Tuesday, May 18, 2021

അക്ഷരജാലകം/എം.കെ.ഹരികുമാർ /സൗഹൃദത്തിൻ്റെ നിരാനന്ദം /metrovartha, may17, 2021

 അക്ഷരജാലകംlink

എം.കെ.ഹരികുമാർ

9995312097

Email :  mkharikumar797@gmail.com


സൗഹൃദത്തിൻ്റെ നിരാനന്ദം


എഴുത്തുകാരൻ്റെ സ്വാതന്ത്ര്യചർച്ചകളൊക്കെ ആവർത്തനവിരസവും അർത്ഥശൂന്യവുമായി. എന്തു സ്വാതന്ത്ര്യമാണ് വേണ്ടത്? ദൈവങ്ങളെ  നിന്ദിക്കാനാണോ ? യാതൊരു ഉപദ്രവവും ചെയ്യാത്ത ദൈവങ്ങളെ നിന്ദിച്ച് വിവാദമുണ്ടാക്കുന്നത് ക്ളീഷേയാണ്; ആവർത്തനം കൊണ്ടു അർത്ഥനഷ്ടം സംഭവിച്ചതാണത്. വിവാദമുണ്ടാക്കി അധികാരികളിൽനിന്ന് ശിക്ഷ വാങ്ങാനാണെങ്കിൽ ഷെല്ലിയെ മറക്കാൻ കഴിയില്ല . വിദ്യാർത്ഥിയായിരിക്കെ കവിതയെഴുതിയതിൻ്റെ പേരിൽ പഠിപ്പ് അവസാനിപ്പിക്കേണ്ടി വന്ന ഷെല്ലിയാണ് നമ്മുടെ മുന്നിലുള്ളത്. ഡി.എച്ച്. ലോറൻസിൻ്റെ വഴി അനുകരിച്ചിട്ട് കാര്യമില്ല. ലോറൻസ് ലോകജനതയെ ലൈംഗികത എന്താണെന്നു പഠിപ്പിച്ചു.അതോടെ അധികാരികൾ ഞെട്ടി വിറച്ചു. ലോറൻസിൻ്റെ 'ലേഡി ചാറ്റർലീസ് ലവർ ' എന്ന നോവൽ ബ്രിട്ടൻ  നിരോധിച്ചിരുന്നല്ലോ. അത് വിറ്റ  പ്രാദേശിക ഷോപ്പുടമ ജയിംസ് ഡെലേസിയെക്ക് അഞ്ഞൂറ് ഡോളർ പിഴയും ഒരു മാസം തടവുമാണ് ബ്രിട്ടീഷ് ഭരണകൂടം (1929) വിധിച്ചത്. മാത്രമല്ല ,ഡി.എച്ച് .ലോറൻസ് വരച്ച ഒരു ചിത്രം അതേ വർഷംതന്നെ പോലീസ് ഗ്യാലറിയിൽ നിന്നു നീക്കം ചെയ്യുകയുണ്ടായി. ചിത്രം വരയ്ക്കുന്നത് ജനങ്ങളെ  വഴിതെറ്റിക്കാനാണത്രേ! . എഴുത്തുകാരൻ്റെ സ്വാതന്ത്ര്യസങ്കല്പം ഇനി ഇതുപോലെയാണ് അവതരിപ്പിക്കപ്പെടുന്നതെങ്കിൽ  പ്രഹസനമായിരിക്കും .


കമിതാക്കൾക്കു ശരീരം വേണ്ട


എഴുത്തുകാരുടെ സ്വാതന്ത്ര്യമല്ല, ഡേറ്റയുടെ സ്വാതന്ത്ര്യമാണ് ഇന്നു  ഏറ്റവും പ്രസക്തമായി വരുന്നത്‌. നമ്മൾ ഇൻറർനെറ്റിലേക്ക് വിടുന്ന ഓരോ സന്ദേശവും ഡേറ്റയാണ്. ഈ ലോകത്തിലുള്ള എന്തും ഡേറ്റയാകാൻ വിധിക്കപ്പെട്ടിരിക്കുന്നു. ഒരാൾ തൻ്റെ  വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ട് പൂച്ചക്കുട്ടികളുടെ ഫോട്ടോയെടുത്ത്  ഇൻസ്റ്റഗ്രാമിലോ ഫേസ്ബുക്കിലോ പോസ്റ്റ് ചെയ്താൽ, അതയാളുടെ സ്വാതന്ത്ര്യമല്ല ;ആ പൂച്ചക്കുട്ടികളുടെ ചിത്രങ്ങൾ സൃഷ്ടിച്ച ഡേറ്റയുടെ  സ്വാതന്ത്ര്യമാണ്. അതിനെ തടയാൻ  മനുഷ്യർക്കു അവകാശമില്ല.മനുഷ്യനല്ല ,ഡേറ്റയാണ് സഞ്ചരിക്കുന്നത് .മനുഷ്യനു ഇന്നു  പ്രതീതി ജീവിതമാണല്ലോ ഉള്ളത്.


സമൂഹമാധ്യമങ്ങളിൽ, ഇൻറർനെറ്റ് ഉപകരണങ്ങൾ അനുവദിച്ച മാധ്യമങ്ങളിൽ ജീവിക്കാൻ മനുഷ്യർക്ക് ശരീരം ആവശ്യമില്ല .സ്വയമൊരു  ശരീരമാണെന്ന് അറിയാതെയുള്ള ഈ ജീവിതം നമ്മെ എത്രമാത്രം, മാളത്തിലെ എലിയെ പോലെ, ഭയചകിതനാക്കിയിരിക്കുന്നു. ഒരു മാളത്തിലിരുന്നാൽ ലോകം മുഴുവൻ അറിയാമെന്ന മിഥ്യാധാരണയിൽ ആളുകൾ പൊതുവേ അകപ്പെട്ടിരിക്കയാണ്.  ക്ലിക്ക്, ലൈവ്, ഡിജിറ്റൽ , ടെലിവിഷൻ ,ഇൻറർനെറ്റ് ,സോഷ്യൽ മീഡിയയുടെ സവിശേഷതകൾ  ഉൾക്കൊള്ളുന്ന ഉത്തര- ഉത്തരാധുനികമായ ഈ കാലത്ത് കാമുകീകാമുകന്മാർക്ക് പോലും  ശരീരം വേണ്ട. അശരീരിയായി പ്രേമിക്കുന്നതിലാണ് ഉന്മാദവും വിഷാദവുമുള്ളത്. ഈ ഉന്മാദ - വിഷാദ ശീലമാകട്ടെ പ്രാണവായു പോലെ എല്ലാവർക്കും പ്രിയങ്കരവുമാണ്.


ഇത് സ്വാതന്ത്ര്യത്തിൻ്റെ മറ്റൊരു മാനമാണ് .എന്താണ് ഈ സ്വാതന്ത്ര്യം? ഡി.എച്ച് .ലോറൻസ് ആവിഷ്കരിച്ച സ്വാതന്ത്ര്യസങ്കല്പമല്ലിത്. ഇത് സ്വാതന്ത്ര്യം എന്ന പ്രമേയമാണ്, അല്ലെങ്കിൽ ഉള്ളടക്കമാണ്. മനുഷ്യരല്ല, സ്വാതന്ത്ര്യമാണ് ആവിഷ്കരിക്കപ്പെടുന്നത്. ഒരു വലിയ തെന്നിന്ത്യൻ ഗായിക മരിച്ചുവെന്ന് വാർത്ത ചമച്ച് അത്  പ്രചരിപ്പിക്കാനുള്ള  സ്വാതന്ത്ര്യമാണത്.എത്രയോവട്ടം ചില ഗായികമാരെ കൊല്ലുന്നു! .ഇത്  ഔദ്യോഗികമോ, നിയമാനുസൃതമോ  ആയിട്ടുള്ള സ്വാതന്ത്ര്യമല്ല;  സ്വാതന്ത്ര്യം എന്ന ഉന്മാദ വിഷാദമാണ് .ശരീരമില്ലാതെ ജീവിക്കുന്നവർ ഇതിൽ വ്യാജമായി ജീവിക്കാൻ ശ്രമിക്കുകയാണ് .


സ്വാതന്ത്ര്യവും മുറിവും


അയ്യായിരം സുഹൃത്തുക്കളെ  സൗജന്യമായി തരാൻ കഴിവുള്ള കൃത്രിമ ബുദ്ധിശക്തി അല്ലെങ്കിൽ മെക്കാനിസം ഫേസ്ബുക്ക് നിലനിർത്തിയിരിക്കുന്നു .അവിടം  എഴുത്തുകാരൻ പ്രതിഷേധിക്കാനുള്ള  ഇടമാക്കിയാൽ ആരാവും അത് കേൾക്കുക? ശരീരമില്ലാത്തവർ തന്നെ. അയ്യായിരം സുഹൃത്തുക്കളുമായി നമുക്ക് ബന്ധമില്ല. അവരിൽ എത്ര പേരെ അറിയും ? പരസ്പരം അറിയാതെ സ്നേഹിക്കുകയോ പ്രേമിക്കുകയോ ചെയ്യാമത്രേ. പരസ്യമായി തെറി പറയാനും, നഗ്നവീഡിയോകൾ പ്രചരിപ്പിക്കാനും സ്വയം ഒരു ലൈംഗിക ഉപകരണമായി രൂപാന്തരം പ്രാപിക്കാനും ഒരാൾക്ക് കഴിയുന്നതിൻ്റെ സ്വാതന്ത്ര്യമാണിത്. ഇത് വ്യക്തികളുടെ സ്വാതന്ത്ര്യമല്ല, സ്വാതന്ത്യം എന്ന ഉള്ളടക്കമാണ്. ഇവിടെ സമൂഹമര്യാദയോ ഉത്ക്കണ്ഠയോ ഇല്ല . 


വ്യക്തി ഒരു ജീവിതമല്ല 


സ്വാതന്ത്ര്യമാണ് എല്ലായിടത്തേക്കും അതിക്രമിച്ചു കടക്കുന്നത്. വ്യക്തിസ്വാതന്ത്ര്യമല്ലത്; വ്യക്തി എന്ന സ്വാതന്ത്ര്യമാണ്. ഏത് വ്യക്തിയുടെ സ്വാതന്ത്ര്യം എന്ന ചോദ്യമില്ല. കാരണം വ്യക്തികൾ മറയ്ക്കപ്പെട്ടിരിക്കുകയാണ്.അവരുടെ ഫോട്ടോകൾ ,ഇമോജികൾ, സന്ദേശങ്ങൾ തുടങ്ങിയവ മാത്രമേയുള്ളൂ. ചിലപ്പോൾ വ്യാജമായ പേരുകൾ മാത്രമേ കാണൂ. ഇന്നു വ്യക്തി ഒരു ജീവിതമല്ല.ഒരു പ്രതിനിധാനം മാത്രമാണ്. ഒരു സുഹൃത്തിനെ കിട്ടുന്നതുകൊണ്ട് ഒന്നും സംഭവിക്കുന്നില്ല. കാരണം അവർ പരസ്പരം അജ്ഞാതരായിരിക്കുകയാണല്ലോ. അവർക്ക് ശരീരമില്ലല്ലോ. സൗഹൃദത്തിലൂടെ നാം നിരാനന്ദത്തിലേക്കാണ് നീങ്ങുന്നത്. ആയിരക്കണക്കിന് സൗഹൃദങ്ങളുടെ പ്രതീതിലോകത്ത് ജീവിച്ച് മതിമറന്ന്, വിഷാദത്തിൻ്റെ നുരയിലും പതയിലുംപെട്ട് ആഹ്ലാദിച്ച് സൗഹൃദം നിരാനന്ദമയമായി അവസാനിക്കുന്നു. സൗഹൃദം ഉണ്ടാക്കിയ നിരാനന്ദത്തെ മറികടക്കാൻ നിശബ്ദതയുടെ ഒരുകാലത്തിനു മാത്രമേ കഴിയൂ.


സൗഹൃദം രഹസ്യവും അശരീരവുമായിരിക്കുന്നു. അതു മുറിവാണുണ്ടാക്കുന്നത്. എന്നാൽ അത് നമ്മുടെ സ്വാതന്ത്ര്യം എന്ന ഇതിവൃത്തമാണ്, സാഹസമാണ്. നമ്മുടെ ജീവിതത്തിൽ സ്വാതന്ത്ര്യം ഇങ്ങനെ ആഘോഷിക്കാനുള്ളതാണ്. ഒരു വലിയ മാളിലെ ഫുഡ്കോർട്ടിൽ ചെന്ന് ഇഷ്ടമുള്ള ,വിലകൂടിയ ഭക്ഷണം വാങ്ങിക്കഴിച്ച് ,സമൂഹത്തിൽ പ്രത്യേക സാംസ്കാരികമൂല്യത്തെ സ്വന്തമാക്കി സാംസ്കാരിക ബുദ്ധിജീവിയാകുന്നതിനുള്ള  സ്വാതന്ത്ര്യമാണിത്.


സ്വാതന്ത്ര്യത്തിൻ്റെ മഹാവ്യാപനമാണ് സംഭവിക്കുന്നത്. നമ്മുടെ ഇമോക്കികൾക്കാണ് സ്വാതന്ത്ര്യം; നമുക്കല്ല. സൗഹൃദം നിരാധാരമായ ഒരു ശൂന്യതയായി മാറുമ്പോൾ, അവിടെ മനസ്സോ ,ഓർമ്മയോ ഇല്ല; ക്രൂരതയുടെ ജനാധിപത്യവത്ക്കരണം ഇങ്ങനെ ,പൂർത്തിയാവുകയാണ്. സൗഹൃദം എപ്പോൾ വേണമെങ്കിലും മുറിഞ്ഞു പോകാവുന്നതും  പുനരാരംഭിക്കാവുന്നതുമാണ്; കാരണം ,അതിനു വികാരശുദ്ധതയില്ല.


വർഷങ്ങൾക്കുശേഷം ഒരു സുഹൃത്തിനെ സോഷ്യൽ മീഡിയയിൽ കണ്ടുമുട്ടുന്നു; കുറെ സ്വാതന്ത്ര്യം  പൊടുന്നനെ കോരിച്ചൊരിയപ്പെടുന്നു. ഓർമ്മകളുടെ മത്തുപിടിച്ച രാത്രികൾ കൊഴിഞ്ഞുവീഴുന്നു. താമസിയാതെ ആ മീഡിയ അക്കൗണ്ടുകളിലൊന്ന്  അടച്ചുപൂട്ടി ഒരാൾ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നു ;പിന്നെ ഒരു വിനിമയ മുണ്ടാകുന്നില്ല. ശരീരമില്ലാതിരുന്നതുകൊണ്ട് മുഖം രക്ഷിക്കേണ്ട ആവശ്യമില്ല .സ്വന്തം  സ്നേഹങ്ങളെ 'വിശുദ്ധ'മായി ഓടയിലൊഴുക്കിക്കളയാൻ ഇതുപോലെ വേറൊരു തലമുറയ്ക്കും സാധിച്ചിട്ടില്ല.


ചട്ടങ്ങളിൽ സുരക്ഷിതർ


ഇന്ന് സിവിലിയൻ മാർഗരേഖകൾ  പ്രകാരം ഒരാൾ ചട്ടങ്ങൾ അന്വേഷിച്ചു ചെന്നു സ്വന്തമാക്കുകയാണ്.കുമാരനാശാൻ പറഞ്ഞതു പോലെ 'മാറ്റുവിൻ ചട്ടങ്ങളെ ' എന്നു ധീരമായി പറയില്ല. കാരണം ചട്ടങ്ങളാണ് സ്വാതന്ത്ര്യം നല്കുന്നത്. ശരീരം ഏല്പിക്കാൻ ഡോക്ടർ, മനസ്സ് ഏല്പിക്കാൻ ആത്മീയ പരിശീലകർ , ചിന്തകൾക്കു  സെൽഫ് ഹെൽപ് പുസ്തകങ്ങൾ, കണ്ണുകൾക്ക്  ടെലിവിഷനും ഇൻ്റർനെറ്റ് വീഡിയോകളും ഉള്ളപ്പോൾ ചട്ടങ്ങൾ ഒരാളെ സുരക്ഷിതമാക്കുകയല്ലേ  ചെയ്യുന്നത്? അതേസമയം ചട്ടങ്ങളിൽ സ്വയം മുഴുകുമ്പോൾ തന്നെ സമൂഹമാധ്യമങ്ങളിൽ ശരീരമില്ലാതെ വായുവിൽ നീന്തിത്തുടിച്ച് സ്വാതന്ത്ര്യം ആഘോഷിക്കുകയും ചെയ്യുന്നു. മറ്റുള്ളവരാണ് ,അവിടെ ഒരാളുടെ അനുഭവങ്ങൾ നിർമ്മിക്കുന്നത്. മറ്റുള്ളവരുടെ കമൻ്റുകൾ, നിർദ്ദേശങ്ങൾ, ലൈക്കുകൾ, ചിത്രങ്ങൾ തുടങ്ങിയവ ഒരാളുടെ മാനസികനിലയെ നിർമ്മിക്കുകയും  തകർക്കുകയും ചെയ്യുന്നു.


പ്രമുഖ ഓസ്ട്രിയൻ കവി റെയ്നർ മരിയ റിൽകേ എഴുതിയ 'ദ് നോട്ട് ബുക്സ് ഓഫ് മാൾട്ടേ ലോറിഡ്സ് ബ്രിഗ്ഗി ' (1910) എന്ന ഒരേയൊരു നോവലിൽ, സത്യാന്വേഷണത്തെക്കുറിച്ച് ഒരു ചിന്ത അവതരിപ്പിക്കുന്നുണ്ട്. ഒരുപക്ഷേ, നമുക്ക് നഷ്ടപ്പെട്ട ഒരു ഇന്ദ്രിയമാണിത്. ഓരോരുത്തരുടെയും ദുർഗ്രഹമായ പാത.

'നിങ്ങളുടെ മനസ്സിലെ  പരിഹരിക്കാനാകാത്തതിനൊടെല്ലാം  ക്ഷമയോടെയിരിക്കുക; ആ  ചോദ്യങ്ങളെ തന്നെ സ്നേഹിക്കുക - പൂട്ടിയിട്ട മുറികളെ പോലെയും അന്യഭാഷകളിൽ എഴുതപ്പെട്ട പുസ്തകങ്ങളെ പോലെയും. നിങ്ങൾക്ക് നിവർത്തിക്കാനാകാത്ത ഉത്തരങ്ങൾക്കായി തിരയേണ്ട; കാരണം നിങ്ങൾക്കതിൽ ജീവിക്കാനാവില്ല. എല്ലാറ്റിലും ജീവിക്കുകയാണ് പ്രധാനം. നിങ്ങളുടെയുള്ളിലെ ചോദ്യങ്ങളിൽ ആണ്ടിറങ്ങുക.ക്രമേണ നിങ്ങൾ പോലും അറിയാതെ, ആ  ഉത്തരത്തിലേക്ക് ഒരു വിദൂര സമയത്ത് എത്തിച്ചേരാനാകും' .


വാക്കുകൾ 


1)ഇരുട്ടിനെ പേടിക്കുന്ന കുട്ടിയോട് നമുക്ക് പൊറുക്കാം; എന്നാൽ ആളുകൾ പ്രകാശത്തെ ഭയപ്പെടുമ്പോഴാണ് ജീവിതത്തിലെ യഥാർത്ഥ ദുരന്തം സംഭവിക്കുന്നത്.

പ്ളേറ്റോ,

ഗ്രീക്ക് ചിന്തകൻ


2)സാഹിത്യം അധഃപതിക്കുന്നത് രാഷ്ട്രം അധ:പതിക്കുന്നതിൻ്റെ  ലക്ഷണമാണ്.

ഗൊയ്ഥെ ,

ജർമ്മൻ കവി


3)മാനസിക പ്രശ്നങ്ങൾക്ക് പുസ്തകത്തെക്കാൾ നല്ലൊരു പരിഹാരം വേറെയില്ല.

ഇർവിംഗ് സ്റ്റോൺ ,

അമെരിക്കൻ എഴുത്തുകാരൻ


4)കവിയുടെ മനസ്സിൻ്റെ കണ്ണുകളായി ക്യാമറ പ്രവർത്തിച്ചില്ലെങ്കിൽ ഒരിക്കലും നല്ലൊരു ചലച്ചിത്രം ഉണ്ടാകുകയില്ല.

ഒർസൺ വെൽസ് ,

അമെരിക്കൻ സംവിധായകൻ 


5)ഏകാന്തതയെ ഭയമാണെങ്കിൽ കല്യാണം കഴിക്കരുത്.

ആൻറൺ ചെക്കോവ് ,

റഷ്യൻ കഥാകൃത്ത്


കാലമുദ്രകൾ 


1)മാടമ്പ് കുഞ്ഞുക്കുട്ടൻ


മലയാളത്തിലെ എഴുത്തുകാരുടെ ക്ളിക്കുകളിലോ ,ഒപ്പുശേഖരണ പ്രക്രിയകളിലോ പങ്കാളിത്തം വഹിക്കാതെ, ഒരുറുമ്പിനെ പോലെ ,സ്വന്തം ഇച്ഛയാൽ പല വഴികൾ തേടി നടന്ന ജ്ഞാനിയായ സ്വാതന്ത്ര്യദാഹിയായിരുന്നു മാടമ്പ് കുഞ്ഞുക്കുട്ടൻ .


2)ഡെന്നീസ് ജോസഫ് 


സിനിമയുടെ ജനപ്രിയതയെ നവീനകാലത്തിനു ഇണങ്ങുന്ന വിധത്തിൽ പുന:ക്രമീകരിക്കുകയും പുതിയ ആഖ്യാന വഴികൾ കണ്ടെത്തുകയും ചെയ്ത തിരക്കഥാകൃത്താണ് ഡെന്നീസ് ജോസഫ്. നമ്പർ 20 മദ്രാസ് മെയിൽ ഉദാഹരണം.


3)വൈക്കം മുഹമ്മദ് ബഷീർ 


ബഷീർ സ്വന്തം സാഹിത്യമണ്ഡലം കണ്ടെത്തിയത് അദ്ദേഹത്തിൻ്റെ  ജീവിതത്തിലെ അലച്ചിൽ എന്ന വിധിയെ അടിസ്ഥാനമാക്കിയാണ്. ബഷീർ ഇന്ത്യ മുഴുവൻ  അലഞ്ഞിരുന്നില്ലെങ്കിൽ, പലവിധ ജോലികൾ ചെയ്തിരുന്നില്ലെങ്കിൽ, ദാരിദ്ര്യം അനുഭവിച്ചിരുന്നില്ലെങ്കിൽ, ഉറപ്പായും മറ്റൊരു മധ്യവർഗ്ഗ സാഹിത്യമാവും രചിക്കുക.


4)എം. സുകുമാരൻ


പതിറ്റാണ്ടുകളോളം ഒന്നും എഴുതാതിരിക്കാനാണ് എം.സുകുമാരൻ ശ്രദ്ധിച്ചത്.  അതോടെ എഴുതിയതിനു പുതിയ വ്യാഖ്യാനങ്ങളുണ്ടായി. പരാജയപ്പെട്ടവരുടെ ജീവിതമാണ് അദ്ദേഹം അപഗ്രഥിച്ചത്. എഴുത്തുകാരനു കർമ്മം പോലെ അഗാധവും വ്യാപ്തിയുള്ളതുമായ മൗനവും ആവശ്യമാണ്. 


5)കെ.ആർ.ഗൗരിയമ്മ 


കെ.ആർ .ഗൗരിയമ്മ രാഷ്ട്രീയത്തിലേക്ക് വന്നതിനു സാമൂഹികമായ, ആദർശപരമായ  കാരണങ്ങളുണ്ടായിരുന്നു. അവർക്ക് അത് തൊഴിലോ പ്രലോഭനമോ ആയിരുന്നില്ല. പതിറ്റാണ്ടുകളോളം  അധികാരത്തിലിരുന്ന ഗൗരിയമ്മ ജീവിതത്തോടു വിടപറഞ്ഞപ്പോൾ അവരുടെ കൈകൾ പരിശുദ്ധമായിരുന്നു.


വായന 


കുഞ്ഞപ്പ പട്ടാന്നൂർ പതിറ്റാണ്ടുകളായി എഴുതി തൻ്റേതായ ഒരു ഇടതുപക്ഷം സൃഷ്ടിച്ചിരിക്കുകയാണ്. ഈ കവി ഒന്നിൻ്റെയും ഔദ്യോഗികഭാഷയോ ,കവിത്വമോ നേടാനാഗ്രഹിക്കാതെ, സ്വാനുഭവത്തിൻ്റെ നാട്ടുപച്ചകൾ തേടി നടന്നു.'സ്മാരകം' (സ്നേഹരാജ്യം ,ഏപ്രിൽ ) എന്ന കവിതയിൽ ഇങ്ങനെ എഴുതുന്നു:


'കാതലുള്ള കിനാവുകൾ 

പൂതലിക്കുന്ന കാലത്ത് 

കനലുകൾ 

ഓരോന്നോരോന്നായി 

കരിക്കട്ടകളായി

തീരുന്നനേരങ്ങളിൽ 

നേരിൻ്റെ നെഞ്ചുകാക്കാൻ

ആരുണ്ടു കാവലാളാവാൻ?'


ഈ വേദന കവി തുടക്കം മുതലേ വഹിച്ചുപോന്നിരുന്നു.കൊറോണയുടെ വർത്തമാനകാല ദുഃഖമാണ് കവി ആവിഷ്കരിച്ചത് .


ആത്മീയമായ അന്വേഷണമാവുകയാണ് ഷൗക്കത്തിൻ്റെ ലേഖനം, 'മനുഷ്യനാവുക എന്നാൽ ' (എഴുത്ത്, ഏപ്രിൽ ). 'ജീവിതത്തിൻ്റെ ലക്ഷ്യം ജീവിതമാകുന്നിടത്താണ് ,ജീവിക്കുന്ന നിമിഷങ്ങളുടെ ധന്യതയിലായിരിക്കണം നമ്മുടെ ശ്രദ്ധയെന്നു നാം അറിഞ്ഞു തുടങ്ങുക' എന്ന് എഴുതുന്നിടത്ത്  ആത്മീയാനുഭവം അനായാസേന ആർ ജിക്കുകകയാണ് . ജീവിതത്തിലായിരിക്കുന്നത് ജീവിച്ചുകൊണ്ടാവുമ്പോൾ ചിന്ത തന്നെ പ്രവൃത്തിയായി മാറും


അജിത്ത് ശേഖരൻ എഴുതിയ 'കാട് കയറുന്നവൻ' (മാധ്യമം ആഴ്ചപ്പതിപ്പ് ,ഏപ്രിൽ 5) ഇന്നത്തെ  മനുഷ്യൻ്റെ തിരിച്ചുപോക്കിനുള്ള ത്വര ഉണർത്തിവിട്ടു. കാടുകയറാൻ ആരും ആഗ്രഹിച്ചു പോകുന്ന നിമിഷങ്ങളുണ്ട്.


' അയാൾക്ക് 

കാട് കേറണമായിരുന്നു.

കരിമ്പാറ 

കൂട്ടങ്ങൾക്കിടയിലെ 

അള്ളുകളിലിരുന്നു തീ 

പടർത്തി 

ചൂട് കായണമായിരുന്നു 

കനലായ കനലെല്ലാം

കുഴലൂതിത്തെളിച്ചു

കിഴങ്ങുചുട്ടുള്ളിലെ 

തീയണയ്ക്കണം"


വളരെ സരളമെന്നു തോന്നുമെങ്കിലും, ഈ വരികളിൽ കവി നാഗരികൻ്റെ മനസ്സിലെ ശൂന്യതയാണ് പുറത്തെടുക്കുന്നത് .ജലാർദ്രതകൾ നഷ്ടപ്പെട്ട് ,എങ്ങും  വേരുറയ്ക്കാനാവാതെ അലയുന്നവന് കവി കാട് ചൂണ്ടിക്കാണിച്ചുകൊടുക്കുന്നു , അവൻ്റെ മനസ്സിൻ്റെ ആഴങ്ങളിലുണ്ടായിരുന്നത്.ആ കാട് അകലെയല്ല.


No comments:

Post a Comment