M K Harikumar /Transcripts
words, texts, images and messages
Tuesday, December 3, 2024
Friday, January 6, 2023
ജ്ഞാനത്തിൻ്റെ സ്പന്ദനം /അക്ഷരജാലകം / എം.കെ.ഹരികുമാർ
മഹാജ്ഞാനിയായ
ബ്രിട്ടീഷ് തത്ത്വചിന്തകൻ ബർട്രാൻഡ് റസ്സൽ 'ഹിബ്ബർട്ട് ജേർണലി'ൽ
മതസാരത്തെക്കുറിച്ചെഴുതിയ ലേഖനത്തെ പ്രശംസിച്ചുകൊണ്ട് രവീന്ദ്രനാഥ ടാഗോർ
അദ്ദേഹത്തിനു അയച്ച ഒരു കത്തിൽ (1912 ,ഒക്ടോ. 13 ) ഇങ്ങനെ വായിക്കാം:
താങ്കളുടെ ലേഖനം വളരെ താല്പര്യത്തോടെയാണ് ഞാൻ വായിച്ചത്. ഉപനിഷത്തിലെ ഒരു
വാക്യത്തെക്കുറിച്ചാണ് ഞാനോർമ്മിച്ചത്. നമ്മെ കുഴപ്പിക്കുന്ന വാക്കുകളും,
മനസ്സ് എന്നപോലെ, അവനിൽ നിന്നാണ് വരുന്നത്. ബ്രഹ്മത്തിൻ്റെ (അനന്തതയുടെ)
ആനന്ദം അറിയുന്നവൻ എല്ലാ ഭയങ്ങളിൽ നിന്നും സ്വതന്ത്രനാകുന്നു. അറിവിലൂടെ
നിങ്ങൾക്കവനെ മനസിലാക്കാനാകില്ല. അനന്തതയെ നിങ്ങൾ ജീവിക്കുമ്പോൾ ,നശ്വരമായ
ജീവിതത്തിൻ്റെ പരിധിക്കുള്ളിലാകാതിരിക്കുമ്പോൾ നിങ്ങൾ മനസ്സിലാക്കുന്നു
,മഹത്തായ ആനന്ദം എന്നു പറയുന്നത് നമ്മുടെ സ്വാർത്ഥജീവിതത്തിൻ്റെ എല്ലാ
സന്തോഷങ്ങൾക്കും വേദനകൾക്കും മുകളിലാണെന്ന്; അങ്ങനെ നിങ്ങൾ എല്ലാ ഭയങ്ങളിൽ
നിന്നും സ്വാതന്ത്രനാകുന്നു'.
ടാഗോർ പറയുന്നത് ,ഈ
ആനന്ദമാണ് ബ്രഹ്മബോധത്തിന്റെ ശരിയായ അറിവെന്നാണ്. ഒരധികാര കേന്ദ്രം
നമ്മളിൽ അടിച്ചേൽപ്പിക്കുന്ന വിശ്വാസമല്ല അത്. എന്നാൽ അനന്തതയുടെ
ആത്യന്തികമായ സക്ഷാത്കാരമാണത്. ഇടുങ്ങിയ സ്വാർത്ഥ മനസ്സിൻ്റെ ചങ്ങലകളിൽ
നിന്ന് സ്വതന്ത്രമായാലേ അത് അനുഭവിക്കാനാകൂ .അങ്ങനെ മാത്രമേ നമ്മുടെ
മനസ്സിനെയും സ്നേഹത്തെയും സ്വതന്ത്രമാക്കാനാവൂ .കൃഷ്ണദത്തയും ആൻഡ്രൂ
റോബിൻസണും എഡിറ്റ് ചെയ്ത 'രവീന്ദ്രനാഥ് ടാഗോർ -ആൻ ആന്തോളജി' എന്ന മനോഹരമായ
പുസ്തകത്തിലാണ് ഈ കത്ത് വായിച്ചത്.
ഈ ആത്മീയതയാണ്
ടാഗോർ തൻ്റെ സാഹിത്യത്തിലുടനീളം ആവിഷ്കരിച്ചത്. ഒരു അനുഭൂതിയെന്ന നിലയിൽ
മാത്രമല്ല ,ജീവിതത്തെ ആകെ സ്വാധീനിക്കുന്ന വലിയ ജ്ഞാനമെന്ന നിലയിലും ഇത്
ടാഗോറിൽ സദാ സ്പന്ദിച്ചു നിന്നു. ഇതാണ് നമുക്ക് നഷ്ടപ്പെട്ടത്;നമ്മുടെ
സാഹിത്യത്തിനും .ആത്മാവിനു അന്യമായി ഒന്നുമില്ലെന്ന വലിയ വീക്ഷണത്തിലേക്ക്
എത്താൻ കഴിയാത്തതുകൊണ്ടാണ് അനാവശ്യമായ അയിത്തവും വെറുപ്പും തലപൊക്കുന്നത്.
മരണമല്ല വലുത്
മരണമാണോ
ജീവിതമാണോ വലുത്? മരണത്തെക്കുറിച്ച് പ്രമുഖ എഴുത്തുകാർ ഗാഢമായി
നിരീക്ഷിച്ചിട്ടുണ്ട്. ഫ്രഞ്ച് തത്ത്വജ്ഞാനി ഴാങ് പോൾ സാർത്ര് എഴുതി:
'മരണം
ഒരു തുടർച്ചയാണ് ,ആ തുടർച്ചയിൽ ഞാൻ ഇല്ലെങ്കിൽ പോലും'.ജീവിതത്തേക്കാൾ
മഹത്തരമായി മരണത്തെ പ്രഖ്യാപിക്കുകയാണ് ഇന്ന് സോഷ്യൽ മീഡിയയും പത്രങ്ങളും
മറ്റും. അവർ ജീവിതത്തിനു യാതൊരു അർത്ഥവും കാണുന്നില്ല. എത്ര തവണ
അവിൽപ്പൊതിയുമായി വീട്ടുപടിക്കൽ ചെന്നാലും അവർ പ്രസാദിക്കുകയില്ല;
കാര്യങ്ങൾ സ്വയം ബോധ്യപ്പെട്ടു പ്രവർത്തിക്കാൻ ,ഇവർക്ക് ശ്രീകൃഷ്ണനാകാൻ
സാധ്യമല്ലല്ലോ .
ഇന്നത്തെ പ്രമുഖ പത്രങ്ങളുമായി ഈ
നാട്ടിലെ സാഹിത്യകാരന്മാർക്ക്, ചിത്രകാരന്മാർക്ക് യാതൊരു ആത്മബന്ധവും
തോന്നുകയില്ല .തൊണ്ണൂറ് കഴിഞ്ഞ ഏതാനും പേർക്ക് മറിച്ചായിരിക്കും
പറയാനുണ്ടാവുക. കാരണം, എഴുത്തുകാരനെയും കലാകാരനെയും തമസ്കരിച്ച ശേഷം
,പത്തുമണിക്കൂർ പോലും ആയുസ്സില്ലാത്ത രാഷ്ട്രീയ പ്രതികരണങ്ങളും മറ്റു വിനോദ
വിവരണങ്ങളുമാണ് അവർ നിരത്തുന്നത് .എഴുത്തുകാരനും കലാകാരനും ഈ നാട്ടിലെ
പ്രജയാണെന്നു പോലും അവർ അംഗീകരിക്കുകയില്ല. മരണത്തെ ജീവിതത്തെക്കാൾ വലുതായി
കാണുന്നത് ഇന്നത്തെ സംസ്കാരമാണെങ്കിൽ അത് ജീർണതയാണ്. ജീവിതത്തിലെപ്പോഴും
അവർ കലാകാരന്മാരെ ചവിട്ടിത്തേക്കു കയാണ് ചെയ്യുന്നത്. എന്നാൽ കലാകാരൻ
മരിക്കുമ്പോൾ ശവത്തിനു പിടിവലിയാണ്. സമൂഹമാധ്യമങ്ങളിൽ ഫോട്ടോ ഉപയോഗിച്ച്
വിവിധ ഗ്രൂപ്പുകളും വ്യക്തികളും വച്ചുപൂജ നടത്തും. സതീഷ് ബാബു പയ്യന്നൂന്റെ
കാര്യത്തിൽ ഒരാഴ്ച അത് തുടർന്നു. എന്ത് കാപട്യമാണിത്!. മരിച്ചയാളെ
അനുസ്മരിക്കുകയോ അവൻ്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തുകയോ അല്ല ഇതിൻ്റെ
പിന്നിലുള്ള ലക്ഷ്യങ്ങൾ. തങ്ങൾ ജീവിച്ചിരിക്കുന്നു എന്ന അഹന്തയുടെ
അട്ടഹാസമാണത്. മരണത്തിലൂടെ മാത്രമേ തങ്ങൾ അംഗീകരിക്കുകയുള്ളൂ എന്നല്ലേ അവർ
പറയുന്നത്? ഇക്കൂട്ടർ കലാകാരൻ്റെ ജീവിതത്തെ എപ്പോഴും പുലഭ്യം
പറഞ്ഞുകൊണ്ടിരിക്കും; നിന്ദിക്കുകയും നോവിക്കുകയും ചെയ്തു അപമാനിക്കും.
മരണത്തെ ആദ്യമായി കാണുകയാണെന്ന നാട്യത്തിൽ ഒരാഘോഷമാണ് അവർ
സംഘടിപ്പിക്കുന്നത്. ശവങ്ങൾക്ക് ഒന്നിനെയും പ്രതിരോധിക്കാനാവില്ലല്ലോ.
സതീഷ് ബാബു പയ്യന്നൂരിനെ അവഗണിച്ചവരെല്ലാം, അദ്ദേഹം മരിച്ചതോടെ ശവത്തിനു
വേണ്ടി ചാടി വീഴുകയായിരുന്നു. ചർച്ചകളും അനുശോചനങ്ങളും അണപൊട്ടിയൊഴുകി.
ഫലത്തിൽ , തങ്ങളുടെ ശൂന്യമായ അഹന്ത പൊട്ടിത്തകർന്നതിലുള്ള ജാള്യത മറച്ചു
വച്ച് വെറുതെ ബഹളം വയ്ക്കുകയാണ്.
ജീവിതം
മരണത്തിൽ അവസാനിക്കുന്നുവെന്ന് ഉറച്ചു വിശ്വസിക്കുന്ന ചിന്താശൂന്യന്മാരാണ്
മരണത്തെ ഇങ്ങനെ ആഘോഷിക്കുന്നത്. ജീവിതത്തിന്റെ ഒരു ഘട്ടമാണത്
;എഴുത്തുകാരനു മരണമില്ല. എഴുത്തുകാരൻ തൻ്റെ മരണത്തെക്കുറിച്ച്
ആലോചിക്കുന്നത് തന്നെ തെറ്റാണ്. ജീവിതത്തെ എങ്ങനെയെങ്കിലും
അവസാനിപ്പിക്കാമെന്ന് ആഗ്രഹിക്കുന്നവരാണ് എഴുത്തുകാരന്റെ മരണത്തെ
അപഹാസ്യമാക്കിത്തീർക്കുന്നത്. അവർ മറ്റുള്ളവരുടെ ചെലവിൽ സ്വന്തം മൂല്യങ്ങൾ
അടിച്ചേൽപ്പിക്കുകയാണ്. എഴുത്തുകാരന് ജീവിതം അവന്റെ കൃതികളാണ്.
സി.വി.ശ്രീരാമൻ എത്ര കാലം ഈ ഭൂമുഖത്തു നിന്ന് മാറി നിന്നാലും അദ്ദേഹം തൻ്റെ
കഥകളിലൂടെ സംസാരിക്കുകയാണ്.
ആ കഥകൾ ജീവിതമാണ്. അത്
മരണത്തിനെതിരെയാണ് യുദ്ധം ചെയ്യുന്നത്. മാധ്യമങ്ങളും സമൂഹമാധ്യമങ്ങളും
സാഹിത്യത്തിന്റെ ഈ സമരത്തെ കാണാൻ തയ്യാറല്ല.
ഇന്നത്തെ
പത്രവായനക്കാർ ഒരിക്കലും യശ:ശരീരരായ സി.വി.ശ്രീരാമനെയോ
വി.പി.ശിവകുമാറിനെയോ അറിയില്ല. ഈ എഴുത്തുകാർക്ക് പത്രങ്ങളുമായി എന്തു
ബന്ധം? പത്രങ്ങളുടെ വായനക്കാർ രാഷ്ടീയ നേതാക്കളെയാണ് അറിയുന്നത്.
വായനക്കാരുടെ ആയുഷ്കാലം ഈ അറിവിൽ തന്നെ അവർക്ക് തുടരാനും മാധ്യമങ്ങൾ ഒത്താശ
ചെയ്തു കൊടുക്കും.
വഴിപാട് സെമിനാറുകൾ
കേരള
സാഹിത്യഅക്കാദമി 'ചണ്ഡാലഭിക്ഷുകി -ദുരവസ്ഥ' ശതാബ്ദി സെമിനാർ
സംഘടിപ്പിച്ചു. ഒരു വഴിപാടെന്ന പോലെയാണ് ഈ ശതാബ്ദി സംഘടിപ്പിച്ചതെങ്കിൽ
കൊള്ളാം. അതിനപ്പുറം ഈ സെമിനാറിനു ഒരു പ്രസക്തിയും കിട്ടുകയില്ല. ഈ
സെമിനാറിനെക്കുറിച്ച് 'സാഹിത്യ ചക്രവാള'(ഡിസംബർ) ത്തിൽ ഇങ്ങനെ വായിക്കാം:
'മൈത്രി എന്ന ആശയമാണ് കുമാരനാശാൻ്റെ കവിതകളിൽ നിറഞ്ഞു നിൽക്കുന്ന ഘടകമെന്ന്
അദ്ദേഹം (സുനിൽ പി. ഇളയിടം)നിരീക്ഷിച്ചു. സാമൂഹ്യ ജീവിതത്തിൻ്റെ ആധാരശാല
യാകേണ്ടത് ഈ മൈത്രിയെന്ന ഭാവമാണ്. സ്നേഹമെന്ന അടിസ്ഥാന മൂല്യത്തെ രാഷ്ട്രീയ
മൂല്യമായി വികസിപ്പിക്കുന്നത് ആശാന്റെ കാവ്യ ജീവിതത്തിൽ പ്രകടമാണെന്നും
സുനിൽ പി. ഇളയിടം നിരീക്ഷിച്ചു'.
ഇത്രയേയുള്ളൂ ഈ
സെമിനാർ .കോളജ് അധ്യാപകരും ഒരേ രാഷ്ട്രീയ അനുയായികളും മാത്രം പങ്കെടുത്ത ഈ
സെമിനാർ ആശാൻ കണ്ടിരുന്നെങ്കിൽ ഓടി രക്ഷപ്പെട്ടേനെ. ചണ്ഡാലരുടെ
വെള്ളത്തിനുപോലും ജാതി നിലനിന്ന ഒരു ഇടമാണ് കേരളമെന്നാണ് ആശാൻ പറയുന്നത്.
എന്നാൽ ഇപ്പോൾ അക്കാദമി ചെയ്യുന്നതെന്താണ് ?തങ്ങളുടെ രാഷ്ട്രീയ അടിമത്തം
പേറാത്തവരെ, തങ്ങളുടെ രാഷ്ട്രീയം എന്ന 'അരാഷ്ട്രീയ' ചിന്തകളിൽ
അഭിരമിക്കാത്തവരെ പുറത്തു നിറുത്തുന്നതാണ് അക്കാദമിയുടെ രീതി. ഇവിടെ
എവിടെയാണ് സാർ മൈത്രി?. ഇഷ്ടമില്ലാത്തവരെയെല്ലാം പുറന്തള്ളുന്ന സ്വഭാവത്തെ
ആരും മൈത്രിയെന്നു വിളിക്കില്ല. അത് ഫൂഡൽ മനോഭാവമാണ്. ഒരു പ്രത്യേക
രാഷ്ട്രീയനിറത്തിൽ അഭയം തേടിയ ശേഷം സ്വന്തം വിമതവും ഏകപക്ഷീയവുമായ
അരാഷ്ട്രീയ ബോധത്തിന്റെ പുറംതോടിനുള്ളിൽ കഴിയുന്നവരുടെ 'രാഷ്ട്രീയ'മല്ല,
എന്തായാലും ആശാൻ അവതരിപ്പിച്ചത്. സംസ്കാരവും ബഹുസ്വരതയും എന്ന വിഷയത്തിൽ
കെ.സി. നാരായണൻ പ്രഭാഷണം നടത്തിയെന്ന്! ബഹുസ്വരത ഒട്ടുമില്ലാത്തയാളാണ്
നാരായണൻ.
ശ്രീജിത്ത് പെരുന്തച്ചന്റെ
'എഴുത്തുമേശകൾ' എന്ന കൃതിയെക്കുറിച്ച് എൻ.എം.നൂലേലി മുക്തകണ്ഠം പ്രശംസിച്ച്
എഴുതിയത് (സാഹിത്യചക്രവാളം)വായിച്ചു. ഇതൊക്കെ റിവ്യു ചെയ്യേണ്ട
കാര്യമുണ്ടോ ?'എഴുത്തുമേശകൾ' തരക്കേടില്ലാത്ത ഒരു പൈങ്കിളി കൃതിയാണ്.
ശ്രീജിത്തിന് എഴുത്തുകാരുടെ വീടിനു ചുറ്റും നടക്കാനേ കഴിയൂ; ഉള്ളിൽ കയറാൻ
'അന്യവാദ'മില്ല. അദ്ദേഹം മുണ്ടശ്ശേരിയെക്കുറിച്ച് എഴുതിയത് ലേഖകൻ
ഉദ്ധരിക്കുന്നത് ഇങ്ങനെയാണ് :'ഏതു നേരവും ഒരു രണ്ടാംമുണ്ട് അദ്ദേഹത്തിൻ്റെ
തോളത്തു കാണാം .മന്ത്രിയായിരിക്കുമ്പോൾ മുണ്ടശ്ശേരി സാഹിത്യം
രണ്ടാംമുണ്ടാക്കി തോളത്തിട്ടു .എഴുത്തുകാരനായിരിക്കുമ്പോൾ രാഷ്ട്രീയം
രണ്ടാംമുണ്ടാക്കി തോളത്തിട്ടു .രണ്ടാംമുണ്ട് തോളത്തിട്ടു കൊണ്ട് അദ്ദേഹം
എല്ലായിടത്തും ഒന്നാമതെത്തി. അങ്ങനെയാണല്ലോ കേരളത്തിലെ ഒന്നാമത്തെ
വിദ്യാഭ്യാസ മന്ത്രിയും കൊച്ചിൻ സർവകലാശാലയിലെ ഒന്നാമത്തെ വൈസ്
ചാൻസലറുമായത്'.എങ്ങനെയുണ്ട് ശ്രീജിത്തിൻ്റെ കണ്ടുപിടിത്തം ? മുണ്ടശ്ശേരി
എഴുതിയ ഒരു കൃതിയും വായിക്കാതെ അദ്ദേഹത്തിൻ്റെ രണ്ടാംമുണ്ട് തപ്പി നടന്ന
ശ്രീജിത്തിന്റെ കഥയില്ലായ്മകളാണ് ഇതെല്ലാം.
രാഷ്ട്രീയ പ്രചാരണം
'നിങ്ങളെന്നെ
കമ്മ്യൂണിസ്റ്റാക്കി' നാടകത്തിനു എഴുപത് വയസ്സ് പൂർത്തിയായതിൻ്റെ വിവരണം
വാട്സപ്പിൽ വായിച്ചു. നാടകത്തിലെ ഒരു ഗാനരംഗത്തിന്റെ പുനരാവിഷ്കാരവും
കണ്ടു. ഈ നാടകത്തിനു ചരിത്രപരമായ പ്രാധാന്യമുണ്ട്. ഒരു കാലഘട്ടത്തെ
രൂപപ്പെടുത്തുന്നതിൽ ചെറുതല്ലാത്ത പങ്കുവഹിച്ച നാടകകൃത്താണ് തോപ്പിൽ ഭാസി;
അതുപോലെ കാഥികൻ സാംബശിവനും മറ്റും .
അവർ കണ്ട രാഷ്ട്രീയ
സ്വപ്നങ്ങൾ പവിത്രമായിരുന്നു. അവർ മനുഷ്യരെയെല്ലാവരെയും ഒന്നുപോലെ കണ്ടു.
എന്നാൽ പിൽക്കാലത്ത് ലോകത്തിൻ്റെ മാറ്റം മറ്റൊരു വഴിക്കായിരുന്നു.
ആഗോളവൽക്കരണവും നഗരവത്ക്കരണവും സൈനികസാങ്കേതികതയും മുന്നേറിയപ്പോൾ
പ്രത്യയശാസ്ത്രങ്ങൾക്ക് പിന്മാറേണ്ടി വന്നു .തോപ്പിൽ ഭാസിയുടെ നാടകങ്ങളിൽ
രാഷ്ട്രീയ പ്രചാരണത്തിനാണ് പ്രാധാന്യം. ഒരു കലാസൃഷ്ടി
രാഷ്ട്രീയപ്രചാരണത്തിനു തയ്യാറെടുക്കുന്നത് ഇന്നത്തെ നിലയിൽ അത്ര
പ്രതീക്ഷാവഹമല്ല. തോപ്പിൽ ഭാസിയുടെ പ്രതിഭയ്ക്ക് അതിൻ്റെ യഥാർത്ഥ വഴിയിൽ
മുന്നേറാനായില്ല എന്നാണ് ഇത് കാണിക്കുന്നത്. മഹാനായ കഥാപ്രസംഗകൻ
വി.സാംബശിവൻ 'ഇരുപതാം നൂറ്റാണ്ട് ' എന്ന കഥ പറയുമ്പോൾ സോഷ്യലിസ്റ്റ്
രാഷ്ട്രങ്ങളിലെ ജനങ്ങളെ അദ്ദേഹം സ്തുതിക്കുന്നുണ്ട്. അവിടങ്ങളിലെ
സമത്വത്തെയാണ് സാബശിവൻ പ്രശംസിക്കുന്നത്. എന്നാൽ ആ സോഷ്യലിസ്റ്റ്
രാഷ്ട്രങ്ങൾ ഇന്നെവിടെയാണ്? ആ സമത്വം എവിടെ? ഏത് രാഷ്ട്രങ്ങളെയാണ്, അദ്ദേഹം
മനസ്സിൽ കണ്ടത്?.
ഒരു പ്രതിമയിൽ എന്തിരിക്കുന്നു?
കേരളത്തിൽ
എഴുത്തുകാരുടെ പ്രതിമയും സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. കുമാരനാശാൻ്റെ പ്രതിമ
തലസ്ഥാനത്ത് തന്നെയുണ്ട്. വേറെയും പ്രതിമകളുണ്ട്. പുസ്തകം
വായിക്കാത്തവർക്കുള്ള ആഹ്വാനമാണത്, ഈ പ്രതിമയെ കണ്ടെങ്കിലും വായനയിലേക്കു
തിരിച്ചുപോകൂ എന്ന് .ഏതാനും ആഴ്ചകൾക്കു മുമ്പാണ്, ടി.പത്മനാഭൻ്റെ ഒരു
പ്രതിമ മാഹി കലാഗ്രാമത്തിൽ സ്ഥാപിച്ച വാർത്ത വായിച്ചത്. ചെറിയൊരു ഞെട്ടൽ
ഉണ്ടാകാതിരുന്നില്ല .ഈ കോളത്തിൻ്റെ പ്രത്യേകത സത്യസന്ധതയാണെന്ന് ശത്രുക്കൾ
പോലും സമ്മതിക്കും. അതുകൊണ്ട് പറയുകയാണ്. ടി.പത്മനാഭൻ്റെ പ്രതിമ അനാച്ഛാദനം
ചെയ്തത് ശശി തരൂരാണ്. എന്നാൽ ആ ചടങ്ങിൽ പത്മനാഭൻ പങ്കെടുത്തതാണ്
ഞെട്ടിച്ചത്.പത്മനാഭൻ അതിൽ പങ്കെടുത്തത് തെറ്റായ സന്ദേശമാണ് ജനങ്ങൾക്ക്
നല്കിയത്. സ്വന്തം പ്രതിമ സ്ഥാപിക്കുന്നതിനു കഥാകൃത്ത് തന്നെ
മുൻകൈയെടുക്കുന്നെന്ന സൂചന അത് പകരുന്നുണ്ട്,അങ്ങനെ അല്ലെങ്കിൽ പോലും
.തൻ്റെ നോവലിനു പതിനഞ്ചാമത്തെ അവാർഡ് ലഭിച്ചിരിക്കുന്നു എന്നു പറഞ്ഞ്
ഫേസ്ബുക്കിൽ ഒരു കഥാകൃത്ത് പോസ്റ്റ് ചെയ്തത് കണ്ടു. എന്തിനാണ് ഞെട്ടുന്നത്
?തനിക്ക് ഇത്രയും അവാർഡുകൾ കിട്ടിയിട്ടുണ്ട് കേട്ടോ എന്നു പറഞ്ഞ്
ഒരെഴുത്തുകാരൻ സ്വയം മുന്നോട്ടുവരുന്നത് ഇന്നാർക്കും ഒരു പ്രശ്നവുമല്ല
.അതെല്ലാം ശീലമായിരിക്കുന്നു. ഒരവാർഡിൽ എന്തിരിക്കുന്നു എന്ന് പറയുന്നതാണ്
ഉന്നതം. ഇതുപോലുള്ള പ്രശംസകളിൽ നല്ല എഴുത്തുകാർ അഭിരമിക്കില്ല, അവർക്ക്
ലഹരിപിടിക്കാൻ ആശയങ്ങളാണ് വേണ്ടത്.
ടി.പത്മനാഭൻ്റെ
പ്രതിമ വയ്ക്കുന്നതുകൊണ്ട് കുഴപ്പമില്ല.എന്നാൽ ആ ചടങ്ങിൽ പത്മനാഭൻ
പങ്കെടുത്തത് മറ്റു പല എഴുത്തുകാർക്കും 'പ്രചോദന'മാകും . ഇനി
തിരുവനന്തപുരത്തുനിന്നു കോഴിക്കോട്ടേക്ക് പ്രസംഗിക്കാൻ പോകുന്ന
എഴുത്തുകാരൻ പറയാനിട യുള്ള വാചകം ഇതായിരിക്കും: എൻ്റെയൊപ്പം എൻ്റെ
പ്രതിമയും കൊണ്ടുവന്നിട്ടുണ്ട്. അത് നിങ്ങൾ ഇവിടെ സുരക്ഷിതമായി
സ്ഥാപിക്കണം. പ്രസ്റ്റീജ് ഇഷ്യുവാണ്! .
നമ്മുടെ സമൂഹത്തെ
ബാധിച്ചിരിക്കുന്ന വൈകാരികമായ സ്തംഭനാവസ്ഥയാണ്, ഇതിനെപ്പറ്റി ആരും
പ്രതികരിക്കാത്തതിനു കാരണമെന്നാണ് എനിക്ക് തോന്നുന്നത്. കാറിൽ ചാരി നിന്ന
ബാലനെ കാർ ഉടമ ആഞ്ഞു ചവിട്ടിയപ്പോൾ പലരും പ്രതികരിച്ചു. കാരണം ,ആ ചവിട്ടു
വന്നു കൊണ്ടത് തൻ്റെ നെഞ്ചത്താണെന്ന് അത് കണ്ട ഓരോ വ്യക്തിക്കും
തോന്നിയിരിക്കണം.
എന്നാൽ എഴുത്തുകാരൻ്റെ പ്രതിമ
ഒരു വായനക്കാരനെയും സൃഷ്ടിക്കാൻ പോകുന്നില്ല. എഴുത്തുകാരൻ തന്നെ ആ ചടങ്ങിൽ
പങ്കെടുത്തു എന്നറിയുന്ന വായനക്കാരൻ തരിച്ചു നിൽക്കുകയേയുള്ളൂ. ചിലപ്പോൾ,
ഇതുപോലുള്ള സംഭവങ്ങൾ തന്നെ പ്രതിമകളായി രൂപാന്തരപ്പെടുകയായിരിക്കാം.
ഇതിനോടെല്ലാം ആളുകൾ സന്ധി ചെയ്ത് കഴിഞ്ഞിട്ടുണ്ടാകാം. എല്ലാ മൂല്യങ്ങളും
തകരുമ്പോൾ ഇതു മാത്രമായി എന്തിന് ശേഷിക്കണം?.തൻ്റെ പ്രതിമ സ്ഥാപിക്കാത്ത
സ്ഥാപനങ്ങൾക്കെതിരെ ആക്രോശിക്കുന്ന എഴുത്തുകാരെ അടുത്ത ദശാബ്ദത്തിനുള്ളിൽ
തന്നെ കാണേണ്ടി വരും .
ഏകാത്മകതയുടെ ശബ്ദം /അക്ഷരജാലകം /എം.കെ.ഹരികുമാർ
ഇന്ത്യയുടെ
സംസ്കാരത്തെയും അറിവിനെയും രാഷ്ട്രീയത്തെയും പിഴിഞ്ഞ് സത്തെടുത്ത ഒരു
പ്രഭാഷകനുണ്ടായിരുന്നു, സമീപകാല ഇന്ത്യയിൽ .മലയാളിയും ബഹുഭാഷാ പണ്ഡിതനും
ദാർശനികനും ഗ്രന്ഥകാരനും ശ്രീരാമകൃഷ്ണ മഠത്തിൻ്റെ പതിമൂന്നാമത് ആഗോള
അദ്ധ്യക്ഷനുമായിരുന്ന സ്വാമി രംഗനാഥാനന്ദ(1908-2005)യാണത്.
സ്വാമിയുടെ
പ്രഭാഷണം കേൾക്കണം. ഓരോ പ്രഭാഷണവും നമ്മെ അഗാധമായ രമ്യതയിലേക്കും
ബുദ്ധിപരമായ പ്രഭാവങ്ങളിലേക്കും ഭാരതീയമായ ജ്ഞാനമുകളങ്ങളിലേക്കും
സംസ്കൃതമായ പൂർവകാലങ്ങളിലേക്കും കൊണ്ടു പോകുന്നതാണ്. ഭാരതത്തിൻ്റെ അസംഖ്യം
ജ്ഞാനസ്രോതസ്സുകളിൽ നിന്നു, വൈവിധ്യമാർന്ന ജ്ഞാനസാഹിത്യങ്ങളിൽ നിന്നു
ഏറ്റവും അഗാധവും സംയുക്തവും സാരഗ്രാഫിയുമായ ഒരാശയം എങ്ങനെ ഇന്ത്യയിലുടനീളം
പ്രചരിപ്പിച്ചു എന്നു സ്വാമി അമെരിക്കയിൽ ചെയ്ത ഒരു പ്രസംഗത്തിൽ
വിശദീകരിച്ചത് ഓർക്കുകയാണ് .
ലോകത്തിലെ പേരുകേട്ട
ഗ്രീക്ക്, റോമൻ സംസ്കാരങ്ങളുടെയെല്ലാം വളർച്ചയും തളർച്ചയും
പരിശോധിച്ചുകൊണ്ടാണ് വിവേകാനന്ദൻ്റെ ഹ്യൂമനിസം അഥവാ മാനുഷികത്വം എങ്ങനെയാണ്
ഒരുപടി മുകളില്‍ നിൽക്കുന്നതെന്ന് സ്വാമി വിവരിച്ചത് .വിവേകാനന്ദൻ
മദ്രാസിൽ ചെയ്ത ഒരു പ്രസംഗത്തെക്കുറിച്ച് അതിൽ സൂചിപ്പിക്കുന്നുണ്ട്.
വിവേകാനന്ദൻ ഒരിക്കൽ പറഞ്ഞു, ഇനി അമ്പതു വർഷത്തേക്ക് ദൈവങ്ങളെയെല്ലാം
മറക്കുക. പകരം, ഇന്ത്യയിലെ പാവപ്പെട്ടവരെ, ജീവിത പരാധീനതയിൽപ്പെട്ട്
നാലുപാടും ചിതറിയ സാധാരണക്കാരെ സേവിക്കുക. അവരിലാണ് ക്ഷേത്രമുള്ളത്. ആ
ക്ഷേത്രത്തിലാണ് ഈശ്വരനുള്ളത്. അതുകൊണ്ട് അവരെ സേവിക്കുക. അതാണ് ശരിയായ
ഈശ്വര പൂജ. പാവപ്പെട്ടവരിലൂടെ ദൈവത്തെ കാണുന്നത് ഇന്ത്യയുടെ ന്യൂക്ളിയസാണ്.
പാവപ്പെട്ടവരെ കാണാതെ ദേവാലയത്തിൽ പോകുന്നത് അർത്ഥശൂന്യമാണ്.
സ്വാമിയുടെ
ഈ പ്രസംഗത്തിന് ആധാരമായ വസ്തുത ഭാഗവതത്തിൽ കപില തൻ്റെ മാതാവായ ദേവഭൂതിയോട്
പറയുന്ന ഒരു തത്ത്വമാണ്. അത് രംഗനാഥാനന്ദസ്വാമി സംസ്കൃതത്തിൽ തന്നെ
ഉദ്ധരിക്കുന്നുണ്ട്.
'അഥമാം സർവ്വേശ ഭൂതേശോ
ഭൂതാത്മാനം കൃതാലയം
അർഹയേത് ദാനമാനാഭ്യ
മൈത്രിയാ അഭിന്നേന ചക്ഷുഷ'
സർവ്വ
ഭൂതങ്ങളിലുമുള്ള തന്നെ ആരാധിക്കാനാണ് ഭഗവാൻ പറയുന്നത്. എല്ലാ ജീവികളിലും
ക്ഷേത്രമുണ്ട് .അതിലാണ് ഭഗവാൻ വസിക്കുന്നത്. എങ്ങനെ ആരാധിക്കും? ഓരോ
വ്യക്തിയുടെയും ആവശ്യങ്ങൾ നിറവേറ്റണം .വേദനിക്കുന്നവനെ ശുശ്രൂഷിക്കണം.
വിദ്യാഭ്യാസമില്ലാത്തവനു അത് കൊടുക്കണം. വീടില്ലാത്തവർക്ക് വീട് വച്ചു
കൊടുക്കണം. മുറിവേറ്റവരെ ചികിത്സിക്കുക. ഇതാണ് സേവനം. ആരാധന എന്നാൽ ഈ
സേവനമാണ്. എന്നാൽ വെറുതെ സേവനം ചെയ്താൽ പോര. 'ദാനമാനാഭ്യ മൈത്രിയാ'
എന്നാണ് ഉപദേശം . പക്ഷേ ,അത് ദാനം വാങ്ങുന്നവനെ ബഹുമാനിച്ചുകൊണ്ട് വേണം.
താൻ വലിയവനായതുകൊണ്ട് കുറെ ചില്ലറ എറിഞ്ഞുകൊടുക്കാമെന്ന് കരുതരുത്. അവനെ
ബഹുമാനിച്ചുകൊണ്ടാണ് ദാനം ചെയ്യേണ്ടത്. ദാനം ചെയ്യാനായി പതിതനെ മാനിക്കണം.
ആദരവില്ലാതെ ദാനം ചെയ്യുന്നതിൽ ഒരു വലിയ കുറവുണ്ട്. മാനിച്ചുകൊണ്ട് ദാനം
ചെയ്യുമ്പോൾ ആ ദാനം എത്തിച്ചേരുന്നത് ഭഗവാനിലാണ്. കാരണം, എല്ലാവരിലും ഒരേ
ആത്മാവാണുള്ളത്. അതുകൊണ്ട് എല്ലാവരിലും ദൈവമുണ്ട്. ഒടുവിലത്തെ വരി ഏറ്റവും
പ്രബുദ്ധമാണ്: 'അഭിന്നേന ചക്ഷുഷ'.ഭിന്നതയില്ലാതെ നോക്കണം. നമ്മുടെ കണ്ണിൽ
പണ്ഡിതനും പാമരനും കോടീശ്വരനും ദരിദ്രനുമെല്ലാം തുല്യരായിരിക്കണം. ഇതാണ്
വേദാന്തത്തിൻ്റെ രഹസ്യമെന്ന് രംഗനാഥാനന്ദസ്വാമി ചൂണ്ടിക്കാട്ടുന്നു.
നമ്മുടെ
ജനാധിപത്യത്തിന്റെ മഹത്തായ പാഠം ഇതായിരിക്കണമെന്ന് സ്വാമി
തുടർന്നുപറയുന്നു .ആർക്കും ഔദാര്യമായിട്ടോ സഹാനുഭൂതി കൊണ്ടോ അല്ല സഹായം
ചെയ്യേണ്ടത്. എല്ലാവരും തുല്യരാണ് എന്ന നിലയിൽ എല്ലാവർക്കും ബഹുമാനം
കിട്ടണം.
ദരിദ്രനായാലും ജനാധിപത്യത്തിൽ ഒരു വോട്ടുണ്ടല്ലോ. അത്
ഒരു പദവിയാണ്. എല്ലാവരിലും ഒരേ ആത്മാവാണുള്ളതെന്നിരിക്കെ ആരും ആരെക്കാളും
ചെറുതോ വലുതോ അല്ല. ജനാധിപത്യത്തിലും ഇതായിരിക്കണം ആദർശം .നമ്മൾ ഒരേ
മനുഷ്യവർഗ്ഗമാണ്. നമ്മളിൽ വിഭിന്നവർഗ്ഗങ്ങളും ഭിന്ന ആത്മാവുകളും ഇല്ല
.ഇതാണ് ഇന്ത്യൻ സാഹിത്യത്തിൻ്റെ കാതൽ.ഇതിനപ്പുറം മഹനീയമായ ഒരിടമില്ല
.എന്നാൽ വർത്തമാനകാല ഇന്ത്യൻ സാഹിത്യത്തിൽ ദാർശനികമായ ഈ ചിന്തകൾ എവിടെയോ
അപ്രത്യക്ഷമായിരിക്കുന്നു.
കവിത വിധി
ഒരു
കവിതയിൽ കവി മരിക്കുകയാണ്. ആ കവിതയിലൂടെ തൻ്റെ ജീവിതത്തിൻ്റെ ഒരു ഘട്ടം
,തിരിച്ചറിവ്, ഉന്മാദം അവസാനിപ്പിച്ചു മറ്റൊന്നിലേക്ക് കടക്കുകയാണ് കവി. ഈ
ഉത്തര- ഉത്തരാധുനിക കാലത്ത് ഡിജിറ്റൽ സമൂഹമാധ്യമങ്ങളിലാണല്ലോ ആളുകൾ
ജീവിക്കുന്നത്. കാമുകിയെ കൊന്നു കാമുകൻ ജീവനൊടുക്കുകയോ അല്ലെങ്കിൽ കാമുകൻ
കൊല നടത്തിയ ശേഷം വിജയശ്രീ ഭാവത്തിൽ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയോ
ചെയ്യുന്നത് ഡിജിറ്റൽ ജീവിതത്തിലെ നിഴൽനാടകമായിത്തീർന്നിരിക്കുന്നു.
എല്ലാ
പ്രണയങ്ങളും മരീചികയോ, ഭ്രമാത്മകമായ അപസ്മാരമോ, വഞ്ചനയോ ആയിട്ടാണ് ഈ
കാലഘട്ടത്തിൽ കടന്നുപോകുന്നത്. സമൂഹമാധ്യമങ്ങളിൽ ആയിരക്കണക്കിനു
സുഹൃത്തുക്കളുള്ളപ്പോൾ ഒരാളോട് മാത്രമായി ആത്മാർത്ഥതയോടെ, ധാരണയോടെ
നീങ്ങാൻ പലർക്കും പ്രയാസമായിരിക്കും.അത്രയ്ക്കാണ് പ്രലോഭനങ്ങൾ
.അരക്ഷിതാവസ്ഥ ഒരു പൊതു അനുഭവമായിരിക്കുന്നു. ഒരു ബന്ധത്തിനും
ഗ്യാരണ്ടിയില്ല എന്ന ചിന്ത ഭ്രാന്തമായി തീരുമാനമെടുക്കാൻ
പ്രേരിപ്പിക്കുന്നു. സ്വർഗ്ഗരാജ്യം തൊട്ടരികിൽ വന്നു നിൽക്കുകയാണെന്ന്
പ്രചരിപ്പിക്കുന്ന വാണിജ്യ,ദൃശ്യ, മാധ്യമലോകമാണ് ചുറ്റിനുമുള്ളത്.
അതുകൊണ്ട്
സ്വയം അനാവരണം ചെയ്യാനല്ല ,സ്വയം മറയ്ക്കാനും അതിജീവിക്കാനുമാണ് സാഹസികർ
മുന്നോട്ടുവരുന്നത്. ഈ കാലത്ത് കവിക്ക് ഇതിനോടെല്ലാം പുറംതിരിഞ്ഞ് നിന്ന്
പ്രകൃതി വർണനയിലോ തത്ത്വപ്രസംഗത്തിലോ ഒതുങ്ങാനാവില്ല. കവി നേർക്കാഴ്ചകൾ
കാണുകയാണ്. കവിക്കും അതിജീവിക്കേണ്ടതുണ്ട്. ആത്മഹത്യകളെയും പ്രതികാര
ബുദ്ധികളെയും കവി കാണുകയാണ്. ഒരു കവിതയിൽ തന്നെ കവിക്ക് മരിക്കേണ്ടി
വരുന്നു .കവിത വിധിയാണ്. അടുത്ത കവിതയിൽ വീണ്ടും അയാൾ തലപൊക്കുന്നു.
അവിടെയും അയാൾ മരിക്കുന്നു .കാരണം, മറ്റൊരു കവിതയിലേക്ക് തുടരാനുള്ള ഒരു
മാനസികനില നഷ്ടപ്പെടുകയാണ്.
മീര കമല എഴുതിയ 'ഗന്ധമുള്ളൊരു ചിരി'(പ്രസാധകൻ,ഡിസംബർ) എന്ന കവിതയിലെ വരികൾ ഇങ്ങനെ:
'നിറങ്ങൾക്ക് ശ്വാസംമുട്ടുന്നു.
അഴകുള്ള കറുപ്പിന്
കവിതയിലും കറുത്ത നിറം
നരകത്തിലും ഇടമുള്ള കറുത്തകവിത.
സ്വർഗ്ഗത്തിലെ കാലുകൾക്ക് മാത്രം
വെളുത്ത നിറം
ആരുമായും എവിടെയും ഇണചേരുന്ന
വെളുപ്പിന് സ്വാതന്ത്ര്യം.
പരക്കെ പായുന്ന മോചനത്തിനു
മാത്രം പ്രണയമില്ല,
കാമവും'.
ഈ
കവിത ഒരു പ്രത്യേക പ്രത്യയശാസ്ത്രമോ ,മതമോ ,തത്ത്വചിന്തയോ
ചൂണ്ടിക്കാണിക്കുന്നില്ല . ആർക്കും ഒരു സാരോപദേശവും തരുന്നില്ല. സാരോപദേശം
തരേണ്ട ബാധ്യത കവിതയ്ക്കില്ല .കവി തന്നിലേക്ക് വരുന്ന സിഗ്നലുകളെ തന്നിൽ
നിന്നു പ്രതിഫലിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. അത് ,യഥാർത്ഥത്തിൽ
ഭാഷയ്ക്കു പോലും സ്ഫുടീരീകരിക്കാനാവാത്ത അവസ്ഥയാണ് .കവി തന്നിലേക്കു വന്ന
പ്രതീകങ്ങളെ ,ആവേശങ്ങളെ പ്രതിബിംബിപ്പിച്ചു പുറത്തേക്ക് വിടുന്നു. ഒരു
റഡാറിനു സമാനമായ ജോലിയാണത്.
പഴയ ശീലുകൾ
എന്നാൽ
ഷിജ വക്കത്തിന്റെ 'വാളമീൻ കൽപ്പിക്കുന്നു' (മാതൃഭൂമി ആഴ്ചപ്പതിപ്പ് ,നവംബർ
13) എന്ന കവിതയ്ക്ക് ഈ സ്വഭാവം ആർജിക്കാനാവുന്നില്ല .ഷീജയുടെ കവിത
എൺപതുകളിൽ നാം കണ്ടു പരിചയിച്ച ഒരു രീതി മാത്രമാണ്. കവിതയ്ക്ക് മുന്നേ
തന്നെ അതിനു ആധാരമായ ഒരു മിത്ത് അവതരിപ്പിക്കുന്നു. എന്നിട്ട് ആ മിത്തിനെ
വിപുലീകരിക്കാൻ സമകാല സംഭവത്തെ കൂട്ടുപിടിക്കുന്നു. ഇതൊക്കെ
അയ്യപ്പപ്പണിക്കരും ആറ്റൂരുമൊക്കെ ചെയ്ത് മടുപ്പിച്ചതാണ്. ഒരു കാലത്ത്
കവികൾക്ക് നാറാണത്ത് ഭ്രാന്തനെ മതിയായിരുന്നു. ഐതിഹ്യമാലയിലെ മിത്തുകൾ
ഒന്നൊന്നായി പൊടി തട്ടിയെടുത്ത് വിസ്തരിച്ചു, ആശയ ദാരിദ്ര്യം
പരിഹരിക്കാനായി. നാറാണത്ത് ഭ്രാന്തനെക്കുറിച്ച് നൂറ് കവിതകൾ എഴുതാൻ മാത്രം
വല്ല മത്സരവും ഇവിടെയുണ്ടോ ?വി. മധുസൂദനൻ നായർ കവിതയുടെ പൂർവ്വകാലത്തെ
പിന്തുടർന്നതല്ലാതെ സ്വന്തമായി ഒരു പരീക്ഷണം നടത്തിയിട്ടില്ല .ഇവരുടെ
കവിതയിൽ നിന്നും മിത്തുകൾ എടുത്തു മാറ്റിയാൽ പിന്നെ യാതൊന്നും
ശേഷിക്കുകയില്ല. എല്ലാവർക്കും അറിയാവുന്ന കാര്യങ്ങൾ ഛന്ദസ്സിൽ എഴുതിയാൽ
രക്ഷപ്പെടാമെന്ന് കരുതേണ്ട. സാഹിത്യത്തിൽ എല്ലാവർക്കും അറിയാവുന്ന
കാര്യങ്ങൾ എഴുതാനേ പാടില്ല .
'കൊച്ചിലേ തലച്ചോറിൻ
ചുറ്റുഗോപുരത്തിൽ നി
ന്നെത്തിനോക്കുമ്പോൾ കണ്ടൂ
റഷ്യ തന്നയൽപ്പക്കം
അത്ഭുത മഴവിൽപ്പൂ ,
സ്വപ്നമായ് നീലക്കപ്പ് .
എപ്പോഴുമുല്ലാസത്തിൽ
കുട്ടികൾ ചുക്കും ഗെക്കും'.
ഈ
കവിതയിലെ മഴവിൽപ്പൂ ,നീലക്കപ്പ് ,ഗെക്ക് തുടങ്ങിയവ റഷ്യൻ
നാടോടിക്കഥകളാണത്രേ. വായനക്കാർ ഇനി നാടോടിക്കഥകൾ തപ്പിനടക്കണം. ഈ
രീതിയൊക്കെ കാലഹരണപ്പെട്ടു എന്നറിയിക്കട്ടെ. മാത്രമല്ല ,ഷീജയുടെ ഭാഷ വളരെ
പഴയതാണ് .ഇന്നു പ്രബുദ്ധി നേടിയ സമകാലിക കവിതയുടെ ഭാഷ മാറിയത് കവി
അറിഞ്ഞില്ലെന്നു തോന്നുന്നു. ഇനി എൻ.വി.കൃഷ്ണവാരിയരെ അനുകരിക്കുന്നതിൽ
അർത്ഥമില്ല.
'അവൾ എഴുത്തിലൂടെ ഭൂതകാലത്തിലെ തൻ്റെ
ചരിത്രപരമായ ഇടങ്ങൾ തിരയുന്നു. അവിടെ അതേ വരെ സാഹിത്യവും ചരിത്രവും
നിർമ്മിച്ച സ്ത്രീമാതൃകകളെ തിരസ്ക്കരിക്കുന്നു'(സ്ത്രീയെഴുത്തിൻ്റെ
സൂചീമുഖം ,ഗ്രന്ഥാലോകം ,ഡിസംബർ)എന്നു പ്രിയാനായർ എഴുതുന്നു.
ഇത്
വാസ്തവത്തിൽ ,സ്ത്രീയുടെ എഴുത്തിനു മാത്രമല്ല ,സർവ്വരുടെയും എഴുത്തിനു
മാർഗദർശകമാവണം .പൂർവ്വകാലങ്ങളിലെ എഴുത്തിനെ തുടച്ചുമാറ്റാതെ ആരും തന്നെ
വലിയ രചനകള്‍ സംഭാവന ചെയ്തിട്ടില്ല. എഴുതുക എന്നു പറഞ്ഞാൽ, തനിക്ക്
മാത്രമായി പറയാൻ എന്തെങ്കിലുമുണ്ടാവുക എന്നാണർത്ഥമാക്കേണ്ടത്.
ഞാൻ എം.ടിയെ അനുകരിക്കാൻ പോവുകയാണ് കേട്ടോ എന്നു പറഞ്ഞ് ആരും എഴുതേണ്ടതില്ല .
പാകിസ്ഥാനി
ഗായിക ഹാദിഖാ കിയാ നിയുടെ ഒരു ഗാനം കേട്ട് ആലങ്കോട് ലീലാകൃഷ്ണനു ഉറക്കം
നഷ്ടപ്പെട്ടതിനെപ്പറ്റിയാണ് അദ്ദേഹം 'രാത്രിഗീതം' (ഭാഷാപോഷിണി ,ഡിസംബർ)
കവിതയിൽ എഴുതുന്നത് . താൻ പാട്ടുകൾ ആസ്വദിക്കുന്നവനാണെന്നു
വിശ്വസിപ്പിക്കാൻ കവി പരമാവധി ശ്രമിക്കുന്നു. വിഷയങ്ങൾക്ക്
ബുദ്ധിമുട്ടുള്ളതുകൊണ്ടാവാം ,കവി ക്ലീഷേ(ആവർത്തന വിരസമായ) പദപ്രയോഗങ്ങളിൽ
ആസക്തനാവുകയാണ്.
'മഴ തോർന്നുവോ! മരം -
പെയ്യുന്നു നനുനനെ
മഴത്തുള്ളികൾ ജല -
തരംഗം വായിക്കുമ്പോൾ
പുഴയ്ക്കക്കരെ നിന്നു -
പാടുന്നതാരായി വരാം'
ലീലാകൃഷ്ണനു
പരമ്പരാഗതമായ ,ഉണർവ്വ് നഷ്ടപ്പെട്ട കവിതയും അതിൻ്റെ ആസ്വാദനവുമാണ്
സാധ്യമാകുക. ഉപയോഗിച്ചു നശിപ്പിക്കപ്പെട്ട ഒരു ഭാഷയിലേക്കാണ്
അദ്ദേഹത്തിൻ്റെ ചിന്തകൾ ചെന്നു വീഴുന്നത് .
ടോൾസ്റ്റോയിയുടെ കല
കലയെക്കുറിച്ചുള്ള
പല ധാരണകളെയും തിരുത്തിക്കൊണ്ട് 'വാട്ട് ഈസ് ആർട്ട് 'എന്ന കൃതിയിൽ റഷ്യൻ
സാഹിത്യകാരനായ ലിയോ ടോൾസ്റ്റോയി ഇങ്ങനെ പറഞ്ഞു:
'കല, ചില
ദാർശനികർ പറയുന്നതുപോലെ ദൈവത്തെക്കുറിച്ചോ , സൗന്ദര്യത്തെക്കുറിച്ചോ
പരാമർശിക്കുന്ന വളരെ നിഗൂഢമായ ഒരാശയമല്ല; സൗന്ദര്യബോധമുള്ള
ഫിസിയോളജിസ്റ്റുകൾ പറയുന്നതുപോലെ അത് അധികമായിട്ടുള്ള ഊർജ്ജം
പുറത്തുവിടാനുള്ള കളിയുമല്ല. ബാഹ്യമായ സൂചനകളുടെ അടിസ്ഥാനത്തിൽ
പ്രകടിപ്പിക്കപ്പെടുന്ന മനുഷ്യവികാരങ്ങളുമല്ല . സന്തോഷിപ്പിക്കുന്ന
വസ്തുക്കളുടെ ഉല്പാദനവുമല്ല .എല്ലാത്തിലുമുപരി , അത് സന്തോഷമല്ല. എന്നാൽ
അത് മനുഷ്യർക്കിടയിൽ ഒരു കൂടിച്ചേരലിനുള്ള വഴിയാണ്. ഒരേ വികാരത്തിൽ അവരെ
ഒന്നിപ്പിക്കുകയാണ് .അത് ജീവിതത്തിനും ,വ്യക്തിയുടെയും മനോരാശിയുടെയും
പുരോഗതിക്കും നിലനിൽപ്പിനും അത്യന്താപേക്ഷിതമാണ്'.
ഇതിൽ
ഏറ്റവും പ്രധാനമായി എനിക്ക് തോന്നിയത്, ഇടയിൽ കൊടുത്തിട്ടുള്ള ഒരു
വാചകമാണ്: 'അത് സന്തോഷമല്ല '.കല സന്തോഷമല്ലെങ്കിലും കലാകാരൻ അതിനു വേണ്ടി
യാതനയനുഭവിക്കുകയാണല്ലോ. കലാകാരൻ്റെ ഒരു വിധിയാണത്. അവൻ സൂര്യനെപ്പോലെ
സുന്ദരമായ ഒന്നിനെ ഉള്ളിലേക്ക് ആവാഹിക്കാൻ തീവ്രമായി ആഗ്രഹിക്കുന്നു.
എന്നാൽ പരാജയപ്പെടുമെന്നറിഞ്ഞിട്ടും ദു:ഖത്തിൽ കഴിഞ്ഞുകൊണ്ട് വീണ്ടും
വീണ്ടും പരിശ്രമിക്കുന്നു .കുറച്ചൊക്കെ അവനു ഉൾക്കൊള്ളാനാവുന്നു. അതാണ്
അവൻ്റെ പരമാവധി കല.
തീവ്രമായ സ്നേഹം വേണം /അക്ഷരജാലകം/ എം.കെ.ഹരികുമാർ
നഗരവത്ക്കരണവും
ഉപഭോക്തൃസംസ്കാരവും ഇന്നു അണുകുടുംബങ്ങളെ ഒരു മരണത്തിലേക്ക്
തള്ളിവിട്ടിരിക്കുകയാണ്. കുറച്ചു സമയംകൊണ്ട് കൂടുതൽ കാര്യങ്ങൾ
ചെയ്യേണ്ടതിനാൽ വ്യക്തികൾ അവരുടെ പ്രപഞ്ചപശ്ചാത്തലവും
സന്തോഷത്തെക്കുറിച്ചുള്ള ഓർമ്മകളും ഉപേക്ഷിക്കുന്നു. അവർ ചില വസ്തുക്കൾക്ക്
വേണ്ടി മാത്രം ഓടിയലയുന്നവരായി മാറുന്നു.വ്യക്തികൾ ദുരയുടെയും
സ്പർദ്ധയുടെയും കനലിൽ വീണ് എരിഞ്ഞു തീരുന്നത് അറിയാതെ ഈ കാലം
,ലക്ഷ്യമില്ലാതെ ഓടുന്ന ഒരു കുതിരയെപ്പോലെയായിത്തീർന്നിരിക്കുന്നു.
ഇന്ത്യയിലെയും
പാകിസ്ഥാനിലെയും പ്രമുഖ എഴുത്തുകാരനായ സാദത്ത് ഹസ്സൻ
മൻ്റോ(1912-1955)യുടെ കൃതികളുടെ ഒരു സമാഹാരം അടുത്തിടെ
വായിച്ചതിനെക്കുറിച്ച് പറയാതിരിക്കാനാവുന്നില്ല. മൻ്റോ ജനിച്ചത് പഞ്ചാബിലെ
ലുഥിയാനയിലാണ്. ഹരീഷ് നാരംഗ് എഡിറ്റിംഗും പരിഭാഷയും നിർവ്വഹിച്ച ഈ
പുസ്തകത്തിൻ്റെ പേര് 'മൻ്റോ മൈ ലൗ' എന്നാണ്. ഈ പേരിൽ നാരംഗ് എഴുതിയ
അവതാരികയും ഇതിൽ ചേർത്തിട്ടുണ്ട്. കേന്ദ്ര സാഹിത്യഅക്കാദമിയാണ് പ്രസാധകർ
.മൻ്റോ വ്യക്തിബന്ധങ്ങളെക്കുറിച്ചെഴുതി ധാരാളം പഴികേട്ടയാളാണ്.സ്ത്രീ
പുരുഷ ബന്ധങ്ങളിലെ ചതിയും സെക്സുമെല്ലാം തുറന്നെഴുതി. അദ്ദേഹത്തിൻ്റെ
വാക്കുകളുടെ സംഗ്രഹം ഇതാണ് :
ആർട്ട് ഗാലറിയിൽ
വച്ചിരിക്കുന്ന ചിത്രങ്ങളിൽ സ്ത്രീയുടെ നഗ്നചിത്രങ്ങൾ കണ്ടിട്ടുണ്ട്
.എന്നാൽ അതൊരിക്കലും ലൈംഗികവികാരമല്ല ജനിപ്പിക്കുന്നത് .കാണികൾ അത്
മനസ്സിലാക്കുന്നവരാണ്. എന്നാൽ നല്ല വസ്ത്രം ധരിച്ചു നിൽക്കുന്ന ഒരു
സ്ത്രീയുടെ ശരീരത്തിന്റെ ഒരു ഭാഗത്തെ വസ്ത്രം മാത്രം മാറ്റി വരച്ചുവെച്ചാൽ
അത് കാമോദ്ദീപകമാകാം. ചിലർ അതിനെ ലൈംഗികമായി കാണും. കാരണം എന്താണ്?
കലാകാരന്റെ ഉദ്ദേശം പാളിപ്പോയി. കലാകാരൻ അത് മനപ്പൂർവ്വം ചെയ്തതാണ്. ആ
ചിത്രം കാണുന്നവർ ബാക്കി ശരീരഭാഗങ്ങൾ കൂടി വസ്ത്രമില്ലാതെ സങ്കൽപ്പിച്ചു
നോക്കാനിടയുണ്ട് ".
ആത്മനിഷ്ഠമായത്
മലയാളത്തിൽ
സ്ത്രീപുരുഷ ബന്ധങ്ങൾ വിവരിക്കുന്ന ഒരു കഥ പോലും ഇപ്പോൾ ഉണ്ടാകുന്നില്ല.
പവിത്രമായ ബന്ധങ്ങൾ ഇല്ലാതായോ? പ്രണയബന്ധങ്ങൾ നൈമിഷികമായി. വിക്ടർ
ലീനസിൻ്റെ കഥകളിൽ ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ള ബന്ധത്തിലെ
സംഘർഷങ്ങളും വികാരക്ഷോഭങ്ങളും കാണാമറയത്തുള്ള പെരുമാറ്റങ്ങളും വിവരിച്ചത്
ഓർക്കുകയാണ്. ആത്മനിഷ്ഠമായതെല്ലാം അപ്രത്യക്ഷമായിരിക്കുന്നു. ഇന്നത്തെ
കഥകളിൽ മനുഷ്യരുടേതല്ലാത്ത ,എന്നാൽ മനുഷ്യരുടെ രൂപഭാവങ്ങളുള്ള വേറൊരു തരം
'ജീവി'കളുടെ കൗതുകം ജനിപ്പിക്കാത്ത സംഭവങ്ങളാണ് നിറയുന്നത് .എൻ മോഹനനൻ്റെ
'പൂജയ്ക്കെടുക്കാത്ത പൂക്കൾ ,എം.ടി യുടെ 'ദു:ഖത്തിൻ്റെ താഴ്വര' എന്നീ കഥകൾ
മനുഷ്യരിലേക്ക് ,അവരുടെ ബന്ധങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുകയാണ്. എന്നാൽ
സമകാലിക കഥയിൽ മനുഷ്യബന്ധങ്ങളുടെ, സ്ത്രീപുരുഷ ബന്ധങ്ങളുടെ നല്ല
ഉള്ളടക്കമുള്ള ഒരു കഥ പോലും ഉണ്ടാകുന്നില്ല. ഇവിടെയാണ് സാദത്ത് ഹസൻ
മൻ്റോയുടെ വാക്കുകൾ പ്രസക്തമാകുന്നത്.
യാഥാർത്ഥ്യത്തെ
എത്ര പഞ്ചസാര പുരട്ടി വച്ചാലും അത് കയ്പേറിയതു തന്നെയായിരിക്കുമെന്ന്
അദ്ദേഹം മുന്നറിയിപ്പ് നല്കുന്നു.അദ്ദേഹം എഴുതുന്നു:
'രാഷ്ട്രീയപ്രശ്നങ്ങളുടെ പേരിൽ രാഷ്ട്രങ്ങളെ വിഭജിക്കാൻ കഴിഞ്ഞേക്കും
.വിശ്വാസത്തിൻ്റെ അടിസ്ഥാനത്തിൽ മതങ്ങളെ വേർതിരിക്കാം. നിയമത്തിനു ബലം
പ്രയോഗിച്ച് രണ്ടു തുണ്ട് ഭൂമിയെ വേർപെടുത്താം. എന്നാൽ ഒരു
രാഷ്ട്രീയത്തിനും വിശ്വാസത്തിനും നിയമത്തിനും പുരുഷനെ സ്ത്രീയിൽ നിന്നു
വേർപെടുത്താനാവില്ല .എല്ലാ കാലത്തും ആണും പെണ്ണും തമ്മിലുള്ള അകൽച്ച
പരിഹരിക്കാൻ ശ്രമിച്ചിട്ടുണ്ട്. അതുപോലെ എല്ലാകാലത്തും ,കാലഘട്ടത്തിന്റെ
ഓരോ സ്പന്ദനത്തിലും ആണിനും പെണ്ണിനുമിടയിലുള്ള ഭിത്തി സംരക്ഷിക്കാനോ
നശിപ്പിക്കാനോ ശ്രമമുണ്ടായിട്ടുണ്ട് .ഈ ബന്ധത്തെ നഗ്നതയായി കാണുന്നവർ
അവരുടെ തന്നെ അവബോധത്തിന്റെ നഗ്നതയുടെ പേരിൽ ദു:ഖിക്കേണ്ടി വരും. ഈ
ബന്ധത്തെ പാരമ്പര്യത്തിന്റെ പേരിൽ അളക്കുന്നവർ മനസ്സിലാക്കണം, പാരമ്പര്യം
ഒന്നുമല്ല; അത് സമൂഹം എന്ന കത്തിയുടെ മേൽ വ്യാപിച്ച ഒരുതരം തുരുമ്പാണ്.
ലൈംഗികതയുടെ പ്രശ്നങ്ങൾ സൃഷ്ടിച്ചത് പുതിയ സാഹിത്യമാണെന്ന് കരുതുന്നവർക്ക്
തെറ്റി; എന്തുകൊണ്ടെന്നാൽ ലൈംഗികതയുടെ പ്രശ്നമാണ് പുതിയ സാഹിത്യത്തിൻ്റെ
പിറവിക്ക് കാരണമായത്. ഈ സാഹിത്യകൃതികളിൽ നിങ്ങൾക്ക് നിങ്ങളുടെ തന്നെ
ഉള്ളിന്റെ പ്രതിബിംബത്തെ കാണാം; അത് അസുഖകരമാകാം'.(സ്റ്റോറി ടെല്ലർ ആൻഡ് ദ്
പ്രോബ്ളം ഓഫ് സെക്സ് ).
മിഥ്യയുടെ ആൾരൂപങ്ങൾ
വളരെക്കാലത്തിനു
ശേഷമാണ് ഒരു കലാകാരന്റെ പാരവശ്യങ്ങളോടെ, സത്യസന്ധതയോടെ ഹൃദയത്തിലേക്ക്
കടന്നുചെല്ലുന്ന ഒരു കഥ വായിച്ചത്. കെ. വി. പ്രവീൺ എഴുതിയ 'മൂന്നു
വൃദ്ധന്മാരുടെ സായാഹ്നം'(മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ഡിസംബർ 25)ഈ കാലത്ത്
വിറങ്ങലിച്ച് വിടവാങ്ങുന്ന അനാഥജീവിതങ്ങളുടെ നിരുപാധികമായ നാശത്തെ
കാണിച്ചുതരുന്നു. ജീവിതം എവിടെയോ ഉണ്ടെന്ന ധാരണയിൽ ജീവിക്കുന്ന മനുഷ്യർക്ക്
അത് ഒരിക്കലും സമീപത്ത് വന്നതായി തോന്നുന്നില്ല. വയസ്സായിക്കഴിഞ്ഞ്,
ശാരീരികമായ അവശതകൾ വന്നു മൂടുമ്പോൾ ഭൂതകാലം ചോദ്യമായി മുന്നിൽ വന്നു
നിൽക്കുകയാണ്. പ്രവീണിന്റെ കഥയുടെ ആദ്യവാചകങ്ങൾ ഇങ്ങനെയാണ്: അന്നു
വൈകുന്നേരവും പതിവുപോലെ ആ മൂന്നു വൃദ്ധന്മാർ അവരുടെ ഗ്രാമത്തിലെ റെയിൽവേ
സ്റ്റേഷൻ പ്ളാറ്റ് ഫോമിലെ സിമൻ്റ് ബഞ്ചിൽ ചെന്നിരുന്നു. മറവി രോഗം ബാധിച്ചു
തുടങ്ങിയ ഒന്നാമനും ഇരുണ്ട ഫലിതങ്ങളുടെ ആരാധകനായ രണ്ടാമനും അടുത്തിടെ
വിഭാര്യനായ മൂന്നാമനും".
ഇത് വായിച്ചപ്പോൾ തന്നെ
സിരകളിലൂടെ എന്തോ പാഞ്ഞു പോയതായി തോന്നി. ആഴമുള്ള ചില അനുഭവങ്ങളിലേക്കാണ് ഈ
കഥ ക്ഷണിച്ചുകൊണ്ട് പോയത്. ഒരാളെ മറ്റൊരാൾ മനസ്സിലാക്കുന്നുണ്ടോ? ആരാണ്
മിഥ്യയെ പ്രതിനിധീകരിക്കുന്നത് ?മൂന്ന് പേർ സംസാരിച്ചിരിക്കുമ്പോൾ ആരാണ്
മിഥ്യയുടെ പ്രതിനിധി? അല്ലെങ്കിൽ മൂവരും ചേരുന്നതാണോ മിഥ്യ?
കഥയിൽ
നിന്ന് :"ചില ലോക്കൽ ട്രെയിനുകൾ മാത്രം നിർത്തിയിരുന്ന തിരക്കൊഴിഞ്ഞ ഒരു
സ്റ്റേഷനായിരുന്നു അത് .എങ്കിലും ഇടയ്ക്കിടയ്ക്ക് പാഞ്ഞുപോകുന്ന ദീർഘദൂര
തീവണ്ടികൾ ആ മൂന്നു വൃദ്ധന്മാരെയും ചിന്തയിലാഴ്ത്തിയിരുന്നു. തങ്ങളുടെ
ഭൂതകാലത്തിൽ നിന്ന് മരണത്തിലേക്കാണ് ആ ട്രെയിനുകൾ തിരക്കിട്ട്
പായുന്നതെന്ന് അവർക്ക് തോന്നി " .എത്ര ആഴമുള്ള നിരീക്ഷണം! റെയിൽവേയിൽ ജോലി
ചെയ്ത കുറെ കഥാകൃത്തുക്കൾ മലയാളത്തിലുണ്ട്. അവർക്കൊന്നും ട്രെയിൻ
എന്താണെന്ന് മനസ്സിലായതായി തെളിവില്ല .ഈ കഥാകൃത്ത്, ആരെയും ശ്രദ്ധിക്കാതെ
പാഞ്ഞുപോകുന്ന തീവണ്ടിയുടെ പശ്ചാത്തലത്തിൽ ജീവിതത്തിൻ്റെ നിസ്സഹായമായ
പാളത്തിൽ സ്വയം തിരിച്ചറിയാത്തവരായി മാറിയ മൂന്നു മനുഷ്യരെ കാണിച്ചു
തന്നിരിക്കുന്നു.
കഥയുടെ ഒടുവിലത്തെ വാചകം
വീണ്ടും ജീവിതത്തിൻ്റെ ശൂന്യതയെ ഒരു ഉഷ്ണക്കാറ്റായി അനുഭവിപ്പിച്ചു:
'മറ്റൊരു ദീർഘദൂര തീവണ്ടി നിർത്താതെ കടന്നുപോയി ,അതിലെ
പ്രകാശച്ചതുരങ്ങളിലിരുന്ന് സഞ്ചരിച്ചിരുന്നവരാരും ആ മൂന്നു വൃദ്ധന്മാരെ
ശ്രദ്ധിച്ചതേയില്ല ".
മികച്ച പത്ത് കഥകൾ
2022 ലെ വായനയിൽ നിന്നു ഭേദപ്പെട്ടതെന്നു തോന്നിയ പത്ത് കഥകൾ ഇവിടെ തിരഞ്ഞെടുക്കുകയാണ്:
1)മൂന്ന് വൃദ്ധന്മാരുടെ സായാഹ്നം -കെ. വി.പ്രവീൺ
2)ഇന്നും മരിക്കാത്ത മരത്തിലെ ആത്മാറാമിന്റെ അനുരാധ -രഘുനാഥ് പലേരി
3)കടൽ പറഞ്ഞ കടങ്കഥ-ആർ.ഗോപീകൃഷ്ണൻ
4)കാലസീമകൾ കടന്ന് -പെരുമ്പടവം ശ്രീധരൻ
5)തിരുശേഷിപ്പ് -ജോൺ സാമുവൽ
6)മറ -സിതാര എസ്
7)രക്തമണവാളൻ - ടി.പി. ദേവരാജൻ
8)പ്രണയ നാഗവള്ളി - വി.ഷിനിലാൽ
9)സത്യാനന്തര കുമാരൻ -അമൽ
10)കന്നബിസ് -മധു തൃപ്പെരുന്തുറ
പോയ
വർഷം ഏറ്റവും അസ്വസ്ഥപ്പെടുത്തുകയും ചിന്തിപ്പിക്കുകയും ചെയ്ത രണ്ടു
രചനകളാണ് കെ.വി. പ്രവീണിൻ്റെ മൂന്നു വൃദ്ധന്മാരുടെ സായാഹ്നവും ആർ
.ഗോപീകൃഷ്ണൻ്റെ കടൽ പറഞ്ഞ കടങ്കഥയും. ആർ. ഗോപീകൃഷ്ണനു സ്വന്തമായി ഒരു
ഗദ്യവും പ്രബുദ്ധമായ ചിന്തയുമുള്ള ഒരു എഴുത്തുകാരനായിരുന്നു. എന്നാൽ
പത്രപ്രവർത്തനത്തിൻ്റെ തിരക്കിനിടയിൽ അദ്ദേഹം എഴുത്തിൽ നിന്ന്
വിട്ടുനിൽക്കുകയായിരുന്നു. ഭേദപ്പെട്ട കൃതികൾ എങ്ങനെ വായിക്കണമെന്നു
അദ്ദേഹത്തിനു നല്ല നിശ്ചയമുണ്ടായിരുന്നു. മികച്ച സാഹിത്യം തിരിച്ചറിയാൻ
കഴിയുന്ന ചുരുക്കം പത്രപ്രവർത്തകരിൽ ഒരാളായിരുന്നു അദ്ദേഹം. ഒരു വലിയ
നോവലെഴുതാൻ ആലോചിക്കുന്നുണ്ടെന്ന് അദ്ദേഹം എന്നോട് പറഞ്ഞത് ഓർക്കുകയാണ്.
പല തിരക്കുകൾ കാരണം അത് പൂർത്തിയാക്കാൻ കഴിയാത്തതാവാം.
എന്നാൽ
ബിജു സി.പി എഴുതിയ 'ചെറിയോർക്കുള്ള കരുതൽ'(മാതൃഭൂമി ആഴ്ചപ്പതിപ്പ് ,നവംബർ
6) പരാജയപ്പെട്ടു. ഈ കഥയിലെ വിവരണം അസാധാരണമായി വിരസമാണ് .കഥയിലേക്ക്
അനുവാചകനെ വലിച്ചടുപ്പിക്കാനാവശ്യമായ വൈകാരിക ഊർജ്ജം കഥാകൃത്തിനില്ല.
ആദ്യത്തെ ഒരു പേജ് പോരാതെ രണ്ടാമത്തെ പേജിലേക്കും നീണ്ടിരിക്കയാണ്, ഒരു ഇല
വെട്ടിയെടുത്ത് അതിൽ ചോറ് പൊതിഞ്ഞു കെട്ടുന്നതിന്റെ വിശേഷം.
വായനക്കാർക്ക്
അറിയാവുന്ന കാര്യങ്ങൾ വിസ്തരിക്കാൻ പോകരുത് ,ബോറടിക്കും.ഈ കഥയുടെ പ്രധാന
ന്യൂനത കഥാകൃത്തിനു തൻ്റെ കഥാപാത്രങ്ങളുമായി ആത്മബന്ധമില്ല എന്നതാണത്.
മറ്റു വ്യക്തികളെ സ്നേഹിച്ചില്ലെങ്കിലും കഥാപാത്രങ്ങളെ സ്നേഹിക്കണം.
ആത്മാവിനു സത്യസന്ധമെന്നു തോന്നുന്ന തരത്തിൽ കഥാകൃത്തിനെ ഒരു
വ്യക്തിത്വത്തിലേക്ക് പ്രവേശിപ്പിക്കുന്നത് ഈ കരുതലാണ്.ഇക്കാലത്ത്
കഥയെഴുത്തുകാർക്ക് സഹജീവിസ്നേഹമോ അനുതാപമോ ഓർമ്മകളോ ഇല്ലല്ലോ .അത്
കഥാകൃത്തുക്കൾ തെളിയിച്ചു കൊണ്ടിരിക്കുകയാണ്. കഥാപാത്രങ്ങളുടെ ഉള്ളിലേക്ക്
കടന്നു ചെന്നു മുട്ടിയുരുമ്മിയിരുന്നു രഹസ്യം പറയാൻ കഥാകൃത്തിനു കഴിയണം.കീ
തീവ്രമായ സ്നേഹം വേണം .ബിജുവിൻ്റെ കഥയിൽ ഇതൊന്നുമില്ല .
നിങ്ങൾക്കഥകൾ!
സുസ്മേഷ്
ചന്ത്രോത്തിന്റെ 'ഈശ്വരിയും കൃഷ്ണനും' ഗ്രന്ഥാലോകം ,സെപ്റ്റംബർ )വല്ലാതെ
വരണ്ടതായി തോന്നി. എന്നാൽ ആ യാഥാർത്ഥ്യങ്ങൾക്ക് കാതലില്ല. കുറെ സംഭവങ്ങൾ
നിരത്തുന്നതല്ലാതെ വായനക്കാരന് ഒരു വികാരവും ജനിക്കുന്നില്ല. സുസ്മേഷിനു
തൻ്റേതായൊരു ഭാഷ സൃഷ്ടിക്കാനാവുന്നില്ല. പലരും ഉപയോഗിച്ച ഭാഷയിൽ എഴുതുന്നതു
കൊണ്ടാവാം ,കഥയ്ക്ക് ജീവനില്ല .ഈ ഭാഷയോട് ഒരാഭിമുഖ്യവും തോന്നിയില്ല.
വായനയുടെ വേളയിൽ ഒരാൾക്ക് ഉണരാനും വളരാനുമാവണം .
എം.മുകുന്ദൻ
'നിങ്ങൾ' എന്ന പേരിൽ ഒരു നോവൽ എഴുതിയല്ലോ.എന്നെ അത് ആകർഷിച്ചില്ല. അതിലെ
നിങ്ങൾ എന്ന ആവർത്തിച്ചുള്ള പ്രയോഗം ഭ്രാന്തു പിടിപ്പിക്കും. അതുതന്നെയാണ്
സുസ്മേഷും ചെയ്തിരിക്കുന്നത്. അദ്ദേഹം നിങ്ങൾ എന്ന് ഈ കഥയിൽ ആവർത്തിച്ചു
പ്രയോഗിച്ചിരിക്കുന്നു. ആരാണ് ഈ നിങ്ങൾ?'നിങ്ങളിങ്ങനെ എല്ലാം മറന്ന് എന്നെ
നോക്കി നിൽക്കുമ്പോൾ ഞാൻ പഴയതെല്ലാം ഓർമിക്കുകയാണ്, ഒരു മീനമാസമായിരുന്നു
അത് ,അപ്പോൾ നിങ്ങൾ കിണറിനെ ശ്രദ്ധിച്ച് ,നിങ്ങൾ ആരോടെന്നില്ലാതെ പറഞ്ഞു
,നിങ്ങൾ ഈശ്വരിയെ നോക്കി.... എന്നിങ്ങനെയാണ് പ്രയോഗം? എന്താണ്
ഉദ്ദേശിക്കുന്നതെന്നു മനസ്സിലാകുന്നില്ല. സ്ഥൂലവും വിരസവും
കാമ്പില്ലാത്തതുമായ ഇത്തരം നിങ്ങൾക്കഥകൾ നിങ്ങൾക്കു തന്നെയാണ് ദോഷം
ചെയ്യുന്നത്.
ഹെമിംഗ്വേയും സത്യാനുഭവവും
അമെരിക്കൻ
സാഹിത്യകാരനായ ഹെമിംഗ്വേ പറഞ്ഞു: 'നല്ല സാഹിത്യമെന്നു പറഞ്ഞാൽ അത്
സത്യമായിരിക്കുന്ന സാഹിത്യമാണ്. ഒരാൾ ഒരു കഥയെഴുതുകയാണെങ്കിൽ ,അയാളുടെ
ജീവിതത്തെക്കുറിച്ചുള്ള അറിവിനും, എത്രമാത്രം അയാൾ നേരുള്ളവനാണ് എന്ന
വസ്തുതയ്ക്കും അനുപാതികമായി അത് സത്യസന്ധമായിരിക്കും. അല്ലാത്തപ്പോൾ അത്
സാഹിത്യമല്ല'.
അരാഷ്ട്രീയതയുടെ ഏടാകൂടം /അക്ഷരജാലകം/അരാഷ്ട്രീയതയുടെ ഏടാകൂടം
മലയാളസാഹിത്യത്തിൽ
ഇന്നു കാണുന്ന ഒരു ലക്ഷം കവികളെ ലോകത്തിൻ്റെ കവികളായി കാണാനാവില്ല .അതിനു
അവരെ കുറ്റപ്പെടുത്താനാവില്ല .കാരണം, കവിത മൗലികാവകാശമാണല്ലോ .എല്ലാവരും
പരമമായ ,ആത്യന്തികമായ കവിതയെ അനുഭവിക്കാനും ആവിഷ്കരിക്കാനും ശ്രമിക്കുകയാണ്
ചെയ്യുന്നത്. ആ ശ്രമം വളരെ പ്രസക്തമാണ്. അത് ഇല്ലാതാകുന്നത് ഭീകരമായ നിരാശ
പടർത്തും, സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ.ആവർത്തിക്കപ്പെടുന്ന ബിംബങ്ങളും
കാഴ്ചപ്പാടുകളും കവിയുടെ മാത്രം പ്രശ്നമല്ല; അത് കാലഘട്ടത്തിൻ്റെ
പൊതുസ്വഭാവമാണ്. ഈ കാലം ഒറിജിനലല്ല ; പകർപ്പെടുക്കുന്നവരുടേതാണ്.
എന്തിൻ്റെയും ഡ്യൂപ്ളിക്കേറ്റ് ഒരു മൂല്യമായിരിക്കുന്നു.
ഇന്ത്യ
കണ്ട മഹാജ്ഞാനികളിൽ ഒരാളായ മഹർഷി അരബിന്ദോ(1872-1950)യുടെ കൃതികളിൽ
നിന്നും തിരഞ്ഞെടുത്ത ലേഖനഭാഗങ്ങളുടെ ഒരു സമാഹാരം കുറച്ചു നാൾ മുമ്പ്
വായിക്കാനായി.
കേന്ദ്ര സർക്കാരിൻ്റെ സഹായത്തോടെ, അരബിന്ദോയുടെ
നൂറ്റിയമ്പതാം ജന്മവാർഷികത്തിൻ്റെ ഭാഗമായി പുറത്തിറക്കിയ വാല്യങ്ങളിൽ
ഉൾപ്പെട്ടതാണ് ഈ സമാഹാരം . 'സെലക്ഷ്ൻസ് ഫ്രം ദ് കമ്പ്ലീറ്റ് വർക്സ് ഓഫ്
അരബിന്ദോ' എന്നാണ് ഇതിന്റെ പേര്. അരബിന്ദോയെപോലെ സമസ്ത വിജ്ഞാന മേഖലകളെയും
തത്ത്വശാസ്ത്രപരമായി, ചിന്താപരമായി സമീപിച്ചവർ ലോകസാഹിത്യത്തിൽ തന്നെ
കുറവാണ്.അരബിന്ദോവിനു നോബൽ സമ്മാനം കൊടുക്കേണ്ടതായിരുന്നു. അതിനു നൂറു
കാരണങ്ങൾ നിരത്താവുന്നതാണ് .
1997 മുതലാണ്
അരബിന്ദോ ആശ്രമത്തിൻ്റെ നേതൃത്വത്തിൽ അദ്ദേഹത്തിൻ്റെ രചനകളുടെ സമ്പൂർണ്ണ
പതിപ്പുകൾ പ്രസിദ്ധീകരിക്കാൻ തുടങ്ങിയത്. മുപ്പത്തിയാറ് വാല്യങ്ങളായി ആ
കനപ്പെട്ട രചനകൾ പരന്നു കിടക്കുകയാണ്. ആ വാല്യങ്ങളുടെ എണ്ണമല്ല മുമ്പിൽ
നിൽക്കുന്നത്; അതിൻ്റെ ഉള്ളടക്കത്തിന്റെ ഗാംഭീര്യമാണ്. ഒരു ഇന്ത്യക്കാരനു
എഴുതാൻ കഴിയുന്ന തത്ത്വചിന്തകളുടെ മഹത്തായ മുഖം അരബിന്ദോ കാണിച്ചു തന്നു.
ഒരിടത്ത് അദ്ദേഹം കവിതയുടെ ആന്തരികമായ യാഥാർത്ഥ്യത്തിലേക്ക് കടന്നു ചെന്നു
എഴുതുന്നത് ഇങ്ങനെയാണ്: 'ഒരു കവി അന്വേഷിക്കുന്നത് വെറും വികാരമല്ല,
വികാരത്തിന്റെ ആത്മാവാണ്. നമ്മുടെ ആത്മാവും ഈ ലോകവും ആഗ്രഹിക്കുന്നത്
,സ്വീകരിക്കുന്നത് ഈ വൈകാരികാനുഭവമാണ്.വസ്തുക്കളെക്കുറിച്ച്
സ്വരൂപിക്കുന്ന അവബോധത്തിലൂടെ കവി തന്റെ ഭാഷയിൽ ഉൾക്കൊള്ളിക്കാൻ
ശ്രമിക്കുന്നത് ജീവിതസത്യമാണ്. അത് തന്നെയാണ് പ്രകൃതിയിലെ സത്യവും'.
വികാരത്തിന്റെ
ആത്മാവിലേക്ക് ചെല്ലുന്നതിനുള്ള സ്വാഭാവികമായ ഗതി മനസ്സിനുണ്ടായിരിക്കണം.
കവിതയുടെ ഏറ്റവും പ്രസക്തമായ ഘടകമെന്നു പറയുന്നത്, അരബിന്ദോയുടെ ഭാഷയിൽ,
ഒളിച്ചിരിക്കുന്ന ആത്മീയമായ അതിശയമാണ്. ഒരു കവിയുടെ വാക്കുകളിൽ
നിഗൂഢതയുണ്ടാവാം. അയാൾ ഒരു മിസ്റ്റിക്കുമാണ്. എല്ലായ്പ്പോഴും കവി
പൊതുവൃത്താന്തങ്ങളല്ല എഴുതുന്നത്; അയാളെ വികാരം കൊള്ളിച്ചതായിരിക്കുമത്.
താൻ അനുഭവിച്ചതു മാത്രമാണ് ഒരു മിസ്റ്റിക് കവി എഴുതുന്നത് .അയാൾ സ്വയം
ദർശിച്ചത് ,മറ്റുള്ളവരിൽ അയാൾ കണ്ടത് ,ലോകത്ത് കണ്ടത് മാത്രമാണ്
എഴുതുന്നത്. അത് അയാളുടെ വളരെ അടുത്തു നിന്നുള്ള നിരീക്ഷണമാണ്, അനുഭവമാണ്.
അതുകൊണ്ട് അത് വായനക്കാരന് മനസിലാകാം ,മനസിലാകാതിരിക്കാം, അല്ലെങ്കിൽ
തെറ്റിദ്ധരിക്കാം .ഇതെല്ലാം വായനക്കാരൻ്റെ ശേഷിയെ ആശ്രയിച്ചിരിക്കുന്നു.
'പുതിയൊരു തരം കവിത പിറക്കുമ്പോൾ പുതിയൊരു മാനസികാവസ്ഥ വേണം,
എഴുത്തുകാരനെ പോലെ വായനക്കാരനും'-അരബിന്ദോ പറയുന്നു.
പുത്തൂർ പറഞ്ഞത്
കഥാകൃത്ത്
പ്രഭാകരൻ പുത്തൂർ ഒരു യുവകഥാകൃത്തിന് സാന്ദർഭികമായി നല്കിയ ഉപദേശം
ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ട് .തന്നെ കാണാൻ വന്ന ഒരു യുവാവ്,
എഴുത്തുകാരനാവാൻ ഏത് രാഷ്ട്രീയ പാർട്ടിയിൽ ചേരണമെന്ന് ചോദിച്ചതാണ്
അദ്ദേഹത്തെ ചിന്തിപ്പിച്ചത്. എഴുത്തുകാരെ ഈ രാഷ്ട്രീയചിന്ത
രാഷ്ട്രബോധമുള്ളവരാക്കുകയല്ല ,അരാഷ്ട്രീയവാദികളാക്കുകയാണ്. ശരിയായ രാഷ്ടീയ
വീക്ഷണമില്ലാതെ ,എന്തെങ്കിലും നേടാൻ വേണ്ടി മാത്രം പാർട്ടിയിൽ
പ്രവർത്തിക്കാൻ വരുന്നവർക്ക് അരാഷ്ട്രീയ ബോധമാണുണ്ടാവുക. അവർക്ക്
സമൂഹത്തെപ്പറ്റിയോ ,നാടിനെപ്പറ്റിയോ ഒരു വീക്ഷണമുണ്ടാവുകയില്ല. ആ യുവാവിനു
പുത്തൂർ ഇങ്ങനെ മറുപടി നല്കി :'വായിക്കണം, വായിക്കണം. പിന്നെയും വായിക്കണം.
മഹത്തായ കൃതികൾ തേടിപ്പിടിച്ചു വായിക്കണം. യാത്ര ചെയ്യണം ജീവിതത്തിലേക്ക്.
പ്രകൃതിയിലേക്ക് നടന്നിറങ്ങണം. പ്രകൃതിയുടെ മണമറിയണം.തുടിപ്പുകൾ
കേൾക്കണം. വർണപ്പൊലിമ ആസ്വദിക്കണം. രോദനങ്ങൾ കേൾക്കണം. അലർച്ച കേൾക്കണം.
ഋതുക്കളുടെ മാറ്റം അറിയണം. പതുക്കെപ്പതുക്കെ മണ്ണ് കഥ പറയുന്നത് കേൾക്കാം.
മരങ്ങൾ കഥ പറയുന്നത് കേൾക്കാം. വായുവിൽ നെടുവീർപ്പുകൾ കേൾക്കാം.ഓളങ്ങളിൽ
തേങ്ങലുകൾ കേൾക്കാം.നാദങ്ങളിൽ സംഗീതം കേൾക്കാം. തിരമാലകളിൽ
പ്രതിഷേധത്തിൻ്റെ ധ്വനി കേൾക്കാം. അലർച്ച കേൾക്കാം.തെന്നലിൻ്റെ
സാന്ത്വനത്തിൻ്റെ സ്പർശമറിയാം. പ്രപഞ്ചം കലകളുടെയും കവിതകളുടെയും വലിയൊരു
കലവറ തന്നെയാണെന്ന് പതുക്കെപ്പതുക്കെ നമുക്ക് മനസ്സിലാകും. നിങ്ങൾ നിങ്ങളെ
തിരിച്ചറിഞ്ഞു തുടങ്ങും. നിരന്തരം ചോദ്യങ്ങൾ സ്വയം
ചോദിക്കും.ചുറ്റുപാടുകളോട് ചോദിക്കും, പ്രതികരിക്കും. പിന്നെ നാം
എഴുതിപ്പോകും. അറിയാതെ കവിത എഴുതിപ്പോകും'.
ഇങ്ങനെയൊരു
ഉത്തരം നല്കാൻ ഇന്നു സാംസ്കാരിക സ്ഥാപനങ്ങളുടെ തലപ്പത്തുള്ളവർ പൊതുവേ
തയ്യാറാകില്ല. കാരണം, സാഹിത്യത്തോട് താൽപര്യം ഉണ്ടാകാൻ അവർക്ക്
അനുവാദമില്ലല്ലോ. അവർ പലരും സ്വയം നിർമ്മിച്ച അരാഷ്ട്രീയതയുടെ
ഏടാകൂടത്തിലാണ് ജീവിക്കുന്നത് .തങ്ങളെ സംരക്ഷിക്കുന്ന ഒരു വ്യവസ്ഥയിൽ
സ്വസ്ഥമായിരുന്ന് അരാഷ്ട്രീയമായ ജീർണതകളിൽ അഭിരമിക്കാൻ അവർക്ക്
സന്തോഷമേയുള്ളു. ഇവിടെയാണ് യാതൊരു ക്ളിക്കുമില്ലാതെ ,നിർവ്യാജമായ
സ്നേഹത്തിന്റെ ഉറവ തേടുന്ന പ്രഭാകരൻ പുത്തൂരിന്റെ വാക്കുകൾ
പ്രസക്തമാകുന്നത്. അദ്ദേഹത്തിനു സ്വന്തം താല്പര്യങ്ങൾ ഇല്ലാത്തതു കൊണ്ട്
ശുദ്ധമായി ചിന്തിക്കാം.
ഡെറക് വാൽക്കോട്ട്
കരീബിയൻ (സെൻറ് ലൂസിയൻ) കവിയും നാടകകൃത്തുമായ ഡെറക്ക് വാൽക്കോട്ട് (1930-2017) 'ലവ് ആഫ്റ്റർ ലൗ'എന്ന കവിതയിൽ എഴുതി:
'ഒരു സമയം വരും
അപ്പോൾ, ഉത്സാഹത്തോടെ
നിങ്ങളുടെ സ്വന്തം പടിവാതിലിൽ ,
നിങ്ങളുടെ സ്വന്തം കണ്ണാടിയിൽ
എത്തിച്ചേരുന്ന നിങ്ങളെത്തന്നെ നിങ്ങൾ അഭിവാദനം ചെയ്യും.
ആ അപരൻ്റെ സ്വാഗതഭാഷണങ്ങൾ കേട്ട്
നിങ്ങൾ ഓരോ നിമിഷവും ചിരിക്കും'.
നമ്മെത്തന്നെ
പലപ്പോഴും നമുക്ക് ബലി കഴിക്കേണ്ടി വന്നിട്ടുണ്ട്; പൊയ് വിശ്വാസങ്ങൾക്കും
തെറ്റായ തീരുമാനങ്ങൾക്കും വേണ്ടി. എന്നാൽ പ്രേമത്തിന്റെ ശുദ്ധമായ ഒരു പഴയ
കാലത്ത് നമുക്ക് നഷ്ടമായ നമ്മളിലെ ആ അപരിചിതനെ വീണ്ടെടുക്കാൻ ഒരു അവസരം
വരും. അപ്പോൾ അവനെ ആശ്ളേഷിക്കുക. ഓരോ പുതുവർഷവും നമ്മെത്തന്നെ
വീണ്ടെടുക്കാനും സ്നേഹിക്കാനുമുള്ള അവസരമാവട്ടെ.
2022/പത്തു കവിതകൾ
പോയ
വർഷത്തെ കവിതകളുടെ കണക്കെടുത്താൽ തല ചുറ്റി വീഴും. കവിതയുടെ ഒരു
പ്രവാഹമാണല്ലോ ഇപ്പോഴുള്ളത്. ജനാധിപത്യമാണ് കവിതയിലൂടെ ഒഴുകുന്നത്.
ഏതൊരാൾക്കും തൻ്റെ ജീവിതത്തിലെ ഏതൊരു സന്ദർഭത്തെയും കവിതയായി പരാവർത്തനം
ചെയ്യാവുന്ന വിധം നമ്മുടെ കവിതയിലെ ജനാധിപത്യബോധം വികസിച്ചിരിക്കുന്നു.
എങ്കിലും വ്യത്യസ്ത ശൈലിയും ഭാഷയും ഉപയോഗിക്കുന്ന, കവിതയുടെ വേറിടലിൻ്റെ
അടയാളങ്ങളായി തോന്നിയ പത്തു കവിതകൾ തിരഞ്ഞെടുക്കുകയാണ്.
1)വെളിച്ചക്കൊയ്ത്ത് -ജോയ് വാഴയിൽ
2)വന്നൊന്ന് പുണരാൻ - ജയപ്രകാശ് എറവ്
3)ഒറ്റത്തുളളി -ജയശ്രീ പള്ളിക്കൽ
4)പെണ്മാനം - സിന്ധുഗാധ
5)മൃതി - കൈലാസ് തോട്ടപ്പള്ളി
6)സംവാദം - സാബു കോട്ടുക്കൽ
7)മഹദ് -വിനോദ് വൈശാഖി
8)മൂക്ക് -കണ്ണനാർ
9)ചായയോടൊപ്പം കുയിൽപ്പാട്ട് - കളത്തറ ഗോപൻ
10)മരണവീട്ടിലെ കാക്ക - ഗണേഷ് പുത്തൂർ
മുംബൈ ഗാഥ
'കടും ചുവപ്പ് ചൂടിയ ചെമ്പക മരം ചാരിയിരുന്ന് അവൻ കുഴലൂതുകയാണ്.ഈച്ചക്കൂട്ടം പോലെയുള്ള ആ താടിയും നീണ്ട ചെമ്പൻമുടിയും ....
അവൻ്റെ
ഒരു നേർത്ത നിഴൽ കണ്ടാൽ മതി. ഇപ്പോഴും തിരിച്ചറിയാൻ കഴിയുന്നുണ്ട്. മുമ്പ്
ഈ ചെമ്പകം ഒരു വലിയ പൂന്തോട്ടത്തിൻ്റെ നായികയായിരുന്നു. വ്രണത്തിൻ്റെ
പൊറ്റകൾ പോലെ തൊലി ഉണങ്ങി ഇളകുന്നെങ്കിലും നിറയെ ചൊക ചൊകാ പൂക്കൾ!'
സുരേഷ്
വർമ്മ എഴുതിയ 'ലാൽ താംബെ '(കലാകൗമുദി ,ഡിസംബർ 18) എന്ന കഥയിലെ ചില
വാചകങ്ങളാണിത്. ഈ കഥ ചരിത്രപരമായ ഒരോർമ്മപ്പെടുത്തലാണ്. മുംബൈയിൽ
അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ചേരികളുടെയും ചുവന്ന തെരുവുകളുടെയും
പശ്ചാത്തലത്തിൽ മനുഷ്യവിഷാദങ്ങളുടെ ചായക്കൂട്ടുകൾ കൊണ്ട് എഴുതിയതാണിത്.
ലോകം
വികസിക്കുമ്പോൾ നിരാലംബരായവർ അവരുടെ സംസ്കാരമെല്ലാം ഉപേക്ഷിച്ചു ഒരു ചെറിയ
മൂലയിലേക്ക് ഒതുക്കപ്പെടും. വിജയികൾക്ക് വഴിമാറിക്കൊടുത്ത് മാത്രം ശീലിച്ച
പതിതരുടെ ആക്രന്ദനങ്ങൾ സംഗീതമാണ്, കലാകാരന്മാർക്കും സിനിമാ
നിർമ്മാതാക്കൾക്കും. ആ ക്രൂരമായ ഹാസ്യത്തിൻ്റെ തനിയാവർത്തനങ്ങളിൽ
കഥാകൃത്ത് കോങ്കണ്ണുകൊണ്ട് നോക്കുന്നതിന്റെ അർത്ഥമുനകൾ ഈ കഥയിലുണ്ട്.
പോയ
വർഷം ഏറ്റവും ആസ്വദിച്ച ലേഖനങ്ങളിലൊന്നാണ് കെ .സജീവ്കുമാർ എഴുതിയ
'തൊണ്ണൂറുകളിലെ കാവ്യഗൂഢാലോചനയുടെ നാൾവഴികളും യാഥാർത്ഥ്യവും'(പച്ചമലയാളം,
ഡിസംബർ). മലയാളകവിതയിലെ മുഖ്യധാരാ വിമർശനം ഏകപക്ഷീയവും ഏകസ്വരവുമാണ്. അതിൽ
നിന്നു ഭിന്നമാണ് ഈ ലേഖനം .അതിനു ഇടത്തോട്ടോ വലത്തോട്ടോ നോക്കാനാവില്ല .ഈ
ലേഖനത്തിൽ, ആറ്റൂർ രവിവർമ്മയുടെ സ്കൂളിലെ പഠിതാക്കളാകാൻ കുറെ പുതുകവികൾ
ശ്രമിച്ചതും അതിനു ഒത്താശ ചെയ്തു കൊടുക്കാൻ ഒരു പത്രാധിപർ തുടർച്ചയായി
പ്രവർത്തിച്ചതും വിമർശിക്കപ്പെടുന്നുണ്ട്. ഇത്തരം വിമർശനങ്ങൾ
കരുത്താർജിക്കേണ്ടതുണ്ട്. ഒരേ ചാലിലൂടെ ഒഴുകാൻ കവികളെ നിർബന്ധിക്കുന്ന
കവിതയിലെ വയസ്സന്മാരായ പുരോഹിതവർഗ്ഗത്തെ ചെറുത്തു
തോൽപ്പിക്കേണ്ടതുണ്ട്.സജീവകുമാർ എഴുതുന്നു: 'ആധുനികതയിൽ നിന്നും
പൂർവ്വാധുനികതയിൽ നിന്നും പൂർണമായി വേറിട്ട ഒരു കാവ്യ പരിസരം
രൂപപ്പെടുത്തിയെടുക്കാൻ ആറ്റൂർ അവതരിപ്പിച്ച കവികൾക്ക് കഴിയാതെ പോയി .ഇവർ
ആധുനികതയോട് കലഹിച്ചത് പ്രധാനമായും പ്രണയത്തിൻ്റെ കാര്യത്തിലായിരുന്നു.
പ്രമേയപരതയിൽ ചില മാറ്റങ്ങൾ വരുത്താൻ അവർക്ക് കഴിഞ്ഞു എന്നല്ലാതെ പുതിയ
ഭാവുകത്വം സൃഷ്ടിക്കാൻ അവർക്ക് കഴിഞ്ഞില്ല .പിന്നെങ്ങനെയാണ് പുതിയ
ഭാവുകത്വത്തിന്റെ വക്താക്കളായി ഇവർ വാഴ്ത്തപ്പെട്ടത്
?കാമ്പൊന്നുമില്ലെങ്കിലും വാഴ്ത്തിപ്പാടാൻ ആളുണ്ടെങ്കിൽ മലയാളസാഹിത്യത്തിൽ
ഇരിപ്പിടം കിട്ടാതിരിക്കില്ല. നമ്മുടെ ഭാഷയിലെ ഏറ്റവും വലിയ ദുര്യോഗമാണ്
സാഹിത്യത്തെയും സാഹിത്യകാരന്മാരെയും 'സൃഷ്ടിക്കുന്ന 'തിൽ
രാഷ്ട്രീയപാർട്ടികൾ വഹിക്കുന്ന പങ്ക്.
രാഷ്ട്രീയപാർട്ടിയുടെ
കൈയിലാണ് എല്ലാ വലിയ അവസരങ്ങളുടെയും പെട്ടിയുള്ളത്. പാർട്ടികളുടെ കൈയിൽ
പ്രസാധനശാലകളും മാഗസിനുകളും പുസ്തകോത്സവങ്ങളും പുരസ്കാരങ്ങളും
പദവികളുമുണ്ട്. പാർട്ടികൾ അധികാരത്തിൽ വരുന്നതോടെ എഴുത്തുകാർ കൂട്ടത്തോടെ
അങ്ങോട്ടേക്ക് ആനയിക്കപ്പെടുന്നു. ചിന്തിക്കാതിരിക്കുക, കൂട്ടം കൂടി
നടക്കുക ,വായിക്കാതിരിക്കുക, വായിക്കുകയും ചിന്തിക്കുകയും ചെയ്യുന്നവരെ
ശത്രുക്കളായി കാണുക തുടങ്ങിയ സ്വഭാവവിശേഷങ്ങൾ പുതിയ വർഷത്തിലെങ്കിലും
ഒഴിഞ്ഞു പോകുമെന്ന് കരുതനാവില്ല. ബസ് കാത്തുനിൽക്കുന്നവന്റെ മുന്നിലേക്ക്
വരുന്ന ഓരോ ബസിലും യാത്രക്കാരനെ കുത്തി നിറച്ചിരിക്കുകയാണ്. ആരും ഒരു
സ്റ്റോപ്പിലും ഇറങ്ങുന്നില്ല. ആരെങ്കിലും ഇറങ്ങിയാലല്ലേ അതിൽ
ഒരാൾക്കെങ്കിലും കയറാനൊക്കൂ .
സാർത്രിൻ്റെ ശൈലി
മഹാനായ ഫ്രഞ്ച് എഴുത്തുകാരൻ ഷാങ് പോൾ സാർത്ര് ശൈലി പ്രധാനമാണെന്നു പറയുന്നതിനു നിരത്തുന്ന വാദങ്ങൾ ഇവയെല്ലാമാണ്:
'മിക്ക
യുവ എഴുത്തുകാർക്കും ശൈലി പ്രശ്നമല്ല ;എന്തെങ്കിലും ലളിതമായി പറഞ്ഞാൽ
എല്ലാമായി എന്നു അവർ കരുതുന്നു.എന്നാൽ തനിക്ക് ശൈലി ലാളിത്യത്തെ
ഒഴിവാക്കുന്നതല്ല ;തികച്ചും വിപരീതമാണത്. ഒരു വാചകത്തിൽ തന്നെ മൂന്നോ നാലോ
കാര്യങ്ങൾ പറയുന്ന രീതിയാണത്. ഒരു ലളിത വാക്യത്തിനും അതിൻ്റെ അർത്ഥത്തിനും
ഒപ്പം, അതിനടിയിൽ അനേകം അർത്ഥങ്ങളെ ഉൾക്കൊള്ളിച്ചിരിക്കും. അർത്ഥത്തിൻ്റെ ഈ
ബഹുസ്വരത ഭാഷയിൽ കൊണ്ടുവരാൻ ഒരുവനു കഴിയുന്നില്ലെങ്കിൽ ,എഴുതി
ബുദ്ധിമുട്ടുന്നതിൽ അർത്ഥമില്ല'.
Friday, December 9, 2022
ധ്യാനത്തിൻ്റെ അസംസ്കൃതവസ്തു/അക്ഷരജാലകം / എം.കെ.ഹരികുമാർ
ഒരു
സാങ്കല്പിക ദ്വീപിനെ പശ്ചാത്തലമാക്കി, ഓട്ടോമൻ സാമ്രാജ്യത്തിന്റെ പതനത്തെ
കാണിച്ചുകൊണ്ട് ഒരു പ്ളേഗ് പടരുന്നതിൻ്റെ കഥയാണ് ഓർഹാൻ പാമുഖ് തൻ്റെ പുതിയ
നോവൽ 'നൈറ്റ്സ് ഓഫ് പ്ളേഗി'ൽ പറയുന്നത്.
ഭൂരിപക്ഷം എഴുത്തുകാരിൽ
നിന്നും വ്യത്യസ്തമായി, മഹാമാരി തന്നെ സ്വാധീനിച്ചതായി അദ്ദേഹം തുറന്നു
പറയുന്നു;ഈ നോവൽ കോവിഡിനു മുമ്പ് എഴുതിയതാണെങ്കിലും .
മൈ നെയിം
ഈസ് റെഡ് ,സ്നോ ,ഓർമ്മപ്പുസ്തകമായ ഇസ്താംബൂൾ: മെമ്മറീസ് ആൻഡ് ദ് സിറ്റി
എന്നിവയാണ് പാമുഖിൻ്റെ ഏറ്റവും പ്രശസ്തമായ രചനകൾ. പാമുഖിനു നോബൽ സമ്മാനം
ലഭിച്ചത് 2006 ലാണ്.
നമ്മുടെ
നാട്ടിൽ ഒരു എഴുത്തുകാരനെയും മഹാമാരി സ്വാധീനിച്ചില്ലല്ലോ. ഇവിടെ
അവാർഡുകളും പദവികളുമാണ് സ്വാധീനിക്കുന്നത് !ഇപ്പോൾ അദ്ദേഹം താമസിക്കുന്നത്
ഇസ്താംബൂളിനടുത്ത് ബുയുക്കദ എന്ന ദ്വീപിലാണ്.
നൈറ്റ്സ് ഓഫ് പ്ളേഗ് തുർക്കിയിൽ
പ്രസിദ്ധീകരിച്ചത്
2021 മാർച്ചിലാണ്. ഗാർഡിയൻ സൈറ്റിൽ പാമുഖുമായി നടത്തിയ അഭിമുഖത്തിൽ
ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്. അന്ന് തുർക്കി ലോക്ക് ഡൗണിലായിരുന്നു .
പാമുഖിൻ്റെ
നോവലുകൾ അറുപത്തിമൂന്നു ഭാഷകളിലായി പതിമൂന്നു ലക്ഷം കോപ്പികൾ
വിറ്റഴിക്കപ്പെട്ടിട്ടുണ്ട്.കൊളംബിയ യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് ദ്
ആർട്സിൽ പ്രൊഫസറായിരുന്നു പാമുഖ്. നോവൽ രചനയിൽ അദ്ദേഹത്തിനു സ്വന്തമായി ചില
നിലപാടുകളും നിരീക്ഷണങ്ങളുമുണ്ട്. നമ്മുടെ ഭാഷയ്ക്ക് അത് അപരിചിതമാണെന്ന്
പറയട്ടെ.
അദ്ദേഹം പറയുന്നു:
'എൻ്റെ
എല്ലാ പുസ്തകങ്ങളിലും ആത്മബോധത്തിന്റെ ചില വശങ്ങളുണ്ട്.
കഥയെഴുതുന്നതിനെക്കുറിച്ചുള്ള ആധുനികമായ അവബോധം വേണം. കഥ
യാഥാർത്ഥ്യത്തിൻ്റെ ഒരു വിവരണമല്ല. അത് അതിൽ തന്നെ വേറൊരു തരം
യാഥാർഥ്യമാണ്. ആധുനികാവബോധം എന്നു പറയുന്നത് വെറുമൊരു പ്രതിഫലനമല്ല.
അതിൻ്റെ വിവരണം തന്നെ ഒരു കലയാണ് .അത് എഴുത്തുകാരൻ്റെ ലോകത്തിന്റെ
പ്രകാശനമാണ്; പുറംലോകത്തിന്റെ ചിത്രീകരണമല്ല. മാത്രമല്ല, എൻ്റെ എല്ലാ
നോവലുകളും ഇങ്ങനെയാണ് എഴുതപ്പെട്ടിട്ടുള്ളത്. ഞാൻ എൻ്റെ ബദൽ
യാഥാർത്ഥ്യങ്ങളാണ് പകർത്തുന്നത്'.
പുരസ്കാരങ്ങൾ അബോധത്തിലും
ഒർഹാൻ പാമുഖ് അന്വേഷിക്കുന്ന പുതിയ യാഥാർത്ഥ്യമൊന്നും മലയാള എഴുത്തുകാരെ ബാധിക്കുന്നില്ല എന്നു പറഞ്ഞുവല്ലോ.
അവരുടെ
അബോധമനസ്സിലേക്ക് പോലും പുരസ്കാരങ്ങളും പദവികളും കടന്നു ചെന്നിരിക്കയാണ്.
ഇന്ന് വായന പോലും അഴിമതിയിൽ പുതഞ്ഞിരിക്കുകയാണ്. പുരസ്കാരങ്ങൾ ലഭിക്കുന്ന
നാലാംകിട രചനകൾ തേടിപ്പിടിച്ച് വായിക്കുന്നത് വായനയുടെ ജീർണതയാണ്.
പുരസ്കാരങ്ങൾ കിട്ടിയ കൃതികൾ വായനയിൽ നിന്ന് ഒഴിവാക്കാനാണ് ശ്രമിക്കേണ്ടത്.
അമെരിക്കയിൽ ടെലിവിഷൻ പരിപാടികൾ രണ്ടു മാസത്തേക്കെങ്കിലും
ഉപേക്ഷിക്കണമെന്നു പ്രചരിപ്പിക്കുന്ന സംഘടനകളുടെ നിലപാടു പോലെ.
പുരസ്കാരങ്ങളെ
തള്ളിമാറ്റി ഇപ്പോൾ ഡീലിറ്റുകൾ മുന്നോട്ടു വന്നിരിക്കയാണ്. ഇനി ഏറ്റവും
കൂടുതൽ ഡീലിറ്റുകൾ നേടുന്നവർക്കായിരിക്കും സ്വീകരണം .വായന മരിച്ചതിനു വേറെ
തെളിവു വേണ്ടല്ലോ.
ചിന്ത ,തപം
ദീർഘകാലമായി
എഴുതുന്ന കുഞ്ഞപ്പ പട്ടാന്നൂർ തന്റെ കർമ്മ മണ്ഡലത്തിൽ ആഴത്തിൽ ചിന്തിച്ചും
തപിച്ചും മുന്നേറുകയാണ്. അനുനിമിഷം കബളിപ്പിക്കുന്ന ,ഭയപ്പെടുത്തുന്ന ഈ
ലോകത്ത് താൻ എങ്ങനെ ഒറ്റപ്പെടുന്നുവെന്ന് കാണിച്ചു തരികയാണ് അദ്ദേഹം
.പട്ടാന്നൂരിൻ്റെ കണ്ടെത്തലുകൾ ഭീതിയുണർത്തുന്നതാണ് .നാം നമ്മുടേതെന്നു
കരുതി പിന്തുടർന്നതെല്ലാം നമ്മെ വഞ്ചിക്കുകയോ നമ്മെ ഉപേക്ഷിച്ചു വേറൊരു
വഴിക്ക് പോവുകയോ ചെയ്യുമ്പോൾ കവി എങ്ങനെ പ്രതികരിക്കാതിരിക്കും ?
കവിയുടെ
മനസ്സ് അങ്ങനെയാണ്. മറ്റുള്ളവർ ചവച്ചു തുപ്പിയതിനിടയിൽ നിന്നും കവി
തനിക്ക് ആവശ്യമുള്ള ധാതുക്കൾ കണ്ടെടുക്കുന്നു. പട്ടാന്നൂരിൻ്റെ
'ബാക്കിപത്ര'(കലാപൂർണ , സെപ്റ്റംബർ)ത്തിൽ എന്ന കവിതയിലും ഈ നിസ്സഹായത കാണാം
.എല്ലാ പകലിരവുകളും വെറും ആവർത്തനങ്ങളായത് എങ്ങനെയെന്ന് ആരായുന്ന കവി
ഇങ്ങനെ എഴുതുന്നു:
'കൂട്ടുകൂടിക്കഴിഞ്ഞവർ
കൂട്ടംതെറ്റിപ്പിരിഞ്ഞവർ
കൂട്ടുകാർക്കെന്തുനല്കണം ഞാൻ?
ചതികളെന്തെന്നപാഠം
പകർന്നു തന്നവർ
ചങ്ങാതിമാർക്കെന്തുനല്കണം ഞാൻ?'
സുഹൃത്തുക്കൾ
സ്നേഹത്തിൻ്റെ പാത്രം തട്ടിത്തെറിപ്പിച്ചതു കാരണം എന്നിൽ
ബാക്കിയൊന്നുമില്ലെന്ന വിഷാദചിന്തയാണ് ഈ കവിതയിലുള്ളത്. തൻ്റെ കരളിലെ
തിരകളിൽ
കാമിതം പോലെ പാടുന്നവൾക്കും
ഒന്നും കരുതിവയ്ക്കുവാനില്ലെന്ന് കവി
ഞെട്ടലോടെ കണ്ടെത്തുന്നു. ഈ കാലത്തെ കവി ആഴത്തിൽ പകർത്തുകയാണ് .
രാഷ്ട്രീയമോ സാഹിത്യമോ?
എഴുത്തുകാർക്ക്
രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നതിനു വിലക്കൊന്നുമില്ല.
രാഷ്ട്രീയപ്പാർട്ടിയുടെ മനസ്സാക്ഷിയല്ല എഴുത്തുകാരൻ എഴുതേണ്ടത്. അയാൾ
കാലത്തിന്റെ ,സമൂഹത്തിന്റെ മനസാക്ഷി അന്വേഷിക്കണം. ഓരോ വസ്തുവിന്റെയും
അനന്യതയും ആത്മീയതയും തിരയണം.ഓഡ് ടു ദ് വെസ്റ്റ് വിൻഡ് എഴുതിയ ഷെല്ലി
കാറ്റിൻ്റെ പോലും അനന്യതയും പ്രാപഞ്ചികതയും തേടുകയാണ്.
കേശവദേവിൻ്റെ 'ഓടയിൽ നിന്ന് ' രാഷ്ട്രീയ പാർട്ടിയുടെ മനസാക്ഷിയല്ല, കാലത്തിൻ്റെ മനസാക്ഷിയാണ് അന്വേഷിക്കുന്നത്.
കരിമ്പുഴ രാമചന്ദ്രന്റെ കവിത
കരിമ്പുഴ
രാമചന്ദ്രന്റെ കവിതകൾ പതിറ്റാണ്ടുകൾക്കു മുന്നേ വായിച്ചിട്ടുണ്ട്.
ആത്മാർഥത എന്ന ഗുണം അദ്ദേഹത്തിൻ്റെ കവിതകളിലുണ്ടാകും. ഒട്ടും അതിഭാവുകത്വം
ഉണ്ടാവില്ല. സമീപകാലത്ത് കരിമ്പുഴ എഴുതിയ 'പ്രണയകാകളി'(മാതൃഭൂമി
ആഴ്ചപ്പതിപ്പ്, ജൂലൈ 24)എന്ന കവിതയിലെ വരികൾ മനസിൻ്റെ അടഞ്ഞ വാതിലുകൾ
തുറക്കുന്നു.
സമകാല കവിതയിലെ
മനുഷ്യത്വരാഹിത്യത്തിനും നിർവ്വികാരതയ്ക്കുമുള്ള ചികിത്സയാണിത്. കവി തൻ്റെ
മനുഷ്യത്വത്തെ, ഓർമ്മയെ , പ്രണയത്തെ ഈ ഭൂമിയിൽ അന്വേഷിക്കുന്നു. താൻ
ജീവിക്കുന്നു എന്നു അടിവരയിട്ട് പ്രഖ്യാപിക്കുകയാണ് കവി .പഴയ കാലത്തിനോട്
തോന്നുന്ന അമിതമായ രതിവാഞ്ചയല്ല ഇത്. ഇവിടെ കരിമ്പുഴ ഭൂതകാലത്തെ തനിക്കായി
ഏറ്റെടുത്തിരിക്കുന്നു.നമ്മുടെ പ്രൊഫസർ കവികൾക്ക് ഇത്തരത്തിൽ മനുഷ്യത്വത്തെ
അവതരിപ്പിക്കാൻ കഴിയില്ല.എന്നാൽ ഭൂതകാലം ഇവിടെ ധ്യാനത്തിനുള്ള ഒരു
അസംസ്കൃത വസ്തുവാണ്. കരിമ്പുഴ ജീവിതത്തിന്റെ ഭാഗധേയത്തെപ്പറ്റി
ആലോചിക്കുകയാണ്. ഒരു മനുഷ്യസംസ്കൃതിക്കും പരിഹാരം നിർദ്ദേശിക്കാനില്ലാത്ത
ഏടാകൂടമാണ് ജീവിതമെന്നു ജ്ഞാനിയായ കവി തിരിച്ചറിയുന്നു. കുട്ടിക്കാലത്തെ
ഒരുമിച്ചുള്ള നടത്തം, പരസ്പരമുള്ള സംവാദങ്ങൾ, ഓർമ്മകൾ ...അതെല്ലാം
എവിടെപ്പോയി? കാലം മാറിയപ്പോൾ നമ്മളും മാറിപ്പോയി ,നമുക്കു പോലും
പിടികിട്ടാത്ത വിധം .നമുക്ക് ഓടിപ്പോകാൻ പോലും ഒരിടമില്ല.
നമുക്ക്
കണ്ണാടി തല്ലിപ്പൊട്ടിക്കേണ്ടി വരില്ല ;കാരണം ,കണ്ണാടിയിൽ നോക്കിയാൽ
നമുക്ക് നമ്മെ കാണാനൊക്കില്ല, വേറെ ആളെയായിരിക്കും കാണുക.
തൻ്റെ ദാരിദ്ര്യമറിഞ്ഞ സ്നേഹിത സ്കൂളിൽ ഉച്ചഭക്ഷണ സമയത്ത് പെരുമാറിയത് ഇങ്ങനെയാണ് കവിതയിൽ വിവരിക്കുന്നത്:
'പച്ചമുളക് പഴുത്തതും ചോറുമെൻ
ചോറ്റുപാത്രത്തിലേക്കപ്പോൾ പകർന്നു നീ
ഡപ്പപോൽ
അക്കാഴ്ച കണ്ടേൻ ഇളിഭ്യനായ്!'പഠനകാലം കഴിഞ്ഞതോടെ എല്ലാവരും മാറി
.സ്നേഹബന്ധം മാഞ്ഞുപോയി. മനുഷ്യർ വളർന്ന് ഓരോ തുരുത്തായി മാറുന്നു.
മിഥ്യയാണോ ഇത് ? അല്ലെങ്കിൽ വ്യർത്ഥതയോ ?
'ആർത്തുണ്ടൊരാ യൗവ്വനാരംഭ വൈദ്യുത
,ദീപ്തി ആ ശക്തി ,ആസക്തി
ഹായ് ഹായ് !രസ -
സ്ഫൂർത്തി ,ആ ഏകാന്ത
കൈവല്യ സംഭൂതി '
സ്ഥാപനവത്കൃതം
കലാകാരൻ
ഇന്ന് രാഷ്ട്രീയ ,സാംസ്കാരിക സ്ഥാപനങ്ങളുടെ അടിമയായിക്കൊണ്ടിരിക്കുകയാണ്.
ഒരു കാര്യം ഓർക്കണം: തോപ്പിൽഭാസി 'അശ്വമേധം'എന്ന നാടകം എഴുതിയത് ,കേശവദേവ്
'ഓടയിൽ നിന്ന്' എന്ന നോവൽ എഴുതിയത് ഭാവിയിൽ ഏതെങ്കിലും അക്കാദമി പരവതാനി
വിരിക്കുമെന്നു വിചാരിച്ചതുകൊണ്ടല്ല. എഴുതേണ്ടത് അവർക്ക് അത്രയ്ക്ക്
ആവശ്യമായിരുന്നു.
പെണ്ണെഴുത്തും സെക്സും
ചില
വനിതാ എഴുത്തുകാർ എന്തെഴുതിയാലും അതിൽ സെക്സ്
കുത്തിനിറയ്ക്കുകയാണ്.സെക്സിൻ്റെ വിവരണം വായിച്ച് വായനക്കാർ അന്തംവിടുകയും
എഴുതിയ വ്യക്തിയെ അന്ധമായി ആരാധിക്കുകയും ചെയ്യുമെന്ന ധാരണയാണ് ഇതിനു
പിന്നിലുള്ളത്.
എന്നാൽ ഇന്നത്തെ വായനക്കാരനു
ഇക്കാര്യത്തിൽ എഴുത്തുകാരികളെക്കാൾ ലോകപരിചയമുണ്ട് .മറ്റൊന്നും
എഴുതാനില്ലാത്തതുകൊണ്ടാണ് ചിലർ എല്ലായ്പോഴും ലൈംഗികത വിവരിക്കുന്നത്.
ലൈംഗികത ഒരു അനുഭൂതിയാണ്. അത് ആവിഷ്കരിക്കാൻ കഴിവില്ലാത്തവരാണ് ഏറെയും.
പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ ഒരു തിയറിയുണ്ട്. ജീവിതത്തിൽ സെക്സ്
ഇല്ലാത്തവരാണ് അത് അമിതമായി രചനകളിൽ വാരിവലിച്ചിടുന്നത്! . ശരിയായിരിക്കാം.
പരാജയപ്പെട്ട കവിത
'പഞ്ചമിരാത്രി
'എന്ന കവിത എഴുതിയ എസ്.കലേശ് (മാതൃഭൂമി ആഴ്ചപ്പതിപ്പ്, ഓഗസ്റ്റ് 7
)വാക്കുകൾ അടുക്കിവയ്ക്കുന്നതല്ലാതെ യാതൊരു വികാരവും ജനിപ്പിക്കുന്നില്ല.
വാക്കുകൾ തിരഞ്ഞെടുക്കുന്നതിൽ കവി പരാജയപ്പെട്ടിരിക്കുന്നു. സാധാരണ
കാര്യങ്ങൾ , പ്രണയകഥകളിൽ പൊതുവേ പരാമർശിക്കപ്പെടുന്ന വിഷയങ്ങൾ
ആവർത്തിക്കുന്നതല്ലാതെ, അനുവാചകന് ഒരു നവീന അനുഭവവും നല്കാൻ കഴിയുന്നില്ല .
കൈയിൽ പക്ഷിയുടെ ചിത്രം പച്ചകുത്തിയ ഉടനെ കാമുകീ കാമുകന്മാർ ആകാശത്തിലൂടെ പക്ഷികളായി പറന്നുവെന്ന് !.
'പട്ടണത്തിന് മീതെ പറക്കുന്നു പക്ഷിഗോത്ര പിന്മുറക്കാർ നമ്മൾ '
എന്ന് എഴുതിയതിലൂടെ ഈ കവി ഇനിയും ഭാഷയിൽ പക്വത നേടിയില്ല എന്ന് വ്യക്തമാകുകയാണ്.
'ഏറ്റുവെള്ളമിരമ്പിയിറങ്ങുമീ
ചേറ്റുമണ്ണിലുണരുന്നു വിത്തുകൾ ആഴമീനുകൾ ജലമെയ്യേറി ചാടി
നൃത്തച്ചുവടു വയ്ക്കുന്നു '
വാക്കുകൾ
വെറുതെ എടുത്തു വയ്ക്കുന്നതല്ലാതെ മനുഷ്യജീവിതത്തെ സൂക്ഷ്മതലത്തിൻ
സ്പർശിക്കുന്നില്ല. ഇതൊരു കോളജ് മാഗസിൻ കവിതയാക്കാൻ കൊള്ളാം .ഓരോ വാക്കിനും
ജീവനുണ്ടാവണം. അങ്ങനെ ജീവിതത്തിൻ്റെ അനുഭവത്തിലേക്ക്, അസ്തിത്വത്തിലേക്ക്
വാതിൽ തുറക്കണം .
ആലങ്കോട് ലീലാകൃഷ്ണന്റെ
'പിൻനിലാവിലെ നിള (മനോരമ വാർഷികപ്പതിപ്പ്)സ്ഥിരം നിർമിതിയാണ് .ലീലാകൃഷ്ണൻ
എന്തെഴുതിയാലും അതിൽ നിലാവ് കടന്നുവരാതിരിക്കില്ല .പിന്നെന്തിനു നിളയെ
ഒഴിവാക്കണം ?നിളയിൽ നീരാടുക തന്നെ.ആഴമുള്ള ഒരു കവിത എഴുതാൻ
അദ്ദേഹത്തിനറിയില്ല,ഇപ്പോഴും.
എപ്പോഴും മറ്റുള്ളവർ ഉപയോഗിച്ച
വാങ്മയങ്ങളും ചിന്തകളുമാണ് ഓർമ്മിപ്പിക്കുക.ക്ളീഷേ എന്ന് വൃത്തിയായി പറയാൻ
കഴിയുന്നത് ലീലാകൃഷ്ണന്റെ കവിതകളെക്കുറിച്ചാണ്. അദ്ദേഹത്തിനു കവിത ഒരു
ധ്യാനമോ ദർശനമോ അനുഭവമോ അല്ല .കേട്ടറിഞ്ഞ കുറെ വിവരണങ്ങൾ മാത്രമേ ഉണ്ടാകൂ.
'തിരൂരുനിന്നീവഴിയോളം
നിള പിന്നിലേക്കൊഴുക്കിയ
പഞ്ചമവേദാമൃത
പാലാഴിക്കിളിപ്പാട്ടിൻ
തുഞ്ചത്തെ നാരായത്തി -
ലേകകനായെഴുത്തച്ഛൻ 'എന്ന് എഴുതുന്നതിനെയാണ് ക്ളീഷേ എന്നു വിളിക്കേണ്ടത്.
സ്വാതന്ത്ര്യമോ?
എഴുത്തുകാരൻ
രാഷ്ട്രീയകക്ഷിയുടെ സാംസ്കാരിക വിഭാഗത്തിൽ നിന്നോ, യൂണിവേഴ്സിറ്റികളിൽ
നിന്നോ സ്വതന്ത്ര നല്ല .ഒരു സുഹൃത്ത് കഴിഞ്ഞദിവസം പറഞ്ഞത് കേന്ദ്രത്തിൽ
നിന്ന് വലിയ ബഹുമതികൾ ലഭിക്കാൻ, നിരീശ്വരവാദികളായിരുന്ന ചിലർ ഭക്തിയിലേക്ക്
തിരിഞ്ഞുവെന്നാണ്! . പരസ്യമായി ഒരു ഭജന കൊണ്ടു വല്ലതും കിട്ടുകയാണെങ്കിലോ ?
പുരസ്കാരവും പദവിയും ഇല്ലെങ്കിൽ അയൽപക്കത്തുള്ളവർ പോലും തിരിഞ്ഞു
നോക്കില്ലത്രേ. നോബൽ സമ്മാനം ലഭിച്ച ടി.എസ്. എലിയറ്റിനെ തൊട്ടടുത്ത
ഫ്ളാറ്റിൽ താമസിച്ചിരുന്ന യാൾ തിരിച്ചറിഞ്ഞിരുന്നില്ല. എന്നാൽ എലിയറ്റിനു
അറിയപ്പെടാതെ ജീവിക്കുന്നതിൽ ഒരു സുഖമുണ്ടായിരുന്നു .നമ്മുടെ എം. എൻ.
പാലൂര് ,മാധവൻ അയ്യപ്പത്ത് , മാമ്പുഴ കുമാരൻ ,ആർ .രാമചന്ദ്രൻ തുടങ്ങിയവർ
എത്രമാത്രം സുഖം അനുഭവിച്ചിട്ടുണ്ട് എന്നാർക്കുക! .
ഇന്ന്
പുറംചട്ട തീരുമാനിക്കുന്നതിനും പുസ്തകങ്ങൾക്ക് നാമകരണം ചെയ്യുന്നതിനും
അവതാരിക എഴുതിക്കുന്നതിനും എഴുത്തുകാർക്ക് സ്വാതന്ത്ര്യമില്ല. അതെല്ലാം
തീരുമാനിക്കുന്നത് പ്രസാധനാലയങ്ങളിലെ പബ്ളിക്കേഷൻ മാനേജർമാരാണ്. ഏത്
മാഗസിനിലാണ് ഇൻറർവ്യൂ, ഫോട്ടോ തുടങ്ങിയവ അടിച്ചു വരേണ്ടതെന്ന് ആ മാനേജർമാർ
തീരുമാനിക്കും. യാതൊരു അഭിപ്രായവും പറയാതെ വെറുതെ എഴുതാൻ മാത്രമാണ്
എഴുത്തുകാരൻ്റെ ജോലി.
കലയുടെ ഒളിത്താവളം /അക്ഷരജാലകം /എം.കെ.ഹരികുമാർ
ഇന്നത്തെ
കലാപങ്ങൾ ,രക്തച്ചൊരിച്ചിലുകൾ , കരച്ചിലുകൾ ,ഒഴിഞ്ഞോടലുകൾ, തറയിൽ പടർന്ന
രക്തത്തുള്ളികൾ, കൂട്ടക്കൊലകൾ, ബഹളങ്ങൾ, അപമാനകരമായ ക്രൂരതകൾ എല്ലാം
ചരിത്രത്തിൽ ഒരു പ്രതിഛായ അവശേഷിപ്പിച്ചാണ് കടന്നുപോകുന്നത്. പ്രതിഛായകൾ
എന്നു പറയുന്നത് വ്യാവഹാരിക ലോകത്തെ മാധ്യമങ്ങൾക്കും ആളുകളുടെ
മനസ്സുകൾക്കും വീണ്ടും വീണ്ടും ഓർമ്മിക്കാനുള്ള ചിത്രങ്ങളാണ്. പ്രതിഛായകൾ
ചരിത്രമായി ആലേഖനം ചെയ്യപ്പെടുകയോ വിവരിക്കപ്പെടുകയോ പുസ്തകരൂപത്തിൽ
പ്രസിദ്ധീകരിക്കപ്പെടുകയോ ചെയ്യുന്നതോടെ അത് ചരിത്രമാകുന്നു. അതിൻ്റെയർത്ഥം
നാം അനുഭവിച്ചതെന്താണോ ,അതിലേക്ക് കല്പിതകഥയുടെ ഒരു ഫാന്റസി
കൂട്ടിച്ചേർക്കപ്പെടുന്നു എന്നാണ്. ഒരിക്കലും വാക്കുകളായിരുന്നിട്ടില്ലാത്ത
യാഥാർത്ഥ്യങ്ങൾ പിന്നീട് പലർ പല രീതിയിൽ എഴുതിയ ടെക്സ്റ്റുകളായി
രൂപാന്തരപ്പെടുന്നു.
ചരിത്രമാകുന്നതോടെ അത് നേരത്തെ സംഭവിച്ച കാര്യങ്ങളുടെ തനിപ്പകർപ്പല്ലാതായി മാറുകയാണ്.
അത്
മനുഷ്യർക്ക് വായിക്കാൻ വേണ്ടി നിർമ്മിച്ചതാണ് .അതുകൊണ്ട് നേരത്തെ
സംഭവിച്ചതിനോട് അതിനു യാതൊരു ബന്ധവുമില്ലാത്തതായിത്തീരുന്നില്ല. എന്നാൽ
ചരിത്രത്തിലെ കൊലപാതകത്തിനു യഥാർത്ഥത്തിൽ സംഭവിച്ചപ്പോഴുള്ള വേദനയോ
ക്രൂരതയോ ഇല്ല .അത് വായിക്കുന്നവരുടെ വാക്കുകളിലുള്ള ഒരനുഭവമാണ്.
യുദ്ധത്തിൽ കൊലചെയ്യപ്പെട്ടവന്റെ വേദന വായനക്കാരനു ആവശ്യമില്ലല്ലോ.
യുദ്ധത്തിൽ മരിച്ചവനെ ഒരു വായനക്കാരനും വേണ്ട; അവനു വേണ്ടത് അവൻ്റെ
കാൽപ്പനിക കഥയിലെ ഒരു നായകനെയാണ്. ലോകത്തിലെ വിഷമസന്ധികൾ പിന്നീട്
ഓർക്കുമ്പോൾ മധുരമുള്ള സ്വപ്നങ്ങളായി മാറുന്നു. നമ്മുടെ അനുഭവങ്ങൾ പിന്നീട്
ഒരു കഥയാണ്. ആ കഥയിൽ നമ്മൾ ഒരു വിവേക ജീവിയാണ്. നമുക്ക് സ്വയം
പ്രശംസിക്കാനും കാലത്തെക്കുറിച്ചുള്ള കാല്പനികമായ സങ്കല്പങ്ങൾ
സൃഷ്ടിക്കാനും അവസരമുണ്ട്. നമ്മൾ ഒരു പോരാട്ടത്തിന്റെ കഥയിലെ നായകനോ
,നായികയോ ആകുന്നത് വലിയ കാര്യമല്ലേ ? ജീവിതത്തെ സാഹിത്യമാക്കുന്നതിന്റെ
പ്രാഥമികമായ വിദ്യയാണിത്.
ഓർക്കുമ്പോൾ രസം
ജീവിതത്തിൽ
സാഹിത്യം ഒരു നിഴൽ പോലെ പിന്തുടരുകയാണ്. സാഹിതീയ അനുഭവങ്ങൾ നമ്മുടെ
നഗ്നമായ യാഥാർത്ഥ്യങ്ങളിൽ സർപ്പത്തെപ്പോലെ ചുറ്റിവരിഞ്ഞു കിടക്കുകയാണ്.
അതുകൊണ്ട് നാം ജീവിക്കുന്ന യാഥാർത്ഥ്യങ്ങളിൽ തന്നെ അതിൻ്റെ ടെക്സ്റ്റ്
,അർത്ഥം മറ്റൊരു ഉൽപ്പന്നമായി രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുന്നു.പന്ത്
കളിക്കുന്ന ഒരു കുട്ടിയിൽ പന്തുകളിയുടെ ഒരു ടെക്സ്റ്റ് പലമാനങ്ങളിൽ
സൃഷ്ടിക്കപ്പെടുന്നു. അതായത് ,കുട്ടിയെ കാണുന്നവർ അവനെ പല രീതിയിൽ
സങ്കല്പിക്കുന്നു.
കാളിദാസൻ്റെ 'രഘുവംശ'ത്തിൽ
രാവണനെ വധിച്ച ശേഷം ശ്രീരാമൻ സീതയുമായി രാജകൊട്ടാരത്തിൽ തിരിച്ചെത്തിയ
സമയത്തെ ഒരു സംഭവം വിവരിക്കുന്നുണ്ട് .രാമന്റെ യുദ്ധവീരകഥകൾ പലയിടത്തും
ചിത്രീകരിച്ച് പ്രദർശിപ്പിച്ചിരിക്കുകയാണ് .അത് കാണാനിടയായ രാമനും സീതയും ആ
സംഭവത്തെപ്പറ്റി ഓർത്തു സന്തോഷിക്കുകയാണ് .അവരിൽ ദുഃഖമോ കോപമോ ഇല്ല.
ഹൃദയഹാരിയായ വികാരമാണുയരുന്നത്. സംഘർഷാത്മകമായ യുദ്ധരംഗങ്ങളുടെ ആകാംക്ഷയോ
ഭയമോ അനിശ്ചിതത്വമോ അവിടെയില്ല; പനിനീർപ്പൂക്കൾ കാറ്റിലാടുന്നതു പോലെയുള്ള
ഹൃദ്യമായ കാഴ്ചകൾ മാത്രം .
ഈ ലോകത്തിലെ ഏതൊരു
രക്തച്ചൊരിച്ചിലിലും കലയുടെ ഒരു മൂല്യവും ആസ്വാദനസാധ്യതയും
നിലനിൽക്കുന്നുണ്ട്. കാലത്തിൻ്റെ മറ്റൊരു മാനമാണത്. കലാപത്തിൽ രക്തമൊഴുകി
തളം കെട്ടി കിടക്കുന്ന തെരുവുകൾക്ക് ഒരു ഫോട്ടോഗ്രഫി മൂല്യമുണ്ട്. ആ
ഫോട്ടോകൾ മാധ്യമങ്ങൾ എത്ര തുക കൊടുത്തും വാങ്ങും. അതിനു കലാമൂല്യമുണ്ട്.
അത് കാൻവാസിലാവാഹിക്കാൻ അധികമായ പ്രതിഭ വേണം .എന്നാൽ ഫോട്ടോ ,പെയിൻ്റിങ്ങ്
എന്നിവയിൽ നോക്കിയാൽ അതിനു കലാപരമായ ഉണ്മയുള്ളതായി കാണാം. മഹാനായ കലാകാരൻ
പിക്കാസോ സ്പാനിഷ് യുദ്ധത്തിൻ്റെ ഭീതിയും നാശവും വിവരിക്കാനാണല്ലോ
'ഗ്വർണിക്ക'വരച്ചത്. ആ ചിത്രത്തിൽ ചോരയോ, നിലവിളിയോ, ഭയമോ ഇല്ല;
സൗന്ദര്യത്തിന്റെ ഒരു കാലിഡോസ്കോപ്പിക് ഇമേജാണത്. ശൈലിയിലൂടെ ,പിക്കാസോ
ചരിത്രത്തെ ഒരു ജനപ്രിയവും നവീനവുമായ കലാവബോധമാക്കി മാറ്റുന്നു.
വിമർശനത്തിൻ്റെ പ്രസക്തി
'അക്ഷരജാലകം'
പോലൊരു കോളത്തിൽ വിമർശനത്തിന്റെ, വിമത അഭിപ്രായത്തിന്റെ
സാന്നിധ്യമില്ലെങ്കിൽ എഴുതുന്നതുകൊണ്ട് ഒരു പ്രയോജനവുമുണ്ടാവുകയില്ല.
സ്റ്റാറ്റസ് കോ നിലനിർത്തുന്നത് രണ്ടാം തരം എഴുത്തിന്റെ സ്വഭാവമാണ്.
ഉത്തരവാദിത്തമുള്ള എഴുത്തുകാരൻ എപ്പോഴും സ്റ്റാറ്റസ് കോ തെറ്റിക്കുകയാണ്
ചെയ്യുന്നത്. കാരണം, വളരെയേറെ ഉപയോഗിക്കപ്പെട്ട, പരിചിതമായ ഒരു അനുഭവ
,യാഥാർത്ഥ്യ ,വ്യാഖ്യാന വ്യവസ്ഥയിൽ പുതുതായി ഒന്നും ചിന്തിക്കാനില്ല.
നിലവിലുള്ളതിനോട് പ്രതിബദ്ധതക്കുറവ് അല്ലെങ്കിൽ അപര്യാപ്തമാണെന്ന അറിവ്
പുതിയതൊന്നു കണ്ടെത്താനുള്ള തീ ഉള്ളിലുണ്ടെന്നതിൻ്റെ തെളിവാണ് .
ഒരു
ദിശ ചൂണ്ടിക്കാണിക്കാൻ എപ്പോഴും കഴിയണമെന്നില്ല. എന്നാൽ വിയോജിപ്പുകൾ
ആവശ്യമാണ്. ഒരേ അഭിപ്രായക്കാരും ഒരേ ശൈലിക്കാരും സാഹിത്യരംഗത്ത്
ആപത്തിൻ്റെ സൂചനകളാണ്.
രചനാരംഗത്ത്
വേറിടുന്നിടത്താണ് സൂര്യൻ .എന്തിനാണ് എഴുതുന്നതെന്ന് സുഖിപ്പിക്കലിൻ്റെയും
തിരുമ്മലിൻ്റെയും ചികിത്സ ഏറ്റെടുത്തവർ സ്വയം ചോദിക്കണം. എഴുതുന്നത്
എന്തെങ്കിലും പുതുതായി പറയാനാണ്;ബുദ്ധിരഹിതമായി പിന്താങ്ങാൻ വേണ്ടി സമയം
പാഴാക്കേണ്ടതില്ല. ഫ്രാൻസിൽ നവനോവൽ പ്രസ്ഥാനത്തിൻ്റെ മുഖ്യവക്താവായിരുന്ന
അലൻ റോബ്ബേ ഗ്രിയേ പറഞ്ഞു, യഥാർത്ഥത്തിൽ സാഹിത്യത്തിൽ ഒരു മാസ്റ്റർപീസും
ഇല്ലെന്ന്. അനശ്വരതയുള്ള ഒരു കൃതിയുമില്ല. എന്നാൽ ഒരു കൃതി
അതിജീവിക്കുന്നത് എത്രമാത്രം അത് ഭൂതകാലത്തെ പിന്നിലുപേക്ഷിച്ച് ഭാവിയെ
ആശ്ളേഷിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നുവെന്നാണ് ഗ്രിയേയുടെ
അഭിപ്രായം. എല്ലാവരെയും സന്തോഷിപ്പിച്ചും ഇക്കിളിപ്പെടുത്തിയും
പ്രോത്സാഹിപ്പിച്ചും ഒരു വിമർശകനു ജീവിക്കാനാവില്ല.അങ്ങനെ ചെയ്യാൻ
ശ്രമിച്ചാൽ അയാൾ വിമർശകനല്ലാതാവും .
ആനന്ദബോസും മലയാളസാഹിത്യവും
എഴുത്തുകാരനും
ഐഎഎസുകാരനുമായ സി.വി. ആനന്ദബോസ് ബംഗാൾ ഗവർണറായി ചുമതലയേറ്റത്
ശ്രദ്ധേയമാണ്. എന്നാൽ ഇത് ചില മലയാള സാഹിത്യകാരന്മാരെ വികാരം
കൊള്ളിക്കുകയാണ്. എലി പുന്നെല്ല് കാണുമ്പോഴുള്ള ഒരു ചിരി ഉണ്ടല്ലോ, അത്
ചിലരുടെ മുഖങ്ങളിൽ ഞാൻ കാണുന്നുണ്ട്. ബംഗാളിൽ നിന്ന് മലയാളത്തിലേക്ക്
അവാർഡുകൾ കൊണ്ടുവരാനുള്ള ഒരവസരമായി ആരെങ്കിലും ഇതിനെ കാണുന്നുണ്ടെങ്കിൽ
അവർക്ക് തെറ്റി. അതിനൊന്നും സാധ്യതയില്ല .എന്നാൽ അതൊരു പ്രതീക്ഷയായി
ഉയിർത്തെഴുന്നേറ്റെങ്കിൽ ആർക്കും അക്കൂട്ടരെ തടയാനാവില്ല .അതിൻ്റെ ചലനങ്ങൾ
ഇപ്പോൾ തന്നെ കണ്ടുതുടങ്ങിയിരിക്കുന്നു. ചങ്ങമ്പുഴയുടെ 'രമണൻ' മലയാളത്തിൽ
ചൊല്ലിയശേഷം തത്സമയം അത് ഇംഗ്ലീഷിൽ അതേ ഈണത്തിൽ ചൊല്ലി പ്രാഗത്ഭ്യം
തെളിയിച്ച ആനന്ദബോസ് നല്ലൊരു ഗദ്യകാരനാണെന്ന കാര്യം പ്രത്യേകം
പറയേണ്ടതുണ്ട്.
ഇന്ത്യ ഒരു യാത്ര
ദേശമംഗലം
രാമകൃഷ്ണൻ തീക്ഷണമായ ചിന്തകളും ഭാവനകളുമായി വരുകയാണ് 'ഒരു ഇന്ത്യൻ കിനാവ്
'(പ്രസാധകൻ,നവംബർ)എന്ന കവിതയിൽ .ഇന്ത്യൻ കിനാവ് ഇപ്പോഴും നമ്മുടെ സിരകളിൽ
പ്രസരിക്കുകയാണ് .ഒരു കവിക്ക് ഇന്ത്യയെ, അതിന്റെ ലക്ഷം കോടി സമസ്യകളെ,
നിറങ്ങളെ, ആനന്ദലഹരികളെ പുണരാതെ ജീവിക്കാനാവില്ല. ഇന്ത്യ, ഒരിക്കലും
തീരാത്ത കിനാവാണ് .ഇന്ത്യക്ക് രാത്രിയും പകലും വികാരങ്ങളുടെ ആനന്ദലഹരിയാണ്.
ഇന്ത്യൻ റെയിൽവേയെ ആ കിനാവുകളുടെ വാഹകയായി കവി സങ്കല്പിക്കുന്നു. കവിയുടെ
വരികൾ:
'ഇന്ത്യൻ റെയിൽവേയിൽ
ടിക്കറ്റെടുത്തിരുന്നുവല്ലോ
ആശാനും അക്കിത്തവും
പണ്ഡിറ്റ് കറുപ്പനും യൂസഫലിയും .
ഏത് സ്റ്റേഷനിലെ
ഉരുൾപൊട്ടലാണ്
അവരെ തട്ടിക്കൊണ്ടുപോയത് .
കവിതയുടെ വീട്ടിൽ
തിരക്കിയപ്പോൾ
കവിതയും എത്തിയിട്ടില്ല'.
ഇന്ത്യ
ഒരു യാത്രയാണ് ;അവസാനമില്ലാത്ത യാത്ര. ആ യാത്രയിൽ ആരെല്ലാം വന്നു
പോകുന്നു!. നഷ്ടസ്മൃതികളിൽ വേവുന്ന ഒരു ഇന്ത്യൻ മനസ്സാണ് കവി
പരിചയപ്പെടുത്തുന്നത്.
ഹിഗ്വിറ്റ എന്ന പേരിനു പേറ്റൻ്റോ ?
ക്രിസ്ത്യൻ
ഹിഗ്വിറ്റ ,റെനെ ഹിഗ്വിറ്റ എന്നിവർ കൊളമ്പിയൻ ഫുട്ബോൾ താരങ്ങളാണ്.
ഹിഗ്വിറ്റ എന്നത് ഒരു ഒരു വ്യക്തിയുടെ പേരായിരിക്കെ അതിൻ്റെ പേറ്റൻ്റ്
മറ്റൊരാൾക്ക് കിട്ടുന്നതെങ്ങനെയാണ് ?ഹിഗ്വിറ്റ എന്ന പേരിൽ കഥയോ നോവലോ
എഴുതിയതുകൊണ്ട് അതിൻ്റെ പേറ്റൻ്റ് ലഭിക്കുകയില്ല. എൻ.എസ് മാധവൻ ഹിഗ്വിറ്റ
എന്ന പേരിൽ ഒരു കഥ എഴുതി. അതുകൊണ്ട് ആ പേര് മറ്റാർക്കും ഉപയോഗിക്കാൻ
പാടില്ലെന്നു പറയുന്നത് ബാലിശമാണ്. ഞാൻ ഷേക്സ്പിയർ എന്നൊരു പുസ്തകം
എഴുതിയാൽ കേരളത്തിൽ മറ്റാർക്കും ഷേക്സ്പിയർ എന്ന പേരിൽ സിനിമയോ നാടകമോ
നിർമിക്കാൻ പാടില്ലെന്നു പറയുന്നതിൽ യുക്തിയുണ്ടോ? ഇനി യഥാർത്ഥ
ഹിഗ്വിറ്റയായ ഫുട്ബോൾ താരത്തിനു സ്വന്തം പേരിൽ ഒരു സിനിമയെടുക്കാൻ എൻ.എസ്.
മാധവനോട് ചോദിക്കേണ്ടി വരുമല്ലോ.
മറഡോണ എന്ന പേരിൽ ഒരാൾ കഥ
എഴുതിയതുകൊണ്ട് മറഡോണ എന്ന പേരിൽ മറ്റൊരാൾ സിനിമ എടുക്കരുതെന്ന് പറയുന്നത്
ഫ്യൂഡൽ മനോഭാവമാണ് പുറത്തു കൊണ്ടുവരുന്നത്.
മാധവിക്കുട്ടിയുടെ തുറന്നുപറയൽ
എഴുതാൻ കഴിയാതെ വന്ന ചില സന്ദർഭങ്ങളെ ഓർത്തുകൊണ്ട് മാധവിക്കുട്ടി ഇങ്ങനെ കുറിച്ചു:
'എഴുതാൻ
വയ്യ എന്ന സ്ഥിതി ചില പ്രത്യേക ദുഃഖങ്ങളാൽ വന്നെത്തിയപ്പോൾ ഞാൻ ഒരു ഉപായം
കണ്ടുപിടിച്ചു. വെപ്പുകാരിയെ പറഞ്ഞയച്ച് ഞാൻ വീട്ടിലെ വെപ്പുകാരിയാവുക,
അങ്ങനെയെങ്കിലും ചെലവ് ചുരുക്കി കുടുംബത്തിന് ഒരു അഭിമാനിയായിത്തീരുക.
പക്ഷേ, മൂന്നോ നാലോ മാസങ്ങൾക്കുള്ളിൽ ഞാൻ ചലിക്കുന്ന ഒരു പാവയായിത്തീർന്നു.
പാവയല്ല മൃഗം. എൻ്റെ കൈകൾ പരുത്തു .എൻ്റെ നെറ്റിമേൽ എല്ലായ്പോഴും
വിയർപ്പുതുള്ളികൾ മാത്രം, പൊട്ടുമില്ല ഗോപിയുമില്ല. എൻ്റെ ചെറിയ മകനെ
ഓർക്കുമ്പോൾ മാത്രമേ ജീവിതം തുടരുവാനായി ഒരു കാരണം എനിക്ക്
ലഭിച്ചിരുന്നുള്ളു. എഴുത്തുകാരനു എഴുത്തു നിന്നാൽ മരണമാണ്. ജീവിതത്തേക്കാൾ
എത്രയോ ഭേദം. നൊണ്ടിയായിത്തീർന്ന പന്തയക്കുതിരയുടെ ദയനീയസ്ഥിതിയാണ്
പിന്നീട് അയാളുടെ ജീവിതം. കുതിരകളെ വെടിവയ്ക്കാം. എഴുതിത്തീർന്ന
എഴുത്തുകാരെയോ ?
മാധവിക്കുട്ടി എന്തെഴുതിയാലും
അതിൽ ജീവിതവും കവിതയുമുണ്ട്. ഈ സിദ്ധി അവർക്ക് മാത്രമേയുള്ളൂ. അവർ എത്ര
വേദനയോടെയാണ് എഴുത്ത് നിർത്തിയവരെപ്പറ്റി പറയുന്നത്!. എന്നാൽ ഈ സമൂഹം എത്ര
ക്രൂരമായാണ് ഉള്ളിൽ തീ പടർന്ന ഒരെഴുത്തുകാരനോട് പെരുമാറുന്നത്!. ഒരു
അഭിനന്ദനം അറിയിക്കില്ല;കത്തെഴുതില്ല;വിളിക്കില്ല.എല്ലായ്പ്പോഴും
അവഗണിച്ചും പുച്ഛിച്ചും പരദൂഷണം പറഞ്ഞും കുറ്റപ്പെടുത്തിയും നശിപ്പിക്കാൻ
നോക്കുകയാണ്.
'പഴേതാവാണ്ടിരിക്കാൻ
പുതുക്കങ്ങളുണ്ടാക്കി
ജീവിക്കണം' എന്ന് റഹീമ കെ.എ. (മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ഡിസംബർ 4) വെലുതാ
വണ്ടാർന്നു'എന്ന കവിതയിൽ എഴുതിയത് പല ഓർമ്മകളിലേക്ക് കൊണ്ടുപോയി.
നാരായണൻ്റെ വാദം തെറ്റ്
സച്ചിദാനന്ദൻ്റെ വാക്കുകളെ കെ.സി.നാരായണൻ (മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ഡിസംബർ 4) ഉദ്ധരിക്കകയാണ്:
'സഹിഷ്ണുത
എന്ന വാക്ക് അത്യന്തം അപകടകരമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. നാം
നമ്മുടേതല്ലാത്ത മതങ്ങളെയും ഭാഷകളെയും സംസ്കാരങ്ങളെയും സഹിക്കുകയാണോ
വേണ്ടത്? ഇഷ്ടമില്ലാത്തതിനെയാണല്ലോ നാം സഹിക്കേണ്ടി വരുന്നത് .അങ്ങനെ നാം
സഹിക്കേണ്ടവയാണോ മറ്റുള്ളവരുടെ മതവും ഭാഷയും സംസ്കാരവുമെല്ലാം." തുടർന്ന്
നാരായണൻ ഇതിനു പരഭാഗ ശോഭ നല്കുന്നത് ഇങ്ങനെയാണ്: 'അപ്പോൾ ഇഷ്ടമില്ലാത്ത
മതത്തെയും ഭാഷക്കാരനെയും സഹിക്കുക എന്ന ശീലമാണ് സഹിഷ്ണുത എങ്കിൽ ആ
സഹിഷ്ണുതയെയാണോ നാം പാലിക്കേണ്ടതും ഉയർത്തിപ്പിടിക്കേണ്ടതും?'. പകരം
വാക്കായി അദ്ദേഹം നിർദ്ദേശിക്കുന്നത് മതമൈത്രി, സമഭാവം എന്നൊക്കെയാണ്.
എന്നാൽ
സച്ചിദാനന്ദനും നാരായണനും തെറ്റി. സച്ചിദാനന്ദനു തെറ്റിയാൽ നാരായണനും
തെറ്റുമല്ലോ. സഹിഷ്ണുത എന്ന വാക്കിനു പകരമായി മൈത്രി എന്നു
ഉപയോഗിക്കാനാവില്ല. കാരണം, സഹിഷ്ണുത എതിരഭിപ്രായമുള്ളവരെ ജീവിക്കാൻ
അനുവദിക്കലാണ്. അവരോട് മൈത്രി സാധ്യമാകില്ലെന്നു സാഹചര്യം
വ്യക്തമാക്കുന്നുണ്ട്.
വോൾട്ടയുടെ ആശയമാണത്. ജനാധിപത്യത്തിലെ
ഏറ്റവും ഉന്നതമായ ആശയം .എതിരഭിപ്രായങ്ങളോടു വിയോജിച്ചു കൊണ്ടു തന്നെ
അവരുടെ സ്വാതന്ത്ര്യത്തിനായി പോരാടുക. അതാണ് സഹനം.ഇത് മനസിലാക്കാൻ
പ്രയാസമാണെന്നറിയാം . എതിരഭിപ്രായയുള്ളവരെ നാരായണൻ തൻ്റെ മാസികയിൽ എഴുതാൻ
അനുവദിച്ചിട്ടില്ലല്ലോ. അപ്പോൾ നാരായണന്റെ മൈത്രി വെറും കാപട്യമാണ്.
സഹിഷ്ണുത എന്ന ആശയം സ്വാമി വിവേകാനന്ദൻ തൻ്റെ ചിക്കാഗോ പ്രസംഗത്തിൽ
സൂചിപ്പിക്കുന്നുണ്ട്. പ്രാപഞ്ചികമായ സഹിഷ്ണുത എന്നാണ് അദ്ദേഹം
വിളിക്കുന്നത്.ആ സഹനം സച്ചിദാനന്ദനും നാരായണനും പറയുന്നതുപോലെ ഒരു
ചീത്തക്കാര്യമല്ല. സുന്ദരമായ ജനാധിപത്യ ആദർശമാണ്. എതിരഭിപ്രായങ്ങളെ
പ്രകോപനമില്ലാതെ സഹിക്കണം എന്ന വാദമാണത്. വിപരീതമായി ചിന്തിക്കുന്നവരെ
നിങ്ങൾ ജീവിക്കാൻ അനുവദിച്ചാൽ മതി ;അവരെ കെട്ടിപ്പിടിച്ച് സ്നേഹിക്കാൻ
പോവുകയാണെന്നു കള്ളത്തരം പറയണ്ട.
Subscribe to:
Posts (Atom)