Monday, December 13, 2021

ചില ആത്മായനങ്ങൾ/അക്ഷരജാലകം/ എം.കെ.ഹരികുമാർ/metrovartha





 
 
 
 
 
 
 
 
 
 
 
 
 
 
ചില ആത്മായനങ്ങൾ link

സാഹിത്യവിമർശനത്തിൽനിന്ന്  അനുഭൂതിയും ആസ്വാദനക്ഷമതയും വറ്റിച്ചുകളഞ്ഞവരാണ് ഉത്തരാധുനികർ .കഴിഞ്ഞ നൂറ്റാണ്ടിൻ്റെ രണ്ടാം പകുതിയിലാണല്ലോ ഉത്തരാധുനിക ചിന്തകർ വിവിധ സിദ്ധാന്തങ്ങളുമായി രംഗത്തു വന്നത്. മിഷേൽ ഫുക്കോ ,റൊളാങ് ബാർത്ത്, ഹോമി കെ.ഭാഭാ, എഡ്വേർഡ് സെയ്ദ് തുടങ്ങി കുറേ സൈദ്ധാന്തികർ ഉത്തരാധുനിക വായനയെ സങ്കീർണവും വിപുലവുമാക്കി. സിദ്ധാന്തം എന്ന നിലയിൽ പലതും പ്രസക്തമാണ്. എന്നാൽ സാഹിത്യവിമർശനത്തിൻ്റെ  രംഗത്ത് സിദ്ധാന്തത്തിൻ്റെ പ്രയോഗം മാത്രമല്ല ഉള്ളത്. അതിൽ വ്യക്തിപരമായ ഒരു തലവുമുണ്ട് .കൃതി വായിക്കുന്നത് ഒരു വ്യക്തിയാണ്; ഒരു വ്യക്തി മാത്രമാണത്. ക്ലാസ് റൂമിലിരുന്ന് കൂട്ടമായി വായിക്കുകയും വായിപ്പിക്കുകയും ചെയ്യുന്നവരുടെ കാര്യമല്ല പറയുന്നത് .മനുഷ്യൻ പുസ്തകം കൈയിലെടുക്കുന്നതിൽ  ഏകാന്തതയുടെ ഒരു പ്രവർത്തനമുണ്ട്. അവൻ താൻ ആയിരിക്കുന്നതിൻ്റെ  വിവിധ ഘടനകളും സങ്കല്പങ്ങളും ഉൾക്കൊള്ളാൻ ശ്രമിക്കുകയാണ്. താൻ കാണാത്ത തന്നിലെ  ആശയങ്ങളെ പുസ്തകങ്ങൾ ചിലപ്പോൾ ചൂണ്ടിക്കാണിച്ചേക്കാം. വായിച്ചാലേ അത് നിജപ്പെടുത്താനാവൂ. വായിക്കുമ്പോൾ മനുഷ്യൻ ഉണരുകയാണ്. ആ  ഉണർവ് വായിക്കുന്നവൻ്റെ മാത്രം ലോകമാണ്. അവന് സ്വയം കൂട്ടാനും കുറയ്ക്കാനുമുള്ള അവസരമാണത്. സ്വയം അഭിദർശിക്കുക എന്ന അവസ്ഥ പ്രധാനമാണ്.

സൗന്ദര്യാസ്വാദനം

എഴുത്തുകാർക്കും ഇതിനു സമാനമായ അനുഭവമുണ്ട് .ഒരാൾ ഒരു നോവൽ എഴുതുകയാണെന്ന് സങ്കൽപ്പിക്കുക. അയാൾക്കുപോലും അറിയാത്ത മേഖലകളിലേക്ക് അയാളെ അത്  കൊണ്ടുചെന്നെത്തിക്കും. ബോധമനസ്സിൽ ആ വ്യക്തി അതിനുമുമ്പ് നേരിട്ടിട്ടില്ലാത്ത ചുഴികൾ പെട്ടെന്ന് പ്രത്യക്ഷമാകും.എഴുത്തുകാരനു സ്വയം നന്നായി അറിയണമെന്നില്ല. അയാൾ എഴുതുന്ന കൃതിയാണ് അത് സാധ്യമാക്കുന്നത്. ആ കൃതി അയാളെക്കാൾ നന്നായി അയാളെ അറിയുന്നു. ഈ യാഥാർത്ഥ്യത്തിലൂടെ വായനക്കാരൻ  കടന്നുപോകുമ്പോൾ വായന സർഗാത്മകമാക്കുന്നു. സാഹിത്യ വിമർശകൻ്റെ വായന  ഇത്തരത്തിലുള്ളതാണ്.

തനിക്ക് സാഹിത്യം ആസ്വദിക്കാൻ കഴിവില്ലെന്ന വാദത്തോട് പ്രതികരിച്ചുകൊണ്ട് വി.സി. ശ്രീജൻ പറയുന്നത് ( പച്ചമലയാളം ,നവംബർ) ഇങ്ങനെയാണ്: 'അവർ മഹത്തെന്ന് കരുതുന്ന കൃതികൾ മഹത്തെന്ന് ഞാൻ പറയുന്നില്ല എന്നതുകൊണ്ടാണ് അവർ ഇങ്ങനെ പറയുന്നത്. അല്ലാതെ അവരാരെങ്കിലും ഞാൻ പുസ്തകം വായിക്കുന്ന വേളയിൽ എൻ്റെ കണ്ണുകളിലൂടെ മനസ്സിലേക്ക് കയറി വന്നു ഞാൻ സഹൃദയത്വം കൂടാതെയാണ് വായിക്കുന്നത് എന്ന് നേരിട്ട് മനസ്സിലാക്കിയിട്ട് പറയുന്നതല്ല. പുസ്തകം വായിക്കുന്ന വേളയിൽ ഞാൻ സഹൃദയത്വം വഴി അനുഭവിക്കുന്ന കലാനന്ദമോ ആസ്വാദനമോ വായനക്കാർക്കുവേണ്ടി പകർത്തുന്നതാണ് എൻ്റെ നിരൂപണമെന്ന് ഞാൻ ആരോടും പറഞ്ഞിട്ടില്ല. വായനക്കാർ സ്വന്തം നിലയ്ക്ക് സാഹിത്യകൃതികൾ ആസ്വദിക്കാൻ ശേഷിയുള്ളവരാണ് ,അവരത് ചെയ്യുന്നവരുമാണ്.പിന്നെ അവർക്കെന്തിനാണ് എൻ്റെ സ്വകാര്യ ആസ്വാദനത്തിൻ്റെ റിപ്പോർട്ട് ?'

ഇത്രയും നിരുത്തരവാദപരമായ  കമൻറ് ഒരു വിമർശകൻ്റെ ഭാഗത്തു നിന്നു ഉണ്ടാകുമെന്നു കരുതിയില്ല. ശ്രീജൻ്റെ വാദങ്ങൾ ഇങ്ങനെ സംഗ്രഹിക്കാം: 1) മറ്റുള്ളവർ ഇഷ്ടപ്പെടുന്ന കൃതികളെ പ്രശംസിക്കാത്തതുകൊണ്ട് ആസ്വാദനശേഷി ഇല്ലാത്തവനെന്ന് അവർ വിളിക്കുന്നു. 2)താൻ പുസ്തകം വായിക്കുന്ന വേളയിൽ ആസ്വദിക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ ആർക്കും കഴിയില്ല. 3)പുസ്തകം വായിക്കുമ്പോഴുണ്ടാകുന്ന ആനന്ദം സാഹിത്യവിമർശനത്തിൽ അവതരിപ്പിക്കുന്നതല്ല നിരൂപണം. 4) വായനക്കാർ കൃതികൾ ആസ്വദിക്കാൻ ശേഷിയുള്ളവരായിരിക്കെ ,ഞാൻ ആസ്വദിച്ചതിൻ്റെ വിവരണം അവർക്കെന്തിനാണ്.

അനുഭൂതി പ്രധാനം

കലാശാലാ അദ്ധ്യാപകനും ഉത്തരാധുനിക നിരൂപകനുമായ ശ്രീജന് ഒരു സാഹിത്യകൃതി വായിച്ചാസ്വദിക്കാൻ കഴിയില്ലെന്ന് തെളിയിക്കുന്ന വാദങ്ങളാണിതെന്ന് ഒറ്റനോട്ടത്തിൽ തന്നെ വ്യക്തമാണ്. കാരണം, ഒരാൾ സാഹിത്യകൃതി വായിക്കുന്നതിൻ്റെ ഏറ്റവും അടിസ്ഥാനപരമായ ചോദന അനുഭൂതിയാണ്. സാഹിത്യചരിത്രം പഠിക്കാനോ ,വ്യാഖ്യാനത്തിൽ ഏർപ്പെടാനോ ,ഭാഷാശാസ്ത്രം വിശകലനം ചെയ്യാനോ അല്ല ഒരാൾ വായിക്കുന്നത് .ഇതെല്ലാം ആവശ്യമായി വന്നേക്കാം. എന്നാൽ ഇതിനെല്ലാം രണ്ടാം സ്ഥാനമേയുള്ളു. പ്രഥമ പരിഗണന കൃതിയിലെ സൗന്ദര്യത്തിനാണ്. ആനന്ദിൻ്റെ 'ആൾക്കൂട്ടം' വായിക്കുന്നത് മുംബൈയിലെ ജീവിതം പഠിക്കാനല്ലല്ലോ . കുഞ്ഞബ്ദുള്ളയുടെ 'മരുന്ന്' വായിക്കുന്നത് ആശുപത്രികിടക്കകളെക്കുറിച്ചുള്ള ഗവേഷണത്തിൻ്റെ ഭാഗമായിയിരിക്കുകയില്ല.

സാഹിത്യം എന്ന അനുഭവത്തിന് വേണ്ടിയാണ് വായിക്കുന്നത്. സഹൃദയത്വം എന്ന വാക്ക് പഴയതാണെങ്കിലും, ശുദ്ധമായ വൈകാരിക വിനിമയങ്ങളും  ഭാവനാപൂർണമായ ആത്മായനങ്ങളും  വായിക്കുമ്പോൾ സംഭവിക്കുന്നുണ്ട്.എന്നാൽ ശ്രീജന് അങ്ങനെയൊന്നും സംഭവിക്കുന്നില്ല. അദ്ദേഹത്തിൻ്റേത് വരണ്ട ചിന്തകളാണ്; സൗഹൃദയത്വത്തിനു എതിരാണത്.
സാഹിത്യവിമർശകൻ്റെ സിദ്ധി  പരിശോധിക്കുന്ന അടിസ്ഥാനഘടകം അയാൾക്ക് കഥയോ കവിതയോ  ആസ്വദിക്കാൻ ശേഷിയുണ്ടോ എന്നതാണ്. എന്നാൽ കൃതി ആസ്വദിക്കാൻ കഴിവില്ലാത്തവരും വിമർശനം എഴുതാറുണ്ട്. അവർ സാധാരണയായി ചെയ്യുന്നത് അനാവശ്യമായി സാഹിത്യചരിത്രത്തിലേക്കോ ,ഛന്ദസ്സിലേക്കോ ,വ്യാഖ്യാനശാസ്ത്രത്തിലേക്കോ എടുത്തു ചാടുക എന്നതാണ്. അവർ ആസ്വാദനത്തിനു പുറത്തുള്ള സകലതും ചർച്ച ചെയ്യും. എന്തെന്നാൽ അവർക്ക് തങ്ങളുടെ ആസ്വാദനദാരിദ്ര്യം മറച്ചുവയ്ക്കാനുണ്ട്.  സാഹിത്യം ഒരു ഭാഷാസൃഷ്ടിയായിരിക്കെ വാക്കുകളുടെ ഉപയോഗവും അതുണ്ടാക്കുന്ന അനുരണനങ്ങളും വായനയിൽനിന്ന് ഒഴിവാക്കാനാവില്ല.

ശ്രീജനെ ആസ്വാദനശേഷിയില്ലാത്ത നിരൂപകൻ എന്ന് വിളിക്കുന്നുണ്ടെങ്കിൽ അതിന് കാരണം മറ്റുള്ളവർ ഇഷ്ടപ്പെടുന്ന കൃതി നല്ലതാണെന്ന് പറയാത്തതുകൊണ്ടല്ല; എഴുതുന്ന ലേഖനത്തിൽ ഹൃദയത്തോട് സംവദിക്കുന്ന യാതൊന്നുമില്ലാത്തതിനാലാണ് .ആ ഭാഷയിൽപോലും അതിൻ്റെ അടയാളങ്ങളില്ലേ? പുസ്തകം വായിക്കുമ്പോൾ ശ്രീജന് ആസ്വാദന ശേഷിയുണ്ടോ എന്ന് പരിശോധിക്കാൻ ആർക്കും കഴിയില്ലെന്ന വാദം പൊള്ളയാണ് .കാരണം, പുസ്തകം വായിച്ചശേഷം ശ്രീജൻ എഴുതുന്ന ലേഖനത്തിൽ അത് വ്യക്തമാകാതിരിക്കില്ല. ആസ്വാദനശേഷിയില്ലാത്തവരുടെ സമീപനവും ഭാഷയും അത് വിളിച്ചുപറയുക തന്നെ ചെയ്യും .

ആത്മീയ ഔന്നത്യം

ഒരു കവിത വായിക്കുമ്പോഴുണ്ടാകുന്ന ആനന്ദം നിരൂപണത്തിൽ പാടില്ല  എന്ന വാദം അസംബന്ധമാണ്. ഉത്തരാധുനികരുടെ സാഹിത്യബാഹ്യമായ താത്പര്യങ്ങളുടെ ഭാഗമാണിത്.വായനയിൽ നിന്നു കിട്ടുന്നത് സൗന്ദര്യവും അനുഭൂതികളും ആശയങ്ങളുമാണ്.
അതുണ്ടാകുന്നില്ലെങ്കിൽ ഹൃദയത്തിനു ചേരാത്ത മറ്റു പലതും എഴുതേണ്ടിവരും .മാത്യു ആർനോൾഡിൻ്റെ 'ഡോവർ ബീച്ച് വായിച്ചാസ്വദിക്കാൻ കഴിയാത്തവൻ ഇംഗ്ളീഷ് കവിതയുടെ ചരിത്രമെഴുതിയായിരിക്കും സ്വന്തം പരിമിതി മറച്ചുപിടിക്കുക.ശ്രീജൻ പറയുന്നതു പ്രകാരം 'ഡോവർ ബീച്ച്' വായിക്കുമ്പോഴുണ്ടാകുന്ന ആത്മീയമായ ഔന്നത്യം ഒരു വിമർശകൻ മറച്ചുപിടിക്കണമത്രേ !
പിന്നെ എന്താണ് എഴുതാനുള്ളത്? ഇംഗ്ലീഷ് കവിതയുടെ ചരിത്രമെഴുതുന്നതല്ല വിമർശനം. വിമർശനത്തിനു സൗന്ദര്യാനുഭവം ഒഴിവാക്കാനാവില്ല. സൗന്ദര്യാനുഭവം ഇല്ലാത്തവരോട് പറഞ്ഞിട്ട് കാര്യമില്ല. ശരിയായ ആസ്വാദനശേഷിയില്ലാത്തവരാണ് മറ്റു വിഷയങ്ങളിലേക്ക് കടക്കുന്നത്.

വായനക്കാർക്ക് സാഹിത്യം ആസ്വദിക്കാൻ കഴിവുള്ളവരാണെന്ന ചിന്ത നല്ലതാണ്. എന്നാൽ അതിനേക്കാൾ താഴേക്ക് വിമർശകൻ  പതിക്കരുത്. വായനക്കാർക്ക്  കഴിവുള്ളതുകൊണ്ട് തൻ്റെ  ആവശ്യമില്ലെന്ന് പറയുന്നത് വിമർശകൻ്റെ ഗതികേടാണ്.വായനക്കാർക്ക് വേണ്ടിയല്ല ഒരാൾ സാഹിത്യം വായിക്കുന്നത് .അവനവനു വേണ്ടിയാണ്.

പാശ്ചാത്യ കലാശാലകളിൽ തന്നെ വിമർശനത്തിലെ ഇത്തരം വരട്ടു വാദങ്ങൾക്കെതിരെ ശബ്ദമുയർന്നുകഴിഞ്ഞു. ഏതാനും വർഷങ്ങൾക്കു മുമ്പ് പ്രമുഖ ഇംഗ്ളീഷ് വിമർശകയായ കാതറിൻ ബെൽസി  'എ ഫ്യൂച്ചർ ഫോർ ക്രിട്ടിസിസം' എന്ന പുസ്തകത്തിൽ സാഹിത്യവായനയിൽ നിന്ന് സഹൃദയത്വം ചോർന്നുപോകുന്നത് ആപത്ക്കരമാണെന്ന് ചൂണ്ടിക്കാട്ടിയതോർക്കുന്നു.ഇത് സാഹിത്യത്തിൻ്റെ മരണത്തിൽ കൊണ്ടെത്തിക്കുമെന്നാണ് അവർ പറഞ്ഞത്.കൃതിയുടെ പാരായണ വേളയിൽ വിമർശകൻ തനിച്ചാകുകയാണ് ചെയ്യുന്നത്. ആ ഏകാന്തതയിലാണ് അയാൾ കലാകാരനായി സ്വയം പുനരാവിഷ്കരിക്കുന്നത്.

ശ്രീജന് കലയില്ല .പിന്നെങ്ങനെ അദ്ദേഹം എഴുതുന്നതിൽ കലയുണ്ടാകും ?സാഹിത്യകൃതിയുടെ  മഹത്വം നിലനിൽക്കുന്നത് അത് വായനക്കാരുടെ മനസ്സിലേക്ക് സന്തോഷം കൊണ്ടുവരുന്നതിനാലാണെന്ന്  ഉത്തരാധുനിക സാംസ്കാരിക പഠനങ്ങളുടെ വക്താക്കൾ മറന്നു പോയി എന്ന് ബെൽസി പറഞ്ഞത് ചിന്തിക്കേണ്ടതാണ് .കൃതിയിലെ വിഷാദഭാവത്തിൽപോലും പ്രത്യേകമായ ആനന്ദമാണ് വായനക്കാർ അനുഭവിക്കുന്നത്. ശോകാന്തമായ 'ചെമ്മീൻ' എന്ന നോവലും 'വീണപുവ് ' എന്ന കവിതയും അനുവാചകൻ്റെ മനസ്സിൽ ഗാനാത്മകമായ ആനന്ദം നിറയ്ക്കുന്നത് അതുകൊണ്ടാണ്.വിഷാദത്തിൽ തന്നെ സൗന്ദര്യവും ആനന്ദവുമുണ്ട്. എന്നാൽ ഇപ്പോൾ യൂണിവേഴ്സിറ്റി പ്രാദേശികകേന്ദ്രങ്ങളുടെയും സാഹിത്യ അക്കാദമി കേന്ദ്രങ്ങളുടെയും  നേതൃത്വത്തിൽ അധ്യാപകവിമർശനത്തെ വായനക്കാരിലേക്ക് അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്‌. സാഹിത്യം തങ്ങൾ ആസ്വദിക്കുകയില്ല, ബുദ്ധിപരമായി വിഘടിപ്പിക്കുകയേയുള്ളു എന്ന തലതിരിഞ്ഞ ചിന്തയാണ് ഈ കേന്ദ്ര ങ്ങൾ ഉല്പാദിപ്പിക്കുന്നത്.

സൂക്ഷ്മേന്ദ്രിയങ്ങൾ

സാഹിത്യാനുഭവത്തിൻ്റെ  സ്വകീയയമായ ഹൃദയപക്ഷങ്ങൾ, വൈകാരികമായ അനുരണനങ്ങൾ, സൂക്ഷ്മേന്ദ്രിയങ്ങളിലൂടെ ഉരുത്തിരിയുന്ന അറിവുകൾ എല്ലാം ഇപ്പോൾ വിസ്മരിക്കപ്പെടുകയാണ്.  പ്രകൃതിയിൽനിന്ന് നേരിട്ട്, ജീവിതത്തിൽനിന്ന് മറയില്ലാതെ രൂപപ്പെടുന്ന സാഹിത്യജ്ഞാനത്തിൻ്റെ  വിദൂരമായ ഒരിടത്തുപോലും ഈ സംവാദങ്ങൾ എത്തുന്നില്ല.വ്യക്തിഗതമായ യാഥാർഥ്യങ്ങളെയും ഭ്രമകല്പനകളെയും  തള്ളിക്കളയുന്ന യാഥാസ്ഥിതിക അക്കാദമിക് വിമർശനം വായനയെ സ്ഥൂലമാക്കുന്നു.

പ്രമുഖ അമെരിക്കൻ രാഷ്ട്രീയചിന്തകനായ ഫ്രാൻസിസ് ഫുക്കുയാമ പറഞ്ഞത് ഇന്നത്തെ ആവർത്തനവിരസമായ ചരിത്രഗതിയിൽ കാലം വിപരീതാർത്ഥങ്ങളുടെ മാനസികാവസ്ഥയായി രൂപാന്തരപ്പെടുന്നുവെന്നാണ്.യാതൊന്നിനെയും നമുക്ക് സമീപിക്കാൻ നിവൃത്തിയില്ല. അതെല്ലാം വിപരീതാർത്ഥമാവുകയാണ്. ചരിത്രത്തെ സമീപിക്കാനാവില്ല; വിധ്വംസകമായവിധം  വ്യാജമായിത്തീരുന്നു. വേദാന്തത്തെ സമീപിക്കാനാവില്ല; അത് യാന്ത്രികമെന്നപോലെ ഗണിതമാവുകയാണ്. സാഹിത്യത്തെ സമീപിക്കാനാവില്ല; അതിന് ഹൃദയഭാഷ നഷ്ടപ്പെടുകയും വരണ്ടതും ശൂന്യവുമായ ഭാഷാവ്യായാമം മാത്രമായി അധ:പതിക്കുകയും ചെയ്യുന്നു. ഫുക്കുയാമയുടെ ചിന്തയിൽ ഇത് തിന്മയിൽ അഭിരമിക്കാനുള്ള താൽപര്യമാണ്. സാഹിത്യത്തിന് ജീവിതവും മനുഷ്യത്വവും നഷ്ടമാകുകയാണെങ്കിൽ പിന്നെ ആര് എന്തെഴുതിയിട്ടും പ്രയോജനുണ്ടായിരിക്കുകയില്ല.

നുറുങ്ങുകൾ

1)വിഷാദഭരിതമായ ജീവിതം നയിക്കുന്ന ഒരുവളെ പ്രകൃതി തിരിച്ചറിയാതിരിക്കില്ല എന്ന് ശ്രീകല മനോജ് 'തിരിച്ചറിവ് '(സ്ത്രീശബ്ദം, നവംബർ) എന്ന കവിതയിൽ എഴുതുന്നു.

വേരറ്റു വീഴുന്ന
ചോലമരത്തിൻ്റെ
നിസ്സഹായതയോട്
എൻ്റെ പേര് ചോദിക്കുക .
വസന്തത്തെ തഴുകാൻ
മറന്നുപോയ
കാറ്റിനോട് എന്നെക്കുറിച്ചാരായുക!"

പ്രകൃതി ആരെയും തിരിച്ചറിയുന്നതല്ലെ ങ്കിലും ,നമുക്ക് നമ്മെത്തന്നെ അതിൽ കാണാനാകും.

2)'ആഗ്നേയശലഭങ്ങൾ'(കലാപൂർണ പബ്ലിക്കേഷൻസ്) എന്ന സമാഹാരത്തിലൂടെ നിസ്സാം .എൻ നഷ്ടപ്പെടുന്ന വൈകാരിക ലോകത്തിനു ഭാഷാപരമായ അസ്തിത്വം നല്കാൻ ശ്രമിക്കുന്നു. പ്രണയം ,സ്നേഹം, രമ്യത, ക്ഷമ തുടങ്ങിയ മഹത്തായ മൂല്യങ്ങളെല്ലാം മറന്നുപോയ ഈ കാലത്ത് കവികൾക്ക് അതെല്ലാം കണ്ടെത്താനായിരിക്കും പരിശ്രമിക്കേണ്ടി വരിക.

കവി എഴുതുന്നു :
"നിൻ്റെ ഹൃദയതടത്തിലെ
കൂട്ടിനുള്ളിൽ
എനിക്കുമൊരു
വേദിയൊരുക്കുമോ
പ്രിയതമേ ".

3)ആനന്ദകലാകേന്ദ്രം (തിരുവനന്തപുരം) ഡയറക്ടറും ചിത്രകാരനുമായ വിൻസൻ്റ് കാഞ്ഞിരംകുളത്തിൻ്റെ 'രഹസ്യം + പരസ്യം =സത്യം' എന്ന കവിതാസമാഹാരം ചിത്ര ,കാവ്യ സമന്വയമാണ്. വിൻസൻ്റിൻ്റെ കവിതകൾക്ക് പല ശൈലികൾ പിന്തുടരുന്ന കലാകാരന്മാർ ചിത്രങ്ങൾ വരച്ചു എന്ന സവിശേഷതയുണ്ട്.

"സത്യം തിരിച്ചറിയുക .
ഒന്നും നേടുവാനോ
നശിക്കുവാനോ ഇല്ല.
എല്ലാ ജീവജാലങ്ങളുടെയും 
പോലുള്ള ഒരു ജീവിതം മാത്രം".
എന്ന് കവി പറയുന്നത് നിസ്വനായ ഒരു  മനുഷ്യൻ്റെ മാനസികാവസ്ഥയായി ലോകം വിലയിരുത്തുന്നു. ലോകത്തെയാകട്ടെ കോവിഡിനുപോലും സ്വാധീനിക്കാനോ നിയന്ത്രിക്കാനോ കഴിയുന്നില്ല.

4)എല്ലാവർക്കും അറിയുന്ന കോവിഡ് കാല വിശേഷങ്ങൾ കവിതയായി എഴുതിവച്ചിരിക്കുകയാണ് എസ് രമേശൻ 'ജയിലുകൾ '(പ്രസാധകൻ ,ഒക്ടോബർ ) .രമേശിനു കാവ്യാനുഭവമില്ല. വർത്തമാന പത്രത്തിൽ കാണുന്നതും കണ്മുന്നിൽ കാണുന്നതുമെല്ലാം അദ്ദേഹം കവിത എന്ന ചിന്തയിൽ തയ്യാറെടുപ്പില്ലാതെ പകർത്തുകയാണ് .

'ഇപ്പോൾ മനസ്സിൽ
ചങ്ങാതിമാരില്ല 
സ്കൂളില്ല
സ്കൂൾ മുറ്റത്തെ
ഞാവൽമരമില്ല.
........
എങ്ങും മുഖാവരണങ്ങൾ'

ഇതൊക്കെ ആർക്കാണ് അറിയാത്തത് ? കവിക്ക് വേണ്ടത് സവിശേഷമായ കാഴ്ചയാണ്. അത് രമേശനില്ല. എല്ലാവർക്കും അറിയാവുന്ന കാര്യങ്ങൾ വലിയ കണ്ടുപിടിത്തം എന്ന മട്ടിൽ എഴുതാതിരിക്കുന്നതാണ് നല്ലത്. സർഗാത്മകതയുടെ സ്പർശംപോലുമില്ല.രമേശൻ്റെ കവനചിന്തകൾക്ക് പ്രസക്തിയില്ല .

5) സക്കറിയയെ രൂക്ഷമായി വിമർശിച്ചുകൊണ്ട്  ഡോ.പി.ശിവപ്രസാദ് എഴുതിയ 'സക്കറിയയുടെ കതിനവെടികൾ '(സാഹിത്യവിമർശം ,ഒക്ടോബർ)എന്ന ലേഖനം സമീപകാലസാഹിത്യത്തിൻ്റെ  ചരിത്രത്തിലേക്ക് കടന്നുചെല്ലുന്നു. സക്കറിയയിൽ രചനാപരമായ വളർച്ച കാണാനായില്ലെന്ന് ലേഖകൻ വിശദീകരിക്കുന്നു. അദ്ദേഹം എഴുതുന്നു: 'കൊച്ചുപുസ്തകങ്ങളിലെ  ഭാഷ സക്കറിയ പാരഡിയെന്ന നിലയിൽ മുമ്പ് ഉപയോഗിച്ചിട്ടുണ്ട്.
'പ്രെയ്സ്  ദ് ലോർഡി'ലും 'എന്തുണ്ട് വിശേഷം പീലാത്തോസേ'യിലും 'ഇഷ്ടികയും ആശാരി'യിലും നാം അത് കണ്ടിട്ടുണ്ട്. അവിടെയും ഒരു  ഘട്ടം കഴിയുമ്പോൾ  ആവർത്തനവിരസമായ ഈ ശൈലി മടുപ്പിക്കുന്നുണ്ട് '.

6)ഒ.വി.വിജയൻ്റെ 'ഖസാക്കിൻ്റെ ഇതിഹാസ'ത്തിനു  അവാർഡ് കൊടുക്കാതിരുന്ന കേരള സാഹിത്യഅക്കാദമി ഖാലിദ് എന്ന നോവലിസ്റ്റിനു അവാർഡ് കൊടുത്തു. വിചിത്രവും വിവരംകെട്ടതുമായ കാഴ്ചപ്പാട്. റഷീദ് പാനൂർ ഇതിനെക്കുറിച്ച് 'സാഹിത്യവിമർശം' മാസികയിൽ (സാഹിത്യത്തിൻ്റെ  ചാണകക്കുഴിയിൽ കേരളസാഹിത്യഅക്കാദമി  എഴുതുന്നുണ്ട്.

7)മലയാളസാഹിത്യത്തിലെ  സ്ഥാപനങ്ങൾ എഴുത്തുകാരെ സൃഷ്ടിച്ച് അവരെക്കുറിച്ച് ചർച്ച നടത്തുകയാണ്. ഒരു എഴുത്തുകാരനെ സൃഷ്ടിക്കണമെങ്കിൽ അയാളുടെ കൃതിയുമായി ഷാർജ പുസ്തകോത്സവ വേദിയിൽ പോയാൽ മതി. അവിടെ വച്ചുതന്നെ അവാർഡ് കൊടുക്കണം.

8)ദീർഘകാലം ഡൽഹിയിലുണ്ടായിരുന്ന ഒ.വി.വിജയന് അവസാന കാലത്ത്  അവിടെ താമസിക്കാൻ ഒരിടം കിട്ടിയില്ല .ഒടുവിൽ രോഗവും സാമ്പത്തികപ്രയാസവും മൂലം നട്ടം തിരിഞ്ഞ വിജയൻ കോട്ടയത്ത്  സഹോദരി ഉഷയുടെ വീട്ടിലാണ് കഴിഞ്ഞത്. വളരെ പരിമിതമായ സാഹചര്യത്തിൽ ജീവിച്ച ആ കാലത്ത്  വിജയനു ഒന്നും എഴുതാനായില്ല. അദ്ദേഹം നിരാശനായിരുന്നു. വാക്കുകളുടെ ആ മഹാചക്രവർത്തിക്ക്  സംസാരിക്കാനാകുമായിരുന്നില്ല. കടലാസിൽ എഴുതിക്കാണിക്കുകയായിരുന്നു. എട്ടുകാലി, എണ്ണ ,അരിമ്പാറ തുടങ്ങിയ ഉഗ്രശബ്ദങ്ങളെ ആവാഹിച്ച കൃതികൾ എഴുതിയ വിജയനാണ് അങ്ങനെ നിശ്ശബ്ദതയിലേക്ക് ആണ്ടുപോയത്. അപ്പോൾ അദ്ദേഹത്തിന് ആ കൃതികളിലേക്ക്  ഒരു പ്രകാശവർഷത്തിൻ്റെ അകലമുണ്ടെന്നു തോന്നി.

9)കുറുക്കന്മാരും മുള്ളൻപന്നികളും എന്നീ രണ്ടു വിഭാഗങ്ങളായി എഴുത്തുകാരെ തരംതിരിച്ചത് ബ്രിട്ടീഷ് ചിന്തകനായ ഇസൈയ്യ ബെർലിനാണ്. കുറുക്കനു വിചിത്രമായ പല കാര്യങ്ങളും അറിയാം. മുള്ളൻപന്നിക്ക് ഒരേയൊരു കാര്യമേ അറിയൂ. ഇസയ്യ പറയുന്നു , ഷേക്സ്പിയർ കുറുക്കനും ടോൾസ്റ്റോയ് ,ദസ്തയെവ്സ്കി എന്നിവർ മുള്ളൻപന്നികളുണെന്ന്.ഇംഗ്ലീഷ് എഴുത്തുകാരനായ കോളിൻ വിത്സൻ ഇത് ഉദ്ധരിച്ചുകൊണ്ട് ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: 'ഞാനൊരു മുള്ളൻപന്നിയാണ് .എനിക്കൊരു  കാര്യമേ അറിയാവൂ; ഞാൻ അത്  ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു. പല കോണുകളിൽനിന്ന് അതിനെ സമീപിക്കുന്നു ,വ്യത്യസ്തമാക്കാൻ. എന്നാൽ അത് ഒരേ ഒരു കാര്യം തന്നെയാണ്.

 

No comments:

Post a Comment