Wednesday, May 12, 2021

അക്ഷരജാലകം/എം.കെ.ഹരികുമാർ / ഒരു തർക്കോസ്കി സമസ്യ/metrovartha 10-5-2021

 അക്ഷരജാലകംlink

എം.കെ.ഹരികുമാർ

9995312097

Email mkharikumar797@gmail.com


ഒരു തർക്കോവ്സ്കി സമസ്യ



മനുഷ്യൻ്റെ യഥാർത്ഥവും സഫലീകരിച്ചിട്ടില്ലാത്തതുമായ ആഗ്രഹങ്ങൾ പൂർത്തീകരിച്ചു കൊടുക്കുന്ന ഒരിടം ഭൂമിയിൽ ഉണ്ടാകുമോ ?അങ്ങനെ ഉണ്ടായാൽ തന്നെ അവിടെ ചെന്നിട്ട് ആഗ്രഹം സാധിക്കാതെ തിരിച്ചു പോരുന്നവരുണ്ടാകുമോ ?എങ്കിൽ  അവർക്ക് എന്തോ സംഭവിച്ചിട്ടുണ്ടാകും. ആ കൂട്ടത്തിൽ ഒരുപക്ഷേ, നമ്മളെല്ലാം ഉണ്ടാകും. കാരണം ഏറ്റവും ആന്തരികമായ ആഗ്രഹങ്ങൾ എന്താണെന്ന് നമുക്കറിയില്ലല്ലോ. അറിഞ്ഞാൽ തന്നെ അതിനൊപ്പം നില്ക്കാനുള്ള ത്രാണി നമുക്കുണ്ടാകുമോ ? മനുഷ്യൻ്റെയുള്ളിൽ നടക്കുന്ന സംഘട്ടനം ചെകുത്താനും ദൈവവും തമ്മിലാണെന്ന് സ്വാനുഭവത്തിൻ്റെ വെളിച്ചത്തിൽ റഷ്യൻ എഴുത്തുകാരനായ ദസ്തയെവ്സ്കി പറഞ്ഞത് ഇതിനു തെളിവല്ലേ ? തൻ്റെയുള്ളിൽ പിശാചും പുണ്യവാളനുമുണ്ടെന്നും ആർക്കാണ് അധിപത്യമെന്നു വ്യക്തമാകുന്നില്ലെന്നും അതാണ് തൻ്റെ നരകാവസ്ഥയ്ക്കു കാരണമെന്നുമാണ് ദസ്തയെവ്സ്കി  മുഴുവൻ കുതികളിലൂടെയും ആവിഷ്കരിക്കാൻ ശ്രമിച്ചത്. മനുഷ്യൻ ഒരു ചീത്തമൃഗമാണെന്ന് ബ്രിട്ടീഷ് കലാകാരനായ ബ്രിയോൺ ജിസിൻ പറഞ്ഞത് ദസ്തയെവ്സ്കിയുടെ അദ്യ നോവൽ 'നോട്സ് ഫ്രം അണ്ടർഗ്രൗണ്ടി'ൻ്റെ  പശ്ചാത്തലത്തിൽ ശരിയായ പ്രസ്താവമാണ്. 


പ്രമുഖ റഷ്യൻ സംവിധായകനായ ആന്ദ്രേ തർക്കോവ്സ്കി (1932-1986) യുടെ 'സ്റ്റാക്കർ '(1979) എന്ന സിനിമ മനുഷ്യാവസ്ഥയുടെ അസാധാരണവും ഗഹനവുമായ ചില മേഖലകളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോവുകയാണ്. ലോകസിനിമയിലെ എക്കാലത്തെയും മികച്ച അമ്പത് ചിത്രങ്ങൾ തിരഞ്ഞെടുത്താൽ അതിൽ നിശ്ചയമായും സ്റ്റാക്കർ ഉൾപ്പെട്ടിരിക്കും. ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവ്വഹിച്ച അലക്സാണ്ടർ ക്ന്യാഷിൻസ്കി പ്രമേയത്തെ എങ്ങനെ മറ്റൊരു കാഴ്ചയുടെ ഭാഷയാക്കി പുന:സൃഷ്ടിക്കാമെന്നു കാണിച്ചുതന്നു.സിനിമാ ഛായാഗ്രഹണം  ഒരാഖ്യാനമാണ് ;ഫോട്ടോഗ്രാഫിയല്ലത്.


ചിത്രത്തിലെ സംഗീതത്തിന് ജീവൻ നല്കിയ എഡ്വേർഡ് ആർതിമേവ് മനുഷ്യപ്രകൃതിയെയാണ്, അതിൻ്റെ  ആന്തരാത്മാവിനെയാണ് ശബ്ദങ്ങൾ ഉപയോഗിച്ച് ചൂഴ്ന്നെടുത്തത്.ഈ ചിത്രത്തിൽ എഴുത്തുകാരനായി വരുന്ന കഥാപാത്രം പറയുന്ന പോലെ ബാഹ്യമായ സംഗീതവുമായി ബന്ധം സ്ഥാപിക്കുന്ന മറ്റൊരു സംഗീത വ്യവസ്ഥ മനുഷ്യനിലുണ്ടെന്നു വ്യക്തമാക്കുന്ന അനുഭവമാണിത്.സഹോദരന്മാരായ ആർകദിയും  ബോറിസ് നടനോവിച്ച് സ്ടൂഗാത്സ്കിയും ചേർന്നെഴുതിയ  'റോഡ്സൈഡ് പിക്നിക് 'എന്ന നോവലാണ് സിനിമയ്ക്ക് പ്രേരണയായിട്ടുള്ളത്‌. തർക്കോവ്സ്കിയോടൊപ്പം ഈ സഹോദരൻമാരും ചേർന്നാണു 'സ്റ്റാക്കറു'ടെ തിരക്കഥയെഴുതിയത്.


ഓരോ പ്രഭാതം പോലെ


സ്റ്റാക്കർ ഒരു  വഴികാട്ടിയാണ്; അപകടകരമായ വിധം വഴി കാട്ടുന്ന അയാൾ നിർദ്ദോഷിയായ മോഷ്ടാവുമാണ്. അപ്രാപ്യവും വന്യവും  വിജനവുമായ ഒരു സങ്കേതത്തിലേക്ക് അയാൾ ആവശ്യക്കാരെ കൊണ്ടുപോകുന്നു. അവിടെ ചെന്നാൽ മനുഷ്യർക്ക് അവരുടെ ദീർഘകാലമായുള്ള ആഗ്രഹങ്ങൾ സഫലമാകുമെന്നാണ് വിശ്വാസം. പവിത്രവും പുരാതനവുമായ ഒരു കർമ്മമേഖലയായാണ് ആ സ്ഥലത്തെ (സോൺ) സ്റ്റാക്കർ കാണുന്നത്‌.ജീവിതം മുരടിക്കുമ്പോഴാണ് , ഇരുട്ടുകൊണ്ട് അടയുമ്പോഴാണ് ചിലർ ഈ സങ്കേതം തേടി വരുന്നത്. ജീവിതത്തിൻ്റെ അർത്ഥശൂന്യതയെ ,സ്ഥിരം ചാലുകളെ  മറികടക്കാനായി നമ്മൾ എന്തെല്ലാം കർമ്മങ്ങൾ ചെയ്യുന്നു! . അതിൽ  ചിലതെല്ലാം ദിവ്യമാണ്. യുക്തിക്ക് അവിടെ സ്ഥാനമില്ല . സിനിമയുടെ തുടക്കം മുതലേ സംവിധായകൻ  ഇരുട്ടും വെളിച്ചവുമുപയോഗിച്ച് ചമയ്ക്കുന്ന ദൃശ്യങ്ങൾ ഓരോ പ്രഭാതം പോലെ സാവധാനം വിടരുകയാണ്.ഒരു പൂവ് ഇതളുകൾ വിടർത്തുന്ന പോലെ ശുദ്ധമാണ്, നിഷ്കളങ്കമാണത്. ചെളിയും വെള്ളവും നിറഞ്ഞ വൃത്തിഹീനമായ പ്രദേശത്തുനിന്നാണ് രണ്ടു സന്ദർശകരോടൊപ്പം (ഒരാൾ സയൻസ് പ്രൊഫസറും മറ്റേയാൾ സാഹിത്യകാരനും) സ്റ്റാക്കർ ആഗ്രഹസാഫല്യത്തിൻ്റെ ഇരുണ്ട താഴ്വരയിലെ കെട്ടിടത്തെ ലക്ഷ്യമാക്കി യാത്ര തിരിക്കുന്നത്.


അവർ യാത്രയിലുടനീളം ഒരു കാര്യം ശ്രദ്ധിക്കുന്നു , ആരും അറിയരുത്! . അവരുടെ വാഹനം നിഗൂഢമായ ഒരിടത്തെ ലക്ഷ്യമാക്കി കുതിക്കുകയാണ്. എന്നാൽ അതിനു രഹസ്യസ്വഭാവമുണ്ട്.അതിക്രമിച്ചു കടക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ശിക്ഷ ഉറപ്പാണ്. അതുകൊണ്ട് അവർ റെയിൽവേട്രാക്ക് ഉപയോഗിക്കുന്നു. റെയിൽവേ പോലീസിൻ്റെ വെടിയുണ്ടകൾക്കിടയിലൂടെ സാഹസികമായി  സഞ്ചരിക്കുന്നു. തുടർന്ന് ഒരു റെയിൽകാർ മോഷ്ടിച്ചെടുത്താണ് രഹസ്യസങ്കേതത്തിനടുത്തുള്ള കാട്ടിൽ എത്തുന്നത്. സർക്കാരിൻ്റെ  ഉടമസ്ഥതയിലുള്ള ആ സ്ഥലത്ത് കാലുകുത്തുന്നത് ശിക്ഷാർഹമായിരിക്കെ ,സ്റ്റാക്കറെ  അതിന് പ്രേരിപ്പിക്കുന്നത് തൻ്റെ  വിശ്വാസമാണ്; തൻ്റെ ആദർശമാണ്. നഷ്ടപ്പെടലിൻ്റെ അമിതഭാരംകൊണ്ട് തൻ്റെ പ്രതീക്ഷകളുടെ ചിറകുകൾ കരിഞ്ഞുപോയെങ്കിലും, അയാൾ ഏകാന്തമായ ഒരനുഷ്ഠാനം പോലെ ആ നിയമലംഘനം തുടരുകയാണ്. സോൺ എന്നറിയപ്പെടുന്ന ആ സങ്കേതത്തിലേക്ക് അയാൾ  സഞ്ചാരികളെ നയിക്കുന്നു. അവിടെ ചില കെട്ടിടാവശിഷ്ടങ്ങളും പൊന്തക്കാടുകളുമാണ് കാണാനാകുന്നത്.സ്റ്റാക്കർ അവിടെ നേരത്തേ പോയിട്ടുണ്ടെങ്കിലും കൃത്യമായി വഴി അറിയില്ല. വഴികൾ മാറിപ്പോകുന്ന ഒരു അവസ്ഥയാണുള്ളത്.കൂടെ വന്ന രണ്ടു പേരെ ട്രാക്കിനരികിൽ നിർത്തിയ ശേഷം കുറ്റിക്കാടുകൾക്കിടയിലൂടെ നടന്ന സ്റ്റാക്കർ മോഹാലസ്യപ്പെട്ട് താഴെ വീഴുന്നതും പച്ചിലകളിൽ മുഖം ചേർത്ത് തേങ്ങുന്നതും അയാളുടെ മനോഗതം തുറന്നു കാട്ടുന്നു. ഭയവും വിശ്വാസവുമാണ് അയാളെ കീഴടക്കുന്നത്; അയാൾ പ്രകൃതിയുടെ മടിത്തട്ടിൽ ഒരു കുഞ്ഞിനെപ്പോലെ പറ്റിക്കൂടാൻ ശ്രമിക്കുന്ന ആ രംഗം തർക്കോവ്സ്കി എന്ന സംവിധായകൻ്റെ അപാരതയാണ് ബോധ്യപ്പെടുത്തിയത്.പിന്നീട് അയാൾ തിരിച്ചു വന്ന് അവരെയും കൂട്ടിക്കൊണ്ടു പോകുന്നു.


സാരഥിയില്ലാത്ത വാഹനം


സഞ്ചാരികളുടെ മനോനിലയ്ക്കനുസരിച്ചാണ് വഴി തെളിയുന്നതെന്ന് അയാൾ ഇടയ്ക്ക് സൂചിപ്പിക്കുന്നുണ്ട്. അവരാണ് പാത കണ്ടുപിടിക്കേണ്ടത്. അതവരുടെ വിധിയാണ്. ദുരൂഹതയുടെയും  ഭയത്തിൻ്റെയും അന്തരീക്ഷത്തിൽ, പെട്ടെന്ന് അവിടെ ജലപ്രവാഹമുണ്ടാകുന്നു. നടന്നു പരീക്ഷീണിതരായ സഞ്ചാരികൾ ജലം ഒഴിഞ്ഞ ഒരു തുണ്ട് ഭൂമിയിൽ കിടന്നു ഞരങ്ങുന്നു. മനുഷ്യൻ്റെ  നിഷ്കളങ്കതയും അലിവുള്ള ഹൃദയവുമാണ് ആഗ്രഹങ്ങൾ പൂർത്തീകരിക്കാനെത്തുന്നവരെ സഹായിക്കുന്നതെന്ന് സ്റ്റാക്കർ പറഞ്ഞെങ്കിലും, അതൊന്നും  സഞ്ചാരികൾ ഏറ്റെടുക്കുന്നില്ല. മനുഷ്യൻ ജനിക്കുമ്പോൾ മൃദുഹൃദയനാണ് ;മരിക്കുമ്പോൾ കഠിനഹൃദയനുമാണെന്നു അയാൾ വിശദീകരിക്കുന്നുണ്ട്. 


ഓരോ നിമിഷത്തിലും ഈ സിനിമ ജീവിതത്തിലേക്ക് സഞ്ചരിക്കുകയാണ്. സാരഥിയില്ലാത്ത ഒരു വാഹനം പോലെ അത് ഇറക്കത്തിലേക്ക് ഓടുന്നു. ജീവിതത്തിൻ്റെ  അനുനിമിഷം സങ്കീർണമാകുന്ന, കുതറുന്ന , അപരിഹാര്യമാകുന്ന, പകിടകളിയിലെന്ന പോലെ നിസ്സഹായമാകുന്ന, വിപരീതങ്ങളുടെ അധീശത്വത്തിൽ അമരുന്ന, എപ്പോഴും കെണികളിലകപ്പെടുന്ന ഒരു  നൈരന്തര്യമാണ് 'സ്റ്റാക്കറി'ലൂടെ പുറത്തുവരുന്നത്‌.സങ്കേതത്തിലേക്ക് എത്താൻ ശ്രമിക്കുന്നവർ ദിശതെറ്റി അലയുന്നു. അവർ തെറ്റു ചെയ്യാതെ തന്നെ ശിക്ഷിക്കപ്പെടുന്നു. അവർ പരസ്പരം കലഹിക്കുന്നു. ഉത്തരമുണ്ട് ;എന്നാൽ  ചോദ്യങ്ങൾ അറിയില്ല. അല്ലെങ്കിൽ  ചോദ്യങ്ങൾ ഉണ്ടാകാം; ഉത്തരങ്ങൾ കൈവിട്ടുപോയിരിക്കുന്നു .ചോദ്യവും ഉത്തരവും മാറിപ്പോകുന്ന അവസ്ഥ.


ദുരൂഹമായ ജീവിതരാശിയിൽ ഒരു പുതിയ ഊർജത്തിനു വേണ്ടി, സ്വപ്നത്തിനു വേണ്ടി, സാഹസത്തിനു വേണ്ടി ബുദ്ധിപരമായ പുതിയ ഇന്ദ്രിയത്തിനു വേണ്ടി, അജ്ഞാതത്വത്തെ ഭേദിക്കാൻ വേണ്ടിയാണ് അവർ ഈ നിഗൂഢ സ്ഥലം തേടി യാത്രപോകുന്നത് . അവർ നിയമം ലംഘിച്ചും മരണത്തിൻ്റെ  വായ്ത്തലയിലൂടെ നടന്നുമാണ് അവിടെയെത്തുന്നത്.സ്റ്റാക്കർക്ക് ഈ സ്ഥലത്തെപ്പറ്റി പലതും പറയാനുണ്ട്. മനുഷ്യൻ്റെ വിധിയായി അയാൾ അത്  വ്യാഖ്യാനിക്കുന്നു. അവിടെ ഋജുവായ പാതകളില്ലത്രേ. എപ്പോഴും  ആഗ്രഹങ്ങൾ പൂർത്തീകരിക്കുന്ന സോണിൽ എത്താൻ കഴിയാതെ ഭയാശങ്കയിൽ ദുർബ്ബലരായി കഴിയുന്ന സന്ദർശകരുടെ അടുത്ത് ഒരു നായ വന്നു നിൽക്കുന്ന ദൃശ്യമുണ്ട്. അത് മനുഷ്യൻ്റെ നിസ്സഹായതയ്ക്ക് ഒരു ഭാഷയേയുള്ളവെന്ന് വ്യക്തമാക്കുന്നു.


ആന്തരാഭിലാഷങ്ങൾ


സ്റ്റാക്കർ കാണുന്ന സ്വപ്നം തകർച്ചകളുടേതാണ്. പ്രാപഞ്ചികമായ തലതിരിച്ചിലുകൾ അയാൾ കാണുകയാണ് . നിരാശയിലും പരാജയത്തിലും കഴിയുന്നവരാണ് അങ്ങോട്ട് പോവുക .ഏത് ആഗ്രഹവും  സാധിച്ചു കൊടുക്കുന്ന മുറിയാണത്. അവിടെ ഭൗതികലോകത്തിൻ്റെ  യുക്തിയോ നിയമമോ ഇല്ല. വളരെ ഭ്രമാത്മകവും ഭീതിജനകവും വിജനവുമാണത്.പൊർക്യുവിൻ എന്ന ഒരു മുൻ സ്റ്റാക്കറുടെ കാര്യം അയാൾ വിവരിക്കുന്നു. സ്വന്തം സഹോദരനെ  അവിടെ കൊണ്ടുപോയ ആ സ്റ്റാക്കർക്ക് ധാരാളം പണം കിട്ടി .എന്നാൽ അയാൾ പിന്നീട്  ആത്മഹത്യ ചെയ്തു. ഇതിനിടയിൽ പ്രൊഫസർ ആ കെട്ടിടം ബോംബുവച്ചു തകർക്കുമെന്ന് പ്രഖ്യാപിക്കുകയാണ്.ഇതിനായി അയാൾ കൊണ്ടുവന്ന ബോംബ് അവരെ കാണിക്കുന്നുമുണ്ട്.  ഇത് സംഘർഷത്തിനു കാരണമാകുന്നു.ഈ സ്ഥലം ഭാവിയിൽ ചിലരെങ്കിലും തെറ്റായി ഉപയോഗിക്കുന്നത് തടയുകയാണ് പ്രൊഫസറുടെ ലക്ഷ്യം.


സന്ദർശകനായ എഴുത്തുകാരൻ സ്റ്റാക്കറെയാണ് കുറ്റപ്പെടുത്തുന്നത്.  അയാളുടെ മനസ്സ് സഞ്ചരിച്ചത് മറ്റൊരു രീതിയിലാണ്. ഒരാളുടെ സ്വന്തം ആന്തരികാഭിലാഷങ്ങൾ അയാൾക്കു പോലും അജ്ഞാതമായിരിക്കും. അതുകൊണ്ടാണ് സ്വത്തിനുവേണ്ടി അമിതമായി ആഗ്രഹിച്ച പൊർക്യുവിൻ  എന്ന സ്റ്റാക്കർ കുറ്റബോധത്താൽ  ആത്മഹത്യ ചെയ്തതത്രേ .സ്വന്തം അഭിലാഷങ്ങളെ അതിരുവിട്ടു അന്വേഷിക്കുന്നത് അപകടകരമാണെന്ന് എഴുത്തുകാരൻ വിശദീകരിക്കുന്നു.എന്നാൽ തങ്ങൾ തേടി വന്ന വിചിത്രമായ ആ മുറിയുടെ അടുത്ത് എത്തിയിട്ടും ,സ്റ്റാക്കർ നിർബന്ധിച്ചിട്ടും ,ഒടുവിൽ പ്രൊഫസറും എഴുത്തുകാരനും പിന്മാറുകയാണ്. അവർ രണ്ടുപേരും പിന്തിരിയുന്നത് വ്യക്തിപരമായ കാരണങ്ങളാലാണ്. അവർക്ക് സ്വന്തം ആഗ്രഹങ്ങളുടെ നിഗൂഢത കാണാൻ താല്പര്യമില്ല .


അവർ ആ അത്ഭുതമുറിയെയും അതിനെ ചുറ്റിപ്പറ്റിയുള്ള വർത്തമാനങ്ങളെയും തള്ളിക്കളയുന്നു.അവർ അതെല്ലാം അന്ധവിശ്വാസങ്ങളായി വിലയിരുത്തുന്നു. അവർ അപ്രതീക്ഷിതമായ ചുവടുമാറ്റത്തിലുടെ സ്റ്റാക്കറെ വിമർശിക്കുകയും കളിയാക്കുകയും ചെയ്യുന്നു.


ഏകാന്തതയുടെ പിശാച്


'സ്റ്റാക്കർ ' കണ്ട ശേഷം ഒരു പ്രേക്ഷകനു അതിലെ ഓരോ ദൃശ്യവും പിന്തുടരുന്നതായി തോന്നും. കാരണം ഈ ചിത്രത്തിൽ മനുഷ്യാവസ്ഥയുടെ പശ ഒട്ടിച്ചു വച്ചിരിക്കയാണ്. ഏകാന്തതയുടെ പിശാച് പിടിച്ചു തിന്നാൻ വരുമ്പോൾ മനുഷ്യൻ എത്തിച്ചേരുന്ന ഉന്മാദത്തിൻ്റെയും വിഷാദത്തിൻ്റെയും മരുഭൂമിയിലേക്ക് തർക്കോവ്സ്കി നമ്മെ കയറ്റി വിടുന്നു.സ്റ്റാക്കറെ പോലെ പ്രേക്ഷകനും ഈ രാവണൻകോട്ടയിൽ ചുറ്റിത്തിരിയുന്നു. അസ്തിത്വത്തെക്കുറിച്ചുള്ള ആധി കുത്തി നിറച്ച ശരീരങ്ങളായി മാറുന്ന നമ്മെ ചലച്ചിത്രകാരൻ അത്മീയാനുഭവംകൊണ്ടു നിറയ്ക്കുന്നു.


ദസ്തയെവ്സ്കിയുടെ 'ദ് ഇഡിയറ്റ് '  ചലച്ചിത്രമാക്കാൻ ആഗ്രഹിച്ച തർക്കാവ്സ്കിക്ക് റഷ്യയിൽ അധികാരികളിൽ നിന്നു അനുകൂലമായ സമീപനമല്ല കിട്ടിയത്.പല പരിശ്രമങ്ങളിൽ നിന്നും അദ്ദേഹം  പിന്മാറുകയായിരുന്നു. അതുകൊണ്ടാണ് അദ്ദേഹം നാടകരംഗത്തേക്ക് തിരിഞ്ഞത്. മിറർ ,സൊളാരിസ്, നൊസ്റ്റാൾജിയ ,സാക്രിഫൈസ് എന്നീ ചിത്രങ്ങളും ഏറെ പ്രശംസിക്കപ്പെട്ടു.'സ്കൾപ്റ്റിംഗ് ഇൻ ടൈം' എന്ന പുസ്തകം  സിനിമാനുഭവങ്ങളും വിചിന്തനങ്ങളുമാണ് ഉൾക്കൊള്ളുന്നത്.



വാക്കുകൾ 


1)വലിയ എഴുത്തുകാർ യഥാർത്ഥ്യത്തെ നിർവ്വചിക്കുന്നു; രണ്ടാം തരം എഴുത്തുകാർ വെറുതെ പ്രസ്താവനകൾ ആവർത്തിച്ചുകൊണ്ടിരിക്കുന്നു.

എഡ്വേർഡ്  ആൽബി ,

അമെരിക്കൻ നാടകകൃത്ത് 


2)ശാന്തമായ കൂട്ടിലെ ചുംബനമാണ് പ്രണയം; ആ സമയത്ത് ഇലകൾ വിറയ്ക്കുകയും അത് വെള്ളത്തിൽ പ്രതിഫലിക്കുകയും ചെയ്യും.

ഫ്രഡറിക്കോ ഗാർസിയ ലോർക ,

സ്പാനീഷ് കവി


3)ദൈവം നിങ്ങൾക്ക് ഒരു മുഖം നൽകിയിട്ടുണ്ട്‌; എന്നാൽ  നിങ്ങളാകട്ടെ മറ്റൊരു മുഖം ഉണ്ടാക്കുകയാണ്.

ഷേക്സ്പിയർ,

ഇംഗ്ലീഷ് നാടകകൃത്ത്.


4)ദുരിതകാലത്ത് ,സന്തോഷമുണ്ടായിരുന്ന കാലഘട്ടത്തെക്കുറിച്ച് ഓർക്കുന്നതുപോലെ കടുത്ത ദു:ഖം വേറെയില്ല .

ദാന്തെ ,

ഇറ്റാലിയൻ കവി


5)നമ്മൾ ജയിക്കുകയാണെങ്കിൽ  മറ്റാർക്കെങ്കിലും നഷ്ടപ്പെടും . എന്നാൽ മറ്റാർക്കെങ്കിലും നഷ്ടപ്പെടുന്നുണ്ടെങ്കിൽ നമുക്കും  നഷ്ടപ്പെടും. ആ നിമിഷം നമുക്ക് മനസ്സിലാകുന്നില്ല .ഇത് വേദനിപ്പിക്കുന്ന തരത്തിൽ വ്യക്തമാക്കിതരുകയാണ് പുതിയ ആത്മീയത.

നീലേ ഡൊണാൾഡ് വാൽഷ്,

അമെരിക്കൻ ദൈവശാസ്ത്രജ്ഞൻ



കാലമുദ്രകൾ


1)വി.ബി ജ്യോതിരാജ് 


വി. പി. ശിവകുമാർ, യു .പി .ജയരാജ്, വിക്ടർ ലീനസ് ,ജയനാരായണൻ എന്നിവരെപ്പോലെ കാതലുള്ള, ആഴമുള്ള കഥകളാണ്  വി.ബി. ജ്യോതിരാജ് എഴുതിയത്‌.


2)ടി.ആർ.


ടി.ആർ എഴുതിയ 'പുതിയ ക്രമം' ,'ജാസ്സക്കിനെ കൊല്ലരുത് ' തുടങ്ങിയ കഥകൾ ഇപ്പോഴും മോഹിപ്പിക്കുന്നു.ആധുനികാനന്തര കഥാകൃത്തുക്കൾക്ക് പൊതുവേ സംഭവിച്ച മുരടിപ്പ്, ആശയദാരിദ്ര്യം, ആഖ്യാനമികവിൻ്റെ അഭാവം, ഭാഷാപരമായ ഉള്ളടക്കക്കുറവ്, ദാർശനികമായ വിചിന്തനത്തിനുള്ള പരാധീനത തുടങ്ങിയവ എത്ര ഭയാനകമാണെന്ന് അറിയുമ്പോൾ ടി.ആറിലേക്ക് മടങ്ങാതെ വയ്യ.


3)ജോൺസൺ


സംഗീതത്തിലുള്ള ജന്മവാസനകൊണ്ട് സ്വയം പഠിച്ചു വളർന്ന ജോൺസൺ മലയാളസിനിമയിൽ ഒരു കാലത്ത്, വർഷത്തിൽ മുപ്പതു ചിത്രങ്ങൾക്ക് വരെ സംഗീതം നൽകിയിരുന്നു. സംഗീതത്തിലുള്ള തൻ്റെ ജ്ഞാനം  അമിതമായി പ്രകടിപ്പിക്കുന്ന സ്വഭാവം അദ്ദേഹത്തിനില്ലായിരുന്നു.


4)മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത 


അനുഭവങ്ങൾ പങ്കുവയ്ക്കാനും  മറ്റുള്ളവരെ സന്തോഷത്തിൻ്റെ  അവസ്ഥയിൽ നിലനിർത്താനുമായി തമാശ പറഞ്ഞും ഉദ്ബോധിപ്പിച്ചും ജീവിച്ച വലിയ മെത്രാപ്പോലീത്ത നമ്മുടെ സാമൂഹികാന്തരീക്ഷത്തെ പ്രസന്നമധുരമാക്കി ;ചിന്താപരമായി സൗഖ്യത്തിലേക്ക് നയിച്ചു; വിശുദ്ധമായ പ്രവൃത്തികളെക്കുറിച്ച് ഓർമ്മിപ്പിച്ചു.


5)ഡോ.പി .ആർ. ജയശീലൻ 


'വിഷാദകാവ്യത്തിൽ നിന്നു പ്രസാദാത്മക ജീവിതത്തിലേക്ക് 'എന്ന പേരിൽ ഡോ. പി. ആർ .ജയശീലൻ  എഴുതിയ ലേഖനം (സാഹിത്യചക്രവാളം, ഏപ്രിൽ )ഉചിതവും ശ്രദ്ധേയവുമായി. ഇരുപത്തിയാറാം വയസ്സിൽ വിടപറഞ്ഞ സുധാകരൻ തേവലക്കാട് (1939-1965) എന്ന കവിയെ അദ്ദേഹത്തിൻ്റെ സമ്പൂർണ്ണകവിതകളുടെ  (കേരള സാഹിത്യഅക്കാദമി ) അടിസ്ഥാനത്തിൽ പരിചയപ്പെടുത്തുന്ന ലേഖനമാണിത്.



 




No comments:

Post a Comment