Monday, December 13, 2021

പ്രഭാഷകൻ ഏകാന്തതയിൽനിന്ന് /അക്ഷരജാലകം/ എം.കെ.ഹരികുമാർ/metrovartha

 



 
 
 
 
 
 
 
 
 
 
 
 
പ്രഭാഷകൻ ഏകാന്തതയിൽനിന്ന് link
 

ചൈനയിലെ ഏറ്റവും വലിയ തടവുകാരനെന്ന് അറിയപ്പെട്ട വിമർശകനും എഴുത്തുകാരനുമായ  ലിയു സിയാബോ (1955-2017)യെ ഇന്നത്തെ സാഹചര്യത്തിൽ ഓർക്കുന്നത് നല്ലതാണ്.അദ്ദേഹം ചൈനയിലെ കമ്മ്യൂണിസ്റ്റ് അധികാരത്തിൻ്റെ ഏകമാനസ്വഭാവത്തെ ഒറ്റയ്ക്ക് എതിർക്കുകയാണ് ചെയ്തത്.ടിയാനൻമെൻ സ്ക്വയറിലെ കൂട്ടക്കുരുതിയിൽ പ്രതിഷേധിക്കാൻ 1989 ലാണ് അദ്ദേഹം ചൈനയിലേക്കു തിരിച്ചുവരുന്നത്. അദ്ദേഹം വിവിധ യൂണിവേഴ്സിറ്റികളിൽ അദ്ധ്യാപകനായിരുന്നുവല്ലോ. അനീതിക്കെതിരെ പ്രതികരിച്ചതിനു വിവിധ കാലങ്ങളിലായി പതിനെട്ടു വർഷം ലിയു ചൈനയിലെ ജയിലിൽ തടവിലായിരുന്നു .

നാലാമത് തവണ ജയിലിൽ കിടന്നപ്പോഴാണ് സമാധാനത്തിനു നോബൽ സമ്മാനം ലഭിച്ചത്.അദ്ദേഹത്തിൻ്റെ 'നോ എനിമീസ് നോ ഹേറ്റ്റേഡ്' എന്ന പുസ്തകം സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ചിന്തകൾ അവതരിപ്പിക്കുന്നുണ്ട്;ഇന്ന് ഏറെ പ്രസക്തം .നോബൽ സമ്മാനം സ്വീകരിച്ചുകൊണ്ട് ചെയ്ത പ്രസംഗത്തിൽ, വെറുതെ പ്രസിദ്ധീകരിക്കാൻ വേണ്ടി മാത്രമായുള്ള രാഷ്ട്രീയവീക്ഷണങ്ങൾ അവതരിപ്പിക്കുമ്പോൾ ഒരു ബുദ്ധിജീവി നഷ്ടപ്പെടുത്തുന്നത് ജനങ്ങളോട്  സത്യം തുറന്നുപറയാനുള്ള അവസരമാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.

പരിമിതികൾ മാത്രം

നിയന്ത്രണങ്ങൾ പെരുകിയ ഈ കാലത്ത് എഴുത്തുകാരൻ സ്വാതന്ത്ര്യം തീരെയില്ലാത്ത ഒരു വർഗമാണെന്ന് തിരിച്ചറിയുന്നവരുണ്ട്. ഒരു പ്ളംബർക്കോ, മൊബൈൽ മെക്കാനിക്കാനോ പോലും എഴുത്തുകാരനേക്കാൾ സ്വാതന്ത്ര്യമുണ്ട്. ഫേസ്ബുക്കിൽ സ്വന്തം അഭിപ്രായം എഴുതുന്ന ഒരു സാധാരണക്കാരനു ഇന്നത്തെ എഴുത്തുകാരനേക്കാൾ സ്വാതന്ത്ര്യമുണ്ട്. അയാൾക്ക് ആരെയും പേടിക്കേണ്ടല്ലോ. ഇപ്പോൾ  എഴുത്തുകാരന് എഴുതാൻ പരിമിതികൾ മാത്രമേയുള്ളൂ. സമൂഹമാധ്യമങ്ങൾ സ്വാതന്ത്ര്യം ആഘോഷിക്കുമ്പോൾ എഴുത്തുകാരന് അതിനു അർഹതയില്ല .അവനു പ്രസാധകൻ്റെ അടിമയാകേണ്ടിവരുന്നത് മനസ്സിലാക്കാം. എന്നാൽ മറ്റെല്ലാ  സംഘടിതശക്തികളോടും അവന് അനുരഞ്ജനപ്പെടുകപോലും വേണ്ട. അനുരഞ്ജനപ്പെടേണ്ട ഒരു വ്യക്തിയേയല്ല അവൻ; എഴുത്തുകാരൻ ഒരു വ്യക്തിപോലുമല്ല ഇപ്പോൾ .അയാൾ ഒരു ഗണമാണ്. അയാളെപോലെയുള്ള പതിനായിരം പേരിൽ ഒരാൾ.

അയാൾക്ക് നിലനിൽക്കാനായി ഒരിഞ്ച് മണ്ണ് പോലുമില്ല. ആകെയുള്ളത് അയാളുടെ പുസ്തകങ്ങൾ വിൽക്കാനായി ഏതെങ്കിലും സ്റ്റാൾ  എവിടെയെങ്കിലുമുണ്ടെങ്കിൽ, അവിടെയുള്ള പുസ്തകഷെൽഫിലെ ഒരിഞ്ച് ഇടമാണ് .അവിടെ അയാൾക്ക് സകലശക്തിയുമുപയോഗിച്ച്  നെഞ്ചുവിരിച്ച് നിൽക്കാം. ഒരു വായനക്കാരനോ വായനക്കാരുടെ കൂട്ടമോ പുസ്തകശാലയിലേക്ക്  കടന്നുവന്ന് അയാളുടെ പുസ്തകത്തിനു സമീപത്തു കൂടെ  നടന്നുപോകുമ്പോൾ ,ആ  പുസ്തകത്തിൽ അവർ ഒന്ന് സ്പർശിക്കുകയാണെങ്കിൽ ,എടുത്തു മറിച്ചുനോക്കുകയാണെങ്കിൽ അയാൾ ജീവിച്ചിരിക്കുന്നു എന്നാണർത്ഥം.

ആരും ശ്രദ്ധിച്ചില്ലെങ്കിലും നുറു വർഷം കഴിയുമ്പോൾ സ്വന്തം ശക്തിയോടെ  തിരിച്ചുവരുന്ന പുസ്തകങ്ങളുടെ കാര്യമല്ല പറയുന്നത് .ഒരു ശരാശരി എഴുത്തുകാരൻ്റെ പുസ്തകച്ചന്തയെക്കുറിച്ചാണ് സംസാരിക്കുന്നത്.
പുസ്തകഷെൽഫിലെ  ഒരിഞ്ചിനായിപോലും പടവെട്ടാൻ കഴിവില്ലാത്തവരാണ് ഇന്നത്തെ എഴുത്തുകാർ .കാരണം ,ആ ഷെൽഫുകൾപോലും പലരും കൈയേറിയിയിരിക്കുന്നു.
അവിടെ പരിഭാഷകളുടെയും  യാത്രാവിവരണങ്ങളുടെയും ഓർമ്മകളുടെയും രണ്ടാംതരം പുസ്തകങ്ങൾ രോമാഞ്ചത്തോടെ  കയറിയിരിക്കുകയാണ്.

വ്യാജപ്രതിഛായ

എന്തിനാണ് താൻ എഴുതുന്നതെന്ന് ചോദിച്ചാൽ ഇവർക്കെല്ലാം ഉത്തരമുണ്ട്;കൂടുതൽ കോപ്പികൾ  വിറ്റതിന് റെക്കോർഡ് ഇടാനും പുരസ്കാരം വാങ്ങാനും പണമുണ്ടാക്കാനും .ഇതിനെല്ലാമുള്ള ഒരു ജന്മമാണ് എഴുത്തുകാരൻ്റേതെന്ന് ഇപ്പോൾ ഏറെക്കുറെ അംഗീകരിക്കപ്പെട്ടിരിക്കുന്നു. ആൾക്കൂട്ടങ്ങളുടെയും സംഘടനകളുടെയും ഭാഗമാണെന്ന പ്രതിഛായ പരത്തി ഒരു വ്യാജ വ്യക്തിത്വമായേ ഇന്ന് എഴുത്തുകാരന് നിലനില്ക്കാനാവൂ.

ഫ്രഞ്ച് എഴുത്തുകാരനായിരുന്ന ഷാങ്ങ് പോൾ സാർത്രിൻ്റെ സാഹിത്യജീവിതം ആഗ്രഹിക്കാനോ മോഹിക്കാനോ ഇന്നാർക്കും കഴിയില്ല .ഒരു സാഹിത്യ സൈദ്ധാന്തികനാവുകയും അതിനായി നാടകങ്ങളും നോവലുകളും കഥകളും തിരക്കഥകളും ഓർമ്മക്കുറിപ്പുകളും എഴുതുകയും ചെയ്യുന്ന സംസ്കാരം നമുക്കിനി എത്തിപ്പിടിക്കുക അസാധ്യമാണ്. നമ്മുടേത് ഫാസ്റ്റഫുഡ് പോലെയുള്ള ഒരു സാഹിത്യസംസ്കാരമാണ്. പത്രാധിപന്മാർക്ക് വേണ്ടിയാണല്ലോ  കഥകൾ, കവിതകൾ തുടങ്ങിയവ  എഴുതുന്നത്. ചില ആനുകാലികങ്ങളിൽ ഏതാനും പേർ  ആഴ്ചതോറും കവിതയെഴുതിക്കൊണ്ടിരിക്കുന്നത്, പുതിയ കവികൾക്ക് അവിടെ ഇടം കിട്ടാതിരിക്കുക എന്ന ലക്ഷ്യം കൂടി മുന്നിൽ കണ്ടാണ് .

ഇന്നത്തെ സാഹചര്യം നോക്കൂ. ഒരെഴുത്തുകാരനും താൻ ജീവിച്ചിരിക്കുന്ന കാലത്തെ അറിയുന്നില്ല. പലരും ഒന്നും വ്യക്തമാവാത്ത വിധമാണ് പ്രതിഷേധ കവിത എഴുതുന്നത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ജീവിതം എഴുതപ്പെടുന്നേയില്ല. ഏതോ  നൂറ്റാണ്ടിൽ കഴിയുന്ന പ്രതീതിയാണുള്ളത്. തോപ്പിൽ ഭാസിയെപോലെ താൻ ജീവിച്ചകാലത്തെ നേരിടാൻ ഒരു കലാകാരനും  ഇന്നു ധൈര്യമില്ല. എല്ലാ എഴുത്തുകാരും സംഘടനകൾക്കുള്ളിൽ  സുരക്ഷിതരാണ്. സ്വാതന്ത്ര്യത്തേക്കാൾ സുരക്ഷിതത്വം നേടുകയാണ് ഉത്തമം . സംഘടനയുടെ ഉടമകൾ നല്കുന്ന പൂച്ചെണ്ടുകൾ എല്ലാ ആശയാന്വേഷണഭ്രാന്തുകളെയും ശമിപ്പിക്കും. സംഘടനകൾ ശുഭനിദ്രയാണ് എഴുത്തുകാർക്ക് വാഗ്ദാനം ചെയ്യുന്നത്.രാഷ്ട്രീയ പാർട്ടികൾ തമ്മിലുള്ള സംഘട്ടനങ്ങൾ ,കൊലപാതകങ്ങൾ ,തട്ടിക്കൊണ്ടു പോകൽ ,ഭവനഭേദനം തുടങ്ങിയവയൊന്നും എഴുത്തുകാരന് അറിഞ്ഞതായി പോലും ഭാവിക്കാനാവില്ല. അതിനെക്കുറിച്ച് അഭിപ്രായം പറഞ്ഞാൽ ,നേരത്തെ സൂചിപ്പിച്ച പുസ്തകസ്റ്റാളിലെ ആ ഒരിഞ്ച് സ്ഥലം കൂടി നഷ്ടപ്പെടും.

പൊന്നാട എന്ന തിരശ്ശീല

എല്ലാ അരുതായ്കകളെയും അനീതികളെയും കണ്ടില്ലെന്ന് നടിക്കുന്നിടത്താണ് ഒരാളുടെ വിജയം. അയാൾ സുരക്ഷിതത്വം എന്ന അമൃത് ഭക്ഷിച്ചു ദിനംപ്രതി ചീർത്തു വരും. അയാളുടെ ഷഷ്ടിപൂർത്തി, സപ്തതി തുടങ്ങിയ വിശേഷാവസര പൊന്നാട കളെല്ലാം ഭദ്രമായിരിക്കും. വിസ്മരിക്കപ്പെട്ട ,വിറങ്ങലിച്ച ജീവിതങ്ങളുടെ നിശ്ശബ്ദതയ്ക്ക് മേലുള്ള തിരശ്ശീലയായി മാത്രമേ ഇത്തരം പൊന്നാടകളെ കാണാനാവുകയുള്ളൂ.ആ പൊന്നാടകൾ ചരിത്രത്തോട് ആവശ്യപ്പെടുന്നത് പരിപൂർണ്ണമായ നിശ്ശബ്ദതയാണ്. ഒന്നിനോടും പ്രതികരിക്കാതെ, സ്വന്തം പ്രതിഛായയും പുസ്തകഷെൽഫിലെ ഇടവും പരിപാലിച്ചതിനുള്ള ആദരവ് മാത്രമല്ല അത്; എല്ലാ ദീനരോദനങ്ങളെയും സഹായാഭ്യർത്ഥനകളെയും സ്നേഹഭാഷണങ്ങളെയും  തൃണവൽഗണിച്ചതിനുള്ള പാരിതോഷികവുമാണ്.

ചില ആപത്ഘട്ടങ്ങളിൽ, എഴുത്തുകാർക്ക് ആത്മവഞ്ചന ചെയ്തതിന് പുരസ്കാരങ്ങൾ വാങ്ങേണ്ടിവരും. ജീവിച്ചിരിക്കെ, തന്നെയൊരു മരണക്കോലമാക്കിയ സഹപ്രവർത്തകരോട് പൊട്ടിത്തെറിച്ച് ചങ്ങമ്പുഴ എഴുതിയ 'പാടുന്നപിശാച് ' ഇത്തരക്കാരെ തുറന്നു കാണിക്കുകയാണ്. ആത്മസംഘർഷവും പീഡനവും പുച്ഛവും നിന്ദയും ഏൽക്കേണ്ടി വന്ന ചങ്ങമ്പുഴ തൻ്റെ പ്രിയസുഹൃത്തായിരുന്ന പി.കെ. ബാലക്യഷ്ണനെഴുതിയ കത്തിൽ താനൊരു നരകമായി കഴിഞ്ഞുവെന്നു വിലപിക്കുന്നുണ്ട് .പാടുന്ന പിശാചിനൊത്ത് വായനക്കാർ എങ്ങനെ നൃത്തം വയ്ക്കും ?എന്നാൽ  വായനക്കാരെ അഴിമതിക്കാരാക്കാൻ  എളുപ്പമാണ് .

എം. എൻ വിജയൻ സംഭവം

പരസ്യങ്ങളും പ്രഭാഷണങ്ങളും ഇന്ന്  ഒരുപോലെയാണ് .പ്രഭാഷണങ്ങൾ ഇന്ന് സംഘടിതശക്തികളുടെ പ്രചാരണോപാധിയാണ്. പ്രഭാഷണ വേദിയില്ലെങ്കിലും ,പത്രസമ്മേളനവേദിയിൽ എം. എൻ. വിജയൻ കുഴഞ്ഞുവീണു മരിച്ചത് സമകാലിക പ്രഭാഷണവേദിയുടെ മരണമായി വ്യാഖ്യാനിക്കാവുന്നതാണ്.വിജയൻ്റെ മരണത്തോടെ പ്രഭാഷണവേദി അസ്തമിച്ചു എന്നു പറയാം. ഒരാൾ തനിക്ക് വേണ്ടി തൻ്റെ കാലത്തിൻ്റെ  മനസ്സാക്ഷിയോട് നടത്തുന്ന സംഭാഷണമാണ് പ്രഭാഷണം. അത് ഒരിക്കലും ഒരു കക്ഷിക്ക് വേണ്ടി ആയിരിക്കില്ല; മറിച്ച്, തൻ്റെ  കാലഘട്ടത്തിൽ ആരും ശ്രദ്ധിക്കാതെ കിടക്കുന്ന ,പൊടിപിടിച്ച് അനാഥമായി അവശേഷിച്ച ചിന്തകളുടെ ഛായാചിത്രങ്ങൾക്കുവേണ്ടി ആയിരിക്കും .അഗണിക്കപ്പെട്ടതും വോട്ടവകാശമില്ലാത്തതുമായ ആ ഛായാചിത്രങ്ങൾക്ക് സമകാലികത നല്കുകയാണ് പ്രഭാഷണം ചെയ്യുന്നത്.ഇന്നത്തെ യുജിസി സ്റ്റാറ്റസുള്ള പ്രഭാഷണങ്ങൾക്ക് പിന്നിൽ ത്രസിച്ചു നില്ക്കുന്നത് വലിയ ശമ്പള സ്കെയിൽ തന്നെയാണ്.ഒരു വമ്പൻ ശമ്പള സ്കെയിലിനു പ്രഭാഷണത്തെ പ്രചരിപ്പിക്കാനും ഉടുത്തൊരുക്കാനും കഴിയും.

ഒരു വലിയ ആൾക്കൂട്ടത്തിൻ്റെ സൗജന്യങ്ങൾ പറ്റിക്കൊണ്ട് ,അവരുടെ താത്ക്കാലിക ചിന്താശകലങ്ങൾക്ക് കൂടുതൽ മൈലേജ് ഉണ്ടാക്കാൻ വേണ്ടി അസുഖകരവും കാലഹരണപ്പെട്ടതുമായ വെറുപ്പ്  സൃഷ്ടിക്കുന്നതല്ല പ്രഭാഷണം.പ്രഭാഷണത്തിൽ ആദ്യം വർജ്ജിക്കേണ്ടത് യാഥാസ്ഥിതിക, ജീർണ ,പുരാതന ചിന്തകളെയാണ്. പ്രഭാഷണം എന്ന വാക്കിൽ തന്നെ ഒരു നവമുകുളം അടങ്ങിയിരുപ്പുണ്ട്. പറഞ്ഞതല്ല പ്രഭാഷണം;  പറയാത്തതാണ്. ആരും പറയാത്തതുകൊണ്ടാണ് ഒരു പ്രഭാഷകൻ ആവശ്യമായി വരുന്നത്.
ചിന്താശൂന്യതയാണ് ഈ കാലത്തിൻ്റെ  അടയാളമെന്നു പറഞ്ഞു മഹാനായ കുറ്റിപ്പുഴ കൃഷ്ണപിള്ള പ്രഭാഷണ വേദിയിൽ നിന്ന് നിഷ്ക്രമിച്ചത്  വലിയൊരു അടയാളമാണ്. മതത്തിലും രാഷ്ട്രീയത്തിലുമെല്ലാം പെട്ടെന്ന് കയറി വിശ്വസിച്ച് ഭക്തന്മാരാവുന്നതിനെ  ജീവിതനിഷേധമായി അദ്ദേഹം കണ്ടു. ക്ഷിപ്രവിശ്വാസം ജീവിതപുരോഗതിക്ക് എതിരാണെന്ന് കുറ്റിപ്പുഴ ചൂണ്ടിക്കാട്ടുന്നു.മാർട്ടിൻ ലൂതർ കിങ്ങിൻ്റെ ഒരു വാദം  കുറ്റപ്പുഴ  ഉദ്ധരിക്കുന്നുണ്ട്: ചിന്തിക്കുക  എന്നതിൽ കവിഞ്ഞ് ബുദ്ധിമുട്ടുള്ള ഒരു കാര്യം ചിലർക്കില്ല .

നിരാസ്പദമായ സത്യം

ആത്മജ്ഞാനികളെ ,കുറ്റിപ്പുഴയെപോപരിഹസിച്ചവർ അധികം വരില്ല. ആത്മാവിനെ അറിയാതെ ചിലരെങ്കിലും ആത്മജ്ഞാനികളാകുന്നു. ആത്മാവ് കെട്ടുകഥയാണെന്ന് ആധുനിക നാഡീശാസ്ത്രം തെളിയിച്ചുകഴിഞ്ഞ സാഹചര്യത്തിൽ കുറ്റിപ്പുഴയുടെ  വാക്കുകൾക്ക് ശക്തി കൂടുകയാണ്. കുറ്റിപ്പുഴയെപോലെ നമ്മുടെ സാംസ്കാരിക പ്രശ്നങ്ങളെ വിമർശിക്കുകയും പരിഹസിക്കുകയും  ചെയ്തവർ കുറവാണ്. എന്തുകൊണ്ട്, അദ്ദേഹം എല്ലാ വിശ്വാസത്തെയും എതിർത്തു? താൻ സ്വതന്ത്രനായ ഒരു എഴുത്തുകാരനാണെന്ന് തെളിയിക്കാൻ വേണ്ടിയല്ല; തന്നിൽ സ്വാതന്ത്ര്യം നിലനിൽക്കുന്നു എന്ന് സ്വയം ബോധ്യപ്പെടാനാണ്.

റൊമേനിയൻ ,അമെരിക്കൻ എഴുത്തുകാരനും വിമർശകനുമായ എലീ വിസൽ(1928 - 2016) 'ഫോർ ഡെഡ് ആൻഡ് ദ് ലിവിങ്, വി മസ്റ്റ് ബിയർ വിറ്റ്നസ് '(മരിച്ചവർക്കും ജീവിക്കുന്നവർക്കും വേണ്ടി നമുക്ക് സാക്ഷ്യം പറയാം) എന്ന വാക്യം പ്രഭാഷകൻ്റെ സത്യസന്ധതയുടെ കൊടിയടയാളമായിരിക്കണം. സത്യങ്ങൾ എവിടെ നിന്നും കുഴിച്ചെടുക്കണം. ഒരു കക്ഷിയോടോ ,ഭരണത്തോടോ മാത്രമായി വിധേയത്വം പുലർത്തുമ്പോൾ അവിടെ പലതും മൂടിവയ്ക്കേണ്ടി വരും. സത്യത്തിൻ്റെ പ്രവാഹം നിരാസ്പദമാണ്. വാദിക്കാനാളില്ലാത്തതുകൊണ്ട് ഒന്നും നിസ്സാരമാകുന്നില്ല. ജീവനില്ലാത്തതിനു ജീവൻ കൊടുക്കുമ്പോഴാണ് പ്രഭാഷകൻ ഉണ്ടാവുന്നത് .പ്രഭാഷകൻ്റെ പിന്നിൽ ആൾക്കൂട്ടമുണ്ടാകരുത്; എന്നാൽ മുന്നിൽ ആൾക്കൂട്ടം കണ്ടേക്കാം. ശൂന്യമായ ഇടങ്ങളെ നോക്കി പ്രസംഗിക്കുന്നവനിൽ സത്യമുണ്ട്. കാരണം ,അവൻ തൻ്റെ വാദങ്ങൾ തല കുലുക്കി സമ്മതിക്കുന്നവരെ നേരത്തേ തന്നെ കണ്ടെത്തിക്കഴിഞ്ഞവനല്ല. തൻ്റെ ആൾക്കൂട്ടത്തെ മറ്റു മാർഗത്തിൽ സംഘടിപ്പിച്ചശേഷമല്ലല്ലോ അവൻ പ്രഭാഷണത്തിനു വരുന്നത് .പ്രഭാഷകൻ ഏകാന്തതയിൽ നിന്നാണ് വരുന്നത് .അവൻ ബൈബിളിലെ സഭാപ്രസംഗിയെപോലെ  പൊടിമണ്ണിൻ്റെ പേരിലായാലും സത്യം പറയും; ശൂന്യതയെ മുഖാമുഖം നേരിടും.

നുറുങ്ങുകൾ

1)മലയാള സാഹിത്യം ക്ളരിക്കൽ നരേറ്റീവ് എന്ന നിലയിലേക്ക് ഇപ്പോൾ നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഒരു ക്ളാർക്കിൻ്റെ നിയമാനുസൃതമായ നിഗമനങ്ങളും വിലയിരുത്തലുകളും  മാത്രം.ഉത്തരവാദിത്വപൂർണമായ ഒരു വാചകംപോലും ഉണ്ടായിരിക്കുകയില്ല.
പ്രതിഷേധമോ എതിർപ്പോ ഇല്ലാതെ വെറും ഓർമ്മകളും അത്മകഥകളുമായി ഒരു കാലം കടന്നു പോവുകയാണ്.

എല്ലാവരെയും ഭയന്ന് എല്ലാവരോടും മുൻകൂട്ടി അനുവാദം വാങ്ങിച്ചുകൊണ്ടുള്ള ഒരു കണ്ണീരൊഴുക്കൽ ,ഒരു റിപ്പോർട്ടിങ് - സാഹിത്യം പൂർത്തിയായി.അതിൻ്റെ ഏറ്റവും നല്ല ഉദാഹരണമാണ് എം.മുകുന്ദൻ എഴുതിയ 'കുടവയറുകാരും കൊമ്പൻ മീശക്കാരും (ഗ്രന്ഥാലോകം ,നവംബർ).

ഒരാൾ സ്വപ്നം കാണുകയാണ്. ഉണർന്നശേഷം വീണ്ടും ആ സ്വപ്നം തന്നെ കാണുകയാണ്. ഏതോ രാജ്യത്തു കൂടി ഒരുവൻ കുതിരയോടിച്ചു പോവുകയാണ്. എന്തിന് ? കുതിരക്കാരൊക്കെ കടവയറുകാരാണത്രേ. വളരെ 'പ്രസക്ത'മായ വിഷയം! .
അറുപതു വർഷം മുമ്പ് എഴുതി ഉപേക്ഷിക്കേണ്ട കഥയാണിത്.ദ്രവിച്ച് ,ഉപയോഗശൂന്യമായ ഭാഷയിലാണ് എഴുതിയിരിക്കുന്നത്. 'കുതിര കല്യാണിയെയുംകൊണ്ട് ഇരുട്ടിലൂടെ ശരവേഗത്തിൽ പാഞ്ഞു ; അവർ പോയി നിമിഷങ്ങൾക്കകം ഇരുപതു കുടവയറുകാർ മുന്നിൽനിന്നും പുറകിൽനിന്നും വന്നു അയാളെ വലയം ചെയ്തു'.യാതൊരു വളർച്ചയില്ലാതെ നില്ക്കുകയാണ് എം.മുകുന്ദൻ എന്ന കഥാകൃത്ത്. രാഷ്ട്രീയചിന്തകളും പാരതന്ത്ര്യത്തോടുള്ള ആഭിമുഖ്യവും മുകുന്ദനെ മൗനിയാക്കിയിരിക്കുന്നു ,നിഷ്ക്രിയനാക്കിയിരിക്കുന്നു.

2)അഷിതിയുടെ കഥകളെക്കുറിച്ചുള്ള ഒരു റിപ്പോർട്ടിംഗാണ് ഡോ.കെ.ബി. ശെൽവമണി എഴുതിയ 'ഇലയനങ്ങാത്ത ധ്യാനനിശ്ശബ്ദത '(പ്രസാധകർ ,ഡിസംബർ) എന്ന ലേഖനം .
പ്രശംസീനയമായ ഒരു നിരീക്ഷണമോ ചിന്തയോ ലേഖനത്തിലില്ല.  അഷിതയുടെ കഥകളുടെ ഉള്ളടക്കം ചുരുക്കിപ്പറഞ്ഞു കമൻ്റടിച്ചു വിടുകയാണ്. 'അമ്മ വഴക്കുപറഞ്ഞതിന് മേലാസകലം മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയ മകളും അവൾ പൊള്ളലേറ്റു പിടഞ്ഞപ്പോൾ കെട്ടിപ്പുണർന്ന് മരണത്തിലേക്ക് പോയ അമ്മയും ഈ കഥയിലുണ്ട്' എന്നിങ്ങനെയാണ് ലേഖകൻ  എഴുതുന്നത്. ഇതൊക്കെ ക്ലാസ് റൂമുകളിൽ പറയാൻ കൊള്ളാം.

3)അൻവർ അലി 'മെയ്ദിന ഗാനം '(പ്രസാധകൻ ,ഡിസംബർ) എഴുതിയിരിക്കുന്നത് ഡിസംബറിലാണ് എന്നത് ആശ്ചര്യം ജനിപ്പിച്ചു.

'എങ്കിലും വന്നുദിക്കണേ
മെയ്ദിനത്തിൻ്റെ 
താരകേ
വ്യാധിയാം കടൽ താണ്ടുവാൻ
നീ വഴികാട്ടിയാവണേ'
എന്നു പലയിടത്തും ആവർത്തിക്കുന്നതല്ലാതെ മറ്റൊന്നും കാണാനില്ല. അടിസ്ഥാനപരമായി കവിതയോടടുക്കാൻ അൻവർ അലിക്ക് കഴിയുന്നില്ല.

4)ഷാജി ഷൺമുഖത്തിൻ്റെ 'ഭൂമി വാതിൽ എന്ന പ്രേമകൗമുദി'(പുലിറ്റ്സർ)എന്ന  സമാഹാരത്തിലെ കവിതകൾ പ്രണയവും ഭൂമിയും തമ്മിലെന്ത് എന്ന ചോദ്യം ഉന്നയിക്കുന്നതായി തോന്നി. സറിയലിസ്റ്റിക് പ്രകൃതിയാണ് കവി തേടുന്നത്.

'സന്ധ്യ വിളിക്കുന്നു
ജനലിലൂടെ ഞാൻ
കണ്ടു നിൽക്കുന്നു 'എന്ന്
'ജനലിന്നക്കരെ' എന്ന കവിതയിൽ  എഴുതുമ്പോൾ
'ദൂരേന്ന് വരുകില്ലേ
പെൺസ്നേഹം' എന്ന് 'കോളേജ് ഡേയ്സ് 'എന്ന കവിതയിൽ വായിക്കാം.

'വരിക നഗ്നയായി
അരികിൽ കൂട്ടുകാരി
നഗ്നനായ് ഞാനും കൂടെ
ഭൂമിയും നഗ്നയായി' എന്ന് 'തേൻ പുടവ പൂവേ വാ തെൻട്രൽ തേട്' എന്ന കവിതയിൽ കുറിക്കുന്നു. മനുഷ്യാത്മാവിൻ്റെ അപര്യാപ്തതകളെ  അറിയുകയും അതിൽ നിന്നു രക്ഷതേടി പ്രേമാന്ധതകളിൽ അഭയം തേടുകയാണ് കവി.

5)സാമ്രാജ്യത്വാനന്തര സൈദ്ധാന്തിക ചിന്തയുടെ പ്രധാന കേന്ദ്രങ്ങളിലൊന്നായ ഹോമി കെ. ഭാഭ തൻ്റെ 'ദ് ലൊക്കേഷൻ ഓഫ് കൾച്ചർ' എന്ന കൃതിയിൽ സംസ്കാരത്തെ വിജ്ഞാനശാസ്ത്രമെന്ന നിലവിട്ടു കുറേക്കൂടി സജീവവും വിശേഷകല്പനയുമായി സമീപിക്കുകയാണെന്ന് എഴുതുന്നുണ്ട്.
സംസ്കാരത്തിൻ്റെ അർത്ഥം വീണ്ടും മാറുകയാണ്. കോൺണ്ടിനെൻ്റൽ , ഡിജിറ്റൽ സൈറ്റായി ലോകം മാറിയതോടെ സംസ്കാരം ഒരാളുടെ ആർജിതവസ്തുവിഭവമാവുകയാണ്. പ്രകൃതിയിൽനിന്ന് എന്നപോലെ സംസ്കാരം സ്വീകരിക്കാം;വില കൊടുത്തു വാങ്ങാം.
കൂടിയ വിലയ്ക്കു വാങ്ങുന്നതും  സംസ്കാരം തന്നെയാണ്. മാർക്കറ്റിലെ ബ്രാൻഡു നെയിമുകൾ സംസ്കാരമായി പുനർനാമകരണം ചെയ്യപ്പെടുകയാണിപ്പോൾ.

6)നാണത്തിൻ്റെ കെടുതിയിൽ നിന്ന് പിൻവാങ്ങിയവർ നാണം മാറ്റാൻ തിരിച്ചെത്തുന്നതിനെക്കുറിച്ചാണ് വിമീഷ് മണിയൂർ (നാണപ്പൈസ, മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ഡിസംബർ 5) എഴുതുന്നത്.
വിമീഷിൻ്റെ ഒരു ചിന്താപ്രശ്നത്തെ കവിതയിലാക്കുകയാണ് ചെയ്യുന്നത്. ഇന്നു പദ്യവൽക്കരണവും ഗദ്യവൽക്കരണവും സാർവത്രികമാണ്.

'തുണികൊണ്ടു
പതാകകൾ
എത്ര വലിയ രാജ്യത്തിൻ്റെയും
ഇത്തിരിയുള്ള നാണം മറച്ചു'.

എന്നെഴുതുന്നത് ഒരു ലഘൂകരണമാണ്;ആ ലഘൂകരണത്തെയോർത്തു വായനക്കാരനു ചിരിക്കുകയുമാവാം.

7)ഒരു മനുഷ്യനിൽ 'ഞാൻ' എന്ന ഏകവ്യക്തിത്വമില്ലെന്ന് റഷ്യൻ ആത്മീയ  ചിന്തകനായ ജോർജ് ഇവാനോവിച്ച് ഗുർജിഫ് വാദിച്ചു. ആയിരക്കണക്കിന് വ്യത്യസ്തരായ 'ഞാൻ' ആണ് ഒരാളിൽ  പ്രവർത്തിക്കുന്നതത്രേ.ഇവർ തമ്മിൽ ഒരു ബന്ധവുമില്ല; എന്നാൽ  പരസ്പരം എതിർക്കുന്നവരുമാണ്. ഓരോ നിമിഷത്തിലും മനുഷ്യൻ 'ഞാൻ' എന്നു പറയുന്നുണ്ടെങ്കിലും അതെല്ലാം ഒന്നിനൊന്നു വ്യത്യസ്തമാണ്.

8)വലിയ പ്രസാധകരുടെ സൗഹൃദ വലയത്തിൽപ്പെട്ട് എഴുതുന്നവർക്ക് ഒരു നോവൽ കൊണ്ട് ഒരു കോടി രൂപയിലേറെ സമ്പാദിക്കാം. അഞ്ഞൂറ് രൂപ വിലയുള്ള നോവലിൻ്റെ പത്തു പതിപ്പ്, ഒരു ഇംഗ്ലീഷ് പരിഭാഷ എന്നിവ ധാരാളമാണ് ഇത്രയും തുക സമാഹരിക്കാൻ.

9)ഇ.എം.എസ്, കെ. ദാമോദരൻ തുടങ്ങിയവർ മലയാളത്തിൽ എഴുതിയെങ്കിലും അത് ബൗദ്ധികമായ ചിന്തകൾ മലയാളലിപിയിൽ അവതരിപ്പിച്ച ഫീലാണ് തരുന്നത്.
എന്നാൽ കെടാമംഗലം പപ്പുക്കുട്ടിയും പി.ഭാസ്ക്കരനും  കവിതയിലാണെങ്കിലും അതിൽ മലയാളം മഞ്ഞൾ മുറിച്ചപോലെ തെളിഞ്ഞുകാണപ്പെട്ടു.മലയാള വാക്കുകളുടെ ഓർമ്മകൾ ആരായേണ്ടതുണ്ട്. അതറിഞ്ഞുകൊണ്ടാണ്  പുതിയ സർഗമേഖലകൾ രൂപപ്പെടേണ്ടത്. വാക്കുകൾ വിളിച്ചുകൊണ്ടുവരുന്ന അനുരണനങ്ങളുണ്ടാവണം.

 

No comments:

Post a Comment