Wednesday, May 5, 2021

അക്ഷരജാലകം/എം.കെ.ഹരികുമാർ / സ്നിഗ്ദ്ധമായ വായ്ത്തലകൾ /metrovartha may2, 2021

 അക്ഷരജാലകംlink


9995312097

mkharikumar797@gmail.com






കവിതയുടെ ഒരു നിയമവും പാലിക്കാതെ ,സ്വതന്ത്രമായാണ് Leaves of Grass എന്ന 1 വിശ്വകാവ്യം വിറ്റ്മാൻ രചിച്ചത്‌. കവിയാണ് ഛന്ദസ്സ് നിർമ്മിക്കുന്നത്;ഛന്ദസ്സ് കവിയെ  നിർമ്മിക്കുകയല്ല എന്ന തത്ത്വം പ്രവാചകകവിയായ വിറ്റ്മാന് അറിയാമായിരുന്നു. ലീവ്സ് ഓഫ് ഗ്രാസ് ' എന്ന കൃതിയുടെ ആദ്യ പതിപ്പിൽ തന്നെ ഉൾപ്പെട്ട രചനയാണ്  'സോംഗ് ഓഫ് മൈസെൽഫ് ' . അമെരിക്കയിൽ എഴുതപ്പെട്ട ഏറ്റവും മികച്ച കവിതയിതാണെന്നു പറയുന്നവരുണ്ട്. അത് ഒരു  കാലഘട്ടത്തെയല്ല സൃഷ്ടിച്ചത്; ഭാവിയെയാണ്. മനുഷ്യമനസ്സിനെ ഉപകരണമായി, രാസത്വരകമായി സ്വീകരിച്ച് പ്രപഞ്ചത്തെയാകെ തന്നിലേക്ക് ആവാഹിക്കുന്ന ദീർഘകവിതയാണിത്. അതേസമയം നശ്വരതയെക്കുറിച്ച് ഭയാനകമായി ഓർമ്മിപ്പിക്കുന്നതും, അസ്ഥിരമായ മാനസികാവസ്ഥകളാൽ പീഡിപ്പിക്കപ്പെടുന്നതുമായ ഇന്നത്തെ ചുറ്റുപാടിൽ 'സോങ് ഓഫ് മൈസെൽഫ് 'ൻ്റെ ഒരു പുനർവായന ഫലപ്രദമായിരിക്കുമെന്നു തോന്നുന്നു.


പിറവിയുടെ തുടർച്ച


മരണത്തെ നിഷ്പ്രഭമാക്കുന്ന അതുല്യമായ ഭാവാത്മകതയാണ് 'സോംഗ് ഓഫ് മൈസെൽഫ്' നെ  ശ്രദ്ധേയമാക്കുന്നത്. മൃത്യുവിനാൽ നശിക്കുന്നതാകയാൽ ജീവിതം നിരർത്ഥകമാണെന്ന ധാരണയെ  നിരാകരിക്കുകയും എവിടെയും പിറവിയുടെ തുടർച്ചയെ മാത്രം അഭിദർശിക്കുകയുമാണ് കവി. ഈ ലോകത്തിലായിരിക്കുന്ന അവസ്ഥയെ വ്യവകലനം ചെയ്യാനാവാത്തതു പോലെ അതിനെ നശിപ്പിക്കാനുമാവില്ല. സർവ്വാതിശായിയായ ജനിയുടെ പ്രഭാവം കവി എവിടെയും കാണുകയാണ്.


ഈ ഭാഗം ശ്രദ്ധിക്കൂ:

' നിങ്ങൾ രണ്ടാമനിൽ നിന്നോ 

മൂന്നാമനിൽ നിന്നോ 

ഒരു കാര്യവും കേൾക്കാൻ പോകരുത്. മരിച്ചവരുടെ കണ്ണിലൂടെ 

നോക്കുകയുമരുത്.

പുസ്തകങ്ങളിൽ പറഞ്ഞത് 

മാത്രംവച്ചു ജീവിക്കരുത്.

നിങ്ങൾ എൻ്റെ കണ്ണുകളിലൂടെയും നോക്കരുത്;അതുപോലെ ഞാൻ പറഞ്ഞതും കേൾക്കണ്ട .

നിങ്ങൾ എല്ലാവശവും ശ്രദ്ധിക്കുക;

എന്നിട്ട് നിങ്ങളിൽ നിന്നു തന്നെ അവയെ അരിച്ചെടുക്കുക' .


പക്ഷി പറക്കുന്നതു പോലെയാണ്  പ്രകൃതി എന്ന് കവി വിശദീകരിക്കുന്നു അതിനു വിവിധ വർണ്ണങ്ങളുണ്ട്. ഒരു പക്ഷിയുടെ പാട്ട് അതിൻ്റെ  ചുറ്റുപാടിനും അപ്പുറത്താണ്. അതു  നിശ്ശബ്ദതയെ ഭേദിച്ചുകൊണ്ട് എത്രയോ ദൂരം സഞ്ചരിക്കുന്നു.

കവിയുടെ വാക്കുകൾ :


'ചിറകാർന്ന ലക്ഷ്യങ്ങളിൽ 

ഞാൻ വിശ്വസിക്കുന്നു

ചുവപ്പ് ,മഞ്ഞ, വെള്ള എന്നീ നിറങ്ങൾ എൻ്റെ ഉള്ളിൽ പെരുമാറുന്നത് 

ഞാൻ തിരിച്ചറിയുന്നു 

പച്ചയെയും വയലറ്റിനെയും 

ജട കെട്ടിയ കിരീടത്തെയും

പ്രത്യേക ഉദ്ദേശ്യത്തോടെ പരിഗണിക്കുന്നു

ആമയെ വിലകുറച്ചു കാണണ്ട എന്തുകൊണ്ടെന്നാൽ 

അവൾ മറ്റൊന്നുമല്ല 

കാടുകളിലെ സ്വർണചൂഡൻ പക്ഷി അതിൻ്റെ സ്വരവ്യാപ്തി എന്തെന്ന് ഒരിക്കലും മനസ്സിലാക്കുന്നില്ല .

എന്നിട്ടും എന്നെ നന്നായി വിറപ്പിക്കുന്നു 

ഒച്ചയിടുന്ന പെൺകുതിരയുടെ നോട്ടം എൻ്റെ നിസ്സാരതയെ 

ലജ്ജാവിവശമാക്കുന്നു ' .


പരാജയമില്ല 


മനുഷ്യൻ പരാജയത്തെയാണ് പരാജയപ്പെടുത്തേണ്ടത്. അതിനുള്ള ശേഷി അവനുണ്ട്.അത് തിരിച്ചറിയുന്നിടത്താണ് സൗന്ദര്യത്തിൻ്റെ  യാത്ര ആരംഭിക്കുന്നത്.


'കടന്നുപോകുന്ന ഓരോരുത്തരും, അവസാനിപ്പിക്കുന്ന ഓരോരുത്തരും വിലമതിക്കപ്പെടുന്നു;

ഒരൊറ്റയാൾക്കു പോലും 

പരാജയപ്പെടേണ്ടിവരില്ല.

മരിച്ചതോ അടക്കം ചെയ്യപ്പെട്ടതോ ആയ ഒരു യുവാവിനെയും പരാജയപ്പെടുത്താനാവില്ല 

അതുപോലെ അവൻ്റെ  മൃതദേഹത്തിനരികിൽ 

മരിച്ചുകിടക്കുന്ന യുവതിയും'


എന്തിനു പരാജയത്തെക്കുറിച്ചുള്ള ചിന്തയാൽ നമ്മൾ വരിഞ്ഞുമുറുകണമെന്നാണ് കവി വിവക്ഷിക്കുന്നത്.വിസ്മരിക്കപ്പെടുന്നവരെല്ലാം പരാജിതരാണോ ? വിസ്മൃതി പ്രകൃതിയുടെ സ്വഭാവമാണ് .


വിറ്റ്മാൻ എഴുതുന്നു:

'ഭൂമിയിലെ ഏറ്റവും പഴക്കമുള്ള ശവക്കല്ലറയ്ക്കുള്ളിലുള്ളതോ , എണ്ണമറ്റ ഗോളങ്ങളോ ,

അവയിലെ അനന്തമായ വസ്തുക്കളോ  ഈ കാലമോ,

അതിലെ ഏറ്റവും നിസ്സാരമായ 

ഒരു പുല്ലിൻകഷണമോ പോലും പരാജയപ്പെടുന്നില്ല'.


കാലം പരാജയപ്പെടുന്നുണ്ടോ ? ഒരിക്കലുമില്ല. പ്രകൃതി പരാജയപ്പെടുന്നില്ലെങ്കിൽ അതിൻ്റെ  അംശമായ നമുക്കെങ്ങനെ പരാജയപ്പെടാനാവും? .വീണ്ടും വിറ്റ്മാൻ്റ വാക്കുകൾ:


'സ്നേഹിക്കുന്ന പുല്ലിൽ നിന്ന് പിറവിയെടുക്കാനായി  ഞാൻ 

ഈ അഴുക്കിൽ മുങ്ങിക്കിടക്കുന്നു

നിങ്ങൾക്ക് എന്നെ വീണ്ടും കാണണമെങ്കിൽ 

നിങ്ങളുടെ ചെരുപ്പിൻ്റെ അടിയിലേക്ക്  നോക്കിയാൽ മതി.

നിങ്ങൾക്ക് എന്നെ അറിയില്ല; 

ഞാൻ ആരാണെന്ന് ,

ഞാനെന്താണ് പറയുന്നതെന്ന്

നിങ്ങൾക്ക് അറിയില്ല.

ഞാൻ ശരീരസുഖം നല്കും

നിങ്ങളുടെ രക്തം

ശുദ്ധീകരിക്കുകയും ചെയ്യും' .


പുല്ല് പുല്ലല്ല 


'ഖസാക്കിൻ്റെ ഇതിഹാസ 'ത്തിൽ ഇതിനു സമാനമായി പുല്ല് വളരുന്നുണ്ട്. നോവലിൻ്റെ ഒടുവിൽ രവി പാമ്പിൻ്റെ ദംശനമേറ്റ് കിടക്കുമ്പോൾ വിജയൻ ഇങ്ങനെ എഴുതുന്നു: 'രവി ചാഞ്ഞുകിടന്നു. അയാൾ ചിരിച്ചു .അനാദിയായ മഴവെള്ളത്തിൻ്റെ സ്പർശം. ചുറ്റും പുൽക്കൊടികൾ മുളപൊട്ടി. രോമകൂപങ്ങളിലൂടെ പുൽക്കൊടികൾ വളർന്നു' .മഹത്തായ ഒരു വിവരണമാണിത്. വാൾട് വിറ്റ്മാനിൽ കാണുന്നതുപോലെ ,വിജയനിലും  പുല്ലിൻ്റെ  പ്രഭാവം സ്വാംശീകരിക്കപ്പെട്ടു. പുല്ല് ജീവിത നൈരന്തര്യമാണിവിടെ ,സോംഗ് ഓഫ് മൈസെൽഫിൽ കാണുന്നതുപോലെ.


കവി വെറുമൊരു മനുഷ്യവ്യക്തിയല്ല ഇവിടെ. സകലകാലങ്ങളിലുമുള്ള പ്രപഞ്ചചേതനയുടെ സ്വരമാണ്  കേൾക്കാനാകുന്നത് .ഒരു പുല്ലായി കവി ജീവൻ്റെ ചാക്രികതയിൽ ജീവിക്കുന്നതായി സ്വപ്നം കാണുന്നു. സ്നിഗ്ദ്ധമായ ഒരു വായ്ത്തലയാണ് ഈ അനുഭവം.


'എന്നിലുള്ള എല്ലാ നന്മയും കണങ്ങളും

നിങ്ങളുടേതുമാണ് '


കവി ഇങ്ങനെ എഴുതാൻ കാരണം നന്മയെക്കുറിച്ചുള്ള അവബോധമാണ്. നന്മ ഒരാളുടെ കണ്ടുപിടുത്തമല്ല ;

അതിവിടെ ഉണ്ടായിരുന്നു. ആത്മാവിൻ്റെ ആഘോഷമാണത്. ആത്മാവ് എന്നാൽ മനസ്സിൻ്റെ പ്രതിനിധാനമല്ല; തന്നെ ഈ മണ്ണിലെ പുല്ലുപോലെ നിലനിർത്തുന്ന പ്രപഞ്ച രഹസ്യമാണത്.


കവിയിലൂടെ നശ്വരമായ ലോകമാണ് പ്രമുക്തി നേടുന്നത്. അതിനുപകരം ലോകചേതനയാണ് സംസാരിക്കുന്നത്. ഓരോ ജീവൻ്റെയും അടിയിലുള്ള മൂന്നാംകണ്ണാണത്.അത് നമ്മൾ മുന്നോട്ടു നോക്കുമ്പോൾ നമ്മെ പിന്നിൽ നിന്നു രഹസ്യമായി നോക്കുന്നു.കാഴ്ചകൾ എപ്പോഴുമുണ്ടാകുന്നു;നമ്മുടേതല്ലെങ്കിലും. കവിയുടെ ജീവിതം നിർമ്മിത നഗരസംസ്കാരമല്ല; പ്രകൃതി തന്നെയാണ്.തന്നിലൂടെ പലർ  സംസാരിക്കുകയാണ്;പല കാലങ്ങളും   പ്രകൃതിയും സംസാരിക്കുകയാണ്. സ്വന്തം ജീവിതവുമായി എങ്ങനെ താദാത്മ്യം പ്രാപിക്കും ? ഇങ്ങനെ  സർവ്വസാഹോദര്യത്തിൻ്റെ അനുഭൂതിയിലേക്ക് എത്തുകയാണ്.


ആരും മരിക്കുന്നില്ല 


പുല്ല് ദൈവികതയുടെ അടയാളമാവുകയാണ്. ജനന-മരണ ചക്രത്തിൻ്റെ തുടർച്ചയുടെ പ്രത്യക്ഷതയാവുകയാണ്. അതോടെ വിഷാദത്തിനു മേൽ നമുക്ക് വിജയം നേടാനാവും. ആരും മരിക്കുന്നില്ല. ഒരു ചാക്രികതയിൽ പങ്കുചേരാനുള്ള അവസരം മാത്രമാണത്. അതിൽ സന്തോഷിക്കാനുമുണ്ടത്രേ. പുല്ല് വലിയ ഒരു പ്രതിബിംബമാവുകയാണ്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തിൻ്റെ പ്രത്യക്ഷമായ ജൈവമണ്ഡലം;പുല്ല് രഹസ്യമാണ്.


മാനസികവ്യാപാരങ്ങളിലൂടെ , ഗാഢവും പ്രേമാർത്ഥവുമായ പരിശ്രമങ്ങളിലൂടെ പ്രാപഞ്ചിക രഹസ്യത്തെക്കുറിച്ച് സൂചന ലഭിക്കുമോ ?പ്രകൃതിയിലെ ഓരോന്നിനോടും കവിക്കു തോന്നുന്ന പ്രണയം ഇതിൻ്റെ ഭാഗമാണ്. കടലിനെ നോക്കി, ' ഞാൻ നിൻ്റെ ഭാഗമാണ് ' എന്ന് പറയുന്നത് അതുകൊണ്ടാണ് . തന്നിലൂടെ ലോകജീവിതത്തിൻ്റെ  വിഭിന്നസ്വരങ്ങൾ ഉയരുന്നു.തന്നിലാണ് പാപിയും പുണ്യവാളനും അടിമയും മോഷ്ടാവും. താൻ കണ്ടതും കേട്ടതുമെല്ലാം തന്നിലുണ്ട്; കാണാത്തതുമുണ്ട്. എല്ലാ മതങ്ങളും തന്നിലാണുള്ളത്. ആത്മാവും ശരീരവും പോലെ നന്മയും തിന്മയും മാലിന്യവും സൗന്ദര്യവും തന്നിൽ ലയിച്ചുചേർന്നിരിക്കുന്നു.


വിറ്റ്മാൻ  ഇങ്ങനെ എഴുതി: 'എൻ്റെ വൈവിധ്യത്തേക്കാൾ മികച്ച എന്തിനെയും ഞാൻ പ്രതിരോധിക്കുന്നു ' . 

എന്താണ് ആ വൈവിധ്യം ? ഒരാൾ  പലതായിരിക്കുന്നു ,അതിൽ കാലങ്ങളും മനസ്സുകളും സ്വപ്നങ്ങളും ജീവികളുമാണുള്ളത്.


വാക്കുകൾ 


1) ദൈവം നിലനിൽക്കുന്നില്ല ;ഞാനത് നിഷേധിക്കുന്നില്ല. എന്നാൽ എൻ്റെ  മുഴുവൻ ഉണ്മയും ദൈവത്തിനായി നിലവിളിക്കുന്നത് എനിക്ക് മറക്കാനാവില്ല.

ഷാങ്  പോൾ സാർത്ര് ,

ഫ്രഞ്ച് എഴുത്തുകാരൻ


2)ലൈംഗികതയോട് സെൻറ് അഗസ്റ്റിനുണ്ടായിരുന്ന കാഴ്ചപ്പാട് എല്ലാ മതങ്ങൾക്കും ഉണ്ടാകണമെന്നില്ല. നമ്മുടെ സംസ്കാരത്തിൽ, ഇന്നും ആരാധനാലയങ്ങളിൽ വിവാഹങ്ങൾ ആഘോഷിക്കപ്പെടുന്നു. അന്നു  രാത്രിയിൽ എന്താണ് സംഭവിക്കുന്നതെന്ന് അവിടെ കൂടിയിരിക്കുന്ന എല്ലാവർക്കും അറിയാമല്ലോ .എന്നാൽ ഒരു മതചടങ്ങായതിനാൽ അതിനെ തടയാനാവില്ല.

ലുഡ്‌വിഗ് വിറ്റ്ജൻസ്റ്റീൻ,

ഓസ്ട്രിയൻ - ബ്രിട്ടീഷ് ചിന്തകൻ


3)മനുഷ്യജീവിതത്തിലെന്നപോലെ ചരിത്രത്തിലും ,പശ്ചാത്താപം നഷ്ടപ്പെട്ട ഒരു നിമിഷത്തെ തിരിച്ചുകൊണ്ടുവരുന്നില്ല.

ആയിരം വർഷങ്ങൾ ,ഒരു മണിക്കൂറിനുള്ളിൽ നഷ്ടപ്പെട്ടത് വീണ്ടെടുക്കില്ല.

സ്റ്റെഫാൻ സ്വീഗ് ,

ഓസ്ട്രിയൻ നോവലിസ്റ്റ്


4)പുസ്തകങ്ങളും ലൈംഗിക പരാക്രമങ്ങളും പരിമിതമാണ്; എന്നാൽ വായിക്കാനും രമിക്കാനുമുള്ള ആഗ്രഹം അനന്തമാണ്. അത് നമ്മുടെ മരണങ്ങളെയും ഭയങ്ങളെയും സമാധാനത്തിനായുള്ള പ്രതീക്ഷകളെയും മറികടന്നു പോവുന്നു.

റോബർട്ടോ ബൊലാനോ ,

ചിലിയൻ നോവലിസ്റ്റ് 


5)ഞാനെൻ്റെ സിനിമകൾ കാണാറില്ല; കുറച്ചകലം പാലിക്കുന്നതാണ് നല്ലതെന്നും സുരക്ഷിതമെന്നും വിചാരിക്കുന്നു. നിരാശപ്പെടുമോ എന്നു  ഞാൻ ഭയപ്പെടുന്നു.

ബർനാഡോ ബർട്ടോലുച്ചി,

ഇറ്റാലിയൻ സംവിധായകൻ



കാലമുദ്രകൾ


1)കാമ്പിശ്ശേരി കരുണാകരൻ 


ഒരു സാഹിത്യകാരൻ്റെ  കൃതി പ്രസിദ്ധീകരിക്കാൻ തിരഞ്ഞെടുത്താൽ എഡിറ്റർ കാമ്പിശ്ശേരി കരുണാകരൻ കത്തയയ്ക്കുകയും സൗഹൃദം സ്ഥാപിക്കുകയും ചെയ്യുമായിരുന്നു.


2)പട്ടം താണുപിള്ള 


'ഏതു കുറ്റിച്ചൂലിനെ നിർത്തിയാലും ജയിക്കു'മെന്ന് പറഞ്ഞ പട്ടം താണുപിള്ളയിൽ ഒരു ധീരനെയും ജനാധിപത്യത്തെ മനസ്സിലാക്കിയ വിവേകിയെയും കാണാം. രാഷ്ട്രീയരംഗത്ത് ശൈലികൾ ഉത്പാദിപ്പിച്ചവരെപ്പറ്റി കെ.എ. മുരളീധരൻ (സമ്മതിദാനം തേടുന്ന ഭാഷാശൈലി, ഭാഷാപോഷിണി)എഴുതിയിരിക്കുന്നു.


3)വേണു കൊതേരിൽ


സമകാലിക കേരളത്തിലെ പ്രമുഖ ചിത്രകാരന്മാരിലൊരാളായ വേണു കൊതേരിലിൻ്റെ പുതിയ ചിത്രപ്രദർശനം യൂട്യൂബിലാണ് നടന്നത്.ജീവിതത്തിൻ്റെ സനാതന സാരം തേടി ആശ്രമങ്ങളിലും അഭയ സങ്കേതങ്ങളിലും അലഞ്ഞിട്ടുള്ള  വേണുവിൻ്റെ ആദ്യപ്രദർശനം (ആർക്കെയ്ക് ഡ്രീംസ് ) 1990 ൽ സോവിയറ്റ് കൾച്ചറൽ സെൻ്ററിലും (തിരുവന്തപുരം) ,പിന്നീട് ട്രാൻസെൻഡിംഗ് ഹ്യൂസ് എന്ന പേരിൽ കേരള ലളിതകലാഅക്കാദമി ആർട്ട് ഗ്യാലറിയിലും (തിരുവനന്തപുരം) നടന്നു.


4)പി.ബി. ഹൃഷികേശൻ 


ദീർഘകാലം പ്രവാസിയായിരുന്ന പി.ബി.ഹൃഷികേശൻ്റെ ദാർശനികമാനമുള്ള കവിതകൾ ഇപ്പോൾ ചർച്ച ചെയ്യുകയാണ്. 'ഒന്നടുത്ത് വരാമോ നീ ?' എന്ന സമാഹാരമാണ് ഏറ്റവും പുതിയത്.


5)കെ. പി. ശങ്കരൻ 


കെ.പി.ശങ്കരൻ എഴുതുന്ന കഥാപഠനങ്ങൾ (കലാപൂർണ ) സമകാലികമായ സൗന്ദര്യധാരണകളെ  ഉൾക്കൊള്ളുന്നില്ല. വിജ്ഞാനം ലോകത്ത് എവിടെയുള്ളതും  സ്വീകാര്യമാകണം.ശങ്കരനു കഥ വായിക്കുമ്പോൾ അനുഭൂതിയുണ്ടാകുന്നതായി  തോന്നുന്നില്ല. 



വായന


എം.ജി യൂണിവേഴ്സിറ്റിയുടെ സ്കൂൾ ഓഫ് ലെറ്റേഴ്സിൽനിന്നു ഡോ. കെ. എം. കൃഷ്ണൻ പടിയിറങ്ങുന്നത് എല്ലാവരും ആശ്ചര്യത്തോടെ നോക്കി നിൽക്കേണ്ട കാര്യമാണെന്ന മട്ടിൽ ഒരഭിമുഖം (അജു. കെ നാരായണൻ, മലയാളം ,മാർച്ച് 29) വായിച്ചു. ഇതുപോലുള്ള അക്കാദമിക്കുകൾ സ്ഥിതിവിവരക്കണക്ക് ശേഖരിക്കുന്നവർ മാത്രമാണ്. മൗലികമായ ഒരു ചിന്തയുമുണ്ടായിരിക്കില്ല; സഹൃദയത്വവുമില്ല . ഒരിക്കലെങ്കിലും കൃഷ്ണൻ അത് തെളിയിച്ചിട്ടില്ലല്ലോ. നല്ല പുസ്തകങ്ങളുമായി ഇവരുടെ അടുത്തേക്ക് ചെന്നാൽ ദന്തഗോപുരത്തിലേക്ക് ഓടി രക്ഷപ്പെടും. ക്ലാസ്സ് റൂമിൻ്റെ വെളുത്ത ചുമരുകൾക്കുള്ളിൽ ഇവർ അരസികത്വത്തിൻ്റെ അപ്പൂപ്പൻ താടികൾ പറത്തി രസിക്കുകയാണ്. 'സർവകലാശാല ജനങ്ങളിലേക്ക് ' എന്ന ബാനറിൽ ചില പരിപാടികൾ നടത്തി എന്ന് കൃഷ്ണൻ അവകാശപ്പെടുന്നുണ്ട്. ആരെങ്കിലും അറിഞ്ഞോ ? സാംസ്കാരിക പൊങ്ങച്ചങ്ങളെ  അണിനിരത്തുന്നതിൽ ചിലർ ഇപ്പോഴും വർദ്ധിച്ച താല്പര്യം കാണിക്കുകയാണ്.


ഏറ്റവും അപ്രധാന കാര്യങ്ങൾ  അപ്രസക്തി ഒട്ടും ചോരാതെ  അവതരിപ്പിക്കുന്നതിൽ വീരാൻകുട്ടി വിദഗ്ദ്ധനാണ്! . അദ്ദേഹത്തിൻ്റെ  'പ്രാർത്ഥനയുടെ ക്രമം' (മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ഏപ്രിൽ 25) എന്ന കവിതയും വ്യത്യസ്തമല്ല. കവിക്ക് പ്രാർത്ഥിക്കാൻ ഒരു വിഷയമില്ലത്രേ . ഇലയിലെ മഞ്ഞുകണത്തിനു വേണ്ടി പ്രാർത്ഥിക്കുകയാണ്.'ചുറ്റുമുള്ള വായു ലവലേശം ഇളകാതിരിക്കാൻ 'പ്രാർത്ഥിക്കണമെന്ന് കവി വായനക്കാരോട് അഭ്യർത്ഥിക്കുകയാണ്.


ഈ കൊറോണക്കാലത്ത് ഇതുപോലെ നിസ്സാര കാര്യങ്ങളെക്കുറിച്ച് എഴുതിയിട്ടു എന്താണു പ്രയോജനം ?


പെയിൻ്റിംഗ്


സിതാര കെ.വിയുടെ പെയിൻ്റിംഗുകളെക്കുറിച്ചു ഇ.എച്ച്.പുഷ്കിൻ എഴുതിയ ലേഖനം (പ്രകാശ ഇഴകളിൽ നെയ്ത  വസ്ത്രമണിഞ്ഞ ആത്മഗതങ്ങൾ, ചിത്രവാർത്ത മാർച്ച്-ഏപ്രിൽ ) അർത്ഥസാന്ദ്രമായി. ചിത്രകലയിൽ ബിരുദാനന്തരബിരുദം നേടിയ സിതാരയുടെ 'സോളിലോക്വി' (ആത്മഗതം)എന്ന ശീർഷകത്തിൽ നടന്ന പ്രദർശനമാണ് ലേഖകൻ അവലോകനം  ചെയ്യുന്നത്.


'







No comments:

Post a Comment