Monday, December 13, 2021

അക്ഷരജാലകം/എം.കെ.ഹരികുമാർ/nov 8 ,metrovartha 2021

 സൗന്ദര്യത്തിൻ്റെ ജൈവവൈവിധ്യം link
അനുനിമിഷം മാനവജീവിതം റോബോട്ടിക് ആവുകയും അനിമേഷൻ്റെയും മെറ്റാവേഴ്സിൻ്റെയും  പ്രതീതികളിലേക്ക് പോവുകയും ചെയ്യുന്ന അനുകാലികലോകത്ത് പുതിയ കണ്ടുപിടുത്തങ്ങൾ നമ്മെത്തന്നെ എങ്ങനെയാവും നിയന്ത്രിക്കുക? അല്ലെങ്കിൽ, സാഹസികമായി ചിന്തിച്ചാൽ പുതിയ യന്ത്രങ്ങളും കൃത്രിമബുദ്ധിയും നമ്മെത്തന്നെ ബുദ്ധിശൂന്യരാക്കി നശിപ്പിക്കുകയില്ലെന്നു എങ്ങനെ പറയാനൊക്കും? യന്ത്രമനുഷ്യരും നാനോ ടെക്നോളജിയും ഇൻറർനെറ്റും  മൂല്യങ്ങളെ പൂർണമായി കൊന്നൊടുക്കുകയില്ലെന്ന് വിശ്വസിക്കാൻ പ്രയാസമായിരിക്കുകയാണ്. ഉയരങ്ങളിലേക്ക് പോകുന്തോറും നമുക്ക് നമ്മെത്തന്നെ മറക്കേണ്ടിവരുമോ ? ഭീകരമായ മറവി ബാധിക്കുമോ ? പരിസ്ഥിതി നശിക്കുമോ ?ശരീരംകൊണ്ട് ഒന്നും ചെയ്യാനില്ലാത്തവിധം ആളുകൾ  മാനസികമായി തന്നെ പ്രതീതിജീവിതത്തിലേക്ക് രൂപാന്തരപ്പെടുമോ ?

യാഥാർത്ഥ്യം തന്നെ കൈമോശം വരുന്ന സാഹചര്യമാണുള്ളത്. ഫെയ്സ്ബുക്ക് പ്രഖ്യാപിച്ചിട്ടുള്ള മെറ്റാവേഴ്സ് പ്രോജക്ടുകൾ യാഥാർത്ഥ്യത്തെ ശാസ്ത്രകഥയോ  മാന്ത്രിക റിയലിസമോ വ്യാജയാഥാർത്ഥ്യമോ ആയി പരിവർത്തിപ്പിക്കാനുള്ള ഉദ്യമമാണ് .മനുഷ്യൻ അവനെപ്പറ്റിയുള്ള ഫിക്ഷ്ൻ എന്താണെന്ന് പരിശോധിച്ചുകൊണ്ടാവണം ഇനി ജീവിക്കാൻ. ഒരാൾ മറ്റൊരാളുമായി ഇണങ്ങുകയോ അകലുകയോ വഴക്കിടുകയോ ചെയ്യുന്നതെല്ലാം ഓരോരുത്തരെയും ബാധിക്കുന്ന കല്പിതകഥകളായി മാറുന്ന സാഹചര്യമുണ്ടാവുകയാണ്. ഓഗ്മെൻ്റ്  യാഥാർത്ഥ്യങ്ങൾ നിത്യജീവിതത്തിൻ്റെ  ഭാഗമായി അവതരിക്കുമ്പോൾ നാം സ്വയം ഒരു കാർട്ടൂണായി ജനിച്ച്  പൊരുതേണ്ടി വന്നിരിക്കുന്നു.

ജീവിച്ചേ മതിയാകൂ

ശാസ്ത്രം വീണ്ടും മനുഷ്യൻ്റെ  പ്രാഥമികവും വൈകാരികവുമായ ജീവിതത്തെ അപഹസിക്കുകയും നിന്ദിക്കുകയും ചെയ്തുകൊണ്ട് ബദലായി മറ്റൊന്ന് വച്ചുനീട്ടുകയാണ്. ഇവിടെയാണ് സാഹിത്യകാരൻ വീണ്ടും അവൻ്റെ ജന്മഗേഹങ്ങളിലേക്ക് മടങ്ങി പോകേണ്ടി വരുന്നത് .പ്രകൃതിയുടെ സ്പന്ദങ്ങൾ, വികാരങ്ങൾ തിരിച്ചറിയാനാവശ്യമായ ഇന്ദ്രിയങ്ങൾ  നേടുകയാണ് ഇന്നാവശ്യം.ഒരു പക്ഷേ ,ഞെട്ടിക്കുന്ന ഒരാധുനികതയാവും ഇത് .മനുഷ്യൻ്റെ ത്വക്കിൽ രോമാഞ്ചമുണ്ടാകുന്നത്  അറിയുന്നപോലെ പ്രകൃതിയെയും  സ്വന്തം ശരീരത്തിലും മനസ്സിലും അനുഭവിക്കുന്ന ഒരു തലമാണ് വേണ്ടത്. യുക്തിയും യന്ത്രവുമായി  മനുഷ്യൻ ഏറെ ദൂരെ പോയി കഴിഞ്ഞു. കമ്പ്യൂട്ടർ ഗെയിമുകളിലെ ബൈക്ക് റേസ് പോലെ എവിടെയെങ്കിലും ഇടിച്ചു തകരാനുള്ളതല്ല നമ്മുടെ യുക്തിബോധവും യാന്ത്രികതയും . ജീവിക്കുക എന്ന അവസ്ഥയുടെ വിപുലവും അനന്തവും വൈകാരികവും ഉല്ലാസഭരിതവുമായ അവസ്ഥയാണ് നമുക്ക് വേണ്ടത് .ഓരോ നിമിഷത്തിലും നമുക്ക് ജീവിച്ചേ മതിയാകൂ. പ്രകൃതിയെ നിരീക്ഷിച്ചുകൊണ്ട് നമ്മുടെ ആവാസവ്യവസ്ഥയെ  ആഴത്തിൽ  പരിശോധിക്കേണ്ടിയിരിക്കുന്നു.

ജർമ്മൻ -അമെരിക്കൻ നാഡീ ശാസ്ത്രജ്ഞനും ഗവേഷകനുമായ ക്രിസ്റ്റഫ് കൊഫ് നമ്മുടെ ബോധത്തെക്കുറിച്ച് ,പ്രജ്ഞയെക്കുറിച്ച് നാഡീശാസ്ത്രപരമായി പഠിച്ച ഒരു വലിയ വ്യക്തിത്വമാണ്. ഈ വിഷയത്തിൽ കൊഫ് വിലപ്പെട്ട പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. 'ദ്  ക്വസ്റ്റ് ഫോർ കോൺഷ്യസ്' പ്രധാന കൃതിയാണ്. അദ്ദേഹം ഇപ്പോൾ അലൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബ്രെയിൻ (സിയാറ്റിൽ ,അമെരിക്ക)എന്ന സ്ഥാപനത്തിൻ്റെ ചീഫ് സയൻറിസ്റ്റാണ്.
അദ്ദേഹം പറയുന്നത് നമ്മൾ സ്വയം  ആയിരിക്കുന്നു എന്ന തോന്നൽ ഉണ്ടാകുമ്പോഴാണ് ബോധം പ്രവർത്തിക്കുന്നതായി മനസ്സിലാകുന്നതെന്നാണ്.

മനുഷ്യൻ്റെ തലച്ചോറ് ഒരു വലിയ യന്ത്രമാണെങ്കിൽ അതുപോലെതന്നെ സങ്കീർണമായി പ്രവർത്തിക്കുന്ന  വേറെയും ജീവികൾ ഈ പ്രകൃതിയിലുണ്ടെന്ന് കൊഹ് പറയുന്നു.എലിയുടെയോ പട്ടിയുടെയോ  തലച്ചോറിൻ്റെ ഒരു ഭാഗം എടുത്ത് മനുഷ്യൻ്റെ തലച്ചോറിൻ്റെ ഒരു ഭാഗവുമായി താരതമ്യം ചെയ്താൽ ഒരുപോലെയിരിക്കുമത്രേ. മൈക്രോസ്കോപ്പ് ഉപയോഗിച്ച് ഒരു വിദഗ്ദ്ധൻ പരിശോധിച്ചാൽ മാത്രമേ വ്യത്യാസം കാണാനാവുകയുള്ളൂ.

'നിങ്ങൾ ആയിരിക്കുന്നു എന്നറിയുന്നത് പ്രധാനമാണ്. ജന്മനാ അന്ധനായിരിക്കുന്ന ഒരാളോട് നിറങ്ങളെപ്പറ്റി എത്ര നന്നായി സംസാരിച്ചാലും വ്യക്തമാവണമെന്നില്ല.  ഇതുതന്നെയാണ് ബോധത്തിൻ്റെ  കാര്യത്തിലും സംഭവിക്കുന്നത്. നമുക്ക് എപ്പോഴും നമ്മൾ ആയിരിക്കുന്നു എന്ന ബോധമില്ല.

തേനീച്ച ആയിരിക്കുന്നത്

എന്നാൽ ഒരു തേനീച്ചയ്ക്ക് സ്വയം തേനീച്ചയാണെന്ന ബോധമുണ്ടെന്ന് അദ്ദേഹം സമർത്ഥിക്കുന്നു. കാരണം, അത് കൃത്യമായി പണിയെടുക്കുന്നു. ദൂരെയുള്ള പൂക്കളുടെ ഗന്ധം മനസ്സിലാക്കി അങ്ങോട്ട് പറക്കുന്നു. പരസ്പരം ആശയവിനിമയം നടത്താൻ കുറ്റമറ്റ സംവിധാനം അതിനുണ്ട്.  നൃത്തംപോലും ആശയവിനിമയത്തിനായി വികസിപ്പിച്ചിരിക്കുന്നു. ഗന്ധം ഓർമ്മയായി അത് സൂക്ഷിക്കുന്നു.  ഒരു തേനീച്ചയുടെ തലച്ചോറിൽ ദശലക്ഷം ന്യൂറോണുകളാണുള്ളത്. സങ്കീർണമായ ഘടനയിൽ പ്രവർത്തിക്കുന്ന തലച്ചോറിന് കുറച്ച് ഇടം മതി എന്ന പ്രത്യേകതയുണ്ട്. മാത്രമല്ല, ഓരോ തേനീച്ചക്കും  വ്യത്യസ്തമായ മുഖമുണ്ടെന്നും  അങ്ങനെയാണ് അത് പരസ്പരം തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്നതെന്നും  കൊഫ് വിശദീകരിക്കുന്നു.തേനീച്ചകൾ സംസാരിക്കാത്തതു കൊണ്ട് അവയെ കുറച്ചുകാണണ്ട.ബോധം അവയിൽ  സജീവമാണ്. മനുഷ്യരിൽ സംസാരിക്കാത്തവരുണ്ടല്ലോ .തീരെ ചെറിയ കുട്ടികൾ സംസാരിക്കുന്നില്ല. രോഗബാധിതരായ ചിലരും  സംസാരിക്കുന്നില്ല. എന്നാൽ അപാരമായ സങ്കീർണതകളും  അതിഭയങ്കരമായ ബുദ്ധിശക്തിയുമുള്ള ജീവികൾ അതിജീവിക്കണമെന്നില്ല. അതിഭയാനകമായ ബുദ്ധിശക്തിയും സങ്കീർണതയും അവയുടെ നാശത്തിനു തന്നെ കാരണമായി കൂടെന്നില്ല.

എല്ലാത്തിനും ഒരാത്മാവുണ്ടെന്ന പ്രാചീനമായ വിശ്വാസം പ്രസക്തമാകുന്നതായി കൊഫ്  വിശദീകരിക്കുന്നു. കാരണം, നമ്മുടെ ചുറ്റുപാടും ആത്മാവുകൾ വിവിധ രൂപങ്ങളിൽ, മൃഗങ്ങളായും വൃക്ഷങ്ങളായും ഏകകോശ ബാക്ടീരിയയായും പ്രാണികളായും  മന്ത്രിക്കുകയാണ് .അവയുടെ സംയുക്തവും വ്യതിരക്തവുമായ ആവേഗങ്ങൾ നമ്മൾ ശ്രദ്ധിക്കുന്നില്ല.  സംസ്കാരത്തിൻ്റെ വികാസത്തിനും യാന്ത്രികജീവിതത്തിൻ്റെ  ആവശ്യത്തിനുമായി നാം അവയെ അപ്പാടെ നശിപ്പിക്കുകയാണ്.'എല്ലായിടത്തും നാം ആത്മാവുകളാൽ വലയം ചെയ്യപ്പെട്ടിരിക്കുന്നു'- കൊഫ് പറയുന്നു.ഇൻ്റർനെറ്റിനു മാനുഷിക  മൂല്യമില്ല. അത് മനുഷ്യരെ തന്നെ ശ്രദ്ധിക്കുന്നില്ല; ഡേറ്റയെയാണ്  നോക്കുന്നത്.

പിടിച്ചുനിൽക്കാനുള്ള ഇടങ്ങൾ നഷ്ടമായ, അതിശാസ്ത്രത്തിലെ ഈ തലമുറ അവരുടെ ആന്തരികസ്വപ്നങ്ങൾക്കായി  ചുറ്റുപാടുകളിലേക്ക് നോക്കേണ്ടതുണ്ട്. അപ്പോൾ അവർക്ക് പോർച്ചുഗീസ് കവി ഫെർഡിനാൻഡ് പെസ്സോവയെപോലെ ,ഒരു മരം വളർന്നു നിൽക്കുന്നത് ജീവിതത്തിലാദ്യമായി കാണുകയാണെന്ന ചിന്തയിൽ കണ്ടു നടുങ്ങേണ്ടി വരും.

സന്തോഷത്തിനു വേണ്ടി

ഐറിഷ് കവി ഡബ്ലിയു. ബി. യേറ്റ്സിൻ്റെ 'ഓട്ടോബയോഗ്രഫീസ്' ഈ ലോകം കണ്ട മഹത്തായ ഒരു പുസ്തകമാണ്. അഞ്ഞൂറിലേറെ പേജുകളുള്ള ആ പുസ്തകം മനുഷ്യരാശിയെ വീണ്ടും കണ്ടെത്തുകയാണ്. അതുപോലൊരു കണ്ടെത്തൽ ഇപ്പോൾ ഒരോ  എഴുത്തുകാരനും ഏറ്റെടുക്കേണ്ടതാണ്. പര്യവേക്ഷണങ്ങൾക്കായി ഓരോ വാക്കും ഉപയോഗിക്കണം .
'നമ്മൾ നമ്മളിൽ ഒരിക്കലും ഒരു രമ്യതയല്ല ,ഒരു വ്യക്തിത്വവുമല്ല, - യേറ്റ്സ് എഴുതി. അദ്ദേഹം തുടരുന്നു: 'സന്തോഷം ഉണ്ടാകുന്നത് നമ്മുടെ തന്നെ മറ്റു ചിന്തകളെ നല്ലപോലെ മറയ്ക്കാൻ കഴിയുമ്പോഴാണ്. സന്തോഷകരവും സൃഷ്ടിപരവുമായ ജീവിതം ഒരു പുനർജന്മമാണ്.നമ്മൾ പോലുമല്ലത്; അതിന് ഓർമ്മകളില്ല .അത് ഒരു നിമിഷത്തിൽ സൃഷ്ടിക്കപ്പെടുന്നതാണ്. അത് പുതുക്കിക്കൊണ്ടിരിക്കുകയും വേണം'.

നാശോന്മുഖവും നിരാശാപൂർണവുമായ ചിന്തകളിൽനിന്ന് പിന്തിരിയാനായില്ലെങ്കിൽ നാശം ഉറപ്പാണ്. നമ്മുടെ മുഖമാണ് അതിൻ്റെ  പ്രധാന ഇടം. മുഖത്ത് ആത്മാവിൻ്റെ  പ്രകാശം തട്ടുന്ന വിധം ഉണർവ്വുകളിലേക്ക് സഞ്ചരിക്കേണ്ടതുണ്ട് .ജീവിതത്തെ ഭയപ്പെടുത്തുന്നതും അലങ്കോലമാക്കുന്നതുമായ പ്രതിസന്ധികളിൽനിന്ന് രക്ഷപ്പെടുന്നതിന് സാങ്കൽപ്പികമായ ഉല്ലാസതിമിർപ്പ് കണ്ടുപിടിക്കണമെന്നാണ് യേറ്റ്സ് അഭിപ്രായപ്പെടുന്നത്. നമ്മൾ ഭൂതകാലത്തിൻ്റെ സ്ഥിരം ചില്ലകളിൽ നിന്ന് മാറിസഞ്ചരിക്കേണ്ടിയിരിക്കുന്നു. മനസ്സ് എപ്പോഴും ഭൂതകാലത്തിലേക്ക് പോയി അവിടെ അമിതമായി ആഘോഷം നടത്തുന്നത് നല്ലതായിരിക്കില്ല .ഭൂതകാലത്തോട് ലൈംഗികാർഷണം വന്നാൽ മനസ് തന്നെ വഴി മാറിപ്പോകും. അതുകൊണ്ടാണ് യേറ്റ്സ് പറഞ്ഞത്, മനുഷ്യനു നഷ്ടപ്പെട്ട വസന്തവും ഈർപ്പവും പച്ചപ്പും സന്തോഷവും ഗന്ധവും തിരിച്ചുകിട്ടുന്നതിനായി  യഥാർത്ഥ്യത്തെ തന്നെ മറക്കണമെന്ന്.

ഒരു കുട്ടി കളിപ്പാട്ടവുമായി  കളിക്കുമ്പോൾ ഉണ്ടാകുന്ന സ്വർഗീയമായ അന്തരീക്ഷം മാനവരാശിക്കാകെ മാതൃകാപരമായ ഒരു ലീലയാണ് .കളിപ്പാട്ടം എപ്പോഴും പുതിയതാണ് .തൻ്റെ  കളിപ്പാട്ടം പിറ്റേദിവസം പഴയതായിപ്പോയെന്ന് ഒരു കുട്ടിയും പറഞ്ഞിട്ടില്ല. കളിപ്പാട്ടത്തോടു പ്രേമം മാത്രമേയുള്ളൂ; മത്സരമോ സ്പർദ്ധയോ ഇല്ല. ഉപാധികളില്ലാത്ത, ലാഭനഷ്ടങ്ങളില്ലാത്ത സ്നേഹം ഇന്ന് മനസ്സിലാക്കാൻ തന്നെ പ്രയാസമായിരിക്കുകയാണ്.സ്വയം ആയിരിക്കുന്ന ബോധത്തെയാണ് ക്രിസ്റ്റഫ് കൊഫ് ജീവികളിൽ ഒരു മാനദണ്ഡമായി ഉയർത്തിക്കാണിക്കുന്നത്.ബോധമുണ്ടെന്നു സ്ഥാപിക്കാൻ അതാവശ്യമാണ്. സ്വയം ആരാണെന്ന് അറിയുന്നത് ഒരു ജീവിക്ക് പ്രധാനമാണ്. ഒരു തേനീച്ചയ്ക്ക് താൻ തേനീച്ചയാണെന്ന ബോധമുണ്ട്.

കൃത്രിമജീവിതം

എന്നാൽ മനുഷ്യൻ സ്വയം യന്ത്രമാണെന്ന് പൂർണമായി അംഗീകരിച്ചുകഴിഞ്ഞു. അതിവേഗം അപരിചിതമായിക്കൊണ്ടിരിക്കുന്ന ലോകത്ത് സ്വന്തം ആന്തരിക സ്വാസ്ഥ്യത്തിനും സ്വയം ആയിരിക്കാനും വേണ്ടി പുറത്തേക്ക് പോകണ്ടിവന്നിരിക്കയാണ്.കൃത്രിമബുദ്ധിയുടെയും കൃത്രിമജീവിതത്തിൻ്റെയും കൃത്രിമസൗന്ദര്യത്തിൻ്റെയും കൃത്രിമപ്രണയത്തിൻ്റെയും കൃത്രിമ ഭയത്തിൻ്റെയും കൃത്രിമവിനോദത്തിൻ്റെയും ദുർഗ്ഗങ്ങളിലേക്ക് ലോകം നീങ്ങുമ്പോൾ, അതിനു ബദലായി സൗന്ദര്യത്തിൻ്റെയും വൈകാരികതയുടെയും സൂക്ഷ്മേന്ദ്രിയങ്ങളുടെയും സുതാര്യതകളുടെയും അതീന്ദ്രിയമായ ഉന്മാദങ്ങളുടെയും ജൈവവൈവിധ്യം അന്വേഷിച്ചു കണ്ടെത്തുക എന്ന വിധിയിൽ നിന്ന് ചിന്തിക്കുന്ന മനുഷ്യനു ഒഴിഞ്ഞു നിൽക്കാനാവില്ല .

നമ്മുടെ നിഷ്കളങ്കമായ ഇച്ഛയ്ക്കും നമ്മുടെ കൂട്ടുകാരുടെ ഇച്ഛയ്ക്കും എതിരുനിൽക്കുന്ന പൊതുജനാഭിപ്രായത്തെ നിരാകരിച്ചുകൊണ്ട് നാം സ്വയം കണ്ടെത്തേണ്ടതുണ്ട്. ആ  ജനാഭിപ്രായം നമ്മോടു യഥാതഥമാകാനും കവിതയ്ക്ക് പകരം യുക്തി ഉപയോഗിക്കാനും ബുദ്ധിക്ക് പകരം ദൈനംദിന സംഭാഷണം സ്വീകരിക്കാനും നമ്മെ നിർബന്ധിച്ചുകൊണ്ടിരിക്കുകയാണെന്ന വസ്തുത വിസ്മരിക്കാനാവില്ല .

നുറുങ്ങുകൾ

1)എഴുത്തിന് തപസ്സു വേണമെന്ന് പറഞ്ഞപ്പോൾ ഒരു സാഹിത്യകാരൻ പ്രതികരിച്ചു, തനിക്ക് കാട്ടിലേക്ക് പോകാൻ നിവൃത്തിയില്ലെന്ന് . എന്നാൽ എഴുതാൻ തപസ്സു വേണം. വായനക്കാരനാകുന്ന ദൈവത്തിൻ്റെ  മുന്നിൽ ഓരോ വാക്കും അർച്ചന ചെയ്യുന്ന എഴുത്തുകാരനെ മാത്രമേ ചരിത്രം സ്വീകരിക്കുകയുയുള്ളു. അത് തപസ്സിൽ നിന്നാണ് ഉണ്ടാകുന്നത്. വായനക്കാരൻ്റെ മുന്നിൽ അർച്ചന ചെയ്യുക എന്നു പറഞ്ഞാൽ തെറ്റിദ്ധരിക്കേണ്ട; അത് അവനവൻ്റെ  മനസ്സാക്ഷിക്കു മുന്നിൽ തന്നെയാണ്. സ്വയം ഒരു ധാരണ ഉണ്ടാവേണ്ടതുണ്ടല്ലോ .

2)കഥാകൃത്ത് ശ്രീകൃഷ്ണപുരം കൃഷ്ണൻകുട്ടി എഴുതിയ 'പുസ്തകസഞ്ചാരങ്ങൾ' (ഗ്രന്ഥാലോകം ,ഒക്ടോബർ) എന്ന ലേഖനം നിരാശപ്പെടുത്തി. അദ്ദേഹം താൻ  കുട്ടിക്കാലം മുതൽ എങ്ങനെ വായിച്ചു വളർന്നുവെന്ന് അറിയിക്കാൻ വേണ്ടിയാണ് ഇതെഴുതിയത് .  ശ്രീകൃഷ്ണപുരത്തെ പൊതുവായനശാലയെക്കുറിച്ചും  ഹൈസ്കൂൾ ക്ളാസുകളിൽ മാഷന്മാർ പറഞ്ഞുകൊടുത്ത പുസ്തകങ്ങളെക്കുറിച്ചുമാണ് ലേഖനത്തിൽ വിവരിക്കുന്നത്.
ഇതുപോലുള്ള ലേഖനങ്ങളിൽനിന്ന്  ചിന്തയുടെ കനം വായനക്കാർക്ക് കിട്ടുകയില്ല. പുസ്തകങ്ങളുടെ പേര് മാത്രം പറയുന്നതുകൊണ്ടു പ്രയോജനമില്ല .ഒരു പുസ്തകം എങ്ങനെ വായിച്ചു എന്നാണ് എഴുതേണ്ടത്. അതിനുള്ളിലേക്ക് തുളച്ചുകയറിയത് എങ്ങനെയെന്ന്  വിവരിക്കണം, ആഴത്തിൽ വായിച്ചിട്ടുണ്ടെങ്കിൽ.

3)എഴുത്തുകാരനും പൊതുപ്രവർത്തകനുമായ പി. കെ. ഹരികുമാറിൻ്റെ 'അമ്മ തന്ന പുസ്തകം' എന്ന കൃതിയെക്കുറിച്ച് പ്രസന്നൻ ആർ എഴുതിയ ലേഖനം (വായനയുടെ തീക്ഷ്ണസൗന്ദര്യം, ഗ്രന്ഥാലോകം, ഒക്ടോബർ) സമകാലികപ്രസക്തിയുള്ള  വായനയാണ് സമർപ്പിക്കുന്നത് .പി.കെ. ഹരികുമാറിന് വായിക്കേണ്ട പുസ്തകങ്ങൾ ഏതൊക്കെയാണെന്ന് അറിയാം. അദ്ദേഹം അത് ആഴത്തിൽ വായിക്കുകയും ചെയ്യും. നോവലിസ്റ്റ് ചെമ്പിൽ ജോണിനെ അനുസ്മരിക്കുന്ന ഒരു ലേഖനം ഹരികുമാറിൻ്റെ  പുസ്തകത്തിലുണ്ട്.' ഇരുൾമൂടിയ വഴികളിലൂടെ ആരാലും ശ്രദ്ധിക്കാതെ, ഒന്നുമാകാതെ നടന്നുപോയി 'എന്ന് അദ്ദേഹം വേദനയോടെ നിരീക്ഷിക്കുന്നു.

4)ഡോ. ജോർജ് ജോൺ 'കല  സൗഖ്യദായകം' എന്ന ലേഖനത്തിൽ (എഴുത്ത് ,ആഗസ്റ്റ്‌) ഇങ്ങനെ എഴുതുന്നു :'കല തലച്ചോറിൻ്റെ  പ്രവർത്തനത്തെ ത്വരിതപ്പെടുത്തുകയും ക്ഷേമം ഉറപ്പാക്കുകയും ചെയ്യും. മനോഹരമായ ഒരു പെയിൻറിങ്ങിനു, അത് നോക്കിനിൽക്കുന്ന ഒരാളുടെ തലച്ചോറിലെ വൈദ്യുത പ്രവർത്തനത്തെ സ്വാധീനിക്കാനുള്ള  കഴിവുണ്ട് .വിഷാദഭാവത്തിൽനിന്ന് ഒരാളെ മോചിപ്പിക്കാൻ അതുവഴി സാധിക്കും'. തീർച്ചയായും ,നല്ല കല ഒരാളെ പ്രചോദിപ്പിക്കാതിരിക്കില്ല.  ആനന്ദത്തിൻ്റെ ഒരു നിമിഷമാണത്. പ്രമുഖ ഗവേഷകനായ പ്രൊഫ. സെമിർ സെകിയെ ഉദ്ധരിച്ച് ലേഖകൻ അഭിപ്രായപ്പെടുന്നത് ഒരു പെയിൻറിങ് കാണുമ്പോൾ ആനന്ദവുമായി ബന്ധപ്പെട്ടു നിൽക്കുന്ന തലച്ചോറിൻ്റെ ഭാഗത്ത് ശക്തമായ ഒരു പ്രവർത്തനം നടക്കുന്നവെന്നാണ്. തലച്ചോറിലെ രക്തപ്രവാഹം പത്തു ശത്മാനം വർധിക്കുന്നുണ്ടത്രേ .

5)ഉത്തര-ഉത്തരാധുനികതയുടെ പ്രധാന പ്രമേയം ഒരു കാണി അല്ലെങ്കിൽ ഉപയോക്താവ് മറ്റാരുടെയും സഹായമില്ലാതെ സ്വന്തം സാദ്ധ്യതകൾ  നേടുന്നുവെന്നതാണ്. യൂട്യൂബ് അതിൻ്റെ നല്ല ഉദാഹരണമാണ്. ഒരാൾക്ക് തോന്നുന്നത് ഷൂട്ട് ചെയ്ത്  സിനിമയുണ്ടാക്കാൻ ഇന്ന് ഒരു ബാനറും വേണ്ടല്ലോ.

6)പുസ്തക പ്രസിദ്ധീകരണവും വിതരണവുമെല്ലാം പ്രതിഭയിൽ നിന്ന് ഏറെ അകന്നുകഴിഞ്ഞിരിക്കുന്നു.  ഇന്ത്യക്ക് പുറത്തുവച്ച് പ്രകാശനം ചെയ്തു എന്നതുകൊണ്ട് ഒരു പുസ്തകത്തിനും പ്രസക്തി ലഭിക്കുകയില്ല. അതിനുള്ളിൽ എന്തെങ്കിലും വേണം .പണം മുടക്കാൻ ശേഷിയുള്ളതുകൊണ്ട് മാത്രം എഴുത്തുകാരാവുന്നവരുടെ നാടായി കേരളം മാറിയിരിക്കുന്നു.

7)മനസ്സിൽ താൻ നിസ്വനാണെന്ന് പറയാൻ കവി വേണം .താൻ ഈ ലോകത്തു വന്ന വെറും അഭയാർത്ഥി.  മടങ്ങുമ്പോഴും അങ്ങനെതന്നെ. ഈ ദാർശനികമുഖമാണ് അനുകുമാർ  തൊടുപുഴയുടെ 'ചില നിമിഷങ്ങളിൽ '(കാവൽ കൈരളി) എന്ന കവിതയിൽ കുറിച്ചിട്ടിരിക്കുന്നത്.

'ഒന്നോർത്തുകൊൾക നീ
ഈ ഭൂമിയിൽ
നമ്മളെക്കാളും നിസ്സാരരില്ല
ചാറ്റൽമഴച്ചീളിനൊപ്പം
നടക്കുകിൽ
ചീറ്റിത്തുടങ്ങുന്ന കീടജന്മം' .

8)സച്ചിദാനന്ദനുമായി മങ്ങാട് രത്നാകരൻ നടത്തിയ സംഭാഷണം (സമീപസ്ഥർ, ഗ്രന്ഥാലോകം, സെപ്റ്റംബർ ) വായിച്ചു. സച്ചിദാനന്ദൻ കവിതയെപ്പറ്റിയോ സാഹിത്യത്തെപ്പറ്റിയോ ഒന്നും പറയുന്നില്ല; മുൻപും അങ്ങനെ തന്നെയായിരുന്നു. അദ്ദേഹം മാർക്സ് ,ഗാന്ധിജി,ഹിന്ദുമതം, ശാസ്ത്രസാഹിത്യപരിഷത്ത് , അംബേദ്കർ തുടങ്ങിയ വിഷയങ്ങളെപ്പറ്റിയാണ് സംസാരിക്കുന്നത് .താൻ ഒരു കാലത്ത് ഗാന്ധിജിയെ മുതലാളിത്തത്തിൻ്റെ പ്രതിനിധിയായി കണ്ട് വിമർശിച്ച് 'മഹച്ചരിതങ്ങൾ ' എന്ന കവിതയെഴുതിയത് അദ്ദേഹം അനുസ്മരിക്കുന്നു. എന്നാൽ ആ ധാരണ പിന്നീട് മാറുകയും ഗാന്ധിജിയെ പ്രകീർത്തിച്ച് 'ഗാന്ധിയും കവിതയും', ഗാന്ധിയും വൃക്ഷവും' മറ്റും എഴുതി .സച്ചിദാനന്ദൻ ഗാന്ധിജിയെപോലും ആദ്യകാലത്ത്  തെറ്റായി മനസ്സിലാക്കിയെന്ന് പറയുന്നത് വീക്ഷണത്തിലെ പരിണാമമായി ലഘൂകരിക്കാനാവുമോ?  ഗുരുതരമായ ഒരു പിഴവല്ലേ  സംഭവിച്ചിരിക്കുന്നത് ?കോളജ് അദ്ധ്യാപകനായ ഒരു കവിക്ക് ഇതെങ്ങനെ സംഭവിച്ചു ?

9)വിശ്വവിഖ്യാത സംവിധായകനായ ചാർലി ചാപ്ലിൻ മനുഷ്യരുടെ വഴക്കുകളെക്കുറിച്ച് ശ്രദ്ധേയമായ ഒരു കാര്യം പറഞ്ഞു .വഴക്കുകൾ മറ്റുള്ളവരോട് ആകണമെന്നില്ല, അവനവനോടും ആകാമല്ലോ. പ്രതിഷേധവും നിരാശയും ദുഃഖവും സംശയവും ആത്യന്തികമായി  അവനവനിലുള്ള സംഘട്ടനമാണ്. ചാപ്ളിൻ പറയുന്നത്, ഏറ്റുമുട്ടലുകളെ  ഭയക്കേണ്ടതില്ലെന്നാണ് .നക്ഷത്രങ്ങൾപോലും ഏറ്റുമുട്ടുന്നു. ആ  ഏറ്റുമുട്ടലിൽനിന്ന് പുതിയ ലോകങ്ങൾ ഉണ്ടാകുന്നു എന്ന വാദമാണ് ചാപ്ളിൻ നിരത്തുന്നത് .ലോകത്ത് സംഘടനകൾക്കും സന്താപങ്ങൾക്കുമെല്ലാം കാരണമുണ്ട്. അത് ലോകത്തെ കൂടുതൽ വികസിപ്പിക്കുന്നു. ആത്മീയമായി അറിയാത്തതിനെ അറിയുക എന്ന സാഹസമാണത്.

 

No comments:

Post a Comment