Monday, December 13, 2021

മൂല്യച്യുതിയില്ലാത്ത ചാന്ദ്രപ്രഭ/അക്ഷരജാലകം .കെ.ഹരികുമാർ

 


 

 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
കവിത വ്യക്തിഗതമായ ഒളിച്ചോട്ടമാകരുത് ;വ്യക്തിഗതമായ പുനരുജ്ജീവനവും കലാപരമായ സാധ്യതയും സമൂഹത്തോടുള്ള ആഭിമുഖ്യവുമാണത്. ചിലർ ഇപ്പോഴും കാല്പനികമായ വത്മീകത്തിൽ ഒളിക്കുകയാണ്. അവർ ആദ്യമേ തന്നെ കവിതയിലെ സഹൃദയനെ ചവിട്ടിമെതിക്കുന്നു; യുക്തിയെ ആക്ഷേപിക്കുന്നു. ഒരു അനുവാചകനു ഭാവനചെയ്യാനാവാത്തവിധം മനുഷ്യമനസ്സിനെ വിധ്വംസകമായി ചിതറിക്കുന്നു. കവിതയിലെ വാക്കുകൾക്ക് പരസ്പര ബന്ധമില്ലാതാക്കുന്നത് ഒരു നാഗരികത നശിക്കുന്നതിൻ്റെ ലക്ഷണമാണ്. ഇത് ചെറുക്കപ്പെടേണ്ടതാണ്. എന്തിനാണ് ഒരാൾ എഴുതുന്നത് ? അയാൾക്ക്‌ ജീവിതത്തെക്കുറിച്ച് അപരിഹാര്യമായ ചില പ്രശ്നങ്ങളെ നേരിടേണ്ടി വരുന്നു.   ശാസ്ത്രം വിജയക്കൊടി നാട്ടിയതുകൊണ്ട് സകല മനുഷ്യവ്യക്തികൾക്കും അവരുടെ സ്വപ്നമോഹങ്ങളും അനുഭൂതികളും കുഴിച്ചുമൂടേണ്ടിവരുമെന്ന് ഭയന്ന് കവിതയെ അയാഥാർത്ഥ്യമാക്കിയവരുണ്ട്.

ലോകത്തിനു ഒരു നഷ്ടവുമില്ല

നിറങ്ങളിലും വസ്തുക്കളിലും ഒളിച്ചു ജീവിക്കാൻ അധികം സ്ഥലം വേണ്ട; ഒരു മേഘക്കീറിൽപോലും ജീവിക്കാം. തൻ്റെ സമ്പാദ്യമെല്ലാം ഒരു ദിവസം രാത്രി അപഹരിക്കപ്പെട്ടപ്പോൾ സെൻബുദ്ധിസ്റ്റായ ഒരു സന്യാസി ദു:ഖിച്ചില്ല. സന്യാസി ആ തസ്ക്കരനെ എതിരിട്ടുമില്ല. അദ്ദേഹം സൗമ്യനായി ലോകത്തെക്കുറിച്ചോർത്തു. ലോകം നാളെയും ശാന്തമായി ഉണരാനുള്ളതാണെന്ന ബോധ്യം, ആ സന്യാസിയെ ജീവിതത്തെക്കുറിച്ച് പ്രതീക്ഷ പുലർത്താൻ പ്രേരിപ്പിച്ചു. തസ്ക്കരൻ പോയശേഷം സന്യാസി  നിർവികാരതയോടെ തൻ്റെ ചെറിയ വസതിക്ക് പുറത്തുള്ള ഒരു കരിങ്കല്ലിൽ  വന്നിരുന്നു ആകാശത്തേക്കു നോക്കി.
ഭാഗ്യം ,ചന്ദ്രൻ പഴയതുപോലെതന്നെ പ്രകാശിക്കുന്നുണ്ടായിരുന്നു. ലോകത്തിനു ഒന്നും തന്നെ നഷ്ടപ്പെട്ടിട്ടില്ലെന്ന വലിയ സന്ദേശമായി അദ്ദേഹം അതുൾക്കൊണ്ടു.

നക്ഷത്രങ്ങൾക്ക് ക്ഷീണമില്ല. ചന്ദ്രനാകട്ടെ ,ആകാശത്തെ പ്രസന്നതയുടെ അഭിമുഖമാക്കുകയാണ്. അതുകണ്ടപ്പോൾ സന്യാസിക്ക് എന്തെന്നില്ലാത്ത സന്തോഷമുണ്ടായി. തൻ്റെ ചെറിയ സമ്പാദ്യവും സാധനങ്ങളും അപഹരിച്ചയാളിനോട്  അല്പംപോലും ദേഷ്യം തോന്നിയില്ല. കാരണം, ലോകം പഴയതുപോലെതന്നെ യുണ്ട് .ചാന്ദ്രപ്രഭയ്ക്ക് ഒരിക്കലും മൂല്യച്യുതി സംഭവിക്കുന്നില്ല. അതിൻ്റെ ആനന്ദം നാമെങ്ങനെ ഉൾക്കൊള്ളുമെന്നാണ് ആലോചിക്കേണ്ടത്.
നൈമിഷികമായ ജീവിതമെന്നു പറയുന്നത് പരമസത്യമാണ്. അതിലാണ് നമ്മൾ ഉള്ളത്. ക്ളാസിക്കൽ കാലത്തിൽനിന്നു രൂപപ്പെട്ടതോ ,മൂർത്തമായതോ , ദൈർഘ്യമേറിയതോ, യുക്തിഭദ്രമായതോ, ശില്പചാതുരിയുള്ളതോ എന്നു വിവക്ഷിക്കപ്പെടുന്ന ജീവിതം, കോവിഡ് വകഭേദങ്ങളുടെ  ഭീകരമായ കാലത്ത് , ഒരിടത്തുമില്ല.
എല്ലാവരുടെയും ജീവിതത്തിനുമേൽ  ആകസ്മികത, അസ്ഥിരത, ക്ഷണികത തുടങ്ങിയ ഗുണങ്ങൾ തുന്നിച്ചേക്കപ്പെട്ടിരിക്കുന്നു.

എം.പി.ജയപ്രകാശ് എഴുതിയ 'പഴയ സിനിമ കാണുമ്പോൾ '(കലാപൂർണ, ഒക്ടോബർ) എന്ന കവിത യാഥാർത്ഥ്യമെന്ന കരിമ്പാറക്കെട്ടിനുള്ളിലേക്ക് ജലം തേടി യാത്ര തിരിക്കുന്നു.

'പഴയ സിനിമ കാണുമ്പോൾ നടിനടന്മാരിൽ
മരിച്ചവരെ ഞാൻ എണ്ണിത്തുടങ്ങും
മരിച്ചവരുടെ ചിരി ,
കരച്ചിൽ ,രതി
ഇതിലും ലളിതമായി
മരണത്തിൻ്റെ നിഗൂഢലഹരി
എവിടെ നിന്നും
വായിച്ചെടുക്കാനാവുമെന്ന്
തോന്നുന്നില്ല'

ഈ വരികൾ ഓർമ്മകൾക്ക് അസ്തിത്വമുണ്ടാക്കുന്നു. മനുഷ്യൻ കാഴ്ചകളുടെ നൈമിഷികതയിലൂടെ ജീവിക്കുകയാണ്.

ജീവിക്കാത്ത അനുഭവം

എന്നാൽ പവിത്രൻ തീക്കുനിയുടെ 'നീലഞരമ്പിൽ '(പ്രസാധകൻ ,ഒക്ടോബർ)എന്ന കവിതയിലെ വരികൾ ആർക്കും പിടികൊടുക്കാതെ ഒഴിഞ്ഞുമാറുകയാണ് .

"നിന്നെ
തേടിയിറങ്ങിയ
വഴികളെല്ലാം
ഒരു ചെമ്പകമരത്തിൻ്റെ 
വേരിൽ മരിച്ചുവീണു.
............
തുമ്പപ്പൂവുകൾക്കിടയിൽ
നിന്നെ ഉമ്മവച്ച
മിന്നൽ '.

എന്തെങ്കിലും വിനിമയം ചെയ്യാൻ ഈ വരികൾ അശക്തമാണ്. കവി അനുഭവിക്കാത്തതാണ് ഈ എഴുതിയിരിക്കുന്നത് .വാക്കുകൾ വിചിത്രമായി വെറുതെ ഘടിപ്പിച്ചാൽ അർത്ഥമുണ്ടാവുകയില്ല. വായനക്കാരൻ ,വേണമെങ്കിൽ ഈ അർത്ഥരാഹിത്യത്തിൽനിന്ന് അർത്ഥം തേടിക്കൊള്ളട്ടെ എന്ന നിഷേധാത്മക ഭാവമാണ് കവിക്കുള്ളത്. കവിക്ക് താൻ നേരിട്ട ജീവിത നൈമിഷികതയെക്കുറിച്ച് എഴുതാൻ കഴിയുന്നില്ല. അതുകൊണ്ട് ഉപയോഗശൂന്യമായ, അർത്ഥരഹിതമായ ഭാവന  ഉപയോഗിക്കുകയാണ്. ഭാഷയുടെ തകർച്ച ഇവിടെ പൂർണമാവുകയാണ്.

അപ്രിയസത്യങ്ങൾ

വാട്സപ്പിൽ തേജസ്. എസ് എഴുതിയ  'വെള്ള' എന്ന കവിത അയച്ചുകിട്ടിയത് ആസ്വദിച്ചു . എത്രയോ പ്രൗഢമാണ് ഈ രചന.

'എനിക്കിപ്പോൾ
വെള്ളയെ വെറുപ്പാണ്
തുമ്പയുടെ നൈർമ്മല്യമോ
മുല്ലയുടെ സൗരഭ്യമോ
അതിനിപ്പോഴില്ല.
മഞ്ഞും മാലാഖയും
പ്രാവും പൂവുമൊന്നും
അതിപ്പോൾ
ഓർമ്മിപ്പിക്കുന്നില്ല
കുഴിമാടങ്ങൾക്ക്
മേലെന്നപോൽ,
അതിപ്പോൾ
ചീഞ്ഞളിഞ്ഞ ഹൃദയത്തെ
പൊതിഞ്ഞു മറയ്ക്കുന്നു '

ഈ കവിയുടെ മറ്റു രചനകളൊന്നും ഞാൻ വായിച്ചിട്ടില്ല .എന്നാൽ ഇതിൽ പ്രതിഷേധവും ദൂരക്കാഴ്ചയും ഒന്നിച്ചു വന്ന് അനുവാചക മനസ്സിലേക്ക് ഉണർവ് ചൊരിയുന്നു. സമകാലിക ജീവിതത്തിൻ്റെ ഹൃദയത്തിലേക്കാണ് കവി റാന്തൽവിളക്കുമായി ഇറങ്ങിച്ചെല്ലുന്നത്.അപ്രിയ സത്യങ്ങൾ വിളിച്ചുപറയുകയാണ് കവി.

എ.കെ. അനിൽകുമാർ വാക്കുകൾ വെറുതെ പ്രയോഗിച്ച് കാലുഷ്യമുണ്ടാക്കുകയാണ്.അദ്ദേഹത്തിൻ്റെ 'മൗനച്ചൂടേൽക്കുമ്പോൾ '(എഴുത്ത് ,നവംബർ) എന്ന കവിതയിലെ വരികൾ വായിച്ചു ഞെട്ടി:
'മൗനച്ചൂടേറ്റ
കാലം ചിറകറ്റു
കരിയുമ്പോഴൊക്കെയും
തണുത്തരോർമ്മക്കൂട്ടുമായ്
അരികിൽ വന്നുനിൽക്കാറുണ്ട്
നീയുപേക്ഷിച്ച മയിൽപ്പീലിക്കണ്ണുകൾ '

ഈ വാക്കുകൾ എന്തെങ്കിലും സംവേദനം ചെയ്യുന്നുണ്ടോ? വാക്കുകൾ  അർത്ഥമുണ്ടാക്കാനല്ല, നശിപ്പിക്കാനാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത് .കവിതയ്ക്ക് ബിംബങ്ങൾ വേണം. എന്നാൽ അതിൻ്റെ മറവിൽ, രണ്ടു വരിയിൽ നൂറിലേറെ ബിംബങ്ങൾ കുത്തിനിറച്ചാൽ ആശയപരമായ സംവേദനക്ഷമത ഉണ്ടാവില്ല.മരവിപ്പായിരിക്കും ഉണ്ടാവുക .ഇന്നത്തെ ഭൂരിപക്ഷം കവികൾക്കും ആത്മീയാനുഭവങ്ങളില്ല. അതുകൊണ്ട് അവർ കടുത്ത ചിന്താദാരിദ്ര്യമനുഭവിക്കുന്നു.വിചാരപരമായി ജീവിതം സ്തംഭിച്ചുനില്ക്കുകയാണെന്ന് അറിയാതെ കവിതകൾ രചിച്ചുകൊണ്ടിരിക്കുകയാണ്.
ആർക്കെന്തു പ്രയോജനം? വാക്കുകളെ അസ്ത്രമെന്നു കരുതി എയ്തു വിടുകയാണ് .ഒന്നുപോലും ലക്ഷ്യത്തിലെത്തുന്നില്ല.

ചോരപോലെ വിശുദ്ധം

മഹാനായ ചിലിയൻ കവി പാബ്ളോ നെരൂദ 'യുവർ ലാഫ്റ്റ്ർ' എന്ന കവിതയിൽ എഴുതിയത് നോക്കൂ:
'എനിക്കുള്ള അപ്പമോ 
വായുവോ, പ്രകാശമോ ,
വസന്തമോ നിഷേധിച്ചാലും,
നിൻ്റെ ചിരി
നഷ്ടപ്പെടുത്തരുത് ,
അതിനുവേണ്ടി ഞാൻ മരിക്കും' .

മനുഷ്യബന്ധങ്ങളെ എത്ര സുതാര്യമായി, കൃത്യമായി, തീക്ഷ്ണമായി നെരൂദ വിവരിക്കുന്നു. ഒരാൾക്ക് മറ്റൊരാളോടുള്ള ബന്ധം കാൽപനികമാകരുത് ;അത് യാഥാർത്ഥ്യത്തിൽ ചെന്നുചേരണം. സ്നേഹം അലങ്കാരമല്ല; ചോരപോലെ വിശുദ്ധമാണത്.

കരീബിയൻ കവി ഡെറക് വാൽക്കോട്ടിൻ്റെ 'ആഫ്റ്റർ ദി സ്റ്റോം' എന്ന കവിതയിലെ ഈ വരികൾ അത്ഭുതകരമാണ്:

'സന്തോഷം എന്തായിരുന്നുവോ
അത് ഞാൻ
മറക്കാൻ ശ്രമിക്കുകയാണ്.
അത് നടക്കാതെ വരുമ്പോൾ
ഞാൻ നക്ഷത്രങ്ങളെ നിരീക്ഷിക്കുകയാണ്.
ഞാൻ മാത്രമാണുണ്ടാവുക. ആകാശത്തിൻ്റെ
മേഘപടലങ്ങളെ
നീക്കി
ചന്ദ്രൻ തുറന്നുതരുന്ന
മേഘവാതിൽ
എനിക്കുള്ളതാണ് .
ചന്ദ്രപ്രഭയിലും
തെളിഞ്ഞുവരുന്ന
ആ പാത എൻ്റെ
വീട്ടിലേക്കുള്ളതാണ്'.

ചിന്തിക്കുന്നവരുടെ മുന്നിൽ വാൽക്കോട്ട് ഒരു വ്യോമപാത ഒരുക്കുകയാണ്‌. അതിലെ പോയാൽ നക്ഷത്രവിളക്കുകൾ കാണാം . സന്തോഷത്തിനേക്കാൾ മഹത്തായ നിമിഷമാണ് തൻ്റെ അസ്തിത്വമെന്ന് കവി തിരിച്ചറിയുന്നു. അവിടേക്കാണ് ചന്ദ്രൻ വാതിൽ തുറന്നുകൊടുത്തത്. ഇതിൻ്റെ അർത്ഥം എത്രയോ ഉന്നതമാണ്. ചന്ദ്രൻ ചൊരിയുന്ന പ്രകാശത്തെ നമ്മുടെ പരമ്പരാഗത കവികൾ നിലാവെന്നു വിളിക്കുമെങ്കിലും, അതവരുടെ പരാധീനമായ കാഴ്ചപ്പാടാണ്. ഈ കവി അതിനെ വീട്ടിലേക്കുള്ള വെൺപാതയായി മനസ്സിലാക്കുന്നു. ചന്ദ്രൻ എപ്പോഴും തൻ്റെ പ്രകാശത്തിൻ്റെ വെണ്മയെ ഇതിനാണ് വിനിയോഗിക്കുന്നത് .അശരണരും വ്യഥിതരുമായവരെ രാത്രിയിൽ ഏകാന്തതയിൽനിന്നു രക്ഷിക്കാനായി   ചന്ദ്രൻ ഉണർന്നിരിക്കുകയാണ്. ചന്ദ്രികാചർച്ചിതമായ രാത്രിക്ക് ഒരു നവപരിവേഷം ലഭിക്കുകയാണ്.

ധൂസരപാത

കവിയുടെ ദൗത്യം ഇതാണ് . ആലംബഹീനർക്ക് ഒരു ധൂസര പാതയൊരുക്കുകയാണ് കവി.  അതിലെ പോകാൻ ഈ ലോകത്ത് മറ്റാരുടെയും ഒത്താശ വേണ്ട. കരയാൻ ഏത് പാർലമെൻ്റിൻ്റെ  അനുവാദമാണ് വേണ്ടത്.
ലോകം കണ്ട ഏറ്റവും വലിയ കവികളിലൊരാളായ ഡബ്ലിയു.ബി. യേറ്റ്സ് എപ്പോഴും അലൗകികമായ അനുഭവങ്ങളോട് മമത പുലർത്തിയിരുന്നു. എപ്പോഴും താൻ  അനന്തതയെ നോക്കുകയാണെന്ന പ്രതീതി അദ്ദേഹം കവിതയിൽ നിലനിർത്തിയിട്ടുണ്ട്. അവനവനുമായുള്ള സംഘർഷങ്ങൾ കവിതയാക്കാനുള്ളതാണെന്ന് യേറ്റ്സ് പറഞ്ഞിട്ടുണ്ട്. കവിത വാക്കുകൾകൊണ്ടുള്ള കളിയല്ല; മനുഷ്യൻ എന്ന നിലയിലുള്ള വികാസമാണ് പ്രധാനം.

'ഡെത്ത്' എന്ന കവിതയിൽ യേറ്റ്സ്  എഴുതിയത് ഇങ്ങനെയാണ് :
'മരിക്കുന്ന ഒരു മൃഗത്തിൻ്റെ
മുന്നിൽ ഭയമോ
പ്രതീക്ഷയോ ഇല്ല.
എന്നാൽ ഒരു മനുഷ്യൻ
ജീവിതത്തിൻ്റെ
അറ്റം കാത്തുനിൽക്കുന്നു.
ഭയത്തോടെയും സകല
പ്രതീക്ഷകളോടെയും 
അവൻ പലതവണ മരിക്കുകയാണ്.
പലതവണ ജീവിതത്തിലേക്ക്
തിരിച്ചുവരികയും ചെയ്യുന്നു'.

ജീവിതത്തിലെ ഒരു നിമിഷത്തെയാണ് യേറ്റ്സ് വ്യാഖ്യാനിക്കുന്നത് ?മൃഗം പ്രകൃതിയുടെ സ്വാഭാവികമായ നിയമത്തിന് വിധേയമായി വിടവാങ്ങുന്നു. മനുഷ്യനാകട്ടെ, അതിനെതിരാണ്. അവന് മരണം സങ്കൽപ്പിക്കുന്നതു പോലും അസാധ്യമാണ്. മരണം ,അവനു  പ്രകൃതിവിരുദ്ധമാണ്. അവൻ മരണത്തിൽ നിന്നു രക്ഷപ്പെടാനായി പിന്തിരിഞ്ഞോടുന്നു, അസമയത്ത്. ജീവിതത്തിൻ്റെ സായംകാലങ്ങളിൽ അവൻ പിന്തിരിഞ്ഞോടുന്നത്  ഇതിനു തെളിവാണ് .ഓർമ്മകളിലേക്കുള്ള പിന്തിരിയൽ മരണത്തോടുള്ള പ്രതിഷേധത്തിൽ നിന്നുണ്ടാകുന്നതാണ്.
അതുകൊണ്ടാണ് യേറ്റ്സ് പറയുന്നത്, മനുഷ്യനു പലതവണ മരിക്കേണ്ടിവരുന്നുവെന്ന്. മരണത്തെക്കുറിച്ച് ഓർക്കുമ്പോഴെല്ലാം  അവനു മരിക്കേണ്ടിവരുന്നു. കാരണം, അവൻ്റെ മരണം ലോകത്തിൻ്റെയാകെ നിയമവിരുദ്ധതയാണല്ലോ; അവനങ്ങനെയാണ് അതിനെ കാണുന്നത്.

സച്ചിദാനന്ദൻ ഒരു കവിതയിൽ എഴുതുന്നത്  ഇങ്ങനെയാണ് :
'പല്ലു മുളച്ചപ്പോൾ
അമ്മയുടെ അമ്മിഞ്ഞയിൽ
മെല്ലെ കടിച്ചപ്പോഴാണ്
ഞാൻ ആദ്യമായി
മാംസത്തിൻ്റെ 
രുചിയറിഞ്ഞത് '.

ഒട്ടും സ്വീകാര്യമായ ഒരു പ്രസ്താവമല്ലിത്. മുലപ്പാൽ കുടിച്ചതൊക്കെ കൃത്യമായ ഉദ്ദേശത്തോടെയാണെന്ന മട്ടിൽ എല്ലാം വ്യവച്ഛേദിച്ച് മനസ്സിലാക്കുകയാണോ കുഞ്ഞുങ്ങൾ ചെയ്യുന്നത്? ഓർമ്മ വയ്ക്കാത്ത ആ പ്രായത്തിൽ അത് അമ്മിഞ്ഞയുടെ മാംസത്തിൻ്റെ രുചിയാണെന്നൊക്കെ എഴുതുന്നത് അസംബന്ധമാണ്. പ്രായമായശേഷം മനുഷ്യരുടെ ചിന്തയിൽ വന്നിട്ടുള്ള ബുദ്ധിപരമായ തിന്മകൾ ബാല്യത്തിലേക്ക് കുത്തിവയ്ക്കുന്നത് ശരിയല്ല. മുലകുടിക്കുന്ന കുട്ടികൾക്ക് അത് മാംസമാണെന്ന് അറിയാനുള്ള ബുദ്ധിയില്ലല്ലോ.

മിക്ക സാഹിത്യകാരന്മാരും എവിടെ ചെന്നാലും ,എവിടെ ജീവിച്ചാലും പ്രശസ്തിയുള്ളയാളാണെന്ന മട്ടിൽ ചിന്തിക്കുകയാണ്. ബസിൽ യാത്ര ചെയ്യുമ്പോൾ ,പച്ചക്കറി വാങ്ങാൻ നില്ക്കുമ്പോൾ താൻ പ്രശസ്തനാണെന്നും സാഹിത്യകാരനെന്നും വിചാരിക്കുകയാണ്. ഇത് വലിയ പാരതന്ത്ര്യമാണ്.


നുറുങ്ങുകൾ

1)ഭയപ്പെടുത്തുന്നതും വെറുപ്പുണ്ടാക്കുന്നതുമായ പെയിൻറിംഗുകളോട് തനിക്ക് മതിപ്പില്ലെന്ന് മാധവിക്കുട്ടി പറഞ്ഞിട്ടുണ്ട്. അങ്ങനെയുള്ള ചിത്രങ്ങൾ തൻ്റെ പുസ്തകങ്ങളുടെ മുഖചിത്രമായി ചേർക്കരുതെന്ന് അവർ നിഷ്കർഷിച്ചിരുന്നു .

2)എഴുപതുകളിലെയും എൺപതുകളിലെയും നവീനകവികൾ  വിഷാദത്തെ വാ പിളർന്നുള്ള കരച്ചിലാക്കിയാണ് കവിതയിൽ സന്നിവേശിപ്പിച്ചത്. കവിത ചൊല്ലുന്നതിൽ ഒരു ഏകതാന താളമുണ്ടായിരുന്നു .തീവ്രദുഃഖത്തെ വേദികളിൽ അണമുറിച്ചുവിട്ട കവികളാകട്ടെ ,പ്രായോഗിക ജീവിതത്തിൽനിന്ന് ആ ദു:ഖത്തെ അകറ്റി നിർത്തുകയും ചെയ്തു.ഓഫീസിൽനിന്ന് വൈകുന്നേരം അഞ്ച് മണി കഴിഞ്ഞ് വന്ന് അല്പം വിഷാദയോഗം.

3)ആലപ്പുഴയിൽ നടക്കുന്ന 'ലോകമേ തറവാട്' ചിത്രപ്രദർശനത്തെക്കുറിച്ച് അമലു എഴുതിയ ലേഖനത്തിൽ (അനുദിനത്വത്തിൻ്റെ കലാപദ്ധതി, ചിത്രവാർത്ത ,ഒക്ടോബർ )കലയും ജീവിതവും വേർപിരിക്കാനാവാത്ത വിധം ഉൾച്ചേരുന്നത് എങ്ങനെയെന്നു  പ്രതിപാദിക്കുന്നു.

'കയറു പിരിക്കുകയും കയർ തടുക്കുകളുണ്ടാക്കുകയും ചെയ്തുകൊണ്ട് നിത്യവൃത്തിയിൽ ഏർപ്പെടുന്ന തൊഴിലാളികളുടെ ഇടയിലൂടെ നടന്നാണ് നാം പ്രദർശനം കാണുക .ശ്രീജ പള്ളത്തിൻ്റേതുൾപ്പെടെയുള്ള ചിത്രങ്ങൾ കണ്ട അതേ കണ്ണുകൾ  പ്രദർശനചുവരിൽ നിന്നും, പരന്നും നീണ്ടും കാഴ്ചകളെ അന്വേഷിക്കുക തന്നെ ചെയ്യും' -അമലു എഴുതുന്നു. കല ഒരു അതിയാഥാർത്ഥ്യമാണെങ്കിൽ, ഭാവനയാണെങ്കിൽ അത് ജീവിതം തന്നെയാണെന്ന സങ്കല്പമാണിത്.കല , ചിപ്പോൾ തൊഴിലാണ്, നുണയാണ്, അല്ലെങ്കിൽ വിനോദമാണ് ,നിത്യജീവിതദുരിതമാണ്‌.

3)ഒരു മനുഷ്യജീവിതത്തിലെ ഏറ്റവും വലിയ വിജയം, ചെക്ക് - ജർമൻ എഴുത്തുകാരനായ ഫ്രാൻസ് കാഫ്കയുടെ വീക്ഷണത്തിൽ കുടുംബജീവിതവിജയമായിരുന്നു. കുട്ടികളെ നന്നായി പരിപാലിക്കുകയും അവരെ സുരക്ഷിതമായ ഒരിടത്ത് എത്തിക്കുകയും ചെയ്യുകയാണെങ്കിൽ അത് ഒരു മനുഷ്യന് ലഭിക്കുന്ന ഏറ്റവും വലിയ വിജയമാണത്രേ.

4)മാക്‌സിം ഗോർക്കിയുടെ ഒരു കഥയിൽ പറയുന്നുണ്ട് ,ജീവിതം എന്നാൽ അറിയുക എന്നാണെന്ന്. താനെന്താണെന്ന് ,എന്തിനാണ് ജീവിക്കുന്നതെന്ന് അറിയുകയാണെങ്കിൽ ,അവിടെ ജീവിതത്തിനു അർത്ഥമുണ്ടാകുന്നുവെന്നാണ് ഗോർക്കിയുടെ കഥാപാത്രം പറയുന്നത്.

5)സാഹിത്യമേഖലയിലെ 'ഷീപ്പിംഗ് കൺഫോമിറ്റി' - ആട്ടിൻപറ്റത്തെപോലെ അനുസരിച്ച് പിന്നാലെ പോകുന്ന സ്വഭാവം -യെക്കുറിച്ച് പ്രമുഖ ഓസ്ട്രിയൻ നോവലിസ്റ്റ് സ്റ്റെഫാൻ സ്വീഗ് മുന്നറിയിപ്പു നല്കുന്നുണ്ട്. ദൈവങ്ങളെയും മനുഷ്യരെയും ഉപേക്ഷിച്ച് ഏകാന്തവാസം നയിച്ച ജർമ്മൻ ചിന്തകൻ ഫ്രഡറിക് നിഷെ എന്ന നിഷേധിയായ ചിന്തകനെപ്പറ്റി എഴുതിയപ്പോഴാണ് സ്വീഗ് ഈ സൂചന തന്നത്.എല്ലാത്തിൻ്റെയും പിന്നാലെ അനുസരണയോടെ പോകുന്ന വായനക്കാരും എഴുത്തുകാരും നമ്മുടെ ജീർണതയെ കനം വയ്പ്പിക്കുക മാത്രമാണ് ചെയ്യുന്നത്.ആ അർത്ഥത്തിൽ അവർ അപകടകാരികളാണ്. ഇക്കൂട്ടർക്ക് ബുദ്ധിപരമായ വേറിടൽകൊണ്ട് വഴിമാറി ചിന്തിക്കുന്നതോ ,ചോദ്യം ചെയ്യുന്നതോ അസാധ്യമായിരിക്കും. അപ്പോഴാണ് പുതിയൊരു ചിന്താശകലം നാമ്പെടുക്കുന്നത്. ബുദ്ധിശൂന്യമായ വിധം എന്തിൻ്റെയെങ്കിലും പിന്നാലെ പോകുന്നവരിൽനിന്ന് പുതുതായി ഒന്നും പ്രതീക്ഷിക്കാനില്ലല്ലോ.

6)കഥയ്ക്ക് വേണ്ടി മാത്രം പുറത്തിറങ്ങുന്ന കുറേ പ്രസിദ്ധീകരണങ്ങൾ നമുക്കുണ്ട്. എന്നാൽ ഈ ഇടങ്ങളിലൊന്നും മികച്ച കഥകളെക്കുറിച്ചുള്ള ചർച്ചകൾ കാണാനില്ല.എന്താണ് വായിക്കേണ്ടതെന്ന് ഹെമിംഗ്‌വേ പറഞ്ഞത് നാം ശ്രദ്ധിക്കേണ്ടതല്ലേ?

7)ദൈവത്തിൻ്റെ മനസ്സിനെപ്പറ്റി പതിനേഴാം നൂറ്റാണ്ടിലെ ഡച്ച്  തത്ത്വചിന്തകനായ സ്പിനോസ ഇങ്ങനെ പറഞ്ഞു: ദൈവത്തിൻ്റെ മനസ്സ് സകല സ്ഥലകാലങ്ങളിലുമായി  ചിതറിക്കിടക്കുന്ന മാനസികാവസ്ഥയാണ്. എല്ലായിടത്തേക്കും വ്യാപിച്ചിരിക്കുന്ന ആ ബോധം എല്ലാത്തിനെയും ജീവൻ വയ്പിക്കുന്നു.

8)വിപ്ലവകരമായ സാഹിത്യമെഴുതാൻ ഇപ്പോൾ ഒരു സംഘടനയും പ്രവർത്തിക്കുന്നില്ല. സാഹിത്യം ഐച്ഛികമായെടുക്കുന്ന സംഘടനകൾക്കും വിപ്ലവം വേണ്ട. എല്ലാത്തിനോടും സമരസപ്പെട്ടു പോകുന്നവരുടെ ഭീരുത്വം നിറഞ്ഞ 'മാമ ആഫ്രിക്ക 'കളാണ്  അനുസരണയുടെ സാഹിത്യം എന്ന ലേബലിൽ ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
കാക്കനാടൻ ,പട്ടത്തുവിള എന്നൊക്കെ കേട്ടാൽ പുതിയ കഥാകൃത്തുക്കൾ കുഴങ്ങും. ഈ കഥാകൃത്തുക്കൾ ഇപ്പോൾ ഒരു ചർച്ചയിലുമില്ലല്ലോ.

9)ഒരു ചെറിയ പ്രസാധകനാണ് പ്രസിദ്ധീകരിച്ചതെങ്കിൽപോലും വിമർശനാത്മകവും ക്ഷോഭം  നിറഞ്ഞതുമായ സാഹിത്യം ഒരിക്കലും കാലഹരണപ്പെടുകയില്ല. കാരണം, എഴുതപ്പെട്ടു കഴിഞ്ഞാൽ അത് അസ്തിത്വം ഉറപ്പിച്ചു എന്നാണ് അർത്ഥമാക്കുന്നത്. ഒരു ശക്തിക്കും ഒന്നും ചെയ്യാനൊക്കില്ല .പ്രതിലോമ ശക്തികൾക്ക് അതിനെതിരെ അപവാദം പറഞ്ഞുകൊണ്ടിരിക്കാമെന്നു മാത്രം.

10)ഇന്ന് ഒരു സാഹിത്യകാരൻ ഗ്രാജുവേറ്റാകുന്നത് എസ്റ്റാബ്ലിഷ്മെൻ്റിൻ്റെ ഭാഗമായ ക്ളിക്കിൽ ചേരുന്നതോടെയാണ്. ക്ളിക്കിൽ ചേർന്നാൽ പൂർവ്വാശ്രമം ഉപേക്ഷിക്കണം. പഴയ സുഹൃത്തുക്കളെ കണ്ടാൽ മിണ്ടിപ്പോകരുത്; ഫോൺ എടുക്കരുത്. അനുസരിച്ചില്ലെങ്കിൽ പുസ്തക പ്രസാധനവും അവാർഡ് സ്വപ്നവും അവതാളത്തിലാകും .

11)ദിവസവും പുസ്തകം വായിച്ചുകൊണ്ടിരിക്കുന്നവർക്ക് വായനയുടെ ഉന്നതമായ സംസ്കാരം ഉണ്ടാകണമെന്നില്ല. എം. കൃഷ്ണൻ നായർ വലിയ വായനക്കാരനാണെങ്കിലും അദ്ദേഹത്തിനു കുറ്റിപ്പുഴ കൃഷ്ണപിള്ളയുടെ ആഴമില്ലെന്ന് മലയാളനാട് പത്രാധിപരായിരുന്ന തോപ്പിൽ രാമചന്ദ്രൻപിള്ള പറഞ്ഞത് ഓർക്കുകയാണ്. പി. ഗോവിന്ദപ്പിള്ള ധാരാളം പുസ്തകങ്ങൾ വായിച്ചെങ്കിലും ,അദേഹത്തിനു പി.കെ. ബാലകൃഷ്ണൻ്റെയോ ജി.എൻ.പിള്ളയുടെയോ ആഴമില്ല .

 

 

No comments:

Post a Comment