Thursday, December 3, 2020
അക്ഷരജാലകം/എം.കെ.ഹരികുമാർ / ദസ്തയെവ്സ്കിയുടെ കഥ /metrovartha, 30-11-2020
1847 ൽ റഷ്യൻ സാഹിത്യകാരനായ ദസ്തയേവ്സ്കി ' എ നോവൽ ഇൻ നൈൺ ലെറ്റേഴ്സ് ' എന്ന കഥയെഴുതിക്കൊണ്ട് ഫിക്ഷനെക്കുറിച്ചുള്ള സങ്കല്പത്തെ വഴിതിരിച്ചുവിടുകയുണ്ടായി. അദ്ദേഹത്തിൻ്റെ സാഹിത്യരചനയുടെ പ്രാരംഭകാലത്തുള്ള കഥയാണിത്. എന്നിട്ടും തൻ്റെ മാധ്യമത്തെ വെറും അനുകരണമാക്കാതെ സ്വന്തമായി പുനർദർശനം നടത്താൻ അദ്ദേഹം തയ്യാറായി.
പുറമേ നോക്കിയാൽ രണ്ട് ബിസിനസ് സുഹൃത്തുക്കൾ കൈമാറുന്ന ഒൻപതു കത്തുകളാണുള്ളത് .അതിലൂടെ അവർ വ്യക്തിഗതമായി ,എങ്ങനെ നശിക്കുന്ന ആഗ്രഹങ്ങളുടെ കൂടാരമായി മാറുന്നുവെന്ന് കാണിച്ചുതരുന്നു .ഒൻപതു കത്തുകളിൽ ഒരു നോവൽ ' എന്ന ഈ കഥയിൽ പിയത്തോർ ഇവാനിച്ചും ഇവാൻ പെട്രോവിച്ചും കൈമാറുന്ന കത്തുകളാണ് സംസാരിക്കുന്നത്.പിയത്തോർ ചില കാര്യങ്ങൾ സംസാരിക്കാൻ പെട്രോവിച്ചിനെ കാണാൻ ആഗ്രഹിക്കുന്നു .അതിനാണ് കത്തെഴുതുന്നത്. നേരിട്ടു കാണാൻ അയാൾ പലവട്ടം ശ്രമിച്ചതായി കത്തിൽ പറയുന്നുണ്ട്. എന്നാൽ അതിൽ പരാജയപ്പെട്ടു. ഇക്കാര്യമറിഞ്ഞ് പെട്രോവിച്ച് പലതവണ പിയത്തോറിനെ കാണാനായി പലയിടത്ത് കാത്തിരുന്നിട്ടും ഫലമുണ്ടായില്ല. ഓരോ കാരണത്താൽ അയാൾ ഒഴിഞ്ഞുമാറുന്നു. അത് തൻ്റെ തിരക്കുമൂലമാണെന്ന് പറഞ്ഞു വീണ്ടും കത്തെഴുതുന്നു.പിയത്തോർ തന്നിൽ നിന്ന് വാങ്ങിയ പണം തരാതിരിക്കാനാണ് ഒഴിഞ്ഞുമാറുന്നതെന്നും അയാൾ ചതിയനാണെന്നും ആരോപിച്ച് പെട്രോവിച്ച് കത്തയയ്ക്കുന്നു.ഇതോടെ അവരുടെ ബന്ധം വഷളാകുന്നു. സൗഹൃദത്തിൻ്റെ പേരിൽ കൊടുത്ത പണം കരാറായി മാറുന്നു.അവർ കത്തുകളിലൂടെ ദിവസവും ആശയ വിനിമയം നടത്തുന്നുണ്ടെങ്കിലും, ഫലത്തിൽ അവർ അകലുകയാണ്. എല്ലാം തെറ്റായ ധാരണയുടെ ഫലമാണെന്ന് പിയത്തോർ എഴുതുന്നുണ്ടെങ്കിലും എന്താണ് സംഭവിക്കുന്നത് എന്ന് വ്യക്തമാകുന്നില്ല. രണ്ടു പേരും യഥാർത്ഥ പ്രശ്നം മറച്ചുവയ്ക്കുകയും പരസ്പരം ബഹുമാനിക്കുന്നതായി കളവു പറയുകയും ചെയ്യുന്നു .രണ്ടു പേരും തുറന്നെഴുതാതെ ഉപചാര ക്കൾക്ക് ഊന്നൽ കൊടുക്കുന്നു. യഥാർത്ഥത്തിൽ അവർക്കിടയിലെ പ്രശ്നമെന്താണെന്ന് രണ്ടു പേർക്കും വിശദീകരിക്കാനാവുന്നില്ല.അവർ ദീർഘമായി എഴുതുന്നുണ്ടെങ്കിലും വാക്കുകൾ പാഴാകുകയാണ്. അവർക്ക് സ്വന്തം വാക്കുകളിലോ അന്യരുടെ വാക്കുകളിലോ വിശ്വാസമില്ല.
ആശയവിനിമയമില്ല
അതേസമയം ഒരാൾ മറ്റൊരാളുടെ വാക്കുകൾക്കു പിന്നിലെ സത്യം അറിയാൻ രഹസ്യാന്വേഷണം നടത്തുന്നുമുണ്ട്.ഇത് അവരെ ശത്രുക്കളാക്കി മാറ്റുന്നു. പറയുന്നതെല്ലാം കളവാണല്ലോ. വ്യക്തിയുടെ മനസ്സ് ആശയ വിനിമയത്തിലൂടെ ,കത്തുകളിലൂടെ നശിക്കുന്നതാണ് നാം കാണുന്നത്. കൂടുതൽ ആശയവിനിമയം നടത്തുന്നതുകൊണ്ട് യാതൊരു പ്രയോജനവുമില്ലെന്ന് ദസ്തയെവ്സ്കി റഷ്യൻ ജനതയെ സാക്ഷിനിറുത്തി പറഞ്ഞിരിക്കുന്നു.
ഈ കഥ വായിച്ചു തീരുന്നതോടെ ഇതിലെ കഥാപാത്രങ്ങൾ മാത്രമല്ല വായനക്കാരും തകരുന്നു. ഒടുവിൽ രണ്ടു പേർക്കും കിട്ടുന്ന കത്തുകൾ അവർ എഴുതിയതല്ല; അവരുടെ ഭാര്യമാർ എഴുതിയതാണ് .ഇത് എല്ലാ മുൻധാരണകളും തെറ്റിക്കുന്നു. ഇവരുടെ തർക്കമോ അകൽച്ചയോ ഒന്നും തന്നെ കാതലായ പ്രശ്നങ്ങളായിരുന്നില്ലെന്ന് ബോധ്യമാകും.
പിയത്തോറിൻ്റെ ഭാര്യ വലിയൊരു ഭൂവുടമയായ യെവ്ജനി നികോളയിച്ചുമായി പ്രണയത്തിലായിരുന്നു .അയാൾ അവരുടെ കുടുംബ സുഹൃത്തായിരുന്നു.അവൾ അയാളെ തൻ്റെ വീട്ടിലേക്ക് ,പിയത്തോർ ഇല്ലാത്ത സമയത്ത് ,ക്ഷണിക്കുകയാണ്.പെട്രോ വിച്ചാണ് ഈ കത്തയച്ചിരിക്കുന്നത്. ഇതു വായിച്ച് ക്ഷീണിതനായ പിയത്തോർ മറ്റൊരു കത്ത് അയക്കുന്നു. ആ കത്ത് പെട്രോവിച്ചിൻ്റെ ഭാര്യ എഴുതിയതാണ്.യുവകോമളനായ നികോളയിച്ചിനെ കല്യാണം കഴിക്കാൻ തീരുമാനിച്ച കാര്യമാണ് അതിൽ എഴുതിയിരിക്കുന്നത് .അതായത് ,പിയത്തോറിൻ്റെയും പെട്രോവിച്ചിൻ്റെയും ഭാര്യമാർ പണക്കാരനായ നികോളയിച്ചു മായി അവിഹിത ബന്ധം പുലർത്തിയിരുന്നു. ഒരാൾ രഹസ്യ കാമുകിയായിരിക്കുമ്പോൾ മറ്റേയാൾ അയാളുമായി കല്യാണം കഴിച്ച് താമസിക്കാൻ പോകുകയാണ്.പിയത്തോറിൻ്റെ ഭാര്യയുടെ കാര്യം പെട്രോവിച്ചിനും പെട്രോവിച്ചിൻ്റെ ഭാര്യയുടെ കാര്യം പിയത്തോറിനും അറിയാമായിരുന്നു.അവർ മൂടിവച്ച കാര്യമാണത്. കത്തയച്ച് അകന്നപ്പോൾ അവർ അത് ആയുധമായി ഉപയോഗിക്കുന്നു.
ഭാര്യമാരുടെ പ്രണയം
ഇവർ എങ്ങനെയാണ് അന്യൻ്റെ ഭാര്യ എഴുതിയ കത്ത് സ്വന്തമാക്കിയത് ? തീർച്ചയായും അഴകിയ രാവണനായ നികോളയിച്ചിൽ നിന്നും കൈക്കലാക്കിയതാണ്. ആ രാവണൻ രണ്ടു പെണ്ണുങ്ങളെയും കബളിപ്പിക്കുകയായിരുന്നെന്ന് അറിയുന്നത് ഒടുവിൽ മാത്രം . ഈ കഥയിൽ ,പത്തൊമ്പതാം നൂറ്റാണ്ടിലെ റഷ്യൻ മധ്യവർഗജീവിതത്തെ കാർന്നുതിന്ന യൂറോപ്യൻ വ്യക്തിവാദവും ധാർമ്മിക അപചയവുമാണ് ദസ്തയെവ്സ്കി തുറന്നു കാണിക്കുന്നത്. ഒൻപത് കത്തുകളിലൂടെ താനൊരു നോവലാണ് തരുന്നതെന്ന ധ്വനി വിഷയത്തിൻ്റെ ഗൗരവം വർധിപ്പിക്കുന്നു. ജീർണിച്ച ഒരു വ്യവസ്ഥിതിയിൽ ആദ്യം ദുഷിക്കുന്നത് വാക്കുകളായിരിക്കും. ഹൃദയമില്ലാത്ത വാക്കുകൾ നാലുപാടും ചിതറും .വാക്കുകളിൽ വിശ്വാസമില്ലാതെ ദീർഘമായി സംസാരിക്കുന്നവരെ തലങ്ങും വിലങ്ങും കാണാമായിരിക്കും. അവർ എഴുതുന്നതും പറയുന്നതും എന്തെങ്കിലും വിനിമയം ചെയ്യാനല്ല; വെറുതെ വാക്കുകൾകൊണ്ട് മറ സൃഷ്ടിക്കാനാണ്. അവർ വാക്കുകൾ ഉപയോഗിക്കുന്നത് വെറുക്കാനും അകലാനുമാണ് .വാക്കുകളെ വില്പനയ്ക്ക് വച്ച ഇറച്ചിത്തുണ്ടുകൾ പോലെ ആളുകൾ വാങ്ങിയെടുക്കും.ഈ കഥയിലെ ദൈർഘ്യമേറിയ കത്തുകളിലൂടെ അവർ എത്ര മാത്രം നിസ്സാരവത്ക്കരിക്കപ്പെട്ടു ,ഉള്ള് പൊള്ളയായി അധ:പതിച്ചു! .
കഥയിൽ ജീവിച്ചാലേ അതിൻ്റെ അടിത്തട്ടിലുള്ള ചലനങ്ങൾ മനസ്സിലാവുകയുള്ളൂ .മലയാള കഥയിൽ ഇതുപോലുള്ള അത്ഭുതങ്ങൾ സംഭവിക്കുന്നില്ല, രണ്ട് പതിറ്റാണ്ടങ്കിലുമായിട്ട് .വിജയൻ്റെ 'അരിമ്പാറ ' വായിച്ചശേഷം അതുപോലൊരു കനം പിന്നീട് അനുഭവപ്പെട്ടില്ല. എം.ടി യുടെ 'ഷെർലക്ക് 'ഉജ്ജ്വലമായ ഒരു ആവിഷ്കാരമായിരുന്നു .ഒരു പൂച്ചയിലൂടെ എം.ടി പ്രവാസത്തെയും മുതലാളിത്ത ജീവിതത്തെയും അളന്നെടുത്തു. ടി.പത്മനാഭൻ്റെ 'ഗൗരി 'എത്ര ആവേശത്തോടെയാണ് നമ്മൾ വായിച്ചത്. തീക്ഷണമായ അനുഭവമായിരുന്നു അത്.
പത്മനാഭൻ്റെ കഥ
തൊണ്ണൂറ്റിയൊന്നാം വയസ്സിലെത്തിയ ടി.പത്മനാഭൻ ഇപ്പോഴും ആവേശഭരിതനായി കഥകൾ എഴുതുന്നു. ഇത് ആഹ്ലാദകരമാണ്. പ്രായമായെങ്കിലും തൻ്റെ ആഖ്യാനത്തിലൂടെ അദ്ദേഹം കഥ എന്ന മാധ്യമത്തെ യുവത്വത്തിൽ പിടിച്ചുനിർത്തിയിരിക്കുന്നു. തീവ്രമായ ഏകാന്തതയിലും, വസന്തത്തിലെ പൂക്കൾ എന്നപോലെ ആത്മീയമായ കണങ്ങൾ ശേഖരിക്കാൻ കഴിഞ്ഞാലേ ഇങ്ങനെ എഴുതനൊക്കൂ. പത്മനാഭൻ ഈ ലോകത്തിൽ മറ്റെല്ലാറ്റിൽ നിന്നും വേർപെട്ട് തൻ്റെ കഥ എന്ന സർഗാത്മക ഇടനാഴിക്കായി വിശുദ്ധമായ തപസ്സ് ചെയ്യുന്നുണ്ട്. അതുകൊണ്ടാണ് അദ്ദേഹം എഴുതുന്നത് .അദ്ദേഹത്തിൻ്റെ 'ബാബു '(മാതൃഭൂമി ആഴ്ചപ്പതിപ്പ് ,നവംബർ 29 ) എന്ന കഥയിലും സ്നേഹവും പ്രകൃതി രമണീയതയും കവിതയും ഓർമ്മകളുമുണ്ട്. ഇത് പത്മനാഭൻ്റെ മേഖലയാണ് .താൻ ജീവിക്കുന്നത് ബാബുവിനെപോലെയുള്ള സ്നേഹിതന്മാരിലാണെന്ന് കഥാകൃത്ത് വിളിച്ചുപറയുന്ന പോലെ തോന്നി .ഈ കഥയിലും , മിക്കപ്പോഴും കാണാറുള്ളതുപോലെ, പത്മനാഭൻ തന്നെയാണ് കഥാപാത്രമായി വരുന്നത്. ഔദ്യോഗിക ജീവിതത്തിൽ പരിചയപ്പെട്ട ബാബുവിനെ അദ്ദേഹം ഓർമ്മകൾകൊണ്ട് ആദരിക്കുന്നു. മനുഷ്യരിൽ പത്മനാഭനു പ്രതീക്ഷ നഷ്ടപ്പെട്ടിട്ടില്ല .നല്ലവർ എവിടെയോ ജീവിച്ചിരിക്കുന്നു എന്ന സ്വപ്നം അല്ലെങ്കിൽ ആദർശം വരണ്ട നമ്മുടെ മനസ്സിനെ ആർദ്രമാക്കാതിരിക്കുകയില്ല.
വാക്കുകൾ
1) തന്നെ ചലിപ്പിക്കാൻ ഒരാൾക്കൂട്ടം വേണമെന്ന് ചിന്തിക്കുന്നയാൾ വളരെ ഏകാകിയാണ്, അയാൾ ചിന്തിക്കുന്നതിനേക്കാൾ.
പോൾ ബ്രണ്ടൻ ,
(ബ്രിട്ടീഷ് ഗ്രന്ഥകാരൻ ) .
2)തീവ്രമായ പ്രണയം കരച്ചിലിലാണ് അവസാനിക്കുന്നത് .
ലൂയി ഗ്ളിക്ക്
(അമെരിക്കൻ പെൺകവി)
3)സൗന്ദര്യത്തിൽ നാം കീഴടക്കേണ്ടത് വഞ്ചനാത്മകവും അപ്രതിരോധ്യവുമായ കാര്യങ്ങളാണ്.
ലാസ്ലോ ക്രാസ്നാഹോർക്കേ,
(ഹംഗേറിയൻ നോവലിസ്റ്റ് )
4) പങ്കാളിയുമായി പലതവണ പ്രണയത്തിലാകാൻ
കഴിഞ്ഞാലേ വിജയകരമായ ദാമ്പത്യം സാധ്യമാവുകയുള്ളൂ .
മിഗ്നോൺ മക്ലാഫ്ലിൻ ,
(അമെരിക്കൻ പത്രപ്രവർത്തക )
5)കഠിനമായ സാഹചര്യങ്ങളിൽ സാധാരണക്കാരായ ആളുകൾ നേടുന്ന വിജയങ്ങൾ മഹത്തായ കാര്യങ്ങളാണ്. അതിനെക്കുറിച്ച് എഴുതണമെന്നുള്ളത് എൻ്റെ നിശ്ചയമായിരുന്നു.
ഡഗ്ലസ് സ്റ്റുവർട്ട് ,
(സ്കോട്ടിഷ് -അമെരിക്കൻ എഴുത്തുകാരൻ ,
2020 ൽ 'ഷഗ്ഗി ബെയ്ൻ' എന്ന നോവലിനു ബുക്കർ പ്രൈസ് ലഭിച്ചു.)
കാലമുദ്രകൾ
1)ഡോ. എൻ .വി .പി .ഉണിത്തിരി
എൻ.വി.പി.ഉണിത്തിരിയുടെ 'സംസ്കൃത സാഹിത്യവിമർശം'എന്ന കൃതി സുഗ്രാഹ്യവും സമഗ്രവുമായ ഒരു കാവ്യമീമാംസാപര്യടനമാണ്. ഇത്ര സംക്ഷിപ്തമായി ,സൂക്ഷ്മമായി ഈ വിഷയം അവതരിപ്പിക്കാൻ കഴിയുന്നവർ ചുരുങ്ങും.
2) വൈലോപ്പിള്ളി
ചന്ദ്രനസ്തമിക്കുന്നതിനു മുൻപ് കായലുകൾ ഏറ്റുവാങ്ങുന്ന കട്ടപിടിച്ച മൂകതയുടെയും നിരർത്ഥകതയുടെയും അവസ്ഥയെക്കുറിച്ച് വെപ്രാളത്തോടെ എഴുതാൻ വൈലോപ്പിള്ളിക്കേ കഴിയൂ: " നിരർത്ഥത നിരുപിച്ചഗാധതയിൽ
താവിനില്ക്കും വിരക്തിതൻ ചളി " .
3) കെ.എസ്.മണിലാൽ
നമ്മുടെ ഭാഷയിൽ മഹാഭാരതത്തിൻ്റെ പരിഭാഷ അതുല്യമാണ്. അതുപോലെ മഹത്തായ ഒരു സംഭവമാണ്, സസ്യശാസ്ത്രജ്ഞനായ കെ. എസ് .മണിലാൽ 'ഹോർത്തൂസ് മലബാറിക്കുസ് ' (ലാറ്റിൻ ഭാഷ)എന്ന പന്ത്രണ്ട് വാല്യങ്ങളുള്ള സസ്യശാസ്ത്രഗ്രന്ഥം ഇംഗ്ലീഷിലേക്കും മലയാളത്തിലേക്കും പരിഭാഷചെയ്തത്. ഇതിനായി മണിലാൽ മുപ്പത്തഞ്ച് വർഷങ്ങളാണ് ചെലവഴിച്ചത്.
4)ഞെരളത്ത് രാമപൊതുവാൾ
സംഗീതജ്ഞനും സോപാനസംഗീതത്തിൻ്റെ പ്രയോക്താവുമായ ഞെരളത്ത് രാമപൊതുവാൾ തൻ്റെ അന്യാദൃശമായ ശബ്ദത്തിലൂടെ ,കലുഷിതമായ സാമൂഹികമണ്ഡലത്തെ ആന്തരികമായി സമാശ്വസിപ്പിച്ചു.
5) ബി.ഡി.ദത്തൻ
വശ്യമായ ,ഗഹനമായ ശൈലികൊണ്ട് ചിത്രകലയെ അനുഭൂതിയുടെ വായ്ത്തലയിൽ മിനുക്കിയ കലാകാരനാണ് ബി.ഡി.ദത്തൻ.അദ്ദേഹം പി.ഭാസ്ക്കരൻ്റെ 'ഒറ്റക്കമ്പിയുള്ള തംബുരു ' എന്ന കാവ്യത്തിനുവേണ്ടി വരച്ച ചിത്രങ്ങൾ മനോഹരം മാത്രമല്ല, അപാരവുമാണ്.
വിവേകാനന്ദ കേന്ദ്രം
കന്യാകുമാരി വിവേകാനന്ദസ്മാരകം ലോകത്തിലെ തന്നെ വ്യത്യസ്തമായ ഒരു ആത്മീയകേന്ദ്രമാണ്. സ്വാമിജി ജ്ഞാനദാഹത്താൽ സ്വയം എരിയുകയായിരുന്നല്ലോ. ചിക്കാഗോ പ്രസംഗം ഗംഭീരമായിരുന്നു. എന്നാൽ അന്ന് സ്വാമി ഭക്ഷണം കഴിച്ചിരുന്നില്ല. കൈയിൽ പണമില്ലായിരുന്നു. പച്ചവെള്ളം കുടിച്ചുകൊണ്ടാണ് ആ മഹാപ്രഭാഷണം ചെയ്തത്. കന്യാകുമാരി വിവേകാനന്ദസ്മാരകം ഇന്ത്യൻജനതയുടെ ശ്രദ്ധാഞ്ജലിയാണ്.
വി.റെജികുമാർ എഴുതിയ 'കടൽ നടുവിലെ വിവേകചന്ദ്രിക' ( മെട്രൊവാർത്ത വാർഷികപ്പതിപ്പ് )എന്ന ലേഖനം പ്രസക്തവും ഉചിതവുമായി. 1970 ൽ വിവേകാനന്ദകേന്ദ്രം ഉദ്ഘാടനം ചെയ്തു .സ്മാരക നിർമ്മാണത്തിൻ്റെ ആലോചനകൾ കേന്ദ്രീകരിച്ച ഇടം 1972 ൽ വിവേകാനന്ദകേന്ദ്രം എന്ന് നാമകരണം ചെയ്യപ്പെട്ടു. റെജികുമാർ എഴുതുന്നു: "വിവേകാനന്ദപ്പാറയിലെ സ്മാരക നിർമ്മാണപ്രവർത്തനങ്ങളെക്കുറിച്ചുള്ള മുഴുവൻ രേഖകളും ചിത്രങ്ങളും വിവരങ്ങളും ഈ കേന്ദ്രത്തിലെ മ്യൂസിയത്തിൽ കാണാം " .ഒരു കടലോര വനമാണിത് ( മുനമ്പിനു ഒന്നര കിലോമീറ്റർ മുമ്പ് ) .
?
Friday, November 27, 2020
അക്ഷരജാലകം / എം.കെ.ഹരികുമാർ / മനുഷ്യാവസ്ഥയുടെ കാട് /metrovartha, 23-11-2020
ചീത്തക്കവിതകൾ ഉണ്ടാകാൻ കാരണം സാഹിത്യസംസ്കാരത്തെക്കുറിച്ചുള്ള അജ്ഞതയാണെന്ന് എലിയറ്റിനെപ്പോലുള്ള വിമർശകർ പറഞ്ഞിട്ടുള്ളതാണ്. ചീത്തക്കവിതകൾ ഉണ്ടോ എന്ന് ചോദിച്ചേക്കാം. ഇതൊരു സൗന്ദര്യാത്മകപ്രശ്നമാണ്. അജ്ഞത സ്ഥിരമായി ദൂരീകരിക്കപ്പെടുന്നതല്ല. അത് ഓരോ ഘട്ടത്തിലുമുണ്ട്. അതാതുകാലത്തെ അന്ധവിശ്വാസങ്ങളും വഴക്കങ്ങളും സാഹിത്യതമസ്സായി രൂപാന്തരം പ്രാപിച്ച് മനുഷ്യരാശിയെ കഷ്ടപ്പെടുത്തും.ഓരോ കാലത്തും അജ്ഞതയെ നേരിടേണ്ടി വരും. സ്വയം അനുകരിക്കുന്നത് ഇതിൻ്റെ ഭാഗമാണ്.കാലികമായ അന്ധതയുണ്ട്. ഒരു കാലഘട്ടം അന്വേഷണങ്ങൾ അവസാനിപ്പിക്കുന്ന സമയമാണത്. അതിൻ്റെ ഉപകരണങ്ങളുടെ മൂർച്ചയുള്ള ഭാഗം തേഞ്ഞ് ഉപയോഗശൂന്യമായി തീരുമ്പോൾ ,മറ്റൊന്ന് തേടാനുള്ള പ്രയാസം കാരണം പഴയതു തന്നെ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന സ്വഭാവമുണ്ട്. ഇത് മുതിർന്ന എഴുത്തുകാരിലും പ്രസാധകരിലും പത്രാധിപന്മാരിലും സംഭവിക്കും. പഴയതു തന്നെ വീണ്ടും വീണ്ടും ചർച്ച ചെയ്ത് ,പുതിയ അന്വേഷണങ്ങളില്ലാതെ അവനവനിലേക്ക് ചുരുണ്ടുകൂടുന്ന അവസ്ഥയുണ്ട് .ഇത് നമ്മുടെ ഭാഷയിലുമുണ്ട് .
കഴിഞ്ഞ നൂറ്റാണ്ടിൻ്റെ ആദ്യവർഷങ്ങളിൽ കുമാരനാശാൻ 'വീണപൂവ്' എഴുതിയത് ഈ അജ്ഞതക്കെതിരെയുള്ള പടപ്പുറപ്പാട് എന്ന നിലയിലാണ് കാണേണ്ടത്. ശ്രംഗാര ,രതി, ഭക്തി ,ചമല്ക്കാര ഭ്രാന്തുകൾക്കിടയിൽ നഷ്ടപ്പെടുന്ന കവിത തൻ്റേതാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചത് നിഷേധാത്മകവും പ്രകോപനപരവും മൃത്യുസമാനവുമായ പ്രമേയം സ്വീകരിച്ചുകൊണ്ടാണ്. ചെടിയിൽ വിടർന്നു നിൽക്കുന്ന പൂവിനെ പെണ്ണുങ്ങൾ മാത്രമല്ല, കവികളും വാഴ്ത്തും .തങ്ങൾക്കില്ലാത്ത സൗന്ദര്യം അവർ പൂവിൽ കാണുകയാണ്. പൂക്കൾ അവയുടെ സൗന്ദര്യം അറിയുന്നില്ലല്ലോ. പൂക്കൾ വൃത്തികേടിനെയാണ് മറച്ചു പിടിക്കുന്നതെന്ന, ഫ്രഞ്ച് നാടകമെഴുത്തുകാരൻ ഷാൻ ഷെനെ യുടെ വാക്യം തമസ്സുകളെ ഓർമിപ്പിക്കുന്നു. നമ്മുടെ നിർദ്ദയമായ ജീവിതരോഹണങ്ങൾക്കിടയിൽ ചവിട്ടിമെതിക്കപ്പെട്ട യാഥാർത്ഥ്യമാണ് ആശാൻ്റ പ്രമേയം. വീണുകിടക്കുന്ന പൂവിന് ക്ഷേത്രങ്ങളിലോ രാജകൊട്ടാരങ്ങളിലോ ഭവനങ്ങളിലോ സ്ഥാനമുണ്ടാകുകയില്ലല്ലോ. ആ പൂവിനോടൊപ്പമാണ് താനെന്ന് പറഞ്ഞതിലൂടെ ആശാൻ മൃത്യുവിനെയും ദാർശനികമാക്കുന്നു. മനുഷ്യൻ ഒരേസമയം വീണപൂവും മൃത്യുവുമാണെന്ന് പറയുന്നിടത്ത് സൗന്ദര്യത്തിൻ്റെ ഒരു പുതിയ തരംഗമുണ്ട്.
കാടുവെട്ടുന്നവർ
എന്നാൽ ഇപ്പോൾ സൗന്ദര്യത്തിൻ്റെ തലമൊന്നും വേണ്ട ; അവരവർക്ക് ആവശ്യമുള്ള കവിത എഴുതിയെടുത്താൽ മതി .അതിനു സംസ്കാരവുമായി ബന്ധമില്ല .ഭാവുകത്വം മരിച്ചു .ഒരു പ്രത്യേക വൈകാരികാനുഭവമോ ആശയപരമായ ഭാവനയോ ആവശ്യമില്ല .എഴുതിക്കഴിഞ്ഞാൽ ഉപേക്ഷിക്കുന്നതാണ് ഇപ്പോഴത്തെ സാഹിത്യ ഭാവുകത്വം .അതുകൊണ്ടാണ് കവിത ജനാധിപത്യവത്ക്കരിക്കപ്പെടുകയാണെന്ന നാട്യത്തിൽ ചീത്ത അഭിരുചികളുടെ തലത്തിലെത്തിയത്. മലയാളകവിതയിൽ ഇപ്പോൾ പൊതുവേ യാതൊരു അസ്തിത്വ പ്രശ്നങ്ങളുമില്ല;വെറും വ്യക്തിഗത പ്രതികരണങ്ങളേയുള്ളൂ. അതാകട്ടെ ആരെയും അലോസരപ്പെടുത്തുന്നില്ല; ചിന്തിപ്പിക്കുന്നില്ല .ഭാഷയുടെ ജീർണതയിലേക്ക് തന്നെ വീണ്ടും കവികൾ എത്തിച്ചേരുന്നു.
സാഹിത്യത്തിൽ ഈ അലസത , സത്യത്തോടുള്ള വിമുഖത ,അരാഷ്ട്രീയത , ഉപരിപ്ളവത ഇന്ന് സാർവത്രികമാണ്. അഭിരുചികൾ നഷ്ടപ്പെട്ടവരുടെ അന്ധാളിപ്പ് എന്ന നിലയിൽ ഇതിനെ കാണാവുന്നതാണ്. പുരോഗമനസാഹിത്യവും സാഹിത്യഅക്കാദമി സാഹിത്യവും ഈ ലക്ഷ്യം നിറവേറ്റുന്നില്ല. ഇതാ ഒരു ഉദാഹരണം. ആലങ്കോട് ലീലാകൃഷ്ണൻ കാല്പനിക ഭാവുകത്വത്തിൻ്റെ ജീർണതയുടെ തടവറയിലാണല്ലോ എഴുതുന്നത്.അദ്ദേഹം തൻ്റെ അവികസിതമായ ഭാവുകത്വചിന്തയെക്കുറിച്ച് സംസാരിക്കാൻ വയലാറിൻ്റെ 'വൃക്ഷം' എന്ന കവിത (പ്രഭാതരശ്മി, സെപ്റ്റംബർ ) തിരഞ്ഞെടുത്തിരിക്കുന്നു. 'വൃക്ഷ'ത്തെക്കുറിച്ച് എഴുതിയ ലേഖനം ( പരിണാമത്തിൻ്റെ അമൃതസംഗീതം) എങ്ങനെ കാലഹരണപ്പെട്ടുതും അപ്രസക്തവുമായ ഒരു സാഹിത്യവിചാരത്തെ ഇപ്പോഴും ചിലർ പിൻപറ്റുന്നു എന്നതിന് തെളിവാണ് .ലേഖകൻ പറയുന്നതുപോലെ 'വൃക്ഷം' എന്ന കവിത മാർക്സിൻ്റെയോ ഏംഗൽസിൻ്റെയോ ചിന്തയല്ല; അവർക്ക് പ്രകൃതി കീഴടക്കാനുള്ളത് മാത്രമായിരുന്നു .അവർ മനുഷ്യനെ കേന്ദ്രീകരിച്ചാണ് എഴുതിയത്. ലേഖകൻ വളരെ ബാലിശമായി എഴുതുന്നു: "വൃക്ഷം ഒരിക്കലും വൃക്ഷമായി അവസാനിക്കുന്നില്ല എന്നതാണ് വയലാർ ഈ കവിതയിലൂടെ സൃഷ്ടിക്കുന്ന ആധുനികവും ശാസ്ത്രീയവുമായ പരിസ്ഥിതി സൗന്ദര്യദർശനം" .വൃക്ഷത്തിൻ്റെ കൊമ്പ് വെട്ടി വീണ ഉണ്ടാക്കുന്ന കാര്യമാണത്രേ വയലാർ ഉദ്ദേശിച്ചത്; അസംബന്ധമാണിത്. ഇതിൽ ഖുർആനും ഉപനിഷത്തുമുണ്ടെന്ന നിരീക്ഷണം ചിരി പടർത്തി. എല്ലാവരെയും സന്തോഷിപ്പിക്കാൻ കരുതിക്കൂട്ടി പലതും അദ്ദേഹം ഉദ്ധരിക്കുകയാണ്.
വയലാർ മനുഷ്യൻ എന്ന പ്രകൃതിവസ്തുവിനെ മരമായി സങ്കൽപ്പിക്കുക മാത്രമാണ് ചെയ്തിരിക്കുന്നത് .അതുകൊണ്ടാണ് ഞാൻ ഒരു മരമായിരുന്നു എന്ന് ആദ്യം തന്നെ കവിതയിൽ പറയുന്നത്. പച്ചിലകൾകൊണ്ട് നഗ്നത മറച്ചു എന്ന് കവി എഴുതിയത് മനുഷ്യൻ കാട്ടിൽ വളർന്നു എന്ന് സൂചിപ്പിക്കാനാണ്. മനുഷ്യൻ കാടാണ്. അവൻ തലയിൽ കാടുമായാണ് നടക്കുന്നത്. ഇത് മനുഷ്യാവസ്ഥയുടെ കാടാണ് ;ഭൂതകാലത്തിൻ്റെയും. ഈ വിഷയം ചിലിയൻ കവി പാബ്ളോ നെരൂദ എഴുതിയിട്ടുണ്ട്. ഇതൊന്നും ലേഖകന് അറിയില്ല. പ്രകൃതിയെ മാറ്റുകയാണ് മനുഷ്യനെന്നും ഇത് അനിവാര്യമാണെന്നും എഴുതുന്ന ലീലാകൃഷ്ണൻ പ്രകൃതിവിരുദ്ധനാണ്. അതായത് ,കാടു വെട്ടി പട്ടണം നിർമ്മിക്കാമെന്ന് ! .
വായന എന്ന ജ്വരം
നോർവീജിയൻ എഴുത്തുകാരനായ ലാസ്ലോ ക്രാസ്നാഹോർകേ ' ദ് മെലങ്കളി ഓഫ് റെസിസ്റ്റൻസ്' (1989) ,'വാർ ആൻഡ് വാർ ' (1999) തുടങ്ങിയ നോവലുകളിലൂടെ പ്രശസ്തനും മാൻ ബുക്കർ പ്രൈസ് ജേതാവുമാണല്ലോ. അദ്ദേഹം രചനയുടെ പരമോന്നതമായ അനുഭൂതിയും സ്ഥാനവും തിരിച്ചറിയുന്ന എഴുത്തുകാരനാണ്. ഇപ്പോൾ നല്ല സാഹിത്യം ഉണ്ടാകുന്നില്ല എന്നാണ് അദ്ദേഹത്തിൻ്റെ അഭിപ്രായം. ലോകത്തിൻ്റെ മനുഷ്യാവസ്ഥയെ സാംസ്കാരികവത്ക്കരിച്ച പ്രതിഭയാണ് അദ്ദേഹം .'ദ് വൈറ്റ് റിവ്യു ' മാഗസിൻ്റെ ഒക്ടോബർ ലക്കത്തിൽ അദ്ദേഹവുമായി ഒരഭിമുഖമുണ്ട്. തൻ്റെ നിഷ്കൃഷ്ടമായ വായനയെക്കുറിച്ച് അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്: ''ഞാൻ കാഫ്കയെ വായിക്കാത്തപ്പോൾ കാഫ്കയെക്കുറിച്ചു ചിന്തിച്ചു കൊണ്ടിരിക്കും. കാഫ്കയെക്കുറിച്ച് ചിന്തിക്കാത്തപ്പോൾ ഞാനതിൻ്റെ നഷ്ടബോധത്തിലാണ് .നഷ്ടബോധത്തിലായിരിക്കുമ്പോൾ ഞാൻ വീണ്ടും കാഫ്കയെ വായിക്കാനെടുക്കും. ഇങ്ങനെയാണ് എൻ്റെ വായന പ്രവർത്തിക്കുന്നത് .ഹോമർ ,ദാന്തെ ,ദസ്തയെവ്സ്കി തുടങ്ങിയവരുടെ കാര്യത്തിലും ഇതുതന്നെയാണ് രീതി".
വായന ഒരു ഗാഢജീവിതമാണ്. ഒഴിവാക്കാനാവാത്ത വിധം ജീവിതത്തെ എപ്പോഴും പിന്തുടരുകയാണത്. ഒരു ജ്വരമാണതിലൂടെ ശക്തി പ്രാപിക്കുന്നത്; ജീവിച്ചിരിക്കാനുള്ള ഒരു കാരണം പോലെ .
സാഹിത്യം എങ്ങനെ മറ്റൊരു വിതാ നത്തിൽ വായനക്കാരനോടു സംവദിക്കുന്നു എന്നതിനെക്കുറിച്ച് അദ്ദേഹം പറഞ്ഞത് ഇതാണ്: ''ലോകത്തെ അറിയുന്നതാകണം കൃതി. വിനോദത്തിനുവേണ്ടിയാവരുത്. ജീവിതത്തിൽനിന്ന് ഓടിരക്ഷപ്പെടാൻ ആഗ്രഹിക്കാതെ, വീണ്ടും വീണ്ടും ജീവിക്കാൻ ആഗ്രഹിക്കുന്ന , നമുക്കൊരു ജീവിതമുണ്ടെന്ന് തിരിച്ചറിയുന്ന, അതിലൊരു പങ്കുണ്ടെന്നു മനസ്സിലാക്കുന്ന, വേദനാജനകവും മനോഹരവുമായ എല്ലാറ്റിലും പ്രത്യേകമായി അഭിരമിക്കുന്ന ആളുകൾക്ക് വേണ്ടിയായിരിക്കണം സാഹിത്യകൃതികൾ എഴുതപ്പെടേണ്ടത് " .
അവനവൻ്റെ ആന്തരികതയാണ് വായനയിൽ തിരിച്ചറിയപ്പെടുന്നത്. അത് സാധ്യമാക്കാൻ എഴുത്തുകാരൻ സ്വയം തിരയേണ്ടതുണ്ട്.
സ്വാതന്ത്ര്യം നേടൂ
എന്നാൽ നമ്മുടെ നാട്ടിൽ സ്വന്തം ചിന്താസ്വാതന്ത്ര്യത്തെക്കുറിച്ച് യാതൊന്നും ആലോചിക്കാത്തവർ അർത്ഥരഹിതമായ ,കപടവാദങ്ങൾ ഉയർത്തുകയാണ്. കഴിഞ്ഞദിവസം പനങ്ങാട് സ്വദേശിയായ പ്രദീപ് എന്നൊരു യുവലേഖകൻ മലയാളസാഹിത്യത്തിൽ വിമർശനമേ ഇല്ലെന്ന് ഒരു ഓൺലൈൻ മാധ്യമത്തിൽ പ്രഖ്യാപിച്ചിരിക്കുന്നു. എന്തും പറയുന്നതും സ്വാതന്ത്ര്യം തന്നെ. ഇത് ആരെയോ തൃപ്തിപ്പെടുത്താനാകാം. സഹതാപം തോന്നി. ഇദ്ദേഹം സാംസ്കാരിക ഫീച്ചറുകൾ എഴുതാറുണ്ട്. അതിനുപുറമേ സക്കറിയയെക്കുറിച്ചുള്ള ഫീച്ചറുകൾ ഒരു വ്രതം പോലെ ഏറ്റെടുത്ത് ചെയ്യാറുണ്ട്. ഒരെഴുത്തുകാരൻ്റെ തോളിൽ തൂങ്ങി നടന്നാൽ ഇതുപോലെയുള്ള മണ്ടത്തരങ്ങൾ പറയേണ്ടിവരും. സ്വന്തം കാലിൽ നിന്നു ചിന്തിക്കൂ. ഇദ്ദേഹം വേണമെങ്കിൽ ഇങ്ങനെ പറയും: പത്തൊമ്പതാം നൂറ്റാണ്ടിലെ ഫ്രഞ്ച് സാഹിത്യം തീരെ മോശമാണ്! . കാരണമെന്താണ്? ഇദ്ദേഹം പത്തൊൻപതാം നൂറ്റാണ്ടിലെ ഫ്രഞ്ച് സാഹിത്യം വായിച്ചിട്ടില്ലല്ലോ.
വാക്കുകൾ
1) പെണ്ണുങ്ങൾ ആണുങ്ങളെപ്പോലെ വിജയം വരിക്കില്ല; കാരണം അവരെ ഉപദേശിക്കാൻ ഭാര്യമാരില്ലല്ലോ .
ഡിക്ക് വാൻ ഡൈക്ക് ,
(അമെരിക്കൻ നടൻ)
2)ദൈവത്തെ യഥാർത്ഥ്യത്തിൻ്റെ കേന്ദ്രസ്ഥാനത്തുനിന്നു മാറ്റി പകരം മനുഷ്യനെ ആ സ്ഥാനത്ത് പ്രതിഷ്ഠിക്കുകയാണ് ആധുനികത ചെയ്തത്. വ്യക്തിക്കും വ്യക്തിവാദത്തിനുമാണ് അത് ഊന്നൽ കൊടുത്തത്.
സെയ്യിദ് ഹൊസീൻ നാസർ,
(ഇറാനിയൻ ഇസ്ലാമിക ചിന്തകൻ)
3)ഒന്നുറക്കെ കരയുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നുന്നു. നിശ്ശബ്ദത പാലിക്കുന്നത് മനുഷ്യവംശത്തിനെതിരായ ഒരു കുറ്റകൃത്യമാണ്.
നാദ്ഷ്ദാ മാൻഡൽസ്റ്റം,
(റഷ്യൻ - ജൂവിഷ് എഴുത്തുകാരി )
4)മനുഷ്യനെ ഏറ്റവുമധികം സാംസ്കാരികവത്ക്കരിക്കുന്ന ശക്തി മതമല്ല, ലൈംഗികതയാണ് .
ഹ്യൂഗ് ഹെഫ്നർ,
(അമെരിക്കൻ പ്രസാധകൻ)
5)മിക്ക ആളുകളും ഈ നിമിഷത്തിൽ ജീവിക്കുന്നില്ല; അവർ അബോധമായി വിശ്വസിക്കുന്നത് അടുത്ത നിമിഷം കൂടുതൽ പ്രധാനമായിരിക്കുമെന്നാണ്. അങ്ങനെ ജീവിതമാകെ അവർ നഷ്ടപ്പെടുത്തുന്നു .
എക്കാർട്ട് തോൾ,
(ജർമ്മൻ മനശ്ശാസ്ത്ര ഗ്രന്ഥകാരൻ )
കാലമുദ്രകൾ
1)എം.കെ.രാമചന്ദ്രൻ
ഉത്തരാഖണ്ഡിലൂടെ ,തപോഭൂമി ഉത്തരാഖണ്ഡ്, ആദികൈലാസയാത്ര ,ദേവഭൂമിയിലൂടെ തുടങ്ങിയ നല്ല പുസ്തകങ്ങളെഴുതിയ എം. കെ. രാമചന്ദ്രൻ പുരസ്കാരങ്ങളോടോ സ്ഥാപനങ്ങളോടോ താൽപര്യമില്ലാതെ അകന്നു കഴിയുകയാണ്.ഇത് ബഹുമതികളിൽ അമിത താല്പര്യമെടുക്കുന്നവരെ തുറന്നു കാണിക്കാൻ സഹായകമാണ്.
2)കെ.ടി.മുഹമ്മദ്
കെ. ടി. മുഹമ്മദിൻ്റെ നാടകങ്ങൾ (ഇത് ഭൂമിയാണ്, ഊരും പേരും, അച്ഛനും ബാപ്പയും, പെൻഡുലം തുടങ്ങിയവ) മനുഷ്യൻ്റെ ദൈനംദിന ജീവിതത്തെ അപഗ്രഥിച്ചു .എന്നാൽ അദ്ദേഹം വർത്തമാനം പറയുന്നതു പോലും ഒരു കലാശില്പമായിരുന്നു.
3) മോഹൻ രാഘവൻ
ടി .ഡി .ദാസൻ സ്റ്റാൻഡേർഡ് 6 ബി എന്ന ഒരൊറ്റ സിനിമയിലൂടെ പുതിയ ക്രാഫ്റ്റ് അവതരിപ്പിച്ച സംവിധായകനാണ് മോഹൻ രാഘവൻ .പതിനഞ്ച് സിനിമകൾ ചെയ്തവർക്ക് പോലും സ്വന്തം ക്രാഫ്റ്റ് ഇല്ലാത്ത പശ്ചാത്തലത്തിൽ ഇതിനു ഉന്നത മൂല്യമുണ്ട്.
4)ആർ .നരേന്ദ്രപ്രസാദ്
നരേന്ദ്രപ്രസാദിൻ്റെ നിരീക്ഷണങ്ങൾ വളരെ സൂക്ഷ്മമായിരുന്നു. ആധുനികതയും മാർക്സിസവും ചേരുന്ന ഒരു പുതിയ ഭാവുകത്വത്തെക്കുറിച്ച് എൺപതുകളിൽ അദ്ദേഹം സൂചന തന്നിരുന്നു. എന്നാൽ അത് പിന്നീട് വികസിച്ചില്ല.
5)എ.അയ്യപ്പൻ
അധികാര സ്ഥാപനങ്ങളുടെ ഭാഗമാകാൻ മത്സരിക്കുന്നവർക്കിടയിൽ, സകലതും ഉപേക്ഷിച്ചു ആത്മാവിൻ്റെ പരിവ്രാജകത്വം അന്വേഷിച്ചിറങ്ങുകയാണ് അയ്യപ്പൻ ചെയ്തത് .
നോവൽ
കേരളത്തിൽ വർദ്ധിച്ചുവരുന്ന ആത്മഹത്യയുടെ പിന്നിലെ കാരണങ്ങളെക്കുറിച്ച് ഗവേഷണം ചെയ്ത് പുസ്തകം പ്രസിദ്ധീകരിച്ച ബാബു പെരളശ്ശേരി ഒഴുക്കിനെതിരെ തുഴയുന്ന എഴുത്തുകാരനാണ്. അദ്ദേഹത്തിൻ്റെ പുതിയ നോവലാണ് 'നിങ്ങൾ മറന്നിട്ടു പോയ പേന '.(വിസ്മയ ബുക്സ് ,തിരുവനന്തപുരം). സമകാല സാമൂഹിക ജീവിതത്തിലെ സംഘർഷങ്ങളെ സ്വന്തം നിലയിൽ വിലയിരുത്തുന്ന ഈ നോവൽ പുതിയ ധർമ്മസങ്കടങ്ങൾ അനുഭവിക്കുന്നവരെ അഭിസംബോധന ചെയ്യുകയാണ് .
മാറിയ ലോകത്ത് മനുഷ്യബന്ധങ്ങൾ അസ്തമിക്കുന്നതും ജീവിതം തന്നെ വിഷമവൃത്തമാകുന്നതും നോവലിൽ ചർച്ച ചെയ്യുന്നു. ചിതലരിക്കുന്ന മഹാസംസ്കാരത്തിൻ്റെ ദുരന്ത വാർത്തകളാണ് നോവൽ നിറയെ . ആത്മാർത്ഥതയോടെ എഴുതിയ കൃതിയാണിത് ;ഒരു അധികാരവ്യവസ്ഥയുടെയും പിന്തുണയില്ലാതെ .
ഫെർലിംഗെറ്റി പുസ്തകക്കട
അമേരിക്കൻ കവി ലോറൻസ് ഫെർലിംഗെറ്റിയുടെ 'സിറ്റി ലൈറ്റ്സ്' എന്ന പുസ്തകശാല അവിടുത്തെ ഒരു സാംസ്കാരികകേന്ദ്രം കൂടിയാണ്. അദ്ദേഹം എഴുത്തുകാരുടെ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചത് മുഖ്യധാരയിലെ പിടിപാട് നോക്കിയല്ല. അവർ എത്രത്തോളം മെരുങ്ങാത്തവരും നിഷേധികളും ഒറ്റയ്ക്ക് നടക്കുന്നവരും സ്വതന്ത്രരുമാണെന്നതിൻ്റെ അടിസ്ഥാനത്തിലാണ്. ഈ പുസ്തകശാലക്കുറിച്ച് നൗഷാദ് എഴുതിയ ലേഖനം (വെളിച്ചത്തിൻ്റെ സമാഹാരങ്ങൾ ,സാഹിത്യചക്രവാളം, നവംബർ ) അന്യാധീനപ്പെട്ട ഒരു സാഹിത്യസംസ്കാരത്തിൻ്റെ തിരിച്ചുവരവിനെപ്പറ്റി ഓർമ്മിപ്പിച്ചു. ലേഖനത്തിൽ എം.എൻ.വിജയൻ ഈ പ്രസാധനാലയത്തെപ്പറ്റി പറഞ്ഞ വാക്കുകൾ ഉദ്ധരിക്കുന്നുണ്ട്: ''എം.ടി.വാസുദേവൻനായർ അമെരിക്കയിൽ പോയപ്പോൾ ഫെർലിം ഗെറ്റിയുടെ പുസ്തകക്കട സന്ദർശിക്കുന്നുണ്ട്.ഇത് ഒരു കലാകാരൻ്റെ അവസ്ഥയെക്കുറിച്ചുള്ള പ്രഖ്യാപനമാണ്. ഒരു എഴുത്തുകാരൻ എങ്ങനെ അംഗീകൃത സമുദായത്തിൻ്റെ പുറംതാളുകളിൽ ജീവിക്കുന്നു എന്ന്, എങ്ങനെ തിരസ്കൃതനായ ഒരു എഴുത്തുകാരൻ തൻ്റേതായ മറുലോകം ഉണ്ടാക്കുന്നു എന്ന് " ഇത് വ്യക്തമാക്കുന്നു.
ഇതു പക്ഷേ ,നമുക്കും പരീക്ഷിക്കാവുന്നതാണ് ;എല്ലാ സുരക്ഷയോടെയും കഴിയുന്ന എഴുത്തുകാരെ വിട്ടു സ്വന്തം നിലയിൽ എഴുതുന്നവരെ സ്നേഹിച്ചുകൊണ്ട്.
Friday, November 20, 2020
Thursday, November 19, 2020
Tuesday, November 17, 2020
അക്ഷരജാലകം/എം.കെ.ഹരികുമാർ/ക്ളാസിക്കൽ അനുഭവങ്ങൾക്ക് ബദൽ/metrovartha sept 21
| |||
സാഹിത്യം ഒരു സങ്കല്പമായി കാണേണ്ട. അത് നമ്മുടെ അനുഭവമാണ്. യഥാർത്ഥമാണത്. കാരണം, ഒരു വായനക്കാരനെന്ന നിലയിൽ ഒരാൾ പലതിൻ്റെയും കലർപ്പാണ്. ജീവിച്ചിരിക്കുന്നവരും അല്ലാത്തവരുമായ പലരും അയാളിലുണ്ട്. കുടുംബാംഗങ്ങൾ ,കഥാപാത്രങ്ങൾ ,വാർത്തകൾ ,സിനിമകൾ തുടങ്ങി പലതും ചേർന്നതാണ് വ്യക്തി.
ഉറൂബിൻ്റെ 'സുന്ദരികളും സുന്ദരന്മാരും' വായിക്കുന്ന ഒരാൾ ആ നോവലിൻ്റെ 'നിഴൽ' എഴുത്തുകാരനായി മാറും. നിഴൽ എഴുത്തുകാരൻ എന്നാൽ യഥാർത്ഥ എഴുത്തുകാരൻ്റെ പകർപ്പിനു തുല്യമായ ഒരു പ്രതീതിയാണ്. വായനക്കാരൻ ഈ നോവൽ ഉള്ളിൽ വഹിക്കുകയാണ്. നോവൽ എഴുതി പുറത്തു വന്ന ശേഷം, ഒരാൾ വായിച്ചാൽ നോവലിസ്റ്റും വായനക്കാരനും ഒരേ നോവലാണ് വഹിക്കുന്നത്. വായിക്കുന്ന ആൾ കൃതിയുടെ രചയിതാവായി (നിഴൽ ) മാറുകയാണ്.അങ്ങനെ അത് വായനക്കാരൻ്റെ യാഥാർത്ഥ്യമാകുന്നു.
ക്ളാസിക്കൽ സങ്കല്പം മാറുന്നു
ഇവിടെ പറയാൻ ഉദ്ദേശിക്കുന്നത് ഒരു നോവൽ പോലെ അഖണ്ഡമായ ,ആദിമധ്യാന്തങ്ങളുള്ള ,നിശ്ചിതമായ ഘടനയുള്ള ,ലക്ഷ്യമുള്ള ,കാലഗണനയുള്ള ഒരനുഭവമല്ല ഈ നൂറ്റാണ്ടിലെ പ്രേക്ഷകനു നേരിടാനുള്ളതെന്നാണ് .പുതിയ കാലം ആദിമധ്യാന്തങ്ങളുള്ള ,പ്രത്യേക ആശയ വ്യക്തിത്വമുള്ള അനുഭവങ്ങളെ നിരാകരിക്കുകയാണ്.
ഉറൂബിൻ്റെ നോവൽ ആദ്യ പേജ് തൊട്ടു വായിക്കണം .അവസാന പേജിലാണ് അവസാനിപ്പിക്കേണ്ടത്. അമ്പതാം പേജ് മുതൽ നൂറ്റിപ്പത്താം പേജ് വരെയുള്ള വായനയ്ക്ക് പ്രസക്തിയില്ല;അർത്ഥശൂന്യമാണത്. നളചരിതം കഥകളി അഖണ്ഡമായ ശില്പമാണ്.പൂർണമായി കാണുമ്പോഴാണ് അത് അനുഭവമാകുന്നത് .അത് ഇടയ്ക്ക് വച്ച് മുറിച്ചെടുക്കാൻ പാടില്ല.അതുകൊണ്ടു പ്രയോജനവുമില്ല. നോവൽ എത്ര പേജുണ്ടോ അത് മുഴുവൻ വായിക്കുമ്പോഴാണ് അതിന് അസ്തിത്വമുണ്ടാകുന്നത്. ആ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനു വേണ്ടിയാണ് അത് എഴുതപ്പെട്ടിരിക്കുന്നത്. ഇതാണ് മനുഷ്യൻ്റെ ക്ളാസിക്കൽ കലാനുഭവത്തിൻ്റെ കാതൽ. ഇത് ഈ നൂറ്റാണ്ട് അട്ടിമറിച്ചരിക്കുന്നു.
ഇന്ന് വിസ്തൃതമായ ,അഖണ്ഡമായ, ദീർഘിച്ച അനുഭവങ്ങൾക്ക് ബദലായി എസ്.എം.എസുകളും ലൈവ് ചാറ്റിംഗും ഫോൺ ഇൻ പ്രോഗ്രാമും വെബിനാറും ലിങ്കുകളും ഹൈപ്പർ ലിങ്കുകളും ബിനാലെകളുമാണ് ഉയർന്നു വന്നിട്ടുള്ളത്. ഇതെല്ലാം ഒരാൾക്ക് ഉപയോഗിച്ച് വലിച്ചെറിയാവുന്ന അനുഭവങ്ങളുടെ ചെറിയ തുണ്ടുകളാണ്. ബിനാലെയിൽ നൂറുകണക്കിനു കലാ നിർമ്മിതികളും പ്രദർശനങ്ങളും കണ്ടിറങ്ങുന്ന ഒരാൾ ഒരു സമസ്യയും നേരിടാതെ ,ആ ദൃശ്യങ്ങളെ അവിടെ ഉപേക്ഷിച്ചു മടങ്ങുകയാണ്. എന്നാൽ വിക്ടർ യൂഗോയുടെ 'പാവങ്ങൾ' വായിക്കുന്ന ഒരാൾക്ക് അത് എവിടെയെങ്കിലും ഉപേക്ഷിച്ചു പോകാനാവില്ല. കാരണം അത് ബൃഹത്തും ദൈർഘ്യമുള്ളതും ഗാഢവുമായ ഒരു സൗന്ദര്യാത്മക സമസ്യയാണ്.
ഗൂഗിളും ചെമ്മീനും
ഇൻ്റർനെറ്റും ഗൂഗിളും മനുഷ്യാനുഭവങ്ങളെ ചിതറിക്കാൻ ഇടയാക്കി .ഗൂഗിൾ ഒരു പരതലിൻ്റെ സ്വാതന്ത്ര്യമാണ് നല്കിയത്.അനുവാചകൻ ,പ്രേക്ഷകൻ ,ഉപയോക്താവ്, വായനക്കാരൻ എല്ലാം ഒന്നായിക്കഴിഞ്ഞു.കേസരി ബാലകൃഷ്ണ പിള്ളയെപ്പോലെയോ ,എം.പി.ശങ്കുണ്ണി നായരെപ്പോലെയോ ഉള്ള വായനക്കാർ ഇനിയില്ല .ഗൂഗിളിൽ വായനക്കാരൻ്റെ സ്വഭാവഹത്യയാണ് നടക്കുന്നത്. ഏത് വഴിക്ക് കയറിയാലും വിവിധ തരം ലിങ്കുകൾ വന്ന് വശീകരിച്ചു കൊണ്ടുപോകും.പല രുചികൾ ഒരു പാത്രത്തിലിരുന്ന് വിളിക്കുന്നതു പോലെയാണ് ഗൂഗിൾ വിടരുന്നത്. അത് പാഞ്ചാലിയുടെ വസ്ത്രം പോലെ ,ഒരിക്കലും അവസാനിക്കില്ല. ഒരാൾക്കും അത് പൂർണമായി നോക്കാനാവില്ല. ഗൂഗിൾ പരതലിൻ്റെ ലോകം ഒരാളുടെ ജീവിതത്തേക്കാൾ ,മാനവരാശിയേക്കാൾ അനേകം മടങ്ങ് വലുതാകുകയാണ് ഓരോ ഘട്ടത്തിലും.ഗൂഗിളിന് ഒന്നാം പേജില്ല, തകഴിയുടെ 'ചെമ്മീൻ' എന്ന നോവലിനു ഒന്നാം പേജുണ്ട്. ഓരോ തിരച്ചിലുകാരനും ഗൂഗിൾ ഓരോന്നാണ്. അത് പിന്നീട് ആവർത്തിക്കുന്നതല്ല.'ചെമ്മീൻ' എല്ലാവർക്കും ഒരുപോലെയാണ്. തിരച്ചിൽ അനിശ്ചിതമായ ഒരു മനോനിലയിൽ നിന്നാണ് ഉണ്ടാകുന്നത്. രണ്ടു പേർ ഗൂഗിളിൽ കയറുന്നതും ഇറങ്ങുന്നതും രണ്ടു തരത്തിലാണ്. എന്നാൽ 'ചെമ്മീനി'ൽ അത് സാധ്യമല്ല .ഈ വ്യത്യാസമാണ് വർത്തമാനകാലത്തെ അനുഭവങ്ങൾ ആദിമധ്യാന്തമില്ലാത്തതാണെന്ന് തെളിയിക്കുന്നത്.
കമ്പ്യൂട്ടർ ഗെയിമിൽ കളിക്കുന്നവൻ്റെ മനോനിലയനുസരിച്ചാണ് കളി നടക്കുന്നത്.ഇൻ്റർനെറ്റിൽ ഇതിനു സമാനമാണ് അവസ്ഥ.പ്രേക്ഷകൻ്റെ ,വിവരദാഹിയുടെ ഊഴമാണിത്. അവൻ വ്യക്തിത്വം തലയിൽ ചുമന്നുകൊണ്ടു നടക്കുന്നവനല്ല. അവൻ വിനോദവും വിവരവും ഉപയോഗിച്ച ശേഷം വലിച്ചെറിയുന്നവനാണ്. ഇതാണ് പുതിയ മാനസികാസ്ഥ. വിശ്വാസം ,പ്രണയം തുടങ്ങിയവയും ഇതുപോലെ വലിച്ചെറിയപ്പെടുകയാണ്. അതുകൊണ്ടാണ് പ്രണയ കൊലപാതകങ്ങൾ വർധിച്ചത്. വിനോദമില്ലെങ്കിൽ ഒന്നിനും നിലനില്പ് ഇല്ലത്രേ.വാഹനാപകടങ്ങളിൽ ആളുകൾ മരിക്കുന്നതു പോലും വീഡിയോ ആയി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു.
നിഴൽ വ്യക്തിത്വമല്ല
ഇന്നത്തെ പ്രേക്ഷകൻ പാരമ്പര്യത്തിൻ്റെയോ തടിച്ച ഗ്രന്ഥങ്ങളുടെയോ നിഴൽ വ്യക്തിത്വമല്ല. അവൻ ആശയങ്ങളുടെയും ചരിത്രത്തിൻ്റെയും ഭാരം ഇഷ്ടപ്പെടുന്നില്ല. അവൻ്റെ വൈകാരിക ഭാരം വളരെ വലുതായതാണ് ഇതിനു കാരണം. അവൻ ഓരോ നിമിഷവും വിവിധ മാധ്യമങ്ങളിൽ ഇടപെടുന്നതാകയാൽ അതിൻ്റെ സംഘർഷമനുഭവിക്കേണ്ടി വരുന്നു. അനാവശ്യമായി പിരിമുറുക്കത്തിനു വിധേയനാകുന്നു. അയാൾക്ക് പ്രിയം സ്വന്തം അനുഭവങ്ങളുടെ തുണ്ടുകളുമായി കഴിയാനാണ്.ഒരു റിംഗ്ടോൺ സംഗീതം ,മൊബൈൽ ഫോൺ വാൾപേപ്പർ , വാട്സപ്പ് വീഡിയോ ,പാട്ടുകൾ , വാർത്തകൾ ,അശ്ലീല പോസ്റ്റുകൾ ,തെറികൾ ,കോമഡി ഷോകൾ ,പരസ്യങ്ങൾ ,റേഡിയോ ജോക്കികളുടെ സംഭാഷണം ,യു ട്യൂബ് ചിത്രങ്ങൾ ... ഇതെല്ലാം ഇന്നത്തെ പ്രേക്ഷകൻ്റെ ചിതറിയ നേർ ചിത്രങ്ങളാണ്.ഇതിനൊന്നും ആദിമധ്യാന്തമില്ല. പ്രേക്ഷകനു പഴയ സ്ഥൂലമായ ,വിഘടിപ്പിക്കാനാവാത്ത ,ശില്പസമാനമായ ക്ളാസിക്കൽ അനുഭവങ്ങൾക്ക് പകരം നൈമിഷികവും സ്വതന്ത്രവും എപ്പോൾ വേണമെങ്കിലും അവസാനിപ്പിക്കാവുന്നതും സ്വയം നിയന്ത്രിക്കാവുന്നതും സാഹസികവും പുതുമ നിറഞ്ഞതുമായ ജീവിത സന്ദർഭങ്ങളാണ് ലഭിക്കുന്നത്. ഇതെല്ലാം ചേർന്നതാണ് അവൻ്റെ യാഥാർത്ഥ്യം.
വാക്കുകൾ
1) ദൈവത്തിനു നന്ദി;ഞാനിപ്പോഴും ഒരു നിരീശ്വരവാദിയാണ്.
ലൂയി ബുനുവൽ ,
(സ്പാനീഷ് ,മെക്സിക്കൻ ചലച്ചിത്ര സംവിധായകൻ)
2) പണമുപയോഗിച്ച് വാങ്ങാൻ കഴിയുന്ന കാര്യങ്ങളിൽ പണം ചെലവഴിക്കുക; എന്നാൽ പണംകൊണ്ട് വാങ്ങാനാവാത്ത കാര്യങ്ങളിൽ നിങ്ങളുടെ സമയം ചെലവഴിക്കുക.
ഹാറുകി മുറകാമി,
(ജാപ്പനീസ് എഴുത്തുകാരൻ )
3)കവിത വികാരങ്ങളുടെ കുത്തൊഴുക്കല്ല;അതിൽ നിന്നുള്ള രക്ഷപ്പെടലാണ് .അത് വ്യക്തിത്വത്തിൻ്റെ പ്രകാശനമല്ല;അതിൽ നിന്നുള്ള രക്ഷപ്പെടലാണ്. വ്യക്തിത്വവും വികാരവുമുള്ളവർക്ക് ഇതിൽ നിന്ന് രക്ഷപ്പെടുന്നത് എങ്ങനെയാണെന്നറിയാം.
ടി.എസ്.എലിയറ്റ് ,
(ഇംഗ്ളീഷ് കവി)
4)വില്ലൻ എത്രകണ്ട് വിജയിക്കുന്നുവോ അത്രത്തോളം സിനിമയും വിജയിക്കും.
ആൽഫ്രഡ് ഹിച്ച്കോക്ക് ,
(ഇംഗ്ളീഷ് ചലച്ചിത്ര സംവിധായകൻ)
5)പല മതങ്ങളും പഠിക്കുന്ന ഒരു വിദ്യാർത്ഥിയായാണ് ഞാൻ എന്നെ കാണുന്നത്. പഠിക്കുന്തോറും കൂടുതൽ ചോദ്യങ്ങൾ ഉണ്ടാവുകയാണ്. ആത്മീയമായ അന്വേഷണം ജീവിതകാലമത്രയും നീളുന്ന ഒരു പണിയാണ്.
ഡാൻ ബ്രൗൺ ,
അമെരിക്കൻ നോവലിസ്റ്റ്
കാലമുദ്രകൾ
1)വിക്ടർ ലീനസ്
കഥാപാത്രങ്ങൾ ആന്തരിക മനസ്സുള്ളവരാണെന്നും അവർ ഓരോ നിമിഷവും തനിച്ച് ജീവിക്കുകയാണെന്നുമുള്ള അറിവ് നേടിയതിനു ശേഷമാണ് വിക്ടർ ലീനസ് കഥയെഴുതാനിരുന്നത്.
2) പി.കെ.ബാലകൃഷ്ണൻ
ഒരു മികച്ച നോവൽ പല തലങ്ങളിൽ ,അർത്ഥങ്ങളിൽ വായിക്കാൻ കഴിയുന്നതാണെന്നും മഹത്തായ കല പലപ്പോഴും അവ്യക്തമാണെന്നും പറഞ്ഞ പി.കെ.ബാലകൃഷ്ണൻ നവീനകലയെയാണ് സ്പർശിച്ചത്.
3)നരേന്ദ്രപ്രസാദ്
'പതിനൊന്ന് കഥകൾ'ക്കും കടമ്മനിട്ടയുടെ കവിതകൾക്കും അവതാരിക എഴുതിയ നരേന്ദ്രപ്രസാദിനെ നമുക്ക് നഷ്ടപ്പെടാനിടയാക്കിയത് അദ്ദേഹത്തിൻ്റെ അഭിനയമോഹമാണ്.
4)ജയഭാരതി
ഭരതൻ്റെ സംവിധാനത്തിൽ ജയഭാരതി അഭിനയിച്ചത് വിരലിലെണ്ണാവുന്ന ചിത്രങ്ങളിൽ (രതിനിർവ്വേദം,ഗുരുവായൂർ കേശവൻ ,സന്ധ്യമയങ്ങും നേരം ) മാത്രമാണ്. ജയഭാരതിയും ഭരതനും ചേർന്നാൽ റൊമാൻറിക് സെക്സിൻ്റെ സൗന്ദര്യാത്മകമായ മാജിക് സംഭവിക്കുമായിരുന്നു.അത് ശരിക്കും മിസ് ചെയ്യുന്നുണ്ട്.
5)ജോയ് മാത്യൂ
കെ.എസ്.സേതുമാധവൻ സംവിധാനം ചെയ്ത 'അരനാഴികനേരം' മലയാളത്തിലുണ്ടായ ലോകനിലവാരമുള്ള സിനിമയാണെന്ന നടൻ ജോയ് മാത്യുവിൻ്റെ അഭിപ്രായം നമ്മുടെ ചലച്ചിത്ര ചർച്ചകൾക്കിടയിൽ കാതൽ തെളിഞ്ഞു വരുന്നതിൻ്റെ ലക്ഷണമാണ്.
ഓരോ പുസ്തകവും
'കുറ്റവും ശിക്ഷയും 'എഴുതിയ അനൂപ് അന്നൂർ (ചന്ദ്രിക ആഴ്ചപ്പതി പ്പ് ,ജൂലൈ 18 ) വളരെ പരിചിതമായ വിഷയത്തെ സൂക്ഷ്മമായ ചിന്തകളോടെ ഉജ്വലമാക്കി. ധാരാളം പുസ്തകങ്ങൾ അച്ചടിച്ച് വിറ്റ് ജീവിതത്തിൽ നശിച്ച ഒരു പ്രസാധകൻ്റെ മരണശേഷം അയാളുടെ ഭാര്യ അനുഭവിക്കുന്ന വ്യഥയും പ്രതിസന്ധിയുമാണ് വിഷയം. അവർ പിന്നീട് പുസ്തകങ്ങൾ കത്തിച്ചുകളയുകയാണ് പതിവ് .വീട്ടിൽ പുസ്തകം കൊണ്ടുവന്നാൽ മകനെ ശകാരിക്കും. എന്നാൽ മകന് യാദൃച്ഛികമായി ഒരു ഡോക്ടർ ദസ്തയെവ്സ്കിയുടെ 'കുറ്റവും ശിക്ഷയും 'വായിക്കാൻ കൊടുക്കുന്നതോടെ അവൻ ആകെ മാറുന്നു. അവന് പുസ്തകങ്ങളിലെ അമൃത് സാവധാനം ബോധ്യമാകുന്നു. കഥാകൃത്ത് എഴുതുന്നു: "മനുഷ്യന്മാരെപ്പോലെ മണ്ണിലുള്ള ഓരോ പൊട്ടും പൊടിയും അത് അർഹതപ്പെട്ടവരെ കാത്തിരിക്കുന്നു ...പുസ്തകങ്ങളും ".
വളരെ കരുതലോടെ ,സൗമ്യമായി കഥാകൃത്ത് അനൂപ് ജീവിതത്തിൻ്റെ വലിയൊരു രഹസ്യം അനാവൃതമാക്കിയിരിക്കുന്നു.
പത്മനാഭൻ്റെ കഥയെക്കുറിച്ച്
ടി.പത്മനാഭൻ്റെ കഥയിലെ വൈകാരിക പ്രപഞ്ചത്തിനു അതിൻ്റേതായ ശുദ്ധതയും ലക്ഷ്യവുമുണ്ട്. അദ്ദേഹത്തിൻ്റെ കഥകളെക്കുറിച്ച് രാജേന്ദ്രൻ എടത്തുംകര എഴുതിയ 'ടി.പത്മനാഭൻ ഒരു സമീപദൃശ്യം' (സാഹിത്യചക്രവാളം, സെപ്റ്റംബർ ) എന്ന ലേഖനം ആത്മശോഭയോടെ നില്ക്കുകയാണ്.അദ്ദേഹം എഴുതുന്നു: ''പ്രണയത്തെ എഴുതുമ്പോൾ പോലും പത്മനാഭനിൽ ,കേവല മസൃണതയുടെ ലോല പുഷ്പങ്ങളല്ല ,ഭൂതദയയും കരുണയുമാണ് പുഷ്പിക്കുന്നത്. "
ഇതിനോട് ആരും വിയോജിക്കില്ല. പത്മനാഭൻ്റെ കഥയിലെ ഒരു വാക്യം ഇങ്ങനെയാണ്: ''ഞാൻ കവിയും അവൾ എൻ്റെ ഭാവനയ്ക്കപ്പുറമുളള ആശയവുമായിരുന്നു."
പത്മനാഭൻ എഴുതിയ 'സത്രം' (മാതൃഭൂമി ഓണപ്പതിപ്പ് ) വായിച്ചാലും ഇത് വ്യക്തമാവും .ഇവിടെ കൃഷിയും കവിതയും പ്രകൃതിയും സ്നേഹ ബന്ധങ്ങളുമെല്ലാമാണ് കഥയായി രൂപാന്തരപ്പെടുന്നത് .
| |||
അക്ഷരജാലകം/എം.കെ.ഹരികുമാർ/വാക്കുകളെ സംവേദനക്ഷമമാക്കുന്നത് /metrovartha sept 21
കഴിഞ്ഞ ആഴ്ച 'അക്ഷരജാലക 'ത്തിൽ ടി.പത്മനാഭൻ്റെ കഥയെക്കുറിച്ച് എഴുതിയിരുന്നല്ലോ. ഇതിനെപ്പറ്റി ഒരു വായനക്കാരൻ ചോദിച്ചത് ,താങ്കൾ ഉത്തര- ഉത്തരാധുനിക സാഹചര്യങ്ങളെക്കുറിച്ച് പറയുന്നതിനിടയിൽ പത്മനാഭൻ്റെ കഥയെ പ്രശംസിക്കുന്നത് അർത്ഥശൂന്യമല്ലേ എന്നാണ്.
ഞാൻ വായനക്കാരനോട് ആദ്യമേ പറഞ്ഞ ഒരു കാര്യം ,ഏത് പ്രസ്ഥാനമായാലും സൗന്ദര്യം എന്നൊരു അനുഭൂതി തരുന്നില്ലെങ്കിൽ രചന അപ്രസക്തമാകുമെന്നാണ്. നിങ്ങൾക്ക് ഏത് കാലത്തേക്കും സഞ്ചരിച്ച് എഴുതാം. പക്ഷേ ,എഴുതുമ്പോൾ അതിൽ കാമ്പുണ്ടാകുന്നതിനൊപ്പം സൗന്ദര്യാത്മകതയും വേണം. എന്താണ് സൗന്ദര്യം? എഴുതുന്നതിൽ ശൈലി, മൂല്യം ,ബുദ്ധി ,കല ,തത്ത്വചിന്ത എന്നിവയുടെ ഏറ്റവും ആനന്ദകരമായ അനുഭൂതി നിറയണം. ഇത് അനുകരണം കൊണ്ട് ഉണ്ടാവുകയില്ല.
പത്മനാഭൻ എഴുതുന്നത് സാധാരണ ജീവിതത്തിൽ കാണുന്ന സംഭവങ്ങളൊക്കെയാണ്. എന്നാൽ മിക്കവാറും അതിൽ വായിക്കാൻ രസമുണ്ടാകും.പത്മനാഭൻ്റെ അത്രയും രസം പകരാൻ കഴിവുള്ള കഥാകൃത്തുക്കൾ പുതിയ തലമുറയിൽ കുറവാണ് .പലരുടെയും മനസ്സ് വരണ്ടു പോയിരിക്കുന്നു. ആശയ ദാരിദ്ര്യം ഭയപ്പെടുത്തുന്നതാണ്.പലർക്കും ഭാഷയില്ല .അത് അവരുടെ കഥകൾ വായിച്ചു തുടങ്ങുന്നതോടെ ബോധ്യപ്പെടും. മിക്കവരും സ്വന്തം കഥകൾ മാത്രമാണ് വായിക്കുന്നത്. ഏതെങ്കിലും ഒരു വിദേശ സാഹിത്യകൃതി വായിച്ചതിൻ്റെ ലക്ഷണം കാണാനില്ല.കഥയുടെ നവീനമായ ക്രാഫ്റ്റിനെക്കുറിച്ച് യാതൊന്നുമറിയാത്തതു കൊണ്ടാണ് ഓണപ്പതിപ്പ് കഥാകാരന്മാർ കൂട്ടത്തോടെ പരാജയപ്പെട്ടത്.കെ.പി.രാമനുണ്ണിക്ക് ഒന്നും പറയാനില്ലാത്തതുകൊണ്ട് ഒരു കഥയിൽ ശ്രീനാരായണഗുരുവിനെ ആക്ഷേപിക്കുകയാണ് ചെയ്തത് .
സാഹിത്യരചന വെറും വരണ്ട ആഖ്യാനമല്ല ;അത് സൗന്ദര്യാനുഭൂതിയാണ് വായനക്കാരന് നല്കേണ്ടത്.വികാരം കുത്തി ഒഴുക്കിയാൽ തരം താഴും.ഔചിത്യത്തോടെ വൈകാരികമായ ആഴം നല്കണം. വിവേകപൂർവ്വമായ ഒരു സമീപനം അതിനാവശ്യമാണ്.
ആധുനികത ആർത്തവമോ ?
പെരുമ്പടവം ഓണക്കാലത്തെഴുതിയ രണ്ടു കഥകൾ വായനക്കാർ ശ്രദ്ധിക്കാതിരിക്കില്ല. 'ഒരു സങ്കീർത്തനം പോലെ' എന്ന നോവലിലൂടെ ധാരാളം വായനക്കാർക്ക് പ്രിയപ്പെട്ടയാളാണ് പെരുമ്പടവം. തീക്കനൽ തിന്നുകയും നിലാവ് കുടിക്കുകയും ചെയ്യുന്ന പക്ഷി (ജന്മഭൂമി ഓണപ്പതിപ്പ് ), തനിക്കുള്ള കുരിശും പണിത് ഒരാൾ (പ്രസാധകൻ) എന്നീ കഥകളിലൂടെ പെരുമ്പടവം തൻ്റെ ആത്മസംഘർഷങ്ങൾ ആവിഷ്കരിക്കുകയാണ്. ആദ്യത്തെ കഥയിൽ സുന്ദരിയായ ഒരു വീട്ടമ്മയ്ക്ക് പരപുരുഷനുമായുള്ള പ്രണയമാണ് വിഷയം. അവർ മനസിൽ നീറ്റലുമായി കാമുകൻ്റെയടുത്തേക്ക് വരുന്നു. വൈകിയാണെങ്കിലും പ്രണയനാടകം ഒരു പരീക്ഷണമായിരുന്നെന്ന് തിരിച്ചറിഞ്ഞ് അവർ തൻ്റെ വൃദ്ധനായ ഭർത്താവിനെ തന്നെ മതി എന്നു പറഞ്ഞ് തിരിച്ചു പോകുന്നു.സാമൂഹ്യനിയമങ്ങളും സർക്കാരും എല്ലാ പ്രണയങ്ങൾക്കും എതിരാണ്. കാമുകീകാമുകന്മാർ സിംഹങ്ങളാണെങ്കിലും വെവ്വേറെ കൂടുകളിൽ കഴിഞ്ഞാൽ മതി.പൊലീസ് പ്രണയത്തെ മാത്രമല്ല ,പ്രണയവുമായി ബന്ധമുള്ള സ്മാരകങ്ങളെയും നശിപ്പിക്കും.
വൈക്കം മുഹമ്മദ്ബഷീറിൻ്റെ 'മതിലുകൾ' എന്ന കൃതി പ്രശസ്തമാണല്ലോ. ശിക്ഷിക്കപ്പെട്ട് സെൻട്രൽ ജയിലിലെത്തിയ ബഷീർ യാദൃച്ഛികമായി തൻ്റെ താമസസ്ഥലത്തിനടുത്ത്, കൂറ്റൻ മതിലിനപ്പുറമുള്ള ഒരു സ്ത്രീതടവുകാരിയായ ഇരുപത്തിരണ്ടു വയസ്സുള്ള നാരായണിയുമായി പ്രണയത്തിലാകുന്നതാണ് കഥ. കുറ്റവാളികളാണെങ്കിലും മനഷ്യമനസ്സിൻ്റെ ഏറ്റവും നിർമ്മലമായ ഭാവങ്ങൾ അവിടെ പ്രത്യക്ഷമാവുന്നു. ബഷീർ പൂക്കളുള്ള റോസാചെടി ആ മതിലിനു മുകളിലൂടെ നാരായണിക്ക് എറിഞ്ഞു കൊടുത്തു. ചുള്ളിക്കമ്പ് മുകളിലേക്ക് എറിഞ്ഞു കാണിച്ചാണ് അവർ പ്രേമിച്ചത്.എന്നാൽ ആ മതിൽ പിന്നെയും ഉയരം കൂട്ടി പണിതതായി റിട്ടയർഡ് പൊലീസ് ഉദ്യോഗസ്ഥൻ അലക്സാണ്ടർ സമീപകാലത്ത് ഒരു ലേഖനത്തിലൂടെ അറിയിച്ചിരുന്നു. ഇനി തടവുകാരായി വരുന്നവർ ബഷീറിനെയും നാരായണിയെയും പോലെ പ്രേമിക്കുന്നത് തടയാനാണ് ആ മതിലിൻ്റെ ഉയരം ആകാശത്തിലേക്ക് ഉയർത്തിയതെന്നാണ് ന്യായം!
ടി.പത്മനാഭനും പെരുമ്പടവവും എഴുതുന്ന കഥകളിൽ അവർ പ്രധാന കഥാപാത്രമായി വരുകയാണ്. അവർ സ്വന്തം അനുഭവകഥകൾ എഴുതുന്നു. ബഷീർ പാരമ്പര്യമാണിത്.പത്മനാഭൻ്റെ കഥകളിൽ അദ്ദേഹം ട്രെയിനിൽ സഞ്ചരിക്കുമ്പോൾ കണ്ടുമുട്ടുന്ന ആരാധകരുമായുള്ള ബന്ധമാണ് ചിത്രീകരിക്കുന്നത്. പെരുമ്പടവം തന്നെ വേട്ടയാടുന്ന ആകുലതകളാണ് പറയുന്നത്.ഇവർ രണ്ടു പേരും ഈ കഥകളിലൂടെ തങ്ങളുടെ വിമർശകർക്ക് പരോക്ഷമായും പ്രത്യക്ഷമായും മറുപടി കൊടുക്കുന്നുമുണ്ട്. പെരുമ്പടവത്തിൻ്റെ 'തനിക്കുള്ള കുരിശും പണിഞ്ഞ് ഒരാൾ' എന്ന കഥയിൽ ,വർഷങ്ങൾക്ക് ശേഷം വീട്ടിലേക്ക് മടങ്ങി വരുന്ന ഒരു കമ്മ്യൂണിസ്റ്റ് വിപ്ലവകാരി ഒരു ചോദ്യാവലി പോലെ നില്ക്കുകയാണ്. താനൊരു ഉത്തരാധുനിക കഥാകൃത്തല്ലെന്ന് ഈ കഥയിൽ കഥാകൃത്ത് പല പ്രാവശ്യം എടുത്ത് പറയുന്നുണ്ട്.കഥ പറയുന്നതിനിടയിൽ കഥാകൃത്തും കഥാപാത്രവും രണ്ടായി നില്ക്കുന്ന സന്ദർഭങ്ങളുമുണ്ട്. എഴുതി വച്ച കഥയാണ് പറയുന്നത്.എഴുതി വയ്ക്കുന്നത് പെരുമ്പടവമാണ്. എഴുതി വച്ച കഥയിലെ നായകനും പെരുമ്പടവമാണ്. ഈ ഘടന ഉത്തരാധുനികമാണല്ലോ. എന്നിട്ടും അദ്ദേഹം ആധുനികത ,ഉത്തരാധുനികത തുടങ്ങിയ താത്ത്വിക കലാ പദ്ധതികളെയെല്ലാം ആജന്മ ശത്രുക്കളെയെന്ന പോലെ അധിക്ഷേപിക്കുകയും വേട്ടയാടുകയും ചെയ്യുന്ന സന്ദർഭങ്ങൾ കഥയിലുടനീളമുണ്ട്.കലാസിദ്ധാന്തങ്ങളെയും സൃഷ്ടികളെയും മനുഷ്യ ചരിത്രത്തിലെ വിലമതിക്കാനാവാത്ത വിവേകോദയങ്ങളായി കാണാൻ സാഹിത്യരംഗത്ത് പരിണതപ്രജ്ഞനായ പെരുമ്പടവത്തിനു കഴിയുന്നില്ല എന്നറിയുന്നത് നടുക്കമുണ്ടാക്കുന്നു. ഒരു ഭാഗത്ത് അദ്ദേഹത്തിൻ്റെ രൂക്ഷമായ പരിഹാസം ഇങ്ങനെയാണ്: "ഈ ചായക്കടയ്ക്ക് പകരം കഥയിൽ ഒരു ചാരായഷാപ്പായിരുന്നെങ്കിൽ എത്ര നന്നായിരുന്നേനെ എന്നാവും ചിലർ ചിന്തിക്കുന്നത്. എങ്കിൽ കുറച്ചെങ്കിലും ആധുനികത വന്നേനെ, അല്ലേ ?. പട്ടച്ചാരായവും കഞ്ചാവും ഭാംഗും ചരസ്സും മൃത്യുവാഞ്ചയും ശുക്ളവും ആർത്തവ രക്തവും കൊണ്ടല്ലേ ഒരിക്കൽ നമ്മൾ ആധുനികത ആലോഷിച്ചത് ?"
പെരുമ്പടവം തെറ്റിദ്ധരിച്ചിരിക്കുകയാണ് .ആർത്തവം ഇവിടെ ആഘോഷിച്ചിട്ടില്ല.എം.ഗോവിന്ദനും അയ്യപ്പപ്പണിക്കരും കാക്കനാടനും ആർത്തവക്കാരായിരുന്നുവോ ? ആധുനികരായ കാക്കനാടൻ്റെയും വിജയൻ്റെയും മുഴുവൻ കൃതികളും തിരസ്കരിക്കുകയാണോ ലക്ഷ്യം ?എങ്കിൽ അതിൽ ഒട്ടും സഹൃദയത്വമില്ല .
ഏത് പ്രസ്ഥാനത്തിൽപ്പെട്ട കൃതിയായാലും സൗന്ദര്യാത്മകമായാൽ മതി ,വായനക്കാരൻ സന്തോഷവാനാകും. വാക്കുകൾ സംവേദനക്ഷമമാകണമെങ്കിൽ അതിൽ ജീവിച്ചാൽ മാത്രം പോരാ;കലയുടെ അനുഭൂതി നിറയ്ക്കാനാകണം.
പാർട്ടിക്ക് ബാധ്യതയാകുന്നവർ
അശോകൻ ചരുവിലിൻ്റെ 'പടിക്കലെ മഠത്തിൽ ബലരാമൻ' (മാതൃഭൂമി ഓണപ്പതിപ്പ്) ഓർമ്മയുടെ പിന്നിലേക്ക് സഞ്ചരിക്കുന്ന കഥയാണെങ്കിലും ഒരു കമ്മ്യൂണിസ്റ്റ് സഹയാത്രികനായ കഥാകൃത്തിൻ്റെ അപുർവ്വമായ വിമർശനം ഇതിലുണ്ട്.അശോകൻ്റെ 'ഒരു രാത്രിക്ക് ഒരു പകൽ' എന്ന മനോഹരമായ കഥ ഇപ്പോഴും പ്രസക്തമാണ്. ആധുനികാനന്തര തലമുറയിൽ കലയുടെ സൗന്ദര്യം കാത്തു സൂക്ഷിക്കാൻ സിദ്ധിയുള്ള അപൂർവ്വം ചില എഴുത്തുകാരിൽ ഒരാളാണ് അശോകൻ.
ഈ കഥയിലെ ബലരാമൻ എന്ന കഥാപാത്രത്തിൽ കഥാകൃത്തിൻ്റെ കമ്മ്യൂണിസ്റ്റ് വിമർശനം ഉൾക്കൊണ്ടിട്ടുണ്ട്. അയാൾ തറവാടിയും ജന്മിയും പ്രവാസിയുമാണ്. ഇപ്പോൾ നാട്ടിലേക്ക് വന്നിരിക്കയാണ്. രോഗപീഢ അനുഭവിക്കുന്ന അയാളിൽ ഒരു മൂരാച്ചിയും തെമ്മാടിയും മാമൂൽ പ്രിയനും പാർട്ടി വിരുദ്ധമായി, ഒട്ടും രോഗപീഢയില്ലാതെ കഴിയുന്നുണ്ടെന്നാണ് അശോകൻ പറഞ്ഞു വയ്ക്കുന്നത്. ഒരു സദുദ്ദേശ്യത്തോടെയുള്ള ശുദ്ധീകരണ ശ്രമമായി ഈ കഥയെ കാണാം. ഇതുപോലുള്ള ബലരാമന്മാർ പാർട്ടിക്ക് എന്നും ഒരു ബാധ്യതയായിരിക്കും ,അവർ സാംസ്കാരിക സ്ഥാപനങ്ങളിൽ ദുഷ്പ്രഭുത്വത്താൽ ചീർത്ത് കഴിയുന്നിടത്തോളം .
സ്വവർഗം
ഇരവി എഴുതിയ 'കേശവൻകുട്ടിയുടെ നെയിൽ പോളിഷിട്ട വിരലുകൾ ' (കേരളകൗമുദി ഓണപ്പതിപ്പ് ) സ്വവർഗരതി എന്ന കാലിക വിഷയത്തെ അപാരമായ നർമ്മത്തിൽ പൊതിഞ്ഞ് അവതരിപ്പിക്കുന്ന രചനയാണ്. സ്വവർഗരതിക്കാരൻ കല്യാണം കഴിക്കുന്നത് എത്ര സുന്ദരിയായ പെണ്ണിനെ ആയിരുന്നാലും ഫലമില്ല .സുന്ദരിയുടെ സൗന്ദര്യത്തിന് ഒരു വിലയും കിട്ടില്ല.ഇക്കാലത്ത് വീടുകളിൽ കൊലപാതകങ്ങൾ ഏറിവരുന്നത് ഇതുപോലുള്ള പ്രശ്നങ്ങൾ മൂലമാണോ ?ഇരവി കഥയെ കൊലയിൽ എത്തിച്ചില്ല .ഒരു സ്വവർഗപ്രേമിയുടെ ശരീരഭാഷ കഥാകൃത്ത് നല്ലപോലെ മനസ്സിലാക്കിയിട്ടുണ്ട്. സ്വവർഗ പ്രേമത്തിലെ തത്ത്വചിന്ത സാമൂഹ്യനിർമ്മിതികളെ എതിർക്കുന്നതാണ്. ലൈംഗികത സമൂഹത്തിൻ്റെ നിർമ്മിതിയല്ല ,അത് വ്യക്തിയുടെ ഇച്ഛാനുസരണമുള്ളതാണ് എന്ന നിലപാട് ഒരു ജൈവ യാഥാർത്ഥ്യമായി തീരുകയാണ്.
വാക്കുകൾ
1)ഞാനൊരു സിനിമ ചിത്രീകരിക്കുമ്പോൾ ,എങ്ങനെയാണ് ഷൂട്ട് ചെയ്യേണ്ടതെന്ന് ഒരിക്കലും ചിന്തിക്കാറില്ല ; ഒരു മുൻധാരണയുമില്ലാതെയാണ് ഷൂട്ട് ചെയ്യുന്നത്.
മൈക്കലാഞ്ജലോ അൻ്റോണിയോണി,
(ഇറ്റാലിയൻ ചലച്ചിത്ര സംവിധായകൻ)
2) പടം പൊഴിക്കാതിരുന്നാൽ സർപ്പം ജീവനോടെയിരിക്കില്ല. അതുപോലെയാണ് അഭിപ്രായങ്ങൾ മാറ്റുന്നതിനെ തടസ്സപ്പെടുത്തുന്ന മനസ്സുകളും. അങ്ങനെയുള്ളത് മനസ്സുകളല്ല .
ഫ്രഡറിക് നിഷേ ,
(ജർമ്മൻ ചിന്തകൻ)
3) പ്രണയം ഒരിക്കലും ആരംഭിക്കുകയോ അവസാനിക്കുകയോ ചെയ്യില്ല, നമ്മൾ ചിന്തിക്കുന്നതുപോലെ. പ്രണയം ഒരു ഏറ്റുമുട്ടലാണ്;യുദ്ധമാണ്, ജീവിതമാണ്.
ജയിംസ് ബാൾഡ്വിൻ
(അമെരിക്കൻ നോവലിസ്റ്റ് )
4) ഞാനൊരു ഫോട്ടോയെടുക്കണമെങ്കിൽ എനിക്ക് അയാളുമായി സംസാരിക്കണം ,ഒരു വൈകാരിക ബന്ധമുണ്ടാവണം. അയാളുടെ മനസ്സിൽ എന്താണ് സംഭവിക്കുന്നതെന്ന് അറിയേണ്ടതുണ്ട്.
മരിയോ സോറെൻറി ,
(ഇറ്റാലിയൻ - അമെരിക്കൻ ഫോട്ടോഗ്രാഫർ )
5) നമ്മളുടെയുള്ളിൽ നല്ലൊരു വഴികാട്ടിയുണ്ട്, നാം അത് ശ്രദ്ധിക്കുമെങ്കിൽ ,മറ്റേതൊരു വ്യക്തിയേക്കാൾ .
ജയിൻ ഓസ്റ്റിൻ,
(ഇംഗ്ളിഷ് നോവലിസ്റ്റ് )
കാലമുദ്രകൾ
1) മുട്ടത്തുവർക്കി
ജീവിതത്തിൻ്റെ പ്രശ്നങ്ങൾ വളരെ ലഘുവാണെന്നും അതിനു കൃത്യമായ ഫോർമുലകളിലൂടെ പരിഹാരം കാണണമെന്നും വായനക്കാരെ വിശ്വസിപ്പിച്ച നോവലിസ്റ്റായിരുന്നു മുട്ടത്തുവർക്കി.
2) പ്രേം നസീർ
ഒരു സിനിമാഗാനരംഗത്ത് പ്രേം നസീർ ശിവഗിരി കുന്നിലൂടെ ഭക്തജനങ്ങളെ നയിച്ച്, മഹാസമാധിയിലേക്ക് ചെന്ന് അർച്ചന നടത്തുന്നത് കണ്ടു. ഗാനരംഗത്താണെങ്കിൽ പോലും, ആ പ്രത്യേക പ്രകടനം പ്രേം നസീറിലൂടെ സംഭവിക്കുന്നത് ഒരു ഗുരുവാക്യം പോലെ മാനവ സാഹോദര്യത്തെ പ്രതീകവത്ക്കരിക്കുകയാണ്.
3) യേശുദാസ്
'സുമംഗലീ നീ ഓർമ്മിക്കുമോ സ്വപ്നത്തിലെങ്കിലും ഈ ഗാനം (വയലാർ ,ദേവരാജൻ ,ചിത്രം: വിവാഹിത ,1970) എന്ന് യേശുദാസ് പാടിയത് അഭിനയിച്ചുകൊണ്ടല്ല, ഉള്ളിൽ കരഞ്ഞുകൊണ്ടാണ്. ഈ താദാത്മ്യം ഒരു കാലത്തിൻ്റെ ഹൃദയമാകുന്ന താമരപ്പൂവിലാണുള്ളത്. ആ ഗാനത്തിൽ ഗായകൻ നിറഞ്ഞു നില്ക്കുന്നു. ഗാനമല്ലാതെ മറ്റൊന്നും ബാക്കിയില്ല.
4) എ.അയ്യപ്പൻ
ജീവിതത്തെ കബളിപ്പിച്ച കവിയാണ് എ.അയ്യപ്പൻ. താൻ ആരുടെയും ഗുരുവല്ല ,ശിഷ്യനല്ല ,അഭിമാനമല്ല ,സ്വത്തല്ല ,ലക്ഷ്യമല്ല എന്ന് കൃത്യമായി ബോധ്യപ്പെട്ട ഈ കവി തൻ്റെ രചനയിലെ സന്ദിഗ്ദ്ധമായ വാക്കുകൾ പോലെ ഒട്ടും ഈഗോയില്ലാതെ അലഞ്ഞു നടന്നു.
5)ആനന്ദ്
നോവലിൻ്റെ കലയിൽ ഏറ്റവും നവീനവും പരീക്ഷണാത്മകവുമായ ചുവടുകൾ വച്ചത് ആനന്ദാണ് .അദ്ദേഹത്തിൻ്റെ ആൾക്കൂട്ടം (മഹാ അനുഭവങ്ങളുടെ വ്യക്തിഗത യാഥാർത്ഥ്യം ) ,മരണസർട്ടിഫിക്കറ്റ് (ദുരൂഹവും അനിശ്ചിതവുമായ അസ്തിത്വപ്രശ്നങ്ങൾ ) ,ഗോവർധൻ്റെ യാത്രകൾ ( ഒരു പ്രഹസനത്തെ ഉപജീവിച്ച് അനേകം ഘടനകൾ ) തുടങ്ങിയ കൃതികൾ മനസ്സിലേക്ക് വരുകയാണ്.
അയൻ റാന്തും റൊമാൻ്റിക്
റിയലിസവും
അമെരിക്കൻ എഴുത്തുകാരി അയ ൻ റാന്ത് തൻ്റെ നോവലുകളെ റൊമാൻറിക് റിയലിസം എന്ന ഗണത്തിലാണ് പരിഗണിച്ചത്. ഇത് വിശദീകരിച്ചു കൊണ്ട് അവർ 'ദ് റൊമാൻറിക് മാനിഫെസ്റ്റോ എന്ന പുസ്തകവും എഴുതി.
ഒരു വസ്തുത അതേപടി പകർത്തിക്കാണിക്കുകയല്ല ;സ്വന്തം ഇച്ഛയാൽ യാഥാർത്ഥ്യത്തെ കൂടുതൽ സുന്ദരമാക്കുകയാണിവിടെ. ഒരു കലാകാരൻ്റെ ദാർശനികമായ മൂല്യബോധത്തിൻ്റെ അടിസ്ഥാനത്തിൽ യാഥാർത്ഥ്യത്തെ കൂടുതൽ സംവേദനക്ഷമമാക്കുകയാണ് .പൊറ്റെക്കാട് ,എം.ടി, ഉറൂബ് ,മാധവിക്കുട്ടി തുടങ്ങിയ എഴുത്തുകാരെ റൊമാൻറിക് റിയലിസ്റ്റുകളായി കാണാവുന്നതാണ്. മറ്റൊരാൾ നോക്കിയാൽ ഈ കഥകളിലെ ലോകം കാണാനൊക്കില്ല. ഇത് രചയിതാക്കൾ സ്വാനുഭവത്തിലൂടെ നിർമ്മിക്കുന്നതാണ്.














