ഹെക്ടർ
ഗാർസിയ ,ഫ്രാൻസെസ് മിറാലെ എന്നിവർ ചേർന്നെഴുതിയ 'ഇക്കിഗൈ ' എന്ന
പുസ്തകത്തെപ്പറ്റി ഏതാനും മാസങ്ങൾക്ക് മുൻപ് ഈ പംക്തിയിൽ എഴുതിയിരുന്നു.
ഇക്കി ഗൈ എന്നാൽ ജീവിതമൂല്യം എന്നാണർത്ഥം.
ഇരുവരും ചേർന്നെഴുതിയ
മറ്റൊരു പ്രധാന പുസ്തകമാണ് 'ഇച്ചിഗോ ഇച്ചിയെ '. ഓരോ നിമിഷത്തെയും
അതുല്യമായി കാണണമെന്ന സന്ദേശമാണ്, ജാപ്പനീസ് ജീവിതവിജയത്തിൻ്റെ മന്ത്രമായ
ഇച്ചിഗോ ഇച്ചിയെ.'ഇപ്പോൾ നമ്മൾ അനുഭവിക്കുന്നത് പിന്നീട് ഒരിക്കലും
സംഭവിക്കുന്നതല്ല' എന്നാണ് ഇതിൻ്റെ സാരം.അതുകൊണ്ട് ഓരോ നിമിഷത്തെയും
അമൂല്യമായി കാണണം .ഒരാൾ തൻ്റെ ജീവിതത്തിലെ നിമിഷങ്ങളെ ഉദാസീനമായി
കാണുകയാണെങ്കിൽ അതിൻ്റെ മൂല്യം അയാളെ പഠിപ്പിക്കുന്നതിന് ജപ്പാൻകാർ ഈ മാർഗം
സ്വീകരിക്കുന്നു.
ഇച്ചിഗോ എന്നാൽ ജപ്പാൻ ഭാഷയിൽ
ഒരിക്കൽ എന്നാണർത്ഥം. ഇച്ചിയെ എന്നാൽ കണ്ടുമുട്ടൽ എന്നും. അല്ലെങ്കിൽ ഈ
നിമിഷം ഒരവസരമാണ് എന്നർത്ഥം .ഓരോ സമാഗമവും അനുഭവവും അതുല്യമായ ഒരു ധനമാണ്;
അത് പിന്നീട് ഒരിക്കലും കിട്ടുന്നതല്ല. അത് അറിയാതെ അലസമായാൽ ,ആ അനുഭവം
എന്നേക്കുമായി നഷ്ടപ്പെടും.ബുദ്ധിസ്റ്റ് പ്രമാണങ്ങളിൽ പറഞ്ഞിട്ടുള്ളതാണ്
ഇച്ചിഗോ ഇച്ചിയെ .അത് ജനനം മുതൽ മരണം വരെയുള്ള സമയത്തെയാണ്
വിവക്ഷിക്കുന്നത്. ഒരിക്കൽ മാത്രമേ ജീവിക്കുന്നുള്ളു എന്ന പൊതുതത്വം ഏറെ
പ്രചാരമുള്ളതാണല്ലോ. മനുഷ്യർക്ക് ഇച്ചിഗോ ഇച്ചിയെ എന്താണെന്ന്
അറിയാത്തതുകൊണ്ടാണത്രേ അവർ ദുഃഖത്തിൽ അമരുന്നത്. സമയത്തിൻ്റെയും
സന്ദർഭത്തിൻ്റെയും അപൂർവമായ ലാവണ്യവും ക്ഷണികതയും മനസ്സിലാക്കണം.
സ്പെയിനിലെ
ഒരു ആശ്രമത്തെക്കുറിച്ച് ഈ ഗ്രന്ഥത്തിൽ പറയുന്നുണ്ട് .ഇടനാഴിയിൽ രണ്ട്
സന്യാസിമാർ കണ്ടുമുട്ടുമ്പോൾ അവർ പരസ്പരം പറയുന്നത് ഇപ്രകാരമാണ്: 'സഹോദരാ
,ഒരു ദിവസം താങ്കൾ മരിക്കുമെന്ന് ഓർക്കണം'. ഈ ഓർമപ്പെടുത്തൽ അവരെ സ്ഥിരമായി
'ഇപ്പോൾ 'എന്ന സമയമുനയിൽ പിടിച്ചുനിർത്താൻ സഹായിക്കുന്നു.സങ്കടങ്ങളെ
വിട്ട് ഓരോ നിമിഷവും ആസ്വദിക്കാൻ പ്രേരിപ്പിക്കുന്നു. റോമൻ ചിന്തകനായ
മാർകസ് ഒറേലിയസിൻ്റെ 'മെഡിറ്റേഷൻസ്' എന്ന കൃതിയിൽ പറയുന്നത്
ഗ്രന്ഥകാരന്മാർ ഉദ്ധരിക്കുന്നുണ്ട്: 'ജീവിതത്തിലെ നാടകം എന്നു പറയുന്നത്
മരണമല്ല; ഒരിക്കലും ജീവിതം തുടങ്ങാൻ കഴിയില്ല എന്നതാണ്'.
ജീവിതത്തിൽ
ഒരേപോലെ നമ്മൾ പിന്നീട് എവിടെയെങ്കിലും ഒരുമിക്കുന്നുണ്ടാവാം. എന്നാൽ
അപ്പോൾ നമ്മുടെ മനസ്സിലെ ചിന്തകൾ വ്യത്യസ്തമായിരിക്കും. മനസ്സ് പല
സംഘർഷങ്ങളിൽപ്പെട്ടിട്ടുണ്ടാവും. ഓരോ ചായസൽക്കാരവും ഇച്ചിഗോ ഇച്ചിയെയാണ്
.1588 ൽ ഒരു ചായ സൽക്കാരത്തിൽ ഒരാൾ ഇങ്ങനെ പറഞ്ഞിട്ടുള്ളതായി ഈ പുസ്തകത്തിൽ
വിവരിക്കുന്നു. ജപ്പാൻകാർ രണ്ടു സന്ദർഭങ്ങളിലാണ് ഇച്ചിഗോ ഇച്ചിയെ
കാണുന്നത്.ഒന്ന് , ആദ്യമായി ഒരു അപരിചിതനെ കാണുമ്പോൾ .രണ്ട്,
കൂടിച്ചേരലിൻ്റെ വേളയിൽ ഓരോ സന്ദർഭവും അതുല്യമാണെന്ന്
ഓർമ്മിപ്പിക്കുന്നതിന് .
പുതിയ രാഗം
നിമിഷത്തിൻ്റെ
മുന്നിൽ വർദ്ധിത ആവേശത്തോടെ നിധി കാക്കുന്ന ഭൂതത്തെപോലെ നിൽക്കുമ്പോൾ
മനസ്സ് അറിയാതെ തുറക്കുന്നു. പുതിയൊരു ആകാശം രാഗമായി മനസ്സിലേക്ക്
അപ്രതീക്ഷിതമായി വരുന്നു. 'കൈക മാജിക് ' എന്നാണ് ഇത് അറിയപ്പെടുന്നത്. നോബൽ
സമ്മാനം ലഭിച്ച ജാപ്പനീസ് സാഹിത്യകാരൻ കെൻസാബുറാ ഓയിയുടെ മകൻ ഹികാരി ഓ
ശാരീരികമായ അവശത അനുഭവിച്ച കുട്ടിയായിരുന്നു .ഒരിക്കൽ മാതാപിതാക്കളോടൊത്ത്
പാർക്കിലൂടെ സഞ്ചരിക്കുമ്പോൾ അവൻ്റെ മനസ്സിൽ അതു വരെയില്ലാത്ത സംഗീതം
പൊട്ടിമുളച്ചു. ഒരു പക്ഷിയുടെ പാട്ട് കേട്ടപ്പോഴായിരുന്നു അത്.
ആ
പാട്ട് അവൻ ഏറ്റുപാടുകയായിരുന്നു. ഇത് ഒരു കൈക നിമിഷമാണ്. ഒരിക്കലും
വിചാരിച്ചിട്ടില്ലാത്ത ഒരു നാളം മനസ്സിൽ പെട്ടെന്ന് ജ്വലിക്കുന്നു. പ്രമുഖ
എഴുത്തുകാരൻ ഡാൻ ബ്രൗൺ സാഹിത്യത്തിലേക്ക് വന്നത് കൈക മാന്ത്രികതയാണെന്ന്
പുസ്തകത്തിൽ വ്യക്തമാക്കുന്നുണ്ട്. കുടുംബവുമൊന്നിച്ച് അവധിക്കാലം ചെലവിടാൻ
പോയ ഡാൻ യാദൃശ്ചികമായാണ് ആരോ മറന്നു വച്ച ,സിഡ്നി ഷെൽഡൻ എഴുതിയ 'ദ്
ഡൂംസ്ഡേ കോൺസ്പിറസി' എന്ന നോവൽ വായിക്കാനാടയായത്. അതോടെ ഡാനിൻ്റെ മനസ്സിൽ
ഒരാഗ്രഹം ഉണർന്നു, തനിക്കും ഒരു എഴുത്തുകാരനാവണം. വർഷങ്ങൾക്കുശേഷം
'ഡാവിഞ്ചി കോഡ്' എന്ന പുസ്തകമെഴുതി ഡാൻ ബ്രൗൺ ലോകശ്രദ്ധ നേടി.
നമ്മുടെ
വികാരങ്ങൾ എങ്ങനെയാണ് ഭൂതകാലത്തിലും ഭാവിയിലും തളച്ചിടപ്പെടുന്നത്?
വികാരങ്ങളെ കാലത്തിലേക്ക് പരിഭാഷ ചെയ്യേണ്ടതുണ്ട് .ഇച്ചിഗോ ഇച്ചിയെയിലൂടെ
നേടുന്നത് സന്തോഷവും ശാന്തതയും ശ്രദ്ധയുമാണ്. എപ്പോഴാണോ നിങ്ങൾ അസന്തുഷ്ടി
അനുഭവിക്കുന്നത് , അപ്പോഴൊക്കെ സ്വയം ചോദിക്കേണ്ടത് ഇങ്ങനെയാണ്: നിങ്ങൾ
കോപത്തിലാണോ ,അതോ സങ്കടത്തിലോ ?എങ്കിൽ നിങ്ങൾ ഭൂതകാലത്തിലാണുള്ളത്. നിങ്ങൾ
ഭയപ്പെടുന്നുണ്ടോ? എങ്കിൽ നിങ്ങൾ ഭാവികാലത്തിലാണുള്ളത്.
ഭൂതകാലത്തിലേക്കോ
ഭാവികാലത്തിലേക്കോ നമ്മെ തന്നെ തള്ളിവിടുന്നത് അവസാനിപ്പിക്കുകയാണെങ്കിൽ
വർത്തമാനത്തിൽ സന്തോഷം എന്താണെന്ന് തിരിച്ചറിയാനാവും.
വികാരങ്ങളെ
കാലത്തിലേക്ക് മാറ്റിയാൽ നമ്മൾ സുരക്ഷിതരായിരിക്കും. കാരണം, ആരും
വർത്തമാനത്തിൽനിന്ന് നിഷ്കാസിതനാകാൻ ആഗ്രഹിക്കുന്നില്ല. നമ്മൾ
ഭൂതകാലത്തിലാണുള്ളതെന്ന് തിരിച്ചറിയുകയാണെങ്കിൽ അതുപേക്ഷിച്ചു പുറത്തേക്ക്
വരണം. ഭാവിയിലാണുള്ളതെങ്കിൽ തിരിച്ചുവരിക. അപ്പോൾ ഇച്ചിഗോ ഇച്ചിയെയുടെ
സന്ദർഭമായി .
ജീവിക്കുകയാണ്
ജാപ്പനീസ്
ചായ സൽക്കാരത്തിന് 'ചനോയു' എന്നാണ് പറയുക. ഈ ചടങ്ങിലൂടെ അഞ്ച്
ഇന്ദ്രിയങ്ങളെ ഉത്തേജിപ്പിക്കാനാകുമെന്നാണ് കരുതുന്നത്. രുചി ,ഗന്ധം
,കാഴ്ച, സ്പർശം ,ശബ്ദം എന്നീ ഗുണങ്ങളാണ് ഒരു കപ്പ് ചായ കുടിക്കുന്നതിലൂടെ
വിഭാവനം ചെയ്യപ്പെടുന്നത്. നമുക്ക് നമ്മോടുള്ള പ്രതിബദ്ധതയും സ്നേഹവും ഓരോ
നിമിഷത്തിൻ്റെയും പ്രസക്തി നിശ്ചയിക്കുന്നു. നമ്മൾ മരിക്കുകയല്ല
,ജീവിക്കുകയാണ്. ഭാവിയെക്കുറിച്ചാണ് കൂടുതലും ചിന്തിക്കുന്നതെങ്കിൽ
ജീവിക്കുന്നത് മറയ്ക്കപ്പെടും.
നമ്മുടെ
വൈകാരികക്ഷതങ്ങൾ പൊട്ടിയ കപ്പുപോലെ ഉപേക്ഷിക്കപ്പെടാനുള്ളതല്ല; അത് നമ്മെ
യാതനയിൽനിന്ന് രക്ഷിക്കാൻ ഉപകാരപ്പെടണം. നമ്മുടെ പരാജയങ്ങളിൽനിന്ന്,
ദൗർഭാഗ്യങ്ങളിൽനിന്ന് പാഠങ്ങൾ ഉൾക്കൊള്ളണം .
നമ്മുടെ
മുറിപ്പാടുകൾക്ക് കഥ പറയാനുണ്ട്. മനുഷ്യഹൃദയത്തിന് തകരാൻ സംഭവിക്കാം.
എന്നാൽ മറ്റുള്ളവർ അറിയാതിരിക്കാൻ തകരാർ മറച്ചുവച്ചിട്ടു കാര്യമില്ല
.നമ്മുടെ പൂർവ്വകാലത്തിൻ്റെ ഭാഗമാണ് തകരാർ .അത് നമ്മളെ എവിടെയോ
എത്തിക്കുന്നു. അതിൽനിന്ന് പ്രകാശമാണ് പ്രസരിക്കേണ്ടത്.
ഒരു ചായ കുടിക്കുന്നത്, മനസ്സിലെ മുറിവുകളെ മറക്കാനാണെന്ന് ഇച്ചിഗോ ഇച്ചിയെയിലൂടെ ജപ്പാൻകാർ പ്രചരിപ്പിക്കുന്നു.
കാണൽ
ഒരു വലിയ പ്രക്രിയയാണ്. അതിലൂടെ മറ്റ് ഇന്ദ്രിയജ്ഞാനത്തിൽ എന്നപോലെ
നമുക്ക് ഇച്ചിഗോ ഇച്ചിയെ അനുഭവിക്കാം. ഒരു സുഹൃത്തിൻ്റെ
അടുത്തിരിക്കുമ്പോൾ ശ്രദ്ധിക്കാൻ പലതുണ്ടെന്ന് ഗാർസിയയും മിറാലിയും
എഴുതുന്നു .മറ്റുള്ളവരോടൊപ്പമിരിക്കുമ്പോൾ സ്ഥലം മാത്രം ശ്രദ്ധിച്ചാൽ പോരാ.
സുഹൃത്തുക്കളുടെ വൈകാരികാവസ്ഥയും പ്രകടനങ്ങളും ലക്ഷ്യങ്ങളും അറിയണം .അവർ
ശാന്തരാണോ ,സുഖകരമായിട്ടാണോ ഇരിക്കുന്നത് , എന്തെങ്കിലും അവരെ
അലട്ടുന്നുണ്ടോ എന്നെല്ലാം നിരീക്ഷിക്കണം.അവരുടെ കൈകൾ എന്താണ്
ചെയ്യുന്നത്? അവരുടെ നോട്ടം ഉറച്ചതാണോ ?അവരുടെ ശ്രദ്ധ പാളിപ്പോകുന്നുണ്ടോ
?ഇത്തരത്തിലുള്ള ശ്രദ്ധ നമുക്ക് ആഴത്തിലുള്ള കാഴ്ച നല്കും.
തുടർന്ന്
പ്രമുഖ റഷ്യൻ കലാകാരനായ വാസിലി കാൻഡിൻസ്കി ചിത്രങ്ങളെ എങ്ങനെ
വീക്ഷിക്കണമെന്ന് നിഷ്കർഷിക്കുന്ന ഭാഗം ഉദ്ധരിക്കുന്നു: 'നിങ്ങളുടെ കാതുകൾ
സംഗീതത്തിനു വിട്ടുകൊടുക്കുക.പെയിൻ്റിംഗിനായി കണ്ണുകൾ തുറക്കുക ;
ചിന്തിക്കാതിരിക്കുക. സ്വയം ചോദിക്കണം, ഈ ചിത്രം ഇതുവരെ കാണാത്ത ഒരു
ലോകത്തേക്ക് സഞ്ചരിക്കാൻ സഹായിക്കുന്നുണ്ടോ എന്ന്. ഉത്തരം അതെ എന്നാണെങ്കിൽ
പിന്നെ എന്താണ് വേണ്ടത്?'
ഈ നിമിഷത്തിലായിരിക്കുക
സ്വന്തം
മനസ്സിൻ്റെ അടച്ചിട്ട മുറിയിൽ നിന്ന് പുറംലോകത്തെ പ്രശാന്തതയിലേക്ക്
എത്താൻ മനസ്സാന്നിധ്യമാണ് വേണ്ടത്. ലാറ്റിനമേരിക്കയിലെ പ്രമുഖ
മനോപരിശീലകനായ ആൻന്ദ്രേ മാർട്ടിൻ അസ്യൂറോ പറഞ്ഞത് ഇങ്ങനെയാണ്:
'മനസ്സാന്നിദ്ധ്യമുണ്ടെങ്കിൽ നമ്മൾ എന്താണ് ചെയ്യുന്നത്, എങ്ങനെ
ചെയ്യുന്നു, നമ്മൾ ചെയ്തതിനെ എങ്ങനെ ഉൾക്കൊള്ളുന്നു, മറ്റുള്ളവർക്ക് എന്തു
തോന്നുന്നു തുടങ്ങിയ കാര്യങ്ങൾ ഗ്രഹിക്കാനാവും. ഇതിൻ്റെ അടിസ്ഥാനത്തിൽ
നമുക്ക് ക്രമീകരണം നടത്താം .
ഇച്ചിഗോ ഇച്ചിയെ
നേടുന്നതിനു തടസമായി പറയുന്നത് ഈ നിമിഷത്തിലായിരിക്കാനുള്ള പ്രയാസമാണ്.
മറ്റുള്ളവരുമായി തുടരുന്ന മാനസികപ്രശ്നങ്ങളും വിഷാദങ്ങളുമാണ് കാരണം.
ഇച്ചിഗോ ഇച്ചിയെയുടെ പത്ത് നിയമങ്ങൾ ഗ്രന്ഥത്തിൽ സംഗ്രഹിക്കുന്നുണ്ട്:
1)വിശേഷപ്പെട്ട
നിമിഷങ്ങളെ മറ്റൊരവസരത്തിലേക്ക് മാറ്റിവയ്ക്കരുത്.2)ജീവിതത്തിൽ
സംഭവിക്കുന്നതെല്ലാം ഒരിക്കൽ മാത്രമാണ് .3)ഇന്നിൽ ജീവിക്കുക.
4)മുമ്പൊരിക്കലും
ചെയ്തിട്ടില്ലാത്ത വിശേഷപ്പെട്ട കാര്യങ്ങൾ ചെയ്യുക. 5)സ്വസ്ഥമായി
ഒരിടത്തിരുന്ന്, കടപ്പാടുകളും ധൃതിയും ഉപേക്ഷിച്ച് ജീവിതത്തിലെ അത്ഭുതത്തെ
നിരീക്ഷിക്കുക .6)അഞ്ച് ഇന്ദ്രിയങ്ങളും ശരിയായി പ്രവർത്തിക്കുന്നുവെന്ന്
ഉറപ്പുവരുത്തുക.7)യാദൃശ്ചികതകൾ ശ്രദ്ധിക്കുക .ജീവിതത്തിൽ മാജിക്കിൻ്റെ ഒരു
ഘടകമുണ്ട്. 8)ഒരു കൂടിച്ചേരലിനു വേണ്ടി വിനോദയാത്രയോ , അവധിക്കാലമോ
,ജന്മദിനമോ പ്രതീക്ഷിച്ചിരിക്കാതെ ഓരോ ദിവസവും ആഘോഷമാക്കുക. 9)സ്ഥിരമായി
കൊണ്ടുനടക്കുന്ന ശീലങ്ങൾ മടുത്താൽ ഉപേക്ഷിക്കുക .പുതിയത് കണ്ടെത്തുക. സ്വയം
കണ്ടെത്തുക 10)മധുരമുള്ള നിമിഷങ്ങളെ പിന്തുടർന്ന് ചൊല്ലുക.
സന്നിഹിതനാവുക
ഗ്രന്ഥകർത്താക്കൾ
എഴുതുന്നു: ഇച്ചിഗോ ഇച്ചിയെ നിങ്ങളുടെ പങ്കാളിയെയും സുഹൃത്തുക്കളെയും
കുടുംബത്തെയും സമൂഹത്തെയും ആകെ ലോകത്തെയും ശ്രദ്ധിക്കാനുള്ള ഒരാളുടെ
കഴിവിൻ്റെ വീണ്ടെടുക്കലാണ് .ഇതിൻ്റെയർത്ഥം ഈ നിമിഷം ഇനി ഒരിക്കലും
തിരിച്ചു വരില്ല എന്നാണ് .ഈ നിമിഷത്തെ മൂല്യവത്താക്കുക.മനസുകൊണ്ട്
സന്നിഹിതനാവണം.എങ്കിലേ സ്നേഹിതന് നമ്മോട് പറയുന്ന കാര്യം കേൾക്കാനാവൂ.
ജീവിതത്തിൻ്റെ ഗതാനുഗതികത്വം, നിഷ്ക്രിയത്വം, മുൻവിധികൾ,
ഉപേക്ഷിക്കുമ്പോഴാണ് ഇച്ചിഗോ ഇച്ചിയെ തെളിയുന്നത് .സ്വന്തം മനസ്സിനെ
നിരീക്ഷിക്കുന്നതാണ് മനസ്സാന്നിദ്ധ്യത്തിനുള്ള വഴി . ഇതിനായി ഒരു സെൻ
മാസ്റ്ററുടെ ആവശ്യമില്ല .അല്ലെങ്കിൽ ആപ്പിൾ സ്ഥാപകൻ സ്റ്റീവ്
ജോബ്സിനെപ്പോലെ സ്വന്തം മനസ്സിനെ നിരീക്ഷിക്കാനായി ഒരിടത്ത്
ധ്യാനനിരതനായിരിക്കണമെന്നില്ല. ശാന്തമായി ഒരിടത്തിരുന്ന് സ്വന്തം
മനസ്സിലൂടെ എന്താണ് കടന്നുപോകുന്നതെന്ന് നിരീക്ഷിച്ചാൽ മതി ,ഒരിക്കലും
വിലയിരുത്തരുത്.
നമ്മുടെ ശ്രദ്ധയുടെ കേന്ദ്രത്തെ ഉള്ളിലേക്ക് തന്നെ തിരിച്ചുവിടുകയാണ്.
'എന്താണ്
ഞാൻ ചിന്തിക്കുന്നത് ?' എന്നറിയാനാണ് ശ്രമം. താൽപര്യമില്ലാതെയാണ്
നിരീക്ഷിക്കുന്നതെങ്കിൽ ഓർമ്മകൾ, ആശയങ്ങൾ, സംഘർഷങ്ങൾ തുടങ്ങിയവ പൊന്തി
വരും.
എന്നാൽ നമ്മുടെ ചിന്തകളല്ല നമ്മൾ.
മനസ്സിൽനിന്ന് നിരീക്ഷകനായ നിങ്ങളെ മാറ്റിനിർത്തിയാൽ യഥാർത്ഥമായ ശാന്തത
കിട്ടും . നമ്മുടെ ചിന്തകളുടെ അടിസ്ഥാനത്തിൽ നമ്മെ മനസ്സിലാക്കുന്നത്
അവസാനിപ്പിക്കുമ്പോൾ അഹന്ത നശിക്കുന്നു. ആ നിമിഷത്തിൻ്റെ പ്രവാഹത്തിൽ
നമുക്ക് പൂർണമായി മുഴുകാനാവുന്നു .യാഥാർത്ഥ്യത്തിൻ്റെ പ്രകൃതം ആഴത്തിൽ
വ്യക്തമാവുന്നു.
നുറുങ്ങുകൾ
1)മലയാളകഥ
വല്ലാത്ത തകർച്ചയിലാണ് .ആർക്കും ചികിത്സിച്ചു ഭേദമാക്കാൻ കഴിയാത്ത രോഗമാണ്
മലയാളകഥയുടേത്. യാതൊരു പ്രചോദനവുമില്ലാതെയാണ് കഥകൾ എഴുതുന്നത്. ആർക്കു
വേണ്ടിയാണ് ഇതെന്ന് ചോദിച്ചാൽ ഉത്തരമില്ല .കഥയെഴുതാനിരുന്ന് കഥാകൃത്ത്
നിസ്സഹായനാവുകയാണ് .എങ്ങോട്ടാണ് കഥ വികസിപ്പിക്കേണ്ടത്?. ഒരു
നിശ്ചയവുമില്ല. സംഭവങ്ങൾ ഏച്ചുകെട്ടി വായനക്കാരെ
അന്ധാളിപ്പിക്കുകയാണ്.കഥയെഴുതാനുള്ള പ്രേരണയില്ലെങ്കിൽ എഴുതാതിരിക്കുകയാണ്
നല്ലത്. എം.ജി. ബാബു കഥാരചനയിൽ നവാഗതനല്ല. എന്നാൽ നവാഗതനേക്കാൾ പിന്നോക്കം
പോവുകയാണ് അദ്ദേഹം . 'പശ്ചിമഘട്ടം'(മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ഡിസംബർ 12)
എന്ന കഥ ഇത് ബോധ്യമാക്കിത്തരും .ഈ കഥ എഴുതിയത് ശരിയായ പ്രചോദനത്തിൻ്റെ
പിന്തുണയിലല്ലെന്ന് വ്യക്തമാണ്. ഒരു പെൺകുട്ടിയുടെ മനോവ്യാപാരങ്ങളെ
അർത്ഥശൂന്യമായി വിമർശിച്ച് തലകുത്തി വീഴുകയാണ് കഥാകൃത്ത്. കഥാനായികയായ
കോമളം എന്ന യുവതിയുടെ പരാതി ആണുങ്ങൾ അവളെ നോക്കുന്നു എന്നതാണ്. കാമ്പുള്ള
പരാതി തന്നെ !.കഥയുടെ മധ്യത്തിൽ പറയുകയാണ് അവളുടെ സ്തനങ്ങൾ
മുറിച്ചുമാറ്റിയതാണെന്ന്. എങ്കിൽ അതിനനുസരിച്ചുള്ള ഒരു ശരീരഭാഷയും
മനോവ്യാപാരവുമല്ലേ അവളിൽ കാണേണ്ടത്. ഒടുവിൽ അവളെ ഒരു മേഘം പ്രേമിക്കുകയാണ്
!.അവസാനം പ്രളയം വരികയാണ്!. എന്തെല്ലാമോ എഴുതുകയാണ് കഥാകൃത്ത്. ആർക്കും ഒരു
ഉപകാരവുമില്ലാത്ത വിവരണം.
2)ബി.എ.
വിദ്യാർത്ഥിയായ അബ്ദുസ്സലാം തൊടുപുഴ എഴുതിയ 'നാട്ടുഭാഷയ്ക്ക് വധശിക്ഷ'
(മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ബാലപംക്തി) ശ്രദ്ധേയമായ കവിതയാണ്.കവിതയുടെ ഭാഷയെ
കവി വ്യാഖ്യാനിക്കുകയാണ്.
വസ്തുതകളല്ല എഴുതേണ്ടത്;
അതിനെക്കുറിച്ചുള്ള ഭാവനയും അതിൻ്റെ അനുഭവവുമാണ്. ആവിഷ്കരിക്കുന്നതിൻ്റെ
പ്രക്രിയ പൂർത്തിയാകുന്നത് കവി ലോകത്തെ തൻ്റേതായ നിലയിൽ
സ്വാംശീകരിക്കുമ്പോഴാണ്.
'വെയിൽ തടഞ്ഞ്
യാത്രക്കാർക്ക്
തണൽ കുടഞ്ഞു
ഒരത്താണിയും
മൂവാണ്ടനുമിപ്പഴുമുണ്ട്;
റോഡരികിലെ വിശേഷമറിയാൻ. ചിറകുകരിഞ്ഞു
ഉടലുവെന്ത ഓർമ്മകൾ
തികട്ടി വരുന്നുണ്ട്
തൊണ്ണൂറ്റിനാലുകാരൻ
കുഞ്ഞേട്ടൻ്റെ വായിലൂടെ'.
ഈ കാലത്ത് ആളുകൾ ഓർക്കുന്നത് ഇങ്ങനെയായിരിക്കും ;നഷ്ടപ്പെടലും തേങ്ങലും മാത്രം.
3)പാഷൻ
,ബ്രീത്ത്ലസ് തുടങ്ങിയ സിനിമകളെടുത്ത ഫ്രഞ്ച് -സ്വിസ് സംവിധായകനായ
ഗൊദാർദ് തൻ്റെ ചലച്ചിത്രകലയെക്കുറിച്ച് സൂക്ഷ്മമായ ഒരു നിരീക്ഷണം നടത്തി.
'എന്താണോ
ഞാൻ ചലച്ചിത്രമാക്കുന്നത് അതിനു വെളിയിലാണ് എൻ്റെ ശൈലി
പ്രവർത്തിക്കുന്നത് ;ഉള്ളടക്കം ശൈലിക്കുള്ളിൽ തന്നെയായിരിക്കും -
മനുഷ്യശരീരത്തിൻ്റെ അകവും പുറവും പോലെ. രണ്ടും ഒരുമിച്ചാണ് നിൽക്കുന്നത്.
അവയെ തമ്മിൽ വേർപെടുത്താനാവില്ല'.
4)മുഖം
മനസ്സിൻ്റെ കണ്ണാടിയല്ലെന്നും സർവ്വത്ര കള്ളത്തരമാണെന്നും എഴുതുകയാണ്
ഇന്ദുഭായ് 'മുഖം'(ആശ്രയ മാതൃനാട്, ഡിസംബർ )എന്ന കവിതയിൽ.
'ഉള്ളിൽ ക്രോധത്തിൻ
ലാവ
തിളച്ചു പൊങ്ങുമ്പോഴും സമാധാനത്തിൻ
വെള്ളരിപ്രാവായ് ...
പ്രണയം പകരാൻ
വെമ്പിടുമുമ്മകളെ
അമർത്തിയൊതുക്കി
ഗൗരവത്തിൻ മേലങ്കിയിട്ട്'
മുഖം നഷ്ടപ്പെട്ടവരാണ് നമ്മൾ എന്ന് കവിത അഭിവ്യഞ്ജിപ്പിക്കുന്നു.
5)ദസ്തയെവ്സ്കിയുടെ
ഇരുനൂറാം ജന്മദിനം പ്രമാണിച്ച് പ്രൊഫ. കെ. ജയരാജൻ എഴുതിയ ലേഖനം
'ദസ്തയെവ്സ്കിയും കുഞ്ഞുങ്ങളും'(പ്രഭാതരശ്മി, നവംബർ ) തത്ത്വചിന്താപരമായ
തലങ്ങളെ സ്പർശിക്കുന്നു. 'കരമസോവ് സഹോദരന്മാരു'ടെ ഒടുവിൽ ,'മരിച്ചാലും
നാമെല്ലാം ഉയർത്തെഴുന്നേൽക്കുമോ എന്ന കോളിയോയുടെ ചോദ്യത്തിന് തീർച്ചയായും
നാം ഉയർത്തെഴുന്നേൽക്കുമെന്ന് അലക്സി മറുപടി പറയുന്നു .ക്രിസ്തുവിൻ്റെ
ഉയിർത്തെഴുന്നേല്പിനെ ഓർമ്മിപ്പിക്കുന്ന വാക്കുകൾ വായനക്കാരിൽ പ്രത്യാശ
വിതയ്ക്കുന്നു 'എന്ന് ലേഖകൻ നിരീക്ഷിക്കുന്നു. ഈ ഉയിർത്തെഴുന്നേല്പ് ഒരു
സാർവത്രികമായ പ്രത്യാശയാണ്. ജീവിതം അനന്യമാണ്; അതിനു തുല്യമായി
മറ്റൊന്നുമില്ല. അത് അർത്ഥശൂന്യമാകുമ്പോഴും അതിൻ്റെ വിവിധ മാനങ്ങളിലൂടെ
അനുഭവങ്ങളും ആവേശങ്ങളും പാഴായി പോകുന്നില്ല. അവയെല്ലാം തന്നെ
ഉയർത്തെഴുന്നേൽക്കും. നമ്മളിലൂടെയാകണമെന്നില്ല; കുഞ്ഞുങ്ങളിലൂടെ,
സ്നേഹനിധികളായ മനുഷ്യരിലൂടെ, രോഗികളിലൂടെ ഉയർത്തെഴുന്നേൽക്കും.
6)എ.വി.സത്യേഷ്കുമാർ
എഴുതിയ ഏച്ചി (സ്ത്രീശബ്ദം, നവംബർ) മനുഷ്യബന്ധങ്ങളെ ജാഗ്രതയോടെ
വിവരിക്കുന്നു. അതിഭാവുകത്വത്തിലേക്ക് തെന്നിപ്പോകാവുന്ന സന്ദർഭങ്ങൾ
കഥാകൃത്ത് തൻ്റെ ബൗദ്ധികവും സമകാലികവുമായ ഉണർവ്വുകൾ കൊണ്ട്
ഭേദപ്പെടുത്തുന്നു .
ചില വരികൾ ഇങ്ങനെയാണ്: 'വിശേഷങ്ങൾ പറയാൻ ഏറെ
ഉണ്ടായിരുന്നിട്ടും ഏച്ചിക്കും എനിക്കുമിടയിൽ അസ്തമയത്തിൻ്റെ ആകാശത്തിലെ
കറുത്തൊരു മേഘംപോലെ നിശ്ശബ്ദത ഇടയ്ക്ക് വന്നും പോയും കൊണ്ടിരുന്നു'.
'ഏതു പാതവക്കിലും കാണാമ്പറ്റ്ന്ന പാണൽച്ചെടിപോലെ അങ്ങനെ പോയി മാഷേ ജീവിതം' തുടങ്ങിയ നിരീക്ഷണങ്ങൾ യാഥാർത്ഥ്യത്തിനു ആഴം നല്കുകയാണ്.
7)
ആനന്ദ് പറയുന്നു: 'എഴുതുന്നയാളും കഥാപാത്രങ്ങളും വായനക്കാരും കൂടിയുള്ള
ഒരു ലോകമാണ് നോവൽ. ഇവരെല്ലാം തമ്മിൽ ഇൻററാക്ട് ചെയ്യുമെന്നാണ് എൻ്റെ
വിശ്വാസം' (പച്ചമലയാളം ,ഡിസംബർ ) .ഇതിൽ വാസ്തവമുണ്ട്. എഴുതുന്നയാൾ
വായനക്കാരന് ഒരു കഥാപാത്രം തന്നെയാണ് .ആനന്ദാണ് എഴുതുന്നതെങ്കിൽ ,നോവലിൽ
അദൃശ്യമായ ഒരു കഥാപാത്രമായി നോവലിസ്റ്റുമുണ്ടാകും. അതു പക്ഷേ, ആനന്ദ് എന്ന
വ്യക്തിയല്ല; നോവലിൽ സംസാരിക്കുന്ന വേറൊരാളാണത്.
ആ വ്യക്തിയുമായി വായനക്കാരൻ യോജിച്ചു പോവുകയാണെങ്കിൽ നോവൽ വിജയിച്ചു എന്ന് അയാൾ ചിന്തിക്കും.
8)
ചെക്ക് നോവലിസ്റ്റ് മിലാൻ കുന്ദേരയുടെ 'അൺബിയറബിൾ ലൈറ്റ്നസ് ഓഫ് ബീയിംഗ് '
എന്ന കൃതിയിൽ ഇങ്ങനെ വായിക്കാം: 'ചരിത്രം മനുഷ്യജീവിതംപോലെ വളരെ ലഘുവാണ്.
സഹിക്കാനാവാത്ത വിധം ലഘുവാണത്; ഒരു തൂവൽ പോലെ .
No comments:
Post a Comment