Friday, January 28, 2022

ആത്മായനങ്ങളുടെ ഖസാക്ക്/ആന്തരികമായ ഏകാന്തതയ്ക്ക് ആഴം കൂട്ടുന്നു/എം.കെ.ഹരികുമാർ

അനുബന്ധം

 




ഭാരതത്തിൻ്റെ ആത്മീയമായ അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ച് ഒ.വി.വിജയൻ വിഭാവന ചെയ്ത ‘ഖസാക്കിൻ്റെ ഇതിഹാസം’ (1969) ഇപ്പോൾ ഒരു മലയാള സാംസ്കാരിക മുദ്രയായിത്തീർന്നതിൽ സന്തോഷമുണ്ട്.ഒരു സംഘം യാഥാസ്ഥിതികരായ വായനക്കാരുടെയും വിമർശകരുടെയും എതിർപ്പ് നേരിട്ടാണ്  ഇത് മലയാളത്തിലെ ഏറ്റവും മഹത്തായ നോവൽ എന്ന സ്ഥാനം ഉറപ്പിച്ചത്. സ്വാഭാവികമായും കലയുടെ കാര്യത്തിൽ ആത്മവിശ്വാസം ഇല്ലാത്ത ചിലർ ഇപ്പോഴും ഈ നോവലിനെ അധിക്ഷേപിച്ച് തങ്ങളുടെ പാപ്പരത്തം വെളിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.വിജയൻ്റെ കാലത്ത്  ദൽഹിയിൽ കഴിഞ്ഞിരുന്ന ഒരു കഥാകൃത്ത് ഖസാക്കിൻ്റെ പ്രശസ്തിയിൽ സമനില തെറ്റി ,കിട്ടാവുന്ന ഇടങ്ങളിലൊക്കെ ചെന്ന് ചീത്ത വിളിച്ചു. വിജയൻ്റെ സാഹിത്യം ഹൈന്ദവ പക്ഷമാണെന്ന വലിയ ‘കണ്ടുപിടിത്ത’മാണ് ആ എഴുത്തുകാരൻ മുന്നോട്ടുവച്ചത് .വിവരമുള്ള ആരും ഇത് പറയില്ല. കാരണം ഇത് വിജയൻ തന്നെ സമ്മതിച്ചിട്ടുള്ളതാണ്.
 
 വാക്കുകളിൽ  രൂപപ്പെട്ടിരിക്കുന്ന ഒരു അനുഭൂതി
ഒരു സർഗാത്മകമായ പ്രക്രിയയിൽ പ്രചോദിപ്പിക്കുന്നതെന്താണോ  അതിനെ ഉപയോഗിച്ച് മികച്ച സൃഷ്ടി നടത്തുകയേ വേണ്ടൂ. ബൈബിൾ ഉപയോഗിച്ച് ദസ്തയെവ്സ്കി ,ടോൾസ്റ്റോയി ,കസൻദ്സാക്കിസ് തുടങ്ങിയവർ മികച്ച നോവലുകൾ എഴുതിയത് ഓർത്താൽ ഈ ചിന്താക്കുഴപ്പം മാറിക്കിട്ടും. ‘ഖസാക്കിൻ്റെ ഇതിഹാസ ‘ത്തിൻ്റെ ഒടുവിലുള്ള സർപ്പദംശനത്തെക്കുറിച്ച് വിജയൻ എഴുതിയിട്ടുള്ളത് ഇക്കൂട്ടർ വായിച്ചിട്ടില്ലായിരിക്കാം: ” കുതിർന്ന മൺകട്ടകളിലേക്ക് യാത്രയുടെ ക്ഷീണം മുറ്റിയ കാലുകൾ നീട്ടിപ്പിടിച്ച് കാത്തിരിക്കുന്നു. ഉറക്കത്തിൻ്റെ ,പുനർജനിയുടെ ,അമൃത് നിറയ്ക്കാൻ നീ അതിൽ ദംശിക്കുക, സർപ്പരൂപായ വിഷ്ണവേ ,വിഷ്ണവേ പ്രഭ വിഷ്ണവേ! ”
വിജയൻ്റെ സൃഷ്ടിപരമായ മനോഭാവമാണിത്. ഇത് മനസിലാക്കാനുള്ള വിവേകം നേടുക.

മലയാള നോവലിനു അപരിചിതമായിരുന്ന പ്രമേയവും വിവരണരീതിയും ഭാഷയും ഖസാക്കിലേക്ക് ധാരാളം പേരെ അടുപ്പിച്ചു.പാലക്കാട്ടുള്ള ഒരു ഗ്രാമത്തിലാണ് ഖസാക്കിലെ ‘കഥ’ നടക്കുന്നത്.ഈ ഗ്രാമം തസ്രാക്ക് എന്ന യഥാർത്ഥ ഗ്രാമത്തിൻ്റെ പകർപ്പാണെന്ന് കരുതുന്നവരുണ്ട്.ഒരു ഗ്രാമത്തെ അതേപടി പകർത്തുന്ന നോവലുകളിൽ നിന്ന് ഇത് വ്യത്യസ്തമാണെന്ന് അറിയിക്കട്ടെ. ഇവിടെ തസ്രാക്ക് എന്ന ഒറിജിനൽ ഗ്രാമമല്ല ഉള്ളത്.തൻ്റെ ആവശ്യത്തിനു വേണ്ടി നോവലിസ്റ്റ് അത് രൂപമാറ്റം വരുത്തിയിരിക്കയാണ്.ഒരു ഞാറ്റുപുര കണ്ട് ഉടനെ അത് തസ്രാക്കിലെ അതേ ഞാറ്റുപുരയാണെന്ന് അനുമാനിക്കേണ്ടതില്ല .ഓത്തുപള്ളിയും വെളിമ്പറമ്പുകളും തനിപ്പകർപ്പുകളാണെന്ന് നിശ്ചയിക്കുന്നത് ഈ നോവലിനോട്  ചെയ്യുന്ന അപരാധമാണ് .അധമവും പൈങ്കിളി എന്ന് വിവക്ഷിക്കാവുന്നതുമായ  ഏർപ്പാടാണ് ‘ഖസാക്ക് ഫോട്ടോകൾ ‘ എന്ന പേരിൽ പുറത്തുവന്നത്. വാക്കുകളിൽ  രൂപപ്പെട്ടിരിക്കുന്ന ഒരു അനുഭൂതി ലോകത്തെ ഫോട്ടോകളാക്കാനും ആളുകൾ റെഡി. ഇതുപോലുള്ള പ്രവൃത്തികൾ ഒരു കോഫിഹൗസ് ചർച്ചയ്ക്ക് പോലും കൊള്ളില്ല .
അമേരിക്കൻ നോവലിസ്റ്റ് വില്യം ഫോക്നർ  തൻ്റെ ചില കൃതികളിൽ ‘യോക്നപാടാഫ’ എന്നൊരു സാങ്കല്പിക പ്രദേശം സൃഷ്ടിച്ചിട്ടുണ്ട് .എന്നാൽ ഇത് മിസ്സിസിപ്പി പ്രദേശമാണെന്ന് സൂചനയുണ്ട്. ആ ധാരണയിൽ അത് യഥാർത്ഥ പ്രദേശം തന്നെയാണെന്ന രീതിയിൽ മുന്നോട്ടു പോകുന്നത് ശരിയല്ല.തകഴിയുടെ ‘ചെമ്മീൻ’ കടപ്പുറം കേന്ദ്രീകരിച്ചാണല്ലോ ഭാവന ചെയ്തിട്ടുള്ളത്. അത് കടപ്പുറം തന്നെയാണ്. ആ സ്ഥലത്തിൻ്റെ പുനർവിന്യാസം നോവലിസ്റ്റ് ആഗ്രഹിച്ചില്ല.കാരണം ആ പ്രദേശങ്ങളെ ബോധത്തിലെ പ്രതിബിംബങ്ങൾ എന്ന നിലയിൽ സമീപിക്കുക തകഴിയുടെ പ്രശ്നമായിരുന്നില്ല. കാരണം ‘ചെമ്മീൻ’ ഒരു യഥാതഥ നോവലാണ്. അതുപോലെയല്ല ‘ഖസാക്കിൻ്റെ ഇതിഹാസം’ .അവിടെ ഒന്നും യഥാതഥമല്ല; സംഭവങ്ങളുടെ വിവരണത്തിൽ വസ്തുതകളുണ്ട്. എന്നാൽ അതെല്ലാം നോവലിസ്റ്റ് തൻ്റെ വൈയക്തികമായ ,സൗന്ദര്യ ചിന്തയിലധിഷ്ഠിതമായ ,കലാപരമായ ,ദാർശനികമായ ,യോഗാത്മകമായ ഉദ്വേഗങ്ങൾകൊണ്ട് നിർമ്മിച്ചതാണ്.അതുകൊണ്ട് പാലക്കാട്ട് ഒരു ഗ്രാമത്തിൽ പഴയ ഒരു ഞാറ്റുപുര ഉണ്ടെന്ന് കരുതി ഫോട്ടോഗ്രാഫർമാർ അങ്ങോട്ട് വച്ചുപിടിക്കണ്ട. അവിടെ ഒ.വി.വിജയൻ ഉണ്ടായിരിക്കില്ല .സ്ഥലപരമായി നമുക്ക് കിട്ടിയിട്ടുള്ള ഈ പരിചയം വളരെ കാതലായ ഒന്നല്ല. അത് ലളിതമെങ്കിലും ചതിക്കുന്നതാണ്.അതിൽ ഭ്രമിക്കേണ്ടതില്ല. നൂതനമായ ഒരു കലാസങ്കേതമാണ് വിജയൻ സൃഷ്ടിച്ചിട്ടുള്ളത്. ഗ്രാമത്തിൽ ചെന്ന് കരിമ്പനകളെ നോക്കിയാൽ ഖസാക്കിൻ്റെ ഇതിഹാസം കാണില്ല. 

 

എൻ്റെ സാഹിത്യജീവിതത്തിൻ്റെ തുടക്കം മുതൽ തന്നെ ഞാൻ ‘ഖസാക്കിൻ്റെ ഇതിഹാസ ‘വുമായി സമ്പർക്കത്തിലായിട്ടുണ്ട്. 1982 മുതൽ ലേഖനങ്ങൾ എഴുതി പ്രസിദ്ധീകരിച്ചു തുടങ്ങിയെങ്കിലും 1984 ലാണ് ഞാൻ ഈ നോവലിനെ മാത്രം ആധാരമാക്കി ‘ ആത്മായനങ്ങളുടെ ഖസാക്ക് ‘ (1984) എന്ന സറിയലിസ്റ്റ് ,ഇംപ്രഷണിസ്റ്റിക്, എക്സിസ്റ്റൻഷ്യൽ വിമർശനകൃതി   പ്രസിദ്ധീകരിച്ചത്.അന്ന് ഞാൻ മുവാറ്റുപുഴ നിർമ്മലാ കോളജിൽ എം.എ.ഇക്കണോമിക്സ്  വിദ്യാർത്ഥിയായിരുന്നു.  നോവൽ വായിച്ചപ്പോഴുണ്ടായ ആത്മീയ പ്രതികരണമായിരുന്നു എൻ്റെ കൃതി. സാഹിത്യവിമർശനം യുക്തിയിൽ നിന്ന് വേർപെട്ട് പോകരുതെന്ന് വാദിക്കുന്നവരോട് ഇവിടെ വിയോജിക്കുകയാണ്.കാരണം  സാഹിത്യാനുഭവം എനിക്ക് ഒരു യുക്തിശില്പമല്ല. ആന്തരികമായ ഏകാന്തതയ്ക്ക് ആഴം കൂട്ടുന്ന മൂർച്ചയേറിയ അനുഭവം എന്ന നിലയിലാണ് ഞാൻ വിമർശനപാഠത്തെ സമീപിക്കുന്നത് .ദുർഘടമായ ഒരു പാത തരണം ചെയ്യണമായിരുന്നു. ഒരു നോവലിനെക്കുറിച്ച് എഴുതുമ്പോൾ ,അതിൻ്റെ യഥാർത്ഥ അർത്ഥവും ,സന്ദേശവും ,വ്യാഖ്യാനവും തേടുന്ന ഒരു കൂട്ടം സാമ്പ്രദായിക വായനക്കാരുമായി നാം ഒരു അലിഖിത ഉടമ്പടി ഉണ്ടാക്കേണ്ടതുണ്ടോ ?

 സൗന്ദര്യാത്മകമായ തലത്തിൽ

നമ്മൾ എഴുതാൻ പോകുന്ന കൃതി ഈ പ്രത്യേക വായനാസമുഹത്തിൻ്റെ നാടുവാഴിത്ത മൂല്യങ്ങളോട് സന്ധി ചെയ്യണമെന്ന് നിർബന്ധമുണ്ടോ ? ഇല്ലെന്നാണ് തോന്നുന്നത്. കാരണം ,ഒരാൾ എഴുതുന്നത് കൂട്ടമായി നിന്നുകൊണ്ടല്ല .വ്യക്തിപരമായ സമസ്യ ,സൗന്ദര്യാത്മകമായ തലത്തിൽ എപ്പോഴും സംഭവിക്കുന്നതാണ്. ഫ്രഞ്ച് ചിത്രകാരനായ ഹെൻറി മാറ്റിസ് ഒരു പൂവിൻ്റെ ചിത്രം വരയ്ക്കുമ്പോൾ അത് യഥാർത്ഥ പൂവാകണമെന്നും ,ആ പൂവ് പതിനായിരം തവണ കണ്ടുശീലിച്ച ഒരു ആസ്വാദക സമൂഹവുമായി ഇണങ്ങി നില്ക്കണമെന്നും ശഠിക്കുന്ന ഒരു നിയമസംഹിതയ്ക്ക് അദ്ദേഹം ആദ്യമേ തന്നെ  കീഴടങ്ങണമോ?അതായത് ഹെൻറി മാറ്റിസല്ല പൂവ് വരയ്ക്കുന്നത് ,പൂവ് പല തവണ കണ്ട് ആസ്വദിച്ചിട്ടുള്ള പേരില്ലാത്ത ഒരു വലിയ സമൂഹത്തിൻ്റെ ആഗ്രഹ സാക്ഷാത്കാരത്തിനു വേണ്ടി അവർ തന്നെയാണ് അത് വരയ്ക്കുന്നത്; മാറ്റിസ് ഒരു സാമൂഹിക ഏജൻറായി പ്രവർത്തിക്കണമെന്ന് സാരം. ഇത് അംഗീകരിക്കാൻ മാറ്റിസ് തയ്യാറല്ലായിരുന്നു. അദ്ദേഹം പറഞ്ഞത് ഒരു പൂവ് വരയ്ക്കാൻ വളരെ പ്രയാസമാണ് എന്നാണ്. പലരും കണ്ടും പരിലാളിച്ചും വച്ചിരിക്കുന്ന ഒരു പൂവിനെ വരയ്ക്കാതിരിക്കുക എന്ന നിശ്ചയമാണ് മാറ്റിസിനെ നയിക്കുന്നത്‌. അദ്ദേഹത്തിൻ്റെ മനസ്സിൽ പതിഞ്ഞ ,സുവിശേഷങ്ങളെ അന്തർവഹിക്കുന്ന പൂവാണ് വേണ്ടത്. ഒരു വിമർശകനും തൻ്റെ പാഠം പൂർത്തിയാക്കേണ്ടി വരുമ്പോൾ ഇതുപോലുള്ള നിർണയങ്ങൾ ആവശ്യമാണ്. വിമർശകന് യുക്തിചിന്ത മാത്രമേ പാടുള്ളു എന്ന് അനുശാസിക്കുന്നതിനോട് യോജിപ്പില്ല.

ഖസാക്കിൻ്റെ ഇതിഹാസം വളരെ വൈയക്തികമായ ഒരു അനുഭൂതിയും സമസ്യയുമാണ്. അത് അസ്തിത്വത്തെക്കുറിച്ചുള്ള ആലോചനയാണ് .ലോകം പറഞ്ഞുറപ്പിച്ചു വച്ചിരിക്കുന്ന ഒരു ചിന്താധാരയുടെ പ്രചാരണം ഏറ്റെടുക്കന്നതിനു പകരം താൻ ദാർശനികവും അസ്തിത്വപരവുമായി അനുഭവിച്ചത് സത്യസന്ധമായി പറയുന്നതിനാണ് ഇവിടെ നോവലിസ്റ്റ് ശ്രമിക്കുന്നത്.ദുരൂഹവും നോവിക്കുന്നതുമായ ചില അനുരണനങ്ങൾ മനസ്സിൽ സംഭവിക്കുകയാണ്.അത് കലാപരമായിത്തീരുകയും ചെയ്യുന്നു. ഇവിടെ കലാനുഭവം ജീവൻ്റെ പെരുമാറ്റമാണ്. ഭാവന ,കുറേക്കൂടി വിശ്വാസയോഗ്യമായ ഒരു ജീവിതത്തെ അനുഭവിപ്പിക്കുകയാണ്. 

മനസ്സിൽ കണ്ട കാഴ്ചകളെ നോവലിസ്റ്റ് തൻ്റേതാക്കുന്നു. ഒരു മാനുഷികമായ അതീതബുദ്ധി പ്രവർത്തിക്കുകയാണ് .പ്രത്യക്ഷത്തിനതീതമായ കാഴ്ചകൾ വായനക്കാർക്കുള്ളതാണ്. സൂക്ഷ്മതകൾ വേറൊരു വഴിക്ക് നീങ്ങുകയാണ്. അറിയാത്ത പൊരുളുകളിലേക്ക് ചെന്ന് അത് പുതിയ തുറസ്സുകൾ  രൂപപ്പെടുത്തുന്നു .ഖസാക്കിലെ നായകസ്ഥാനത്ത് രവി എന്ന കഥാപാത്രമാണുള്ളത്. നോവൽ തുടങ്ങുന്നതു തന്നെ അയാൾ ഖസാക്കിലേക്ക് ബസിൽ വന്നിറങ്ങുന്നത് സൂചിപ്പിച്ചു കൊണ്ടാണ്. അയാൾ മനസ്സിൽ കൊണ്ടുവരുന്ന ഒരു ലോകത്തിൻ്റെ തുടർച്ചയാണ് നാം കാണന്ന ലോകം. അയാളാണ് ആ ലോകത്തിൻ്റെ ഉത്തരവാദി.അതിനു പൂരകമായാണ് നോവലിസ്റ്റിൻ്റെ നിരീക്ഷണങ്ങൾ.നോവലിസ്റ്റ് സംഭവങ്ങൾക്ക് മാനം നല്കി മനുഷ്യരുടെ അസ്തിത്വപരമായ അഗാധതകൾ തെളിച്ചെടുക്കുന്നു.

എപ്പോഴും മനസിൽ ഉൾക്കൊണ്ട എന്തിൻ്റെയോ ഒരു പ്രതീതിയുണ്ട്. രവിയല്ല നായകൻ എന്ന് പറഞ്ഞു കൊണ്ട് ചിലർ നോവലിനെപ്പറ്റിയുള്ള ചർച്ചയിൽ വഴിമുടക്കി നിന്നത് ഓർക്കുകയാണ്. അള്ളാപ്പിച്ചാ മൊല്ലാക്ക ,നൈസാമലി, മാധവൻ നായർ തുടങ്ങി ആരെ വേണമെങ്കിലും നായകനാക്കാം,താല്പര്യമുണ്ടെങ്കിൽ.
ഒരു സിനിമ കാണുന്ന അനുഭവമായിരിക്കാം ഇത്തരക്കാർ തേടുന്നത്.അവർക്ക് നായിക ,നായകൻ ,വില്ലൻ തുടങ്ങിയവർ നിർബന്ധമാണ്.

‘ഖസാക്കിലെ സുന്ദരി’ എന്ന അദ്ധ്യായത്തിലെ ഒരു ഭാഗം ഇവിടെ ചേർക്കുകയാണ്:
“പിറ്റേന്ന് നട്ടുച്ചയ്ക്ക് മൈമുന അറബിക്കുളത്തിൽ കുളിച്ചു നില്പാണ്. അറബിക്കുളത്തിനടുത്തോ രാജാവിൻ്റെ പള്ളിയിലോ ആളുകൾ സാധാരണ ചെല്ലാറില്ല.പ്രത്യേകിച്ചും ത്രിസന്ധ്യകളിൽ. പണ്ട് ആ കുളത്തിൽ അറബികൾ തല വെട്ടിയെറിഞ്ഞിട്ടുള്ളതാണ്. നിലാവു നിറഞ്ഞ രാത്രികളിൽ അവിടെ കബന്ധങ്ങൾ നീരാടാനെത്താറുണ്ടത്രേ .ആഴമേറിയ ജലപ്പരപ്പിനു മുകളിൽ നീലത്താമരകൾ വിരിഞ്ഞു കിടന്നു. മണ്ഡലികൾ അലസമായി തുഴഞ്ഞു നീന്തി.മുലയ്ക്ക് മീതെ അമർത്തിക്കെട്ടിയ കച്ചയിലൂടെ കൈയിറക്കി സോപ്പു തേച്ചു പിടിപ്പിച്ചുകൊണ്ട് മൈമുന നിന്നു.ഉച്ചവെയിലിൽ നീലയും പച്ചയും പീതയുമായി സോപ്പിൻ കുമിളകൾ ചിമ്മി മിഴച്ചു”.

ജീവിച്ചതാണ് എഴുതുന്നത്

ഇതാണ് വിജയൻ്റെ ആഖ്യാനകല. സോപ്പു കുമിളയ്ക്ക് പോലും ജീവിതം നല്കിയിരിക്കുന്നു. പറയുന്നത് എന്തായാലും ,അതിൽ തൻ്റെ ആത്മീയജീവിതം കൂടി അദ്ദേഹം ചേർത്തു വയ്ക്കും. അദ്ദേഹം ജീവിച്ചതാണ് എഴുതുന്നത്. ഓരോ വാക്കും താൻ ജീവിച്ചതാണെന്ന് ഉറപ്പു വരുത്തുന്ന അപൂർവ്വ എഴുത്തുകാരനാണ് അദ്ദേഹം. ഈ അദ്ധ്യായം വായിച്ച ഞാൻ എൻ്റെ ‘ആത്മായനങ്ങളുടെ ഖസാക്കി’ൽ ഇതിൻ്റെ അർത്ഥമല്ല എഴുതിയത്. എന്നെ എന്താണോ ആന്തരികമായി ബാധിച്ചത് അത് മറ്റൊരു രീതിയിൽ ആവിഷ്കരിക്കുകയായിരുന്നു.
എൻ്റെ പുസ്തകത്തിലെ ‘മഹത്തായ അന്തർധാരകൾ ‘ എന്ന അദ്ധ്യായത്തിലെ ഒരു ഭാഗം ഇങ്ങനെയാണ്:
” വ്യസനങ്ങളുടെ ആലോചനാ സന്ധികളിലൂടെ ,ലോകത്തിൻ്റെ അദൃശ്യ സ്പർശനങ്ങളിലൂടെ പ്രപഞ്ചത്തിൻ്റെ മഹത്തായ അന്തർധാരകൾ തേടുകയാണ് കഥാപാത്രങ്ങളും വസ്തുക്കളും. തങ്ങളുടേതായ ദൗത്യവുമായി ലോകാവസരങ്ങളുടെ തുറസ്സുകളിലൂ ടെ എത്തി നോക്കുന്നു. 

സ്വകാര്യതയുടെ വിശുദ്ധമായ ശിശുവും പേറി അവർ വിദൂരമായ മോഹക്കാഴ്ചകളിലേക്ക് നടന്നു ചെല്ലുന്നു.പുരാതന മെസപ്പെട്ടോമിയൻ സംസ്കാരത്തിൻ്റെ ഓർമ്മകളിൽ മനസ്സ് നടുമ്പോൾ പ്രപഞ്ചത്തിൻ്റെ മഹത്തായ അന്തർധാരയുടെ സ്പർശനം അനുഭവപ്പെടുന്നുണ്ട്. ദൈവങ്ങളുടെ അമ്പലങ്ങൾ ,ധാന്യ പ്പുരകൾ ,ശില്പശാലകൾ, അക്ഷര ഗൃഹങ്ങൾ ,കൃഷിഭൂമി കൈവശപ്പെടുത്തിയിരിക്കുന്ന ദൈവങ്ങൾ ,ദൈവത്തിനിഷ്ടവിശുദ്ധ ദാനമായിത്തീർന്ന പുൽത്തോട്ടം ,ആയുധപ്പുരകൾ ,പരിശുദ്ധ വേദനയുടെ വിരലുകൾ ,ദൈവകാമനയുടെ ചിറകുകൾ ,വരദാന സന്ദേശത്തിൻ്റെ മുഖപത്മങ്ങൾ ,സാന്ത്വനത്തിൻ്റെ പാദാരവിന്ദങ്ങൾ എല്ലാം വിശുദ്ധ നിയോഗങ്ങളുടെ തണൽ വഴികളിലൂടെ അദൃശ്യവർത്തമാനങ്ങളുടെ വാത്സല്യം പേറി പ്രയാണം ചെയ്യുന്നു ” .

ഇത് വായനയുടെ സൃഷ്ടിയാണ്. വായന സൃഷ്ടിക്കുന്നതാണിത്. ചിലർ പറഞ്ഞത് ,’ആത്മായനങ്ങളുടെ ഖസാക്ക് ‘ വായിച്ചാൽ മനസ്സിലാകുന്നില്ല എന്നാണ്.ഇത് എങ്ങനെയാണ് മനസ്സിലാക്കുന്നത് .?സംഗീതം ചിന്തിച്ചാണോ മനസ്സിലാക്കുന്നത് ;നിങ്ങൾ ശരീരത്തിൻ്റെ ശക്തി മുഴുവൻ ഉപയോഗിച്ച് എന്നെ കേൾക്കുക എന്ന് പറഞ്ഞ ബ്രസീലിയൻ എഴുത്തുകാരി ക്ളാരിസ് ലിസ്പെക്ടറെ ഓർക്കുകയാണ്.

 എഴുതുമ്പോൾ ഫിക്ഷ്ൻ യഥാർത്ഥമാവുന്നു

ഖസാക്കിൻ്റെ ഇതിഹാസം നമ്മുടെ കാലഘട്ടത്തിലെ ഒരു പ്രശ്നവും പരിഹരിക്കാൻ എഴുതിയതല്ല .അത് എഴുത്തുകാരൻ തൻ്റെ ആകുലതകൾക്ക് രൂപം കൊടുക്കാൻ സൃഷ്ടിച്ചതാണ്. എഴുതിയാലേ സൃഷ്ടിയുള്ളു; അല്ലെങ്കിൽ അത് അയഥാർത്ഥമാണ് .എഴുതുമ്പോൾ ഫിക്ഷ്ൻ യഥാർത്ഥമാവുന്നു. രവി ഒരു ജീവിതദർശനമല്ല; ഒരു പ്രത്യയശാസ്ത്രമല്ല; സദാചാര സംഹിതയല്ല, മോക്ഷമാർഗമല്ല .രവിയെ ആരും അനുകരിക്കുകയില്ല.കാരണം അയാളിൽ അനുകരിക്കപ്പെടാൻ യോഗ്യമായ ഒന്നുമില്ല. അയാൾക്ക് രാഷ്ട്രീയമോ ,ലക്ഷ്യമോ ഇല്ല .അയാൾ താൻ കൊണ്ടുനടന്ന അലട്ടിൻ്റെ ഇരയാണ്. കാഫ്കയുടെ നായകന്മാർക്ക്  ഈ പ്രശ്നമുണ്ട്. അവർ തെറ്റു ചെയ്യാൻ തയ്യാറല്ലായിരുന്നു; എന്നാൽ അവർ ശിക്ഷയനുഭവിക്കുന്നു. എന്തിനാണ് ശിക്ഷയനുഭവിക്കുന്നതെന്ന് ചിന്തിച്ച് വിഷണ്ണരാവും. തങ്ങളുടെ തുടലു പൊട്ടിച്ച സന്ദേഹങ്ങളും ആകുലതകളുമാണ് കാഫ്കയുടെ നായകന്മാരെ കുഴയ്ക്കുന്നത്. അവർക്ക് അത് ഒരു കുരുക്കാണ്.

അതിൽ നിന്ന് രക്ഷനേടാൻ പരമാവധി ശ്രമിക്കുന്നു. എന്നാൽ ശ്രമിക്കുന്തോറും അവർ വീണ്ടും സങ്കീർണമായ കുരുക്കിലേക്ക് വീഴുന്നു. യുക്തി കൊണ്ട് പരിഹരിക്കാനാവാത്ത വിധം ,ഓരോ നീക്കവും സമസ്യയാകുന്നു.രവിയും അതു തന്നെയാണ് ചെയ്യുന്നത്. അയാൾ എന്തിനാണ് ഖസാക്കിൽ എത്തിയത്. ? ഇപ്പോഴും അത് ദുരൂഹമാണ്. അയാൾ അവിടെ എത്തിയിരിക്കയാണ്. അയാൾ ഓർമ്മകളുടെ ഇരയാണ്. തന്നെ വലയം ചെയ്യുന്ന പാപബോധവും നിരാശയും രവിയെ തളർത്തുന്നു. അയാൾ വീണു കിട്ടുന്ന സന്ദർഭങ്ങളിൽ നിന്ന് ആനന്ദം തേടാൻ നോക്കുന്നു. അയാളുടെ ലൈംഗികമോഹങ്ങൾ അത്തരത്തിലുള്ളതാണ്. എന്നാൽ ഇതൊക്കെ വളരെ ബാഹ്യമായിട്ടുള്ളതാണ്. ഇതൊന്നും അയാളെ ഉള്ളിൽ സ്പർശിക്കുന്നില്ല. കുടത്തിനു പുറത്തു വീണ വെള്ളം പോലെ എല്ലാം നഷ്ടപ്പടുന്നു. അയാൾ എപ്പോഴും തനിച്ചാകുകയാണ്. ‘വഴിയമ്പലം ‘ എന്ന അദ്ധ്യായത്തിൽ അയാളുടെ മാനസികാവസ്ഥ ഇങ്ങനെ വിശദമാക്കുന്നുണ്ട്:
“പത്താം തീയതി എന്നെ കാത്തു നില്ക്കുക….
രവിയുടെ പത്മ…
നേർത്ത മുനകൊണ്ട് കുറിച്ച നേർത്ത സുഭഗമായ കയ്യൊപ്പ് .രവി പേനയെടുത്ത് അതിൻ്റെ ചോടേ സ്വന്തം ഒപ്പ് കുറിച്ചു നോക്കി.ആ ഒപ്പിൽ താല്പര്യമില്ലാത്തതുപോലെ തോന്നി.ആർക്കും കത്തെഴുതാറില്ല. കയ്യൊപ്പിൻ്റെ ഉപയോഗം അങ്ങനെ കുറഞ്ഞു കുറഞ്ഞു വരികയാണ്. കുറേക്കഴിയുമ്പോൾ പ്രയോഗ ഹീനമായ അവയവത്തെപ്പോലെ അത് ഓർമ്മയിൽ നിന്ന് മായും.പിന്നെ അവശേഷിക്കക പെരുവിരലിൻ്റെ ചുഴികൾ മാത്രമാവും .ഞാനെന്ന ഭാവം അവയിൽ കുടികൊള്ളും .കാലം ചെല്ലുമ്പോൾ അവയും തേഞ്ഞു പോകും .പരിണമിക്കും.”

രവി സ്റ്റേഹിച്ചിരുന്ന പെണ്ണാണ് പത്മ .അവൾ വന്നു വിളിച്ചിട്ടും രവി കൂടെ പോകുന്നില്ല .അയാൾ മറ്റേതോ ജ്വരത്തിലാണ്. സ്വന്തം കുരുക്കുകളിലേക്ക് അയാൾ നിർബാധം സഞ്ചരിക്കുകയാണ്.ലക്ഷ്യമുള്ള ഒരാളല്ല രവി ;അയാൾ ഓടിയൊളിക്കുകയാണ് .അതുകൊണ്ടാണ് ചിലപ്പോൾ ഒരു ഭീരുവിനെപ്പോലെ, ജിവിതം മടുത്തവനെപ്പോലെ അയാൾ പെരുമാറുന്നത്‌. ഖസാക്കിലെ ചെറിയ വിദ്യാലയത്തിലും  സെക്സിലും വാറ്റുചാരായത്തിലും പ്രേത താഴ്വരകളിലും അയാൾ സ്വയം ഒളിപ്പിക്കുകയാണ്.അതുകൊണ്ട് രവിയുടെ സന്ദേശം എന്താണെന്ന് ചോദിക്കുന്നവർ വളരെ അപരിഷ്കൃതരാണ് ,സാഹിത്യാനുഭവത്തെ ഉൾക്കൊള്ളുന്നതിൽ ,എന്ന് പറയേണ്ടതില്ലല്ലോ.
ഖസാക്കിൽ ഒരു മനുഷ്യാത്മാവിൻ്റെ, ഇതുവരെ കാണാത്ത അവസ്ഥയാണുള്ളത്.അതാണ് നോവലിസ്റ്റ് പിടിച്ചെടുക്കാൻ തുനിയുന്നത്. മനുഷ്യൻ ഇങ്ങനെയുമാണ് .അവനെക്കുറിച്ച് ഇനിയും പലതും അറിയാനുണ്ട്. ജീവിതം ദുർഗ്രഹമായി തുടരുകയാണ്.


ഖസാക്കിൻ്റെ ഇതിഹാസത്തെക്കുറിച്ച് വിജയൻ എഴുതിയ ആത്മകഥാപരമായ ‘ഇതിഹാസത്തിൻ്റെ ഇതിഹാസം’ (1989) എന്ന കൃതിയിൽ രവിയെക്കുറിച്ച് പറയുന്നത് ഇതിന് സാധുത നല്കുന്നു:
”മരണത്തെയും ജീവിതത്തെയും അറിയാൻ കഴിയാത്ത ,ക്ഷീണിതനായ ,ഒരു മനുഷ്യൻ്റെ കഥയാണ് ഇതിഹാസം.രവി നിഹിലിസത്തിൻ്റെ (സർവ്വനിഷേധം) പ്രവാചകനല്ല ,അനാർക്കിസത്തിൻ്റെ (അരാജകവാദം) കുറ്റവാളിയുമല്ല. മനുഷ്യവർഗത്തിൻ്റെ വിശാല രാശികൾ എന്നും അറിയുന്ന സന്ദേഹം മാത്രമാണ് അയാളുടേത്. മൂടുപടമില്ലാതെ ,നഗ്നനായി ,ശിശുവായി ,രവി ഈ സന്ദേഹത്തിൻ്റെ പരപ്പിൽ ഉഴലുന്നു. നമ്മുടെ കരുണ തേടുന്നു”.

നോവൽ പിറന്ന് വർഷങ്ങൾ കഴിഞ്ഞാണല്ലോ വിജയൻ രവിയെക്കുറിച്ച് ഇത്ര തുറന്നെഴുതിയത്.ഇക്കാര്യം ‘അത്മായനങ്ങളുടെ ഖസാക്കി’ൽ തൊള്ളായിരത്തി എൺപത്തിനാലിൽ തന്നെ ഞാനെഴുതിയിട്ടുണ്ട്. അതിങ്ങനെയാണ്:
” കാഴ്ചകളുടെ ഓരോ നിനവിലും രവി അസന്തുഷ്ടനായിരുന്നു. കൃഷ്ണമണികളുടെ അനുസ്യൂതമായ വ്യഗ്രതകൾ തന്നെ വിശപ്പിനും അഗ്നിക്കും ഇരയാക്കുന്നുവെന്ന് രവിക്ക് തോന്നിയിരുന്നു. അച്ഛൻ്റെ സാദൃശ്യവും കുഷ്ഠരോഗികളുടെ പൊട്ടിയൊലിക്കുന്ന വ്രണങ്ങളും അയാളെ ബന്ധിക്കുകയായിരുന്നു.ജന്മത്തിൻ്റെ നൈരന്തര്യം പോലും അയാൾക്ക് ഊഷരമായ സാന്ത്വനം പകർന്നത് അങ്ങനെയാണ് .കാഴ്ചയുടെ ചുഴികളിൽ നിന്നും ഖസാക്കിൻ്റെ മണ്ണിലെ നിത്യതയുടെ വിസ്മൃതിയിലേക്ക് ലയിക്കുക. വസ്തുവിൻ്റെ നാദവും സംഗീതത്തിൻ്റെ ഖരവും ഖസാക്കിലേക്ക് മടങ്ങുകയാണ് ” .

ഈ നിഷ്കളങ്കതയിൽ രവിക്ക് മറ്റെന്താണ് തേടാനുള്ളത് ? അയാൾക്ക് ഒന്നിനെക്കുറിച്ചും സമഗ്രമായ അറിവില്ല. ഇത് വിജയനും ,പിന്നീട് എഴുതിയിട്ടുണ്ട്. അയാൾ കണ്ടും അനുഭവിച്ചും അതിൽ തന്നെ മുക്തി തേടുകയായിരുന്നു.

 ഖസാക്ക് നേരിടുന്ന പ്രതിസന്ധി

ഞാൻ എൺപതുകളുടെ തുടക്കത്തിൽ ഖസാക്കിനെക്കുറിച്ചെഴുതുമ്പോൾ വിജയൻ ഇന്നത്തേത് പോലെ ഒരു വിഗ്രഹമായിരുന്നില്ല. അതുകൊണ്ട് നമ്മുടെ സ്വാതന്ത്ര്യം വേറിട്ട് നില്ക്കുമായിരുന്നു. അന്ന് വിജയനെ കലാശാലകളും വേട്ടയാടിയിരുന്നില്ല. ഇപ്പോൾ ഖസാക്ക് നേരിടുന്ന പ്രതിസന്ധി സർവകലാശാല ഗവേഷകരുടെ യാന്ത്രിക വായനയാണ്.പി.എച്ച് .ഡിക്കുള്ള ഒരു വിഷയം എന്ന നിലയിൽ വിജയനെ സമീപിക്കുകയാണ്‌. ഇവർക്ക് മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള ഒരു വിഷയമാണുണ്ടാവുക. അത് സ്ഥാപിക്കാനായി അവർ എല്ലാത്തിനെയും ലഘൂകരിച്ച് അതിലേക്ക് കൊണ്ടുവരും. രവിക്ക് അച്ചനുമായുള്ള ബന്ധം ,അമ്മയുമായുള്ള ബന്ധം ,സ്ത്രീകളുമായുള്ള അടുപ്പം ,ഖസാക്കിലെ ചുമ്മാതുള്ള വഴികൾ ,ഖസാക്കിലെ മഴകൾ ,ഖസാക്കിലെ പ്രേതങ്ങൾ തുടങ്ങി ഗവേഷണം വളരെ സാഹിത്യ ബാഹ്യവും അർത്ഥശൂന്യവുമായിക്കൊണ്ടിരിക്കുകയാണ്. അതിൻ്റെ ഭാഗമായാണ് സമീപനാളിൽ ‘ഖസാക്കിൻ്റെ ഇതിഹാസ ‘ത്തെക്കുറിച്ചുള്ള ഒരു ചർച്ചയിൽ ഒരാൾ ഈ നോവലിനു ആധുനികതയുമായി ഒരു ബന്ധവുമില്ലെന്ന് തട്ടിവിട്ടത്! .

HOME


No comments:

Post a Comment