ഗുരുവും ആത്മാവിൻ്റെ രാഷ്ട്രീയവും 40
എം.കെ.ഹരികുമാർ
ആത്മീയതയുടെ ശരീരരാഷ്ട്രീയം
ആത്മീയചിന്തകളും
ധാർമ്മിക സങ്കടങ്ങളും കത്തിജ്വലിച്ചു നിൽക്കുന്ന മാനവജീവിതത്തിൽ
ആത്മീയതയുടെ രാഷ്ട്രീയംകൂടി ഗുരു ചർച്ചചെയ്തു. ചർച്ച മാത്രമല്ല
പ്രവൃത്തികളും ഉണ്ടായിരുന്നു. ഒരാൾ മുന്നോട്ടുകൊണ്ടുപോകുന്ന ആശയങ്ങൾ എന്ന
നിലയിലാണ് ഇപ്പോൾ രാഷ്ട്രീയത്തെ പലരും കാണുന്നത്. തിരഞ്ഞെടുപ്പിലോ
ഭരണത്തിലോ നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾക്കുള്ള മറുപടി എന്ന നിലയിലേക്ക്
രാഷ്ട്രീയം ചുരുങ്ങി. ചില ആശയങ്ങൾ പ്രചരിപ്പിക്കുന്നതായി ഭാവിക്കുന്നു.
എന്നാൽ അതിൻ്റെ ഭാവിയോ ഉത്തരവാദിത്വമോ ആരും ശ്രദ്ധിക്കുന്നില്ല.
ഒരു
കൂട്ടത്തിലായിരിക്കുമ്പോഴാണ് അത്തരം ആശയങ്ങൾ പ്രസക്തമാകുന്നത്.
ഉദാഹരണത്തിനു തുല്യ നീതി ,ആൺ - പെൺ തുല്യത തുടങ്ങിയ ആശയങ്ങൾ ഒരു കൂട്ടമായി
നിന്നാണ് ഇന്ന് ആളുകൾ വാദിക്കുന്നത് .കാരണം ,അപര്യാപ്തതകൾ ഒരു
കൂട്ടത്തിൻ്റേതാണ്. അപ്പോൾ സമാനമനസ്കർ ഒത്തുകൂടുകയും അവർ എതിർ പക്ഷത്തുള്ള
യാഥാസ്ഥിതിക മനസ്കരുമായി ഏറ്റുമുട്ടുകയും ചെയ്യുന്നു. എന്നാൽ ഗുരുവിൻ്റേത്
രാഷ്ട്രീയമനുഷ്യൻ എന്ന ആശയം മാത്രമല്ല ;ആത്മീയമനുഷ്യനിലെ രാഷ്ട്രീയം എന്ന
ചിന്തയാണ് തോടു പൊട്ടിച്ചു പുറത്തു വരുന്നത്.
താൻ
വെറുമൊരു മനുഷ്യൻ മാത്രമല്ല, ചുറ്റുമുള്ളതിനെ നന്നാക്കാൻ വേണ്ടി
പ്രവർത്തിക്കുന്ന സംഘത്തിലെ ഒരാൾ മാത്രമല്ല ,താൻ സ്വയമൊരു നവ
ആത്മീയമനുഷ്യനാണെന്നും തന്നിലെ രാഷ്ട്രീയത്തെ അതിൽനിന്ന് വേർപെടുത്താൻ
കഴിയില്ലെന്നുമാണ് ഗുരു പഠിപ്പിച്ചത്. ഗുരു കേവല വ്യക്തിയല്ല .തന്നിലൂടെ
രൂപപ്പെടുന്നത് നവമാനവ ആത്മീയരാഷ്ട്രീയത്തിൻ്റെ പ്രവർത്തങ്ങളുടെ
സംഘാതമല്ല; ഒരു സമൂഹശരീരവും അതിൻ്റെ രാഷ്ട്രീയവുമാണ്. ആൾക്കൂട്ടത്തിനിടയിൽ
നിൽക്കുമ്പോഴല്ല ഗുരുവന് ഈ രാഷ്ട്രീയമുള്ളത്.
ഒറ്റയ്ക്ക്
നിൽക്കുമ്പോഴും ചിന്തിക്കുമ്പോഴും ചെടികൾ നടുമ്പോഴും പ്രാർത്ഥിക്കുമ്പോഴും
പ്രതിഷ്ഠ നടത്തുമ്പോഴും സംസാരിക്കുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും
പാചകശാലയിൽ കയറുമ്പോഴും അതേനിലയിൽ ഗുരുവിൻ്റെ രാഷ്ട്രീയം
പ്രവർത്തിക്കുന്നു. ഗുരുവിൻ്റെ രാഷ്ട്രീയം പ്രസ്താവനയോ ആഹ്വാനമോ ,
വാഗ്ദാനമോ , പദ്ധതിയോ , രൂപരേഖയോ അല്ല ;അത് പ്രായോഗിക പ്രവർത്തനങ്ങളുടെ
ഉണ്മയാണ്. ഗുരുവിൽനിന്ന് ഈ രാഷ്ട്രീയത്തെ എടുത്തു മാറ്റാനാവില്ല .
ഗുരു
ജീവിച്ച ഇടങ്ങളിലെല്ലാം വൃക്ഷങ്ങൾക്ക് പ്രാധാന്യം കൊടുത്തിട്ടുണ്ട്.
കിളികളെ ഇഷ്ടമായിരുന്നു. പൂക്കളെ സ്നേഹിച്ചു. വൃക്ഷങ്ങൾ നമ്മൾ
തന്നെയാണെന്ന് പ്രമുഖ ജർമ്മൻ സ്വിസ്സ് നോവലിസ്റ്റ് ഹെർമ്മൻ ഹെസ്സെ
പറയുന്നത് ഇവിടെ ഓർക്കണം. ഇതും രാഷ്ട്രീയമാണ്. ആഗ്രഹങ്ങളെ വർജിക്കണമെന്ന്
പറയുന്നത് ജീവിതനിഷേധമല്ല; അത് മനുഷ്യൻ്റെ കറകളഞ്ഞ ,സാത്വികമായ പാത
തെളിച്ചെടുക്കാനുള്ള ഒരുക്കമാണ് .തിന്മകൾ ഒഴിഞ്ഞുപോകാൻ ആഗ്രഹങ്ങളിലുള്ള
നിയന്ത്രണം ആവശ്യമാണ്. സന്യാസിയായിരിക്കുക , വിഷയസുഖങ്ങളിൽ നിന്ന് മാറി
നിൽക്കുക, ലോകോപകാരപ്രദമായ വിധം എഴുതുകയും സംസാരിക്കുകയും ചെയ്യുക
,വ്യക്തിപരമായി യാതൊന്നും സംസാരിക്കാതിരിക്കുക, തൻ്റെ ശാരീരികമായ,
വ്യക്തിപരമായ ആവശ്യങ്ങൾ, അവശ്യവസ്തുക്കൾ എന്നിവ പരമാവധി ലഘൂകരിക്കുക,
സകലരെയും ഒന്നായിക്കണ്ട് അവരിലൊരാളായി സ്വയം ദർശിക്കുക തുടങ്ങിയവയെല്ലാം
ഗുരുവിൻ്റെ സവിശേഷമായ ആത്മീയരാഷ്ട്രീയത്തിൻ്റെ പ്രത്യക്ഷമാനങ്ങളാണ്.
ജാതി
ഒന്നാണെന്ന് പറയുന്നതും ഒരു രാഷ്ട്രീയമാണ്. കാരണം, മനുഷ്യർ തമ്മിൽ
വർഗ്ഗപരമായ വ്യത്യാസം നിലനിൽക്കുന്നുണ്ടെന്ന് സ്ഥാപിച്ചാൽ, പിന്നെ
മാനവവംശത്തിൻ്റെയാകെ മോചനം എന്ന ആശയം വിജയിക്കില്ല. ആളുകൾ അവരവരുടെ
കൂട്ടങ്ങളിലേക്ക് പിൻവാങ്ങുകയും അവയെല്ലാം തമ്മിലുള്ള മാനവമൈത്രി
നഷ്ടപ്പെടുകയും ചെയ്യും .
മനുഷ്യജാതിയുടെ രാഷ്ട്രീയം
മനുഷ്യജാതിയുടെ
ഏകത്വം ഒരു കാഴ്ചയും തത്ത്വചിന്തയുമാണ്. അതിൽ രമ്യതയും സഹവർത്തിത്വവും
പ്രവർത്തിക്കുന്നുണ്ട്. മഹാചിന്തകനായ കുറ്റിപ്പുഴ കൃഷ്ണപിള്ള ഒരിക്കൽ
ജാതിചിന്തയിലെ ഏകത്വത്തെക്കുറിച്ച് ഗുരു പറഞ്ഞ ന്യായം ഉദ്ധരിക്കുന്നത്
ഇങ്ങനെയാണ്: " ജാതി ഒന്നാണെന്നതിനു തെളിവൊന്നും വേണ്ടല്ലോ. ഒരു പട്ടി
വേറൊരു പട്ടിയെ കണ്ടാൽ അതിൻ്റെ സ്വന്തം ജാതിയാണെന്ന് മനസ്സിലാക്കുന്നു.
എല്ലാ മൃഗങ്ങൾക്കും ഈ വകതിരി വുണ്ട് .അതനുസരിച്ച് ജീവിക്കുന്നുമുണ്ട്.
മനുഷ്യർക്ക് മാത്രം സംശയം. സ്വന്തം ജാതി തിരിച്ചറിയാനുള്ള ശക്തിയില്ല.
മൃഗങ്ങളേക്കാൾ മോശം ".
മനുഷ്യൻ്റെ ഉള്ളിൽ
കടന്നുകൂടിയിരിക്കുന്ന അധമവും വികലവുമായ ഒരു ബോധത്തെ ഉന്മൂലനം ചെയ്യാനാണ്
ഗുരു പ്രയത്നിച്ചത്. ഗുരു അത് പറയുക മാത്രമല്ല പ്രവർത്തിക്കുകയും ചെയ്തു.
ആലുവയിലെ
പാചകശാലയിൽ ഗുരു നിയോഗിച്ചവരിൽ ജാതിയുടെ പേരിൽ
അപമാനിക്കപ്പെട്ടവരുമുണ്ടായിരുന്നു. ജീവികളെ കൊല്ലരുതെന്ന് പറയുന്നത്,
ഇന്ന് ഏറ്റവും പ്രസക്തമായ രാഷ്ട്രീയചിന്തയാണ്. രാഷ്ട്രീയം എന്നാൽ
മനുഷ്യൻ്റേത് മാത്രമാണെന്നും അവിടെ പ്രകൃതിയെ നശിപ്പിച്ചുകൊണ്ട്
വിജയക്കൊടി നാട്ടണമെന്നും പറയുന്നത് അസംബന്ധമാണ്.
മനുഷ്യനു
മാത്രമായി ഈ ലോകത്ത് ജീവിക്കാനൊക്കുമോ ?പ്രകൃതി നമ്മോടൊപ്പമില്ലെങ്കിൽ
നാം ശേഷിക്കില്ല. ബാക്ടീരിയപോലും നമുക്കായി പ്രവർത്തിക്കുന്നു. തേനീച്ചകൾ
,ഉറുമ്പുകൾ, പൂച്ചകൾ, പട്ടികൾ തുടങ്ങി കാണാവുന്നതും അതുല്യവുമായ ജീവികൾ
പ്രവർത്തിക്കുന്നതുകൊണ്ടാണ് മനുഷ്യൻ ജീവിക്കുന്നത്. അത് മനസ്സിലാക്കാതെ
,എല്ലാം മനുഷ്യർക്ക് ആസ്വദിക്കാനും നശിപ്പിക്കാനുമുള്ളതാണെന്ന
അർത്ഥശൂന്യമായ വാദമുന്നയിക്കുന്നത് അപൂർണവും വിധംസകവുമായ രാഷ്ട്രീയമാണ്.
സൂപ്പുണ്ടാക്കാനായി സ്രാവിൻ്റെ ചിറകുകൾ അരിഞ്ഞെടുക്കുന്നു; എന്നിട്ട്
സ്രാവിനെ കടലിൽ തള്ളുന്നു. അത് കടലിൽ തുഴയാനാകാതെ പെട്ടെന്ന് മരിക്കുന്നു.
ഇത് മനുഷ്യൻ്റെ ഇന്നത്തെ രാഷ്ട്രീയത്തിൻ്റെ ക്രൂരമായ മുഖമാണ്. എല്ലാ
മാനവികരാഷ്ട്രീയവും ഈവിധം ക്രൂരമാണിന്ന്. എങ്ങനെയാണ് ഈ ക്രൂരതയ്ക്ക് നടുവിൽ
നിന്നുകൊണ്ട് സമാധാനത്തെക്കുറിച്ചും പ്രകൃതിയെക്കുറിച്ചും
സംസാരിക്കുന്നത്?
കടലിനെ സംരക്ഷിക്കുന്നത് അമേരിക്കൻ ഗ്രന്ഥകാരി
റേച്ചൽ കാർസ (Rachel carson)ൻ്റെ ചുമതലയാണെന്ന് കരുതി മാറിയിരിക്കരുത്.
കടലിനെ സംരക്ഷിക്കാൻ നമുക്കെല്ലാം ബാധ്യതയുണ്ട്. അതിനുള്ള ഒരു
വിദ്യാഭ്യാസവും എവിടെയുമില്ല. സ്രാവുകളുടെ ചിറകുകൾ അരിയാത്തകാലം വരെയും
ഗുരുവിൻ്റെ രാഷ്ട്രീയത്തിനും പ്രസക്തിയുണ്ട്.
അത് ആത്മീയമായ അനിവാര്യതയുടെ രാഷ്ട്രീയമാണ്. തന്നോടൊപ്പം ഈ ലോകവും നിലനിൽക്കണമെന്ന പവിത്രമായ ബോധമാണത്.
കൊല്ലാത്തവനും രാഷ്ട്രീയമുണ്ട്
" കൊല്ലായ്കിലവൻ ഗുണമുള്ള പുമാ-
നല്ലായ്കിൽ മൃഗത്തൊടു തുല്യനവൻ , കൊല്ലുന്നവനില്ല ശരണ്യത മ -
റ്റെല്ലാ വക നന്മയുമാർന്നിടിലും".
(ജീവകാരുണ്യപഞ്ചകം)
കൊല്ലാത്തവനാണ് നല്ല മനുഷ്യൻ. അവനിലാണ് ഗുരു നാളത്തെ ലോകത്തെ കാണുന്നത് .ഇന്നത്തെ എന്നപോലെ നാളത്തെയും രാഷ്ട്രീയമാണത്.
ലോകത്തിനു
ഇതുവരെ അത് ഉൾക്കൊള്ളാനായിട്ടില്ല. കൊല്ലുന്നവന് മൃഗത്തോട് ചേരാം. മൃഗങ്ങൾ
കൊല്ലുന്നത് അവയുടെ അസ്തിത്വപരമായ പ്രതിസന്ധി മൂലമാണ്. ഒരു പുലിക്ക്
മറ്റൊരു
ജീവിയെ കൊല്ലാതെ ജീവിക്കാനാകില്ല എന്നുള്ളത് ദൈവവിധിയാണ്. എന്തെന്നാൽ
പച്ചിലകൾ തിന്നാനുള്ള രുചി ദൈവം അതിന് നല്കിയിട്ടില്ല. പിറവിയിൽ തന്നെ ദൈവം
അവയെ അപരാധിയാക്കിയിരിക്കയാണ് ,കൊല്ലാനും തിന്നാനും .ഇത് പുലിയുടെ
അസ്തിത്വപ്രതിസന്ധിയാണ്. അതിൽ നിന്നു പുലിക്ക് മോചനമില്ല .അതിനാൽ
ജീവിക്കാനായി പുലിക്കു കൊന്നേ തീരു. എന്നാൽ മനുഷ്യന് അങ്ങനെയൊരു
പ്രശ്നമില്ല. അവനു കൊല്ലുക എന്ന ജന്മവാസനയില്ല. അത് അവൻ സ്വാർത്ഥമായ
ഇച്ഛയിൽ നിർമ്മിച്ചെടുത്തതാണ്. അനാവശ്യമായി കൊല്ലുന്നു; തിന്നാനും
അല്ലാതെയും കൊല്ലുന്നു. വിനോദത്തിനുവേണ്ടി കൊല്ലുന്നു. ഭയം മൂലം
കൊല്ലുന്നു.
കൊല്ലുന്നവനു ഒരിടത്തും അഭയം
കിട്ടുകയില്ലെന്ന് ഗുരു പ്രഖ്യാപിക്കുന്നു. അവനെ കാലം വർജിക്കണം .എല്ലാ
നന്മകളുമുണ്ടെങ്കിലും കൊല്ലുന്നവന് ഒരിടത്തും പ്രവേശനം പാടില്ല .കാരണം,
അവൻ മാനവവംശത്തെയാണ് നശിപ്പിക്കുന്നത് .അവൻ ദുഷിച്ച സംസ്കാരമാണ്
പ്രചരിപ്പിക്കുന്നത്.
അവൻ വെറുപ്പിൻ്റെ ഉപജ്ഞാതാവാണ്. അവൻ്റെ
ചിന്ത അവൻ മാത്രം ജീവിച്ചാൽ മതിയെന്നാണ്. അവൻ സ്വാർത്ഥതയുടെ ആൾരൂപമാണ്.
കൊല്ലുന്നവൻ മൃഗമായിരിക്കെ അവനോടെങ്ങനെ ലോകക്ഷേമത്തെക്കുറിച്ചു പറയും?.ലോകം
മിഥ്യയായിരിക്കുന്നത് ഈ കൊല്ലൽ മൂലമാണ് .മാനവവംശത്തെ രണ്ടായി തിരിക്കാം ;
കൊല്ലുന്നവനും കൊല്ലാത്തവനും. ഈ രാഷ്ട്രീയം ഗുരു അവതരിപ്പിക്കുന്നത്
തൻ്റെ ആത്മാവിലെ മനുഷ്യൻ്റെ മോചനം എന്ന ലക്ഷ്യത്തോടുകൂടിയാണ്.
കൊല്ലാതിരിക്കാനാണ് രസരുചിയിൽ നിന്ന് മാറി നിൽക്കണമെന്ന് ഗുരു
ഉപദേശിക്കുന്നത്. ചില രുചികൾ ശീലമാക്കിയാൽ നാം സഹജീവികളോട് ക്രൂരത
കാണിക്കും. ആഗ്രഹങ്ങളുടെ ഉന്മൂലനം മഹത്തായ രാഷ്ട്രീയമാകുന്നത് ഇവിടെയാണ്.
അതിൽ സമ്പദ്ശാസ്ത്രവുമുണ്ട് .കുറച്ചു വസ്തുക്കൾകൊണ്ട് ജീവിക്കാനാകുമെങ്കിൽ
ചെലവു ചുരുക്കാം; രുചികളെ നിയന്ത്രിക്കാം. വിപണിയിൽ കിട്ടുന്നതെന്തും
രുചിച്ചുനോക്കണമെന്ന് ശഠിക്കുന്നത് സർവ്വനാശത്തിലേക്കുള്ള വാതിലാണ്.
സകലജീവികളുടെയും മാംസത്തിൻ്റെ രുചി നോക്കണമെന്ന ചിന്ത ആപത്ക്കരമാണല്ലോ.
അതുകൊണ്ട് ഇച്ഛകളെ പരമാവധി കുറച്ചുകൊണ്ടുവരണം. എന്നാൽ ഇതൊരു പീഢയാകരുത്.
അതിൻ്റെ അവബോധം നേടുകയാണ് വേണ്ടത്. ഇതാണ് ആത്മീയമനുഷ്യൻ്റെ
രാഷ്ട്രീയത്തിൻ്റെ പ്രധാന ഏടുകളിലൊന്ന്.
ഇങ്ങനെ
പരിമിതമായ വിഭവങ്ങൾകൊണ്ട് സമാധാനത്തോടെ ജീവിക്കാനാകുമെങ്കിൽ ,ഈ ലോകത്തുള്ള
എല്ലാവർക്കും അതുപോലെ ജീവിക്കാനുള്ള വിഭവങ്ങൾ ബാക്കിയാകും. ദാരിദ്രൃം
തനിയെ മാറും.
തിന്നുന്നവൻ തന്നെ കൂടുതൽ ഭക്ഷിക്കുന്നത്
അനീതിയാണ്; തിന്നാത്തവനും വേണം. ഉടുക്കുന്നവൻ തന്നെ ഉടുത്തുകൊണ്ടിരുന്നാൽ
പോരാ; ഉടുക്കാത്തവനും ഉടുക്കണം. ഈ മഹത്തായ ലക്ഷ്യമാണ് ഗുരുവിൻ്റെ
രാഷ്ട്രീയത്തിൻ്റെ ഘടകങ്ങളിലൊന്ന്.
അദൃശ്യതയുടെ അനുഭവം
"കാണുന്ന കണ്ണിനൊരു ഭണ്ഡവുമില്ല കണ്ടെൻ
പ്രാണൻ വെടിഞ്ഞിടുകിലെന്തിനു പിന്നെയെല്ലാം!
കാണും നിറം തരമിതൊക്കെയഴിഞ്ഞെഴും നിൻ
ചേണുറ്റ ചെങ്കഴലു തന്നു ജയിക്ക ശംഭോ !"
(ഇന്ദ്രിയവൈരാഗ്യം)
കണ്ണുകൾ
എല്ലാം കാണും .കാണുകയാണല്ലോ കണ്ണിൻ്റെ ധർമ്മം .അതിൽ ക്ളേശമില്ല. എന്നാൽ
കണ്ണുകൾകൊണ്ട് കാണേണ്ടിവരുന്ന വ്യക്തിക്ക് അതുകൊണ്ടൊന്നും മോചനമില്ല.
കാണലിൻ്റെ ലഹരിയിൽ വ്യക്തി ജയിക്കുന്നില്ല. അവന് നാശം സംഭവിക്കുക തന്നെ
ചെയ്യും .പിന്നെ എന്തിനാണ് താൻ നേടിയതെല്ലാം?
കാഴ്ചയിലൂടെ നിറം,
തരം എന്നിവയൊക്കെ ലഭിക്കുമെങ്കിലും അതില്ലാതാകുന്നിടത്താണ് ദൈവത്തിൻ്റെ
പ്രഭാവമുള്ളത്. അതായത് ,അപ്രത്യക്ഷതയുടെ, അദൃശ്യതയുടെ അനുഭവമാണ് ദൈവം
.'നിറം തരമിതൊക്കെയഴിഞ്ഞെഴും 'എന്നത് ദൈവത്തിൻ്റെ പ്രത്യക്ഷതയിലേക്കുള്ള
വാതിലാണ്. ദൈവം അദൃശ്യമായിരിക്കുന്ന ലോകത്തിൻ്റെ സുവിശേഷമാണത്.
അല്ലെങ്കിൽ, എല്ലാ നിറ ,ഗുണങ്ങളും കഴിഞ്ഞാണ് അത് നിലനിൽക്കുന്നത്. മറ്റുള്ള
രുചിക്കും നിറഭേദങ്ങൾക്കും വിദ്യകൾക്കും അപ്പുറമുള്ള ഒരു ലോകമാണത്. ആ
ലോകം മാനവരാശിയുടെ മഹത്വത്തിലാണുള്ളത്. നമ്മൾ കാണാത്ത മനുഷ്യരും ജീവികളും
മോചനത്തിലായിരിക്കുന്നതിനു ,നമ്മുടെ ഇത്തിരിപ്പോന്ന ലഹരികളിൽ നിന്ന്
വിടുതൽ നേടണമെന്ന രാഷ്ട്രീയമാണിത്.
സമൂഹബ്രഹ്മമഠവും പഞ്ചശുദ്ധിയും
ഗുരുവിൽ
ശരീരം ആത്മീയരാഷ്ട്രീയമാണ്. ശുചിയായിരിക്കുക ,പഞ്ചശുദ്ധി പരിപാലിക്കുക
എന്നു പറയുമ്പോൾ ശരീരം വിശുദ്ധമായ ഒരു ആരാധനാലയം പോലെയാണ്.
പഞ്ചേന്ദ്രിയങ്ങൾ ശുദ്ധമായാലേ പഞ്ചഭൂതങ്ങൾ ശുദ്ധമായിരിക്കുകയുള്ളു. ഇന്ന്
പഞ്ചഭൂതങ്ങളും മലിനമായിരിക്കുകയാണ്. എന്തുകൊണ്ട് ?മനുഷ്യൻ്റെ ശരീരം
അശുദ്ധമായതുകൊണ്ട്. പഞ്ചശുദ്ധിയില്ലാത്തവൻ്റെ രാഷ്ട്രീയം അപൂർണമാണ്.
അതുകൊണ്ട് ആഗ്രഹങ്ങളെ നിസ്സാരമാക്കിയ ഗുരു ഉത്തരവാദിത്തങ്ങളെ വലുതായി
കണ്ടു.
ശരീരത്തിലാണ് ജീവിച്ചിരിക്കുന്നത്.
ശരീരത്തിലാണ് ശുദ്ധിയും രാഷ്ട്രീയവും പുലരേണ്ടത്. ശരീരങ്ങൾ ചേരുന്നതോടെ
അത് വിശാലമായ രാഷ്ട്രീയ ഇച്ഛാശക്തിയായി മാറുന്നു. സാമൂഹികബ്രഹ്മമഠമായി ഗുരു
അദ്വൈതത്തെ മാറ്റുന്നത് ശരീരങ്ങൾ തമ്മിലുള്ള വ്യത്യാസങ്ങൾ, അകൽച്ച
ഇല്ലാതാക്കിക്കൊണ്ടാണ്. ശരീരം ശരീരത്തെ വെറുക്കുമ്പോൾ ആത്മീയഐക്യം
എങ്ങനെയുണ്ടാകും ?
ഭാരതത്തിൻ്റെ ചരിത്രത്തിൽ പലരും ആത്മീയഐക്യവും
യോജിപ്പും ആഹ്വാനം ചെയ്തത് ശരീരങ്ങളിൽ ഒറ്റപ്പെട്ടു വസിച്ചുകൊണ്ടാണ്.
ആത്മീയതയിലൂടെയാണ് ശരീരങ്ങൾ തമ്മിലുള്ള അകലം ഇല്ലാതാക്കുന്നത്. ഇതിനു
സഹായിക്കുന്നത് ആത്മീയതയുടെ ശരീരരാഷ്ട്രീയമാണ്
No comments:
Post a Comment