Monday, December 13, 2021

അക്ഷരജാലകം /എം.കെ.ഹരികുമാർ metrovartha nov 15, 2021

 

നിഗൂഢതയുടെ നേർക്ക് link 

 




 



















റഷ്യയിലെ പ്രമുഖ സാഹിത്യസൈദ്ധാന്തികനും സാഹിത്യശാസ്ത്രജ്ഞനുമായ യൂറി തൈന്യനോവിൻ്റെ 'പെർമനൻ്റ്  എവല്യൂഷൻ' എന്ന പുസ്തകത്തെക്കുറിച്ച് ഓസ്ടിയൻ- അമെരിക്കൻ കവിയും വിമർശകയുമായ മാർജോരീ പെർലോഫ് 'ലോസ് ഏഞ്ചൽസ് റിവ്യു ഓഫ് ബുക്സി'ൽ എഴുതിയ ലേഖനം ഒരു കാലഘട്ടത്തിൻ്റെ സാഹിത്യ സംസ്കാരത്തോടുള്ള കൂറ് പ്രതിജ്ഞ ചെയ്തതുപോലെ തോന്നി.

കാരണം ,തൈന്യനോവ് ഘടനാവാദ ചിന്തയുടെ മുൻഗാമിയാണെങ്കിലും , യൂറോപ്യൻ സാഹിത്യചിന്തകർ അദ്ദേഹത്തെ അവഗണിക്കുകയായിരുന്നു. സാഹിത്യത്തെ ഒരു ശാസ്ത്രമാക്കി വികസിപ്പിച്ച തൈന്യനോവ് കഴിഞ്ഞ നൂറ്റാണ്ടിലെ ,വായനയെക്കുറിച്ചുള്ള ചർച്ചകളിൽ വർധിച്ച സാംഗത്യത്തോടെ ഇടം പിടിക്കേണ്ടതായിരുന്നു.അതുകൊണ്ടാണ് രണ്ടുപേർ ചേർന്ന് (ഐൻസ്ലി മോഴ്സ്, ഫിലിപ്പ് റെഡ്കോ )എഡിറ്റു ചെയ്തു പുറത്തിറക്കിയ പുസ്തകമാണെങ്കിലും അതിനെക്കുറിച്ചുള്ള ചർച്ച ഒരു പ്രചോദനമായി അനുഭവപ്പെട്ടത്.ചില ഉൾക്കാഴ്ചകൾ നമ്മെ സ്വാധീനിക്കാതിരിക്കില്ല . സാഹിത്യരചന ഒറ്റപ്പെട്ട ഒരു സംഭവമല്ലെന്നും എന്നാൽ അത് ഒരു സാഹിത്യവ്യവസ്ഥയുടെ ഭാഗമാണെന്നും ത്യാനിയാനോവ് സമർത്ഥിക്കുന്നു.

ശൈലി ,രഹസ്യം

'സാഹിത്യത്തിൽ വ്യക്തിഗതമായ ഒരു സൃഷ്ടി ഇല്ലെന്നു തന്നെ പറയാം'- അദ്ദേഹം എഴുതുന്നു.'ഡോസ്റ്റോയെവ്സ്കി ആൻഡ് ഗോഗോൾ' എന്ന ലേഖനത്തിൽ അദ്ദേഹം ഉന്നയിക്കുന്ന ,സാഹിത്യചരിത്രത്തെപ്പറ്റിയുള്ള തർക്കത്തെ പെർലോഭ് ഇങ്ങനെ വിശകലനം ചെയ്യുന്നു:  'സാഹിത്യചരിത്രം ഒരു നേർരേഖയല്ല; മറിച്ച് അത് ഒരു വിച്‌ഛേദമാണ്. എന്തിനോടോ ഉള്ള ഒരു പ്രതിഷേധമാണ്. പഴയ ഒരു വ്യവസ്ഥയെ നശിപ്പിച്ച് അതിനെ  പുനരേകീകരിക്കുകയാണ്. ദസ്തയെവ്സ്കി ചെയ്തത് ഗോഗോളിൻ്റെ രൂപകങ്ങളെ തൻ്റേതായ നിലയിൽ  പരിഷ്‌കരിക്കുകയായിരുന്നത്രേ. വിവിധ ലക്ഷ്യങ്ങളോടെ ദസ്തയെവ്സ്കി ഗോഗോളിൻ്റെ ശൈലിയെയും ഫലിതത്തെയും യഥാക്രമം ശൈലീശാസ്ത്രമായും പാരഡിയായും രൂപാന്തരപ്പെടുത്തി " .

ഒരു ശൈലി ഉണ്ടാകുന്നത് വ്യത്യസ്ത കാലഘട്ടങ്ങളെ ചൂഴുന്ന ഒരു വ്യവസ്ഥയിൽ നിന്നാണ്. അത് കേവലം ഒരു വ്യക്തി ഒറ്റയ്ക്കു കണ്ടെത്തുന്നതല്ല . സാഹിത്യരചനയിൽ ഒരു സാഹസികയാത്രയുണ്ട്. അതേറ്റെടുക്കുന്നവർ വിരളമാണ്.സാഹസികകൃത്യം ഏറ്റെടുത്തതുകൊണ്ട് വിജയിക്കണമെന്നില്ല .രചനയുടെ കാര്യത്തിൽ ഒരെഴുത്തുകാരനും ഗാരൻ്റിയില്ല.ചിലപ്പോൾ പരീക്ഷണമായി നില്ക്കുന്നതാണ് നല്ലത്;വിജയത്തെക്കുറിച്ച് ചിന്തിക്കരുത്. എഴുതിക്കഴിയുന്നതോടെ വ്യക്തിഗതമായ ഒരു കുരുക്കായി മാറുകയാണ് സാഹിത്യരചന. അത് മറ്റൊരാൾക്ക് പരിഹരിക്കാനാവില്ല.     സുശിക്ഷിതനായ ഒരു വായനക്കാരന് അതിനെക്കുറിച്ച് രൂപപ്പെടുത്താൻ കഴിയുന്ന ബോധ്യപ്പെടൽ പരമപ്രധാനമാണ്.
ഹെമിംഗ്വേ പറഞ്ഞു ,താൻ എഴുതുന്ന കഥ വായിക്കുന്ന ഒരാൾക്ക് അത് അയാളുടെ ജീവിതത്തിൽ സംഭവിച്ചതായി തോന്നന്നമെന്ന് .മനസിലുള്ളത് മുഴുവൻ എഴുതരുത്; കറെ കാര്യങ്ങൾ എഴുതാതെ വിടണം. നമ്മുടെ ഉപബോധമനസ്സാണ് അത് എഴുതണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്. എഴുതാനുള്ളത് എന്താണെന്ന് തീരുമാനിക്കുന്നതിൽ ഒരു മിസ്റ്റിക് തലമുണ്ട്. അതാണ് ജീവിതത്തിൻ്റെ നിഗൂഢതയെ ഭേദിക്കാൻ എഴുത്തുകാരനെ സഹായിക്കുന്നത്.

ലൈംഗികതയുടെ സമസ്യ

കെ. വി. മോഹൻകുമാർ  പൗരാണിക സാഹിത്യത്തെക്കുറിച്ചം മന:ശാസ്ത്രത്തെക്കുറിച്ചും അറിവു  നേടിയിട്ടുള്ളതായി മനസിലാക്കുന്നു.അദ്ദേഹം ആ അറിവ് തൻ്റെ കഥകളിൽ വിന്യസിക്കാറുണ്ട്.അദ്ദേഹം എഴുതിയ 'സൗന്ദര്യ ബിലഹരി '(പ്രസാധകൻ ,നവംബർ ) പല വിഷയങ്ങളെ കൂട്ടിഘടിപ്പിക്കാനുള്ള ശ്രമമാണ്. പക്ഷേ ,ഒരു കഥ എന്ന നിലയിൽ അതെല്ലാം കഥാബാഹ്യമായ ചർച്ചകളായി ശേഷിക്കുകയാണ്. സംഗീതം, നൃത്തം, ഫിസിക്സ്, വേദാന്തം, സെക്സ് എന്നിവയെല്ലാം ചേർത്ത് ഒരു മിശ്രിതമുണ്ടാക്കാനാവാം അദ്ദേഹം ഉദ്ദേശിച്ചത്. പാശ്ചാത്യ ഗ്രന്ഥങ്ങൾ കടന്നു വരുന്നുണ്ട്. എന്നാൽ ഇതുകൊണ്ടൊന്നും കഥയ്ക്ക് ഒരു പ്രയോജനവുമില്ല. വിവിധ ഉറവിടങ്ങളിൽനിന്നെത്തുന്ന ശാസ്ത്രങ്ങളെ അപഗ്രഥിച്ച് ഉദ്ഗ്രഥിച്ച് ഒരു നവാവബോധമാക്കാൻ കഥാകാരനു കഴിഞ്ഞില്ല .കഥാഘടനയിൽ ആ സ്വരസവിശേഷത കണ്ടില്ല.

ഒരു യുവതിയോടൊപ്പം സഞ്ചരിക്കുന്ന  മധ്യവയസ്കൻ്റെ ഭ്രാന്തൻ ചിന്തകളെന്ന് വിളിക്കാം. എന്നാൽ അതിനെല്ലാം അടിയിൽ സെക്സ് തന്നെയാണ് കഥാകൃത്ത് സംവേദനം ചെയ്യാൻ ഉദ്ദേശിച്ചിട്ടുള്ളത്. എല്ലാ  കലാരൂപങ്ങളുടെയും അടിയിൽ, പൊതുവേ പറയാവുന്ന ഒരു ലക്ഷ്യം ലൈംഗികതയാണെന്ന വസ്തുത തള്ളിക്കളിയുന്നില്ല .ലൈംഗികതയോടുള്ള മുഖാമുഖമാണ് സൗന്ദര്യമായിതീരുന്നതെന്നു പറയാം. എന്നാൽ ലൈംഗികത ഒരു പ്രേരകശക്തിയായി മാറി പിൻവാങ്ങി നിൽക്കുകയാണ് ചെയ്യാറുള്ളത്. കാരണം, ലൈംഗികത സൗന്ദര്യത്തിൻ്റെ പാരമ്യം എന്ന നിലയിൽ തീയാണ്.അതിലേക്ക് അടുക്കാനാവില്ല.  ഏത് കലാകാരനും സൗന്ദര്യത്തിൻ്റെ  മുന്നിൽ നിരായുധനാണ്. അവൻ്റെ ബോധത്തിന് അത്  ഉൾക്കൊള്ളാനാവില്ല. അവൻ ഭയക്കുകയോ വിഭ്രാമകമായവിധം പിന്തിരിയുകയോ ചെയ്യും. അപഭ്രംശം  സംഭവിക്കുന്നത് കലാകാരൻ്റെ വിധിയാണ്. പൂർണ്ണതയിൽ എത്തിച്ചേരാതിരിക്കുക എന്ന വിധി.

വി.എസ്.അനിൽകുമാർ അധികം എഴുതാറില്ല. പ്രചോദനം കുറവായതിനാലാകാം. ചില എഴുത്തുകാർ പ്രചോദനത്തിൻ്റെ  കാര്യത്തിൽ സമ്പന്നരായിരിക്കും.  അനിൽകുമാർ എഴുതിയ 'ഒരു റിപ്പബ്ളിക്കിൽ' (മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ഒക്ടോബർ 17) ബിട്ടു  എന്ന നായയുടെ കാഴ്ചപ്പാടിലൂടെ  കഥ പറയുകയാണ് .പലരും പറഞ്ഞ വഴികൾ തന്നെയാണ് അനിൽകുമാറും  തിരഞ്ഞെടുക്കുന്നത്. കൂട്ടിലടച്ചിട്ട നായയ്ക്കും ജീവിതമുണ്ട്. അനിൽകുമാറിൻ്റെ നായ പറയുന്നത് കേൾക്കാം: 'നായയ്ക്ക് ചെയ്യാനൊരു പണിയില്ല, ഇരിക്കാനൊട്ടു നേരവുമില്ല എന്ന് നിങ്ങളുടെ തന്നെ ഒരു പഴഞ്ചൊല്ലില്ലേ? ഞാനിങ്ങനെ ഒരേ ഇരിപ്പിരുന്നാൽ പാഴായിപ്പോകുന്നത് നിങ്ങളുടെ പഴഞ്ചൊല്ലുകളല്ലേ ? കൂടിനുള്ളിൽ, മുഴുവനായും ചുണകെട്ടുപോകുന്ന എന്നെത്തന്നെ വീണ്ടെടുക്കാനുള്ള ശ്രമമാണീ തിരിച്ചിൽ " .

അതിവൈകാരികത

കൂട്ടിൽ കിടക്കുന്ന നായയെക്കുറിച്ച് ഒരു ശരാശരി എഴുത്തുകാരന് ചിന്തിക്കാവുന്ന വിഷയങ്ങൾക്കപ്പുറത്ത്  യാതൊന്നും എഴുതാൻ അനിൽകുമാറിന് കഴിയുന്നില്ല. എല്ലാം പഴകിയ ഉപകരണങ്ങൾ മാത്രം; സമകാല ജീവിതത്തിൻ്റെ സൂക്ഷ്മമായ തലങ്ങളിലേക്ക് തുളച്ചുകയറുന്ന ഭാഷയോ യുക്തിയോ കഥാകൃത്തിൽ കണ്ടില്ല. ഇതൊക്കെ ഇന്നത്തെ ചുറ്റുപാടിൽ നിലവാരപ്പെട്ട ചിന്തകളാണ്. ഭാഷയെ ഒരായുധമാക്കി, മനുഷ്യൻ്റെ അബോധത്തിലേക്ക് നായാട്ടു നടത്താൻ കഥാകൃത്ത് അശക്തനാണ്. മനുഷ്യൻ്റെ പക്ഷത്തുനിന്നു നായയെപ്പറ്റി ചിന്തിക്കുകയാണെന്നേ തോന്നൂ , കഥ വായിക്കുമ്പോൾ. കാരണം,നായയുടെ സവിശേഷമായ അസ്‌തിത്വപ്രശ്നങ്ങൾ ഈ കഥയിൽ അവതരിപ്പിക്കാൻ കഥാകൃത്തിനു സാധിച്ചിട്ടില്ല. ഒരു ജീവിയെക്കുറിച്ച് എഴുതുമ്പോൾ വളരെ ജാഗ്രത ആവശ്യമാണ് .അതിനു  മനുഷ്യൻ്റെ യാതൊരു യുക്തിയും ഇണങ്ങുകയില്ല. അനിൽകുമാറിൻ്റെ  കഥ ഒരു ഉപരിപ്ളവ അതിഭാവുകത്വ രചനയാണ്; ഒരു ഉൾക്കാഴ്ചയുമില്ല. അതിൻ്റെ എല്ലാ പരാധീനതകളും കാണാം.

സാഹിത്യകലയിൽ ഒരു വായനക്കാരൻ പ്രവേശിക്കുന്നത് എന്തിനാണ് ? അവന്  ആത്മീയമായ, സാംസ്കാരികമായ  ഉയർച്ച ഉണ്ടാവണം. ഇക്കാര്യം പ്രമുഖ റഷ്യൻ സാഹിത്യവിമർശകനായ ഇല്യാ കുകൂലിൻ പറയുന്നുണ്ട് :'സാഹിത്യത്തിൻ്റെ സാമൂഹിക ധർമ്മമാണത് .മനുഷ്യന് അവൻ്റെ ഏറ്റവും ഉയർന്ന വിതാനങ്ങൾ കാണിച്ചുകൊടുക്കണം. ആത്മീയമായ പാരമ്യം. അങ്ങനെ നോക്കുമ്പോൾ ദസ്തയെവ്സ്കിയുടെ നോവലുകളിൽ കാണുന്ന ദാർശനിക മനുഷ്യന് ചെക്ക് എഴുത്തുകാരൻ മിലാൻ കുന്ദേരയുടെ കൃതികളിലെ നായകനേക്കാൾ പ്രസക്തിയുണ്ട് " .

അഷ്ടമൂർത്തിക്ക് ഇപ്പോഴും മലയാളകഥ എങ്ങോട്ടാണ് പോകുന്നതെന്ന് മനസ്സിലായിട്ടില്ല. കാലഹരണപ്പെട്ട രചനാരീതിയാണ് അദ്ദേഹം പിന്തുടരുന്നത്. മനുഷ്യാസ്തിത്തെ സമീപിക്കാനുള്ള ഭാഷയോ ശക്തിയോ അദ്ദേഹത്തിനില്ല.  അതിന് ഏറ്റവും വലിയ തെളിവാണ് 'വീയെസ് ' (മാതൃഭൂമി ആഴ്ചപ്പതിപ്പ്, സെപ്റ്റംബർ 12 ) എന്ന കഥ. വീയെസ് എന്നു പേരിട്ടത് അനുചിതമായെന്ന് തോന്നിയതുകൊണ്ടാവണം കഥയിൽ താൻ തേടുന്ന വ്യക്തി വി.എസ്. അച്യുതാനന്ദനല്ല എന്ന് എഴുതേണ്ടി വന്നത്. പിന്നെന്തിനാണ് ഈ പേര് തെരഞ്ഞെടുത്തത്? അർത്ഥസന്ദിഗ്ദ്ധതയുണ്ടാക്കാൻ  ബോധപൂർവ്വം ശ്രമിച്ചതാണോ ? അല്ലെങ്കിൽ വക്രബുദ്ധി പ്രയോഗിച്ചതാവണം. എന്തായാലും ഈ കഥ ഇന്നത്തെ സുശിക്ഷിതനായ വായനക്കാരനെ മുഷിപ്പിക്കുകയേയുള്ളു. ഒരാളെ തിരഞ്ഞു നടക്കുകയാണത്രേ. ചരടറ്റ പട്ടം എന്നു പറഞ്ഞാൽ ആളുകൾക്ക് മനസ്സിലാകും .അഷ്ടമൂർത്തിയുടെ കഥ അതുപോലൊന്നാണ്.എഴുപതുകളിലും എൺപതുകളിലും എഴുതി തുടങ്ങിയ പലരും തങ്ങളുടെ കാലഹരണപ്പട്ട രചനാതന്ത്രങ്ങളുമായി വരുന്നതാണ് ഇന്നു മലയാളകഥ നേരിടുന്ന ഒരു പ്രതിസന്ധി.മാനസി ,ഗ്രേസി ,തുടങ്ങിയവർ ഇപ്പോൾ കഥകൾ എഴുതുന്ന തിരക്കിൽപ്പെട്ടപോലെ തോന്നുന്നു. ഇവർക്ക് പുതുതായൊന്നും പറയാനില്ല ;പറയുന്നതാകട്ടെ ,അർത്ഥം നഷ്ടപ്പെട്ട സങ്കേതത്തിലും .

കവിതയുടെ ഒരു ഔൺസ്

അജിതാമേനോൻ എഴുതിയ 'ഒരു ഇന്ത്യൻ പ്രണയകഥ'(സ്ത്രീശബ്ദം,  ഒക്ടോബർ ) ഒരു ടെലിഫിലിമാക്കിയാൽ ,ചിലപ്പോൾ  സമയമുള്ളവർ അത് കാണാൻ മെനക്കെടുമായിരിക്കും. ക്ലൈമാക്സും പദ്ധതികളും എന്താണെന്നറിഞ്ഞാലും ചില സിനിമകൾ നമ്മൾ കണ്ടെന്നിരിക്കും. എന്നാൽ ചെറുകഥയിൽ ഈ ഇളവു ലഭിക്കില്ല .

ഒരു ചെറുകഥാകൃത്തിനു വൈകാരികമായി ,ചിന്താപരമായി  ഒരു നക്ഷത്രസമൂഹമുണ്ടായിരിക്കണം. അയാൾ ശരിക്കും അലട്ടലുകളിലൂടെ  കടന്നുപോകണം. താൻ എഴുതുന്നത് സാഹിത്യമാണെന്ന് അറിയാതെ ,ഒരു കാഫ്കയും ഇവിടെ ഒന്നും എഴുതിയിട്ടില്ല .കാശ്മീർ താഴ്വരയിലെ സംഘർഷങ്ങളാണ് കഥാകാരി വിഷയമാക്കിയിരിക്കുന്നത് .എന്നാൽ പത്രവാർത്തകൾക്കപ്പുറത്ത് ഒരു വീക്ഷണം കഥയിലില്ല. അതുകൊണ്ടാണ് ജീവിതത്തിൻ്റെ അറിയാത്ത നാടകങ്ങളുടെ വിചിത്രമായ യാഥാർത്ഥ്യങ്ങൾ ഈ കഥയിലില്ലാത്തത്.എഴുതുന്നത് കഥയായാലും നോവലായാലും അതിൽ ഒരു കവിയെപ്പോലെ ഇടപെടണം .കവിത  ഒരിടത്തും ഒഴിവാക്കാനാവില്ല. ഒരാളുടെ കൈയക്ഷരത്തിൽപോലും കവിതയുണ്ട് .

പ്രമുഖ സംവിധായകനായ ഗോദാർദ് സിനിമയെടുത്തപ്പോൾ കവിയായി  മാറിയെന്ന് ബ്രസീലിയൻ പാട്ടെഴുത്തുകാരനും കമ്പോസറും എഴുത്തുകാരനുമായ കെയ്റ്റാനൊ വെലോസോ പറഞ്ഞത് ശ്രദ്ധേയമാണ്. തൻ്റെ പാട്ടുകൾ ചിട്ടപ്പെടുത്തുമ്പോഴും  പാടുമ്പോഴും ഒരു കവിയായിരിക്കാനാണ് ആഗ്രഹിച്ചിട്ടുള്ളതെന്നാണ് അദ്ദേഹം സൂചിപ്പിച്ചത്.ചെറുകഥയോ നോവലോ  എഴുതുമ്പോൾ വെറും വിവരണങ്ങളല്ല  ഉണ്ടാകേണ്ടത്.അതിൽ ഒരു കവിയുടെ കാൽപ്പാടുകൾ വേണം. ഒരു ഔൺസ് കവിതയെങ്കിലും കലരണം. യു.പി. ജയരാജിൻ്റെ കഥകളിൽ കവിതയുണ്ട്.


നുറുങ്ങുകൾ

1)ലബനീസ് കവി ഖലിൽ ജിബ്രാൻ പാശ്ചാത്യദേശത്ത് കാര്യമായി ആകർഷിക്കപ്പെടുന്നില്ല. പാശ്ചാത്യ കവിതയെക്കുറിച്ച് എഴുതപ്പെടുന്ന ലേഖനങ്ങളിലോ, തത്ത്വചിന്താപരമായ ലേഖനങ്ങളിലോ ജിബ്രാനെ ഉദ്ധരിക്കുന്നതായി കണ്ടിട്ടില്ല. എന്നാൽ മലയാളത്തിൽ ജിബ്രാനു ധാരാളം ആരാധകരുണ്ട്. ഞാൻ ജിബ്രാൻ്റെ കത്തുകളെക്കുറിച്ച് എൺപതുകളിൽ കുങ്കുമം വാരികയിൽ എഴുതിയതോർക്കുകയാണ്. ഉന്മാദാവസ്ഥയിലെത്തുന്ന ദൈവസ്നേഹവും പ്രണയവുമാണ് ജിബ്രാൻ്റെ സവിശേഷതകൾ. അദ്ദേഹം ജീവിതത്തെ കണ്ട് എങ്ങനെയാണ് വിസ്മയിക്കുന്നതെന്ന് മനസ്സിലാക്കാൻ പ്രയാസമാണ് .ജിബ്രാൻ്റെ കൃതികളിൽനിന്നുള്ള പരിഭാഷയും വിലയിരുത്തലും ഉൾപ്പെടുത്തി റഷീദ് പാനൂർ എഴുതിയ 'ഖലിൽ ജിബ്രാൻ - ലബനോണിലെ പ്രവാചകൻ'(സുജിലി) എന്ന പുസ്തകം അനുവാചകരെ അതിശയിപ്പിക്കാതിരിക്കില്ല. ജിബ്രാൻ്റെ   ഭാഷാപരമായ ഉത്സാഹവും ജ്ഞാനവും വീണ്ടെടുക്കാൻ റഷീദ് ശ്രമിച്ചിട്ടുണ്ട്.


2)കണ്ണനാർ അലസനെന്ന്  തോന്നിപ്പിക്കുന്ന കവിയാണ് .താൻ എഴുതിയ കവിതകൾ അടുക്കി വയ്ക്കാൻപോലും താല്പര്യമില്ലാത്ത കണ്ണനാരുടെ കവിതകൾ കഴിഞ്ഞയാഴ്ചയാണ് ഒരു സമാഹാരമായി പ്രസിദ്ധീകരിച്ചത്. 'അയ്യപ്പൻ വെറുമൊരു കവിയല്ല' എന്ന മികച്ച ശീർഷകമാണ് നൽകിയിരിക്കുന്നത് .കണ്ണനാരുടെ അറുപതാം പിറന്നാളിനോടനുബന്ധിച്ച് സുഹൃത്തുക്കളായ സണ്ണി തായങ്കരി, ബിബിൻ തുടങ്ങിയവർ മുൻകൈടുത്താണ് ഈ പുസ്തകം (പേപ്പർ പബ്ളിക്ക)പ്രസിദ്ധീകരിച്ചത്.

വാക്കുകളെ അസ്ത്രമാക്കി എയ്തുവിടാൻ മടിക്കാത്ത കണ്ണനാർ സ്വയം വിമർശിക്കുകയും ധ്വംസിക്കുകയും ചെയ്തുകൊണ്ട് കലാപമുണ്ടാക്കുകയാണ്.

" നോക്കൂ കവിതേ
എൻ്റെയും നിൻ്റെയും
തുടലുകൾ നിർമ്മിച്ചിരിക്കുന്നത് അജകേസരി മിശ്രിതംകൊണ്ടാണ്
നാം നമ്മുടെ കണ്ണുകൾ
തുറന്നാലും
ദഹിക്കാത്തത്
പൂജ്യം സത്യമായതിനാലാണ് .
നീയും ഞാനും
തിളച്ച എണ്ണയിൽ
പൊട്ടിത്തെറിക്കുന്ന
കടുകുപോലെ വിശുദ്ധരാണ്"

4)ഏറ്റവും കൂടുതൽ കവിതകളെഴുതുന്ന കവിയാണ് സച്ചിദാനന്ദൻ .അദ്ദേഹം ആഴ്ചതോറും എഴുതുകയാണ്.ഫേസ്ബുക്കിലെ കവികളോടാണ് അദ്ദേഹം മത്സരിക്കുന്നത്. കവിതയെഴുതാൻ പ്രചോദനമൊന്നും വേണ്ട; വാക്കുകൾ ഉണ്ടായാൽ മതി. അദ്ദേഹത്തിൻ്റെ ക്ഷിപ്രകവിതയ്ക്ക് ആശയങ്ങൾ തന്നെ വേണമെന്നില്ല ;ആശയങ്ങളുടെ അന്തരീക്ഷം മതി.

"കായലോളങ്ങളേ
കാറ്റേ ,പുഴകളേ ,
പാടുക ബുദ്ധപ്രശസ്തി "
(ബുദ്ധനെക്കാണുവാൻ ,മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ഒക്ടോബർ 24)
എന്ന് എഴുതുന്നതിൽനിന്നു എന്താണു മനസിലാക്കേണ്ടത് ? കവിയുടെ അന്തരംഗമില്ലാത്തവിധം കവിത അന്യവത്ക്കരിക്കപ്പെട്ടിരിക്കുന്നു, ചലച്ചിത്രഗാനങ്ങളുടെ രചനയിലെന്ന പോലെ.

5)വി.ആർ.സന്തോഷ് 'ടി.എൻ. ജോയി യെക്കുറിച്ചല്ല 'എന്ന കവിതയിൽ  (ഭാഷാപോഷിണി, നവംബർ ) വിഷയങ്ങൾ നമ്പരിട്ടു ടിപ്പണി നിരത്തിയിരിക്കുകയാണ്. ടിപ്പണിയും അടിക്കുറിപ്പുകളും എല്ലാം ചേരുന്നതാണത്രേ കവിത! . സന്തോഷ് ഗവേഷണത്തിനു പോകുന്നതാണ് നല്ലത്. കവിതയാണെന്നു കരുതി  പ്രബന്ധമെഴുതുകയാണ്.മാവോ സേതൂങ്ങ് വെള്ളത്തിൽ നീന്തിയ ശേഷം ബുദ്ധപ്രതിമകൾ തകർത്തതും സന്തോഷ് തൻ്റെ കവിതയിൽ തിരുകിക്കയറ്റുന്നു.

"ഒരോട്ടം
ഒരു നീന്തൽ
എങ്കിലും അത് ബുദ്ധൻ്റെ 
ശിരസ്സു പിളർക്കാനുള്ള
മാവോയുടെ നീന്തലായിയിരുന്നോ ?"

മാവോയെ ഓർമ്മിപ്പിച്ചു എന്നല്ലാതെ കവിതയുടെ പൊടിപോലും കാണാനില്ല. സന്തോഷ് എഴുതുമ്പോൾ കവിതയൊഴികെ മറ്റെല്ലാം തെളിഞ്ഞു വരുന്നു.

6)നൂറുകണക്കിന് പുസ്തകങ്ങളാണ് പ്രസിദ്ധീകരിക്കപ്പെടുന്നത്. ചില വാരികകളിൽ ഓരോ പുസ്തകത്തെക്കുറിച്ചും രണ്ടോ മൂന്നോ വരികളിൽ 'റിവ്യു' കാണാം.നമ്മുടെ പുസ്തക ചർച്ചകളൊക്കെ എവിടെപ്പോയി ? മൂല്യത്തെക്കുറിച്ച് യാതൊരു ഉത്ക്കണ്ഠയുമില്ലാതെ 'നിഷ്കളങ്കരായിപ്പോയ' നമ്മെ കാലം തിരുത്തുമെന്നുറപ്പാണ്.

7)ഭാരതത്തിൻ്റെ സാഹിത്യഭൂമികയിൽ  വസിഷ്ഠമുനിയുടെ 'യോഗവാസിഷ്ഠ 'ത്തെ മറികടക്കുന്ന ഒരു കൃതിയും  ഉണ്ടായിട്ടില്ല. ഏതു വലിയ മനീഷിയും  ചിന്തിച്ചു, ചിന്തിച്ചു ഒടുവിൽ വസിഷ്ഠ മുനിയിൽ ചെന്ന് തടഞ്ഞുനിൽക്കും.ഒ.വി.വിജയനോ ,വി.എസ്‌. ഖാണ്ഡേക്കറോ , ആരായാലും, അവരിൽനിന്ന് ഭഗവത്ഗീത, യോഗവാസിഷ്ഠം എന്നിവ എടുത്തു മാറ്റിയാൽ പിന്നെ ഒന്നും കാണില്ല. ഭാരതത്തിൻ്റെ പൗരാണിക ചിന്താപദ്ധതികൾ എല്ലാറ്റിനെയും മുൻകൂട്ടി നിർവ്വചിച്ചു വച്ചിരിക്കുകയാണ്. ആ നിർവ്വചനത്തെ സ്വതന്ത്രമായി മറികടക്കാൻ ശേഷിയുള്ള ഒരാളെപോലും കാണാനില്ല.

8)കേരളം എന്ന പേര് മലയാളദിനത്തിൽ മുഴങ്ങി കേൾക്കാറുണ്ട്. എന്നാൽ കേരളം ഭൂമിശാസ്ത്രപരമായ ഒരു ക്രമീകരണമാണ്. കന്യാകുമാരി സംസ്ഥാനത്തിൻ്റെ ഭാഗമാകുമ്പോൾ കേരളമാണ്; അല്ലാതെയും കേരളമുണ്ട്‌. കേരളത്തിനു ഇനിയുമൊരു ഭാഷയില്ല. മലയാളം ഔദ്യോഗികഭാഷയായി  അംഗീകരിക്കാൻ സംസ്ഥാനം ഉണ്ടായി  അറുപത്തഞ്ചുവർഷം കഴിഞ്ഞിട്ടും  സാധിച്ചിട്ടില്ല .കേരളത്തിനു ഭാഷയില്ല. ഈസ്റ്റിന്ത്യാ കമ്പനിയുടെ ഫ്രെയിമിനികത്താണ് കേരളത്തിൻ്റെ മനോഘടനയുടെ ക്ളിനിക്കൽ പെർഫെക്ഷൻ.

9)പത്മാദാസിൻ്റെ 'ചിതറിയ കവിതകൾ' ( എഴുത്ത് ,നവംബർ ) വായനക്കാരനെ ചിതറിക്കാതിരിക്കില്ല.

" പാടത്ത് പട്ടം
പറത്തുന്ന കുട്ടി കാണുന്നില്ല
പാടവരമ്പോടു ചേർന്നുള്ള പൊട്ടക്കിണർ
ഏതുനിമിഷവും ഇടറി വീഴാം
ആ പട്ടം ,
കുട്ടിയും "

ഇതിനെ കവിതയെന്നു വിളിക്കുന്നത് സമകാലയുക്തി മാത്രമല്ല ,ധീരതയുമാണ്! . ഇത്തരം ധീരത വായനക്കാരനെ വലയ്ക്കും .

10)വാക്കുകൾ ഏത് കരിമ്പാറക്കെട്ടിലും തുളച്ചു കയറും. അതുകൊണ്ടായിരിക്കണം വാക്കുകൾ എക്സ് റേ പോലെയാണെന്ന് ആൽഡസ് ഹക്സിലി പറഞ്ഞത്.

 

No comments:

Post a Comment