഷോലോട്ൽ ഒരു അലങ്കാര മത്സ്യമാണ്. ഒരാൾ ഈ സുന്ദരമായ മത്സ്യത്തെ ഒരു അക്വേറിയത്തിലാണ് ആദ്യം കാണുന്നത്.പല തവണ ,അയാൾ ഈ മത്സ്യത്തെ സന്ദർശിക്കുന്നുണ്ട്. എങ്ങനെയോ അയാൾ ആ മത്സ്യവ്യമായി അടുക്കുന്നു.ഇത് ആദ്യം മുതൽ തന്നെ അയാൾ രഹസ്യമാക്കി വയ്ക്കുകയാണ്. അയാൾക്ക് അക്വേറിയം സന്ദർശിക്കാതിരിക്കാനായില്ല. അയാളെ  മത്സ്യം പ്രചോദിപ്പിക്കുകയും  ചെയ്തു. അയാൾ തൻ്റെ ഭാഗമാണ് മത്സ്യമെന്ന് വിചാരിക്കുന്നു .അത് തന്നോട് രക്ഷിക്കണമേ എന്ന് യാചിക്കുന്നതായി ആ മനുഷ്യനു തോന്നുകയാണ്.

ഇപ്പോൾ ആ സന്ദർശകൻ  മത്സ്യത്തിലാണ് ജീവിക്കുന്നത്. അവർ രണ്ടു പേരും ഒരുടലിൽ നീന്തുകയാണ്. അക്വേറിയത്തിൽ മതിയായ ഇടമുണ്ടെന്നും അവിടം വിട്ട് എങ്ങോട്ടും പോകേണ്ടന്നും ആലോചിക്കുന്നത് എത്ര രസകരമാണ്. മത്സ്യത്തെ സന്ദർശിക്കുമ്പോൾ അയാൾ പുതിയൊരു ആവാസ വ്യവസ്ഥയിലേക്ക് മാറുകയാണ്.ഒരു ദിവസം മത്സ്യത്തെ തൊട്ടടുത്ത് കാണാനായി അയാൾ അക്വേറിയത്തിൻ്റെ ചില്ലുഭിത്തിയിൽ മുഖമമർത്തി ഉള്ളിലേക്ക് നോക്കി. ഇപ്പോൾ അയാൾ കണ്ടു, തനിക്കഭിമുഖമായി ചേർന്നു വന്നു നിൽക്കുന്നത് മത്സ്യത്തിൻ്റെ മുഖമല്ല, തൻ്റെ തന്നെ മുഖമാണ്! താൻ തന്നെയാണ് ആ മത്സ്യമെന്ന് ഉറപ്പിക്കാൻ ഒരു തെളിവു കൂടി!

കൊറോണക്കാലത്ത് ഉല്പാദിപ്പിക്കപ്പെട്ട പ്രത്യേക മാനസികാവസ്ഥയുടെ നിദർശനമായും ഈ കഥ വായിക്കാം. എൻ്റെ മനസ്സിൻ്റെ അടിത്തട്ടിൽ മരവിച്ചു കിടന്ന സഹജീവി പ്രേമത്തെ ഈ കഥ ഒന്നുകൂടി ഉയർത്തിയെടുത്തു.മനുഷ്യനാകാൻ നമുക്ക് പല വഴികളുണ്ട്. അതിലൊന്നാണ് ഇത്. കൊറോണക്കാലം നമ്മെ സ്വയം സംസ്കരിക്കേണ്ടതെങ്ങനെയെന്ന് പഠിപ്പിച്ചു.ഒരു അന്യവത്ക്കരണം സംഭവിക്കുകയാണ്. എന്നാൽ അത് നാശോന്മുഖമല്ല .പുതിയ പാഠങ്ങൾ പഠിക്കുകയാണ് .നഷ്ടപ്പെട്ടലിനെപ്പറ്റി ചിന്തിച്ച് കുഴഞ്ഞവർക്ക് ഉയിർത്തെഴുന്നേൽക്കാനുള്ള അവസരമാണിത്.

ഒരു ആത്മീയബന്ധത്തിനായി ബോധപൂർവ്വം അലയുകയല്ല വേണ്ടത്, സ്വാഭാവികമായി ഒത്തു വരുന്ന സന്ദർഭങ്ങളിൽ സ്വന്തം ആത്മാവിൻ്റെ വനാന്തരത്തിലേക്ക് നിരുപാധികമായി നടന്നു നോക്കുകയാണ് ഉത്തമം. അത് നമുക്ക് പുതിയ അറിവുകളും മൈത്രിയും നല്കാതിരിക്കില്ല .ഈ കഥയിലെ മനുഷ്യൻ സാമൂഹിക ബന്ധങ്ങൾക്കപ്പുറത്ത് പോയി പുതിയൊരു മാനുഷികത സൃഷ്ടിക്കുകയാണ്.ഈ വ്യക്തി അന്യവൽക്കരിക്കപ്പെട്ടവനാണ്. എന്നാൽ  മനുഷ്യത്വമുണ്ട്.അതുകൊണ്ടാണ് മൂല്യവത്തായി സ്വയം തേടുന്നത്. യാദൃച്ഛികമായി കണ്ടുമുട്ടുന്ന മത്സ്യത്തിൽ ഒരു ജീവിതം ദർശിക്കുകയാണ്.ജീവിതം മറ്റെവിടെയുമില്ലാതായതിൻ്റെ സൂചനയാണിത്.

കൊലയും അന്യതയും

കഴിഞ്ഞ ദിവസം കൊല്ലത്ത് ഒരു പത്താം ക്ലാസ് വിദ്യാർത്ഥിയെ സഹപാഠികൾ വെട്ടിക്കൊന്ന സംഭവം പരിശോധിക്കാം.ഇത് ലോകാവസാനത്തിൻ്റെ സൂചനയായി ഗ്രഹിക്കാവുന്നതാണ്. ലോകം അവസാനിക്കുന്നത് തിരിച്ചറിയാൻ നമുക്ക് കഴിയണമെന്ന് മാത്രം. സഹപാഠിയോട് ആ കുട്ടി ഷൂസ് കടം വാങ്ങുന്നു. ആ സമയം ഇതിനു പകരമായി താൻ ഒരു മൊബൈൽ ഫോൺ വാങ്ങി നൽകാമെന്ന് കുട്ടി സഹപാഠിക്ക് വാക്കു കൊടുത്തിരുന്നവത്രേ. എന്നാൽ വാക്കു പാലിക്കാനായില്ല. ഇതിൻ്റെ പേരിൽ വഴക്ക് പതിവായി. ഒടുവിൽ,
ഷൂസ് കടം കൊടുത്തവൻ തൻ്റെ കൂട്ടുകാരനെയും കൂട്ടി ഈ വിദ്യാർത്ഥിയെ കൗശലത്തിൽ വിളിച്ചു ദൂരെ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി വെട്ടിക്കൊല്ലുന്നു ! . ജീവിതത്തേക്കാൾ ,സ്നേഹത്തേക്കാൾ വലുതാണ് ഉപഭോഗവസ്തുക്കൾ നേടിയെടുത്ത സ്ഥാനം.ഇത് എല്ലാ പ്രണയങ്ങളെയും വലയ്ക്കുകയാണ്. എല്ലാ കുടുംബങ്ങളിലേക്കും ഈ വൈറസ് നുഴഞ്ഞ് കയറിയിട്ടുണ്ട്.
നാം ഡിജിറ്റൽ യുഗത്തിൽ ജീവിക്കുന്നുണ്ടായിരിക്കാം ;പക്ഷേ ,നമ്മെ ആവേശിച്ച ഭ്രാന്ത് വിട്ടുമാറുന്നില്ല. ഇത് ഭീഷണമായ അന്യവത്ക്കരണമാണ്. ആരാണ് ,എന്താണ് എന്ന് തിരിച്ചറിയാൻ കഴിയാത്ത സാഹചര്യം .

മഹാരാഷ്ട്രയിൽ സന്യാസിമാരെ തല്ലിക്കൊന്ന സംഭവവും ഇതിനു സമാനമാണ്. ലോകം ഇങ്ങനെയെല്ലാം അവസാനിച്ചു കൊണ്ടിരിക്കുകയാണ്.

ഒരു വൈറസ് ലോകവിനോദ സഞ്ചാരത്തിനിറങ്ങിയിരിക്കയാണ്.ഇത് മനുഷ്യൻ്റെ അസ്തിത്വബോധം വർധിപ്പിച്ചിരിക്കുന്നു. മനുഷ്യൻ സ്വയം അതിജീവിക്കുമോ എന്ന് ശങ്കിക്കുന്നതുകൊണ്ട് ഈ യുദ്ധം അസ്തിത്വപരമായ വൈറോളജിയുടെ ഭാഗമാണ്. നമ്മുടെ നിലനില്പാണല്ലോ ഈ വൈറസ് ഉയർത്തുന്ന പ്രശ്നം. അതുകൊണ്ടാണ് സ്വയം അന്യവത്ക്കരിച്ച് മനുഷ്യൻ അവൻ്റെ ആത്മബന്ധങ്ങളെ തേടുന്നത്;കോർത്തസറിൻ്റെ കഥാപാത്രത്തെപ്പോലെ.

ആനുകാലികം

ഇന്നത്തെ കവികളിൽ ഭൂരിപക്ഷവും ഭാവുകത്വത്തെ നിരാകരിച്ചുകൊണ്ടാണ് എഴുതുന്നത്. ഫേസ്ബുക്ക് ,കവിതയ്ക്കുള്ള ഇടമാണെന്ന് തിരിച്ചറിഞ്ഞത് വലിയൊരു ചരിത്രമുഹൂർത്തമാണ്. ഫ്രീ വേഴ്സ് അഥവാ സ്വതന്ത്ര കവനമല്ല ഇന്നുള്ളത്; ഫ്രീ മ്യൂസിംഗ്  അഥവാ സ്വതന്ത്ര വിചാരങ്ങളാണ് ഇന്നത്തെ കവിതകൾ .പക്ഷപാത പ്രസിദ്ധീകരണങ്ങളുടെ കുത്തകയും ജീർണമായ സാഹിതീയ വീക്ഷണവും ഫ്യൂഡൽ പത്രാധിപ മേൽക്കോയ്മയും ഒഴിഞ്ഞു പോയിരിക്കയാണ് .സാഹിത്യം  കുറേ ക്കൂടി സ്വതന്ത്രമാണിന്ന്. ഒരു എഡിറ്റർ അനന്തര കാലമാണിത്.കാമ്പിശ്ശേരിയുടെയോ എൻ.വി.കൃഷ്ണവാരിയരുടെയോ  മുമ്പിൽ കവിതയുമായിപ്പോയി നിരാശരായവർ ഇന്ന് ജീവിച്ചിരിക്കുന്നില്ലെങ്കിൽ ഉയിർത്തെഴുന്നേൽക്കാൻ പറ്റിയ അവസരമാണിത്. അവർക്ക് ആരുടെയും ശീട്ട് ഇല്ലാതെ ഫേസ്ബുക്കിൽ കവിത പ്രസിദ്ധീകരിക്കാം. ഇഷ്ടം പോലെ വായനക്കാരെ നേടാം.കെ.സി.നാരായണനെപ്പോലെയുള്ള പത്രാധിപ ഏകാധിപത്യബിംബങ്ങൾ ഇനി നമ്മെ അലോസരപ്പെടുത്താൻ വരില്ല .

ഫേസ്ബുക്ക് കവിത എന്ന പുതിയ ഇനം തന്നെ സാഹിത്യത്തിൽ സ്ഥാനമുറപ്പിച്ചു കഴിഞ്ഞു. കുമാരനാശാൻ്റെ കരുണ ,വള്ളത്തോളിൻ്റെ ബന്ധനസ്ഥനായ അനിരുദ്ധൻ ,ചങ്ങമ്പുഴയുടെ രമണൻ ,വൈലോപ്പിള്ളിയുടെ കുടിയൊഴിക്കൽ തുടങ്ങിയ കാവ്യങ്ങളുമായി ഈ കവനങ്ങളെ താരതമ്യം ചെയ്യാൻ ഫേസ്ബുക്കിലേക്ക് ആരും വരണ്ട. ഇത് വേറൊരു ഗണമാണ്. ഫേസ്ബുക്ക് മനുഷ്യൻ്റെ അതിവേഗത്തിൻ്റെയും സ്മൃതിനാശത്തിൻ്റെയും നൈമിഷിക ജീവിതത്തിൻ്റെയും ഒരു വിഹാരരംഗമാണ് .അവിടെ സെക്കൻഡുകൾക്കുള്ളിൽ പലതും വന്നു മറിയുന്നു. കവിതയും അങ്ങനെയുള്ള ഒരു ഉല്പന്നമാണ്. ഒരാൾ ജലാശയത്തിലേക്ക് ഡൈവ് ചെയ്യുന്ന ദൃശ്യം ഫേസ് ബുക്കിലിടുന്നതും മറ്റൊരാൾ തൻ്റെ പൂച്ചക്കുട്ടിയുടെ ഉറക്കം  പകർത്തിവയ്ക്കുന്നതും ഒരുപോലെയാണ് സ്വീകരിക്കപ്പെടുന്നത്.ഒരാളുടെ ആത്മഹത്യയുടെ വീഡിയോയ്ക്ക് തൊട്ടു താഴെ വേറൊരു സൃഹൃത്ത് സ്വന്തം കവിത പോസ്റ്റ് ചെയ്യുന്നു. ഇവിടെ ഭാവുകത്വം എവിടെയാണ് ? ഭാവുകത്വം ഇല്ലാത്ത ലോകമാണിത്. കവിത ഇവിടെ നൈമിഷികതയാണ്.കാരണം ഒരു രചനയും ഇവിടെ ശാശ്വതമല്ല.

മഹാഭാരതത്തിൻ്റെ ജീവിതം നൈമിഷികമല്ല  ;അത് ഇതിഹാസമാണ്. അതുകൊണ്ടു തന്നെ ആ രൂപമോ ഉള്ളടക്കമോ ആവർത്തിക്കുകയില്ല. അതാണ് ആ ആഖ്യാനങ്ങളുടെ അതുല്യത .എന്തുകൊണ്ട് ഇതിഹാസങ്ങൾ ബൃഹത്തായി രചിക്കപ്പെട്ടു. ?അത് ജീവിതത്തെ കാലാതിവർത്തിയായി കാണുന്നു. വ്യാസൻ്റെ കാഴ്ചപ്പാടിൽ ധർമ്മപുത്രർ കലാതിവർത്തിയാണ്. അതിനാൽ ധർമ്മപുത്രരുടെ ജീവിതം വിശദമായി എഴുതേണ്ടതുണ്ട്. ഇന്നത്തെ എഴുത്തുകാർക്ക് തങ്ങളുടെ കഥാപാത്രങ്ങളുടെ ജീവിതം കാലാതിവർത്തിയാണെന്ന് അവകാശപ്പെടാനൊക്കില്ല;അവർക്കത് നൈമിഷിക യാഥാർത്ഥ്യമാണ്.

എം.വി.ഷാജിയുടെ ഒരു വെബ് കവിത (മൈഇംപ്രസിയോ ഡോട്ട് കോം ) യുടെ പേര് 'മാംസ നിബദ്ധമാണ് രോഗം' എന്നാണ്. ആശാൻ്റെ 'മാംസനിബദ്ധമല്ല രാഗം' എന്ന പ്രസിദ്ധമായ പ്രയോഗത്തിൻ്റെ അർത്ഥവത്തായ പുനരുപയോഗമാണിത്. ഒരു ഹാസ്യാനുരാഗം പോലെ മനോഹരം.
ചില വരികൾ ചുവടെ:

'ഇൻബോക്സിൽ
നിൻ്റെ പച്ചവെളിച്ചം
തെളിയുമ്പോൾ
എഫ്.ബി
ഹസ്തിനപുരത്തിലെ
അസ്ത്ര പരീക്ഷാവേദിയാവുന്നു .
ഞാൻ ധനുർധാരിയായ
അർജുനൻ .
ഹർഷാരവം മുഴക്കുന്ന
പുരുഷാരത്തെയോ
കറങ്ങുന്ന യന്ത്രക്കൂട്ടിലെ
പക്ഷിയെയോ
മരത്തെയോ മണ്ണിനെയോ
ഞാൻ കാണുന്നില്ല.
എൻ്റെ ഒറ്റ ബാണവും
ഉന്നം പിഴയ്ക്കില്ല .
എടുക്കുമ്പോളായിരം
തൊടുക്കുമ്പോളായിരം
തറയ്ക്കുമ്പോളായിരം .
തറയ്ക്കുമ്പോൾ ....
കീറിമുറിച്ച നിൻ്റെയുടലിൽ
നിന്നാണ്
ലക്ഷ്യവേധിയായ
അമ്പിൻ്റെ
ധ്യാനം
പരിശീലിച്ചത് ' .

സമ്മാനത്തുക.

എം.ടി.പറയുന്നു: 'അക്കാദമി അവാർഡ് തുക പ്രതീക്ഷിച്ച് വീടു പണി പ്ളാൻ ചെയ്യകയൊന്നുമരുത്. മഹാമോശമായ കഥയ്ക്ക് ലക്ഷങ്ങൾ സമ്മാനത്തുകയായി നല്കുന്നതിൽ അർത്ഥമില്ല. ലക്ഷം രൂപ സമ്മാനത്തിനുള്ള കഥയ്ക്ക് അതിൻ്റെ കോപ്പുണ്ടാകണം. പണത്തിലല്ല, അതുവഴി വരുന്ന അംഗീകാരത്തിലാണ് ശ്രദ്ധിക്കേണ്ടത് .ലിറ്റററി ഫെസ്റ്റിവലിൽ നിന്ന് സാഹിത്യം അകന്നുപോയി ഫുഡ് ഫെസ്റ്റായി മാറുന്നു' .( മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ഏപ്രിൽ 19 )

എം.ടിയുടെ ഈ വിമർശനം വളരെ അനിവാര്യമായിരുന്നു.മാലിന്യക്കൂമ്പാരമായി മാറിയ മലയാള പുരസ്കാര വ്യവസായം ലോകത്തിനു തന്നെ നാണക്കേടാണെന്നതാണ് വസ്തുത. ലോകപ്രശസ്തമായ ,ഹെർമ്മൻ ഹെസ്സെയുടെ 'സിദ്ധാർത്ഥ 'ഈ മലയാളക്കരയിൽ ജയപ്രകാശ് അങ്കമാലിയോ, സെബാസ്റ്റ്യൻ പള്ളിത്തോടോ ആണ് എഴുതിയതെന്ന് സങ്കല്പിക്കുക.ഇവിടുത്തെ സൗന്ദര്യബോധമില്ലാത്ത അവാർഡ് മുതലാളിമാർ ആ കൃതി ഒന്നു വായിച്ചു നോക്കുക പോലും ചെയ്യില്ല .നാലാംകിട പുസ്തകങ്ങൾക്ക് അവാർഡ് കൊടുക്കാൻ ചില പ്രത്യേക സംഘങ്ങൾ പ്രവർത്തിക്കുന്നു .ഈ കാലഘട്ടത്തിലെ അവാർഡ് കൃതികൾക്ക് നിലനില്പില്ല. കാരണം അതെല്ലാം നിലനില്ക്കാൻ ശ്രമിക്കുന്നത് അധാർമ്മികമായാണ്.

വിജയനും നവീനതയും

ഒ.വി.വിജയൻ്റെ നവതിയുടെ ഭാഗമായി മാതൃഭൂമി ആഴ്ചപ്പതിപ്പ് (ഏപ്രിൽ 5) ഒരു കവർ ചിത്രം പ്രസിദ്ധീകരിച്ചത് നന്നായി.എന്നാൽ പി.കെ.രാജശേഖരൻ്റെ ലേഖനം സാഹിത്യബാഹ്യമായ  ,വിജയൻ വിരുദ്ധമായ വാദങ്ങൾ കൊണ്ട് ജീർണ്ണമായി . വിജയൻ യൂറോപ്യൻ കേന്ദ്രിതമായ ആധുനികതയെ എതിർത്തു ,അന്ധമായ ഭാരതീയതയെ വെറുത്തു എന്നെല്ലാം തട്ടിവിട്ടിരിക്കുന്നു. ഈ പറഞ്ഞ കാര്യങ്ങൾ വിജയൻ പാലിച്ചിരുന്നുവെങ്കിൽ അദ്ദേഹം ഏറിയാൽ  ചന്തുമേനോൻ ആകുമായിരുന്നു.

ലേഖകൻ പറഞ്ഞതിൽ ഒരു വാസ്തവവുമില്ല. ഇരുപതാം നൂറ്റാണ്ടിലെ യൂറോപ്യൻ ,അമേരിക്കൻ ,ലാറ്റിനമേരിക്കൻ അധുനികതയില്ലെങ്കിൽ വിജയനില്ല. ഇത് രാജശേഖരനു മനസ്സിലാക്കാൻ പറ്റാത്തത് അദ്ദേഹത്തിനു സാഹിത്യംകൊണ്ട് നവീകരിച്ച ആധുനിക മനസ്സില്ലാത്തതു കൊണ്ടാണ്. കോളജ് പഠനത്തിൻ്റെ ഭാഗമായി ഒരു ഗവേഷണത്തിനു വിഷയം  തിരഞ്ഞെടുക്കുന്നത് സാഹിത്യാഭിരുചിയുടെ അടയാളായി കാണാനാവില്ല. രാജശേഖരൻ എന്തിനാണ് വിജയനെക്കുറിച്ച് വസ്തുതാവിരുദ്ധമായ ലേഖനങ്ങൾ എഴുതുന്നതെന്ന് വ്യക്തമാകുന്നില്ല.രാജശേഖരൻ നവീന സൗന്ദര്യമാനങ്ങളുള്ള ഒരു കൃതിയും ആസ്വദിച്ചതായി തെളിവുമില്ല .വിജയനെ മാത്രം അനുഭവിച്ചു എന്ന് പറയുന്നത് കളവല്ലേ.. ? വി.പി.ശിവകുമാർ ,മേതിൽ, യു.പി. ജയരാജ്,പട്ടത്തുവിള, കാക്കനാടൻ ഇവരെയൊക്കെ അവഗണിച്ചിട്ട് വിജയനെ മാത്രം വേട്ടയാടുന്നത് എന്തിനായിരിക്കണം? വിജയൻ്റെ കൃതികളിൽ മിസ്റ്റിസിസം, എക്സ്പ്രഷനിസം, ഇംപ്രഷനിസം ,സറിയലിസം, അബ്സേർഡിസം  തുടങ്ങിയ കലാസങ്കേതങ്ങളെല്ലാമുണ്ട്. എന്നാൽ അദ്ദേഹം കമ്യൂ ,സാർത്ര് ,ഫോക് നർ തുടങ്ങിയവരുടെ ഭാഷയും ശൈലിയുമല്ല ഉപയോഗിച്ചത്;സ്വന്തം ഭാഷയും ഭാരതത്തിൻ്റെ മിത്തുകളുമാണ്.ഇത് കലയുടെ അസംസ്കത വസ്തുക്കളായി ഉപയോഗിക്കുകയാണ്. മിത്തുകൾ ഉപയോഗിക്കുക മാത്രമാണ് ചെയ്തതെങ്കിൽ വിജയൻ ,യു.എ.ഖാദറിൻ്റെ തലത്തിൽ നിൽക്കുമായിരുന്നു.എന്നാൽ വിജയനിൽ കലയുടെ നവീനത നിലനിൽക്കുന്നു.ഇത് അധുനികതയുടെ ഭാഗമാണ്.ഇത് കലയുടെ പുതിയ സംസ്കാരമാണ്. ഈ സംസ്കാരം ചന്തുമേനോനിൽ ഇല്ലല്ലോ. അത് വിജയനിൽ സാക്ഷാത്കരിക്കപ്പെടുന്നത് കാലത്തിൻ്റെ ഒരു ഘടകം അല്ലെങ്കിൽ സ്വഭാവം എന്ന നിലയിലാണ്.ഇത് രാജശേഖരനു  കാണാൻ കഴിയാത്തതുകൊണ്ടാണ് അദ്ദേഹത്തെ  ആധുനികകലാവിരുദ്ധനായി കണക്കാക്കേണ്ടി വരുന്നത്.

ഇങ്ങനെയുള്ള ഒരാൾ വിജയനെ എന്തിനാണ് പിന്തുടരുന്നത്? മറ്റൊന്ന്, വിജയൻ അന്ധമായി ഭാരതീയതയെ എതിർത്തു എന്ന പ്രസ്താവനയാണ്. തെറ്റാണിത്. അദ്ദേഹത്തിനു ഭാരതീയ ദർശനത്തെ ഒരിക്കലും എതിർക്കാനാവില്ല .പെരുവിരൽ എന്ന പദം 'ഖസാക്കിൻ്റെ ഇതിഹാസ 'ത്തിൽ ഉചിതമായി ഉപയോഗിക്കുന്നത് കാണാം. കൃഷ്ണൻ്റെ പെരുവിരലിലാണല്ലാ വേടൻ്റെ അമ്പേറ്റത് .ഈ പ്രാചീന  ദു:ഖം അദ്ദേഹത്തിൻ്റെ മനസ്സിനെ ചലിപ്പിക്കുന്നത് വൈകാരികക്ഷമതയുടെ ആഴം കാണിച്ചു തരുകയാണ്. 'മധുരം ഗായതി ' എന്ന കൃതി ഭാഗവതത്തിൻ്റെ സത്തയായി പരിഗണിക്കാം.

രാജശേഖരൻ മറ്റൊരു അബദ്ധവും പറഞ്ഞു. ആധുനികതാവിമർശനം വിജയനെ യൂറോ കേന്ദ്രിതമായി ചുരുക്കിയെന്ന് ! ഒരു ജ്ഞാനമാർഗം ആരായുന്നത് ചുരുക്കലാണോ? നവീന വിമർശനത്തിൻ്റെ സമീപനം ഏതെങ്കിലും ദേശത്ത് ഒതുങ്ങുകയല്ല ;എവിടെ നിന്നും സൗന്ദര്യാത്മക വിശകലനത്തിനു ആവശ്യമായ മൂലകങ്ങൾ കണ്ടെത്തുക എന്നുള്ളതാണ്. ഈ ആധുനികതാവിമർശകർ മാത്രമാണ് തുടക്കത്തിൽ വിജയൻ്റെ കൃതികളെ പഠിച്ചതും പിന്തുണച്ചതും. ഇപ്പോൾ വിജയൻ്റെ പിന്നാലെ കൂടിയിരിക്കുന്ന അവസരവാദികൾക്ക് ഇതൊന്നും അറിയില്ലെന്നു മാത്രം.

ആധുനികത എന്ന വലിയ സംസ്കാരത്തെക്കുറിച്ചുള്ള അജ്ഞതയും ജീർണ്ണ ,പിന്തിരിപ്പൻ നിലപാടുകളുമാണ് രാജശേഖരൻ്റെ കൈമുതലെന്ന് ഈ ലേഖനം വ്യക്തമാക്കിത്തരും. നോവലിലെ ഒരു വാചകം പോലും ഉദ്ധരിക്കാതെ എന്ത് നവതി അനുസ്മരണമാണിത്?.

പാശ്ചാത്യ ആധുനികതയെ വായിച്ചും പഠിച്ചും പകർത്തുന്ന എഴുത്തുകാരുണ്ട്. അവർക്ക് പക്ഷേ, ശൈലിയുടെയും ഭാഷയുടെയും ആധുനികത തെളിഞ്ഞു കിട്ടില്ല. നവീനമായ ഭാഷാസംസ്കാരം, ആധുനികതയുടെ ശൈലീപരമായ സവിശേഷതകൾ ഉൾച്ചേരുന്നതോടെ വളരെ മൗലികമായ ടോൺ സൃഷ്ടിക്കും.ഇത് യഥാർത്ഥ പ്രതിഭകൾക്ക് മാത്രം സാധിക്കുന്ന കാര്യമാണ്.

സുലോചന പാടുന്നു.

പ്രമുഖ നാടക നടിയും ഗായികയുമായ കെ.പി.എ.സി.സുലോചനയുടെ ജീവചരിത്രം എഴുതുകയാണ് ബൈജു ചന്ദ്രൻ (അഴിമുഖം ഡോട്ട് കോം ).

സുലോചനയെ വല്ലാതെ അവഗണിച്ചതായി തോന്നിയിട്ടുണ്ട്. അവർ നാടകത്തിൽ പാടി അനശ്വരമാക്കിയ പാട്ടുകൾ ,അതേ നാടകം സിനിമയായപ്പോൾ അവർക്ക് പാടാൻ അവസരമുണ്ടായില്ല. ആരെയും വിഷമിപ്പിക്കുന്ന കാര്യമാണിത്. സുലോചനയും മറ്റും നാടകരംഗത്തു വന്നത് നമ്മൾ സാമൂഹികമായി നേടിയ ഔന്നത്യത്തിൻ്റെ ഭാഗമാണ്. അവർ പുരോഗമനവാദിയും ഉല്പതിഷ്ണുവുമായതുകൊണ്ട് ,നാടക ,ഗാന പാരമ്പര്യമില്ലാത്ത നമ്മൾ ഉദ്ബുദ്ധരായി. പഴയ കാലത്തേക്ക് തിരിഞ്ഞു നോക്കുമ്പോൾ സുലോചന പാടിയ വെള്ളാരംകുന്നിലേ  ,അമ്പിളി അമ്മാവാ തുടങ്ങിയ പാട്ടുകൾ നമ്മുടെ തനിമയോ പാരമ്പര്യമോ ആയി നിൽക്കുകയാണ്.

ഇന്നത്തെ ഗായികമാരുടേത് പോലെ ബോധപൂർവ്വം സൗന്ദര്യവൽക്കരിച്ച ,തേച്ചുമിനുക്കിയ ,ഇസ്തിരിയിട്ട ശബ്ദമല്ല സുലോചനയുടേത്. ആ ശബ്ദം നമ്മുടെ കുടുംബങ്ങളിൽ സ്നേഹവുമായി ഓടി നടന്നിരുന്ന ഒരു മൂത്ത ചേച്ചിയുടെയോ ഇളയമ്മയുടെയോ ,ചിറ്റമ്മയുടെയോ ശബ്ദമാണ്. അത് നിറയെ മലയാളിത്തവും മമതയും രക്തബന്ധവുമാണ്.

സുലോചന നാടകത്തിൽ കുഷ്ഠരോഗിയായി അഭിനയിച്ചപ്പോൾ അവർക്ക് ശരിക്കും ആ രോഗമുള്ളതുകൊണ്ടാണ് റോൾ വിജയിപ്പിക്കാനായതെന്ന് പറഞ്ഞ് ആ നടിയെയും കുടുംബത്തെയും വിഷമിപ്പിച്ചവരുണ്ടെന്ന് ബൈജു ചന്ദ്രൻ എഴുതുന്നുണ്ട്. ഒരു നടിയുടെ വിജയമല്ലേ ഇത് ?

പുസ്തകങ്ങൾ

ലക്ഷ്മി ദീപയുടെ (ഭോപ്പാൽ )' മൗനത്തിൻ്റെ നിലവിളികൾ 'നർമ്മദ പബ്ളിക്കേഷൻ) സമകാലിക വിഷയങ്ങളോടുള്ള പ്രതികരണങ്ങൾ എന്ന നിലയിൽ രചിക്കപ്പെട്ട കവിതകളുടെ സമാഹാരമാണ്.പൊതു പ്രസ്താവങ്ങളും വൃത്താന്തങ്ങളും കവിതയിൽ നിറയുന്നു. ഒരു നവാഗത എന്ന നിലയിൽ പ്രതീക്ഷ തരുന്നു.ബോധിമാർഗ്ഗേ എന്ന കവിതയിലെ വരികൾ ചുവടെ:

'ബോധാബോധങ്ങൾക്കുള്ളിൽ
ബോധിയുടെ ചുവട്ടിൽ
ബുദ്ധൻ്റെ ശാന്തി മന്ത്രങ്ങൾ
ശ്രവണങ്ങളിൽ മാധുര്യമാക്കാം.
ലുംബിനിയുടെ മരണതാളങ്ങളെ
അഗ്നിയിൽ ഹവിസ്സാക്കി
നിത്യബോധത്തിൻ്റെ
സത്യപ്രകാശത്തിൽ  ലയിക്കാം.'

സുരേഷ് നൂറനാട് എഴുതിയ 'അപര കഥ' എന്ന ആത്മകഥാകുറിപ്പുകൾ ( പുലിറ്റ്സർ ബുക്സ് ) മനസ്സിൽ കലയുടെ തീയുമായി നടന്ന കുറെ ചെറുപ്പക്കാരുടെ വിപ്ളവ സ്വപ്നങ്ങളെയും കവിതാപരമായ വിഷാദങ്ങളെയും എടുത്തു കാണിക്കുന്നു. ഒരിടത്ത്‌ സുരേഷ് ഇങ്ങനെ എഴുതുന്നു: ' പക്ഷികൾ പുതിയ ദേശാടനവഴികളിലാകും .തിരിച്ചു പോകാത്ത ആ തണൽത്തടങ്ങളുടെ മടിയിൽ നിന്ന് നാട്ടുവർത്തമാനം പറഞ്ഞവരെല്ലാം മൺമറഞ്ഞു. കരിയിലകൾ പോലെ ഇന്ന് അവിടെയുമിവിടെയും ഞങ്ങൾ ചിലർ മാത്രം."

തൻ്റെ യൗവ്വനകാലം കവിതയിലും  വർത്തമാനത്തിലും  എങ്ങനെ ഉപവാസം അനുഷിച്ചു എന്ന് നിശ്ശബ്ദമായി സംവേദനം ചെയ്യുകയാണ് ഗ്രന്ഥകാരൻ.

സാങ്കല്പിക വായനക്കാരൻ

പ്രമുഖ ജർമ്മൻ വിമർശകനും സൈദ്ധാന്തിനുമായ വൊൾഫ്ഗാംഗ്  ഐസർ (1926-2007) ദ് ഇംപ്ളൈഡ് റീഡർ ,ദ് ആക്റ്റ് ഓഫ് റീഡിംഗ് എന്നീ പുസ്തകങ്ങളിൽ വായനയുടെ സിദ്ധാന്തം (റീഡർ റെസ്പോൺസ്) അവതരിപ്പിക്കുന്നുണ്ട്. വായന ലക്ഷ്യമിടുന്നത് എഴുത്തുകാരൻ്റെ മനസ്സിൽ എന്താണ് ഉദ്ദേശിച്ചതെന്ന് മനസ്സിലാക്കാനല്ല ;അതിൻ്റെ സൗന്ദര്യാത്മകമാനം ഉൾക്കൊള്ളാനാണ്. ഇതാകട്ടെ വായനക്കാരൻ ഒറ്റയ്ക്ക് നേടുന്നതാണ്. വായനക്കാരൻ്റെ പ്രതികരണമാണ് വായന .ഇതാണ് ഐസറുടെ ചിന്ത .

അദ്ദേഹത്തിൻ്റെ അഭിപ്രായത്തിൽ നമ്മൾ ഒരു നോവൽ വായിക്കുമ്പോൾ ,അതിൽ തന്നെ ഒരു ഇംപ്ളൈഡ് റീഡർ അഥവാ സാങ്കല്പിക ,സൂചിത വായനക്കാരനുണ്ട്.ഇത് ഒരു പ്രത്യക്ഷ വ്യക്തിയല്ല .കൃതിയുടെ ടെക്സ്റ്റ് ഒരാൾ വായിക്കുന്നുണ്ട് എന്ന പ്രതീതിയാണത്. ഈ വായനക്കാരന് മതമോ ,പ്രത്യേക ദേശമോ  ഒന്നുമില്ല. ഏതൊരു ടെക്സ്റ്റിലും ഈ വായനക്കാരനുണ്ട്.

ബഷീറിൻ്റെ 'പാത്തുമ്മയുടെ ആട് 'വായിക്കുന്ന നമ്മെക്കൂടാതെ ഒരു സാങ്കല്പിക വായനക്കാരൻ ആ കൃതിയിൽ തന്നെയുണ്ട്. അയാൾ എപ്പോഴുമുണ്ട്. ഒരാൾ പത്തുമ്മയുടെ ആട് വായിക്കാനെടുക്കുമ്പോൾ ,അയാളുടെ വായന വേറൊരു വഴിയിൽ തിരിയണമെങ്കിൽ  ഈ അദൃശ്യ വായനക്കാരനെ മറികടക്കേണ്ടതുണ്ട്.

ഐസർ പറയുന്നു ,നാല് ഘടകങ്ങൾ ചേരുമ്പോഴാണ് വായനയുണ്ടാകുന്നത്: എഴുത്തുകാരൻ ,കഥാപാത്രങ്ങൾ ,കഥാതന്തു ,സാങ്കല്പിക വായനക്കാരൻ .നമ്മൾ എന്തെങ്കിലും അർത്ഥമോ ,അനുഭൂതിയോ കൃതിയിൽ നിന്നു നേടുന്നുണ്ടെങ്കിൽ അത് ഈ നാലു ഘടകങ്ങൾ ചേരുമ്പോഴാണ് സംഭവിക്കുന്നത്.

വായനക്കാരൻ്റെ വ്യക്തിഗതമായ അനുഭവവും ഗ്രന്ഥകാരൻ്റെ കലാ സങ്കല്പവും തമ്മിൽ ,വായിക്കുന്ന വേളയിൽ ഒരു സംഘർഷമുണ്ടാകുന്നതായി ഐസർ വിശദീകരിക്കുന്നു. വായനക്കാരന് തൻ്റേതായ സന്ദേഹങ്ങളുണ്ട്. അതിനെ മറികടക്കാനാണ് 'പാത്തുമ്മയുടെ ആട് ' രചിച്ച ആളിൻ്റെ  വ്യക്തിമനസ്സ് എപ്പോഴും ശ്രമിക്കുക .ഇതിനു രണ്ടിനുമിടയിൽ ഒരു സംഘർഷം ഉടലെടുക്കുന്നു. ഇതാണ് വായനയുടെ പ്രതികരണത്തിലേക്ക് നയിക്കുന്നത്.
ബഷീർ എന്താണ് അർത്ഥമാക്കിയതെന്ന പ്രശ്നം വായനക്കാരനെ കുഴയ്ക്കുന്നു. അവനാകട്ടെ സ്വന്തമായി ചിലത് കണ്ടെത്താനുമുണ്ട്. കൃതിയിലെ സാങ്കല്പിക വായനക്കാരനെ മറികടന്നുകൊണ്ട് ,വഴിപിരിഞ്ഞു കൊണ്ട് ഒരു വായനക്കാരൻ സഞ്ചരിക്കുന്നിടത്ത് അയാളുടെ വായന സംഭവിക്കുന്നു.

വാക്കുകൾ

1)ഞാൻ തീരുമാനങ്ങളെടുക്കുന്നത് ഉൾവിളിയുടെ ഫലമായാണ്. ഞാൻ ഇരുട്ടിലേക്ക് ഒരു കുന്തമെറിയുന്നു. ആ കുന്തം കണ്ടെടുക്കാൻ ഒരു സൈന്യത്തെ തന്നെ ഞാനയയ്ക്കണം. ഇതാണ് പ്രതിഭ.

ഇൻഗ്മെർ ബർഗ്മാൻ ,
സ്വീഡിഷ് സംവിധായകൻ.

2)ഒരു വസ്തുവിനെ പല വീക്ഷണകോണുകളിൽ നിന്നു നോക്കാൻ കഴിയാത്തവൻ ഇടുങ്ങിയ മനസ്സുള്ളവനാണ് .
ജോർജ് എലിയട്ട് ,
ഇംഗ്ലീഷ് പെൺ നോവലിസ്റ്റ്.

3)ആരോഗ്യമുള്ളവനും മനോദൗർബ്ബല്യമുള്ളവനും തമ്മിലുള്ള വ്യത്യാസം ഇതാണ്: ആരോഗ്യമുള്ള വനു കുറെ മാനസിക പ്രശ്നങ്ങളുണ്ടാകും; എന്നാൽ മനോവിഭ്രാന്തിയുള്ളവനു ആ  ഒരു പ്രശ്നമേ ഉണ്ടാകൂ.
റോബർട്ട് മ്യൂസിൽ ,
ഓസ്ട്രിയൻ എഴുത്തുകാരൻ  .

4) ഇന്നത്തെ ലൈംഗിക സ്വാതന്ത്ര്യം ഒരു ആചാരമാണ്.ഒരു കടപ്പാട് ,സാമൂഹിക കടമ, സാമൂഹിക ഉത്ക്കണ്ഠ , ഉപഭോക്താവ് എന്ന നിലയിൽ ഒരു വൻ്റെ അവശ്യ സ്വഭാവം.
പസ്സോളിനി,
ഇറ്റാലിയൻ സംവിധായകൻ .

5) നമ്മൾ വിരോധാഭാസപരമായ ഒരു സത്യത്തിലെത്തിച്ചേർന്നിരിക്കുന്നു. വിദ്യാഭ്യാസമാണ് ഇന്ന് ബൗദ്ധികമുന്നേറ്റത്തിനും ചിന്താസ്വാതന്ത്ര്യത്തിനും മുഖ്യ തടസ്സമാകുന്നത്.
ബെർട്രൻഡ് റസ്സൽ ,
ബ്രിട്ടീഷ് ചിന്തകൻ.

കാലമുദ്രകൾ

1)ജോൺ എബ്രഹാം.
ഒരു ചലച്ചിത്ര സംവിധായകനായിരിക്കുന്നത് തൻ്റെ പ്രതീകാത്മക കുരിശുമരണമാണെന്ന് പ്രഖ്യാപിക്കുന്ന തരത്തിൽ ജോൺ എബ്രഹാം വീണ്ടും വീണ്ടും സാഹസികമായ യാത്രകൾ നടത്തിക്കൊണ്ടിരുന്നു.

2)രവീന്ദ്രൻ.
സംഗീത സംവിധായകൻ രവീന്ദ്രൻ ഒരു അഭിമുഖത്തിൽ പറഞ്ഞു: എൻ്റെ പാട്ടുകൾക്ക് മഴയോടാണ് ബന്ധം.ആദ്യം അത് ചാറ്റൽ മഴയായി തുടരുന്നു. പിന്നീട് പല രീതിയിൽ ശക്തി പ്രാപിക്കുന്നു.

3) പുനത്തിൽ കുഞ്ഞബ്ദുള്ള .
ഒരു എഴുത്തുകാരനാവുന്നതിനു വേണ്ടി ,ഒരു സോദ്ദേശ്യകഥാപാത്രമാവുക പുനത്തിൽ കുഞ്ഞബ്ദുള്ളക്ക് ആലോചിക്കാനേ കഴിയുമായിരുന്നില്ല.

4) മേതിൽ രാധാകൃഷ്ണൻ.
ഒരു പുഴുവിൻ്റെ അവകാശം സ്ഥാപിക്കുന്നത് വരെ തൻ്റെ രാഷ്ട്രീയം അവസാനിക്കുകയില്ലെന്ന് പറഞ്ഞ കഥാകൃത്ത് മേതിൽ രാധാകൃഷ്ണൻ്റെ വിശാലമായ രാഷ്ട്രീയ മനസ്സ് ഇന്ന് കുടുതൽ പ്രസക്തമാണ്.

5) ഗോപി.
ഒരു സുഹൃദ് സദസ്സിൽ വച്ച് ഡി.വിനയചന്ദ്രൻ തൻ്റെ 'വീട്ടിലേക്കുള്ള വഴി' എന്ന കവിത വികാരനിർഭരമായി ചൊല്ലുന്നത് കേട്ട് നടൻ ഗോപി മൗനിയും ദു:ഖിതനുമാകുന്നത് കാണാനിടയായി.

ദർശനം

നോട്ടം .
മനുഷ്യൻ്റെ നോട്ടം അവനിൽ തന്നെ കെട്ടുപിണഞ്ഞു കിടക്കുകയാണ്. ലോകത്തെയാകെ നോക്കാൻ ഭഗവാനു മാത്രമേ കഴിയൂ.

2)നടൻ.
ഒരു നടനായാൽ തൻ്റെ അസ്തിത്വത്തിനു പുറത്തും ജീവിക്കാം. കഥാപാത്രങ്ങൾ അന്യ വസ്തുക്കളല്ല;അത് നടനിലെ വ്യക്തിയും ശരീരവുമാണ്. സത്യൻ ഒരേ സമയം 'ചെമ്മീനി'ലെ പളനിയും 'അനുഭവങ്ങൾ പാളിച്ചകളി'ലെ ചെല്ലപ്പനുമാണ്.കാരണം ഈ രണ്ട് വ്യത്യസ്ത മനുഷ്യർ ജീവിച്ചത് സത്യൻ്റ ശരീരത്തിലും മനസ്സിലുമാണ്.

3)പ്രാർത്ഥന.
പ്രാർത്ഥിക്കുമ്പോൾ നമ്മളല്ല ,ലോകവും ദൈവവുമാണ് മുഖ്യമാവുന്നത്. കാരണം ലോകമുണ്ടെങ്കിലേ നമ്മളുള്ളു .

4)എഴുത്ത്
അയൽവീട്ടിലുള്ളവർ സുഖമായിരുന്നാൽ മാത്രമേ എഴുത്തുകാരനു സ്വന്തം നിലയിൽ ഏകാകിയായി സംഘർഷമനുഭവിക്കാനാകൂ. ഈ സംഘർഷം മനുഷ്യത്വപരവും ലോ കോപകരപ്രദവുമാണ്.

5) ഞാൻ .
എല്ലാവരിലും 'ഞാൻ 'മന്ത്രിക്കുന്നതു കൊണ്ട് നമ്മളെല്ലാം ഒരാൾ തന്നെയാണ്. എന്നാൽ കേവലം വ്യക്തികളായി നമ്മൾ നിലനിൽക്കുകയും ചെയ്യുന്നു. ഇതാണ് പ്രപഞ്ചലീല. ജീവിതത്തിൻ്റെ സറിയലിസ്റ്റിക് (അയാഥാർത്ഥ്യം ,ഉപബോധ മനോവിഭ്രാന്തി ) അന്യവത്ക്കരണ മാണിത്.

Posted by m k harikumar at 10:40 PM No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest
Labels: aksharajalakam

അക്ഷരജാലകം/വ്യാകുലതയുടെ സൗന്ദര്യശാസ്ത്രം/എം.കെ.ഹരികുമാർ/metrovartha , may 4

ഫ്രഞ്ച് നാടകകൃത്തായിരുന്ന അഥൊന അർത്തോ (1896-1948) സ്വയം ഒരു പ്രശ്നമായിരുന്നു .താൻ തന്നെ അഴിക്കാൻ പറ്റാത്ത ഒരു കുരുക്കായി മാറിക്കഴിഞ്ഞുവെന്ന് തിരിച്ചറിഞ്ഞതാണ് അർത്തോയുടെ ജ്ഞാനഗഹനതയുടെ യഥാർത്ഥ്യം.

ജീവിതത്തെ അതിൻ്റെ പുറംമോടികൾ കൊണ്ട് മനസ്സിലാക്കാൻ പറ്റാത്തതു കൊണ്ട് അർത്തോ തന്നെത്തന്നെ അതിൻ്റെ താക്കോലായി ഉപയോഗിച്ചു. എപ്പോഴും വ്യതിചലിക്കുകയും ചതിക്കുകയും ചെയ്യുന്ന ആന്തരികത മനുഷ്യൻ്റെ വിധിയാണെന്ന് കരുതിയ ഈ നാടക ,സാഹിത്യപ്രതിഭ സ്വയം ഒരു സൗന്ദര്യശാസ്ത്രമാകുന്നതാണ് നാം കാണുന്നത്.

ഭയത്തിൻ്റെയും പ്രത്യാശാരാഹിത്യത്തിൻ്റെയും കാലഘട്ടത്തിൽ വൈകാരിക സംവേദനത്തിൻ്റെ സകല ഭാരവും ഏറ്റുവാങ്ങുന്ന കലാകാരൻ തൻ്റെ ദുർബ്ബലവും ആർദ്രവുമായ മാനസികാവസ്ഥകൾകൊണ്ടാണ്  പലതും പഠിക്കുന്നത്. ചിലപ്പോൾ അത്മഹത്യയിലേക്കോ തീവ്ര വിഷാദത്തിലേക്കോ വഴുതി വീഴാം .അങ്ങനെ വീണവർ ഉണ്ടല്ലോ.

അർത്തോ പല തവണ മാനസികാഘാതത്തിനു ഇരയായി. പലപ്പോഴും മനോരോഗ ചികിത്സാ കേന്ദ്രത്തിലായിരുന്നു. അന്ത്യവും അവിടെത്തന്നെ. ഡച്ച് ചിത്രകാരൻ  വാൻഗോഗിൻ്റെ  ആത്മഹത്യയെക്കുറിച്ച് അർത്തോ എന്തിനെഴുതി ?അത് ഒരു നിഗൂഢമാനസികാസ്ഥയുടെ  ആന്തരഭാവങ്ങൾ തേടുന്നതിൻ്റെ ഭാഗമായിരുന്നു. ഒരു ആസക്തസമൂഹം എങ്ങനെയാണ് അതിൻ്റെ ഉദാസീനതകൊണ്ട് ഒരു വലിയ കലാകാരനെ വധിക്കുന്നതെന്ന് അദ്ദേഹം സൈദ്ധാന്തികമായി കണ്ടെത്തി.'വാൻഗോഗ് ,ദ് മാൻ സൂയിസൈഡഡ് ബൈ സൊസൈറ്റി ' എന്ന കൃതി അതാണ് കാണിക്കുന്നത്.

സ്വന്തം ആത്മഹത്യയെക്കുറിച്ച് അർത്തോ ചിന്തിച്ചിരുന്നു .അദ്ദേഹം അത് ഇങ്ങനെ വിശദമാക്കുന്നു: ''ഞാൻ ആത്മഹത്യ ചെയ്യുകയാണെങ്കിൽ ,അതെന്നെ ഇല്ലാതാക്കാനായിരിക്കുകയില്ല ;എന്നെത്തന്നെ വീണ്ടെടുക്കാനായിരിക്കും. എൻ്റെ നേർക്കുള്ള ക്രൂരമായ പുനരാക്രമണമാണ് എനിക്ക് അത്മഹത്യ .ദൈവത്തിൻ്റെ പ്രവചിക്കാൻ പറ്റാത്ത എന്നോടുള്ള  സമീപനങ്ങളെ ഭാവന ചെയ്യാനാണ് എന്നെത്തന്നെ ആക്രമിക്കുന്നത്.''

ഈ മനോഭാവം ആകുലതയുടേതാണ് .ലോക മഹായുദ്ധങ്ങളുടെ ക്രൂരതയാണ് ,പരിഹാരമില്ലാത്ത വിഷാദജ്വരങ്ങളാണ് ഒരു അർത്തോ യെ സൃഷ്ടിക്കുന്നത്. മനുഷ്യനെ മനുഷ്യൻ യാതൊരു ഭാവിചിന്തയുമില്ലാതെ കൊന്നൊടുക്കുന്നത് ഭ്രാന്തിൻ്റെ ഒരു പ്രക്രിയയാണ്.ഈ ഭ്രാന്ത് പക്ഷേ, രാഷ്ട്രങ്ങളോ സൈന്യമോ അംഗീകരിക്കുന്നില്ല. അതുകൊണ്ട് അർത്തോ അതിനെ തൻ്റെ ശരീരത്തിൻ്റെയും മനസിൻ്റെയും പ്രശ്നമായി ഏറ്റെടുത്തു.ഇത് വൈകാരിക ക്ഷമതയുള്ളവരുടെ നിയോഗമാണ്.

കൊറോണ വിതയ്ക്കുന്നത് വ്യാകുലതയാണ്;ഉപബോധമനസ്സിലേക്ക് അത് വിഭ്രാന്തി ഒഴുക്കി നിറയ്ക്കുന്നു. അതുകൊണ്ട് എഴുത്തുകാരിലേക്ക് സംക്രമിപ്പിക്കുന്നത് വിഭ്രാന്തിയും സറിയലിസ്റ്റിക് വ്യാകുലതകളുമായിരിക്കും. രോഗത്തെ അതിജീവിച്ചവരോ രോഗം പിടിപെടാത്തവരോ ഇതോർക്കുകയില്ല.എന്നാൽ ഒരു എഴുത്തുകാരനെ ഇത് മാറ്റിമറിക്കും. അവൻ ചിന്ത എന്ന രോഗത്തിനടിപ്പെടും.
നശ്വരചിന്തയുടെയും അപസ്മാരത്തിൻ്റെയും ആകുലചിന്തകൾ അവൻ്റെ രാപ്പകലുകളെ ഉന്മാദവിഷാദ ശീലങ്ങളിലേക്ക് കൊണ്ടുപോകും. അർത്തോ പറഞ്ഞതുപോലെ ,ഒരു ഭ്രാന്തൻ തൻ്റെ ജ്ഞാനഗഹനമായ അറിവുകൾ എന്തിനു പാഴാക്കി കളയണം. ? അത് സമൂഹം തച്ചുടയ്ക്കുമെന്ന് അവനറിയാം. അതുകൊണ്ട് ഒരു പരിചയെന്ന നിലയിൽ അവൻ വ്യാകുലതയുടെ മനോഭാവങ്ങളെത്തന്നെ ഉപയോഗിച്ചു കൊണ്ടിരിക്കും.

സാഹിത്യകലയുടെ പുതിയ സന്ദർഭം

കൊറോണയുടെ മഹാപീഡനകാലത്തിലൂടെ കടന്നുപോകുന്ന ലോകജനത പുതിയൊരു ഉൾക്കാഴ്ചയും ആഖ്യാനവുമാണ് നേടുന്നത്. ഇത് കേരളത്തിൻ്റെ മാത്രം അവസ്ഥയല്ല; ഇന്ത്യയുടെ മാത്രവുമല്ല .ലോക മനുഷ്യാവസ്ഥയുടെ അനുഭവസാക്ഷ്യമാണ് .ഇങ്ങനെയുള്ള ആഗോള വ്യതിയാനങ്ങൾ വരുമ്പോഴാണ് മനുഷ്യചിന്തയിൽ സമൂലമായ പരിവർത്തനം സംഭവിക്കുന്നത്. തങ്ങൾ പ്രതീക്ഷയോടെ കണ്ടതെല്ലാം മിഥ്യകളായിരുന്നുവെന്ന് മനസിലാക്കുന്ന അവസ്ഥയാണിത്. ലോകത്ത് പഴയതുപോലെയല്ല ഇനി കാര്യങ്ങൾ .വീക്ഷണത്തിൽ മാറ്റം സംഭവിക്കുകയാണ്. വിശ്വാസവും സംശയവും തമ്മിലുള്ള ഒരു ഏറ്റുമുട്ടൽ ഉണ്ടാകുകയാണ്.

മരുന്നിനും ടെസ്റ്റിനും പണമില്ലാതെ മഹാനഗരങ്ങളിൽ എത്രയോ പേർ മരിച്ചു.ഉത്തരങ്ങളില്ലാത്ത ചോദ്യങ്ങൾ പിറവിയെടുക്കുന്നു. ഒരു ദേശത്ത് മാത്രമല്ല ,ലോകജനത ആകമാനം ഈ പരിപ്രേക്ഷ്യത്തിനുള്ളിലാണ്.  മറ്റൊരു മഹാപലായനം വരുന്നുണ്ട്. കുടിയേറിയവരും ജോലിക്ക് വിദേശത്ത്  പോയവരും ജന്മനാട്ടിലേക്ക് പോകാൻ തയ്യാറെടുക്കുന്നു. അത് വലിയൊരു ഒഴുക്കായിരിക്കും. രാജ്യാന്തരവും ഭൂഖണ്ടാന്തരവുമായ പലായനം വിവിധ രാജ്യങ്ങളിൽ യാഥാർത്ഥ്യമാവുകയാണ്. ഇതെല്ലാം നമ്മുടെ സംസ്കാരത്തിലും ജീവിതരീതിയിലും വലിയ മാറ്റങ്ങൾ കൊണ്ടുവരാതിരിക്കില്ല.

ഒന്നാം ലോകമഹായുദ്ധവും രണ്ടാം ലോകമഹായുദ്ധവും ഉണ്ടായപ്പോൾ ഇതൊക്കെത്തന്നെയാണ് ജനങ്ങൾ അഭിമുഖീകരിച്ചത്.ഒന്നാം ലോകയുദ്ധത്തിൽ പതിനെട്ടു ലക്ഷം ബ്രിട്ടീഷ് പട്ടാളക്കാർ മരിച്ചു എന്നറിയുമ്പോഴാണ് അതിൻ്റെ ആഘാതം എത്ര വലുതാണെന്ന് അറിയുന്നത് .ലോകയുദ്ധം ജർമ്മനിയുടെയും റഷ്യയുടെയും ബ്രിട്ടൻ്റെയും മാത്രം പ്രശ്നമല്ല; ആകെ ലോകത്തിൻ്റേതാണ്. കാരണം ലോകത്തിൻ്റെ ഒരിടത്ത് എന്ത് നടന്നാലും അത് നമ്മുടെയും പ്രശ്നമാണ്.ഇന്തോനീഷ്യയിൽ പള്ളിയിൽ പ്രാർത്ഥിച്ചു കൊണ്ടിരുന്നവരെ ഒരു അക്രമി ഫേസ്ബുക്ക് ലൈവായി ഷൂട്ട് ചെയ്തുകൊണ്ട്  വെടിവെച്ച് കൊന്നപ്പോൾ ,അത് അവരുടെ മാത്രം അനുഭവമാണ് ,നമുക്കതിൽ ഒന്നുമില്ല എന്നു പറയുന്നതാണ് യാഥാസ്ഥിതികവും അവികസിതവുമായ മനോഭാവം .

ലോകം ഒരു ശരീരമാണ്. ലോകത്ത് എവിടെ ഉണ്ടായതും മുഴുവൻ ലോകത്തിൻ്റേതാണ്. റഷ്യൻ വിപ്ളവത്തെ പ്രാദേശികമായി കാണാനൊക്കുമോ ? ക്രിസ്തു നിലനിൽക്കുന്നത് ഒരു ദേശത്തിൻ്റെ പരിധിയിലല്ലല്ലോ. ലോകയുദ്ധത്തിൻ്റെ പ്രതിഫലനം എന്ന നിലയിൽ ചിത്രകലയിലും സാഹിത്യത്തിലും വലിയ മാറ്റങ്ങളുണ്ടായത് ഒരു സത്യമാണ്. ചില എഴുത്തുകാർക്ക് ഭ്രാന്ത് വന്നു.എല്ലാറ്റിനെയും  നിഷേധിച്ചുകൊണ്ട് അവർ എഴുതി, വരച്ചു.ഈ നിഷേധം മനുഷ്യൻ്റെ കുതറിമാറലാണ് ;മിഥ്യകളെ അന്ധമായി ഇനിയും പിന്തുടരേണ്ടതില്ല, സർഗാത്മക രംഗത്തെങ്കിലും എന്ന ചിന്ത സാർത്ഥകമായി. മാമൂലുകളെ നമ്പുന്നത് സ്വതന്ത്ര ബുദ്ധിയെ എന്നെന്നേക്കുമായി തകർക്കും എന്നറിയുമ്പോൾ വേറെ എന്ത് ചെയ്യും. ?

കൊറോണ ജീവിതവീക്ഷണം മാറ്റി.

സാമ്പ്രദായിക രൂപങ്ങളും പ്രയോഗങ്ങളും നമ്മെ രക്ഷിക്കുന്ന ദൈവങ്ങളല്ല എന്ന് എസ്റാ പൗണ്ട് ,ടി.എസ് എലിയറ്റ് തുടങ്ങിയ കവികൾ പറഞ്ഞത് അവരുടെ സൂക്ഷ്മബുദ്ധിയുടെ ഭാഗമായി കാണണം .കേരളത്തിൽ ലോക യുദ്ധം ഉണ്ടായില്ല ,അതുകൊണ്ട് അതിൻ്റെ കെടുതികൾ നമ്മെ ബാധിക്കേണ്ടതില്ല എന്ന് ചിന്തിക്കുന്നത് കൈവിട്ട കളിയല്ലേ ?ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ മാറുന്നത് സ്വന്തം പഞ്ചായത്തിൻ്റെ പരിധിയിലുള്ള സംഭവങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണം എന്ന് വിചാരിക്കുന്നവർക്ക് സാഹിത്യകാര്യങ്ങളിൽ ഒന്നും സംഭാവന ചെയ്യാനില്ല .

ജീവിതം എല്ലായിടത്തുമാണുള്ളത്. ആ സാർവത്രികതയിലാണ് ഓരോ എഴുത്തുകാരനും നിൽക്കുന്നത്.ഷേക്സ്പിയർ ജനിച്ചത്  ഇംഗ്ലണ്ടിലായതുകൊണ്ട് നമ്മെ ബാധിക്കില്ലേ ? താജ്മഹൽ ആഗ്രയിലായതുകൊണ്ട് അത് മലയാളിക്ക് മഹാത്ഭുതമല്ലേ ? ലോകത്ത് മറ്റെന്ത് ഇല്ലെങ്കിലും കുഴപ്പമില്ല ,എന്നാൽ ഷേക്സ്പിയർ ഇല്ലാതെ ജീവിക്കാനൊക്കുകയില്ലെന്ന് പറഞ്ഞത് റഷ്യൻ സാഹിത്യകാരനായ ദസ്തയെവ്സ്കിയാണ്. ഈഫൽ ടവർ പാരീസിലായതുകൊണ്ട് നമുക്ക് അതിൻ്റെ സൗന്ദര്യാത്മകത വർജ്യമാണോ? അങ്ങനെയാണെങ്കിൽ ചന്ദ്രബിംബത്തെ നോക്കി നമ്മളെന്തിനു കവിത എഴുതണം. ? ചന്ദ്രബിംബം നമ്മുടെ മാത്രം സ്വത്താണോ ?ഐറിഷ് നോവലിസ്റ്റ് ഹെർമ്മൻ ഹെസ്സെ 'സിദ്ധാർത്ഥ 'എ ഴുതിയത് ഇന്ത്യൻ പശ്ചാത്തലത്തിലാണല്ലോ.

അതുകൊണ്ടാണ് കൊറോണയുടെ ഫലമായി ഉണ്ടായ മരണങ്ങൾ ,പ്രത്യേകിച്ചും അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലുമുണ്ടായത് ,നമ്മുടെ സൗന്ദര്യാനുഭവത്തെയും ബാധിക്കുമെന്ന് അംഗീകരിക്കേണ്ടി വരുന്നത്.കൊറോണ മനുഷ്യരെ ആശയപരമായി ,ലാവണ്യാനുഭവപരമായി മാറ്റിത്തീർക്കുകയാണ്. മരണത്തെ അഭിമുഖീകരിക്കുകയും അകന്നും ഒറ്റപ്പെട്ടും കഴിയേണ്ടി വരുകയും ചെയ്യുന്നത് ഒരാചാരമല്ല ,തീവ്രമായ അസ്തിത്വ പ്രശ്നമാണ്.

അന്യവത്ക്കരണവും മൃത്യുചിന്തയും ഉപബോധ വിഭ്രാന്തിയാണിന്ന് .അകൽച്ച ഒരു സദാചാരമായി .വേർപാടും മൃത്യുവും ജീവിതത്തിൻ്റെ ,പ്രകൃതിയുടെ സ്വാഭാവികതയായി അനുഭവിക്കുകയാണ് ജനങ്ങൾ .ജീവിതത്തിൻ്റെ നിസ്സാരതയിൽ ആഴ്ന്നു പോയ നമ്മളൊക്കെ രാജകീയ പ്രൗഢിയുള്ള കൊത്തുപണികളും തൊങ്ങലുകളും അലങ്കാരവേലകളും ,എഴുത്തിലും കലയിലും ഉപേക്ഷിക്കുകയാണ് വേണ്ടത്. അതേസമയം ദുരന്തങ്ങൾക്ക് മുന്നിൽ അതിഭാവുകത്വത്തിൻ്റെ അപ്രസക്തി ബോധ്യമാവുകയാണ്.ഒരു സഹനത്തിൻ്റെ ജനാധിപത്യവൽക്കരണം പ്രത്യക്ഷമാകുന്നു. മരണത്തേക്കാൾ വലുതാണ് ഭക്ഷണമെന്ന മഹത്തായ അറിവിലേക്ക് കുട്ടികളെപ്പോലെ മുതിർന്നവരും എത്തിച്ചേരുകയാണ്. അമിതമായി വർണിച്ചോ ,വികാരം കുത്തിയൊഴുക്കിയോ ജീവിതത്തെ സമീപിക്കുന്നത് വിഡ്ഢിത്തത്തിൻ്റെ മറ്റൊരു മോടിപിടിപ്പിക്കലായിത്തീരുകയേയു

ള്ളു.

ജീവിതം നഗ്നമാണെന്ന് പറയുന്നത് അതിഭാവുകത്വമാണ് ,അതിവൈകാരികതയാണ്.ജീവിതം മറ്റൊന്നുമല്ല, അതു മാത്രമാണ്. നിശ്ചയമായും കൊറോണ സാഹിത്യകലയിൽ പല വഴി തുറക്കലുകൾക്കും കാരണമാകും .ഒന്നാം ലോകയുദ്ധകാലത്ത് ജയിംസ് ജോയ്സ് എഴുതിയ 'എ പോർട്രെയ്റ്റ്  ഓഫ് ദ് ആർട്ടിസ്റ്റ് ആസ് എ യംഗ് മാൻ ' എന്ന കൃതി ലോകത്തെ പുതിയ രീതിയിൽ ഭാവന ചെയ്യാൻ പ്രേരിപ്പിച്ചു.വെറും പ്രകൃതി വർണനകളും കഥാപാത്രങ്ങളുടെ ബാഹ്യമായ ചേഷ്ടകളും വച്ച് ആധുനിക മനുഷ്യനെ അവിഷ്കരിക്കാനാവില്ല എന്ന സത്യമാണ് ജോയ്സ് വിളിച്ചു പറഞ്ഞത്.
കൊറോണ നമ്മെ മാറ്റിയിരിക്കുന്നു. അതിനാൽ നാം ഇതു വരെ കണ്ട ലോകം പല രീതിയിൽ വ്യാജമാണെന്ന് വിളിച്ചു പറയാൻ എഴുത്തുകാർക്ക് സ്വാഭാവികമായ ത്വരയാണുള്ളത്.

വാക്കുകൾ

1) ഒരു പട്ടാളക്കാരൻ യുദ്ധം ചെയ്യുന്നത് തൻ്റെ മുന്നിലുള്ളവരെ വെറുക്കുന്നതു കൊണ്ടല്ല ,അവൻ്റെ പിന്നിലുള്ളവരെ സ്നേഹിക്കുന്നതു കൊണ്ടാണ് .
ജി.കെ. ചെസ്റ്റർടൺ,
ഇംഗ്ളീഷ് എഴുത്തുകാരൻ.

2) യുദ്ധം ചെയ്യാതെ ശത്രുവിനെ  കീഴടക്കുന്നതാണ് യുദ്ധത്തിൻ്റെ പരമോന്നതമായ കല .
സൺ സു,
ചൈനീസ് ചിന്തകൻ .

3) ഗോഗോളിൻ്റെ 'ഓവർക്കോട്ട് ' എന്ന കഥ (1842) വായിച്ചു വളർന്നവരാണ് നമ്മളൊക്കെ .
ദസ്തയെവ്സ്കി ,
റഷ്യൻ സാഹിത്യകാരൻ.

4) ലോകത്തിലെ പ്രവൃത്തികളുടെയെല്ലാം അർത്ഥം ഒന്നാണെന്ന് ഞാൻ വ്യാഖ്യാനിക്കുന്നില്ല; നേരെ വിപരീതമാണ് എൻ്റെ ചിന്ത .
കിം കി ഡുക്ക് ,
ദക്ഷിണ കൊറിയൻ സംവിധായകൻ .

5) നിങ്ങൾ സ്വന്തം മനസ്സിനു വെളിയിൽ ജീവിക്കാൻ തുടങ്ങുന്നതോടെ അത് അപകടകരമാവുന്നു .
ഹെമിംഗ്വേ,
അമേരിക്കൻ കഥാകൃത്ത്.

കാലമുദ്രകൾ

1) നാലപ്പാട്ട് നാരായണ മേനോൻ.
ഫ്രഞ്ച് എഴുത്തുകാരൻ വിക്ടർ യൂഗോയുടെ പാവങ്ങൾ പരിഭാഷപ്പെടുത്തിയപ്പോൾ പുതിയൊരു സൗന്ദര്യാത്മക ഗദ്യവും സംഭവിച്ചു.ഇതിൻ്റെ അടിത്തറ , ദയാനന്ദ സരസ്വതിയുടെ ചിന്തകളോട് നാലപ്പാടനുണ്ടായിരുന്ന ബന്ധമാണ്.

2) തായാട്ട് ശങ്കരൻ.
അയ്യപ്പപ്പണിക്കരുടെ കവിതയെ വിമർശിച്ച് തായാട്ട് ദീർഘമായി എഴുതിയത് ഇപ്പോൾ അപ്രസക്തമായിരിക്കയാണ്. ഭാവുകത്വപരമായ പരാജയമാണ് ആ വിമർശനത്തിനു പിന്നിലുള്ളത്.

3) കെ.പി.ശങ്കരൻ.
പണ്ഡിതനാണെങ്കിലും കെ.പി.ശങ്കരൻ്റെ ഗദ്യത്തിനു ഒരു സൗന്ദര്യവുമില്ല.

4) ജി.ബാലകൃഷ്ണൻ നായർ.
യോഗവാസിഷ്ഠത്തിൻ്റെയും ശ്രീനാരായണ ഗുരുവിൻ്റെ കൃതികളുടെയും വ്യാഖ്യാനത്തിലുടെ ബാലകൃഷ്ണൻ നായർ നമ്മുടെ മഹത്തായ പൈതൃകത്തിൻ്റെ ഉജ്ജ്വല സന്ദേശവാഹകനാവുകയാണ്.

5) ബാലാമണിയമ്മ.
ഒരു കുട്ടിയുടെ നിഷ്കളങ്കതയോടെ ലോകത്തെ കണ്ട വലിയ കവി ബാലാമണിയമ്മ എല്ലാം തൻ്റേതാണെന്ന് ഉദാരതയോടെ വിഭാവന ചെയ്തു.

ദർശനം

1) ദൈവം.

ബന്ധുജനങ്ങളിൽ കുറ്റം ആരോപിക്കാൻ എളുപ്പമാണ്. എന്നാൽ സ്വയം ആത്മവിചാരണ ചെയ്ത് തെറ്റുകൾ തിരിച്ചറിയുന്നത് സ്വന്തം ദൈവത്തെ കണ്ടെത്തുന്നതു പോലെ മഹത്തരമാണ്.

2) ശരീരം.
ശരീരത്തിനാണ് രാഷ്ട്രീയവും മതവും മൂലം പലതിൽ നിന്നും അകലം പാലിക്കേണ്ടി വരുന്നത്.

3) കൊറോണ.
കൊറോണ കമ്മ്യൂണിസത്തിനു സദൃശ്യമാണ്  ; അത് എല്ലാവരെയും ഒരു പോലെ കാണുന്നു.

4) ലോക് ഡൗൺ.
ലോക് ഡൗൺ ഒരു മതമാണ്. ആരോടും  കൂടുതലടുക്കാതെ അണുക്കളെ നശിപ്പിക്കുന്ന ദൈവത്തിലേക്ക് മാത്രം ശ്രദ്ധ കൊടുക്കുന്നവരുടെ മതം.

5) കാലം.
ഞാൻ ഭൂതകാലമാണോ ,വർത്തമാനമാണോ ,ഭാവിയാണോ എന്ന് വേർതിരിച്ചെടുക്കാനാവുന്നില്ല.

ഓഷോയും സെക്സും

പ്രസിദ്ധ ഇന്ത്യൻ ചിന്തകനായ ഓഷോ സ്വതന്ത്ര ആത്മീയതയാണ് വികസിപ്പിച്ചത്.  പാശ്ചാത്യ ,പൗരസ്ത്യ ജീവിതാദർശങ്ങൾക്കെല്ലാം എതിരായിരുന്ന അദ്ദേഹം പരിഷ്കൃത സമൂഹം ഉറപ്പിച്ചു വച്ച ധാരണകളെ പുന:പ്പരിശോധിക്കുകയും ഇളക്കുകയും ചെയ്തു. ഒരു സ്വാഭാവികതയും ഒഴുക്കുമാണ് ജീവിതമെന്ന് അദ്ദേഹം പറഞ്ഞു. പ്രണയം ,ലൈംഗികത എന്നിവയെ മനുഷ്യൻ്റെ സ്വാഭാവിക പ്രകൃതിയായി കണ്ട അദ്ദേഹം പ്രാർത്ഥന ,ആരാധന എന്നീ ഗുണങ്ങളെ പുതുക്കിപ്പണിതു .ഓഷോയുടെ ചില ദർശനങ്ങൾ ചുവടെ ചേർക്കുന്നു:
1) വേദനയെ ഒഴിവാക്കാൻ അവർ സന്തോഷം വേണ്ടെന്നു വച്ചു. മരണത്തെ ഒഴിവാക്കാൻ അവർ ജീവിതത്തെയാണ് ഉപേക്ഷിച്ചത്.
2) നിങ്ങൾ ഒരു ആSല്ല; ഒരു സിംഹമാണെന്ന് അറിയുക.
3) നിങ്ങളുടെയുള്ളിൽ സ്വാതന്ത്ര്യത്തിനു വേണ്ടി ഒരു സിംഹം അലറുന്നുണ്ട്.
4) ഒരാളെ സ്നേഹിക്കുമ്പോൾ ഒരു കാര്യം ആദ്യമേ വ്യക്തമാക്കണം ,നിങ്ങൾ സ്വന്തം സ്വാതന്ത്ര്യം വിൽക്കാൻ തയ്യാറല്ല.
5) ലൈംഗികത സ്വാഭാവികമാണ്; എന്നാൽ ലൈംഗികജ്വരം രോഗമാണ്.
6) ലൈംഗികത പരമലക്ഷ്യമല്ല; എന്നാൽ അടിച്ചമർത്താനുള്ളതുമല്ല .
7) ഞാൻ രണ്ടു കാര്യങ്ങൾ ശ്രദ്ധിച്ചു: ഒന്ന്, ഓരോ ദിനവും എൻ്റെ അവസാന ദിനമായി കണ്ടു. രണ്ട്, ഓരോ ദിനവും ഞാൻ എന്നെന്നേക്കും ജീവിക്കുന്ന പോലെയാണ് ജീവിച്ചത്.
8) പെണ്ണിനാണ് ആണിനേക്കാൾ ശക്തി കൂടുതൽ. മൃദുവായതിനാണ് ശക്തി. വെള്ളം പാറയേക്കാൾ ശക്തമാണ്.
9 ) ഞാൻ എല്ലാം ആഘോഷിക്കുകയാണ് .ശരീരവും ആത്മാവും അതിനുള്ളതാണ്.
10) ആരിൽ നിന്നും നല്ല ചിന്തകൾ വന്നേക്കാം. സമൂഹം അയാളെ എങ്ങനെ കാണുന്നുവെന്നത് അപ്രസക്തമാണ്.
11) പ്രേമത്തിനു മാത്രമേ കണ്ണുകളുള്ളു; മറ്റെല്ലാം അന്ധമാണ്. പ്രേമം ഒരിക്കലും അന്ധമല്ല .


ഇസ്ളാമോഫോബിയ കഥകൾ ആപത്ത്

രാജ്യത്ത് ഇസ്ളാമിനെ മറ്റുള്ളവർ പേടിക്കുന്നു (ഇസ്ളാമോഫോബിയ) എന്ന ആശയം കഥകളിൽ പ്രചരിപ്പിക്കാൻ ചില എഴുത്തുകാർ മുന്നോട്ടു വരുന്നത് ആപത്തിൻ്റെ സൂചനയായി കാണാവുന്നതാണ്. ബോധപൂർവ്വം മതദ്വേഷം സൃഷ്ടിക്കാൻ ശ്രമിക്കയാണ്. ചിലർ ഇതിനു പിന്നിൽ സംഘടിതമായി ചിന്തിക്കുന്നു എന്ന് പറയുന്നത്   ഇത്തരം കഥകൾ ഇപ്പോൾ ചിലയിടങ്ങളിൽ മുടങ്ങാതെ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നതു കൊണ്ടാണ്.

ഇത് നിരുത്സാഹപ്പെടുത്തേണ്ടതാണ്. വായനക്കാരെ ഗിനിപ്പന്നികളാക്കരുത്. മരുന്ന് മനുഷ്യരിൽ കുത്തിവയ്ക്കുന്നതിനു മുൻപ് ചില രാജ്യങ്ങളിൽ  പന്നികളിൽ പരീക്ഷിക്കാറുണ്ട്. അത്തരം പന്നികളെയാണ് ഗിനിപ്പന്നികൾ എന്ന് വിളിക്കുന്നത്.ഇവിടെ ചിലർ വായനക്കാരെ ഗിനിപ്പന്നികളാക്കുകയാണ്.

ആനുകാലികം

കൊറോണ കവിതയിലും

ഫ്രഞ്ച് കവി സെലാൻ എഴുതിയ കൊറോണ എന്ന പേരിലുള്ള കവിത (1960) യെക്കുറിച്ച് ദേശമംഗലം രാമകൃഷ്ണൻ (മലയാളം ഏപ്രിൽ 20 )എഴുതുന്നു.

ഇത് കൊറോണ എന്ന രോഗത്തെ ക്കുറിച്ച് തന്നെയാണെന്ന് ലേഖകൻ ഉറപ്പിച്ചു പറയുന്നില്ല. കൊറോണ സ്ഥലനാമം ഉഉളതുകൊണ്ട് ആ സാധ്യതയും നോക്കണം.എന്നാൽ ഈ കവിതയിലെ കൊറോണ ഒരു പ്രണയത്തകർച്ചയാണെന്നും വാദിക്കാവുന്നതാണ്.ഈ വരികൾ അതിൻ്റെ സൂചനയായി കാണാം:

''ജനാലയ്ക്കടുത്ത് ഞങ്ങൾ
കെട്ടിപ്പിടിച്ചു നിൽക്കയാണ് .
തെരുവുകളിൽ നിന്ന്
ആളുകൾ നോക്കുന്നുണ്ട്.
സമയമായെന്ന്
അവർ അറിഞ്ഞിരിക്കുന്നു .

കല്ലുപോലും പുഷ്പിക്കാൻ
ഒരു ശ്രമം നടത്തുന്ന
സമയമാണിത് .
അസ്വസ്ഥ കാലത്തിനു
തുടിക്കുന്നൊരു ഹൃദയമുണ്ടാവുകയാണ് .
ഇതാ സമയമാവുന്നു.
സമയമായിരിക്കുന്നു.
ഇതാ
ആ സമയം ".
ഒരു ഡോക്ടറായിരുന്ന സെലാൻ 1970 ൽ ആത്മഹത്യ ചെയ്യുകയായിരുന്നു. ഈ കവി ഭാഷയിലൂടെ എല്ലാം പറയാനാകില്ലെന്ന് വിശ്വസിക്കുകയാണോയെന്ന് സംശയിക്കണം. ഭാഷയ്ക്ക് ബദലായി മറ്റൊരു ഭാഷ തേടുകയുമാവാം.

ഉപ്പും കുറെ പ്രശ്നങ്ങളും

കൊറോണയുടെ ഭാഗമായി വന്ന ലോക്ക് ഡൗണിൽ ,ആറ് സൂപ്പർ മാർക്കറ്റ് സ്വന്തമായുള്ള ഒരു ബിസിനസ്കാരൻ തൻ്റെ വീട്ടിൽ ഉപ്പില്ലാത്തതുമൂലം കഷ്ടപ്പെട്ടതും പിന്നീട് വളരെ ദൂരം പോയി ഉപ്പു വാങ്ങുന്നതുമാണ് നാസർ കക്കട്ടിൽ 'ഉപ്പ് ' എന്ന കഥയിൽ വാരാദ്യ മാധ്യമം ഏപ്രിൽ 19 ) പറയുന്നത്.
അയൽപക്കത്ത് നിന്ന് രണ്ട് തവണ ഉപ്പ് വാങ്ങിയെങ്കിലും ഉപ്പ് ദാരിദ്യത്തിനു അത് പരിഹാരമായില്ല .

വീട്ടിൽ ബെൻസ് കാർ കിടപ്പുണ്ടായിരുന്നു.എന്നാൽ അതുമായി നിരത്തിലിറങ്ങിയാൽ പൊലീസ് പിടിക്കുമോ എന്ന പേടി. അതുകൊണ്ട് ഉപ്പ് വാങ്ങാൻ മുതലാളി നടന്നു നീങ്ങി.മാനേജർ ഉണ്ടായിരുന്നെങ്കിലും ലോക്ക് ഡൗൺ കാരണം പുറത്തിറങ്ങാനാവാത്ത അവസ്ഥയിലായിരുന്നു.മുതലാളി നല്ല വെയിലു കൊണ്ട് നടന്നു.

ഇടയ്ക്ക് ഒരു പൊലീസ് ജീപ്പ് അടുത്ത വന്നു നിന്നു.അതിനുള്ളിൽ നിന്ന് തലനീട്ടിയത് പഴയ സഹപാഠി .അയാൾ ചിരിക്കുകയാണ്. ഒപ്പം ഒരു കമൻറും :ചെറിയ കച്ചവടക്കാരെയൊക്കെ പൂട്ടിച്ച മുതലാളി ഇപ്പോൾ ചെറിയ കട തേടി ഇറങ്ങിയിരിക്കുകയാണോയെന്ന് .
കുറെ നടന്ന് മുതലാളി ഉപ്പു വാങ്ങാനെത്തിയത് ഓലകൊണ്ട് മേഞ്ഞ ഒരു പഴയ ചെറിയ കടയിലാണ്‌. കടയുടമയായ ഒരു വൃദ്ധനാണ് അവിടെ ഉണ്ടായിരുന്നത്.തിരക്കൊന്നുമില്ല.മുതലാളി അഞ്ച് കിലോ ഉപ്പ് ചോദിച്ചെങ്കിലും വൃദ്ധൻ വേറെ ആളുകൾക്ക്  കൊടുക്കാനുള്ള കാര്യം  ഓർമ്മിപ്പിച്ച് ,കാലിയാകാറായ ചാക്കിൽ നിന്ന് ആറ് രൂപയ്ക്ക് ഉപ്പ് കൊടുത്തു. എന്നാൽ മുതലാളിയുടെ കൈയിൽ ആറ് രൂപയ്ക്ക് പകരം അഞ്ഞൂറിൻ്റയും രണ്ടായിരത്തിൻ്റെയും നോട്ടുകളാണ് ഉണ്ടായിരുന്നത് .അത് വാങ്ങാൻ കൂട്ടാക്കാത്ത കച്ചവടക്കാരൻ പണം പിന്നീട് സൗകര്യം പോലെ തന്നാൽ മതിയെന്ന് പറഞ്ഞ് ഉപ്പ് കൊടുത്തയക്കുന്നു.

ഇതുപോലുള്ള കഥകൾ ഇപ്പോൾ കൂടുതൽ മനസ്സിലാകും.മനുഷ്യനെ കാണാൻ സഹായിക്കുന്ന കഥ. വലിയൊരു മാസ്ക് ഈ കഥയിൽ അഴിഞ്ഞു വീഴുന്നുണ്ട്. ഇന്ന് എല്ലാവരും മുഖം മറയ്ക്കാൻ മാസ്ക് ഉപയോഗിക്കുന്നുണ്ട്. അത് പ്രതിരോധമാണ്. ആരുടെയും മുഖം കാണേണ്ടല്ലോ. നേരത്തേ ആഗ്രഹിച്ചത് ദൈവം നടപ്പാക്കിക്കൊടുത്തു .വ്യക്തികളെ ഭൗതിക സാഹചര്യങ്ങളിൽ സ്നേഹിക്കാനും പ്രേമിക്കാനും കഴിയാത്തവർ ആ ശൂന്യതയെ സദാചാരവൽക്കരിച്ചത് ഫേസ് ബുക്കിൻ്റെ പ്രതീതി ചുമരുകളുടെ സഹായത്തോടെയാണ്. അവിടെ ഏറിയാൽ ഒരു ഫോട്ടോ ;അതല്ലെങ്കിൽ ഒരു സന്ദേശം .ഒരു സ്നേഹത്തിനു അതു മതിയല്ലോ. അതും മാസ്ക് തന്നെയായിരുന്നു;പ്രതീതി മാസ്ക്.

പൊയ് വിശ്വാസങ്ങളുടെയും അഹന്തയുടെയും ചീട്ടുകൊട്ടാരങ്ങൾ തകരുന്ന ശബ്ദം ഈ കഥ വായിച്ചപ്പോൾ കേട്ടു .

ലോക്ക് ഡൗൺ പ്രത്യേകമായ ഒരു ആശുപത്രി പോലെയാണ്. സ്വയം പുറത്തു കടക്കാനാവില്ല. അവിടെ നമുക്കുള്ള പണമോ മറ്റ് വസ്തുക്കളോ നോക്കുകുത്തിയാണ്‌.ഈ കഥയിലെ ഉപ്പ് ,വാസ്തവത്തിൽ ഒരു രുചിയായല്ല വർത്തിക്കുന്നത്; അത് വായനക്കാരനെ തുളച്ചുകയറുന്ന അസ്ത്രമാണ്.

നടൻ

ഒരു ശബ്ദം കൊണ്ട് മഹാലോകം തീർത്ത ടി.എൻ .ഗോപിനാഥൻ നായരുടെ  മകൻ രവി വള്ളത്തോളിനെക്കുറിച്ച്  ജോൺ  സാമുവൽ ( മെട്രൊവാർത്ത ) ഉചിതമായി  എഴുതിയിരിക്കുന്നു. ഒരു നാടകത്തിൽ പെൺവേഷം കെട്ടിയതുകൊണ്ട് രവിയെ സംവിധായകരെല്ലാം ആ പ്രതിഛായയിൽ കണ്ടത് ശരിയായില്ല.രവിക്ക് സ്വയം ബ്രേക്ക് ചെയ്യാൻ പറ്റിയ വേഷങ്ങൾ കിട്ടിയാലലല്ലേ കഴിവു തെളിയിക്കാനാകൂ.

പ്രണയിക്കുന്നവരുടെ ഇരുട്ട്

'ഇരുട്ടിടങ്ങളിൽ വച്ച് മാത്രം പ്രണയിച്ചവരെക്കുറിച്ച് ' എന്ന പേരിൽ ആദി എഴുതിയ കവിത (ആത്മഓൺലൈൻ ,ഏപ്രിൽ 28 ) ആത്മഹത്യ ചെയ്ത കമിതാവിൻ്റെ സ്വയം പോസ്റ്റ്മോർട്ടമാണ്. ഇങ്ങനെ ഇരുട്ടു തപ്പി നടക്കുന്ന പ്രണയികൾ ഉണ്ടോ എന്നറിയില്ല. നൈറ്റ് ഡൂട്ടിക്കാരായിരിക്കും!.

ഈ കവിതയിൽ മനസ്സാണ് കീറി മുറിച്ചു നോക്കുന്നത്.
" പേരിട്ടൊരിക്കലും
വിളിക്കപ്പെടാത്ത
നമ്മുടെ പ്രണയത്തിൻ്റെ
പേരു കൂടിയായിരുന്നു
എൻ്റെ മരണം ".
മറ്റൊരിടത്ത് ഇങ്ങനെ വായിക്കാം:
''കഴുക്കോലിലെ ,
കെട്ടഴിച്ച് കിടത്തുമ്പോൾ ,
എൻ്റെ കഴുത്തിലെ
പൂക്കളുള്ള തുണിക്കീർ
നിന്നെ മുറിവേല്പിച്ചേക്കാം ,
വെളിച്ചം
ഇല്ലാത്തിടങ്ങളിൽ വച്ച്
മാത്രം നമ്മൾ
പ്രേമിച്ചിരുന്നവെന്ന്
നീ അപ്പോളെങ്കിലും
വിളിച്ചു പറയുമെന്ന്
ഞാൻ കിനാവു കാണും.
നിൻ്റെയന്നേരത്തെ
വിറയെയോർത്ത്
എനിക്കിപ്പോഴെ ചിരി വരുന്നു.
മരിച്ചവർ ചിരിക്കാൻ
പാടില്ലെന്നത് കൊണ്ടു മാത്രം
ഞാൻ കണ്ണും പൂട്ടി
ഇരുട്ടിനെ
കെട്ടിപ്പിടിച്ചുറങ്ങിപ്പോയി. "

ഇതും കൊറോണക്കാലത്തെ ഓർമ്മിപ്പിച്ചു. ഇപ്പോൾ മരണാനന്തര ചടങ്ങുകൾക്ക് അധികം പേരില്ലല്ലോ. ആത്മഹത്യ ചെയ്തവരെ എടുത്തു കിടത്തുമ്പോൾ പ്രത്യേകിച്ചും .പ്രേമിച്ചു പരാജയപ്പെട്ടവൻ ആത്മഹത്യ ചെയ്യുന്നത് ,ആസിഡ് പ്രേമങ്ങളുടെ കാലത്ത് ,പുതിയൊരു അമ്ളരൂക്ഷമായ റിവേഴ്സ്  ഗിയറാണ്.അതുകൊണ്ട് ,ലോക്ക് ഡൗൺ കാലത്ത് ചത്തവന് കുറേക്കൂടി ഇടം കിട്ടുകയാണ്, തൻ്റെ കാമുകിയെക്കുറിച്ചോർക്കാൻ .അധികമാരും അടുത്തില്ല എന്ന് അവനു സമാശ്വസിക്കാം. ആരാണ് ഈ കമിതാവിനെ കൊന്നത്‌ ? പ്രേമം എന്ന സാമൂഹ്യ നിർമ്മിതിയെ കണ്ടു പിടിച്ച ,നിലനിർത്തുന്ന സാമൂഹ്യ വ്യവസ്ഥ തന്നെ .

വാത്മീകി ശപിച്ചത്   കാട്ടാളനെ ആയിരുന്നെങ്കിലും അത് സമൂഹത്തിനു നേർക്കുള്ളതാണ്. കാമമോഹിതനായിരിക്കുന്നതിനെ കൊല്ലുന്നതിൽ സമൂഹത്തിനെന്നും ഉത്സാഹമാണ്. അസൂയയാണ് ഇതിനു കാരണം.കാമമോഹിതനായ ക്രൗഞ്ചപ്പക്ഷിയെ കൊന്ന കാട്ടാളൻ ഗതിപിടിക്കാതെ പോകട്ടെ എന്ന വാത്മീകീ ശാപം ഇന്ത്യയിൽ എപ്പോഴും മുഴങ്ങുകയാണ്.


 

Posted by m k harikumar at 10:37 PM No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest
Labels: aksharajalakam

Monday, September 7, 2020

അക്ഷരജാലകം /ചെറുതാണ് സുന്ദരം/എം.കെ.ഹരികുമാർ/metrovartha may 18

ലോകാരോഗ്യ സംഘടന തന്നെ പറയുകയാണ് ,കൊറോണ നമ്മുടെ നിത്യജീവിതത്തിലെ ഒരു നിത്യസാന്നിദ്ധ്യമാവുമെന്ന് .കൊറോണ ഒരു ജീവിതശൈലിയിലേക്ക് നമ്മെ വഴിതിരിച്ചു വിട്ടിരിക്കയാണ്. ഇനി അത് ഒരു സംസ്കാരമാകുകയാണ്. വ്യക്തി ശുദ്ധി ,ശുചിത്വം, സാംസ്കാരികമായ അകന്നുനില്പ് എല്ലാം ഇനി കൂടുതൽ പ്രാധാന്യം നേടുകയാണ്. രോഗത്തോടൊപ്പം ജീവിക്കുന്നത് ,ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ അതിമാനുഷരായ നമുക്ക് പ്രയാസമുള്ള കാര്യമല്ല .

കൊറോണയും ഡിജിറ്റൽ മനുഷ്യ വ്യക്തിത്വവുമായി ബന്ധമുണ്ട്. ഡിജിറ്റൽ ജീവികളായ നാം പരസ്പരം നേരിട്ട് കാണാറില്ലല്ലോ. ലോക നവലിബറൽ മുതലാളിത്തവും, മൈക്രോസോഫ്റ്റ് ടെക്നോളജിയും, കൈയിൽ വച്ചു തന്നിരിക്കുന്ന ഫോണും അനുബന്ധ ഉപകരണങ്ങളും മനുഷ്യരെ എന്നേ അശരീരിയാക്കി! നേരിൽ കണ്ടില്ലെങ്കിലെന്താ ,ഒന്നിച്ച് ഒരു മുറിയിൽ കഴിയുന്ന പോലെ വിശ്വസിച്ചുകൊണ്ട് നാം ജീവിക്കുന്നില്ലേ ?

ഒരു പ്രതീതി മനുഷ്യർ ശീലിച്ചു കഴിഞ്ഞു.വ്യക്തിപരമായ ശാരീരിക ജീവിതം ഒരു ദുരാചാരമാണെന്ന് ഇൻറർനെറ്റ് വ്യവസായവും കൊറോണ ചികിത്സയുടെ ആഗോളവൽക്കരണവും പ്രഖ്യാപിച്ചിരിക്കുകയാണ്; പകരം പ്രതീതിയിൽ അഭിരമിച്ചാൽ മതി.പരസ്പരം കാണാൻ 'സ്കൈപ്പ് ' മതിയല്ലോ. സ്പർശനം മാത്രം വിലക്കിയിരിക്കയാണ്. ഡിജിറ്റൽ അകൽച്ച തന്നെയാണ് കൊറോണ അകൽച്ചയും .രണ്ടും നമ്മെ വിശുദ്ധരായ ഏകാകികളാക്കിയിരിക്കുന്നു. അല്ലെങ്കിൽ സൈബർ അവധൂത രാക്കിയിരിക്കുന്നു.

ചിന്തകൾകൊണ്ട് ,അനാസക്തികൊണ്ട് ജീവിച്ച് തിമിർക്കുന്നതിൻ്റെ മാനസികപ്രശ്‌നങ്ങൾ ഉണ്ടായേക്കാം. അതിനു ഓൺലൈൻ ക്ളിനിക്കുകൾ നിലവിൽ വന്നു കഴിഞ്ഞു.

ഇനി ദൈവതുല്യരായ മനുഷ്യരെല്ലാം ഓൺലൈനായിക്കൊള്ളും. ഒരു സ്പർശം ,അത് ഒഴിവാക്കുകയേ തരമുള്ളു. ഹസ്തദാനമോ ,ചുംബനമോ ,കെട്ടിപ്പിടിത്തമോ ഒക്കെ അശ്ലീലവും ദേശവിരുദ്ധവുമാണെന്ന് കൊറോണ പ്രഖ്യാപിച്ചു കഴിഞ്ഞു.

വിപ്രലംഭമാണ് ഇനി അനുരാഗത്തിൻ്റെ കാതൽ .അകന്നിരുന്ന് പ്രേമിച്ചാൽ മതി. ഇപ്പോൾ തന്നെ സമൂഹമാധ്യമങ്ങളിലുടെ മനുഷ്യൻ അത് പരിചയിച്ചു കഴിഞ്ഞു. കൊറോണ അതിനെ പ്രായോഗികമായി വിപുലീകരിച്ചു. ജർമ്മൻ ,ബ്രിട്ടിഷ് ധനശാസ്ത്രജ്ഞനായ ഷൂമാക്കറുടെ 'സ്മോൾ ഈസ് ബ്യൂട്ടിഫുൾ' (1973) എന്ന ഗ്രന്ഥത്തിൽ പറയുന്നപോലെ  ,ആഗ്രഹങ്ങൾ കുറയുകയാണെങ്കിൽ നമുക്ക് സുന്ദരമായ ലോകത്തെ കാണാനൊക്കും.തെറ്റ് ചെയ്യാതെ ,കൊറോണയുടെ രാജ്യത്തെ നിയമം നാം നടപ്പിലാക്കുകയാണ്, പ്രതീതിയിൽ അകന്നിരുന്നുകൊണ്ട്.ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ഡിജിറ്റൽ അകലവും കൊറോണ വിധിച്ച അകലവും ഒന്നായിരിക്കുന്നു.ചെറുതാണ് സുന്ദരം എന്ന ആശയത്തിൽ ഒരു അനാസക്തിയുണ്ട്: അധികം ആഗ്രഹിച്ചാൽ രോഗം വരുത്തുമെന്ന പാഠമാണതിനു പിന്നിലുള്ളത്. എല്ലാറ്റനെയും ,പ്രകൃതിയെയും അധികം ഉപയോഗിക്കാതിരുന്നാൽ ജീവിതം സുന്ദരമായി തുടരും. ഷൂമാക്കർ ഒരു ആരോഗ്യ ശാസ്ത്രമല്ലേ നീട്ടുന്നത് ?ചെറുതായാൽ മതി ,വിശുദ്ധമായ  അകലമായി എന്നാണ് ഇത് അർത്ഥമാക്കുന്നത്.

വാക്കുകൾ

1)നിങ്ങളോട് നിശ്ശബ്ദനാകൂ എന്ന് പറയുന്നവൻ സുഹൃത്തല്ല .
ആലീസ് വാക്കർ ,
അമെരിക്കൻ കഥാകാരി .

2) തെറ്റ് മാനുഷികമാണ്; ക്ഷമിക്കുന്നതാകട്ടെ ദൈവികവും.
അലക്സാണ്ടർ പോപ്പ് ,
ഇംഗ്ളീഷ് കവി.

3)ഒറ്റപ്പെടുന്നത് ഭയമാണെങ്കിൽ ,വിവാഹം കഴിക്കരുത്.
ആൻ്റൺ ചെക്കോവ്,
റഷ്യൻ കഥാകൃത്ത്.

4)എൻ്റെ ചിത്രങ്ങൾ കണ്ടിട്ട് അതിലെന്തോ മനസ്സിലാക്കാനിരിക്കുന്നു എന്ന മട്ടിൽ ചിലർ കപടമായി സംസാരിക്കാറുണ്ട്;ആ ചിത്രങ്ങളെ വെറുതെ ഇഷ്ടപ്പെട്ടാൽ മതിയല്ലോ.
ക്ലോദ് മൊനെ,
ഫ്രഞ്ച് ചിത്രകാരൻ.

5)ഒരു സർഗാത്മക സാഹിത്യകാരൻ്റെ അഗാധമായ അനുഭവം സ്ത്രൈണമാണ്;എന്തുകൊണ്ടെന്നാൽ അത് സ്വീകരിക്കലും കൊണ്ടുനടക്കലുമാണ്.
റെയ്നർ മരിയാ റിൽക്കേ,
ഓസ്ട്രിയൻ കവി .

കാലമുദ്രകൾ

1)വൈക്കം ചന്ദ്രശേഖരൻ നായർ

പണ്ഡിതനും സൗന്ദര്യാരാധകനുമായ വൈക്കം ചന്ദ്രശേഖരൻ നായർ  'ചിത്രകാർത്തിക' മാസികയുടെ പത്രാധിരായിരുന്നല്ലോ. എഴുത്തുകാരുടെ സൂക്ഷ്മ ധാതുക്കൾ വരെ മനസ്സിലാക്കുന്ന അദ്ദേഹത്തിൻ്റെ അടുത്ത് ഒരു ലേഖനവുമായി പോകാൻ കഴിഞ്ഞില്ലല്ലോ എന്ന ദുഃഖമുണ്ട്.

2)ദേവരാജൻ

'ശാലിനി എൻ്റെ കൂട്ടുകാരി ' എന്ന സിനിമയിലെ 'ഹിമശൈല സൈകത ഭൂമിയിൽ നിന്നൊരു പ്രണയ പ്രവാഹമായി ' (രചന: എം.ഡി.രാജേന്ദ്രൻ ) എന്ന ഗാനം ദേവരാജൻ ഈണം കൊടുത്തപ്പോൾ അത് നമ്മുടെ ഗ്രാമ്യാനുഭവങ്ങളുടെ അവിസ്മരണീയമായ ഗൃഹാതുരസംഗീതമായി മാറി.

3) കെടാമംഗലം പപ്പുക്കുട്ടി.

കേസരി ബാലകൃഷ്ണപിള്ള പുരോഗമന സാഹിത്യത്തിൻ്റെ പിതാവ് എന്ന് വിശേഷിപ്പിച്ചത് കവി കെടാമംഗലം പപ്പുക്കുട്ടിയെയാണ്. എന്നിട്ടും പുരോഗമന കലാസാഹിത്യസംഘം പപ്പുക്കുട്ടിയോടുള്ള അയിത്തം ഇപ്പോഴും  തുടരുന്നു.

4) പി.എ.ബക്കർ.

പ്രേംനസീർ അഭിനയിച്ച 'ചാരം' സംവിധാനം ചെയ്ത പി.എ.ബക്കർ വളരെ ഗൗരവമുള്ള സാമൂഹ്യവിഷയങ്ങൾ കലാചാരുതയോടെ അവതരിപ്പിച്ചു. എന്നാൽ ബക്കർ ആ ചിത്രങ്ങളിലൂടെ തൻ്റെ തീവ്രമായ പ്രതിഷേധമാണ് ഒപ്പുവച്ച് നൽകിയത്.

5)എം.വി.ദേവർ
അയ്യപ്പപ്പണിക്കരുടെ കവിതകൾക്ക് എം.വി.ദേവൻ എഴുതിയ അവതാരിക വ്യത്യസ്തമായ  ഒരു കാവ്യസമീപനമായി ,വിമർശനമായി ചർച്ച ചെയ്യപ്പെട്ടു.കലാകാരൻ്റെ റിപ്പബ്ളിക് സ്വന്തം രചന തന്നെയാണെന്ന പ്രഖ്യാപനമായിരുന്നു അത്.

ദർശനം

1)കൊറോണ.
ആർക്കും നേരിൽ കാണാനാവില്ലെങ്കിലും കൊറോണ വിഗ്രഹഭഞ്ജകനാണ്, കലാപകാരിയാണ്, ക്ഷിപ്രകോപിയാണ്, രക്തബീജനാണ്.

2)ഭയം.
ഭയം ഒരു കവചമാണ്. അത് നമ്മെ വൈദ്യശാസ്ത്രപരമായി ശുശ്രൂഷിക്കും ;നയിക്കും.

3)വിരഹം.
ഒരു ട്രെയിൻ യാത്രയിൽ എത്തേണ്ട സ്റ്റേഷനിലിറങ്ങി നടക്കുമ്പോഴാണ് വിരഹം ഉരഗമായി നമ്മുടെ മുമ്പിൽ ഇഴയുന്നത്. നമ്മെ ഉത്സവപ്രതീതിയിൽ കൊണ്ടുവന്ന ട്രെയിനിനെയും അതിലെ ആളുകളെയും വിട്ട് ഇറങ്ങിപ്പോരേണ്ടി വന്നല്ലോ എന്ന വ്യഥയാണത്.

4)കാലം.
കാലം ബോധത്തിലിരുന്ന് ചിരിക്കുകയാണ്. ഇതാ, ഇവിടെ സ്ഥിരമായുണ്ട് എന്ന് തെറ്റിദ്ധരിപ്പിക്കാൻ കഴിയുന്നല്ലോ. അതാണ് ചിരിയുടെ അടിസ്ഥാനം.

5)വെറുപ്പ്.
വെറുപ്പ് മനുഷ്യസഹജമാണ്. എന്നാൽ വെറുപ്പ് ഭക്ഷിച്ച് ജീവിക്കുന്നവരുണ്ട്.

ആനുകാലികം

കൊറോണ കവിതയിലും

ഫ്രഞ്ച് കവി സെലാൻ എഴുതിയ കൊറോണ എന്ന പേരിലുള്ള കവിത (1960) യെക്കുറിച്ച് ദേശമംഗലം രാമകൃഷ്ണൻ (മലയാളം ഏപ്രിൽ 20 )എഴുതുന്നു.

ഇത് കൊറോണ എന്ന രോഗത്തെ ക്കുറിച്ച് തന്നെയാണെന്ന് ലേഖകൻ ഉറപ്പിച്ചു പറയുന്നില്ല. കൊറോണ സ്ഥലനാമം ഉഉളതുകൊണ്ട് ആ സാധ്യതയും നോക്കണം.എന്നാൽ ഈ കവിതയിലെ കൊറോണ ഒരു പ്രണയത്തകർച്ചയാണെന്നും വാദിക്കാവുന്നതാണ്.ഈ വരികൾ അതിൻ്റെ സൂചനയായി കാണാം:

''ജനാലയ്ക്കടുത്ത് ഞങ്ങൾ
കെട്ടിപ്പിടിച്ചു നിൽക്കയാണ് .
തെരുവുകളിൽ നിന്ന്
ആളുകൾ നോക്കുന്നുണ്ട്.
സമയമായെന്ന്
അവർ അറിഞ്ഞിരിക്കുന്നു .

കല്ലുപോലും പുഷ്പിക്കാൻ
ഒരു ശ്രമം നടത്തുന്ന
സമയമാണിത് .
അസ്വസ്ഥ കാലത്തിനു
തുടിക്കുന്നൊരു ഹൃദയമുണ്ടാവുകയാണ് .
ഇതാ സമയമാവുന്നു.
സമയമായിരിക്കുന്നു.
ഇതാ
ആ സമയം ".
ഒരു ഡോക്ടറായിരുന്ന സെലാൻ 1970 ൽ ആത്മഹത്യ ചെയ്യുകയായിരുന്നു. ഈ കവി ഭാഷയിലൂടെ എല്ലാം പറയാനാകില്ലെന്ന് വിശ്വസിക്കുകയാണോയെന്ന് സംശയിക്കണം. ഭാഷയ്ക്ക് ബദലായി മറ്റൊരു ഭാഷ തേടുകയുമാവാം

നടൻ

ഒരു ശബ്ദം കൊണ്ട് മഹാലോകം തീർത്ത ടി.എൻ .ഗോപിനാഥൻ നായരുടെ  മകൻ രവി വള്ളത്തോളിനെക്കുറിച്ച്  ജോൺ  സാമുവൽ ( മെട്രൊവാർത്ത ) ഉചിതമായി  എഴുതിയിരിക്കുന്നു. ഒരു നാടകത്തിൽ പെൺവേഷം കെട്ടിയതുകൊണ്ട് രവിയെ സംവിധായകരെല്ലാം ആ പ്രതിഛായയിൽ കണ്ടത് ശരിയായില്ല.രവിക്ക് സ്വയം ബ്രേക്ക് ചെയ്യാൻ പറ്റിയ വേഷങ്ങൾ കിട്ടിയാലലല്ലേ കഴിവു തെളിയിക്കാനാകൂ.

പ്രണയിക്കുന്നവരുടെ ഇരുട്ട്

'ഇരുട്ടിടങ്ങളിൽ വച്ച് മാത്രം പ്രണയിച്ചവരെക്കുറിച്ച് ' എന്ന പേരിൽ ആദി എഴുതിയ കവിത (ആത്മഓൺലൈൻ ,ഏപ്രിൽ 28 ) ആത്മഹത്യ ചെയ്ത കമിതാവിൻ്റെ സ്വയം പോസ്റ്റ്മോർട്ടമാണ്. ഇങ്ങനെ ഇരുട്ടു തപ്പി നടക്കുന്ന പ്രണയികൾ ഉണ്ടോ എന്നറിയില്ല. നൈറ്റ് ഡൂട്ടിക്കാരായിരിക്കും!.

ഈ കവിതയിൽ മനസ്സാണ് കീറി മുറിച്ചു നോക്കുന്നത്.
" പേരിട്ടൊരിക്കലും
വിളിക്കപ്പെടാത്ത
നമ്മുടെ പ്രണയത്തിൻ്റെ
പേരു കൂടിയായിരുന്നു
എൻ്റെ മരണം ".
മറ്റൊരിടത്ത് ഇങ്ങനെ വായിക്കാം:
''കഴുക്കോലിലെ ,
കെട്ടഴിച്ച് കിടത്തുമ്പോൾ ,
എൻ്റെ കഴുത്തിലെ
പൂക്കളുള്ള തുണിക്കീർ
നിന്നെ മുറിവേല്പിച്ചേക്കാം ,
വെളിച്ചം
ഇല്ലാത്തിടങ്ങളിൽ വച്ച്
മാത്രം നമ്മൾ
പ്രേമിച്ചിരുന്നവെന്ന്
നീ അപ്പോളെങ്കിലും
വിളിച്ചു പറയുമെന്ന്
ഞാൻ കിനാവു കാണും.
നിൻ്റെയന്നേരത്തെ
വിറയെയോർത്ത്
എനിക്കിപ്പോഴെ ചിരി വരുന്നു.
മരിച്ചവർ ചിരിക്കാൻ
പാടില്ലെന്നത് കൊണ്ടു മാത്രം
ഞാൻ കണ്ണും പൂട്ടി
ഇരുട്ടിനെ
കെട്ടിപ്പിടിച്ചുറങ്ങിപ്പോയി. "

ഇതും കൊറോണക്കാലത്തെ ഓർമ്മിപ്പിച്ചു. ഇപ്പോൾ മരണാനന്തര ചടങ്ങുകൾക്ക് അധികം പേരില്ലല്ലോ. ആത്മഹത്യ ചെയ്തവരെ എടുത്തു കിടത്തുമ്പോൾ പ്രത്യേകിച്ചും .പ്രേമിച്ചു പരാജയപ്പെട്ടവൻ ആത്മഹത്യ ചെയ്യുന്നത് ,ആസിഡ് പ്രേമങ്ങളുടെ കാലത്ത് ,പുതിയൊരു അമ്ളരൂക്ഷമായ റിവേഴ്സ്  ഗിയറാണ്.അതുകൊണ്ട് ,ലോക്ക് ഡൗൺ കാലത്ത് ചത്തവന് കുറേക്കൂടി ഇടം കിട്ടുകയാണ്, തൻ്റെ കാമുകിയെക്കുറിച്ചോർക്കാൻ .അധികമാരും അടുത്തില്ല എന്ന് അവനു സമാശ്വസിക്കാം. ആരാണ് ഈ കമിതാവിനെ കൊന്നത്‌ ? പ്രേമം എന്ന സാമൂഹ്യ നിർമ്മിതിയെ കണ്ടു പിടിച്ച ,നിലനിർത്തുന്ന സാമൂഹ്യ വ്യവസ്ഥ തന്നെ .

വാത്മീകി ശപിച്ചത്   കാട്ടാളനെ ആയിരുന്നെങ്കിലും അത് സമൂഹത്തിനു നേർക്കുള്ളതാണ്. കാമമോഹിതനായിരിക്കുന്നതിനെ കൊല്ലുന്നതിൽ സമൂഹത്തിനെന്നും ഉത്സാഹമാണ്. അസൂയയാണ് ഇതിനു കാരണം.കാമമോഹിതനായ ക്രൗഞ്ചപ്പക്ഷിയെ കൊന്ന കാട്ടാളൻ ഗതിപിടിക്കാതെ പോകട്ടെ എന്ന വാത്മീകീ ശാപം ഇന്ത്യയിൽ എപ്പോഴും മുഴങ്ങുകയാണ്.

ഇസ്ളാമോഫോബിയ കഥകൾ ആപത്ത്

രാജ്യത്ത് ഇസ്ളാമിനെ മറ്റുള്ളവർ പേടിക്കുന്നു (ഇസ്ളാമോഫോബിയ) എന്ന ആശയം കഥകളിൽ പ്രചരിപ്പിക്കാൻ ചില എഴുത്തുകാർ മുന്നോട്ടു വരുന്നത് ആപത്തിൻ്റെ സൂചനയായി കാണാവുന്നതാണ്. ബോധപൂർവ്വം മതദ്വേഷം സൃഷ്ടിക്കാൻ ശ്രമിക്കയാണ്. ചിലർ ഇതിനു പിന്നിൽ സംഘടിതമായി ചിന്തിക്കുന്നു എന്ന് പറയുന്നത്   ഇത്തരം കഥകൾ ഇപ്പോൾ ചിലയിടങ്ങളിൽ മുടങ്ങാതെ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നതു കൊണ്ടാണ്.

ഇത് നിരുത്സാഹപ്പെടുത്തേണ്ടതാണ്. വായനക്കാരെ ഗിനിപ്പന്നികളാക്കരുത്. മരുന്ന് മനുഷ്യരിൽ കുത്തിവയ്ക്കുന്നതിനു മുൻപ് ചില രാജ്യങ്ങളിൽ  പന്നികളിൽ പരീക്ഷിക്കാറുണ്ട്. അത്തരം പന്നികളെയാണ് ഗിനിപ്പന്നികൾ എന്ന് വിളിക്കുന്നത്.ഇവിടെ ചിലർ വായനക്കാരെ ഗിനിപ്പന്നികളാക്കുകയാണ്
Posted by m k harikumar at 11:42 AM No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest
Labels: aksharajalakam

അക്ഷരജാലകം/രോഗത്തിൽ നിന്നു വെളിപാട്/metrovartha may 26

 എം.കെ.ഹരികുമാർ
9995312097
Email: mkharikumar797@gmail.com


കൊറോണക്കാലത്ത് ഓസ്ട്രിയൻ കവി റെയ്നർ മരിയാ റിൽക്കേ (1875-1926) യുടെ രചനകളുടെ  പുനർവായന ഉപകരിച്ചു. ഏകാന്തതയിൽ സ്വയം രൂപപ്പെട്ടതും തന്നിലേക്ക് തന്നെ ഒഴുകിയതുമായ കവിയാണല്ലോ അദ്ദേഹം.

റിൽക്കേ കത്തുകളുടെ ആളായിരുന്നു. ധാരാളം സ്ത്രീ സുഹൃത്തുക്കൾക്കും മറ്റ് മിത്രങ്ങൾക്കും അദ്ദേഹം എഴുതുമായിരുന്നു. ജീവിതത്തിൽ കവിതകൾക്കും മറ്റ് രചനകൾക്കുമൊപ്പം കത്തുകളും അദ്ദേഹം എഴുതിക്കൊണ്ടിരുന്നു, ഒരു ജ്വരബാധിതനെപ്പോലെ. റിൽക്കേയുടെ കത്തുകൾ ആറ് വാല്യങ്ങളായി പ്രസിദ്ധീകരിച്ചിട്ടുള്ളത് ഓർക്കുമ്പോൾ സംവാദാത്മകതയിൽ ഈ കവി എത്രമാത്രം ആഴ്ന്നിറങ്ങിയിരുന്നുവെന്ന് ബോധ്യപ്പെടും.

എന്തിനാണ് ഇത്രയും കത്തുകൾ ഒരാൾ എഴുതുന്നത് ?മലയാളസാഹിത്യത്തിൽ ഇങ്ങനെയാരെങ്കിലും എഴുതുമോ ? സ്വന്തം കാര്യങ്ങൾ സാധിക്കാൻ എഴുതുന്നപോലെയല്ല ഇത്. ഒരു കാലഘട്ടത്തിലെ മഹാപ്രതിഭയായ ഒരാൾ ഇങ്ങനെ കത്തെഴുതുമ്പോൾ എത്ര സമയം നഷ്ടപ്പെടും ! അതിൻ്റെയർത്ഥം റിൽക്കേ അസാധാരണ മനുഷ്യനും തീവ്രമായ വികാരങ്ങളുള്ളവനുമായിരുന്നു എന്നാണ്.ഒരു പിടയുന്ന മനസ്സ് നമുക്ക് കാണാം.
ചില വ്യക്തികളുമായി ആശയവിനിമയം ചെയ്യുന്നത് ,അവരോട് തുറന്നു സംസാരിക്കുന്നത് റിൽക്കേക്ക് ജൈവപ്രക്രിയയായിരുന്നു .ജീവിച്ചിരിക്കുന്നു എന്ന് സ്ഥാപിക്കാനുള്ള പോരാട്ടമായിരുന്നു അത് .
അദ്ദേഹം ഓരോ വ്യക്തിയിലേക്കുമുള്ള സംസാരം ജീവിതത്തിൻ്റെ ഏകാന്തതുരങ്കമായി അനുഭവിച്ചു;അതൊരു പ്രാർത്ഥന പോലെ വിശുദ്ധമായിരുന്നു. നമ്മൾ ആകെ നേടുന്നത് സംഘർഷാത്ക തയാണെന്ന് അദ്ദേഹം ഒരു കവിതയിൽ എഴുതിയതിനു കാരണം ഇതാണ്. പ്രണയവും സ്നേഹവും സംഘർഷമായിരുന്നു. സമാനമനസ്കരെന്ന് കരുതപ്പെടുന്നവരുമായുള്ള സംവാദങ്ങൾ ,ഉത്തരമില്ലാത്ത ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുന്നതിൻ്റെ ഭാഗമായിരുന്നു.മനസ്സിലെ സംഘർഷങ്ങൾ ഇല്ലാതാവാൻ ,മനസ്സിനെ തുറന്നു വിടുകയാണ് ചെയ്തത്.

കഴിഞ്ഞ നൂറ്റാണ്ടിൻ്റെ ആദ്യപകുതിയിൽ പ്രത്യക്ഷപ്പെട്ട പ്ലേഗ് ,യുദ്ധങ്ങൾ ,പട്ടിണി തുടങ്ങിയ ദുരിതങ്ങൾ അപാര സെൻസിറ്റീവായ ഒരു കവിയെ ആന്തരികവും ഭാവനാപരവുമായ സന്നിപാതത്തിലേക്ക് നയിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. അദ്ദേഹം ദൈവത്തിൻ്റെയും പ്രകൃതിയുടെയും ലോകത്ത് നിന്ന് സ്വയം പുറത്താവുകയായിരുന്നു. കാരണം മനുഷ്യബന്ധങ്ങൾ ഉണ്ടാക്കുന്ന സങ്കീർണമായ ഭൗതിക സാഹചര്യങ്ങൾ ഒരു വലിയ വ്യവഹാര മേഖലയായി വികസിക്കുകയായിരുന്നു. രണ്ടു വ്യക്തികൾക്കിടയിൽ പലതുമുണ്ട്. അവർക്കിടയിൽ പരസ്പരം ബോധ്യപ്പെടുത്താനാവാത്ത സമസ്യകളുണ്ട്. അത് എപ്പോഴുമില്ല.എന്നാൽ അങ്ങനെയൊരു സാധ്യത എപ്പോഴുമുണ്ട്. ചിലപ്പോൾ സംവദിക്കുന്തോറും അർത്ഥ തലങ്ങൾ ദുരൂഹമായി മാറും.

വ്യക്തികളെ പുസ്തകങ്ങൾ എന്ന പോലെ പുനർവായിക്കേണ്ടതുണ്ടെന്ന് റിൽക്കേയുടെ കത്തുകൾ വായിച്ചാൽ വ്യക്തമാവും.എഫ്.എക്സ് .കപ്പൂസ് എന്ന യുവാവിനു റിൽക്കേ പത്തു വലിയ കത്തുകൾ എഴുതി. അത് 'ലെറ്റേഴ്സ് ടു എ യംഗ് പോയറ്റ് ' എന്ന പേരിൽ പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.ഒരു സാഹിത്യകൃതി പോലെയാണ് ഇതിനെ വായനക്കാർ പരിഗണിക്കുന്നത്.കപ്പൂസിനു ഉപദേശം കൊടുക്കുകയായിരുന്നില്ല .സ്വയം അറിയാനും കണ്ടെത്താനും സഹായിക്കുകയായിരുന്നു. ഒരിടത്ത് റിൽക്കേ എഴുതുന്നത് ഇങ്ങനെയാണ്: 'നിങ്ങളുടെ അടുത്തുള്ളവർ വളരെ ദൂരെയാണെന്ന് അറിയുക. നിങ്ങൾക്ക് ചുറ്റിനുമുള്ള ഇടം വലുതാകുകയാണ് ചെയ്യുന്നത്. നിങ്ങൾക്ക് ആരുടെയും ഒപ്പം പോകാൻ കഴിയില്ല.'

ഈ വാക്യങ്ങൾ സ്വതന്ത്രനായ ഒരു എഴുത്തുകാരന്  ശരിക്കും അനുഭവപ്പെടുന്നതാണ്.സാഹിത്യമേഖലയിൽ ഇത് സംഭവിക്കുന്നു. എന്നാൽ കൊറോണക്കാലത്തിനും ഇത് ഇണങ്ങും. മഹാമാരിയുടെ കാലത്ത് നമ്മുടെ ഒപ്പം ആരെങ്കിലും ഉണ്ടാകുമോ ?

ദാരിദ്ര്യം കവിയുടെ പ്രതിഭയെ തളർത്താൻ പാടില്ല. ദാരിദ്ര്യത്തിൻ്റെ അനുഭവത്തിൽ നിന്ന് ഒരു യഥാർത്ഥ കവി മഹത്തായ കവിതയാണ് ഉല്പാദിപ്പിക്കേണ്ടത് - ഇതാണ് റിൽക്കേയുടെ മതം.ഇത് നമുക്ക് ഇങ്ങനെ വികസിപ്പിക്കാം. രോഗിയായ എഴുത്തുകാരൻ രോഗത്തിൽ നിന്ന് സൗന്ദര്യമാണ് ജനിപ്പിക്കേണ്ടത്.

പന്ത്രണ്ട് വാല്യങ്ങളിലായി റിൽക്കേയുടെ കവിതകൾ പടർന്നു കിടക്കുന്നു. ഈ കവിതകളെ ,ചുരുക്കത്തിൽ ,കവിയുടെ ആത്മപരിശോധന എന്നു വിളിക്കാം. ദൗർഭാഗ്യങ്ങളെ ,പരിമിതികളെ ,എതിർപ്പുകളെ നേരിട്ടാണ്  ഒരെഴുത്തുകാരൻ വളരുന്നത്. അവൻ എപ്പോഴും കാണുന്നത് അവനെ പുകഴ്ത്താൻ നില്ക്കുന്നവരെയല്ല ,തളർത്താൻ നോക്കുന്നവരെയാണ്. അവൻ്റെ ഓരോ വാക്കിനെയും അർത്ഥരഹിതമാക്കാൻ ,സാമാന്യവത്ക്കരിക്കാൻ കുറേപ്പേർ കരുതിയിരിക്കുന്നുണ്ടാവും. ഒരാൾ നിശിതമായി ,സ്വയം വിചാരണ ചെയ്ത് എഴുതുമ്പോൾ അതുവരെ സുഹൃത്തുക്കളായിരുന്നവർ പോലും ശത്രുക്കളെപ്പോലെ പെരുമാറുമെന്ന് അമെരിക്കൻ കഥാകൃത്ത് ഹെമിംഗ് വേ പറഞ്ഞത് ശരിയാണ്. എഴുത്തുകാരനെ ചുമ്മാതൊന്ന് ചവിട്ടാനാണ് പലരും നോക്കുന്നത്. എന്നാൽ ഒരു സിനിമാനടനോട് ഈ ചവിട്ടില്ല .ഇതാണ് നവീന വിദ്യാഭ്യാസത്തിൻ്റെ പ്രത്യേകത. താൻ എഴുതുന്നത് മരിക്കാതിരിക്കാനാണെന്ന് റിൽക്കേ പറഞ്ഞതിൽ ഈ അന്ത:സംഘർഷമുണ്ട്.മരണത്തെപ്പോലും കൊല്ലുകയാണ് അദ്ദേഹം ചെയ്തത്.ജീവിതം എന്നാൽ മരിക്കാതിരിക്കലാണെന്ന് അദ്ദേഹം അർത്ഥമാക്കുന്നു. അവനവനിലേക്കുള്ള ഒരു ചുഴിയാണ് ഇത് സൃഷ്ടിക്കുന്നത്. സ്വയം തിരയുകയാണ് ,വേറൊരു പോംവഴിയുമില്ലാതെ ,കവി.

വാക്കുകൾ

1)ഞാനെഴുതുന്നത് ,എനിക്കറിയാവുന്നത് കണ്ടെത്തുന്നതിനാണ്.
ഫ്ളാനറി ഒ കോണർ ,
അമേരിക്കൻ എഴുത്തുകാരി.

2) പ്രകൃതി ഞങ്ങൾക്ക് ചിത്രകലയാണ്. ഓരോ ദിവസവും അനന്തസൗന്ദര്യമുള്ള ചിത്രങ്ങളാണ് ഉണ്ടാവുന്നത്.
ജോൺ റസ്കിൻ ,
ഇംഗ്ളീഷ് കലാവിമർശകൻ.

3)മനുഷ്യനുമായി സമ്പൂർണ രമ്യതയിൽ കഴിയണമെന്ന ചിന്ത പ്രപഞ്ചത്തിനില്ല .
കാൾ സാഗൻ,
അമെരിക്കൻ ശാസ്ത്രജ്ഞൻ.

4) ഒരു കാലഘട്ടത്തിലെ സ്വതന്ത്ര ചിന്ത പിന്നീടു വരുന്ന കാലത്ത് സാമാന്യബോധമാണ്.
മാത്യൂ ആർനോൾഡ് ,
ഇംഗ്ലീഷ് കവി.

5) പരിഭാഷ ഒരു സ്ത്രീയെപ്പോലെയാണ്.അത് സുന്ദരമാണെങ്കിൽ ,വിശ്വസ്തമായിരിക്കില്ല. അത് വിശ്വസ്തമാണെങ്കിൽ ,മിക്കവാറും സുന്ദരമായിരിക്കില്ല.
യെവ്ജെനി യെവ്തുഷെൻകോ ,
റഷ്യൻ കവി.

കാലമുദ്രകൾ

1)ഐ.വി.ശശി .
താൻ സംവിധാനം ചെയ്യുമ്പോൾ ഒരു വ്യക്തിയല്ല ,സമൂഹത്തെ അലങ്കോലപ്പെടുത്തുകയോ ,ശല്യപ്പെടുത്തുകയോ ചെയ്യുന്ന ഒരു വിമതനാണെന്ന് ഐ.വി.ശശി തെളിയിച്ചു.

2) അരവിന്ദൻ.
തൻ്റെ സിനിമയിൽ സമൂഹമോ കഥാപാത്രങ്ങളോ അല്ല ,താൻ തന്നെയാണ് ,തൻ്റെ നിശ്ശബ്ദതകളാണ് പ്രമേയമാകുന്നതെന്ന് അരവിന്ദൻ എത്രയോ വട്ടം കാണിച്ചു തന്നിട്ടുണ്ട്.

3)എം.ബി.ശ്രീനിവാസൻ .
തന്നോട് അറുപതുകളുടെ തുടക്കത്തിൽ , യേശുദാസിനെക്കുറിച്ച് ആദ്യമായി പറഞ്ഞത് സംഗീതസംവിധായകർ എം.ബി.ശ്രീനിവാസനാണെന്ന് സംവിധായകൻ കെ.എസ്.സേതുമാധവൻ ഒരഭിമുഖത്തിൽ പറഞ്ഞു. തലത്  മുഹമ്മദ് ,മുഹമ്മദ് റാഫി എന്നീ ഗായകരുടെ രണ്ട് വ്യത്യസ്തമായ ധ്രുവങ്ങൾ ഈ ഗായകനിലുണ്ടെന്നായിരുന്നു ആ പരാമർശം.

4) ഡോ.കെ.ഭാസ്ക്കരൻ നായർ .
ദൈവനീതിക്ക് ദാക്ഷിണ്യമില്ല എന്നൊക്കെ ലേഖനത്തിനു പേരിട്ട ഭാസ്ക്കരൻ നായർ ,വാസ്തവത്തിൽ ,വ്യത്യസ്തമായ ഒരു ഗദ്യശൈലി അവതരിപ്പിക്കുകയായിരുന്നു.

5)ഭരതൻ.
വൻ സാമ്പത്തിക വിജയമാകാതിരിക്കാൻ വേണ്ടി ഭരതൻ ചെയ്ത ഓർമ്മയ്ക്കായി ,സന്ധ്യ മയങ്ങും നേരം ,പാർവ്വതി തുടങ്ങിയ സിനിമകൾ സൗന്ദര്യാത്മകതയുടെ വഴിയിലൂടെയുള്ള ഏകാന്ത സഞ്ചാരങ്ങളാണ്.

ദർശനം

1) നീല .
നീല അഗാധതയെയാണ് അർത്ഥമാക്കുന്നതെങ്കിൽ അഗാധത എന്താണ് ?

2) മനസ്സ് .
മനസ്സ് സത്യം പറയാത്തതുകൊണ്ട്  ആത്മകഥ  അസംബന്ധമായിരിക്കും.

3)കവി.
കവി കാമുകിയെ അറിയുന്നേയില്ല . തൻ്റെയുള്ളിലെ കാമുകിബിംബത്തെ മാത്രം കാണുന്ന സ്വപ്നദർശിയാണയാൾ.

4)സാഹിത്യം.
സാഹിത്യം ഒരു ജ്വരമാണ്; ഒരു രോഗമാണ്.

5)ചിന്ത.
ചിന്തയുടെ പ്രാഥമിക സ്വഭാവം അതിനെത്തന്നെ നിരാകരിക്കുക എന്നുള്ളതാണ്. കാരണം സ്വയം തള്ളിപ്പറഞ്ഞുകൊണ്ടേ ചിന്തയ്ക്ക് വളരാനൊക്കൂ.

ആനുകാലികം

സി.കെ.ആനന്ദൻപിള്ളയുടെ പത്രാധിപത്യത്തിൽ പുറത്തിറങ്ങുന്ന 'സാഹിത്യവിമർശ'ത്തിൽ (ഏപ്രിൽ - ജൂൺ) കവർസ്റ്റോറിയായി വന്നിട്ടുള്ളത് കെ.ജി.ശങ്കരപ്പിള്ളയുടെ കവിതകൾക്ക് നേർക്കുള്ള വിമർശമാണ്.ശങ്കരപ്പിള്ളയുടെ കവിതകൾ മൃതപ്രായമാണെന്നും അദ്ദേഹത്തിനു മലയാളകവിതയുടെ ടെക്നിക്ക് ഇനിയും പിടികിട്ടിയിട്ടില്ലെന്നും കവിതയുടെ ഭാവസ്പർശം ആ രചനകൾക്കില്ലെന്നും  ആധുനികതയെ അധ:പതിപ്പിച്ച കവിയാണ് അദ്ദേഹമെന്നും ഡോ.പി.ശിവപ്രസാദ് (കൊച്ചിൻ കവിതാനിർമ്മാണ യൂണിറ്റ് - രജത ജൂബിലി കണക്കെടുപ്പും വിലയിരുത്തലും ) എഴുതുന്നു.

'സാഹിത്യവിമർശ'ത്തിൽ മാത്രമേ ഇപ്പോൾ ഇതുപോലുള്ള തുറന്ന എഴുത്ത് കാണാറുള്ളു. ആരാധനയെല്ലാം മാറ്റിവച്ച് രൂക്ഷമായി വിമർശിക്കുന്ന ഇടങ്ങൾ കുറച്ചെങ്കിലും വേണം. അല്ലെങ്കിൽ കഥയറിയാത്ത ആരാധകന്മാരെക്കൊണ്ട് കേരളം നിറയും. എന്നെയും 'സാഹിത്യവിമർശം' രൂക്ഷമായി വിമർശിച്ച് കവർസ്റ്റോറി പ്രസിദ്ധീകരിച്ചിട്ടുണ്ട്, വർഷങ്ങൾക്കു മുൻപ്. 'കൂത്താട്ടുകളത്ത് നിന്ന് ഒരു ശങ്കരാചാര്യർ 'എന്നായിരുന്നു ടൈറ്റിൽ. എന്നാൽ എനിക്ക് ആനന്ദൻപിളളയോട് പരിഭവമോ പകയോ ഇല്ല. അദ്ദേഹം ഇത് തുടരണം.

കെ.ജി.ശങ്കരപ്പിള്ളയ്ക്ക് കേരള സാഹിത്യഅക്കാദമി ഫെലോഷിപ്പ് നല്കിയത് ശരിയായില്ലെന്നും ലേഖനത്തിൽ പറയുന്നുണ്ട്. എൺപതുകളിൽ വിപ്ളവകാരികളോ അരാജകവാദികളോ ആയി പ്രത്യക്ഷപ്പെട്ട എഴുത്തുകാർ ഇരുപത്തിയൊന്നാം നൂറ്റാണ്ട് പിറന്നതോടെ കേരള സാഹിത്യ അക്കാദമായിലേക്ക് ചെരുപ്പ് ഊരി വച്ച് കടന്നു പോകുന്നതാണ് നാം കാണുന്നത്‌! . വിഗ്രഹഭഞ്ജകരുടെ മേലങ്കിയണിഞ്ഞവർ ഒരു ദിവസം അധികാരസ്ഥാപനങ്ങളുടെ ഔദാര്യം പറ്റാൻ ക്യൂ നില്ക്കുന്നു.ഇത് ഏതെങ്കിലും കുട്ടികൾ അനുകരിക്കുകയാണെങ്കിൽ അവരിൽ നിന്ന് ആദർശത്തിൻ്റെയോ ധർമ്മത്തിൻ്റെയോ കണികയെങ്കിലും നമുക്ക് പ്രതീക്ഷിക്കാനൊക്കുമോ ?
ഇങ്ങനെയുള്ളവർ വന്നടിയുന്ന സങ്കേതമായി സാഹിത്യഅക്കാദമി  മാറി. അവിടെ കൃതികളുടെ മൂല്യനിർണയം ഒരു പഴങ്കഥയാണ്.

കവിതയുടെ മെലിച്ചിൽ

ശങ്കരപ്പിള്ളയുടെ രചനകളിൽ കവിത എന്ന നൈസർഗിക ഗുണമില്ല .അദ്ദേഹം ബോധപൂർവ്വം അത് സൃഷ്ടിക്കാൻ ശ്രമിക്കയാണ്. അതുകൊണ്ടാണ് രചനകളിൽ കൃത്രിമത്വം അനുഭവപ്പെടുന്നത് .കവിത അതിൻ്റെ അന്തരാത്മാവിൽ ദു:ഖിതരുടെയും പീഡിതരുടെയും ആ മന്ത്രണങ്ങളാണ് കേൾക്കുന്നത്‌.ആ നിലയിൽ സ്വയം പരിവർത്തനം ചെയ്ത് സംവേദന തന്തുക്കൾ ഹൃദയത്തിൽ ആവാഹിക്കുന്നവർക്കേ രണ്ടു വരി എഴുതാനൊക്കൂ.

അദ്ധ്യാപക കവികളുടെ ശിഷ്യഗണങ്ങൾ വലിയൊരു ദൂഷിത വലയമാണ്.ഇവർ വൃഥാ വാഴ്ത്തുപാട്ടുകാരും മറ്റു കവികൾക്ക് ശല്യം വിതയ്ക്കുന്നവരുമാണ്. ആറ്റൂർ ശിഷ്യർ മറ്റൊരു ഉദാഹരണം.കലാശാലാ വകുപ്പുകളും കോളെജ് മാഗസിനുകളും ഗവേഷണ മുറികളും പാഠപുസ്തകകമ്മിറ്റികളും ഈ ശിഷ്യഗണങ്ങളുടെ അധീശ മേഖലകളാണ്. അങ്ങോട്ട് മറ്റാർക്കും കടന്നു ചെല്ലാനാവാത്തവിധം ,അത് കാഫ്കയുടെ കൃതിയിലെ ദുർഗ്ഗം  പോലെ അപ്രാപ്യമാണ്. യു.ജി.സി
അദ്ധ്യാപക കവികൾക്ക് ഇന്ന് പ്രസക്തിയില്ല. അവരുടെ കവിതകൾ വായിക്കുന്നവർ മനസ്സിൽ 'അഴകിയ രാവണൻ ' എന്ന സിനിമയിൽ മമ്മൂട്ടി പറയുന്ന ഡയലോഗ് ഓർമ്മിക്കും: വേദനിക്കുന്ന കോടീശ്വരൻ.

ഇടശ്ശേരി ഗോവിന്ദൻ നായരെയാണ് പുതുകവികൾ ജീവിതവഴിയിൽ അനുകരിച്ചതെങ്കിൽ അത് മൂല്യപരമായ കയറ്റമാകുമായിരുന്നു. അതിവിടെ ഉണ്ടായില്ല .

സ്ത്രീ

സുരേഷ് നൂറനാട് എഴുതിയ 'സ്ത്രീദൃശ്യങ്ങൾ' (ഭാഷാപോഷിണി, മെയ് ) സമീപകാല ജീവിതക്കാഴ്ചകളിലെ വ്യഥിത സന്ദർഭങ്ങളെ ഓർത്തെടുക്കുന്ന കവിതയാണ്.
' സ്കൂളിൽ പോകുന്ന ദിവസങ്ങൾ
ക്രമേണ കുറഞ്ഞു കുറഞ്ഞു വന്നു .
മില്ലിൽ ഓണക്കാലത്തും
ദീപാളിക്കാലത്തും
രാപകൽ പണി കാണും.
ഊടും പാവും
പകുത്ത് പകുത്ത്
അവൾ കല്ലായി മാറി.
ആരും കെട്ടാൻ വന്നില്ല.
അമ്മയുടെ രോഗത്തിൻ്റെ
നദിയിൽ
പരൽമീനിനെപ്പോലെ  നീന്തി.
മരണത്തിൻ്റെ പ്രളയജലത്തിൽ
ഒഴുകിപ്പോയ നെയ്ത്തുശാലയിൽ
അവൾ കടുംകല്ലായി എന്നും
കറുത്തു കിടന്നു.'

ഇങ്ങനെ എഴുതുന്ന കവി ഒരു പെണ്ണിൻ്റെ മനസ്സ് കാണുകയാണ്. ചില പദങ്ങൾ സാരഗ്രാഹിയാകുന്നത് ,അത് ഉപയോഗിക്കുന്നവരുടെ മനോഭാവത്തിൻ്റെ അടിസ്ഥാനത്തിലാണ്.

ക്രൂരവിനോദം

ആഷാമേനോൻ  ചട്ടമ്പിസ്വാമികളെക്കുറിച്ചെഴുതിയ 'പ്രപഞ്ചമാനസൈക്യം' (മാതൃഭൂമി ആഴ്ചപ്പതിപ്പ്, മെയ് 3) ഒരു വലിയ പരാജയവും  അപരാധവുമായി നില്ക്കുകയാണ്‌. ചട്ടമ്പിസ്വാമികളെക്കുറിച്ച് ആഷാമേനോന് ഒന്നും അറിയില്ല .ഒരു കൃതിയെങ്കിലും വായിച്ചിട്ട് എഴുതാമായിരുന്നല്ലോ. ഒരു ശരാശരി ജീവചരിത്രം വച്ചാണ് താൻ ഈ ലേഖനം എഴുതുന്നതെന്ന് അദ്ദേഹം തന്നെ പറയുന്നു. പാമ്പിനെ ഓടിച്ചു വിട്ട ആളായിട്ടാണ് ലേഖകൻ സ്വാമികളെ കാണുന്നത്. സ്വാമികളുടെ ദർശനം എന്താണെന്ന് പറയുന്നില്ല .അതിനു പുറമേയാണ് മറ്റൊരു കാടത്തം കാണിക്കുന്നത്;ചട്ടമ്പിസ്വാമികളെ പിടിച്ച് ശ്രീനാരായണഗുരുവിനെ അപഹസിക്കാൻ ശ്രമിക്കുന്നു. സ്വന്തം പരിമിതി മറ്റുള്ളവരുടെ മേൽ വച്ചു കെട്ടുകയാണ് ! .

മേനോൻ എഴുതുന്ന സാഹിത്യ ലേഖനങ്ങളെ ഇപ്പോൾ സംശയത്തോടെ നോക്കേണ്ടി വരുന്നു. കാരണം ,അദ്ദേഹത്തിനു സാമൂഹ്യ ,രാഷ്ട്രീയ പരിപ്രേക്ഷ്യം എന്താണെന്നറിയില്ല .മനസ്സിൽ തോന്നുന്ന ചില വികാരങ്ങൾ വച്ച് വളരെ ഉപരിതലസ്പർശിയായി ,നിരുത്തരവാദപരമായാണ് അദ്ദേഹം എഴുതുന്നത്. ഇതുപോലൊരു ചതിപ്രയോഗം മലയാളസാഹിത്യത്തിലുണ്ടായിട്ടില്ല.

പുസ്തകം

പ്രൊഫ.ആമ്പല്ലൂർ അപ്പുക്കുട്ടൻ എഴുതിയ 'എ പ്രൊഫൈൽ ഓഫ് കഥകളി ' (കേരള കലാക്ഷേത്ര ,ആമ്പല്ലൂർ ) കഥകളിയെക്കുറിച്ച് സമ്പൂർണ വിവരം നല്കുന്ന കൃതിയാണ്‌. കഥകളിയിലെ വിവിധ വേഷങ്ങളുടെ വർണചിത്രങ്ങളും ചേർത്തിരിക്കുന്നു. കഥകളിയിൽ ഉപയോഗിക്കുന്ന പരാണകഥകളെയും പരിചയപ്പെടുത്തുന്ന ഈ ഗ്രന്ഥം ഇംഗ്ളീഷ് ഭാഷയിൽ വരുന്നത് വളരെ പ്രശംസനീയമായാണ്.പ്രൊഫ.അപ്പുക്കുട്ടൻ കേരളത്തിനും ലോകത്തിനും നല്ലൊരു സംഭാവനയാണ് നല്കിയതെന്ന്  ജസ്റ്റിസ് കെ.സുകുമാരൻ  എഴുതിയത് അതിശയോക്തിയല്ല .

ജോജിത വിനീഷ് എഴുതിയ 'ദേജാ  വൂ' എന്ന കഥാസമാഹാരത്തിൽ (വായനപ്പുര പബ്ളിക്കേഷൻസ്) പന്ത്രണ്ട് രചനകളുണ്ട്.ലിമാകോങ് ഒഴുകുന്നില്ല ,കനൽപ്പെരുക്കങ്ങൾ ,എന്നീ കഥകൾ നൊമ്പരമുണർത്തും. മറന്നുവച്ച അനുരാഗങ്ങളെ തീക്കാറ്റുപോലെ തേടിച്ചെന്ന് പിടിച്ചെടുക്കുന്ന ഒരു മനസ്സ് ജോജി തയുടെ കഥകളിലുണ്ട്.

ഉയർന്ന വൈകാരികക്ഷമതയാണ് സാഹിത്യമെഴുതാനുള്ള ശക്തി തരുന്നത്.പുറത്ത് മഴ പെയ്യുമ്പോഴും ഉള്ളിലെ കാട് കാണണമെന്നർത്ഥം. കണ്ടു മറന്ന സ്വപ്നങ്ങളെ അന്വേഷിച്ചിറങ്ങുന്നത് കവിതയായി പരിണമിക്കുന്നു.



Posted by m k harikumar at 11:39 AM No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest
Labels: aksharajalakam

അക്ഷരജാലകം/രോഗത്തിൽ നിന്നു വെളിപാട്/metrovartha may 26

 
എം.കെ.ഹരികുമാർ
9995312097
Email: mkharikumar797@gmail.com


കൊറോണക്കാലത്ത് ഓസ്ട്രിയൻ കവി റെയ്നർ മരിയാ റിൽക്കേ (1875-1926) യുടെ രചനകളുടെ  പുനർവായന ഉപകരിച്ചു. ഏകാന്തതയിൽ സ്വയം രൂപപ്പെട്ടതും തന്നിലേക്ക് തന്നെ ഒഴുകിയതുമായ കവിയാണല്ലോ അദ്ദേഹം.

റിൽക്കേ കത്തുകളുടെ ആളായിരുന്നു. ധാരാളം സ്ത്രീ സുഹൃത്തുക്കൾക്കും മറ്റ് മിത്രങ്ങൾക്കും അദ്ദേഹം എഴുതുമായിരുന്നു. ജീവിതത്തിൽ കവിതകൾക്കും മറ്റ് രചനകൾക്കുമൊപ്പം കത്തുകളും അദ്ദേഹം എഴുതിക്കൊണ്ടിരുന്നു, ഒരു ജ്വരബാധിതനെപ്പോലെ. റിൽക്കേയുടെ കത്തുകൾ ആറ് വാല്യങ്ങളായി പ്രസിദ്ധീകരിച്ചിട്ടുള്ളത് ഓർക്കുമ്പോൾ സംവാദാത്മകതയിൽ ഈ കവി എത്രമാത്രം ആഴ്ന്നിറങ്ങിയിരുന്നുവെന്ന് ബോധ്യപ്പെടും.

എന്തിനാണ് ഇത്രയും കത്തുകൾ ഒരാൾ എഴുതുന്നത് ?മലയാളസാഹിത്യത്തിൽ ഇങ്ങനെയാരെങ്കിലും എഴുതുമോ ? സ്വന്തം കാര്യങ്ങൾ സാധിക്കാൻ എഴുതുന്നപോലെയല്ല ഇത്. ഒരു കാലഘട്ടത്തിലെ മഹാപ്രതിഭയായ ഒരാൾ ഇങ്ങനെ കത്തെഴുതുമ്പോൾ എത്ര സമയം നഷ്ടപ്പെടും ! അതിൻ്റെയർത്ഥം റിൽക്കേ അസാധാരണ മനുഷ്യനും തീവ്രമായ വികാരങ്ങളുള്ളവനുമായിരുന്നു എന്നാണ്.ഒരു പിടയുന്ന മനസ്സ് നമുക്ക് കാണാം.
ചില വ്യക്തികളുമായി ആശയവിനിമയം ചെയ്യുന്നത് ,അവരോട് തുറന്നു സംസാരിക്കുന്നത് റിൽക്കേക്ക് ജൈവപ്രക്രിയയായിരുന്നു .ജീവിച്ചിരിക്കുന്നു എന്ന് സ്ഥാപിക്കാനുള്ള പോരാട്ടമായിരുന്നു അത് .
അദ്ദേഹം ഓരോ വ്യക്തിയിലേക്കുമുള്ള സംസാരം ജീവിതത്തിൻ്റെ ഏകാന്തതുരങ്കമായി അനുഭവിച്ചു;അതൊരു പ്രാർത്ഥന പോലെ വിശുദ്ധമായിരുന്നു. നമ്മൾ ആകെ നേടുന്നത് സംഘർഷാത്ക തയാണെന്ന് അദ്ദേഹം ഒരു കവിതയിൽ എഴുതിയതിനു കാരണം ഇതാണ്. പ്രണയവും സ്നേഹവും സംഘർഷമായിരുന്നു. സമാനമനസ്കരെന്ന് കരുതപ്പെടുന്നവരുമായുള്ള സംവാദങ്ങൾ ,ഉത്തരമില്ലാത്ത ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുന്നതിൻ്റെ ഭാഗമായിരുന്നു.മനസ്സിലെ സംഘർഷങ്ങൾ ഇല്ലാതാവാൻ ,മനസ്സിനെ തുറന്നു വിടുകയാണ് ചെയ്തത്.

കഴിഞ്ഞ നൂറ്റാണ്ടിൻ്റെ ആദ്യപകുതിയിൽ പ്രത്യക്ഷപ്പെട്ട പ്ലേഗ് ,യുദ്ധങ്ങൾ ,പട്ടിണി തുടങ്ങിയ ദുരിതങ്ങൾ അപാര സെൻസിറ്റീവായ ഒരു കവിയെ ആന്തരികവും ഭാവനാപരവുമായ സന്നിപാതത്തിലേക്ക് നയിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. അദ്ദേഹം ദൈവത്തിൻ്റെയും പ്രകൃതിയുടെയും ലോകത്ത് നിന്ന് സ്വയം പുറത്താവുകയായിരുന്നു. കാരണം മനുഷ്യബന്ധങ്ങൾ ഉണ്ടാക്കുന്ന സങ്കീർണമായ ഭൗതിക സാഹചര്യങ്ങൾ ഒരു വലിയ വ്യവഹാര മേഖലയായി വികസിക്കുകയായിരുന്നു. രണ്ടു വ്യക്തികൾക്കിടയിൽ പലതുമുണ്ട്. അവർക്കിടയിൽ പരസ്പരം ബോധ്യപ്പെടുത്താനാവാത്ത സമസ്യകളുണ്ട്. അത് എപ്പോഴുമില്ല.എന്നാൽ അങ്ങനെയൊരു സാധ്യത എപ്പോഴുമുണ്ട്. ചിലപ്പോൾ സംവദിക്കുന്തോറും അർത്ഥ തലങ്ങൾ ദുരൂഹമായി മാറും.

വ്യക്തികളെ പുസ്തകങ്ങൾ എന്ന പോലെ പുനർവായിക്കേണ്ടതുണ്ടെന്ന് റിൽക്കേയുടെ കത്തുകൾ വായിച്ചാൽ വ്യക്തമാവും.എഫ്.എക്സ് .കപ്പൂസ് എന്ന യുവാവിനു റിൽക്കേ പത്തു വലിയ കത്തുകൾ എഴുതി. അത് 'ലെറ്റേഴ്സ് ടു എ യംഗ് പോയറ്റ് ' എന്ന പേരിൽ പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.ഒരു സാഹിത്യകൃതി പോലെയാണ് ഇതിനെ വായനക്കാർ പരിഗണിക്കുന്നത്.കപ്പൂസിനു ഉപദേശം കൊടുക്കുകയായിരുന്നില്ല .സ്വയം അറിയാനും കണ്ടെത്താനും സഹായിക്കുകയായിരുന്നു. ഒരിടത്ത് റിൽക്കേ എഴുതുന്നത് ഇങ്ങനെയാണ്: 'നിങ്ങളുടെ അടുത്തുള്ളവർ വളരെ ദൂരെയാണെന്ന് അറിയുക. നിങ്ങൾക്ക് ചുറ്റിനുമുള്ള ഇടം വലുതാകുകയാണ് ചെയ്യുന്നത്. നിങ്ങൾക്ക് ആരുടെയും ഒപ്പം പോകാൻ കഴിയില്ല.'

ഈ വാക്യങ്ങൾ സ്വതന്ത്രനായ ഒരു എഴുത്തുകാരന്  ശരിക്കും അനുഭവപ്പെടുന്നതാണ്.സാഹിത്യമേഖലയിൽ ഇത് സംഭവിക്കുന്നു. എന്നാൽ കൊറോണക്കാലത്തിനും ഇത് ഇണങ്ങും. മഹാമാരിയുടെ കാലത്ത് നമ്മുടെ ഒപ്പം ആരെങ്കിലും ഉണ്ടാകുമോ ?

ദാരിദ്ര്യം കവിയുടെ പ്രതിഭയെ തളർത്താൻ പാടില്ല. ദാരിദ്ര്യത്തിൻ്റെ അനുഭവത്തിൽ നിന്ന് ഒരു യഥാർത്ഥ കവി മഹത്തായ കവിതയാണ് ഉല്പാദിപ്പിക്കേണ്ടത് - ഇതാണ് റിൽക്കേയുടെ മതം.ഇത് നമുക്ക് ഇങ്ങനെ വികസിപ്പിക്കാം. രോഗിയായ എഴുത്തുകാരൻ രോഗത്തിൽ നിന്ന് സൗന്ദര്യമാണ് ജനിപ്പിക്കേണ്ടത്.

പന്ത്രണ്ട് വാല്യങ്ങളിലായി റിൽക്കേയുടെ കവിതകൾ പടർന്നു കിടക്കുന്നു. ഈ കവിതകളെ ,ചുരുക്കത്തിൽ ,കവിയുടെ ആത്മപരിശോധന എന്നു വിളിക്കാം. ദൗർഭാഗ്യങ്ങളെ ,പരിമിതികളെ ,എതിർപ്പുകളെ നേരിട്ടാണ്  ഒരെഴുത്തുകാരൻ വളരുന്നത്. അവൻ എപ്പോഴും കാണുന്നത് അവനെ പുകഴ്ത്താൻ നില്ക്കുന്നവരെയല്ല ,തളർത്താൻ നോക്കുന്നവരെയാണ്. അവൻ്റെ ഓരോ വാക്കിനെയും അർത്ഥരഹിതമാക്കാൻ ,സാമാന്യവത്ക്കരിക്കാൻ കുറേപ്പേർ കരുതിയിരിക്കുന്നുണ്ടാവും. ഒരാൾ നിശിതമായി ,സ്വയം വിചാരണ ചെയ്ത് എഴുതുമ്പോൾ അതുവരെ സുഹൃത്തുക്കളായിരുന്നവർ പോലും ശത്രുക്കളെപ്പോലെ പെരുമാറുമെന്ന് അമെരിക്കൻ കഥാകൃത്ത് ഹെമിംഗ് വേ പറഞ്ഞത് ശരിയാണ്. എഴുത്തുകാരനെ ചുമ്മാതൊന്ന് ചവിട്ടാനാണ് പലരും നോക്കുന്നത്. എന്നാൽ ഒരു സിനിമാനടനോട് ഈ ചവിട്ടില്ല .ഇതാണ് നവീന വിദ്യാഭ്യാസത്തിൻ്റെ പ്രത്യേകത. താൻ എഴുതുന്നത് മരിക്കാതിരിക്കാനാണെന്ന് റിൽക്കേ പറഞ്ഞതിൽ ഈ അന്ത:സംഘർഷമുണ്ട്.മരണത്തെപ്പോലും കൊല്ലുകയാണ് അദ്ദേഹം ചെയ്തത്.ജീവിതം എന്നാൽ മരിക്കാതിരിക്കലാണെന്ന് അദ്ദേഹം അർത്ഥമാക്കുന്നു. അവനവനിലേക്കുള്ള ഒരു ചുഴിയാണ് ഇത് സൃഷ്ടിക്കുന്നത്. സ്വയം തിരയുകയാണ് ,വേറൊരു പോംവഴിയുമില്ലാതെ ,കവി.

വാക്കുകൾ

1)ഞാനെഴുതുന്നത് ,എനിക്കറിയാവുന്നത് കണ്ടെത്തുന്നതിനാണ്.
ഫ്ളാനറി ഒ കോണർ ,
അമേരിക്കൻ എഴുത്തുകാരി.

2) പ്രകൃതി ഞങ്ങൾക്ക് ചിത്രകലയാണ്. ഓരോ ദിവസവും അനന്തസൗന്ദര്യമുള്ള ചിത്രങ്ങളാണ് ഉണ്ടാവുന്നത്.
ജോൺ റസ്കിൻ ,
ഇംഗ്ളീഷ് കലാവിമർശകൻ.

3)മനുഷ്യനുമായി സമ്പൂർണ രമ്യതയിൽ കഴിയണമെന്ന ചിന്ത പ്രപഞ്ചത്തിനില്ല .
കാൾ സാഗൻ,
അമെരിക്കൻ ശാസ്ത്രജ്ഞൻ.

4) ഒരു കാലഘട്ടത്തിലെ സ്വതന്ത്ര ചിന്ത പിന്നീടു വരുന്ന കാലത്ത് സാമാന്യബോധമാണ്.
മാത്യൂ ആർനോൾഡ് ,
ഇംഗ്ലീഷ് കവി.

5) പരിഭാഷ ഒരു സ്ത്രീയെപ്പോലെയാണ്.അത് സുന്ദരമാണെങ്കിൽ ,വിശ്വസ്തമായിരിക്കില്ല. അത് വിശ്വസ്തമാണെങ്കിൽ ,മിക്കവാറും സുന്ദരമായിരിക്കില്ല.
യെവ്ജെനി യെവ്തുഷെൻകോ ,
റഷ്യൻ കവി.

കാലമുദ്രകൾ

1)ഐ.വി.ശശി .
താൻ സംവിധാനം ചെയ്യുമ്പോൾ ഒരു വ്യക്തിയല്ല ,സമൂഹത്തെ അലങ്കോലപ്പെടുത്തുകയോ ,ശല്യപ്പെടുത്തുകയോ ചെയ്യുന്ന ഒരു വിമതനാണെന്ന് ഐ.വി.ശശി തെളിയിച്ചു.

2) അരവിന്ദൻ.
തൻ്റെ സിനിമയിൽ സമൂഹമോ കഥാപാത്രങ്ങളോ അല്ല ,താൻ തന്നെയാണ് ,തൻ്റെ നിശ്ശബ്ദതകളാണ് പ്രമേയമാകുന്നതെന്ന് അരവിന്ദൻ എത്രയോ വട്ടം കാണിച്ചു തന്നിട്ടുണ്ട്.

3)എം.ബി.ശ്രീനിവാസൻ .
തന്നോട് അറുപതുകളുടെ തുടക്കത്തിൽ , യേശുദാസിനെക്കുറിച്ച് ആദ്യമായി പറഞ്ഞത് സംഗീതസംവിധായകർ എം.ബി.ശ്രീനിവാസനാണെന്ന് സംവിധായകൻ കെ.എസ്.സേതുമാധവൻ ഒരഭിമുഖത്തിൽ പറഞ്ഞു. തലത്  മുഹമ്മദ് ,മുഹമ്മദ് റാഫി എന്നീ ഗായകരുടെ രണ്ട് വ്യത്യസ്തമായ ധ്രുവങ്ങൾ ഈ ഗായകനിലുണ്ടെന്നായിരുന്നു ആ പരാമർശം.

4) ഡോ.കെ.ഭാസ്ക്കരൻ നായർ .
ദൈവനീതിക്ക് ദാക്ഷിണ്യമില്ല എന്നൊക്കെ ലേഖനത്തിനു പേരിട്ട ഭാസ്ക്കരൻ നായർ ,വാസ്തവത്തിൽ ,വ്യത്യസ്തമായ ഒരു ഗദ്യശൈലി അവതരിപ്പിക്കുകയായിരുന്നു.

5)ഭരതൻ.
വൻ സാമ്പത്തിക വിജയമാകാതിരിക്കാൻ വേണ്ടി ഭരതൻ ചെയ്ത ഓർമ്മയ്ക്കായി ,സന്ധ്യ മയങ്ങും നേരം ,പാർവ്വതി തുടങ്ങിയ സിനിമകൾ സൗന്ദര്യാത്മകതയുടെ വഴിയിലൂടെയുള്ള ഏകാന്ത സഞ്ചാരങ്ങളാണ്.

ദർശനം

1) നീല .
നീല അഗാധതയെയാണ് അർത്ഥമാക്കുന്നതെങ്കിൽ അഗാധത എന്താണ് ?

2) മനസ്സ് .
മനസ്സ് സത്യം പറയാത്തതുകൊണ്ട്  ആത്മകഥ  അസംബന്ധമായിരിക്കും.

3)കവി.
കവി കാമുകിയെ അറിയുന്നേയില്ല . തൻ്റെയുള്ളിലെ കാമുകിബിംബത്തെ മാത്രം കാണുന്ന സ്വപ്നദർശിയാണയാൾ.

4)സാഹിത്യം.
സാഹിത്യം ഒരു ജ്വരമാണ്; ഒരു രോഗമാണ്.

5)ചിന്ത.
ചിന്തയുടെ പ്രാഥമിക സ്വഭാവം അതിനെത്തന്നെ നിരാകരിക്കുക എന്നുള്ളതാണ്. കാരണം സ്വയം തള്ളിപ്പറഞ്ഞുകൊണ്ടേ ചിന്തയ്ക്ക് വളരാനൊക്കൂ.

ആനുകാലികം

സി.കെ.ആനന്ദൻപിള്ളയുടെ പത്രാധിപത്യത്തിൽ പുറത്തിറങ്ങുന്ന 'സാഹിത്യവിമർശ'ത്തിൽ (ഏപ്രിൽ - ജൂൺ) കവർസ്റ്റോറിയായി വന്നിട്ടുള്ളത് കെ.ജി.ശങ്കരപ്പിള്ളയുടെ കവിതകൾക്ക് നേർക്കുള്ള വിമർശമാണ്.ശങ്കരപ്പിള്ളയുടെ കവിതകൾ മൃതപ്രായമാണെന്നും അദ്ദേഹത്തിനു മലയാളകവിതയുടെ ടെക്നിക്ക് ഇനിയും പിടികിട്ടിയിട്ടില്ലെന്നും കവിതയുടെ ഭാവസ്പർശം ആ രചനകൾക്കില്ലെന്നും  ആധുനികതയെ അധ:പതിപ്പിച്ച കവിയാണ് അദ്ദേഹമെന്നും ഡോ.പി.ശിവപ്രസാദ് (കൊച്ചിൻ കവിതാനിർമ്മാണ യൂണിറ്റ് - രജത ജൂബിലി കണക്കെടുപ്പും വിലയിരുത്തലും ) എഴുതുന്നു.

'സാഹിത്യവിമർശ'ത്തിൽ മാത്രമേ ഇപ്പോൾ ഇതുപോലുള്ള തുറന്ന എഴുത്ത് കാണാറുള്ളു. ആരാധനയെല്ലാം മാറ്റിവച്ച് രൂക്ഷമായി വിമർശിക്കുന്ന ഇടങ്ങൾ കുറച്ചെങ്കിലും വേണം. അല്ലെങ്കിൽ കഥയറിയാത്ത ആരാധകന്മാരെക്കൊണ്ട് കേരളം നിറയും. എന്നെയും 'സാഹിത്യവിമർശം' രൂക്ഷമായി വിമർശിച്ച് കവർസ്റ്റോറി പ്രസിദ്ധീകരിച്ചിട്ടുണ്ട്, വർഷങ്ങൾക്കു മുൻപ്. 'കൂത്താട്ടുകളത്ത് നിന്ന് ഒരു ശങ്കരാചാര്യർ 'എന്നായിരുന്നു ടൈറ്റിൽ. എന്നാൽ എനിക്ക് ആനന്ദൻപിളളയോട് പരിഭവമോ പകയോ ഇല്ല. അദ്ദേഹം ഇത് തുടരണം.

കെ.ജി.ശങ്കരപ്പിള്ളയ്ക്ക് കേരള സാഹിത്യഅക്കാദമി ഫെലോഷിപ്പ് നല്കിയത് ശരിയായില്ലെന്നും ലേഖനത്തിൽ പറയുന്നുണ്ട്. എൺപതുകളിൽ വിപ്ളവകാരികളോ അരാജകവാദികളോ ആയി പ്രത്യക്ഷപ്പെട്ട എഴുത്തുകാർ ഇരുപത്തിയൊന്നാം നൂറ്റാണ്ട് പിറന്നതോടെ കേരള സാഹിത്യ അക്കാദമായിലേക്ക് ചെരുപ്പ് ഊരി വച്ച് കടന്നു പോകുന്നതാണ് നാം കാണുന്നത്‌! . വിഗ്രഹഭഞ്ജകരുടെ മേലങ്കിയണിഞ്ഞവർ ഒരു ദിവസം അധികാരസ്ഥാപനങ്ങളുടെ ഔദാര്യം പറ്റാൻ ക്യൂ നില്ക്കുന്നു.ഇത് ഏതെങ്കിലും കുട്ടികൾ അനുകരിക്കുകയാണെങ്കിൽ അവരിൽ നിന്ന് ആദർശത്തിൻ്റെയോ ധർമ്മത്തിൻ്റെയോ കണികയെങ്കിലും നമുക്ക് പ്രതീക്ഷിക്കാനൊക്കുമോ ?
ഇങ്ങനെയുള്ളവർ വന്നടിയുന്ന സങ്കേതമായി സാഹിത്യഅക്കാദമി  മാറി. അവിടെ കൃതികളുടെ മൂല്യനിർണയം ഒരു പഴങ്കഥയാണ്.

കവിതയുടെ മെലിച്ചിൽ

ശങ്കരപ്പിള്ളയുടെ രചനകളിൽ കവിത എന്ന നൈസർഗിക ഗുണമില്ല .അദ്ദേഹം ബോധപൂർവ്വം അത് സൃഷ്ടിക്കാൻ ശ്രമിക്കയാണ്. അതുകൊണ്ടാണ് രചനകളിൽ കൃത്രിമത്വം അനുഭവപ്പെടുന്നത് .കവിത അതിൻ്റെ അന്തരാത്മാവിൽ ദു:ഖിതരുടെയും പീഡിതരുടെയും ആ മന്ത്രണങ്ങളാണ് കേൾക്കുന്നത്‌.ആ നിലയിൽ സ്വയം പരിവർത്തനം ചെയ്ത് സംവേദന തന്തുക്കൾ ഹൃദയത്തിൽ ആവാഹിക്കുന്നവർക്കേ രണ്ടു വരി എഴുതാനൊക്കൂ.

അദ്ധ്യാപക കവികളുടെ ശിഷ്യഗണങ്ങൾ വലിയൊരു ദൂഷിത വലയമാണ്.ഇവർ വൃഥാ വാഴ്ത്തുപാട്ടുകാരും മറ്റു കവികൾക്ക് ശല്യം വിതയ്ക്കുന്നവരുമാണ്. ആറ്റൂർ ശിഷ്യർ മറ്റൊരു ഉദാഹരണം.കലാശാലാ വകുപ്പുകളും കോളെജ് മാഗസിനുകളും ഗവേഷണ മുറികളും പാഠപുസ്തകകമ്മിറ്റികളും ഈ ശിഷ്യഗണങ്ങളുടെ അധീശ മേഖലകളാണ്. അങ്ങോട്ട് മറ്റാർക്കും കടന്നു ചെല്ലാനാവാത്തവിധം ,അത് കാഫ്കയുടെ കൃതിയിലെ ദുർഗ്ഗം  പോലെ അപ്രാപ്യമാണ്. യു.ജി.സി
അദ്ധ്യാപക കവികൾക്ക് ഇന്ന് പ്രസക്തിയില്ല. അവരുടെ കവിതകൾ വായിക്കുന്നവർ മനസ്സിൽ 'അഴകിയ രാവണൻ ' എന്ന സിനിമയിൽ മമ്മൂട്ടി പറയുന്ന ഡയലോഗ് ഓർമ്മിക്കും: വേദനിക്കുന്ന കോടീശ്വരൻ.

ഇടശ്ശേരി ഗോവിന്ദൻ നായരെയാണ് പുതുകവികൾ ജീവിതവഴിയിൽ അനുകരിച്ചതെങ്കിൽ അത് മൂല്യപരമായ കയറ്റമാകുമായിരുന്നു. അതിവിടെ ഉണ്ടായില്ല .

സ്ത്രീ

സുരേഷ് നൂറനാട് എഴുതിയ 'സ്ത്രീദൃശ്യങ്ങൾ' (ഭാഷാപോഷിണി, മെയ് ) സമീപകാല ജീവിതക്കാഴ്ചകളിലെ വ്യഥിത സന്ദർഭങ്ങളെ ഓർത്തെടുക്കുന്ന കവിതയാണ്.
' സ്കൂളിൽ പോകുന്ന ദിവസങ്ങൾ
ക്രമേണ കുറഞ്ഞു കുറഞ്ഞു വന്നു .
മില്ലിൽ ഓണക്കാലത്തും
ദീപാളിക്കാലത്തും
രാപകൽ പണി കാണും.
ഊടും പാവും
പകുത്ത് പകുത്ത്
അവൾ കല്ലായി മാറി.
ആരും കെട്ടാൻ വന്നില്ല.
അമ്മയുടെ രോഗത്തിൻ്റെ
നദിയിൽ
പരൽമീനിനെപ്പോലെ  നീന്തി.
മരണത്തിൻ്റെ പ്രളയജലത്തിൽ
ഒഴുകിപ്പോയ നെയ്ത്തുശാലയിൽ
അവൾ കടുംകല്ലായി എന്നും
കറുത്തു കിടന്നു.'

ഇങ്ങനെ എഴുതുന്ന കവി ഒരു പെണ്ണിൻ്റെ മനസ്സ് കാണുകയാണ്. ചില പദങ്ങൾ സാരഗ്രാഹിയാകുന്നത് ,അത് ഉപയോഗിക്കുന്നവരുടെ മനോഭാവത്തിൻ്റെ അടിസ്ഥാനത്തിലാണ്.

ക്രൂരവിനോദം

ആഷാമേനോൻ  ചട്ടമ്പിസ്വാമികളെക്കുറിച്ചെഴുതിയ 'പ്രപഞ്ചമാനസൈക്യം' (മാതൃഭൂമി ആഴ്ചപ്പതിപ്പ്, മെയ് 3) ഒരു വലിയ പരാജയവും  അപരാധവുമായി നില്ക്കുകയാണ്‌. ചട്ടമ്പിസ്വാമികളെക്കുറിച്ച് ആഷാമേനോന് ഒന്നും അറിയില്ല .ഒരു കൃതിയെങ്കിലും വായിച്ചിട്ട് എഴുതാമായിരുന്നല്ലോ. ഒരു ശരാശരി ജീവചരിത്രം വച്ചാണ് താൻ ഈ ലേഖനം എഴുതുന്നതെന്ന് അദ്ദേഹം തന്നെ പറയുന്നു. പാമ്പിനെ ഓടിച്ചു വിട്ട ആളായിട്ടാണ് ലേഖകൻ സ്വാമികളെ കാണുന്നത്. സ്വാമികളുടെ ദർശനം എന്താണെന്ന് പറയുന്നില്ല .അതിനു പുറമേയാണ് മറ്റൊരു കാടത്തം കാണിക്കുന്നത്;ചട്ടമ്പിസ്വാമികളെ പിടിച്ച് ശ്രീനാരായണഗുരുവിനെ അപഹസിക്കാൻ ശ്രമിക്കുന്നു. സ്വന്തം പരിമിതി മറ്റുള്ളവരുടെ മേൽ വച്ചു കെട്ടുകയാണ് ! .

മേനോൻ എഴുതുന്ന സാഹിത്യ ലേഖനങ്ങളെ ഇപ്പോൾ സംശയത്തോടെ നോക്കേണ്ടി വരുന്നു. കാരണം ,അദ്ദേഹത്തിനു സാമൂഹ്യ ,രാഷ്ട്രീയ പരിപ്രേക്ഷ്യം എന്താണെന്നറിയില്ല .മനസ്സിൽ തോന്നുന്ന ചില വികാരങ്ങൾ വച്ച് വളരെ ഉപരിതലസ്പർശിയായി ,നിരുത്തരവാദപരമായാണ് അദ്ദേഹം എഴുതുന്നത്. ഇതുപോലൊരു ചതിപ്രയോഗം മലയാളസാഹിത്യത്തിലുണ്ടായിട്ടില്ല.

പുസ്തകം

പ്രൊഫ.ആമ്പല്ലൂർ അപ്പുക്കുട്ടൻ എഴുതിയ 'എ പ്രൊഫൈൽ ഓഫ് കഥകളി ' (കേരള കലാക്ഷേത്ര ,ആമ്പല്ലൂർ ) കഥകളിയെക്കുറിച്ച് സമ്പൂർണ വിവരം നല്കുന്ന കൃതിയാണ്‌. കഥകളിയിലെ വിവിധ വേഷങ്ങളുടെ വർണചിത്രങ്ങളും ചേർത്തിരിക്കുന്നു. കഥകളിയിൽ ഉപയോഗിക്കുന്ന പരാണകഥകളെയും പരിചയപ്പെടുത്തുന്ന ഈ ഗ്രന്ഥം ഇംഗ്ളീഷ് ഭാഷയിൽ വരുന്നത് വളരെ പ്രശംസനീയമായാണ്.പ്രൊഫ.അപ്പുക്കുട്ടൻ കേരളത്തിനും ലോകത്തിനും നല്ലൊരു സംഭാവനയാണ് നല്കിയതെന്ന്  ജസ്റ്റിസ് കെ.സുകുമാരൻ  എഴുതിയത് അതിശയോക്തിയല്ല .

ജോജിത വിനീഷ് എഴുതിയ 'ദേജാ  വൂ' എന്ന കഥാസമാഹാരത്തിൽ (വായനപ്പുര പബ്ളിക്കേഷൻസ്) പന്ത്രണ്ട് രചനകളുണ്ട്.ലിമാകോങ് ഒഴുകുന്നില്ല ,കനൽപ്പെരുക്കങ്ങൾ ,എന്നീ കഥകൾ നൊമ്പരമുണർത്തും. മറന്നുവച്ച അനുരാഗങ്ങളെ തീക്കാറ്റുപോലെ തേടിച്ചെന്ന് പിടിച്ചെടുക്കുന്ന ഒരു മനസ്സ് ജോജി തയുടെ കഥകളിലുണ്ട്.

ഉയർന്ന വൈകാരികക്ഷമതയാണ് സാഹിത്യമെഴുതാനുള്ള ശക്തി തരുന്നത്.പുറത്ത് മഴ പെയ്യുമ്പോഴും ഉള്ളിലെ കാട് കാണണമെന്നർത്ഥം. കണ്ടു മറന്ന സ്വപ്നങ്ങളെ അന്വേഷിച്ചിറങ്ങുന്നത് കവിതയായി പരിണമിക്കുന്നു.





Posted by m k harikumar at 11:32 AM No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest
Labels: aksharajalakam

അക്ഷരജാലകം/വിധ്വംസകമായ ചില സമീപനങ്ങൾ /metrovartha june1

 എം.കെ.ഹരികുമാർ

9995312097
Email :mkharikumar797@gmail.com



നമ്മുടെ കലാശാലകളിൽ ഉത്തരാധുനികതയും അതിൻ്റെ ചർച്ചകളും പഠിപ്പിക്കുന്നുണ്ട്. ശാസ്ത്രത്തിൻ്റെയും വ്യവസായത്തിൻ്റെയും കലയുടെയും  അവബോധാത്മകമായ ഉയിർത്തെഴുന്നേല്പായിരുന്നല്ലോ ആധുനികത .അതിനെ നിരാകരിച്ചു കൊണ്ടാണ് രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഉത്തരാധുനികത ഉദയം ചെയ്തത്.അതാണ് ഇപ്പോൾ കലാശാലകളിൽ തകൃതിയായി കൊണ്ടാടുന്നത്. എന്നാൽ ഈ ഉത്തരാധുനികത മരിച്ചുവെന്നും അതിനുശേഷം പുതിയൊരു യുഗം തന്നെ ഉണ്ടായി എന്നും ഇക്കൂട്ടർ അറിയുന്നില്ല.മലയാളം  സർവ്വകലാശാലയൊക്കെ കഴിഞ്ഞ നൂറ്റാണ്ടിലാണിപ്പോഴും .

സാഹിത്യമെന്നാൽ സംസ്കാരപഠനമാണെന്ന ഉറച്ച ധാരണയിൽ പല അദ്ധ്യാപകരും ഇപ്പോൾ ഗവേഷണലേഖനങ്ങളിൽ ഏർപ്പെടുകയാണ്.ഇവരുടെ വിശ്വാസം, സംസ്കാരം രാഷ്ടീയത്തിൻ്റെ ഭാഗമാണെന്നാണ്. എന്നാൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ സംസ്കാരം  ഉപഭോഗവസ്തുവാണ് ,പ്രകൃതി വിഭവമാണ്.ഒരു ഉദാഹരണം പറയാം. കോവിഡിനെ ചെറുക്കാൻ നാം ഉപയോഗിക്കുന്ന മാസ്ക് ഇന്ന് ഒരു സംസ്കാരമാണ്. അവിടെ ദേശമോ ,വർഗമോ ,മതമോ ,പദവിയോ പ്രസക്തമല്ല.

ഇതൊന്നും മനസിലാക്കാതെ ഈ കലാശാലാ ഉത്തരാധുനികർ സംസ്കാരപഠനം എന്ന ഒറ്റമൂലിയിൽ വട്ടം കറങ്ങുകയാണ്.സാഹിത്യാനുഭൂതി സ്വാംശീകരിക്കാനറിയാത്തവരൊക്കെ സാഹിത്യത്തെക്കുറിച്ച് എഴുതുകയാണ്. ഇത്തരക്കാർ 'കരുണ'യെക്കുറിച്ച് എഴുതുകയാണെന്നങ്കിൽ ബുദ്ധകാലത്തെ സംസ്കാരത്തെക്കുറിച്ചുള്ള ദീർഘ ലേഖനം തന്നെ പ്രതീക്ഷിക്കാം. സാഹിത്യത്തെ അനുഭൂതിയായി ഉൾക്കൊളളാൻ അവർ  അശക്തരാണെന്ന് ഓരോ വരിയും വിളിച്ചുപറയുന്നുണ്ടാകും.

ഉത്തരാധുനികതയിൽ ഒരു അന്തിമ ഉല്പന്നമില്ലെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.കാരണം അത് അന്തിമ വിധിയല്ല; വീക്ഷണങ്ങളിൽ നിന്ന് വീക്ഷണങ്ങളിലേക്ക് സഞ്ചരിക്കുകയാണ്. ഓരോ കാണലും വിലയിരുത്തലുമാണ് സംഭവിക്കുന്നത്.ശാസ്ത്രമോ ,യുക്തിയോ അല്ല ,സാധ്യതയും നിർമ്മിതിയും മാത്രമാണുള്ളത്. ഒരു വിജ്ഞാനശാഖയെയും അവർ വിശ്വസിക്കുന്നില്ല.  "ഒറിജിനലായിട്ട് ഒന്നുമില്ല .ഭാവനയ്ക്ക് വേണ്ടി എവിടെ നിന്നും എന്തും മോഷ്ടിക്കാം .പഴയതോ പുതിയതോ ആയ സിനിമകളോ ,പുസ്തകങ്ങളോ  എന്തു വേണമെങ്കിലുമാകാം .ആധികാരികതയ്ക്ക് പ്രസക്തിയില്ല - പ്രമുഖ അമെരിക്കൻ ഉത്തരാധുനിക സംവിധായകനും നടനുമായ ജയിംസ് റോബർട് ജർമുഷ് പറഞ്ഞതാണിത്.ഇതിൽ ചില നല്ല വശങ്ങളുണ്ട്.അചുംബിത ആശയങ്ങൾ ,ഒരു സൃഷ്ടി നടത്താൻ വേണമെന്നില്ല .ഉപയോഗിച്ച് നശിപ്പിക്കപ്പെട്ടതോ ,ഉപയോഗശൂന്യമായി വലിച്ചെറിഞ്ഞതോ മറ്റൊരാൾക്ക് വേറൊരു രീതിയിൽ ഉപയോഗപ്പെടുത്താവുന്നതാണ്. പക്ഷേ, വൃഥാനിർമ്മിതിയാകരുത്. ഒരു ചിന്തയുണ്ടാകണം. അനുഭൂതി വേണം. തീർത്തും അരസികന്മാരായിട്ടുള്ളവർ കവിത എഴുതാൻ തുനിയുന്നത് ഉത്തരാധുനികതയെ തെറ്റായി മനസ്സിലാക്കിയതുകൊണ്ടാണ്. സാഹിത്യരചനയിൽ അസ്തിത്വത്തിൻ്റെ ഒരു കണമെങ്കിലും അനാവരണം ചെയ്യുന്നില്ലെങ്കിൽ അത് വായിക്കാൻ ആരെയെങ്കിലും കിട്ടുമോ എന്ന് ഈ കലാശാലാ ഗവേഷകർ ആലോചിച്ചിട്ടുണ്ടോ ?

സംസ്കാരം ഉപഭോഗവസ്തു

എന്നാൽ ഇന്ന് കോളജുകളിലെ അദ്ധ്യാപകർ ഉൾക്കൊണ്ടിരിക്കുന്ന ഉത്തരാധുനികത ഇതല്ല. അവർ സംസ്കാരചരിത്രത്തെക്കുറിച്ചാണ് വാചാലരാവുന്നത്. ഏത് വിഷയം കിട്ടിയാലും ഉടനെ പിടിവള്ളി പോലെ സംസ്കാരവും ചരിത്രവും ചർച്ച ചെയ്യുകയാണ്. ഇതാണ് ഇന്നത്തെ ജീർണത .

ഒരു ഫാഷൻ പോലെ ഇപ്പോൾ ചില മലയാള അദ്ധ്യാപകർ  കേരള ചരിത്രത്തിലേക്ക് ചാടിവീണിരിക്കുകയാണ്. പാശ്ചാത്യ അധിനിവേശത്തിനെതിരെ പോരാടിയാണ് കേരളത്തിൽ നവോത്ഥാനമുണ്ടായതെന്ന തെറ്റായ  ചിന്താഗതിയാണ് ഇവിടെ അടിച്ചേല്പിക്കുന്നത്. പശുവിറച്ചി തിന്ന് സോമരസം കുടിച്ചിരിക്കുമ്പോഴാണ് പുരാതന  മഹർഷിമാർ വേദമന്ത്രങ്ങളെഴുതിയതെന്ന് പറയുന്നിടത്താണ് കേരളീയ രാഷ്ട്രീയ കർത്തൃത്വം നിർമ്മിക്കപ്പെട്ടതെന്ന് ഡോ.മിനി എസ് തൻ്റെ 'ഭക്ഷണം വസ്ത്രം ആചാരം - നവോത്ഥാന ആത്മകഥകളിലെ കേരള ചരിത്രം ' എന്ന പുസ്തകത്തിൻ്റെ പ്രമോഷൻ്റെ ഭാഗമായുണ്ടാക്കിയ ഓഡിയോയിൽ പറയുന്നത് കേട്ടു. ഇതുപോലൊരു അസംബന്ധം എങ്ങനെ പറയാൻ കഴിയുന്നു! .  ഉത്തരാധുനികതയുടെ പഠന രീതികൾ ഉപയോഗിച്ച് നടത്തുന്ന ഈ അടവ് ഇത്തരക്കാരെ സുരക്ഷിതമായൊരിടത്ത് പ്രതിഷ്ഠിക്കുന്നു.ഇവർക്ക് ബഹുസ്വരതയുമില്ല ,ഉത്തരാധുനികതയുമില്ല.

വേദമന്ത്രങ്ങളെ ആക്ഷേപിക്കുന്നതിലൂടെ ,ഇന്നത്തെ സവിശേഷ രാഷ്ടീയ സാഹചര്യത്തിൽ ഹിന്ദു വിരുദ്ധതയുടെ വക്താക്കളാകാം. അങ്ങനെ വിധംസകമായ ഒരു കപട മതേതരത്വം സ്വന്തമാക്കാം. അതിലൂടെ ഒരാൾക്ക് വൈസ് ചാൻസലർ പദവി ലഭിക്കാവുന്നതാണ്. ഏതാനും മാസങ്ങൾക്ക്മുൻപ് ഒരു അദ്ധ്യാപക എഴുത്തുകാരൻ ശ്രീനാരായണ ഗുരുവിനു ഹിന്ദുവുവായി ഒരു ബന്ധവുമില്ലെന്ന് തട്ടിവിട്ടത് ഇതിൻ്റെ ഭാഗമായി കാണണം.സംസ്ഥാനത്തെ ഉത്തരാധുനിക ആശയദരിദ്രർ ചെന്നുപെട്ടിരിക്കുന്ന ദുരന്തമേഖലയാണിത്. ശിവശതകം ,ഭദ്രകാ ള്യഷ്ടകം ,സുബ്രഹ്മണ്യകർത്തനം തുടങ്ങിയ പ്രാർത്ഥനാ ഗീതങ്ങളെഴുതുകയും ധാരാളം ഹിന്ദു ദേവതമാരെ ക്ഷേത്രങ്ങളുണ്ടാക്കി പ്രതിഷ്ഠിക്കുകയും ചെയ്ത ഗുരുവിനെ ഹിന്ദുവല്ലാതാക്കുന്നത് വ്യക്തമായ രാഷ്ട്രീയ ,വ്യക്തിഗത ലക്ഷ്യങ്ങളോടെയാണ്.ഗുരു ഒരു വിശാല ലോകവീക്ഷണമാണ് പരിചയപ്പെടുത്തിയത്. അവിടെ മതദ്വേഷമില്ല. ഏകമതശാസനയുമില്ല. മതം ഇല്ലാതാകണമെന്നല്ല, മനുഷ്യൻ നന്നാവണമെന്നാണ് ആഹ്വാനം. ഡോ. മിനിയെപ്പോലുള്ള ചില ഉത്തരാധുനിക അദ്ധ്യാപകർ കേരളത്തിലെ രാഷ്ട്രീയ കാലാവസ്ഥയിൽ നിന്ന് മീൻ പിടിക്കാനാണ് വേദമന്ത്രങ്ങളെ ആക്ഷേപിച്ചതിനെ രാഷ്ടീയ കർത്തൃത്വമാക്കി ഉയർത്തിക്കൊണ്ടു വരുന്നത്. നിങ്ങൾ ആക്ഷേപിക്കുന്ന ഈ വേദസാഹിത്യത്തെ പാശ്ചാത്യ രായ എമേഴ്സൺ ,തോറോ, ടി.എസ്.എലിയറ്റ് ,മാക്സ് മുളളർ ,ഹെർമ്മൻ ഹെസ്സെ തുടങ്ങിയ എഴുത്തുകാർ പ്രശംസിച്ചിട്ടുള്ളതാണ്.
കേരളത്തിൽ ഹൈന്ദവ തത്ത്വചിന്തയെ അനാവശ്യമായി എതിർക്കുന്ന അദ്ധ്യാപകർക്ക് വേണ്ടത് ഒരു പുരോഗമന്ന പ്രതിഛായയാണ്; അതിലൂടെ വ്യക്തമായ കരിയർ മോഹങ്ങളും .ശ്രീനാരായണഗുരു വേദസഹിത്യത്തിൻ്റെ തുടർച്ചയായാണ് ദർശനമാല ,ആത് മോപദേശശതകം തുടങ്ങിയ കൃതികൾ രചിച്ചത് എന്ന് ഓർക്കുന്നത് നന്നായിരിക്കും.

അമിതമായ ദളിത് ,പിന്നോക്ക പക്ഷം കാണിക്കുകയും അതേസമയം ഹൈന്ദവദർശനങ്ങളെ കളിയാക്കുകയും ചെയ്യുന്നവർക്ക് ഗൂഢ ഉദ്ദേശ്യമുണ്ട്.ഗുരുവിൻ്റെ സമീപനം അതായിരുന്നില്ല. ഗുരു ചിന്തകളെ സമന്വയിപ്പിക്കുകയാണ് ചെയ്തത്. അരുവിപ്പുറത്ത് പോലും അഹിന്ദുവായ ദൈവത്തെ തേടുന്നതിനു പകരം ശിവനെയാണല്ലോ പ്രതിഷ്ഠിച്ചത്.

എന്നാൽ ഈ നൂറ്റാണ്ട് ഉത്തരാധുനികതയെ തള്ളിക്കളയുകയാണ് ചെയ്തത്. ഇത് ഡിജിറ്റൽ യാഥാർത്ഥ്യങ്ങളെയാണ് തേടുന്നത്.

വാക്കുകൾ .

1) പുരുഷന്മാരുടെ ലോകത്തെ ഏറ്റവും വലിയ സമ്മാനം അതിസുന്ദരിയായ ഒരു സ്ത്രീയെ വിശ്വസ്തതയോടെ  കൈകളിൽ ലഭിക്കുകയും അവളുടെ ഹൃദയത്തിൽ വിശ്വസ്തതയോടെ വസിക്കുകയും ചെയ്യുന്നതാണ്.
നോർമൻ മെയ്ലർ ,
അമെരിക്കൻ  നോവലിസ്റ്റ്.

2) നിങ്ങൾ താഴേക്ക് നോക്കിയിരുന്നാൽ ,ഒരിക്കലും മഴവില്ല്  കാണാനൊക്കില്ല .
ചാർളി ചാപ്ളിൻ ,
ഇംഗ്ളീഷ് ചലച്ചിത്രകാരൻ.

3) ജർമ്മനിയിൽ മാത്രമേ നാസി കാലം സംഭവിക്കുകയുള്ളു; എന്തും അനുസരിക്കാൻ പഠിപ്പിക്കുന്ന ജർമ്മൻ നിയമവ്യവസ്ഥയായിരുന്നു കാരണം.
ഹൈൻറിച്ച് ബേൾ ,
ജർമ്മൻ സാഹിത്യകാരൻ .

4) ഞാനൊരു വസ്തുവിനെയും പെയിൻ്റ് ചെയ്യാറില്ല; വസ്തുക്കൾ തമ്മിലുള്ള വ്യത്യാസമാണ് ഞാൻ വരയ്ക്കുന്നത്.
ഹെൻറി മാറ്റിസ്,
ഫ്രഞ്ച് ചിത്രകാരൻ .

5) പെണ്ണും കഥയും നിലനില്ക്കും,ഞാൻ മനസിലാക്കിയിടത്തോളം ,പരിഹരിക്കാനാവാത്ത പ്രശ്നങ്ങളായിത്തന്നെ.
വിർജീനിയ വുൾഫ് ,
ഇംഗ്ളീഷ് എഴുത്തുകാരി .

കാലമുദ്രകൾ

1 ) ജി.ശങ്കരപ്പിള്ള

ജി.ശങ്കരപ്പിള്ള യുവജനങ്ങൾക്കിടയിൽ പരീക്ഷിച്ച് വിജയിപ്പിച്ച നവനാടകപ്രസ്ഥാനം ഇപ്പോൾ നാമാവശേഷമായിരിക്കുന്നു.

2) ജയനാരായണൻ

സ്വപ്നദർശിയും മിസ്റ്റിക്കുമായ ഒരു ഭാവനയെ കഥയിൽ സമുന്നതമായി സന്നിവേശിപ്പിച്ച ജയനാരായണൻ്റെ കഥകൾ ഇനി പുസ്തകരൂപത്തിൽ കിട്ടുമെന്ന് തോന്നുന്നില്ല.

3)ആർ.നരേന്ദ്രപ്രസാദ്

കടമ്മനിട്ട രാമകൃഷ്ണൻ്റെ കവിതകൾക്ക് ആർ.നരേന്ദ്രപ്രസാദ് എഴുതിയ അവതാരിക ഉജ്വലമായ ഒരു  സാഹിത്യവിമർശന മുഹൂർത്തമായിരുന്നു.

4) എം.ഗോവിന്ദൻ

ബഷീറിൻ്റെ പുന്നാരമൂഷികൻ എന്ന പേരിൽ എം .ഗോവിന്ദൻ പതിറ്റാണ്ടുകൾക്ക് മുൻപ് എഴുതിയ കഥയിൽ ബഷീറും അദ്ദേഹത്തിൻ്റെ വീടുമാണ് പ്രിയപ്പെട്ടവിഷയങ്ങൾ .

5) എം.കൃഷ്ണൻ നായർ

സാഹിത്യവിഗ്രഹങ്ങളെ രൂക്ഷമായി വിമർശിച്ച എം.കൃഷ്ണൻ നായർ വിട പറഞ്ഞ് വർഷങ്ങൾ കഴിഞ്ഞപ്പോൾ ,അദ്ദേഹത്തിനു വായനക്കാരും ആരാധകരും ഏറുകയാണ്. അദ്ദേഹം എഴുതിയ കോളം ,സമീപകാലത്ത് സമ്പൂർണമായി ഡിജിറ്റൽ രൂപത്തിലാക്കിയത് കുറെ ചെറുപ്പക്കാരായിരുന്നു.

ദർശനം

1)മരണം.

ചിലർ ജീവിച്ചിരിക്കുമ്പോൾ മരിച്ചവരെ ഓർമ്മിപ്പിക്കുന്നു ;വേറെ ചിലർ മരിച്ചശേഷം ജീവിക്കുന്നു .

2)ലോകം.

ഒരെഴുത്തുകാരൻ്റെ മരണാനന്തര ജീവിതം വളരെ ഗഹനവും വിലപിടിപ്പുള്ളതുമാണ്. അവിടേക്ക് അധികാരകേന്ദ്രങ്ങൾക്ക് അതിക്രമിച്ചുകടക്കാനാവില്ല.

3) ആദർശം.

ചില എഴുത്തുകാർ ആദർശം പ്രസംഗിക്കുന്നത് കേട്ടാൽ പിന്നെ നളനോ ,ഹരിശ്ചന്ദ്രനോ പിടിച്ചു നില്ക്കാനാവില്ല .

4) കവി.

ഒരു കവിക്ക് നിലാവിനെ പ്രേമിച്ചു കൊണ്ടുനടക്കാൻ  കഴിയുമായിരിക്കും, മനുഷ്യ വ്യക്തിയെ അകറ്റിനിർത്തുന്നതിൽ വിജയിക്കുമെങ്കിലും .

5) പുസ്തകം .

എല്ലാ പുസ്തകങ്ങളും പെട്ടെന്ന് വായിക്കാനുള്ളതല്ല.ചിലത് വർഷങ്ങൾകൊണ്ട് വായിച്ചാൽ  മതി. മറ്റു ചില പുസ്തകങ്ങൾ ഓരോ വാക്യം വായിച്ച ശേഷം മടക്കിവയ്ക്കണം.

ആനുകാലികം

ഖദീജാ മുംതാസ് ,എം .എൻ .കാരശ്ശേരി തുടങ്ങിയവരെ പത്മാപുരസ്കാരത്തിനു സംസ്ഥാന സർക്കാർ ശുപാർശ ചെയ്തതായി 'സാഹിത്യവിമർശം' (ഏപ്രിൽ - ജൂൺ) മാസികയിൽ എഴുതിയിരിക്കുന്നു .പത്മാപുരസ്കാരത്തിനു നിർദേശിക്കാൻ പ്രത്യേക നിബന്ധനകളില്ലാത്തതാവാം കാരണം. എന്ത് തന്നെ സംഭവിച്ചാലും ഞെട്ടുകയില്ലെന്ന് ഉറപ്പു തരുന്നു.

ഉത്തരാധുനിക അദ്ധ്യാപകർക്ക് ദലിത്പ്രേമം വർദ്ധിച്ച കാലമാണിത്. എം.ആർ.രേണുകുമാർ ' വീണ്ടെടുക്കപ്പെടുന്ന പുലയത്തറ' (ഭാഷാപോഷിണി ) എന്ന പേരിൽ എഴുതിയ ലേഖനം പോൾ ചിറക്കരോടിൻ്റെ 'പുലയത്തറ 'നോവലിനെക്കുറിച്ചാണ്.രേണുകമാർ പറയുന്നത് തമസ്കരണത്തിലൂടെയും നിസ്സാരവത്ക്കരണത്തിലുടെയും വർഗീകരണത്തിലൂടെയും ദലിത് സാഹിത്യത്തെ മുഖ്യധാരയ്ക്ക് പുറത്തേക്ക് തള്ളുന്നത് സവർണ ഭാവുകത്വത്തിൻ്റെ സ്വഭാവമാണെന്നാണ്. അസംബന്ധ മെന്നേ ഈ പ്രസ്താവനയെ വിളിക്കാനാകൂ. ദലിത് സാഹിത്യത്തിനു മുഖ്യധാരയിൽ ഇടം കൊടുക്കാൻ, ഇതിനോടു ആത്മാർത്ഥതയുണ്ടെന്ന് അവകാശപ്പെടുന്ന കോളജ് അദ്ധ്യാപകർക്ക് ഒരു മാഗസിൻ തുടങ്ങാമല്ലോ. അതിനുള്ള സാമ്പത്തികശേഷി അവർക്കുണ്ടല്ലോ.എന്തിനാണ് സ്വകാര്യ പത്രമാനേജുമെൻറുകളെ ആശ്രയിക്കുന്നത് ?

കുമാരനാശാൻ ,ഇന്നത്തെ കലാശാലാസങ്കല്പത്തിൽ ,ഒരു സവർണനല്ലാതിരുന്നിട്ടും മലയാളത്തിലെ കവിത്രയത്തിൽ ഒരാളായി ഉയർന്നു നില്ക്കുന്നതെങ്ങനെയാണ് ? ലേഖനത്തിൽ പറയുന്ന സവർണ ഭാവുകത്വം ഉണ്ടെന്നത് തെറ്റ്. ഉള്ളൂരിൻ്റെ 'പിംഗള' സവർണ ഭാവുകത്വമാണെന്ന് പറയാനാവില്ലല്ലോ. എഴുത്തച്ഛൻ്റെ 'ഹരിനാമകീർത്തനം സവർണ ഭാവുകത്വമാണോ ?ആശാൻ്റെ കരുണ ,ചിന്താവിഷ്ടയായ സീത തുടങ്ങിയ കാവ്യങ്ങൾ സവർണമാണോ ? ഒരു കൃതി ചരിത്രത്തിൽ ഉയർന്നു വരേണ്ടത് അത് സൃഷ്ടിച്ചയാളുടെ ജാതിയുടെ അടിസ്ഥാനത്തിലാകരുത്; സൗന്ദര്യത്തിൻ്റെ തലത്തിലായിരിക്കണം. ഇന്നത്തെ ചില കലാശാലാ അദ്ധ്യാപകർ ജാതിയുടെ സാഹിത്യമാണ് ഉന്നം വയ്ക്കുന്നതെങ്കിൽ അതിൽപ്പരം അധ:പതനം വേറെയില്ല .ആധുനികതയുടെ സംസ്കാരം ലഭിക്കാത്തതാണ് ഈ പാഴ്ചിന്തകൾക്ക് കാരണം. ജാതി പരമായ പ്രാതിനിധ്യം നോക്കേണ്ടത് നരവംശശാസ്ത്രജ്ഞരോ ,സാമൂഹിക സംഘടനകളോ ആണ്.

'നഗ്നനാൽവർ ' എന്ന കഥ ( സുനിൽ ഗോപാലകൃഷ്ണൻ ,മലയാളം വാരിക ,മെയ് 18)യിൽ 'വെളുപ്പാൻ രാവിലെ ' എന്നൊരു പ്രയോഗം കണ്ടു ! ഈ പ്രയോഗം പോലെ അർത്ഥശൂന്യമായ കുറെ സന്ദർഭങ്ങൾ ,ഏച്ചുകെട്ടലുകൾ കഥയിൽ ഉടനീളം കണ്ടു. കഥാകൃത്ത് ഒരു കഥയിൽ ആദ്യം ജീവിക്കണം .അതിൻ്റെ ആന്തരികമായ സുവിശേഷമാണ് എഴുതേണ്ടത്. എങ്കിലേ ഒരു ഭാഷാനൈപുണ്യം രൂപപ്പെടൂ .

ഒരാൾ തനിക്ക് അറിയാവുന്നതല്ല എഴുതേണ്ടത്. അറിയാവുന്നത് എഴുതുന്നതിൽ അന്വേഷണബുദ്ധി ഇല്ലല്ലോ. എല്ലാവർക്കും അറിവുള്ള കാര്യങ്ങൾ എഴുതാൻ ശ്രമിക്കുന്നത് വിഡ്ഢിത്തരമാണ്‌. അറിയാൻ ആഗ്രഹിക്കുന്ന വിഷയങ്ങൾ ,അസ്തിത്വത്തെ ചൂഴ്ന്നു നില്ക്കുന്ന രഹസ്യങ്ങൾ കണ്ടെത്താനുള്ള പരിശ്രമം എന്ന നിലയിലാണ് ഞാൻ നോവൽത്രയം (ജലഛായ ,ശ്രീനാരായണായ ,വാൻഗോഗിനു ) എഴുതിയത്. ഈ കൃതികൾ മറഞ്ഞിരിക്കുന്ന മനുഷ്യാസ്തിത്വത്തെ തേടുകയാണ്.

ആർ. ശ്രീലതാവർമ്മ 'നദി' എന്ന കവിതയിൽ ( മലയാളം ,മെയ് 18) ഇങ്ങനെ എഴുതുന്നു:

"നദീതീരത്തെ വീടിനെപ്പറ്റി
പണ്ടു ഞാൻ
എന്തോ എഴുതിയിട്ടുണ്ട് .
ഇപ്പോഴത് ഓർമ്മവരുന്നില്ല."

വായനക്കാർക്ക് സന്തോഷമായി. കവി മറന്നത് വായനക്കാർ കണ്ടു പിടിക്കണം.ഈ കവിത പ്രസിദ്ധീകരിച്ച പത്രാധിപർക്കും അത് ഓർക്കാനായില്ല. താൻ എഴുതിയത് മറന്നു എന്ന് എഴുതിയാലും കവിതയാണ്!

ചാനൽ ചർച്ച

വായനയിൽ നിന്നും സാഹിത്യത്തിൽ  നിന്നും അകന്നവരാണ് പൊതുവേ ടെലിവിഷൻ വാർത്താവതാരകരായി എത്തുന്നത്. അവർ ഉപരിപ്ളവബുദ്ധികളാകുന്നതിൽ അഭിമാനിക്കുന്നതായി കാണുന്നു. എത് പ്രശ്നത്തെയും രാഷ്ട്രീയമാക്കുന്നതും അത് അംഗീകൃത പാർട്ടിക്കാർ ചർച്ച ചെയ്ത് തീരുമാനിച്ചാൽ മതിയെന്ന് ചിന്തിക്കുന്നതുമാണ്  ചാനൽവാർത്തയുടെ തത്ത്വം .അവിടെ ചർച്ചയ്ക്ക് വരുന്നവർ ഒരു മൈതാന പ്രസംഗത്തിൻ്റെ പ്ലാറ്റ്ഫോമായി ഇതിനെ തെറ്റിദ്ധരിക്കുന്നു. എനിക്ക് കൂടുതൽ സമയം വേണമെന്ന് ആദ്യമേ തന്നെ പറയുന്നത് ഇതിനു തെളിവാണ്. അവതാരകനാവട്ടെ ചർച്ച നിയന്ത്രിക്കുന്നതിൽ ഞാൻ പണ്ടേ പരാജയമാണെന്ന ഒരു പ്രതിഛായ സൃഷ്ടിക്കുന്നതിൽ പ്രതിജ്ഞാബദ്ധനായിരിക്കും. ഒരാൾ സംസാരിക്കുമ്പോൾ വേറൊരാൾ കേറി ഇടപെട്ട് അത് ആർക്കും ഉപകാരമില്ലാതാക്കുമ്പോൾ അവതാരകനുള്ള സന്തോഷം വേറെ യാർക്കും കാണില്ല.സി.എൻ.എൻ ,ഫോക്സ് ന്യൂസ് ,ബി.ബി.സി ചാനലുകളുടെ സമഗ്രത ,വേഗത, സമയനിഷ്ഠ ,ലക്ഷ്യം ഇതൊന്നും നമ്മുടെ ചാനലുകളിൽ ഉണ്ടാകാറില്ല .

ഇന്ദുമേനോൻ്റെ വല്ലാത്ത മൂഡിലുള്ള ഒരു ഫോട്ടോ കവറിൽചിത്രമായി കൊടുത്ത് മാതൃഭൂമി ആഴ്ചപ്പതിപ്പ് (മെയ് 24) വൈക്കം മുഹമ്മദ് ബഷീറിനെയും ഞെട്ടിച്ചു.ഈ രീതി തുടരണം ! .ആ കവറിനു മുകളിൽ എം.ടിയുടെ ഒരു സ്റ്റാമ്പ് സൈസ് ഫോട്ടോ വന്നത് കേവലം യാദൃച്ഛികമാണ്. കേരളീയ നവോത്ഥാനം സൃഷ്ടിച്ചത് പുരാതന ക്രൈസ്തവരാണെന്ന് സ്ഥാപിക്കുന്ന വിനിൽ പോളിൻ്റെ  രണ്ടാമത്തെ ലേഖനവും ഇതിൽ തന്നെ വായിച്ചു. ചരിത്രത്തെ തലകീഴായി മറിച്ചിട്ട്, ലേഖകൻ  ബൈസെപ്സ് മസിൽ കഷണങ്ങൾ കാണിച്ചു കൊണ്ടുള്ള വിവിധ പോസുകൾ ലേഖനത്തിൽ കണ്ടു.

ഇതു വായിച്ചപ്പോൾ ,ഇതേ ലക്കത്തിൽ കെ. ഷെരീഫ് എഴുതിയ കവിതകളിലെ 'ആമകളെ ഇഷ്ടമാണ് ' എന്ന ഭാഗം ഉദ്ധരിക്കണമെന്ന് തോന്നി:
" ആമകളെ
ഇഷ്ടപ്പെടാൻ
എനിക്കു
വേറെ ന്യായങ്ങളൊന്നുമില്ല;
അവ ആമകളാണെന്നതു മാത്രം " .

ഷെരീഫ് ഇതൊക്കെ നേരത്തേ മനസ്സിലാക്കിയതെങ്ങനെ ?

ലോക്ക്ഡൗൺ ഡിജിറ്റൽ

ലോക്ക്ഡൗണിൽ കണ്ടത് എണ്ണമറ്റ എഴുത്തുകാരും കവികളും ഡിജിറ്റലാകുന്നതാണ് .ഇ ബുക്ക് ,പി.ഡി.എഫ് ,ഫേസ്ബുക്ക് ലൈവ് ,ഫേസ്ബുക്ക് പോസ്റ്റ് ,വാട്സ്ആപ്പ് ഗ്രൂപ്പ് എന്നിവിടങ്ങളിലേക്ക് എഴുത്തുകാർ കൂട്ടമായി എത്തി .ഇതിൻ്റെ ഫലമായി, ചില പ്രത്യേക മൂലകളിൽ സ്ഥാപിതമായി നിന്ന സ്വജനതാത്പര്യവ്യഗ്രത ബാധിച്ചവരുടെ മേൽക്കോയ്മ ഇടിച്ചു നിരത്തപ്പെടുന്നതാണ് നാം കണ്ടത്.

അനുഭവം.

1983 ലാണ് അമെരിക്കൻ സാഹിത്യകാരൻ ലിയോൺ ഉറിസ് എഴുതിയ 'ട്രിനിറ്റി ' എന്ന നോവലിനെക്കുറിച്ചുള്ള ഒരു ലേഖനവുമായി ഞാൻ ഭാഷാപോഷിണി എഡിറ്ററായിരുന്ന കെ.എം. തരകനെ ഓഫീസിൽ ചെന്ന്  കാണുന്നത്. അന്ന് ഞാൻ മൂവാറ്റുപുഴ നിർമ്മലാ കോളജിൽ പഠിക്കുകയായിരുന്നു. ലേഖനത്തിൻ്റെ തലക്കെട്ട് (ലിയോൺ ഉറിസിൻ്റെ സ്വപ്നകവചങ്ങൾ ) കണ്ടയുടനെ അദ്ദേഹം ആഹ്ളാദം പ്രകടിപ്പിച്ചു. ലേഖനത്തിലുടെ അലസമായി ഒന്ന് കണ്ണോടിച്ച ശേഷം അദ്ദേഹം പ്രഖ്യാപിച്ചു: ഇത് ഞാൻ അടുത്ത ലക്കത്തിൽ തന്നെ കൊടുക്കും.പറഞ്ഞ പോലെ തന്നെ പിറ്റേ ലക്കം ഭാഷാപോഷിണിയിൽ ഏഴ് പേജിലായി ആ ലേഖനം അച്ചടിച്ചു വന്നു. തരകൻ സാറിനു വേറെ സ്ഥാപിത താല്പര്യങ്ങളൊന്നുമുണ്ടായിരുന്നില്ലല്ലോ.




Posted by m k harikumar at 11:29 AM No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest
Labels: aksharajalakam
Newer Posts Older Posts Home
Subscribe to: Posts (Atom)

m k harikumar

m k harikumar

m k harikumar

m k harikummar

m k harikummar

live traffic

Live Traffic Statistics

aksharajalakam,2020

  • sept 21
  • nov 16
  • padanu nov 13
  • nov 10
  • navadaw, interview nov
  • padanu 0ct 16
  • nov2
  • painter Paul Cézanne
  • m k interview
  • oct
  • octo
  • oct20
  • oct12
  • oct 5
  • sept28
  • sept21
  • sept 14
  • feb 2
  • march 1
  • mh 8
  • march 15
  • mah 22
  • march 30
  • april 6
  • april 13
  • apil 20
  • apri27
  • may 18
  • aug 24
  • july 6
  • sept 7
  • aug 31
  • aug 17
  • aug 10
  • aug 3
  • july 27
  • july 20
  • july 13
  • june 29
  • june 22
  • june 8
  • june 1
  • may 18
  • may 26
  • may 26

mk

mk

mk

mk
9995312097

About Me

m k harikumar
View my complete profile

m k harikumar

  • mk blog

Blog Archive

  • ▼  2024 (1)
    • ▼  December (1)
      • m k mharikumar at kollam sreenarayaguru  open univ...
  • ►  2023 (4)
    • ►  January (4)
  • ►  2022 (71)
    • ►  December (14)
    • ►  September (8)
    • ►  July (7)
    • ►  May (9)
    • ►  March (9)
    • ►  January (24)
  • ►  2021 (51)
    • ►  December (6)
    • ►  November (3)
    • ►  October (2)
    • ►  September (5)
    • ►  August (5)
    • ►  July (5)
    • ►  June (4)
    • ►  May (4)
    • ►  April (4)
    • ►  March (5)
    • ►  February (4)
    • ►  January (4)
  • ►  2020 (59)
    • ►  December (9)
    • ►  November (11)
    • ►  October (6)
    • ►  September (31)
    • ►  July (1)
    • ►  January (1)
  • ►  2019 (8)
    • ►  August (1)
    • ►  July (2)
    • ►  June (1)
    • ►  April (1)
    • ►  February (2)
    • ►  January (1)
  • ►  2018 (13)
    • ►  October (3)
    • ►  September (7)
    • ►  August (3)
Watermark theme. Theme images by mattjeacock. Powered by Blogger.